ഷഫീക്ക് മുസ്തഫ

രോമാഞ്ചം

രിക്കൽ ഒരു ഇന്റർവ്യൂവർ എന്നോടു ചോദിച്ചു: ‘സാറിന്റെ ജീവിതത്തിൽ എന്തിനോടാണ്, ആരോടാണ് അസൂയ തോന്നിയിട്ടുള്ളത്, അല്ലെങ്കിൽ അസൂയ തോന്നുന്നത്?

ചിന്തിക്കേണ്ട ആവശ്യമേ ഇല്ലായിരുന്നു, ഞാൻ പറഞ്ഞു; നല്ലയിനം താടി ഉള്ളവരോട്.

“നല്ലയിനം എന്നു പറയുമ്പോ..?’’

“നല്ല മൊഞ്ചുള്ള..”

“സോറി സാർ, മൊഞ്ചുള്ള എന്നു പറയുമ്പോൾ..?’’

“എന്നു പറഞ്ഞാൽ, കാണാൻ നല്ല സുന്ദരമായ, അസൂയ തോന്നുന്ന തരത്തിലുള്ള..”

രണ്ടു കൈകളിലും ഓരോ തണ്ണിമത്തൻ ഇരിക്കുമാറ് കൈകൾ ഉയർത്തി വിരലുകൾ വിടർത്തി ആംഗ്യങ്ങളിലൂടെ ഞാൻ വിവരിക്കുവാൻ ശ്രമിച്ചു. ഇന്റർവ്യൂ ചെയ്യുന്ന പെണ്ണ് കണ്ണുമിഴിച്ചു.

‘നല്ല താടി’ എന്നു പറഞ്ഞാൽ അത് ഊഹിക്കാൻ കഴിവില്ലാത്ത ആളുകൾ ഭൂലോകത്തുണ്ടല്ലോ എന്നെനിക്ക് അത്ഭുതം തോന്നി. ഇന്റർവ്യൂ ചെയ്യുന്നയാൾ ഒരു പയ്യനായിരുന്നെങ്കിൽ ഒരുപക്ഷേ അവന് മനസ്സിലാകുമായിരുന്നു. ഈ പെണ്ണിന് ‘നല്ല സുന്ദരൻ താടി’യെപ്പറ്റി യാതൊരു ഐഡിയയുമില്ല. ഒരുപക്ഷേ, സിനിമക്കാർ കുത്തിവെച്ച സൗന്ദര്യബോധമായിരിക്കും ഇന്റർവ്യൂവറെ ഭരിക്കുന്നത്. നസീർ മുതൽ ദുൽഖർ സൽമാൻ വരെ നീണ്ടുകിടക്കുന്ന നായകനിരകളിൽ ആർക്കും താടിയില്ലല്ലോ.

ഇന്റർവ്യൂവറെ കാര്യം ബോധിപ്പിക്കാതിരുന്നാൽ ശരിയാവില്ല. പിന്നീട് വീട്ടിൽ പോയിരുന്ന് വേറേ എന്തെങ്കിലുമൊക്കെ എഴുതിപ്പിടിപ്പിക്കും. അവരെ അവിടെ ഇരുത്തിയിട്ട് ഞാൻ അകത്തുചെന്ന് ഒരു ഫോട്ടോ എടുത്തുകൊണ്ടുവന്നു. മൂത്ത പെങ്ങടെ മോൻ ഫൈസലിന്റെ.

ചിത്രീകരണം: ഷാഹിന

ആ ഫോട്ടോ ക്ലിക്ക് ചെയ്യുന്ന സമയത്ത് അവന് 24 വയസ്സ് പ്രായമുണ്ട്. അന്ന് അവനുള്ളതുപോലെ സുന്ദരമായ താടി ഞങ്ങളുടെ പഞ്ചായത്തിൽ മറ്റാർക്കുമില്ല. അന്നുമില്ല, ഇന്നുമില്ല. ജില്ലയിൽ ഏറിയാൽ ഒന്നോ രണ്ടോ പേരുകൂടി കണ്ടേക്കും. അത്രമാത്രം. അങ്ങനെയുള്ള അപൂർവ്വസുന്ദരമായ താടിയുമായി അവന്റെ മറ്റൊരു ഹൈലൈറ്റ് ആയ മീശ പിരിച്ചു നിൽക്കുന്ന ഫോട്ടോയാണ് ഈ ഫോട്ടോ. ഒരു ഫാമിലി വാട്ട്സാപ്പ് ഗ്രൂപ്പിൽ കണ്ടപ്പോൾ ഞാനത് മൊബൈലിലേക്ക് സേവ് ചെയ്ത് കുറേക്കാലം കൊണ്ടുനടന്നിരുന്നു. മൊബൈലിൽ ആയിരിക്കുമ്പോൾ ഇടയ്ക്കിടെ ഞാൻ ആ ഫോട്ടോ നോക്കിക്കൊണ്ടിരിക്കുമായിരുന്നു. അങ്ങനെ ഒരുപാട് സമയനഷ്ടം ഉണ്ടാവുന്നതിനാൽ പിന്നീട് ഞാനത് രണ്ടു സൈസിൽ (4x6ഉം 8x10ഉം) പ്രിൻറ്​ ചെയ്ത് മൊബൈലിൽനിന്ന് ഒഴിവാക്കി. അതാവുമ്പോൾ വീട്ടിലെ വിശ്രമ വേളകളിൽ മാത്രമല്ലേ എടുത്തുനോക്കൂ. ഇതിൽ 8x10 സൈസ് ഫോട്ടോയിൽ ഒരിക്കൽ ചായ കമഴ്​ന്ന്​ കേടായി. 4x6 സൈസിലുള്ളതാണ് ഞാൻ പെൺകുട്ടിയെ കാണിച്ചത്.

അവൾ അതു വാങ്ങി വെറുതേ ഒന്നു നോക്കി, അലക്ഷ്യമായി, ‘ഓ, ഐ സീ’ എന്നു മൂളി തിരികെ തന്നിട്ട് അടുത്ത ചോദ്യത്തിലേക്ക് പ്രവേശിച്ചു.
‘സാറിനെ ഭാര്യ അടുക്കളയിൽ ഹെൽപ്പ് ചെയ്യാറുണ്ടോ’ എന്ന്!
എനിക്ക് ദേഷ്യം വന്നു. ഞാൻ അവളെ അവിടെനിന്ന് എഴുന്നേൽപ്പിച്ചു, “ഇന്റർവ്യൂ ഒക്കെ കഴിഞ്ഞു. പൊക്കോ”ളാൻ പറഞ്ഞു.

അവൾ ക്ഷമ ചോദിച്ചു, “അയ്യോ സാർ, നേരേ തിരിച്ചാണ് ചോദിക്കാൻ ഉദ്ദേശിച്ചത്. സാറ് ഭാര്യയെ അടുക്കളയിൽ...”

ഞാൻ പറഞ്ഞു: “അടുക്കളയൊക്കെ ഇനി പിന്നെയാവാം, ഇപ്പോ പൊയ്ക്കോ”

അവൾ തിരിച്ചുപോയി.

തിരിച്ചോ മറിച്ചോ ഉള്ള അവളുടെ ചോദ്യത്തിൽ എനിക്കൊന്നും തോന്നിയിട്ടല്ല; മറിച്ച്, നല്ല കറുകറെ ചുറുചുറെയുള്ള താടിയും അതിന് മേലാപ്പ് ചാർത്തിയ കൊമ്പൻ മീശയും ശ്രദ്ധിക്കുകയോ അത് ആസ്വദിക്കുകയോ അതേപ്പറ്റി അത്ഭുതം കൂറുകയോ അതിന്മേൽ കൂടുതൽ ചോദ്യങ്ങൾ ചോദിക്കുകയോ ചെയ്യാതെ അവളുടെയൊരു ‘ഐസീ..!’
എനിക്ക് ഇത്തരം ആളുകളെ ഇഷ്ടമല്ല. അവരോട് സംസാരിക്കുന്നതോ അവരുമായി ചായകുടിക്കാനിരിക്കുന്നതോ ഒന്നും ഇഷ്ടമല്ല. പരമാവധി വേഗത്തിൽ ഞാൻ അവരിൽ നിന്നും ഓടിപ്പോകും. ഇന്റർവ്യൂ എന്റെ വീട്ടിൽ വെച്ചായതുകൊണ്ട് ഞാൻ ഓടിയില്ല, അവളെ ഓടിച്ചുവിട്ടു.

ഫൈസലിന്റെ ആ ഫോട്ടോ എന്നെ അലട്ടിയിടത്തോളം എന്നെ മറ്റൊന്നും അലട്ടിയിട്ടില്ല. അതൊന്നും പക്ഷേ ആ പെണ്ണിന് അറിയണ്ട. അവളുടെയൊരു ‘ഐസീ.’

ഫോട്ടോ മൊബൈലിലായിരുന്ന സമയത്ത് ഞാനത് അടിക്കടി സൂം ചെയ്തു നോക്കുമായിരുന്നു. ‘ഇവനിത് ഏത് ജനിതക പാരമ്പര്യം?’. എന്റെ വാപ്പയുടെ പാരമ്പര്യത്തിൽ നല്ല താടിക്കാർ ആരുമില്ല. ഉമ്മയുടെ പാരമ്പര്യത്തിലും അതുതന്നെ അവസ്ഥ. നല്ലൊരു മീശപോലും ഇല്ലാത്തവർ. ഫൈസലിന്റെ മോന്തായം അവന്റെ വാപ്പാന്റെ കുടുംബത്തിന്റേതുതന്നെ കിട്ടിയിട്ടുണ്ട്. പക്ഷേ ഈ താടി? അളിയനും അയാളുടെ ആൾക്കാരുമെല്ലാം ക്ലീൻ ഷേവുകാരാണ്. അതിനാൽ ഒന്നും പറയാനാവാത്ത അവസ്ഥയും നിലനിൽക്കുന്നുണ്ട്. ചിലപ്പോ ഈ താടി രണ്ടുമൂന്ന് തലമുറ അപ്പുറത്തു നിന്ന് യാത്രചെയ്തുവന്നതാവാം.

ചിന്തകൾക്കിടെ ഒരു ദിവസം തോന്നി; ഞാനും താടി വെക്കാനായി ഗൗരവപൂർവ്വം ശ്രമിച്ചിട്ടില്ലല്ലോന്ന്. അതെങ്ങനാ, അതൊന്നു വളർന്നുവരുമ്പോഴേക്കും ഭാര്യ ബഹളമുണ്ടാക്കും: ‘കണ്ടിട്ട് ആകെ മുഷിഞ്ഞിരിക്കുന്നു. കൊണ്ടുപോയി വടിച്ചുകള മനുഷ്യാ.,’

ഏത് താടിവളർത്തലിലും ഇങ്ങനെ ‘മുഷിഞ്ഞിരിക്കുന്ന’ ഒരു ഘട്ടമുണ്ട്. കുറ്റിത്താടി വളർന്ന് തടവാനും തടവാനാവാത്തതുമായ അവസ്ഥയിൽ അല്പം നീളുമ്പോൾ മുഖം ആകെ മുഷിഞ്ഞിരിക്കും. ചില രോമങ്ങൾ പതുങ്ങിയും ചില രോമങ്ങൾ എഴുന്നേറ്റും നിൽക്കും. കാണുന്നവരെല്ലാം പറയും: ‘അയ്യോ, അങ്ങ് ക്ഷീണിച്ചുപോയി’, ‘പഴയ ഗ്ലാമറങ്ങ് പോയി!’

സ്വാഭാവികമാണത്.
ആ ഘട്ടം കഴിഞ്ഞാണ് താടി വിടവുകളടച്ച് കട്ടിത്താടിയാവുന്നത്.
​നാട്ടുകാരെ നമുക്ക് തിരുത്താൻ പറ്റില്ല. പക്ഷേ. അതു പറഞ്ഞാൽ ഭാര്യയ്ക്കെങ്കിലും മനസ്സിലാവണ്ടേ. കുറച്ചു വഴക്കിട്ടിട്ടാണെങ്കിലും അവളെ എതിർത്ത് ഞാൻ മുന്നേറും. അപ്പോഴാവും അവിടെക്കല്യാണം, ഇവിടെക്കല്യാണം, പുരതാമസം എന്നൊക്കെപ്പറഞ്ഞ് ഓരോ വിശേഷങ്ങൾ വരുന്നത്. അത് അവസരമാക്കി ഭാര്യ പറയും: “ഈ താടിയും വെച്ചോണ്ട് എന്റെ കൂടെ കല്യാണത്തിനുവരണ്ട.”

എതിർത്താൽ കണ്ണാടിയുടെ അടുത്തുകൊണ്ടുപോയി നിർത്തും: “എന്തു കോലമാണെന്ന് നോക്കിക്കേ?”

ശരിയാണ്. പത്തുപേരുടെ മുന്നിൽ പോകാൻ കൊള്ളില്ല. താടി ലെവലല്ലാത്തതുകൊണ്ട് കവിളൊക്കെ ഒട്ടിയതുപോലെ. നാക്കിൻ തുമ്പിട്ട് തുഴഞ്ഞ് ഞാൻ രണ്ടു കവിളുകളും പുറത്തേക്ക് തള്ളിനോക്കും. യാതൊരു സുമാറുമില്ല. അധികം താമസിയാതെ, പകുതി വളർന്ന എന്റെ താടിയിന്മേൽ ജില്ലെറ്റിന്റെ ക്രീമും അതിന്റെ തന്നെ ബ്ലേഡും നൃത്തമാടും. എല്ലാം കഴിഞ്ഞ് ഓൾഡ് സ്​പൈസ്​ കവിളിൽ പുരട്ടുമ്പോൾ മനസ്സ് നീറും. രക്തം പൊടിയും.

ഭാര്യ കുടുംബം കുട്ടികൾ... ഇതിനിടയിൽ എത്രയോ ആഗ്രഹങ്ങളെ ഞാൻ ഷേവ് ചെയ്തു കളയുന്നു. താടി വളർത്തുക എന്ന ആഗ്രഹവും അങ്ങനെ ഷേവ് ചെയ്തു കളഞ്ഞുകൊണ്ടേയിരുന്നു. എന്നാൽ ഒരു ദിവസം ഞാനങ്ങ് തീരുമാനിച്ചു: താടി വെച്ചിട്ടുതന്നെ കാര്യം.

താടി വെക്കുന്നതിനെപ്പറ്റിയുള്ള ആലോചനകളിൽ എനിക്ക് ഒരു കാര്യം വ്യക്തമായി. നാട്ടിൽ നിന്നുകൊണ്ട് ചെയ്യാൻ പറ്റുന്ന പരിപാടിയല്ലത്. ഇവിടെ നിന്നാൽ കല്യാണവും പുരതാമസവും അടിക്കടി വന്നുകൊണ്ടിരിക്കും. അതുകൊണ്ട്, ദൂരെ എവിടേക്കെങ്കിലും യാത്ര പോകണം. കുറച്ചുനാൾ അവിടെ തങ്ങണം. വലിയ താടിക്കാരനായി തിരിച്ചുവരണം. പുറപ്പെട്ടുപോകൽ അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാലും പോണം. പോയേ പറ്റൂ.

എന്റെ താടിയുടെ വളർച്ചാതോത് നിരീക്ഷിച്ചതിൽ നിന്ന്​ കട്ടിത്താടിയാവാൻ നാലു മാസമെങ്കിലും ബ്ലേഡ് തൊടാതിരിക്കേണ്ടതുണ്ടെന്ന് മനസ്സിലായി. നാലുമാസം ഒരു വലിയ കാലയളവാണ്. അത്രയും കാലം ഭാര്യയും കുട്ടികളും ഒറ്റയ്ക്കായിപ്പോകും. മറ്റൊരർഥത്തിൽ അതൊരുവലിയ കാലയളവല്ല. ഗൾഫുക്കാരൊക്കെ രണ്ടും മൂന്നും കൊല്ലം കുടുംബത്തെ പിരിഞ്ഞുനിൽക്കുന്നില്ലേ? കുടുംബം അതിനോട് അഡ്ജസ്റ്റ് ചെയ്തു പോകുന്നില്ലേ? അതിനെ അപേക്ഷിച്ച് നാലു മാസം ഒന്നുമില്ല. ഗബ്രിയേൽ ഗാർഷ്യ മാർകേസ് ഏകാന്തതയുടെ നൂറു വർഷങ്ങൾ എഴുതുന്ന സമയത്ത് ഭാര്യയെ മൈൻറ്​ ചെയ്തതേയില്ല. ഒരു വാടകമുറിയിൽ പോയിരുന്ന് എഴുത്തോടെഴുത്ത്. അതേസമയത്ത് പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോലും കശില്ലാതെ മാർകേസിന്റെ ഭാര്യ വലയുകയായിരുന്നു. കാൾ മാർക്സിന്റെ ഭാര്യയും അതേ. ചിലപ്പോഴൊക്കെ അങ്ങനെയാണ്. വലിയ കാര്യങ്ങൾ ചെയ്യുന്നതിന് കുടുംബം അല്ലറചില്ലറ ത്യാഗങ്ങളൊക്കെ അനുഭവിക്കേണ്ടിവരും.

എനിക്ക് പരശുറാമിന്റെ സമയം മാത്രമേ അറിയാമായിരുന്നുള്ളൂ.
രാത്രി പത്തുമണിയായപ്പോൾ മാവേലിക്കര സ്റ്റേഷനിൽ അവൻ വന്നുനിന്നു. എന്തൊരു നീളം. ഞാനും എന്റെ ഭാണ്ഡവും അതിലേറി വിൻഡോ സീറ്റു പിടിച്ചു. വണ്ടി പമ്പയ്ക്ക് കുറുകെയുള്ള ബ്രിഡ്ജ് കയറുമ്പോൾ മൊബൈൽ ഫോൺ ഞാൻ വീശിയെറിഞ്ഞു. പാലത്തിലെ വർധിത ശബ്ദത്തോടൊപ്പം അത് താഴേക്ക് പറന്നുപോയി. പിന്നീടുള്ള ആറു മാസക്കാലം ഞാൻ അജ്ഞാതവാസത്തിലായിരുന്നു.

അജ്ഞാതവാസത്തിന്റെ ആദ്യ ദിവസങ്ങളിലൊക്കെ വെറുതേ, തമാശയോടെ ഞാനോർക്കും: ‘വീട്ടിൽ ഇപ്പോൾ എന്താവും അവസ്ഥ?’

എന്റെ ഭാര്യ വെപ്രാളപ്പെട്ട് ഓടി നടക്കുകയാവും: ‘ഇക്കായെ കാണുന്നില്ല!’

ആളുകൾ സാന്ത്വനിപ്പിക്കാൻ പറയും: ‘കൊച്ചു കുട്ടിയൊന്നുമല്ലല്ലോ, അവനിങ്ങു വരും.’

സത്യത്തിൽ അതു കേൾക്കുമ്പോഴാവും അവളുടെ ഉള്ളിലെ ആന്തൽ ‌വർദ്ധിക്കുക. ഞാൻ ‌കൊച്ചു കുട്ടി അല്ലെന്നതാണ് അവളുടെ വെപ്രാളത്തിന് ഒരു കാരണം. കൊച്ചു കുട്ടികൾ ആരുടെയെങ്കിലും കൂടെ ഓടിപ്പോവുകയോ മറ്റെവിടെങ്കിലും ‌പോയി താമസമാക്കുകയോ ചെയ്യില്ലല്ലോ.

രാവിലെ പല്ലു തേച്ചുകൊണ്ടു നിൽക്കുമ്പോഴാവും എല്ലാ ദിവസവും എനിക്ക് ഇങ്ങനത്തെ ചിന്തകൾ വരുക. തമാശ തോന്നുന്ന രംഗങ്ങളിലൊക്കെ വായിൽ കോൾഗേറ്റിന്റെ പത വെച്ചുകൊണ്ട് കുറച്ചു സമയം ‌ഞാൻ ചിരിച്ചുപോകും. ശബ്ദമില്ലാതെ. കൂടെ താമസിക്കുന്ന ചെങ്ങാതി എനിക്കറിയാത്ത തുളുവിൽ ചോദിക്കും: “കുളുകുളു?”

എന്താ ചിരിക്കുന്നത് എന്നോ മറ്റോ ആവും. ഞാൻ പറയും: “കുളു കുക്കുളു”.

ഇങ്ങനെയൊക്കെയാണെങ്കിലും, ചിലപ്പോഴൊക്കെ എനിക്ക് മനഃസ്താപം തോന്നും. താടി വളർത്താനായി ഞാൻ ഒരിടത്തു വന്നിരിക്കുകയാണെന്നും രണ്ടോ മൂന്നോ മാസം കഴിഞ്ഞാൽ വീട്ടിൽ തിരിച്ചെത്തുമെന്നും ഫോൺ ചെയ്തു പറഞ്ഞാലോ എന്നു വിചാരിക്കും. പക്ഷേ, അതുമൂലമുണ്ടാകുന്ന ഭവിഷ്യത്തുകൾ‌ ഓർക്കുമ്പോൾ ഞാനങ്ങ് പിൻമാറും. സപ്പോസ്, അങ്ങനെ വിളിച്ചു പറഞ്ഞെന്നുവെക്കുക. ആളുകൾക്ക് അതൊരു ആഘോഷമായിരിക്കും. താടി വളർത്തുക എന്ന ഒരാളുടെ ആഗ്രഹത്തിന് അവർ പുല്ലുവിലയാവും കൽപ്പിക്കുക. നാട്ടുകാരുടെ കാര്യം ‌പോകട്ടെ; അളിയന്മാരെന്നു പറഞ്ഞ് മൂന്നാലു പേരുണ്ട്. അവരെല്ലാവരും കൂടി കുടുംബയോഗം ചേർന്ന് ആർത്ത് അട്ടഹസിക്കും: “ഹെന്റളിയാ.. അളിയനെ സമ്മയ്ക്കണം..”

ഇതൊക്കെ കേൾക്കേണ്ട കാര്യം എനിക്കെന്താണ്? എന്താണ് സുന്ദരമായ താടിയെന്നും അത് വളർത്തിയെടുക്കാൻ ശ്രമിക്കേണ്ടതിന്റെ പ്രാധാന്യം എന്താണെന്നും അറിയാതെ വെറുതേ തിന്നുമദിച്ചു നടക്കുന്നവരോട് ഞാനെന്തു പറയാനാണ്?

ഞാൻ അവരെയെല്ലാം ‌മറന്നു. ഭാര്യയെയും കുട്ടികളേയും മാതാപിതാക്കളേയും സഹോദരന്മാരെയും അളിയന്മാരെയുമെല്ലാം ‌മറന്നു. തൽക്കാലം അവർ എന്നെയും തിരഞ്ഞു നടക്കട്ടെ. ‌പക്ഷേ കണ്ടെത്തുകയില്ല. ഒരു മനുഷ്യനെ കണ്ടെത്താനുള്ള കഴിവ് അവർക്ക് ആർക്കുമില്ല.

മംഗലാപുരത്തു നിന്ന് ബോംബെയ്ക്ക് പോകണമെന്നായിരുന്നു ഞാൻ ആദ്യം കരുതിയിരുന്നത്. പിന്നീട് മംഗലാപുരത്തു തന്നെ നിൽക്കാൻ ‌തീരുമാനിച്ചു. നാടുവിട്ടാൽ ബോംബെ എന്നൊരു ശീലം ‌പൊതുവേ എല്ലാവർക്കും ഉള്ളതുകൊണ്ട് ബന്ധുജനങ്ങളുടെ അന്വേഷണങ്ങൾ ബോംബെ കേന്ദ്രീകരിച്ചാവുമല്ലോ കൂടുതൽ നടക്കുക. ഞങ്ങളുടെ നാട്ടിൽ നിന്നും നാടുവിട്ട 90 ശതമാനം പേരും ബോംബെയിലേക്കാണ് നാടുവിട്ടുപോയിട്ടുള്ളത്. അതിൽ 50 ശതമാനം പേരെ കണ്ടെത്തുകയും തിരികെ എത്തിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ബോംബെ അല്ലാതെയുള്ള നഗരങ്ങളിലേക്ക് പോയവരെ ആരെയും തിരികെ എത്തിക്കാൻ ആയിട്ടില്ല. അവരിൽ ചിലർ സ്വയം തിരികെ വന്നതല്ലാതെ!. ഇതെല്ലാം ഓർത്ത് കോൾഗേറ്റിന്റെ പത വായിൽ ‌വെച്ചുകൊണ്ട് ഏതൊക്കെയോ ദിവസങ്ങളിൽ ഞാൻ ചിരിച്ചു.

ഗിരിനഗറിലുള്ള ഒരു ചായപ്പീടികയ്ക്ക് മുകളിലെ വാടകമുറിയിൽ താമസമായതിന്റെ രണ്ടാം ദിവസം, താടി വളർത്തുന്നതിന് നിലമൊരുക്കുന്നതിന്റെ ഭാഗമായി അതുവരെ കിളിർത്തു നിന്നിരുന്ന കുറ്റിത്താടി ക്രീം പതപ്പിച്ച് ക്ലീൻ ഷേവ് ചെയ്തു. ചുവരിൽ തൂങ്ങിയിരുന്ന ഒരു കന്നഡക്കലണ്ടറിൽ ആ ദിവസം ഞാൻ വട്ടം വരച്ചു. ഓഗസ്റ്റ് 22, 2017! തീയതിയിലൊന്നും വലിയ കാര്യമില്ല. എങ്കിലും ഈ ദിവസം വെറുതേ ഓർത്തിരിക്കാൻ എനിക്കു തോന്നി.

മാസം ഒന്നു കഴിഞ്ഞു, രണ്ടു കഴിഞ്ഞു, മൂന്നായി. താടിയുടെ വളർച്ചയിൽ കാര്യമായ പുരോഗതിയില്ല. നാട്ടിൽവെച്ച് കണക്കുകൂട്ടിയ വളർച്ചാ തോതുപോലും ഇല്ലാത്തതുപോലെ. കവിളുകൾക്ക് ഇരുവശവും പിന്നെ താടിയെല്ലിന്റെ മധ്യഭാഗത്തെ കൂർത്ത സ്ഥലത്തും അൽപ്പം ഞാന്നു വളർന്നിട്ടുണ്ട്. അതല്ലാതെ മൊത്തം പൊതിയുന്ന നിലയിൽ ആയിട്ടില്ല; ആവുന്നില്ല. ഇനി, മംഗലാപുരത്തെ കാലാവസ്ഥ എന്റെ താടി വളരുന്നതിന് അനുയോജ്യമല്ലായിരിക്കുമോ?

മൂന്നുമാസങ്ങൾക്കു ശേഷം ഞാൻ ദു:ഖിതനായി കാണപ്പെട്ടു. ഇടയ്ക്കിടെ, അടച്ചിട്ടൊരു എസ്‌. ടി. ഡി ബൂത്തിന്റെ തിണ്ണയിൽ പോയിരുന്ന് ഞാൻ താടിയുഴിയും. പരിസരത്തെ ഭിത്തികളിൽ പതിച്ച പോസ്റ്ററുകളും ബോർഡുകളും വായിക്കാൻ ശ്രമിക്കും. ഇംഗ്ലീഷിലും കന്നഡയിലും എഴുതിയിരിക്കുന്ന ബോർഡുകൾ നോക്കി കന്നഡ ലിപികളെ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു എക്സസൈസ് ആയിരുന്നു അത്. അതിൽ കുറച്ചൊക്കെ പുരോഗമിക്കാൻ എനിക്കു പറ്റി. പിന്നീട് എന്റെ ശ്രദ്ധ കന്നഡ ലിപികളും മലയാളം ലിപികളും തമ്മിലുള്ള ബന്ധങ്ങൾ കണ്ടെത്തുന്നതിലായിരുന്നു. കിഴിഞ്ഞു നോക്കിയാൽ ഖ, ജ, ഠ, ല എന്നീ അക്ഷരങ്ങൾ മലയാളത്തിലേതു പോലെയാണെന്ന് തോന്നും. ഒട്ടുമിക്ക അക്ഷരങ്ങൾക്ക് മുകളിലും ഹിന്ദിയിലേതുപോലെ വരയുണ്ട്.

ചില നേരങ്ങളിൽ താടി ഉഴിഞ്ഞുഴിഞ്ഞ് കണ്ണുകളടച്ച് ഞാൻ ധ്യാനത്തിലേക്ക് ആണ്ടുപോകും. ഒരുദിവസം അങ്ങനെ ആണ്ടിരിക്കെ എന്റെ കാല്പാദത്തിൽ നിന്ന് ഒരു ശബ്ദം: "സ്വാമീ...’

കണ്ണു തുറന്നു നോക്കുമ്പോൾ ഒരു വഴിയാത്രക്കാരനാണ്. എന്തൊക്കെയോ ദുഃഖങ്ങളുണ്ട്. എന്റെ അനുഗ്രഹം വേണം. വലതുകൈ അയാളുടെ തലയിൽ വെച്ച് ഞാൻ അനുഗ്രഹിച്ചു. അയാളെക്കാൾ ദു:ഖിതനും നിരാശനുമാണ് ഞാനെന്ന് അയാൾക്ക് അറിയില്ലല്ലോ.

പോകാൻ നേരം അയാൾ ചോദിച്ചു: "സ്വാമി മലയാളിയാണോ?’

ഒന്നും മിണ്ടാതെ വീണ്ടും ധ്യാനത്തിലെന്നപോലെ കണ്ണടച്ച് ഞാൻ താടി ഉഴിച്ചിൽ തുടർന്നു. അപ്പോൾ ഞാൻ മലയാളിയോ ബംഗാളിയോ കന്നടക്കാരനോ ഇന്ത്യാക്കാരനോ ഒന്നുമായിരുന്നില്ല. താടി വളർത്താൻ ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്ന ഒരാൾ മാത്രമായിരുന്നു.

അയാൾ എന്റെ അടുത്തുനിന്ന് പോയപ്പോൾ എനിക്കയാളോട് വെറുപ്പുതോന്നി. എന്റെ മംഗലാപുരം ജീവിതത്തിൽ ഇങ്ങനെയൊരു നിറംകെട്ട അനുഭവവുമായി അയാളെന്തിനു കയറിവന്നു? പിൽക്കാലത്ത് എപ്പോഴെങ്കിലും ഞാൻ എന്റെ മംഗലാപുരം ജീവിതം എഴുതുമ്പോൾ ഒട്ടും വ്യത്യസ്തതമെന്നു പറയാനാവാത്തൊരു സംഭവമായി അയാളുടെ ‘സ്വാമീ’ വിളി എന്നെ അലട്ടുമെന്നും എന്റെ എഴുത്തിൽ കയറിപ്പറ്റുമെന്നും ഞാൻ ഭയപ്പെട്ടു.

ധ്യാനങ്ങൾക്കിടെ വല്ലപ്പോഴും വീട്ടിലെ അവസ്ഥയെപ്പറ്റിയും ഞാൻ ഓർക്കാതിരുന്നില്ല.

മൂന്നു മാസം കഴിഞ്ഞപ്പോഴേക്ക് എന്റെ ഭാര്യ അന്വേഷണത്തിന്റെ ആവൃത്തി കുറച്ചുകൊണ്ട് കാത്തിരിപ്പിന്റെ ഘട്ടത്തിൽ എത്തിയിട്ടുണ്ടാവുമെന്ന് തോന്നി. നാലു മാസങ്ങൾ കഴിയുമ്പോൾ അവൾ പി. ടി. കുഞ്ഞുമുഹമ്മദിനെ ചെന്നു കാണാനുള്ള സാധ്യതയുമുണ്ട്.

എന്റെ ഫോട്ടോ ഉയർത്തിപ്പിടിച്ചുകൊണ്ട് അവൾ അയാളോട് കേഴും: “സാർ എനിക്കെന്റെ ഭർത്താവിനെ കണ്ടുപിടിച്ചു തരൂ..”

“എത്ര കാലമായി കാണാതെ പോയിട്ട്?” - പി. ടി. കുഞ്ഞുമുഹമ്മദ് ചോദിക്കും.

"നാലു മാസമായി സാർ.’

ചിരി ഉള്ളിലൊതുക്കി പി. ടി. കുഞ്ഞുമുഹമ്മദ് ആശ്വസിപ്പിക്കും: "നാലു മാസമല്ലേ ആയുള്ളൂ. സമാധാനപ്പെട്. ആളിങ്ങുവരും.’

അതിൽ തൃപ്തയാവാതെ അവൾ അവിടെ തങ്ങിനിൽക്കും. പി. ടി. അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ തുറന്നു പറയും: "രണ്ടോ മൂന്നോ കൊല്ലമെങ്കിലും ആവാതെ നമ്മളെങ്ങനാ ഒരാളെ തിരയുക?’

പത്തു വർഷങ്ങൾ പിന്നിട്ട പന്ത്രണ്ടു കേസുകളെങ്കിലും അപ്പോൾ പി. ടിയുടെ മേശപ്പുറത്തുണ്ടാവും.

പാവം എന്റെ ഭാര്യ. എന്നെത്തിരക്കി പിന്നെയും അലയാൻ തുടങ്ങിയിരിക്കുന്നു. താടി വളർത്തൽ നിർത്തി തിരിച്ചു പോയാലോ?

തുളു സംസാരിക്കുന്ന റൂം മേറ്റ് മറ്റു നാലു ഭാഷകൾ കൂടി കലർത്തിയെടുത്ത് ചോദിച്ചു: "വെപ്പു താടി ട്രൈ ചെയ്തു കൂടേ?’

"അതിനാണെങ്കിൽ ഇവിടെവരെ വരണോ?’, മുഷിപ്പോടെ ഞാൻ അയാളെ നോക്കി.

എനിക്ക് കൃത്രിമമായ താടി വേണ്ട. അത് എന്റെ ആത്മാവിൽ മുളപൊട്ടി മാംസം തുരന്ന് പുറത്തേക്കു വരണം. അതിലേ തൃപ്തിയുള്ളൂ.

തുളുമാൻ എവിടെ നിന്നൊക്കെയോ ചില എണ്ണകളും കുഴമ്പുകളും കൊണ്ടുവന്നു. മയിലെണ്ണ, കുയിലെണ്ണ, കരടി നെയ്യ്... അങ്ങനെ കുറേ തട്ടിപ്പ് സാധനങ്ങൾ. ഇത്തരം ചെപ്പടി വിദ്യകളിൽ വിശ്വാസമില്ലാതിരുന്നതു കാരണം പണ്ടേ ഞാൻ ഇവയൊക്കെ വർജ്ജിച്ചിരുന്നതാണ്. എങ്കിലും അറ്റകൈ പ്രയോഗമെന്ന നിലയിൽ കുറേ ദിവസങ്ങളിൽ അവയൊക്കെയും വാരിത്തേച്ച് തുളുമാൻ പറഞ്ഞ സമയത്തോളം ഞാൻ താടിയെ മിനുക്കി നിർത്തി. ശേഷം കുളിച്ച് തല തുവർത്തി.

ആറു മാസങ്ങൾ ആവുമ്പോഴേക്ക് എനിക്ക് ഒരു വലിയ താടി സ്വന്തമായിരുന്നു. പക്ഷേ അത് സുന്ദരമായ താടി ആയിരുന്നില്ല. എണ്ണയുടെ മിനുക്കങ്ങളും തിളക്കങ്ങളും അതിൽ മുഴച്ചു നിന്നു. ഒട്ടേറെ രോമങ്ങൾ യാതൊരു അനുസരണയുമില്ലാതെ എഴുന്നു നിന്നു. ചിലത് അമിതമായ വിനയം കാണിച്ച് ഉള്ളിലേക്ക് ഒതുങ്ങിയിറങ്ങിക്കിടന്നു. ഞാൻ വളരെ ബുദ്ധിമുട്ടി കുറേയെല്ലാം വെട്ടിയൊരുക്കി ഫൈസലിന്റെ ഫോട്ടോയുമായി തട്ടിച്ചുനോക്കി. ഒരു സുമാറില്ലാത്ത താടി!.

ഓരോ ദിവസവും ഞാൻ അതിനെ ഒതുക്കിയെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒതുക്കിയെടുക്കുന്നതിൽ എനിക്ക് ഒട്ടേറെ പരിമിതി ഉള്ളതായി മനസ്സിലായതു കാരണം, ഒരു ദിവസം ബാർബർ ഷാപ്പിൽ ചെന്ന് ഫൈസലിന്റെ ഫോട്ടോ കൊടുത്തിട്ട് ‘ഇതുപോലെ ആക്കിത്തരുമോ' എന്നുചോദിച്ചു. ബാർബർ ഫോട്ടോയിലേക്ക് നോക്കിനിന്നു. എന്നിട്ട് ‘സൂപ്പർ താടി' എന്നു പറഞ്ഞ് അത്ഭുതപ്പെട്ടു. അദ്ദേഹത്തിന്റെ ആസ്വാദന ശേഷിയിൽ എനിക്ക് അയാളോട് സ്നേഹം തോന്നി. താടി ഒരുക്കാനായി ഞാൻ അദ്ദേഹത്തിന്റെ വെട്ടുകസേരയിൽ ചാരി ഇരുന്നുകൊടുത്തു.

അദ്ദേഹം ഒരു അഭ്യുദയകാംക്ഷിയായ എഡിറ്ററെപ്പോലെ വളരെ സൂക്ഷ്മതയോടെയും സാവധാനത്തിലും എന്റെ താടി ഒരുക്കാൻ തുടങ്ങി. ആദ്യം, പൊങ്ങിനിന്നിരുന്ന ഓരോ രോമങ്ങളും സമനിരപ്പാക്കി. വളഞ്ഞുപുളഞ്ഞ് ഒളിച്ചിരുന്ന രോമങ്ങൾ കണ്ടെത്തി പുറത്തെടുക്കുകയും അതിന്മേലേ ഹീറ്റർ കൊണ്ട് തലോടി നേരേ ആക്കുവാൻ ശ്രമിക്കുകയും ചെയ്തു. വളരെ നേരം ഈ പ്രവൃത്തിയിൽ മുഴുകിയതുകാരണം കടയിലുണ്ടായിരുന്ന കസ്റ്റമേഴ്സ് ക്ഷമകെട്ട് എഴുന്നേറ്റുപോയി. ബാർബറാവട്ടെ അതൊരു സൗകര്യമായെടുത്തു. ഇനിയും മറ്റാരും വരാതിരിക്കാൻ അദ്ദേഹം വാതിൽ ലോക്ക് ചെയ്ത് കർട്ടൻ വലിച്ചിട്ട് എന്റെ താടിയിൽ ഏകാഗ്രനായി. ഓരോ രോമത്തിലും വളരെ സൂക്ഷ്മതയോടെയാണ് അയാൾ കത്രിക വെച്ചത്. ചെറുതും വലുതുമായി അഞ്ചുതരം കത്രികകൾ അയാൾ ഇതിനായി ഉപയോഗിച്ചു. എഡിറ്റിംഗിന് ഇടയ്ക്കിടെ ഫൈസലിന്റെ ഫോട്ടോയിൽ നോക്കും.

കസേരയിൽ കയറിയിരുന്നിട്ട് ഒന്നര മണിക്കൂറെങ്കിലും ആയപ്പോൾ ‘ഒന്നു സ്പീഡാക്കാമോ' എന്നു ഞാൻ ചോദിച്ചു. അയാൾ തലയാട്ടുകയും കത്രിക മുടിയിൽ തട്ടാതെ വേഗത്തിൽ ചലിപ്പിച്ച് ശബ്ദമുണ്ടാക്കുകയും ചെയ്തു. ആ സമയത്തെല്ലാം എന്റെ ചെറിയ ചെറിയ ചോദ്യങ്ങൾക്ക് അയാൾ കത്രിക കൊണ്ടാണ് മറുപടി പറഞ്ഞിരുന്നത്.

രണ്ടു മണിക്കൂറെങ്കിലും ആയിക്കാണും, ഞാൻ അവിടെയിരുന്ന് ഉറങ്ങിപ്പോയി. കണ്ണ് തുറക്കുമ്പോൾ ഒരു മണിക്കൂർ പിന്നെയും കഴിഞ്ഞിരുന്നു. അപ്പോഴും നോക്കുമ്പോൾ പുരോഗതി ഒട്ടുമേ ഇല്ല. അയാൾ അത്രയും സമയം ഫൈസലിന്റെ ഫോട്ടോയിൽ നോക്കിക്കൊണ്ടു നിൽക്കുകയായിരുന്നുവെന്ന് തോന്നി.

എനിക്ക് ആകെ മുഷിപ്പായി.
‘ഇനി മതി' യെന്നു പറഞ്ഞ് ഞാൻ അവിടെ നിന്ന് എഴുന്നേൽക്കാൻ തുടങ്ങി. അപ്പോൾ അയാൾ എന്റെ കൈകളിൽ ബലമായി പിടിച്ച് താഴേക്ക് ഇരുത്തി. അത് അത്ര പന്തിയുള്ള പ്രവൃത്തിയായി എനിക്ക് തോന്നിയില്ല. ഞാൻ അവിടെനിന്ന് കുതറി കതകിന് അടുത്തേക്ക് ഓടി. കതകു തുറക്കാൻ സമ്മതിക്കാതെ അയാൾ എന്നെ വട്ടം പിടിച്ചു. ഞാൻ അയാളുടെ കയ്യിൽ ശക്തിയായി കടിച്ചു. പിടിവിട്ടപ്പോൾ അയാളെ തള്ളിയകറ്റി പുറത്തേക്ക് ഓടാൻ ശ്രമിച്ചു. അയാൾ കത്രികയുമായി എന്റെ പിറകേ വന്നു. കുത്താൻ ആഞ്ഞപ്പോൾ ഞാൻ അത് ബലമായി പിടിച്ചുവാങ്ങി. തിരിഞ്ഞുമറിഞ്ഞ് ഞാൻ അത് അയാളുടെ കഴുത്തിൽ വെച്ചു. അയാൾക്ക് പിന്നെ അനങ്ങാൻ പറ്റിയില്ല. ഞാൻ സമ്മതിച്ചില്ല. മുട്ടുകുത്തി ഇരിക്കാൻ ഞാൻ അയാളോട് ആവശ്യപ്പെട്ടു. അയാൾ മുട്ടുകുത്തി ഇരുന്നു. ഇതിനകം അയാൾ പോക്കറ്റിൽ തിരുകിയ ഫൈസലിന്റെ ഫോട്ടോ ഞാൻ ഊരിയെടുത്തു. അയാൾ മുഖം പൊത്തി കരയാൻ തുടങ്ങി. ഞാൻ പിന്നിലെ കതകിന്റെ കുറ്റി താഴ്ത്തി പുറത്തേക്കിറങ്ങി ധൃതിയിൽ നടന്നു. നേരം അപ്പോൾ ഇരുട്ടിയിരുന്നു. റോഡിലെങ്ങും ആരും ഉണ്ടായിരുന്നില്ല. ബാർബറിന്റെ തേങ്ങൽ കുറച്ചു ദൂരം എന്നോടൊപ്പം വന്നു. ശേഷം അത് പിന്നിലെ ഇരുട്ടിൽ മറഞ്ഞു.

റൂമിലെത്തുമ്പോൾ ആകെ കിതച്ചിരുന്നു. ബാർബറുമായി മൽപ്പിടുത്തം നടത്തിയതിന്റെ ക്ഷീണവും വിശപ്പും നിരാശയും എല്ലാം ചേർന്ന് എന്നെ ആക്രമിക്കുന്നു. ഒന്നു കുളിക്കണമെന്നുതോന്നി. ബാത്ത് റൂമിലേക്ക് പ്രവേശിക്കുമ്പോൾ വാഷ് ബേസിനു മുകളിലുള്ള കണ്ണാടി എന്നെ തടഞ്ഞു നിർത്തി. തരക്കേടില്ലാത്തൊരു താടി എനിക്കുണ്ടെന്ന് അത് എന്നെ കാട്ടിത്തന്നു.

ബാർബറുടെ കൈക്രിയകളുടെ ഗുണം കാണാനുണ്ട്.
പക്ഷേ ഫൈസലിന്റെ താടിയുടെ അത്ര പോരാ. ഫൈസലിനോളമോ അതിനേക്കാൾ മികച്ചതോ അല്ലാത്തൊരു താടി ഞാൻ എന്തിനുവെക്കണം? പുതിയൊരു സൗന്ദര്യം ഉണ്ടാക്കുന്നെങ്കിൽ അത് നിലനിൽക്കുന്നതിനേക്കാൾ കേമമാവണ്ടേ? പുതിയൊരു കാറോ മറ്റേത് ഉത്പന്നമോ പുറത്തിറങ്ങുമ്പോൾ പഴയതിനേക്കാൾ നന്നാവണ്ടേ? ഇങ്ങനെയൊക്കെ ചിന്തിച്ച് ഞാൻ ബാത്ത് റൂം വെന്റിലേഷന്റെ പടിയിൽ വെച്ചിരുന്ന ഷേവിംഗ് ബ്ലേഡ് കയ്യിലെടുത്തു.

ആത്മഹത്യ ചെയ്യാൻ പോകുന്നൊരാളുടെ നിസ്സംഗതയും ശൂന്യതയും ചിന്താഭാരമില്ലായ്മയും ആ സന്ദർഭത്തിൽ എന്നെ വന്നു പൊതിഞ്ഞു. ആത്മഹത്യക്കാർക്ക് ഇങ്ങനെയാണോ എന്നെനിക്കറിയില്ല; പക്ഷേ ആത്മഹത്യ ചെയ്യാൻ പോകുന്നതുപോലൊരു അനുഭവമാണ് എനിക്ക് അപ്പോൾ ഉണ്ടായത്. താടിയോടൊപ്പം ഞാൻ മീശയും എടുത്തുകളഞ്ഞു. അപ്പോൾ എന്തുകൊണ്ടോ ഞാൻ പി.ടി. കുഞ്ഞുമുഹമ്മദിനെ ഓർത്തു. അയാളുടെ ഫ്രഞ്ച് താടിയെ ഓർത്തു. പിറകേ എന്റെ ഭാര്യയേയും.

അന്നു രാത്രിയിൽത്തന്നെ ഞാൻ അവിടെനിന്ന് തിരികെ നാട്ടിലേക്ക് പുറപ്പെട്ടു. തുളുമാനെ ഉണർത്തി യാത്രപറയണമെന്ന് ഉണ്ടായിരുന്നെങ്കിലും അതിനു നിന്നില്ല.

ഒരു അജ്ഞാതവാസത്തിനുശേഷം വെളുപ്പാങ്കാലത്തെ വീട്ടിൽ തിരിച്ചെത്തുമ്പോൾ എന്റെയുള്ളിൽ വെറുതേ ഒരു ചിരി വന്നുനിറഞ്ഞു. അത് എന്റെ ചുണ്ടുകളിൽ നിന്ന് പുറത്തേക്കുപോയില്ല. ഉള്ളിൽത്തന്നെ കിടന്നു തുളുമ്പാൻ വെമ്പി.

ഗേറ്റ് തുറന്നതും പുറത്തെ ലൈറ്റ് ഓഫാകുന്നതു ഞാൻ കണ്ടു. ഞാൻ തിരികെ എത്തിയത് അറിഞ്ഞിട്ടെന്നവണ്ണം ധൃതിയിൽ വാതിൽതുറന്ന് ഭാര്യ പുറത്തേക്ക് ഓടിവന്നു. എനിക്കൊട്ടും ഇഷ്ടമല്ലാത്തൊരു മെലോഡ്രാമയിലെന്നപോലെ ഞാനും അവളും നിശ്ചലരായി പരസ്പരം നോക്കിനിന്നു.

അന്നു രാത്രി ഉറങ്ങാൻ നേരം അവൾ പറഞ്ഞു: “ഞാൻ കരുതി നിങ്ങൾ തിരിച്ചു വരുമ്പോൾ താടിയും മുടിയും വളർത്തി പിരാന്തനായിട്ടാവും വരികയെന്ന്. ഇതെന്തായാലും കൊള്ളാം, നല്ല കുട്ടപ്പനായിരിക്കുന്നു”.

അവളുടെ കൈത്തലം എന്റെ കവിളുകളുടെ മിനുസങ്ങളെ തഴുകി. എന്റെ വെള്ളെഴുത്തു കണ്ണട മംഗലാപുരത്തെ റൂമിൽ മറന്നു വെച്ചതായി അപ്പോൾ ഞാൻ ഓർത്തു. തുളുമാൻ അതെടുത്തുവെച്ച് എന്തെങ്കിലും വായിക്കാൻ ശ്രമിച്ചിട്ടുണ്ടാവാം. ചിലപ്പോൾ മങ്ങിയതായും ചിലപ്പോൾ തെളിച്ചമുള്ളതായും അയാൾക്ക് അനുഭവപ്പെട്ടിരിക്കാം. ▮


ഷഫീക്ക് മുസ്തഫ

കഥാകൃത്ത്​. കുവൈത്തിലും യു.എ.ഇയിലും രണ്ടു പതിറ്റാണ്ട്​ പ്രവാസ ജീവിതം. വിവിധ കമ്പനികളിൽ ഫയർ ഫൈറ്റിംഗ്​ സിസ്​റ്റം ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്​തു. കോവിഡ്​കാല പ്രതിസന്ധികൾക്കിടെ നാട്ടിൽ തിരിച്ചെത്തി

Comments