പി.ജെ.ജെ ആന്റണി

അവസാനത്തെ വീട്

മ്മയുടെ ഗർഭപാത്രത്തിൽ നിന്ന്​ വിട്ടുപോകുന്നതുപോലെയാണ് ആദ്യമായി വീടുവിട്ടുപോകുന്നത്. കുടയില്ലാതെ പെരുമഴയിലേക്ക് ഇറങ്ങിപ്പോകുന്നതുപോലെ. അനിഷ്ടം കൂടെപ്പോരും.

മകൻ വീട് വിടുന്നത് അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു, ഒട്ടും ഇഷ്ടമല്ലായിരുന്നു.
അമ്മ അത് പലവിധങ്ങളിൽ കാണിച്ചുവെങ്കിലും അച്​ഛൻ വഴങ്ങിയില്ല; ‘നമ്മൾ കുട്ടികളെ പറക്കാൻ പഠിപ്പിക്കുകയാണ്. ഇത്തിരി ആകാശം അവർക്ക് കിട്ടിയാൽ അവർ വീട് വിടണ്ടേ? അല്ലാതെ അവരെങ്ങിനെയാണ് പറക്കുക.'

അമ്മ ആഹാരം ഉപേക്ഷിച്ചു. കണ്ണുനീർ ഒഴുകിയിറങ്ങിയുണങ്ങി. പിന്നെയും നനവാർന്നു. അതൊന്നും അച്​ഛനെ ഇളക്കിയില്ല. സ്വന്തം കാലിൽ നിൽക്കാനും ജീവിതത്തിൽ നെടുകെയും കുറുകെയും സഞ്ചരിക്കാനും മകനെ പ്രാപ്തനാക്കാനുള്ള ഒരുക്കങ്ങളിലാണ് താനെന്ന് അച്​ഛൻ ഉറപ്പിച്ചിരുന്നു. അതിനുകുറുകെ വരുന്നതിനെയെല്ലാം ശങ്ക കൂടാതെ വകഞ്ഞുമാറ്റി. അകലെ നഗരത്തിലേക്ക് മകനുമായി അയാൾ യാത്ര ചെയ്തു. വൈകിയ വൈകുന്നേരത്തിലായിരുന്നു അവിടെ നിന്ന്​ തീവണ്ടി പുറപ്പെട്ടിരുന്നത്. അപ്പോഴേക്കും നഗരബഹളങ്ങളെ പ്രാപിക്കാനുള്ള കുതൂഹലങ്ങളിലായിരുന്നു എന്റെ അകങ്ങൾ.

അതായിരുന്നു എന്റെ ആദ്യ ഗ്രഹപ്രവേശം.

ഒത്തിരിയൊത്തിരി കാര്യങ്ങൾ അവിടെ ഞാൻ ആദ്യമായി ചെയ്തു. അതിൽ, ബിയർ കുടിച്ചത് കാലമിത്രയും പഴകിയിട്ടും ഇപ്പോഴും മനസ്സിൽ പുതുമ മാറാതെ നിൽക്കുന്നുണ്ട്. വലിയൊരു സമുച്ചയത്തിൽ കനത്തൊരു കരിങ്കൽ കെട്ടിടമായിരുന്നു മെൻസ് ഹോസ്റ്റൽ. താമസം മാത്രം. തിന്നാൻ പുറത്തുപോകണം. ആദ്യം ഓരോതരം ഉന്മാദങ്ങൾ സകലത്തെയും ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. അത് അത്ര വേഗമൊന്നും അഴിഞ്ഞുപോകുന്നതായിരുന്നില്ല.

ഗ്രാമത്തെ അകത്തുനിന്ന്​ കുടിയിറക്കി. സകലത്തെയും ഉത്സാഹത്തോടെ നവപ്പെടുത്തി. ഉന്മാദങ്ങൾ പുതുങ്ങിക്കൊണ്ടിരുന്നു. കടുംനിറങ്ങളിലുള്ള ഒരു കാട്ടുപൂ പോലെ ഞാൻ വിടരുകയായിരുന്നു. അന്നേരം അതൊന്നും അറിഞ്ഞിരുന്നില്ല. എല്ലാം ലഹരികളായി തുള്ളിത്തുളുമ്പുമ്പോൾ ഒന്നും അടുക്കിപ്പെറുക്കാൻ മെനക്കെട്ടില്ല.

അടുത്ത ഗ്രഹപ്രവേശം വൈകാതെയുണ്ടായി.
ഞാൻ ഹോസ്റ്റൽ വിട്ടു. ഒരു കുഞ്ഞു സ്റ്റുഡിയോ അപ്പാർട്ട്മെന്റിലേക്ക് കരേറി. അതും ഉത്സവമായിരുന്നു. രാപ്പാർട്ടികളുമായി പരിചയമായത് അവിടെനിന്നുമായിരുന്നു. ജീവിതം താളുകൾ മറിക്കുകയാണെന്നൊന്നും അന്നാളുകളിൽ അറിഞ്ഞില്ല. ഗ്രഹപ്രവേശങ്ങളും താൾമറിയലുകളും പുതുമയല്ലാതായി.

ചിത്രീകരണം: രാജേഷ് ചിറപ്പാട്
ചിത്രീകരണം: രാജേഷ് ചിറപ്പാട്

നഗരപ്പാർപ്പുകൾ ഓരോന്നും വേറിട്ടതായി.
ഡൽഹിക്ക് പഴമ അലങ്കാരമായി ഉണ്ടായിരുന്നു. മയൂർവിഹാറും ലോധി റോഡും. ലോധി ഉദ്യാനത്തിൽ നടക്കാൻ പോയപ്പോൾ ഒരിക്കൽ അമിതാഭ് ബച്ചനെ കണ്ടു. അദ്ദേഹം എന്നോട് ചിരിച്ചു. അദ്ദേഹവും നടക്കാനിറങ്ങിയതായിരുന്നു. സെൽഫി എടുക്കാൻ ഒപ്പമുണ്ടായിരുന്ന കരിമ്പൂച്ച സമ്മതിച്ചില്ല. ബച്ചൻ അപ്പോഴും ചിരിച്ചു. ഒരു തവണ ബച്ചനെ സന്ധിച്ചതോടെ എനിക്ക് നടക്കാൻ ഉത്സാഹം പെരുകി. നടപ്പ് പതിവാക്കി. പൊതുവേ സെലിബ്രറ്റികൾ സെൽഫി പ്രിയർ അല്ലായിരുന്നു. എന്നാലും ഞാൻ ഉത്സാഹം വിട്ടില്ല.

അങ്ങനെ ഒരു ദിവസമാണ് ഒരു യുവസുന്ദരി എന്റെ കൂടെ ഫോട്ടോ എടുത്തുകൊള്ളൂ എന്ന് ഉദാരയായത്. ബോളിവുഡ് നടിയാണെന്ന് അവൾ മൊഴിഞ്ഞു. അതിനുള്ള അഴകൊക്കെ അവളിലുണ്ടായിരുന്നു. ഞാൻ സെൽഫി എടുത്തു. പിന്നെ അവൾക്കൊപ്പം നടന്നു. കരിമ്പൂച്ചയൊന്നും ഇല്ലായിരുന്നു. ഞങ്ങൾ നടപ്പ് പരിചയക്കാരായി. അവളുടെ അഴകും പ്രസരിപ്പും എനിക്ക് അതിപ്രിയമായി. എനിക്കറിയാത്ത ഒന്നിനെക്കുറിച്ചും അവൾ സംസാരിച്ചില്ല. അതിനാൽ അവളുമായി നടക്കുകയും സംസാരിക്കുകയും ചെയ്യുക എനിക്ക് ഉല്ലാസമായിരുന്നു. ബോളിവുഡ് സിനിമകൾ, താരങ്ങൾ, പഞ്ചാബി ഭക്ഷണവിഭവങ്ങൾ, ധാബകളിലെ വിശേഷ ഭക്ഷണഇനങ്ങൾ, പാതയോരങ്ങളിലെ പ്രത്യേക രുചിക്കൂട്ടുകൾ, പുതിയ ബൊത്തിക്കുകൾ, ഉടയാടത്തരങ്ങൾ, മേക്കപ്പ് കൂട്ടുകൾ അങ്ങിനെ എല്ലാകാര്യങ്ങളിലും അവൾ അറിവുള്ളവളായിരുന്നു.

ലക്​നൗവിലെ അവളുടെ വീട്ടിലേക്ക് ഒരിക്കൽ അവളെന്നെ കൊണ്ടുപോയി. ജോലിചെയ്യുന്ന ഇടത്തിലെ മാനേജർ എന്നാണ് അവൾ എന്നെ പരിചയപ്പെടുത്തിയത്. സിനിമയുടെ കാര്യമൊന്നും അവിടെ പറയരുതെന്നും വീട്ടുകാരുടെ സമ്മതമില്ലാതെയാണ് അഭിനയിക്കുന്നതെന്നും അവൾ പറഞ്ഞിരുന്നു. ഹീറോയിനായി അഭിനയിച്ചശേഷം മാത്രമേ വീട്ടിൽ അറിയിക്കൂ എന്നും അവൾ പറഞ്ഞത് എനിക്ക് ബുദ്ധിപൂർവ്വമായി തോന്നി. ഞങ്ങൾ ഒരുമിച്ച് പിന്നെയും പലയിടങ്ങളിൽ പോയി. ചിലപ്പോൾ രാപാർത്തു. രതിയിൽ മുഴുകി. ഹീറോയിൻ വേഷം കിട്ടുന്നതിനായി കുറച്ച് പണമിറക്കണമെന്ന് അവൾ പറഞ്ഞു. ചോദിച്ച തുക ഞാൻ കൊടുത്തു. അവൾക്ക് അത് കിട്ടിയോ എന്ന് അറിയാനൊത്തില്ല. എന്നെത്തേടി അവൾ വരാതെയായി. അപ്പാർട്ട്മെൻറ്​ വാങ്ങാൻ സ്വരൂപിച്ചിരുന്ന പണമാണ് അവൾക്ക് കൊടുത്തത്.

അപ്പോഴാണ് ഒരു വിവാഹാലോചനയുടെ കാര്യം അച്​ഛൻ എഴുതിയത്. അത് സൗകര്യമായി. വിവാഹം കഴിഞ്ഞ് ഭാര്യയുടെ നഗരത്തിലേക്ക് ഞാൻ കുടിയേറി. സ്​ത്രീധനമായി ഒരു സിംഗിൾ റൂം അപ്പാർട്ട്മെൻറ്​ കിട്ടി. വിവാഹവും കുഞ്ഞുങ്ങളുടെ വരവുമെല്ലാം നൂലിൽ മുത്തുകൾ കോർക്കുന്നപോലായി. സിനിമാനടിയുടെ കാര്യമൊന്നും അവളോട് പറഞ്ഞില്ല. അവൾക്കും കാണുമായിരിക്കും അങ്ങനെയെന്തെങ്കിലും.

ഇതിനിടയിൽ ഞാൻ ഭക്തനായി മാറിയത് ഞാൻ പോലും അറിഞ്ഞില്ല. അതിന്റെ ഐശ്വര്യവും ഞങ്ങൾക്കുണ്ടായി. ബുധനാഴ്ച തോറും ബാന്ദ്രയിൽ നൊവേനയ്ക്കും പോയിത്തുടങ്ങി. മക്കൾ വളർന്നുവരികയല്ലേ. പിടിവള്ളി വേണമല്ലോ. കാനഡായിലേക്ക് മൈഗ്രേറ്റ് ചെയ്യാമെന്നത് അവളുടെ സജഷനായിരുന്നു. ഒരു കൊല്ലം അതിന്റെ പുറകേ തൂങ്ങി. ഒന്നും സംഭവിച്ചില്ല. അടുത്ത കൊല്ലം എനിക്ക് ബഹ്​റൈനിലേക്ക് ഒരു ചാൻസ് ഒത്തു. ഇമ്മിണി മൂത്ത ക്ലാർക്ക്. അതിൽ ഞാന്നുകിടന്നു. വൈകാതെ പ്രമോഷൻ ഒത്തു. ഫാമിലി സ്റ്റാറ്റസും ആയി. കടൽത്തീരത്തുനിന്ന്​ അകലെയല്ലാത്ത ഒരു വീട് ഒത്തുകിട്ടി. നാട്ടിലും എന്റെ വീട് തീരത്തുനിന്ന്​ അകലെയല്ലായിരുന്നു. അതിനാൽ അതൊരു ഹോംലി ഫീലിംഗ് ആയി.

ഒരു ദിവസം പള്ളിയിൽ വച്ച് കോളേജിൽ ഒപ്പമുണ്ടായിരുന്ന ഒരുത്തനെ കണ്ടുമുട്ടി. നിന്റെ മാർക്​സിസ്​റ്റ്​ വിപ്ലവമൊക്കെ അവസാനിച്ചോയെന്ന് അവൻ തമാശിച്ചു. അന്നുരാത്രി കോഞ്ഞ്യാക്കിന്റെ കുപ്പിയും പൊട്ടിച്ചുവച്ച് ഞാൻ അതേക്കുറിച്ചെല്ലാം ആലോചിച്ചു. വെള്ളം തൊടാതെ ഓൺ ദ് റോക്സ് നാലഞ്ചെണ്ണം വിഴുങ്ങി ഉള്ളിലെ കടച്ചിൽ അവസാനിപ്പിച്ചു. പഴയ സിനിമാപ്പാട്ടെഴുത്തുകാർ വയലാറും പി. ഭാസ്‌കരനുമെല്ലാം അവരുടെ കോളേജ് കാലങ്ങളിൽ വിപ്ലവത്തെ കിനാവ് കണ്ടവരായിരുന്നല്ലോ. സകലരുടെയും സകല ഇല്ലായ്മകളും അങ്ങനെ അവസാനിപ്പിക്കാനാവുമെന്ന് അവരും കരുതി. അത് നടക്കില്ലെന്ന് മനസ്സിലായപ്പോൾ സ്വന്തം ഇല്ലായ്മ ഇല്ലാതാക്കാനുള്ള വഴിയെന്നുകണ്ട് സിനിമയുടെ കൂടെക്കൂടി. ഇത്തിരി ഇല്ലാവല്ലായ്മകൾ അങ്ങനെ ഒടുങ്ങിയല്ലോ. ഞാനും അവരുടെ വഴിയേതന്നെ.

അങ്ങനെ എത്രയെത്ര വീടുകൾ താണ്ടിയാണ് ഇവിടെ തമ്പിട്ടത്.
ആരും കൊതിക്കുന്ന സ്വിറ്റ്സർലാണ്ട്. തണുത്ത മലയടിവാരത്ത് മോശമല്ലാത്ത വീട്. ഇതിനിടയിൽ അച്​ഛൻ കടന്നുപോയിരുന്നു. നാട്ടിലേക്ക് പറന്നെത്താനൊന്നും കഴിഞ്ഞില്ല. അമ്മയ്ക്ക് ഒരു ലിവ് ഇൻ മെയ്ഡിനെ ഏർപ്പാടാക്കി ആ പ്രശ്നവും പരിഹരിച്ചു.

ഇംഗ്ലിഷ് ഉപേക്ഷിച്ച് മക്കൾ ജർമ്മൻ മൊഴിയിലേക്ക് കുടിയേറി. നാടും വീടും മാറാമെങ്കിൽ മൊഴിമാറ്റം ഒരു വിഷയമേയലല്ലോ. ഞാനും അവളും കുട്ടികളെ മേയ്ക്കാനായി ജർമൻ പഠിച്ചു. പഴയ സായിപ്പിന്റെ ഇംഗ്ലീഷ് ഇവിടെ ആർക്കും വേണ്ട. ഗുഡ് മോണിംഗ് ഗുട്ടൻ മോർഗന് വഴിമാറി. പിള്ളാർ ജർമൻ പേശി വിളയാടുമ്പോൾ എനിക്കേതോ അന്യഗ്രഹജീവിയായി തോന്നി. ഹിറ്റ്​ലറും ഗീബൽസും ഗോറിംഗും ഞങ്ങളുടെ വീട്ടിലുണ്ടെന്ന് എനിക്കുതോന്നി.

വീട്ടിൽ ഇംഗ്ലീഷോ മലയാളമോ മതിയെന്ന എന്റെ കൽപ്പന പിള്ളാർ തള്ളി. അവരുടെ ഗേൾ ഫ്രണ്ട്സ് സ്ലീപ് ഓവറിനായി എത്തിയപ്പോൾ ഞാൻ ഭയന്നു. ചേരയെ തിന്നുന്ന നാട്ടിൽ നടുത്തുണ്ടം തിന്നണം, ഇതെല്ലാം ഇവിടങ്ങളിൽ പതിവല്ലേ എന്നുരിയാടി ഭാര്യ എന്നെ ഊശിയാക്കി. ഞാൻ വീടുവിട്ട് പാർത്ത അനേകം ഭവനങ്ങളിൽ ആ സ്വിസ് വീട് എനിക്ക് ഭയഭവനമായി. പിള്ളാരുടെ ജർമൻ പരിജ്ഞാനവും സൗഹൃദങ്ങളും പെരുകുന്നതിനനുസരിച്ച് എന്റെ പേടിഭയങ്ങളും വീർത്തുവന്നു. അങ്ങനെയാണ്​ ‘നമുക്ക് നാട്ടിൽ പോകാം' എന്ന് ഞാനാദ്യമായി ഭാര്യയോട് സൂചിപ്പിച്ചത്. അവൾ ആർത്തുചിരിച്ചു. ഇപ്പോൾ നാട്ടിലും നാസികളുണ്ടെന്നും വടക്ക് അവരാണ് ഭരണത്തിലെന്നും പറഞ്ഞ് അവൾ എന്നെ പിന്നെയും പേടിയിൽ മുക്കി.

ഞാൻ പലപ്പോഴും അമ്മയെ ഓർത്തു. എന്നിട്ടും അമ്മയ്ക്ക് ഫോൺ ചെയ്യാൻ എനിക്ക് തോന്നിയില്ല. ലിവ് ഇൻ മെയ്ഡ് ആവും ആദ്യം ഫോണിൽ വരുക. അവളുടെ പളപ്പൻ സംസാരം കേട്ട് അമ്മ ഉലയും. പിന്നെ കണ്ണീരിലാഴും. ഫോണിൽ അമ്മ കരയുക മാത്രമാകും. നിനക്ക് സുഖമാണോയെന്ന് പല തവണ ആരായും. ഞാൻ ഫോൺ വച്ചാലും അമ്മ വയ്ക്കില്ല. പിന്നെയും പിന്നെയും അതേ ചോദ്യം ചോദിച്ച് കരഞ്ഞുകൊണ്ടേയിരിക്കും. ഇവിടെ പരമസുഖമാണെന്ന എന്റെ പൊളിവചനങ്ങൾ അമ്മയെ തണുപ്പിക്കില്ല. തുടർന്നുള്ള ചില രാത്രികളിൽ അമ്മ അതേ ചോദ്യവുമായി ഉറക്കത്തിൽ ഞെട്ടിയുണർന്ന് ലിവ് ഇൻ മെയ്ഡിന്റെ രാത്രികളെയും അശാന്തമാക്കും. ഇതൊക്കെക്കൊണ്ടാണ് സാറിനി വിളിക്കരുതെന്ന് നല്ലവളായ മെയ്ഡ് എനിക്ക് തടയിട്ടത്. അതിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി.

രണ്ട് മക്കളും ഉത്സാഹത്തോടെ പഠിച്ച് കയറി. ഒരുവൻ ബാങ്കിംഗും മറ്റേയാൾ ഫിസിയോ തെറാപ്പിയും. അവർ ഞങ്ങളോട് സംസാരിക്കുന്നത് കുറഞ്ഞു. സംസാരിച്ചാലും അത് ജർമനിലായിരുന്നു. മലയാളം, അടുക്കളയിലെ ഞങ്ങളുടെ കുശുകുശുപ്പുകളിൽ മാത്രമായി. മൊഴിയും ദേശവും തമ്മിലുള്ള ബന്ധം ഞങ്ങൾ അറിയുകയായിരുന്നു. അപൂർവമായ ഒരു ഇൻഡോർ പ്ലാന്റായിരുന്നു ഞങ്ങൾക്ക് മലയാളം. അതൊഴിച്ചാൽ ഒന്നിനും ഞങ്ങൾക്ക് മുട്ടുണ്ടായില്ല. എല്ലാം ധാരാളമായിരുന്നു.

മക്കൾ രണ്ടുപേരും ജോലിയിലായതോടെ ജീവിതം മുറ്റിത്തഴക്കുന്നത് ഞങ്ങൾ അറിഞ്ഞു. ‘പഴയതൊക്കെ മറന്നേക്ക്. മക്കൾ കനത്ത ശമ്പളം കിട്ടുന്ന ജോലികളിലായി. അവർ ആനന്ദിക്കുന്നു. ആനന്ദിക്കാൻ നമ്മളെയും പ്രേരിപ്പിക്കുന്നു. നമുക്ക് എന്തിനാണ് കുറവുള്ളത്?' എന്നൊക്കെ ഭാര്യ ആവർത്തിച്ചുകൊണ്ടിരുന്നു. അവൾ പറയുന്നതിലും കാര്യമുണ്ടെന്ന് സത്യമായും എനിക്ക് തോന്നിത്തുടങ്ങി.

മക്കൾ വിവാഹിതരായി. ഒരുവന്റെ ഭാര്യ ജൂതയായിരുന്നു, മറ്റവന്റേത് ജപ്പാൻകാരിയും. നല്ല മര്യാദക്കാരികൾ. അച്​ഛനമ്മമാരോട് നല്ല മര്യാദയും പരിഗണനയുമുള്ളവർ. തങ്ങൾ പാശ്ചാത്യരല്ലെന്നും പൗരസ്ത്യരാണെന്നും അവർ പ്രിയത്തോടെ ഞങ്ങളെ ഓർമിപ്പിച്ചു. പൗരസ്ത്യരുടെ വിശേഷിച്ചും, ഏഷ്യക്കാരുടെ കുടുംബങ്ങളുടെ ആന്തരിക ബലവും ഇഴയടുപ്പവും എത്ര ശ്രേഷ്ഠമാണെന്നതിനെക്കുറിച്ച് ജപ്പാൻകാരി ഒരു ക്ലാസു തന്നെ എടുത്തു. സത്യത്തിൽ അതൊക്കെ എനിക്ക് ആനന്ദകരമായ പുതുമകളായിരുന്നു. മക്കൾ വേറെ വേറെ അപ്പാർട്ടുമെന്റുകളിലായിരുന്നെങ്കിലും ഒന്നിടവിട്ട വാരാന്ത്യങ്ങൾ കൃത്യമായി അവർ ഞങ്ങൾക്കൊപ്പം ചെലവിട്ടു. ചുറ്റുവട്ടങ്ങളിലുള്ള മാളുകളിലും ഔട്ട് ലെറ്റുകളിലും ഞങ്ങൾ എന്ത് വാങ്ങിയാലും അതൊക്കെ മക്കളുടെ ബാങ്ക് കാർഡുകളിലേക്ക് സ്വയമേ ചാർജ്ജാവാനുള്ള സംവിധാനവും അവർ ഏർപ്പെടുത്തിയിരുന്നു.

അങ്ങനെയൊക്കെ ദിനങ്ങൾ കൊഴിഞ്ഞുകൊണ്ടിരിക്കെയാണ് ഒരു പുലർച്ചയിൽ ഭാര്യ എഴുന്നേറ്റില്ല. മൂക്കിനരുകിൽ വിരൽ വച്ചപ്പോൾ മനസ്സിലായി, അവൾ കടന്നുപോയിരിക്കുന്നെന്ന്. മക്കൾ ഉടനെ അരികിലെത്തി വേണ്ടതെല്ലാം ചെയ്തു. അവളുടെ ദേഹവുമായി നാട്ടിലേക്ക് പോകണമെന്ന എന്റെ ആഗ്രഹത്തെ അവർ മറുത്തു. അമ്മയും അച്​ഛനും ഇവിടെ ഞങ്ങൾക്കൊപ്പം വേണം എന്നവർ കരഞ്ഞുപറഞ്ഞു. എനിക്കത് നല്ല പോലെ മനസ്സിലായി.

ആണ്ടുവട്ടം പൂർത്തിയാകും മുൻപേ ഞാൻ നാട്ടിലേക്കുപോകാൻ തീരുമാനിച്ചു. ഒരവധിക്കാലം. വിരസത തോന്നിയാലുടനെ മടക്കം. മക്കൾ മറുത്തില്ല. എന്റെ അക്കൗണ്ടിൽ പണമുണ്ടായിരുന്നെങ്കിലും അത് ഉപയോഗിക്കാൻ സമ്മതിച്ചില്ല. ബിസിനസ് ക്ലാസിൽ കൊച്ചിയിലേക്ക് വിമാന ടിക്കറ്റ്.

വിമാനമിറങ്ങിയപ്പോൾ മക്കൾ ഏർപ്പാട് ചെയ്തിരുന്ന ടാക്സി കാത്തുനിൽക്കുന്നുണ്ടായിരുന്നു. പാസ്​പോർട്ടിലെ വിലാസം ഞാൻ ഡ്രൈവറെ കാണിച്ചു. അയാൾ പുറപ്പെട്ടു.
‘കടൽത്തീരത്താണ് എന്റെ വീട്', ഞാൻ പെരുമയോടെ ഡ്രൈവറോട് മൊഴിഞ്ഞു. തീരമൊന്നും ഇപ്പോഴില്ല സാർ. അതൊക്കെ എന്നേ മാഞ്ഞുപോയിരിക്കുന്നു എന്നയാൾ പറഞ്ഞപ്പോൾ പരിചയക്കുറവാകുമെന്ന് ഞാൻ നിനച്ചു. കടലുണ്ടെങ്കിൽ തീരവും ഉണ്ടാകും. അതിനൊന്നും ഇല്ലാതാവാനാവില്ലല്ലോ?

രണ്ട് മണിക്കൂറോളം കഴിഞ്ഞപ്പോൾ എന്റെ ദേശമെത്തി. ബീച്ച് ഹൈവേയിലേക്ക് വാഹനം കടന്നപ്പോൾ വിജയിയെപ്പോലെ ഞാൻ ഡ്രൈവറെ നോക്കി. പക്ഷേ എന്റെ ഗ്രാമം എത്തിയില്ല. തീരത്തേക്ക് പോകാനാവില്ലെന്ന് അയാൾ പറഞ്ഞു. അതൊക്കെ സുഖവാസകേന്ദ്രങ്ങളാണ്. അടച്ചുകെട്ടിയ ഹോട്ടൽപ്പുരകൾ. അവിടെങ്ങും പരദേശികൾ ഉലാത്തുന്നു.

ലിവ് ഇൻ മെയ്ഡിന്റെ നമ്പർ ഞാൻ തപ്പിയെടുത്തു. അമ്മ മരിച്ച വിവരം അവർ അറിയിച്ചതിനുശേഷം ആ നമ്പർ ഉപയോഗിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. നമ്പർ നിലവിലില്ലെന്ന് യന്ത്രശബ്ദം മൊഴിഞ്ഞു. വീടിന്റെ കെയർ ടേക്കറെ വിളിച്ചു. ആ നമ്പരും നിലവിലില്ലായിരുന്നു. സന്ധ്യ എനിക്കുചുറ്റും ഇരുളാൻ തുടങ്ങി. ഡ്രൈവർ വണ്ടി നിർത്തി ഉപചാരപൂർവ്വം വാതിൽ തുറന്നുതന്നു.

‘ഇതാണ് സാറിന്റെ ഇടം’, ഇരമ്പിയാർത്ത് കാർ മടങ്ങി. ഇരുട്ടിൽ അതിനുപിന്നിലെ ചുവപ്പുദീപങ്ങൾ അകന്നു. പരമൊഴികളാൽ ഞാൻ ചുറ്റപ്പെട്ടു. പരദേശികൾ ഉല്ലസിച്ചു. പെട്ടെന്ന് എല്ലാം നിശ്ചലമായി. ആരോ പുത്തൻ ചായത്തിൽ എല്ലാം പഴയപോലെ വരച്ചിട്ടു. ഇരുട്ടിലും എന്റെ വീട് വെളിവായി. അവസാനത്തെ വീട് എനിക്കുമുന്നിൽ വിടർന്നു. അവിടെ പൂർവികർ നിരന്നു. ബാന്റുവാദ്യം മുഴങ്ങി.

നിയറർ ടു യു ഓ ലോർഡ്....
ലൈക്ക് ദ് വാണ്ടറർ ....
മൈ സൺ ഈസ് ഗോയിങ് ഡൗൺ ...
ഡൗൺ .... ഡൗൺ ▮


പി.ജെ.ജെ. ആന്റണി

കഥാകൃത്ത്​. മൂന്നു പതിറ്റാണ്ട്​ ഗൾഫ്​ പ്രവാസിയായിരുന്നു. ഗൾഫ്​ മലയാളികളുടെ സാഹിത്യ- സാംസ്​കാരിക ജീവിതത്തിൽ സജീവമായ ഇടപെടലുകൾ നടത്തി. വരുവിൻ നമുക്ക്​ പാപം ചെയ്യാം, ഭ്രാന്ത്​ ചില നിർമാണ രഹസ്യങ്ങൾ, പിതൃക്കളുടെ മുസോളിയം, സ്​റ്റാലിനിസ്​റ്റുകൾ മടങ്ങിവരുന്നുണ്ട്​തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments