ഞായറാഴ്ചകളിൽ പളളിയിൽ പോക്കും കുമ്പസാരവും കൃത്യമായി നിർവ്വഹിക്കാത്ത അസ്സല് പാലാക്കാരി അച്ചായത്തിയാണെങ്കിലും പരമ്പരാഗതമായി അനുഷ്ഠിച്ചു വരുന്ന ചില ആചാരങ്ങളോടും വിശ്വാസങ്ങളോടും റേച്ചൽ കുരുവിളക്ക് വല്ലാത്തൊരു ആരാധനയുണ്ടായിരുന്നു.
എല്ലാ ആചാരാനുഷ്ഠാനങ്ങളുടെ പുറകിലും എന്തെങ്കിലും ഒരു രഹസ്യം ഉണ്ടായിരിക്കുമെന്നും ചിന്തിച്ചിരുന്ന റേച്ചൽ പിഎച്ച് ഡി തീസീസ് വർക്കിനു വേണ്ടി റിസർച്ച് പേപ്പർ തയ്യാറാക്കുന്ന കാര്യം സംസാരിക്കാനാണ് ജാനകിയെ കാണാൻ ചെല്ലുന്നത്.
റേച്ചൽ ചെല്ലുമ്പോൾ ജാനകി കൈകാലുകൾ ഇരുവശത്തേക്കും വിടർത്തി വെച്ച് മുഖം ഒരു വശത്തേക്ക് ചരിഞ്ഞ് ഗാഢനിദ്രയിലായിരുന്നു.
എന്നതാ ജാനിക്കൊച്ചേ, നീയീ കതകെല്ലാം തൊറന്നിട്ട് കാലും കയ്യും വിടർത്തിയിട്ട് ആരേലും എടുത്തോണ്ട് പോയാപ്പോലും അറിയാത്തത് പോലെ കെടന്നങ്ങ് ഒറങ്ങുന്നെ? റേച്ചൽ അവളുടെ ഇടത്തേ കാലിൽ ഒരു ചവിട്ട് കൊടുത്തു.
ഉണരാൻ കൂട്ടാക്കാത്ത ജാനകി ഒന്നുകൂടി തിരിഞ്ഞു കിടന്നു.
റേച്ചൽ ബാഗ് മേശപ്പുറത്ത് വെച്ച് അടുക്കളയിലേക്ക് ചെന്നു. അടുക്കളയിലെ ചെറിയ ഡൈനിംഗ് ടേബിളിൽ പകുതി കഴിച്ച ഭക്ഷണ പ്ലേറ്റുകളും വെള്ളം കുടിച്ച് പാതിയായ ഗ്ലാസും എല്ലാം അതുപോലെ തന്നെ ഇട്ടിരിക്കുകയാണ്.
ഇവൾക്കെന്താ തീരെ വൃത്തിയില്ലല്ലോ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് റേച്ചൽ പാത്രങ്ങളെല്ലാം കഴുകി അടുക്കി പ്പെറുക്കി വെച്ചു.കാപ്പിപ്പാത്രം സ്റ്റൗവിൽ വച്ച് രണ്ട് കപ്പ് കാപ്പിയുണ്ടാക്കി. ഷെൽഫിൽ നിന്ന് കാപ്പിക്കപ്പെടുത്ത് കാപ്പി പകർന്ന് ജാനകിയുടെ ബെഡ് റൂമിലെത്തി.
അവളപ്പോഴും ഗാഢനിദ്രയിൽ തന്നെ.
‘നീ അങ്ങനിപ്പോ ഉറങ്ങണ്ട, എണീറ്റേ കൊച്ചേ’, നാലുരുട്ട് ഉരുട്ടിയപ്പോൾ
ഉറക്കച്ചടവോടെ കണ്ണും തിരുമ്മി എണീറ്റ ജാനകി റേച്ചലിനെയും ആവി പറക്കുന്ന കാപ്പിയെയും മുന്നിൽ കണ്ട് പകച്ചു പോയി. അന്ധാളിച്ചിരുന്നു പോയ ജാനകിയോട് റേച്ചൽ പറഞ്ഞു.
‘എന്നാ ഒറക്കമാ ജാനീ, കതകെല്ലാം തൊറന്നിട്ട് ഇത്ര അശ്രദ്ധമായി, നിന്നെ ഒന്നാകെ ആരെങ്കിലും എടുത്തോണ്ടു പോയാപ്പോലും ആരും അറിയില്ലല്ലോ.'
‘ഇന്നലെ രാത്രി മുഴുവൻ പൂരത്തിന്റെ കവറേജ് ആയിരുന്നെടീ. മത്സരിച്ച് ന്യൂസ് പിടിക്കണ്ടായോ? മറ്റു ചാനലുകളിൽ ലൈവ് വരുന്നേന് മുമ്പെ ഞങ്ങടെ ചാനലിൽ വരണമെന്നാണ് എക്‌സിക്യുട്ടീവ് മാനേജരുടെ നിർബന്ധം. കടുകിട വ്യത്യാസം വന്നാൽ പുളിച്ച തെറിയഭിഷേകം ആയിരിക്കും. അതു കൊണ്ട് പൂരത്തിന്റെ എല്ലാ മേഖലകളിലും ക്യാമറയും കൊണ്ട് ഓട്ടമായിരുന്നു. ഒന്ന് മൂത്രമൊഴിക്കാൻ പോലും പറ്റിയിട്ടില്ല. റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന ഒരു ചാനലിലെ ജേർണലിസ്റ്റാവുമ്പോ ഇത്തിരി ബുദ്ധിമുട്ടൊക്കെ സഹിച്ചല്ലേ പറ്റൂ.’’
ജാനകി ചൂടുകാപ്പി സിപ്പ് സിപ്പായി കുടിച്ച് കൊണ്ട് പറഞ്ഞു.
‘‘ഇന്ന് പകൽപ്പൂരത്തിൽ നിന്ന് എങ്ങനെയോ ഒഴിവായതാ. പക്ഷേ വൈകുന്നേരത്തെ വെടിക്കെട്ട് തീർച്ചയായും കവർ ചെയ്യണം. രണ്ട് മണിയോടെ ഇറങ്ങണം. മണി പന്ത്രണ്ടായോ? നീയും വാ, നീ വെടിക്കെട്ട് കണ്ടിട്ടില്ലല്ലോ? ഞാനൊന്ന് കുളിച്ച് ഡ്രസ്സ് ചേഞ്ച് ചെയ്യട്ടെ.’’
‘പൂരം എക്ല്ക്ലൂസീവ്സിൽ ഒരു പ്രോഗ്രാം പോലും വിടാതെ കവർ ചെയ്യുന്നതാണ് നമ്മുടെ ചാനലിന്റെ രീതി. ഞാൻ തുടങ്ങട്ടെ. നീ ഇവിടെയെല്ലാം ചുറ്റിനടന്ന് കാണ്.'
ജാനകി സ്‌കൂട്ടി പാർക്ക് ചെയ്ത് ക്യാമറയും കൊണ്ട് തിരക്കിലേക്ക് ഊളിയിട്ടു.
റേച്ചൽ പൂരപ്പറമ്പിലൂടെ അലക്ഷ്യമായി കറങ്ങി നടന്നു. എന്തെല്ലാം തരത്തിലുള്ള ആളുകളാണ്! ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും ചെറുപ്പക്കാരും വൃദ്ധന്മാരും അങ്ങനെ പൂരപ്രേമികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് പൂരപ്പറമ്പ്.
കുറേനേരം അവിടെയുമിവിടെയും ഒക്കെ അലക്ഷ്യമായി കറങ്ങി നടന്ന് ക്യാമറയിൽ കുറെ ചിത്രങ്ങളും എടുത്തു. മരുന്നുപണി കഴിഞ്ഞ് ഏതാണ്ട് പൂരപ്പറമ്പൊന്ന് ഒഴിഞ്ഞപ്പോഴാണ് ജാനകി ഓടിക്കിതച്ച് വരുന്നത്.
‘നിനക്ക് ബോറടിച്ചോ പെമ്പറന്നോത്തീ, വാ നമുക്ക് വല്ലോം കഴിച്ചിട്ട് ഫ്ലാറ്റിലേക്ക് പോവാം. നീ കേറ്'
അവൾ സ്‌കൂട്ടി സ്റ്റാർട്ട് ചെയ്തു. രണ്ടു കാലും ഇരുവശത്തോട്ടുമിട്ട് അവളുടെ പുറകിലിരുന്നു. ഒരു അൻപത് അൻപത്തഞ്ച് സ്പീഡിൽ അവളങ്ങ് കത്തിച്ചു വിടുകയാണ്.
വഴിയിൽ കണ്ട ഒരു റസ്റ്റോറണ്ടിൽ കയറി രണ്ട് ചപ്പാത്തിയും അൽഫാമും ചിക്കൻ ചില്ലി ഗ്രേവിയും ഓർഡർ ചെയ്തു.
‘ഇവിടെ അല്പസമയം വെയിറ്റ് ചെയ്യേണ്ടി വരും. ഭക്ഷണം ഫ്രെഷാ. അല്ല ഞാനത് ചോദിക്കാൻ മറന്നു. നീ എടുപിടിന്ന് ഇപ്പോ എന്നെ കാണാൻ വന്നതിന്റെ ഉദ്ദേശ്യമെന്താ? എനി സീരിയസ് ഇഷ്യൂസ്? നിന്റെ ഓൾഡ് ലവ് സ്റ്റോറി വീണ്ടും തപ്പിപ്പിടിച്ചെടുക്കാനാണോ ഈ വരവെന്ന് എനിക്ക് നല്ല ഡൗട്ട് ഉണ്ട്.'
‘ഓ, അതൊന്നും അല്ലെന്നേ. ആ ഫ്രോഡിനെയൊക്കെ ഞാൻ ഇടങ്കാലുകൊണ്ട് തട്ടിക്കളഞ്ഞതല്ലേ. ഇതതൊന്നും അല്ല. എന്റെ തിസീസിന് ഒരു പേപ്പർ മിത്തോളജിക്കൽ ബിലീഫ്‌സിസിനെക്കുറിച്ചും പരമ്പരാഗത അനുഷ്ഠാനങ്ങളെക്കുറിച്ചും ആണ്. നീ ഹെൽപ് ചെയ്യണം. നിന്റെ തറവാട്ടിൽ എന്തൊക്കെയോ പൂജയും ആരാധനയും ഒക്കെയുണ്ടെന്ന് മുമ്പ് നീ പറഞ്ഞത് എനിക്ക് ഓർമയുണ്ട്.
അനുഷ്ഠാന കലകൾ മനുഷ്യന്റെ മാനസിക വ്യാപാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ കേന്ദ്രത്തെ പോലും അടിമയാക്കി വച്ചു കൊണ്ട് ഇല്യുഷന്റെ ലോകത്ത് വിഹരിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് നാഗത്താൻ പാട്ടിന്റെ കളത്തിലിരിക്കുന്ന പെണ്ണിന്റെ തലച്ചോറ് ഏതാണ്ട് കഞ്ചാവടിച്ച ഉമാദത്തിലായിരിക്കും. സ്വയം നാഗകന്യകയായി തോന്നുകയും ഉന്മാദത്തിന്റെയും യാഥാർത്ഥ്യബോധത്തിന്റെയും ഇടയിൽ നിൽക്കുന്ന മനസ്സിന്റെ തോന്നലുകളിൽ വിഹരിക്കുകയും ചെയ്യുകയാണവർ.
‘‘റിസർച്ച് ലക്ഷ്യത്തിലെത്തിയാൽ ‘റേച്ചലിസം' എന്ന പേരിൽ പുതിയൊരു തിയ്യറി തന്നെ ഞാൻ ആവിഷ്‌കരിക്കാൻ സാധ്യതയുണ്ട്’’, ചിരിച്ചു കൊണ്ട് പകുതി തമാശയായും പകുതി കാര്യമായും റേച്ചൽ പറഞ്ഞു.
‘ഓ, അതായിരുന്നോ? അത് നമുക്ക് റെഡിയാക്കാം. എന്നാൽ പിന്നെ വൈകണ്ട. നാളെയാണ് തറവാട്ടിലെ ഗുളികൻ കുരുതി.. നമുക്ക് രാവിലെ തന്നെ പോവാം.'
‘നിനക്കറിയാമോ? പണ്ടൊരു കുരുതീടന്നാണ് രാത്രി ചെറിയമ്മയുടെ
ദുർമ്മരണം നടന്നത്. കുരുതികാവിലായിരുന്നു മരിച്ച നിലയിൽ ഒരു തുണി പോലും ദേഹത്തില്ലാതെ ചെറ്യമ്മയെ രാവിലെ കാവ് വൃത്തിയാക്കാൻ ചെന്ന സുലോചന മ്മായി കാണുന്നത്. '
ഒരു ദീർഘനിശ്വാസത്തോടെ ചപ്പാത്തിയുടെ അവസാന ഭാഗം കൊണ്ട് ചിക്കൻ ചില്ലിയുടെ പാത്രം തുടച്ച് നക്കി ജാനകി പറഞ്ഞു.
പിറ്റേന്ന് പുലർച്ചെതന്നെ യമഹയുടെ സിയോണസ് ആൽഫയിൽ ഒരു അറുപത് അറുപത്തഞ്ചിൽ കത്തിച്ചു വിട്ടപ്പോൾ ഉച്ചഭക്ഷണം കഴിക്കാനായപ്പോഴേക്ക് തന്നെ ജാനകിയുടെ മലബാറിലുള്ള തറവാട്ടിലെത്തി.കാവും അമ്പലവും എല്ലാമുള്ള ഒരു പഴയ ഈഴവ ത്തറവാട്. ചെന്ന് കയറുമ്പോൾ മുത്തച്ഛൻ കണാരൻ മൂത്താര് കാര്യസ്ഥൻ അപ്പുണ്ണിയുമായി പാലമരത്തിന്റെ ചുവട്ടിൽ കാര്യമായിട്ടെന്തൊക്കെയോ സംസാരിക്കുകയായിരുന്നു. ഒരു കുഞ്ഞുകാടുപോലെ തന്നെയുണ്ടായിരുന്നു അവിടം. എന്തൊക്കെയോ കാട്ടുമരങ്ങളും വള്ളികളും ചേർന്ന് വല്ലാത്തൊരു ഗൃഹാതുരത്വം ഉണ്ടാക്കുന്ന പ്രദേശം. മദിപ്പിക്കുന്ന ഒരു മണം അവിടെയെല്ലാം നിറഞ്ഞതായി റേച്ചലിന് തോന്നി.
‘മുത്തൂ സേ, ഞങ്ങളിങ്ങെത്തി കേട്ടോ, വാടീ, ഞാൻ നിന്നെ ഇവർക്ക് പരിചയപ്പെടുത്തട്ടെ.'
‘മുത്തൂ, ഇതെന്റെ ക്ലോസ് ഫ്രണ്ടാ. റേച്ചൽ. നല്ല അസ്സല് കോട്ടയം അച്ചായത്തിയാ കേട്ടോ. പിഎച്ച് ഡി ചെയ്യുകയാ അവള്.’
‘പിന്നെ റേച്ചൂ ഇത് അപ്പുണ്യേട്ടനാ, പത്തിരുപത്തഞ്ച് കൊല്ലായി തറവാട്ടിലെ കാര്യസ്ഥനാണ്.'
റേച്ചൽ മുത്തച്ഛനേയും കാര്യസ്ഥനെയും അഭിവാദ്യം ചെയ്തു.
അപ്പുണ്ണി റേച്ചലിനെ അമർത്തിയൊന്ന് നോക്കി. എന്തോ ഒരിഷ്ടക്കേടു പോലെ.
‘മക്കളെ, നിങ്ങളകത്തേക്ക് ചെല്ല്, എന്തെങ്കിലും കഴിച്ച് വിശ്രമിക്കൂ.'
‘ഡീ ജാനീ, നിന്റെ കാര്യസ്ഥനെന്തോ വശപ്പെശകുണ്ടോ.? ആകെ ഒരു സ്‌പെല്ലിംഗ് മിസ് റ്റേക്ക്’ എന്നും പറഞ്ഞ് റേച്ചൽ ഒന്നു കൂടെ അയാളെ തിരിഞ്ഞുനോക്കി. അയാൾ കണാരൻ മൂത്താര് പറയുന്നത് ശ്രദ്ധിച്ച് കേട്ടുകൊണ്ട് താഴോട്ട് നോക്കി നിൽക്കുകയായിരുന്നു.
‘ഓ, അതൊരു പാവത്താനാ. നിനക്ക് വെറുതെ തോന്നുന്നതാ.'
‘ആ കുഞ്ഞു കാടുള്ള സ്ഥലം എന്താ ജാനീ, അവിടമാകെ ഒരു മദിപ്പിക്കുന്ന ഗന്ധമാണല്ലോ', റേച്ചൽ ചോദിച്ചു.
‘ഓ, നീ കാവ് കണ്ടിട്ടില്ലല്ലോ അല്ലേ. ഇതാണ് സർപ്പക്കാവ്. പിന്നെ അവിടെ ഒരു പാലമരം കണ്ടില്ലേ. അത് പൂത്തുനിറഞ്ഞ് നിൽക്കുന്ന സമയമാണിത്. അതാണ് പാലപ്പൂവിന്റെ ഉന്മത്തഗന്ധം. രാത്രിയൊന്നും അങ്ങോട്ട് പോവല്ലേ കേട്ടോ. നിന്റെ ദേഹത്ത് വല്ല ഗന്ധർവനും കേറും. കന്യകകളെ പ്രാപിക്കുന്ന ഗന്ധർവ്വൻ ഉണ്ടാവുമത്രെ പാലമരത്തിൽ’, ജാനകി ഗൗരവത്തോടെ പറഞ്ഞു.
‘ആഹാ, അതു കൊള്ളാലോ. അതൊരു കുഞ്ഞു കാടാണല്ലോ. ജാനകിയുടെ തറവാട്ടിലെ കാവല്ലേ. ഞാനതിനെ കാവെന്നല്ല, ജാനിക്കാട് എന്നാണ് പറയുക. എങ്ങനെണ്ട് പുതിയ പേര്? എന്നാലും ആ ഗന്ധർവ്വനെ കാണാനെന്താ വഴി? റേച്ചൽ കണ്ണുകൾ മേൽപോട്ടാക്കി ചിരിച്ചു കൊണ്ട് ചിന്തിക്കുന്നത് പോലെ കാണിച്ചു.
‘പോടി, അഹമ്മതി പറയല്ലേ കേട്ടോ. നിനക്കിതൊക്കെ തമാശയാണോ?' ട്രാവലിംഗ്
ബാഗുകൾ റൂമിലേക്ക് വച്ച് രണ്ട് പേരും അടുക്കളയിലേക്ക് ചെന്നു.
ജാനകിയുടെ അമ്മമ്മയും അമ്മയും ചേർന്ന് രണ്ടുപേരെയും വയറുനിറച്ച് ഭക്ഷണം കഴിപ്പിച്ചു. മാങ്ങാപുളിശ്ശേരിയും കയ്പക്ക മെഴുക്കുപുരട്ടിയും കടുമാങ്ങാ അച്ചാറും കൂട്ടി നന്നായി ഉണ്ട് റേച്ചലും ജാനകിയും മച്ചിന്റെ മുകളിലേക്ക് കയറിപ്പോയി.
മച്ചിൽ ഒരു കയറു വരിഞ്ഞ കട്ടിലുണ്ട്. ഒരു മൂലയിൽ ചാക്കിൽ കെട്ടിവച്ച കുറെ പുസ്തകങ്ങളും. മറ്റൊരു മൂലയിലെ അയയിൽ കുറെ പഴയ തുണികളും.
‘‘ഡീ റേച്ചൂ, ഈ പുസ്തകങ്ങളെല്ലാം മരിച്ചുപോയ ചെറിയമ്മയുടെതാ, അവര് നന്നായി വായിക്കുകയും കഥയും കവിതയും ഒക്കെ എഴുതുകയും ചെയ്യുമായിരുന്നു. ഞാനൊക്കെ അന്ന് കൊച്ചുകുട്ടിയായിരുന്നു. ചെറ്യമ്മ മരിക്കുമ്പോ എനിക്ക് അഞ്ചോ ആറോ വയസ്സേ കാണുള്ളൂ. ചെറ്യമ്മ ഈ കയറുകട്ടിലിൽ കിടന്നാ പുസ്തകം വായിച്ചിരുന്നത്. ചിലപ്പോഴൊക്കെ ചെറ്യമ്മയുടെ കൂടെ ഞാനും വരും. എന്തോരം പുസ്തകങ്ങളാ ചെറ്യമ്മയുടെ കയ്യിലെന്ന് ഞാൻ അദ്ഭുതപ്പെട്ടിട്ടുണ്ട് അന്ന്. അവർക്ക് ഒരിഷ്ടക്കാരൻ ഉണ്ടായിരുന്നു, വടക്കേലമ്മേടെ മകൻ സുകുവേട്ടൻ. സുകുവേട്ടനെയും ചെറിയമ്മയെയും ഒരിക്കൽ ഒരുച്ചനേരത്ത് ഈ മച്ചിൽ നിന്ന് പിടിച്ചതായൊക്കെ ചെറുതായൊരോർമ്മയുണ്ടെനിക്ക്. അതിപ്പിന്നെ ഈ മച്ചിലേക്കുള്ള വാതിൽ താഴിട്ടുപൂട്ടിയിരുന്നു. ഈ ജനൽ കണ്ടോ? ഇതിന് അഴികളില്ല. തുറന്നിട്ടാൽ ആർക്കും ഈസിയായി ഉളളിൽക്കയറാം. അന്ന് ഈ ജനലിനോട് ചേർന്ന് ഒരു ശർക്കരമാവുണ്ടായിരുന്നു. നാട്ടുമാങ്ങയായിരുന്നു. നല്ല ഊമ്പിക്കുടിയൻ മാങ്ങ. അസാധ്യമധുരമായിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം മുത്തച്ഛനും കൂട്ടരും ആ മാവ് വേരോടെ വെട്ടിക്കളഞ്ഞു.’’
റേച്ചൽ ജനൽപ്പാളി പതിയെ തുറന്നു. മുല്ലയുടെയും പിച്ചിയുടെയും പാലപ്പൂവിന്റെയും മണമുള്ള കാറ്റ് മച്ചിനുള്ളിലേക്ക് നൂണ്ടു കയറി. ചെറിയമ്മയെ കാണാൻ ഗന്ധർവ്വനായി സുകുവേട്ടൻ വന്നിരുന്നത് ഓർത്തപ്പോൾ തന്നെ റേച്ചലിന്റെ അടിവയറ്റിൽ വല്ലാത്തൊരു ഇക്കിളി അനുഭവപ്പെട്ടു. അവൾ കയറ്റു കട്ടിലിന്റെ ഓരം ചേർന്ന് കണ്ണടച്ച് ജാനകിയുടെ നനുത്തു വെളുത്ത വയറ്റിലൂടെ കൈ ചുറ്റി ചേർന്ന് കിടന്നു. തുറന്നിട്ട ജനലിലൂടെ ഉള്ളിലേക്കാർത്തിറമ്പി വന്ന ഒരു കറുത്തിരുണ്ട മുട്ടൻ വണ്ട് കട്ടിലിൽ കണ്ണടച്ച് കിടന്നിരുന്ന ജാനകിയുടെ ഇളം നീലരോമരാജികൾ താഴോട്ടിറങ്ങുന്ന അടിവയറ്റിൽ ചുംബിച്ചുകൊണ്ട് പൊക്കിളിൽ കിടന്നു ചുഴറ്റി. കണ്ണടച്ചുകിടന്ന ജാനകി വല്ലാത്തൊരു സുഖത്തിൽ
ഞരങ്ങി.
ജാനകിക്ക് കളംപാട്ടിൽ ചുറ്റും വരച്ച് വച്ച നിറമുള്ള അരിപ്പൊടിക്കോലത്തിന് നടുവിലിരിക്കുന്ന നാഗകന്യകയാണെന്ന് തോന്നി. ഉടലിന്റെ ഓരോ ഭാഗവും വഴുവഴുത്തതെന്തോ പടർന്നതുപോലെ കയറ്റുകട്ടിലിന്റെ മുകളിൽ നിന്ന് താഴോട്ടും താഴെ നിന്ന് മുകളിലോട്ടും ഇഴഞ്ഞു. ഓരോ കശേരുക്കളും ബലപ്പെട്ട് ദൃഢതയിൽ വരിഞ്ഞുമുറുകി നാഡീതന്തുക്കളുടെ ഏറ്റവും ഉയർന്ന ആയതിയിലുള്ള ഒരു പൊട്ടിത്തെറിയിൽ ചലനങ്ങളെല്ലാം നിലച്ചു.
പകുതി തുറന്നിട്ട ജനൽപ്പാളി ആരോ വലിച്ച് തുറക്കുന്ന ഒച്ച കേട്ട റേച്ചൽ കട്ടിലിൽ നിന്നെണീറ്റ് നോക്കി.
അപ്പുണ്ണിക്ക് ഇവിടെയെന്നതാ കാര്യം എന്നവൾ ചിന്തിച്ചു.
അയാളെങ്ങനെ മച്ചിന്റെ ജനലിക്കലെത്തി? ഇയാൾ സ്‌പൈഡർമാൻ ആണോ?
അയാളവളുടെ ഉടൽ വടിവുകൾ ഒപ്പിയെടുക്കുകയായിരുന്നു അപ്പോൾ.
പെട്ടെന്ന് ബോധത്തിലെത്തിയ റേച്ചൽ ജനൽ വലിച്ചടച്ചു.
‘മുത്തു, റേച്ചലിന് ഒരു തിസീസ് തയ്യാറാക്കാനുണ്ട്. പരമ്പരാഗതമായ അനുഷ്ഠാനങ്ങളെക്കുറിച്ചാണ്. നമ്മടെ ഈ ഗുളികൻ കരുതിയെക്കുറിച്ച് മുത്തൂന് അറിയുന്നതെല്ലാം ഒന്ന് മൊഴിഞ്ഞേ... ഇവളതെല്ലാം റെക്കോർഡ് ചെയ്‌തോളും.'
വൈകുന്നേരത്തെ ചായയുടെ കൂടെയുള്ള മൊരിഞ്ഞ ചക്കച്ചുള വറുത്തത് വായിലിട്ട് കടിച്ച് പൊട്ടിച്ചുകൊണ്ട് ജാനകി കണാരൻ മൂത്താരോട് പറഞ്ഞു. റേച്ചൽ തുറന്ന് കിടന്ന ജനലിലൂടെ അങ്ങ് പാടത്തിന്റെ അക്കരെയുള്ള മരത്തിലെ ഇണപ്പക്ഷികളെ നോക്കുകയായിരുന്നു.
കണാരൻ മൂത്താര് ഉമ്മറത്തെ തിണ്ണയിലിരുന്ന് ദൂരെ കുന്നിൻ പുറത്തെ വിജനതയിലേക്ക് ദൃഷ്ടി പായിച്ചു. റേച്ചൽ സൗണ്ട് റെക്കോർഡർ ഓൺ ചെയ്ത് മാക്‌സിമം വോളിയത്തിൽ വെച്ചു.
‘കേരളത്തിൽ നിലവിലുള്ള വേറിട്ട വിശേഷങ്ങളിലൊന്നാണ് ഗുളികൻ എന്ന പ്രതിഭാസം. ഗ്രഹനിലയിലും ഗുളികന് പ്രാധാന്യമുണ്ട്. നവ ദോഷങ്ങളിലൊന്നാണ് ഗുളികൻ. ഗ്രഹനിലയിൽ ‘മാ' എന്ന പേരിലാണ് ഗുളികനെ അടയാളപ്പെടുത്തുന്നത്. മന്ദൻ എന്നത് ശനിയുടെ പേരാകയാൽ ‘മ' എന്ന അക്ഷരം ശനിയെ കുറിക്കാനാണ് ഉപയോഗിക്കുന്നത്. ശനിയുടെ മകനാണ് ഗുളികൻ എന്നാണ് വിശ്വാസം. ‘മന്ദന്റെ മകൻ' എന്ന അർത്ഥത്തിൽ മാന്ദി എന്നും ഗുളികനെ വിളിക്കുന്നു. ഗുളികൻ ഏതു ഭാവത്തിലും ഒട്ടൊക്കെ ദോഷപ്രഭനാണ്.
ഗുളികന്റെ ജനനത്തെപ്പറ്റി ഒരു കഥയുണ്ട്.
മൂത്താര് തിണ്ണയിൽ നിന്നെഴുന്നേറ്റ് ചാരുകസേരയിൽ വന്ന് ചാരിയിരുന്ന് കണ്ണടച്ചു കൊണ്ട് തുടർന്നു.
ഒരിക്കൽ ശനിയും വ്യാഴവും തമ്മിൽ യുദ്ധം ഉണ്ടായി. നെറ്റിയിൽ ശരമേറ്റ് പതിച്ച ശനിയെ ബ്രഹ്മദേവൻ പിടിച്ചെഴുന്നേൽപിക്കുകയും ശരം വലിച്ചെടുക്കുകയും ചെയ്തു. ഉടനെ ശനിയുടെ നെറ്റിയിൽ നിന്ന് കടും നീല നിറത്തിലുള്ള ഒരു തുള്ളിച്ചോര താഴെ വീണു. ആ ചോരത്തുള്ളിയിൽ നിന്ന് നീലദേഹത്തോടു കൂടിയ ഒരു ഭയങ്കരരൂപം ഉയർന്നു വന്നു. സർപ്പാകൃതിയും പേടിപ്പിക്കുന്ന നോട്ടവുമുള്ള ഉഗ്രവീര്യമൊത്തത്തവനെ ബ്രഹ്മാവ് ശനിപുത്രനായി പ്രഖ്യാപിച്ചു.
റേച്ചലിന്റെ മനസ്സിൽ കറുത്ത സർപ്പക്കണ്ണുകളുള്ള കാര്യസ്ഥന്റെ രൂപം തിക്കിത്തിരക്കി വന്നു. ദേഹം മുഴുവൻ വഴുവഴുപ്പുള്ള ഒരു ദ്രാവകം പടരുന്നതായി തോന്നിയപ്പോൾ റേച്ചൽ എഴുന്നേറ്റ് ടോയ്‌ലറ്റിൽ പോയി.
മൂത്താര് തുടർന്നു; വിഷ്ണുവാണ് മാന്ദി എന്ന പേര് നൽകിയത്. കുറിയ രൂപമാണ് ഗുളികൻ എന്ന പേരിന് കാരണം. വിഷ്ണു ഗുളികനെ അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു, ‘സമസ്ത ജന്തുക്കളെയും കൊല്ലുവാൻ ഇവന് ജന്മനാ കഴിവുള്ളതിനാൽ മൃത്യു എന്ന പേരിലും അറിയപ്പെടും കാര്യചിന്തയിൽ വാമനൻ ത്രിവിക്രമനാവുന്ന മഹാവൈഭവം ഗുളികനുണ്ട്.ഇതു പോലെ ചെറുതായി പറഞ്ഞാലൊന്നും ഗുളികത്വം തീരുകയില്ല.
ടോയ്‌ലറ്റിൽനിന്ന് തിരിച്ച് വന്ന റേച്ചലിന്റെ മുഖത്ത് എന്തോ കണ്ട് പേടിച്ച ഭാവം കണ്ട ജാനകി എന്ത് പറ്റിയെന്ന് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. ടോയ്‌ലറ്റിൽ നിന്ന് പുറത്തേക്കിഴഞ്ഞു പോയ കറുത്ത സർപ്പത്തെപ്പറ്റി പറയാൻ റേച്ചലിന്റെ ചുണ്ടുകൾ അനങ്ങിയില്ല.
കണാരൻ മൂത്താരുടെ ദൃഷ്ടികൾ ഒന്ന് കൂടി വലിഞ്ഞുമുറുകി.
‘‘വീടുകളിലും കാവുകളിലും വെച്ച് ആരാധിക്കുന്ന ഗുളികനെന്ന പുറം കാലൻ വാസ്തുവിന്റെ കാവൽക്കാരനായിട്ടാണ് സങ്കല്പിക്കുന്നത്. ഈ സങ്കല്പങ്ങളെല്ലാം തന്നെ കൂടുതലായി കാണുന്നത്. ഇവിടെ മലബാർ ഭാഗത്താണ്. തെക്കുപടിഞ്ഞാറ് ഭാഗത്ത് കന്നിമൂലയിലാണ് ഗുളികൻ സങ്കല്പം. കന്നിമൂലയിലെ ഗുളികൻ അതീവ ബലവാൻ ആയിരിക്കും. ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമാണ് ഗുളികൻ. അവിൽ, മലർ, ചെറുപയർ, മമ്പയർ, തേങ്ങാകഷ്ണം, പഴം, ശർക്കര, ഇളനീർ, മദ്യം, ഇതൊക്കെയാണ് നേദ്യങ്ങൾ. ഇതിന് ഗുളികന് കുരുതി കൊടുക്കുക എന്നാണ് പറയുക. മദ്യം നിവേദ്യമായി കൊടുക്കുന്ന പറമ്പിലെ ഗുളികൻ ബലവാനായിരിക്കുമെന്നാണ് പറയാറ്. പറമ്പിലെ ഒരു തേങ്ങാ പോലും പുറത്ത് നിന്നുള്ള ആരും എടുക്കില്ല.''
‘നേരെ യമപുരിയാണ് പുള്ളിയുടെ ശൈലി’, കണാരൻ മൂത്താര് ചിരിച്ചുകൊണ്ട് പറഞ്ഞു. ‘തറവാട്ടിലുള്ളവരാണ് തെറ്റ് ചെയ്യുന്നതെങ്കിൽ അപകടങ്ങൾ, വീഴ്ച ഇതൊക്കെ സുനിശ്ചിതമാണ്. നട്ടുച്ചക്കും അർദ്ധരാത്രിയിലുമൊന്നും സർപ്പസ്വരൂപനായ ഗുളികന്റെ തറക്ക് സമീപം ആരും പോവാറില്ല. വർഷങ്ങൾക്ക് മുമ്പ് ഒരു അർദ്ധരാത്രിയിൽ ഈ തറവാട്ടിൽ ഒരു ദുർമ്മരണം നടന്നിട്ടുണ്ട്’, മൂത്താര് ദീർഘനിശ്വാസത്തോടെ തുടർന്നു.
‘യമരാജാവായ ഗുളികനെ പ്രീതിപ്പെടുത്തലാണ് പ്രധാന ഉദ്ദേശ്യം. ജീവജാലങ്ങളുടെ മരണസമയത്ത് ജീവനെകൊണ്ടുപോകുന്ന ദേവനാണത്രെ ഗുളികൻ. ജനനം മുതൽ മരണം വരെ ചെറുതും വലുതും നല്ലതും ചീത്തതുമായ എല്ലാ കർമങ്ങളിലും ഗുളികന്റെ സാന്നിധ്യം ഉണ്ടാവുമെന്നാണ് വിശ്വാസം. തറവാടിന് സൗഭാഗ്യം ഉണ്ടാവാൻ ഇദ്ദേഹം ഒരാൾ വിചാരിച്ചാൽ മതി കേട്ടോ. മനസ്സറിഞ്ഞ് കളങ്കമില്ലാതെ ആരാധിക്കുക, സ്ഥാനം നശിച്ച് പോവാ തെ പരിപാലിക്കുക, ദിവസവും ദീപം തെളിയിക്കുക.. ഇത്രയേ വേണ്ടൂ. ഇനി ബാക്കി ചടങ്ങുകൾ കുട്ടി നേരിട്ട് കണ്ട് ബോധ്യപ്പെട്ടോളൂ.'
റേച്ചൽ ഓഡിയോ സേവ് ചെയ്ത് റെക്കോർഡർ ഓഫ് ചെയ്തു.
ചായ കുടി കഴിഞ്ഞ് അല്പസമയം കഴിഞ്ഞ ഉടനെ ജാനകിയുടെ അമ്മയും അമ്മമ്മയും വാല്യക്കാരിയും അരി ഇടിക്കാനും പൊടിക്കാനും ഒക്കെയുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു.
അന്തരീക്ഷം ഏകദേശം ഇരുണ്ടുതുടങ്ങിയപ്പോഴേക്കും കാര്യസ്ഥൻ അപ്പുണ്ണി രണ്ട് കുപ്പി നാടൻ ചാരായവും ഒരൊത്ത പൂവനെയും സംഘടിപ്പിച്ചു വന്നിരുന്നു. കണാരൻ മൂത്താരും ജാനകിയും പൂജാദികർമ്മങ്ങൾ ചെയ്യാനുള്ള ഒരുക്കങ്ങൾ തയ്യാറാക്കുകയാണ്.അപ്പുണ്ണി നാക്കിലകളെ മുറിച്ച് ചെറിയ നുറുക്കിലകളാക്കി ഓരോ ഇലയിലും തുളസിയും ചെമ്പരത്തിയും അരളിപ്പൂവും തിരികളും നിരത്തി വക്കുകയാണ്. റേച്ചൽ ഈ ദൃശ്യങ്ങളെല്ലാം വീഡിയോയിൽ പകർ ത്തുന്നുണ്ട്. ഇടക്കിടെ അപ്പുണ്ണിയുടെ സർപ്പ ദൃഷ്ടി റേച്ചലിന്റെ ഉടലിലൂടെ ഒഴുകുന്നത് ജാനകി ശ്രദ്ധിക്കാതിരുന്നില്ല.
റേച്ചൂ, എല്ലാം വൃത്തിക്ക് പകർത്തിക്കോണേടീ, ഇനിയീ പൂജ അടുത്ത വർഷമേ കാണൂ. നിന്റെ ‘റേച്ചലിസ'ത്തിന് അംഗീകാരം കിട്ടണ്ടേ?
ജാനകി റേച്ചലിനെ ഒന്നുകൂടി പിരികേറ്റി.
മൂത്താരും അപ്പുണ്ണിയും കൂടി തയ്യാറാക്കിയ നുറുക്കിലകളും
പൂക്കളും ഓരോന്നായി ഗുളികൻ തറയിലേക്കെടുത്തു. അരളി മരത്തിന്റെ ചുവട്ടിലാണ് ഗുളികൻ തറ .താഴെ ചിതറി വീണു കിടക്കുന്ന മഞ്ഞരളിപ്പൂക്കളെല്ലാം നേരത്തെ തന്നെ ഒരു ഭാഗത്ത് അടിച്ച് വാരിക്കൂട്ടി വെച്ചിട്ടുണ്ട്.
അരിപ്പൊടി കൊണ്ട് ഗുളികൻ തറക്ക് താഴെ അറുപത്തിനാല് കളം വരച്ചിട്ടുണ്ട്. ഓരോ കളത്തിലും പദ്മം നിറച്ചിരിക്കുന്നു. പദ്മം എന്നത് മഞ്ഞ പച്ച ചുവപ്പ് കറുപ്പ് വെളുപ്പ് നിറത്തിലുള്ള പൊടികളാണ്. വെളുത്ത നിറത്തിലുള്ളത് അരിപ്പൊടിയും മഞ്ഞ നിറത്തിലുള്ളത് മഞ്ഞപ്പൊടിയും ചുവപ്പ് നിറത്തിലുള്ളത് മഞ്ഞൾ പൊടിയും ചുണ്ണാമ്പും ചേർന്ന മിശ്രിതവും കറുപ്പ് നിറത്തിലുള്ളത് ഉമിക്കരി പൊടിച്ചതും ചുവപ്പ് നിറത്തിലുള്ളത് അരിപ്പൊടിയിൽ ഇരുൾ മരത്തിന്റെ പൊടി ചേർത്തതും ആണെന്ന് കണാരൻ മൂത്താർ പറഞ്ഞപ്പോഴാണ് റേച്ചലിന്റെ അദ്ഭുഭുതം വർദ്ധിച്ചത്. അറുപത്തിനാല് കളങ്ങളിലായി ഈ വർണങ്ങളിലുള്ള പൊടികൾ വിന്യസിച്ചതായി കാണുമ്പോൾ തന്നെ മഴവില്ലഴകായി റേച്ചലിന് തോന്നി.
‘നമ്മളാദ്യം പൂജ ചെയ്യുന്നത് ഉത്തമത്തിലാണ്. അറുപത്തിനാല് കളങ്ങളിൽ പാലും പൊടികളും നിറക്കണം .ഈ പൂജകഴിഞ്ഞാണ് മധ്യമത്തിലുള്ള പൂജ നടക്കുന്നത്. പൂജ ചെയ്യുന്നത് മറ്റാരും കാണാൻ പാടില്ല എന്നതാണ് നിയമം’, അപ്പുണ്ണി എല്ലാവരോടും ഗുളികൻ തറയിൽ നിന്ന് പോവാൻ ആംഗ്യം കാണിച്ചു.
ഇനി പൂജ കഴിഞ്ഞ് പ്രാർത്ഥിക്കാനും പ്രസാദം സ്വീകരിക്കാനുമേ അങ്ങോട്ട് ചെല്ലാൻ പാടുള്ളൂ എന്നതാണ് നിയമം.
സമയം ഇരുട്ടിയിരിക്കുന്നു. റേച്ചൽ ക്യാമറയും കൊണ്ട് വീടിന്റെ പുറകുവശത്തേക്ക് പോയി. അവിടെ പൂജാകർമങ്ങൾ കൃത്യമായി കാണാവുന്ന ഒരു സ്ഥലത്ത് ഇരുന്നു. അപ്പുണ്ണി ചെയ്യുന്ന ഓരോ കർമ്മങ്ങളും വീഡിയോയിൽ പകർത്താൻ തുടങ്ങി.
കളത്തിനുമുന്നിൽ ചമ്രം പടിഞ്ഞിരുന്ന് അപ്പുണ്ണി ചില മന്ത്രങ്ങൾ ചൊല്ലി പുഷ്പങ്ങൾ അർച്ചിക്കുന്നു. പാല് പൊടി ചെങ്ങണം അക്ഷദം പഴം ശർക്കര എന്നിവ നിവേദിക്കുകയാണ്. ഉത്തമത്തിലുള്ള പൂജ കഴിഞ്ഞ് അല്പസമയം ഗുളികനെ സ്വതന്ത്രമായി വിടുന്നു.
ഇനിയാണ് മധ്യമത്തിലുള്ള പൂജ.
പ്രഥമ പൂജാദ്രവ്യം തവിടാണ്. നല്ല ഉശിരൻ പൂവനെ കുരുതി കൊടുത്ത് മദ്യം നേദിച്ച് ഗുളികനെ പ്രീതിപ്പെടുത്തുന്ന ഘട്ടമാണിത്.
കരിപ്പൊടി വെള്ളവും നാളികേര വെള്ളവും മദ്യവും ആദ്യം കുരുതിയായ പൂവന് നേദിക്കുന്നു. പിന്നീട് പൂവന്റെ തലയറുത്ത ചുടുചോര നാക്കിലയിൽ വീഴ്ത്തുന്നു. ചോര കുടിച്ച് സംതൃപ്തനായ ഗുളികന് അടുത്തതായി നേദിക്കുന്നത് കനലിൽ ചുട്ടെടുത്ത കോഴിക്കാലും മദ്യവും ആണ്. വീണ്ടും ചില മന്ത്രങ്ങൾ എല്ലാം ചൊല്ലി വീട്ടുകാരെയെല്ലാം ഗുളികൻ തറയിലേക്ക് വിളിച്ചുവരുത്തി പ്രാർത്ഥിച്ച് പ്രസാദമായി ചുട്ട കോഴിക്കാലും മദ്യവും അല്പം വീതം നൽകുന്നു.
ഏകദേശം അർദ്ധരാത്രിയോടുകൂടെ പൂജ അവസാനിക്കുന്നു.
ഭക്ഷണം കഴിക്കാനായപ്പോഴാണ് ജാനകി റേച്ചലിനെ അന്വേഷിക്കുന്നത്. വീടിന്റെ പുറകുവശത്തിരുന്ന് വീഡിയോ പിടിച്ചു കൊണ്ടിരുന്ന റേച്ചലിനെ കണ്ടപ്പോൾ ജാനകി പരിഭ്രമിച്ചു: ‘എടീ, ഈ ദൃശ്യങ്ങളൊന്നും ആരും കാണാൻ പാടില്ലെന്നാ കേട്ടിട്ടുള്ളത്. നീയെന്ത് പണിയാണീ കാണിച്ചത്? ഇതെല്ലാം മുത്തച്ഛനോ അമ്മമ്മയോ അറിഞ്ഞാലുണ്ടല്ലോ വലിയ വിഷയമാവും. നീ വാ, ഭക്ഷണം കഴിച്ച് ഉറങ്ങാൻ നോക്കാം.'
നാടൻ കോഴിക്കറിയും പത്തിരിയും നെയ്യപ്പവും റേച്ചലിന് വല്ലാതെ ഇഷ്ടപ്പെട്ടു. ഭക്ഷണം കഴിച്ച് താഴത്തെ നിലയിലുള്ള പടിഞ്ഞാറ്റി എന്ന് വിളിക്കുന്ന മുറിയിലാണ് റേച്ചലും ജാനകിയും ഉറങ്ങാൻ കിടന്നത്. ജാനകി കിടന്നതേ ഉറങ്ങി. റേച്ചലിന് ഉറക്കം വന്നില്ല. റിസർച്ച് പേപ്പറിന്റെ അവസാന ഭാഗം ഇനിയും ലഭിച്ചിട്ടില്ല. ആരാണീ ഗുളികൻ? ഗുളികനെ കാണാൻ സാധിക്കുമോ? ചിന്തകൾക്കൊടുവിൽ റേച്ചൽ ക്യാമറയുമെടുത്ത് മുറിയുടെ വാതിൽ തുറന്ന് പുറത്തിറങ്ങി ഗുളികൻ തറയിലേക്ക് നടന്നു.
രാത്രിയിൽ ചെറുതായി മഴ പെയ്തിരുന്നെന്ന് തോന്നുന്നു.
മഴ പെയ്തത് അറിഞ്ഞില്ലല്ലോ എന്ന് റേച്ചൽ ചിന്തിച്ചു. പാലമരത്തിൽ നിന്ന് ആലസ്യവതികളായ മഴത്തുള്ളികൾ ഓരോന്നായി മണ്ണിലേക്ക് പതിക്കുന്നുണ്ട്. മഴയിൽ കുതിർന്ന ഇലകൾക്കെല്ലാം വല്ലാത്തൊരു ഉണർവ്വ്. പാലമരത്തിന്റെ കൊമ്പിൽ നിന്ന് സംതൃപ്തിയോടെ പറന്ന് പോകുന്ന ഇണപ്പക്ഷികളുടെ ചിറകടി കേട്ടപ്പോൾ റേച്ചൽ ഒന്ന് ഞെട്ടി. ഇരുട്ടിന്റെ മനോഹാരിതയിൽ മയങ്ങിയ റേച്ചൽ ക്യാമറ ഉപയോഗിക്കാൻ മറന്നതുപോലെ ഗുളികൻ തറക്ക് മുന്നിൽ നിന്നു.
നാക്കിലകളിലെ പൂവും മഴവെള്ളം വീണ് ചിതറിയിരിക്കുകയാണ്.
ഗുളികൻ തറയിൽ ആരെയും കാണുന്നില്ല. ചുട്ട കോഴിക്കാലും മദ്യവും എല്ലാം അപ്രത്യക്ഷമായിരിക്കുന്നു.
ജാനിയുടെ മുത്തച്ഛൻ കണാരൻ മൂത്താര് പറഞ്ഞതുപോലെ ഗുളികൻ നിവേദ്യങ്ങളെല്ലാം സ്വീകരിച്ച് സംപ്രീതനായിട്ടുണ്ടാവുമെന്ന് റേച്ചൽ കണക്ക് കൂട്ടി. പക്ഷേ ഇത്തിരി താമസിച്ചെന്ന് തോന്നുന്നു. അല്ലെങ്കിൽ ഗുളികനെ നേരിട്ട് കാണാമായിരുന്നു. ഗുളികൻ ചുട്ട കോഴിയും മദ്യവുമെല്ലാം സേവിക്കുന്നത് ക്യാമറയിൽ ആക്കുകയും ചെയ്യാമായിരുന്നു.
മഴ പെയ്തു തണുത്ത ഭൂമിയിൽ കുളിർത്ത മേനിയോടെ നിൽക്കുന്ന മരങ്ങൾക്കിടയിൽ അവയുടെ നിശ്വാസ വായുവിനെ ഒന്നാകെ ശ്വാസകോശത്തിലേക്കാവാഹിച്ച് കൈകൾ ഇരു വശത്തേക്കും വിടർത്തി നാസാദ്വാരങ്ങൾ പരമാവധി വിടർത്തി യോഗാ പോസ്റ്റർ പോലെ റേച്ചൽ നിന്നു. ഒരു കരിയില പോലും അനങ്ങുന്നില്ല. ഇടക്കിടെ മഴത്തുള്ളികൾ പതിക്കുന്ന ഒച്ചയൊഴിച്ചാൽ പരിപൂർണ നിശ്ശബ്ദത...
പൊടുന്നനെ റേച്ചലിന്റെ മൂക്കിൻ തുമ്പ് നാടൻ ചാരായത്തിന്റെയും വെറ്റിലയും ചുണ്ണാമ്പും ചേർന്ന മിശ്രിതത്തിന്റെയും ഗന്ധമുള്ള നിശ്വാസവായുവിൽ ഒന്ന് പിടഞ്ഞു.
കണ്ണുതുറന്ന് എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കാനാവും മുന്നെ ബലിഷ്ഠമായ രണ്ട് കരങ്ങൾ റേച്ചലിന്റെ ഉടലിനെ എല്ലുകൾ പോലും പൊടിയുന്ന തരത്തിൽ ഗാഢമായി പുണർന്നു. രാത്രിയുടെ കട്ടക്കറുപ്പ് നിറം തന്നെയാണതിനെന്ന് റേച്ചലിന്റെ മനക്കണ്ണിൽ തെളിഞ്ഞു. അതിന് ഒരു കറുത്ത സർപ്പത്തിന്റെ ഉടലായിരുന്നു. കൈകൾക്ക് മനുഷ്യന്റെ കൈകളെക്കാളും ദൃഢതയും. നിശാ ജീവികളെല്ലാം ഫിറമോണുകളുടെ ഉറവിടത്തിലേക്കടുക്കുന്നതുപോലെ വല്ലാത്തൊരു ഗന്ധം നിറഞ്ഞ ഭീകരമായ നിശ്ശബ്ദത.
ആ ബലിഷ്ഠ രൂപം റേച്ചലിനെ മഴ പെയ്തു കെട്ടി നിൽക്കുന്ന ചെളിയിലേക്ക് തള്ളിയിട്ടു.ചെതുമ്പലുകൾ നിറഞ്ഞ ഉടലിനാൽ വരിഞ്ഞുമുറുക്കി. വഴുവഴുത്ത എന്തോ ഒന്ന് ദേഹമാകെ പടരുന്നതായി റേച്ചലിന് തോന്നി. എല്ലുകൾ പൊടിഞ്ഞ് ഒരു ചാക്കിലൊതുക്കിയതു പോലെ സ്വയം കനംതൂങ്ങുന്നു.
കഴുത്തിലെവിടെയൊക്കെയോ പല്ലിറങ്ങിയ പാടുകളിൽ നിന്ന് ഒഴുകിയിറങ്ങിയ ചോര മാറിടത്തിലൂടെ ഒഴുകിയിറങ്ങി.ഒരു പാറക്കൂട്ടത്തിനിടയിലേക്ക് എടുത്തെറിയപ്പെട്ടതായി തോന്നിയപ്പോഴേക്കും റേച്ചലിന്റെ ബോധം പതിയെ പോയി തുടങ്ങി.
അലങ്കോലപ്പെട്ട് വരുന്ന തിരമാലകൾക്കിടയിൽ ഇട്ട് അമ്മാനമാടപ്പെട്ട ശേഷം ചുരുട്ടിയെറിയപ്പെട്ട ഉടലിൽ നിന്ന് വേർപെട്ട് കുരുതിയിൽ പ്രീതനായതു പോലെ കറുത്ത രൂപം എഴുന്നേറ്റ് കാവിനുള്ളിൽ അപ്രത്യക്ഷമായി.കാര്യസ്ഥന്റെ മുഖവും സർപ്പത്തിന്റെ ഉടലുമാണതിനെന്ന് അബോധാവസ്ഥയിലും റേച്ചലിന്റെ അന്തർദൃഷ്ടിയിൽ പതിഞ്ഞു. ▮