മകനെ സ്ക്കൂളിൽ ചേർക്കാൻ പോകാനിറങ്ങിയപ്പോൾ ഇളംവെയിലും നനുത്ത മഴയും ഉമ്മുകുൽസുവിന് അകമ്പടിയായി ഇറങ്ങി.
മലമക്കാവ് അങ്ങാടിയും പരീതിക്കാെന്റ തയ്യൽക്കടക്കുപിന്നിലെ പച്ചക്കറി കടയും പിന്നിട്ട് സ്ക്കൂളിലേക്കുള്ള വഴി തിരിഞ്ഞ് കയറ്റം കയറുമ്പോൾ പായൽ പിടിച്ച മതിലിലേക്ക് അവളുടെ ശ്രദ്ധപാളി. സ്ക്കൂളിലിന്റെ മതിൽക്കെട്ടിനകത്ത് എടുപ്പോടെ നിൽക്കുന്ന നെല്ലിമരം കൂടുതൽ വയസ്സായി തടിച്ച പോലെ അന്നേരം അവൾക്ക് തോന്നി. ലൈലാത്താന്റെ കൊതി കാരണം താനെപ്പളും വലിഞ്ഞുകേറി നെല്ലിക്ക പൊട്ടിച്ചിരുന്നത് ഓർമയുണ്ടോ എന്ന് ചോദിക്കും മട്ടിൽ അവൾ നെല്ലിമരത്തെ നോക്കി പരിചയഭാവത്തിൽ ചിരിച്ചു.
‘ഉമ്മാ, നെല്ലിക്ക' എന്നും പറഞ്ഞ് മോൻ ചിണുങ്ങാൻ തുടങ്ങവേ ‘തിരിച്ചു പോകുമ്പൊ വാങ്ങിത്തരാം' എന്നും പറഞ്ഞ് ഗേറ്റിനുനേർക്ക് തിടുക്കപ്പെട്ട് നടന്നു. ശക്തിയായി വീശിയടിച്ച കാറ്റിൽ കുട പാറിപ്പോകാതെയും മോനെ മഴ നനയിക്കാതെയിമിരിക്കാൻ അവളേറെ പാടുപെട്ടു. ഇതുകണ്ടെന്നോണം കൂടെ നടന്നിരുന്ന സ്ത്രീ, ‘കുഞ്ഞിനെ ഞാൻ പിടിച്ചോളാം, ഇങ്ങ് തന്നോളൂ' എന്നും പറഞ്ഞ് കുൽസുവിന് നേരെ കൈനീട്ടുന്നു. തന്റെ കയ്യിൽ നിന്ന് മോനെ പിടിച്ച് വാങ്ങിയവർ ചിരിച്ചപ്പൊ അവൾക്ക് ലൈലാത്താനെ ഓർമ വന്നു.
ലൈലയും ഉമ്മുകുൽസുവും കുഞ്ഞുനാളുമുതലേ വലിയ കൂട്ടായിരുന്നു. തന്നേക്കാൾ മൂന്നാല് വയസ് ഇളപ്പമുള്ള ഉമ്മുകുൽസുവിനോട് ഒരു ഇത്താത്തയ്ക്കുള്ള കരുതലും ഉത്തരവാദിത്വവും ലൈലക്കുണ്ടായിരുന്നു. ഇസ്മായിലിക്ക ഉമ്മുകുൽസുവിനെ മദ്രസയിൽ ചേർത്തിയതുമുതലാണ് ലൈല രക്ഷകർത്താവായി അവരോധിക്കപ്പെടുന്നത്. വീട്ടിലേക്ക് പോകാൻ വാശിപിടിച്ച് കരഞ്ഞിരുന്ന കുൽസുവിന് മിഠായികളും മുടിപ്പിനും ഒക്കെ കൊടുത്ത് ലൈല സ്വാധീനിച്ച് വശത്താക്കുകയായിരുന്നു. ലൈല ചെന്നൈയ്ക്ക് പഠിക്കാൻ പോകുന്നത് വരെ രണ്ടാളും ഒറ്റദിവസം പോലും കാണാതിരുന്നിട്ടില്ല. അദ്ധ്യാപകരുടെ കണ്ണുവെട്ടിച്ച് സ്‌കൂൾ വളപ്പിലെ നെല്ലിമരത്തിൽ കേറി നെല്ലിക്ക പൊട്ടിച്ച് താഴേക്ക് ഊർന്നെറങ്ങുമ്പൊ പറ്റ്ണ മുറിവുകളിലൊക്കെ ഉമ്മ വെക്കുകയും, നെല്ലിക്ക പൊട്ടിച്ചതിന്റെ കൂലിയായി വിലകൂടിയ ചോക്ലേറ്റുകൾ കുൽസുവിന് കൂലിയായും ലൈല നൽകിയിരുന്നു. ലൈലാത്ത മലമക്കാവ് ഹൈസ്ക്കൂളിൽ നിന്ന് പഠിത്തം കഴിഞ്ഞ് പോണതുവരെയായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും നല്ലകാലമെന്നോർത്ത് കുൽസുവിന്റെ ഉള്ളിലൊരു സങ്കടം ഉരുണ്ടുകൂടി.
ലൈല + കുൽസു = ലൈലാക്കുൽസു എന്ന് സ്‌കൂൾ മതിലിലും ബെഞ്ചുകളിലും എഴുതിയിട്ടിരുന്ന തങ്ങളുടെ ഉള്ളിലുണ്ടായിരുന്ന നിഷകളങ്ക സ്നേഹം നഷ്ടപ്പെട്ടോ എന്നോർത്ത് സങ്കടപ്പെടുന്നത് ഈയിടെയായി ഉമ്മുകുൽസുവിന്റെ പതിവാണ്. ലൈലാത്ത ഇപ്പൊ എവിടെയാണാവോ? കണ്ടിട്ടും മിണ്ടിയിട്ടും അഞ്ച് വർഷം കഴിയുന്നു. അലിക്കുട്ടി ഒഫാത്തായതിനുശേഷം ലൈലാത്താനെ കണ്ടിട്ടില്ല. കുൽസുവിന്റെ ക്ലാസ്മേറ്റായിരുന്നു അലിക്കുട്ടി. രണ്ടാളെയും ഒരേ ദിവസമാണ് മദ്രസയിലും സ്‌കൂളിലും ചേർത്തത്. അലിക്കുട്ടിയെ മദ്രസയിൽ ചേർക്കാൻ ലത്തീഫിക്കാന്റെയൊപ്പം വന്നിരുന്ന ലൈലാത്താന്റെ മുഖം ഈയിടെയായി കുൽസു വല്ലാണ്ട് സ്വപ്നം കാണുന്നുണ്ട്. പഴയ ലൈലാത്ത, എന്നെങ്കിലും തിരിച്ചു വരുമായിരിക്കും. നനഞ്ഞ സാരിത്തലപ്പുകൊണ്ട് നനഞ്ഞുതുടങ്ങിയ കണ്ണുകൾ തുടച്ച ശേഷം കുൽസു മകനേയും കൊണ്ട് ഇറയത്തെ ബെഞ്ചിലിരുന്നു. കുട്ടികളെ ചേർക്കാനെത്തിയവരുടെ സാമാന്യം വലിയ വരിയുടെ പിറകിൽ ചെന്നു നിന്നു.
ഉമ്മുകുൽസു അടക്കം മൂന്ന് പെൺമക്കളാണ് ഇസ്മായിലിക്കയ്ക്ക്. കുൽസുവിന്റെ മൂത്തത് ജമീലയും താഴെ നസീറയും. കെട്ടുപ്രായം കഴിഞ്ഞ മൂന്ന് പെങ്കുട്ടിയോളും കെട്ടിയോളും ഉമ്മയുമടക്കം തന്റെ പ്രിയപ്പെട്ടവരുടെ ഏതാവശ്യങ്ങളും നടത്തി കൊടുക്കാൻ ശ്രദ്ധ പുലർത്തിയാണ് മൂപ്പര് ജീവിച്ചുപോന്നത്. ചക്കയും മാങ്ങയും തേങ്ങയും തോട്ടം പിടിച്ചെടുത്ത് കച്ചവടം നടത്തിയാണ് മൂപ്പരും കുടുംബവും കഴിഞ്ഞിരുന്നത്. ഇസ്മായിലിക്കാന്റെ ഉമ്മ കദീശുമ്മ, ൻറുപ്പൂപ്പാക്കൊരാനണ്ടാ
ർന്നു എന്ന പ്രകൃതക്കാരിയാണ്. ‘മോന്റത് ഓട്ടക്കയ്യാ. വാപ്പ കാർന്നോമ്മാര് ഉണ്ടാക്കീതെല്ലാം നശിച്ചില്ലേ? ഓനൊരു കഥയില്ലാത്തോനാ!..' എന്നുപറഞ്ഞവർ പതം പറഞ്ഞ് കരയും.
നശിച്ച് നാറാണക്കല്ലായ തറവാടിന്റെ പ്രതാപം വീണ്ടെടുക്കാൻ റഹ്മത്തിന്റെ മലക്കുകളോടും പടച്ച തമ്പുരാനോടും തേടി, ദുആ ഇരയ്ക്കും. ആ കരച്ചിലും പറച്ചിലും കണ്ടും കേട്ടും വളർന്ന ഉമ്മകുൽസുവിന് സർവ്വപ്രതാപത്തോട് കൂടിയൊരു റാണിയായി വാഴാനായിരുന്നൂ മോഹം.
ജമീലാത്തയുമായും നസീറയുമായും പ്രശ്‌നങ്ങളുണ്ടാക്കാതെ തഞ്ചത്തിൽ തന്റെ കാര്യം സാധിച്ചെടുക്കാനുള്ള വിരുതുണ്ട് കുൽസുവിന്. വസ്ത്രമായാലും ഭക്ഷണമായാലും കൂടപ്പിറപ്പുകളുടെ പങ്ക് തന്ത്രത്തിലവൾ കൈക്കലാക്കും. പരാതികളില്ലാതെ അവളുടെ ആവശ്യങ്ങൾ സഹോദരിമാർ അംഗീകരിച്ചുപോന്നു. ഉമ്മുകുൽസുവിനെ ഇമവെട്ടാതെ നോക്കി നിൽക്കാത്ത ആണുങ്ങളാരും മലമക്കാവ് അങ്ങാടിയിലില്ല. എന്നാൽ, അവളെ നോക്കി വെള്ളമിറക്കാനുള്ള സൗഭാഗ്യം നാട്ടുകാർക്ക് വല്ലപ്പോളുമേ കൈ വരാറുളളു. മെൻസസായ അന്നുമുതൽ, ഉമ്മ സൈനബാന്റെ തല്ല് പേടിച്ച് ബുർഖ ഇട്ട് ദീനിയായി അച്ചടക്കത്തോടെയാണ് കുൽസു ജീവിച്ചുപോന്നത്. ഭാര്യയുടെ പ്രേരണയാലെന്നോണം തികഞ്ഞ ഭകതനാണ് ഇസ്മായിലിക്കയും.
വഴിത്തർക്കം, അടിപിടി, അങ്ങനെ നാട്ടിലെ കുഴപ്പം പിടിച്ച കേസുകൾക്കൊക്കെ തീർപ്പ് കൽപ്പിക്കാൻ ഏവരും രാമൻപറമ്പിൽ ലത്തീഫിക്കയെന്ന ആർ.പി. ലത്തീഫിനെയാണ് സമീപിക്കാറ്. മൂപ്പർക്ക് എന്തിനും പോന്ന ഊറ്റാണെന്നും തീരുമാനമെടുത്താൽ എടുത്തതാണെന്നുമാണ് ചൊല്ല്. മൂപ്പരുടെ എന്തിനും പോന്ന കയ്യാളായിരുന്നൂ അലിക്കുട്ടി. ലത്തീഫിക്കാന്റെ മനസ്സാണ് അലിക്കുട്ടി എന്ന് പറയ്ണതാവും കൂടുതൽ ഉചിതം. കാഴ്ചയ്ക്ക് ഇരുവരും ഒരു സാമ്യം പോലുമില്ല. മെലിഞ്ഞുകറുത്ത് സുന്ദരനാണ് അലിക്കുട്ടിയെങ്കിൽ, സർവ്വ പ്രമാണത്വവുമുള്ള ഫ്യൂഡൽ നായകരൂപമാണ് ലത്തീഫിക്കയ്ക്ക്. അങ്ങേരുടെ മുഖത്ത് അങ്ങിങ്ങായുള്ള വസൂരിക്കലയും നെറ്റിയിലെ വെട്ടുകൊണ്ട പാടും ആരെയും ഭയപ്പെടുത്തിയിരുന്നു. ഉപ്പയെ പിറകിലിരുത്തി അലിക്കുട്ടി ബെൻസോടിച്ച് പോകുമ്പോളെല്ലാം കഥകളിലെ മല്ലനും എലുമ്പനുമെന്ന് ലൈല കളി പറഞ്ഞിരുന്നു.
പേരാമ്പ്രയിൽ തന്റെ ചങ്ങാതി സുരേഷിന്റെ വസ്തു തർക്കം തീർക്കാൻ പോയി, അവിടെ നടന്ന അടിപിടീല് തലയിട്ടതോണ്ട് തലേലായതാണ് അലിക്കുട്ടിയെന്നാണ് ലത്തീഫിക്ക നാട്ടുകാരോട് പറഞ്ഞിട്ടുള്ളത്. മൂപ്പര് പറഞ്ഞതാണ് തന്റെ ഐഡന്റിറ്റി എന്ന മട്ടിലാണ് അലിക്കുട്ടിയും ജീവിച്ചുപോന്നിരുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ഒരു അവിശ്വസനീയതയുടെ മൂടുപടം അണിഞ്ഞിരുന്നതിനാൽ, അലിക്കുട്ടി ലത്തീഫിക്കാന്റെ ജാരസന്തതിയാണെന്നൊരു കരക്കമ്പി മലമക്കാവ് പ്രദേശത്ത് അലയടിക്കുന്നുണ്ട്. ഇത്തരം പറച്ചിലുകളോട് പ്രതികരിച്ച്, രൂപത്തിലും സ്വഭാവത്തിലും തങ്ങൾക്കിടയിലെ വ്യത്യാസങ്ങൾ എണ്ണിപ്പറഞ്ഞ് ലത്തീഫിക്ക വാചാലനാകും. മൂപ്പരുടെ വാദഗതി കേട്ടാൽ അലിക്കുട്ടിയുമായി രകതബന്ധമില്ലെന്നും വെറും മുതലാളി തൊഴിലാളി ബന്ധം മാത്രമേയുള്ളൂ എന്ന് ആരും സമ്മതിച്ചു പോകും. അത്രയ്ക്ക് ചാരുതയോടെയാണ് അദ്ദേഹം അലിക്കുട്ടിയുമായുള്ള തന്റെ ബന്ധത്തെ വിശദീകരിക്കാറ്. ഇങ്ങനെയൊക്കെ നാട്ടുകാരോട് പറയുമെങ്കിലും അലിക്കുട്ടിയെ മകനായാണ് ലത്തീഫിക്ക പരിഗണിക്കുന്നത്. മകനെപ്പോലെ കരുതി പരിഗണിക്കുമ്പോഴും ലൈല മൻസിലിൽ വെറുമൊരു ജോലിക്കാരന്റെ സ്ഥാനമേ അലിക്കുട്ടിയ്ക്ക് കിട്ടിയിരുന്നുള്ളൂ. അലിക്കുട്ടിയെ വീടിനകത്തേക്ക് കയറ്റാതിരിക്കാനുള്ള ജാഗ്രത എല്ലായ്‌പ്പോഴും സുൽഫത്ത് പുലർത്തി പോന്നിരുന്നു.
ഭർത്താവിന്റെ ജാരസന്തതിയായ നശൂലം എന്ന നിലയിലാണ് സുൽഫത്ത് കണക്കാക്കി പോന്നിരുന്നത്. അവനോട് ഉമ്മയ്ക്കുള്ള ഈർഷ്യ ലത്തീഫിക്കാെന്റ മൂത്തമകൾ മൈമൂനയ്ക്കും മകൻ സുബൈറിനും പകർന്നു കിട്ടിയിട്ടുണ്ട്. വന്നുകയറിയ കാലം മുതൽ, തന്റെ വിരലിലും ഉടുപ്പിലും തൂങ്ങി ഇത്താന്ന് വിളിച്ച് നടന്നിരുന്ന അലിക്കുട്ടിയോട് ലൈലയ്‌ക്കൊരു കരുതലും സ്‌നേഹവും
ഉണ്ടായിരുന്നു. മൂന്നാല് വയസിളപ്പമുള്ള ഉപ്പാന്റെ ദത്തുപുത്രനോട് തോന്നുന്ന അടുപ്പത്തിനപ്പുറമുള്ളൊരു ആത്മബന്ധം അവർക്കിടയിൽ നിലനിന്നിരുന്നു. രഞ്ജിത്തുമായുള്ള ലൈലയുടെ പ്രേമത്തിന്റെ ഒത്താശക്കാരൻ കൂടിയായിരുന്നു അലിക്കുട്ടി. അവനെ ചൊല്ലി വീട്ടിലെന്തെങ്കിലും മോശപ്പെട്ട വർത്തമാനമുണ്ടായാൽ, ലൈല വക്കാലത്തെടുത്ത് ഇടപെടുമായിരുന്നു.
ലത്തീഫിക്കയുടെയും ലൈലയുടേയും സപ്പോർട്ടുള്ളതിനാൽ, അലിക്കുട്ടിയ്ക്ക് എന്തെങ്കിലും തെറ്റു പറ്റിയാൽ തന്നെ കൂടുതലായൊന്നും ദേഷ്യപ്പെടാൻ സുൽഫത്തിന് കഴിഞ്ഞിരുന്നില്ല. അലിക്കുട്ടിയുടെ ഇഷ്ടാനിഷ്ടങ്ങളെ മനസ്സിലാക്കി സ്വന്തം ഇത്താന്റെ സ്നേഹ വാത്സല്യത്തോടെ എപ്പോഴും കൂടെ നിന്നിട്ടുണ്ട്, അലിക്കുട്ടിയുടെ അവസാനകാലത്തൊഴിച്ച്.
അലിക്കുട്ടിയുടെ ആശയ്‌ക്കൊപ്പം കൂടിയാണ് ലൈല ചിത്രം വര പഠിക്കാൻ തുടങ്ങിയതും ഇപ്പോൾ സാന്റ് ആർട്ടിസ്റ്റായി ഫേമസായതും. ഒന്നിച്ച് വളർന്നതുകൊണ്ട് തനിക്കൊരു ഉടുപ്പോ കാൻവാസോ അങ്ങനെ എന്ത് വാങ്ങിച്ചാലും അലിക്കുട്ടിക്കുകൂടിയൊന്ന് അവൾ വാങ്ങാറുണ്ട്. അലിക്കുട്ടിയും ലൈലയും തമ്മിലുള്ള അടുപ്പം കാണുമ്പോൾ, അവനെ കൂടെക്കൂട്ടിയ ദിവസത്തെ കുറിച്ച് ലത്തീഫിക്ക ഓർക്കും. 2002 മാർച്ച് മൂന്നാം തിയ്യതിയിലെ അഹമ്മദാബാദിലെ തെരുവുകളിലേക്ക് അയാളുടെ തലച്ചോർ സഞ്ചരിക്കും. അനേകം മനുഷ്യരുടെ ഉയിര് നഷ്ടപ്പെട്ട രാത്രിയിൽ തന്റെ റൂഹിനെ തിരികെ തന്ന പടച്ചോനോടുള്ള നന്ദിയാൽ അയാളിൽ അപാരമായ കരുണ കിനിയും. അന്നേരം, അലിക്കുട്ടിയോട് വല്ലാത്തൊരു സ്നേഹവും സഹാനുഭൂതിയും ലത്തീഫിക്കയുടെ മനസ്സ് നിറയ്ക്കും.
പാലക്കാട്, തൃശൂർ, കോഴിക്കോട് എന്നീ നഗരങ്ങളിലായി മൂത്തമകൾ മൈമൂനയുടെ പേരിലുള്ള ലത്തീഫിക്കയുടെ ടെക്സ്റ്റയിൽ ഷോപ്പുകൾ നോക്കിനടത്തുന്നത് മകൻ സുബൈറും മരുമകൻ ഹുസൈനും ചേർന്നാണ്. മൈമൂന ഡോക്ടറാണ്. ഉപ്പാെന്റ ചൊൽപ്പടിയ്ക്ക് വളർന്ന് പഠിച്ച് ഡോക്ടറായതിന്റെ പരിഗണന ലൈല മൻസിലിൽ എല്ലായ്‌പ്പോളും മൈമൂനയ്ക്ക് കിട്ടിയിരുന്നു. എന്നാൽ, ആരെയും വകവെക്കാതെ തർക്കുത്തരം പറയുന്ന തന്റെതായ വട്ടൻ നിയമങ്ങളും രീതികളും ഉള്ളവളായിരുന്നു ലൈല. തന്റെ സമ്പത്തിലും മക്കളിലും അഭിമാനം പൂണ്ട്, നാട്ടിലെ പ്രശ്‌നങ്ങളിൽ ഇടപെട്ട് ലത്തീഫിക്ക മലമക്കാവിൽ ശരിക്കുമൊരു മാടമ്പിയെ പോലെ വാഴുകയായിരുന്നു.
ആറേഴുവർഷം മുമ്പാണ്, സിനിമാനടനാകാൻ നാടുവിട്ടുപോയ ലത്തീഫിക്കാന്റെ ബാല്യകാല സുഹൃത്ത് അഗസ്റ്റിൻ മലമക്കാവ് തിരിച്ചെത്തുന്നത്. അഗസ്റ്റിൻ നാട്ടിലെത്തിയതിന്റെ മൂന്നാംപക്കമാണ് ഇരുവരും യാദൃച്ഛികമായി കൂറ്റനാട് ദേവലോകം ബാറിൽ വെച്ച് കണ്ടുമുട്ടുന്നത്. ശനിയാഴ്ചകളിൽ, വെകുന്നേരം ‘Cello'എന്ന മ്യൂസിക് ബാന്റിന്റെ പെർഫോമൻസ് കാണാനും അതിനുശേഷം മൂക്കുമുട്ടെ കുടിച്ച് തൊട്ടടുത്ത രചന ടാക്കസിൽ നിന്ന് സെക്കൻറ് ഷോ കാണുകയെന്നത് ലത്തീഫിക്കാന്റെ പതിവാണ്. കൂട്ടുകാരൻ രമേശന്റെ രചനാ ടാക്കീസിൽ ശനിയാഴ്ചകളിൽ രാപ്പാർക്കാറുള്ള ലത്തീഫിക്ക ഉറങ്ങി എണീറ്റ് കെട്ടിറങ്ങി കഴിഞ്ഞ്, ഞായറാഴ്ച വൈകുന്നേരമേ ലൈല മൻസിലിലേക്ക് തിരിച്ചെത്തൂ. കെട്ടിയോള് സുൽഫത്തിന് തന്റെ മദ്യപാനവും മറ്റ് ഹറാംമ്പറപ്പുകളും ഇഷ്ടമല്ലാത്തതിനാൽ, ലത്തീഫിക്ക കെട്ടിറങ്ങിയശേഷമേ ഭാര്യയെ മുഖം കാണിക്കാറുള്ളൂ.
ദേവലോകം ബാറിലെ തന്റെ സ്ഥിരം ടേബിളിൽ ചീട്ടുകളിയും വെള്ളമടിയുമായി മുഴുകി നിൽക്കുമ്പോഴാണ് ലത്തീഫിക്ക അഗസ്റ്റിനെ കാണുന്നത്. കൊച്ചിയിൽ, അലഞ്ഞു നടന്ന് അല്ലറ ചില്ലറ സിനിമകളിൽ മുഖം കാണിച്ചതിന്റെ പത്രാസിലാണ് നാട്ടിലേക്കുള്ള തിരിച്ചുവരവെന്ന് സംസാരത്തിൽ വ്യക്തമാക്കാൻ അഗസ്റ്റിൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ലഹരി കൂടുന്നതിനൊപ്പം തള്ളിന്റെ ലെവലും ഉയർന്നു പൊങ്ങി. ‘ഇറങ്ങാനുള്ള മമ്മൂട്ടി പടത്തിലെ കാരക്റ്ററിന്റെ ലുക്കാണ് എങ്ങനെയുണ്ട്?' എന്ന് ഇടയ്ക്കിടയ്ക്ക് കൂടി നിന്നവരോട് ചോദിച്ചും ലക്കും ലഗാനുമില്ലാതെ സിനിമാബന്ധങ്ങളെ കുറിച്ച് വീമ്പുപറഞ്ഞും ജോണി വാക്കറിന്റെ രണ്ട് ഫുള്ളാണ് അഗസ്റ്റിനും കൂടെയുണ്ടായിരുന്ന ജോയ് എന്ന ചെറുപ്പക്കാരനും കൂടി കാലിയാക്കിയത്. അഗസ്റ്റിനും ജോയ്ക്കും രമേശനും കൂടെ ഉണ്ടായിരുന്ന മറ്റു ചങ്ങാതിമാർക്കുമൊപ്പം ലത്തീഫിക്കയും നന്നായി മിനുങ്ങി. ബാർ അടച്ചതോടെ ലത്തീഫിക്കയും സംഘവും രചന തിയേറ്ററിലേക്ക് ചേക്കേറി. ദേവലോകം ബാറിൽ വെച്ച് തുടങ്ങിയ ചർച്ചയുടെ ബാക്കിയും വെള്ളമടിയും നടന്നത് അവിടെ വെച്ചാണ്. ലത്തീഫിക്കയ്ക്കും സംഘത്തിനും വേണ്ട ചിറ്റായ്മകൾ ചെയ്ത് അലിക്കുട്ടി ഓടിനടന്നു.
തെന്നിന്ത്യൻ താരറാണി അപ്‌സരയെ നായികയാക്കിയൊരു സിനിമ നിർമിക്കാനുള്ള പ്ലാനും കൊണ്ടായിരുന്നു അഗസ്റ്റിന്റെ വരവ്. തിരക്കഥാകൃത്തും സംവിധായകനുമായി ജോയ് എന്ന ഇരയെ കുരുക്കി എറിഞ്ഞതും ലത്തീഫിക്ക കൊത്തിയതും, തന്റെ പ്ലാനിന്റെ വിജയമായി കണ്ട് അഗസ്റ്റിൻ ആഹ്ലാദിച്ചു. നേരം പുലരുന്നതിനുമുമ്പുതന്നെ അവർ രചന പിക്‌ചേഴ്‌സെന്ന നിർമാണ കമ്പനി രൂപീകരിച്ചു. കമ്പനിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി രചന ടാക്കീസ് പണയപ്പെടുത്താനും തന്റെ കോഴിക്കോടുള്ള ഷോപ്പ് വിൽക്കാനും ലത്തീഫിക്കയുടെ നേതൃത്വത്തിൽ തീരുമാനമായി. അക്കാലത്ത്, ഉമ്മുകുൽസു പട്ടാമ്പി കോളേജിൽ മാത്‌സ് ഫൈനലിയറായിരുന്നു. ഓണാവധിയ്ക്ക് അവൾ മലമക്കാവ് എത്തിയപ്പോഴാണ് ഇത്താത്തയും വെല്ല്യുമ്മയും പറഞ്ഞ് ലത്തീഫിക്കാന്റെ സിനിമാ പദ്ധതികളെക്കുറിച്ചറിയുന്നത്.
കേട്ടറിഞ്ഞ കാര്യങ്ങൾ അലിക്കുട്ടി വഴി വ്യക്തത വരുത്തിയാണ്, ലത്തീഫക്കയെ കാണാനും ചാൻസ് ചോദിക്കാനും ഉമ്മുകുൽസു തീരുമാനിക്കുന്നത്. അയാളെ കണ്ട് അവൾ തന്റെ ആഗ്രഹം പറഞ്ഞു. ‘അഭിനയിക്കാൻ അതിയായി അഗ്രഹമുണ്ടെന്നും ഉപ്പ അറിയാതെയൊരു ചാൻസ് ഒപ്പിച്ചു തരണം' എന്നുമവൾ അഭ്യർത്ഥിക്കുന്നു. ‘പറയാം, ഇളയരാജ മ്യൂസിക് കമ്പോസ് ചെയ്യുന്നതേയുള്ളൂ, ഷൂട്ടിങ്ങ് തുടങ്ങുമ്പൊ പരിഗണിക്കാം' എന്നങ്ങ് ഒരു ഉഴപ്പൻ മറുപടി നൽകിയ ശേഷം രണ്ടുവരി അയാൾ മൂളാൻ തുടങ്ങി. ആ കൂടിക്കാഴ്ചക്കുശേഷം ലത്തീഫിക്ക മൂളിയ ഈരടികൾ ഉമ്മുകുൽസുവിന്റെ നാവിൽ കുടിയിരുന്നു. അവളെപ്പോളും ആ ഈരടികൾ മൂളിക്കൊണ്ടിരുന്നു. തന്റെ അഭിനയ മോഹത്തെ ലത്തീഫിക്ക അനുഭാവപൂർവ്വം പരിഗണിച്ചേക്കാമെന്നുള്ള തോന്നലിൽ സിനിമാനടിയാകുന്നതും ഇന്റർവ്യൂ നൽകുന്നതും കിനാവ് കണ്ടു. പതിവിൽ കവിഞ്ഞുള്ള കുൽസുവിന്റെ സന്തോഷവും കളിചിരിയും കണ്ട്, ജിന്ന് കൂടിയതെന്നും പറഞ്ഞ് വെല്ല്യുമ്മ ഏലസ് മന്ത്രിച്ചൂതി അരയിൽ കെട്ടിക്കൊടുത്തു.
അനന്തരവൻ ഹക്കീമിന്റെ കല്യാണത്തിന് പോകുംനേരം വെയിലത്തിട്ട തേങ്ങ കോരിയിടാൻ ഇസ്മായിലിക്ക ഏൽപ്പിച്ചെങ്കിലും മനോരാജ്യത്തിൽ മുഴുകിപ്പോയ കുൽസു അപ്പാടെ അക്കാര്യം മറന്നുപോയി. തകർത്തുപെയ്ത മഴയിൽ തേങ്ങയെല്ലാം നനഞ്ഞു. രണ്ട് വെയില് കൂടി കൊണ്ടാൽ അടർത്താൻ പാകമായ നാളികേരം മഴ നനഞ്ഞ് നാശമായി. കല്ല്യാണം കൂടിയെത്തിയ ഉപ്പയും ഉമ്മയും കൂടപ്പിറപ്പുകളും കുൽസുവിനെ കുറ്റപ്പെടുത്തി. ഉപ്പ അവളെ തല്ലുക കൂടി ചെയ്തു. പിറ്റേന്ന്, നാളികേരം ഉണക്കാനായി ഇസ്മാഇലിക്കയും കുടുംബവും കൊപ്രക്കൂടിനുചുറ്റും ചലിക്കാൻ തുടങ്ങി. കൊപ്രക്കൂടിനുമുകളിൽ മക്കൾ നാളികേരം നിരത്തി വെച്ചതും മൂപ്പര് കൊപ്രക്കൂടിനകത്തേക്കിറങ്ങി. അടിയിൽ കൂട്ടിയിട്ട ചിരട്ടകൾക്ക് തീ കൊടുത്ത്, ചേവിന് അകത്ത് നിന്നും കയറി വെളിയിലേക്കിറങ്ങാൻ തുടങ്ങവേ അടിതെറ്റി വീണ് തീ പിടിക്കുന്നു. ഉപ്പ തെന്നിവീണ് ചിരട്ടകൾക്കൊപ്പം കത്തിപ്പിടിക്കുന്നത് കണ്ട് കുൽസു സന്ദർഭോചിതമായി ഇടപെടുന്നു. അവളുടെ പെട്ടെന്നുള്ള രക്ഷാപ്രവർത്തനം ഒന്നുകൊണ്ടുമാത്രം ഇസ്മായിലിക്കാെന്റ ജീവൻ തിരിച്ചുകിട്ടി. ജീവൻ തിരിച്ചു കിട്ടിയെങ്കിലും ആശുപത്രി ചെലവുകൾക്കായി വീട് കെ.പി.പി. നമ്പ്യാർക്ക് പണയം വെക്കേണ്ടി വന്നു.
മകന് പറ്റിയ അപകടത്തെ കുറിച്ച് കദീശുമ്മ കരഞ്ഞു പറഞ്ഞതും, കാശെറിഞ്ഞാൽ കുൽസുവുമൊത്തൊരു കളിയൊത്താലോ എന്നുള്ള കുത്സിത ചിന്തയാലും ലത്തീഫിക്ക അയൽവാസിയുടെ ബാധ്യതയേറ്റ് ചുമലിലിട്ടു. ഇതോടെയാണ്, ലത്തീഫിക്കയും സുൽഫത്തും തമ്മിലുള്ള ദാമ്പത്യം ഉലഞ്ഞു തുടങ്ങിയത്.
സിനിമാപിടുത്തം ലത്തീഫിക്ക കരുതിയതുപോലെ എളുപ്പപ്പണിയായിരുന്നില്ല. ജോയിയ്ക്ക് സിനിമയുടെ ചുക്കും ചുണ്ണാമ്പും അറിഞ്ഞുകൂടായിരുന്നു. പുതിയൊരു എഴുത്തുകാരനേയും സംവിധായകനേയും കണ്ടെത്തി, ഷൂട്ടിങ്ങിലേക്ക് സിനിമ അനങ്ങി തുടങ്ങിയപ്പോളേക്കും രമേശന്റെ രചനാ തിയേറ്ററും ലത്തീഫിക്കയുടെ കോഴിക്കോടും പാലക്കാടുമുണ്ടായിരുന്ന ടെക്‌സ്റ്റെയിൽസും കെ.പി.പി. നമ്പ്യാരുടെ ധനലക്ഷ്മി ബാങ്കിന് സ്വന്തമായി കഴിഞ്ഞിരുന്നു. ഷൂട്ട് തുടങ്ങിയതോടെ ലത്തീഫിക്കയ്ക്ക് സുൽഫത്തിന്റെ പേരിൽ വാങ്ങിയ സ്ഥലം വിൽക്കേണ്ടി വന്നു. ഇതേചൊല്ലിയുണ്ടായ വഴക്കിൽ കെട്ടിയോളെ ലത്തീഫിക്കയ്ക്ക് തല്ലേണ്ടി വന്നു. ഇക്കാരണത്താൽ, സുൽഫത്ത് എന്നന്നേക്കുമായി ലൈല മൻസിലിന്റെ പടിയിറങ്ങി.
കൗമാരത്തിൽ തുടങ്ങിയ പ്രണയമാണ് ലൈലയ്ക്ക് രഞ്ജിത്തിനോട്. ആ ഇഷ്ടത്തിന് കാരണം ലൈലയുടെ ബാഡ്മിന്റൺ കളിയാണ്. അതിരാവിലെ എഴുന്നേറ്റ്, എക്‌സസൈസ് ചെയ്ത്, വെട്ടം വീഴുന്നതോടെ സ്‌കൂൾ ഗ്രൗണ്ടിൽ പോയി എട്ടേ കാലുവരെ ബാഡ്മിന്റൺ കളിക്കും. കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ കവലയിൽ നിന്ന് പാലും പത്രവും വാങ്ങി വരും. ഉമ്മച്ചി ചായ ഉണ്ടാക്കുന്നതിനിടയിൽ, ലൈല പത്രത്തിലെ സ്പോർട്സ് പേജിൽ തുടങ്ങി ഫ്രണ്ട് പേജിലേക്ക് വായിക്കാൻ തുടങ്ങും. കായികതാരങ്ങളോടെല്ലാം വലിയ ആരാധനയുള്ള കളിച്ച് പേരെടുക്കണമെന്ന് ആശിച്ച് നടന്നൊരു കാലമുണ്ടായിരുന്നു ലൈലയ്ക്ക്. ചെന്നൈയിൽ കമ്പ്യൂട്ടർ സയൻസിന് പഠിക്കാൻ ചേർന്നത് മുതലാണ്, ബാഡ്മിന്റൺ ചാമ്പ്യയാകണമെന്ന ആശ ലൈലയിൽ ശകതമാകുന്നത്. ഡിഗ്രി ഫസ്റ്റ് ഇയറിന്റെ ഫൈനൽ എക്‌സാമിനുള്ള സ്റ്റഡി ലീവിന്റെ പിരിയഡിലാണ്, ബാഡ്മിന്റൺ കളിയ്ക്കിടെ വീണ് പരുക്കുപറ്റുന്നത്. ഗ്രൗണ്ടിന്റെ എതിർവശത്ത് ക്രിക്കറ്റ് കളിക്കായി തയ്യാറെടുത്തുകൊണ്ടിരുന്ന രഞ്ജിത്തും കൂട്ടുകാരുമാണ് ലൈലയെ പൊക്കിയെടുത്ത് ഓട്ടോയിൽ കയറ്റി ഹോസ്പിറ്റലിൽ എത്തിക്കുന്നത്. കാലിൽ പ്ലാസ്റ്ററിട്ട് ഒന്നൊന്നര ആഴ്ച, എടപ്പാൾ മോഡേൺ ആശുപത്രിയിലും മൂന്നാലാഴ്ച തന്റെ കട്ടിലിലും കഴിച്ചുകൂട്ടിയാണ് ലൈലയ്ക്ക് നടക്കാനായത്. ആ കിടപ്പിലാണ് അവൾക്ക് കായിക താരമാകാനുള്ള ആശ നശിച്ചത്.
കാലൊടിഞ്ഞ് കിടക്കുമ്പോൾ ജാലകത്തിലൂടെ കണ്ട കാഴ്ചയാണ്, ലൈലയെ ചിത്രം വരയിലേക്കും സാന്റ് ആർട്ടിലേക്കും വഴിനടത്തിച്ചത്. ചായ്പിലെ തന്റെ ലോകത്ത് ഒതുങ്ങിക്കൂടി അലിക്കുട്ടി വരക്കുന്നതുകണ്ട് അവൾക്കും ചിത്രം വരയ്ക്കാൻ പൂതി തോന്നി. മലമക്കാവ് സ്ക്കൂളിൽ നിന്നും പെൻഷൻ പറ്റിയ ശേഖരൻ മാഷ് എടപ്പാള് ടൗണിലൊരു ഡ്രോയിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നുണ്ടെന്നും തന്നേയും അലിക്കുട്ടിയേയും അവിടെ ചേർക്കണമെന്നും ലൈല ഉപ്പയോട് പറഞ്ഞു. അബോക്കറ് മാമയും ഉമ്മയും എതിര് നിന്നെങ്കിലും ലൈലയുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. ലൈലയേയും അലിക്കുട്ടിയേയും ചിത്രം വര പഠിക്കാൻ ശേഖരന്മാഷിന്റെ ‘വര' ആർട്‌സ് സ്ക്കൂളിൽ ചേർത്തു. ഇതോടെയാണ്, കമ്പ്യൂട്ടർ സയൻസും ചെന്നൈയും വിട്ട് വീണ്ടും ലൈല നാട്ടിൽ നിന്ന് തുടങ്ങിയത്.
കെ.പി.പി. നമ്പ്യാരുടെ ധനലക്ഷ്മി ബാങ്കിന്റെ എതിരെയാണ് ശേഖരൻ മാഷിന്റെ ‘വര' ആർട്‌സ് സ്‌കൂൾ. സമുദായ പ്രമാണിയും രാഷ്ട്രീയനേതാവും അബ്ക്കാരിയുമായ നാട്ടിലെ പ്രബലനാണ് കോവിലകത്ത് പുത്തൻപുരയിൽ പ്രമോദ് നമ്പ്യാരെന്ന കെ.പി.പി. നമ്പ്യാർ. അദ്ദേഹത്തിന്റെ മകനാണ് ക്രിക്കറ്റ് ഭ്രാന്തനും ബി.എ. സോഷ്യോളജി ഫൈനലിയർ വിദ്യാർത്ഥിയുമായ രഞ്ജിത്ത്. ഡ്രൈവർ കുറുപ്പ് അവധിയിലായതിനാൽ അച്ഛനേയും കൊണ്ട് ബാങ്കിലേക്ക് വന്നപ്പോഴാണ് രഞ്ജിത്ത് വീണ്ടും ലൈലയെ കാണുന്നത്. പരുക്കേറ്റ് കിടന്ന തന്നെ ആശുപത്രിയിലെത്തിച്ചതിനും വീട്ടുകാർ എത്തുന്നതുവരെ കൂടെ നിന്നതിനും കണ്ടപാടെ ലൈല നന്ദി അറിയിച്ചു. അവളുടെ ചിരിയും സുറുമ എഴുതിയ കണ്ണുകളും സിൽക്ക് സ്മിത തോൽക്കുന്ന ഉടലഴകും അക്ഷരാർത്ഥത്തിൽ അവനെ ഭ്രമിപ്പിച്ചു കളഞ്ഞു. അഴകിനെ ഇരട്ടിപ്പിക്കുന്ന അവളുടെ നീല ഫ്രോക്കിലേക്ക് കണ്ണെറിഞ്ഞവൻ കൗതുകപ്പെട്ടു. ആദ്യമായാണ് ഇത്രയും സ്‌റ്റൈലിഷായൊരു ഉമ്മച്ചിക്കുട്ടിയെ രഞ്ജിത്ത് കാണുന്നത്. അവളുടെ മൊഞ്ചിൽ അവൻ മൂക്കും കുത്തി വീണു.
എന്തോ പറയാനാഞ്ഞ് പറയാൻ വന്നത് പരിഭ്രമത്താൽ തെറ്റിയൊടുക്കം ‘എന്താ ഇവിടെ?' എന്ന് രഞ്ജിത്ത് ചോദിക്കാൻ തുനിഞ്ഞതും ലൈലയും അതേ ചോദ്യം ചോദിച്ചു. ഇരുവരും ചിരിച്ചുകൊണ്ട് വന്ന ഇടത്തിലേക്ക് വിരൽചൂണ്ടി. ഈ സമയം അച്ഛന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് പെട്ടെന്നുതന്നെ ധനലക്ഷ്മി ബാങ്കിന്റെ പാർക്കിങ്ങ് ഏരിയയിലേക്കവൻ തിരിഞ്ഞുനടക്കാൻ തുടങ്ങി. പ്രൗഢിയോടെ കിടക്കുന്ന പോർഷെ കാറിൽ ചാരി നിൽക്കുന്ന തന്റെ ഉപ്പാന്റെ പ്രായമുള്ള ആളുടെ അടുത്തേക്ക് രഞ്ജിത്ത് നടന്നടുക്കുന്നത്, ഒരു നിമിഷമൊന്ന് നോക്കിനിന്നശേഷം ലൈല ശേഖരൻ മാഷിന്റെ ആർട്‌സ് സ്ക്കൂളിലേക്ക് കയറിപ്പോകുന്നു.
തൊട്ടടുത്ത ദിനം മുതൽ, രഞ്ജിത്തും ശേഖരൻ മാഷിന്റെ ‘വര' ആർട്‌സ് സ്‌കൂളിൽ ചേർന്നു. ശരിയാവണ്ണം പെൻസില് പിടിച്ച് വരയ്ക്കാൻ കഴിയാത്ത രഞ്ജിത്തിനെ പഠിപ്പിക്കാൻ ആദ്യമൊന്നും മാഷ് തയ്യാറായില്ല. ‘കഴിവില്ലാത്തൊരാളെ പഠിപ്പിച്ച് മികവിലെത്തിക്കാനാണ് അദ്ധ്യാപകനെന്നും കഴിവുള്ളവർക്ക് പഠിക്കാൻ ടീച്ചേഴ്‌സിന്റെ ആവശ്യമില്ല' എന്നും പറഞ്ഞ് ശേഖരൻ മാഷിന്റെ വായ അടപ്പിച്ചാണ് അവനവിടത്തെ സ്റ്റുഡന്റായത്. കമ്പ്യൂട്ടർ സയൻസ് ഫസ്റ്റിയറിലെ ഉപേക്ഷിച്ച് ലൈല അലിക്കുട്ടിയ്‌ക്കൊപ്പം തൃശൂർ ഫൈനാർട്‌സ് കോളേജിൽ ചേർന്നു. ഫൈൻ ആർട്‌സ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം കഴിഞ്ഞ്, സാന്റ് ആർട്ടിസ്റ്റായി ലൈല മാറി. അച്ഛന്റെ ബിസിനസുകൾ നോക്കി നടക്കുന്നതിനിടയിൽ സ്ഥിരവരുമാനമുള്ളൊരു ജോലിയ്ക്കായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ് രഞ്ജിത്ത്. ലൈലയുമായുള്ള വിവാഹം നടക്കാൻ റപ്യൂട്ടഡായൊരു പൊസിഷനിൽ താൻ എത്തേണ്ടതുണ്ടെന്ന കണക്കുകൂട്ടലിൽ, സിവിൽ സർവ്വീസിനായുള്ള തയ്യാറെടുപ്പ് നടത്തുന്നുമുണ്ട്. അച്ഛൻ ഏൽപ്പിക്കുന്ന ജോലികൾ കാരണം പഠിക്കാൻ സമയം കിട്ടുന്നില്ലെന്നും ബാംഗ്ലൂരുള്ള പ്രഭയാന്റിയുടെ വീട്ടിലേക്ക് മാറുകയാണെന്നുമുള്ള വിവരം അച്ഛനോട് പറയാൻ രഞ്ജിത്ത് അമ്മയെ ഏൽപ്പിക്കുന്നു. മകന്റെ നിർബന്ധത്തിന് വഴങ്ങി സിത്താരയൊടുക്കം കെ.പി.പി. നമ്പ്യാരുടെ സമക്ഷത്ത് ഹരജി നൽകി അനുവാദം വാങ്ങി നൽകുന്നു. ‘ഒരു തവണ ട്രൈ ചെയ്‌തോ, കിട്ടിയാൽ കലക്ടർ, ഇല്ലെങ്കിൽ, പഴയ പോലെ വീട്ടിലെ ഗുമസ്തൻ' എന്ന താക്കീതോടെ അയാൾ മകനെ യാത്രയാക്കുന്നു.
വേൾഡ് പീസ് ഫൗണ്ടേഷൻ ബാംഗ്ലൂരിൽ വെച്ച് നടത്തുന്ന ‘This world has no boundaries’ എന്ന പേരിൽ വേൾഡ് റഫ്യൂജി വെൽഫെയറിനായി നടത്തുന്ന സാന്റ് ആർട്‌സ് പെർഫോമിങ്ങ് ഷോയിൽ പങ്കെടുക്കുവാനായി ലൈല എത്തുന്നു. ഷോ കാണാനെത്തുന്ന രഞ്ജിത്തിനൊപ്പം അന്നത്തെ രാത്രിയവൾ ചെലവഴിക്കുന്നു. തൊട്ടടുത്ത ദിവസം വൈകുന്നേരംവരെ ഇരുവരും ബാംഗ്ലൂർ നഗരം ചുറ്റിയടിച്ചു. തിയേറ്ററിലും പാർക്കിലുമായി നഗരത്തിന്റെ ഓരോ മുക്കും മൂലയും ശലഭങ്ങളെ പോലെ ഉല്ലസിച്ചു. നിർഭാഗ്യമെന്ന് പറയട്ടെ, ഇരുവരേയും വഴിയോരത്തുവെച്ച് കണ്ട പ്രഭയാൻറി, ഈ വിവരം കയ്യോടെ രഞ്ജിത്തിന്റെ അച്ഛനെ വിളിച്ചറിയിച്ചു. കേട്ടപാതി കേൾക്കാത്ത പാതി കെ.പി.പി. നമ്പ്യാർ പാഞ്ഞെത്തി. വന്നുകയറിയപാടെ മേത്തച്ചിയെ പ്രേമിക്കുന്ന മകനെ തിരുത്താൻ നോക്കിയൊരു ഗിരിപ്രഭാഷണം വെച്ചു കാച്ചി. എല്ലാം തലകുലുക്കി കേട്ടശേഷം അച്ഛനെ അനുസരിക്കാൻ കഴിയില്ലെന്നും തനിക്കൊരു വിവാഹമുണ്ടങ്കിൽ ലൈലയായിരിക്കും വധുവെന്നും രഞ്ജിത്ത് തീർപ്പ് പറഞ്ഞു. ഇതുകേട്ടതും, തനിക്കിനി ഇങ്ങനെയൊരു മകനില്ലെന്ന ക്ലീഷേ ഡയലോഗ് അടിച്ച് അയാളൊരു ടിപ്പിക്കൽ ഫ്യൂഡൽ തന്തയായി മാറി.
അളിയെന്റ ഈ ഊളത്തരം കണ്ടുനിൽക്കാൻ കഴിയാത്തതുകൊണ്ടാണോ എന്തോ കെ.പി.പി. നമ്പ്യാരെ തടഞ്ഞുകൊണ്ട് പ്രശ്‌നത്തിലിടപെട്ട് പ്രഭയുടെ ഭർത്താവ് അശോകൻ സംസാരിക്കാൻ തുടങ്ങി. അങ്കിളിന്റെ സമാധാനപ്പെടുത്തലുകൾക്ക് ചെവി കൊടുക്കാതെ പ്രഭയാന്റിയേയും അച്ഛനേയും പുച്ഛത്തോടെയൊന്ന് നോക്കി കാറിത്തുപ്പിക്കൊണ്ട് രഞ്ജിത്ത് അവിടെ നിന്നിറങ്ങി നടന്നു.
അച്ഛനുമായി തെറ്റിപ്പിരിഞ്ഞ് കൂട്ടുകാരുടെ സഹായത്തിൽ ജീവിക്കുകയാണ് രഞ്ജിത്തെന്ന് അറിയുന്നതോടെ അവനെ കാണാനും ഭാവി കാര്യങ്ങൾ തീരുമാനിക്കുവാനുമായി ലൈല വീണ്ടും ബാംഗ്ലൂർക്കെത്തുന്നു. കൂട്ടുകാരൻ സഹദിന്റെ ഫ്ലാറ്റിലെത്തി അവൾ കാര്യങ്ങൾ തിരക്കുന്നു. അപ്പോഴാണ്, എക്‌സാം തോറ്റതിന്റെ നിരാശയിൽ രഞ്ജിത്താകെ നിലതെറ്റി നിൽപ്പാണെന്ന് മനസ്സിലാകുന്നത്. അവന്റെ ആ ശോകാവസ്ഥ മാറ്റാനായി കുറച്ചുദിവസമവൾ കൂടെ നിൽക്കുന്നു. ഒന്നൊന്നരയാഴ്ച നീണ്ട ആ താമസത്തിനൊടുവിൽ, രഞ്ജിത്തിന് താൽപര്യമുള്ളൊരു ബിസിനസ് തുടങ്ങാൻ ലൈല പ്രേരിപ്പിക്കുന്നു. നമുക്കുവേണ്ട പൈസ ഉപ്പയുടെ കയ്യിൽ നിന്ന് വാങ്ങാമെന്ന് പറഞ്ഞവൾ പ്രതീക്ഷ നൽകുന്നു.
പൂനെയിലെ ഷോ കഴിഞ്ഞ് തിരിച്ചെത്തുമെന്ന് പറഞ്ഞ സമയം കഴിഞ്ഞിട്ടും മകളെ കാണാത്തതിനാൽ വിളിച്ചന്വേഷിച്ച ലത്തീഫിക്കയോട് കള്ളം പറഞ്ഞ് ഒഴിയാൻ ശ്രമിച്ചെങ്കിലും ഒടുക്കം പിടിക്കപ്പെട്ടു. ബോയ്ഫ്രണ്ടിന് വയ്യാത്തതുകൊണ്ട് അവനെയൊന്ന് ഓക്കെയാക്കാൻ കൂടെ നിൽക്കുകയാണെന്ന് ലൈലയ്ക്ക് പറയേണ്ടി വന്നു. ഉടനെ തന്നെ വീട്ടിലേക്ക് രഞ്ജിത്തിനേയും കൂട്ടി വരാമെന്ന് പറഞ്ഞാണ് അവൾ ആ കോൾ കട്ട് ചെയ്തത്.
ലൈലയൊരു കാഫിറിന്റെ കൂടെ ജീവിക്കാൻ തീരുമാനിച്ചത് അംഗീകരിക്കാൻ അവളുടെ ഉമ്മയ്ക്കും ബന്ധുക്കൾക്കും കഴിഞ്ഞില്ല. അവർ ഓരോരോ തടസവാദങ്ങൾ നിരത്തി കൊണ്ടിരുന്നു. ‘നിറം കറുപ്പാണ്, ഹിന്ദുവാണ്. ജോലിയില്ല.' ഇങ്ങനെ രഞ്ജിത്തിേന്റതായ കുറവുകളോരോന്നും ഉമ്മയും കൂടപ്പിറപ്പുകളും അമ്മാവനും എടുത്തിട്ടപ്പോളും ലൈല തളർന്നിരുന്നില്ല. പക്ഷെ, ഉപ്പയുടെ മൗനം അവളെ വല്ലാതെ നിസ്സഹായയാക്കി. താൻ ആരാധിച്ചിരുന്ന ഉപ്പയുടെ നിലപാടില്ലായ്മയിൽ അവൾക്ക് അങ്ങേയറ്റത്തെ അമർഷം തോന്നി. അമർഷം വ്യസനമായും അഭ്യർത്ഥനയായും രൂപം മാറിക്കൊണ്ടിരുന്നു. ‘തനിക്ക് സ്റ്റുഡിയോ തുടങ്ങാൻ തരാമെന്നേറ്റ ടൗണിലെ 30 സെൻറ് സ്ഥലം രജിസ്റ്ററാക്കി തരണമെന്നും അവിടെയൊരു പെട്ടിക്കട ഇട്ടെങ്കിലും തങ്ങള് കഴിഞ്ഞോളാം, സഹായിക്കണം’ എന്നെല്ലാം പറഞ്ഞ് ലൈല ഉപ്പയുടെ കാലിൽ വീഴുന്നു.
കണ്ണീരിലും കാലുപിടുത്തത്തിലും വീഴാത്ത ഉപ്പയെ പ്രകോപിച്ചെങ്കിലും കാര്യം നേടാൻ ലൈല തീരുമാനിക്കുന്നു. ‘സഹായം ചോദിച്ചെത്തുന്നവരെ കൈവിടാത്തവനാണെന്ന് സ്വയം പറഞ്ഞും നാട്ടുകാരെക്കൊണ്ട് പറയിച്ചും കഴിയുന്ന ആള് സ്വന്തം മോളെ കൈവിടുന്നത് എന്തുകൊണ്ടാണ്? ജാതിയും മതവും നോക്കി മനുഷ്യരെ വേർതിരിക്കുന്നത് ശരിയല്ല' എന്നിങ്ങനെ ഒളിഞ്ഞും തെളിഞ്ഞും ഉപ്പയോടവൾ പ്രകോപനപരമായി സംസാരിച്ചുകൊണ്ടിരുന്നു. ലൈലയുടെ ഈ കുത്തുവാക്കുകൾ സഹിക്കാതായപ്പോൾ, മകളോടായി ലത്തീഫിക്ക തന്റെ ഭാഗം പറഞ്ഞു തുടങ്ങി.
രഞ്ജിത്തിന്റെ മതമോ ജാതിയോ താൻ നോക്കീട്ടില്ലെന്നും അവന് ജോലിയും കൂലിയുമില്ലാത്തതൊന്നും തനിക്ക് പ്രശ്‌നമല്ലെന്നും പറഞ്ഞ് ലത്തീഫിക്ക മകളെ ചേർത്തുപിടിക്കുന്നു. ലൈലയുടെ നെറുകയിൽ ആശ്വാസമേകുന്നൊരു ചുംബനം നൽകി കൊണ്ട് നിസ്സഹായത നിറഞ്ഞ സ്വരത്തിൽ അയാൾ കൂട്ടിച്ചേർത്തു. തന്റെ സ്വത്തിൽ അവകാശം കിട്ടണമെങ്കിൽ അലിക്കുട്ടിയെ ലൈല വിവാഹം ചെയ്യണമെന്നും തന്റെ ജീവൻ രക്ഷിച്ച അലിയുടെ ഉപ്പയ്ക്ക് കൊടുത്ത വാക്കാണതെന്നും പറഞ്ഞ് നിർത്തുന്നു. തന്റെ അവകാശിയായി അലിയെ വാഴിച്ചോളാം എന്ന് അവന്റെ പിതാവിന് കൊടുത്ത വാക്കുകൾ ഓർത്തെടുത്ത് പറയുമ്പോൾ, 2002 ഫെബ്രുവരി 27ന് ശേഷമുള്ള അഹമ്മദാബാദ് നഗരത്തിൽ താൻ പെട്ടുപോയതിന്റെ ഭയപ്പാടിൽ ലത്തീഫിക്കയൊന്ന് മോഹാലാസ്യപ്പെട്ട് വീണുപോയി. ജീവൻ തിരിച്ചുകിട്ടിയതിന്റെ ഓർമ പാനിക് അറ്റാക്കായി അന്നും ലത്തീഫിക്കയെ കീഴടക്കി.
ആശുപത്രി കിടക്കയിൽ കിടന്ന്, അലിക്കുട്ടിയെ കിട്ടിയ ഫ്‌ളാഷ്ബാക്ക് കഥ ലത്തീഫിക്ക ഓർത്തെടുത്തു. 2002 ഫെബ്രുവരി 21നാണ് ചരക്കെടുക്കാനായി സൂറത്തിലേക്ക് പോകുന്നത്. കോഴിക്കോട് പുതുതായി തുടങ്ങുന്ന മൈമൂന സിൽക്ക്‌സിലേക്ക് വേണ്ട പർച്ചേഴ്‌സ് നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഗോധ്ര സ്റ്റേഷനിൽ വെച്ച് സബർമതി എക്സ്പ്രസ് അഗ്നിക്കിരയാക്കപ്പെട്ടതും കലാപം കാട്ടുതീ പോലെ പടർന്ന് വംശഹത്യയുടെ രൂപം പൂണ്ട് അഹമ്മദാബാദിനേയും സൂറത്തിനേയും അടക്കം അവിടെമാകെ സംഹാരതാണ്ഡവമാടിയത്. മാർച്ച് ഏഴാം തിയതി മൈമൂനയുടെ പിറന്നാളിന് കോഴിക്കോട്ടെ ഷോപ്പിന്റെ ഉദ്ഘാടനം നടത്താൻ കച്ചകെട്ടിയിറങ്ങിയത് പൊല്ലാപ്പായല്ലോ എന്ന ചിന്തയിൽ, ലത്തീഫിക്ക തുണിമില്ലിലെ മാനേജർ പീറ്ററിന്റെ വീട്ടിൽ കഴിച്ചുകൂട്ടി. പീറ്ററിന്റെ ഉത്സാഹത്തിലാണ്, അലിക്കുട്ടിയുടെ അച്ഛന്റെ ട്രക്ക് ഏർപ്പാടാക്കിയത്. അന്ന്, മരണത്തിൽ നിന്ന് തന്നെ രക്ഷിച്ച അലിക്കുട്ടിയുടെ ഉപ്പയ്ക്ക് കൊടുത്ത വാക്ക് പാലിക്കപ്പെട്ടാൽ മാത്രമേ തന്റെ സ്വത്തിൽ ലൈലക്ക് അവകാശമുള്ളൂ എന്ന് ലത്തീഫിക്ക വ്യകതമാക്കുന്നു. രഞ്ജിത്തിനെ വിവാഹം ചെയ്താൽ സ്വത്ത് തരില്ലെന്നും മകളുടെ തെരഞ്ഞെടുപ്പിനെ താൻ എതിർക്കില്ലെന്നുകൂടി കൂട്ടിച്ചേർത്തു. അതുവരെ എല്ലാം കേട്ടുകൊണ്ട് നിശ്ശബ്ദനായി നിന്നിരുന്ന അലിക്കുട്ടി ഇതോടെ തന്റെ നയം വ്യക്തമാക്കി. ‘ലൈലാനെ പെങ്ങളായെ കണ്ടിട്ടുള്ളൂ, ലൈലാത്തയും ബാബയും കാണിച്ചു തര്ണ പെണ്ണിനെ കെട്ടിക്കോളാം’ എന്നുപറഞ്ഞ ശേഷം ടൗണിലെ സ്ഥലം ലൈലയുടേയും രഞ്ജിത്തിേന്റയും പേരിലേക്ക് തീറെഴുതി കൊടുക്കാൻ ആവശ്യപ്പെടുന്നു. അന്നേരമാണ്, പുക്കിലത്തറയിൽ സുൽഫത്തിന്റെ പേരിലുണ്ടായിരുന്ന സ്ഥലത്തോടൊപ്പം എടപ്പാൾ ടൗണിലെ സ്ഥലവും ചേർത്താണ് കെ.പി.പി.നമ്പ്യാർക്ക് വിറ്റ് സിനിമയിൽ ഇൻവെസ്റ്റ് ചെയ്തതെന്നും ലത്തീഫിക്ക തുറന്നുപറയുന്നത്. അങ്ങനെയാണ്, ലത്തീഫിക്കയുടെ സിനിമാ നിർമാണത്തെ പറ്റി ആദ്യമായി വീട്ടിലറിയുന്നത്. ഏതാനം ദിവസങ്ങൾക്കുള്ളിൽ, ലൈല രഞ്ജിത്തിനെ വിവാഹം കഴിച്ചു. രജിസ്റ്റർ മാരേജ് കഴിഞ്ഞ് ഇരുവരും സുഹൃത്തുക്കൾ കൊച്ചിയിൽ അറേഞ്ച് ചെയ്ത ഫ്ലാറ്റിലേക്ക് താമസം മാറുന്നു.
അംബിക, ശോഭന, ഉർവ്വശി, മഞ്ജുവാര്യർ തുടങ്ങിയ നടികളെ പോലെ പേരെടുത്തൊരു താരമാകാനുള്ള തന്റെ രഹസ്യമോഹത്തെ ഉമ്മുകുൽസു പൂർവ്വാധികം ശകതിയോടെ താലോലിക്കാനും ഉമ്മയും ഉപ്പയുമറിയാതെ ഈ രഹസ്യത്തെ സൂക്ഷിക്കാനും പരമാവധി ശ്രമിച്ചുപോന്നു. അവരറിഞ്ഞാൽ തന്റെയീ ആഗ്രഹത്തെ മതവിധിയും സദാചാരവും പറഞ്ഞ് എതിർക്കുമെന്നവൾക്ക് നല്ല നിശ്ചയമുണ്ട്. ഉള്ളിലൊതുക്കിയിരുന്ന ആഗ്രഹം കയ്യെത്തും ദൂരത്ത് പൂവണിയാൻ പോകുന്നെന്ന ഉറച്ച വിശ്വാസത്തിലവൾ ലത്തീഫിക്കയ്ക്ക് ചുറ്റും ഉപഗ്രഹം കണക്ക് കറങ്ങാൻ തുടങ്ങി. കുൽസുവിന്റെ സ്വപ്നം യാഥാർത്യമാക്കി അവളെ താരമാക്കാൻ സഹായിച്ചാൽ, തനിക്കുമുമ്പിലവൾ വഴിപ്പെടാൻ സാധ്യതയുണ്ടെന്നുള്ള ഊഹത്തിൽ മനക്കണക്ക് കൂട്ടിക്കൊണ്ട് ലത്തീഫിക്ക അവളുടെ സാന്നിദ്ധ്യത്തെ പ്രോത്സാഹിപ്പിച്ചു. തന്റെ സിനിമയുടെ ഓരോ അപ്‌ഡേറ്റ്‌സും അയാൾ കുൽസുവുമായങ്ങനെ പങ്കുവെച്ചു. രചന പിക്‌ച്ചേഴ്‌സ് നിർമ്മിക്കുന്ന ‘മഞ്ഞുകാലം' എന്ന സിനിമയിൽ ഉപനായികയാക്കാൻ സംവിധായകൻ സമ്മതിച്ചു എന്നറിഞ്ഞതോടെ ഉമ്മകുൽസു സ്വർഗം കീഴടക്കിയ വിശ്വാസിയുടെ ഉന്മാദത്തിലേക്കാഴ്ന്നുപോയി.
തന്റെ മകളാണെന്നു പറഞ്ഞാണ് ലത്തീഫിക്ക ഉമ്മുകുൽസുവിനെ ‘മഞ്ഞുകാലം' സിനിമയുടെ ഡയറക്ടർ അനന്തുവിനും മറ്റ് ക്രുമെമ്പേഴ്‌സിനും പരിചയപ്പെടുത്തിയത്. ഷൂട്ടിങ്ങ് തുടങ്ങി ആദ്യത്തെ ആഴ്ച പിന്നിട്ടതോടെയാണ് കുൽസുവിന് ക്യാമറക്കുമുമ്പിൽ നിൽക്കാൻ പറ്റിയത്. രണ്ട് ദിവസം കഴിഞ്ഞ്, ആദ്യമായി ഡയലോഗ് പറയാൻ അവസരം കിട്ടി. അന്നത്തെ ഷൂട്ട് പാക്കപ്പായ ശേഷം നേരെ അവൾ ലത്തീഫിക്കാന്റെ മുറിയിലെത്തി. സന്തോഷത്താൽ മതിമറന്ന കുൽസു ലത്തീഫിക്കയെ കെട്ടിപ്പിടിച്ച് നൃത്തം ചെയ്തു. മദ്യലഹരിയിലെ നൃത്തത്തിനിടയിൽ അയാൾ അവളെ ചുംബിക്കാനായുന്നു. ‘പടം റിലീസായി താനൊരു നടിയായാലേ ലത്തീഫിക്കാന്റെ മോഹം നടക്കൂ' എന്നവൾ തന്ത്രപൂർവ്വം പറഞ്ഞൊഴിയുന്നു.
രചന പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ലത്തീഫിക്കയും സുഹൃത്തുക്കളും നിർമ്മിയ്ക്കുന്ന ‘മഞ്ഞുകാലം' എന്ന ചലച്ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങി 27ാം ദിവസം, പാട്ണറുമായുള്ള കലഹത്തെ തുടർന്ന് നായിക നടി അപ്‌സര ആത്മഹത്യ ചെയ്യുന്നു. ഇതോടെ ലത്തീഫിക്കയുടെ സിനിമാസ്വപ്നം പാതിയിൽ പൊലിഞ്ഞു പോകുന്നു. സിനിമ മുടങ്ങി തിരികെ നാട്ടിലെത്തുന്ന ലത്തീഫിക്കയെ കാത്തിരുന്നത് ദുരന്തങ്ങളുടെ ഘോഷയാത്രയായിരുന്നു. പിണങ്ങിപ്പോയ സുൽഫത്ത് വിവാഹ മോചനത്തിന് കേസ് കൊടുത്തു. മകളുടെ പ്രായമുള്ള വെപ്പാട്ടിയെ നായികയാക്കാനായി സിനിമ പിടിച്ച് തൃശൂരുള്ള മൈമൂന ടെക്‌സറ്റെയിൽസൊഴികെ ബാക്കിയുള്ള സ്ഥാപനങ്ങളും പലയിടങ്ങളിലായുണ്ടായിരുന്ന ഭൂമിയും വിറ്റുതുലച്ച ധൂർത്തനും അസന്മാർഗിയുമായ പിതാവിനെ സുബൈർ ചോദ്യം ചെയ്തു. മൈമൂനയും കെട്ടിയോനും കൂടെ ചേർന്നു. അവർക്ക് താങ്ങായി സുൽഫത്തും അളിയനും നിലകൊണ്ടതോടെ ലത്തീഫിക്ക തളർന്നു പോയി. കുറ്റപ്പെടുത്തലും കുത്തുവാക്കുകളും തീർത്ത മാനഹാനിയുടെ കയ്പ്പ് രുചിച്ച് നിരാശപ്പെട്ട് ആത്മഹത്യയുടെ വക്കോളമെത്തിയ ഘട്ടത്തിൽ താങ്ങായത് അലിക്കുട്ടി മാത്രമായിരുന്നു.
മകൾ ഒളിച്ചോടിയതിന്റെ മാനക്കേട് സൃഷ്ടിച്ച മനോവിഷമമാണോ തീപ്പൊള്ളലേറ്റ് കിടന്നതിന്റെ പ്രതിഷേധമാണോ എന്നൊരു തീർച്ചയില്ലാത്തൊരു ഹൃദയാഘാതം വന്ന് ഇസ്മായിലിക്കയങ്ങ് മരിച്ചുപോയി. മൂപ്പരുടെ കബറടക്കം കഴിഞ്ഞ്, പതിനാറിന്റെ അന്നാണ്, സിനിമ മുടങ്ങി ഒരുഗതിയും പരഗതിയുമില്ലാതെ ഉമ്മുകുൽസു വീട്ടിലേക്ക് തിരിച്ചെത്തുന്നത്. ഭർത്താവ് മരിച്ച് കിടപ്പാടം പോകുമോ എന്ന ഭയത്തിൽ കഴിയുന്ന സൈനബയ്ക്ക് ചീത്തപ്പേര് കേൾപ്പിച്ച മകള് വളരെ പെട്ടെന്ന് തന്നെയൊരു ഭാരമായി മാറി. ഇതോടെ തന്റെ മകളെ ലത്തീഫ് നിക്കാഹ് ചെയ്യണമെന്ന ആവശ്യവുമായി കുൽസുവിന്റെ ഉമ്മ രംഗത്തിറങ്ങി. പൗരപ്രമുഖരേയും പള്ളിക്കമ്മറ്റിക്കാരെയും കൂടെക്കൂട്ടി സൈനബ ലൈല മൻസിലിലേക്ക് കയറിച്ചെന്നു. സുൽഫത്ത് ഡൈവോഴ്‌സ് വാങ്ങിപോയതിനാലും ഇസ്മായിലിക്കാെന്റ കുടുംബം താൻ നശിപ്പിച്ചെന്ന മാനക്കേട് പേറാണ്ടിരിക്കാനും സർവ്വോപരി കുൽസുവിന്റെ ഉടലിലൊരു കണ്ണ് ഉള്ളതിനാലും കൂട്ടിക്കിഴിച്ച് നോക്കിയൊടുക്കം ഉമ്മുകുൽസുവിന് മഹറ് കൊടുക്കാൻ തന്നെ ലത്തീഫിക്ക തീരുമാനിച്ചു.
ഉപ്പയുടെ നിക്കാഹിനെ കുറിച്ചറിഞ്ഞതും മൈമൂനയും സുബൈറും ലൈല മൻസിലിലേക്ക് പാഞ്ഞെത്തി. തങ്ങളുടെ റെപ്യുട്ടേഷനെ ബാധിക്കുമെന്ന് പറഞ്ഞവർ ഉപ്പയുമായി ഉടക്കി. മക്കൾ രണ്ടാളും കട്ടയ്ക്ക് എതിരുനിന്നതും കുൽസുവിനും അവളുടെ ഉമ്മയ്ക്കും കൊടുത്ത വാക്കിൽ നിന്നും ലത്തീഫിക്ക പിന്മാറുന്നു. ഉമ്മുകുൽസുവിനെ വിവാഹം കഴിക്കാൻ കഴിയില്ലെന്നും താൻ നിസ്സഹായനാണെന്നും വ്യക്തമാക്കുന്നു. നടിയാവാനായി വീട് വിട്ടിറങ്ങി താനുണ്ടാക്കിയ ചീത്തപ്പേര് മാറാനും തന്റെ കൂടപ്പിറപ്പുകൾക്കൊരു നല്ല ജീവിതം കിട്ടാനും തന്റെ നിക്കാഹ് ഉടനെ നടക്കേണ്ടതുണ്ടെന്ന് അവൾ മറുപടി നൽകുന്നു. കെട്ട്ണതേത് കോന്തനായാലും വേണ്ടില്ല മാന്യമായൊരു തുക തരികയും പണയപ്പെട്ട വീട് തിരിച്ചെടുത്ത് കൊടുക്കകയും ചെയ്യണമെന്നും അങ്ങനെയെങ്കിൽ ലത്തീഫിക്കയുമായുള്ള നിക്കാഹിൽ നിന്നും പിന്മാറാമെന്നുള്ള തന്റെ നയം കുൽസുവും വ്യകതമാക്കി. ‘ഉമ്മാന്റെ കണ്ണ് മഞ്ഞളിക്ക്ണ തരത്തില് പൈസയും, തന്നെ കെട്ടാനൊരു പയ്യനേയും ഒപ്പിച്ചാല് ഇങ്ങള് കയിച്ചലായി' എന്നും പറഞ്ഞവൾ നിഗൂഢമായൊന്ന് മന്ദഹസിച്ചു.
അവളുടെ ഈ പറച്ചിലും ചിരിയും കണ്ട് പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിക്കാമെന്ന് ലത്തീഫിക്കയ്ക്ക് തോന്നി. താൻ കിണറ്റിൽ ചാടാൻ പറഞ്ഞാൽ ഉടനടി ചാടുമെന്നുറപ്പുള്ള അലിക്കുട്ടിയെ കൊണ്ട് ഉമ്മുകുൽസുവിനെ കെട്ടിക്കാൻ അയാൾ അങ്ങനെ തീരുമാനിച്ചുറപ്പിക്കുന്നു.
അവശേഷിച്ച മൈമൂന ടെക്‌സ്റ്റെയിൽസ് വിറ്റുകിട്ടിയ പണം കൊണ്ട് പണയപ്പെട്ടിരുന്ന ഇസ്മാഇലിക്കാന്റെ വീട് തിരിച്ചെടുക്കുകയും, കുൽസുവിനും അലിക്കുട്ടിയ്ക്കും താമസിക്കാനായി പുതിയൊരു കൊച്ചുവീട് പണിതു കൊടുക്കുകയും ചെയ്തു. ബാക്കി വന്ന നല്ലൊരു അമൗണ്ട് ലത്തീഫിക്ക കുൽസുവിന്റെ ഉമ്മയെ ഏൽപ്പിച്ചു. പൈസ കിട്ടി മൂന്നാമത്തെ തിങ്കളാഴ്ച, അലിക്കുട്ടിയുടേയും ഉമ്മുകുൽസുവിന്റെയും നിക്കാഹ് കഴിഞ്ഞു.
കുൽസു അലിക്കുട്ടിയുടെ ഭാര്യയായതോടെ ലത്തീഫിക്കയിൽ വല്ലാത്തൊരു നഷ്ടബോധവും വിഷാദവും നുരകുത്തി. ഇതോടെ അലിക്കുട്ടിയെ തന്ത്രത്തിൽ ഒഴിവാക്കി, മണിയറയിൽ കയറി ഉമ്മുകുൽസുവിനെ ആദ്യമായും അവസാനമായും ഭോഗിക്കാനുള്ള കുതന്ത്രം അയാൾ മെനഞ്ഞു. ആശ നിറവേറ്റാനായി കരുക്കൾ നീക്കി, അലിക്കുട്ടിയ്ക്ക് പകരമായി അയാൾ മണിയറയിലെത്തുന്നു. ലത്തീഫിക്കയുടെ ആസക്തിക്കുമുമ്പിൽ പാതി മനസ്സോടെ ഉമ്മുകുൽസുവിന് കീഴടങ്ങേണ്ടി വന്നു. സുരതത്തിനുശേഷം സ്നേഹചുംബനം നൽകി മണിയറയിൽ നിന്ന്പുറത്തേക്കിറങ്ങാൻ തുടങ്ങുന്ന ലത്തീഫിക്കയെ കുൽസു തടഞ്ഞുനിർത്തുന്നു. ‘കെട്ടുദോഷം മാറാൻ വാഴേനെ കല്ല്യാണം കഴിക്ക്ണ ചടങ്ങുണ്ട് ഹിന്ദുക്കൾക്കിടയില്. അതേക്കൂട്ടൊരു നിക്കാഹാണ് അലിക്കുട്ടിനെയ്റ്റ് കഴിഞ്ഞതെന്നാണ് കരുത്ണത്. വളർത്ത് മോനായാലും വളർത്തു പട്ടിയായാലും ഇനിയീ പടിക്ക് പുറത്തായിരിക്കണം, ഓന്റെ സ്ഥാനം, തിരിഞ്ഞാ?' തീ പാറുന്ന നോട്ടത്തോടെ അവൾ പറഞ്ഞ് അവസാനിപ്പിക്കുന്നു. മറുപടിയായി സമ്മതഭാവത്തിൽ തലയാട്ടിക്കൊണ്ട് ലത്തീഫിക്ക പ്രണയാർദ്രമായൊന്ന് ചിരിക്കുന്നു.
ലത്തീഫിക്കാന്റെ വളർത്തുമകൻ അലിക്കുട്ടി ആവ്ണതിനുമുമ്പ് അർജുൻ എന്നായിരുന്നൂ അവന്റെ പേര്. അച്ഛന്റെ ചരക്കുലോറിയിലിരിക്കുന്ന നിറം മങ്ങിയൊരു ബാല്യകാല ഫോട്ടോ മത്രമേ പഴയ കാലത്തിന്റെ ഓർമ്മ ബാക്കിയായി അലിക്കുട്ടിയുടെ കയ്യിലുള്ളൂ. പ്രസവത്തിൽ മരിച്ചുപോയതാണ് അമ്മ രുദ്ര. സൂറത്തുകാരിയായ ഭാര്യ മരിച്ചതോടെ അവളുടെ നാടുവിട്ട് എത്തിച്ചേരുന്ന തെരുവുകളിലായി രാഘവന്റെ താമസം. ട്രക്കോടിച്ച് കിട്ടുന്ന തുക കൊണ്ട് അർജുനെ അല്ലലറിയിക്കാതെ പോറ്റി. മകനെ സ്ക്കൂളിൽ ചേർക്കേണ്ട പ്രായമായപ്പോഴാണ് രാഘവൻ അഹമ്മദാബാദിൽ എത്തിച്ചേരുന്നത്. അവിടത്തെ ഏറ്റവും മികച്ച സ്ക്കൂളുകളിലൊന്നിൽ മകന് വേണ്ടിയൊരു അഡ്മിഷന് ശ്രമിക്കുമ്പോഴാണ് വിസ്ഡം ഇന്റർനാഷനൽ സ്ക്കൂളിലെ പ്യൂൺ ഡേവിഡ് തന്റെ അളിയൻ പീറ്റർ ജോലി ചെയ്യുന്ന തുണിമില്ലിൽ നിന്നുള്ള ലോഡും കൊണ്ട് പോകാനുള്ള ഓട്ടം പിടിച്ചു കൊടുക്കുന്നത്.
രാഘവന്റെ ട്രക്കിൽ തന്റെ ടെക്സ്റ്റയിൽസിലേക്കുള്ള തുണിത്തരങ്ങൾ കയറ്റി അഹമ്മദാബാദിൽ നിന്ന് 2002 മാർച്ച് മൂന്നാം തിയതി രാത്രി ലത്തീഫിക്ക യാത്ര തിരിക്കുന്നു. യാത്രയ്ക്കിടയിൽ ഡ്രൈവറുമായും അയാളുടെ കുഞ്ഞുമായും വളരെ പെട്ടെന്ന് തന്നെ ലത്തീഫിക്കയ്‌ക്കൊരു ആത്മബന്ധം ഉടലെടുത്തു. തെരുവിൽ പാർക്ക്ണത് നിറുത്തി നാട്ടില് സെറ്റിലാവാൻ അയാൾ ഉപദേശിക്കുന്നു. ഉറ്റവരും ഉടയവരുമില്ലാതെ നാടുവിട്ടവന് എല്ലാനാടും ഒരുപോലെയെന്ന് പറഞ്ഞ് ആദ്യം രാഘവൻ ഒഴിഞ്ഞു മാറുന്നു. മകന്റെ ഭാവിയ്ക്കും പഠനത്തിനും നല്ലത് നാടാണെന്ന് പറഞ്ഞ് തനിക്കുകൂടി പാട്ണർഷിപ്പുള്ള ഔട്ട്ലുക്ക് ഇന്റർനാഷനൽ സ്കൂളിന്റെ വിസിറ്റിംങ്ങ് കാർഡെടുത്ത് നൽകുന്നു. കാർഡ് വാങ്ങി ഷർട്ടിന്റെ പോക്കറ്റിലിട്ട് രാഘവനൊന്ന് പുഞ്ചിരിച്ചു. മറുചിരിയ്‌ക്കൊപ്പം ലത്തീഫിക്ക സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുക കൂടി ചെയ്തു. ട്രക്ക് അഹമ്മദാബാദിന്റെ നഗരാതിർത്തി പിന്നിട്ടതോടെ വംശീയവാദികളായ അക്രമികൾ ലഹളക്കാലത്തെ പ്രിവിലേജ് പ്രയോജനപ്പെടുത്തിക്കൊണ്ട് ട്രക്ക് തടയുന്നു. ലത്തീഫിക്കയുടെ വേഷവും സംസാരവും കണ്ട് മുസ്ലിമാണെന്ന് മനസ്സിലാക്കി അക്രമിക്കാൻ തുടങ്ങുന്നു.
അക്രമകാരികളുടെ പിടിയിൽ നിന്ന് ലത്തീഫിക്കയെ രക്ഷിച്ചെടുക്കാനായി തന്നാലാവും വിധം രാഘവൻ ശ്രമിക്കുന്നു. ജീവത്യാഗം നടത്തിക്കൊണ്ട് അയാൾ ആ ശ്രമത്തിൽ വിജയിക്കുന്നു. അക്രമികളിൽ നിന്നും ലത്തീഫിക്കയെ രക്ഷപ്പെടുത്തിയശേഷമാണ്, തലയ്‌ക്കേറ്റ മുറിവിൽ നിന്ന് ചോര വാർന്ന് രാഘവൻ മരണത്തിന് കീഴടങ്ങുന്നത്. ആറ് വയസുകാരൻ അർജുനെ ലത്തീഫിക്കയുടെ കൈകളിൽ ഏൽപ്പിച്ചുകൊണ്ട് രാഘവൻ കണ്ണടച്ചു. ‘അച്ചൂനെ മകനെപ്പോലെ നോക്കണം, നിങ്ങളുടെ സ്വത്തിന്റെ അവകാശിയാക്കണം' എന്നുള്ള ഒസ്യത്ത് ലത്തീഫിക്കയ്ക്ക് നൽകിക്കൊണ്ടാണ്, രാഘവൻ പ്രാണൻ വെടിഞ്ഞത്. അച്ഛന്റെ ചലനമറ്റ ശരീരത്തിൽ പറ്റിനിന്ന് തേങ്ങിക്കരയുന്ന ആറ് വയസ്സുകാരനെ, രാഘവന്റെ മൃതദേഹത്തിനരികെ നിന്ന് പറിച്ചെടുത്ത് തോളത്തിട്ടശേഷം ഒരു നിമിഷം പോലും അവിടെ നിൽക്കാതെ ലത്തീഫിക്ക അന്നവിടെ നിന്നും ഓടിപ്പോരുകയായിരുന്നു. ആ നിമിഷം മുതലാണ്, തന്റെ നാലാമത്തെ സന്തതിയായി ലത്തീഫിക്ക അവന്റെ കാതിൽ അലിക്കുട്ടിയെന്ന് വിളിച്ചത്.
അർജുൻ തന്റെ ഏഴാം പിറന്നാൾ ലത്തീഫിക്കാന്റെ വളർത്തുമകൻ അലിക്കുട്ടിയായാണ് ആഘോഷിച്ചത്. വന്നുകയറിയ ആ വലിയ വീട്ടിൽ, തന്റെ ബാബയും ലൈലയും മാത്രമേ തന്നെയൊരു മനുഷ്യജീവിയായി പരിഗണിക്കുന്നുള്ളൂ എന്ന് മനസ്സിലാക്കിയതോടെ അവൻ കൂടുതൽ ഉൾവലിയാൻ തുടങ്ങി. അച്ഛനെ ആൾക്കൂട്ടം കൊല്ലുന്നത് കണ്ടതിന്റെ പകപ്പ് ബാല്യം വിട്ടിട്ടും അവനിൽ നിന്നകന്നുപോയില്ല. ചെന്നിനായകത്തിന്റെ കയ്പുപോലെ വിഷാദം അവനിലെപ്പോളും നിറഞ്ഞുനിന്നു. ആരോടും മിണ്ടാത്ത അവന്റെ ലോകം ബാബയും ലൈലയുമായി മാറി. ഉമ്മയെന്ന് വിളിച്ചില്ലെങ്കിലും സുൽഫത്തിനെ അവൻ ഉമ്മയായി കണക്കാക്കി.
ബാബ ഏൽപ്പിക്കുന്ന പണികളെല്ലാം ചെയ്തു കഴിഞ്ഞാൽ ബാക്കി കിട്ടുന്ന സമയമെല്ലാം ചിത്രങ്ങൾ വരക്കാനാണ് അലിക്കുട്ടി വിനിയോഗിക്കാറ്. അവന് വരക്കാൻ മോഡലായതിന് ലൈലയെ സുൽഫത്ത് തല്ലിയതിനുശേഷം കുറേക്കാലം അലിക്കുട്ടി ബ്രഷും കാൻവാസും കൈകൊണ്ട് തൊട്ടിട്ടില്ല. തൃശൂർ ഫൈൻ ആർട്‌സ് കോളേജിൽ നിന്ന് പഠനം കഴിഞ്ഞ് രണ്ടാളും തിരിച്ച് ലൈല മൻസിലിൽ എത്തിയ കാലത്തായിരുന്നൂ ഈയൊരു അനിഷ്ട സംഭവം അരങ്ങേറിയത്. സുൽഫത്തിന്റെ നീരസം കാരണം അലിക്കുട്ടി പെയിന്റിങ്ങിൽ നിന്നും റിട്ടയർമെൻറ് എടുത്തെങ്കിലും ആ തീരുമാനത്തിന് അധികനാൾ ആയുസു ണ്ടായിരുന്നില്ല. മൂന്നാല് കൊല്ലം മുമ്പ്, മൈമൂനയുടെ കല്ല്യാണത്തിന് നാട് മുഴുവൻ ഇളകിയെത്തിയപ്പോൾ ആൾക്കൂട്ടത്തിൽ കദീശുമ്മയും ഉമ്മുകുൽസുവും ഉണ്ടായിരുന്നു. മുതിർന്ന ശേഷം കളിക്കൂട്ടുകാരിയെ കണ്ണുനിറച്ച് കാണുന്നത് അന്നായിരുന്നു.
ഏറെ നാളുകൾക്കുശേഷം കണ്ടതിന്റെ സന്തോഷം നീണ്ട സംസാരമായി മാറി. മൈമൂനയുടെ കല്ല്യാണത്തിന്റെ ബഹളങ്ങളെല്ലാം ഒതുങ്ങിയിട്ടും കുൽസു അലിക്കുട്ടിയുടെ മനസ്സിൽ നിന്നിറങ്ങിപ്പോയില്ല. നിശ്ശബ്ദസാന്നിദ്ധ്യമായി അവൾ അവനിൽ കുടിയിരുത്തപ്പെട്ടു. വീണ്ടും അലിക്കുട്ടി വരയ്ക്കാൻ തുടങ്ങി. കാൻവാസിലും മനസ്സിലുമായി കുൽസുവിന്റെ വിവിധ രൂപങ്ങൾ, വിവിധ വർണ്ണങ്ങൾ അലിഞ്ഞ പെയിന്റിങ്ങുകളായി മാറി.
ഉമ്മുകുൽസു അറിയാതെ അവളെ പിൻതുടർന്ന് കാണാനും അകലെ നിന്ന് ആരാധിക്കാനും അലിക്കുട്ടി ശീലമാക്കി. ഉമ്മുകുൽസുവിനോട് തോന്നിയ മുഹബത്ത് പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന ഘട്ടത്തിലെത്തി അസ്വസ്ഥപ്പെടുത്താൻ തുടങ്ങിയതോടെ ലൈലയോട് ചോദിച്ചൊരു തീരുമാനമെടുക്കാമെന്ന് അലിക്കുട്ടി കരുതി. തന്റെ എല്ലാ രഹസ്യങ്ങളുമറിയുന്ന ലൈലാത്താനോട് തന്റെ പ്രണയത്തെ കുറിച്ച് അലിക്കുട്ടി പറയാൻ ശ്രമിക്കവേ, കാലക്കേടിനെന്നോണം ലൈലാന്റെ ഫോൺ ശബ്ദിച്ചു. വേൾഡ് പീസ് ഫൗണ്ടേഷൻ ബാംഗ്ലൂര് വെച്ച് നടത്തുന്ന ‘This world has no boundaries’ എന്ന പ്രോഗ്രാമിനായി ഇന്നുതന്നെ ബാംഗ്ലൂര് എത്തണം എന്നറിയിച്ചു കൊണ്ടുള്ള കോളായിരുന്നു. പ്രോഗ്രാം ക്യുറേറ്റർ നന്ദന്റെ കോൾ അറ്റൻറുചെയ്ത ശേഷം പെട്ടെന്നങ്ങ് ലൈല ബിസിയായിപ്പോയി. പാവം, അലിക്കുട്ടിയ്ക്ക് ഇത്താനോട് തന്റെ പ്രണയകഥ വെളിപ്പെടുത്താൻ അങ്ങനെ കഴിയാതെ പോയി.
എടിപിടിയെന്നോണം ബാഗ് പാക്ക് ചെയ്ത് ലൈല ബാംഗ്ലൂര്ക്ക് പോയി. ഇതോടെ ഇനിയാരുമായും തന്റെ പ്രണയരഹസ്യം പങ്കുവെക്കേണ്ടതില്ലെന്ന് അലിക്കുട്ടി തീരുമാനിച്ചു. ആ അലിക്കുട്ടിയുടെ മുമ്പിലേക്കാണ് ഉമ്മുകുൽസുവിന്റെ മണവാളനാകാനുള്ള ഓഫർ ബാബ വെക്കുന്നത്. ബാബയുടെ ഏത് തീരുമാനത്തേയും അനുസരിക്കാറുള്ള അലിക്കുട്ടി വളരെയേറെ പ്രതീക്ഷകളോടെ, അതിലേറെ ആഹ്ലാദത്തോടെ വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വെച്ചു. എന്നാൽ, അവന്റെ പ്രതീക്ഷകൾക്ക് കടകവിരുദ്ധമായിരുന്നു, വിധി!...
കുൽസുവിനൊത്തുള്ള ജീവിതം തുടങ്ങാൻ മണിയറയിലേക്ക് കാലെടുത്ത് വെക്കുന്ന അലിക്കുട്ടിയ്ക്ക് ആദ്യമൊന്നും തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. കുൽസുവിനൊപ്പം അരുതാത്ത രീതിയിൽ കണ്ടത് തന്റെ ബാബയെ ആയിരിക്കരുതെന്ന് മനസ്സിനെ വിശ്വസിപ്പിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. നിയന്ത്രണം വിട്ട് ഇരുവരേയും അവൻ കടന്നാക്രമിക്കുന്നു. പേ പിടിച്ച നായ യജമാനനെ അക്രമിക്കും പോലെ അലിക്കുട്ടി ബാബയെ ആക്രമിച്ചു. മരണവെപ്രാളത്തിൽ തിരിച്ചടിയ്ക്കുന്ന ലത്തീഫിക്ക. അയാളുടെ അടി മർമ്മത്ത് കൊള്ളുകയും അടി കിട്ടിയ പാവം അലിക്കുട്ടിയങ്ങ് മരിച്ചുപോകുകയും ചെയ്തു.
രാത്രിക്കുരാത്രി, ലത്തീഫിക്കയും ഉമ്മുകുൽസുവും ചേർന്ന് അലിക്കുട്ടിയുടെ മൃതദേഹത്തിൽ കല്ലുകെട്ടി കായലിൽ താഴ്ത്തി. അലിക്കുട്ടിയുടെ അകാല മരണത്തിന് താൻ കാരണക്കാരനായല്ലോ എന്ന കുറ്റബോധം ലത്തീഫിക്കയിൽ അഗ്നിപർവ്വതം പോലെ പുകഞ്ഞു തുടങ്ങി. അലിക്കുട്ടിയുടെ മരണത്തിന്റെ മൂന്നാംപക്കം, അവശേഷിക്കുന്ന സ്വത്തായ ലൈല മൻസിൽ ഉമ്മുകുൽസുവിന്റെ പേരിൽ രജിസ്റ്ററാക്കിയ ശേഷം പോലീസ് സ്റ്റേഷനിൽ ചെന്ന് ലത്തീഫിക്ക കീഴടങ്ങി. അലിക്കുട്ടിയെ താനാണ് കൊന്നതെന്ന് വെളിപ്പെടുത്തി.
അലിക്കുട്ടി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ലത്തീഫിക്കയെ തേടി കൃത്യം ഒരു വർഷത്തിനുശേഷം ഉമ്മുകുൽസുവിന്റെ ആദ്യത്തെ കത്ത് എത്തി. അവർക്കൊരു ആൺകുഞ്ഞ് പിറന്നെന്നതാണ് കത്തിലെ വിശേഷം. കത്ത് വായിച്ചു തീർന്നതും കണ്ണീരണിഞ്ഞ മുഖത്തോടെ മണിക്കൂറുകളോളും മൂപ്പര് പടച്ചോനോട് നന്ദി പറഞ്ഞു. തുടർന്ന്, തന്റെ കുഞ്ഞിന് അലിക്കുട്ടിയെന്ന് പേരിടണമെന്ന് അയാൾ മറുപടി എഴുതി.
മലമക്കാവ് സ്‌കൂളിൽ അലിക്കുട്ടിയെ ചേർത്ത് മടങ്ങും വഴി കുൽസുവിന്റെ കണ്ണുകൾ പരിസരമാകെ തിരഞ്ഞുകൊണ്ടിരുന്നു. പായല് പിടിച്ച മതിലിലും സ്ക്കൂൾ കോമ്പൗണ്ടിലെ നെല്ലിമരത്തിലുമായി, പണ്ട് കോറിയിട്ട ലൈല + കുൽസു = ലൈലക്കുൽസു എന്ന അടയാള വാക്യം കാണുന്നുണ്ടോ എന്ന് ഭൂതക്കണ്ണാടി വെച്ച് നോക്കുന്ന വിദ്യാധരനെന്ന മമ്മൂട്ടി കഥാപാത്രത്തെ പോലെ കുൽസു അന്നേരം മാറിപ്പോയി. അസ്വസ്ഥതയോടെ ചുറ്റും ഉറ്റുനോക്കിക്കൊണ്ടാണ് അവളോരോ ചുവടും മുന്നോട്ടുനടന്നത്. നടത്തത്തിനിടയിൽ, കുൽസു കൈ വിരലുകളിൽ എണ്ണം പിടിച്ച് കണക്കുകൂട്ടി. വരുന്ന 15 ആവുമ്പൊ ലൈലാത്താനെ കണ്ടിട്ട് അഞ്ച് വർഷമാകും. അന്നുതന്നെയാണ് അലിക്കുട്ടിയുടെ ആണ്ടും. വരണ കൊല്ലം ലത്തീഫിക്ക ജയിലീന്ന് ഇറങ്ങുമായിരിക്കും!...
ഇങ്ങനെ പലവിധ ചിന്തകളാൽ മകനേയും ചേർത്തു പിടിച്ച് അവൾ വീട്ടിലേക്ക് നടന്നു.
ലൈല മൻസിലിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോൾ പതിവില്ലാതെ ലൈലാത്തന്റെ കാറ് മുറ്റത്ത് കിടപ്പുണ്ടായിരുന്നു. അന്നേരം, സന്തോഷം കൊണ്ട് കുൽസു ചിരിച്ചു. കൂടെ കൊലുസ് കിലുങ്ങുന്ന ശബ്ദത്തിൽ ആകാശവും ചിരിച്ചു. ▮