ചിത്രീകരണം: ദേവപ്രകാശ്

രക്തവിലാസം

വിശപ്പും ദാഹവും മരണവും

(ഇടപ്പള്ളിക്കടുത്തുവച്ച് മരിച്ചുപോയ കാലം എന്ന പേരും കൊള്ളാം, അല്ലേ? യശോദ ഗണേശന് എഴുതി)

ബീസ ജനിച്ച കൊല്ലമാണ് ഇ.എം.എസ്. സർക്കാരിനെ നെഹ്‌റു പിരിച്ചുവിട്ടത്. കൊളുമ്പി ചക്കര നാലുപിള്ളേരുടെ കൂടെ നബീസയെയും നോക്കാൻ പെടാപ്പാട് പെടുമ്പോൾ കാട്ടി സർക്കാർ പോയതിന്റെ വിഷമത്തിലും നാണക്കേടിലും നാടുവിട്ട് പോയിരിക്കുകയായിരുന്നു. വയലക്കുളത്ത് നിന്നാൽ നായൻമാരുടെയും മഞ്ഞുമ്മൽ പ്രദേശത്തുനിന്ന് വരുന്ന കത്തോലിക്കരുടെയും അടികിട്ടുന്ന സാഹചര്യവും ഉണ്ടായിരുന്നു. അയാൾ പിന്നെ മടങ്ങിവന്നത് രണ്ടുവർഷം കഴിഞ്ഞ് എ.കെ.ജി. നയിക്കുന്ന കർഷകസമരത്തിൽ പങ്കെടുക്കാനാണ്. സമരത്തിൽ പങ്കെടുത്ത് നാലാഴ്ച ആലുവ സബ്ജയിലിലും കിടന്നു. കാട്ടി ഇതിനെല്ലാം പോകുമ്പോഴും ചക്കര എതിർപ്പൊന്നും പറഞ്ഞില്ല. ഭർത്താവ് ചെയ്യുന്നതെല്ലാം തന്നെപ്പോലെ കഷ്ടപ്പെടുന്നവരുടെ നല്ലതിനുവേണ്ടിയാണെന്ന ബോധ്യം ചക്കരയ്ക്ക് ഉണ്ടായിരുന്നു. എ.കെ.ജി.യെ ജയിലിൽ വച്ച് കണ്ടതിനെക്കുറിച്ച് കാട്ടി പറഞ്ഞപ്പോൾ തന്റെ ഭർത്താവിനെക്കുറിച്ച് അവൾക്ക് വലിയ മതിപ്പുണ്ടാവുകയും ചെയ്തു.

പക്ഷേ കുഞ്ഞുങ്ങളെ പോറ്റാൻ ചക്കര ഒരുപാട് കഷ്ടപ്പെട്ടു. പണിയൊന്നും ഇല്ലായിരുന്നു. ഞാണിക്കരയിൽ പാടത്ത് പോയി അവസാനവരിയിൽ നിന്ന് ഞാറുനടാനോ പുല്ലുപറിക്കാനോ കൂടിയാൽ കിട്ടുക നാഴി നെല്ലോ ഇടങ്ങഴി അവിലോ ആയിരിക്കും. പൊതുവേ, കമ്യൂണിസ്റ്റുകാരന്റെ ഭാര്യയായതുകൊണ്ട് വയലക്കുളത്തെ നായർ കുടുംബക്കാർ ചക്കരയെ അകറ്റിനിർത്തിയിട്ടേ ഉള്ളൂ. വരമ്പിലെ പണികളിലോ മെതിയിലോ കൂട്ടിയേക്കാമെന്നുമാത്രം. വൈകുന്നേരം നാലു വീടുകളിൽ പുറംപണിക്ക് പോകും. മുറ്റം തൂക്കണം. എച്ചിൽ കഴുകണം. നെല്ലുകുത്തിവയ്ക്കാനും വെള്ളംകോരാനും തൊഴുത്തിൽ പുല്ലിടാനും ഉണ്ടാകും. മുരിങ്ങയ്ക്കയോ വെണ്ടയോ കാച്ചിലോ അങ്ങനെ എന്തെങ്കിലും ഒരുപങ്ക് കിട്ടിയെന്നിരിക്കും. കൊച്ചുങ്ങളിൽ മൂന്നെണ്ണത്തിനെ വീടിനകത്താക്കി ചെറ്റവാതിൽ കയറിട്ടു കെട്ടിയിടും. പെങ്കൊച്ചുങ്ങളിൽ ശാന്തയുടെ കൈപിടിച്ചും വശക്കേടുള്ള നബീസയെ ഒക്കത്തെടുത്തുമാണ് വീടുപണിക്ക് പോവുക. വിശേഷദിവസങ്ങളിൽ ഈ വീടുകളിൽ നിന്നുള്ള പൊതിച്ചോറ് ശാന്തയാണ് തുണിയിൽ കെട്ടി വീട്ടിലേക്ക് ചുമക്കുക.

എന്നാലും കർക്കടത്തിലും തുലാത്തിലുമൊന്നും വിശപ്പടങ്ങുന്ന നാളുകൾ ഉണ്ടാകാറില്ല ചക്കരയ്ക്കും മക്കൾക്കും. രാവും പകലും അടച്ച് പെയ്യുന്ന മഴയത്ത് വേറെ ഗതിയൊന്നുമില്ലാതെ കൂരയ്ക്കുള്ളിലിരുന്ന് കൊറിക്കാൻ മത്തങ്ങാക്കുരു വറുത്തുവയ്ക്കും. ഒരുപിടി കുത്തരി അടുപ്പത്ത് വച്ച് അനത്തി പ്ലാവിലകോട്ടി ഓരോകുമ്പിൾ വീതം കഞ്ഞി അഞ്ചെണ്ണത്തിനും കൊടുക്കും. ചക്കരയാകട്ടെ അയൽപക്കത്തെ വീടുകളിൽ നിന്ന് കാടിവെള്ളത്തിലിട്ട് ബാക്കിവരുന്ന തേങ്ങാപ്പിണ്ണാക്ക് കുറച്ച് സമ്പാദിച്ച് പച്ചയ്ക്ക് കടിച്ചുതിന്നും വിശപ്പടക്കിയിട്ടുണ്ട്. അങ്ങനെ, വയലക്കുളം പാടത്ത് വെയിൽ തിളങ്ങുന്ന മകരം തൊട്ടുള്ള നാലുമാസം കൊളുമ്പി ചക്കരയും അഞ്ചുമക്കളും കഞ്ഞിയും ഗോതമ്പുദോശയും തരിക്കഞ്ഞിയും കഴിച്ചു. ദിഗംബരങ്ങൾ വിഴുങ്ങി കാളമേഘങ്ങൾ ഘോഷയാത്രയ്‌ക്കെത്തുന്ന ഇടവം തൊട്ട് നാലുമാസം കപ്പയും കിഴങ്ങും താളും തകരയും ചവച്ച് അരപ്പട്ടിണി താണ്ടി. അരവയറിന്റെ പൊറുതികേടു മാറ്റാൻ വഴിയില്ലാതെ കൊച്ചുങ്ങൾ കൈപ്പത്തി അരയ്ക്കുചുറ്റും മുറുക്കിനടക്കുന്നത് കണ്ട് ചക്കര അടുക്കളയുടെ മൂലയ്ക്കുപോയിരുന്ന് കണ്ണുപൊത്തി കരഞ്ഞിട്ടുണ്ട്.

അപ്പോഴെല്ലാം വേറൊരു വരുമാനം മുടങ്ങിയതേയില്ല. മഹല്ല് കമ്മിറ്റി വഴി നബീസയക്ക് കിട്ടിയിരുന്ന രണ്ടുകിലോ അരിയും ഒരുകിലോ ധാന്യവും. അത് എല്ലാമാസവും ആദ്യം ജുമാ പള്ളിയിൽ പോയി വാങ്ങിക്കൊണ്ടുവരാൻ നബീസയും ദയനും കൂടി പോകും. ഒരുതവണപോലും മുടങ്ങിയില്ല. മയ്യത്താകും മുമ്പ് ബാപ്പു മുസലിയാർ തന്നെ അക്കാര്യം കമ്മിറ്റിക്കാർക്ക് നിർദേശം കൊടുത്തിരുന്നു. മഞ്ഞയും നീലയും വരകളുള്ള രണ്ട് ടങ്കീസ് സഞ്ചികളിൽ അരിയും പയറും വാങ്ങി പാടത്തുകൂടി നടന്നുപോകുന്ന നബീസയെയും ദയനെയും കാണുന്നത് നാട്ടുകാർക്ക് കൗതുകമായിരുന്നു.

‘ഞാൻ ഇല്ലാര്‌ന്നെങ്കി ദയഞ്ചേട്ടന് പയറുതിന്നാൻ കഴിയ്വാര്‌ന്നോ?', പള്ളിയിൽ നിന്ന് പാടത്തേക്ക് തിരിയുന്ന വഴിയിൽ നബീസ ദയന്റെ അഭിമാനത്തിൽ കുത്തും.

‘‘സാര്​ല്ലാർന്ന്​. ഇത്‌പ്പോ തിന്നണേന്റെ ഫലം നീ അത് പറഞ്ഞിട്ട് ഇല്ലാതാക്കണൂണ്ടല്ലാ', ദയൻ അരിശം പുറത്തുകാണിക്കാതെ പറയും.

നബീസയ്ക്ക് കിട്ടുന്ന ദാനത്തിൽ പങ്കുകൊണ്ട് എല്ലാ മാസവും അഞ്ചാറു ദിവസം ചക്കര കുടുംബം ജീവിക്കും. എന്നാലും ശങ്കരനും ദയനും ഭക്ഷണം തികയാതെ അടുത്ത വീട്ടിലെ അടുക്കളയിൽ എത്തിനോക്കാറുണ്ടെന്ന് ചക്കരയ്ക്ക് അറിയാമായിരുന്നു. ബാലൻ അഭിമാനിയായിരുന്നതുകൊണ്ട് അതിനു പോകാറില്ല.

‘ഈ അമ്മാടെ പേര് ചക്കരേന്നായ്ട്ട്ന്താ. ഞങ്ങക്കിത് വരെ ഒരു ചക്കരക്കാപ്പി തന്നിട്ടൊണ്ടോ?'

വിശന്നുവലയുന്ന ചില സായാഹ്നങ്ങളിൽ ദയൻ ചോദിച്ചിട്ടുണ്ട്.
കൂട്ടുകാരന്റെ വീട്ടിൽ ചക്കരക്കാപ്പി അനത്തുന്ന ദിവസങ്ങളിൽ അവന്റെ വീട്ടിലെത്തിയാൽ ദയന് ദാഹം വരാറുള്ളതും ചക്കരയ്ക്ക് അറിയാം.

പട്ടിണി സഹിക്കാം. പക്ഷേ അതുകൊണ്ടുണ്ടാകുന്ന ദെണ്ണവും ദീനവും മാറ്റാൻ ചക്കര ഒരുവഴിയും കാണാറില്ല. മൂന്ന് ആൺകൊച്ചുങ്ങളും അസുഖക്കാരായിരുന്നു. മൂത്തവൻ ശങ്കരന്റെ കാര്യമാണ് ഏറ്റവും കഷ്ടം. ചെറുപ്പത്തിൽ അവന് ദീനമില്ലാത്ത ദിവസങ്ങളേ ഇല്ലായിരുന്നു. വയലക്കുളം പാടം പിന്നിട്ട് ജമാ അത്ത് കേന്ദ്രവും കടന്ന് ഞാണിക്കരയിലുള്ള ഒരു ധർമാസ്പത്രിയിലേക്ക് എത്രയോ തവണ ചക്കര അവനെയും തോളത്തെടുത്ത് പാഞ്ഞുപോയിട്ടുണ്ട്. അവിടെയുള്ള കമ്പോണ്ടർ കോശി കാണുമ്പഴേ പറയും.

‘ന്തിനാ ചക്കരേ വീണ്ടും വീണ്ടും ങ്ങനെ വരേണത്? ഒരുരി പാല് ആ കൊച്ചിന് കൊടുക്കാൻ പറഞ്ഞാ നെന്നേക്കൊണ്ടാവീല. കൊച്ചിന് അനീമിയാന്ന് ഞാൻ പലതവണേം പറഞ്ഞിട്ടൊള്ളതാണല്ലാ'

ചക്കരയ്ക്ക് മറുപടിയൊന്നും ഉണ്ടാകില്ല.

കമ്പോണ്ടർ കൊടുക്കുന്ന മരുന്നുവെള്ളത്തിൽ ഒരുദിവസം കൊച്ചിന് പൊറുതി ഉണ്ടായെന്നുവരും. അടുത്ത ദിവസം വീണ്ടും ഇതുതന്നെ. കുറച്ച് മാറ്റം വന്നത് ആറുവയസ്സ് കഴിഞ്ഞിട്ടാണ്. അങ്ങനെ സ്‌കൂളിൽ ചേർത്തു. പക്ഷേ സ്‌കൂളിൽ വച്ചും ശങ്കരൻ പലവട്ടം കുഴഞ്ഞുവീണു.

നാലിൽ പഠിക്കുന്ന കാലത്ത് തുലാമാസത്തിൽ ശങ്കരന് ദെണ്ണം കൂടി. ഒരു രാത്രിയിൽ അത് കലശലായി. കാട്ടി നാട്ടിലില്ല. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി ചക്കര. പരിസരത്തെ വീടുകളിലേക്കൊന്നും ഇറങ്ങാൻ ഒക്കാത്ത തരത്തിൽ അടച്ചുകെട്ടി പെയ്യുന്ന മഴ. ഇടിവെട്ടും മിന്നലും കൊണ്ട് പുളയുന്ന അന്തരീക്ഷം. പനിയും വിറയലും ഛർദിയും കൊണ്ട് ശങ്കരൻ പിഴിഞ്ഞിട്ട പഴന്തുണിപോലെ കിടന്നു. ചക്കര ഒരുതുണ്ട് തിരശീലത്തുണി കീറി അവന്റെ നെറ്റിയിൽ നനവ് വച്ചുകൊണ്ടിരുന്നു.

ദയൻ അടക്കം കീഴെയുള്ള നാലും നിലവിളിക്കുന്നത് തടയാനും ചക്കരയ്ക്ക് മാർഗമില്ലായിരുന്നു. എന്തെങ്കിലും ചെയ്തില്ലെങ്കിൽ കൊച്ചിപ്പോൾ ചത്തുപോകുമെന്ന് ചക്കരയ്ക്ക് തോന്നി. ഇടിമിന്നലും മഴയും വകവയ്ക്കാതെ അവൾ ചെറ്റവാതിൽ കെട്ടിയിറങ്ങി കമ്പോണ്ടറെ വീട്ടിൽ പോയി കണ്ട് മരുന്നുവെള്ളം വാങ്ങിക്കൊണ്ടുവന്നു. തിരിച്ചെത്തിയപ്പോഴേക്കും കാറ്റും മഴയും കുറേശെ ശമിച്ചിരുന്നു. കൂരവാതിൽ തുറന്നപ്പോൾ കണ്ടത് കൊച്ചുങ്ങൾ നാലുപേരും ഒരുമിച്ച് കിടന്ന് കെട്ടിപ്പിടിച്ച് ഉറങ്ങിപ്പോയതാണ്. ഒരുവശത്തുമാറി ശങ്കരനും കിടക്കുന്നുണ്ടായിരുന്നു. ചക്കരയുടെ കൈയിൽ നിന്ന് ഒരിറക്ക് മരുന്നുവെള്ളം കുടിച്ച് അവൻ വീണ്ടും അമ്മയുടെ മടിത്തട്ടിൽ തന്നെ കിടന്നു.

പുലർച്ചെ, നേർത്ത ഒച്ചമാത്രം ബാക്കിയാക്കി മഴ മടങ്ങുമ്പോൾ പറമ്പിൽ ഏതോ ഒരു മരച്ചില്ല ഒടിഞ്ഞുതൂങ്ങി. അതുകേട്ട് ചക്കര കണ്ണുതുറന്നപ്പോഴേക്കും ശങ്കരൻ മടിയിൽ കിടന്നുതന്നെ മരിച്ചുപോയിരുന്നു. മരുന്നുവെള്ളം തൂറ്റി ഒട്ടിക്കിടന്ന അവന്റെ വയറിൽ, മഴയിൽ നിന്ന് അഭയം തേടിയെത്തിയ ഒരു നങ്ങീച്ച വഴിതെറ്റി അലയുന്നുണ്ടായിരുന്നു.

സുലൈമാന്റെ കത്ത്

ങ്കരൻ മരിച്ചതിനുപിന്നാലെ ദയൻ കുറേനാൾ പള്ളിക്കൂടത്തിൽ പോയില്ല. ഒടുവിൽ അവന്റെ പേരുവെട്ടി. ശാന്തയും നബീസയും നാലുവരെ പോയി മതിയാക്കി. ബാലൻ മാത്രം അഞ്ചാംതരം തൊട്ട് ആലുവയിൽ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിൽ താമസിച്ച് പഠിച്ചു.

നബീസയുടെ അഞ്ചാംവയസ്സിൽ വയലക്കുളത്ത് വന്ന ചാവക്കാട്ടുകാരൻ കുഞ്ഞൻ ഭാസ്‌കരനെന്ന പോസ്റ്റുമാൻ, അസൈനാറുടെ കഥ നാട്ടിൽ പറഞ്ഞുപരത്തിയത് കൊളുമ്പി ചക്കരയും അറിഞ്ഞിരുന്നു. അയാളുടെ നിഴൽ കാണുന്നിടത്തുപോലും നബീസ ചെല്ലാതിരിക്കാൻ ചക്കര ശ്രദ്ധവച്ചു. അതുകൊണ്ടൊന്നും പക്ഷേ കാര്യമുണ്ടായില്ല.

നബീസ അയാൾ പറഞ്ഞ കഥകൾ വാലുംതുമ്പുമില്ലാതെ മനസ്സിലാക്കിയിരുന്നു. ഒരിക്കൽ നബീസ ചക്കരയോട് ചോദിച്ചു.

‘മറ്റാമ്മേ. എന്റുമ്മേ കൊന്നത് ആ പോസ്റ്റ്മാന്റെ ആരാ?', ഒരുദിവസം നബീസ ചക്കരയോട് ചോദിച്ചു.

‘നവീസ. നിന്റെ ഉമ്മേ ആരും കൊന്നിട്ടില്ലല്ലാ. മരിച്ചുപോയോരൊക്കെ ആരെങ്കിലും കൊന്നതാ?', ചക്കര അങ്ങനെയൊക്കെ പറഞ്ഞുനോക്കും.

പക്ഷേ ശാന്തയും നബീസയും അരപ്പാത്തിമയെക്കുറിച്ച് അറിഞ്ഞിരുന്നു. നബീസയുടെ ബാപ്പയാണ് പാത്തിമയെ വെട്ടി രണ്ടു കഷണമാക്കിയതെന്നും അവർ പള്ളിക്കൂടത്തിൽ പഠിക്കാൻ വന്നിരുന്ന ചില പിള്ളേരിൽ നിന്ന് അറിഞ്ഞിരുന്നു. പേടിപ്പിക്കുന്ന കാര്യമായതുകൊണ്ട് അവർ അത് ആരുടെ അടുത്തും അധികം സംസാരിക്കാൻ പോയിരുന്നില്ല. പാത്തിമ ജീവിച്ചിരുന്ന കൂര നിന്ന സ്ഥലം ഇപ്പോൾ ബലമുള്ള വേലികെട്ടി അടച്ചിട്ടുണ്ടെങ്കിലും ചക്കര അറിയാതെ ഒരിക്കൽ രണ്ടുപേരും കൂടി വേലിചാടി അവിടെ പോയി.

കൂര നിന്ന സ്ഥലത്ത് കുറേ ഉണക്ക ഓലകളും വടികളും മാത്രമേ ഉള്ളൂ. ചുറ്റും കാട്ടുചെടികൾ വളർന്നിരുന്നു. പൊട്ടിയ ചില ചട്ടികൾ മണ്ണിൽ പുതഞ്ഞുകിടന്നു. എവിടെയെങ്കിലും ചോരപ്പാട് കാണാനുണ്ടോ എന്ന് നബീസ ഒരു കോലെടുത്ത് ചികഞ്ഞുനോക്കി.

‘നവീസ. നീ എന്തിനാ അങ്ങനെ നോക്കണേ?', ശാന്തയ്ക്ക് പലപ്പോഴും നബീസയുടെ നീക്കങ്ങൾ പിടികിട്ടാറില്ല.

‘ആ ചോര കണ്ടിരുന്നെങ്കി ന്റെ ചോരയുമായി നെറം തട്ടിച്ചുനോക്കാര്ന്ന്', അവൾ ശാന്തയുടെ മുഖത്തേക്കു നോക്കാതെ പറഞ്ഞു.

പോസ്റ്റുമാൻ കുഞ്ഞൻ ഭാസ്‌കരനെ നേരിൽ കണ്ടാൽ ചിലത് ചോദിക്കണമെന്ന് നബീസ എപ്പോഴും വിചാരിച്ചു.

ഒരുദിവസം പോസ്റ്റ്മാൻ കുഞ്ഞൻ ഭാസ്‌കരൻ ചക്കരയുടെ വീട്ടിലെത്തി. നബീസ ഇല്ലാത്ത സമയമായത് ചക്കരയ്ക്ക് ആശ്വാസമായി.

‘അട്ത്ത വീട്ടിലേക്കാണ് കത്ത്. മരിച്ചുപോയ അരപ്പാത്തിമയ്ക്ക്', ഭാസ്‌കരൻ മുറ്റത്തെത്തി ഒറ്റശ്വാസത്തിൽ ചക്കരയോട് പറഞ്ഞു.

‘അവ്‌ടെ ആളില്ലല്ലോ. ഇവ്ടാണെങ്കിൽ അവ്‌ടെത്ത ഒരാള് ഉണ്ട് താനും. അതാ ഇവ്‌ടെക്ക് വന്നത്'.

പാത്തിമയ്ക്ക് കത്ത്! ചക്കര അന്തം വിട്ടു.

കത്ത് ഏൽപ്പിച്ച് വേറൊന്നും പറയാതെ ഭാസ്‌കരൻ സ്ഥലംവിട്ടു. കൊളുമ്പി ചക്കരയെ അയാൾക്കൽപം പേടിയും ഉണ്ടായിരുന്നു.

ബാലൻ പള്ളിക്കൂടത്തിൽ നിന്ന് വരുന്നത് വരെ നീലിറമുള്ള ആ കടലാസ് ചക്കര അതേപടിവച്ചു. ബാലൻ വന്നപ്പോഴേക്കും വിറകൊടിക്കാൻ പോയ ശാന്തയും നബീസയും മടങ്ങിവന്നിരുന്നു. ബാലൻ ഇല്ലൻഡ് എടുത്ത് അതിലെ അക്ഷരങ്ങൾ കീറിപ്പോകാതെ എങ്ങനെ അത് പൊട്ടിക്കാമെന്ന് പഠിച്ചു. ചോറുപശ വച്ച് ഒട്ടിച്ച അതിന്റെ വശം പിന്നിപ്പിന്നി അവൻ അത് മുഴുവനായും തുറന്നു. കൂടുതലും ശൂന്യമായ ഇല്ലൻഡിന്റെ ഉൾഭാഗത്ത് ഇത്രയുമാണ് എഴുതിയിട്ടുണ്ടായിരുന്നത്.

പാത്തിമ, ഞാന് അടുത്ത വാരത്തില് വയലക്കുളത്തേക്ക് വരിന്ന്. നെനക്ക് ഒരു കുട്ടിക്കൂറ വാങ്ങിറ്റ്ണ്ട്. പിന്നെ ഗള്ഫില് നിന്ന്ള്ള ഊദും. ഞാൻ ദുബായില് പോയി. ഇപ്പോ വന്ന്. നിക്കാഹ് കയിച്ച്. നിനക്ക് സുകം തന്ന? നിന്റെ ഇക്കാക്ക സുലൈമാൻ.

NB: അളിയന ഞാൻ ആദ്യായിറ്റ് കാണാന് പോണതല്ലേ. അന്നീശണം പറേണം.

മടിത്തട്ട്

സുലൈമാൻ വന്നത് ഒരു വെള്ളിയാഴ്ച ഉച്ചനേരത്താണ്.

ജമാ അത്ത് കേന്ദ്രം പഴയ ലാളിത്യം വെടിഞ്ഞ് കുറേ കടകളും കെട്ടിടങ്ങളുമുള്ള കവലയായി രൂപാന്തരപ്പെട്ടുകൊണ്ടിരുന്നു. മുറുക്കാൻ കട, റേഷൻ കട, തയ്യൽക്കട, ബാർബർ ഷോപ്പ്, ചായക്കട, ചെരിപ്പുകട എന്നിങ്ങനെ സാധാരണക്കാർക്ക് വേണ്ടതെല്ലാം കിട്ടുന്ന സ്ഥലമായതോടെ കൂടുതൽ ആളുകൾ അവിടെ എത്താൻ തുടങ്ങി. റോഡ് ടാർ ചെയ്തു. അതുവഴി രണ്ട് സർക്കാർ ബസ്സുകൾ രാവിലെയും വൈകീട്ടുമായി ഓടി. കാളവണ്ടികൾ മാത്രം പോയിരുന്നിടത്ത് സൈക്കിൾ റിക്ഷയോടൊപ്പം ഓട്ടോറിക്ഷയും വന്നുതുടങ്ങി. ബുള്ളറ്റ്, കാറുകൾ എന്നിവ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടും.

ഉച്ചനേരത്ത് നിസ്‌കാരം കഴിഞ്ഞ് പള്ളി പിരിയുന്നതിനുമുമ്പാണ് ഒരു പെട്ടിയും തൂക്കി സുലൈമാൻ കവലയിൽ വന്നിറങ്ങിയത്. മുപ്പത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന നല്ലൊരു അസ്സല് മാപ്പിള ദുബായിക്കുപ്പായവും കൈലിയും ഉടുത്ത് ജമാ അത്തിൽ സൈക്കിൾ റിക്ഷ പിടിച്ച് വന്നിറങ്ങിയപ്പോൾ നാട്ടുകാർ പലരും അടുത്തുവന്നു. ചെറിയ താടിയും തലയിലൊരു അറബിത്തൊപ്പിയും. വന്നപാടേ ബാപ്പു മുസലിയാരെയാണ് അന്വേഷിച്ചത്.

‘മുസലിയാര് മയ്യത്തായിട്ട് പത്തുകൊല്ലം കഴിഞ്ഞല്ലാ. ങ്ങള് ഏത് നാട്ടീന്നാ?', മുറുക്കാൻ കടക്കാരൻ കുഞ്ഞബ്ദുള്ള തന്നെയാണ് അതിഥിയെ സ്വീകരിക്കാൻ മുന്നിലുണ്ടായിരുന്നത്.

‘നമ്മള് ഇന്നാട്ടിന്നന്യാ. ഇപ്പോ വര്ന്നത് പൊന്നാനിന്നാ. ന്റെ പേര് സുലൈമാൻ', അയാൾ പള്ളിയിൽ നിസ്‌കരിക്കാൻ കയറി.

ആ സമയം ഉറക്കെ ഒരു ചർച്ച നടന്നു പള്ളിമുറ്റത്ത്. ദുബായിൽ പോയ ഒരു സുലൈമാനെ വയലക്കുളത്തുകാർക്ക് അറിയില്ല. പക്ഷേ ചർച്ച അധികം നീണ്ടില്ല. ചക്കരയുടെ കൂരയുടെ മൂന്നു പറമ്പിനപ്പുറത്ത് മുപ്പതുകൊല്ലമായി താമസിക്കുന്ന ഖാദരുമാപ്പിളയാണ് കണ്ടെത്തിയത് അത് അരപ്പാത്തിമയുടെ പണ്ടേ നാടുവിട്ട ഇക്കാക്കയാണെന്ന്.

സുലൈമാന് പാത്തിമയുടെ ചരിത്രം ആരും ഒറ്റയ്ക്ക് പറഞ്ഞുകൊടുത്തില്ല. പലരായും പലതായും പറഞ്ഞ് അയാളെ ചക്കരയുടെ വീട്ടുമുറ്റത്തെത്തിച്ചു. പാത്തിമയുടെ കൂരനിന്ന സ്ഥലത്തേക്ക് നോക്കി ഒരു ദീർഘശ്വാസം വിടാൻ മാത്രമേ അയാൾക്ക് പിന്നെ ശേഷിയുണ്ടായിരുന്നുള്ളൂ.

ചക്കര അയാൾക്ക് സുലൈമാനി ഇട്ടുകൊടുത്തു. നാളികേരം ചുരണ്ടിയിട്ട പൊരിയും കൊടുത്തു.

‘സുലൈമാൻ പോയതീപ്പിന്നെ പാത്തിമയ്ക്ക് എന്നും കഷ്ടകാലം തന്നേര്ന്ന്', ചക്കര മുണ്ടിന്റെ തുമ്പുകൊണ്ട് മുഖം തുടച്ചുകൊണ്ട് പറഞ്ഞു.

നബീസ വീടിന്റെ പിന്നിൽ പതുങ്ങിനിൽക്കുകയായിരുന്നു. ചക്കര അവളെ അകത്തേക്കു വിളിച്ചു. നബീസ ചെന്നു.

‘പാത്തിമാടെ മോളാ', ചക്കര പരിചയപ്പെടുത്തി.

സുലൈമാൻ അവളെ അടുത്തേക്കുവിളിച്ചു. അവൾ ചെന്നില്ല. പന്ത്രണ്ട് വയസ്സുള്ള നബീസയ്ക്ക് അത് ആരെന്നും എന്തിനാണ് വന്നതെന്നും അറിയാമായിരുന്നു.

‘നിന്റുമ്മ എന്റ ഈ കയ്യിക്കെടന്ന് വളന്നതാ. ഓള് ഞാമ്പറഞ്ഞതേ കേക്കാറ്ള്ള്. നീ കേക്കില്ലേ ഞാമ്പറേന്നേ?'

സുലൈമാൻ അധികാരത്തിന്റെ ഓലപ്പാമ്പിനെ കാട്ടി നോക്കി.

നബീസ അനങ്ങിയില്ല.

സുലൈമാൻ താൻ കൊണ്ടുവന്ന പെട്ടിതുറന്ന് ഊദും അത്തറും ഫോറിൻ ബിസ്‌കറ്റും എടുത്ത് അവൾക്ക് നീട്ടി.

‘നിന്റുമ്മാനെ കര്തി കൊണ്ട് വന്നതാ. ഓള് പോയല്ലാ. നീ എട്ക്ക് ഇത്'.

അയാൾ നബീസയെ ആകർഷിക്കാനുള്ള ശ്രമം നടത്തി.

അയാൾ പരാജയപ്പെട്ടതേ ഉള്ളൂ. ചക്കര ഒന്നും മിണ്ടിയില്ല. നബീസയുടെ ഇഷ്ടംപോലെ എന്ന മട്ടിൽ അവൾ നിന്നതേ ഉള്ളൂ. ശാന്ത അവളുടെ മുണ്ടിന്റെ കോന്തല പിടിച്ച് തൂങ്ങിനിന്നു. പ്രായംകൊണ്ട് നബീസയുടെ മുന്നിലാണെങ്കിലും മനസ്സ് കൊണ്ട് ആ വലിപ്പം ശാന്തയ്ക്കില്ല.

സുലൈമാൻ എഴുന്നേറ്റു. അയാൾ ചക്കരയോട് തന്റെ ആഗ്രഹം വെളിപ്പെടുത്തി.

‘ചക്കരേ. നീ നമ്മടെ വീട്ടുകാര്ക്ക് വേണ്ടി പെര്ത്ത് കഷ്ടപ്പെട്ടിരിക്ക്ണ്. പാത്തിമ അത്രേം ജീവിച്ചതും ഈ പെണ്ണിനെ ഇങ്ങനെ കിട്ട്യതും ല്ലാം നീ സഹായിച്ചിറ്റ്. ഇനീപ്പ ഞാനൊര് കാര്യം പറഞ്ഞാ നീ സമ്മതിക്കണം'.

അയാൾ എന്താണ് പറഞ്ഞുവരുന്നതെന്ന് ചക്കരയ്ക്ക് മനസ്സിലായില്ല. അവൾ അയാളെ നോക്കി. പെങ്ങൾക്ക് സഹായം വേണ്ട കാലമത്രയും അന്യനാട്ടിൽ പോയി സ്വന്തം കാര്യം നോക്കിയ മനുഷ്യന്റെ ലജ്ജ ആ മുഖത്ത് ഉണ്ടോ എന്നവൾ നോക്കി. പാത്തിമയുടെ നിക്കാഹിന് മുമ്പൊരിക്കൽ പൊന്നാനിയിൽ നിന്ന് ഒരെഴുത്ത് എഴുതിയല്ലാതെ തന്തയെയും തള്ളയെയും കുറിച്ചോ കൂടപ്പിറപ്പിനെക്കുറിച്ചോ ഒരന്വേഷണവും അയാൾ നടത്തിയിട്ടില്ല.

‘ങ്ങക്ക് ഞാന് പാത്തിമാനെ നോക്കാത്ത ആളാര്ക്കും. ഞായിപ്പോ അത് മാറ്റാനും മറ്റും നിക്ക്ന്നില്ല. പക്‌ശേ ഇനിപ്പ ഈ നബീസ ആരൂല്ലാത്തോളായി വേണ്ടല്ലാ. മുക്കാലിച്ചി ആയതോണ്ട് ഓളെ നാട്ടുകാര് ഓരോന്ന് പറയാനും എടയാക്കണ്ട. ഓളെ ഞാന് കൊണ്ടോവാ'.

സുലൈമാന്റെ ശബ്ദത്തിൽ പതറിച്ച ഉണ്ടെന്ന് ചക്കരയ്ക്ക് അറിയാം. ഉറപ്പിച്ച് അവകാശം പറയാൻ കഴിയാത്തതിന്റെ ഇളക്കം.

ചക്കര ഒന്നും മിണ്ടിയില്ല. അവൾ നബീസയോട് ചോദിച്ചു, ‘നവീസാ. നിന്റെ മാമനാണ് വന്നേക്കണേ. നിനക്ക് മാമന്റെ കൂടെ പോണോങ്കി പോകാം മോളേ'.

നബീസ ഒറ്റനിമിഷം അവിടെ പിന്നെ നിന്നില്ല.
അവൾ ദുബായിക്കാരന്റെ കയ്യിൽ നിന്ന് സാധനങ്ങൾ പിടിച്ചുവാങ്ങി തറയിലേക്ക് വലിച്ചെറിഞ്ഞ് പറമ്പിലേക്ക് ഞൊണ്ടിക്കൊണ്ട് ഒറ്റയോട്ടം വച്ചുകൊടുത്തു. എത്രനേരം എങ്ങോട്ടെല്ലാമാണ് ഓടിയതെന്ന് അവൾക്ക് ഓർമയില്ല. കാലുകൾ നടത്തപ്പന്തയത്തിൽ നിന്ന് ഓട്ടപ്പന്തയത്തിലേക്ക് പുരോഗമിച്ചത് അവൾ അറിഞ്ഞതേയില്ല.

മനസ്സ് മുഴുവനും ആ മനുഷ്യനോടുള്ള കഠിനമായ വെറുപ്പായിരുന്നു. അയാളുടെ ദുബായിയും പത്രാസും തന്നോടുവേണ്ട. ഏതുകാലത്താണ് അയാൾ തന്റെ മാമനായത്? പെട്ടിയും പളപളപ്പും കൊണ്ട് വന്നേക്കുവാണ്. തന്നെ കൊണ്ടുപോകാൻ!

സന്ധ്യയ്ക്ക് തിരിച്ചെത്തിയപ്പോഴേക്കും സുലൈമാൻ സ്ഥലംവിട്ടിരുന്നു. മുറ്റത്ത് കാലുനീട്ടിയിരുന്ന് രാവിലേക്ക് വേവിക്കേണ്ട മുതിരയിലെ കല്ലുപെറുക്കുകയായിരുന്നു ചക്കര. ഓടിവന്ന് ചക്കരയുടെ മടിയിൽ വന്നുവീണ് നബീസ ഏങ്ങിയേങ്ങി കരഞ്ഞു. കുറേയേറെ നേരം. അവളുടെ കണ്ണീരുകൊണ്ട് ചക്കരയുടെ മടിത്തട്ട് കുതിർന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


പ്രമോദ്​ രാമൻ

മാധ്യമപ്രവർത്തകൻ, കഥാകൃത്ത്. മീഡിയ വൺ എഡിറ്റർ. രതിമാതാവിന്റെ പുത്രൻ, ദൃഷ്​ടിച്ചാവേർ, മരണമാസ്, ബാബരി മസ്ജിദിൽ പക്ഷികൾ അണയുന്നു എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments