"എന്താ പേര്?'
അടുത്തിരുന്ന വയസ്സി അമ്മൂമ്മ മാസ്‌ക്കിളക്കി ചോദിച്ചു.
പേര് എന്തായാലെന്താ? നമുക്കിഷ്ടമുള്ള പേരല്ലല്ലോ അച്ഛനും അമ്മയും ഇട്ടു തന്നിട്ടുള്ളത്. അവർ അവരുടെ ആദർശത്തിനും അറിവിനും അനുസരിച്ച് അവർക്കിഷ്ടപ്പെട്ട പേരു തന്നു. അത് നമ്മൾക്ക് ഇഷ്ടമാവണം എന്നില്ലല്ലോ. അപ്പോൾ അറിയാത്തവർ ചോദിക്കുമ്പോൾ നമുക്ക് ഇഷ്ടമുള്ള പേരുകൾ പറയുന്നതിലെന്താണു തെറ്റ്?
"സമുദ്രക്കനി '
അമ്മൂമ്മ ചിരിച്ചു. അവർക്ക് സമുദ്രക്കനിയെ അറിയുമോ ആവോ?
ഞാനിപ്പോൾ എല്ലായിടത്തും സമുദ്രക്കനി എന്ന പേരാണു പറയാറ്! സമുദ്രക്കനിയാ? കേട്ടവർ കണ്ണുരുട്ടി എന്നെ അടിമുടി നോക്കാറുണ്ട്. ആ... നോക്കുന്നവർ നോക്കട്ടെ . സമുദ്രക്കനിയുടെ ഉറച്ച കാൽവെപ്പ്, ഒത്ത ഉയരം, തനി ദ്രാവിഡന്റെ ഇരുണ്ടു ഭംഗിയുള്ള നിറം, ചുഴിഞ്ഞു നോക്കുന്ന ധീരമായ , കനിവുള്ള കണ്ണുകൾ, ഭയമില്ലാത്ത ചലനം. പോരെ? എനിക്കു സമുദ്രക്കനി എന്ന പേരാണിപ്പോൾ ഇഷ്ടം. "പെണ്ണല്ലേ നീ?' എന്നൊന്നും ചോദിക്കണ്ട. സമുദ്രക്കനിയാവാൻ ആണാവണം എന്നൊന്നും ഇല്ല. അല്ലെങ്കിലും സമുദ്രക്കനി എന്ന പേരിൽ എവിടെയാണ് ലിംഗ ചിഹ്നമിരിക്കുന്നത്? കനിക്ക് ആൺ പെൺ ഭേദമുണ്ടോ? സമുദ്രം പെറ്റ കുഞ്ഞ് സമുദ്രം പോലെ ആഴവും പരപ്പും തീയെപ്പോലും വിഴുങ്ങാൻ കെല്പുള്ളയാളും ആവും , മതി എനിക്കിപ്പോൾ സമുദ്രക്കനി ആയാൽ മതി.
സമുദ്രക്കനി ആയതിൽപ്പിന്നേ ഈയിടെയായി ഒന്നിനും ഒരു കൂസലില്ല. വഴിയരികിലെ മരച്ചോട്ടിൽ നിന്ന് ചായ ഊതിക്കുടിച്ചു കൊണ്ട് റോഡിലൂടെ പോകുന്ന വാഹനങ്ങളിലേക്ക് നോക്കും. ചില പയ്യന്മാർ കറുംകണ്ണടവെച്ച് കുതിരപ്പുറത്തിരുന്നു ചാട്ടവീശും പോലെ മുന്നിലേക്കു പുറമൊന്നു കുനിച്ചു പറക്കുന്നുണ്ടാവും. ചിലവന്മാരുടെ മോന്തയിലേക്കു സൂക്ഷിച്ചു നോക്കിയാൽ അവിടെ ചിരി വിരിയുന്നതു കാണാം. (ചിരി, അതു കോവിഡിനും മുമ്പ് ) കോവിഡു വന്നതിൽപ്പിന്നെ ഒറ്റമനുഷ്യരുടെ മുഖം നേരേ ചൊവ്വേ കണ്ടിട്ടില്ല. മാസ്‌കും കണ്ണടയും ഹെൽമെറ്റും ഇട്ടാൽ ഒരു ബഹിരാകാശ സഞ്ചാരി ഫീൽ, അതുമല്ലേൽ, നഗരത്തിലെ ബാങ്കുകൊള്ളയടിച്ചു പോലീസിനെ മലർത്തിയടിച്ചു പറപറക്കുന്ന വീരൻ ... നോക്കി നിന്നു ചായ കുടി കഴിഞ്ഞാൽ ഉന്തുവണ്ടിയിലെ ചേട്ടനു ചായക്കാശുകൊടുത്ത്, കടല വിൽക്കും തമിഴനോടു പത്തു രൂപായ്ക്ക് കടിച്ചാൽ പൊട്ടാൻ വിഷമമുള്ള പച്ചക്കടലയും വാങ്ങി കൊറിച്ചു കൊണ്ട് തടിയൻ മരങ്ങൾക്കു കീഴെ കുറച്ചു ദൂരം നടക്കാം. സൂര്യനെ ആരോ ശപിച്ച് പൂവാക്കിയതാണോന്നു തോന്നും പോലെ നേർത്ത മുടി നാരിതളുകൾ നിറയെ ഉള്ള നടുവിൽ മഞ്ഞക്കണ്ണുള്ള പൂക്കൾ നിലത്തു വീണു കിടക്കുന്നുണ്ടാവും അട്ടിയട്ടിയായി. ചിലതു കരിഞ്ഞ് ആനവാൽ നിറത്തിൽ വട്ടത്തിൽ ഉണങ്ങിക്കിടക്കും.
കുറച്ചു കൂടി മുന്നിലേക്കു നടന്നാൽ ഇരുവശവും പാടമായി, നീണ്ടു കിടക്കുന്ന
റോഡായി. റോഡിനിരുവശത്തും പ്രേമിക്കും പെണ്ണും പെണ്ണിനെ പിൻപറ്റി നട കൊള്ളും പയ്യനും എന്ന പോലെ നിലകൊള്ളുന്ന രണ്ടു വലിയ പൂമരങ്ങൾ. വലതുവശത്തു റോഡിനോടു ചേർന്നു വളർന്നു പടർന്ന മരത്തിൽ നിറയെ ചുവന്ന പൂക്കൾ. അതിനു ചോട്ടിൽ വലിയ മരമില്ല്.
വലിയ വലിയ തടികൾ കുഞ്ഞു മഞ്ഞപ്പലകകളായി മുറിഞ്ഞു വീണു കൊണ്ടേയിരിക്കും. തോരാത്ത കണ്ണീരു പോലെ ചുവന്ന പൂക്കൾ റോഡിലും അട്ടിയിട്ട മരത്തടികളിലും തുള്ളിയായി നിറയെ വീണു കിടക്കും. അവിടേക്കുപോകാതെ പിന്നിലെ, പാടത്തേക്കു ചാഞ്ഞിരിക്കുന്ന പൂമരച്ചോട്ടിലിരുന്നാൽ പാടത്തു നിന്നിടവിട്ടു വീശുന്ന തണുത്ത കാറ്റേറ്റ് അങ്ങനെ എത്ര നേരം വേണമെങ്കിലും ഇരിക്കാം. നിറയെ വെളുത്ത കൊറ്റികൾ തലങ്ങും വിലങ്ങും പറക്കും. നിലത്തെ തുമ്പച്ചെടിയിൽ നിന്നു പൂക്കൾ പറിച്ച്, ഉള്ളംകൈയ്യിൽ നിറയെ ആയാൽ നിവർത്തിപ്പിടിച്ച് പാടത്തേക്കു നോക്കി മെല്ലെ ഊതണം. കൈയ്യിൽ നിന്ന് പാടത്തേക്ക് കൊറ്റികൾ പറക്കുന്നതു കാണാം. ഒരു നിമിഷത്തേക്ക് കൈ പാടമായി പരിണമിക്കും. പക്ഷേ ഒറ്റയ്ക്കിരിക്കാൻ ഒരു രസവുമുണ്ടാകില്ല.
കൂട്ടിനാരേലും വേണം.
ധാരാളം വർത്തമാനങ്ങൾ പറയണം.
കാലിന്മേൽ കാൽ ഏറ്റി വെച്ച് ഓരോമണി കടല വായിലേക്കെറിഞ്ഞ് ആയിടെക്കണ്ട സിനിമാക്കഥയൊക്കെപ്പറഞ്ഞ് രസിച്ചിരിക്കണം. അപ്പോഴൊക്കെ ഒരു കൂട്ട് അത്യാവശ്യം തന്നെ. ഇപ്പഴാണിരിക്കുന്നതെങ്കിൽ പോലീസ് ചെക്കിംഗ് ഉണ്ടാവും. അല്ലേൽ വഴിയേ പോകുന്നവർ നോക്കും ഒളികണ്ണിട്ട് . അതൊന്നും ഗൗനിക്കാതെ ഈയിടെ കണ്ട സിനിമയെക്കുറിച്ച് പറയണം (ഞാനിപ്പോൾ സമുദ്രക്കനിയാണല്ലോ).
ഇപ്പഴാണെങ്കിൽ പുഷ്പയെക്കുറിച്ചു പറയാം.
സമുദ്രക്കനി ആയതിൽപ്പിന്നെ തിയേറ്ററിൽ ഒറ്റയ്ക്കു പോയിക്കണ്ട സിനിമയാണ് പുഷ്പ. എവിടേയും ഒറ്റയ്ക്കു പോവാൻ സമുദ്രക്കനിക്കൊരിക്കലും ഭയം കാണില്ല. അങ്ങനെ ഒറ്റയ്ക്കുപോയി. കോവിഡ് ചിലപ്പോൾ നല്ലതാണ്. മാസ്‌കു വെച്ചാൽ നമ്മുടെ മുഖത്തിപ്പോൾ ഏതു ഭാവമെന്ന് മുന്നിൽ നിന്ന് നോക്കുന്നയാൾക്ക് പിടി കിട്ടില്ല. ഭയമുണ്ടെങ്കിലും ജാള്യതയുണ്ടെങ്കിലും ശൂന്യത ഉണ്ടെങ്കിലും എല്ലാം മാസ്‌കിനകത്തു ഭദ്രം. അടച്ചുപൂട്ടിയ അറയിലിരിക്കും പോലെ ഭദ്രം. ഇടയിൽ സീറ്റുകൾ വിട്ടുവിട്ട് ആളുകൾ ഇരിക്ക കാരണം സീറ്റിനിടയിലൂടെ പാമ്പു നുഴഞ്ഞു വരും പോലെ രോമമുള്ള കൈകൾ ഇഴഞ്ഞു വരുമെന്ന പേടി വേണ്ട. അല്ലെങ്കിലും സമുദ്രക്കനിയായതിൽപ്പിന്നെ ഒന്നിനേയും എനിക്കു പേടിയില്ലല്ലോ. അങ്ങനെ കണ്ട പുഷ്പയെക്കുറിച്ച് ഒരു വേദിയിൽ ഇന്റർവ്യൂവിൽ പറയും പോലൊക്കെപ്പറയാം. കാലിൽ കാലേറ്റി വെച്ച് വലതുവശത്തേക്കു വകഞ്ഞ ചുരുണ്ട തലമുടിയിൽ വിരലോടിച്ച് തലയൊന്നു ചെരിച്ച് ഇങ്ങനെ പറയാം;
"അത് വന്ത്, എൻ പക്കത്തില ഉക്കാന്ത് ഒരു പയ്യൻ പടം പാത്തിട്ടിരുന്താൻ. അടടാ...അവൻ പാക്ക്‌റ പാർവൈ ! അന്ത പാട്ടിര്ക്ക് ല, ഊ... ആണ്ടാ മാമാ മാമാ... ഊ.... ഊ ....... ആണ്ട മാമാ.... അതില ആട്‌റ പൊണ്ണ് അവനോട തൊട മേല യേറി ഉക്കാരുവാ.... അപ്പപ്പാ..യെന്ന ആട്ടം! അത് താൻ അന്ത പടത്തിലേയേ ആർട്ട്. ഒരു ആണും ഒരു പൊണ്ണും തനിയാ, സുകാരിയമാ പഴകും പോത്, സേരും പോത് എപ്പടി ഒരു ആനന്ദം ഉണ്ടാകും തെരിയുമാ.... അത് താൻ, അത് താൻ അന്ത നേരത്ത്‌ല അത് കണ്ണാല പാക്ക്‌റവങ്ക അനുഭവിക്കിറാങ്ക...'
പറയുമ്പോൾ എന്റെ കണ്ണുകൾ പ്രകാശം പൂണ്ട് തിളങ്ങും. മുന്നിലെയാൾ തലയാട്ടും. സമുദ്രക്കനിയായ ഞാൻ പറയുന്നതു കേട്ടു രസിച്ചു ചിരിക്കണം കേൾക്കുന്ന മനുഷ്യൻ.
ആണോ പെണ്ണോ ആരായിരുന്നാലും എന്തുരസമാണാ നിമിഷം!
പക്ഷേ ഇപ്പോൾ സമുദ്രക്കനി ഒറ്റയ്ക്കാണ്.
ഒറ്റയ്ക്ക് റെയിൽവേ സ്റ്റേഷനിൽ ഇരിക്കുന്നു. ദിവസം മുഴുവൻ ഇവിടെയിരുന്ന് വൈകുന്നേരവണ്ടിയിൽ തിരിച്ചു കേറി അടുത്ത സ്റ്റേഷനിൽ ഇറങ്ങി വീട്ടിലേക്കുപോകുന്നു. അതിനിടയിൽ ഒരുപാടു വണ്ടികൾ തെക്കോട്ടും വടക്കോട്ടും പായുന്നു. അതിലെല്ലാം നിറയെ മനുഷ്യർ. വണ്ടികൾ വന്നു പോകുന്നതിനനുസരിച്ച് പൊട്ടിയ ചിതൽപ്പുറ്റിൽ നിന്നിളകിയോടും പോലെ പ്ലാറ്റ്‌ഫോമിൽ ആളുകൾ നിറയുകയും ചിതറുകയും ചെയ്യുന്നു. വലിയ ബാഗേജുകൾ വലിച്ചു കൊണ്ടു ധൃതിപ്പെട്ടോടുമാളുകളെ വെറുതേ നോക്കിക്കൊണ്ടിരിക്കാം. ബൾബിനു ചുറ്റും പറക്കും പാറ്റകളെ നിർവ്വികാരം നോക്കുന്ന പല്ലിയെപ്പോലെ, ഇടയ്ക്കു നാവു നീട്ടരുതെന്നു മാത്രം..! ഓടുന്ന, ഈ ഓടിക്കൊണ്ടിരിക്കുന്ന ഓരോ മനുഷ്യനും ഒരു അറ തീർച്ചയായും എവിടെയൊ ഉണ്ട്. ഉണ്ടാവും. ഉണ്ടായിരിക്കും. അല്ലാതിവർ ഇത്ര ധൃതിവെച്ചിങ്ങനെ പോകുമോ?
ധൃതിവെച്ചു പോകുന്നവരെല്ലാം കാത്തിരിക്കാൻ ആരെങ്കിലുമുള്ളവരാണോ?
തോളിൽ ചാക്കുമായി ചെളി പുരണ്ടുപുരണ്ട് ഇനി മുഷിയാൻ വയ്യെന്ന് തൊഴുതു ചുരുണ്ട തുണിയുടുത്തു ധൃതിയിൽപ്പോകുന്ന ഈ മനുഷ്യനെ ആരെങ്കിലും കാത്തിരിക്കുന്നുണ്ടാവുമോ? അയാൾ ഒരു കുരങ്ങിൻ കുഞ്ഞിനെ മനുഷ്യക്കുഞ്ഞിനെയെന്ന പോലെ കളിപ്പിച്ചിരിക്കുന്നത് ഒരിക്കൽ ഞാൻ കണ്ടിട്ടുണ്ട്. മടിയിൽക്കിടക്കുന്ന കുരങ്ങിൻ കുഞ്ഞിന്റെ മുഖം രണ്ടു കൈ കൊണ്ടും വാരിയെടുത്ത് അതിന്റെ കണ്ണുകളിലേക്കു തന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്, വട്ടക്കണ്ണുകൾ മിഴിച്ച് കുരങ്ങിൻ കുഞ്ഞ് അത്ഭുതത്തോടെ അയാളെത്തന്നെ തിരിയെ നോക്കുന്നത്... അന്ന് എത്ര നേരം നോക്കിയിരുന്നെന്ന് ഒരു പിടിയും ഇല്ല.
കൂടെ ഒരു കുരങ്ങിൻ കുഞ്ഞു പോലുമില്ലെങ്കിലും ഒറ്റയാണെന്ന തോന്നലില്ലാതെ ആനന്ദിച്ചു ജീവിക്കാൻ വേറൊരു വഴിയുണ്ട്.
സ്‌കൂട്ടിയിൽ കേറിയിരുന്ന് (തലയിൽ തിളങ്ങുന്ന നല്ല നീലപ്പച്ച ഹെൽമെറ്റ് വെക്കണം)അനന്തമായി ഓടിച്ചു പോവുക ... എവിടെ എന്നൊന്നുമില്ല. ഓടിച്ചങ്ങനെ പോവണം.
കുതിരാനിലെ പുതിയ തുരങ്കം എന്നോർത്തുകൊണ്ട് ഒരു നീലക്കോളാമ്പിപ്പൂവിലേക്ക് സ്‌കൂട്ടി ഓടിച്ചു കയറ്റണം. അതിന്റെ ഉൾഭാഗം തീർച്ചയായും വിജനമായിരിക്കും. മഞ്ഞയോ ചുവപ്പോ വെളിച്ചത്തിനു പകരം നീല വെളിച്ചം ചുറ്റും പരക്കുന്നുണ്ടാവും.ചിലപ്പോൾ തേൻ കുടിക്കാൻ കയറിയ രണ്ടോ മൂന്നോ ഉറുമ്പുകൾ കാണുമായിരിക്കും. അവയോടൊന്നും കുശലം പറയാൻ നിൽക്കാതെ പൂവിന്റെ നീണ്ട തണ്ടിലൂടെ ഒരു കടൽപ്പാലത്തിനു മുകളിലൂടെന്നവണ്ണം വണ്ടിയോടിച്ചോടിച്ചു പോവണം. പൂമണം മൂക്കിൽ പരക്കും. എതിരിൽ വാഹനങ്ങളൊന്നും വരില്ല. കടൽപ്പാലത്തിനുമോളിൽ ഇടയ്ക്കു പെയ്യും ചാറ്റൽ മഴ പോലെ തേൻ പൊഴിയുമായിരിക്കും! വഴിയിൽ വണ്ടി നിർത്തി, കണ്ണടച്ചു വായതുറന്ന് തേൻ കുടിക്കണം, മഴ കുടിക്കും പോലെ.
"എന്താടീ ക്രോസ്സ് ചെയ്യാതെ .... പൂറും.... കുത്തിയിരിക്കുന്നത്?'
ഒരു സെക്കന്റു വേണ്ടി വന്നു, എന്താണവൻ പറഞ്ഞതെന്നു വെളിച്ചം വീഴാൻ. പണ്ട് കുഞ്ഞായിരുന്നപ്പോൾ ഇതുപോലെ വേറൊരുത്തൻ പറഞ്ഞിട്ടുണ്ട്. കാലുകൾ തുടങ്ങുന്നിടത്തു നോക്കി ‘പൂറു.. നായ നക്കിയതു പോലുണ്ടല്ലോന്ന്....' (വായക്കുമേൽ ആരോ ഇരുമ്പുതാഴ് കേറ്റിയ പോലെ അടഞ്ഞു പോയിരുന്നു അന്ന് മുഖവും മനസ്സും).
രക്തം തിളച്ചു, ഒരു നിമിഷം സ്തംഭിച്ചു പോയി.
പൂവിനുള്ളിൽ നിന്നല്ല. എന്റെ തൊട്ടടുത്ത് നിന്ന്, വേറാരും കേൾക്കാതെ ശബ്ദം കുറച്ച് പറഞ്ഞ് ധൃതി വെച്ചു നടന്ന് എന്നെ കടന്നുപോയിരിക്കുന്നു.
നോക്കി, നീളം കുറഞ്ഞ്, ലുങ്കി ചുറ്റി, കണ്ണു ചുവന്ന് തലമുടി ചുരുണ്ടൊരുത്തൻ! മുഖം കരുവാളിച്ചിരിക്കുന്നു. വണ്ടി റോട്ടിൽത്തന്നെ നിറുത്തി. പിന്നാലെ ഓടി, മുന്നിൽക്കയറി നിന്നു . കൈ നീട്ടി വഴി തടഞ്ഞു.
"എന്താണ് താനെന്താ പറഞ്ഞത്? കണ്ണുകൾ ചക്രം പോലെ കറങ്ങുന്നുണ്ടെന്നു തോന്നി. അവന്റെ മുഖത്തിനു നേരെ ചൂണ്ടിയ കൈകൾ ഇരുമ്പാണി പോലെ ! ഇരുമ്പാണിയാലേ കുത്തി അവന്റെ കണ്ണുകൾ പുറത്തെടുക്കണം എന്നു തോന്നി. "എന്താ താനെന്താ എന്നോടു പറഞ്ഞത്? ഇനി താനാരോടെങ്കിലും ഇങ്ങനെ പറയോ? പറയുമോന്ന് ..... ഇനി ആരോടെങ്കിലും ഇതു പോലെ വൃത്തികേടു പറഞ്ഞാൽ അടിച്ചു ശരിപ്പെടുത്തും, മനസ്സിലായോ?' ചുറ്റും കൂടി കൂടി വരുന്ന ആളുകൾ ,
അവർ ചോദിക്കുന്നു
"എന്താ പ്രശ്‌നം?'
"എന്താ പ്രശ്‌നം?'
അവനും ചോദിക്കുന്നു.
"താനെന്നോട് എന്തെടോ പറഞ്ഞത്?''
"എന്താ പറഞ്ഞത് പറ '
"താൻ വൃത്തികേടു പറഞ്ഞില്ലേ?'
എന്താ പറഞ്ഞത്
ആളുകളും ചോദിക്കുന്നു; അവർ അതൊന്നു കൂടി കേൾക്കാൻ (കേട്ട് രസിക്കാൻ? ) ആകാംക്ഷപ്പെട്ട് എന്നെ തന്നെ ഉറ്റുനോക്കുന്നു.
"പറയടോ താനെന്നോടു പറഞ്ഞത് ഇവരോടു പറയെടോ'
"എന്തെടീ'... ഒരലർച്ച! കഴുത്തിൽ ആഴത്തിൽ വേദന! കൈകൾ കഴുത്തിലേക്കമർത്തുമ്പോൾ കൈയിലൂടൂർന്നു വീഴുന്ന ചോര.. ചിതറുന്ന ആളുകൾ. മൊബൈലുകളുയർത്തി അടുക്കുന്ന ആൾക്കൂട്ടം! മൂർച്ചക്കത്തി പോലെ അവന്റെ ചിരി (അതിലും ചോര പുരണ്ടിട്ടുണ്ടോ?)
താഴേക്കുർന്നു വീഴുന്നത് ചെടിയിലിരുന്നു മടുത്ത പൂവ് വാടി നിലത്തേക്കു വീഴും പോലെ തന്നെ. എനിക്കു ചുറ്റും ഇപ്പോൾ പരക്കുന്നത് നീലരക്തമായിരിക്കുമോ? അതിൽച്ചവിട്ടി പോലീസു വന്നു പേരു ചോദിക്കുമ്പോൾ ഞാൻ പൂവെന്നോ സമുദ്രക്കനി എന്നോ അതോ മറ്റേതോ ഒരു പേരാണോ പറയുക?
സമുദ്രക്കനിയെങ്കിൽ ഇങ്ങനെ മുറിവേറ്റു നടുറോട്ടിൽ ചോരയിൽക്കിടക്കുമോ?
ഇല്ല.
എന്റെ പേര്
സന്ധ്യ എന്നു തന്നെ! ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.