ചിത്രീകരണം: രാജേഷ് ചിറപ്പാട്

കാറൽ മാക്‌സും കാമുകിയും

പീലി മാപ്പിളയുടെ ബംഗ്ലാവ്

കാറൽ മാക്‌സ് കയ്യിൽ കിടന്ന വാച്ചിലേക്ക് നോക്കി, സമയം രാത്രി പത്തു മണി.

ആ റബ്ബർതോട്ടത്തിനുള്ളിൽ അയാൾ പതുങ്ങി ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറെ ആയിരുന്നു, അയാൾ പതുക്കെ എണീറ്റ്​ കയ്യാലയിലൂടെ മുകളിലത്തെ തുണ്ടിലേക്കു* കയറി.

ഇല്ല, അവിടെ നിന്നിട്ട് ഒന്നും കാണാൻ കഴിയുന്നില്ല.
അയാൾ ഒരു തുണ്ട് കൂടി മുകളിലേക്ക് കയറി. അവിടെ നിന്നാൽ കുന്നിന്റെ മുകളിലുള്ള ആ വീടുകാണാം. വീടിന്റെ ഉള്ളിലെ ലൈറ്റ് ഇതുവരെ ഓഫ് ആയിട്ടില്ല.

‘‘നാശം ആരും ഉറങ്ങീട്ടില്ല'', മനസ്സിൽ പറഞ്ഞുകൊണ്ട് അയാൾ വീണ്ടും ആദ്യം ഇരുന്നയിടത്തേക്കു തന്നെ തിരിച്ചു പോന്നു.

റബ്ബർ തോട്ടത്തിലെ അയത്തിൽ* കാറൽ മാക്‌സ് ആ ഇരുപ്പ് തുടങ്ങിയിട്ട് സമയം ഒരുപാടായിരുന്നു.

രണ്ടാംകുറ്റി ജംഗ്ഷൻ കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് നോക്കെത്താദൂരത്തോളം പീലി മാപ്പിളയുടെ റബ്ബർ തോട്ടമാണ്. ജംഗ്ഷനിൽ കടകൾ ഒക്കെ ഏഴെര ആവുമ്പോഴേക്കും അടക്കും. അതുവരെ രവികൊച്ചാട്ടന്റെ കടയിലിരുന്നിട്ടു കട അടച്ചപ്പോൾ നേരെ തോട്ടത്തിന്റെ അകത്തേക്ക് കയറിയതാണയാൾ. നവംബർ മാസം തുടങ്ങിയിട്ടേ ഉള്ളൂ എങ്കിലും റബ്ബർ തോട്ടത്തിനുള്ളിൽ നല്ല തണുത്ത കാറ്റടിക്കാൻ തുടങ്ങിയിരുന്നു.

കാറൽ മാക്‌സ് ഷർട്ടിന്റെ പോക്കറ്റിൽ തപ്പി ഒരു ബീഡി കെ​ട്ടെടുത്ത്, അതിൽ നിന്ന് ഒരെണ്ണമെടുത്ത്​ ചുണ്ടത്തു വെച്ച് കത്തിച്ചു. അയാൾ മരത്തിനോട് ഒന്നുകൂടെ ചേർന്നിരുന്നു. അരയിൽ നിന്ന് കത്തിയെടുത്ത്​ അതിന്റെ മൂർച്ച ഒരിക്കൽ കൂടി പരിശോധിച്ചു.

‘‘ഒറ്റ കുത്തിന് പണി തീർക്കണം'', അവൻ മനസ്സിൽ പറഞ്ഞു.

കുന്നെലെ പീലിമാപ്പിളയൊടു അവന് ഒടുങ്ങാത്ത പകയുണ്ടായിരുന്നു.
അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, അവന്റെ കുട്ടിക്കാലത്തോളം പഴക്കമുണ്ട് അതിന്.

വീട്ടിൽ എല്ലാവരും ഉറങ്ങാൻ ഇനിയും സമയം കുറെയാകും എന്നാ തോന്നുന്നത്, റബ്ബറിൽ ചാരിയിരുന്നുകൊണ്ട് അവൻ ആലോചിച്ചു, കാറൽ മാക്‌സ് എന്ന് നാട്ടിൽ പതിവില്ലാത്ത ഒരു പേര് മകനിട്ട അവന്റെ അച്ഛനെ കുറിച്ച്, ആ നാട്ടിൽ ആദ്യം ചെങ്കൊടി പിടിച്ചവരിൽ ഒരാളായ പുലയൻ വേലുവിനെക്കുറിച്ച്.

രാമൻ എന്നാണ് അവനെ വീട്ടിൽ വിളിച്ചിരുന്നതെങ്കിലും പള്ളിക്കൂടത്തിൽ ചേർക്കുമ്പോൾ വേലു അവന് അയാളുടെ കൺകണ്ട ദൈവമായിരുന്ന കാറൽ മാക്‌സ് എന്ന പേര് തന്നെ ഇട്ടു. പക്ഷെ ഇത് അറിഞ്ഞതും നാട്ടിലെ പലർക്കും അത്രയ്ക്ക് അങ്ങോട്ട് ദഹിച്ചില്ല. ഒരു പുലയന്റെ മകന് തങ്ങളുടെ സമുന്നതനായ നേതാവിന്റെ പേരിടുകയോ?

അത് ശരിയല്ലല്ലൊ, പാർട്ടി കമ്മറ്റി കൂടി വേലുവിനോട് അത് പാടില്ല എന്ന് കല്പിച്ചു. പക്ഷെ വേലു അത് കൂട്ടാക്കിയില്ല. അന്ന് പ്രവർത്തകർ കൂടുതലും പിന്നാക്ക ജാതിക്കാരായിരുന്നെങ്കിലും പാർട്ടി കമ്മറ്റികളിൽ സ്ഥാനങ്ങൾ കൂടുതലും നായന്മാരും ചോവന്മാരും ഒക്കെ വീതിച്ചു എടുക്കുകയായിരുന്നു പതിവ്, പിന്നെ ചുരുക്കം ചില ക്രിസ്​ത്യാനി സഖാക്കളും.

അവരിൽ പ്രമുഖനായിരുന്നു പീലി മാപ്പിള. കണ്ണെത്താത്ത ദൂരത്തോളം വസ്തുവകകളുള്ള ഒരു മൂരാച്ചി ആയിരുന്നെങ്കിലും പാർട്ടി ഓഫീസ് പണിയാനുള്ള സ്ഥലം ഇഷ്ടദാനമായി കൊടുത്തതോടെ പാർട്ടിയിൽ പീലി മാപ്പിള പറയുന്നതായി വലിയ കാര്യം. മാപ്പിളയുടെ തോട്ടത്തിലെ പണിക്കാരിൽ ഒരാളായിരുന്നു വേലു. അതുകൊണ്ടു വേലുവിനെ പറഞ്ഞു മനസിലാക്കാനുള്ള ചുമതല പാർട്ടി പീലി മാപ്പിളയെ ഏല്പിച്ചു. ഒരു ദിവസം സന്ധ്യ മയങ്ങുമ്പോൾ വേലുവിനെ പീലി മാപ്പിളയുടെ കുന്നുംപുറത്തെ ബംഗ്ലാവിലേക്കു വിളിക്കുന്നു എന്ന് പറഞ്ഞു മാപ്പിളയുടെ ദൂതൻ എത്തി.

മനസില്ലാമനസോടെയാണെങ്കിലും മുതലാളി വിളിച്ചാൽ പോകാതെയിരിക്കുന്നത് എങ്ങനെ എന്നോർത്ത്, മുറ്റത്ത്​ കളിക്കുകയായിരുന്ന കാറൽ മാക്‌സിനെ ഒരു നിമിഷം നോക്കി നിന്നിട്ട് അയാൾ മാപ്പിളയുടെ ദൂതന്റെ ഒപ്പം ഇറങ്ങി നടന്നു. നിലവില്ലാത്ത ആ രാത്രിയിൽ മാപ്പിളയുടെ ബംഗ്ലാവിൽ എന്താ നടന്നത് എന്ന് ആർക്കും അറിയില്ല. പക്ഷെ തന്റെ മകന് കാറൽ മാക്‌സ് എന്ന ജർമ്മൻ പേരിട്ട ആ കലാപകാരി പിന്നീട് ഒരിക്കലും തിരിച്ചു വന്നില്ല.

കുറച്ചു ദിവസം കഴിഞ്ഞു ഒരു വെളുപ്പാൻകാലത്ത്​ മെഴുവഞ്ചേരി തോട്ടിൽ ചാക്കിൽ കെട്ടിയ ഒരു ശവം പൊങ്ങി. തിരിച്ചറിയാൻ ആകാത്തവിധം വികൃതമാക്കപ്പെട്ട ഒരു ശവം. അത് വേലുവിന്റേത് ആണെന്നോ അല്ലെന്നോ പറയാതെ തോട്ടുകരയിൽ നിസ്സംഗരായി ജനം നോക്കി നിന്നു.

പൊലീസ് വന്ന് മഹസർ എഴുതി, അജ്ഞാത ശവം.ഏറ്റെടുക്കാൻ ആരും ഇല്ലാതിരുന്നതുകൊണ്ട് ഇൻക്യുസ്‌റ് റിപ്പോർട്ട് തയാറാക്കി അവർ തോട്ടുകരയിൽ തന്നെ ഒരു കുഴിയെടുത്തു ശവം മൂടി.

പിന്നീട് അന്വേഷണം നടന്നോ ഇല്ലയോ എന്നറിയില്ല.
പക്ഷെ നാട്ടിലെ ആദ്യകാല കമ്യൂണിസ്റ്റുകളിൽ ഒരാളായിരുന്ന വേലുവിനെ പിന്നീടൊരിക്കലും അന്നാട്ടുകാർ ആരും കണ്ടതായി പറഞ്ഞു കേട്ടിട്ടില്ല. എങ്കിലും ഒരു രാത്രി പേരറിയാത്ത ആരോ ഒരാൾ ആ ശവം കുഴിച്ചു മൂടിയിടത്തു മുളം തണ്ടിൽ ഒരു ചുവന്ന കൊടി നാട്ടിവെച്ചിരുന്നു. വർഷങ്ങളോളം വെയിലും മഴയുമേറ്റു ആ ചെങ്കൊടി വേലുവിന്റെ കഥ ഓർമിപ്പിച്ചുകൊണ്ട് ആ തോട്ടുകരയിൽ കണ്ടത്തിൽ നിന്ന് വീശുന്ന ചെറുകാറ്റിൽ പാറി പറന്നു.

കാറൽ മാക്‌സ് വാച്ചിലേക്ക് വീണ്ടും നോക്കി, സമയം പത്തര ആയി.

അയാൾ വീണ്ടും റബ്ബർ തോട്ടത്തിലെ കയ്യാലയിലുടെ പിടിച്ചു കയറി മുകളിലെ തുണ്ടിൽ എത്തി. ഇല്ല, ബംഗ്ലാവിന്റെ മുൻപിലത്തെ വെട്ടമൊക്കെ അണഞ്ഞുവെങ്കിലും അടുക്കള ഭാഗത്ത്​ വെളിച്ചം ഇപ്പോഴും അണഞ്ഞിട്ടില്ല. വേലക്കാരി പെണ്ണുങ്ങൾ അത്താഴം കഴിച്ച പാത്രം കഴുകി വെക്കുകയാവും. അയാൾ വീണ്ടും അയത്തിലേക്ക്​ തിരിച്ചിറങ്ങി. എല്ലാരും ഉറങ്ങട്ടെ എന്നിട്ടാവാം.

വേലുവിന്റെ മരണശേഷം എന്തോ കാരണം കൊണ്ട് കാറൽ മാക്‌സിന്റെ പേരുമാറ്റം നാട്ടിൽ ആരും ചർച്ച ചെയ്തില്ല.

എല്ലാരും അത് ഒരു സാധാരണ കാര്യമായി എടുക്കാൻ തുടങ്ങി. ഇതിനിടക്ക് അവന്റെ അമ്മ തങ്കമണിക്ക് മാപ്പിളയുടെ തോട്ടത്തിൽ ഒരു ജോലി കിട്ടി. ഇടയ്ക്കു തങ്കമണിയെ മാപ്പിള വീട്ടിലേക്കു വിളിപ്പിക്കും. തിരിച്ചു വരുമ്പോഴൊക്കെ കൈനിറയെ കാശും കൊടുക്കുമായിരുന്നു. അത് എന്തിനാണെന്ന് അവൻ ഒരിക്കലും ചോദിച്ചിട്ടില്ല. വയറുനിറയെ കഞ്ഞി കുടിക്കുക എന്നതിനപ്പുറം ലോകത്ത് മറ്റൊന്നും അവന് അക്കാലത്ത്​ ഒരു വിഷയമായി തോന്നിയിട്ടില്ല.

തോട്ടത്തിലെ ചിരട്ടകളിൽ വളർന്നുപെരുകിയ കൊതുകുകളുടെ ആക്രമണം അസഹനീയമായി തുടങ്ങിയപ്പോളാണ് അയാൾ ചിന്തയിൽനിന്നുണർന്നത്.

സമയം വളരെ പതുക്കെയാണോ മുന്നോട്ടു നീങ്ങുന്നത് എന്നയാൾക്ക് സംശയം തോന്നി.

നിലാവിൽ നോക്കെത്താ ദൂരത്തോളം റബ്ബർ മരങ്ങൾ മാത്രം.

അയാൾ മുകളിലേക്കു നോക്കി.
മരങ്ങളുടെ ചില്ലകൾക്കിടയിലൂടെ പാതി ഉടഞ്ഞുപോയ ഒരു ചന്ദ്രനെ കാണാം.
പണ്ട് കുട്ടിക്കാലത്തു റബ്ബർതോട്ടത്തിലെ അയങ്ങളിലാണ് പ്രേതങ്ങൾ വസിക്കുന്നത് എന്ന് അമ്മൂമ്മ പറഞ്ഞുതന്നിരുന്നത് ഓർത്ത് അവൻ ചിരിച്ചു. പറക്കോട് ചന്തക്ക് വെളുപ്പിന് വെറ്റില വില്ക്കാൻ പോകുന്ന കച്ചവടക്കാർ പലരും അയത്തിലെ* പ്രേതങ്ങളെ കണ്ടിട്ടുണ്ടത്രെ, മുറുക്കാൻ വെറ്റില ചോദിച്ചുകൊണ്ട് പലപ്പോഴും അവ കച്ചവടക്കാരുടെ അടുത്തേക്ക് വരുമായിരുന്നത്രെ. വിശന്ന്​ഉറക്കമില്ലാത്ത രാത്രികളിൽ അമ്മൂമ്മയുടെ മെലിഞ്ഞൊട്ടിയ ശരീരത്തോടു ചേർന്നു കിടക്കുമ്പോൾ ഇങ്ങനെ എത്രയെത്ര കഥകളാണ് കേട്ടിരിക്കുന്നത്.

കുന്നിന്റെ മുകളിൽ നാലുപാടും നോക്കെത്താദൂരത്തോളം റബ്ബർ മരങ്ങളാൽ നിറഞ്ഞ പുരയിടത്തിനൊത്തനടുവിൽ ഒരു വലിയ വീട്. അതാരുന്നു പീലി മാപ്പിളയുടെ ബംഗ്ലാവ്. പീലി മാപ്പിളയുടെ അപ്പൻ ശമേലുമാപ്പിള പണികഴിപ്പിച്ചതാണത്.
ബംഗ്ലാവെന്നാണ് പേരെങ്കിലും പഴയ നായർ തറവാടുകളെ ഓർമിപ്പിക്കുന്ന രൂപകൽപ്പനയായിരുന്നു ആ വീടിന്റേത്. ക്രിസ്ത്യാനി ആണെങ്കിലും പീലി മാപ്പിള പള്ളിയിൽ പോകുകയോ കുർബാന കൂടുകയോ ഒന്നും ചെയ്യുമായിരുന്നില്ല. ഇയാൾ എന്തൊരു ക്രിസ്​ത്യാനിയാ​ണ്​ എന്ന്​ നാട്ടുകാർ പലരും അടക്കം പറയാറുണ്ടായിരുന്നു.

അടൂർ, കൊട്ടാരക്കര, തിരുവല്ല ഭാഗങ്ങളിൽ പണ്ട് ബ്രാഹ്മിൺസ് മാർഗം കൂടിയ ഒരു കൂട്ടം ക്രിസ്ത്യാനികളുണ്ട്. ചിക്കനോ ബീഫോ, എന്തിന് മുട്ടയും മീനും പോലും കഴിക്കാത്ത ശുദ്ധ വെജിറ്റേറിയൻ ക്രിസ്ത്യാനികൾ. മൊത്തം ഒരു പത്തിരുപത്തഞ്ചു വീട്ടുകാരേ കാണൂ. അവർക്ക്​ അവരുടേതായ പ്രാർത്ഥനാരീതികളുണ്ടായിരുന്നു. അവരുടേതായ വേദപുസ്തകവും. അവർക്ക്​ പള്ളികളുണ്ടായിരുന്നില്ല. മാസത്തിൽ ഒരിക്കൽ കൂട്ടത്തിലെ ഏതേലും വീട്ടിൽ എല്ലാരും ഒത്തു കൂടി ചില പ്രാർത്ഥനകൾ ഒക്കെ നടത്തും, അത്ര തന്നെ.

പീലി മാപ്പിളയും അക്കൂട്ടത്തിൽ ഒരാളായിരുന്നു. മാപ്പിളയുടെ ബംഗ്ലാവിന്റെ നിലവറയിൽ ഇപ്പഴും ഏതൊക്കെയോ ഉഗ്ര മൂർത്തികളെ കുടിയിരിത്തിയിട്ടുണ്ടെന്നായിരുന്നു നാട്ടിൽ അടക്കിപ്പിടിച്ച സംസാരം. ആ മൂർത്തികൾക്കുമുൻപിൽ അയാൾ കറുത്തവാവ് രാത്രികളിൽ ചില പ്രത്യേക പ്രാർത്ഥനകൾ ഒക്കെ നടത്തുമത്രേ. അതാണത്രേ അയാളുടെ പ്രതാപത്തിനും സമ്പത്തിനും ഒക്കെ കാരണം.

മാപ്പിളയുടെ ഒന്നാം ഭാര്യ ത്രേസ്യ കൊട്ടാരക്കരക്കാരി ആയിരുന്നു. തട്ടിൻപുറത്ത് എന്തോ എടുക്കാൻ കയറിയപ്പോൾ കാൽ തെന്നി തല താഴെ തറയിൽ വന്നിടിച്ച്​മരിച്ചുപോയി. മാപ്പിള ചവിട്ടിക്കൊന്നതാണെന്നാണ് നാട്ടിലെ രഹസ്യ സംസാരം. മാപ്പിളയുടെ നിലവറയിലെ പ്രാർത്ഥന ഒരിക്കൽ ത്രേസ്യ ഒളിച്ചുനിന്ന് കണ്ടെന്നും പിന്നീട് അതിനെക്കുറിച്ച് ചോദിച്ചത്തിന്റെ പേരിൽ ചെറിയ കശപിശ ഉണ്ടായെന്നും ഒക്കെ ഒരു കരക്കമ്പി അന്ന് ദേശത്തുണ്ടാരുന്നു. ഇതൊക്കെ കൊണ്ടാണോ എന്തോ നാട്ടുകാരിൽ പലർക്കും പകൽ പോലും ആ ബംഗ്ലാവിലേക്കു പോകാൻ എന്തോ ഒരു ഭയമായിരുന്നു. അവർ ആ ബംഗ്ലാവിനെക്കുറിച്ച്​ തങ്ങളാലാവുന്ന വിധം കഥകൾ പറഞ്ഞുനടന്നു.

നാട്ടുകാർക്ക് എന്നും ആ ബംഗ്ലാവ് നിഗൂഢതകൾ നിറഞ്ഞ ഒരു സ്ഥലമായിരുന്നു. അതുകൊണ്ടുതന്നെ എന്തേലും കാര്യത്തിന് അങ്ങോട്ടേക്ക് പോകേണ്ടി വന്നാൽ അവർ ഗേറ്റിന്റെ വെളിയിൽ നിൽക്കുകയേയുള്ളൂ. കാര്യസ്ഥൻ മോഹനൻ പിള്ള വന്ന് കാര്യം തിരക്കി മാപ്പിള ഉള്ളിലേക്ക് ക്ഷണിച്ചാൽ മാത്രമേ അകത്തേക്ക് പോകുമായിരുന്നുള്ളൂ.

അതിശയകരമായ കാര്യം, മാപ്പിളയുടെ തോട്ടത്തിലെ പണിക്ക്​ നാട്ടുകാർ പലരുമുണ്ടായിരുന്നു എങ്കിലും വീട്ടിലെ പണിക്കാർ എല്ലാം പുറംനാട്ടുകാരായിരുന്നു. മാപ്പിള തെങ്കാശിയിൽ നിന്നും കോവിൽപട്ടിയിൽ നിന്നും ഒക്കെ കൊണ്ടുവന്ന പാണ്ടികൾ.

മാപ്പിളയുടെ രണ്ടാം ഭാര്യ മോളിക്കൊച്ചിന്​ അങ്ങനെവന്ന ഒരു പണിക്കാരൻ പാണ്ടിയുമായി എന്തോ ഇടപാടുണ്ടാരുന്നെന്നോ, അതുകണ്ട മാപ്പിള അവരെ ഉത്തരത്തിൽ കെട്ടിത്തൂക്കി എന്നൊരു കഥയും നാട്ടിലുണ്ടായിരുന്നു. ആ പണിക്കാരനെ പിന്നെ മെഴുവഞ്ചേരി തോട്ടിൽ ഒരു ശവമായി കാണാനായിരുന്നു നാട്ടുകാർക്ക് യോഗം. മുട്ടോളം വെള്ളം മാത്രമുള്ള തോട്ടിൽ അമിതമായി മദ്യപിച്ചിരുന്ന അയാൾ മുങ്ങിച്ചത്തു എന്ന് പൊലീസ് മഹസറും എഴുതി.

അത്രയ്ക്കായിരുന്നു മാപ്പിളയുടെ പവർ. ആരും ഒന്നും ചോദിച്ചില്ല, ആരും ഒന്നും പറഞ്ഞും ഇല്ല.

ഇരുട്ട് വീഴുമ്പോൾ പുത്തൻ കാവിൽ അമ്പലത്തിനടുത്തുള്ള ചന്ദ്രൻ കൊച്ചാട്ടന്റെ കടയിലെ പെട്രോമാക്‌സ് വെളിച്ചത്തിലിരുന്ന്​ മാപ്പിളയുടെ അവധാനങ്ങൾ നാട്ടിലെ നായരുകൊച്ചാട്ടന്മാർ പറഞ്ഞുരസിച്ചു.

മോളിക്കൊച്ചിന്റെ മരണശേഷം അധികം താമസിക്കാതെതന്നെ മാപ്പിള വീണ്ടും കെട്ടി, ഇത്തവണ ഓമല്ലൂരുള്ള ഒരു റാഫേലിന്റെ മകളായിരുന്നു വധു. ഓമല്ലൂര് വയൽ വാണിഭത്തിനു പോയപ്പോൾ മാപ്പിള കണ്ടിഷ്ടപ്പെട്ടതാണ്. റാഫേലിന് കൊപ്ര കച്ചവടം ആയിരുന്നു തൊഴിൽ.

കാറൽ മാക്‌സ് വല്ലാത്ത അസ്വസ്ഥതതയോടെ ഒന്ന് ചൊമച്ചു.

അയാൾ പോക്കറ്റിൽനിന്ന് ബീഡിക്കെട്ട്​ എടുത്തുനോക്കി, ഇനി ഒന്നുരണ്ടെണ്ണം കൂടിയേ ബാക്കിയുള്ളൂ.

ഛെ, രവികൊച്ചാട്ടന്റെ കടയിൽനിന്ന് ഒരു കെട്ട് ബീഡി കൂടി വാങ്ങിക്കാരുന്നു, അയാൾ മനസ്സിൽ പറഞ്ഞുകൊണ്ട് അതിലൊരെണ്ണം എടുത്ത് കത്തിച്ചു.

റേച്ചൽ, പീലി മാപ്പിളയുടെ മൂന്നാം ഭാര്യ.
മാക്‌സിന്​ എന്തോ അത് ആലോചിച്ചപ്പോൾ ശരീരത്തിലൂടെ ഒരു വിറയൽ കയറിപ്പോകുന്ന പോലെ തോന്നി. ഒരിക്കൽ തന്റെ എല്ലാമെല്ലാമായിരുന്നവൾ. മറ്റൊരാളുടെ മുന്നിലും തലകുനിക്കില്ല എന്നുപറഞ്ഞവൾ. തറ കോരിയ കണ്ടത്തിലെ വാഴയിലകളുടെ മറവിൽ അവർ കൈമാറിയ എത്ര സുന്ദര നിമിഷങ്ങൾ, ഒന്നിച്ചു കണ്ട എത്ര സ്വപ്നങ്ങൾ. അങ്ങനെയിരിക്കേയാണ്​ പീലി മാപ്പിളയുടെ ആലോചനയുമായി മോഹനൻ പിള്ള റാഫേലിന്റെ വീട്ടിൽ എത്തുന്നത്. അത് അറിഞ്ഞതും തന്നെക്കാണാനോടിക്കിതച്ചെത്തിയ അവളുടെ മുഖം ഇപ്പഴും അവന്റെ മനസ്സിൽ അങ്ങനെ നില്പുണ്ടായിരുന്നു.

അന്ന് അവൾ പറഞ്ഞ വാക്കുകൾ: ‘കാറൽ മാക്‌സ്, ഞാൻ എന്നും നിന്റെ പെണ്ണ് മാത്രം ആയിരിക്കും. എനിക്ക് ഇനി ഈ ജന്മത്തിൽ മറ്റൊരാളുടെ ഒപ്പം ജീവിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല, കാരണം അത്രമേൽ ഞാൻ നിന്നെ സ്‌നേഹിക്കുന്നു. മറ്റൊരാളെ എനിക്കിനി സ്‌നേഹിക്കാൻ പറ്റില്ല.'

ആ വാക്കുകൾ കേട്ടാണ് അവൻ പെണ്ണുചോദിച്ച്​ റാഫേലിന്റെ വീട്ടിലേക്കുചെന്നത്.

പക്ഷെ ഒരു പുലയന്റെ മകന് സമൂഹത്തിൽ മാത്രമല്ല, അവന്റെ ആഗ്രഹങ്ങൾക്കും ആരോ പണ്ട് വരച്ചുവെച്ച ഒരു അതിർവരമ്പുണ്ടെന്ന് അവന് അന്നാണ് മനസിലായത്. അവിടെനിന്ന് തലകുനിച്ചിങ്ങുമ്പോൾ അവൾ പറഞ്ഞു, ‘അപ്പൻ എന്റെ കാലുപിടിച്ചു പറയുകയാ, ഈ കല്യാണത്തിന് സമ്മതിക്കണം എന്ന്. ഞാൻ എന്താണ് ചെയ്യുക? എന്തുവന്നാലും ഞാൻ ഈ കല്യാണത്തിനു സമ്മതിക്കില്ല'.

കാറൽ മാക്‌സ് ചോദിച്ചു, ‘പക്ഷെ നിന്റെ അപ്പൻ, അയാൾ മാപ്പിളക്കു വാക്ക് കൊടുത്തില്ലേ?'

‘വാക്ക് കൊടുത്തത് അപ്പനല്ലേ, ഞാനല്ലലോ?', അവൾ പറഞ്ഞു.

‘ഇനിയെങ്ങാനും എന്നെ ബലമായി പിടിച്ച്​ ആ മാപ്പിളക്കു കൊടുത്താൽ, നിങ്ങൾ വന്ന് എന്നെ കൂട്ടീട്ട് പോണം. അതുവരെ എന്റെ ശരീരത്തിൽ മറ്റൊരാൾ തൊടില്ല.’

പിറ്റേന്നുരാവിലെ വീടിന്റെ മുറ്റത്ത് രണ്ട് പോലീസുകാരെ കണ്ടൊണ്ടാണ് കാറൽ മാക്‌സ് ഉറക്കമുണർന്നത്.

ഒരു കള്ളക്കേസിൽ കുടുക്കി അവനെ അവർ കൊണ്ടുപോയി. ഏകദേശം ഒരു മാസത്തോളം ആ പത്തനംതിട്ട സബ്ജയിലിൽ കിടക്കേണ്ടിയും വന്നു.

അവൾ, അവസാനം പറഞ്ഞ വാക്കുകൾ ആ തണുപ്പത്തും അയാളെ ചുട്ടു പൊള്ളിച്ചു. അയാൾ ചുണ്ടിലെരിഞ്ഞിരുന്ന ബീഡി ദൂരേക്കെറിഞ്ഞ്​, കയ്യാലയിൽ കൂടി മുകളിലേക്കുകയറി. ഇത്തവണ എന്തെന്നില്ലാത്ത ഒരു ആവേശം അവന്റെ സിരകളിൽ കൂടി ഒഴുകുന്നുണ്ടാരുന്നു.

ജയിലിലെ തണുത്ത തറയിൽ കിടന്ന ഓരോ നിമിഷവും കാത്തിരുന്നത് ഈ രാത്രിക്കുവേണ്ടിയാണ്, മാപ്പിളയെ കൊന്ന്​ റേച്ചലിനെ സ്വന്തമാക്കുന്ന രാത്രിക്കു വേണ്ടി.

അവൻ ഒരു തുണ്ടുകൂടി മുകളിലേക്ക് കയറി ബംഗ്ലാവിന്റെ മുറ്റത്തേക്ക് എത്തി.

വിളക്കുകളെല്ലാം ഓഫായിരിക്കുന്നു, മുകളിലത്തെ നിലയിലെ ബെഡ്‌റൂമിന്റെ തടിജനാലയുടെ വിടവിൽ കൂടി ഒരു ചെറിയ വെളിച്ചം കാണാം.

അതുതന്നെയാവും മാപ്പിളയുടെ മുറി.

അവൻ കത്തി പുറകിൽനിന്ന്​ കൈയിലേക്കെടുത്തുപിടിച്ചുകൊണ്ട് വീടിനെ ലക്ഷ്യമാക്കി നടന്നു. വീടിനോട് ചേർന്നുണ്ടായിരുന്ന ഒരു തൂണിൽപിടിച്ച്​ അയാൾ മുകളിലത്തെ നിലയിലേക്ക് അള്ളിക്കയറി. എങ്ങുനിന്നോ ഒരു പാട്ട്​ ചെറിയ ശബ്ദത്തിൽ കേൾക്കാം. ടേപ്പ് റെക്കോർഡറിൽ നിന്നാണ്. അയാൾ ചെവി അടക്കം പിടിച്ച്​ പാട്ട്​ വരുന്ന ദിശയിലേക്കുനോക്കി. വെളിച്ചം കണ്ട മുറിയുടെ ഭാഗത്തുനിന്നാണ് ആ പാട്ട് വരുന്നത്. അയാൾ പതുക്കെ, ശബ്ദമുണ്ടാക്കാതെ ഓടിന്റെ മുകളിൽ കൂടി ആ ജനലിനെ ലക്ഷ്യമാക്കി നീങ്ങി. ജനലിന്റെ പാളി കൊളുത്തിട്ടിട്ടുണ്ടാരുന്നില്ല.

കാറൽ മാക്‌സ് പതുക്കെ, ശബ്ദമുണ്ടാക്കാതെ ജനൽപ്പാളി കുറച്ചു തുറന്നു.
ഇപ്പൊ അയാൾക്ക് റൂമിലെ കാഴ്ചകൾ ആ വിടവിലൂടെ ചെറുതായി കാണാം. മേശയിൽ ഒരു ടേപ്പ് റെക്കോർഡർ ഇരുന്നു പാടുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികൾ; ‘ആർദ്ര നിമീലിത മിഴികളിലൂറും,* അശ്രുബിന്ദുവെൻ സ്വപ്‌ന ബിന്ദുവോ... ഹൃദയ സരസിലെ പ്രണയ പുഷ്പമെ ... ഇനിയും നിൻ കഥ പറയൂ ...'

അയാൾ അകത്തേക്കുനോക്കി. അകത്തെരിയുന്ന ടേബിൾ ലാമ്പിന്റെ വെളിച്ചത്തിൽ അവ്യക്തമായി ആരോ ഒരാൾ, ഏകദേശം ഒരു ആറുആറര അടിയോളം പൊക്കം കാണും, അലമാരയിൽ ചാരി മുകളിലേക്ക് കൈയുയർത്തി നിൽക്കുന്നതുകാണാം.

കാറൽ മാക്‌സ് പതുക്കെ, ശബ്ദമുണ്ടാക്കാതെ, ജനൽപ്പാളി ലേശം കൂടെ തുറന്നു. ഇപ്പോൾ അകത്തുള്ള കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി കാണാം.

ആകാംഷയോടെ അകത്തേക്കുനോക്കിയ കാറൽ മാക്‌സ് ഒന്നു ഞെട്ടി.

പീലി മാപ്പിള പൂർണനഗ്‌നനായി അലമാരയോടു ചേർന്നുനിൽക്കുന്നു. അയാളുടെ കൈകൾ മുകളിലേക്കുയർത്തി അലമാരയുടെ മുകളിലത്തെ കൈവരിയിൽ കെട്ടിയിരിക്കുന്നു. അയാളുടെ നരകയറിയ കഷണ്ടിത്തല ടേബിൾ ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു.

മാക്‌സിനു എന്താണ് അവിടെ നടക്കുന്നതെന്ന്​ ഒരെത്തും പിടിയും കിട്ടിയില്ല.

ഇനി എന്നെക്കാൾ മുമ്പേ ഇയാളെ കൊല്ലാൻ മറ്റാരെങ്കിലും വന്നതായിരിക്കുമോ?

പെ​ട്ടെന്ന് ഒരു കൊലുസിന്റെ ശബ്ദം.

അയാൾ ആ ശബ്ദം കേട്ടയിടത്തേക്കുനോക്കി.
ഇരുട്ടിൽനിന്ന് സ്വർണക്കൊലുസിട്ട രണ്ടു സുന്ദരമായ കാലുകൾ മുറിയിലേക്ക് കയറി വന്നു. അയാൾ അതാരെന്നറിയാൻ ആകാംഷയോടെ നോക്കി.
റേച്ചൽ, തന്റെ കാമുകി, അതാ അവൾ പൂർണനഗ്നയായി പീലി മാപ്പിളയുടെ അരികിലേക്ക് മന്ദം മന്ദം നടന്നുനീങ്ങുന്നു.

അവളുടെ കൈയിൽ കാളവണ്ടിക്കാർ ഉപയോഗിക്കുന്ന തരം ഒരു ചാട്ട.

ഇത് താൻ പ്രണയിച്ച റേച്ചൽ തന്നെ ആണോ? കാറൽ മാക്‌സിനു സംശയമായി. അതോ മറ്റാരെങ്കിലുമോ! അവന് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

അവൻ ഒന്നും മനസിലാവാതെ ആ ജനലിന്റെ അരികിലെ ഭിത്തിയിൽ ചാരി ഇരുന്നു. ടേപ്പ് റെക്കോർഡർ അപ്പോഴും പാടുന്നുണ്ടാരുന്നു,എൻ അനുരാഗ തപോവന സീമയിൽ, ഇന്നലെ വന്ന തപസ്വിനി നീ...

അവന് ഒന്നുറക്കെ കരയണം എന്നുതോന്നി. എങ്കിലും അത് അവൾ തന്നെ ആയിരിക്കുമോ?

അവൻ ഒരിക്കൽ കൂടി അകത്തേക്കുനോക്കി.
ഇത്തവണ അവൻ വ്യക്തമായി കണ്ടു.

അത് അവൾ തന്നെ, റേച്ചൽ.

അവളുടെ ചുണ്ടിൽ ഒരു പ്രത്യേകതരം പുഞ്ചിരിയുണ്ടായിരുന്നു, അവളുടെ കണ്ണുകളിൽ കാമം കത്തുന്നുണ്ടായിരുന്നു.

പിന്നെ അവന് അവിടെ നിൽക്കാൻ തോന്നിയില്ല. അവൻ ഓടിന്റെ മുകളിൽ കൂടി തിരിച്ചു നടന്നു, തൂണിൽ കൂടി ഞാന്നു താഴേക്കിറങ്ങി. ഇടക്കെപ്പോഴോ കൈയിലിരുന്ന കത്തി അവന്റെ കൈയിൽ നിന്ന്​ താഴെ വീണുപോയിരുന്നു.

അവൻ മുറ്റത്തുവന്ന്​ ഒരു നിമിഷം മുകളിലേക്ക് തിരിഞ്ഞുനോക്കി. മുകളിലത്തെ മുറിയിൽനിന്ന് ചാട്ട കൊണ്ടുള്ള ആദ്യത്തെ അടിയുടെ ശബ്ദം മുഴങ്ങി. മാപ്പിള, പീലി മാപ്പിള, ഈ നാട് ഒരു രാജാവിനെ പോലെ അടക്കി ഭരിക്കുന്ന പീലി മാപ്പിള, അയാൾ ഒന്ന് ഞരങ്ങിയോ?

അവന് അങ്ങനെ തോന്നി.

അപ്പോഴും ആ പാട്ട് ജനലിന്റെ പാതി തുറന്ന പാളിയിലൂടെ പുറത്തേക്ക് ഒഴുകുന്നുണ്ടാരുന്നു, ‘എത്ര സന്ധ്യകൾ ചാലിച്ചു ചാർത്തി, ഇത്രയും അരുണിമ നിൻ കവിളിൽ. എത്ര സമുദ്ര ഹ്രിദൻദം ചാർത്തി, ഇത്രയും നീലിമ നിന്റെ കണ്ണിൽ...’

കാറൽ മാക്‌സ് പിന്നെ അവിടെ നിന്നില്ല.

റബ്ബർ തോട്ടത്തിലെ കയ്യാലകളിറങ്ങി അയാൾ നടക്കാൻ തുടങ്ങി, എങ്ങോട്ടെന്നില്ലാതെ.

അവൾ അവസാനം പറഞ്ഞ വാക്കുകൾ അപ്പോഴും അയാളുടെ തലയ്ക്കുള്ളിൽ മുഴങ്ങുന്നുണ്ടായിരുന്നു.

റബ്ബർ മരങ്ങൾ കടന്ന് റോഡിലെത്തി കാറൽ മാക്‌സ് എന്തോ ആലോചിച്ച് ഒന്ന് നിന്നു, പിന്നെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചിട്ട് അയാൾ ഇടവഴിയിലൂടെ തന്റെ വീട്ടിലേക്കോടി. വീട്ടിലെത്തിയ അയാൾ കിണറ്റിൽ നിന്ന് ഒരു തൊട്ടി വെള്ളം കോരി തലവഴി ഒഴിച്ചു. എന്നിട്ട്​ അത് തോർത്തുക പോലും ചെയ്യാതെ ഓലെവാലേ* നേരെ തന്റെ മുറിയിലെത്തി കസേരയിലിരുന്നു. ഒരു വെള്ളപേപ്പറെടുത്ത്​ എഴുതാൻ തുടങ്ങി:

ചാപ്റ്റർ 1*
‘‘നാളിതുവരെയുള്ള എല്ലാ സമൂഹങ്ങളുടെയും ചരിത്രം വർഗ സമര ചരിത്രമാണ്.
സ്വതന്ത്രനും അടിമയും, പട്രീഷനും പെബ്ലിയനും, ജന്മിയും കുടിയാനും, ഗിൽഡ് മാസ്റ്ററും വേലക്കാരനും -ചുരുക്കിപ്പറഞ്ഞാൽ മർദ്ദകനും മർദ്ദിതനും തീരാ വൈരികളായി നിലകൊള്ളുകയും ചിലപ്പോൾ ഒളിഞ്ഞും ചിലപ്പോൾ തെളിഞ്ഞും ഇടതടവില്ലാതെ പോരാട്ടം നടത്തുകയും ചെയ്തു.'' ▮

കുറിപ്പ്​:
*തുണ്ട്- തട്ട് തട്ട് ആയുള്ള റബ്ബർ തോട്ടത്തിലെ ഒരു തട്ട്
*അയം- റബ്ബർ തോട്ടത്തിലെ ഏറ്റവും താഴ്ചയുള്ള സ്ഥലം
*ഓലെവാലേ- കുളിച്ചിട്ട് തലയും ശരീരവും തുവാർത്താതെ ഈറനോടെ ഇരിക്കുന്നത്
* ‘ആർദ്രനിമീലിത...' പാടുന്ന പുഴ എന്ന സിനിമിക്ക്​ ശ്രീകുമാരൻ തമ്പി എഴുതിയ വരികൾ
* ‘നാളിതുവരെയുള്ള...' -കാൾ മാർക്‌സും ഫ്രഡറിക് ഏംഗൽസും ചേർന്ന് എഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ആദ്യ വരികൾ.


ബിപിൻ ബാലകൃഷ്​ണൻ

കഥാകൃത്ത്​, ഛായാഗ്രാഹകൻ. നിർമാണത്തിലിരിക്കുന്ന ‘ത തവളയുടെ ത’ എന്ന സിനിമയുടെ ഛായാഗ്രാഹകനായി വർക്ക് ചെയ്യുന്നു.

Comments