പ്രിയ ജോസഫ്​

മാണീം ഇന്ദിരാഗാന്ധീം

1984ലെ ചുട്ടുപൊള്ളുന്ന ഒരു വേനൽദിവസമാണ് ഞാൻ ആദ്യമായി ഇന്ത്യയിൽ വന്നത്. അന്നെനിയ്ക്ക് ഒമ്പത് വയസ്സ്. റബർ തോട്ടത്തിനുനടുവിലുള്ള ചെമ്മൺ റോഡിൽ പൊടി പറക്കാതിരിക്കാൻ അപ്പാപ്പന്റെ പണിക്കാര് വെള്ളം കോരിയൊഴിക്കുന്നുണ്ടായിരുന്നു.

ഒരു പ്ലെയിൻ യാത്ര, രണ്ടുമൂന്ന് കാർ യാത്രകൾ, പിന്നെ മാണി - ഇതായിരുന്നു ആ വെക്കേഷന്റെ ഹൈലൈറ്റ്. അതിനുമുൻപ് രണ്ടു തവണ പോയിട്ടുണ്ട്. ഒന്നെന്റെ മാമ്മോദീസായ്ക്ക്. പിന്നൊന്ന് അപ്പേടെ പെങ്ങളുടെ കല്യാണത്തിന്. പക്ഷെ ആ യാത്രകളൊന്നും എന്റെ ഓർമയിലില്ലാത്തതുകൊണ്ട് എനിക്കീ യാത്ര തന്നെയാണ് എന്റെ ആദ്യ ഇന്ത്യൻ യാത്ര.

നാട്ടിലേക്കുപോകുന്നതിന് ഒരുമാസം മുൻപാണ് അപ്പയും അമ്മയും പിരിഞ്ഞത്. ആയിടെ ഇറങ്ങിയ സൂപ്പർമാൻ-2 സിനിമ കാണാൻ മൂന്ന് ടിക്കറ്റ് എടുത്തുകൊണ്ടുവന്ന അപ്പ കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ ഇന്ത്യയിലേയ്ക്ക് ഒരു വിമാനടിക്കറ്റ് വാങ്ങി സ്ഥലം വിട്ടു.

അപ്പയുണ്ടായിരുന്നപ്പോൾ വീട്ടിലെപ്പോഴും പാട്ടുണ്ടായിരുന്നു, ചിരിയുണ്ടായിരുന്നു, പ്രകാശമുണ്ടായിരുന്നു.

അപ്പ പോയതോടെ വീടിന്റെ ജനൽക്കർട്ടനുകൾ പകുത്തുമാറ്റപ്പെടാതെ, തളർന്ന് ഒട്ടിച്ചേർന്ന് കിടന്നു. മലയാളസിനിമാപ്പാട്ടുകളും ചിരിയും മാത്രം കേട്ട് ശീലിച്ച ന്യൂയോർക്കിലെ ഞങ്ങളുടെ അപ്പാർട്ട്‌മെൻറ്​ പുതിയ ശീലക്കേടിൽ പകച്ചുനിന്നു.

അപ്പയുടെ അമ്മയ്ക്ക് സുഖമില്ലാത്തതുകൊണ്ടാണ് അപ്പയ്ക്ക് നാട്ടിലേയ്ക്ക് പെട്ടെന്ന് പോകേണ്ടിവന്നത് എന്ന് മറ്റുള്ളവരോട് പറഞ്ഞ്, ധൈര്യമുള്ള ചിരിയെടുത്തുചുറ്റി അമ്മ.

ചിത്രീകരണം: ഷാഹിന

ഉടൻ, അപ്പ തിരിച്ചുവരും എന്ന കള്ളം എല്ലാവരോടും പറയുന്നതു പോലെ അമ്മ എന്നോടും പറഞ്ഞു.

കുറച്ചുകാലം ഞാനതും വിശ്വസിച്ച് നോക്കിയിരുന്നു.

അപ്പ ഇനി വരില്ല എന്നുറപ്പായപ്പോൾ എനിയ്ക്കാദ്യം ദേഷ്യം വന്നത് അമ്മയോടാണ്. എന്നോടെങ്കിലും സത്യം പറയാമായിരുന്നു. പിന്നെപ്പിന്നെ എനിയ്ക്ക് എല്ലാവരോടും ദേഷ്യം വന്നുതുടങ്ങി.

മുനകൂർപ്പിച്ച പെൻസിൽ കൊണ്ട് എന്റെ ക്ലാസിലെ ജേയ്ക്കിനെ കുത്തിയതും, റീസസ്സ് റ്റൈമിൽ ജൂലിയാനയേ ഊഞ്ഞാലിൽനിന്ന് തള്ളി താഴെയിട്ടതും സ്‌കൂളിൽ കുറച്ച് പ്രശ്‌നങ്ങളുണ്ടാക്കി. റ്റൈമൗട്ട് തന്ന് ക്ലാസിനുമൂലയ്ക്കൽ നിർത്തുന്നത് പതിവായപ്പോൾ അമ്മ പല തവണ സ്‌കൂളിൽ വരേണ്ടിവന്നു. എന്റെ ക്ലാസ്ടീച്ചർ മിസ്​. ജാനെറ്റിനോട് എന്റെ മുൻപിൽ വച്ചും, ഞാൻ കേൾക്കാതെയും സംസാരിച്ചു. സ്‌കൂളിന്റെ ഓഫീസുമുറിയിലിരുന്ന് എന്നെ കെട്ടിപിടിച്ച്, ‘ഇനി ഇങ്ങനെ ചെയ്യരുത് ട്ടോ' ന്ന് പറഞ്ഞ് നെറ്റിയിലും കവിളിലും ഉമ്മ തന്ന് എന്നെ ആശ്വസിപ്പിയ്ക്കാൻ നോക്കി. ചില ദിവസങ്ങളിൽ വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ടുപോന്നു. ഓഫീസ് സമയം കഴിയുന്നതുവരെ ശല്യം ചെയ്യാതിരിയ്ക്കാൻ കളറിംഗ് ബുക്കും ക്രയോൺസും തന്ന് എന്നെ അമ്മയുടെ ഓഫീസ്‌ റൂമിന്റെ പുറത്തിരുത്തി.

അങ്ങനെയൊരുദിവസം അമ്മയുടെ മുറിക്കുപുറത്ത് നിലത്ത് കമിഴ്​ന്നുകിടന്ന് തൂവെള്ള പേപ്പറിൽ എന്റെ മുഷിപ്പും, അപ്പയെ മിസ്സ് ചെയ്യുന്നതും പൂവിന്റെ ആകൃതിയിൽ കോറിവരച്ച് നിറം കൊടുത്തുകൊണ്ടിരിയ്ക്കുമ്പോഴാണ് അകത്ത് അമ്മയുടെ റ്റൈപ്‌റൈറ്റർ കീബോർഡിന്റെ ശബ്ദം പെട്ടെന്ന് നിന്നത് ഞാൻ ശ്രദ്ധിച്ചത്. പിന്നെ കേട്ടത് വിക്കിവിക്കിയുള്ള തേങ്ങലാണ്.

ഞാൻ സ്തബ്ധയായി.

കൈയും കാലും അനക്കാൻ പറ്റാത്തപോലെ ഞാൻ തളർന്നു.

അമ്മയ്ക്ക് കരയാനറിയാമെന്ന് അന്നാണ് ഞാൻ ആദ്യമായി മനസ്സിലാക്കിയത്.

ഉറക്കെയുറക്കെ ചിരിയ്ക്കുന്നവളായിരുന്നു അമ്മ.
ഇരുട്ടിനെയും ഇടിമുഴക്കത്തെയും പേടിയിലാത്ത ധൈര്യശാലി.

കടലിന് എന്തുകൊണ്ട് പച്ചനിറം?
മഴവില്ലിന്റെ അറ്റത്ത് ഒരുകുടം സ്വർണം കൊണ്ടുവയ്ക്കുന്നതാര്?
ഒരു ഹൈഡ്രാഞ്ചിയയിൽ നീലയും പിങ്കും നിറമുള്ള പൂക്കൾ ഒരുമിച്ച് വരുന്നതെങ്ങനെ?
എന്നുതുടങ്ങിയുള്ള എന്റെ എല്ലാ ചോദ്യങ്ങൾക്കും റെഡിമണിയായി ഉത്തരം കൈയിലുള്ള ആൾ.

ആ അമ്മയാണ് കൂനികൂടി മുന്നോട്ടാഞ്ഞ് കൈയിൽ നനഞ്ഞ കവിൾതാങ്ങിയിരിയ്ക്കുന്നത്. ഞാൻ അമ്മയുടെ അടുത്ത് പോയിരുന്നു. എനിയ്ക്ക് പേടിയായി. ഇപ്പൊതന്നെ അപ്പയെ കാണണം എന്ന് ഞാൻ വാശിപിടിച്ച് ഉറക്കെ കരഞ്ഞു.

ഒരാഴ്ചകഴിഞ്ഞപ്പോൾ, നാട്ടിൽ പോയി അപ്പാപ്പന്റെയും അമ്മാമയുടെയും കൂടെ കുറച്ചുദിവസം നിൽക്കാമെന്നു പറഞ്ഞ് അമ്മ എന്നെയും കൂട്ടി നാട്ടിലേയ്ക്ക് പ്ലെയിൻ കയറി.

സാധാരണ, വിമാനത്തിൽ കയറിയാൽ ഇറങ്ങുന്നതുവരെ പാട്ടു കേട്ടും, വീഡിയോ ഗെയിം കളിച്ചും, കുഞ്ഞുണ്ട ബ്രഡ് ബട്ടർ തേച്ച്കുളിപ്പിച്ച് കഴിച്ചും എനിയ്ക്ക് സമയം തികയാറില്ല. പക്ഷെ ആ യാത്രയിൽ, നീലയുടെയും വെള്ളയുടെയും പല ഷേയ്ഡുകൾ വാരിവിതറിയിരിയ്ക്കുന്ന ആകാശത്തേക്കുനോക്കി അമ്മ കിടക്കുന്നതുകണ്ട്, മൗനത്തെ കൂട്ടുപിടിച്ച്‌, അമ്മയുടെ തോളിൽ ചാരി ഞാനും വെറുതേ കിടന്നു. വീട്ടിലേയ്ക്കുള്ള യാത്രയിലും അമ്മ കണ്ണുമടച്ച് ഇരിപ്പായിരുന്നു. അതുകൊണ്ട് വിമാനയാത്രപോലെ തന്നെ വിരസമായിരുന്നു അമ്മയുടെ തോളിൽ ചാരികിടന്നുള്ള ആ കാർ യാത്രയും.

കാറിൽ നിന്ന് ഇറങ്ങീതുമാത്രം ഓർമ്മയുണ്ട്. മാണി വീടിന്റെ പിറകുവശത്ത് നിന്നോടിവന്ന് എന്നെ പൊക്കിയെടുത്ത് വട്ടം കറക്കി. മാണിയുടെ കൈയിൽ നിന്ന് ഒരു വിധത്തിലാണ് ഞാൻ കുതറി താഴെയിറങ്ങിയത്. ഞാനിപ്പോൾ നാലാംക്ലാസ്സിൽ പഠിയ്ക്കുന്ന വല്ല്യകുട്ടിയാണെന്ന ചിന്തയൊന്നും മാണിയ്ക്കില്ലായെന്ന് ആ വട്ടംകറക്കലും കൊഞ്ചിക്കലും കണ്ടപ്പഴേ മനസ്സിലായി.

'ലൂസിക്കൊച്ചെന്നെ ഓർക്കുന്നുണ്ടോ?
എങ്ങനെ ഓർക്കാനാ, തീരെ ചെറുതല്ലായിരുന്നൊ ഇന്നാള് വരുമ്പൊ’, ചോദ്യവും ഉത്തരവും മാണി തന്നെ പറഞ്ഞു.

ഓർക്കുന്നുണ്ട് എന്ന് ഞാൻ തലയാട്ടി.

ഓർക്കുന്നുണ്ട് എന്നുപറയുന്നത് സാങ്കേതികമായി അത്ര ശരിയല്ല. മാണിയെ എനിയ്ക്ക് നന്നായി അറിയാം എന്നുള്ളതാണ് ശരിയായ ഉത്തരം. ഉത്തരത്തിലെ ശരിയും തെറ്റും മാർക്കിട്ട് മൂല്യനിർണയം നടത്താൻ പരീക്ഷയൊന്നുമല്ലാത്തതുകൊണ്ട് ഇവിടെയിപ്പോൾ എങ്ങനെ പറഞ്ഞാലെന്താ!

മാണിയുടെ അപ്പനപ്പൂപ്പന്മാർ മൂന്നാല് തലമുറയായിട്ട് അപ്പാപ്പന്റെ സ്ഥലത്ത് സഹായികളാണെന്ന് അമ്മ പറഞ്ഞ് കേട്ടറിയാം.അമ്മയേക്കാൾ മൂന്നുവയസ്സു മൂത്തതാണെങ്കിലും അമ്മയുടെ കൂടെയാണ് മാണി കളിച്ചുവളർന്നത്. രണ്ടുപേരും ഒരുമിച്ചാണ് അപ്പാപ്പൻ തുടങ്ങിയ പള്ളിവക സ്‌കൂളിൽ പോയിരുന്നത്. സ്‌കൂളിലെ ഒരു മാഷ് പക്ഷപാതം കാണിച്ചാണ് തല്ലിയതെന്ന് പറഞ്ഞ് മാണി ഏഴാംക്ലാസ്സിൽ പഠിത്തം നിർത്തി.ആരെന്തൊക്കെ പറഞ്ഞിട്ടും മാണി പിന്നെ സ്‌കൂളിൽ പോയില്ല.

ഞാനും മാണീം ആദ്യമായി പ്ലം കേയ്ക്ക് കഴിച്ചപ്പോൾ...

ഞാനും മാണീം മാടംകെട്ടി കളിച്ചപ്പോൾ...

മാണിയ്ക്ക് ചാക്കോ ലൗലെറ്റർ കൊടുത്തപ്പോൾ...

മാണീം ഞാനും മഴക്കുഴിയിൽ കോലുകുത്തി പോൾവാൾട്ട് ചാടിയപ്പോൾ....

എന്നെ ഉറക്കാൻ അമ്മ പറയുന്ന ബെഡ്‌റ്റൈം സ്റ്റോറികൾ മുഴുവനും ഈ ‘അപ്പോളുകൾ' പൂരിപ്പിയ്ക്കുമ്പോൾ കിട്ടുന്ന അപരിചിതലോകമായിരുന്നു. അമേരിക്കയിലിരുന്ന് എനിക്കോ എന്റെ കൂട്ടുകാർക്കോ സങ്കൽപിക്കാൻപോലും പറ്റാത്ത വിചിത്രലോകം. വേറെ സപ്പോർട്ടിംഗ് കഥാപാത്രങ്ങളുണ്ടെങ്കിലും എല്ലാ കഥകളിലും ലീഡുറോളുകൾ തുല്യപ്രാധാന്യത്തോടെ കൈകാര്യം ചെയ്തിരുന്നത് അമ്മയും മാണിയും തന്നെ.

അപ്പ പോയശേഷം അമ്മാമയെ വിളിയ്ക്കുമ്പോൾ മാണി അവകാശപൂർവ്വം ഫോൺ വാങ്ങിച്ച് അമ്മയ്ക്ക് നിർദ്ദേശങ്ങൾ കൊടുക്കുന്നത് സ്പീക്കർഫോണിലൂടെ ഞാൻ കേൾക്കാറുണ്ടായിരുന്നു.

‘പോകുന്നോര്‌ പോട്ടെ. ഇപ്പൊ വേറൊന്നിനേം പറ്റീം ആലോചിക്കണ്ട. മനസ്സ് സന്തോഷായിട്ട് വയ്ക്കണം. ആഹാരം സമയത്തിന് കഴിയ്ക്കണം.'

ആ മാണിയാണ് ലൂസിക്കൊച്ചെന്നെ അറിയുമോ എന്നുചോദിച്ച് മുന്നിൽ നിൽക്കുന്നത്.

ഒമ്പതുവർഷത്തിന്റെ മുഴുവൻ സ്‌നേഹവും ചിരിയിൽ കലർത്തി ഞാൻ മാണിയേ നോക്കി.

'ആനീ നിന്റെ ചിരി തന്നെയാട്ടൊ', മാണി എന്റെ കവിളിൽ നുള്ളി.

എനിയ്ക്ക് തന്നതിന്റെ ബാക്കി സ്‌നേഹം അമ്മയെ കെട്ടിപ്പിടിച്ച് കൊടുത്തിട്ട് വണ്ടിയിൽ നിന്ന് പെട്ടിയിറക്കാൻ ഡ്രൈവറുടെ കൂടെകൂടി മാണി. അമ്മ ഒരു വല്ല്യ പെട്ടിയെടുക്കുന്നത് കണ്ട് മാണി ദേഷ്യപ്പെട്ട് തടഞ്ഞു, ‘ഈ സമയത്ത് ഭാരമുള്ളത് എടുക്കാൻ പാടില്ലെന്നറിയില്ലേ'

അമ്മയ്ക്ക് കുറച്ചുനാളായി ക്ഷീണമുണ്ട്.

തള്ളക്കോഴി കുഞ്ഞുങ്ങളെയും കൊണ്ട് നടക്കുന്നതുപോലെ അപ്പാപ്പനും, അമ്മാമയും, മാണിയും അമ്മക്കുചുറ്റും ചിക്കിച്ചികഞ്ഞ് കലപില പറഞ്ഞുനിന്നു മുഴുവൻ നേരവും. വീട്ടിലെത്തിയതോടെ അമ്മ കൂടുതൽ മൗനവും കിടപ്പും തുടങ്ങി. അതോടെ കേൾവിക്കാരിയായി ഇരിക്കേണ്ട ഞാൻ വർത്തമാനക്കാരിയാകാൻ നിർബന്ധിയ്ക്കപ്പെട്ടു.

എന്റെ മലയാള ഉച്ചാരണം ശരിയല്ല എന്നും, ഞാൻ സംസാരിയ്ക്കുമ്പോൾ ഇംഗ്ലീഷ് ആണ് കൂടുതൽ ഉപയോഗിയ്ക്കുന്നതെന്നും അപ്പോഴാണ് അപ്പാപ്പന്റെ ശ്രദ്ധയിൽ പെട്ടത്. ഇംഗ്ലീഷുമാത്രം പോരാ, മലയാളവും നല്ല പച്ചവെള്ളം പോലെ എഴുതാനും വായിക്കാനും പറ്റണം എന്നുപറഞ്ഞ് ഒരു ടീച്ചറെ അപ്പാപ്പൻ സംഘടിപ്പിച്ചു. എല്ലാവരും ആ ടീച്ചറെ ആശാൻ എന്നാണ് വിളിച്ചിരുന്നത്. ആശാൻ എന്ന് പറഞ്ഞാൽ മാസ്റ്റർ എന്നാണർത്ഥമെന്ന് അമ്മ പറഞ്ഞു. നുള്ളിപ്പറിയുടെയും മൂക്കിൽ കൈയിടുന്നതിന്റെയും മാസ്റ്ററാണ് ഈ ആശാനെന്ന് ആദ്യദിവസം തന്നെ എനിയ്ക്ക് മനസ്സിലായി.

മുൻവശത്ത് വരാന്തയിൽ നിരത്തിയ തരിമണലിൽ എന്റെ ചൂണ്ടുവിരൽ വലിച്ചിഴച്ച് ആശാൻ ‘അ’ യും ‘ഇ’യും ‘ക’യും എഴുതിപ്പിച്ചു. അല്ലാത്തപ്പോൾ അയാൾ മൂക്കിൽ വിരലിട്ട് അവിടെ തപ്പിക്കൊണ്ടിരുന്നു. ആശാന്റെ മുഷ്ടിക്കുള്ളിൽ ഞെരിഞ്ഞമർന്ന് വിരലുകൾ നൊന്തപ്പോൾ എന്റെ തേഡ്ഗ്രേഡ് ടീച്ചർ മിസ്​. ജാനെറ്റ് എത്ര സ്‌നേഹമുള്ളവളായിരുന്നു എന്ന് ഞാനോർത്തു. ആ കട്ടിക്കണ്ണട വച്ച മനുഷ്യനെയും മലയാളത്തെയും ഞാൻ എന്റെ സർവ്വശക്തിയുമെടുത്ത് വെറുത്തു.

പക്ഷെ പറഞ്ഞ നേരംകൊണ്ട് വല്യ തരക്കേടില്ലാതെ മലയാളം എഴുതാനും വായിക്കാനും പറ്റൂന്നായി. എന്റെ ഉച്ചാരണശുദ്ധി മെച്ചപ്പെടുത്താൻ അപ്പാപ്പന്റെ എളിയബുദ്ധിയിൽ വേറെയും ചില മാർഗ്ഗങ്ങളുദിച്ചു. അതിലൊന്ന് പത്രത്തിലെ തലകെട്ടുകൾ ഉറക്കെ വായിക്കുക എന്നുള്ളതായിരുന്നു. മറ്റൊന്ന്​, കുരിശുവര കഴിഞ്ഞ് ബൈബിൾ ഉറക്കെ വായിക്കുക എന്നതും.

വീട്ടിൽ വരുത്തുന്നത് ദീപിക പത്രം. ‘നമ്മള് കൃസ്ത്യാനികൾ സഭയുടെ പത്രമേ വരുത്താവുള്ളൂ’ എന്ന് അപ്പാപ്പൻ പറയുന്നതിൽ എനിയ്ക്ക് പ്രത്യേകിച്ച് അസ്വഭാവികതയൊന്നും തോന്നിയില്ല. തോന്നേണ്ട കാര്യവുമില്ല. കരോട്ടെ വീട്ടിൽ വരുത്തുന്നത് മനോരമ, താഴത്ത് വീട്ടിലെ നായരു ചേട്ടൻ വരുത്തുന്നത് മാതൃഭൂമി. വീട്ടിൽ വരുത്തുന്ന പത്രം വച്ച് ആൾക്കാരുടെ ജാതി പറയാൻ പറ്റൂം എന്നത് ആദ്യമെല്ലാം എനിയ്ക്ക് വലിയ അത്ഭുതമായിരുന്നു. പിന്നെ ആലോചിച്ചു, അങ്ങനെ അത്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ല. ബ്രൗൺ, ബ്ലാക്ക്, യെല്ലോ എന്നീ നിറങ്ങൾ വച്ച് എന്റെ ക്ലാസിൽ ഞങ്ങൾ ഇന്ത്യാക്കാരെയും, കറുത്ത വർഗക്കാരെയും, ഏഷ്യാക്കാരെയും പറയുന്നതുപോലെയല്ലേ ഇതും?

വൈകുന്നേരം കരോട്ടെ വീട്ടീന്ന്​ മനോരമയും താഴത്തുവീട്ടീന്ന്​ മാതൃഭൂമിയും വീട്ടിലെത്തും. അങ്ങനെ നിലവിൽ മൂന്നുപത്രങ്ങളാണ് അപ്പാപ്പനെപോലെ ഞാനും വായിക്കുന്നത്. മൂശേട്ട ആശാനും, പത്രവും, ബൈബിളുമായി എനിയ്ക്ക് നിന്നുതിരിയാൻ സമയമില്ലാതായി. രാവിലെ കാപ്പികുടിക്കഴിഞ്ഞ് ഒരു പത്തര പതിനൊന്നാകുമ്പോൾ അപ്പാപ്പൻ വന്ന് മുൻവശത്തെ ചാരുകസേരയിൽ കിടക്കും. പച്ചയും ചുവപ്പും നീലയും വരകളുള്ള ശീലതുണി ഇട്ടിരിയ്ക്കുന്ന ആ ചാരുകസേര അപ്പാപ്പന്റെ അധികാരശക്തി വെളിപെടുത്തുന്ന പല അടയാളങ്ങളിൽ ഒന്നായിരുന്നു. ഭിത്തിയിൽ കൊളുത്തിയിട്ടിരിക്കുന്ന നാടൻ തോക്ക്, സ്റ്റഫ് ചെയ്ത മ്ലാവിന്റെ തല, ഇതൊക്കെയായിരുന്നു വേറെ ചില അടയാളങ്ങൾ. ചാരുകസേരയിൽ കിടന്നാണ് ആൾക്കാർ പറയുന്ന പരാതികളും, ആവശ്യങ്ങളും കേട്ട് പണിക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ അപ്പാപ്പൻ കൊടുത്തിരുന്നത്.

കാലു രണ്ടും കാൽപടിയിൽ എടുത്തുവച്ച് അപ്പാപ്പൻ ഇരിയ്ക്കുന്നതുപോലെ ചാരുകസേരയിൽ ഇരുന്നുനോക്കണമെന്ന് എനിയ്ക്ക് അതിഭയങ്കര ആഗ്രഹമുണ്ടായിരുന്നു. പക്ഷെ പേടിയായിരുന്നു.

ദീപിക പത്രത്തിന്റെ മുൻപേജുമായി ഞാൻ അപ്പാപ്പനെതിരെ ഒരു കുഞ്ഞു സ്റ്റൂളിൽ ഇരിയ്ക്കും. വാക്കുകൾ നിർത്തിനിർത്തി തലക്കെട്ടുകളോരാന്നായി ഉറക്കെ വായിച്ചുതുടങ്ങും. തെറ്റിയാൽ അപ്പാപ്പൻ വീണ്ടും ആദ്യം മുതൽ ഒന്നുകൂടി വായിപ്പിക്കും.

'ഇ...ന്തി..രാ ഗാ..ന്ധി..യെ .....സ.. സ...ന്ത...ർശിച്ചു...'
അപ്പാപ്പൻ ന്ദ എന്ന അക്ഷരം ഉറക്കെപ്പറഞ്ഞ് എന്റെ ‘ഇന്തിരാഗാന്ധിയെ' തിരുത്തി വീണ്ടും വായിപ്പിച്ചു.

എല്ലാ ദിവസവും ഇന്ദിരാഗാന്ധി!
എല്ലാ പത്രത്തിലും ഇന്ദിരാഗാന്ധി!

നാട്ടിൽ വന്നിട്ട് അപ്പാപ്പൻ, അമ്മാമ, മാണി ഇവരെക്കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ കാണുന്ന മുഖവും ഇതായതുകൊണ്ട് ദീപിക പത്രത്തിന്റെ മുൻപേജിലെ ഇന്ദിരാഗാന്ധിയെ ഞാൻ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കി.
എനിയ്ക്കവരെ ഇഷ്ടപ്പെട്ടു. സാരി തലയിൽ കൂടിയിട്ട് കൈചൂണ്ടി നിൽക്കുന്ന ഒരു പടം കണ്ടിട്ട് എന്റെ രോമം എഴുന്നുനിന്നു. അപ്പ എന്നെങ്കിലും വന്നാൽ ഞാൻ അതുപോലെ കൈചൂണ്ടി നിൽക്കുന്നത് സങ്കൽപിച്ച്​ എത്രയോ രാത്രികളിൽ കിടന്നുറങ്ങി.

ഇന്ദിരാഗാന്ധി എന്നെ ആവേശിച്ചു എന്നുതന്നെ പറയാം. അപ്പാപ്പന്റെ മുന്നിലുള്ള ഉറക്കെവായന കഴിഞ്ഞ് ഞാനാ പടങ്ങൾ കാന്തശക്തിയാലെന്നപോലെ വീണ്ടും വീണ്ടും സൂക്ഷ്മമായി പരിശോധിച്ചു. അങ്ങനെ പരിശോധിയ്ക്കുന്നതിനിടയിലാണ് ഞാനാ അത്ഭുതകരമായ സാദൃശ്യം കണ്ടുപിടിച്ചത്.

വീടിനുള്ളിലും, മുറ്റത്തും, തൊഴുത്തിലും, കോഴിക്കൂട്ടിലും, പന്നിക്കൂട്ടിലും, തൂണിലും, തുരുമ്പിലും പറന്നുനടന്ന് ജോലിചെയ്യുന്ന ഞങ്ങളുടെ സ്വന്തം മാണിയ്ക്ക് ഈ മുൻപേജിലെ ആളുടെ നല്ല ഛായ.

എനിയ്ക്കത് തോന്നിയ സമയത്ത് മാണി മുൻവശത്തെ മുറ്റത്ത് പരമ്പിൽ ഉണക്കാനിട്ടിരിയ്ക്കുന്ന നെല്ല് ചിക്കുന്ന തിരക്കിലാണ്. വീടിന്റെ മുറ്റത്തും, റബർത്തോട്ടത്തിനിടയിലുള്ള വഴിയിലും പരമ്പുകളിൽ കിടന്ന് നെല്ല് വാടി, ഉണങ്ങി. അതിന് കാവൽ നിന്നും, കാക്കയെ ഓടിച്ചും പണിക്കാര് വാടി, വിയർത്തു, ഉണങ്ങി. മുൻവശത്ത് നെല്ല് ചിക്കാൻ മാണിക്ക് മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു.

അത്ഭുതം! പത്രത്തിൽ കാണുന്നയാളുടെ നീണ്ടുവളഞ്ഞ മൂക്കും, കണ്ണും നെറ്റിയുമൊക്കെ മാണിയുടെ പോലെ തന്നെ. വെയിൽ കൊള്ളാതിരിയ്ക്കാൻ നിറം മങ്ങിയ വെള്ള തോർത്ത് തലയിൽ ഒരു പ്രത്യേക രീതിയിൽ മാണി കെട്ടിയിട്ടുണ്ട്. അതങ്ങ് മാറ്റി ഒരു സാരി തലയിൽ കൂടി ഇടുന്നതായി സങ്കൽപിച്ചുനോക്കി. ഒരു വിത്യാസവുമില്ല.

‘മാണിയ്ക്ക് ഇന്ദിരാഗാന്ധീടെ അതേ ഛായയാ', ഞാനിത് അമ്മയോടാണ് ആദ്യം പറഞ്ഞത്. അടുക്കള വശത്തുള്ള വരാന്തയിലെ അരമതിലിന്റെ തൂണിൽ ചാരിയിരിക്കുകയായിരുന്നു അമ്മയപ്പോൾ. അതിനുമുൻപ് നടന്നത് ഓർക്കാനോ അതിനുശേഷം നടക്കാൻ പോകുന്നത് എന്താണെന്ന് സങ്കൽപിക്കാനോ കഴിയാത്തതരം മൗഢ്യത്തിലായിരുന്നു അമ്മ. ശീലക്കേടും പരിചയക്കുറവുംകൊണ്ട് ഞാനിവിടെ എന്നും പുതിയ കാര്യങ്ങളുമായി ഏറ്റുമുട്ടി പരിക്കേറ്റുകൊണ്ടിരിയ്ക്കുന്നതൊന്നും അമ്മ അറിയുന്നുണ്ടായിരുന്നേയില്ല. അതുകൊണ്ടുതന്നെ ഞാൻപറയുന്നത് അമ്മ ശ്രദ്ധിയ്ക്കുന്നുണ്ട് എന്നു പോലും എനിയ്ക്ക് തോന്നിയിരുന്നില്ല.

‘ആർക്ക് നമ്മുടെ മാണിക്കൊ?', എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അമ്മ ശൂന്യതയിലെ പോയിന്റിൽ നിന്ന് കണ്ണെടുത്ത് എന്റെ നേരെ നോക്കി. എന്റെ മടിയിൽ കിടന്ന ദീപിക പത്രത്തിനുവേണ്ടി കൈനീട്ടി. പത്രം നോക്കിയിട്ട് ഞാനെന്തോ വല്ല്യ തമാശ പറഞ്ഞതുപോലെ അമ്മ ഉറക്കെയുറക്കെ ചിരിച്ചു. അപ്പ പോയതിൽ പിന്നെ അമ്മ ഇതുപോലെ ചിരിച്ച് കണ്ടിട്ടേയില്ല. ഞാൻ പറഞ്ഞത് വിശ്വസിക്കാതെയുള്ള ചിരിയാണോ ഇത് എന്നാലോചിച്ചപ്പോൾ എനിയ്ക്ക് നല്ല ദേഷ്യം വന്നു.

എന്റെ ദേഷ്യം കണ്ടിട്ടാവണം അമ്മ അപ്പുറത്ത് അരകല്ലിൽ മീങ്കറിയ്ക്ക് തേങ്ങാ വെണ്ണപോലെ അരച്ചുകൊണ്ട് നിൽക്കുന്ന മാണിയെ നോക്കിയിട്ട് പറഞ്ഞു, ‘ഉം, എന്തോ ഒരു ഛായയുണ്ട് '
‘എന്തോ ഛായയല്ല, ശരിയ്ക്കും ഛായയുണ്ട്'
ഞാൻ വാശി പിടിച്ചു.
ഞാൻ കാണുന്നത് ഇവരൊന്നും കാണാത്തത് എന്താണെന്ന് ഞാൻ അത്ഭുതപ്പെട്ടു. നാട്ടിൽ അപ്പാപ്പന്റെയും അമ്മാമ്മയുടെയും അടുത്തെത്തിയതോടെ എന്നെയൊന്ന് നോക്കുകപോലും ചെയ്യാതെ അമ്മ കിടപ്പും ആലോചനയുമായിട്ടിരിക്കുന്നതും ഞാൻ മാത്രമേ കാണുന്നുള്ളൂ എന്നെനിക്ക് തോന്നി. പോരാത്തതിന് കഴിയ്ക്കുന്നതൊന്നും വയറിൽ പിടിയ്ക്കാതുള്ള ഈ ഇരിപ്പും.

മാണിയ്ക്ക് ഇന്ദിരാഗാന്ധീടെ ഛായയുണ്ടെന്ന് ഞാൻ പറഞ്ഞതായി അടുത്ത കുറേ ദിവസങ്ങളിലെ ഭൂലോക തമാശ.

‘കേട്ടോ ലൂസി പറഞ്ഞത്, നമ്മുടെ മാണിയ്ക്ക് ഇന്ദിരാഗാന്ധീടെ ഛായയാണെന്ന്’, അമ്മ അമ്മാമ്മയോട് പറഞ്ഞു.

അമ്മാമയത് അലക്കുകാരി കാർത്ത്യാനിയോട് പറഞ്ഞു. കഞ്ഞിപ്പശമുക്കി വടിപോലെ തേച്ച തുണികളോരോന്നായി ഭാണ്ഡത്തിൽ നിന്നെടുത്ത് വരാന്തയിലെ അരഭിത്തിയിൽ വച്ചുകൊണ്ടിരുന്ന കാർത്ത്യാനിയ്ക്ക് ദേഷ്യം വന്നു, ‘ചെറുപ്പത്തിൽ എനിയ്ക്ക് മിസ് കുമാരീടെ ഛായയുണ്ടെന്ന് എല്ലാവരും പറഞ്ഞതാ. എന്നിട്ടെന്നാ!അലക്കിയലക്കി അതുമുഴുവൻ പോയി.'

‘അലക്കിയാൽ പോകാൻ നീലമൊന്നുമല്ല കാർത്ത്യാനീ ഇത്', എന്ന് അമ്മാമ പറഞ്ഞത് ശ്രദ്ധിക്കാതെ കാർത്ത്യാനി നിന്നു.

പറമ്പിൽ പണിയുന്ന ചാക്കൊ അപ്പുറത്തെ ബഞ്ചിലിരുന്ന് ഊണുകഴിയ്ക്കുന്നുണ്ടായിരുന്നു. ചോറുകൂമ്പാരത്തിന്റെ ഒത്തനടുക്ക് ഒരു കിണറുണ്ടാക്കി ചക്കക്കുരുമാങ്ങായതിലൊഴിച്ച് ചോറുരുട്ടുന്നതിനിടയിലാണ് ചാക്കോയോട് കാർത്ത്യാനി ഈ വിശേഷം കൈമാറിയത്. ഉണക്കമീനൊളിപ്പിച്ച ഒരു വലിയ ഉരുള കൈയിലെടുത്ത് വച്ച് ചാക്കോ ആലോചിച്ചു. മാണിയുടെയും ഇന്ദിരാഗാന്ധിയുടെയും പല ആംഗിളിലും രൂപത്തിലുമുള്ള മുഖങ്ങൾ മനസ്സിൽ വിളിപ്പുറത്ത് കൊണ്ടുവന്ന് നിർത്തി പരിശോധിച്ചു. പണ്ട് പ്രേമലേഖനം കൊടുത്തപ്പോൾ മാണി പറഞ്ഞ കണ്ണുപൊട്ടുന്ന ചീത്തയൊന്നും ചാക്കോയുടെ ഉള്ളിലെ സ്‌നേഹം കുറച്ചിട്ടില്ല.

‘അവരു തമ്മിൽ നല്ല ഛായയുണ്ട്. ഇന്ദിരാഗാന്ധിയ്ക്ക് സുഖജീവിതമല്ലേ. നമ്മുടെ മാണി വെയില് കൊള്ളുന്നതിന്റെ ഒരു വാട്ടമൊഴിച്ചാൽ അവര് കട്ടയ്ക്ക് നിൽക്കും'
കുഴച്ചുരുട്ടിയ ഉരുളകൾ വായിലേയ്ക്ക് എറിഞ്ഞ് ചാക്കോ തീർപ്പുകൽപിച്ചു.

മിസ്. കുമാരി ഒരു സിനിമാനടിയാണെന്നും കാർത്ത്യാനിയ്ക്ക് അവരുടെ യാതൊരു ഛായയുമില്ലെന്നും രാത്രി കിടക്കുമ്പോൾ അമ്മാമ്മ പറഞ്ഞു.
‘പിന്നേ, ഒരു മിസ്. കുമാരി വന്നിരിയ്ക്കുന്നു'എന്ന് പിറുപിറുത്ത്​ അമ്മാമ തിരിഞ്ഞുകിടന്ന് കൂർക്കം വലിയ്ക്കാൻ തുടങ്ങി. അന്നുരാത്രിമുഴുവൻ ഞാൻ കണ്ടിട്ടില്ലാത്ത, കാർത്ത്യാനിയുടെ മുഖമുള്ള മിസ്. കുമാരി കല്ലിൽ തുണി ഊക്കോടെ ആഞ്ഞടിച്ച് അലക്കികൊണ്ടിരുന്നു.

ചാക്കോ ഭാര്യയോടു പറഞ്ഞ്, ഭാര്യ പുല്ലുവെട്ടുന്ന മേരിയോടു പറഞ്ഞ്, മേരി ചിട്ടിക്കാരി മോളിയോട് പറഞ്ഞ്, എന്തിനധികം പറയുന്നു മാണിക്ക്​ഇന്ദിരാഗാന്ധീയുടെ ഛായയാണെന്നുള്ളത് ആ നാടുമുഴുവൻ പരക്കാൻ അധിക ദിവസം വേണ്ടിവന്നില്ല.

എല്ലാ ദിവസവും എന്റെ പത്രവായന കഴിയുമ്പോൾ ഇന്ദിരാഗാന്ധിയെ കാണാൻ മാണി എന്നെ അന്വേഷിച്ച് മുൻവശത്ത് വരാൻ തുടങ്ങിയപ്പോൾ അപ്പാപ്പൻ കടുപ്പിച്ച് ഒരു ചോദ്യം, ‘എന്താ മാണീ ഇവിടെ?'
‘ഞാൻ അടുക്കള വശത്തേയ്ക്ക് വന്നോളാം. മാണി മുൻവശത്തേയ്ക്ക് എപ്പഴും വരണ്ട', അപ്പാപ്പനെ പേടിച്ച് വിഷമത്തോടെയാണെങ്കിലും എനിയ്ക്ക് മാണിയോട് പറയേണ്ടി വന്നു.
‘ഓ മാനാര്​ അങ്ങനൊക്കെ പറയും. മാനാര് പാവാന്നേ.'
അതുകേട്ടപ്പോൾ എനിയ്ക്ക് ഇത്തിരി ആശ്വാസം തോന്നി. മാണിയും ചാക്കോയുമൊക്കെ അപ്പാപ്പൻ പാവമാണെന്ന് പറയുന്നത് കേൾക്കാനായിരുന്നു എനിയ്ക്കിഷ്ടം.

ദീപിക പത്രത്തിൽ വന്നിരിയ്ക്കുന്ന ഇന്ദിരാഗാന്ധിയുടെ ഫോട്ടൊയെല്ലാം വെട്ടിയെടുത്ത് ഒട്ടിച്ച് മാണിയ്ക്ക് കൊടുത്താലോ എന്നുള്ള ചിന്ത അപ്പോഴാണ് തലയിൽ മിന്നിയത്. മാണിയുടെ മുൻവശത്തേയ്ക്കുള്ള ഓടിവരവിന്റെ കാര്യത്തിൽ ഒരു പരിഹാരവുമാകും.

ഞാൻ പോയി ഗോവണിത്താഴെയുള്ള ഷെൽഫീന്ന് പഴയ പത്രങ്ങളെല്ലാം എടുത്തുകൊണ്ടുവന്ന് വരാന്തയിൽ നിരത്തി. അപ്പച്ചൻ ഷേവ് ചെയ്തിട്ട് കളയുന്ന പഴയ ബ്ലേഡ് വച്ച് എല്ലാ ഇന്ദിരാഗാന്ധികളെയും സൂക്ഷിച്ച് വെട്ടിയെടുത്തു. മലയാളം എഴുതിപഠിച്ച് തീർന്ന നോട്ട്ബുക്കിൽ ഞാൻ ശ്രദ്ധയോടെ ഒട്ടിച്ചു. ഇന്ദിരാഗാന്ധി ഘനഗാംഭീര്യത്തിൽ ഇരിയ്ക്കുന്നത്, കൈചൂണ്ടി ദേഷ്യപ്പെടുന്നത്, ഗഹനമായ ചിന്തയിൽ മുഴുകിയിരിയ്ക്കുന്നത്, ആദിവാസിവേഷത്തിൽ ചിരിച്ചുനിൽക്കുന്നത്! എന്തുമാത്രം പടങ്ങൾ.

മലയാള ലിപികളുടെയും വാക്കുകളുടെയും മുകളിലായി ഇന്ദിരാഗാന്ധിയും അവരുടെ ആജ്ഞാശക്തിയുള്ള മുഖവും.

മാണിയ്ക്ക് കൊടുക്കാനുള്ളതുകൊണ്ട് സ്‌നേഹിച്ചാണ് ഞാൻ പടങ്ങളോരോന്നും ഒട്ടിച്ചത്. ക്രയോണും സ്‌കെച്ച്പെന്നും കൊണ്ട് ഓരോ പടത്തിനുചുറ്റും മിനുക്കുപണികളും നടത്തി. രണ്ടുമൂന്ന് ദിവസത്തെ അദ്ധ്വാനമായിരുന്നെങ്കിലും പറഞ്ഞനേരംകൊണ്ട് ഒരു നോട്ട് ബുക്ക് നിറഞ്ഞു.

പക്ഷെ അടുക്കളയിൽ ഇത് വല്ല്യ പ്രശ്‌നമായി. അവലോസുപൊടിയും അരിപ്പൊടിയും വറുത്ത് മുറത്തിലേയ്ക്കിട്ടപ്പോൾ ഇന്ദിരാഗാന്ധി ഓട്ടയിൽക്കൂടി അത്‌
മുറത്തിലാകെ തൂവി. അമ്മാമയ്ക്ക് ദേഷ്യം വന്നു. മേലാൽ അപ്പാപ്പന്റെ ബ്ലേഡ് എടുത്തേക്കരുതെന്ന് അമ്മാമേടെ വക കിട്ടി. അമ്മാമ വഴി വിവരം കിട്ടിയപാടെ അപ്പാപ്പന്റെ വായിൽ നിന്നും കണക്കിന് കിട്ടി.

ഇവർക്കൊക്കെ ചുമ്മാതങ്ങ് വഴക്ക് പറഞ്ഞാൽ മതി.
‘ലൂസികൊച്ചേ, പശൂനെ കറക്കാൻ വരുന്നുണ്ടോ?'
‘പന്നിയ്ക്ക് തീറ്റ കൊടുക്കാൻ വരുന്നുണ്ടൊ?'
‘കോഴിയെ കൂട്ടിൽ കയറ്റാൻ വരുന്നുണ്ടോ?'
‘ആടിന്‌ പ്ലാവില പറിയ്ക്കാൻ വരുന്നുണ്ടോ?'
മാണിയെന്നോട് ഈ ചോദ്യങ്ങൾ ചോദിച്ചില്ലായിരുന്നെങ്കിൽ ഞാനീവീട്ടിൽ എന്തു ചെയ്യുമായിരുന്നു?

പാല് എവിടുന്ന് കിട്ടുന്നു എന്നുചോദിച്ചാൽ ഡോമിനിക്‌സിൽ നിന്ന് കിട്ടുന്നു എന്ന് പറഞ്ഞിരുന്ന ഞാൻ പശുവിൽ നിന്നും, ആടിൽ നിന്നും കിട്ടുന്നു എന്നുപറയാൻ തുടങ്ങിയത് മാണി കാരണമാണ്.
കോഴിമുട്ട അട വച്ചാൽ എത്ര ദിവസം കൊണ്ട് കോഴിക്കുഞ്ഞ് പുറത്തുവരും എന്ന് ഞാൻ മനസ്സിലാക്കിയതും, ഇരുപത്തിയൊന്നാം ദിവസം പുറത്തുവന്ന കോഴിക്കുഞ്ഞിനെ മണിക്കൂറുകളോളം കമിഴ്ന്നുകിടന്ന് നോക്കിയപ്പോൾ എന്റെ കൂടെ ഇരുന്നത് നോക്കിയതും മാണി മാത്രമാണ്.

അങ്ങനെയുള്ള മാണിയ്ക്കുവേണ്ടി ഞാനെന്തും ചെയ്യുമായിരുന്നു.

‘ഇവരുടെ മുഖത്തുനോക്കി ആർക്കും ഒന്നും പറയാൻ പറ്റില്ല', കൈചൂണ്ടി നിൽക്കുന്ന ഇന്ദിരാഗാന്ധിയുടെ പടം നോക്കി മാണി കൊതിയോടെ, അസൂയയോടെ പറഞ്ഞു. പേജുകളോരോന്നും മറിച്ചുനോക്കി മാണി ചോദിച്ചു, ‘ഇവരുടെ ഭർത്താവെന്തിയേ?'
‘അറിയില്ല'
‘ഇവരുടെ ഭർത്താവ് കുടിയ്ക്കുന്ന ആളായിരുന്നോ?'
‘ആ, എനിയ്ക്കറിയത്തില്ല', ഞാൻ ചുമല് കുലുക്കി.
‘ഇവരെ തല്ലുവായിരുന്നൊ?'
‘അതും അറിയത്തില്ല'
‘എന്റെ പോലത്തെ ഭർത്താവ് വല്ലതുമാണെങ്കിൽ നേരത്തെ മരിക്കുന്നതാ നല്ലത്'
‘മാണിയെ ഭാസ്‌ക്കരൻ ഇന്നലെ അടിച്ചൊ?'
‘ഇന്നലെയോ. ബാക്കി ദിവസം എവിടെ പോയി?'
‘മാണിയ്ക്ക് തിരിച്ചടിച്ചാലെന്താ?'
മാണി ഇന്ദിരാഗാന്ധിയുടെ പടത്തിലേയ്ക്ക് സൂക്ഷിച്ചുനോക്കി. എന്നിട്ട് എന്നെ നോക്കി.വീണ്ടും പടത്തിലേയ്ക്ക് നോക്കി.
‘ലൂസിക്കൊച്ച്‌ പറഞ്ഞതല്ലേ, അടിച്ച് നോക്കിയാലോ'.
‘ഇന്ദിരാഗാന്ധിയാണേൽ അടികൊണ്ടോണ്ട് നിക്കുവൊന്നുല്ല. തിരിച്ച് നല്ലത് കൊടുക്കും.'

ഫോ​ട്ടോകളിലെ ഇന്ദിരാഗാന്ധിയെ കണ്ടിട്ട് ഇവർ ആരുടെയെങ്കിലും തല്ലും വാങ്ങിച്ച് വെറുതെ നിൽക്കുന്ന സ്ത്രീയായിട്ട് എനിയ്ക്ക് തോന്നിയില്ല. അതാണ് ഞാനത്ര ഉറപ്പോടെ മാണിയോട് പറഞ്ഞത്. ഞാൻ വലുതാവുമ്പോൾ ഇവരെപോലെയായിരിക്കുമെന്നൊരു ഉറപ്പ് ഞാൻ തന്നത്താൻ എനിക്കും കൊടുത്തു.

'ഇതു ഞാൻ മാണിയ്ക്കുവേണ്ടി ഉണ്ടാക്കീതാ. മാണി എടുത്തോ.'
വളരെ വിലപിടിപ്പുള്ള സ്വർണാഭരണങ്ങൾ നിറഞ്ഞ ഒരു പെട്ടി വാങ്ങുന്നതുപോലെ മാണി ആ നോട്ട്ബുക്ക് എന്റെ കൈയിൽ നിന്ന് വാങ്ങി. മാണിയ്ക്ക് സന്തോഷമായതുകണ്ട് എനിയ്ക്കും സന്തോഷമായി.

അടുക്കളവശത്ത് മാണിയുടെ വിജയഗാഥകൾ തിമിർത്തപ്പോൾ മുൻവശത്ത് അപ്പാപ്പന്റെ മുന്നിൽ മാണിയുടെ ഭർത്താവ് ഭാസ്‌ക്കരനുൾപ്പെടെ പലരും വന്നിരുന്ന് തോറ്റവരുടെ സങ്കീർത്തനം മുടങ്ങാതെ ഉറക്കെ ചൊല്ലാൻ തുടങ്ങി. രണ്ടിനും ഞാൻ സാക്ഷിയായിരുന്നു.

കുടിച്ചിട്ടുവന്ന ഭർത്താവിനെ മാണി തലങ്ങും വിലങ്ങും അടിച്ചെന്നും, ഇല്ലെന്നും രണ്ടുപക്ഷം വന്നു. വാർത്ത കേട്ടയന്ന് അപ്പാപ്പൻ രാവിലെ പത്രം പോലും വായിക്കാതെ അന്തം വിട്ടിരുന്നു. അന്ന് വൈകുന്നേരം താഴത്തുവീട്ടീന്ന് മാതൃഭൂമിയും കരോട്ടെ വീട്ടീന്ന് മനോരമയും എടുക്കാൻ ആളു പോയില്ല. പകരം അന്നത്തെ ദിവസം മുഴുവൻ ‘നമ്മുടെ മാണിക്കിതെന്നാ പറ്റീ' ന്ന് ചോദിച്ച് അപ്പാപ്പൻ അമ്മാമ്മയുടെ പുറകേ നടന്നു. അകത്തെ മുറിയിൽ വായിച്ചുകിടന്നിരുന്ന അമ്മയുടെ അടുത്ത് പോയി താടയ്ക്ക് കൈകൊടുത്ത് ആലോചനയിലിരുന്നു.
‘വിവാഹമോചനം സഭ സമ്മതിയ്ക്കില്ലാ, അതുകൊണ്ട് അതിനേപറ്റി ആലോചിക്കപോലും വേണ്ട' എന്ന് അപ്പാപ്പൻ അമ്മയോട് പറഞ്ഞതുകൊണ്ട് അമ്മയും അപ്പാപ്പനും തമ്മിൽ അത്ര മിണ്ടൽ ഇല്ലായിരുന്നു.

ഇന്ദിരാഗാന്ധി പൂർവ്വാധികം ശക്തിയോടെ മാണിയെ നിയന്ത്രിച്ചുതുടങ്ങിയെന്ന് പ്രകൃതിപോലും എനിയ്ക്ക് അടയാളങ്ങൾ തന്നുതുടങ്ങി.

രാത്രിയായാലും കൂട്ടിൽകയറാതെ കറങ്ങി നടന്നിരുന്ന പുള്ളിക്കോഴി മാണിയെക്കാണുമ്പോൾ പിടിയ്ക്കാൻ പാകത്തിന് പതുങ്ങിയിരുന്നുകൊടുത്തു.

ചാക്കോ കറക്കുമ്പോൾ പിൻകാലുകൊണ്ട് തൊഴിയ്ക്കുന്ന അമ്മിണിപ്പശു മാണി കറക്കുമ്പോൾ കുഞ്ഞാടായി നിൽക്കുന്നത് ഞാനെന്റെ ഈ കണ്ണുകൊണ്ട് കണ്ടു.

പന്നിക്കൂട്ടിലെ വല്ല്യ കൽത്തൊട്ടിയിൽ പഴത്തൊലിയും മറ്റുസാധനങ്ങളുമിട്ട പഴങ്കഞ്ഞി വെള്ളം മാണി കൊണ്ടുപോയി ഒഴിയ്ക്കുമ്പോൾ ചെളിയിൽ ഉരുണ്ടുമറിഞ്ഞ് കൂട്ടത്തോടെ പാഞ്ഞുവന്നിരുന്ന പന്നിക്കുട്ടന്മാർ ലൈൻ നിൽക്കാൻ തുടങ്ങിയെന്ന് എനിയ്ക്ക് തോന്നിയതാണോ?

ഏറ്റവും വലിയ മാറ്റം വന്നത് അമ്മയ്ക്കാണ്. മാണിയുടെ ഇന്ദിരാഗാന്ധിക്കഥകൾ കേൾക്കാൻ അമ്മയും എഴുന്നേറ്റ് വന്നിരിക്കാൻ തുടങ്ങി. ചിലകഥകൾ കേട്ട് പഴയതുപോലെ ഉറക്കെയുറക്കെ ചിരിച്ചുതുടങ്ങി.
അമ്മയും മാണിയും കുറേ ദിവസങ്ങളായി രഹസ്യമായിട്ടെന്തോ ആലോചിക്കുന്നതും ആ മാറ്റത്തിന്റെ ഭാഗമായിട്ടായിരുന്നു.

‘നിങ്ങള് രണ്ടുപേരും എന്താ എപ്പഴും രഹസ്യം പറയുന്നത്?', സഹികെട്ട് ഞാൻ അമ്മയോട് ചോദിച്ചു.
‘നാളെ ഞങ്ങള് റ്റൗണിലൊന്ന് പോകുവാ.'
‘ഞാനും വരട്ടെ?'
‘ഞാനും മാണീം കൂടെ വേഗം പോയിട്ടുവരാം. നീയിവിടെ അമ്മാമേടെ അടുത്ത് നിക്ക്.ഞങ്ങള്‌ വൈകുന്നേരമിങ്ങെത്തും.'

നാട്ടിൽ വന്നിട്ട് ഈ വീട് വിട്ട് ഒരു സ്ഥലത്ത് പോലും എന്നെ കൊണ്ടുപോകാത്തതിന്റെ അമർഷം എന്നിൽ ഉരുണ്ടുകൂടി. പട്ടിയും, പന്നിയും, പശുവും, കോഴിയും, താറാവുമുണ്ടെങ്കിൽ എല്ലാമായീന്നാണൊ ഇവരൊക്കെ കരുതുന്നത്? ആരൊക്കെയൊ എന്നോട് കടുത്ത അനീതി കാട്ടുന്നതുപോലെയോ, എന്നെ ഒഴിവാക്കുന്നതുപോലെയോ ഒക്കെയാണ് എനിയ്ക്കപ്പോൾ തോന്നിയത്. പെട്ടെന്ന് എവിടുന്നോ വന്ന ധൈര്യത്തിൽ ഞാൻ പറഞ്ഞു, ‘ഞാനും വരും. എനിയ്ക്ക് പറ്റ്യേല ഇവിടെ നിക്കാൻ'.

വാശിയോടെ വേറെയും ചിലതുകൂടി പറയണമെന്നുണ്ടായിരുന്നു. അപ്പ പോയത് അമ്മ കാരണമാണെന്നും, നാട്ടിൽ വന്നിട്ട് ഇത്രയും ദിവസമായിട്ട് ഒരഞ്ച് വാചകമെങ്കിലും എന്നോട് തികച്ച് പറഞ്ഞിട്ടുണ്ടോ എന്നും എന്റെ നാവിന്റെ തുമ്പത്ത് വന്നതാണ്. ആ വീടിനോടും അവിടെയുള്ള എല്ലാറ്റിനോടും എനിയ്ക്ക് ദേഷ്യം തോന്നി. ഒരുതവണ പോലും എന്നെ കാണണമെന്ന് തോന്നാത്ത അപ്പയോടും അതിഭയങ്കര ദേഷ്യം വന്നു.

മാണി അമ്മയുടെ സാരി മടക്കി അലമാരയിൽ വച്ചിട്ട് പറഞ്ഞു, ‘ലൂസികൊച്ച് കൂടി പോരട്ടെ നമ്മുടെ കൂടെ.'

അമ്മ എന്താ പറയാൻ പോകുന്നത് എന്ന് ഞാൻ ആകാംക്ഷയോടെ കാത്തു. കുറച്ചുനേരം എന്റെ മുഖത്ത് സൂക്ഷിച്ചു നോക്കിയിട്ട് അമ്മ സമ്മതിച്ചു. അപ്പോൾ തോന്നിയ സന്തോഷം! അത് പറയാൻ വാക്കുകളില്ല.

അമ്മയാണ് കാറോടിച്ചത്. അമ്മയുടെ സാരിയുടുത്ത് മാണി മുൻസീറ്റിലിരുന്നു. ഞാൻ പുറകിലും.
ടൗണിലെത്തി മെയിൻ റോഡിൽനിന്നിറങ്ങി തിരക്കില്ലാത്ത സൈഡ് റോഡിലേയ്ക്ക് കയറിയപ്പോൾ അവിടെ ഒരു ഐസ്‌ക്രീം കട കണ്ട് ഞാൻ സന്തോഷത്തോടെ വിളിച്ചുകൂവി, ‘ദാ ഒരു ഐസ്‌ക്രീം കട.’
അമ്മ കാർ നിർത്താൻ ഭാവമില്ലാതെ മുന്നോട്ട് പോയപ്പോൾ മാണി പറഞ്ഞു, ‘നമുക്ക് ലൂസികൊച്ചിന് ഒരു കോണൈസ്‌ക്രീം വാങ്ങികൊടുത്താലൊ. '
‘സമയമുണ്ടോ?' അമ്മ സംശയിച്ചു.
‘ഒന്നരമണിക്കൂർ നേരത്തെയാ നമ്മൾ, വാ ലൂസി'
ഉത്സാഹത്തോടെ ഞാൻ ചാടിയിറങ്ങി.
‘മൂന്ന് വനിലാകോൺ. '
മാണി കടക്കാരനോട് പറഞ്ഞ് പേഴ്‌സ് തുറന്നു, ‘വേണ്ട വേണ്ട, ഞാൻ കൊടുക്കാം'
അമ്മ ധൃതിയിൽ മാണിയെ തടഞ്ഞ് പേഴ്‌സ് തുറന്നു.

നാലുപേർക്കിരിക്കാവുന്ന ആ മേശക്കുചുറ്റും ഞങ്ങളുടെ അനുവാദം ചോദിയ്ക്കാതെ നിശ്ശബ്ദതയും ഇരുന്നതുകൊണ്ട് സ്പൂൺ ഐസ്‌ക്രീം ബൗളിൽ തട്ടുന്നത്, വെയിറ്റർ ഗ്ലാസ്സിൽ വെള്ളമൊഴിയ്ക്കുന്നത് തുടങ്ങിയ ചുറ്റുമുള്ള ശബ്ദങ്ങൾ മുഴക്കത്തിൽ തന്നെ കേട്ടു. ഞങ്ങളുടെ മേശയിലെ ചിരിയില്ലായ്മയിൽ അപ്പുറത്തെ മേശയിലെ ചിരി കൂടുതൽ തിളങ്ങി.

ആ ദിവസം മുഴുവൻ ഐസ്‌ക്രീം കടയിൽ ഇരിക്കാനുള്ള മനസ്സെനിക്കുണ്ടായിരുന്നു. അവിടെ ഇരിക്കുന്നവരെയും, വരുന്നവരെയും, പോകുന്നവരെയും നോക്കിയിരുന്ന് ഞാൻ ഐസ്‌ക്രീം രുചിയോടെ കഴിച്ചുകൊണ്ടിരുന്നു.

‘വേഗം കഴിക്ക് ലൂസി, സമയാകുന്നു’, അമ്മ ധൃതിപിടിപ്പിച്ചു.

ഞങ്ങൾ മൂന്നുപേരും അവിടെനിന്ന് എഴുന്നേറ്റ് റോഡ് ക്രോസ്‌ചെയ്ത് കാറിൽ കയറി. അമ്മ കാർ സ്റ്റാർട്ട് ചെയ്തു.
‘തിരിച്ചുവരുമ്പോൾ മാണി ഓടിച്ചോണം’, അമ്മ മാണിയോടു പറഞ്ഞു.

എങ്ങോട്ടാണ് പോകുന്നതെന്ന് ഞാനിതുവരെ ചോദിച്ചില്ലല്ലൊ എന്ന് അപ്പോഴാണ് ഓർത്തത്.
മുന്നോട്ടാഞ്ഞ് താട മുൻസീറ്റിൽ മുട്ടിച്ചുകൊണ്ട് ഞാൻ ചോദിച്ചു, ‘നമ്മളെങ്ങോട്ടാ പോകുന്നേ?'
അമ്മ ഉത്തരം പറഞ്ഞില്ല. കുറച്ചുനേരത്തെ മൗനത്തിനുശേഷം മാണിയാണ് പറഞ്ഞത്, ‘കൊച്ചിന്റെ അമ്മയ്ക്ക് ഇന്ന് ഡോക്ടറെ കാണണം.'

എന്തിനാണ് ഡോക്ടറെ കാണുന്നത് എന്ന് ഞാൻ ചോദിച്ചില്ല. പറയുന്ന റ്റോൺ കേട്ടിട്ട് കൂടുതലൊന്നും പറയാൻ മാണിയ്ക്കും അമ്മയ്ക്കും താൽപര്യമില്ല എന്നെനിയ്ക്ക് മനസ്സിലായി. ഞാൻ പുറകോട്ട് ചാരിയിരുന്നു.

‘തീരുമാനത്തിന് മാറ്റമൊന്നുമില്ലല്ലോ അല്ലേ', മാണി അമ്മയോട് ശബ്ദം താഴ്ത്തി ചോദിച്ചു.
‘മാറ്റമൊന്നുമില്ല. ആ ദുഷ്ടന്റെ കൊച്ചെനിയ്ക്ക് വേണ്ടാ’, അമ്മ തറപ്പിച്ചാണത് പറഞ്ഞത്. റോഡിൽനിന്ന് നോട്ടം മാറ്റിയതേയില്ല.

അമ്മയുടെ ശബ്ദത്തിലെ വെറുപ്പ് എന്നെ വന്ന് തൊട്ടു. പേടി വരുമ്പോൾ ശ്വാസം അകത്തേയ്ക്ക് വലിച്ചെടുത്ത് പതിയെ പുറത്തേയ്ക്ക് വിടണമെന്ന് മിസ് ജാനെറ്റ് പറഞ്ഞത് ഞാൻ ഓർത്തു. പക്ഷെ അകത്തേയ്‌ക്കെടുത്ത ശ്വാസം പുറത്തേയ്ക്ക് വിടാൻ മറന്ന് അതവിടെ കനംവച്ച് കിടന്നു.

ദുഷ്ടൻ എന്ന വാക്ക് മലയാളത്തിൽ എങ്ങനെ എഴുതുമെന്ന് ഞാനാലോചിച്ചു. ഇംഗ്ലീഷിലെ ‘ബി' (B). അതിനുതൊട്ടടുത്ത് താക്കോൽ ആകൃതിയിൽ ഒരു വരയും വട്ടവും. പിന്നെ ‘ഷ്'. താഴെ ഇംഗ്ലീഷിൽ ‘എസ്' (s).അവസാനം ‘എം' (m). എമ്മിന്റെ രണ്ടാമത്തെ വായുടെ അവിടുന്ന് ഒരു ചോദ്യ ചിഹ്നം ചേർത്തുവയ്ക്കുക.
മനസ്സിലെ പഞ്ചസാരമണലിൽ ഞാൻ പലതവണ എഴുതിമായ്ച്ചു. പതിയെ, ശബ്ദം പുറത്തുവരുത്താതെ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞുനോക്കി, ദുഷ്ടൻ...ദുഷ്ടന്റെ കൊച്ച്.

ആ വാക്ക് എടുത്തുകൊണ്ട് മരങ്ങളോടി, വീടുകളോടി.
കാറിന്റെ ചില്ല് താഴ്​ത്തി തല കുറച്ചുമാത്രം പുറത്തേയ്ക്കിട്ട് കണ്ണിമയ്ക്കാതെ ഞാനത് നോക്കിയിരുന്നു... ▮

(സി.വി. ശ്രീരാമന്റെ ഓർമക്ക് ഖത്തർ സംസ്‌കൃതി ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരം നേടിയ കഥ)


പ്രിയ ജോസഫ്‌

എഴുത്തുകാരി. AMR Technology Inc. കോ ഫൗണ്ടറും സി.ഇ.ഒയും. യു.എസിലെ ഇല്ലിനോയി സൗത്ത്​ ബാരിങ്​ടണിൽ താമസം

Comments