ഒരു സ്വാഭാവിക മരണത്തിന്റെ വിശദാംശങ്ങൾ

ചിത്രീകരണം: ദേവപ്രകാശ്
ചിത്രീകരണം: ദേവപ്രകാശ്

‘ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവനു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?’
- യേശു ശിഷ്യരോട്.

ടവത്തിന്റെ വരവറിയിക്കുന്ന കോള് പിടിച്ച മാനം, ഭാരിച്ച ഉടലുമായി കറത്തുരുണ്ട് ഉടമസ്ഥന്റെ മേലെ കൂടി മന്ദം നീങ്ങി. പാറക്കെട്ടുകൾ തകിടം മറിച്ച്, ഭൂമിക്കടീന്ന് ന്തോ പുളഞ്ഞ് പൊത്തനെ വരുന്നതറിഞ്ഞ് ഉടമസ്ഥനന്നേരം രണ്ടടി പിന്നോക്കം വെച്ചു.

പല്ല് ഞെരിച്ച് കണ്ണ് പൂട്ടിയപ്പോൾ ഉൾക്കണ്ണു തെളിഞ്ഞു.

രക്തം കട്ടപിടിച്ച ഉരുളൻ കണ്ണുകളും, ചെവിക്കുറ്റീന്ന് വളഞ്ഞ് കൂട്ടിമുട്ടാൻ പാകത്തിന് ബലിഷ്ഠമായ തോറ്റിയും, വേട്ടയാൾ ചിറകുകളുമുള്ള മുട്ടനൊരു ഈച്ച അത്യുച്ചത്തിൽ മുരടനക്കി മണ്ണ് ചികഞ്ഞ് മെപ്പോട്ട് വരുന്നു.

അയാളുടെ നോട്ടം അറിയാതെ കൃഷിവഹകളിലേക്ക് എല്ലാമൊന്ന് പാളി.

പഞ്ഞമാസം കഴിഞ്ഞ് കായ് ഫലം മണ്ണിനടീല് നാമ്പിട്ട് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. രണ്ടാമതൊന്ന്​ ചിന്തിക്കാതെ, പുറ്റിൻ പൂട കണക്ക് വേരാഴ്ത്തിയ കപ്പക്കയും, കവുങ്ങും, കാച്ചിലും, ചീരയും, കറ്റാർവാഴയുമടക്കം നാമ്പുകൾ പിഴുത് തലയിലും കക്ഷത്തിലും പേറി അലറിവിളിച്ചയാൾ ഓടാൻ തുടങ്ങി.

നേരിയ മുൻകാല് രണ്ടും തല വഴിയൊന്നുഴിഞ്ഞ് ദൃഷ്ടിക്ക് വ്യക്തത വരുത്തി, പിൻകാലൂന്നി ചിറകടിച്ച് ഉയർന്ന ഈച്ച ഉടമസ്ഥന് പിന്നാലെ പാഞ്ഞു.

‘നീ ഇനി ഒന്നും അനുഭവിക്കുകേല അന്ത്രോസേ! സകലതും ഇനി എന്റേതാ.'

പരാമർശം തുടർന്നുള്ള ഈച്ചയുടെ അട്ടഹാസത്തിൽ അയാളുടെ മുണ്ടങ്ങ് പേടിച്ച് എളുപ്പും വിട്ട് ജീവനും കൊണ്ട് പറന്നുപോയി.

‘എടാ കഴുവേറി, പണിയെടുപ്പിച്ചൊണ്ടാക്കിയത് കൈ മോശം വന്ന് വെറുതാക്കാർക്ക് കളഞ്ഞ് പൊളിക്കേണ്ട ഗതികേടൊന്നും ഞങ്ങക്ക് ഇന്നേ വരെ വന്നിട്ടില്ല. ഉയിരൊള്ളിടത്തോളം കാലം നീ ഇതൊന്നും തൊടുകേല!'

ഇനിയെല്ലാം തിരുഹിതം എന്ന മട്ടിൽ, അന്ത്രോസ് കൈകളുയർത്തി നട്ടതെല്ലാം സ്വർഗ്ഗത്തിലേക്ക് വലിച്ചെറിഞ്ഞു. മുഖവും കൂപ്പി ചീറ്റിക്കൊണ്ട് പാഞ്ഞു വന്ന ഈച്ചയുടെ തോറ്റി, കൊടലിന്റെ ഒരു ഭാഗം പിളർന്ന് പുക്കിൾ ഞെട്ട് പൊട്ടിച്ച് പുറത്തേക്ക് ചാടി. കുന്തം കൊണ്ട് വിലാപ്പുറത്ത് കുത്തിയവനെ പോലെ ഏകനായി തോറ്റിയിൽ ഒടിഞ്ഞുകിടന്ന രൂപത്തെ കണ്ട് അയാളുടെ ഭാര്യ ലിസി അകലെ ഒറ്റപൈൻ മരത്തണ്ടിലിരുന്ന്, വയറുപൊത്തി ചിരിക്കുന്നതുകണ്ടാണ് അന്ത്രോസ് കൈകാൽ കുടഞ്ഞ് കുതർന്നെണീറ്റത്.

ചങ്കത്ത് ശ്വാസം മുട്ടിച്ച് അയാൾ അനേകം തവണ നിശ്വസിച്ചു.

പരവേശം മാറാതെ നോക്കിയപ്പോൾ, തൊടിയുടെ അറ്റത്ത്, കൊമ്പ് പുളിച്ച് വെളുക്കാൻ തുടങ്ങിയ ഈട്ടിത്തടിയുടെ അടുക്കുകളിൽ കൂടി പാളി വന്ന വെട്ട കീറിലൂടെ ഉഷ്ണത്തുള്ളികൾ പറ്റിക്കിടന്ന ലിസിയുടെ വയറുഭാഗം കണ്ടപ്പോഴാണ് അന്ത്രോസിന് ആശ്വാസമായത്. ചുണ്ടടുപ്പിച്ച്, മാദളമായ ഇടുപ്പിലെ ഉപ്പൊന്ന് രുചിച്ചിട്ടയാൾ കൈലിയും മുറുക്കി കെട്ടി അപ്പനെ കാണാൻ കീഴ്‌പ്പോട്ടിറങ്ങി.

‘അപ്പാ, ഇന്നലെ എസ്റ്റേറ്റിൽ പോയേച്ചും വന്നേന്റെ ക്ഷീണത്തില് കണക്കൊന്നും വായിച്ചുകേപ്പിക്കാൻ ഒത്തില്ല. ഇന്നത്തേയും കൂടി ചേർത്ത് രാത്രീല് പറയാം...'

പാലക്കുന്നേൽ അന്ത്രോസിന്റെ അപ്പൻ ഇട്ടിയുടെ താടിയുടെ അറ്റത്ത് മെഴുക് തിരയും കത്തിച്ചോണ്ട് അയാൾ തുടർന്നു, ‘വിളവെടുപ്പ് ഇന്ന് തന്നെ മിക്യവാറും കാണും. കഴിഞ്ഞ കൊല്ലത്തേനെ കാട്ടിലുമൊക്കെ നല്ല ആദായം കിട്ടുമെന്നാ പ്രതീക്ഷ. ചന്തേലോട്ട് പോയിട്ട് വരുംവഴി മൂത്രമിറുത്തലിനുള്ള അമ്മച്ചീടെ മരുന്നും മേടിക്കണം.'

പതിനാറാം വയസ്സിൽ ഒപ്പം ഇറങ്ങിപ്പോന്ന പെണ്ണിന്റെ കാര്യം കേട്ടപ്പോൾ ഇട്ടി, ചില്ല് ഫ്രേമിനുള്ളിൽ ഇരുന്ന് മൂക്കും ചീറ്റിക്കൊണ്ട് ഉണർന്നു, ‘എടാ കുഞ്ഞേ, അവളെ വെല്ല പ്രൈവറ്റിലും കാണിക്കെടാ.'

‘ഓ, അതിനൊക്കെ എന്നാ ചെലവാന്നാ? മാത്രവല്ല, എവിടെ കാണിച്ചാലും ഇതൊക്കെ കണക്കാ. ഒരു പ്രായത്തിനുശേഷം ഇറ്റിയും തുള്ളിയുമൊക്കെ മൂത്രം പോവത്തൊള്ളൂ.'

ഓവൽ ആകൃതിയിലുള്ള യൂറോപ്യൻ ഇരിപ്പിടത്തിലിരുന്ന്, പുകച്ചിലും ഇറിത്തിലും കാരണം, മുട്ട് ചേർത്തുവെച്ച് മുഖം ചുളിച്ച് മൂത്രശങ്കയിൽപ്പെട്ട പൊന്നോമനേടെ ചിത്രം ഇട്ടിയുടെ രോമങ്ങളെ പൊഴിച്ചു. അതിന്റെ കൃത്യമായ പ്രതിഫലനം, പിന്നിലെ, ചില്ലറകളോടുകൂടിയ കൊച്ച് കപ് ബോഡ്, കൂറത്തുണി കൊണ്ട് തേച്ച് മിനുക്കിക്കൊണ്ടിരുന്ന മുത്തുവിലേക്കും പടർന്നു. കോരിത്തരിപ്പിന്റെ ആഘാതത്തിൽ അയാളറിയാതെ, ‘ഹമ്പോ' എന്നുരുവിടുകയും ചെയ്തു.

‘എന്നാടാ?' തല തിരിച്ച് അന്ത്രോസ് ചോദിച്ചു.

‘ഒന്നുവില്ല സാറേ, ഓരോന്നിങ്ങനെ ആലോയിച്ചിട്ട്...' എന്തിനു ഞെട്ടിയെന്നറിയാത്ത മുത്തു കാരണം ചമച്ചെടുക്കാൻ പരാജയപ്പെട്ട് തല ചൊറിഞ്ഞു.

‘ങാ, നീ പറമ്പിലോട്ടിറങ്ങ്. ഇന്ന് സേട്ടിനെ കാണാൻ ചന്തേലോട്ട് പോകേണ്ടതാ’, കഴിഞ്ഞ കൊല്ലത്തെ വലിയ അവധിക്ക്, സൗദിയിൽ നിന്ന്​ കുടുംബസമേതം വന്ന ലിസിയുടെ ആങ്ങള സമ്മാനിച്ച വെള്ള വോഡ്കയെ, തിളങ്ങുന്ന കണ്ണുകളോടെ നോക്കിക്കൊണ്ട് അന്ത്രോസ് പറഞ്ഞു.

രണ്ടുദിവസം കൊണ്ട് പട്ടിണി മാറ്റാനൊക്കാതെ ക്ഷീണാവസ്ഥയിൽ ചിറകടിച്ച് നട്ടം തിരിഞ്ഞ ഒരു പ്രാണിയെ, അറിയാതെ ബന്ധനസ്ഥനാക്കിക്കൊണ്ട് അനുസരണയുള്ള ആ ഭൃത്യൻ ഉത്തരവ് കേട്ട മാത്രയിൽ ചില്ല് വാതിലുമടച്ച് അടുക്കള ഭാഗത്തേക്ക് പോയി.

‘ഫോറിനാ, പയ്യെ കിക്കാവതൊള്ളു. രാത്രി മണപ്പിക്കാൻ തെരാവേ.'

ഇത്രയും പറഞ്ഞിട്ട്, ചുണ്ട് കൂർപ്പിച്ച് രഹസ്യം പറയാൻ കൈപ്പത്തി കൊണ്ട് അന്ത്രോസ് അപ്പന്റെ ചെവി വട്ടം പിടിച്ചു.

‘ഇവറ്റകൾക്ക് അറിയാൻ മേലാത്ത ഓരോ സുഖങ്ങള് പഠിപ്പിച്ച് കൊടുത്താ പിന്നെ നമുക്കത് വിനയാകും’, തലേന്നടിച്ച റാക്കിന്റെ വായ്‌നാറ്റം ഇട്ടിയുടെ കവിള് ചുളിച്ചു.

നാഭിയിൽ ഭാരമേറി മൂട്ടീന്ന് വായുവിട്ടയാൾ തടിഅലമാരേടെ നേർക്കുനിന്ന് വെള്ളി സുന്ദരിയിലേക്കും കിഴവനായ പ്രാണിയിലേക്കും കണ്ണയച്ചു.

‘ന്റെ കന്യകെ, ഇന്ന് സൂര്യനസ്തമിക്കും വരെയൊള്ളു നിന്റെ ആയുസ്സ്.'

ആനന്ദാതിരേകത്താൽ തുള്ളിച്ചാടിക്കൊണ്ട് വെളിക്കിറങ്ങാൻ പോകണമെന്നുണ്ടായിരുന്നെങ്കിലും, വയറ്റിലെ പിടുത്തം മുറുകിയതുകൊണ്ട് അയാൾ പിടിപ്പനെ ഏന്തി വലിഞ്ഞ് പ്രഭാതകർമങ്ങളിലേക്ക് കടന്നു.

ഉപ്പൂറ്റി നനച്ചൊഴുകുന്ന കൈത്തോടും കടന്നു വേണം അയ്യത്തോട്ട് ഇറങ്ങാൻ. മുത്തുവിന്റെ വരവറിഞ്ഞപാടെ, പൂട പറ്റിയ പച്ച നെറ്റും കൊണ്ട് മറച്ചിരുന്ന കൂട്ടിലെ കോഴികളും താറാ കൂട്ടവും കലപില കൂട്ടാൻ തുടങ്ങി.

‘ഞാനെന്നതാ പറഞ്ഞിട്ടുള്ളത്?', കൈയിലിരുന്ന മുരുങ്ങേല തണ്ട് കൂടിന്റെ അറ്റത്തിട്ട് കൊട്ടി വെള്ള പൂട പാറിച്ചോണ്ട് മുത്തു ചോദിച്ചു.

മുത്തുവിന്റെ ഒച്ച കേട്ട മാത്രയിൽ, ചെലപ്പ് തത്കാലത്തേക്ക് നിർത്തി കോഴികളുടെ പിന്നാലെ താറാ കൂട്ടം എന്ന രീതിയിൽ സഖ്യം ചേർന്നവർ നിന്നു.

തളർച്ച പ്രകടിപ്പിച്ച, ചോന്ന ചുണ്ടും പൂവുമുള്ള കരിങ്കോഴിയൊഴിച്ച് ബാക്കിയൊള്ളതിനെ എണ്ണി തിട്ടപ്പെടുത്തിയ മുത്തുവിന് താറാക്കൂട്ടത്തിന്റെ കാര്യത്തി എണ്ണം തെറ്റി. ഇണയെയോ കൊച്ചുങ്ങളെയോ കാണാതെ പോയാൽ വേവലാതിപ്പെട്ട് അവര് തന്നെ വന്ന് പറയും എന്നുള്ളത് കൊണ്ട് മുത്തുവതിന്റെ പേരിൽ ആശങ്കപ്പെടാനും പോയില്ല.

ഇനിയും കണ്ണ് തുറക്കാതിരുന്ന കുഞ്ഞുങ്ങൾക്ക് ചപ്പിലയുടെ കീഴെ നിന്നും വല്ലതും കൊത്തിയെടുക്കുന്നേനു പകരം ചിറകും പൊക്കി കൊക്കരിച്ചോണ്ട് അവരും പറമ്പിന്റെ തെക്കേ അതിരിലേക്ക് പായുന്ന മുത്തുവിന്റെ ഒപ്പം കൂടി. മുത്തുവിന്റെ ആവലാതിയും തന്നോടുള്ള കരുതലും കാരണം വഴിക്കിരുവശവുമായി പന്തലിച്ചു കായിച്ചുനിന്ന കൊടിയും, ഈട്ടിയും, കമുകും, സ്റ്റാർ ഫ്രൂട്ടും, പാഷൻ പഴവും, റോബസ്റ്റാ വാഴയുമെല്ലാം ഇരുവശങ്ങളിലേക്കും ഒഴിഞ്ഞുനിന്ന് വഴിയൊരുക്കി.

ചാറ്റൽ നനഞ്ഞ് ആദ്യ വെയിലിൽ തന്നെ അങ്കിയുണക്കി നിന്ന കൊഴിവാലന്റെ ഞരമ്പിനിടയിലൂടെ മുത്തു ഇരുവശങ്ങളിലേക്കും ആടിക്കൊണ്ടിരുന്ന പച്ച ചെവി കണ്ടു.

മുത്തുവിന് ആകെ കുളിരു കയറി.

കണ്ണ് മിന്നി കണ്ഠത്തിൽ കട്ട പിടിച്ചു.

ഒരിടത്തൂന്ന് മറ്റേടത്തേക്ക് നിറഞ്ഞ ചിരിയുമായി അയാൾ ആ ചേമ്പിൻ മൊളയുടെ കാതരികും, നഖക്കുഴിയും, കൺപോളയും, പൊക്കിൾക്കൊടിയുമെല്ലാം പരിശോധിച്ച് ഉറപ്പ് വരുത്തി.

പണിയൊതുക്കി ആറ്റില് മേല് കഴുകാനിറങ്ങുമ്പം, അപ്പൻ പറഞ്ഞുകൊടുക്കാറുള്ള മാതൃകയിൽ തന്നെയാണ് മുത്തു ചേന നട്ടിരിക്കുന്നത്. മഴ മാറി കുറുകി കിടക്കണ മണ്ണിലേക്ക് മൊളയാക്കി പിളർന്ന കഷ്ണങ്ങൾ തല കാണത്തക്കവണ്ണം മൂടിയിട്ട് അതിലേക്ക് അൽപ്പാൽപ്പമായി എല്ലിൻപൊടിയും ചാണകവും അകത്തിയിട്ട് വിതരണം. എന്നിട്ട്, കണ്ടമാനം ചിന്തേരിട്ട് വട്ടവൊന്ന് മൂടി പൊതയിട്ട് മറച്ചാ സംഭവം റെഡി! പിന്നെ, കൊടം കണ്ട് തുടങ്ങുമ്പോൾ വളവിട്ട് കൊടുക്കേണ്ടതേയുള്ളു. മൂന്നാം മാസത്തിൽ ജീവന്റെ തുടുപ്പതിൽ പച്ചിലയായി മിടിച്ച് തുടങ്ങും.

‘ഇന്ന് തന്നെയങ്ങ് എടുക്കാമായിരിക്കുമല്ലേ?', ചേമ്പിലയ്ക്ക് തട വെച്ചിരുന്ന കൂറ്റൻ ആഞ്ഞലിതള്ളേടെ കവരിയിൽ തൊട്ട് കൊണ്ട് മുത്തു ചോദിച്ചു.

‘വേര് പടർത്തിനോക്കിയിട്ട് രണ്ടീസം മുന്നേ എടുത്തോളാൻ പറഞ്ഞതല്ലേ മുത്തു നിന്നോട് ഞാൻ. അപ്പൊ നിനക്ക് ഒരേ നിർബന്ധം, പാകം വരട്ടെ എന്ന്’, ആണ്ടുകൾ കൊണ്ട് ദൃഢതയും നീളവും ആർജിച്ച വേരുകൾ ഒന്നുകൂടി ഉദരത്തിൽ പൊതിഞ്ഞ് മുഴുപ്പറിഞ്ഞിട്ട് ആഞ്ഞലി തള്ള പറഞ്ഞു.

‘വരട്ടെ ആഞ്ഞലിത്തള്ളേ. വെറുതെയങ്ങ് നട്ടെടുക്കാൻ ഒക്കുമോ? ഞങ്ങടെ കുടുംബത്തീന്ന് ആദ്യവായിട്ടാ ഒരുത്തൻ ന്തേലും ആദായമെടുത്ത് സ്വന്തം കുടുംബത്തോട്ട് കൊണ്ടുപോകുന്നത്. അതിനിച്ചിരി മുഴുപ്പും കനോം വേണമെന്ന് ശാഠ്യം പിടിക്കുന്നേലിപ്പൊ എന്നാ ഇത്ര തെറ്റ്?'

തോളിന്ററ്റത്ത് കൂട് കൂട്ടിയിരുന്ന മൂളക്കുരുവിയുടെ മുട്ടയെ ഉലക്കാതെ ആഞ്ഞലി തള്ള തലങ്ങും വിലങ്ങുമൊന്നു കുലുങ്ങിത്തന്നെ അതിനു ശരിവെച്ചു.

‘എന്നതാ, മുത്തുവിന്ന് വലിയ സന്തോഷത്തിൽ ആണല്ലോ’, അടുക്കളേല് തീ കുറച്ച്, ചെമ്പാവിന്റെ പുട്ടുപൊടിക്കൊപ്പം, കുറ്റിയിലേക്ക് പഴുപ്പുവന്ന കദളിപ്പഴവും, തേങ്ങാപ്പീരയും ഞെവിടി ചില്ലു പൊക്കിയിട്ടുകൊണ്ട് ലിസി ചോദിച്ചു.

‘ഓ, ഈ ചന്തമാസം നല്ല കായിഫലം കിട്ടുവാണേല് പറമ്പിലെ മുഴുത്ത ചേന എടുത്തോളാൻ പറഞ്ഞിട്ടൊണ്ട് സാറ്. അതിന്റെ സന്തോഷത്തിലാ. ഇന്നലെ രാത്രീല് കഞ്ഞി കുടിച്ച് ഇതും ചിന്തിച്ച് കിടന്നോണ്ട് ഉറക്കം കൂടി ഇല്ലായിരുന്നു’, തൂവി വന്ന പാല് വക്കോടുചേർത്ത്​ വറ്റിച്ച് അതിലേക്ക് തീരെ പൊടിയല്ലാത്ത തേയിലപ്പൊടിക്കൊപ്പം മുഴുവൻ കരിപ്പട്ടീം ഏലക്കാപ്പൊടിയും പഞ്ചാരയുമിട്ട് വേവ് മണപ്പിച്ച് അടച്ചുവെച്ചുകൊണ്ട് മരതകം പറഞ്ഞു.

ചന്ത ദിവസമായതിനാൽ പതിവിലും നേരത്തെയാണ് അന്ത്രോസ് ചരക്കുകളും ജീപ്പിൽ കയറ്റി മുറുക്കി ഇറങ്ങാൻ ഒരുങ്ങിയത്.

‘ഒരു പത്തിരുപത്തിയഞ്ച് ഒക്കെ കിട്ടുമായിരിക്കും, അല്ലേടാ?', അരപ്രൈസേൽ കാലും കയറ്റി വെച്ച് അതിന്മേൽ കൈയും താങ്ങി നിന്നുകൊണ്ട് അന്ത്രോസു ചോദിച്ചു.

‘സംശയവൊണ്ടോ? കഴിഞ്ഞ ആണ്ടിലൊന്നും ഇമ്മാതിരി ഒരു വിളവെടുപ്പ് നമക്ക് കിട്ടീട്ടില്ല’, പിന്നിലെ ടയറിലും മഡ് ഗാഡിലും കയറിനിന്ന് രസക്കദളിക്കൊലയേയും നാളികേരച്ചാക്കിനേയും മറവുചെയ്ത റബറ് ഷീറ്റേല്, ചണക്കയറ്​ ഇവിടൂന്ന് അപ്പറത്തോട്ടും അതെപോലെ തിരിച്ചും വരിഞ്ഞുമുറുക്കി അല്പം ആത്മാഭിമാനത്തോടെ തന്നെ മുത്തു പറഞ്ഞു.

‘എല്ലാം പിതാക്കന്മാരുടെ കൃപ. അല്ലയോ അമ്മച്ചി?', തോളിൽ കിടന്ന ഒറ്റ വരയൻ തോർത്ത് വീശി ഉഷ്ണമാറ്റിക്കൊണ്ട് അന്ത്രോസ് അഭിപ്രായപ്പെട്ടു.

അമ്മച്ചി മുറിയിലെ ടി.വിയിൽ പതിഞ്ഞ വിവർണദൃശ്യങ്ങളെ കൊടലിലേക്ക് കയറ്റി നീട്ടി വലിച്ചൊന്ന് ജനാല വഴി തുപ്പിയിട്ട് മെഴുകുമേഞ്ഞ ചില്ലുമേശയിൽ നിന്ന്​ബൈബിളും എടുത്ത് സഞ്ചിക്കസേരേലേക്കൂർന്നു. മുത്തു തലേക്കെട്ടൂരി കഴുത്തും കക്ഷവും തുടച്ച് മുതലാളി പറഞ്ഞതിനോട് അനുകൂലിക്കും വിധം ഒതുങ്ങി നിൽക്കുകയും ചെയ്തു.

അന്ത്രോസ് വണ്ടിയിൽ കയറി പോയെപ്പിന്നാണ്, വിളവ് ലാഭത്തിന്റെ കൂലി ഒന്നുകൂടി ഓർമ്മിപ്പിക്കാനൊത്തില്ലല്ലോ എന്നവൻ ഓർത്തത്.

മുത്തു പിന്നാമ്പുറത്തേക്ക് നടന്നു. അവിടെ, മൊളകരപ്പ് തേക്കാൻ പാകത്തിന് കൊടല് വക്ക് വരിഞ്ഞ്, തോലും ചീകി കണ്ണും വാളും ചൂഴ്ന്നു കത്രിച്ച് ഇന്ദുപ്പിൽ തേച്ച് മിനുക്കുകയായിരുന്നു മരതകം.

‘എടീ, നീയ് ചേച്ചിനോടൊന്ന് പറയണേ സാറിനെ ഓർമിപ്പിക്കാൻ. ഞാൻ രാവിലെ അതങ്ങ് മറന്നു.' മരതകത്തിന്റെ തവിട്ട് മെഴുകുപോലുള്ള കണങ്കാലിൽ ഒരു കൈ വെച്ച് ചട്ടിയിലേക്കുതന്നെ ഉറ്റുനോക്കിയിരുന്ന കരിമ്പൻ പൂച്ചയെ നോക്കികൊണ്ട് മുത്തു നിന്നു.

‘സാറിന് അറിയാവുന്നതാണല്ലോ. പിന്നെന്നാ? എന്നെ കൊണ്ടെങ്ങും മേലാ ഇതും പറഞ്ഞോണ്ട് പുറകെ ചെല്ലാൻ. നിങ്ങള് പോയീൻ മനുഷ്യരെ മെനക്കെടുത്താണ്ട്!' ഗൗരവം വിടാതെ മരതകം പറഞ്ഞത് പൂച്ചയ്ക്ക് പരിഭവമായി. ചെവി കൊടഞ്ഞ് വാലും ചുഴറ്റി തിണ്ണ വിട്ടിറങ്ങി അത് തോട്ടിലേക്ക് നടന്നു.

അമ്മച്ചിയുടെ കഫക്കൂറുള്ള അടഞ്ഞ ശബ്ദം കല്പന പ്രകാരം മുത്തുവിനെ തേടിയപ്പോൾ പിന്നാമ്പുറത്തേക്ക് വന്നു, ‘...അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. എന്തെന്നാൽ, എന്റെ നുകം വഹിക്കാനെളുപ്പവും ചുമട് ഭാരം കുറഞ്ഞതുമാണ്.'

മുത്തുവിന്റെയുള്ളിൽ മധുരം കിനിഞ്ഞു. പണ്ട് കഞ്ഞി കുടിക്കാത്തപ്പം പൂഴിയിൽ കിണറുണ്ടാക്കി വെള്ളം നിറക്കമ്പം അപ്പൻ ചൊല്ലിക്കൊടുക്കാറുള്ള പാട്ടും മൂളിക്കോണ്ടവൻ പച്ചപ്പിലേക്ക് മറഞ്ഞു. തൊലിഞ്ഞു പോയ തന്റെ തോലുകളെ വിളക്കിക്കൊണ്ട് അന്ധരായ അനേകം മീനുകളും അതേറ്റു പാടി.

കാടുവെട്ടി വീടാക്കി മാഡം വെച്ചു വീടാക്കി ഈ കൂട്ടര് പിടിച്ചുകെട്ടി, ചാകും മുൻപേ കാട്ടി വലിച്ചെറിയും. അയ്യയ്യോ ദൈവമേ! കേൾക്കണമേ ഈ മുറവിളികൾ.

എരുത്തിലിന്റെ ഓഡിലോട്ട് ചാഞ്ഞുകിടന്ന നെല്ലിക്കമ്പും കോതിയൊതുക്കി, റോസേടെ പട്ട് പോയ ബഡെല്ലാം, ‘ഉറുമ്പരിക്കണ വേദനയെ ഒള്ളൂ...' എന്നാശ്വസിപ്പിച്ച് കത്രിച്ച് ബാക്കിയുള്ള സസ്യങ്ങളുടെ മൂട്ടിലെല്ലാം ചാണകപ്പാലും, മഞ്ഞിച്ചു തുടങ്ങിയ എല്ലിൻ പൊടിയും കൊടഞ്ഞ്​ പൊത്തിയപ്പഴത്തേനും മുത്തുവിന്റെ മൂരി നോവാനും ഉപ്പൂറ്റി വല്ലാതെ നീറി പൊളിയാനും തുടങ്ങി.

മേടിന് താഴെ കുറേ കിഴക്കായിട്ടാണ് മുത്തുവിന്റെ കുടില്. ബസിറങ്ങിയിട്ടും ഇവിടേക്ക് കുറേ നാഴിക നടക്കാനുണ്ട്. കുറെയാകുമ്പോൾ മുത്തു വിയർത്തൊലിച്ച് കുഴയും. മരതകത്തിന്​ പക്ഷേ അതൊന്നും പ്രശ്‌നവല്ല. അവൾക്ക് ചിന്താകുലതകളും പൊതുവെ കുറവാണ്. കയറ്റം കയറുമ്പോൾ, ചൂടു കാറ്റേറ്റ് തലയിലെ രക്തയോട്ടം കുറഞ്ഞ് വിഷണ്ണനായി മുത്തു നോക്കുമ്പോൾ, മുഴുപ്പും വലുപ്പവുമാർന്ന ഉരുളൻ കല്ലുകൾ വലിയ കാൽവെപ്പുകളോടെ നിസ്സാരമായി കയറി പോകുന്നതും കാണാം, ചിലപ്പോൾ.

അച്ചങ്കോവിലേക്ക് സംഗമിച്ചൊഴുകാൻ വെമ്പിപ്പായുന്ന കൈത്തോടിൽ കാലിട്ട് കൊണ്ട് മുത്തു തൊടിയിലേക്കുള്ള നടപ്പ് പലകയിലിരുന്നു. അനേകമായ പള്ളത്തികൾ വിണ്ടു കീറിയ ഇടങ്ങളെല്ലാം ചുംബിച്ചു നിറച്ചു.

കൈ പിന്നോക്കം കുത്തി അയാൾ ആ വലിയ ലോകത്തേക്കൊന്ന് തിരിഞ്ഞു നോക്കി. അതിരുവെച്ച് കല്ല് പാകിയ മുരിപ്പിലില്ലാത്ത പടർപ്പില്ല, പഴങ്ങളില്ല. അയാൾക്ക് ആദത്തെ പോലെ തോന്നി. സ്‌നാനം മുങ്ങി അപ്പന്റെ കൂടെ ആദ്യവായിട്ട് വന്നപ്പം എസ്‌തേപ്പച്ചൻ പറഞ്ഞു കൊടുത്തതാണ് ആദിമ തോട്ട തൊഴിലാളി ആയിരുന്ന ആദത്തിന്റെ കഥ.

മുത്തു തുണിയെല്ലാം ഒന്നൊന്നായി ഊരി മടക്കി കയ്യാലയിൽ വെച്ച് കോണകം മാത്രമുടുത്ത് പറമ്പിലൂടെയെല്ലാം നടന്നു. അങ്ങനെയായപ്പോൾ, വെള്ളാമ്പൽ കുറങ്ങണിക്കുന്നതും, പ്ലാവിന്റെ അരക്കിൽ പറ്റിയിരുന്ന പച്ചിലപ്പാമ്പുകൾ സ്‌നേഹിക്കുന്നതും, വെട്ടിക്കിളിയുടെ പൊടികൾ നാല് പാടും തലയിട്ട് തള്ളയെ തേടുന്നതും, മണ്ണിന്റെ പേറ്റു നോവും, അനേകം മനുഷ്യർ വിശപ്പാറ്റാൻ ഇവിടേക്ക് പണ്ട് വന്ന് അടിമകളായി ഇവിടെ തന്നെ ഒടുങ്ങിയതുമെല്ലാം മുത്തുവിന്റെ മുൻപിൽ വെളിപ്പെട്ടു.

വെള്ളത്തിലോട്ടിറങ്ങിയൊന്നു മുങ്ങിപ്പൊന്തിയപ്പം അടീന്ന് താണ്ടേ, അപ്പൻ നോക്കി ചിരിക്കുന്നു. കുടിലിന്റെ തെക്കേ അതിരിൽ കുഴി വെട്ടി കിടത്തിയ പോലെ തന്നെ, മേത്ത് ഒരു നൂലിൻ നാര് പോലുമില്ല. സ്‌നാനം സ്വീകരിച്ച് ആണ്ടു കുർബാനയ്ക്ക് കുടുംബസമേതം പള്ളിയിൽ കയറിയ അന്നുതന്നെയാണ് അപ്പൻ മരിക്കുന്നതും. കുർബാനയും കഴിഞ്ഞ്, പണിക്കു വന്ന് ഉച്ചയൂണിന്റെ നേരത്താണ് അന്ത്രോസിന്റെ അപ്പൻ ഇട്ടിയാശാൻ ഒരു താക്കീത് പോലെയത് പറഞ്ഞത്, ‘എന്നാ ഏർപ്പാടാഡാ അമ്പുവേ ഇത്? പെൺ പെറന്നോത്തിയേം കൊച്ചുങ്ങളേയും വിളിച്ചോണ്ട് മുൻപിലോട്ടൊരു തള്ളിക്കയറ്റം. കമ്മറ്റിക്കാരാകെ എടഞ്ഞു നിപ്പൊണ്ട്. നിന്റെ അറിവില്ലായിമയാന്ന് പറഞ്ഞ് ഞാനൊന്ന് ഒതുക്കീട്ടൊണ്ട്. ഇനിയിങ്ങനെ ഒന്നും ചെയ്‌തേക്കല്ല്.'

‘തമ്പുരാൻ വന്നത് എല്ലാരേയും ഒരേപോലെ ഉത്ഥാനിപ്പിക്കാനല്ലയോ ആശാനേ.' നിലത്തെ ഭോജനക്കുഴിയിൽ നിന്ന്​ പുഴുക്കും ചേമ്പും പാതി കഴിച്ച ചേമ്പിലയും എടുത്തയാൾ തോട്ടിൻക്കരയിലേക്ക് നടന്നു. പിറ്റേന്ന്, നേരം വെളുക്കും മുന്നെയായിരുന്നു കാക്കകളേയും മണ്ണിരയെയും തോളത്ത് കയറ്റി അപ്പൻ മലന്നു കിടന്ന് കുടുംബത്തേക്ക് ഒഴുകിയെത്തിയത്.

കരഞ്ഞ് വിളിച്ചോണ്ട് ഓടിച്ചെന്ന മുത്തുവിന്റെ മുൻപിൽ എസ്‌തേപ്പച്ചനും കൈ മലർത്തി; ‘ഞാനിപ്പൊ എന്നാ ചെയ്യാനാ കുഞ്ഞേ, ഇവിടടക്കിയാ പള്ളി കത്തിക്കുമെന്ന് പറഞ്ഞാ അവര് നിക്കുന്നേ.'

നിസഹായനായി മുത്തുവിന്റെ കണ്ണ് ചോന്നു പൊടിഞ്ഞു.

തെളി വെള്ളത്തിൽ ഓളം തട്ടിക്കൊണ്ടിരുന്ന അപ്പന്റെ ചുണ്ടിൻ കോണിലേക്കത് വീണപ്പോൾ അപ്പനൊന്ന് ചിരിച്ചു. പൊടുന്നനെയായിരുന്നു വലിയ ശബ്ദത്തോടെ വണ്ടിയെരപ്പിച്ച് അന്ത്രോസ് അതീന്ന് മിറ്റത്തേക്ക് ചാടിയിറങ്ങുന്നതവൻ കേട്ടത്. അപ്പനെ വെള്ളത്തിൽ തന്നെ കലക്കി കളഞ്ഞ് മുത്തു തുണിയും പെറുക്കി മുൻവശത്തേക്കോടി.

അന്ത്രോസിന്റെ പൊട്ടിച്ചിതറിക്കൊണ്ടിരുന്ന ശബ്ദഅടരുകളുടെ വരി പിന്തുടർന്നാണ് മുത്തു പിടിപ്പനെ തിണ്ണയിലേക്കെത്തിയത്. കൈപ്പടം ഒരായിരം തവണ ചതുരക്കള്ളി കൊത്തിയ ചാരുകസേരേടെ പിടിയിൽ മയമേതും കൂടാതെ അമക്കി തടവി മുട്ടുകൾക്കിടയിൽ തിരുകിയ മുണ്ടും വിറപ്പിച്ചോണ്ടയാളവിടെ ഇരിക്കുകയാണ്. കാര്യം പിടികിട്ടാതെ, സാരിത്തലപ്പ് ഒക്കത്ത് തിരുകി, ‘ഇതിപ്പൊ എന്നാ പൊക്കണംക്കേടാണോ?' എന്ന മട്ടിൽ ലിസിയും ഉമ്മറത്തേക്ക് ഇറങ്ങി വന്നു.

ആ നാറിക്കിപ്പൊ ഞാൻ കൊടുക്കുന്നത് ഒന്നും വേണ്ടാന്ന്. ശൂരനാടീന്നും മാട്ടുപ്പെട്ടീന്നുമൊക്കെ പാണ്ടികള് ചെറ്റകള് വന്നു കൊറേ ഇറക്കീട്ടുണ്ട്. കീടവും സൾഫാനും പൂശിയത്. അവന്റെ തന്നെ അണ്ണാക്കി തിരുകി കൊടുക്കണം അതെല്ലാം’, പോടു പറ്റിയ ഇടത്തെ കോണീന്ന്​ മഞ്ഞിപ്പ് കലർന്ന ഈള ആയിരം അണുക്കളായി മുത്തുവിനുനേരെ വിക്ഷേപണം ചെയ്തുകൊണ്ട് അന്ത്രോസ് രോഷം കൊണ്ടു.

മൊതലാളീടെ രക്തസമ്മർദ്ദമേറി തലമണ്ട ചോക്കുന്നത് മുത്തു ശ്രദ്ധിച്ചു. ഏത് നിമിഷം വേണേലും അത് പൊട്ടി ചിതറുമെന്നവൻ ഭയപ്പെട്ടു.

‘അയിന് നമ്മളല്ലേ സ്ഥിരം ചെട്ടിയാർക്ക് പലവഞ്ചനം കൊടുക്കുന്നേ. വലിയ ലോഹ്യത്തിലായിരുന്നല്ലോ പുള്ളി. എന്നിട്ടിപ്പൊ എന്നാ പറ്റി?' വിജാഗിരിയിൽ ചാരി നിന്ന് ലിസി ചോദിച്ചു.

‘നമ്മടേതിന് മുഴുപ്പും തുക്കോം കമ്മിയാണെന്ന്. ഫുറഡാൻ കണക്ക് ഓരോന്നു കലക്കിയടിച്ച് വളർത്തിയാ മുഴുപ്പും വരും തൂക്കോം വരും. പക്ഷേങ്കില്, മൂന്നാം ദിവസം തലയും കാലും കെട്ടി എടുക്കാം തെക്കോട്ട്. അപമാനിച്ച് വിട്ടെടി അവരെന്നെ, നാറി!'

തോട്ടക്കാരന് യജമാനനോട് അനുകമ്പ തോന്നി. അയാൾ താടി ചൊറിഞ്ഞ് വെറുതെ മാനത്തേക്ക് നോക്കി. അങ്ങകലെ നിന്നുമുള്ള തെളിമയാർന്ന മേഘം മറയാൻ ഇനിവളരെ സമയമില്ല. കോളിരുളും മുന്നേ, മേഘങ്ങൾ ഒന്നൊന്നായി മനുഷ്യർടെയും നാൽക്കാലികൾടെയും രൂപം സ്വീകരിച്ച് പായാൻ തുടങ്ങി.

‘യെടാ മുത്തു...' നിമിഷങ്ങൾക്ക് നടുവിൽ ലിംബമാകുന്ന തെളിമയോടെ അന്ത്രോസ് തല ഉയർത്തി. ‘നിന്റെ ചേനയ്ക്ക് നല്ല മുഴുപ്പും വലുപ്പവും വന്നു കാണുമെന്നല്ലേ പറഞ്ഞത്.'

മുത്തുവിന്റെ അടിവയറൊന്നു പിടഞ്ഞ് അറിയാതെ ഒരിറ്റ് മൂത്രം തൂവി ഈർപ്പം വിട്ടു മാറാത്ത കാലിടുക്കിൽ ചൂട് പടർന്നു.

‘അത് പക്ഷേ ഇവർക്കുവേണ്ടി മുത്തു തീറ്റിപ്പോറ്റുന്നതാ, ഇച്ചായാ.' അനിയന്ത്രിതമാം ലിസി രണ്ടടി മുന്നോട്ട് ആഞ്ഞു.

‘ഇവർക്കെന്നോ, ഏതിവർക്ക്?' കാൽവെള്ളേല് തൂവല് തൊട്ടകണക്കൊന്നു പുളഞ്ഞ് ചിരിച്ച് അന്ത്രോസ് ലിസിയെ തിരിഞ്ഞു നോക്കി.

അയാളുടെ ശാരീരികഘടനയിപ്പോൾ നേരത്തേതിലും ശാന്തമായി കാണപ്പെട്ടു. മുത്തുവാകെ വിയർത്തു. അവനാകെ ചെറുതായി. കസേരേന്ന് എണീറ്റ് വന്നയാൾ കൈ ഉയർത്തി മുത്തുവിന്റെ ചുമലിൽ വെച്ചു.

‘മുത്തു, ഇന്ന് നീ ഇത് ചെയ്തില്ലേൽ അടുത്ത ഒരു ചന്ത ദിവസം നമുക്കിവിടെ ഉണ്ടാകണം എന്നില്ല. ചന്ത ദിവസമില്ലേൽ നീ ഇവിടെ വന്നിട്ടും കാര്യമില്ല. ഒന്നും വേണ്ട, ഇത് നമ്മുടെ അഭിമാനത്തിന്റെ പ്രശ്‌നം മാത്രമാണെന്ന് ഓർത്താ മതി നീയ്യ്.'

‘ആർടെ?' എന്നത് ചോദ്യചിഹ്നരൂപേണ മുത്തുവിന്റെ വരണ്ട തൊണ്ടയിൽ നിന്നും ആമാശയത്തിലേക്ക് തന്നെ ഹൃദയം പിളർന്നിറങ്ങി.

അന്ത്രോസിന് പിന്നാലെ തൊടിയിലേക്ക് നടക്കുമ്പോൾ, കഴുതേടെ കഴുത്തിൽ കുരുക്കിട്ട് മുറുക്കിയ അവസാന ജന്മിയും അവർക്ക് മേലെ കൂടി മേഘരൂപനായി കടന്നുപോകുന്നത് അവരിരുവരും സൗകര്യപൂർവം അങ്ങ് അവഗണിച്ചു.

‘എന്നിട്ട്?' കഥ പാതി വരെ കേട്ട പാപ്പച്ചൻ ഗ്ലാസ്സിലേക്ക് സിഗ്‌നേച്ചറിന്റെ മൂടി പൊട്ടിച്ച് പതപ്പിച്ച് തൂകിക്കൊണ്ട് ചോദിച്ചു.

‘എന്നിട്ടെന്നാ? ഞാനവന്റെ വീക്‌നെസേ കയറിയങ്ങ് പിടിച്ചു’, ചതുരംഗ കളിയിലെ വെളുത്ത രാജാവിന്റെ കള്ളികൾ കൊത്തി വെച്ച സഞ്ചികസേരയിലേക്ക് അന്ത്രോസ് ചാരി ഇരുന്നു.

‘അതെന്താ അപ്പനെ അങ്ങനൊരു വീക്‌നെസ്!' ചുണ്ടോടടുപ്പിച്ച ചഷകത്തിൽ നിന്നും ഒരു തുള്ളി പോലും ഉദ്വേഗത്തിന്റെ ഈ അതുല്യ നാഴികയിൽ ഇറക്കാൻ ഒക്കില്ല, എന്ന് ബോധ്യപ്പെട്ട കണ്ടംപീടിയേലെ ജോസ് ഗ്ലാസേന്തിയ കൈ മേശമേൽ അടിയറവു വെച്ചു.

‘നിലനിൽപ്പ്. വിശപ്പ് മാറ്റാനുള്ള വക വേണോ അതോ ഇന്നത്തേക്ക് ചേന മതിയോ എന്ന് ഒരൊറ്റ ചോദ്യവാ. പതറിയില്ലേ അവൻ ന്റെ മുമ്പില്!'

ഏറെ നേരം നെഞ്ചിൻ പൂടെലിട്ട് ചുരണ്ടിയ ചൂണ്ടുവിരലെടുത്ത് മേദസ്സ് മണത്തിട്ട് തുടക്കിട്ട് ആഞ്ഞൊരു അടിയും വെച്ച് കൊടുത്തുകൊണ്ട് അന്ത്രോസ് കുടഞ്ഞൊന്ന് നിവർന്നിരുന്നു.

വിരലുകൾക്കിടയിൽ വട്ടം കറങ്ങി തല മന്ദിച്ചു തുടങ്ങിയ സിഗ്‌നേച്ചറിന്റെ പാനീയം വായിലേക്ക് കമഴ്ത്തിക്കൊണ്ട് പാപ്പച്ചൻ ഞെരിപിരി കൊണ്ടെങ്കിലും ജോസപ്പോഴും തന്റെ പെഗ്ഗിൽ നിലകിട്ടാതെ മുങ്ങിത്താഴുന്ന ഐസ് കട്ടയും നോക്കി ഇരിക്കുകയായിരുന്നു.

അടുക്കളയിൽ ലിസി, തേങ്ങാ കൊത്ത് ചെരകി വഴറ്റിയെടുത്ത എല്ലുകറി പിഞ്ഞാണത്തിലേക്ക് പകർന്ന് മിറ്റത്തേക്ക് ഇറങ്ങിവന്നു.

മാദളമായ മാംസത്തിന്റെ വേവ് വിടാതെ, പൊടിയെല്ലിലേക്ക് എണ്ണ കിനിയുന്ന സീൽക്കാരവും, വറ്റൽ മുളകിന്റെയും കുരുമുളകിന്റെയും എരിവുമണം ആവുന്നത്ര ഉള്ളിലോട്ട് വലിച്ച്, കുപ്പിപൊട്ടിച്ച് പാതി പതപ്പിച്ചൊഴിച്ച് പാപ്പച്ചൻ ഉത്സാഹിതനായി.

‘ങാ... എടുക്കാൻ വരട്ടെ. വേറെയൊരു സ്‌പെഷ്യൽ ഐറ്റമുണ്ട്’, പാപ്പച്ചനെ നിരാശനാക്കി കസേരേടെ അടീന്ന്, നനുത്ത പുൽത്തകിടിയിൽ വൈകുന്നേരം മുതൽക്കേ തന്റെ പരകായ പ്രേവേശനത്തിനായി കാത്തിരുന്ന വെള്ളി വോഡ്കയെ അന്ത്രോസ് എടുത്ത് മേശമേൽ വെച്ചു. രാവിലെ ബന്ധനസ്ഥനാക്കപ്പെട്ട പ്രാണി അപ്പോഴാണ് മദ്യ ലഹരി വെടിഞ്ഞ് കുപ്പിയുടെ കറുത്ത ലേബൽ കുത്തിയ അടപ്പിൽ നിന്നും ഇടറിയെണീറ്റത്.

‘ആഹാ, ഇത്രേം നേരം ഇത് പാത്ത് വെച്ചിട്ടാണോ അന്ത്രോസേ താൻ മൂഡ് പിടിക്കാൻ നോക്കിയത്. ഒഴിയൊരണ്ണം’, പാപ്പച്ചന്റെ കണ്ണിൽ നക്ഷത്രം പാറി.

‘ആദ്യം, ഗൃഹനാഥന്. എന്നിട്ട് മതി ബാക്കിയെല്ലാർക്കും’, അടപ്പ് പൊട്ടിച്ച് പാനീയം സാവധാനത്തിൽ ചഷകത്തിലേക്ക് പതിഞ്ഞൊഴുകി. വെള്ള പുതപ്പിനിടയിൽ നിന്നുമുള്ള വെള്ളി പാനീയത്തിലേക്കുള്ള പകർന്നാട്ടം മൂവരും ആദരവോടെ നോക്കിയിരുന്നു.

‘അല്ല അന്ത്രോസേ, എനിക്കെന്റെ ആത്മാഭിമാനം മതിയെന്നും പറഞ്ഞോണ്ട് അവൻ ആ ചേന പിഴുത് കുടുംബത്ത് കൊണ്ടുപോയിരുന്നെങ്കിലോ?' ആദ്യ സിപ്പ് എടുക്കാൻ ഭാവിച്ച അന്ത്രോസിനെ ജോസിന്റെ സമയം കെട്ട ഇടപെടൽ ആകെ ചൊടിപ്പിച്ചു. എന്നാലും, സമ്യേപനം കൈവിടാതെ കാര്യഗൗരവത്തിൽ അയാൾ ജോസിന്റെ മുഖതാവിനോട് ചേർന്നിരുന്നു.

‘അവിടാണ് തനിക്ക് തെറ്റിയത്. നമ്മടെ അപ്പനപ്പൂപ്പന്മാർ കാണിച്ചുതന്ന ഒരു വഴിയൊണ്ട്. നമുക്ക് വളരെ നിരപ്പായിട്ടുള്ള ഒരു വഴി. തെരഞ്ഞെടുക്കാനുള്ള കണ്ടമാനം അവസരങ്ങൾ അവർക്ക് കൊടുക്കാതിരിക്കുക. നമ്മള് മാത്രവേ ആശ്രയിക്കാനൊള്ളൂ എന്ന് കണ്ടാ പിന്നെ അവരെങ്ങും പോവുകേലാ.' പതിറ്റാണ്ടുകൾ നീണ്ട ദുരൂഹത പരിഹരിച്ച മിടുക്കോടെ അന്ത്രോസ് കസേരയിലേക്ക് ഊർന്നിരുന്നു.

സ്ഥിരകാലബോധം വീണ്ടെടുത്ത പ്രാണി, സമയമേറെ ഇരുട്ടിയല്ലോ എന്നും, വീട്ടിൽ തന്റെ കുടുംബാംഗങ്ങൾ കാത്തിരിപ്പുണ്ടാകുമല്ലോ എന്നും വ്യാകുലപ്പെട്ട് ചിറകാട്ടുകയും, അന്ത്രോസിന്റെ പെഗ്ഗിലേക്ക് നിലകിട്ടാതെ വഴുതി വീഴുകയും ചെയ്തു.

ഫോറിൻ വീഞ്ഞ് നുണയേണ്ട സാമാന്യ മരിയാതകളൊന്നും കൂടാതെയാണ് അന്ത്രോസ് ഒറ്റവീർപ്പിന് സാധനം തൊണ്ടക്കുഴി വഴി പൊകച്ചിറക്കിയത്.
ഞൊടിനേരം കൊണ്ട് പിന്നെ തിരുഹിതം നിറവേറി.

മുൻകൈ മേശമേൽ കുത്തി മൂരി വളച്ച്, തല കുമ്പിട്ടയാൾ ഏറെ നേരം ചുമച്ചു. എന്നിട്ടെന്തോ മണ്ടക്കോട്ട് പാഞ്ഞു കേറിയ മട്ടിൽ കണ്ണിലെ കറുപ്പ് നേരിയതാക്കി ആയാസപ്പെട്ടൊന്ന് എണീക്കാൻ ശ്രമിച്ചു. കാഴ്ചയിൽ വെള്ളം നിറഞ്ഞ് പിടികിട്ടാതെ അയാൾ നിലത്ത് തന്നെ നാല് കാലേലിരുന്നു. ശരീരമാകെ ഇളക്കി അയാൾ ഓക്കാനിക്കാൻ തുടങ്ങി.

സംഭവം പന്തിയല്ലെന്ന് തിരിഞ്ഞ പാപ്പച്ചൻ അയാളുടെ ഉച്ചിക്കിട്ട് കൊട്ടുകയും പൊറം തൂത്ത് കൊടുക്കുകയും ചെയ്തു. ലിസിയെ വിളിക്കാൻ ഉമ്മറത്തൂന്ന് വീട്ടിലേക്ക് ജോസ് ഓടിയെങ്കിലും അവൾ അന്നേരത്തേനും കുളിക്കാൻ കയറിയിരുന്നു.

വിലങ്ങിയ അവസ്ഥയിൽ തന്നെ അന്ത്രോസ് പാപ്പച്ചന്റെ കാൽമുട്ടിനോട് ചേർന്ന് മലന്നങ്ങ് ചെരിഞ്ഞു. വലിയ ഊക്കത്തോടെ വായു പുറത്തേക്ക് വിടുകേം കൊറേ ഛർദിക്കുകയും ചെയ്തിട്ട് അതെ കിടപ്പിൽ തന്നെ അയാൾ നിശ്ചലനായി.

ഛർദിയുടെ ദുർഗന്ധത്തോടെ സ്വതന്ത്രനായി മൂക്കിൻ തുമ്പത്ത് വന്നിരുന്ന പ്രാണിയെ കൈ വീശി പറത്തി കളഞ്ഞിട്ട്, പാപ്പച്ചൻ കുനിഞ്ഞ് മിഴിച്ചിരുന്ന കണ്ണ് കൂട്ടിയടച്ച് അന്ത്രോസിനെ യാത്രയാക്കി.

കുടിലിലേക്കുള്ള മടക്കയാത്രയിൽ പതിവിനു വിപരീതമായി മുത്തു അപ്പന്റെ കൈയ്ക്ക് പിടിച്ച് കടലിൽ നക്ഷത്രത്തെ പെറുക്കാൻ പോയില്ല. അയാളുടെ മനസ്സിൽ അഞ്ഞലി തള്ളേടെ ഉയരൻ ചില്ലകൾ വിതുമ്പി കാറ്റത്താടി. പിക്കാസ് കൊണ്ട് കുഴി വെട്ടി, കൊടത്തിന്റെ തലപ്പത്ത് എത്തിയപ്പം മുത്തു കുനിഞ്ഞിരുന്ന് മണ്ണ് കൈ കൊണ്ട് ചികഞ്ഞുമാറ്റി വശങ്ങളിലെ ഞെടിപ്പ് നോവിപ്പിക്കാതെ പിഴുത് ചേനയെ ഉദരത്തീന്നെടുത്തു.

‘എന്നതാ ഈ ചിന്തിച്ചോണ്ടിരിക്കുന്നേ?' മുൻസീറ്റിലെ കൈവരിയിൽ പിടിച്ച് വണ്ടിയുടെ യതത്തിനൊത്ത് ആടിക്കൊണ്ടിരുന്ന കൊച്ചിനെ കോക്രി കാണിച്ചോണ്ടിരുന്ന മരതകം ചോദിച്ചു.

‘ഓ, ഒന്നുവില്ലെടി കൊച്ചേ’, കുഞ്ഞി തുള്ളികളായ മൂക്കട്ട അടക്കം നീട്ടിയൊന്നു ചീറ്റീട്ട് മുരിപ്പിൽ നിന്നുമുള്ള കാറ്റേറ്റ് മുത്തു താഴേക്കൂർന്ന് ചാരി ഇരുന്നു.

നിലാവ് ചാഞ്ഞ വെള്ള മൺപരപ്പിന്റെ കവരത്തും കൂടി, വട്ടവഞ്ചിയിറക്കി അപ്പൻ മുത്തുവിനെ കൈ കൊട്ടി വിളിക്കുന്നുണ്ട്. അവൻ മടിച്ച് മടിച്ച് ഇലവിന്റെ ചോട്ടിലിരിപ്പാണ്. കൈമുട്ടേലെന്തോ ഒരഞ്ഞ് നല്ലോണം ചൊറിയുന്നു. അപ്പന്റെ വിളി തുടർന്നപ്പോൾ അവൻ ചാടി എണീറ്റു.

‘എന്നതാടി നിന്റെ കൈയില്? ഭയങ്കരമായിട്ട് ചൊറിയുന്നല്ലോ.'

മരതകം കൈക്കുഞ്ഞിനെ കണക്ക് കവച്ച തുണി ചാക്ക് തെല്ല് ഒതുക്കി. അവിടിവിടായി പൊന്തി നിന്ന ചുരുളൻ മുടി കണ്ട് മുത്തു അമ്പരന്നു, ‘ഇതെവിടുന്നാടി?'

‘അമ്മച്ചിയും ലിസിച്ചേച്ചയും കൂടി തന്നതാ'

മുത്തു സംശയഭാവത്തിൽ മരതകത്തെ നോക്കി.

‘ഇത് നിങ്ങടെ തന്നെയാ കുഞ്ഞേ. അവനുള്ളത് തമ്പുരാൻ കൊടുത്തോളും, എന്നും പറഞ്ഞോണ്ട് പോരാൻ നേരം തന്നെയാ അമ്മച്ചി എനിക്കിത്. ഞാൻ ആകെ വല്ലാണ്ടായി നിന്ന് തല ചൊറിഞ്ഞു. ലിസിയേച്ചിയും കൂടിയപ്പോൾ അരപ്രൈസേലിരുന്ന് എന്നെ നോക്കി മൂളിയപ്പം ഞാൻ ഇതിങ്ങ് കൊണ്ടുപോന്നു.'

മുത്തുവിന്റെയുള്ളിൽ ഒരിക്കൽ കൂടി മധുരം കിനിഞ്ഞു. നല്ലോണം കൊഴുത്ത് ഇടിഞ്ഞുപോയ അതിന്റെ നടു ഭാഗം തൊട്ടറിഞ്ഞ് മരതകത്തിന്റെ നെറ്റിത്തടം നനപ്പിച്ചൊരു ഉമ്മയും കൊടുത്തിട്ടയാൾ അപ്പന്റെ കൂടെ വഞ്ചിയിൽ കയറി വെള്ളത്തിലേക്കിറങ്ങി. ഓളം തല്ലി തെന്നിക്കിടന്ന നക്ഷത്രങ്ങളെ ഒന്നൊന്നായി പെറുക്കിയെടുക്കുമ്പോൾ മുത്തുവിന്റെ മനസ്സ് നിറയെ ലിസിയും അമ്മച്ചിയുമായിരുന്നു.

കന്യാമറിയത്തെപ്പോലെ ഇരിക്കുകയാണവർ.

ദിവ്യമായ വെള്ള അങ്കിയും പരിമളമായ നീല ശിലോവസ്ത്രവും തൂമഞ്ഞുപോലെ ഒഴുകുന്നു. അവരിരുവരുടെയും കയ്യിൽ, പഞ്ഞിക്കുപ്പായത്തിൽ പൊതിഞ്ഞൊരു ചെഞ്ചേന!

തവിട്ടാർന്ന സുന്ദരമൊരു ചെഞ്ചേന! ▮


ഓസ്റ്റിൻ

കഥാകൃത്ത്​. മാർ തിയോഫിലസ്​ ട്രെയിനിങ്​ കോ​ളേജിൽ രണ്ടാം വർഷ ബി.എഡ്​ വിദ്യാർഥി

Comments