ചിത്രീകരണം: ദേവപ്രകാശ്

മലമൂട്ടിലെ പോത്ത്‌ കേസ്

സുകുമാരപ്പിള്ള വക്കീലിനെപ്പോലൊരു മനുഷ്യനെ കൊയമ്മു മുന്നേ കണ്ടിട്ടില്ല. നിറയെ കട്ടിപ്പുസ്തകങ്ങൾ അടുക്കി നിറച്ച ചില്ല് അലമാരിക്ക് മുന്നിലായി വലിയൊരു കറക്കു കസേര. അതിൽ ചുളിവുകളേതുമില്ലാത്ത വെള്ള പാന്റ്‌സും മുഴുക്കയ്യൻ വെള്ള ഷർട്ടും ധരിച്ച് വെളുത്തു മെലിഞ്ഞോരു മനുഷ്യൻ. നെറ്റിയിൽ ചന്ദനപ്പൊട്ടിന് മുകളിലൊരു കുങ്കുമപ്പൊട്ട്. കറുത്ത വലിയ വവ്വാൽ കോട്ട് കസേരയ്ക് പിറകിൽ ഞാന്നു കിടന്ന് സീലിങ് ഫാനിന്റെ കാറ്റിനൊത്തു ചിറകടിക്കുന്നു. ഇട്ടിമുതലാളി, വക്കീലിന് അഭിമുഖമായി നിരത്തിയിട്ടുള്ള കസേരകളിലൊന്നിൽ നിറഞ്ഞിരുന്ന്, മടക്ക്‌ദോഷം ബാധിച്ച കണ്ണടയുടെ സ്വർണ്ണം പൂശിയ കാലുകൾ മടക്കിയും നിവർത്തിയും വ്യായാമം ചെയ്യിക്കുകയും, ഇരുകൈകൾകൊണ്ടും ഉയർത്തിപ്പിടിച്ച് പൊടിയുണ്ടെന്ന സംശയത്തെ ഇടയ്കിടെ ഊതിക്കളയുകയും ചെയ്തുകൊണ്ടിരുന്നു.

തൊട്ടടുത്തിരിക്കുന്ന ബ്രോക്കർ തങ്കച്ചൻ, കണ്ണുകളടച്ച് ചിന്തയിലമർന്നിരിക്കുന്ന സുകുമാരപ്പിള്ള വക്കീലിന്റെ ചലനങ്ങൾ അളന്നുകൊണ്ട് കാത്തിരിക്കുകയാണ്. നാല്കാശ് സമ്പാദിക്കാൻ ഒരുമ്പെട്ടിറങ്ങിയ യുവാക്കളിൽ പതിവുള്ള "ഇരിപ്പുറക്കായ്ക' അയാളിൽ പ്രകടമായിരുന്നു. ആകാംക്ഷ അയാളുടെ ശരീരത്തെ വക്കീലിന്റെ മേശപ്പുറത്തേക്ക് ചെരിച്ചുവെച്ചു. തങ്കച്ചന്റെ ഈ ഇരുത്തംവരായ്ക മൂലം കസേരയുടെ മുൻകാലുകൾ ക്ലേശിക്കുകയും പിൻകാലുകൾ സ്വതന്ത്രരായി തറയിൽ നിന്നുയരുകയും ചെയ്തു. മുഷിഞ്ഞു കറ പറ്റിയ തന്റെ മുണ്ടിനെ കുറിച്ച് കസേരയിലിരുന്നപ്പോൾ മാത്രമാണ് കൊയമ്മു ബോധവാനായത്. കാൽ മുട്ടുകൾ മുട്ടിച്ചുവെച്ച് ഒരു കൈകൊണ്ട് മുണ്ട് കൂട്ടിപ്പിടിച്ച് കസേരയിൽ വിരിച്ചിരിക്കുന്ന തൂവെള്ള നിറമുള്ള ടർക്കിത്തുണിയുടെ വരേണ്യതയെ ഭയന്നുകൊണ്ട് അയാൾ ഒതുങ്ങിയിരുന്നു.

ഇട്ടിമുതലാളിക്ക് ഇതിലുള്ള ഇന്ററസ്റ്റ് എന്താണ് ?
ചിന്ത അവസാനിപ്പിച്ച് കറക്കുകസേരയിലേക്ക് വക്കീല് ചാരിക്കിടന്നു.
ഞാനിതിനെ വാങ്ങാൻ നിൽക്കുമ്പോഴാ ആ മക്കുണൻമാരുടെ വരവ്. അവനെ എനിക്കു തന്നെ വേണം. ചില പരിപാടികളൊക്കെ ഉണ്ടെന്നു വെച്ചോ.
നമുക്ക് റേഞ്ച് ഓഫീസർ സാറിനെ ഒന്നു പോയി കണ്ടാലോ?
അത് നടക്കുമെന്നു തോന്നുന്നില്ല. അപ്പോഴത്തെ ആവേശത്തിന് ഞാൻ നന്നായിട്ടൊന്നു ചൊറിഞ്ഞിട്ടുണ്ട്. വെല്ലുവിളിച്ചോണ്ടാ പോയത്.
ഈ പോത്ത് കാഴ്ചയ്ക്ക് എങ്ങനെയാണ്?
വക്കീല് കറക്കു കസേര കൊയമ്മുവിന് നേരെ തിരിച്ചു.
നല്ല അസ്സൽ കാട്ടുപോത്ത്.
സ്വഭാവം എങ്ങനെ ഇണക്കോം മെരുക്കോം ഒക്കെ ഉണ്ടോ?
രൂപം തന്നെ ഇങ്ങനെയായതുകൊണ്ട് വല്ലാണ്ട് ഇണക്കവും മെരുക്കവും നോക്കാൻ മെനക്കെട്ടിട്ടില്ല.

തങ്കച്ചന്റെ മറുപടികൾക്കനുസരിച്ച് കൊയമ്മു തലകുലുക്കി.
ഇതിത്തിരി കൊഴപ്പം പിടിച്ച കേസാണ്..
അതുകൊണ്ടാണല്ലോ വക്കീലിന്റെ അടുത്തു തന്നെ വന്നത്.
ഇട്ടി മുതലാളി വൈരമോതിരമിട്ട വിരലുകൊണ്ട് മൂക്കു ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.
ആദ്യം നമുക്ക് കർഷകനും എരുമ വളർത്തുകാരനും ദരിദ്രനുമായ കൊയമ്മുവിന്റെ പോത്തിനെ, ഫോറെസ്റ്റുകാർ കാട്ടുപോത്തെന്നാരോപിച്ച് കൊണ്ട് പോകാൻ ശ്രമിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കൊയമ്മുവിന്റെ പേരിൽ ഒരു തടസ്സഹർജി കോടതിയിൽ സമർപ്പിക്കാം.
കാര്യം നടക്കുമോ?
കാര്യം നടക്കുമോ എന്നുറപ്പില്ല. പക്ഷേ സ്റ്റേ അനുവദിച്ചുകിട്ടും. പിന്നെല്ലാം വാദവും ജഡ്ജിയുടെ മനസ്സും പോലിരിക്കും.
കുറച്ചു കാശോക്കെ ചിലവാകും..
സുകുമാരപ്പിള്ള വക്കീല് കറക്കുകസേര കൊയമ്മുവിന് നേരെ തിരിച്ച് ഒച്ച കൂട്ടി പറഞ്ഞു.

എന്റെ കക്ഷി കൊയമ്മു ദരിദ്രനും മൂന്ന് പെൺമക്കളുടെ പിതാവുമാണ്. പെൺമക്കളുടെ വിവാഹം മൂലം കടക്കെണിയിൽ പെട്ട് ഉള്ളതെല്ലാം വിറ്റു പെറുക്കി നാടുവിടേണ്ടിവന്നു. കഴിഞ്ഞ അഞ്ചു വർഷമായി മലമൂട്ടിൽ കൃഷിയും എരുമ വളർത്തലുമായി ജീവിച്ചു പോരുകയാണ്. രണ്ടു വർഷത്തോളമായി കൊയമ്മു വളർത്തിക്കൊണ്ടിരിക്കുന്ന പോത്തിനെ കാട്ടുപോത്തുമായി രൂപ സാദൃശ്യമുണ്ടെന്ന് ആരോപിച്ച് പിടിച്ചെടുക്കാൻ വനം വകുപ്പ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കാർഷിക രംഗത്തെ തകർച്ചയും നാണ്യ വിളകളുടെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും വിലയിടിവും അതിനൊപ്പം പൊതുവിപണിയിലുണ്ടായ വിലക്കയറ്റവും ബഹുമാനപ്പെട്ട കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമല്ലോ. ഈ സാഹചര്യത്തിൽ പട്ടിണി മാറ്റാൻ മറ്റു വഴികളില്ലാതെ പ്രിയപ്പെട്ട പോത്തിനെ വിൽക്കാനിരിക്കെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ എന്റെ കക്ഷിയെ മർദിക്കുകയും പോത്തിന്റെ വിൽപന തടസ്സപ്പെടുത്തുകയും ചെയ്തിരിക്കുന്നത്. അത്യന്തം അന്യായവും കർഷക വിരുദ്ധവുമായ ഈ നടപടി തടയണമെന്നും, മേൽ പറഞ്ഞ പോത്തിന്റെ ഉടമസ്ഥാവകാശവും തുടർന്നു വളർത്തുവാനോ വിൽക്കുവാനോ ഉള്ള അധികാരവും ദരിദ്രകർഷകനായ എന്റെ കക്ഷി കൊയമ്മുവിന് അനുവദിച്ചു നൽകണമെന്നും ബഹുമാനപ്പെട്ട കോടതി മുൻപാകെ അഭ്യർത്ഥിക്കുന്നു.

പഴയകാല ടെക്‌സ്‌റ്റൈൽ ഫാക്ടറികളോട് രൂപ സാദൃശ്യം തോന്നിക്കുന്ന ഒന്നായിരുന്നു കോടതി കെട്ടിടം. അതിന്റെ ഉത്തരത്തിൽ കഴുക്കോലുകൾ പലതും ചിതലെടുത്തു ദ്രവിച്ചിരുന്നു. ചുവരിലെ കുമ്മായച്ചാന്ത് പലയിടങ്ങളിലും അടർന്ന് ചെത്തുകല്ല് കണ്ടു. കമനീയമായ മരജനാലകളിലെ ചില്ലുകളിൽ വാർദ്ധക്യത്തിലെ തിമിരം പാടകെട്ടി നിന്നു. സ്ഥിതി ഇങ്ങനെയൊക്കെയെങ്കിലും, വാദിയെന്നോ പ്രതിയെന്നോ വക്കീലെന്നോ ന്യായാധിപനെന്നോ ഭേദബുദ്ധിയില്ലാതെ ആ കെട്ടിടം ന്യായാന്യായങ്ങളുടെ നൂലുകൾ കൊണ്ട് വിധി നെയ്‌തെടുക്കുന്ന പ്രക്രിയയിൽ ഭാഗഭാക്കായ എല്ലാ മനുഷ്യരേയും ഉപകരണങ്ങളേയൂം മഴയിൽ നിന്നും വെയിലിൽ നിന്നും ഒരുപോലെ സംരക്ഷിച്ചുപോന്നു. എന്നും കൃത്യസമയത്ത് അവിടെ മനുഷ്യർ വന്നു നിറഞ്ഞ് ദീർഘമായ ആ പ്രക്രിയയിൽ പങ്കുചേർന്നു.

വിരസതകൊണ്ട് വൃദ്ധനായിത്തീർന്ന ഒരാളായിരുന്നു ജഡ്ജി. കാഴ്ചയിൽ വിരമിക്കാനുള്ള പ്രായം കഴിഞ്ഞെന്നു തോന്നും. മോഷണം, ഭവനഭേദനം, വനംകൊള്ള, ബലാൽസംഗം, കൊലപാതകം എന്നിങ്ങനെ സാർവത്രികവും സാധാരണവുമായ കേസുകൾ മാത്രമായിരുന്നു ആ കോടതിയിൽ വന്നുപോയിരുന്നത്. തെളിയിക്കപ്പെടുന്ന കുറ്റങ്ങൾക്കുള്ള ശിക്ഷകൾ മോഷണത്തിനിത്ര വന്യമൃഗ വേട്ടയ്കിത്ര കൊലപാതകം- ഗൂഡാലോചന തെളിഞ്ഞതിനിത്ര, തെളിയാത്തതിനിത്ര എന്നിങ്ങനെ ഒരു പട്ടിക അദ്ദേഹത്തിന്റെ തലച്ചോറിൽ എന്നേ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. കൊയമ്മുവിന്റെ ഹർജിയിൽ തീരുമാനമെടുക്കാനും ജഡ്ജിക്ക് ഏതാനും ന്യൂറോണുകളുടെ സഹായമേ ആവശ്യം വന്നുള്ളൂ. കൊയമ്മുവിന്റെ പോത്തിനെ ഏറ്റെടുക്കാനുള്ള വനം വകുപ്പിന്റെ നടപടി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവായി. ആ ഒരു മാസക്കാലം പോത്തിന്റെ സംരക്ഷണ ചുമതല കൊയമ്മുവിനായിരിക്കും. എന്നാൽ പോത്തിനെ അറക്കുവാനോ വിൽക്കുവാനോ പാടുള്ളതല്ല. വിഷയത്തിൽ ഒരുമാസത്തിനകം ഫോറെസ്റ്റ് ഡിപ്പാർട്ടുമെന്റ് സത്യവാങ്മൂലം നൽകണം.

പോത്തിന്റെ വിലയിൽ നിന്ന് ഒരു തുക കേസ് നടത്തിപ്പിനായി മുൻകൂർ നൽകണമെന്ന ആവശ്യം ഇട്ടിമുതലാളി നിരസിക്കുമെന്ന് തങ്കച്ചൻ പ്രതീക്ഷിച്ചതല്ല. പ്രത്യേകിച്ചും സ്റ്റേ കിട്ടിയ സന്തോഷത്തിൽ നിൽക്കുന്ന സമയത്ത്.
തങ്കച്ചാ.. ഒരു ബ്രോക്കറായ നീയിത് ചോദിക്കാമോ? കേസിൽ കെടക്കുന്ന മൊതലിൻമേൽ ആരേലും കാശിറക്കുമോ? കേസ് ജയിക്കട്ടെ മൊത്തം കാശ് ഞാൻ റൊക്കം തരും.

രണ്ടാമതൊരു ചോദ്യത്തിന് സാധ്യതയില്ലാത്ത വിധം അയാൾ കുടിച്ചുകൊണ്ടിരിക്കുന്ന ചായയുടെ ഗുണനിലവാരത്തെ ചൊല്ലി ചായക്കടക്കാരനുമായി തർക്കമാരംഭിച്ചു.
കായില്ലാതെ എങ്ങനെ കേസ് നടത്തും.. കൊയമ്മു ആശങ്കപ്പെട്ടു. കേസ് പിൻവലിക്ക, ഉരു ഫോർസ്റ്റ്കാര് കൊണ്ടുപോട്ടെ. അയാൾ ബീവി കൊണ്ടുവെച്ച പലഹാര പ്ലേയ്റ്റ് തങ്കച്ചനുനേരെ നീക്കിവെച്ചു.
കാര്യങ്ങൾ ഇങ്ങള് കരുത്തുമ്പോലെയല്ല കൊയമ്മൂക്കാ..
കട്ടൻ ഗ്ലാസ് താഴെ വെച്ച് തങ്കച്ചൻ പലഹാരത്തിലേക്ക് കടന്നു.
കേസോന്നു മുറുകി നാലാളറിയട്ടെ, ഇട്ടിമുതലാളിയേക്കാൾ വലിയ മുതലാളിമാരിവിടെ പോത്തിന് വില പറയാൻ വരി നിൽക്കും. അതിനുള്ള വഴിയൊക്കെ എനിക്കറിയാം.
പക്ഷേങ്കില് കേസ് നടത്താൻ കായിക്ക് എവടെപ്പോകും ?
എന്റെ കൊയമ്മൂക്കാ ഇതില് ഇങ്ങള് വിചാരിക്കണ കാശോന്നുമല്ല മറിയ. ഇട്ടിമൊതലാളി പറഞ്ഞതിന്റെ നാലിരട്ടി വരെ കേറും ചിലപ്പോ. തൽക്കാലം ചെലവിന് ആ എരുമേനെയങ്ങു വിൽക്കാ..
ബാക്കി കട്ടൻ ഒറ്റവലിക്ക് കുടിച്ച് ചണ്ടി നീട്ടിത്തൂവി തങ്കച്ചൻ ഗ്ലാസ്സ് തിണ്ണമേൽ വെച്ചു.

പുതിയ ഉടമസ്ഥരുടെ കൂടെ പോകാൻ എരുമ വിസമ്മതിച്ചു നിന്നു. മുതുകിൽ വീണ ഓരോ അടിക്കും അവൾ നാലു ചുവടു വീതം നടക്കും. പിന്നെ തിരിഞ്ഞു നിന്നു കല്ലുമ്മക്കായ കണ്ണുകൾ വിടർത്തി ബീവിയേയും കൊയമ്മുവിനേയും നോക്കും. കൊയമ്മു കോലായിലിരുന്ന് കിട്ടിയ നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തുന്നതായി ഭാവിച്ചു. ആലയിൽ നിന്നും വന്ന ഇടിനാദം പോലെ മുഴക്കമുള്ള കരച്ചിലിൽ അയാളൊന്നു ഞെട്ടി.
ഇജ് എന്താണിങ്ങനെ.. ഓല് അന്നെ നല്ലോണം നോക്കൂലേ..
ബീവി അവളുടെ നെറ്റിയിലും കഴുത്തിലും തലോടി കയറു വാങ്ങി പുറത്തേക്കുള്ള വഴിയേ നടന്നു. എരുമ പിന്നാലെയും.
പടികടന്ന് അരിപ്പൂക്കൾ പൂത്തുനിറഞ്ഞ ഒറ്റവഴിയൂടെ നടന്ന് ആദ്യത്തെ വളവ് തിരിഞ്ഞപ്പോൾ ബീവി കയറ് തിരികെ കൊടുത്തു. "ഇങ്ങള് ഓളെ നല്ലോണം നോക്കണേ..'
അത് പിന്നെ പ്രത്യേകിച്ചു പറയണോ..
മുതുകത്ത് രണ്ടടി വീണു. എരുമ പതിയെ നടന്നു തുടങ്ങി.

ബഹുമാനപ്പെട്ട കോടതി മുൻപാകെ, പള്ളിക്കണ്ടിയിൽ ഇമ്പിച്ചി മകൻ കൊയമ്മുവിന്റെ ഹർജിയിൽ വനം വകുപ്പ് റെയ്ഞ്ച് ഓഫീസർ സമർപ്പിക്കുന്ന സത്യവാങ്മൂലം. ഹർജ്ജിക്കാരൻ കൊയമ്മു ആരോപിക്കുന്നതിൽ നിന്നും കടകവിരുദ്ധമാണ് കാര്യങ്ങൾ. ഞങ്ങൾ ഹരജിക്കാരനെ മർദ്ദിക്കുകയോ അയാൾ കൈവശം വെച്ചിരിക്കുന്ന പോത്തിനെ പിടിച്ചെടുക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് ഭരണഘടനയും നീതിപീഢവും സാക്ഷിയായി ബോധിപ്പിക്കുന്നു. ഹരജിക്കാരൻ നിയമവിരുദ്ധമായി ഒരു കാട്ടുപോത്തിനെ പിടികൂടി തടങ്കലിൽ വെച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായാണ് ഞാനുൾപ്പെടുന്ന ഫോറെസ്റ്റ് സംഘം മലമൂട്ടിലുള്ള തോട്ടത്തിലെത്തുന്നത്.

ഇന്ത്യൻ ബൈസൺ എന്നറിയപ്പെടുന്നതും കാട്ടി എന്നു വിളിപ്പേരുള്ളതുമായ കാട്ടുപോത്തിനെ ബന്ധനത്തിൽ വെച്ചിരിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. വന്യജീവിയെന്ന നിലയ്ക് വളർത്താനോ വേട്ടയാടാനോ പാടില്ലാത്ത അപൂർവയിനം കാട്ടുപോത്തിനെ ഹർജിക്കാരൻ കൊയമ്മുവിന്റെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാനും, തിരികെ വനത്തിലെത്തിച്ചില്ലെങ്കിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ടിയാനെ ബോധ്യപ്പെടുത്തുവാനുമാണ് ഞങ്ങൾ ശ്രമിച്ചത്. എന്നാൽ കൊയമ്മു സഹായികളേയും കൂട്ടി ഞാനുൾപ്പെടുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കാൻ ശ്രമിക്കുകയും, വഴങ്ങാതിരുന്നപ്പോൾ ഇതേ കാട്ടുപോത്തിനെ അഴിച്ചുവിട്ട് അപായപ്പെടുത്താൻ ശ്രമിക്കുകയുമാണുണ്ടായത്. വന്യമൃഗവേട്ട, വനംകൊള്ള, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, നാടിനാകെ ആപത്തുണ്ടാക്കുന്ന കുത്സിത പ്രവർത്തനങ്ങളിലേർപ്പെടൽ എന്നിങ്ങനെയുള്ള വകുപ്പുകൾ ചുമത്തി നടപടി സ്വീകരിക്കാനിരിക്കെയാണ് ഹർജ്ജിക്കാരൻ കൊയമ്മു കോടതിയിൽ നിന്നും തടസ്സവിധി നേടുന്നത്. ഈ വിധി പിൻവലിച്ച് കാട്ടുപോത്തിനെ ഏറ്റെടുക്കാൻ സർക്കാരിനെ അനുവദിക്കണമെന്നും വനംകൊള്ള നടത്തുന്ന ക്രിമിനലായ കൊയമ്മുവിനെ മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്നും കോടതിയോട് അപേക്ഷിക്കുന്നു.
ഹർജിക്കാരന് എന്താണ് ബോധിപ്പിക്കാനുള്ളത്. സത്യവാങ്മൂലം വായിച്ചു കേട്ട ശേഷം ജഡ്ജി ചോദിച്ചു.

മൈ ലോർഡ്... സുകുമാരപ്പിള്ള വക്കീൽ ഇരിപ്പിടത്തിൽ നിന്നുയർന്ന് നടുത്തളത്തിലേക്ക് നടന്നുകൊണ്ട് സംസാരിച്ചു.
വസ്തുതകളെ വക്രീകരിച്ചും അസത്യങ്ങൾ കുത്തി നിറച്ചും കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള വനം വകുപ്പ് വക്കീലിന്റെ കഴിവ് അസാമാന്യം തന്നെയെന്ന് സമ്മതിച്ചു കൊടുത്തേ മതിയാവൂ. ദരിദ്ര കർഷകനായ എന്റെ കക്ഷി കൊയമ്മുവിനെ വനംകൊള്ളക്കാരനും ക്രിമിനലുമായി മുദ്രകുത്താനുള്ള ഗൂഢശ്രമത്തെ അംഗീകരിക്കാൻ ഞാൻ തയ്യാറല്ല. ഈ പറയുന്ന വാദങ്ങൾ തെളിയിക്കുന്നതിനായി സർക്കാർ വക്കീലിനെ വെല്ലുവിളിക്കുന്നു. ഒപ്പം സത്യാവസ്ഥ ബോധ്യപ്പെടുന്നതിനായി വിശദമായ വാദം കേൾക്കാൻ കോടതിയോട് താഴ്മയായി അഭ്യർഥിക്കുന്നു. താഴ്മയെ ശരീരഭാഷയിലേക്കാവഹിച്ചുകൊണ്ട് വവ്വാൽക്കോട്ടോതുക്കിപ്പിടിച്ച് ശിരസ്സുകുനിച്ച് സുകുമാരപ്പിള്ള വക്കീൽ ഉപസംഹരിച്ചു.

യുവർ ഓണർ.. കയ്യേറ്റക്കാർക്കും ബ്ലേഡ് പലിശക്കാർക്കും വേണ്ടി ഹാജരാകാറുള്ള സുകുമാരപ്പിള്ള വക്കീൽ ഇത്തവണ ഒരു വനംകൊള്ളക്കാരന്റെ വക്കാലത്തുമായി വന്നതിൽ അൽഭുതപ്പെടാനൊന്നുമില്ല. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വനസമ്പത്തിന്റെ സംരക്ഷണത്തിനും വേട്ടയാടപ്പെട്ട് അരുംകോല ചെയ്യപ്പെടുന്ന വന്യ മൃഗങ്ങൾക്കും വേണ്ടി വക്കീലിന്റെ വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു. ഞങ്ങളുടെ ഭാഗം തെളിയിക്കുന്നതിനായി ഹരജിക്കാരൻ കൊയമ്മുവിനെ വിസ്തരിക്കാൻ ബഹുമാനപ്പെട്ട കോടതി അനുവദിക്കണം. പള്ളിക്കണ്ടിയിൽ ഇമ്പിച്ചി മകൻ കൊയമ്മു എന്ന പേര് മൂന്നാം തവണയും വിളിക്കപ്പെട്ടപ്പോൾ വക്കീലും തങ്കച്ചനും പകർന്നുകൊടുത്ത ധൈര്യമൊക്കെ ചോർന്ന് ശൂന്യനായി കൊയമ്മു വിസ്താരക്കൂട്ടിലേക്ക് കയറി നിന്നു.

കൊയമ്മു എരുമയെ വളർത്തുന്നത് ആദ്യമായിട്ടാണ്. പ്ലേറ്റിലല്ലാതെ, അയാളുടെ കർമ്മ മണ്ഡലത്തിലോ ബോധമണ്ഡലത്തിലോ ഈ അടുത്തകാലം വരെ എരുമയോ പോത്തോ പോയിട്ട് ഒരു മുട്ടക്കോഴി പോലും ഉണ്ടായിരുന്നില്ല. ഈ മലമൂട്ടിൽ വന്നുകൂടുന്നതിനു മുൻപ് അയാളൊരു പലചരക്കു കടക്കാരനായിരുന്നു. നാട്ടിലെ നാൽക്കവലയിൽ പള്ളിയോട് ചേർന്ന് ചെറിയൊരു കട. അത്യാവശ്യം ജീവിച്ചുപോകാനുള്ള കച്ചോടവും, പള്ളിയിൽ വന്നു പോകുന്ന നാനാതരം മനുഷ്യരുമായി സൊറ പറച്ചിലുമൊക്കെയായി തട്ടുകേടില്ലാതെ ജീവിച്ചു പോരുകയായിരുന്നു. രണ്ടു പെണ്മക്കളെ നാട്ടുനടപ്പെല്ലാം പാലിച്ച് കെട്ടിച്ചു വിട്ടു. മൂന്നാമത്തവൾ മൈമുനയെ നാട്ടു നടപ്പ് തെറ്റിച്ച് കോളേജിലും വിട്ടു. കൊയമ്മുവിന് ഇഷ്ടമുണ്ടായിട്ടല്ല. ഇളയതിനെ ലേശം കൊഞ്ചിച്ച് പോയി. അതിന്റെ വാശിക്ക് നിന്നുകൊടുത്തതാണ്.
കെട്ടിച്ചു വിടേണ്ട നേരത്ത്..
ഉസ്താദും, പള്ളികഴിഞ്ഞാൽ കടയിലെ നിത്യസന്ദർശകന്മാരും അതൃപ്തി രേഖപ്പെടുത്തി.
ഇക്കാലത്ത് പെൺകുട്ടികൾ പഠിക്കുന്നത് തന്നെയാണ് നല്ലത്.
ചില പുരോഗമനാവാദികൾ അഭിപ്രായപ്പെട്ടു. കൊയമ്മുവും അതേറ്റു പറഞ്ഞു പുരോഗമന വാദിയായി.
ഓള് നല്ലോണം പടിച്ചും, ഭാവിണ്ട് ന്ന് പള്ളിക്കൂടത്തിലെ മാഷമ്മാര് പറഞ്ഞപ്പോ. മ്മളും കരുതി, പടിച്ചോട്ടെ നല്ലതല്ലെന്ന്..

വാസ്തവത്തിൽ കൊയമ്മുവിന്റെ മനസ്സിൽ മൂന്നാമത്തവളെ എത്രയും പെട്ടെന്ന് കെട്ടിച്ചു വിട്ടാൽ അത്രയും നന്ന് എന്ന ചിന്ത മാത്രമായിരുന്നു. പക്ഷെ ഒന്നിന് പിറകെ ഒന്നായി നടത്തേണ്ടി വന്ന മൂത്തതുങ്ങളുടെ നിക്കാഹുകൾ അയാളുടെ സമ്പദ്ഘടനയെ തകിടം മറിച്ചിരുന്നു. കടയിലും അങ്ങാടിയിലും ആളൊഴിയുന്ന ഉച്ചനേരങ്ങളിൽ, വെയിലിൽ തിളച്ചു പതയുന്ന നാൽക്കവലയിലേക്ക് കണ്ണുംനട്ട്, അനന്തമായ സ്വന്തം വംശാവലിയുടെ കുറ്റിയറ്റുപോകുന്നത് നിസ്സംഗമായി നോക്കി നിൽക്കുന്ന ഒരു സ്പീഷിസിലെ അവസാന മൃഗത്തെപ്പോലിരുന്ന്, ധനസ്ഥിതിക്കും മനസ്ഥിതിക്കും താങ്ങായി ഒരു മകനില്ലാത്തതിൽ കൊയമ്മു ദുഖിക്കും. എങ്ങിനെയും മൂന്നാമത്തോളുടെ കല്യാണം നടത്തണമെന്നുറപ്പിച്ചതാണ്. കടയിലെ വരുമാനം കൊണ്ട് ഉള്ള ബാധ്യത തന്നെ തീർക്കാനൊക്കാത്തത് കൊണ്ട് അതങ്ങനെ നീണ്ടു പോയി.
ചെറിയോള് വീട്ടിലെത്തീട്ടില്ല..

നാൽക്കവല ഇരുട്ടിൽ മുങ്ങാൻ തുടങ്ങുന്ന നേരത്താണ് ബീവി പറഞ്ഞയച്ച ദൂതൻ വന്നു പറയുന്നത്. വിളക്കുകൾ തെളിഞ്ഞു തുടങ്ങിയിരുന്നില്ല. അദ്രുമാനോ.. കോയട്ടിയോ.. കൊയമ്മുവിന് ദൂതനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പുറത്തെ നരച്ച ഇരുട്ടുകൊണ്ടാവണമെന്നില്ല. കണ്ണിൽ ഇരച്ചുവന്ന ഇരുട്ടുകൊണ്ടുമാകാം. നിരപലകകൾ നമ്പർ തെറ്റാതെ അടുക്കി കട പൂട്ടാൻ കൊയമ്മു പതിവിലുമധികം സമയമെടുത്തു. വഴിയിലൂടെ ആരംഭിച്ച അന്വേഷണം കോളേജിൽ അവസാനിച്ചു. വിവരമൊന്നും കിട്ടാഞ്ഞതുകൊണ്ട് ഉസ്താദിനെയും കൂട്ടി പോലീസ് സ്റ്റേഷനിൽ ചെന്നു.

പ്രായമെത്രയാണ്?
പരാതി കേട്ട പോലീസുകാരൻ ചോദിച്ചു.
പതിനെട്ട്.
മധുരപ്പതിനേഴ് കഴിഞ്ഞു വരുന്ന പതിനെട്ട്, വല്ലവന്റെയും കൂടെ പോയിക്കാണും.
ചിറി കോട്ടി ഒരു വഷളൻ ചിരി ചിരിച്ച് മറ്റൊരു പോലീസുകാരൻ പറഞ്ഞു.
അങ്ങനെ പോകുന്നോളല്ല..
അരിശത്തിലും ദുഖത്തിലും തളർന്ന് കൊയമ്മു ബെഞ്ചിലിരുന്നു.
ഒരു പരാതി എഴുതി തരിൻ.
പുതിയൊരു ശബ്ദം കൂടുതൽ അധികാരത്തോടെ ആവശ്യപ്പെട്ടു.
തെല്ലുനേരമൊന്ന് ശങ്കിച്ചു നിന്ന ഉസ്താദ്, പോലീസുകാരൻ നീട്ടിയ കടലാസ് വാങ്ങാൻ നിർബന്ധിതനായി.
അക്ഷരങ്ങൾക്ക് വായിക്കാനൊക്കുന്ന വടിവൊപ്പിക്കാൻ കഷ്ടപ്പെട്ട് അയാൾ എഴുതുവാൻ തുടങ്ങി.

ഞാൻ ഉസ്താദായിരിക്കുന്ന മഹല്ലിൽ അംഗവും, അഞ്ച് ഇസ്ലാം കാര്യവും ആറ് ഈമാൻ കാര്യവും പാലിച്ച് ജീവിക്കുന്ന മുസൽമാനുമായ കൊയമ്മുവിന്റെ, ടിയാൻ ഈ വിധം തന്നെ വളർത്തിയ മൂന്ന് പെൺമക്കളിൽ ഇളയവൾ മൈമുനയെ കാണാതായിരിക്കുന്നു. രണ്ടെണ്ണത്തെ കെട്ടിച്ച ശേഷം മൂന്നാമത്തതിനെ കോളേജിൽ വിട്ടപ്പോൾ തന്നെ ഞാനും പള്ളിക്കമ്മറ്റിക്കാരുമൊക്കെ കൊയമ്മുവിനോട് പറഞ്ഞതാണ്, നല്ലതിനാവൂലാന്ന്. എങ്കിലും പുരുഷന്മാരെ കണ്ടാൽ തല കുനിച്ച് നടന്നുപോകുന്നവളും കൊയമ്മുവും ബീവിയും അടക്കവും ഒതുക്കവും തികച്ച് വളർത്തിയതിനാലും വല്ല അപകടവും പറ്റിയതാവാനും മതി. ആയതിനാൽ, ഉടനടി അന്വേഷിച്ചു കണ്ടെത്തി കൊയമ്മുവിനെ ഏൽപ്പിക്കാൻ ദയവുണ്ടാകണമെന്ന് അല്ലാഹുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു.
പോലീസുകാരുടെ പരുഷമായ പെരുമാറ്റത്തിൽ തൊണ്ടയിൽ നിന്ന് പുറത്ത് വരാൻ മടിച്ച ഒച്ചയെ ഉസ്താദ് കടലാസിലേക്ക് പകർത്തി. കൊയമ്മുവിനെ അനുനയിപ്പിച്ച് വീട്ടിൽ കൊണ്ടുചെന്നാക്കി. ഒരു ഉറപ്പുമില്ലെങ്കിലും, വിഷമിക്കണ്ട ഓള് വരും എന്ന് ഉപചാരം പറഞ്ഞു മടങ്ങി.

പിറ്റേന്ന് മുതൽ ഒരാഴ്ചക്കാലം നിത്യവും രാവിലെയും വൈകുന്നേരവും കൊയമ്മു പോലീസ് സ്റ്റേഷനിൽ ചെന്ന് തിരക്കും. മരണവീട്ടിലേക്കെന്ന പോലെ വിവരമറിഞ്ഞു വരുന്ന ജനങ്ങളിൽ പുരുഷന്മാർ ഉമ്മറത്തിരുന്നും പെണ്ണുങ്ങൾ അടുക്കളപ്പുറത്തിരുന്നും പലവിധം കിംവദന്തികൾ പറഞ്ഞു. കോളേജിലെ ബസ് സ്റ്റോപ്പിൽ വെച്ച് ഒരുത്തന്റെ കൂടെ ആരോ കണ്ടെന്നു പറഞ്ഞത് ബസ് സ്റ്റാന്റ് എന്നും റെയിൽവേ സ്റ്റേഷൻ എന്നുമൊക്കെ മാറി മാറി വന്നു. കൊയമ്മു ഇല്ലാത്തപ്പോൾ ഉച്ചത്തിൽ പറയുന്നത്, ആളുകൾ കൊയമ്മു കേൾക്കെ ഒച്ച താഴ്ത്തിപ്പറഞ്ഞു.

ഒരാഴ്ച പിന്നിട്ട അടുത്ത ദിവസം സുബ്ഹി കഴിഞ്ഞു കൊയമ്മു വീട്ടിൽ നിന്നിറങ്ങി. വെളുപ്പിനുള്ള ബസ്സിൽ ടൗണിലേക്ക് തിരിച്ചു.ബസ് സ്റ്റാൻഡിൽ ആദ്യം കണ്ട ബസ്സിൽ കയറി അവസാന സ്റ്റോപ്പിലേക്ക് ടിക്കറ്റെടുത്തു. നഗരം പിന്നിട്ട്, ഗ്രാമങ്ങൾ പിന്നിട്ട്, മണിക്കൂറുകൾ സഞ്ചരിച്ച്, കാടും മലയും കിതച്ചു കയറി ബസ് ചെന്ന് നിന്നത് ഒരു കവലയിലാണ്. നൂൽമഴയുടെ ഇടവേളയിലുള്ള തണുത്ത കാറ്റിൽ വിറച്ചു നിൽക്കുന്ന മരങ്ങൾക്കിടയിലെ ഒരു തുറസ്സ്. അതിൽ ഒരു മലയോര ഗ്രാമത്തിന്റെ ജീവൻ നിലനിർത്തുവാൻ വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവയവങ്ങൾ കണക്കെ മൂന്നാലു കടകൾ.
ബസ്സിറങ്ങിയപാടെ കൊയമ്മു നേരെ കണ്ട ചായക്കടയിലേക്ക് കയറി ഒരു ഹാഫ് ചായക്ക് ഓഡർ കൊടുത്തു.
ങ്ങളെവിടുന്നാണ് കാക്കേ?
സമോവറിന്റെ അടുപ്പിലേക്ക് വിറകു മൂട്ടിക്കൊണ്ട് ചായക്കടക്കാരൻ കുശലം ചോദിച്ചു.

കൊറച്ച് പടിഞ്ഞാറ്റ് ന്നാ..
മലകൾക്കപ്പുറത്ത് നിന്ന് കാറ്റ് കൂട്ടിക്കൊണ്ടു വന്ന കോടയിൽ കവലയാകെ അദൃശ്യമായി.
തണുപ്പ് നേർത്ത ഷർട്ടിനുള്ളിൽ കയറി കൊയമ്മുവിന്റെ നെഞ്ചിൽ തന്നെ പിടിച്ചു. കൈകയ്യിലിരുന്ന ചായ ഗ്ലാസ് വിറച്ചു.
സ്ഥലക്കച്ചോടമാവും..
കോടയ്ക്കുള്ളിൽ നിന്ന് ശബ്ദം. കൊയമ്മു ഒന്നും മിണ്ടിയില്ല. രണ്ടു കൈ കൊണ്ടും ചായ ഗ്ലാസ് മുറുക്കെ പിടിച്ച് ഉള്ളം കൈ ചൂടാക്കിക്കൊണ്ട് അയാൾ ചായ മൊത്തിക്കുടിച്ചു.

അല്ല, ഇപ്പൊ അതിനാണേ പടിഞ്ഞാറ്റ്ന്നുള്ള വരവ്, അതോണ്ട് ചോദിച്ചെന്നെ ഉള്ളു.
ഒരുപാട് ചോദ്യങ്ങളിൽ നിന്ന് ഓടിവന്ന കൊയമ്മു അയാളോട് എന്തെങ്കിലും പറയാൻ നിർബന്ധിതനായി.
ഇവടെ സ്ഥലത്തിനൊക്കെ എന്താ വെല?
കൊയമ്മു കോടയിൽ, തീയുടെ മഞ്ഞരാശി പടർന്ന ഭാഗം നോക്കി ചോദിച്ചു.
ഇങ്ങള് എന്റെ കൂടെ പോരിൻ ഒക്കെ നമുക്ക് ശെരിയാക്കാ
കോടയുടെ ഉള്ളിൽനിന്ന് ഒരു ചെറുപ്പക്കാരൻ തെളിഞ്ഞു വന്നു ക്ഷണിച്ചു. മറ്റൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് കൊയമ്മു അയാളോടൊപ്പം പുറത്തേക്കിറങ്ങി.
ഞാൻ തങ്കച്ചൻ..
കവലയുടെ ഒരരികിലേക്ക് മാറിയിരുന്ന്, തലേന്ന് രാത്രി ആരോ തീ കാഞ്ഞു ഉപേക്ഷിച്ച കാപ്പിത്തടിക്ക് തീ കൂട്ടികൊണ്ട് അയാൾ പരിചയപ്പെടുത്തി.
അവർ തീകാഞ്ഞു കൊണ്ട് പുക വലിച്ചു
ഇങ്ങൾക്ക് എത്ര ഏക്ര വേണം?
തണുപ്പിന് ഒരു ശമനമൊക്കെ വന്നപ്പോൾ തങ്കച്ചൻ കർമത്തിലേക്ക് കടന്നു.
ഭൂമിക്കച്ചോടൊന്നും മ്മള് കൂട്ട്യാ കൂടൂല. ആകെ കടം കേറി മുടിഞ്ഞിരിക്യാ. കൊയമ്മു ഉള്ള സത്യമങ്ങു പറഞ്ഞു.
ഇങ്ങള് കറക്റ്റ് സ്ഥലത്താ വന്നു പെട്ടിരിക്കുന്നത്. കടം കേറി മുടിഞ്ഞവർക്ക് നിന്നുപെഴയ്കാൻ ഇതിലും നല്ലൊരു സ്ഥലം വേറെയില്ല. ഇപ്പോ ഈ കവലയിലുള്ളതിൽ പകുതിമുക്കാൽ പേരും കടംകേറി മുടിഞ്ഞു ഉള്ളതെല്ലാം വിട്ടുപെറുക്കി ഇങ്ങോട്ട് കുടിയേറിയതാ. എന്റെ അപ്പനുൾപ്പെടെ.. തങ്കച്ചൻ ആവേശത്തോടെ പറഞ്ഞു.
അങ്ങനെയാണ് പലചരക്കു കടക്കാരൻ കൊയമ്മു, ഈ മലമൂട്ടിലൊരു മൂന്നേക്കറിൽ കർഷകനാവുന്നത്.

വിസ്താരക്കൂട്ടിൽ നിന്നും വിയർപ്പിൽ കുളിച്ചാണ് കൊയമ്മു ഇറങ്ങിപ്പോന്നത്. അയാളുടെ പല മറുപടികളും കോടതിമുറിയിൽ ചിരി പടർത്തി. എന്നാൽ ചിരിക്കാൻ വേണ്ടി ഒന്നുംതന്നെ അയാൾ പറഞ്ഞിരുന്നില്ല.
യുവർ ഓണർ... സർക്കാർ വക്കീൽ തുടർന്നു.
മകളുടെ തിരോധാനത്തെ തുടർന്നു നാടുവിട്ടു എന്ന കൊയമ്മുവിന്റെ മൊഴി സംശയാസ്പദമാണ്. മകളെ കാണാതായാൽ കണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം പിതാവ് നാടുവിട്ടതെന്തിന് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ഹർജിക്കാരന് സാധിച്ചിട്ടില്ല. സ്ഥിരവരുമാനവും സ്വന്തമായി പുരയിടവുമുണ്ടായിരുന്ന പ്രദേശം വിട്ട് ഇയാൾ ഈ കാട്ടുമൂലയിൽ വന്നു താമസിക്കുന്നതിൽ തന്നെ ദുരൂഹതയുണ്ട്. പോത്ത് വളർത്തുകാരൻ എന്നു ഹർജിയിൽ അവകാശപ്പെടുന്ന ഈ വ്യക്തി ഇപ്പോൾ തർക്കവസ്തുവായിരിക്കുന്ന കാട്ടുപോത്തിനെയാണ് ആദ്യമായി വളർത്തുന്നത് എന്ന മൊഴിയും കോടതി പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്..

ഒബ്‌ജെക്ഷൻ യുവർ ഓണർ.. സുകുമാരപ്പിള്ള വക്കീൽ ഇടയ്കുകയറി.
ഏത് സ്ഥലത്തു ജീവിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം പൗരന് അനുവദിക്കപ്പെട്ടിട്ടുള്ളതാണ്. അത് ചോദ്യം ചെയ്യാനുള്ള അധികാരം സർക്കാർ വക്കീലിനെന്നല്ല സർക്കാരിന് തന്നെയില്ല. തർക്കവിഷയവുമായി പുലബന്ധം പോലുമില്ലാത്ത അനാവശ്യവാദങ്ങൾ ഉന്നയിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണു സർക്കാർ വക്കീൽ ശ്രമിക്കുന്നത്. ഈ ആരോപണങ്ങൾ തെറ്റെന്നു തെളിയിക്കുന്നതിനായി ബ്രോക്കർ തങ്കച്ചനെ സാക്ഷി വിസ്താരം ചെയ്യാൻ അനുവദിക്കണമെന്ന് കോടതിയോട് അഭ്യർഥിക്കുന്നു.
ആദ്യമായി കൂട്ടിൽ കയറുന്നതിന്റെ പരിഭ്രമം തങ്കച്ചനുണ്ടായിരുന്നു. ബ്രോക്കർ ജോലിയുടെ നാക്കുവഴക്കം മതി കേസ് ജയിക്കാനും എന്ന വക്കീലിന്റെ വാക്കുകളിൽ ആത്മവിശ്വാസം കണ്ടെത്തി അയാൾ വിസ്താരക്കൂട്ടിൽ വിനയാന്വിതനായി നിന്നു.

കമ്മീഷനില്ലാത്ത കച്ചോടമില്ലെങ്കിലും തങ്കച്ചൻ ഉപകാരിയും സ്‌നേഹമുള്ളവനുമാണ്. മൂന്നേക്കറിൽ ജീവിതം കരുപ്പിടിപ്പിക്കാനാവശ്യമായ വിത്തുകളും തൈകളും കൊയമ്മുവിന് എത്തിച്ച് കൊടുത്തത് അയാളാണ്. കൃഷിയിൽ പുതിയതായതുകൊണ്ട് കാര്യങ്ങളെ കുറിച്ചൊക്കെ ഒരു ധാരണ വരുത്തൻ കുടിയേറ്റ കർഷകനായ അപ്പനെ പരിചയപ്പെടുത്തി കൊടുത്തു. പണത്തിനുള്ള ബുദ്ധിമുട്ട് കൊയമ്മുവിനെ പെട്ടെന്ന് കർഷകനാക്കി. ഒറ്റക്കൊല്ലം കൊണ്ട് തന്നെ ശരീരം പലചരക്കുകടക്കാരന്റെ മേദസ്സ് വിട്ടു. എങ്കിലും ദാരിദ്ര്യത്തിന് ഒരു കുറവുമില്ല. ഏലമൊക്കെ ഒന്ന് കായ്ച്ചു തുടങ്ങിയാൽ ശെരിയാവും, വേറെന്തെങ്കിലും വഴികൂടെ നോക്കാമെന്ന് കൊയമ്മുവിനെ ആശ്വസിപ്പിച്ച്, യാത്ര പറഞ്ഞു ഇട്ടിമുതലാളിയുടെ വീട് ലക്ഷ്യമാക്കി നടക്കുകയായിരുന്നു തങ്കച്ചൻ. ഇട്ടി മുതലാളിയുടെ അപ്പൻ കയ്യേറി പട്ടയം സമ്പാദിച്ച മലഞ്ചെരുവിലെ അഞ്ചേക്രയും, മുതലാളിയുടെ വേലികെട്ടുകാരുടെ വർഷങ്ങളായുള്ള അശ്രദ്ധമായ വേലികെട്ടലിനെ തുടർന്ന് വേലിക്കകത്തായിപ്പോയ കൈവശാവകാശമുള്ള അഞ്ചേക്രയും ചേർന്ന സ്ഥലത്തിന് ഒരു കോളുകാരുണ്ടെന്ന വിവരം പറയാനാണ്. മലഞ്ചെരിവിലെ കാപ്പിത്തോട്ടത്തിലൂടെയുള്ള ഒറ്റ വഴിയിലൂടെ നടക്കുമ്പോഴാണ്, കാപ്പിച്ചെടികൾ കുലുക്കിക്കൊണ്ട് ഔസേപ്പും ലക്ഷണമൊത്ത ഒരു എരുമക്കുഞ്ഞും മല കയറി വരുന്നത്.

ഇതിനെ തീറ്റിക്കാൻ കൊണ്ടോവാണോ ഔസേപ്പേട്ടാ..
കാശിന് ചെറിയൊരു അത്യാവശ്യം. കവലയിൽ കൊണ്ടുപോയാൽ വിൽക്കാനൊക്കുമോ എന്ന് നോക്കണം.
വില എന്താ ചോദിക്കുന്നെ..
അഞ്ഞൂറ് രൊക്കം. എന്താ തങ്കച്ചാ കോള്കാരുണ്ടോ.
ആദ്യമായി പുറം ലോകം കാണുന്നതിന്റെ ഉത്സാഹത്തിൽ നടക്കുകയായിരുന്ന എരുമകുഞ്ഞിനെ ഔസേപ്പ് കയറു വലിച്ച് നിർത്തി.
നാന്നൂറ് രൊക്കം..
തങ്കച്ചൻ നാല് നൂറിന്റെ നോട്ടുകൾ വീശിക്കാണിച്ചു.
ഔസേപ്പ് ശങ്കിച്ചു നിന്നു.
കവലയിലേക്കുള്ള നടത്തം ലാഭം, ചുമ്മാ വിലപറഞ്ഞു മക്കാറാക്കാൻ വരുന്ന ഊച്ചാളികളുമായുള്ള കശപിശയിൽ നിന്ന് മോചനം.
തങ്കച്ചൻ ഇന്ദ്രജാലക്കാരനെപ്പോലെ നോട്ടുകൾ വായുവിൽ വീശിക്കൊണ്ട് പറഞ്ഞു.

പതിവുപോലെ ആശ്വാസവാക്കും പറഞ്ഞു പിരിഞ്ഞുപോയ തങ്കച്ചൻ മിനിട്ടുകൾക്കകം ഒരു എരുമക്കുഞ്ഞുമായി പടികടന്നുവരുന്നത് കണ്ട് കൊയമ്മു അമ്പരന്നു.
ഇതിനെ ഇങ്ങള് പോറ്റിക്കൊ, പെറ്റാൽ പാലീന്ന് ഒരു വരുമാനം വരും. ഇനി വിൽക്കാനാണ് ച്ചാ പറഞ്ഞാൽ മതി നല്ല വിലയ്ക് ഞാൻ മറിച്ചു തരാം.
തങ്കച്ചൻ കയറ് കൊയമ്മുവിന് കൊടുത്തു.
ഇതിന്റെ വെല..
തവണ വ്യവസ്ഥയിൽ അറുനൂറു രൂപ വിലയ്ക് തങ്കച്ചൻ കച്ചവടം ഉറപ്പിച്ചു.

പുതിയ തീയ്യതിയിൽ കേസ് വിളിച്ചപ്പോൾ തങ്കച്ചന്റെ മൊഴി അപ്പാടെ നിരാകരിക്കുക എന്ന തന്ത്രമാണ് സർക്കാർ വക്കീൽ പുറത്തെടുത്തത്.
എന്റെ അറിവിലും ബോധ്യത്തിലും ഈ കോടതിയിൽ നടക്കുന്ന തർക്കം കൊയമ്മു കൈവശം വച്ചിരിക്കുന്ന കാട്ടുപോത്തിനെ കുറിച്ചാണ്. കാട്ടുപോത്തിന്റെ തള്ളയെന്ന് ഇവർ അവകാശപ്പെടുന്ന എരുമയുടെ ഉടമസ്ഥാവകാശം കൊയമ്മുവിനാണെന്ന് തെളിയിക്കാനാണ് സുകുമാരപ്പിള്ള വക്കീൽ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. അക്കാര്യത്തിൽ എന്റെ കക്ഷിയായ വനം വകുപ്പിന് യാതൊരുവിധ എതിരഭിപ്രായങ്ങളോ തർക്കങ്ങളോ ഇല്ലെന്ന് കോടതിയെ ബോധിപ്പിച്ചു കൊള്ളട്ടെ. എന്തെന്നാൽ തർക്കവിഷയമായ കാട്ടുപോത്തിനെ കൊയമ്മു വിന്റെ എരുമ പെറ്റതാണെന്നുതന്നെ ഞങ്ങൾ അംഗീകരിക്കുന്നില്ല. ഏതോ ഒരു എരുമയുടെ മേൽ ഉടമസ്ഥാവകാശം തെളിയിച്ച് അതു പെറ്റതെന്ന വ്യാജേന കാട്ടുപോത്തിനെ തട്ടിയെടുക്കാനുള്ള തന്ത്രം വിലപ്പോവാൻ ഇവിടെയിരിക്കുന്നവരെല്ലാം വിഡ്ഢികളല്ല.
ആ വാദം അംഗീകരിക്കപ്പെട്ടു.
കാട്ടുപോത്തിനെ എരുമ പെറ്റതാണെന്ന് തെളിയിക്കാൻ സാധിക്കുമോ? കോടതി ചോദിച്ചു.
തീർച്ചയായും..

സുകുമാരപ്പിള്ള വക്കീല് മുരടനക്കി ശബ്ദം ശെരിപ്പെടുത്തിക്കൊണ്ട് തുടർന്നു.
പക്ഷേ, അതിനുമുന്നേ ബഹുമാനപ്പെട്ട കോടതിയോടും സർക്കാർ വക്കീലിനോടും എനിക്കോരപേക്ഷയുണ്ട്. തർക്കത്തിലിരിക്കുന്ന പോത്തിനെ കാട്ടുപോത്തെന്നു സംബോധന ചെയ്യുന്നത് അവസാനിപ്പിക്കണം. അസ്തിത്വവും ഉടമസ്ഥാവകാശവും കോടതി പ്രഖ്യാപിക്കും വരെ ആ ജീവി തർക്കവിഷയമായ പോത്ത് മാത്രമാണ്. പ്രസ്തുത പോത്തിന്റെ ജനന രഹസ്യം വെളിപ്പെടുന്നതിനായി സർക്കാർ വക മൃഗാസ്പത്രിയിലെ കമ്പോണ്ടറെ വിസ്തരിക്കാൻ കോടതി അനുവദിക്കണം.
ആ പഞ്ചായത്തിലെ ഒട്ടുമിക്ക നാൽക്കാലികളുടെയും ഗർഭ-പ്രസവാദികാര്യങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്ന ഊർജ്ജസ്വലനായ സർക്കാർ ഉദ്യോഗസ്ഥനാണ് കമ്പോണ്ടറെങ്കിലും ഒരു നാൽക്കാലിയുടെ പ്രസവ ചരിത്രം ചോദിച്ച് അയാളെ കോടതി വിസ്തരിക്കുന്നത് ഇതാദ്യമാണ്. താൻ ചോദിക്കാനുദ്ദേശിക്കുന്ന ചോദ്യങ്ങൾ സുകുമാരപ്പിള്ള വക്കീല് അയാളെ നേരത്തേ ധരിപ്പിച്ചിരുന്നു. അവയിൽ ഓരോന്നിനായി അയാൾ ഉത്തരം പറഞ്ഞു തുടങ്ങി.

പ്രതീക്ഷിക്കാതെ വന്ന അതിഥിയായതുകൊണ്ട് എരുമക്കുഞ്ഞിനായൊരിടം ആ വീട്ടിലുണ്ടായിരുന്നില്ല. ബീവി അവളെ പല പല മരച്ചുവടുകളിലായി കെട്ടിയിട്ടു. ആല പണിയുന്നത് വരെ രാത്രിയിൽ ഉമ്മറക്കോലായിൽ കിടക്കാൻ ഇടം കൊടുത്തു. കാടി വെള്ളം കുടിക്കാനോ പുല്ലു തിന്നാനോ കെട്ടഴിച്ചു വിടുമ്പോൾ, പറമ്പാകെ അവൾ തുള്ളിച്ചാടി നടക്കും. ഇടയ്ക്കിടെ സഡ്ഡൻ ബ്രെക്കിട്ട് നിന്ന്, വലിയ കറുത്ത കൺപീലികൾ വിടർത്തി കൊയമ്മുവിനെയോ ബീവിയേയോ നോക്കും. ഒന്ന് മിണ്ടിപ്പറയാൻ ആ മൂന്നേക്കറിൽ മറ്റു മനുഷ്യജീവികളില്ലാത്തത് കൊണ്ട് അവൾ പെട്ടെന്ന് തന്നെ മൈമുനയായി. മൈമൂനാ എന്ന് ബീവിയുടെ നീട്ടിയുള്ള വിളി തന്റെ ശ്രവണ പരിധിക്കകത്താണെങ്കിൽ അവൾ ഓടിയെത്തിയിരിക്കും.

മുറ്റമടിക്കുമ്പോഴും അരിയിലെ കല്ല് പെറുക്കുമ്പോഴുമൊക്കെ ബീവി മൈമുനയ്ക് പഴയ കഥകളും പുതിയ വിശേഷങ്ങളുമൊക്കെ പറഞ്ഞു കൊടുക്കും. കൊയമ്മു കവലയിലോ മറ്റോ പോയാൽ അവർ രണ്ടുപേരും കുടുംബസ്ഥകളായ അയക്കാരികളെപ്പോലിരുന്ന് പരദൂഷണം പറയും. ഇത്തിരി വൈകിയെങ്കിലും, സ്‌നേഹം പ്രകടിപ്പിക്കാനറിയാത്തവനും മുരടനുമായ കൊയമ്മുവിനെയും അവൾ കൈയ്യിലെടുത്തു. പുറത്തെങ്ങാനും പോയ കൊയമ്മു തിരിച്ചെത്തിയത് തൊടിയിലെ കാറ്ററിഞ്ഞാൽ മൈമുനയുമറിയും. കുറച്ച് പച്ചപ്പുല്ലോ വൈക്കോലോ തിന്നാനിട്ടുകൊടുത്ത്, കരിമ്പാറയിൽ കടുകെണ്ണയൊഴിച്ചപോലത്തെ അവളുടെ നെറ്റിയിൽ തലോടുന്നതുവരെ, കൊയമ്മുവിനു മാത്രമായി മാറ്റി വെച്ചിട്ടുള്ള ഈണവും താളവും പിടിച്ച് മൈമുന കരഞ്ഞുകൊണ്ടിരിക്കും.

ഏകാകികളായ വൃദ്ധദമ്പതികൾക്കിടയിൽ വളരുന്ന ഒരു മനുഷ്യകുഞ്ഞിനു കിട്ടുന്ന വാത്സല്യമത്രയും അനുഭവിച്ച് മൈമുന വളർന്നു. രണ്ടുകൊല്ലം കൊണ്ട് യൗ
യൗവ്വനയുക്തയായ എരുമസുന്ദരിയായി. നാട്ടുനടപ്പനുസരിച്ച് കൊയമ്മു അവളുടെ ബീജാധാന ചടങ്ങിന് തിയ്യതി കുറിച്ചു. ആ നാട്ടിലെ ഹതഭാഗ്യകളായ മറ്റെല്ലാ നാൽക്കാലി പെണ്ണുങ്ങളെയും പോലെ, മൃഗാശുപത്രിയിലെ കമ്പോണ്ടറായിരുന്നു മൈമുനയുടെയും വരൻ. കൊയമ്മു അവളെ ഉറപ്പുള്ള ഒരു മരത്തിലേക്ക് ചേർത്ത് കെട്ടി. മൂക്കയർ വലിച്ച് പിടിച്ചു. പിൻകാലുകൊണ്ട് കുതറിത്തുള്ളിയപ്പോൾ ബീവി വാല് ഒരു വശത്തേക്ക് വലിച്ച് പിടിച്ചു. കമ്പോണ്ടർ വലതുകൈയ്യിൽ തോള് വരെയെത്തുന്ന പോളിത്തീൻ കയ്യുറ ധരിച്ചു. ഇടതുകൈയിൽ, ഓടി ജയിച്ച് പെട്ടെന്ന് ഭൂമിയിലേക്കെത്താൻ മുക്രയിട്ടു നിൽക്കുന്ന, ആണ്മയെ അടക്കം ചെയ്ത നീണ്ട പ്ലാസ്റ്റിക് കുഴലുമെടുത്ത് അയാൾ മൈമുനയുടെ മണിയറയിൽ പ്രവേശിച്ചു. മൂന്നാം മാസം ആവുന്നതിനു മുന്നേ തന്നെ അവൾ ഗർഭവതിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങി.

പേറ്റുനോവെടുത്തയന്നു ഉച്ചനേരം തുടങ്ങിയ മഴയാണ്. ആകാശം നടത്തുന്ന ആക്രമണമെന്ന പോലെ, ദേഹത്ത് കൊണ്ടാൽ നോവുന്നത്ര മൂർച്ചയുള്ള സ്ഫടിക ദണ്ഡുകൾ ഇട മുറിയാതെ ഭൂമിയിൽ പതിച്ചുകൊണ്ടിരുന്നു. മനുഷ്യരെല്ലാം അവരവരുടെ കൂരകളുടെ അഭയത്തിലിരുന്ന്, മേൽപ്പുരയുടെ ഉറപ്പിനെ സംശയിച്ചുകൊണ്ട് തീകാഞ്ഞും ചുടു കാപ്പി കുടിച്ചും ഉറങ്ങാതിരിക്കുകയാണ്. കാട്ടിലെ വൻ വൃക്ഷങ്ങളുടെ നേതൃത്വത്തിൽ സസ്യജാലങ്ങളുടെ പട്ടാളം, ഭൂമിക്കും അതിലെ അസംഖ്യം ജന്തു വർഗ്ഗങ്ങൾക്കും വേണ്ടി ഇലപ്പരിചകൾ കൊണ്ട് പൊരുതി നിന്നു. കാറ്റിലും മഴയിലും കൂടു മറിഞ്ഞു പോയ ഒരു തള്ളക്കിളി പെരുമഴയത്ത് ഇരുട്ടിൽ ഒച്ചയുണ്ടാക്കിപ്പറന്നു. നാല് ദിക്കിലുമുള്ള മലകൾ മഴയുടെയും കിളിയുടെയും ഒച്ചയെ പ്രധിധ്വനിപ്പിച്ചു. അദൃശ്യത അതിനെ കൂടുതൽ ഭീതിതമാക്കി. പാഴ്മരക്കാലുകൾക്കു മുകളിൽ പനയോല മേഞ്ഞ ഷെഡിൽ, കല്ലുമ്മക്കായ പോലത്തെ കണ്ണുകൾ തുറന്നു പിടിച്ച് തളർന്നു കിടക്കുകയാണ് മൈമുന. അവളുടെ സജലമായ കണ്ണുകളിലൊന്നിൽ മണ്ണെണ്ണ വിളക്കിന്റെ നാളം മഴപ്പാറലിനൊത്ത് ശോഷിച്ചും കാറ്റിനൊത്ത് ഉലഞ്ഞും പ്രതിഭിംബിച്ചു.

കഴിഞ്ഞ കൊല്ലത്തെ വെല്ലും ഇക്കൊല്ലം മഴ.
ഷെഡ്ഡിന്റെ ഇറയത്ത് കുന്തിച്ചിരുന്ന് ബീഡി ആഞ്ഞുവലിച്ച് പുകയൂതിക്കൊണ്ട് കൊയമ്മു ബീവിയോട് പറഞ്ഞു.
പെട്ടെന്നൊന്ന് പെറ്റു കിട്ട്യാ മതിയാര്ന്നു.
മൈമുനയുടെ എണ്ണക്കറുപ്പാർന്ന നിറ വയറ്റിൽ ചലിച്ചിരുന്ന കൈ നിശ്ചലമാക്കി ബീവി, മഖാമിലേക്ക് പത്ത് രൂപാ നേർന്നു.
വശം ചരിഞ്ഞു മുൻകാലുകൾ നീട്ടി വച്ച്, കഴുത്ത് നിലത്ത് ചേർത്ത് കിടന്നിരുന്ന മൈമുന, കൊമ്പു കുലുക്കി ഒന്നമറി മൂക്കു ചീറ്റി. കല്ലുമ്മക്കായ കണ്ണുകൾ പുറത്തേക്ക് തള്ളി വെള്ള കണ്ടു. പോരിന് നിക്കുന്ന കാളക്കൂറ്റൻമാരെപ്പോലെ, അവളുടെ വാല് തലങ്ങും വിലങ്ങും ഒടിഞ്ഞ വടി പോലെ നിന്നു.
പൊടുന്നനെ, വാലിനു കീഴിലായി രണ്ടു കുഞ്ഞിക്കുളമ്പുകൾ തെളിഞ്ഞു വന്നു.
അൽഹംദുലില്ലാഹ്..
ബീവി നെഞ്ചത്ത് കൈവെച്ച് പറഞ്ഞു. കൊയമ്മു ബീഡി മഴയിലേക്കെറിഞ്ഞു.
കുട്ടനാണ്..

കമ്പോണ്ടർ നിർദ്ദേശിച്ചതനുസരിച്ച് അവന്റെ ദേഹത്തെ അമ്മക്കൊഴുപ്പ് തുടച്ചു കളഞ്ഞുകൊണ്ട് കൊയമ്മു ബീവിയോട് പറഞ്ഞു. വെളിച്ചം വരുന്നതിനനുസരിച്ച് കാര്യങ്ങൾ കൂടുതൽ വ്യക്തമായി. വെയിലേറ്റാൽ സ്വർണ്ണ വർണ്ണമാകുന്ന അവന്റെ ചെമ്പൻ നിറം തെളിഞ്ഞു വന്നു. നാല് കാലിലും മുട്ടറ്റം വരെയെത്തുന്ന വെള്ള സോക്‌സ്. പശുക്കിടാവിന്റെ പോലത്തെ മുഖം.
കാട്ടി മിർക്കൻ..
കൊയമ്മുവിന്റെ തോട്ടത്തിൽ പണിക്ക് വരുന്ന ആദിവാസിപ്പെണ്ണുങ്ങൾ പരസ്പരം പിറുപിറുത്തു നിൽക്കുമ്പോഴാണ് തങ്കച്ചന്റെ വരവ്.
കൊയമ്മുക്കാ.. ഇങ്ങളെ മൈമുന വേലി ചാടീട്ടുണ്ടല്ലോ, ഓൾടെ വയറ്റിലുണ്ടായിരുന്നത് കമ്പോണ്ടറുടെ എരുമകുഞ്ഞല്ല, ഇത് ഏതോ കാഫിറ് കാട്ടുപോത്തിന്റെയാ..

പെട്ടെന്ന് കൊയമ്മുവിന്റെ വിധം മാറി. തങ്കച്ചനോട് അയാൾ കലിയെടുത്ത് തുള്ളി. തങ്കച്ചൻ ഇതുവരെ കേട്ടിട്ടില്ലാത്ത തെറികൾ വിളിച്ച് കൂവി.
ഇങ്ങൾക്ക് ഇത്രയ്ക്കു അരിശം വരാൻ ഞാൻ എന്താ പറഞ്ഞത്..
പകച്ചുപോയ തങ്കച്ചൻ ഒരു അനുനയ ശ്രമം നടത്തി.
ചെലക്കാണ്ട് പോടാ നായെ.. മെരുക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ബീവിയുടെ കൈകളിൽ നിന്ന് കൊയമ്മു കുതറി. പണിക്ക് വന്ന പെണ്ണുങ്ങൾ അന്തംവിട്ടു നിന്നു. കൊയമ്മുവിന്റെ പ്രശ്‌നമെന്താണെന്ന് തങ്കച്ചന് ഒരു രൂപവും കിട്ടിയില്ല. എവിടുന്നോ കിട്ടിയ ഒരു അറബി വാക്ക് പ്രയോഗിച്ചത് അസ്ഥാനത്തായിപ്പോയോ എന്നൊരു ശങ്കയുള്ളതിനാലും, കെളവൻ തന്റെ ഒറ്റ കൈവീശിനില്ല എന്ന് ഉത്തമ ബോധ്യമുള്ളതിനാലും തങ്കച്ചൻ സ്വയം പിന്തിരിഞ്ഞു മലയിറങ്ങിപ്പോന്നു.

ആ മൂന്നേക്കറിൽ അങ്ങനെ രണ്ടു ജീവികളേയില്ല എന്ന മട്ടിലായിരുന്നു അവിടുന്നങ്ങോട്ട് കൊയമ്മുവിന്റെ ജീവിതം. കൊയമ്മുവിനെ വിളിച്ചുകൊണ്ടുള്ള മൈമുനയുടെ കരച്ചിൽ പ്രതികരണമില്ലാത്തതിനെ തുടർന്ന് പതിയെപ്പതിയെ ഇല്ലാതായി. അവളുടെ തൊഴുത്ത് വൃത്തിയാക്കലും, കാടിവെള്ളവും വൈക്കോലും കൊടുക്കലും കറവയുമെല്ലാം ബീവിയുടെ ജോലിയായി. എപ്പോഴെങ്കിലും മുന്നിൽ വന്നു പെട്ടാൽ മൈമുന മുഖമുയർത്തി കണ്ണുകൾ വിടർത്തി കൊയമ്മുവിനെ നോക്കും. കൊയമ്മുവാണെങ്കിലോ ഒരു നോട്ടം കൊണ്ടുപോലും അവളെ പരിഗണിക്കാതെ വഴിമാറി നടക്കും.

എന്നാൽ അവഗണിക്കുന്നതിനനുസരിച്ച് കൊയമ്മുവിന്റെ ചിന്താഭാരത്തിൽ വലിയ തൂക്കം വെച്ച് മൈമുനയും കുഞ്ഞും കൈവശപ്പെടുത്തിക്കൊണ്ടിരുന്നു. അവൾ അയവെട്ടിക്കൊണ്ടിരിക്കുമ്പോൾ ആരെയും എന്തിനെയും കുടഞ്ഞെറിയാൻ കരുത്തുള്ള തന്റെ കാമുകനെ സ്മരിക്കുകയാണെന്ന് സങ്കൽപ്പിച്ച് കൊയമ്മു ആരോടെന്നില്ലാതെ കോപിച്ചു. പോത്തു കുട്ടിയുടെ കുന്തളിപ്പും, അജ്ഞാതനായ എതിരാളിയോട് ദ്വന്ദയുദ്ധത്തിനു മുതിരുന്ന കണക്കെ, ഇനിയും മുളച്ചിട്ടില്ലാത്ത കൊമ്പ് എടുത്ത് പിടിച്ചുള്ള നിൽപ്പും, മുന്നോട്ടുള്ള കുതിപ്പും, ഞൊടിയിടയിൽ വെട്ടിത്തിരിഞ്ഞുള്ള നിൽപ്പും കണ്ടില്ലെന്നു നടിക്കുന്ന ദിവസങ്ങളിലോ.. കുന്നിൻ ചെരിവിലെ മരങ്ങൾക്കിടയിലൂടെ അരിച്ചു വരുന്ന കോടയെ തുളച്ചു ചിതറുന്ന സൂര്യരശ്മികൾക്കുള്ളിൽ നിന്നും കാർമേഘം പോലൊരു കരുത്തൻ കുതിച്ചു വന്ന് കൊയമ്മുവിനെ കൊമ്പിൽ കോർത്തു. പിടച്ച് പിടച്ച് അയാൾ സ്വപ്നത്തിൽ മരിച്ചു.
ന്നാലും ന്റെ മൈമൂനാ..

കറവ കഴിഞ്ഞു പാല് വല്ലതും ബാക്കിയുണ്ടോ എന്നറിയാൻ തലകൊണ്ട് അകിടിൽ തൊഴിച്ച് മുലകൾ ചപ്പിനോക്കുന്ന പോത്ത് കുട്ടിയെ നോക്കികൊണ്ട് ബീവി നെടുവീർപ്പിടും. ഭൂമിയിലെ മറ്റെല്ലാ കുഞ്ഞുങ്ങളെയും പോലെ അവനും ദിവസേനയെന്ന കണക്കെ വളർന്നുകൊണ്ടിരുന്നു. സ്വർണ്ണം കലർന്ന ചെമ്പൻ ശരീരം ചുവപ്പു കലർന്ന തവിട്ടുനിറമായി. പതിയെപ്പതിയെ അത് വെയിലേറ്റാൽ ചുവപ്പുരാശി തെളിയുന്ന ഇരുണ്ട നിറമായി പരിണമിച്ചു. ഇരുണ്ട ശരീരം നാലുകാലിലെയും സോക്‌സിനെ തൂവെള്ളയാക്കി. മുഖം പശുക്കിടാവിന്റെ
ശാന്തതയെ വെടിഞ്ഞു കാട്ടുപോത്തിന്റെ വന്യതയെ സ്വീകരിച്ചു. ഇടയ്ക്കിടെ മുന്നിൽപെടുമ്പോൾ കൊയമ്മുവിൽ ഭയം ജനിപ്പിക്കും വിധം മുതുകത്ത് കരിമ്പാറ പേശികൾ ഉരുണ്ടുകൂടാൻ തുടങ്ങി. ഒരിക്കൽ വിശന്നപ്പോൾ അവൻ കഴുത്തിൽ കെട്ടിയിരുന്ന പഴയ കയറ് രണ്ടു കുടച്ചിലിന് പൊട്ടിച്ച് സ്വതന്ത്രനായി.
വിറ്റുകളയണം രണ്ടിനേം. കൂടുതൽ ഉറപ്പുള്ള പുതിയ കയറും വാങ്ങി കവലയിൽ നിന്ന് വീട്ടിലേക്ക് നടക്കുമ്പോൾ കൊയമ്മു ഉറപ്പിച്ചു.

എതിഭാഗത്തിന് സാക്ഷിയോടെന്തെങ്കിലും ചോദിക്കാനുണ്ടോ?
യെസ് യുവർ ഓണർ. വനം വകുപ്പ് വക്കീൽ ഊഴം കാത്തിരിക്കുകയായിരുന്നു.
മിസ്റ്റർ കമ്പോണ്ടർ നിങ്ങൾ എത്രകാലമായി ഈ ജോലി ചെയ്യുന്നു?
പതിനാറു വർഷം കഴിഞ്ഞു.
അപ്പോ ഒരു ജീവപര്യന്തത്തിലേറെയായി. ഇക്കാലയളവിൽ നിങ്ങൾ എത്ര എരുമകൾക്ക് കുത്തിവെച്ചു കാണും?
അങ്ങനെ എണ്ണമൊന്നും വെച്ചിട്ടില്ല.
എന്നാലും ഏകദേശം ഒരു ആയിരം ?
അതിക്കൂടുതലോക്കെ കാണും.
ഇത്രയും കാലത്തെ സർവ്വീസിനിടയിൽ താങ്കൾ കുത്തിവച്ച മറ്റേതെങ്കിലും എരുമകൾ ഇതുപോലൊരു പോത്തിനെ പെറ്റിട്ടുണ്ടോ?
അങ്ങനെ ഉണ്ടായിട്ടില്ല.

ഈ കേസിലെ നിർണ്ണായകമായ ഒരു മൊഴിയാണിത്. ഇത് പ്രത്യേകം രേഖപ്പെടുത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു. കേസിനാസ്പദമായ പോത്തിനെ കൊയമ്മുവിന്റെ എരുമ പ്രസവിച്ചതാണ് എന്നു സമ്മതിച്ചു തന്നാൽ തന്നെയും അതിന്റെ പിതൃത്വം മൃഗാശുപത്രികൾ വഴി സർക്കാർ ലഭ്യമാക്കുന്ന അംഗീകൃത ബീജങ്ങൾക്കല്ല എന്ന വസ്തുത അസനിഗ്ദ്ധമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഗ്രാമാതിർത്തിക്കപ്പുറം വനത്തിൽ ജീവിക്കുന്ന ഏതോ കാട്ടുപോത്താണ് ഇതിന്റെ പിതാവെന്ന് രൂപത്തിൽ നിന്നു തന്നെ ഉറപ്പിക്കാവുന്നതാണ്. അതിനാൽ തന്നെ ഈ കാട്ടുപോത്ത് കുട്ടിയിൻമേൽ അവകാശം വനം വന്യജീവി വകുപ്പിനാണ്.
ഒബ്‌ജെക്ഷൻ മൈ ലോർഡ്. അങ്ങനെയെങ്കിൽ തന്നെ വനം വകുപ്പിനുള്ളതിൽ കൂടുതൽ അവകാശം അതിനെ പെറ്റ എരുമയ്ക്കും രണ്ടുകൊല്ലം പോറ്റിയ കൊയമ്മുവിനുമുണ്ട്. മാത്രമല്ല അവകാശം പറഞ്ഞീ മിണ്ടാപ്രാണിയെ കാട്ടിൽ കേറ്റിവിട്ടാൽ ഇത്രയും കാലം ഇന്നാട്ടിൽ പുലർന്ന പോത്തിന് കാടിണങ്ങുമോ? ഏറെ വൈകാതെ അതിനെ നരിയോ പുലിയോ തിന്നുപോകും. ഇനി അതാണോ വനം വക്കീലുദ്ദേശിക്കുന്ന വന്യമൃഗ സംരക്ഷണം?

സുകുമാരപ്പിള്ള വക്കീലിനെ സംബന്ധിച്ചിടത്തോളം തന്റെ കക്ഷിക്ക് ഏതു വിധേനയും പോത്തിനെ നേടിക്കൊടുക്കാനുള്ള തർക്കം മാത്രമാണ് ഈ കേസ്. കൊയമ്മു വിൽ നിന്ന് കാട്ടുപോത്തിനെ സംരക്ഷിക്കുക എന്ന ദൗത്യം പോലെ തന്നെ സർക്കാരിന് പ്രധാനമാണ് നാടുമായി ഒരിക്കലും മെരുങ്ങാത്ത കാട്ടുപോത്തിൽ നിന്നും കൊയമ്മുവും കുടുംബവും ഉൾപ്പെടുന്ന നാട്ടുകാരുടെ ജീവനും സ്വത്തും സംരക്ഷിക്കുക എന്നതും. സർക്കാരിനിത് നാടിന്റേയും നാട്ടാരുടേയും സുരക്ഷയുടെ പ്രശ്‌നമാണ്. ജനിച്ചിട്ടിന്നേ വരെ കാടുകാണാതെ വളർന്നുവെങ്കിലും ഈ നാടിനെയാകേ അപകടത്തിലാക്കിയേക്കാവുന്ന വന്യത അവനിലുണ്ട്. ഇത് തീക്കളിയാണ്. സർക്കാർ വക്കീൽ ഓർമ്മിപ്പിച്ചു.

ഒരു കേസ് വിരുദ്ധസ്വത്വങ്ങൾ ചേർന്ന് വക്രോക്തികളിലെത്തുമ്പോളാണ് ന്യായാധിപൻ നിയമസംഹിതയുടെ ലിഖിതാർഥങ്ങളിൽനിന്ന് മോചിതനാവുന്നത്. കനത്ത നിയമപുസ്തകങ്ങൾ വ്യാഖ്യാനിച്ച് വൈരുദ്ധ്യങ്ങളിലൊന്നിനെ തിരഞ്ഞെടുക്കാൻ തക്കവണ്ണം അപ്പോൾ മാത്രമാണ് അയാൾ സ്വതന്ത്രനാവുക. അന്നേ ദിവസം ജഡ്ജി ഊർജസ്വലനും ആവേശഭരിതനുമായി കാണപ്പെട്ടു. സ്വാതന്ത്ര്യത്തോളം മനുഷ്യനെ ആവേശഭരിതനാക്കുന്ന മറ്റെന്തുണ്ട്?
തർക്കവിഷയമായ പോത്തിനെ നേരിൽ കണ്ട് സത്യാവസ്ഥ ബോധ്യപ്പെടാൻ കോടതി തീരുമാനിച്ചിരിക്കുന്നു. സർക്കാർ മൃഗഡോക്ടറുടെ കൂടെ സൗകര്യമറിഞ്ഞു ഒരു തീയ്യതി വഴിയേ അറിയിക്കുന്നതായിരിക്കും. ജഡ്ജി പ്രഖ്യാപിച്ചു.

പിറ്റേന്ന് മുതൽ പോത്തിനെ കുളിപ്പിക്കാനും കാടിവെള്ളവും പുല്ലും കൊടുക്കാനുമൊക്കെ കൊയമ്മുവും ബീവിയോടൊപ്പം കൂടി. അയാളുടെ ഭയം പെട്ടെന്നൊഴിഞ്ഞുപോയതൊന്നുമല്ല. ജഡ്ജി പോത്തിനെ കാണാൻ വരുമ്പോൾ നല്ല ഇണക്കമുണ്ടെന്ന് ബോധ്യം വരണം.
ബീവിയോട് ചെറിയ ഇണക്കമൊക്കെ ണ്ട്, അത് പോരേ?
സുകുമാരപ്പിള്ള വക്കീൽ ഇക്കാര്യം പറഞ്ഞപ്പോ കൊയമ്മു ചോദിച്ചു.
ഹരജിക്കാരനോടിണക്കമുണ്ടെങ്കിൽ നമ്മുടെ ഭാഗം ഒന്നൂടെ സ്‌ട്രോങ് ആവും. കേസ് ജയിക്കണ്ടേ?
അതൊക്കെ ഞാനേറ്റ് വക്കീലേ, അടുത്ത സിറ്റിങ്ങിലെങ്കിലും ഈ കേസോന്നു തീരുമാനമാക്കി തരണം. എരുമയെ വിറ്റ കാശോക്കെ തീർന്ന് ഇപ്പോ കടം വാങ്ങിത്തുടങ്ങി.

അനങ്ങനെ പറഞ്ഞാലെങ്ങനെയാണ് തങ്കച്ചാ. ഇങ്ങനൊരു കേസ് അന്ന് കൊടുത്തില്ലായിരുന്നേൽ കാട്ടുപോത്തിനെ പിടിച്ചതിന് ഇയാളിപ്പോ അകത്താ. ചുരുങ്ങിയത് ഒരേഴുകൊല്ലം കഴിഞ്ഞു നോക്കിയാ മതി. ഇപ്പൊഴും അപകടമൊഴിഞ്ഞു എന്നു കരുതണ്ട. കേസ് തോറ്റാൽ കൊയമ്മു അഴിയെണ്ണും. അത് ചിലപ്പോ ഏഴിലൊന്നും നിന്നെന്നു വരില്ല. വനംകൊള്ള മുതൽ ദേശദ്രോഹം വരെ വകുപ്പുകൾ പലതുമുണ്ട്.
ങ്ങള് ന്നെ എങ്ങനേലും ഒന്ന് കൈച്ചിലാക്കിത്തരണം.വയസ്സാംകാലത്ത് ജയിലിൽ പൊവേണ്ടിവന്നാ ബീവി പട്ടിണി കിടന്നു ചാവും.
കൊയമ്മു കസേരയിൽ തളർന്നിരുന്നു
ദിവസങ്ങൾ കഴിയുന്നതിനനുസരിച്ച് കൊയമ്മുവും പോത്തും തമ്മിലുള്ള അകലം കുറഞ്ഞു കുറഞ്ഞു വന്നു. അടുക്കുന്നതിനനുസരിച്ച് അവന്റെ ചേഷ്ടകൾ പലതിലും അയാൾ മൈമുനയെ തിരിച്ചറിഞ്ഞു. ഒരു ദിവസം പുല്ലു തിന്നുകൊണ്ടിരിക്കെ, ഭയപ്പെടുത്തുന്ന കൊമ്പുകൾ മുളച്ചു മുഴുത്തു നിൽക്കുന്ന അവന്റെ നെറ്റിയിൽ തലോടാൻ കൊയമ്മു ധൈര്യം കാട്ടി. പോത്തോ, പുല്ലുതീറ്റി നിർത്തി കരലാളനകൾ സ്വീകരിച്ചുകൊണ്ട് മുഖമുയർത്തി കറുത്ത കല്ലുമ്മക്കായ കണ്ണുകൾ വിടർത്തി കൊയമ്മു വിനെ നോക്കി നിന്നു. അവന്റെ ബാഹ്യദേഹത്തിലെ മൈമുനയും അയാൾക്ക് വെളിപ്പെട്ടു.

തർക്കവിഷയമായ പോത്ത് നാടൻ പോത്തിനങ്ങളിലൊന്നും തന്നെ പെടുന്നതല്ലെന്ന് സർക്കാർ മൃഗഡോക്ടർ സാക്ഷ്യപ്പെടുത്തുകയും കോടതി നേരിട്ടുകണ്ട് ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഗ്രാമാതിർത്തിക്കപ്പുറം കാട്ടിൽ വസിക്കുന്ന അപകടകാരിയായ കാട്ടുപോത്തിന്റെ ശരീര ഘടനയാണ് അതിനുള്ളത്. കൊയമ്മുവിന്റെ എരുമയുടെ പ്രസവത്തിന് സാക്ഷിയായ സർക്കാർ മൃഗാശുപത്രി കമ്പോണ്ടറുടെ മൊഴിയും കോടതി വിശ്വാസത്തിലെടുക്കുന്നു. കാട്ടുപോത്തിൽ നിന്നും എരുമ ഗർഭം ധരിച്ചതാവാം എന്ന സാധ്യത മൃഗഡോക്ടറും തള്ളിക്കളയുന്നില്ല. അങ്ങനെയെങ്കിൽ ഹർജിക്കാരനും വനം വകുപ്പിനും പ്രസ്തുത കാട്ടുപോത്തിൻമേൽ അവകാശവാദമുന്നയിക്കാൻ ഒരുപോലെ അർഹതയുണ്ടെന്നും കോടതി നിരീക്ഷിക്കുന്നു.

മൈ ലോർഡ്.. പതിനായിരത്തിലധികം വർഷങ്ങളായി മനുഷ്യ ചരിത്രത്തിൽ നാൽക്കാലികളുടെ അദ്ധ്യായം ആരംഭിച്ചിട്ട്. പുൽമേടുകളിലും വനാന്തരങ്ങളിലും മേഞ്ഞു നടക്കുകയായിരുന്ന ഇവറ്റകളെ മെരുക്കി വളർത്തിയാൽ ചില മെച്ചങ്ങളൊക്കെയുണ്ടെന്ന് നാം തിരിച്ചറിയുന്നിടത്താണതിന്റെ തുടക്കം. അവറ്റയുടെ പാലിൽ നാം വിശപ്പടക്കി. പാലുൽപ്പന്നങ്ങളിൽ രുചിവൈവിദ്യവും തുകലിൽ താളവൈവിദ്യവും തിരഞ്ഞു. നിലമുഴാനും എണ്ണയാട്ടാനും യന്ത്രശക്തിയായി. വിസ്ര്ജ്യങ്ങൾ വയലിൽ വിതറി പൊന്നുവിളയിച്ചു. ഏറെ വൈകാതെ തന്നെ കൈവശമുള്ള നാൽക്കാലികളുടെ എണ്ണമായി സമ്പത്തിന്റെ ഏകകം. യന്ത്രങ്ങളുടെ കാലം വരെ മനുഷ്യരേയും അവന്റെ വിലമതിപ്പുകളേയും ചുമന്ന് ഇവറ്റകൾ ഭൂമിയാകേ നടന്നു നുര തുപ്പി. യുദ്ധങ്ങളിൽ ഇരുപക്ഷത്തും അണിചേർന്ന് ഒരുപോലെ പൊരുതി. ഇക്കാലയളവിൽ ഭൂമുഖത്തുള്ള ആയിക്കണക്കിന് നാൽക്കാലി വർഗ്ഗങ്ങളിൽ മെരുക്കാവുന്നവയൊക്കെ മനുഷ്യൻ മെരുക്കി. മെരുങ്ങാത്തവയെയെല്ലാം വേട്ടയാടി. എന്നിട്ടും മെരുങ്ങാത്ത, കീഴ്‌പ്പെടാത്ത വളരെ ചുരുക്കം നാൽക്കാലി വർഗ്ഗങ്ങളേ ഈ ഭൂമിയിൽ അവശേഷിക്കുന്നുള്ളൂ. അങ്ങനെയൊരു വംശത്തിൽ പെട്ടതാണ് ഈ കേസിനാധാരമായ കാട്ടുപോത്ത്. ഇതിനെ നാട്ടിൽ ജീവിക്കാനനുവദിക്കുന്നത് നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയാണ്.

യുവർ ഓണർ, കേസ് ജയിക്കാൻ വേണ്ടി കോടതി സമക്ഷം അസത്യം ബോധിപ്പിക്കുന്നത് എന്റെ രീതിയല്ല. അതിന്റെ ആവശ്യവും എനിക്കില്ല. എന്തെന്നാൽ ഈ കോടതിയിൽ സത്യം ജയിക്കുമെന്നും ന്യായം പുലരുമെന്നും ഞങ്ങൾക്കുറപ്പുണ്ട്. സർക്കാർ വക്കീലിന്റെ വാദത്തോട് ഞാൻ യോജിക്കുന്നു. പൊതുവേ ശാന്തനും ഇണക്കമുള്ളവന്നുമെങ്കിലും അങ്ങനെയൊരു അപകട സാധ്യത തള്ളിക്കളയാനാവില്ല.
സുകുമാരപ്പിള്ള വക്കീലിന്റെ നിലപാടുമാറ്റം കോടതിയാകേ അമ്പരപ്പുണ്ടാക്കി. അതു വകവെയ്കാതെ അയാൾ തുടർന്നു.
നാടിനോ നാട്ടുകാർക്കോ അപകടമുണ്ടാവുന്ന ഒന്നിന്നും എന്റെ കക്ഷി മുതിർന്നിട്ടില്ല എന്ന വസ്തുത തെളിയിക്കുന്നതിനായി ഒരു പ്രധാന സാക്ഷിയെ വിസ്തരിക്കാൻ കോടതി അനുവദിക്കണം.

കോടതി മുറിയിൽ ഇട്ടിമുതലാളി രോഗപീഡാ പരിക്ഷീണനായി കാണപ്പെട്ടു. അവശത കണക്കിലെടുത്ത് വിസ്താരക്കൂട്ടിൽ അയാൾക്കിരിക്കാനൊരു കസേര അനുവദിക്കപ്പെട്ടു.
ഈയിടെയായി ഇട്ടി മുതലാളിക്ക് ആകെ ഒരു ക്ഷീണം, ഉന്മേഷക്കുറവ്. ലൗകികകാര്യങ്ങളിലൊന്നും തന്നെ പഴയ ഉത്സാഹമില്ല. അച്ചന്റെ തൊല്ല ഒഴിവാക്കാൻ ഞായറാഴ്ച്ച കുർബാന കൂടുമെന്നതൊഴിച്ചാൽ ആത്മീയത പണ്ടേ മുതലാളിക്കിഷ്ടമല്ല. ഇഷ്ടക്കാരൊക്കെ ശ്രദ്ധിച്ചു തുടങ്ങിയെന്നായപ്പോൾ മുതലാളി വൈദ്യനെ ചെന്ന് കണ്ടു. ഇടതുകരം ഗ്രഹിച്ച് വൈദ്യൻ മുതലാളിയുടെ നാഡീ ഞരമ്പുകളിൽ ധ്യാനിച്ചു.
പ്രായം കൂടി വരികയല്ലേ അതിന്റെയാണ്.. പതിഞ്ഞ ഒച്ചയിൽ വൈദ്യൻ പറഞ്ഞു.
അങ്ങനെ പറഞ്ഞൊഴിയരുത്..

ചുറുചുറുക്കും കരുത്തുമുള്ള അയാളുടെ വൃദ്ധശരീരം കണ്ണുകൊണ്ടുഴിഞ്ഞു മുതലാളി അപേക്ഷിച്ചു. വലിയൊരു തമാശ കേട്ടിട്ടെന്നപോലെ അസഹനീയമായൊരു പൊട്ടിച്ചിരി വൈദ്യനിൽ നിന്നുയർന്നു.
ഇത് ചിട്ടകൊണ്ടും നിഷ്ഠകൊണ്ടും കൈവന്നതാണ്. മുതലാളിക്കെന്തായാലും അത് പറ്റില്ല. ഇനി പറ്റുമെന്ന് വെച്ചാൽ തന്നെ അതിനുള്ള സമയവും കഴിഞ്ഞു.
ചിരിയുടെ കടിഞ്ഞാൺ കൈവന്നപ്പോൾ വൈദ്യൻ മുറുക്കാൻ ചെല്ലം തുറന്നുകൊണ്ട് പറഞ്ഞു.

ഒറ്റമൂലി വല്ലതും?
ഇട്ടി മുതലാളി വൈരം പതിച്ച സ്വർണ്ണമോതിരമിട്ട വിരലുകൊണ്ട് മൂക്കു ചൊറിഞ്ഞു കൊണ്ട് ചോദിച്ചു. രണ്ടാമത്തെ ചൊറിച്ചിലിൽ തന്നെ മോതിരം വൈരമെന്നുറപ്പിച്ച വൈദ്യൻ അല്പനേരമൊന്നു ചിന്തിച്ച ശേഷം രൂക്ഷമായ കണ്ണുകളോടെ മുതലാളിയുടെ ചെവിക്കടുത്തേക്ക് ദേഹം വളച്ചു.
ഒരു പ്രയോഗമുണ്ട്, അല്പം കടുത്തതാണ്. .
ഇട്ടി മുതലാളി കണ്ണുകൾ വികസിപ്പിച്ചുകൊണ്ട് കാതോർത്തു.
സമസ്ത ജീവികൾക്കും യൗവ്വനം ഒന്നേ ഉള്ളൂ,നിഷ്ഠകൊണ്ട് അത് നീട്ടിക്കൊണ്ടുപോകാം, പക്ഷേ അത് കടന്നുപോയാൽ പിന്നെ നോക്കണ്ട. അല്ലെങ്കിൽ പിന്നെ ഒരു യുവാവ് സ്വന്തം യൗവ്വനം നിങ്ങൾക്ക് തരണം. അതിന് ശാസ്ത്രീയ വിധികളുണ്ട്. ചുറുചുറുക്കും പ്രസരിപ്പുമുള്ള ഒരു യുവ കോമളന്റെ തുടയെല്ലും വൃഷണവും മജ്ജയും മുതുകിലെ മാംസവും പിന്നെ ചില പച്ചമരുന്നുകളും ചേർത്ത് മൃഗക്കൊഴുപ്പിൽ കുറുക്കിയെടുത്തു സേവിക്കണം. കടുത്ത പഥ്യവും പൂജയും വേണം.

യുവകോമളനെന്ന് പറയുമ്പോ..
ഇട്ടി മുതലാളി ചിന്താധീനനായി നെറ്റി ചുളിച്ചു.
യൗവ്വനം തിരിച്ചു പിടിക്കാൻ ഒരു യുവാവിനെ കൊന്നു തിന്നാൻ പോലും ഇട്ടിമുതലാളി തയ്യാറായേക്കും എന്ന് തോന്നിയപ്പോ വൈദ്യർ പറഞ്ഞു.
മനുഷ്യൻ തന്നെ വേണമെന്നില്ല, യൗവനവും കരുത്തുമുള്ള ഏതെങ്കിലുമൊരു ആൺമൃഗമായാലും മതി. യൗവ്വനം തിരിച്ചു കിട്ടിയിട്ട് ജയിൽ കിടന്നാൽ പോരല്ലോ.. കിഴവൻ മുറുക്കാൻ വായിലേക്ക് തിരുകി ചവച്ചുകൊണ്ട് ചിരിച്ചു.
ഫലപ്രാപ്തിയുണ്ടാവുമോ..

ഇട്ടി മുതലാളിയുടെ ആശങ്ക തീരാതെയുള്ള ചോദ്യം കേട്ട് വൈദ്യർ ചിരിക്കുന്നതിനിടെ "വേണ്ടുവോളം' എന്ന് ആംഗ്യം കാട്ടി. മുതലാളി പത്തു വയസ്സിനെങ്കിലും ഇളപ്പമുള്ള ചിരി ചിരിച്ചു.
യൗവ്വനം പിടിച്ചുപറിക്കാൻ ഒരു യുവ കോമളനെ തിരഞ്ഞുകൊണ്ടിരിക്കെ തങ്കച്ചനാണ് ഇട്ടി മുതലാളിയോട് കൊയമ്മുവിന്റെ കാട്ടുപോത്തിന്റെ കാര്യം പറയുന്നത്. പലരുടേയും വാക്ക് കേട്ട് പല കരുത്തൻമാരെയും ചെന്നു കണ്ടെങ്കിലും ഒന്നിനേയും മുതലാളിയ്ക് അങ്ങോട്ട് ബോധിക്കുന്നില്ല. ഏത് തടസ്സവും ഭേദിച്ച് ചെന്ന് എത്ര കരുത്തനേയും മലർത്തിയടിക്കാൻ പോന്ന ഒരു കൂറ്റനിൽ മാത്രമേ മുതലാളി തൃപ്തനാവുമായിരുന്നുള്ളൂ.

തങ്കച്ചൻ പറഞ്ഞതനുസരിച്ച് പിറ്റേന്ന് വെളുപ്പിനേ തന്നെ കൊയമ്മുവും ബീവിയും പോത്തിനെ വെള്ളം തേവി കുളിപ്പിച്ചു. ഒരു കയറ് കഴുത്തിൽ ചുറ്റി ആലയുടെ ഇടത്തേ മരത്തൂണിലേക്ക് കെട്ടി. രണ്ടാമത്തെ കയറ് മുൻ കാലുകളെ വരിഞ്ഞ് കരിമ്പാറ മുതുകിനെ വലംവെച്ച് വലത്തേ മരത്തൂണിലേക്ക് ചുറ്റി കുരുക്കിട്ടപ്പോൾ, അവൻ മുൻകാലുകളിലൊന്ന് മടക്കി തറയിൽ ആഞ്ഞുചവിട്ടി പുതിയ ബന്ധന രീതിയിലുള്ള അസൗകര്യം അറിയിച്ചു. അവനൊന്നു മുന്നോട്ടാഞ്ഞപ്പോൾ ആലയാകേ കുലുങ്ങി. കൊയമ്മു ഭയന്ന് പിന്നാക്കം നിന്നു.

വേനലിലെ തെളിഞ്ഞ ആകാശം വെളിച്ചത്തിന് ഭൂമിയിലേക്കുള്ള വാതിൽ തുറന്നുവെച്ചു. രാവിലെ തന്നെ ഇട്ടി മുതലാളിയേയും കൂട്ടി എത്തുമെന്നാണ് തങ്കച്ചൻ പറഞ്ഞിരിക്കുന്നത്. മലയുടെ താഴ്വാരത്തു നിന്ന് ജീപ്പിന്റെ ഇരമ്പം കേട്ടപ്പോൾ ചായക്കുള്ള വെള്ളം അടുപ്പത്ത് കേറ്റാൻ കൊയമ്മു ബീവിയോട് ആജ്ഞാപിച്ചു. തോളത്തെ തോർത്തെടുത്ത് ഉമ്മറത്തുണ്ടായിരുന്ന പഴയ മരക്കസേരയിലെ പൊടി തട്ടിക്കൊണ്ട് നിന്നു. എന്നാൽ മലകയറി വന്നത് ഇട്ടിമുതലാളിയല്ല, ഫോറെസ്റ്റ്കാരാണ്.

ഇവിടെ ഒരു കാട്ടുപോത്തിനെ അനധികൃതമായി കൈവശം വെച്ചിരിക്കുന്നു എന്നു വിവരം കിട്ടിയിട്ടു വന്നതാണ്.
റെയ്ഞ്ച് ഓഫീസർ ചുറ്റുപാടും നടന്നു നിരീക്ഷിച്ചുകൊണ്ട് പറഞ്ഞു.
ഇവിടെ അങ്ങന്നൊന്നുമില്ല സാറമ്മാരേ..
കൊയമ്മുവിന്റെ മറുപടിയിൽ പരിഭ്രമം മുഴച്ചുനിന്നു.
ആലയിലെ ബന്ധനസ്ഥനെ പക്ഷേ ഫോറെസ്റ്റുകാർ കണ്ടെത്തി.
ഏഴെട്ട് വർഷം അഴിയെണ്ണാനുള്ള വകുപ്പുണ്ട്.
അവർ കൊയമ്മുവിനെ വിരട്ടി.
അതിനെ ഞമ്മടെ മൈമൂന പെറ്റതാണ്.
ആരാടാ മൈമൂന നിന്റെ കേട്ട്യോളോ..
ഒരു ഫോറെസ്റ്റുകാരൻ കൊയമ്മുവിന്റെ കോളറിന് കുത്തിപ്പിടിച്ച് ബീവിയെ നോക്കിക്കൊണ്ട് ചോദിച്ചു.

ചിരിച്ചു മറിയുന്ന ഫോറെസ്റ്റുകാരുടെ കൂട്ടത്തിന്റെ നടുക്ക് അപമാനിതനായി തല കുനിച്ചു വിറയലോടെ കൊയമ്മു പറഞ്ഞു എ..രുമ.
ഇട്ടിമുതലാളിയും തങ്കച്ചനും കയറി വന്നപ്പോൾതന്നെ കോളറിലെ പിടിത്തമയഞ്ഞത് കൊയമ്മുവിന് വല്ലാത്ത ധൈര്യം നൽകി. കോളറിൽ കുത്തിപ്പിടിച്ചത് വിട്ടത് മാത്രമല്ല. ചിരിയും കലിപ്പുമൊക്കെ മാറി ഫോറെസ്റ്റുകാരുടെ ശരീര ഭാഷയിൽ തന്നെ ഒരു മാറ്റം വന്നിരുന്നു. നേരിയ തിളക്കമുള്ള സിൽക് ഷർട്ടും ധരിച്ച്, മരതകവും വൈരവും പതിച്ച സ്വർണ്ണ മോതിരങ്ങളുമണിഞ്ഞു നെഞ്ചും വിരിച്ചുള്ള ആ നിൽപ്പിൽ തന്നെ, ഫോറസ്റ്റു റെയിഞ്ച് ഓഫീസർ സാറു പോലും ഉൾപ്പെടുന്ന ആ ചുറ്റുവട്ടമാകെ ഇട്ടിമുതലാളി തന്റെ ഔന്നത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. എന്നാൽ മുതലാളിയുടെ കണ്ണുകൾ അവരിലൊന്നുമായിരുന്നില്ല. ഉദിച്ചു ചിതറുന്ന സൂര്യരശ്മിയാൽ കരിമ്പാറക്കൂട്ടത്തിന്റെ ഉച്ചിയിലെ പുൽമേടിനു തീ പിടിച്ച പോലെ നിൽക്കുന്നോരു കരുത്തൻ. അകലെയായിരുന്നിട്ടും അവന്റെ രാവിലത്തെ വലിയ നിഴല് ഇട്ടി മുതലാളിയുടെ സിൽക്ക് കുപ്പായത്തിൽ വീണു. ഉദിച്ചോണ്ടിരിക്കുന്ന സൂര്യനെ തടയാനെന്നകണക്കെ കൊമ്പു കുലുക്കി വെല്ലുവിളിച്ച് ഒരുമ്പെട്ടുനിൽക്കുന്ന ആ കൂറ്റനെ വരുത്തിയിലാക്കാൻ കമ്പക്കയറോളം പോന്ന രണ്ടു കയറുകൾ പാടുപെട്ടു. അവനിൽ കാടും മേടും കച്ചോടവും കാട്ടുകോമ്പനേയും ജയിച്ച തന്റെ യൗവ്വനം ഇട്ടി മുതലാളി കണ്ടു.
ഇത് ഇവിടുത്തെ എരുമ പെറ്റ ചൊല്ലുവിളിയുള്ള പോത്താണ്.
ഫോറെസ്റ്റ്കാരെ കണ്ടത് മുതൽ വിനയാന്വിതനായി നിന്നിരുന്ന തങ്കച്ചൻ എളിമ ചോരാതെ പറഞ്ഞു.

ചൊല്ലുവിളി കൊറച്ച് കൂടിപ്പോയത് കൊണ്ടാവും രണ്ട് കമ്പം കൊണ്ട് തളച്ചിരിക്കുന്നത്.
രണ്ടു കയറുകൊണ്ട് ആ വിധം കെട്ടിയിടാനുള്ള ബുദ്ധി തങ്കച്ചന്റെയായിരുന്നു. വിൽപനയ്കുള്ള മൊതല് ഏതായാലും ഉപഭോക്താവിനെ ആകർഷിക്കുന്ന വിധം അവതരിപ്പിക്കുക എന്ന കച്ചവടക്കാരന്റെ സാമാന്യ ബുദ്ധിയാണ് അതിനു പിന്നിൽ പ്രവർത്തിച്ചത്. ഇട്ടി മുതലാളിക്ക് വേണ്ടി അയാൾ ഉരുവിനേയും തപ്പി ഇറങ്ങിയിട്ട് ദിവസം കുറച്ചായി. ചെന്നു കാണുന്ന ഒന്നിനേയും മുതലാളിക്ക് ബോധിക്കുന്നില്ല. അവസാനം ഇട്ടേച്ചു പോരാൻ നിൽക്കുമ്പോളാണ് മൊതലാളി കാര്യം മെനയ്ക് പറയുന്നത്. കാര്യം കേട്ടപ്പോ തന്നെ ഇട്ടിമുതലാളിക്ക് വേണ്ട പോത്ത് ഏതാണെന്ന് തങ്കച്ചന് തെളിഞ്ഞു കിട്ടി. കൊയമ്മുവിന്റെ പോത്തിന്റെ കാര്യം അയാൾ നേരത്തെ ഓർക്കാത്തതല്ല. പെറ്റ് വീണ പോത്തിനെ കുറിച്ചെന്തോ പറഞ്ഞതിന് കേട്ട തെറി തങ്കച്ചനെ വിലക്കി. കണ്ട് കണ്ട് മിണ്ടി മിണ്ടി പിണക്കമൊക്കെ എന്നേ തീർന്നിരുന്നെങ്കിലും അന്നുമുതലിന്നുവരെ പോത്തിനെ കുറിച്ചെന്തെങ്കിലും ചോദിക്കാൻ തങ്കച്ചൻ ധൈര്യപ്പെട്ടിരുന്നില്ല. കാര്യം എങ്ങനെ അവതരിപ്പിക്കുമെന്ന് വിമ്മിഷ്ടപ്പെട്ടു നിൽക്കുമ്പോളാണ് പോത്തിനെ വിൽക്കുന്ന കാര്യം കൊയമ്മു ഇങ്ങോട്ട് പറയുന്നത്.

അത് പിന്നെ കുളിപ്പിക്കാൻ വേണ്ടി..
വിപണന തന്ത്രം പാളിയതിന്റെ ജാള്യത മറയ്കാൻ ശ്രമിച്ചുകൊണ്ട് തങ്കച്ചൻ ആലയുടെ വലത്തേ തൂണിലെ കെട്ടഴിക്കാൻ തുടങ്ങി.
ഏത് എരുമ പെറ്റതായാലും ഇത് കാട്ടുപോത്തിന്റെ കുട്ടിയാണ്. ഞങ്ങളിതിനെ കൊണ്ടുപോകും.റെയിഞ്ച് ഒഫീസർ പ്രഖ്യാപിച്ചു.

ഇവനെ ഞാൻ വില പറഞ്ഞുറപ്പിച്ചതാ, തന്തയില്ലാത്തിടത്തോളം കൊച്ചിന്റെ അവകാശം തള്ളയ്ക്കാണ്. അവകാശം പറഞ്ഞു വന്നവരിൽ ഇവന്റെ തന്തയുണ്ടേ പറ, തന്നു വിടുന്ന കാര്യം ആലോചിക്കാം.
ഒന്നു പറഞ്ഞു രണ്ടാമത്തതിന് വെല്ലുവിളിയും വക്കാണവുമൊക്കെ ഇട്ടിമുതലാളി പണ്ടെന്നോ മറന്നതാണ്. പക്ഷേ ഉദിച്ചു വരുന്ന സൂര്യനെ കുത്തി മലർത്താൻ കൊമ്പു കുലുക്കി വെല്ലു വിളിച്ചു നിൽക്കുന്ന ആ കൂറ്റനെ കണ്ടമാത്രയിൽതന്നെ അയാളൊരു യുവാവായി തീർന്നിരുന്നു.

മുൻ കാലും മുതുകും വരിഞ്ഞുള്ള വലത്തേ തൂണിലെ കെട്ട് തങ്കച്ചൻ അഴിച്ചു കളഞ്ഞപ്പോൾ പോത്ത് ഇടത്തേ തൂണിന് ചുറ്റും കയറു വലിച്ചു നടന്ന് ലഭ്യമായ സ്വാതന്ത്ര്യത്തിന്റെ വിസ്തീർണ്ണം അളന്നെടുത്തു. ആല കുലുങ്ങി, ഇടത്തേ മരത്തൂണോന്നു ഇളകി നിന്നു.
ഇതിനെ കൊണ്ടുപോകാനുള്ള വഴിയൊക്കെ ഞങ്ങൾക്കറിയാം..
കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് തോന്നിയപ്പോ ഫോരെസ്റ്റുകാർ ഇട്ടി മുതലാളിയെ മറ്റൊരു വെല്ലുവിളിയിൽ കുരുക്കി ധൃതിയിൽ മലയിറങ്ങി.

സർക്കാർ വക്കീലിന്റെ കഴിഞ്ഞ സിറ്റിങിലെ വാദം രാജ്യത്തെ തന്നെ മികച്ച പണ്ഡിതന്മാരുടെ ചരിത്ര പ്രബന്ധങ്ങളുടെ നിലവാരം പുലർത്തുന്നതായിരുന്നു എന്ന വസ്തുത സമ്മതിക്കാതെ വയ്യ.
മനുഷ്യരും ഉപകരണങ്ങളും തിങ്ങിനിറഞ്ഞ കോടതിമുറിയിൽ കരുതലുളള ചുവടുകളോടെ ഉലാത്തിക്കൊണ്ട് സുകുമാരപ്പിള്ള വക്കീൽ തുടർന്നു.
എന്നാൽ അദ്ദേഹത്തിന്റെ വാദത്തിന് അനുബന്ധമായി ചില വസ്തുതകൾ കൂട്ടിച്ചേർക്കേണ്ടതുണ്ട്. നാൽക്കാലി വർഗ്ഗത്തിന്റെ ചരിത്രം നാമവറ്റകൾക്കു അന്നം കൊടുത്ത് അടിമകളാക്കുന്നതിനും മുന്നേ തുടങ്ങിയതാണ്. കൃത്യമായിപ്പറഞ്ഞാൽ, പാറക്കെട്ടുകളിൽ നിന്നും അടർന്നുപോരുന്ന നേർത്ത കൽപാളികളെ ഉരകല്ലിലുരച്ച് മൂർച്ച വരുത്തി വാരിക്കുന്തങ്ങൾക്ക് മുനയിടാമെന്ന് കണ്ടെത്തിയ കാലം മുതൽ. കൂട്ടം ചേർന്ന് പുൽമേടുകളിൽ പതിയിരുന്ന് എറിഞ്ഞു വീഴ്ത്തുന്ന കൂറ്റൻമാരെ കനത്ത കൽമഴുകൊണ്ട് വെട്ടിപ്പൊളിച്ച് മനുഷ്യൻ പങ്കിട്ടെടുത്തിരുന്നു. അന്നു തൊട്ടാണ് ഭാഗംവെപ്പ് തർക്കങ്ങൾ ആരംഭിക്കുന്നത്.

അളവുതൂക്കങ്ങളുണ്ടാക്കിയിട്ടും തീരാതെ കാലക്രമേണ അവയങ്ങനെ പെരുകിപ്പെരുകിയാണ് കോടതികളുണ്ടായത്. നേർത്ത തുണ്ടങ്ങളായി നുറുക്കാൻപോന്ന ആയുധം നേടിയിട്ടില്ലാത്ത അക്കാലങ്ങളിൽ കനത്ത മാംസക്കഷ്ണങ്ങൾ തീയിൽ ചുട്ടെടുത്താണ് നമ്മൾ വിശപ്പകറ്റിയിരുന്നത്. തുല്യമായി ഭാഗം വെച്ചാൽ തന്നെയും, പച്ച കാട്ടുകുരുമുളക് അരച്ച് തേച്ച്, നെയ്യ് പുരട്ടിയ കരിങ്കല്ലിൽ വെച്ചു ചുട്ടെടുത്താൽ, നാക്കിൽ വെച്ച് അലിച്ചു തിന്നാൻമാത്രം മൃദുവായ അകമാന്ത് ആരെടുക്കും, കുന്തത്തിൽ തറച്ചു കാട്ടുതേൻ അൽപാൽപ്പാമൊഴിച്ചു കനലിൽ ചുട്ടെടുത്താൽ രുചിമുകുളങ്ങൾ ത്രസിച്ചുപോകുന്ന തുടഭാഗം ആരെടുക്കും എന്നിങ്ങനെ പോരടിച്ചു പോരാടിച്ചാണ് നമ്മൾ വലിയവനെന്നും ചെറിയവനെന്നും പലതായി പിരിഞ്ഞത്. പിന്നെപ്പിന്നെ വിശപ്പടക്കാൻ വേട്ട പ്രധാനമല്ലാതെ വന്നിട്ടും രുചിയുടെ ജനിതകസ്മൃതികളുണർന്ന് മനുഷ്യർ തോക്കുമായി കാടുകയറി. വൈദ്യൻമാർ ആ മാംസത്തിൽ അജ്ഞാതമായ പച്ചമരുന്നുകൾ ചേർത്തു ദിവ്യൗഷധങ്ങളുണ്ടാക്കി. ദേഹരക്ഷയ്ക് എല്ലും മജ്ജയും തറച്ചിട്ടു വാറ്റിയ വിശിഷ്ടമായ മദ്യം സേവിച്ചു...
കല്ലിലും കനലിലും വെന്തുടഞ്ഞ മാംസത്തിന്റെ പുരാതന ഗന്ധം കോടതിമുറിയാകെ പടർന്നു.

വന്യജീവി സംരക്ഷണ നിയമം കർശ്ശനമായതോടെയാണ് ഇതിനൊക്കെ ഒരു അറുതി വരുന്നത്. കാട്ടുപോത്തിന്റെ ഏതാനും ഭാഗങ്ങൾ മരുന്നുണ്ടാക്കാനായി ഇട്ടിമുതലാളിക്ക് നൽകുന്നതുകൊണ്ട് നിലവിലെ നിയമങ്ങളൊന്നും തന്നെ ലംഘിക്കപ്പെടുന്നില്ല. സർക്കാർ ഭയക്കുന്നപോലെ നാടിന്റെ സുരക്ഷയ്ക് ഭീഷണിയുമില്ല. കാടുകയറ്റിവിട്ടാൽ പുലരില്ലെന്നുറപ്പുള്ള ഈ പോത്തിനെ ഇട്ടിമുതലാളിയുടെ രോഗശാന്തിക്കായി കശാപ്പുചെയ്യാൻ അനുവദിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. മൈ ലോർഡ്, രോഗമുക്തി പ്രതീക്ഷിച്ചു ജീവിക്കുന്ന ഈ സാധുമനുഷ്യന്റെ ആവശ്യം നമ്മുടെ നിയമ സംഹിത ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന മനുഷ്യാവകാശങ്ങളിൽ ഒന്നായി പരിഗണിക്കണമെന്ന് കോടതിയോട് അഭ്യർഥിക്കാൻ ഞാനാഗ്രഹിക്കുന്നു.
അറക്കുവാനാണെങ്കിൽ...
എന്താണ് സർക്കാരിന്റെ അഭിപ്രായം?
ജഡ്ജി വായിലുതിർന്ന ഉറവനീര് കുടിച്ചിറക്കിക്കൊണ്ട് ചോദിച്ചു.
അറക്കാനാണെങ്കിൽ... മൈ ലോർഡ് പോത്തിനെ അറത്തുവെന്ന് ഉറപ്പിക്കേണ്ടതുണ്ട്. നാടിന്റെയും നാട്ടാരുടേയും സുരക്ഷയുടെ പ്രശ്‌നമാണ്.
അതുപറയുമ്പോൾ, ദിവസത്തെ ആദ്യ പെഗ്ഗ് മദ്യം ഒറ്റവലിക്ക് കുടിക്കുമ്പോളുണ്ടാകാറുള്ള പതിവ് രോമാഞ്ചത്തിൽ സർക്കാർ വക്കീലിന്റെ രോമകൂപങ്ങൾ ത്രസിച്ചുനിന്നു

കവലയിലെ അറവുശാലയിൽ കൊണ്ടുപോകുന്നതിലുള്ള അപകടസാധ്യത കണക്കിലെടുത്ത് കൊയമ്മുവിന്റെ തോട്ടത്തിൽ വെച്ചു തന്നെ അറക്കാനാണ് തീരുമാനിക്കപ്പെട്ടത്. അറവുകാരൻ കൈലിമുണ്ട് തുടയ്ക് മുകളിലേക്കു കയറ്റിയുടുത്ത്, തിളങ്ങുന്ന വലിയ കത്തി പാറമേലുരച്ച് മൂർച്ച കൂട്ടിക്കൊണ്ടിരുന്നു. വർഷങ്ങൾക്ക് മുൻപ് കാട്ടുപോത്തിനെ വേട്ടയാടിയതിന് തൊണ്ടിസഹിതം പിടിക്കപ്പെട്ട് ജയിലിൽ കിടന്ന് ഈയിടെ പുറത്തിറങ്ങിയ അയാളെ തദ്ദേശീയരായ അറവുകാരെല്ലാം പിൻമാറിയതിനെ തുടർന്നു ഫോറസ്റ്റുകാർ ക്ഷണിച്ചു കൊണ്ടുവരികയായിരുന്നു. അതിന്റെ ഗമ അയാളുടെ ഓരോ അനക്കത്തിലുമുണ്ടായിരുന്നു.

പ്രായമായവരും കുട്ടികളും ഓടാൻ വയ്യാത്തോരുമൊക്കെ ഇവിടുന്നു മാറിക്കോ ഇത് സാധാ പോത്തല്ല കാട്ടുപോത്താ...
അറവ് കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തോട് അയാൾ വിളിച്ചു പറഞ്ഞു.
അറവ് നേരിൽ കണ്ട് ബോധ്യപ്പെടാനും കോടതിക്ക് വിശദമായ റിപ്പോട്ട് സമർപ്പിക്കാനുമായി സർക്കാർ വക്കീൽ സന്നിഹിതനായിരുന്നു.
അറക്കുമ്പോൾ ഇട്ടിമുതലാളിക്ക് ഫിറ്റുചെയ്യാനുള്ള അണ്ടിക്ക് കൊഴപ്പമൊന്നും വരാതെ നോക്കണേ...
ആൾക്കൂട്ടത്തിൽ നിന്നൊരു വിരുതൻ വിളിച്ചുകൂവി.
ഇട്ടിയുടെ അണ്ടീടെ കോണമറിയണേൽ നിന്റെ തള്ളയോട് പോയി ചോദിക്കെഡാ തന്തയില്ലാത്തവനേ..

മുതലാളി ആളെ തിരിയാതെ ആൾക്കൂട്ടത്തിന് നേരെ അരിശം കൊണ്ട് ചീറി. മറുപടിയെന്നോണം തടിച്ചുകൂടിയ പുരുഷാരത്തിൽ നിന്ന് കൂവലുകളുയർന്നു.
കൊയമ്മുവിനെ അഴിയെണ്ണാതെ രക്ഷിക്കാൻ പെട്ട പാട്...
ബീവി നല്കിയ കട്ടൻചായ ഊതിക്കുടിച്ചുകൊണ്ട് സുകുമാരപ്പിള്ള വക്കീല് കോലായിലിരുന്നു. വക്കീൽ ഫീസിലെ കുടിശ്ശിക ഇറച്ചിയായി കൈപ്പറ്റാന്നെത്തിയാതിരുന്നു അയാൾ. താഴെ തിണ്ണയിൽ താഴവാരത്തിലേക്ക് കണ്ണുംനട്ട് കൊയമ്മു നിശ്ശബ്ദനായിരുന്നു. ആലയിൽ തന്റെ അവസാനത്തെ കാടിവെള്ളം കുടിയ്കുന്ന തിരക്കിൽ കാലുകൾ തമ്മിൽ കുരുക്കിടുന്നതിൽ പോത്ത് എതിർപ്പൊന്നും കാട്ടിയില്ല.
അറവ് കഴിഞ്ഞ് തോലുരിഞ്ഞു കഴിഞ്ഞപ്പോൾ തന്നെ ചോര വാർന്നുകൊണ്ടിരിക്കുന്ന തുടകൾ രണ്ടും ഫോരെസ്റ്റുകാർ ജീപ്പിൽ കേറ്റിക്കൊണ്ടുപോയി. ആലുവാക്കഷ്ണം പോലെ മൃദുലമായ അകമാന്ത് കെട്ടിപ്പൊതിഞ്ഞു സർക്കാർ വക്കീൽ കോടതിയിലേക്കുള്ള റിപ്പോർട്ടിനൊപ്പം കാറിൽ ഭദ്രമായി വെച്ചു. ചോരയിൽ കുളിച്ചു നിന്ന് അറവുകാരനും സഹായിയും ഇറച്ചിത്തുണ്ടങ്ങൾ അറുത്തു മാറ്റിയിട്ടുകൊണ്ടിരുന്നു.
വിളിച്ചുവരുത്തി അപമാനിക്കുന്നോടാ നാറീ..
തങ്കച്ചൻ ക്ഷണിച്ചുകൊണ്ടുവന്ന മുതലാളിമാരിൽ ഇറച്ചികിട്ടാതെ നിരാശരായവർ അയാളോട് തട്ടിക്കയറി.
പങ്കുവെപ്പ് കഴിഞ്ഞ് ആളും ആരവവുമൊഴിഞ്ഞ ആലയിലേക്ക് വെള്ളവും ചൂലുമായി കൊയമ്മുവും ബീവിയും കയറിച്ചെന്നു. നിലത്ത് ഉറഞ്ഞു കട്ടിയായ ചോരയിൽ എല്ലും കൊമ്പും കുളമ്പുകളും ചിതറിക്കിടന്നു. ഉയിരും അസ്ഥിയും മാംസവുമായി പൊതിഞ്ഞു കാത്ത ആകൃതിയെ വികലമായി അനുകരിച്ചുകൊണ്ട്, കരിമ്പാറ നിറമുള്ള തുകൽ പടർന്നൊഴുകിയ ചോരച്ചുവപ്പിൽ ഇരുട്ടിന്റെ ഗർത്തം പോലെ കിടന്നു.
​അവക്കിടയിൽ ചോര വാർന്ന രണ്ടു കണ്ണുകൾ അവരെ തുറിച്ചു നോക്കി. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments