ചിത്രീകരണം : ദേവപ്രകാശ്

രാഘവന്റെ ആടുകൾ

ഒന്ന്​

യിറ്റിച്ചിറ പാലത്തിനുതാഴെ നിന്ന് തുടങ്ങി കരിയാത്തൻ കുന്നിന്റെ ഉച്ചിവരെ ഇരുൾപച്ച നിറത്തിൽ കറുകമേടുകളാണ്.

വെയിൽ താണുകഴിഞ്ഞാൽ കാറ്റ് കരിങ്കൂളിയെ പോലെ ഒച്ചയുണ്ടാക്കി അതുവഴി പറക്കും. അപ്പോൾ മേട്ടിലാകെ കറുകയുടെ രൂക്ഷഗന്ധം പൊങ്ങും. അന്നേരം അവിടെ കാറ്റു കൊണ്ടു നിന്നാൽ ഏത് പനിക്കോളും അടങ്ങുമെന്നാണ്.

രാഘവൻ മാഷും ആടുകളും മേടിറങ്ങി ചിറക്കര ലക്ഷ്യമാക്കി നടന്നു.

പയിറ്റിച്ചിറയിൽ എല്ലാക്കാലത്തും ഇളനീരു പോലെ വെള്ളമുണ്ടായിരുന്നു. ഇരുട്ടുമ്പോൾ പക്ഷെ ജലത്തിന്റെ അനക്കം നിലച്ച് ചിറ ജഡമാവും. ഒഴുകിയിരുന്നു എന്നതിന്റെ ഓർമ പോലുമില്ലാതെ, അജ്ഞാതമായൊരു ദുഃഖവും പേറി, അത് ആകാശം നോക്കി അനങ്ങാതെ നിൽക്കും.

രാത്രിയിൽ കരിയാത്തൻ കുന്നിൽ നിന്നുനോക്കിയാൽ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം താഴെ ഘനീഭവിച്ചു കിടക്കുന്നപോലെ തോന്നും. ഇപ്പോൾ പാലം വന്നതിനുതാഴെ പണ്ട് ചമ്പകമരങ്ങളുടെ ഒരു പൊന്തയായിരുന്നു. അതിനരികിൽ, ഇരുട്ടിൽ, പൂക്കൾ അടർന്നു വീണാലും ഞെട്ടാത്ത ജലം.

രാത്രിയിൽ കറുകയും ചമ്പകവും മണക്കുന്ന മേട്ടിലേക്ക് മനുഷ്യർ ഒളിച്ചു വരുമായിരുന്നു. ചെവിടോർത്താൽ അവർ അന്നു പറഞ്ഞിട്ടുപോയ സ്വകാര്യങ്ങൾ ഇപ്പോഴും കേൾക്കാം. ഇപ്പോൾ പക്ഷെ പണ്ടത്തെ അത്ര മരങ്ങളില്ല. മനുഷ്യരുടെ വരവ് തീരെയില്ലാതായിരിക്കുന്നു.

രാഘവൻ മാഷ് ആടുകളെ മേയാൻ വിട്ട് കാറ്റുകൊള്ളാൻ കൈകൾ വിടർത്തി നിന്നു. കറുകയുടെ ഗന്ധം ആവോളം വലിച്ചെടുത്ത് അയാൾ കുന്നിന്റെ നെറുകയിലേക്ക് നോക്കി. ആടുകൾ അപ്പോൾ തഴച്ച കറുകപടർപ്പുകളിലേക്ക് തലകുമ്പിട്ടിരുന്നു. മാഷ് ചമ്പകപ്പൂവുകൾ പെറുക്കിയെടുത്തു മണത്തു. കുറച്ചെണ്ണം പോക്കറ്റിലിട്ടു. ആടുകൾ കരഞ്ഞപ്പോൾ അയാൾ കണ്ണുകൾ അടച്ച് ചൊല്ലി തുടങ്ങി.

രണ്ട്​

റിട്ടയറായ ദിവസം യാത്രയയപ്പുപരിപാടി കഴിഞ്ഞ് രാഘവൻ മാഷ് നേരെ പോയത് ചന്ദ്രന്റെ ഫാമിലേക്കാണ്. ആവശ്യം അയാൾ ഒരു മാസം മുമ്പേ തന്നെ ചന്ദ്രനെ ധരിപ്പിച്ചിരുന്നു. ചന്ദ്രനത് കേട്ടപ്പോൾ കുറച്ചൊന്ന് പിന്നോക്കം മാറി രൂക്ഷഭാവത്തിൽ രാഘവൻമാഷിനെ നോക്കി. മാഷ് സങ്കോചലേശമില്ലാതെ ചന്ദ്രന്റെ മുന്നിൽ നിന്നു.
‘അജ്ജാതി ആടൊന്നും ഇവിടെയില്ല മാഷേ’, ചന്ദ്രൻ ഒച്ചയിട്ടു.

രാഘവൻ മാഷ് വിട്ടില്ല, ‘അങ്ങനെ പറയരുത് ചന്ദ്രാ, ഒന്നുല്ലേലും ഞാൻ നിന്നെ എത്ര ക്ലാസ് പഠിപ്പിച്ചതാ, നിനക്കോർമയുണ്ടോ..? ഞാനിട്ട കേട്ടെഴുത്തുകളൊക്കെ തെറ്റിച്ചിട്ടും ഒരുവട്ടം പോലും ഞാൻ നിന്നെ തല്ലിയിട്ടില്ല.'

ചന്ദ്രൻ അത് കേട്ട് വല്ലാത്ത ശബ്ദത്തിൽ ചിരിച്ചു. ചിരിക്കുമ്പോൾ അയാളൊരു മുശടൻ മുട്ടാനാടിനെ പോലിരിക്കുന്നതായി രാഘവൻമാഷിനു തോന്നി.

‘അതിന് മാഷ് ആരെയാ തല്ലീട്ട്ള്ളത്? നല്ല കഥ! അത് പോട്ടെ, മാഷിനെന്തിനാണിപ്പം ഇങ്ങനെയുള്ള ആടുകളെ? ഇതിനെയൊന്നും അറക്കാനും കൂടി ആരും വാങ്ങൂല മാഷേ. ഒന്നുല്ലെങ്കിൽ നല്ലയിനം ജമ്‌നാപ്പാരിയോ, മലബാറിയോ വാങ്ങണം. കറന്ന് പാലിങ്ങോട്ട് തന്നാൽ ഞാനെടുത്തോളാം. അല്ലെങ്കിൽ നല്ല മുട്ടനൊരെണ്ണത്തിനെ വാങ്ങിക്കോ, ചവിട്ടിച്ചാൽ കാശ് വീണ് പോക്കറ്റ് നെറയും. ഇനി അതിനും വയ്യെങ്കിൽ യന്ത്രമുണ്ട്. ബീജം കലക്റ്റ് ചെയ്ത് സ്റ്റെറിലൈസ് ചെയ്ത് സൂക്ഷിക്കാം. ചെറിയൊരു പ്രാക്റ്റീസുണ്ടായാൽ മതി.'

മാഷ് നിഷേധഭാവത്തിൽ തലയാട്ടി, ‘എനിക്കതിനൊന്നും വയ്യ ചന്ദ്രാ, എനിക്ക് ഈ പറഞ്ഞ ഇനം തന്നെ മതി. കാശ് വേണമെങ്കിൽ മാർക്കറ്റ് വിലയിലും കൂടുതൽ തരാം. ഒരു പതിനാലെണ്ണത്തിനെ നീ എങ്ങനെയെങ്കിലും എനിക്ക് സംഘടിപ്പിച്ചു തരണം.'

രാഘവൻമാഷ് അപേക്ഷിക്കുന്ന മട്ടിൽ പറഞ്ഞു.
ആട് ചന്ദ്രൻ ഒരു വിചിത്രജീവിയെ എന്ന പോലെ മാഷിനെ ഇമവെട്ടാതെ നോക്കി. സ്‌നേഹസമ്പന്നനായ പഴയ ഗുരുനാഥന്റെ ദയനീയമായ നിൽപ്പ് അയാളെ അലിയിപ്പിച്ചു.

‘ശരി ഞാൻ നോക്കട്ടെ. പക്ഷെ നിങ്ങള് പറയുന്ന തരം ആടുകളൊന്നും ഇപ്പൊ, തൽക്കാലത്തേക്ക് ഇവിടെയില്ല. ഇനി നിങ്ങള് വേറെ എവിടെയെങ്കിലും അന്വേഷിച്ചു പോയാലും കിട്ടിക്കോളണമെന്നില്ല. ഒന്നാമത് ഇവറ്റകളെ തിരിച്ചറിഞ്ഞാൽ ഉടനെ ഫാമുകാര് കൊന്ന് ഇറച്ചിയാക്കും. വെറുതേ തീറ്റി കൊടുത്ത് വളർത്തിയിട്ട് കാര്യമില്ലല്ലോ'

ചന്ദ്രൻ കുറച്ചു സമയം താടി ചൊറിഞ്ഞ് ചിന്തിച്ചു, ‘ഞാൻ തമിഴ്‌നാട്ടിലൊന്ന് തപ്പി നോക്കട്ടെ. നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ കിട്ടും. പിന്നെ, കാര്യം പഠിപ്പിച്ച മാഷൊക്കെ തന്നെ, ഒടുക്കം വെല പറയുമ്പോ നമ്മള് തമ്മിൽ തെറ്റരുത്.'

രാഘവൻ മാഷ് ഉടനെ മുണ്ടിന്റെ കോന്തല അഴിച്ച് റബർബാന്റിട്ട് ചുരുട്ടിയ ഒരു കെട്ട് ചന്ദ്രന്റെ കൈയ്യിൽ പിടിപ്പിച്ചു, ‘പൈശ ഒരു വിഷയല്ല. നീ ഇന്ന് തന്നെ പൊറപ്പെട്ടോ.'

ചന്ദ്രൻ പുച്ഛഭാവത്തിൽ എന്തോ പിറുപിറുത്ത് നോട്ടുകെട്ട് വാങ്ങി അരയിൽ തിരുകി.

' എന്നാ ഞാൻ പോണു ചന്ദ്രാ. ഒരു മാസം കഴിഞ്ഞാൽ ഞാൻ റിട്ടയറാവാ, അടുത്ത പതിനേഴാം തിയ്യതി. അന്നേക്ക് നീ സംഘടിപ്പിച്ചു വക്ക്.'

മാഷ് എന്തോ വലിയൊരു കാര്യം നേടിയെടുത്ത നാട്ട്യത്തിൽ തിരിഞ്ഞു നടന്നു. പണ്ടെന്നോ താൻ കേട്ടുമറന്ന ഒരു പദ്യവും ചൊല്ലി നീങ്ങുന്ന ആ മധ്യവയസ്‌കനെ ചന്ദ്രനപ്പോൾ കൗതുകത്തോടെ നോക്കി. എത്ര ആലോചിച്ചിട്ടും ആ പദ്യം ഏതാണെന്ന് അയാൾക്കപ്പോൾ ഓർത്തെടുക്കാൻ സാധിച്ചില്ല.

മൂന്ന്​

രാഘവൻ മാഷ് ഒറ്റക്കുറുക്കനായി നിന്നുപോയതിനെ പ്രതി ധാരാളം കഥകൾ നാട്ടിലും സ്‌ക്കൂളിലും പ്രചാരത്തിലുണ്ടായിരുന്നെങ്കിലും അവയിൽ മിക്കതും അയാളുടെ സ്വഭാവത്തെ തട്ടിച്ചു നോക്കുമ്പോൾ അവിശ്വസനീയമായിരുന്നു. സിൽവസ്റ്റർ സ്റ്റാലിന്റെ ശരീരഘടനയും, ജനറൽ ജോസഫ് സ്റ്റാലിന്റെ മീശയും, സിനിമാനടൻ ജയന്റെ ശാരീരവും സമ്മേളിച്ച ഒരപൂർവ്വ പുരുഷശരീരമായിരുന്നു രാഘവൻ മാഷ്. സ്‌ക്കൂളിൽ പുതുതായി വന്നുചേരുന്ന തെക്കത്തികളും, മധ്യതിരുവിതാകൂർ നസ്രാണിച്ചികളുമായ മിസ്ത്രസുമാരെല്ലാം തന്നെ അയാളോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ട്. എന്നാൽ രാഘവൻ മാഷ് തന്റെ സ്റ്റാലിൻ മീശയിൽ എണ്ണ തടവി, പ്രേമത്തോടെ ചീകി ഒതുക്കി നടന്നതല്ലാതെ വിശേഷിച്ച് മറ്റൊന്നും സംഭവിച്ചില്ല. രാഘവൻ മാഷിന്റെ ഈ വിചിത്രസ്വഭാവത്തെ പറ്റിയുള്ള കഥകളിൽ സകലരെയും ഞെട്ടിച്ച കഥ പറഞ്ഞത് ആ സ്‌ക്കൂളിൽ ഏറ്റവും കൂടുതൽ കാലം പഠിക്കാൻ അവസരം ലഭിച്ച കാലൻ ഹൈദ്രോസ് എന്ന വിളിപ്പേരുള്ള പോക്കിരിയായിരുന്നു.

‘എടാ, ഇമ്മടെ രാഘവൻ മാഷിന് സുനയില്ലെടാ'

അവൻ സ്‌ക്കൂളിന്റെ പിൻവശത്തുള്ള മൂത്രച്ചുമരിനെ ലക്ഷ്യമാക്കി നീട്ടി മുള്ളി കൊണ്ട് അടക്കം പറഞ്ഞത് പെൺകുട്ടികളുടെ ചെവികളും കടന്ന് സ്റ്റാഫ്‌റൂമിനുള്ളിൽ കടുക് വറക്കുന്ന മട്ടിൽ ചില അപശബ്ദങ്ങൾ ഇളക്കി വിട്ടു. ജനനേന്ദ്രിയമില്ലാത്ത, പേശികൾ തുടിച്ചുനിൽക്കുന്ന രാഘവൻ മാഷിന്റെ നഗ്‌നശരീരം സങ്കൽപ്പിച്ച് മിസ്ത്രസുമാർ സ്റ്റാഫ്‌റൂമിന്റെ ഇരുണ്ട മൂലകളിൽ നിന്നും തപ്തനിശ്വാസങ്ങൾ പുറപ്പെടുവിച്ചു. പക്ഷെ ആ വർഷം സ്‌ക്കൂളിൽ നിന്ന് മൈസൂരിലേക്ക് എസ്‌കർഷനു പോയപ്പോൾ, അർദ്ധനഗ്‌നനായി, നീന്തൽക്കുളത്തിൽ നിന്ന്​ കയറി വന്ന രാഘവൻമാഷിന്റെ നനഞ്ഞ ശരീരം കണ്ട് സ്ത്രീകൾ സ്തബ്ധരായി. ചിലർ വിരൽ കടിച്ച് ശീൽക്കാരശബ്ദമുണ്ടാക്കി. പിന്നെ കുറച്ചുകാലം ഭയങ്കരാകാരമുള്ള മാഷിന്റെ ഇന്ദ്രിയത്തെ ചുറ്റിപ്പറ്റിയായിരുന്നു സ്‌ക്കൂളിലെയും ചുറ്റുവട്ടത്തെയും സൊറസദസ്സുകൾ കൊഴുത്തത്.

‘ആനക്കൊമ്പു പോലെയുള്ള നേന്ത്രക്കായ ഉണ്ടായിട്ടെന്താ കാര്യം, പഴുത്ത് ചീയാനാ അതിന്റെ യോഗം', പിയൂൺ മദനൻ ബെല്ലടിക്കുമ്പോൾ ഒരു നെടുവിർപ്പിട്ടുകൊണ്ടു പറഞ്ഞെങ്കിലും ബെല്ലിന്റെ ശബ്ദത്തിനുള്ളിൽ കുടുങ്ങിപ്പോയ ആ ദ്വയാർത്ഥപ്രയോഗം ആരും കേട്ടില്ല.

നാല്​

ഞ്ചേക്കർ വിസ്തൃതിയുള്ള ഒരു പറമ്പിനകത്താണ് ആട് ചന്ദ്രന്റെ ഫാം ഹൗസ് നിന്നിരുന്നത്. പുല്ലുമേഞ്ഞ വലിയ മോന്തായമുള്ള ആലകളിൽ പല പ്രായത്തിലുള്ള അജഗോത്രങ്ങൾ കരയുന്ന ശബ്ദം പകൽ മുഴുവൻ കേൾക്കാം. നിലത്ത് ചിതറി കിടക്കുന്ന ആട്ടിൻകാട്ടങ്ങളും രോമങ്ങളും. അധികം ഉയരമില്ലാതെ, ഭൂമിക്ക് സമാന്തരമായി പടർന്നുപന്തലിച്ച ശിഖരങ്ങളുള്ള പ്ലാവുകളായിരുന്നു ആ ഫാമിന്റെ മറ്റൊരു പ്രത്യേകത. അവയിൽ നിന്ന്​ കോതിയെടുത്ത പ്ലാവിലക്കെട്ടുകൾ ആടുകൾക്ക് തലയെത്തിച്ച് തിന്നാൻ പാകത്തിൽ മരങ്ങളുടെ തായ്ത്തടികളിൽ തൂങ്ങി കിടന്നു. രാഘവൻ മാഷ് ഗെയ്റ്റു കടന്ന് പ്രതീക്ഷയോടെ നടന്നു. ചന്ദ്രൻ ഒരു ചെറിയ ആട്ടിൻപറ്റത്തിന്റെ നടുക്ക് മാഷിനെ പ്രതീക്ഷിച്ചിട്ടെന്ന പോലെ നിൽക്കുന്നുണ്ടായിരുന്നു. ധൃതിയിൽ നടന്നടുക്കുന്ന മാഷിനെ അയാൾ ചിരിച്ചു കൊണ്ട് നോക്കി. മാഷിന്റെ കണ്ണുകൾ ചന്ദ്രനെ ശ്രദ്ധിക്കാതെ ജിജ്ഞാസയോടെ ആടുകളുടെ പിന്നിലേക്ക് നീണ്ടുപോയി.

‘നോക്കണ്ട നിങ്ങൾക്ക് വേണ്ട ജാതി തന്നെയാണ്. വിചാരിച്ച പോലെയൊന്നുമല്ല, കേട്ടോ മാഷേ, ഇതിനുള്ളിൽ തന്നെ പലതരം ഉണ്ട്. കേട്ടപ്പോ ഞാൻ ആദ്യം അന്തംവിട്ടുപോയി. പിന്നെ കണ്ടു ബോധ്യം വന്നു’, ആട് ചന്ദ്രൻ ഒന്നു കാർക്കിച്ച് നിലത്ത് തുപ്പി.

‘തിന്നു തൂറും എന്നല്ലാതെ ഇവറ്റകളെ കൊണ്ട് വേറെ ഗുണമൊന്നും ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങടെ ആവശ്യം എന്താണെന്ന് എനിക്കറിയാൻ വയ്യ. എന്നാലും ഒരു കാര്യം; വല്ല കൊസ്രക്കൊള്ളിയും ഒപ്പിച്ചിട്ട് അവസാനം ചന്ദ്രന്റെ പേര് പറയരുത്.'

രാഘവൻ മാഷ് ഒന്നു ചിരിച്ചു.
അയാൾ ആടുകൾക്കിടയിലെത്തിയിരുന്നു. അവയുടെ കുഞ്ചിരോമങ്ങളിൽ വിരൽ കടത്തി അയാൾ വാൽസല്ല്യത്തോടെ തടവി, ‘നീ ബേജാറാവല്ലേ ചന്ദ്രാ'

അഞ്ച്​

ന്ന് സന്ധ്യക്ക് രാഘവൻ മാഷ് ആടുകളെയും തെളിച്ച് പയിറ്റിച്ചിറ പാലത്തിനു താഴെയുള്ള കറുകക്കാടിനുള്ളിലേക്ക് പോയി. ഇരുട്ടി തുടങ്ങിയപ്പോൾ പാലത്തിനുമുകളിൽ ചൂണ്ടലിട്ട് നിന്നവർ താഴെ ആരോ കവിത ചൊല്ലുന്നത് കേട്ട് ചെവിടോർത്തു. ഇരുണ്ട കറുകകൾക്കിടയിൽ നക്ഷത്രങ്ങൾ ഉദിച്ച പോലെ ആടുകൾ!

ആദ്യത്തെ ജിജ്ഞാസ അവസാനിച്ചപ്പോൾ ആളുകൾ മാഷിനെയും അയാളെ പിന്തുടരുന്ന ആടുകളെയും ഗൗനിക്കാതെയായി. നിത്യവും സന്ധ്യക്ക് തന്റെ ആടുകളെയും തെളിച്ച് രാഘവൻ മാഷ് സായാഹ്നസവാരിക്കിറങ്ങി. ചില രസികന്മാർ വഴിയരികിൽ നിന്ന്
‘ഇത്തിരി ആട്ടിൻപാല് കിട്ട്വോ മാഷേ.. ' എന്ന് കളിയായി വിളിച്ചു ചോദിച്ചു. മാഷും ആട്ടിൻപറ്റവും ഒന്നു നിന്ന് അവരെ നോക്കി മൃദുവായി ചിരിച്ചശേഷം നടന്നു പോയി.

സരോജ ടീച്ചർ മാത്രം ഒരു ചില്ലുകുപ്പിയുമായി എന്നും രാവിലെ വന്ന് മാഷിന്റെ വാതിലിൽ മുട്ടി. തുറക്കാത്ത വാതിലിനുമുന്നിൽ പ്രതീക്ഷയോടെ നിന്ന്, ഒടുക്കം വാച്ചിൽ നോക്കി നേരം വൈകിയെന്ന് ആകുലപ്പെട്ട്, നിരാശയോടെ സരോജം എന്നും പടി കടന്നു പോയി. വീടിനുള്ളിൽ മാഷും ആടുകളും അപ്പോൾ ഒരു പോലെ നെടുവീർപ്പിട്ടു.

ആറ്​

രാഘവൻ മാഷിന് ആ നാട്ടിൽ ആകെയുണ്ടായിരുന്നൊരു കൂട്ട് റോബിൻഹുഡ് കൃഷ്ണനാണ്. കൃഷ്ണന് ചെറുപ്പത്തിലേ, കളവു ചെയ്യാനുള്ള അടക്കാനാവാത്ത ത്വരയുണ്ടായിരുന്നു. പക്ഷെ മോഷ്ടിക്കേണ്ട വസ്തു തിരഞ്ഞെടുക്കുന്നതിൽ അവൻ വിചിത്രമായ അഭിരുചികൾ പുലർത്തി പോന്നു. എന്തിനാണ് അത് കട്ടെടുത്തതെന്ന് ചോദിച്ചാൽ അവൻ ഉത്തരം പറയുമായിരുന്നില്ല. പുളി വാറലോങ്ങി മടുത്ത എഴുത്തച്ഛൻ കിതക്കുമ്പോൾ ഒരു രഹസ്യം ഭദ്രമാക്കിയ ഭാവത്തിൽ കൃഷ്ണൻ ചിരിക്കും.

രാഘവനും കൃഷ്ണനും ഒരുമിച്ചാണ് എഴുത്തുപള്ളിക്കൂടത്തിൽ പഠിച്ചത്. പള്ളിക്കൂടത്തിന്റെ പിന്നാമ്പുറം മുഴുവൻ കവുങ്ങിൻകണ്ടങ്ങളായിരുന്നു. അതിരാവിലെ കുളിച്ചു കുറിതൊട്ടു വന്ന രാഘവൻ പള്ളിക്കൂടത്തിന്റെ ജനലഴികളിലൂടെ കവുങ്ങിൻതലപ്പുകളിലേക്ക് നോക്കി. അവിടെ കുളക്കോഴികൾ കൂവിയാർക്കുന്ന ശബ്ദം. അകാരണമായി കുലുങ്ങുന്ന കവുങ്ങിൻ തലപ്പുകളിൽ രാഘവന്റെ കണ്ണുകൾ ഉടക്കിനിന്നു. കറുത്ത ഒരാകാരം അതിന്റെ ഉച്ചിയിലുണ്ട്. ആടുന്ന കവുങ്ങിൻ തലപ്പിൽ നിന്ന് കൈയ്യെത്തിച്ച് തൊട്ടടുത്തുള്ളൊരു കവുങ്ങിലേക്ക് അത് ഉടൽവച്ചുമാറി. രാഘവന്റെ ഉദ്വേഗം അധികരിച്ചു. കാറ്റടിച്ചപ്പോൾ കവുങ്ങിൻ തലപ്പുകളിൽ പച്ചപ്പിന്റെ പ്രളയം.

നോക്കി നിൽക്കെ മെലിഞ്ഞ ഒരുടൽ ഊർന്നിറങ്ങി വന്നു. കൃഷ്ണൻ!
അവന്റെ അരയിൽ, മുഷിഞ്ഞ കാലുറകളെ പിടിച്ചു കെട്ടിയ ചൂടിക്കയറിനു ചുറ്റും അടക്കാകുലകൾ തിരുകി വച്ചിരുന്നു.

രാഘവന്റെ അച്ഛൻ വളർത്തിയിരുന്ന ആടുകളെ തീറ്റിക്കാൻ അവരൊന്നിച്ച് ചിറക്കരയിലെ കറുകക്കാട്ടിലേക്ക് പോകുമായിരുന്നു. ആടുകൾ തീറ്റിയെടുക്കുമ്പോൾ ചമ്പകങ്ങൾക്ക് താഴെയിരുന്ന് അവർ നേരമ്പോക്കുകൾ പറഞ്ഞു. മുതിരും തോറും നേരമ്പോക്കുകളുടെ സ്വഭാവം മാറി വന്നു. കൗമാരത്തിൽ അവർ രഹസ്യമായി ചില പുസ്തകങ്ങൾ അവിടെ സൂക്ഷിച്ചു. യൗവ്വനത്തിൽ തങ്ങളുടെ ശരീരത്തിലെ രഹസ്യങ്ങൾ അവരവിടെ അഴിച്ചു പരിശോധിച്ചു. മുതിർന്നപ്പോൾ ചിറയുടെ തണുപ്പിൽ നിന്ന് കയറിവന്ന് സിഗരറ്റു പുകച്ചു. രാഘവന് ജോലി കിട്ടിയിട്ടും, ആടുകളെ രാഘവന്റെ അച്ഛൻ വിറ്റൊഴിച്ചിട്ടും, ചിറക്ക് മുകളിൽ പാലം വന്നിട്ടും അവരുടെ സായാഹ്ന സംഗമങ്ങൾ മുടങ്ങിയില്ല.

ഏഴ്​

റുകകളുടെ പടർപ്പിൽ നീണ്ടുനിവർന്ന് കിടന്ന കൃഷ്ണന്റെ മുടിയിഴകളിൽ വിരലോടിച്ച് രാഘവൻമാഷ് ഭാനുമതി ടീച്ചറെ പറ്റി പറഞ്ഞു. ട്രെയിനിംഗിന് പോയിടത്ത് നിന്ന് പരിചയപ്പെട്ടതാണ്. തങ്കത്തിന്റെ നിറം! കവിതയിൽ വാസനയുണ്ട്. നല്ല ഈണത്തിൽ ചൊല്ലാനറിയാം. കൃഷ്ണൻ പെട്ടന്ന് എഴുന്നേറ്റ് രാഘവൻമാഷിനെ നോക്കി. ചിറയിലെ വെള്ളം അപ്പോഴൊന്ന് ഞെട്ടി. രാഘവൻ മാഷ് ഈണത്തിൽ ചൊല്ലാൻ തുടങ്ങി.

എട്ട്​

ന്ധ്യയാവും വരെ രാഘവൻമാഷും ആടുകളും വീടിനകത്തു തന്നെ കഴിച്ചു കൂട്ടി. ശരീരത്തിന് ഉടവുതട്ടാത്ത ഒരു മധ്യവയസ്‌കനും പതിനാല് ആടുകളും ആ വീടിനകത്ത് എന്തു ചെയ്യുകയാണെന്ന് അറിയാൻ ആട് ചന്ദ്രന് താൽപര്യമുണ്ടായിരുന്നു. ഒരു പകലിൽ അയാൾ ശബ്ദമുണ്ടാക്കാതെ മാഷിന്റെ വീട്ടിലെ, വടക്കുഭാഗത്തെ തൊടിയിലേക്ക് തുറക്കുന്ന ജനാലക്കരികിൽ പോയി നിന്നു. തൊടി ആരും പെരുമാറാതെ ചവറ്റിലകളും കാടും കയറി നശിച്ചു തുടങ്ങിയിട്ടുണ്ട്. കൈയ്യാലകൾ ഏതാണ്ട് മുഴുവനായി ഇടിഞ്ഞു പോയിരിക്കുന്നു. ആടുകളുള്ള ലക്ഷണം പരിസരത്തൊന്നുമില്ല. ചന്ദ്രൻ ജനവാതിൽ പതുക്കെ തുറന്ന്, അകത്തേക്ക് പാളി നോക്കി.
ശ്ശ്.. എന്നൊരു ശബ്ദം അയാളുടെ തൊണ്ടയിൽ നിന്നു പുറപ്പെട്ടു. വെറും നിലത്ത് നഗ്‌നനായി കിടക്കുന്ന രാഘവൻമാഷിനു ചുറ്റും ആടുകൾ കൂടി നിൽക്കുകയായിരുന്നു. ഒരു ശവത്തിനു ചുറ്റും ദുഖാർത്തരായ കുറച്ചു മനുഷ്യർ നിൽക്കുന്ന പോലെ അവ നിശബ്ദരായി നിന്നു. ചന്ദ്രൻ തല പിൻവലിച്ച് തൊട്ടാവാടികൾ കവച്ചു ചാടി നടന്നു. പിന്നെ കാലുകളുടെ വേഗം കൂട്ടി അയാൾ ഓടാൻ തുടങ്ങി.

ഒമ്പത്​

ചിറയുടെ കരയിൽ നേർത്ത ഇരുട്ടായിരുന്നു.

രാഘവൻ മാഷ് ഭാനുമതി ടീച്ചറുടെ മടിയിൽ തലവച്ച് കിടക്കുന്നു. ഭാനുമതിയുടെ നേർത്ത വിരലുകൾ അയാളുടെ നെഞ്ചിലെ രോമങ്ങളിൽ തെരുപിടിപ്പിച്ചു.

‘മാഷേ, ഈ വെള്ളമെന്താണ് ഒട്ടും അനങ്ങാത്തത്?'

രാഘവൻ മാഷ് ഭാനുമതിയുടെ വിരലുകളിൽ ചുംബിച്ചു, ‘ഭാനു, ജലത്തിന് ഒഴുകുന്ന സ്വഭാവം മാത്രമേയുള്ളു എന്ന് ധരിക്കരുത്. അതിന് വേറെയും ഭാവങ്ങളുണ്ടാവും. നമ്മളറിയാഞ്ഞിട്ടാണ്. ഈ ചെറിയ ചിറയിൽ ഒരു കൊമ്പനാനയെ മുക്കി കൊല്ലാൻ മാത്രം ആഴമുള്ളൊരു കയമുണ്ടെന്ന് പറഞ്ഞാൽ നീ വിശ്വസിക്കുമോ?'

ഭാനുമതിയുടെ മുഖത്ത് പെട്ടന്നൊരു ഭാവവ്യത്യാസമുണ്ടായി.

‘പുറമേക്ക് കാണുന്ന പോലെയല്ല മനുഷ്യർ. എനിക്കറിയാം’, അവൾ ചിറയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.

‘എന്റെ ചെറുപ്പത്തിൽ ഈ ചിറയെ പറ്റി ഞാനൊരു കഥ കേണ്ടിട്ടുണ്ട്. കേൾക്കണോ ഭാനുവിന്? '

‘പറയു..'

രാഘവൻ മാഷുടെ മീശത്തുമ്പ് മുകളിലേക്ക് പിരിച്ചുവച്ച് ഭാനുമതി ആവേശത്തോടെ പറഞ്ഞു.

‘ഈ സ്ഥലത്ത് വളരെക്കാലം മുമ്പ് ഒരു സായിപ്പും മദാമ്മയും വന്നു താമസിച്ചിരുന്നു. ഇവിടെ പണ്ടുണ്ടായിരുന്ന വലിയൊരു എസ്റ്റേറ്റിലെ മാനേജരായിരുന്നു ആ യൂറോപ്യൻ ധ്വര. നീല പളുങ്കു കണ്ണുകളുള്ള സുന്ദരിയായ മദാമ്മയുമൊന്നിച്ച് സായിപ്പ് വൈകുന്നേരങ്ങളിൽ ഈ കറുകമേട്ടിൽ വന്നിരിക്കും. അവർ തമ്മിൽ വലിയ സ്‌നേഹമായിരുന്നു. ഞങ്ങളത് ഒളിച്ചു നിന്ന് കണ്ടിട്ടുണ്ട്! വെയിലാറി കഴിഞ്ഞാൽ സായിപ്പും മദാമ്മയും ഒരു റബർ റിംഗ് വായുവിൽ എറിഞ്ഞുപിടിക്കുന്ന വിനോദത്തിലേർപ്പെടുമായിരുന്നു. റിംഗ് നിലത്തു വീഴാതെ പിടിക്കണം. നിലത്തു വീഴ്ത്തുന്നവർ തോറ്റു. സായിപ്പിനും മദാമ്മക്കും പരസ്പരം തോൽപ്പിക്കുന്നത് ഇഷ്ടമല്ലായിരുന്നത് കൊണ്ടായിരിക്കാം, അവരുടെ കളി മണിക്കൂറുകളോളം നീണ്ടു പോയി. ഒരു ദിവസം, സൂര്യൻ അസ്തമിക്കും വരെ കളി നീണ്ടു. ചിറയുടെ കരയിലൂടെ റിംഗ് എറിഞ്ഞും പിടിച്ചും അവർ നീങ്ങി. ചിറക്കരയിൽ ഇരുട്ടു വീണു തുടങ്ങിയിരുന്നു. നേർത്ത ഇരുട്ടിൽ സായിപ്പിന്റെയും മദാമ്മയുടെയും ചിരികൾ തമ്മിൽ കലർന്നു. സായിപ്പ് ഉയർത്തി എറിഞ്ഞ റിംഗ് കൈപ്പിടിയിലൊതുക്കാൻ മദാമ്മ ഇരുട്ടിലൂടെ തെന്നി നീങ്ങി. കാല് പ്രതീക്ഷിക്കാതെയാണ് ഒരു വേരിലുടക്കിയത്. അവർ നിലതെറ്റി ചിറയിലേക്ക് വീണു. കറുപ്പ് പടർന്ന ജലത്തിൽ ഒരു വെള്ളി മീനിനെ പോലെ മദാമ്മ കൈകാലിട്ടടിച്ചു. ചിറയിലെ വെള്ളം ഭയം ജനിപ്പിക്കും വിധം പതക്കാൻ തുടങ്ങി. സായിപ്പിന് നീന്തലറിയില്ലായിരുന്നു. അയാൾ ഒരു നിമിഷം എന്തു പ്രവർത്തിക്കണമെന്നറിയാതെ ദയനീയമായി കരഞ്ഞു വിളിച്ചു. സഹായത്തിനായി അയാളുടെ ഭയന്ന മുഖം നാലു പാടും നോക്കി. സായിപ്പിന്റെ നിലവിളി കേൾക്കാൻ ആരും ആ പരസരത്തുണ്ടായിരുന്നില്ല. മദാമ്മയുടെ ഉടൽ മൂന്നുവട്ടം കയത്തിലെ വെള്ളത്തിൽ ഉയർന്നു പൊങ്ങി. പിന്നെ പതിയെ ആണ്ടു പോയി. സായിപ്പ് അലറി വിളിച്ചുകൊണ്ട് ചിറയിലേക്കെടുത്തു ചാടി. അപ്പോഴേക്കും ചിറക്കര ഒന്നാകെ ഇരുട്ടു മൂടി പോയിരുന്നു.'

രാഘവൻ മാഷ് ഒന്നു നിർത്തി കുറച്ചുസമയം ചിറയിലേക്ക് നോക്കിയിരുന്നു, പിന്നെ തുടർന്നു; ‘അതിൽ പിന്നെയാണ് ഈ കടവിലെ ജലം ഇരുട്ടുവീണാൽ അനങ്ങാതായത്.'

ഭാനുമതി, രാഘവൻ മാഷിന്റെ കണ്ണിൽ നോക്കി നെടുവീർപ്പിട്ടു, ‘ഞാനീ ചിറയിൽ ചാടിയാൽ നിങ്ങളെന്റെ ഒപ്പം ചാടുമോ?'

രാഘവൻ മാഷ് ഒന്നും മിണ്ടിയില്ല.അയാൾ ബാഗ് തുറന്ന് കേരള സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ഒരു കാവ്യപുസ്തകത്തിന്റെ പുതിയ പതിപ്പെടുത്ത് അവളുടെ കൈയ്യിൽ കൊടുത്തു.

‘ഞാൻ നിന്നോട് എന്നെ കുറിച്ച് ഒരു രഹസ്യം പറയട്ടേ? '

ഭാനുമതി പുസ്തകം മാറോടണച്ചു വച്ച് തലയാട്ടി.

പത്ത്​

റോബിൻഹുഡ് കൃഷ്ണൻ നാട്ടിൽ നിന്ന്​ പുറപ്പെട്ടുപോയ ദിവസം തന്നെയാണ് ഭാനുമതി ടീച്ചറുടേയും രാഘവൻ മാഷിന്റെയും കല്ല്യാണം മുടങ്ങിയത്. ഈ രണ്ട് സംഭവങ്ങളുടെയും കാരണം അജ്ഞാതമായിരുന്നു. ഒരു കളളൻ നാട്ടുവിട്ടാൽ അത്രയും സമാധാനം എന്ന് നാട്ടിലെ പ്രമാണിമാരും ധനികരും ആശ്വാസം കൊണ്ടു. പക്ഷെ കല്ല്യാണം മുടങ്ങിയതിനെ സംബന്ധിച്ച് ആളുകളുടെ പ്രതികരണം അങ്ങനെ ആയിരുന്നില്ല. അവർ രാഘവൻ മാഷിനു വന്നു പിണഞ്ഞ ദുര്യോഗത്തിൽ വർഗഭേദമന്യേ പരിതപിച്ചു. രാഘവൻ മാഷ് ലോങ്‌ലീവിൽ പോയ ദിവസം തന്നെ ഭാനുമതിടീച്ചർ തന്റെ ഭർത്താവുമൊത്ത് മധുവിധു ആഘോഷിക്കാൻ ഊട്ടിയിലേക്ക് കാറിൽ യാത്ര തിരിച്ചിരുന്നു. ചിറക്കരയിലെ കറുകപ്പടർപ്പ് ആ സമയം വിജനമായി കിടന്നു. ഇരുട്ടിൽ അനക്കമില്ലാത്ത ജലത്തിൽ നിന്ന് ഒരു സായിപ്പും മദാമ്മയും ഉയർന്നു വന്നു. വായുവിലൊരു റബർ റിംഗ് ഉയർന്നു പൊങ്ങി. എവിടെ നിന്നോ ആടുകൾ അവിടേക്ക് മേയാൻ വന്നു. ആരോ ഈണത്തിൽ കവിത ചൊല്ലുന്നതു പോലെ കാറ്റുകൾ കറുകകൾക്കിടയിലേക്ക് ഇറങ്ങി വന്നു.

പതിനൊന്ന്​

സുഹൃത്തിനേയും കാമുകിയേയും ഒരുമിച്ചു നഷ്ടപ്പെട്ട രാഘവൻ മാഷ്, വീടിനുള്ളിലെ ഏകാന്തവാസം അവസാനിപ്പിച്ച് ഏതാണ്ട് ഒരു വർഷക്കാലം കഴിഞ്ഞാണ് സ്‌ക്കൂളിൽ തിരിച്ച് ജോയിൻ ചെയ്യുന്നത്. രാഘവൻമാഷിനെ ഉപേക്ഷിച്ചുപോയ ഭാനുമതി ടീച്ചറെ സ്റ്റാഫ്‌റൂം ഒന്നടങ്കം അന്നേദിവസം തള്ളിപ്പറഞ്ഞു. പക്ഷെ ഭാനുമതി ടീച്ചറുടെ വിചിത്രമായ ചെയ്തികൾ അവിടം കൊണ്ടും അവസാനിച്ചിരുന്നില്ല. മധുവിധുവിനുശേഷം അവർ ഭർത്താവിനൊപ്പം ആ നാട്ടിൽ തിരിച്ചുവന്നു. രാഘവൻ മാഷിന്റെ വീടിന് തൊട്ടടുത്തുള്ള പറമ്പ് വിലക്കു വാങ്ങി, അവിടെ വലിയൊരു വീടു വച്ച് അവരിരുവരും താമസം തുടങ്ങി. പഴയ കാമുകന്റെ വീടിന് മുന്നിലൂടെ അവർ തന്റെ ഭർത്താവിന്റെ കൈയ്യും പിടിച്ച് നടന്നു. രാത്രിയിൽ രാഘവൻ മാഷിന്റെ തൊടിയിലേക്ക് തുറക്കുന്ന ജനാലക്കരികിൽ നിന്ന് മാഷ് സമ്മാനിച്ച കാവ്യപുസ്തകം തുറന്ന് ഈണത്തിൽ വായിച്ചു. പക്ഷെ, രാഘവൻ മാഷ് ഈ കാര്യങ്ങളൊന്നും ശ്രദ്ധിച്ചതേയില്ല. അയാൾ പതിവു പോലെ സ്‌ക്കൂളിൽ പോയി. മുമ്പത്തെ പോലെ അവിടെയുള്ള തരുണികളായ മിസ്ത്രസുമാരെ ഗൗനിക്കാതെ നടന്നു. കുറച്ചുവർഷങ്ങൾ കഴിഞ്ഞപ്പോൾ ഭാനുമതിയുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചു. അവരുടെ പ്രോഗ്രസ്സ് കാർഡുകൾ ഒപ്പിടാൻ വന്ന ഭാനുമതിയെ നോക്കി അയാൾ കൂസലില്ലാതെ ചിരിച്ചു. എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് അയാളിപ്പോൾ ഇതാ തന്റെ റിട്ടയർമെൻറ്​ ജീവിതം ഏതാനും ആടുകൾക്കൊപ്പം ആസ്വദിക്കുകയാണ്.

പന്ത്രണ്ട്​

ന്നും പതിവുപോലെ സരോജ ടീച്ചർ രാഘവൻ മാഷിന്റെ വാതിലിൽ മുട്ടി, ‘മാഷേ...'

അവർ ദൈന്യതയോടെ വിളിച്ചു.
അകത്തു നിന്ന് അനക്കമൊന്നും കേട്ടില്ല. സരോജം എന്നത്തേയും പോലെ നിരാശയോടെ തലകുനിച്ചു നിന്നു. തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ പതിവില്ലാതെ വാതിൽ തുറക്കപ്പെട്ടു. സരോജം പകച്ചു പോയി. അകത്ത് ആടുകളില്ലായിരുന്നു. അവർ മടിയില്ലാതെ അകത്തേക്ക് കടന്നു. രാഘവൻ മാഷ് നഗ്‌നനായി കട്ടിലിൽ കിടക്കുന്നു.

‘മാഷേ’, സരോജം വിറയ്ക്കുന്ന ശബ്ദത്തിൽ വിളിച്ചു. അയാൾ അവരെ നോക്കി. സരോജം ഒഴിഞ്ഞ കുപ്പി നീട്ടി.

‘കറന്നെടുത്തോളൂ’, മാഷ് ജനലിലൂടെ ദൂരേക്ക് നോക്കി കൊണ്ട് പറഞ്ഞു.

സരോജം വിതുമ്പി.

പതിമൂന്ന്​

റോബിൻഹുഡ് കൃഷ്ണൻ ശിക്ഷ കഴിഞ്ഞ് കണ്ണൂരിൽ നിന്ന് നേരെ നാട്ടിലേക്കാണ് വന്നത്. അയാൾ അവിടെ നിന്ന് പോയിട്ട് അതിനോടകം മുപ്പത് വർഷങ്ങൾ കഴിഞ്ഞിരുന്നു. കൃഷ്ണൻ ചിറയുടെ കരയിൽ ബീഡിയും വലിച്ച് കുറേ സമയം ഇരുന്നു. ഓർമകൾക്കിടയിലൂടെ നടന്നപ്പോൾ ഭൂതകാലത്തിലെവിടെയോ തപ്പിതടഞ്ഞു വീണതു പോലെ അയാൾക്ക് തോന്നി.

നാട്ടിൽനിന്ന്​ പുറപ്പെട്ടുപോയതിൽ പിന്നെ പല കാലങ്ങളിലായി പല സ്ഥലങ്ങളിൽ അയാൾ ജീവിച്ചിട്ടുണ്ട്. ചെന്നുപെടുന്ന ഇടങ്ങളിലൊക്കെ, മുമ്പ് ആരും കേട്ടിട്ടില്ലാത്ത തരം പുതിയ കളവുകൾ സംഘടിപ്പിക്കുന്നതിലായിരുന്നു അയാൾക്ക് കമ്പം. അവസാനം എത്തിപ്പെട്ട ഇരിക്കൂറിൽ, വാഴയ്ക്കും കപ്പക്കും തടം വെട്ടാനും, തെങ്ങ് തടം തുറക്കാനും പോകുന്ന കുഞ്ഞപ്പ എന്നൊരു വയസ്സന്റെ കൂടെ അയാൾ പണിക്ക് ചേർന്നു.

കൃഷ്ണൻ ഒരു ബംഗാളി ഭയ്യ ആണെന്ന് കുഞ്ഞപ്പ ഉറച്ചു വിശ്വസിച്ചിരുന്നു. പണി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ അവനിഷ്ടപ്പെടുമെന്ന് കരുതി അയാൾ എന്നും ആട്ടപ്പൊടിയും പരിപ്പും വാങ്ങി. രാത്രിയിൽ ദാലും റൊട്ടിയും കഴിച്ച്, ഇറയത്തേക്ക് വീണ നിലാവെളിച്ചത്തിൽ ഇരിക്കുമ്പോൾ കൃഷ്ണനോട് കുഞ്ഞപ്പ ആംഗ്യഭാഷയിൽ സംസാരിച്ചു. ആയിരക്കണക്കിന് കിലോമീറ്ററുകൾ അപ്പുറത്ത് കിടക്കുന്ന വംഗനാട്ടിലെ വിശേഷങ്ങൾ അറിയാനായിരുന്നു കുഞ്ഞപ്പയുടെ ആർത്തി മുഴുവൻ. ഒരിക്കൽ അയാൾ തന്റെ പഴയ തകരപ്പെട്ടി തുറന്ന് വളരെ പഴക്കം തോന്നിക്കുന്ന ഒരു പത്രക്കടലാസ് നിവർത്തി കൃഷ്ണനെ കാണിച്ചു. മുഷിഞ്ഞ കടലാസിൽ കഷണ്ടി കയറിയ തലയുള്ള ഒരു ബംഗാളി മുഖം! കുഞ്ഞപ്പ ചിരിച്ചു. പത്രക്കടലാസ് മടക്കി ശ്രദ്ധയോടെ പെട്ടിയിലേക്ക് തിരിച്ചുവച്ചു. പെട്ടിയടച്ചപ്പോൾ കുഞ്ഞപ്പയുടെ മുഖത്ത് നിരാശ നിഴലിച്ചിരുന്നു.

അയാൾ കൃഷ്ണനെ നോക്കി ഇടറിയ ശബ്ദത്തിൽ ചോദിച്ചു, ‘നമ്മള് തിരിച്ച് ബര്വോ കൃഷ്ണാ?'

പെ​ട്ടെന്ന് അബദ്ധം മനസ്സിലാക്കി കുഞ്ഞപ്പ വിരലുകൾ കൊണ്ട് വായുവിലെന്തൊക്കെയോ ചിത്രങ്ങൾ വരച്ചു. എന്നിട്ട് പ്രതീക്ഷയോടെ കൃഷ്ണനെ നോക്കി.

കുഞ്ഞപ്പ, മണിനായർ എന്നൊരാളുടെ അര ഏക്കർ പാടത്ത് വാഴക്ക് തടമെടുക്കാനുള്ള പണിയേറ്റ്​ കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് കൃഷ്ണൻ ആ നാട്ടിൽ സംഘടിപ്പിക്കേണ്ട മോഷണത്തെ സംബന്ധിച്ച് ഒരു തീർപ്പിലെത്തിയത്. അമ്പതടിയോളം നീളത്തിൽ പന്ത്രണ്ട് ഭീമൻ തടങ്ങൾ വെട്ടി കൂട്ടാൻ കുഞ്ഞപ്പയും കൃഷ്ണനും അഞ്ചു പകലുകൾ വിയർത്തു. അഞ്ചാം ദിവസം തടങ്ങൾ നനച്ച് നാടൻ നേന്ത്രക്കന്നുകൾ പിടിപ്പിച്ചു.കൂലി റൊക്കം തരാമെന്നാണ് മണിനായർ ഏറ്റിരുന്നത്. കുഞ്ഞപ്പ അതിന് സമ്മതം പറഞ്ഞു. കാശ് റൊക്കം കിട്ടുമ്പോൾ അൽപ്പം നീക്കിയിരിപ്പുണ്ടാകുമെന്നും അല്ലെങ്കിൽ കൈയ്യിലിരുന്ന് ചെലവായി പോകുമെന്നും അയാൾ കൃഷ്ണനോട് പറഞ്ഞു. വാഴത്തൈകൾക്ക് ഇളം കൂമ്പുകൾ വന്നപ്പോഴും, ആൾപ്പൊക്കത്തിൽ അവ വളർന്നുപൊങ്ങിയപ്പോഴും, മുളങ്കാലുകൾ കൊണ്ട് കുത്ത് കൊടുത്തപ്പോഴും, നേന്ത്രൻ കുലച്ച് വാഴപ്പൂവുകളിൽ തേൻ കിനിഞ്ഞപ്പോഴും കുഞ്ഞപ്പ മണിനായരെ അന്വേഷിച്ചു ചെന്നു. കൂലിക്ക് യാചിച്ച് നിന്ന കുഞ്ഞപ്പയെ മണിനായർ ഒഴികഴിവുകൾ പറഞ്ഞ് പരിഹസിച്ചു വിട്ടു. ഓരോ വട്ടവും വെറുകൈയ്യോടെ തിരിച്ചുവന്ന് ഹതാശനായി കുഞ്ഞപ്പ ഇറയത്തിരുന്നു. പലചരക്ക് കടയിലെ പറ്റു തീർക്കാത്തതിന് അയാൾ അതിനോടകം രണ്ടുതവണ ചീത്ത കേട്ടു കഴിഞ്ഞിരുന്നു. അയാളുടെ കുട്ടികൾക്ക് ആ കൊല്ലം വിഷുവിന് കോടിയുടുക്കാനോ, പടക്കം പൊട്ടിക്കാനോ ഭാഗ്യമുണ്ടായില്ല. പക്ഷെ കൃഷ്ണന് കൂലി കിട്ടിയില്ലല്ലോ എന്നോർത്തു മാത്രം കുഞ്ഞപ്പ പരിതപിച്ചു.

മോഷണത്തിനുള്ള പദ്ധതി തീരുമാനിച്ച വൈകുന്നേരം നാട്ടിലേക്ക് തന്നെ തിരിച്ചു പോവുകയാണെന്ന് ധരിപ്പിച്ച് കൃഷ്ണൻ കുഞ്ഞപ്പയോട് യാത്ര പറഞ്ഞിറങ്ങി. കുഞ്ഞപ്പ തെല്ലുനേരം ഒന്നും മിണ്ടാതെ നിന്നു. പിന്നെ അകത്തെ മുറിയിലേക്ക് കടന്ന് കർഷകതൊഴിലാളി യൂണിയന്റെ ഹുണ്ടിക പിരിവിലേക്കായി സൂക്ഷിച്ചിരുന്ന ഡപ്പ എടുത്തു കൊണ്ടുവന്നു. ഇറയത്തിരുന്ന് അയാൾ ആ പ്ലാസ്റ്റിക് ഡപ്പയുടെ അടപ്പ് ശ്രദ്ധാപൂർവ്വം തുറന്നു. അയാൾ നിരാശയോടെ അതിനുള്ളിലേക്ക് നോക്കി.
പിരിവ് കൊടുക്കാറാവുമ്പോൾ വലിയ സംഖ്യകൾ അയാളതിൽ നിക്ഷേപിക്കാറുണ്ടായിരുന്നു. അതിനയാൾക്ക് മക്കളോട് എത്രയോ തവണ ചീത്ത കേട്ടിട്ടുണ്ട്. ഇത്തവണ പക്ഷെ അതിന് സാധിച്ചില്ല. ചില്ലറകളും നോട്ടുകളും ഒരു തൂവാലയിൽ കിഴികെട്ടിയെടുത്ത് അയാൾ കൃഷ്ണന്റെ കൈയ്യിൽ പിടിപ്പിച്ചു. വേണ്ടെന്ന് തടുത്തപ്പോൾ കുഞ്ഞപ്പ ആംഗ്യഭാഷയിൽ എന്തോ പറയാൻ ശ്രമിച്ചു. അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. കുഞ്ഞപ്പയും കുട്ടികളും കൃഷ്ണൻ നടന്ന് കാഴ്ച്ചയിൽ നിന്നും മറഞ്ഞുപോകും വരെ പടിക്കൽ നിന്ന് കൈവീശി കാണിച്ചു.

പതിനാല്​

മയം രണ്ട് മണിയോടടുത്തൊരു അമാവാസി രാത്രിയിൽ, വലിയൊരു തോട്ടിയിൽ മൂർച്ചയുള്ള വടിവാൾ കെട്ടിയുറപ്പിച്ച് റോബിൻഹുഡ് കൃഷ്ണൻ വാഴത്തോട്ടത്തിലേക്കിറങ്ങി.

ഇരുട്ടിൽ മൂത്ത നേന്ത്രക്കുലകൾക്കിടയിൽ നരിച്ചീറുകളുടെ ചിറകടികൾ! ഞെട്ടിപ്പറക്കുന്നവയിൽ ചിലത് കൃഷ്ണന്റെ നെഞ്ചിലും മുതുകിലും വന്നിടിച്ചു.

നെറ്റിടോർച്ചിലെ അരണ്ട വെളിച്ചം ഒരിഴജന്തുവിനെ പോലെ വാഴപ്പടർപ്പുകൾക്കിടയിലേക്ക് ചലിച്ചു. കൃഷ്ണൻ അരയിൽ നിന്ന് ചൂടി കയറെടുത്ത് പിണച്ച് ആദ്യത്തെ കുല ലക്ഷ്യമാക്കി എറിഞ്ഞു. കുലയുടെ കഴുത്തിൽ ചുറ്റിവന്ന കയറിൽ സൂത്രക്കെട്ടിട്ട് വാഴയുടെ മൂത്ത കണകൾക്കിടയിലൂടെ വലിച്ചു പിടിച്ചു. വാളു വീശിയപ്പോൾ കുലയുടെ ഭാരമൊഴിഞ്ഞ വാഴ ഇരുട്ടിൽ നടുനിവർത്തി. ഇടം കൈത്തണ്ടയിൽ ഇരുപത്തഞ്ച് റാത്തലിന്റെ കനം!

പതുക്കെ കൈ അയച്ചപ്പോൾ വാഴക്കുലയെ , താഴെ വിരിച്ചിട്ട കനമുള്ള ചണച്ചാക്കു കെട്ട് ഒരു പേറ്റിച്ചിയെ പോലെ നിശ്ശബ്ദം ഏറ്റുവാങ്ങി. കുലകൾ ഓരോന്നായി റോഡിൽ നിർത്തിയിട്ട ലൈലാന്റിൽ കയറ്റുന്ന ശ്രമകരമായ പണി കഴിഞ്ഞശേഷം, ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്ന് കഴുത്തും മുഖവും തുടക്കുമ്പോൾ കൃഷ്ണൻ വാഴത്തോട്ടത്തിലേക്ക് വെറുതേ തിരിഞ്ഞുനോക്കി.വാഴയിലകൾ കാറ്റിനൊപ്പം ആംഗ്യഭാഷയിൽ എന്തോ പറയാൻ ശ്രമിക്കുന്നു.

പതിനഞ്ച്​

നേന്ത്രക്കുലകൾ വിറ്റു കിട്ടിയ പണവും കൊണ്ട് പിന്നീടൊരു രാത്രിയിൽ കൃഷ്ണൻ ആരുമറിയാതെ കുഞ്ഞപ്പയുടെ വീട്ടിനുള്ളിൽ കയറി. ശബ്ദമുണ്ടാക്കാതെ പഴയ തകരപ്പെട്ടി തുറന്ന് അയാൾ നോട്ടുകെട്ട് വച്ചു. പഴയ പത്രക്കടലാസ് എടുത്ത് വെറുതേ തുറന്നുനോക്കി. അതിനു താഴെയായി ചട്ട കീറിയ ഒരു ചെറിയ പുസ്തകം കണ്ടു. പിഞ്ഞിയ പുറംച്ചട്ടയിൽ രക്തവർണത്തിലുള്ള പൂക്കളുടെ ചിത്രം. കൃഷ്ണൻ താളുകൾ മറിച്ചു നോക്കി. വരികൾ ഈണത്തിൽ ചൊല്ലി നോക്കി. താളുകൾ മണത്തപ്പോൾ പഴുത്ത ഞാലിപ്പൂവൻ കായുടെ മണം. അയാൾ പെട്ടിയടച്ച് പിൻവാതിലിലൂടെ പുറത്തു കടന്നു.

പതിനാറ്​

ണ്ണൂർ സെന്റർ ജയിലിൽ മൂന്നുവർഷം തടവിലുണ്ടായിരുന്ന കാലത്ത് കൃഷ്ണനെ ഇന്റർവ്യു ചെയ്യാൻ ഒരാൾ വന്നിരുന്നു.
റോബിൻഹുഡ് എന്ന പേരിൽ വാരികയിൽ ഒരു സ്റ്റോറി ചെയ്യാൻ സഹകരിക്കണമെന്ന് അയാൾ പറഞ്ഞു.
കൃഷ്ണൻ ചിരിച്ചു.

‘ഇത്രയും കാലത്തിനിടയ്ക്ക് പിടിക്കപ്പെട്ടപ്പോൾ ഒരിക്കൽ പോലും നിങ്ങൾ കോടതിയിൽ കുറ്റം നിഷേധിച്ചിട്ടില്ല. പക്ഷെ വിചിത്രമായി തോന്നിയത് ഒരു കേസിലും നിങ്ങൾ മോഷണമുതൽ എന്തുചെയ്തു എന്ന് വെളിപ്പെടുത്തിയില്ല എന്നതാണ്. കുറ്റമേറ്റിട്ടും എന്തു കൊണ്ട് അതു മാത്രം വെളിപ്പെടുത്തിയില്ല? '

കൃഷ്ണൻ വീണ്ടും ചിരിച്ചു, ‘നിങ്ങൾ പിടിക്കപ്പെട്ടു എന്നു പറഞ്ഞതിൽ തന്നെ ചെറിയ പിശകുണ്ട്. ഇന്നോളം ഒരു കളവ് ചെയ്തതിനു ശേഷവും ഞാൻ പോലീസിനെ ഒളിച്ചുനടന്നിട്ടില്ല. എനിക്ക് ഉടനെ അടുത്ത കളവിനുള്ള സ്ഥലവും പദ്ധതി കണ്ടെത്തേണ്ടതുണ്ടായിരുന്നു. പോലീസ് എന്നെ കണ്ടെത്തുന്നതുവരെ അവരെ കാത്തുനിൽക്കേണ്ടത് എന്റെ ബാധ്യതയല്ലല്ലോ. ഞാൻ അടുത്ത കളവു തേടി പോയി.'

‘അപ്പോൾ മോഷണം ഒരു തെറ്റായിട്ട് നിങ്ങൾക്ക് തോന്നുന്നില്ലേ?'

‘ഈ വ്യവസ്ഥിതിയോട് സ്‌നേഹവും വിധേയത്വവും ഉള്ളവർക്ക് അങ്ങനെ തോന്നുന്നത് സ്വാഭാവികമാണ്. പക്ഷെ മോഷണം ചെയ്യുമ്പോൾ ഞാൻ ഈ വ്യവസ്ഥിതിയെ അട്ടിമറിക്കാനുള്ള ഒരു ശ്രമം നടത്തിനോക്കുകയാണ്. അങ്ങനെ വരുമ്പോൾ കളവ് എന്നെ സംബന്ധിച്ച് ഒരു വിപ്ലവപ്രവർത്തനവും ഭരണകൂടത്തെ സംബന്ധിച്ച് കുറ്റകൃത്യവുമാണ്. വ്യവസ്ഥിതി മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാൻ അതിനിട്ട പേരാണ് കളവെന്ന് ഞാൻ പറയും. വിശക്കുന്ന ഒരാൾ അപ്പം മോഷ്ട്ടിക്കുന്നത് കളവാകുമോ? ജീൻവാൽജീൻ ഒരു കള്ളനാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ആലോചിച്ചു നോക്കൂ, വിശക്കുന്നവർക്ക് വേണ്ടി അപ്പം മോഷ്ട്ടിക്കുന്നവൻ വിപ്ലവം നടത്തുകയല്ലേ.'

‘ക്ഷമിക്കണം.എന്റെ ആദ്യത്തെ ചോദ്യത്തിന് നിങ്ങൾ മുഴുവനായി ഉത്തരം തന്നില്ല '

കൃഷ്ണൻ കൈയ്യിലിരുന്ന പുസ്തകം മടിയിൽ വച്ച് അയാളെ നോക്കി, ‘നിങ്ങൾ കവിതകൾ വായിക്കാറുണ്ടോ?'

‘ഉണ്ട്. ആനുകാലികങ്ങളിൽ വരുന്ന മിക്ക കവിതകളും വായിക്കാറുണ്ട് '

‘കൊള്ളാം, എപ്പോഴെങ്കിലും ഒരു കവിയോട് അയാളുടെ കവിതയുടെ അർത്ഥം എന്താണെന്ന് ചോദിച്ചിട്ടുണ്ടോ?'
‘ഇല്ല! അതൊരു മോശം പ്രവണതയാണെന്ന് തോന്നുന്നു. കവിത സ്വയം അതിന്റെ അർത്ഥം നമുക്ക് തരുമല്ലോ. അർത്ഥം പറഞ്ഞുതരാനാണെങ്കിൽ അയാൾ പിന്നെ കവിത എഴുതേണ്ട കാര്യമില്ലല്ലോ. പിന്നെ എല്ലാത്തിനും അർത്ഥമുണ്ടായിരിക്കണമെന്ന് വാശിപിടിക്കേണ്ടതുണ്ടോ?'

കൃഷ്ണൻ വിജയഭാവത്തിൽ എഴുന്നേറ്റു, ‘എന്റെ ഉത്തരവും അതുതന്നെയാണ്. എന്റെ കളവുകളുടെ അർത്ഥം നിങ്ങളെന്നോട് ചോദിക്കരുത്. എല്ലാത്തിനും അർത്ഥമുണ്ടാകണമെന്ന് വാശിപിടിക്കയുമരുത്. അർത്ഥമുണ്ടെങ്കിൽ ആ കളവ് തന്നെ നിങ്ങൾക്ക് സ്വയം വെളിപ്പെടുത്തി തരും. ശ്രദ്ധിച്ചുവായിച്ചാൽ മതി.’

കൈയ്യിലിരുന്ന പുസ്തകം അയാൾക്ക് നീട്ടിക്കൊണ്ട് കൃഷ്ണൻ ചിരിച്ചു.

പതിനേഴ്​

രിയാത്തൻ കുന്നിന്റെ ചരിവിൽ സൂര്യനസ്തമിച്ചപ്പോൾ കൃഷ്ണൻ എഴുന്നേറ്റ് കള്ളുഷാപ്പിലേക്ക് നടന്നു. ഷാപ്പിലുള്ളവരിൽ ആരെയും അയാൾക്ക് പരിചയമുണ്ടായിരുന്നില്ല. ഒരു കുപ്പി അന്തി തീർത്ത് താറാമുട്ട എടുത്ത് കടിച്ചപ്പോൾ മൂലക്കിരുന്ന് കള്ളു നുണഞ്ഞുകൊണ്ടിരുന്ന ഒരു വയസ്സൻ ഇരുട്ടിൽ നിന്ന് ‘കൃഷ്ണനല്ലേ..' എന്നൊരു ചോദ്യം എറിഞ്ഞു. കൃഷ്ണൻ ഒന്നും മറുപടി പറഞ്ഞില്ല. വയസ്സൻ വെളിച്ചത്തിലേക്ക് നീങ്ങി വന്ന് കൃഷ്ണനെ തുറിച്ചു നോക്കി.

‘ആ കൃഷ്ണൻ തന്നെ’, അയാൾ തീർച്ചപ്പെടുത്തി.

‘ഏടായിനടോ ഇത്ര കാലം?'

അപ്പോഴും കൃഷ്ണൻ മിണ്ടിയില്ല.

‘ഇപ്പഴും പഴയ തൊഴില് തന്നെയാണോ? ന്നാലേ ഇവിടെ വേണ്ടട്ടാ, ആളെ പിടിക്കണ ക്യാമറ ഒക്കെ എല്ലാ മിറ്റത്തും ഉണ്ടിപ്പ.'

കൃഷ്ണൻ എഴുന്നേറ്റു പുറത്തേക്ക് നടന്നു. വയസ്സൻ നിർത്താൻ ഭാവമില്ലായിരുന്നു.

‘നിന്റെ പഴേ ലോഗ്യക്കാരന്ണ്ടല്ലാ, ആ മാസ്റ്റ്... ഓനെ കാണാൻ പോണില്ലേ, ഇപ്പൊ കൊറേ കറവയില്ലാത്ത ആടുകളെ കൂടെയാ ഓന്റെ പൊറുതി.'

അപ്പോൾ കൃഷ്ണൻ ഒന്നു നിന്നു. പിന്നെ എന്തോ ഓർത്തെടുത്ത പോലെ തിരിച്ച് നടന്നു വന്ന് വയസ്സനെ നോക്കിക്കൊണ്ട് ബെഞ്ചിൽ ഇരുന്നു.

പതിനെട്ട്​

റോബിൻഹുഡ് കൃഷ്ണൻ ബൈനോക്കുലറിലൂടെ ശ്രദ്ധാപൂർവം നോക്കി. കവുങ്ങുകൾക്കിടയിലൂടെ, ജനലഴികൾക്കപ്പുറം, ഒന്നാം നിലയിലെ കിട്ടപ്പു മുറിയിലിരുന്ന് ഭാനുമതി ഏതോ പുസ്തകം വായിക്കുകയാണ്.

അവളുടെ മുടിക്കെട്ട് മുഴുക്കെ നരച്ചിരിക്കുന്നു. ഇത്ര വാർദ്ധക്യം കൃഷ്ണൻ പ്രതീക്ഷിച്ചിരുന്നില്ല. അവളുടെ ശബ്ദത്തിന് പണ്ടത്തെ മധുരമില്ല. എങ്കിലും ഈണം തെറ്റുന്നില്ല.

ഭാനുമതി എഴുന്നേറ്റു പോയി ജനലഴികളിൽ പിടിച്ചു നിന്നു.
കുറച്ചു കൂടി ഉറക്കെ അവളാ വരികൾ ചൊല്ലി. പിന്നെ തീവ്രമായ ദുഃഖത്തോടെ കട്ടിലിൽ വന്നിരുന്നു. പുസ്തകത്തിന്റെ പുറംചട്ട പിന്നിപ്പോയിരുന്നു.

കൃഷ്ണൻ പുറംചട്ടയിലെ അക്ഷരങ്ങൾ വായിക്കാൻ ശ്രമിച്ചു. മുഴുവനാക്കും മുമ്പേ മുറിയിലെ പ്രകാശം അണഞ്ഞുപോയി. പുറത്ത് നല്ല നിലാവുണ്ടായിരുന്നു. തെങ്ങോലകളിൽ കാറ്റ് വന്നലക്കുന്ന ശബ്ദം. കൃഷ്ണൻ ആ വീടിനോട് ചേർന്നു നിൽക്കുന്ന കവുങ്ങുകളിൽ ഒന്നിന്റെ ചുവട്ടിൽ നിന്നു. കാലിൽ തളപ്പുകയറ്റി അയാൾ കയറി തുടങ്ങി.

ആകാശത്ത് പൂർണചന്ദ്രിക.

കൃഷ്ണൻ കവുങ്ങിലിരുന്ന് ആടി.
ഉലയുന്ന തലപ്പിലിരുന്ന് കൈയ്യെത്തിച്ച് അയാൾ അടുത്ത കവുങ്ങിൻതടിയിൽ പിടിച്ചു. വിളറിയ ചന്ദ്രബിംബത്തിന്റെ പശ്ചാത്തലത്തിൽ അയാൾ ഞൊടിയിടയിൽ ഉടൽമാറ്റി. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് തണുത്ത കാറ്റുപോലെ സഞ്ചരിച്ച് അയാൾ പതുക്കെ വീടിന്റെ മേൽപ്പുരയോടടുത്തു. മൂന്നാമത്തെ ആഞ്ഞുവരവിൽ കൃഷ്ണൻ വീണ്ടും ഉടലുമാറ്റി. ഓടിളക്കിയപ്പോൾ പഴുതാരകൾ പാഞ്ഞിരുന്നു. നിലാവ് അയാളോടൊപ്പം അകത്തേക്ക് കിനിഞ്ഞു. ഭാനുമതി ലോകം മറന്ന് ഉറങ്ങുന്നു. അരികിൽ ചുവന്ന പുറംചട്ടയുള്ള പുസ്തകം. അവളുടെ ചുളിവു വീണ വിരലുകൾ അതിനു മുകളിലാണ്. കൃഷ്ണന്റെ തല പെരുത്തു. ഓർമകളിൽ കറുകക്കാടിന്റെ രൂക്ഷ ഗന്ധം. ഇടക്ക് ക്രമം തെറ്റിച്ച് വീഴുന്ന ചമ്പകപൂക്കൾ. ചലനമറ്റ ജലം!

കൃഷ്ണൻ വിരലുകൾ വിടുവിച്ച്, പുസ്തകം വലിച്ചെടുത്തു. അയാൾ കയറിൽ തൂങ്ങി പുരപ്പുറത്തേക്ക് മറയുമ്പോൾ ഭാനുമതി ഉറക്കപിച്ചിലെന്നോണം മൂളി കൊണ്ടിരുന്നു.

പത്തൊൻപത്​

രാഘവൻ മാഷ് ചമ്പകത്തിന്റെ തണലിൽ ആടുകൾക്കൊപ്പം ഇരുന്നു.നിലാവ് കറുകപ്പടർപ്പുകളിൽ മേയുന്നു.ആടുകൾ അയവെട്ടുകയാണോ ? അയാൾ അവയുടെ രോമങ്ങളിൽ തടവി.

‘കൃഷ്ണാ', രാഘവൻ മാഷ് വിളിച്ചു. ബീഡി വലിച്ച് കരിയാത്തൻ കുന്നിലേക്ക് നോക്കി നിന്ന കൃഷ്ണൻ പുകയൂതി വിട്ടു.

‘സാധനം കിട്ടിയോ? ', പിന്നിൽ വീണ്ടും രാഘവൻ മാഷിന്റെ ശബ്ദം.

കൃഷ്ണൻ അരയിൽ നിന്ന് പുസ്തകം വലിച്ചെടുത്ത് മാഷിന്റെ മുന്നിലേക്കിട്ടു.

‘ഞാൻ കരുതി നീ അന്നേ തൂങ്ങിയിട്ടുണ്ടാവുമെന്ന് '

രാഘവൻ മാഷ് പൊട്ടിച്ചിരിച്ചു.

അയാൾ ആടുകളെ മാടി വിളിച്ചു. അവ ഓരോന്നും അനുസരണയോടെ അയാൾക്കരികിലേക്ക് വന്നു. മാഷ് ഓരോ താളുകളായി പറിച്ച് അവയുടെ മുന്നിലേക്ക് നീട്ടി. ആടുകൾ നാക്കു നീട്ടി നുണഞ്ഞു. കൊള്ളിമീനുകൾ പെയ്യുന്ന രാത്രി ചിറയിലേക്കിറങ്ങി. ആടുകൾ താളത്തിൽ ചവക്കുകയാണ്. രാഘവൻ കൃഷ്ണനെ നോക്കി ചൊല്ലി.

‘ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ കരളല്ലേ, നീയെന്റെ ജീവനല്ലേ...’

ചിറയിലെ ജലം അപ്പോൾ പതുക്കെ അനങ്ങി.
പരപ്പിൽ നിലാവ് വിറച്ചു. ആടുകൾ കാലുകൾ അനക്കി കഴുത്ത് കുടഞ്ഞ് ശബ്ദമുണ്ടാക്കി. അവ ഓരോന്നായി നാഭികളിൽ പരസ്പരം മുഖംചേർത്തുവച്ച് ഒരു വൃത്തം സൃഷ്ട്ടിച്ചു. വൃത്താകാരത്തിനു നടുവിൽ നിലാവു വീണിടത്ത് നിഴലുകൾ തമ്മിൽ പിണഞ്ഞു. ഇണ ചേരുന്ന ആടുകൾക്കിടയിലൂടെ അവർ ചിറയിലേക്കിറങ്ങി. കുറച്ചപ്പുറം കയത്തിൽ നിന്ന് കുമിളകൾ വന്നു പൊടിഞ്ഞു. ആകാശത്ത് നേർത്ത മഴ പൊടിഞ്ഞപ്പോൾ നിലാവിനു കുറുകെ ഒരു മഴവില്ല് വിരിഞ്ഞു.

പരപ്പിൽ ആരോ വീണ്ടും പാടുന്നു.

‘ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ കരളല്ലേ, നീയെന്റെ ജീവനല്ലേ...’

(* വരികൾ - ചങ്ങമ്പുഴയുടെ രമണനിൽ നിന്ന്)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments