ചിത്രീകരണം : ദേവപ്രകാശ്

കന്യാസ്ത്രീയുടെ മരണം

ന്യാസ്ത്രീ, എന്റെ പപ്പയുടെ പെങ്ങൾ, അമ്മിണിക്കൊച്ച, കുഴഞ്ഞുവീണു മരിച്ചു.

മഠത്തിൽനിന്ന് ആ വിവരം വിളിച്ചറിയിച്ച കന്യാസ്ത്രീ പറഞ്ഞുതീരും മുമ്പ് ഒരുമാതിരി കൊള്ളിവെച്ച ചോദ്യം ചോദിച്ചു, എന്റെ പപ്പ.
‘‘ആരാണ് അവസാനം അടുത്തുണ്ടായിരുന്നത്? അവരെ വിളിക്കൂ.''

ചോദ്യമല്ല, ചോദിച്ച രീതി പ്രശ്‌നമായിരുന്നു.
ആരാണ് കന്യാസ്ത്രീയെ കൊന്ന് കെട്ടിത്തൂക്കിയത് എന്ന് ചോദിക്കുംപോലെയാണ് എനിക്കുതോന്നിയത്.

സീസറിന്റെ ഭാര്യയുടെ കാര്യം പറഞ്ഞതുപോലെ, കന്യാസ്ത്രീ മഠങ്ങളിലെ മരണങ്ങൾ സംശയാതീതമായിരിക്കണമല്ലോ.

ദുഃഖത്തേക്കാളധികം എന്റെ പപ്പയുടെ മുഖത്തുകണ്ടത്, കോപം.

മരണസമയത്ത് അമ്മിണിക്കൊച്ചയുടെ അടുത്തുണ്ടായിരുന്ന കന്യാസ്ത്രീ ഫോണിൽ വന്നു.

‘‘സിസ്റ്ററേ, അവസാനമായി ബെനഡിക്ടാ എന്താ പറഞ്ഞത്?''
‘‘നേരം വെളുത്തോ എന്ന് ചോദിച്ചു.''

അത് സമർഥിക്കാൻ ദൃക്‌സാക്ഷിയും അനുഭവസ്ഥയുമായ മറ്റൊരു കന്യാസ്ത്രീക്ക് ഫോൺ കൈമാറ്റം ചെയ്യപ്പെട്ടു. അവർ വിശദീകരിച്ചു: ‘‘ബെനഡിക്ടാമ്മക്ക് ഒരു പ്രശ്‌നോം ഒണ്ടാരുന്നില്ല, കേട്ടോ. ഇന്നലെ രാത്രി എന്നാ കളിയും ചിരിയുമാരുന്നു! മഠത്തില് ഫീസ്റ്റാരുന്നേ. ബെനഡിക്ടാമ്മേടെ പിള്ളേര് പത്തുമുപ്പതെണ്ണം, അതുങ്ങളെല്ലാം കൂടെ പാട്ടും കൂത്തും മിമിക്രീമാരുന്നു. ബെനഡിക്ടാമ്മ അതുങ്ങടെ കൂടെ എന്നാ ഡാൻസാരുന്നു! രണ്ട് വയസ്സുള്ള പുതിയ കൊച്ചിനെ ഒക്കത്ത് വെച്ചാരുന്നു, കളി. ഇച്ചിര വൈകിയാ ഒറങ്ങാൻ കെടന്നേ. എന്നാലും പള്ളീപ്പോവാന്നേരത്ത് എണീച്ച് വന്നു. പല്ല് തേച്ച് മൊഖോം കഴുകിയേച്ച് കട്ടൻകാപ്പിയെടുക്കാൻ വന്നതാരുന്നേ. നെഞ്ചിലൊരു പിടുത്തം ന്നും പറഞ്ഞ് തറേലോട്ട് കൊഴഞ്ഞ് വീഴുകാരുന്നു. അന്നേരം തന്നെ ഞങ്ങള് ആശുപത്രീക്കൊണ്ടുപോയാരുന്നു. ഞാൻ തന്നെയാ ആംബുലൻസസോടിച്ചേ. ആംബുലൻസീവെച്ചാ നേരം വെളുത്തോന്ന് ചോദിച്ചേ. പൾസ് നോക്കിയപ്പം ഡോക്ടറ് അമ്മ പോയേന്ന് പറഞ്ഞു. എന്നാ ചെയ്യാനാ! നമ്മുടെ സ്‌നേഹം കൊണ്ടും ദുഃഖം കൊണ്ടും മരണത്തെ തടയാനൊക്കത്തില്ലല്ലോ. ബ്രദറിന്റെ കാര്യം ബെനഡിക്ടാമ്മ എപ്പഴും പറയുവാരുന്നു. കരയുവാരുന്നു.''

പപ്പ ഫോൺ വെച്ചു.
‘കന്യാസ്ത്രീ ചതിച്ചെടീ'', പപ്പ മമ്മയോട് പറഞ്ഞു.

മരണം ചതിയാണെന്നാണോ പപ്പ ഉദ്ദേശിച്ചശതന്ന് എനിക്ക് മനസ്സിലായില്ല.

മൂത്ത പെങ്ങൾ ആലീസിന്റെ മരണത്തെപ്പറ്റി പപ്പ പറഞ്ഞത്, ‘രക്ഷപ്പെട്ടു' എന്നാണ്.

അത് ശരിയായിരിക്കാം. ആലീസമ്മായിക്ക് തൊണ്ണൂറ്റിരണ്ട് വയസ്സുണ്ടായിരുന്നു. കിടന്ന് നരകിച്ചിരുന്നു. ബെഡ് സോർ വന്ന് ദേഹം അങ്ങിങ്ങ് പഴുത്തു പൊട്ടിയിരുന്നു. എങ്ങനെയെങ്കിലും മരിച്ചുകിട്ടിയാൽ മതിയെന്ന് ആലീസമ്മായി ഒഴിയെ എല്ലാവരും ആഗ്രഹിച്ചിരുന്നു.

ക്യാമറയുടെ കണ്ണുവെട്ടിച്ച് 100- 110ൽ നാഷനൽ ഹൈവേയിലൂടെ പായുമ്പോൾ പപ്പയുടെ ആത്മഗതം ഞാൻ കേട്ടു, ‘‘അത് മഠക്കാര് കൊണ്ടുപോവുന്ന് ഒറപ്പായി.''

‘അത്' എന്താണെന്ന് ഞാൻ ചോദിച്ചില്ല. ദുഃഖമുണ്ടെങ്കിലും ഇല്ലെങ്കിലും സന്ദർഭത്തിന് ചേർന്ന ചോദ്യമാവില്ലത്.

അമ്മിണിക്കൊച്ചയുടെ മരണം എന്നെ ബാധിച്ചോ? സംശയമാണ്. ആലീസമ്മായിയുടെ മരണം, സംശയമില്ല, എന്നെ ബാധിച്ചില്ല.

കൊച്ചയെ ഞാൻ അവസാനം കണ്ടത് ആലീസമ്മായി മരിച്ച ദിവസമാണ്. അമ്മായിയുടെ ഡെഡ്‌ബോഡിക്കരികിൽ ഇരിയ്ക്കുന്നതായിട്ട്. അതിവിശലാമായ ഹാളിൽ ആലീസമ്മായിയുടെ ബോഡിയും കൊച്ചയും മാത്രം. കൊച്ച നിശ്ചലം ഇരിക്കുന്നു. ചുവന്ന കസേരകൾ ചുറ്റിലും നിരന്നുകിടക്കുന്നു. ഒന്നിലും ആരുമിരിയ്ക്കാതെ. അതിലിരിക്കേണ്ട സ്ത്രീകൾ പലപല മുറികളിൽനിന്ന് പിറുപിറുക്കുന്നതും ചിരിയ്ക്കുന്നതും കുട്ടികളെ ശാസിക്കുന്നതുമൊക്കെ ഹാളിൽ പ്രാർഥനകളുടെ പാശ്ചാത്തലത്തിൽ കേൾക്കാം.

അകത്തുകടന്നതും എന്റെ മമ്മ ദുഃഖിക്കാൻ തുടങ്ങി. കൊച്ച അത് ശ്രദ്ധിച്ചില്ല. പപ്പയെയാകട്ടെ കൊച്ച കണ്ണുയർത്തി നോക്കിയതുപോലുമില്ല. കൊച്ച നിശ്ചലം ഇരുന്നു. താനൊരു കരിങ്കൽത്തൂണാണെന്ന മട്ടിൽ. അൽപനേരം ചുറ്റിപ്പറ്റി നിന്നിട്ട് പപ്പ, പുറത്ത് ആണുങ്ങളുടെ ഇടയിലേയ്ക്കും, മമ്മ അകത്ത് വർത്തമാനക്കാരികളുടെ ഇടയിലേക്കും പോയി. വീണ്ടും ആലീസമ്മായിയുടെ ബോഡിയും അമ്മിണിക്കൊച്ചയും മാത്രമായി. അല്ല; ഇപ്പോൾ എന്തുവേണമെന്ന് നിശ്ചയമില്ലാതെ പരുങ്ങുന്ന ഞാനുമുണ്ട്.

കൊച്ചയ്ക്ക് ദുഃഖമുണ്ടോ? ഞാൻ സൂക്ഷ്മനിരീക്ഷണം നടത്തി. ദുഃഖിക്കേണ്ട കാര്യമില്ല. ആലീസമ്മായിക്കുണ്ടായിട്ടുള്ളത് ദുരിതമോചനമാണ്. മരണം ഒരു നല്ല കാര്യം ചെയ്തിട്ട് നന്ദിവാക്ക് കേൾക്കാൻ നിൽക്കാതെ മുറ്റത്തിറങ്ങിനിൽക്കുന്നു. സീഡിപ്രാർഥനകളും മരണപ്പാട്ടുകളും നിർവികാരം കേൾക്കുന്നു.
എങ്ങോട്ട് രക്ഷപ്പെടണമെന്ന് ഞാൻ ഉൽക്കണ്ഠപ്പെടുമ്പോൾ ആലീസമ്മായിയുടെ മുഖത്തുനിന്ന് കണ്ണെടുത്ത് കൊച്ച എന്നെ കൈകാട്ടി വിളിച്ചു. ആ ജെസ്ചറിന്, പറയാതെ വയ്യ, ഒരു ഭംഗിയുമുണ്ടായിരുന്നില്ല. ഇഷ്ടമില്ലെങ്കിലും എനിക്ക് വേറെ നിവൃത്തിയുണ്ടായിരുന്നില്ല. അടുത്തിരിയ്ക്കാൻ കൊച്ച ആംഗ്യം കാണിച്ചു.
പാതി ചന്തി കൊണ്ട് ഞാൻ ഇരുന്നു. കൊച്ച എന്റെ കൈപിടിച്ചു. കടുത്ത പനിയുള്ളപോലെ ആ കൈകൾ പൊള്ളി.

‘‘നിന്റെ പപ്പയ്ക്ക് കേസൊക്കെയുണ്ടോ?''
എനിയ്ക്കറിയാത്ത കാര്യമായതുകൊണ്ട് ഞാൻ മിണ്ടാതിരുന്നു.

‘‘എന്നെപ്പറ്റി നിന്റെ പപ്പ സംസാരിയ്​ക്കാറുണ്ടോ?''
അത് ചെറിയൊരു നുണ പറയേണ്ട വിഷയമാണെന്ന് എനിയ്ക്കുതോന്നിയതുകൊണ്ട് ഞാൻ ഇല്ലെന്നു തലയാട്ടി.

കൊച്ചയുടെ പിടി മുറുകി. പൊള്ളുന്നു! എങ്ങനെയെങ്കിലും ആ പനിക്കൈയിൽനിന്ന് രക്ഷപ്പെടണമെന്ന് എരിപൊരി കൊള്ളുമ്പോൾ ബാബു കുരിയൻ കടന്നുവന്നു.
ബാബു കുരിയൻ ആലീസമ്മായിയുടെ രണ്ടാമത്തെ മകനാണ്.
‘‘എളേമോ, മഠത്തീന്ന് അമ്മമാര് എത്തീട്ട്ണ്ട്'', ബാബു കൊച്ചയോട് പറഞ്ഞു.

പെട്ടെന്ന് എന്റെ കൈയുപേക്ഷിച്ച് കൊച്ച ചാടിയെഴുന്നേറ്റു.
‘‘എല്ലാവരോടും ശവത്തിന്റടുത്തുവന്നിരിയ്ക്കാൻ പറയ്'', അവർ കൽപ്പിച്ചു. ബാബു കുരിയൻ അകത്തേക്കും പുറത്തേക്കും ഓടി.

‘‘നീയെന്താ സ്വർണമാല ഉടുപ്പിന്റകത്ത് പുത്തിവെച്ചേക്കണേ? എടുത്ത് പുറത്തിട്.''
കൊച്ച തന്നെ എന്റെ സ്വർണമാല വലിച്ചുപുറത്തിട്ടു. അതിന്റെ പെൻഡഡ് എന്റെ നെഞ്ചത്ത് മലർത്തിവെച്ചു. എനിയ്ക്ക് തടയാൻ കഴിഞ്ഞില്ല. മൂക്കുചീറ്റലിന്റെ അകമ്പടിയോടെ പിന്നിൽനിന്ന് ഒരു നീണ്ട തേങ്ങൽ പുറപ്പെട്ടു. ഞാൻ തിരിഞ്ഞുനോക്കി.

കസേരകൾ നിറഞ്ഞുകവിഞ്ഞ് ദുഃഖവും കണ്ണീരും മൂക്കളയും ഇരിയ്ക്കുന്നതുകണ്ടു.
കൊച്ചയുടെ മഠത്തിൽനിന്നുവന്ന കന്യാസ്ത്രീകൾ ഒരു റോസാപ്പൂ കിരീടം ആലീസമ്മായിയുടെ ശിരസ്സിൽ വെചചു. അതോടെ ഒരു പൂനിഴലിനകത്ത് അമ്മായിയുടെ മുഖം മറയ്ക്കപ്പെട്ടു.

കന്യാസ്ത്രീകൾ പ്രാർഥനാപുസ്തകം നിവർത്തിയപ്പോൾ എനിയ്‌ക്കൊരു വിറയലുണ്ടായി. ഒളികണ്ണിട്ട് ഞാൻ കൊച്ചയെ നോക്കി. കൊച്ച വീട്ടിലുള്ള ദിവസം സന്ധ്യാപ്രാർഥനയുടെ നേരമാകുമ്പോൾ കുടുംബപ്രാർഥനാ പുസ്തകം തെരയൽ, എനിയ്‌ക്കൊരു ഭീകരാനുഭവമായിരുന്നു. ആലീസമ്മായിയുടെ വീട്ടിൽ അതിന്റെ ആവശ്യം വന്നില്ല. പ്രാർഥനാപുസ്തകവും ബൈബിളുമൊക്കെ കൈയെത്തിച്ചാൽ കിട്ടുന്നിടത്തുണ്ട്.

കന്യാസ്ത്രീകൾ മരണപ്രാർഥന ചൊല്ലാൻ തുടങ്ങിയപ്പോൾ, ആകാവുന്നത്ര ഉറക്കെ, പ്രത്യേകിച്ചും പള്ളിയിൽപ്പോക്കുകാരികൾ പാടാനും പ്രാർഥിക്കാനും തുടങ്ങി.

‘‘അതൊന്താ ബോഡി തറവാട്ടിൽ വെയ്ക്കാതിരുന്നത്? ഞങ്ങൾ ആദ്യം അവിടേയ്ക്കാ പോയത്'', കന്യാസ്ത്രീകൾ ചോദിച്ചു.

‘‘തറവാട്ടീക്കെടന്നാ മരിച്ചേ. എറങ്ങിപ്പോകുന്നത് ഏറ്റവും വലിയ വീട്ടിൽനിന്നായിരിയ്ക്കണമെന്ന് ആലീസേച്ചി പറഞ്ഞുവെച്ചിട്ടുണ്ടായിരുന്നു. ഇത് രണ്ടാമത്തെ മോന്റെ വീടാ'', അമ്മിണിക്കൊച്ച വിശദീകരിച്ചു.

മൃതിയിലും മഹിളകൾ മറക്കാ മാനം എന്ന് മലയാളം ക്ലാസിൽ പഠിച്ച വരികൾ ഞാൻ ചുരുട്ടിക്കൂട്ടിയെറിഞ്ഞു. ഇത് അതിലും കൂടിയ എന്തോ ആണ്.
ശവമടക്ക് കഴിഞ്ഞ് വന്ന് എല്ലാവരും ഭക്ഷണം കഴിയ്ക്കാനിരിക്കുമ്പോൾ പപ്പാ ഒരു ചോദ്യമെടുത്തിട്ടു; ‘‘ആ എൺപത് സെൻറ്​ അമ്മിണി എന്താ ചെയ്യാൻ പോണേ? എന്തെങ്കിലും തീരുമാനായോ?''

‘‘അത് തീരുമാനിച്ചുകഴിഞ്ഞതല്ലേ? എനിയ്ക്കുള്ളതൊക്കെ മഠത്തിനുള്ളതാണ്.''
‘‘പ്രാന്ത്!'' പപ്പ കൈകടുത്ത് എണീറ്റ് പോയി. കൊച്ച നിശ്ശബ്ദം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. സത്യത്തിൽ അപ്പോഴാണ് ‘മരണവീട്ടിലെ നിശ്ശബ്ദത' ഉണ്ടായത്.

‘‘ജീവിതകാലം സമ്പാദിച്ചതുമുഴുവൻ എളേമ മഠത്തിന് കൊടുത്തില്ലേ?''
ബാബു കുരിയൻ ചോദിച്ചു.

‘‘ജീവിതകാലം മുഴുവൻ ഞാൻ മഠത്തീന്ന് തിന്നില്ലേ?'' അമ്മിണിക്കൊച്ച ഒരു മുന്തിരിമണി വായിലേയ്ക്കിട്ടു.

‘‘തറവാട്ട് സ്വത്ത് കൊടുക്കണോ ആന്റീ?'' ജെയ്‌സൺ- മരിച്ചുപോയ ചാക്കോ എളേപ്പന്റെ മകൻ- ചോദിച്ചു.

‘‘അത് തറവാട്ട് സ്വത്തല്ല ജെയ്‌സാ, എന്റെ സ്വത്താ. എന്റെ സ്വത്ത് എന്റെ ഇഷ്ടത്തിന് വ്യവഹാരം ചെയ്യണേന് നിങ്ങളെന്തിനാ വെഷമിയ്ക്കണേ?''

പിന്നെ അതിന്മേൽ സംസാരമൊന്നും ഉണ്ടായില്ല. അവരവരുടെ പിറുപിറുക്കലുകളുമായി എല്ലാവരും പിരിഞ്ഞുപോയി.

കിടക്കാൻ പോകുമ്പോൾ കൊച്ച എന്നെ നോക്കിപ്പറഞ്ഞു, ‘‘നാളെ നേരത്തെ എണീറ്റോളണം. എന്റെ കൂടെ പള്ളിലേയ്ക്ക് വരണം. കുർബാന കഴിഞ്ഞാൽ, അവിടന്നന്നെ ഞാൻ തിരിച്ചുപോകും. എന്നെ റെയിൽവേ സ്‌റ്റേഷനിൽ വിട്ടാമതി. പാസഞ്ചറുണ്ട്.''
‘‘എന്തിനാ പാസഞ്ചറില് പോണേ? ഞാൻ കാറില് വിടാം'', നിർമലചേച്ചി പറഞ്ഞു.
‘‘വേണ്ട.''
‘‘ബ്രേക്ക്ഫാസ്റ്റ്?''
‘‘വേണ്ട.''

അമ്മിണിക്കൊച്ച കോണിപ്പടി കേറിപ്പോകുന്നത് നിരാശേയാടെ, അമർഷത്തോടെ ഞാൻ നോക്കിനിന്നു. എത്ര ആളുകളുണ്ടീ വീട്ടിൽ! എന്റെ തലയിൽ തന്നെ ദുർവിധി വന്നു വീഴണോ? നാളത്തെ എന്റെ പ്രഭാതം എത്ര ഭയങ്കരമായിരിക്കും? ഏതുവേഷം ധരിച്ചാലും കൊച്ചയ്ക്ക് പിടിക്കില്ല. എങ്ങനെ മുടി കെട്ടിയാലും പിടിയ്ക്കില്ല. ഏതു ചെരുപ്പിട്ടാലും പിടിയ്ക്കില്ല. സ്വർണമാലയും വളയും മോതിരവും ഇട്ടോളണം. എല്ലാം കഴിഞ്ഞ് ഇറങ്ങുമ്പോൾ നേരം വൈകിയതിന് ശകാരമുണ്ടാകും, ‘‘പാതി കുർബാനയാണോടീ നിങ്ങളൊക്കൊ കാണുന്നേ?''

ആളൊഴിഞ്ഞ ഒരു ചെറിയ റെയിൽവേ സ്‌റ്റേഷനിൽ, പ്ലാറ്റ്‌ഫോമിന്റെ അങ്ങേയറ്റത്ത് ഒരു ഉങ്ങുമരത്തിന്റെ ചോട്ടിൽ പൊട്ടിപ്പൊളിഞ്ഞ സിമന്റുബെഞ്ചിൽ അമ്മിണിക്കൊച്ച പാസഞ്ചർ വണ്ടി കാത്തിരുന്നു. നീല നിറമുള്ള ഒരു തുണിസഞ്ചി അടുത്തുണ്ട്. അവിടെയാണ് ഞാൻ കൊച്ചയെ വിട്ടിട്ട് പോന്നത്.

‘‘സിസ്​റ്റർ ചെലപ്പോ വിൽപ്പത്രം എഴുതിവെച്ചിട്ടുണ്ടാകും'', മമ്മ പറഞ്ഞു.

‘‘ഉവ്വ! വായും പൊളിച്ചിരുന്നോ!'' പപ്പ ദേഷ്യപ്പെട്ടു.

ഞങ്ങൾ മഠത്തിലേക്കുള്ള വഴി തിരിയുകയായിരുന്നു.
‘‘ദേ, കൊച്ചയുടെ ഫ്‌ളക്‌സ്'', ഞാൻ പറഞ്ഞു. വഴിയുടെ ഓരോ വളവിലും സി. ബെനഡിക്ടയുടെ ഫ്‌ളക്‌സുകൾ സ്ഥാപിച്ചിരുന്നു. ആളുകൾ നിശ്ശബ്ദം വരിവരിയായി നടന്നുപോകുന്നുണ്ടായിരുന്നു. ചാപ്പലിൽ നിന്നുള്ള മണിമുഴക്കം ഇടവിട്ട് കേട്ടുകൊണ്ടിരുന്നു.

കൂട്ടമായി ഇളകിവരുന്ന പെൻഗ്വിനുകളെപ്പോലെ ഒരു കൂട്ടം കന്യാസ്ത്രീകൾ ഞങ്ങളുടെ കാറിനടുത്തേയ്ക്കുവന്നു.

‘‘ഇത് ബെനഡ്ക്ടാമ്മേടെ ബ്രദറ്. ഇത് നാത്തൂൻ. ഇത് കൊച്ച്. എൻട്രൻസ് കോച്ചിംഗിന് പോവ്വാ. ഇതിന്റെ കാര്യാ എപ്പഴും പറയാറുള്ളത്. വല്യ ജീവനായിരുന്നു...''

കന്യാസ്ത്രീകൾ പരസ്പരം ഞങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടിരുന്നു.
കൈകളിൽ ഓരോ റോസാപ്പൂവുമായി കുറെ കുട്ടികൾ വരിവരിയായി നടന്നുവന്നു. പാകമാകാത്ത ഉടുപ്പുകൾ, പാകമാകാത്ത ചെരിപ്പുകൾ, നിത്യവിഷാദമാർന്ന കണ്ണുകൾ.

‘‘ബെനഡിക്ടമ്മയുടെ മക്കളാ'', കന്യാസ്ത്രീകൾ പരിചയപ്പെടുത്തി.

മഠത്തിന്റെ ചാപ്പലിൽ കന്യാസ്ത്രീകൾക്കുമാത്രം കഴിയുന്ന അലങ്കാരപ്പെടുത്തലുകളോടെ അമ്മിണിക്കൊച്ച മൊബൈൽ മോർച്ചറിയിൽ കിടന്നിരുന്നു. പകപ്പോടെ കടന്നുവന്ന് നാലുചുറ്റും നോക്കി, സ്വന്തം റോസാപ്പൂ, ചില്ലു പൊട്ടിച്ച് മീതെ വെച്ച് കുട്ടികളോരോരുത്തരും അതേ പകപ്പോടെ പുറത്തേയ്​ക്കുപോയി.

കോർത്തുപിടിച്ച കൈകളിൽ കുരുങ്ങിക്കിടക്കുന്ന കൊന്തയിൽ എന്റെ കണ്ണുടക്കിനിന്നു.

ആ കൈകൾ ചുട്ടുപൊള്ളുന്നത് എന്റെ ഉള്ളംകൈയിലാണ്. ▮


സാറാ ജോസഫ്

കഥാകൃത്ത്, നോവലിസ്റ്റ്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകരിൽ ഒരാൾ. പാപത്തറ, ഒടുവിലത്തെ സൂര്യകാന്തി (കഥാ സമാഹാരം), ആലാഹയുടെ പെൺമക്കൾ, മാറ്റാത്തി, ഒതപ്പ്, ആതി, ബുധിനി (നോവലുകൾ) തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments