ചിത്രീകരണം : ഷാഹിന

ഡ്രാക്കുളക്കോട്ടയിലെ നിധിയറ (കോട്ടയം പുഷ്പനാഥിന്)

ഒന്ന്

കാർപാത്യൻ മലകളിൽ സന്ധ്യമയങ്ങിയിട്ട് നേരമേറെയായിട്ടില്ല.
ഏതോ കൂറ്റൻ ചെന്നായ വലിച്ചിഴച്ചുകൊണ്ടുപോയ ഇരയുടെ രക്തം പോലെ അസ്തമയസൂര്യന്റെ ചുവന്നകിരണങ്ങൾ ചക്രവാളച്ചെരിവുകളിലൂടെ ഒലിച്ചിറങ്ങി, കരിനീലനിറംപൂണ്ട്, താഴ്വരകളിൽ തളം കെട്ടുകയാണ്.

നോക്കെത്തുന്ന ദൂരത്തോളം സ്തൂപികാഗ്രവനങ്ങൾ.
ഓരോ മരത്തലപ്പും പാറക്കെട്ടും ഓരോ അരുവിയും മൂടിക്കിടക്കുന്ന കട്ടിയുള്ള മഞ്ഞ്.

മലമുകളിൽ ഇരുട്ട് കട്ടകെട്ടിയ ഡ്രാക്കുളക്കോട്ട.
അതിന്റെ മുഖപ്പുകളിൽ കൊത്തിവെച്ച പിശാചപ്രതിമകൾ.
മന്ത്രശക്തികൊണ്ട് കല്ലാക്കി കോട്ടയ്ക്ക് കാവൽനിർത്തിയിരിക്കുന്ന പിശാചുക്കൾ.

മൂന്നുകൊമ്പും മുഖത്തെക്കാൾ വലിയ കാതും മുട്ടോളം നീണ്ട നാവുമുള്ള പ്രതിമകളുടെ ശിരസ്സിൽ തങ്ങിനിന്ന മഞ്ഞ് നിശ്ശബ്ദം പൊഴിഞ്ഞുവീണു.
കോട്ടയ്ക്കകത്ത്, പകൽപോലും വെളിച്ചം കടന്നുചെല്ലാത്ത നിലവറയിലേക്ക് കൈയിലേന്തിയ കൊഴുപ്പുതിരിയുമായി ജെസ്റ്റീനാ പ്രഭ്വി പടികളിറങ്ങി. മരവിച്ച കരിങ്കൽപ്പാളികളിൽ മുട്ടി മൃദുവായി വിളിച്ചപ്പോൾ ഡ്രാക്കുളാപ്രഭു പുകച്ചുരുളായി കല്ലറയുടെ വിടവിലൂടെ മെല്ലെ പുറത്തുവന്നു.

‘‘മണിക്കൂറുകളായി ഉണർന്നുകിടക്കുകയാണ്,'' അദ്ദേഹം പരാതിപ്പെട്ടു. ‘‘ഉറങ്ങുമ്പോൾ സ്വപ്നങ്ങളെങ്കിലും കാണാം. ഉണർന്നുകിടക്കുമ്പോൾ നശിച്ച കുറേ വ്യാകുലവിചാരങ്ങൾ മാത്രം.''

വാർദ്ധക്യംകൊണ്ട് ശോഷിച്ച ആ കൈകൾ തന്റെ കൈകളിൽ കോരിയെടുത്ത് ജെസ്റ്റീന അദ്ദേഹത്തെ കോണിപ്പടികളിലേക്ക് നടത്തി.

പിരിയൻ ഗോവണി കയറുമ്പോൾ ഡ്രാക്കുളയുടെ അസ്ഥികളിൽ വേദന കൊളുത്തിവലിച്ചു. ഗന്ധകജ്വാലയുടെ നീലിമയോടെ മജ്ജയിൽ നിന്നെരിയുന്ന വേദന. അദ്ദേഹം ഭാര്യയുടെ കൈയിൽ മുറുകെപ്പിടിച്ചു.
മുമ്പൊക്കെ നിലംതൊടാതെ എത്രദൂരം നടന്നിരുന്നു, സിദ്ധികൾ ക്ഷയിച്ചതോടെ അതൊന്നും വയ്യെന്നായി.

അഗ്രം കൂർത്ത നീളൻ ജനാലയിൽപിടിച്ച് അദ്ദേഹം തെല്ലിട പുറത്തേക്കുനോക്കി നിന്നു. ചുവന്ന ആകാശത്തിനുതാഴെ വിളറിവെളുത്ത് കിടക്കുന്ന ഭൂമി.

ചിത്രീകരണം: ഷാഹിന
ചിത്രീകരണം: ഷാഹിന

ശവക്കച്ച അഴിച്ചെടുത്ത് ജെസ്റ്റീനാ പ്രഭ്വി ഡ്രാക്കുളയെ കുളിത്തൊട്ടിയിൽ കിടത്തി. പനിനീരിന്റെയും കർപ്പൂരലതയുടെയും സുഗന്ധം പൊങ്ങുന്ന ഇളംചൂടുള്ള വെള്ളം ശരീരത്തെ പൊതിഞ്ഞപ്പോൾ അദ്ദേഹം ആലസ്യത്തോടെ ചാരിക്കിടന്നു. കറുത്ത ഗോമേദകംകൊണ്ടുള്ള തലയോട്ടിപ്പൂക്കൾ പതിച്ച കരിങ്കൽത്തൊട്ടിയിൽ ഒരു സാധാരണവൃദ്ധനെപ്പോലെ കിടക്കുന്ന അദ്ദേഹത്തെ നോക്കി അവർ അരികത്തിരുന്നു. തൊലിയുടെ മിനുപ്പും ചുണ്ടിന്റെ ചുവപ്പും മങ്ങിയിരിക്കുന്നു. ഇരുട്ടിന്റെ ദീപസ്തംഭങ്ങളായിരുന്ന കണ്ണുകൾ തടിച്ച് വീങ്ങിയിരിക്കുന്നു.
കുളിച്ചുതോർത്തിയ അദ്ദേഹത്തെ അവർ ചുവന്ന പട്ടിന്റെ നിലയങ്കിയും കറുത്ത രോമംകൊണ്ടുള്ള മേൽക്കുപ്പായവും ധരിപ്പിച്ചു. ഒരിക്കൽ വിരിമാറിൽ ഇറുകിക്കിടന്നിരുന്ന വസ്ത്രങ്ങൾ ഇപ്പോൾ പുതപ്പുപോലെ തളർന്ന് തൂങ്ങിക്കിടന്നു.
ആകാശത്തിലെ അവസാനത്തെ തുള്ളി ചുവപ്പും മാഞ്ഞ നിമിഷത്തിൽ ഏറെ അകലെയല്ലാതെ ഒന്നാമത്തെ ചെന്നായ ഓലിയിട്ടു.

രണ്ട്

ടനാഴിയിൽ പ്രഭുവിന്റെ കാലൊച്ച കേട്ടപ്പോൾ തീന്മേശ ഒരുക്കിക്കൊണ്ടുനിന്ന ഭൃത്യന്മാർ നാലുപാടും ചിതറിയോടി. തലയോട്ടിയിൽ തുളയുള്ള അപസ്മാരക്കാരി മാത്രം മരവിച്ചുനിന്നു. ആരാധനയും ഭയവും അമ്പരപ്പുമെല്ലാം നിറഞ്ഞുകവിയുന്ന മുഖത്തോടെ വായപൊളിച്ച്, കണ്ണുതുറിച്ച് അവൾ അവർക്കുനേരെ നോക്കിനിന്നു.

‘പൊയ്‌ക്കോളൂ’, ജെസ്റ്റീന ആജ്ഞാപിച്ചു.
മുടന്തുകാലും വലിച്ച് അവൾ ഇരുട്ടിലേക്ക് ഓടിമറഞ്ഞു.
അടുക്കളയിലെ ചലനങ്ങൾ നിശ്ചലമായി.
നിശ്ശബ്ദത കനത്തു.

നെരിപ്പോടിൽ ആളുന്ന പൈൻ വിറകിന്റെ വെളിച്ചത്തിൽ സൽക്കാരമുറി ഒരു എണ്ണച്ചായച്ചിത്രത്തിലെന്നപോലെ മനോഹരമായി കാണപ്പെട്ടു. കരിമരംകൊണ്ട് തീർത്ത ഭാരിച്ച തീന്മേശയ്ക്കുമേൽ നീലയും ചുവപ്പും നിറത്തിൽ തിളങ്ങുന്ന മേശവിരി. കറുത്ത വജ്രം പതിച്ച മെഴുകുതിരിക്കാലുകൾ. വെള്ളിപ്പാത്രങ്ങളിൽ വിഭവങ്ങൾ. സ്വർണ്ണത്തളികയ്ക്കിരുപുറവും തലനാരിഴയ്ക്കു പിഴയ്ക്കാതെ നിരത്തിയ കത്തിയും മുള്ളും കരണ്ടിയും. പളുങ്കുചഷകത്തിൽ ചൂടാറാത്ത മനുഷ്യരക്തം.

പതിമൂന്നുപേർക്കിരിക്കാവുന്ന നീളൻ മേശയുടെ തലയ്ക്കൽ ഡ്രാക്കുളാപ്രഭു ഇരുന്നു. മോഹനമായ സംഗീതവും രാജകീയാതിഥികളുടെ തന്ത്രാലോചനയും സുന്ദരിമാരുടെ സല്ലാപവും മുഴങ്ങിയിട്ടുള്ള മുറിയിൽ ഇപ്പോൾ നേർത്ത പൊട്ടലോടെ ആളിക്കത്തുന്ന തീയിന്റെ ഫൂൽക്കാരം മാത്രം.

നീട്ടിയ കൈകളിലെ പാനപാത്രം മൂർദ്ധാവോളം ഉയർത്തിപ്പിടിച്ച് ഡ്രാക്കുള ഒരു നിമിഷം കണ്ണടച്ചിരുന്നു.
മൂന്നു ലോകങ്ങളുടെയും നാഥനെ മനസ്സിൽ സ്മരിച്ചു.
ആ തിരുനാമത്തിന്റെ ഓരോ ശബ്ദവും നാവിൽവെച്ച് നുണഞ്ഞു.
ലൂ-സി-ഫർ.
തമസ്സിന്റെ ചക്രവർത്തി.
അറിവിന്റെ ഉറവിടം.
സകലചരാചരങ്ങളുടെയും ജീവന്റെയും പുനരുത്ഥാനത്തിന്റെയും അധിപൻ.

ഇന്നലെയും സ്വപ്നത്തിൽ കണ്ടിരുന്നു ആ പാദങ്ങൾ. കറുത്തുവളഞ്ഞ നഖങ്ങളുള്ള, ഇടതൂർന്ന ചെമ്പൻരോമങ്ങൾ നിറഞ്ഞ തൃപ്പാദങ്ങൾ. പാതാളമധ്യത്തിൽ അവന്റെ നഗരകവാടത്തിലേക്ക് ചെന്നണയുന്ന നാൾ അടുത്തടുത്തുവരികയാണ്. പിതാക്കന്മാരുടെ ആലിംഗനം ഏറ്റുവാങ്ങി ആ സദസ്സിലേക്ക് ആനയിക്കപ്പെടുന്ന നാൾ, ആ ശ്യാമസിംഹാസനത്തിനരികിൽ മുട്ടുകുത്തി, പാദപീഠത്തിന്മേൽ ശിരസ്സമർത്തി, ഘോരസുന്ദരമായ ആ കണ്ണുകളിലേക്ക് മുഖമുയർത്തുന്ന നാൾ, അത് വിദൂരമല്ല.

പളുങ്കുപാത്രം ചുണ്ടോടുചേർത്ത് ഡ്രാക്കുളാപ്രഭു ആ മഹാപ്രസാദം മൊത്തിക്കുടിച്ചു.
ചോര.
നാവിലൂടെ, അന്നനാളത്തിലൂടെ അത് ഒലിച്ചിറങ്ങുന്നതിന്റെ ഇളംചൂട് അദ്ദേഹം അനുഭവിച്ചറിഞ്ഞു.
അറിയാതെ ചുണ്ടിൽവിരിഞ്ഞ പുഞ്ചിരിയിൽ തേറ്റപ്പല്ലുകൾ തിളങ്ങി.
തങ്ങൾ രക്തരക്ഷസ്സുകളുടെ കോശങ്ങളിലും കലകളിലും, തങ്ങളുടെ അസ്ഥിയിലും പേശിയിലും എപ്പോഴെല്ലാം ചൈതന്യം വറ്റിവരണ്ടുവോ അപ്പോഴെല്ലാം വീണ്ടും കോരിനിറച്ച ജീവാമൃതം. അതിനെ അദ്ദേഹം മനസാ വാഴ്ത്തി. അത് പകർന്നുതന്ന, അതിലൂടെ നിത്യജീവന്റെ പാതയിലേക്ക് കടന്നുവന്ന അസംഖ്യം മനുഷ്യാത്മാക്കളെ സ്മരിച്ചു.

‘‘ചെറിയ പുളിപ്പുണ്ട്, അല്ലേ?'' ജെസ്റ്റീന ക്ഷമാപണസ്വരത്തിൽ ചോദിച്ചു.
‘‘സാരമില്ല’’, ഡ്രാക്കുള പുഞ്ചിരിച്ചു. തന്റെ വായിൽ എല്ലാ സമയത്തും കയ്പുരസമാണെന്ന് അവൾ അറിയുന്നില്ലല്ലോ. മധുരവും പുളിയുമൊന്നും തിരിച്ചറിയാൻ കഴിയാതെയായിട്ട് നാളേറെയായി. കിങ്കരന്മാർ പതിയിരുന്ന് ആക്രമിച്ച് കൊണ്ടുവന്ന ഏതെങ്കിലും വൃദ്ധകർഷകന്റെ ഞരമ്പുകളിൽനിന്ന് ഊറ്റിയെടുത്ത അവസാനത്തെ തുള്ളികളായിരിക്കാം ഇത്. രക്തം എത്രയോ നുണഞ്ഞിരിക്കുന്നു, നൂറ്റാണ്ടുകളിലൂടെ! ശൈശവംവിട്ടുമാറാത്ത കുട്ടികളുടെ മധുരം. സുന്ദരിമാരുടെ നുരയ്ക്കുന്ന വീര്യം. സന്യാസിമാരുടെ കടുപ്പം. ഇനി കുടിക്കുന്ന രക്തം ആസ്വദിക്കാനുള്ളതല്ല, അതിജീവിക്കാൻ മാത്രമുള്ളതാണ്.

ജെസ്റ്റീനയുടെ പുഞ്ചിരിയിൽ വിഷാദം കലർന്നിരുന്നു.
തന്റെ ചഷകം തുളുമ്പിനില്ക്കുമ്പോൾ പ്രാണനാഥന്റേത് പാതിമാത്രം നിറഞ്ഞിരിക്കുന്നത് അവർ അറിയാതിരിക്കുന്നില്ല. ആ രക്തത്തിന്റെ അളവ് നാൾക്കുനാൾ കുറഞ്ഞുവരുന്നത് പ്രഭുവിന്റെതന്നെ ആജ്ഞയനുസരിച്ചാണെന്നും അവർക്കറിയാം. അങ്ങനെ വൈകാതൊരുനാൾ, ഈ ചഷകം കാലിയാകും. അടുത്ത സൂര്യഗ്രഹണത്തിൻനാൾ അസ്തമയത്തിൽ അവൾ കല്ലറയിലെത്തി മുട്ടിവിളിക്കുമ്പോൾ മറുപടിയുണ്ടാകില്ല. കാലത്തിന്റെ പക ഏറ്റുവാങ്ങി കരിഞ്ഞ ഒരുകൂന മണ്ണുമാത്രമാകും അപ്പോൾ അതിനുള്ളിൽ ബാക്കിയാകുക.

അതിനുമുമ്പ്... പൂർത്തിയാക്കാൻ ഒരു ജോലികൂടി അദ്ദേഹത്തിന് ബാക്കിയുണ്ട്.

ഇടതുഭാഗത്ത് ഒഴിഞ്ഞുകിടക്കുന്ന ഇരിപ്പിടത്തിലേക്ക് ഡ്രാക്കുളാപ്രഭുവിന്റെ നോട്ടം നീണ്ടപ്പോൾ ജെസ്റ്റീനയുടെ ദൃഷ്ടികൾ താണു.
‘‘ഇന്നും... അവൻ വന്നില്ല?'' പ്രഭു ചോദിച്ചു.
‘‘ഉണർന്നിട്ടുണ്ടാകില്ല,'' താണശബ്ദത്തിൽ ജെസ്റ്റീന പ്രതിവചിച്ചു.
‘‘ഇതൊക്കെ രക്തരക്ഷസ്സുകൾക്ക് പറഞ്ഞിട്ടുള്ളതാണോ?'' അദ്ദേഹത്തിന്റെ ഒച്ച ഉയർന്നു, ‘‘പകൽ മുഴുവൻ ഉണർന്നിരിക്കുക, രാത്രിയിൽ കിടന്ന് ഉറങ്ങുക... ഡ്രാക്കുളവംശത്തിൽപ്പിറന്ന ഒരാളും ഇങ്ങനെയൊന്നും ജീവിച്ചിട്ടില്ല. അറിയുമോ ഭവതിക്ക്?''

പ്രഭ്വിയുടെ ശിരസ്സ് തീന്മേശയ്ക്കുനേരെ കുനിഞ്ഞിരുന്നു.
‘‘രാജ്യഭാരം അവനെ ഏല്പിച്ച് കണ്ണടയ്ക്കണമെന്ന ഒരൊറ്റ ആഗ്രഹത്തിന്റെപേരിലാണ് ഞാൻ ജീവിച്ചിരിക്കുന്നതെന്ന് അറിയാമല്ലോ.''
അവർ നിശ്ശബ്ദം തലയാട്ടി.

‘‘മലമ്പാതകൾ കയറി ഇനിയും അവർ വരും. മന്ത്രവാദികളും അപസർപ്പകരും സൈനികരും. തോക്കും വാളും കുന്തവുമായി, വെളുത്തുള്ളിപ്പൂവും ആരാധിച്ച തൈലവുമായി, കുരിശും ദൈവപുത്രന്റെ വചനങ്ങളെഴുതിയ പുസ്തകങ്ങളുമായി അവർ വരും. അവർക്കെതിരെ ഡ്രാക്കുളക്കോട്ടയുടെ ചെറുത്തുനില്പിന് നേതൃത്വം നൽകാൻ കഴിവുണ്ടോ അവന്? ഒരിക്കൽ നമ്മുടെ സാമന്തന്മാർ ഭരിച്ചിരുന്ന വിദൂരരാജ്യങ്ങൾ തിരിച്ചുപിടിക്കാൻ വേണ്ട തന്ത്രങ്ങൾ മെനയാൻ സാമർത്ഥ്യമുണ്ടോ? കരുത്തുറ്റ ഡ്രാക്കുള പരമ്പരയെ ജനിപ്പിക്കാൻ, അനുചരന്മാരുടെയും ആശ്രിതന്മാരുടെയും ശൃംഖല പടുത്തുയർത്താൻ പ്രാപ്തിയുണ്ടോ?''

താഴ്വരയിൽ അലയുന്ന ചെന്നായ്ക്കളുടെ കൂട്ട ഓരിയിടൽ മാത്രം അടച്ചിട്ട ജനൽപ്പാളികളിലൂടെ കടന്നുവന്നു.

‘‘ഇവന്റെ പ്രായത്തിൽ ഞാൻ എങ്ങനെ കഴിഞ്ഞിരുന്നവനാണെന്ന് ഭവതിക്കറിവുള്ളതല്ലേ?'' ഡ്രാക്കുള ചോദിച്ചു.

ആദ്യചുംബനത്തിന്റെ നീറുന്ന ഓർമ്മയിലാവണം ജെസ്റ്റീനയുടെ മുഖം തുടുത്തു. കഴുത്തിന്റെ പിൻഭാഗത്തെ പഴക്കംചെന്ന മുറിവിലേക്ക് അവരുടെ വിരലുകൾ നീണ്ടുചെന്നു.
‘‘സർവേശ്വരൻ നമുക്ക് രണ്ട് സന്തതികളെക്കൂടി തന്നിരുന്നു. അവർ പോരാളികളുമായിരുന്നു. നെഞ്ചിൽത്തറഞ്ഞ മരക്കുരിശോടെ പിടഞ്ഞുവീണ ഡാമിയൻ... വെള്ളിയിൽ വാർത്ത വെടിയുണ്ടയേറ്റ് ശിരസ്സ് ചിതറിയ നിക്കൊളായ്...'' അദ്ദേഹത്തിന്റെ കണ്ഠം തെല്ലൊന്നിടറി. ''വാളും തോക്കും ആഭിചാരവും അഭ്യസിച്ചാണ് അവർ ജീവിച്ചത്. ഇവനെപ്പോലെ മുറിയിൽ അടയിരിക്കുകയായിരുന്നില്ല.''
‘‘അവൻ പുസ്തകങ്ങളെഴുതുകയാണ്,'' ജെസ്റ്റീനാ പ്രഭ്വിയുടെ ശബ്ദം ദുർബലമായിരുന്നു.
‘‘പുസ്തകങ്ങൾ!'' ഡ്രാക്കുളയുടെ കണ്ണുകൾ ജ്വലിച്ചു. ‘‘തൂവൽകൊണ്ടെഴുതിയ കീറക്കടലാസുകൾക്കാണോ പുസ്തകമെന്ന് പറയുക? പുസ്തകങ്ങൾ കുറെ ഓതിയിട്ടുണ്ട് ഞാനും. ജീവശാസ്ത്രം, രസവിദ്യ, പിശാചഭാഷ... അറിയുമോ? തുകൽത്താളുകളിൽ രക്തംകൊണ്ടെഴുതിയ യഥാർത്ഥപുസ്തകങ്ങൾ...''
ഒന്നു നിർത്തി അദ്ദേഹം ചോദിച്ചു, ‘‘ഇവനെഴുതുന്ന കഥകളിൽ ഈ ശാസ്ത്രങ്ങളെന്തെങ്കിലുമുണ്ടോ? നിത്യസത്യത്തിലേക്കുള്ള യാത്രാസംഹിതകൾ?''
ഇല്ലെന്നു തലകുലുക്കി അവർ.
‘‘ഭവതി വായിച്ചുനോക്കിയിട്ടുണ്ടോ, ഈ... പുസ്തകങ്ങൾ?''
‘‘ചിലതൊക്കെ...'' അവർ മടിച്ചുമടിച്ച് പറഞ്ഞു.

തന്റെ നേർക്കുയർന്ന കണ്ണുകളിൽ നോക്കിയപ്പോൾ അവ എന്തൊക്കെയോ മറച്ചുപിടിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് തോന്നി.
‘‘എന്തിനെക്കുറിച്ചാണ്?''
‘‘കഥകളാണ്...''
‘‘കഥകൾ!'' ഡ്രാക്കുളാപ്രഭു മുറുമുറുത്തു, ‘‘കല്പിച്ചുണ്ടാക്കിയ കള്ളക്കഥകൾ. വ്യാളിയുടെ വംശത്തെ രണ്ടായിരം കൊല്ലം... പതിനായിരം കൊല്ലം നിലനിർത്താൻ ഉത്തരവാദിത്തപ്പെട്ട അനന്തരാവകാശി... അവൻ സങ്കല്പങ്ങളിൽ ജീവിക്കുകയാണ്...?''

ഡ്രാക്കുളയുടെ ഒച്ച വീണ്ടും ഉയർന്നു.
കോട്ടയുടെ ഒഴിഞ്ഞ ഇടനാഴികളിൽ ആ ശബ്ദം കടവാതിലിനെപ്പോലെ ചിറകടിച്ചുനടന്നു.

‘‘കുതിരവണ്ടികളെ ആക്രമിക്കാൻവേണ്ടി ചെന്നായയായി രൂപം മാറുന്ന അടവ്, മണ്ണിൽ പെരുച്ചാഴിയായും മാനത്ത് കടവാതിലായും ജലത്തിൽ നീരാളിയായും മറയാനുള്ള വിദ്യ, മൂടൽമഞ്ഞായി താക്കോൽപ്പഴുതുകളിലൂടെ കടന്നുചെല്ലാനും കപ്പലുകളെ മുക്കാൻവേണ്ടി മഹാനക്രമാകാനുമുള്ള തന്ത്രങ്ങൾ, എതിരാളികളുടെ തലച്ചോറുകളിൽ ചിത്തഭ്രമവും അവരുടെ നഗരങ്ങളിൽ വിഷപ്പനിയും വിതയ്ക്കാനുള്ള മന്ത്രങ്ങൾ, അടിമകൾക്ക് സ്വപ്നത്തിൽ അടയാളങ്ങൾ കൊടുക്കാനും സുന്ദരിമാരെ വശീകരിച്ച് സുരക്ഷിതസ്ഥാനങ്ങളിൽനിന്ന് പുറത്തുകൊണ്ടുവരാനുമുള്ള മനോവിജ്ഞാനം... രക്തരക്ഷസ്സുകൾക്ക് പ്രയോജനമുള്ള ഇത്തരം അറിവുകൾ സ്വായത്തമാക്കാനോ രേഖപ്പെടുത്തിവെക്കാനോ സാധിക്കുന്നില്ലെങ്കിൽ ആ പുസ്തകങ്ങൾ കൊണ്ട് എന്ത് ഫലം?''

ഡ്രാക്കുളാപ്രഭു കിതച്ചു.
മാംസപേശികളെക്കാളും അസ്ഥികളെക്കാളും ആഴത്തിൽ എവിടെയോനിന്ന് ഉറവപൊട്ടുന്ന വേദന.

അത്താഴം പതിവിലും നീണ്ടുപോയിരുന്നു. വിറകുകൾ കത്തിയമർന്ന നെരിപ്പോടിലെ കനൽവെളിച്ചം ചോരപോലെ ഇരുണ്ട് ചുവന്നു. ജെസ്റ്റീനാ പ്രഭ്വി എഴുന്നേറ്റുചെന്ന് നീണ്ടുകൂർത്ത കമ്പികൊണ്ട് ഇളക്കിയിട്ടപ്പോൾ കരിഞ്ഞ മരത്തിൽനിന്ന് ജ്വാലകൾ ഉയിർത്തെഴുന്നേറ്റു. പുകയുടെ സുഗന്ധം മുറിയാകെ പരന്നു.

പതിവിനുവിപരീതമായി ചെന്നായ്ക്കളുടെ ശബ്ദം കേൾക്കുന്നില്ലല്ലോ എന്ന് ഡ്രാക്കുള ശ്രദ്ധിച്ചു. ഒരു അപശകുനമാണോ ഇത്? എങ്കിൽ ഇതിന്റെ അർത്ഥമെന്താണ്? അദ്ദേഹം ഓർമ്മയിൽ പരതി.
‘‘എന്താണിത്?'' പെട്ടെന്ന് പരന്ന പ്രകാശത്തിൽ അദ്ദേഹത്തിന്റെ വൃദ്ധനേത്രങ്ങൾ എന്തിലോ തടഞ്ഞുനിന്നു. മകന്റെ പാനപാത്രത്തിനുനേരെ ചൂണ്ടിയ വിളറിമെലിഞ്ഞ വിരലുകൾ നിർത്താതെ വിറച്ചു. ‘‘ഇതിനെന്താണ് ഒരു നിറഭേദം?''
‘‘അത്...'' ജെസ്റ്റീന പരിഭ്രാന്തയായി കാണപ്പെട്ടു, ‘‘അത്... രക്തമല്ല, വീഞ്ഞാണ്. അവൻ... ഈയിടെയായി രക്തം കുടിയ്ക്കാറില്ല.''

വിരൽത്തുമ്പിലെ വിറയൽ ഡ്രാക്കുളയുടെ ശരീരം മുഴുവൻ പടർന്നുകയറി.
എല്ലാ ശക്തിയും വാർന്നുപോയതുപോലെ അദ്ദേഹം പിന്നോട്ട് ചാഞ്ഞു.
‘‘അരുത്... ക്ഷോഭിക്കരുത്’', അവർ എഴുന്നേറ്റുചെന്ന് അദ്ദേഹത്തെ ചേർത്തുപിടിച്ചു.
‘‘എത്രനാളായി.... അവൻ...?'' കിതപ്പിനിടയിൽ പ്രഭു വീണ്ടും ചഷകത്തിനുനേർക്ക് വിരൽ ചൂണ്ടി.
‘‘രണ്ടുമൂന്നുവർഷമായി അവൻ മനുഷ്യരക്തം കുടിക്കാറില്ല.''

ഡ്രാക്കുള ഒന്നും മിണ്ടാതെ തല വിലങ്ങനെ കുലുക്കി.
ആ കണ്ണുകളിൽനിന്ന് കത്തുന്ന കണ്ണുനീർ വഴിഞ്ഞൊഴുകി.
അദ്ദേഹം എഴുന്നേറ്റുനിന്നു. അസ്ഥികളിൽ മിന്നൽപ്പിണർപോലെ വേദന പുളഞ്ഞു. പ്രഭ്വി ചെന്ന് കൈപിടിച്ചു. അദ്ദേഹം നടക്കാൻ തുടങ്ങിയിരുന്നു.
‘‘എങ്ങോട്ടാണ്?'' അവർ ചോദിച്ചു.
‘‘ഞാൻ അവനോടൊന്ന് സംസാരിക്കട്ടെ....'' അടക്കിയ ശബ്ദത്തിൽ അദ്ദേഹം കിതപ്പോടെ പറഞ്ഞു.
‘‘ഒന്നും കഴിച്ചില്ല...''
‘‘രക്തം കുടിച്ചല്ലോ. അതുമതി.'' അദ്ദേഹം ഇരുട്ടിലേക്ക് നടന്നു.
‘‘നീണ്ട നടപ്പ് താങ്ങാൻ ശരീരത്തിന്... അങ്ങ് ഇവിടെനിന്നാൽ മതി. ഞാൻ അവനെ വിളിക്കാം.''
‘‘വേണ്ട. ഭവതി വിളിച്ചിട്ട് അവൻ വന്നില്ലെങ്കിലോ?'' അദ്ദേഹത്തിന്റെ ഇടറുന്ന കാലടികൾ മുമ്പോട്ടുതന്നെ നീങ്ങിക്കൊണ്ടിരുന്നു.

കൊഴുപ്പുതിരിവെളിച്ചത്തിൽ ഇടനാഴിയിലെ രാക്ഷസശില്പങ്ങൾ പതിവിലുമേറെ സുന്ദരങ്ങളായി കാണപ്പെട്ടു.
മിനുക്കിയ കരിങ്കല്ലുപാകിയ തറയിൽ നിഴൽ വീഴ്ത്താതെ അവർ മുന്നോട്ടുനീങ്ങി.

ഭാര്യയുടെ കൈപിടിച്ചിട്ടും ഡ്രാക്കുള ഏറെ പതുക്കെയാണ് നടന്നത്.
‘‘രക്തം കഴിച്ചില്ലെങ്കിൽ ജീവചൈതന്യം എവിടെനിന്ന് കിട്ടും? എങ്ങനെ യുദ്ധം ചെയ്യും? നൂറ്റാണ്ടുകൾ ജീവിക്കും?'' അദ്ദേഹം പുലമ്പിക്കൊണ്ടിരുന്നു.

ഡ്രാക്കുളക്കോട്ടയുടെ വിലമതിക്കാനാവാത്ത നിധികൾ ആക്രമണകാരികളിൽനിന്ന് എന്നും സംരക്ഷിച്ചുപോന്നിട്ടുള്ള രഹസ്യഅറയിലേക്കായിരുന്നു അവരുടെ നടത്തം. ആരും സംശയിക്കാത്ത ചെറുവാതിലുകൾ തുറന്ന്, വളഞ്ഞും പിരിഞ്ഞും കിടന്ന കോണിപ്പടികളിറങ്ങി, തുരങ്കംപോലെ ഇടുങ്ങിയ ഇടനാഴികൾ താണ്ടി നടക്കുമ്പോൾ പ്രഭു ഇടയ്ക്കിടെ നിന്നു. വേദന ശമിക്കുംവരെ വിശ്രമിച്ചു. സ്വയമറിയാതെ ചിലപ്പോൾ ഞരങ്ങി.

പഴയ മരസ്സാമാനങ്ങൾ സൂക്ഷിച്ചിരുന്ന പൊക്കംകുറഞ്ഞ മുറിയുടെ ഭിത്തിയോടുചേർന്ന് നടന്ന്, അലങ്കാരമില്ലാത്ത വാതിലിനുമുമ്പിൽ ചെന്നുചേർന്നു അവർ.

‘‘അലക്‌സി... അലക്‌സി...'' ജെസ്റ്റീനാ പ്രഭ്വി കതകിൽ മുട്ടിവിളിച്ചു, ‘‘അലക്‌സാണ്ടർ...''
മറുപടിയുണ്ടായില്ല.
‘‘നല്ല ഉറക്കമായിരിക്കും,'' അവർ പറഞ്ഞു.

ഡ്രാക്കുള കതകിൽ ആഞ്ഞുതള്ളിയപ്പോൾ നീണ്ട ഞരക്കത്തോടെ അത് തുറന്നുവന്നു. ചീഞ്ഞ പഴങ്ങളുടെ ഗന്ധമുള്ള വായു അവരുടെ മുഖത്തടിച്ചു. പാളുന്ന കൊഴുപ്പുതിരിവെളിച്ചത്തോടൊപ്പം അവർ അകത്തേക്ക് കടന്നു.
''അലക്‌സി...'' അവർ വീണ്ടും വിളിച്ചു.
ഭിത്തിയോടുചേർത്ത് ഇട്ടിരുന്ന ഒറ്റക്കട്ടിൽ ശൂന്യമായിരുന്നു.

മൂന്ന്

‘‘അവനെവിടെ?'' പ്രഭു കിതപ്പടക്കി ചോദിച്ചു.
‘‘ചിലപ്പോൾ... പുറത്ത് പോയിട്ടുണ്ടാവും.''
‘‘പുറത്തോ?'' അദ്ദേഹത്തിന്റെ മുഖം പരിഹാസംകൊണ്ട് കോടി, ‘‘ഈ രാത്രിയിൽ, അരയോളം പുതയുന്ന മഞ്ഞിലിറങ്ങി നടക്കണമെങ്കിൽ കരുത്തും തന്റേടവുമുള്ളവർക്കുതന്നെ ബുദ്ധിമുട്ടായിരിക്കും. പിന്നെയല്ലേ അവൻ!''

ജനലില്ലാത്ത മുറിയിലേക്ക് തണുത്ത വായുവിന് കടന്നുവരാൻ പഴുതുകളില്ലാത്തതുകൊണ്ട് നെരിപ്പോടില്ലാത്ത കുറവ് അനുഭവപ്പെട്ടില്ല.
വിരിപ്പും പുതപ്പും മുഷിഞ്ഞ വസ്ത്രങ്ങളും ഒതുക്കി ഡ്രാക്കുള കട്ടിലിൽ ഇരുന്നു.
പ്രഭ്വി കൊഴുപ്പുതിരിയുമായി സമീപത്ത് നിലകൊണ്ടു.
കട്ടിലിനോട് ചേർന്ന ചുമരിൽ ‘രക്തരക്ഷസ്സുകളെ മനുഷ്യരാക്കുക' എന്ന് എഴുതിയിരുന്നത് അദ്ദേഹം കാണരുതേ എന്ന് അവർ ആശിച്ചു.

ആ മങ്ങിയ വെളിച്ചത്തിൽ ഡ്രാക്കുള വർഷങ്ങൾക്കുശേഷം നിധിയറ വീണ്ടും കണ്ടു.

പൂർവികരുടെ മഹത്തായ ആഭിചാരരംഗങ്ങൾ നെയ്തുചേർത്ത രത്‌നം പതിച്ച ചിത്രപടം ചുമരിൽത്തൂക്കിയത് പഴകിയിട്ടുണ്ട്. മഹിമയും ഗാംഭീര്യവും തളംകെട്ടിനിൽക്കുന്ന മുറി വെറുമൊരു എഴുത്തുമുറിയാക്കിയിരിക്കുന്നു അവൻ. പൊന്നും വെള്ളിയും രത്‌നങ്ങളും രഹസ്യഗ്രന്ഥങ്ങളും മന്ത്രശക്തിയുള്ള വിശിഷ്ടവസ്തുക്കളും സംഭരിച്ചുവെച്ച പെട്ടികളിൽ ചിലത് കട്ടിലിനോട് ചേർത്തിട്ട് എഴുത്തുമേശയാക്കിയിട്ടുണ്ട്. അതിനുമേൽ ഒടിഞ്ഞ തൂവലുകളും മഷിക്കുപ്പിയും പാതിയെഴുതിയ കടലാസുകളും കത്തിത്തീർന്ന തിരികളിൽനിന്നുള്ള കൊഴുപ്പുകട്ടകളും ചിതറിക്കിടന്നു. ചുരുട്ടിയെറിഞ്ഞ കടലാസുകൾ നിലത്താകെ. ഒപ്പം ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും അലക്ഷ്യമായി വലിച്ചെറിഞ്ഞ എച്ചിൽപ്പാത്രങ്ങളും.

‘‘കഷ്ടം,'' ഡ്രാക്കുളാപ്രഭു ദീർഘനിശ്വാസം പൊഴിച്ചു, ‘‘പലകക്കട്ടിൽ... നാറുന്ന തുണികൾ... വൃത്തികെട്ട നിലം... തടവുകാരെക്കാൾ കഷ്ടമായിട്ടാണല്ലോ നമ്മുടെ കിരീടാവകാശി കഴിയുന്നത്! ഭൃത്യന്മാരൊന്നും ഇങ്ങോട്ട് വരാറില്ലേ?''
‘‘അവൻ ഉറങ്ങുന്നത് എപ്പോഴാണെന്നും ഉണർന്നിരുന്ന് എഴുതുന്നത് എപ്പോഴാണെന്നും അറിയാത്തതുകൊണ്ട് ശല്യം ചെയ്യരുതെന്ന് അവരോട് പറഞ്ഞത് ഞാനാണ്. വല്ലപ്പോഴും ഞാൻതന്നെ വന്ന് എല്ലാമൊന്ന് വൃത്തിയാക്കിക്കൊടുക്കും.''
‘‘ഇക്കാണുന്നതെല്ലാം...'' മുറിയുടെ ഭിത്തിയോട് ചേർത്ത് അടുക്കിയിരുന്ന പെട്ടികൾക്കുമേൽ വെച്ച കടലാസുകെട്ടുകൾക്കുനേരെ കൈയുയർത്തി അദ്ദേഹം ചോദിച്ചു, ‘‘അവൻതന്നെ എഴുതിയതാണോ?''
‘‘അതെ പ്രഭോ. അതെല്ലാം എഴുതിക്കഴിഞ്ഞ കഥകളാണ്.'' ജെസ്റ്റീന മേശപ്പുറത്തുനിന്ന് ചില കടലാസുകൾ കൈയിലെടുത്തു, ‘‘ഇത് എഴുതിക്കൊണ്ടിരിക്കുന്നതും'', അവർ അവ മറിച്ചുനോക്കി. പിന്നെ, നിശ്ശബ്ദം വായിക്കാൻ തുടങ്ങി.

ഡ്രാക്കുള അവയിൽ ചിലതെടുത്ത് കാഴ്ചമങ്ങിയ കണ്ണിനുമുമ്പിൽ പിടിച്ചുനോക്കി. വായിക്കാൻ കഴിയുന്നില്ല. ഏറെ തിരക്കിട്ടെഴുതിയ വെടിപ്പില്ലാത്ത അക്ഷരങ്ങൾ കാട്ടുവള്ളികൾപോലെ കെട്ടുപിണഞ്ഞുകിടക്കുന്നു.

അകലെ, മന്ത്രമണ്ഡപത്തിൽ സ്ഥാപിച്ച കൂറ്റൻ നാഴികമണിയുടെ ഗംഭീരമായ മുഴക്കം കൽച്ചുമരുകളെ ഭേദിച്ച് കടന്നുവന്നു. പത്തുമണിയായിരിക്കുന്നു.
‘‘എങ്കിലും...'' അല്പനേരത്തെ മൗനത്തിനുശേഷം അദ്ദേഹം വീണ്ടും ചോദിച്ചു. ‘‘അവൻ രക്തം കഴിക്കാത്തത് എന്തുകൊണ്ടാണ്?''

പ്രഭ്വി അത് കേട്ടില്ല. അവർ വായനയിൽ മുഴുകിയിരിക്കുകയായിരുന്നു.
ചോദ്യം ആവർത്തിച്ചപ്പോൾ അവർ കടലാസിൽനിന്ന് മുഖമുയർത്തി. ‘‘കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിച്ചതുകൊണ്ടാണെന്നാണ് പറയുന്നത്.''
‘‘അപ്പോൾ...'' തന്റെയുള്ളിൽ വേലിയേറ്റംപോലെ ആശങ്ക പെരുകുന്നത് ഡ്രാക്കുള അറിഞ്ഞു, ‘‘അവന്റെ കഥാപാത്രങ്ങൾ രക്തരക്ഷസ്സുകളല്ലേ?''
‘‘മനുഷ്യരാണ്,'' ഒരു സാധാരണവസ്തുത പറയുന്നതുപോലെയാണ് ജെസ്റ്റീന അത് പറഞ്ഞത്, ‘‘മനുഷ്യരെക്കൊന്ന് ചോരകുടിക്കുന്നത് ക്രൂരതയാണെന്ന്...''
‘‘ഓ...'' തളർന്ന ഒരു നിലവിളിയായിരുന്നു അത്, ‘‘സാങ്കല്പികകഥകളായാലും നമ്മുടെ മഹത്തായ സംസ്‌കാരത്തെക്കുറിച്ച് എഴുതിക്കൂടേ അവന്?

‘‘നിത്യജീവനുവേണ്ടി രക്തരക്ഷസ്സുകൾ നടത്തുന്ന അശ്രാന്തസാധന, ശരീരവും കാലവും തമ്മിലുള്ള പ്രതിപ്രവർത്തനങ്ങൾ തടയുന്നതിനെപ്പറ്റി നമ്മൾ നടത്തിയ ഗവേഷണങ്ങൾ, രോഗവും ദൗർഭാഗ്യവും ദുഃഖവും വിതയ്ക്കുന്ന ജ്യോതിർഗോളങ്ങളുടെ കാന്തരശ്മികളെ വികർഷിക്കുന്നതിനായി വികസിപ്പിച്ചെടുത്ത ഔഷധങ്ങൾ, ശവഭോഗത്തിലും ഭ്രൂണപാനത്തിലും നരഭോജനത്തിലും നടത്തിയ വിജയകരമായ പരീക്ഷണങ്ങൾ, ഇതെല്ലാം കണ്ടില്ലെന്നുനടിച്ച് മൃഗംതീനികളായ വെറും മനുഷ്യരുടെ ക്ഷുദ്രജീവിതങ്ങളെക്കുറിച്ച് അവൻ എന്തിനെഴുതുന്നു? സ്വയം മഹത്വവത്കരിക്കുന്ന നുണകൾ മനുഷ്യൻതന്നെ വേണ്ടതിലധികം എഴുതിപ്രചരിപ്പിക്കുന്നുണ്ടല്ലോ.'' അദ്ദേഹം കണ്ണടച്ചു, ‘‘നാഥാ, ഇങ്ങനെയൊരു ശിക്ഷ അർഹിക്കാൻ ഈ ദാസൻ എന്തു തെറ്റാണ് ചെയ്തത്?''

‘‘ക്ഷോഭിക്കരുത്...'', ജെസ്റ്റീന ചുമലിൽ പിടിച്ചു, ‘‘വിനോദത്തിനുവേണ്ടി ചെയ്യുന്നു എന്ന് കരുതിയാൽമതി. അങ്ങയുടെ ചെറുപ്പത്തിൽ നായാടിയിരുന്നില്ലേ? അടിമകളെ ചമ്മട്ടികൊണ്ട് അടിച്ചിരുന്നില്ലേ? അതുപോലെ മാത്രം-''

‘‘അവന് എന്തുകൊണ്ട് മർദ്ദനത്തിൽ ഏർപ്പെട്ടുകൂടാ? നായാട്ടിന് പോയിക്കൂടാ? മനസ്സിന് ലാഘവം നൽകുന്ന അത്തരം വിനോദങ്ങൾക്കുപകരം മനശ്ശക്തിയെ ക്ഷയിപ്പിക്കുന്ന അപകടകരമായ പ്രവൃത്തികളിൽ എന്തിന് ഏർപ്പെടണം?'' ഒന്നുനിർത്തി ഡ്രാക്കുള തുടർന്നു, ‘‘ഇതൊക്കെ വായിക്കുന്ന ഭവതിയുടെയുംകൂടി കാര്യമാണ് ഞാൻ ചോദിക്കുന്നത്.''
‘‘അങ്ങനെയൊന്നും ഞാൻ ആലോചിച്ചിട്ടില്ല. ആലോചിച്ചാൽ എന്റെ ചെറിയ ബുദ്ധികൊണ്ട് മനസ്സിലാക്കാൻ കഴിയുമോ എന്നും അറിയില്ല. വായിച്ചു തുടങ്ങിയാൽ നിർത്താൻ കഴിയുന്നില്ലെന്നുമാത്രം അറിയാം.''
‘‘തുടങ്ങിയാൽ നിർത്താൻ കഴിയാതെ വരുന്നത് അപകടംപിടിച്ച ചിന്തകളുടെ ലക്ഷണമാണ്’’, ഡ്രാക്കുള പല്ലിറുമ്മി, ‘‘മനസ്സ് കടിഞ്ഞാൺ പൊട്ടിയ കുതിരവണ്ടിപോലെയായിക്കഴിഞ്ഞാൽ...’’

ജെസ്റ്റീനാപ്രഭ്വി ഒന്നും മിണ്ടിയില്ല.
വായനനിർത്തി കൈയിൽ പിടിച്ചിരിക്കുന്ന കടലാസിൽക്കൂടി തുളഞ്ഞുകയറിപ്പോയ ആ നോട്ടം അകലെയെവിടെയോ തറഞ്ഞിരിക്കുന്നതുപോലെ കാണപ്പെട്ടു.
അദ്ദേഹം അവരെ സൂക്ഷിച്ചുനോക്കി.
‘കുരിശുപള്ളി...', അവർ പിറുപിറുത്തു.

‘എന്ത്?' ഡ്രാക്കുള നടുക്കത്തോടെ ചോദിച്ചു.

നാല്

‘കുരിശുപള്ളി...' ജെസ്റ്റീന ആവർത്തിച്ചു, ‘കടലിലേക്ക് നോക്കി കുന്നിൻപുറത്ത് നിൽക്കുന്ന പള്ളി...'
‘‘കുരിശ്!'' രണ്ടുകൈയുംകൊണ്ട് ശിരസ്സുതാങ്ങി ഡ്രാക്കുള കുനിഞ്ഞിരുന്നു. ‘‘മഹാപ്രഭുവിന്റെ ചിരന്തനശത്രുവായ, നിത്യതമസ്സിന്റെ ഹൃദയത്തിലെ കൊലക്കത്തിയായ, വിനാശത്തിന്റെ ആ അടയാളംതന്നെ വേണോ അവന് കഥപറയാൻ?''

എന്നാൽ, ജെസ്റ്റീന കടൽപ്പുറത്തെപ്പറ്റി സംസാരിച്ചുതുടങ്ങിയിരുന്നു.
ചൂട്.
സന്ധ്യയായാലും ചൂടാറാത്ത വെള്ളമണലുള്ള കടൽപ്പുറം.
ഒറ്റത്തടിവൃക്ഷങ്ങൾ.
കുടിലുകൾ.
കടലിന് സമാന്തരമായി നീണ്ടുകിടക്കുന്ന വഴി.
കാൽനടക്കാർ, കാളവണ്ടികൾ.
കരയ്ക്ക് കയറ്റിവെച്ചിരിക്കുന്ന വള്ളങ്ങൾ.
വള്ളങ്ങളുടെ തുഞ്ചത്ത് കാക്കകൾ.
ആകാശത്ത് വട്ടംചുറ്റുന്ന പരുന്തുകൾ.
ഉണങ്ങാനിട്ടിരിക്കുന്ന മീനിന്റെ മണം.
കറുത്ത തൊലിയും ഉറച്ച പേശികളുമുള്ള അർദ്ധനഗ്‌നരായ മനുഷ്യർ.
കടൽ, വെട്ടിത്തിളങ്ങുന്ന, തിരയടിക്കുന്ന, നോക്കെത്താത്ത കടൽ.

‘‘കടൽ!'' ഡ്രാക്കുള പുച്ഛത്തോടെ ചിരിച്ചു, ‘‘കടൽ കണ്ടിട്ടുണ്ടോ അവൻ? ഞാൻ കണ്ടിട്ടുണ്ട്, അറിയാമല്ലോ? കൊടുങ്കാറ്റടിക്കുന്ന, മഞ്ഞുകട്ടകൾ ഒഴുകിനടക്കുന്ന, ജലപ്പരപ്പാണത്. ഇവൻ പറയുംപോലെ ഒറ്റത്തടിവൃക്ഷങ്ങളും ഉടുപ്പ് ഇടാത്ത വള്ളക്കാരുമൊന്നും അവിടെയില്ല.''
‘‘ഇതൊരു സങ്കല്പലോകമാണ് പ്രഭോ.'' സുഖസ്വപ്നത്തിൽനിന്ന് ഉണർത്തപ്പെട്ടതുപോലെ തെല്ല് അലോസരത്തോടെയാണ് അവർ മറുപടി പറഞ്ഞത്, ‘‘അവന്റെ പ്രതിഭയിൽ വിരിഞ്ഞ ലോകം. നമുക്കറിയുന്ന പ്രപഞ്ചത്തിലെ നിയമങ്ങൾ അവിടെ ബാധകമാകണമെന്നില്ലല്ലോ.''
‘‘സങ്കല്പകഥയിലെ പ്രതിഭയ്ക്ക് നിത്യജീവിതത്തിൽ എന്ത് വില? പരദേശത്തുനിന്നുള്ള ചെമ്പുനാണയത്തിന്റെ വില! കൺമുമ്പിലുള്ള യാഥാർത്ഥ്യത്തെ വേർതിരിച്ചെടുക്കാനാണ് പ്രതിഭയുടെ ആവശ്യം. ശവക്കച്ചയുടെ ഊഷ്മളമായ ആലിംഗനം... കല്ലറയുടെ ഭിത്തിയിൽ വിരിയുന്ന പൂപ്പലിന്റെ നിറങ്ങൾ... നമ്മുടെ കരുത്തും ദൗർബല്യവുമായ, നമ്മുടെ ജീവനും മുക്തിയുമായ ഈ ട്രാൻസിൽവേനിയൻ മണ്ണിന്റെ മണം... ഇതെല്ലാം അറിയാനും ആവിഷ്‌കരിക്കാനും കഴിയാത്ത പ്രതിഭകൊണ്ട് എന്തിനുകൊള്ളാം?''

എന്നിട്ടും...
നാക്കുകൊണ്ട് കടൽ എന്നു പറഞ്ഞുകഴിഞ്ഞപ്പോൾ...
ആ ഇരമ്പം ഡ്രാക്കുളയുടെ കാതിൽ വന്നലച്ചു. ശവപ്പെട്ടിയിൽ ഒളിച്ചിരുന്ന് നടത്തിയ കപ്പൽയാത്രകൾ ഓർമ വന്നു. നിലാവിൽ തിളങ്ങുന്ന കടൽ. ആയിരം നാവുള്ള വ്യാളിയെപ്പോലെ...

‘‘വിചിത്രമായ വാക്കുകൾ... സങ്കല്പങ്ങൾ...'' ജെസ്റ്റീന സംസാരം തുടരുകയായിരുന്നു, ‘‘ആകാശവാണി... പെട്രോമാക്‌സ്... ചാരായം... മിക്‌സ്ചർ... പെരുന്നാൾ... മെടഞ്ഞ ഓല... ടൈപ്പ് റൈറ്റിങ്ങ്... മോഹഭംഗം... മാനഭംഗം... മനോരാജ്യം വാരിക...''

‘‘മനോരാജ്യം?'' ഡ്രാക്കുള തലയ്ക്ക് അടിക്കുന്നതായി നടിച്ചു, ‘‘മനോരാജ്യം! എത്ര അസഹ്യമാംവണ്ണം കാല്പനികമായ ഓരോ സങ്കല്പങ്ങൾ!''

നാരങ്ങാവെള്ളവും പാലൊഴിച്ച ചായയും വിൽക്കുന്ന കടകൾ.
കടകളുടെ നിര അവസാനിക്കുന്നിടത്ത് തുടങ്ങുന്ന വീടുകൾ.
മറ്റ് കടകളിൽനിന്നും വീടുകളിൽനിന്നും പള്ളിയിൽനിന്നും അകന്ന്, ചാരായക്കട. ബോധംകെടുത്താൻവേണ്ടി കുടിക്കാൻ പോകുന്ന പുരുഷന്മാർ, കണ്ണീരൊഴുക്കാൻവേണ്ടി പള്ളിയിലേക്ക് പോകുന്ന സ്ത്രീകൾ, മദ്യപിച്ച് വരുന്ന പിതാക്കന്മാർ മർദ്ദിക്കാൻ പോകുന്നത് ഓർക്കുമ്പോൾ വയറ്റിൽ ഉയരുന്ന ആളൽ കടിച്ചമർത്തിക്കൊണ്ട് കടൽപ്പുറത്തെ മണലിൽ പന്തുകളിക്കുന്ന കുട്ടികൾ. കൂട്ടുകാരനുവേണ്ടി മരിക്കാനും, അവനെ കൊല്ലാനും മാറിമാറിവരുന്ന ആവേശങ്ങളോടെ തർക്കിക്കുന്ന ചെറുപ്പക്കാർ.

ഏതോ മന്ത്രവാദിക്ക് അടിമപ്പെട്ടതുപോലെ നിർത്താതെ സംസാരിക്കുന്ന ഭാര്യയെ അസ്വസ്ഥതകലർന്ന കൗതുകത്തോടെ നോക്കിയിരുന്നു ഡ്രാക്കുള. അവളുടെ ആത്മാവ് ആ സങ്കല്പലോകത്തിൽ തറഞ്ഞുകഴിഞ്ഞിരിക്കുന്നുവെന്നും തന്റെ മുമ്പിലിരിക്കുന്നത് ചൈതന്യമില്ലാത്ത ശരീരമാണെന്നും അദ്ദേഹത്തിന് തോന്നിപ്പോയി.

‘‘ക്ലീറ്റസ് എന്ന ചെറുപ്പക്കാരനാണ് നമ്മുടെ നായകൻ. വയസ്സ് ഇരുപത്തെട്ട്-ഇരുപത്തൊമ്പത്.''
‘‘കഥയെഴുതുന്നവന്റെ പ്രായം!'' ഡ്രാക്കുള പരിഹാസത്തോടെ ചിരിച്ചു, ‘‘ശരി, നായികയോ?''
‘‘നായിക ഇല്ല. ഗൗരി എന്നൊരു പെണ്ണിനെ ക്ലീറ്റസ് പ്രേമിച്ചിരുന്നു, വിവാഹം കഴിച്ചില്ല.''
‘‘എന്തുകൊണ്ട്?''
‘‘അത് എനിക്കും മനസ്സിലായില്ല. മതമെന്നോ വേലിക്കെട്ടെന്നോ എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്.''
‘‘മനസ്സിലാകാത്ത പുസ്തകങ്ങൾ അപകടകരങ്ങളാണ്. നശിപ്പിച്ചുകളയണം.''
‘‘ആണും പെണ്ണും ചുംബിക്കുകയും നൃത്തം ചെയ്യുകയും പ്രണയാഭ്യർത്ഥനനടത്തുകയും ചെയ്യുന്ന ലോകമല്ല ഇത്'', തന്റെ കണ്ണുകളിലേക്ക് തൊടുത്തിരിക്കുന്ന ജെസ്റ്റീനയുടെ മിഴികളിൽ പതിവില്ലാത്ത തീക്ഷ്ണത കലർന്നിരിക്കുന്നതായി ഡ്രാക്കുളയ്ക്ക് തോന്നി. അതോ പരിഹാസമോ? ‘‘വിവാഹിതരായ സ്ത്രീപുരുഷന്മാർ പോലും പരസ്യമായി ആലിംഗനം ചെയ്യുകയോ കൈകോർത്തുനടക്കുകയോ ചെയ്യാറില്ല ഇവിടെ.''
‘‘ജീർണത!'' ഡ്രാക്കുള അറപ്പോടെ മുഖം ചുളിച്ചു, ‘‘മൂല്യച്യുതി, വൈകൃതം. ഇതൊക്കെ വായിക്കുന്നവർ മനുഷ്യന്റെ സാമൂഹികജീർണതകൾക്ക് അടിമകളാകും എന്ന് ഭവതി മനസ്സിലാക്കുന്നില്ലേ?''

ഒരു കടത്തിണ്ണയാണ് ക്ലീറ്റസ്സിന്റെ ജോലിസ്ഥലം.
പുകയില തെറുത്തുണ്ടാക്കുന്ന ബീഡി എന്നൊരു സാധനം നിർമ്മിക്കുന്ന ജോലിയാണ് അവന്റേത്.
‘‘ബീഡി,'' ഡ്രാക്കുളാപ്രഭു ആ വാക്ക് പറഞ്ഞുനോക്കി. പുകയിലയുടെ രുചിക്കുവേണ്ടി നാക്ക് കൊതിക്കുന്നു. തന്റെ ഇച്ഛയ്ക്കുവിപരീതമായി ആ സങ്കല്പലോകത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയാണ്.
അദ്ദേഹം അസ്വസ്ഥനായി.

ക്ലീറ്റസ്സിന്റെ മാതാവ് ചെറുപ്പത്തിലേ മരിച്ചുപോയി. മദ്യപനായ പിതാവും വൈകാതെ മരിച്ചു. വിവാഹിതയായ സഹോദരി ദൂരസ്ഥലത്ത് ജീവിക്കുന്നു. പന്ത്രണ്ടാമത്തെ വയസ്സുമുതൽ വീട്ടിൽ ഒറ്റയ്ക്കാണ് അവൻ കഴിഞ്ഞത്.
ഏകാന്തത, വിശപ്പ്, വ്യഥ. കിടക്കപ്പായയുടെ വിളുമ്പുതൊട്ട് കടൽപ്പുറംവരെയും ഇരുണ്ട കടലിനുമുകളിലൂടെ ചക്രവാളത്തിലേക്കും തിക്കിത്തിരക്കുന്ന നോവുകൾ. മരിച്ചുപോയവരെയും ജീവിച്ചിരിക്കുന്നവരെയും ഓർത്തുള്ള തേങ്ങലുകൾ. അറിഞ്ഞവയെയും അറിയാത്തവയെയും ചൊല്ലിയുള്ള വെമ്പലുകൾ. കഴിഞ്ഞുപോയതിനെയും വരാനിരിക്കുന്നതിനെയുംകുറിച്ചുള്ള പേടികൾ. ശരീരത്തെയും ആത്മാവിനെയും പറ്റിയുള്ള ആശങ്കകൾ. അങ്ങനെയാണ് അവൻ വളർന്ന് മുരടിച്ചത്. ആണിനെപ്പോലെ അധ്വാനിക്കാനുള്ള കരുത്തോ പെണ്ണിനെ ആകർഷിക്കാനുള്ള മിടുക്കോ ഇല്ലാതെ, മെലിഞ്ഞ ശരീരവും പിടയ്ക്കുന്ന മനസ്സുമായി അലഞ്ഞത്.

‘‘കടൽപ്പുറത്ത് ക്ലീറ്റസ് കാണുന്ന മനുഷ്യരുടെ കഥകളാണ് ഓരോ പുസ്തകത്തിലും. ഓരോ ആണിന്റെയും പെണ്ണിന്റെയും കഥകൾ. ചിരിപ്പിക്കുന്ന, സങ്കടപ്പെടുത്തുന്ന, ഞെട്ടിക്കുന്ന കഥകൾ'', ജെസ്റ്റീന പ്രഭ്വി നടന്നുചെന്ന് പെട്ടിപ്പുറത്ത് അടുക്കിയ കടലാസുകെട്ടുകളിൽ ചിലത് നോക്കിയെടുത്തു. അവ മാറോടടുക്കിപ്പിടിച്ച് കൊണ്ടുവന്ന് ഡ്രാക്കുളയുടെ മുമ്പിൽ നിരത്തിവെച്ചു.

അദ്ദേഹം തെല്ല് സംശയബുദ്ധിയോടെ അവയെ നോക്കി ഇരുന്നു.
പിന്നെ കൈയിലെടുത്ത്, തൂക്കം നോക്കുന്നതുപോലെ ഉയർത്തിനോക്കി. അവിദഗ്ധമായി അടുക്കിക്കെട്ടിയ മുഷിഞ്ഞ താളുകൾക്കു പുറത്തെഴുതിയ പേരുകൾ വായിച്ചു: പാപികളുടെ ഞായർ, വേലിയിറക്കം, ചുവന്ന ലില്ലിപ്പൂക്കൾ, ഋതുചക്രം, അന്നും കടൽ ഉറങ്ങിയില്ല.

‘‘പകർച്ചവ്യാധികൾ. അപകടങ്ങൾ. മരണം. അകാലവാർധക്യം. ആഘോഷങ്ങൾ. ക്ഷാമകാലം. കടം. കടലാക്രമണം. ചാകര. കടലിൽപോയിട്ട് മടങ്ങിവരാത്തവൻ, കടലിൽപോയവൻ മടങ്ങിവരാതിരുന്നെങ്കിൽ എന്ന് പ്രാർഥിക്കുന്നവൾ, ഗർഭമാകാത്തതിന്റെ പേരിൽ ഉപേക്ഷിക്കപ്പെടുന്നവൾ, വിവാഹംകഴിക്കും മുമ്പ് ഗർഭമായതിന്റെ പേരിൽ ആത്മഹത്യചെയ്യുന്നവൾ-''

‘‘അതെങ്ങനെ?'' ഡ്രാക്കുള ചൊടിച്ചു, ‘‘വിവാഹം കഴിക്കാത്ത ആണും പെണ്ണും പരസ്പരം സ്പർശിക്കുകപോലും ചെയ്യാത്ത ഒരു ലോകത്തിൽ അവിഹിതഗർഭം എങ്ങനെ ഉണ്ടാകുന്നു?''

ജെസ്റ്റീന എന്തോ പറയാൻ തുടങ്ങിയിട്ട് നിശ്ശബ്ദയായി.

‘‘വിശ്വാസ്യത... കഥയായാൽ വിശ്വാസ്യത വേണമെന്ന് എഴുത്തുകാരനോട് പറഞ്ഞേക്ക്. കഥയാകുമ്പോൾ ജീവിതത്തെക്കാളും കൂടുതൽ വേണം.''

ഭാര്യ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ ഡ്രാക്കുള മെല്ലെ ചോദിച്ചു, ‘‘എന്നിട്ട്?''

പള്ളിയിൽ എന്നും ആഘോഷമാണ്. വിവാഹത്തിന്റെയും ശവമടക്കിന്റെയും ആഘോഷം. മാമോദീസയുടെയും ആദ്യകുർബാനയുടെയും ആഘോഷം. പെരുന്നാളും ഘോഷയാത്രയും ബാൻഡ് മേളവും പാട്ടും കമ്പക്കെട്ടും. ക്ലീറ്റസ് പള്ളിയിൽ പോകാറില്ല. പലതവണ ശ്രമിച്ചിട്ടുണ്ട്. കുന്തിരിക്കപ്പുകയുടെ മണമേൽക്കുമ്പോൾ ചെറുപ്പത്തിൽ പീഡിപ്പിച്ച പുരോഹിതനെ ഓർമവരും. നിർത്താതെ ഓക്കാനിക്കും.

‘‘പുരോഹിതന്മാർ കീടങ്ങളാണ്,'' ഡ്രാക്കുള പറഞ്ഞു, ‘‘ദൈവഭയം പരത്തുന്ന കീടങ്ങൾ.''

ചാരായഷാപ്പിലും എന്നും ആഘോഷമാണ്.
പാട്ടും കരച്ചിലും തല്ലും തെറിവിളിയും എരിവുള്ള കറികളും.
തല്ലാനും തല്ലുകൊള്ളാനുമുള്ള ആരോഗ്യമില്ലാത്തതുകൊണ്ടും കുടിച്ചുമരിച്ച അപ്പനെ ഓർത്തിട്ടും ക്ലീറ്റസ് ഷാപ്പിലും പോകാറില്ല.

ബീഡി തെറുത്തുകൊണ്ടിരിക്കുന്നിടത്തുനിന്ന് ക്ലീറ്റസിന് പള്ളിക്കൂടം കാണാം. വെള്ള ഉടുപ്പിട്ട കുട്ടികളുടെ ആരവം കേൾക്കാം. പള്ളിയുടെയും പള്ളിക്കൂടത്തിന്റെയും വെള്ളപൂശിയ മതിൽ ഒന്നാണ്. പാഠം ഓതുന്ന പുരോഹിതനും ഒന്നുതന്നെ. അതുകൊണ്ടാണ് അവൻ പള്ളിക്കൂടത്തിൽനിന്നും ഓടിപ്പോന്നത്.

‘‘എന്നിട്ട്?'' ഭാര്യ മൗനത്തിലാണ്ടപ്പോഴെല്ലാം ഡ്രാക്കുള ചോദിച്ചു. തന്റെയുള്ളിലെ അസഹ്യതയ്ക്ക് തെല്ല് ശമനമുണ്ടായിരിക്കുന്നത് അദ്ദേഹം അത്ഭുതത്തോടെ അറിഞ്ഞു.

കടൽപ്പുറത്ത് കൂട്ടംകൂടിയിരിക്കുന്ന കുറേ ചെറുപ്പക്കാരുണ്ട്. കലാപകാരികളാണ്. വലിയ ആലോചനയും പദ്ധതിയുണ്ടാക്കലുമാണ്. പൊലീസ് സ്റ്റേഷൻ ആക്രമിക്കണം. തീവണ്ടിയിൽ ബോംബുവെയ്ക്കണം. പ്രഭുക്കന്മാരുടെ തല വെട്ടണം. ചിരിക്കുന്നവർ നടുങ്ങണം. പാടുന്നവർ നിലവിളിക്കണം. അക്കൂട്ടത്തിലും ക്ലീറ്റസ് ചേർന്നില്ല. നിയമപാലകരുടെ മർദനമേറ്റ് എല്ലുനുറുങ്ങി മരിക്കാനും മരിച്ചുജീവിക്കാനുമുള്ള ധൈര്യം അവനില്ലായിരുന്നു.

‘‘കലാപകാരികൾ നീചന്മാരാണ്,'' ഡ്രാക്കുള പിറുപിറുത്തു.
കുരിശും കുന്തവും തീക്കൊള്ളിയുമായി കോട്ട ആക്രമിച്ചിരുന്ന ഗ്രാമീണരെ അദ്ദേഹം ഓർത്തു. രക്തയക്ഷിയുടെ ഭരണം തുലയട്ടെ എന്ന് കടൽപ്പുറത്തെ സ്‌കൂളിന്റെ മതിലിൽ എഴുതിവെച്ചത് ആ കലാപകാരികളാണ്.

‘‘അതെ... കലാപകാരികൾ രക്തരക്ഷസ്സുകളുടെ ശത്രുക്കളാണ്.''

ഉപ്പുകാറ്റിൽ ദ്രവിച്ച മരപ്പലകയിൽ സെന്റ് മേരീസ് ലൈബ്രറി ആൻഡ് റീഡിങ് റൂം എന്ന് എഴുതിവെച്ച കെട്ടിടത്തിലും മദ്യശാലയെക്കാൾ ഒട്ടും കുറയാത്ത തിരക്കുണ്ട്. മുറ്റത്തിട്ടിരിക്കുന്ന ബെഞ്ചുകളിലെ മുതിർന്നവരും വെറും മണലിലിരിക്കുന്ന കുട്ടികളും തലയുയർത്താതെ വായനയാണ്. അകത്ത്, ഷെൽഫുകളിൽ നിറയെ പുസ്തകങ്ങൾ.
‘‘കടലാസിന്റെ...?'' ഡ്രാക്കുള ചോദിച്ചു.
‘‘അതെ. കടലാസിന്റെ പുസ്തകങ്ങൾ. വിയർപ്പുപറ്റി പൊടിഞ്ഞ, കാലപ്പഴക്കംകൊണ്ട് മഞ്ഞച്ച കടലാസിന്റെ പുസ്തകങ്ങൾ. താൾ മറിക്കാൻ തൊട്ട തുപ്പലിന്റെ മണമുള്ള, അടയാളംവെക്കാൻ മടക്കിയ മൂലകളുള്ള പുസ്തകങ്ങൾ. മുമ്പിൽ ഒരു വാതിലും പിറകിൽ കോൺക്രീറ്റ് ഗ്രില്ലിന്റെ കിളിവാതിലും മാത്രമുള്ള മുറിക്കുമേൽ പകൽ മുഴുവൻ വീഴുന്ന വെയിലിൽ ചുട്ട പുസ്തകങ്ങൾ. ആദ്യത്തെയും അവസാനത്തെയും പല താളുകൾ നഷ്ടപ്പെട്ട പുസ്തകങ്ങൾ.''
‘‘വായനശാലയിൽ പോകുന്നുണ്ടാകും ക്ലീറ്റസ്?'' പരിചയമുള്ള ആരെയോ കുറിച്ച് സംസാരിക്കുന്നതുപോലെയാണ് ഡ്രാക്കുള പറഞ്ഞത്.
‘‘ഇല്ല. അവൻ അവിടെയും പോകാറില്ല.’’
‘‘കാരണം?’’
‘‘അവന് വായിക്കാനറിയില്ല. വേലകഴിഞ്ഞ് വരുന്ന നേരത്ത് ലൈബ്രറിയുടെ വേലിക്കുപുറത്ത് ഒന്ന് നിന്നെന്നുവരും. ഇത്രയേറെ മനുഷ്യർ പുസ്തകങ്ങളിൽ മുഴുകിയിരിക്കുന്നത് ഒരു അത്ഭുതമാണ് അവന്. ആരെങ്കിലും തലയുയർത്തി നോക്കുകയും ‘എന്താടാ സ്‌കെലിറ്റൺ ക്ലീറ്റസ്സേ?' എന്ന് ചോദിക്കുകയും ചെയ്താൽ പിന്നെ നിൽക്കില്ല.''

പിന്നെയും ജെസ്റ്റീന മൗനത്തിലാണ്ടു.

‘‘എന്നിട്ട്?'' ഡ്രാക്കുള പിന്നെയും ചോദിച്ചു.

‘‘അങ്ങനെ ഇനിയും ഒരുപാട് കഥകൾ വരാനുണ്ട്. എല്ലാം കഴിയുമ്പോൾ ക്ലീറ്റസ് ആത്മഹത്യചെയ്യും.''
‘‘അതെങ്ങനെ അറിയാം?''
‘‘അവന്റെ ശവസംസ്‌കാര രംഗത്തോടെയാണ് ആദ്യത്തെ പുസ്തകം തുടങ്ങുന്നത്. അതിനുശേഷമാണ് ജീവിച്ചിരുന്ന കാലത്തെപ്പറ്റി പറയുന്നത്.''
‘‘അസംബന്ധം...'' ചെവിയിൽക്കൂടി തലയ്ക്കകത്തേക്ക് പ്രവേശിക്കുന്ന കീടത്തെ തുരത്താൻ ശ്രമിക്കുന്ന കുതിരയെപ്പോലെ ഡ്രാക്കുളാ പ്രഭു തലകുലുക്കി. ‘‘അവസാനം സംഭവിക്കുന്നത് ആദ്യം പറഞ്ഞാൽ അതെങ്ങനെ കഥയാകും?''

ആർദ്രതയേറും തോറും അഴകേറുന്ന ജെസ്റ്റീനയുടെ മുഖത്ത് നിശ്ശബ്ദം നോക്കിയിരിക്കെ, പെട്ടെന്ന് ഡ്രാക്കുളയ്ക്ക് ബോധോദയമുണ്ടായി, ‘‘ഓ...'' പുതുജീവൻ ലഭിച്ചതുപോലെ അദ്ദേഹം നിവർന്നിരുന്നു, ‘‘മനസ്സിലാകുന്നുണ്ട്, എല്ലാം മനസ്സിലാകുന്നുണ്ട്.''

അവർ കൗതുകത്തോടെ അദ്ദേഹത്തെ നോക്കി.

‘‘അതെ, അതുതന്നെ’’, അദ്ദേഹത്തിന്റെ കണ്ണുകൾ തിളങ്ങി, ‘‘ക്ലീറ്റസ് ഒരു രക്തരക്ഷസ്സാകാനേ വഴിയുള്ളൂ. മരണം കഴിഞ്ഞും അവൻ ജീവിക്കുന്നതുകൊണ്ട് അതാണ് നാം മനസ്സിലാക്കേണ്ടത്. പള്ളിയിൽ പോകാൻ കഴിയാത്തതും അതുകൊണ്ടായിരിക്കണം... ഉം... സ്‌കെലിറ്റൺ... രക്തരക്ഷസ്സുകൾക്കെതിരെ കലാപം കൂട്ടുന്നവരുടെ സംഘത്തിലും അവന് ചേരാൻ കഴിയില്ല.''

ചിരിച്ചുപോകുമെന്ന് ഭയന്ന് ജെസ്റ്റീന മുഖം തിരിച്ചുകളഞ്ഞു.
ഭർത്താവ് പറയുന്നത് അബദ്ധമാണെന്നും കഥ വായിച്ച് ശീലമില്ലാത്തതുകൊണ്ടുള്ള തെറ്റിദ്ധാരണയാണെന്നും പറയണോ എന്ന് ആദ്യം അവർ ആലോചിച്ചു. ക്ഷീണിതനും വൃദ്ധനുമായ അദ്ദേഹത്തിന്റെ മുഖത്തുനോക്കിയപ്പോൾ വേണ്ടെന്നു തീരുമാനിച്ചു. കല്പനയ്ക്ക് കാതോർക്കുന്നവരെയല്ലാതെ എതിർത്തുപറയുന്നവരെ കാണാതെ ജീവിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഈ അവസാനദിവസങ്ങളിൽ അതിനൊരു മാറ്റം വരുത്തിയിട്ട് എന്ത് നേടാൻ?

ഏകാന്തതയും വിശ്വാസത്തകർച്ചയും വിഷാദവും ശൂന്യതയും സഹിക്കാതെയാണ് ക്ലീറ്റസ് ആത്മഹത്യചെയ്യുന്നതെന്ന് പറഞ്ഞാൽ അദ്ദേഹത്തിന് മനസ്സിലാകുമോ? ലോകം അന്ധകാരമയമാണെന്ന വസ്തുത മറക്കാൻ ചുറ്റുമുള്ള മനുഷ്യർ സ്വീകരിക്കുന്ന മാർഗങ്ങൾ... ഭക്തി... മദ്യം... വിപ്ലവം... ഇതൊന്നും കൈയെത്തിപ്പിടിക്കാൻ ക്ലീറ്റസ്സിന് കഴിയാതെപോയി. അക്ഷരം പഠിച്ചിരുന്നെങ്കിൽ... ആ വായനശാലയിൽ പോയിരുന്ന് കഥകൾ വായിക്കാനുള്ള വിദ്യാഭ്യാസമെങ്കിലും ഉണ്ടായിരുന്നെങ്കിൽ... അവന് ഈ ഗതി വരുമായിരുന്നില്ല.

‘‘ഹ ഹ...'' ഡ്രാക്കുള ഉല്ലാസവാനായി കാണപ്പെട്ടു, ‘‘സർപ്പസന്തതിയായി ജനിച്ചവൻ നിസ്സാരന്മാരായ മനുഷ്യരുടെ കഥയെഴുതുകയോ? ഒരിക്കലുമില്ല.''
ജെസ്റ്റീന ഉത്സാഹം കലർന്ന ആ മുഖത്തേക്ക് വാത്സല്യപൂർവം നോക്കിയിരുന്നു, ‘‘അവനെവിടെ?’’, ഡ്രാക്കുള ചോദിച്ചു, ‘‘അലക്‌സി എവിടെപ്പോയി?’’

അഞ്ച്

ന്ത്രമണ്ഡപത്തിലെ തുകൽപൊതിഞ്ഞ സിംഹാസനങ്ങളിൽ ഡ്രാക്കുളാ ദമ്പതികൾ ഇരുന്നു.
നേർത്ത മർമരമുയർത്തിക്കൊണ്ട് നെരിപ്പോട് ആളിക്കത്തി.
തൂണുകളിൽ കൊത്തിയ ശില്പങ്ങളിൽ ബന്ധിക്കപ്പെട്ട രാജകന്യകകൾ, പുണ്യവാളന്മാർ, ബലിമൃഗങ്ങൾ. കരിങ്കല്ലിൽ ഉറഞ്ഞ നിലവിളികൾ, ശാപവചനങ്ങൾ, മന്ത്രോച്ചാരണങ്ങൾ.

പൊടുന്നനെ, നിശ്ശബ്ദതയെ പിളർന്നുകൊണ്ട് നാഴികമണി ശബ്ദിക്കാൻ തുടങ്ങി. ഓരോ ഘോരമായ മുഴക്കത്തിനും മുമ്പ് ലോഹത്തിന്റെ ഞരക്കം. പന്ത്രണ്ടുമണി.
ഘടികാരം നിശ്ശബ്ദമായപ്പോൾ ഡ്രാക്കുള ചോദിച്ചു: ‘‘അവൻ എവിടെപ്പോയതായിരിക്കും എന്നാണ് പറഞ്ഞത്?'' അദ്ദേഹത്തിന്റെ താണ ശബ്ദത്തിൽ ആശങ്ക നിറഞ്ഞിരുന്നു.

‘‘വരൂ...'' പ്രഭ്വി പുഞ്ചിരിയോടെ അദ്ദേഹത്തിനുനേരെ ഇടതുകൈ നീട്ടി, ‘‘കാണിച്ചുതരാം.''

വിശാലമായ ജനാലയ്ക്കരികിലേക്കാണ് അവർ പോയത്.
മലകൾക്കപ്പുറത്തെ ആകാശത്തിൽ രക്തവർണമുള്ള അസ്തമയചന്ദ്രൻ പ്രകാശിച്ചുനിന്നു. സാത്താന്റെ കിരീടത്തിനുനടുവിൽ വിളങ്ങുന്ന കൂറ്റൻ വൈരക്കല്ലുപോലെ. ജനലിന്റെ ചില്ലുപാളികൾ നേരിയ ശബ്ദത്തോടെ കിടുകിടുക്കുന്നു. ചുരത്തിലൂടെ കാറ്റുവീശിത്തുടങ്ങിയിട്ടുണ്ടാവണം.

ജെസ്റ്റീനാ പ്രഭ്വിയുടെ ചൂണ്ടുവിരൽ ഇരുട്ടിലേക്ക് നീണ്ടു, ‘‘അത് കണ്ടില്ലേ?''

ഡ്രാക്കുളയുടെ വൃദ്ധനേത്രങ്ങൾ ഏറെ പരതിയിട്ടാണ് അത് കണ്ടത്. കോട്ടമതിലിനുപുറത്ത് മിന്നിക്കത്തുന്ന ചെറിയൊരു വെളിച്ചം. ഒരു കൊഴുപ്പുതിരിയുടെ നാളംപോലെ.
‘‘എന്താണത്?'' അദ്ദേഹം ചോദിച്ചു.
‘‘അവനാണ്... അലക്‌സി.''

ഈ കൊടുംതണുപ്പിൽ, വീശിയടിക്കുന്ന ഈ കാറ്റിൽ അവൻ എന്താണ് ചെയ്യുന്നത്?
‘‘ഞാനൊന്ന് ചെന്നുനോക്കട്ടെ’’, പെട്ടെന്നുണ്ടായ ആവേശത്തിൽ അദ്ദേഹം ജനൽപ്പാളികൾ മലർക്കെത്തുറന്നു.
മഞ്ഞുതരികൾ കലർന്ന കാറ്റ് അകത്തേക്ക് കടന്നുവന്നു.

‘‘അയ്യോ...'', അവർ വിലക്കി, പ്രായം പഴയതല്ല. വയ്യാത്ത ശരീരം കൊണ്ട്...''

പ്രഭു അവരെനോക്കി പുഞ്ചിരിച്ചു, സഹതാപപൂർവം. പ്രേമപൂർവം.
എന്നിട്ട്, നിലാവിനുനേർക്ക് തിരിഞ്ഞ് ഇരുകൈകളും വിടർത്തി. പ്രഭ്വി നടുക്കത്തോടെ പിന്നോട്ട് മാറി. വിടർന്ന ചിറകുകൾപോലെ കൈകളിൽനിന്ന് കറുത്ത മേലങ്കി തൂങ്ങിക്കിടന്നു. ഒരു നിമിഷം അനക്കമറ്റ് അദ്ദേഹം അങ്ങനെ നിന്നു. പിന്നെ, ജനലിലൂടെ പുറത്തേക്ക് കുതിച്ചു. കാലുകൾ തറയിൽനിന്ന് ഉയർന്നനിമിഷം ആ ശരീരം കടവാതിലിന്റേതായി മാറിക്കഴിഞ്ഞിരുന്നു.
അദ്ദേഹം പറന്നുയർന്നു. രത്‌നങ്ങൾ പതിച്ച കരിമ്പട്ടിന്റെ മേൽക്കട്ടിപോലെ ചക്രവാളംമുതൽ ചക്രവാളംവരെ വലിച്ചുകെട്ടിയ ആകാശത്തിന്റെ ഉയരങ്ങളിലേക്ക്. പിന്നെ താഴോട്ട്. കോട്ടയുടെ കൂർത്ത ഗോപുരങ്ങൾക്കുമുകളിൽ വട്ടമിട്ട്, കാറ്റിന്റെ കാണാത്തുരങ്കങ്ങൾ നൂണ്, നിലാവെളിച്ചത്തിൽ തിളങ്ങുന്ന മഞ്ഞുമൂടിയ താഴ്വരയുടെ സൗന്ദര്യം നുകർന്ന് പറന്നിറങ്ങുമ്പോൾ താൻ മരണാസന്നനായ ഒരു ദുർബലവൃദ്ധനാണെന്ന് ഡ്രാക്കുളയ്ക്ക് തോന്നിയതേയില്ല. തണുപ്പും തളർച്ചയും അസ്ഥികളിൽ നീറിയ വേദനയുമെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. മട്ടുപ്പാവുകളും ജനാലകളും കമാനങ്ങളും താണ്ടി അദ്ദേഹം താഴേക്ക് ഒഴുകിയിറങ്ങി. കോട്ടമതിലിനും കിടങ്ങിനും പുറത്ത്, വിളംബരങ്ങൾ നടന്നിരുന്ന മണ്ഡപത്തിൽ നിന്നെരിയുന്ന നാളത്തിനു നേരെ. സാവധാനം ചിറകടിച്ച്, മരത്തലപ്പുകളും മതിലും കഴിഞ്ഞ് താഴേക്കു പറക്കുമ്പോൾ അദ്ദേഹം കണ്ടു:
ആടിയുലയുന്ന നാളത്തിന്റെ വെളിച്ചത്തിലിരുന്ന് വായിക്കുന്ന അലക്‌സാണ്ടർ. കാറ്റിന്റെ ചൂളംവിളിയെക്കാൾ ഉച്ചത്തിൽ മുഴങ്ങുന്ന ഒച്ച.

പിന്നെയും താഴേക്ക് പറന്നപ്പോഴാണ് അദ്ദേഹത്തിനു മനസ്സിലായത്, അവൻ ഒറ്റയ്ക്കല്ല. അനേകം നിഴൽരൂപങ്ങൾ അവനുചുറ്റും കൂടിയിരിക്കുന്നു. താണുചെല്ലും തോറും കൂടുതൽ തെളിച്ചത്തോടെ കാണാൻ കഴിയുന്നു. ജിപ്‌സികളുടെ കൂട്ടം. ഒപ്പം, രക്ഷസ്സുകളുടെ ചാരന്മാരായി മനുഷ്യർക്കിടയിൽ കഴിയുന്ന മനോരോഗികളും നപുംസകങ്ങളും കൂനന്മാരും. പിന്നെയും താണുചെന്നപ്പോൾ കണ്ടു. മരച്ചില്ലകളിൽ തൂങ്ങിക്കിടക്കുന്ന കടവാതിലുകൾ. തിളങ്ങുന്ന കണ്ണുകളുള്ള മൂങ്ങകൾ. നീട്ടിയകാലിന്മേൽ തലവെച്ച് ചെവിയുയർത്തി വിശ്രമിക്കുന്ന ചെന്നായ്ക്കൾ, കാട്ടുനായ്ക്കൾ, കുറുക്കന്മാർ. കോട്ടയുടെ കിടങ്ങിൽനിന്ന് കരയ്ക്കുകയറിക്കിടക്കുന്ന ചീങ്കണ്ണികൾ, പെരുച്ചാഴികൾ, എലികൾ. തലയ്ക്കുമുകളിൽ വട്ടം ചുറ്റുന്ന വെട്ടുക്കിളികളുടെ നൃത്തസംഘങ്ങൾ മുതൽ കാറ്റിലൂടെ കാതോർക്കുന്ന വൻമരങ്ങൾവരെ ഓരോന്നും അലക്‌സി വായിക്കുന്ന കഥയിൽ മുഴുകിയിരിക്കുകയാണ്.

തിരികെ കോട്ടജനലിലേക്ക് പറന്നുയരുമ്പോൾ ഡ്രാക്കുളയുടെ മനസ്സ് കൗതുകംകൊണ്ട് നിറഞ്ഞിരുന്നു. ഭയംകൊണ്ടും ക്രൂരമായ ശിക്ഷകൾകൊണ്ടും മന്ത്രശക്തികൊണ്ടും താൻ കീഴ്പ്പെടുത്തിവെച്ചിരുന്ന ജീവജാലങ്ങൾ. തന്റെ ദൂതന്മാർ, ഭൃത്യന്മാർ, പടയാളികൾ. കെട്ടുകഥയുടെ ശക്തികൊണ്ട് അവൻ അവരെ വശപ്പെടുത്തിയിരിക്കുന്നു. ഒരു തുള്ളി രക്തം പോലും ചിന്താതെ. ഒരു നിലവിളിപോലും ഉയരാതെ.

ആകാംക്ഷയോടെ കാത്തുനിന്നിരുന്ന പത്‌നിയുടെ കൈപിടിച്ച് ജനൽപ്പടിയിൽനിന്നിറങ്ങുമ്പോൾ അദ്ദേഹം പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
കുപ്പായത്തിൽ പറ്റിയ മഞ്ഞിൻതരികൾ തുടച്ചുമാറ്റിയിട്ട് അവർ അദ്ദേഹത്തെ നെരിപ്പോടിനരികിൽ കൊണ്ടുപോയിരുത്തി. പരിഭവത്തോടെ പറഞ്ഞു: ‘‘വേണ്ടായിരുന്നു.''
‘‘നല്ല ക്ഷീണമുണ്ട്,'' തണുപ്പുമാറിക്കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. ‘‘കുറച്ചുനേരം കിടക്കണം.''

ആറ്

ട്ടിലിൽ കിടത്തി, രോമപ്പുതപ്പുകൊണ്ട് പുതപ്പിച്ച് പിൻവാങ്ങാനൊരുങ്ങിയ പ്രഭ്വിയോട് ഡ്രാക്കുള പറഞ്ഞു, ‘‘അലക്‌സി വരുമ്പോൾ ഭക്ഷണസമയത്ത് തീന്മുറിയിലെത്താൻ പറയണം. അല്പം സംസാരിക്കാനുണ്ട്.''

കണ്ണടച്ച് കിടക്കുമ്പോൾ പ്രഭുവിന്റെ മനസ്സ് ശാന്തമായിരുന്നു.
ഒരുപക്ഷേ, തന്റെ അവസാനത്തെ പറക്കലായിരുന്നിരിക്കാം ഇക്കഴിഞ്ഞത്, ഒട്ടും സങ്കടമില്ലാതെ അദ്ദേഹം ചിന്തിച്ചു.

മെത്തയുടെ മാർദവം. നെരിപ്പോടിന്റെ മൃദുമർമരം.
പട്ടുപുതപ്പിന്റെ ഊഷ്മളത.
ഉറക്കം ഒരു മൂടൽമഞ്ഞുപോലെ ചുറ്റും പരക്കാൻ തുടങ്ങി.
ആദ്യം നേർത്ത ഒരു പാടയായി.
പിന്നെ സാവധാനത്തിൽ, കനത്ത പുകമറയായി.
ജനലിനപ്പുറത്ത് അറ്റമില്ലാതെകിടക്കുന്ന മലമടക്കുകളും മലയ്ക്കപ്പുറം അസ്തമിക്കുന്ന ചന്ദ്രനും ആ മഞ്ഞിൽ മറഞ്ഞു. പിന്നെ, കരിങ്കൽച്ചുമരുകളുള്ള കിടപ്പറയും സുഗന്ധം പരത്തിക്കൊണ്ട് ആളുന്ന ജ്വാലകളും, ഒടുക്കം, കൊത്തുപണിചെയ്ത കട്ടിൽക്കാലുകളും കരിമ്പട്ടിന്റെ മേൽക്കട്ടിയും കാണാതായി. ചുറ്റും മഞ്ഞിന്റെ വെളുപ്പുനിറം മാത്രം.

പിന്നെ, വെളുപ്പ് ആകാശമായി, ഭൂമിയായി. വെളുത്ത ആകാശത്തിനുകീഴെ വെളുത്ത മണ്ണുള്ള സ്വപ്നത്തിലൂടെ ഡ്രാക്കുള നടന്നു.

അപ്പോൾ പെട്ടെന്ന്, ചുവപ്പിൽ മഞ്ഞ വരയുള്ള വലിയൊരു വണ്ടി ഇരമ്പത്തോടെ തന്നെക്കടന്നുപോകുന്നത് അദ്ദേഹം അത്ഭുതത്തോടെ കണ്ടു.
ആദ്യം ഒന്ന് പകച്ചെങ്കിലും വണ്ടിയുടെ വരവ് എവിടെനിന്നാണെന്ന് മനസ്സിലായപ്പോൾ ഡ്രാക്കുള ചിരിച്ചുപോയി. അവനും അവന്റെ കള്ളക്കഥകളും... അദ്ദേഹം വാത്സല്യത്തോടെ പിറുപിറുത്തു.

വിയർക്കുന്ന കറുത്ത മനുഷ്യർ നിറഞ്ഞ, അങ്ങിങ്ങായി തുരുമ്പുപിടിച്ച വണ്ടി പൊടിയും പുകയും പറത്തിക്കൊണ്ട് അല്പദൂരംകൂടി ഓടിയിട്ട് നിന്നു. ആണും പെണ്ണുമായി കുറെപ്പേർ അതിന്റെ പിറകെ ഓടിച്ചെന്നു. വണ്ടി അവരെയുംകൊണ്ട് പിന്നെയും മുന്നോട്ടുനീങ്ങി. ഏങ്ങിവലിഞ്ഞ്, ഓടിയകന്നു.

ഡ്രാക്കുള പിന്നെയും നടന്നു.
ഉപ്പുകാറ്റിന്റെ മണത്തിലൂടെ,
കടലിന്റെ ഇരമ്പത്തിലൂടെ,
​വെയിലിലൂടെ... ​▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


രാജേഷ് ആർ. വർമ്മ

മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നു. അമേരിക്കയിലെ ഒറിഗണിലുള്ള പോർട്ട്‌ലൻഡിൽ താമസിക്കുന്നു. കാമകൂടോപനിഷത്ത് (കഥ), ചുവന്ന ബാഡ്ജ് (നോവൽ) എന്നിവ കൃതികൾ. അമേരിക്കയിലെ ഷാർലെറ്റിലുള്ള ക്വീൻസ് സർവകലാശാലയിൽ നിന്ന് സാഹിത്യരചനയിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

Comments