സുന്ദരിയെ അറിയുന്ന വിധം

ന്റെ നാൽപ്പതാമത്തെ ജന്മദിനം.
റസ്‌കിൻ ബോണ്ട് എൺപതാം ജന്മദിനത്തിൽ എഴുതിയ കുറിപ്പ് വാട്ട്സ്​ആപ്പിൽ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബിനയോ ഉഷയോ അയച്ചതായിരുന്നു.
ആരാണെന്ന് ഓർക്കുന്നില്ല. രണ്ടുപേരെയും ഞാൻ കണ്ടിട്ടില്ല. കേരളത്തിന് വെളിയിൽ പാർക്കുന്ന രണ്ടുപേർ. സാഹിത്യം തത്വചിന്ത എന്നിവയിൽ തത്പരർ.
അങ്ങിനെയുള്ളവർക്കുള്ള ഒരു ഗ്രൂപ്പായിരുന്നു അത്.
കതിരും കഴമ്പും ഇല്ലാത്തതൊന്നും അവർ ഫോർവാഡ് ചെയ്തിരുന്നില്ല.
രണ്ടുപേരും സുന്ദരികളാണെന്ന് ഞാൻ നിനച്ചു. അവർ എഴുതുന്ന വാക്കുകളിലെ സിന്ദൂരം അവർക്കും ഉണ്ടാകുമല്ലോ. പക്ഷേ അന്നേരം അതൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല. ബിനയും ഉഷയും പിന്നെ റസ്‌കിൻ ബോണ്ടും മാഞ്ഞു. തത്വചിന്തയും സാഹിത്യവും ഒഴിഞ്ഞുപോയി. പാതിരാ കഴിഞ്ഞ് ഒന്നോ രണ്ടോ മണിക്കൂറുകൾ കടന്നിട്ടുണ്ടാകും. ഞാൻ എഴുന്നേറ്റ് ലൈറ്റുകളെല്ലാം അണച്ചു. ഇരുണ്ട ഒരു ലോകം ചുറ്റും വിരിഞ്ഞു.

അന്നേരമാണ് എനിക്ക് അങ്ങിനെ തോന്നിയത്. രണ്ടാമതൊന്ന് ആലോചിച്ചില്ല. പുറത്തിറങ്ങി. വാതിൽ ചാരി. പൂട്ടാനൊന്നും മെനക്കെട്ടില്ല. കാർ കൃത്യമായി റോഡിലെത്തി. ഗേറ്റിൽ നിന്നും വലത്തോട്ടുള്ള വളവ് ശകലം പോലും പുളഞ്ഞില്ല. ജ്യോമട്രി വിദ്യർത്ഥികൾ വരഞ്ഞപോലെ അത് വാർന്നുവന്നു.

തിടുക്കമൊന്നും തോന്നിയില്ല. എങ്ങോട്ടാണ് ഡ്രൈവ് ചെയ്യുന്നതെന്നും എന്താണ് ചെയ്യേണ്ടതെന്നും തലച്ചോറിനെ ഫീഡ് ചെയ്തിരുന്നു. ഒരുതരം ഓട്ടോ ഡ്രൈവ്. ഡാഷ് ബോർഡിൽ ചാരവെള്ളിയുടെ നിറമുള്ള ടേപ്പ് ഉണ്ടെന്ന് ഉറപ്പ് വരുത്തി. അതിന് ഒഴിവാക്കാനാവാത്ത ആവശ്യം വരും. കൈനീട്ടുമ്പോൾ അതവിടെ ഇല്ലെങ്കിൽ കുഴയും. നേർത്ത വേഗത്തിൽ കാർ ഓടിക്കൊണ്ടിരുന്നു.

ഹൈവേയിൽ രാത്രിയുടെ ആളനക്കങ്ങളില്ലാത്ത ഒരിടത്തായിരുന്നു ആ തട്ടുകട. ഒരിക്കലും അവിടെനിന്നും ഒന്നും തിന്നിട്ടില്ല. കുടിച്ചിട്ടുമില്ല. മണങ്ങൾ മൂക്കിലേക്ക് കയറ്റിയിട്ടുണ്ട്. അപ്പിറ്റൈസിംഗ് ഫ്രാഗ്രൻസ്. വിശപ്പിനെ വിളിച്ചുണർത്തുന്ന ഗന്ധങ്ങൾ. കാർ സ്ലോയിലാക്കി ഗന്ധങ്ങൾ ആവോളം നുകർന്ന് കടന്നുപോരും. ഇരുമ്പിന്റെ വലിയൊരു പാത്രം ചൂടായി സ്റ്റൗവിൽ ഇരിക്കുന്നുണ്ടാകും. മറ്റെവിടെ കാണുന്നതിനേക്കാളും വിസ്താരമുള്ള പാത്രം. നടുവിൽ ലേശം കുഴിവുണ്ട്. അവിടെ നല്ല എണ്ണമയവും തത്തിക്കളിക്കുന്നുണ്ടാകും. പാത്രത്തിന്റെ അരികുകളിൽ അരിഞ്ഞൊരുക്കിയ ബീഫും പോർക്കും മട്ടണും ചിക്കനും കാടയും പുഴുങ്ങിയ മുട്ടയുമെല്ലാം ഊഴം കാത്ത് ഒരുങ്ങിയിരിക്കും. വറപൊരിക്കാരന്റെ ഒരു വശത്ത് ഉള്ളിയും സവോളയും പച്ചമുളകും ഇഞ്ചിയും തുടങ്ങിയ രുചിയന്മാർ. മറുവശത്ത് കൂർക്ക, അടതേപ്പ്, പച്ചക്കായ തുടങ്ങിയവ കനം കുറച്ച് നീളത്തിൽ കൊത്തിയരിഞ്ഞത്. കസ്റ്റമർ രാജാവ് തന്നെ. രാജാവിന്റെ ആവശ്യങ്ങളും പാകങ്ങളും ഒത്തുവരത്തക്കവണ്ണം പാചകനട്ടുവൻ ഓരോന്നും മാന്ത്രികനെപ്പോലെ പാത്രത്തിന്റെ നടുവിലേക്ക് ആവാഹിക്കുന്നു. കൈയ്യും ചട്ടുകവും പെരുക്കങ്ങളാകുന്നു. തട്ടും മുട്ടും ഇളക്കങ്ങളും. ഒടുവിൽ പാകമാകുമ്പോൾ രാജാവിന്. ഇതെല്ലാം പതിവ് പാസിംഗ് ഷോയായിരുന്നു.

പാചകനട്ടുവനും ഭാര്യയും സഹായിയും. കച്ചവടം കൂടുതലും വൈകുന്നേരങ്ങളിലായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ വന്നപ്പോൾ ഒന്ന് താറി. മിക്കപ്പോഴും അടവായിരുന്നു. ഇളംനീല പ്ലാസ്റ്റിക് മേൽപ്പുരയും ഡസ്‌കും ബെഞ്ചും അവിടുണ്ടാകും. നിയന്ത്രണങ്ങൾ നീങ്ങിയപ്പോൾ എല്ലാം തിരികെയെത്തി. വീട്ടിനുള്ളിലും പുറത്തും ഏകാന്തത എനിക്ക് അന്നപാനീയങ്ങളായിരുന്നു. രണ്ട് മാസ്‌കുമായി കോവിഡ് കാലത്ത് അത് പെറ്റുപെരുകി. ആരും ആരെയും തിരിച്ചറിഞ്ഞില്ല. മുഖം തെളിയാത്തവർ. കൊടുക്കൽ വാങ്ങലുകൾ ചുരുങ്ങിവന്നു. അങ്ങിനെ ഒരു ദിവസമാണ് അവളെ കണ്ടത്.

തട്ടുകടയുടെ ഓരത്ത് ഒരു സ്റ്റൂളിൽ പുസ്തകവും വായിച്ച് ഒരു യൗവനക്കാരി. ആദ്യം കാണുമ്പോൽ പുസ്തകം കണ്ണിൽപ്പെട്ടില്ല. പുതിയൊരു സഹായിയെന്നേ കരുതിയുള്ളു. അവളെ കാണാനായി മാത്രം അവളിരിക്കുന്നയിടത്തിന്റെ അരികിലായി കാർ നിർത്തി. ശരിക്കും നിർത്തിയിട്ടില്ലായിരുന്നു. ഫുള്ളി ഓട്ടോമാറ്റിക് ആയിരുന്നതിനാൽ ചലനം ഉണ്ടായിരുന്നു. അവൾ മുഖം ഉയർത്തി നോക്കി. അവളെ മുഴുവനായി കാണുന്നപോലെ തോന്നി. മാസ്‌കിൽ ചുണ്ടും മൂക്കും മറഞ്ഞിട്ടും മനസ്സിനുള്ളിലെ സുന്ദരി വെളിയിൽ വന്നു. ശരിക്കും തികവുള്ള സുന്ദരി. അത്രയും തികവുള്ള ഒരുവൾ. മനസ്സുടക്കി. അവൾ വായനയിലേക്ക് തിരികെപ്പോയി. പിന്നെ അതുവഴി കടക്കുമ്പോൾ നോട്ടം അവളെയായി. ഓരോ ദിവസവും കണാനായി ഓരോ അവയവം തെരഞ്ഞെടുത്തു. ഭാവപ്പകർച്ചകളിൽ അവൾ പൂത്തു. ചില ദിവസങ്ങളിൽ അവൾ മാസ്‌ക് മാറ്റിയിട്ടുണ്ടാകും. കഴുത്ത്, ചുണ്ട്, മൂക്ക്, കണ്ണുകൾ, നെറ്റിത്തടം കൈത്തണ്ടകൾ അങ്ങിനെ ഓരോന്നായി നോക്കി. എന്നെ ആകർഷിക്കുന്നതെന്താണെന്ന് ആരാഞ്ഞു.

അവൾ വേഷങ്ങൾ മാറിക്കൊണ്ടിരുന്നു.
മിക്കപ്പോഴും പാൻറ്​സും പലാസോകളും നാനാതരം ടോപ്പുകളുമായിരുന്നു അവൾ പ്രിയപ്പെട്ടിരുന്നത്. പ്ലീറ്റുകൾ ഉള്ളതും ഇല്ലാത്തതുമായ പാവാടകളും അവൾക്കുണ്ടായിരുന്നു. നിറങ്ങൾ മാറുന്നതിൽ അവൾ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നി. എന്നിട്ടും അസാധാരണമായ ഒന്നും എനിക്ക് കാണാനായില്ല. പക്ഷേ അവളുടെ വശ്യത അവിടെയുണ്ടായിരുന്നു. അതൊരു വെല്ലുവിളിയായി തോന്നി. അവൾ ആരാണെന്നതിനെക്കുറിച്ച് ഞാൻ ഓരോന്ന് സങ്കൽപ്പിച്ചു. ഒന്നും അത്രങ്ങട്ട് ഇണങ്ങുന്നതായി തോന്നിയില്ല. ഒന്നൊന്നായി അതെല്ലാം ഉപേക്ഷിച്ചു. ഒരിക്കൽപ്പോലും എന്റെ നേർക്ക് അവൾ മിഴികൾ നീട്ടുന്നതായും കണ്ടില്ല. പാതിരാ കഴിഞ്ഞും അവൾ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ചിലപ്പോൾ നട്ടുവനോട് സംസാരിച്ചുനിന്നു. ഭാര്യ ഇല്ലാത്തപ്പോഴും അവൾ അവിടിരുന്നു. ചിലപ്പോൾ എന്തെങ്കിലും തിന്നു, കുടിച്ചു അല്ലെങ്കിൽ വായിച്ചു. നിവർത്തിപ്പിടിച്ച് വായിച്ചിരുന്ന പുസ്തകങ്ങളും ഒന്നും വെളിപ്പെടുത്തിയില്ല. ചാരനിറമുള്ള കടലാസാൽ അവ പൊതിയപ്പെട്ടിരുന്നു. വായിക്കുന്നതെന്തെന്ന് മറ്റുള്ളവർ അറിയരുതെന്ന് അവൾ നിശ്ചയിച്ചത് എന്തുകൊണ്ടാകാം? ചില ദിവസങ്ങളിൽ അവൾ ഒരു ചാരപ്പെണ്ണിനെപ്പോലെ കാണപ്പെട്ടു. അവളെ കാണാനായി മാത്രം ആ വഴി ഞാൻ താണ്ടി. ചിലപ്പോൾ ഒരേദിവസം ഒന്നിലധികം തവണ.

എങ്ങിനെയാണ് ഒരുവൾ സുന്ദരിയാകുന്നത്? ഏതെങ്കിലും അവയവമാണോ അതിന് കാരണമാകുന്നത്? വശ്യതയ്ക്ക് ദേഹത്തിൽ ഇരിപ്പിടമുണ്ടോ? ഒരുവളെ സുന്ദരിയെന്ന് കാണുക പക്ഷേ അതെന്തുകൊണ്ടാണെന്ന് തിരിച്ചറിയാനാവാതിരിക്കുക. വിചിത്രമാണത്. മുഖഭാവമാണോ, പ്രസന്നതയാണൊ, അവയവ സുഭഗതയാണോ? ഇതെല്ലാം ഒത്തിണങ്ങിയുള്ള മറ്റെന്തെങ്കിലും ആണോ? ഒരുപക്ഷേ എനിക്ക് മാത്രമാകുമോ അവൾ സുന്ദരിയാകുന്നത്?

ഇരുളിലും നിശബ്ദതയിലും മുഴുകി. അന്നും അതെല്ലാം അവിടെത്തന്നെ ഉണ്ടായിരുന്നു. നേർത്ത നീലവെളിച്ചത്തിൽ സ്റ്റൗ കത്തുന്നുണ്ട്. ഇരുമ്പ് പാത്രം ചുട്ട് പൊള്ളുന്നുണ്ടാകും. അതിന്റെ നടുവ് ഒഴിഞ്ഞുകിടക്കുന്നു. ചട്ടുകം ഓരത്ത് ഉണ്ടായിരുന്നു. നട്ടുവൻ ഉറങ്ങുന്നു. അവൾ പുസ്തകം വായിക്കുന്നു. നീല ഡെനിമിൽ അരികുകൾ പിഞ്ചിയ അരനിക്കറായിരുന്നു വേഷം. തുടകൾ മിനുങ്ങുന്നു. എന്റെ കാർ കുറ്റകൃത്യത്തിലെ പങ്കാളിയായി. ഒച്ചയെല്ലാം ഉള്ളിലൊതുക്കി അനക്കങ്ങളെ അത് അമർത്തിപ്പിടിച്ചു. വാതിൽ തുറന്ന് ഞാൻ പുറത്തേക്ക് കാലൂന്നി. അവൾ എന്നെ കാണുന്നില്ലെന്ന് തോന്നി. ഒറ്റക്കുതിപ്പിൽ അവൾക്കരുകിലെത്തി. മാസ്‌കിന് മുകളിലൂടെ വായമർത്തിപ്പിടിച്ചു. അവൾ കുതറി. എന്റെ കരുത്തിൽ എനിക്ക് ഊറ്റമുണ്ടായിരുന്നു. അത് തെറ്റിയില്ല. വട്ടം ചുറ്റി അവളെ പൊക്കി. കാറിനുള്ളിലും അവൾ അമറി. വായ മൂടി ടേപ്പൊട്ടിച്ചു. കൈകൾ പിന്നിൽ കൊണ്ടുവന്ന് കൂട്ടിവച്ച് ടേപ്പ് ചുറ്റി. ഒന്നും മിണ്ടാതെതന്നെ എന്റെ ഉദ്ദേശം വ്യക്തമായിരുന്നു. കാർ മുന്നോട്ടെടുത്തു. ഓട്ടോലോക്കിൽ സകലവും ഭദ്രമായി.

വിടർന്ന് കിടന്നിരുന്ന ഗേറ്റിലൂടെ കാർ അകത്തേക്ക് കയറി. ഇരുട്ട് പൊതിഞ്ഞ ഇരുട്ടിൽനനഞ്ഞ ഒരു വീട്. ഗേറ്റടച്ച് കുറ്റിയിട്ടു. അവളെ വട്ടം പൊക്കിയെടുത്ത് വീടിനകത്തെത്തി. വാതിൽ തുറന്നുകിടന്നിരുന്നത് സൗകര്യമായി. വീടിനുനടുവിലെ ഡൈനിംഗ് ഹാളിൽ കസേര വലിച്ചിട്ട് അവളെ ഇരുത്തി. നാലുപാടും മുറികൾ ചുറ്റിവരിഞ്ഞ അവിടം രഹസ്യനിലവറയ്ക്ക് സമമായിരുന്നു. പൂർവ്വികരുടെ കരുതൽ തുണയായി. ഇരുൾ ചുറ്റിവരിഞ്ഞ ആ മുറിയിൽ വെളിച്ചം കൊഴുത്തു. അവളെ എനിക്ക് മുഴുവനായി കാണണമായിരുന്നു. പ്രകാശം അവളെ നക്കിത്തുടുത്തു. കയറിപ്പിടിക്കുമെന്നോ തുണിയുരിയുമെന്നോ ഒക്കെ അവൾ കരുതിയിട്ടുണ്ടാവും. അപ്പോൾ അതിനൊന്നും എനിക്ക് പ്ലാൻ ഇല്ലായിരുന്നു. ഞെരിപിരികൊണ്ടിരുന്ന അവളെ ശാന്തയാക്കാനായിരുന്നു എന്റെ പരിശ്രമം. ശാന്തയായി മനസ്സോടെ സഹകരിക്കണം. എന്തുകൊണ്ടാണ് അവൾ എന്റെ ഉള്ളിലെ സുന്ദരി ആയിരിക്കുന്നതെന്ന് കണ്ട് അറിയണം.

അവളുടെ മുന്നിൽ കസേര വലിച്ചിട്ട് ഞാനും ഇരുന്നു. ഞങ്ങൾ നേർക്കുനേർ കണ്ടു. നല്ല ഒതുക്കമുള്ള ദേഹം. മെലിഞ്ഞതല്ല, തടിയുമില്ല. ഞാൻ മെല്ലെ സംസാരിച്ചുതുടങ്ങി. ആദ്യം കണ്ടതുമുതൽ അപ്പോൾ വരെയുള്ള കാര്യങ്ങൾ. മനസ്സ് താലോലിക്കുന്ന തികഞ്ഞ സുന്ദരിയാണ് എനിക്കവളെന്നത് അവളെ തൊട്ടതുപോലെ തോന്നി. അത് വിശ്വസിച്ചോ എന്നറിയാനായില്ല.

സഹകരിച്ചാൽ മിച്ചമുള്ള രാത്രി മുഴുവൻ അവളെ കാണണം. എവിടങ്ങളൊക്കെയാണ് സൗന്ദര്യത്തിന്റെ പുളകങ്ങളെന്ന് കണ്ടറിയണം. അതിനവൾ സഹകരിക്കുന്നില്ലെങ്കിൽ പിന്നെ പ്ലാൻ ബി ആണ്. അത് ഒന്നിനും ഗാരണ്ടി ഇല്ലാത്ത പ്ലാൻ ആണ്. അവളെ മായ്ച്ചിട്ടായാലും കേസിലൊന്നും കുടുങ്ങാതെ ഊരിപ്പോരാനുള്ള വഴിയും അറിയാമെന്ന് ഇത്തിരി മധുരത്തിൽ ഒരു ഭീഷണിയും. അത്രയുമായപ്പോൾ അവൾ അയഞ്ഞു. ഞാൻ പറഞ്ഞതൊക്കെയും നിജമായിരുന്നു. ഇറങ്ങിപ്പോകുമ്പോൾ അവൾ കൂട്ടുകാരിയാവണം അല്ലെങ്കിൽ ഇറങ്ങേണ്ട എന്നുപോലും ഞാൻ നിനച്ചു. ഇത്തിരിയെങ്കിലും അതിക്രമിക്കാതെ ബന്ധങ്ങളുണ്ടാവില്ല. തുറന്നതാവുക എന്നതാണ് മുഖ്യം. ഒളിവിടങ്ങൾ ഉണ്ടാവരുത്. അത്രയേ വേണ്ടൂ എന്നതാണ് എന്റെ യുക്തി. വക്കീൽ ഗുമസ്ഥന്മാരുടെ ഉഭയസമ്മതം. അങ്ങോട്ടാണ് ഞാനും നീങ്ങിയത്.

മുഖത്തെ ഇരുൾ മായുന്നുണ്ടെന്ന് തോന്നി. എഴുന്നേറ്റ് ചെന്ന് മുഖത്തെ ടേപ്പ് ഉരിഞ്ഞുമാറ്റി. കൈകളും സ്വതന്ത്രമാക്കി. ഉള്ളിൽനിന്നോ പുറത്തുനിന്നോ എന്ന് വ്യക്തമല്ലാത്ത ഒരു സുവാസന ഞങ്ങൾക്കിടയിൽ വന്നു. അവളിൽനിന്നാവണം. ഞാൻ വീണ്ടും കസേരയിൽ ഇരുന്നു.

‘‘ഒരു ചായയുടെയും ചെറുകടിയുടെയും താങ്ങിൽ അവിടെവച്ചുതന്നെ ഇതെല്ലാം എന്നോട് പറയാമായിരുന്നു.'' അവൾ കലുഷയാകാതെ പറഞ്ഞു.

‘‘എനിക്ക് പറയാനൊന്നും ഇല്ലായിരുന്നു. കാണണം, കണ്ടറിയണം. ഇങ്ങിനെയല്ലാതെ മറ്റൊന്നും മനസ്സ് പറഞ്ഞില്ല.''
അവൾ ചിരിച്ചു. ‘‘അപകടകാരിയല്ലെന്ന് എനിക്ക് തോന്നി. സൈക്കോ രതിക്കാരൻ ആണൊയെന്ന് ചെറിയ സംശയം തോന്നിയെങ്കിലും അത് മാറിപ്പോയി. നിങ്ങളുടെ ചലനങ്ങളിൽ ഒട്ടും ഹിംസ ഇല്ലായിരുന്നു.''

മുഖത്തെ പ്രസാദം അവളെ കൂടുതൽ അഴകിയാക്കി. മനുഷ്യർക്ക്, ആണായാലും പെണ്ണായാലും ആത്മവിശ്വാസം അഴകേറ്റും. അവൾ മിസ് ഭൂലോകമാണെന്ന് പറഞ്ഞാലും അപ്പോൾ ഞാൻ വിശ്വസിക്കുമായിരുന്നു. അവൾക്ക് പിന്നിൽ ഒരു സൗമ്യചന്ദ്രൻ ഉദിച്ചുനിൽക്കുന്നുണ്ടായിരുന്നു. ഇവൾ അവൾ തന്നെ. എന്റെയുള്ളിലെ അഴകിയ പെണ്ണ്. ഇതിലും കൂടുതൽ സൗന്ദര്യം ഇതുവരെ ആരിലും കണ്ടിട്ടില്ല. അതെനിക്ക് ഉറപ്പായിരുന്നു. പക്ഷേ അതെവിടെയാണ് എന്തിലാണ് എന്നത് പിടിതന്നില്ല. ഒരിടത്തും എന്റെ മിഴികൾ ഉടക്കിനിന്നില്ല. ഒന്നും അത്രയേറേ മനോഹരമായി തോന്നിയുമില്ല. അതെല്ലാം എന്റെ കൗതുകത്തെ പെരുപ്പിച്ചതേയുള്ളു. എന്തോ ഉണ്ട്. പിടിതരാത്ത എന്തോ ഒന്ന്. അതറിയണമെന്ന ജിജ്ഞാസ എന്നെ ഞെരുക്കി.

‘‘മതിവരുവോളം നോക്കിക്കൊള്ളു. നിങ്ങൾക്ക് എന്തോ അറിയാനുണ്ട്. എന്നിലാണ് അതുള്ളതെന്ന് നിങ്ങൾ സംശയിക്കുന്നു. നമുക്ക് തികഞ്ഞ പ്രൊഫഷണലുകൾ ആകാം. നിങ്ങൾ വാന നിരീക്ഷകൻ, ഞാൻ വാനം. എല്ലാം വിചിത്രമായി തോന്നുന്നു. എനിക്ക് മാത്രമല്ല നിങ്ങൾക്കും.''

‘‘ഞാൻ പലമാതിരി അവളെ സങ്കൽപ്പിച്ചു. രണ്ട് സൂര്യകാന്തിപ്പൂക്കൾക്കിടയിൽ പുഷ്പകിരീടവുമായി അവളുടെ പ്രസാദമുഖം. കനത്ത കരിങ്കൽ ബെഞ്ചിൽ, നദിയോരത്ത്, വിജനമായ റെയിൽപ്പാതയിൽ പിന്നാക്കം കൈകൾ കുത്തി അവളിരിക്കുന്നു. നിലവർണ്ണക്കുടക്കീഴിൽ ഉല്ലാസത്തോടെ ആരെയോ നോക്കുന്നു. ഇലകൾ പൊഴിക്കുന്ന കൂറ്റൻ മരത്തിന്റെ തായ്ത്തടിയിൽ ചാരി പലവർണ്ണ ഉടുപ്പിൽ അവൾ പുഞ്ചിരിക്കുന്നു. ഒന്നിനും സ്ഥായീഭാവമില്ലായിരുന്നു. ഒന്ന് മാഞ്ഞ് മറ്റൊന്നിന് വളമാകുന്നു. അഴക് അഴിയുകയും മായുകയും തെളിയുകയും ചെയ്യുന്നു.’’

‘‘എന്നെ ഇങ്ങിനെ കണ്ടാൽ മതിയോ? എഴുന്നേൽക്കണോ? ചലിക്കണോ?''

ഞാൻ ഒന്നും ഉരിയാടിയില്ല. അവൾ എഴുന്നേറ്റുനിന്നു. സാധാരണ ഉയരം മാത്രം. ഇരുണ്ട് ചുരുണ്ട മുടി തോൾ കടന്ന് സമൃദ്ധമാകുന്നു. അവൾ ടോപ്പ് അഴിച്ചുമാറ്റി. പിന്നെ ഡെനിം ഷോർട്ട്സും. സകലവും നിശബ്ദമായിരുന്നു.

‘‘ബ്രായും പാന്റീസും അഴിക്കണോ?''

ഞാനൊന്നും മിണ്ടിയില്ല. അവളെ കാണുകയായിരുന്നു ഞാൻ. ഒന്നിനും ഒരു പ്രത്യേകതയും ഇല്ല. പതിവളവിൽ ഒരു നെറ്റിത്തടം. അധികം നീളാത്ത കണ്ണുകൾ. ഇരുണ്ട് മെലിഞ്ഞ പുരികങ്ങൾ. സ്റ്റാൻഡേർഡ് മൂക്ക്. മെലിച്ചിലില്ലാത്ത മേൽച്ചുണ്ടും അധികം വിടരാത്ത കീഴ്ചുണ്ടും. കഴുത്തിന് പതിവിൽ കവിഞ്ഞ ഭംഗിയുണ്ടെന്ന് തോന്നി. ഇരുകൈകളുടെയും തോളിറക്കമാണ് അവളുടെ ഏറ്റവും ഭംഗിയുള്ള അവയവമെന്ന് തോന്നി. മുലകൾ തീരെ ചെറുതല്ല. ഉരുണ്ട് ദ്രുഢത തോന്നിപ്പിക്കുന്നത്. ബ്രാ തുളുമ്പാത്ത പാകം. വയറും പൊക്കിളും സവിശേഷതകൾ ഒന്നുമില്ലാത്തത്. ഒതുങ്ങിയ അരക്കെട്ട്. ചെത്തിയൊതുക്കി മിനുസപ്പെടുത്തിയ ഭംഗിയുള്ള തുടകൾ. കാൽമുട്ടുകൾ തുടകളുമായി ഇണങ്ങിപ്പോകുന്നു. പാദങ്ങളിൽ പൊൻ കൊലുസ്. ഉരച്ച് തേച്ച് വൃത്തിയാക്കിയ ഉപ്പൂറ്റികൾ. ഒന്നിലും അപൂർവ്വതയില്ല. തെറ്റുപറ്റിയതാണെന്ന് അപ്പോഴേക്കും എനിക്ക് ഉറപ്പായിരുന്നു. അവൾ ഒരു സാധാരണ യുവതി. ഏതോ മായക്കാഴ്ചയിൽ ഞാൻ ഭ്രമിച്ച് വീണതാണ്.

ഞങ്ങൾ കുറേനേരം നോക്കിയിരുന്നു. അവൾ എന്നെയും കാണുകയും അളക്കുകയും ചെയ്യുന്നുണ്ടെന്ന് തോന്നി. ഞാൻ കസേരയിൽ തിരികെ വന്നിരുന്നു. അവൾ ഉടുപുടവകളിലേക്ക് കടന്നു. അതിനും ഒരു താളമുണ്ടെന്ന് തോന്നി. മെല്ലെ മൃദുവായി ഒട്ടും തിരക്കിടാതെ അവയെല്ലാം തിരികെയെത്തി. അതെല്ലാം എന്റെ കണ്മുമ്പിലായിരുന്നു. അവളും കസേരയിൽ പിന്നാക്കം ചാരിയിരുന്നു. ഞാൻ അടുക്കളയിലേക്ക് നടന്നു. വെള്ളം തിളകുത്തും മുൻപേ വിളിച്ച് ചോദിച്ചു: "ചായയോ കാപ്പിയോ?' കാപ്പിയെന്ന് അവൾ പ്രതികരിച്ചു. ഏത് ജോഡി കപ്പുകൾ ഉപയോഗിക്കണമെന്ന് ഞാൻ സംശയിച്ചു. വാൾട്ട് ഡിസ്നിക്കാരുടെ ഡിസൈനർ കപ്പുകളാണ് തെരഞ്ഞെടുത്തത്. ഉറപ്പും ഭംഗിയും നിറക്കൂട്ടുകളുമുള്ള കപ്പുകൾ.

ഞങ്ങൾ പുറത്തേക്കിറങ്ങിയപ്പോൾ പുലരി വെട്ടമിടാൻ തുടങ്ങിയിരുന്നു. അവൾ എനിക്കൊപ്പം മുൻ സീറ്റിൽ കയറി. മുന്നോട്ട് നോക്കിയാണിരുന്നതെങ്കിലും അവളുടെ മന്ദഹാസം തിരിച്ചറിയാമായിരുന്നു. വീട്ടിലോ തട്ടുകടയുടെ പരിസരത്തോ എവിടെവേണമെങ്കിലും കൊണ്ടുവിടാമെന്ന് ഞാൻ പറഞ്ഞു. രണ്ടും വേണ്ട, അടുത്ത ബസ് സ്റ്റോപ്പിൽ മതിയെന്ന് അവൾ പറഞ്ഞു. നിശബ്ദയായി അവൾ ബസ് സ്റ്റോപ്പിൽ ഇറങ്ങി. അവിടം വിജനമായിരുന്നു. മൂന്നുനാലുചുവടുകൾ നടന്നശേഷം അവൾ തിരിഞ്ഞുനിന്നു. ആ നിമിഷം എനിക്ക് വെളിപാടുണ്ടായി. ഇത് അവൾ തന്നെ. എന്റെ മനസ്സിലെ പാർപ്പുകാരി. വീണ്ടും തെളിഞ്ഞുവിടർന്ന ചന്ദ്രൻ അവൾക്ക് പിന്നിൽ വിരിഞ്ഞു. പൂവാസനയുമായി അവൾ കാറിനരുകിലേക്ക് നടന്നുവന്നു.

‘‘നിങ്ങളുടെ ഫോൺ നമ്പർ പറയൂ. പോലീസിൽ പരാതിപ്പെടണമോ വേണ്ടായോന്ന് തീരുമാനിച്ചിട്ടില്ല.''


പി.ജെ.ജെ. ആന്റണി

കഥാകൃത്ത്​. മൂന്നു പതിറ്റാണ്ട്​ ഗൾഫ്​ പ്രവാസിയായിരുന്നു. ഗൾഫ്​ മലയാളികളുടെ സാഹിത്യ- സാംസ്​കാരിക ജീവിതത്തിൽ സജീവമായ ഇടപെടലുകൾ നടത്തി. വരുവിൻ നമുക്ക്​ പാപം ചെയ്യാം, ഭ്രാന്ത്​ ചില നിർമാണ രഹസ്യങ്ങൾ, പിതൃക്കളുടെ മുസോളിയം, സ്​റ്റാലിനിസ്​റ്റുകൾ മടങ്ങിവരുന്നുണ്ട്​തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments