‘ഡാ നില്ലെടാ അവിടെ...'
കീറിപ്പറിഞ്ഞ ഷർട്ടുമായ് ഒരു പയ്യൻ യൂണിവേഴ്‌സിറ്റി കോളേജിന്റെ വരാന്തയിലൂടെ ചാടി മുന്നിലെ വോളിബാൾ കോർട്ടിലേക്ക് ഓടിക്കയറി. പിന്നാലെ സാമും കൂട്ടരും.
‘കവർ ചെയ്യടാ അവനെ.'
സാം അലറി വിളിച്ചതും അവന്റെ കൂട്ടത്തിൽ നിന്നും പയ്യന്മാർ കോർട്ടിന്റെ നാല് വശത്തേക്ക് ചിതറി.
‘എറിഞ്ഞ് വീഴ്‌ത്തെടാ നാറിയെ...'
കോർട്ടിൽ കളിച്ചു കൊണ്ട് നിന്നവന്മാർ എന്തിനെന്ന് പോലും ചോദിക്കാതെ പന്തെടുത്ത് കോർട്ടിലേക്ക് ഓടി കയറിയവന്റെ മുഖത്തേക്ക് ഒറ്റയെറി. കൃത്യം പന്ത് മൂക്കിലേക്ക്. ‘ആഹ്' എന്ന് വിളിച്ചുകൊണ്ട് നിലതെറ്റി അവൻ തറയിലേക്ക് മറിഞ്ഞ് വീണു. വീഴ്ചയുടെ ആഘാതം വക വയ്ക്കാതെ പിടഞ്ഞെണീറ്റതും നട്ടുച്ചയിലെ പൊള്ളുന്ന വെയിലിനൊപ്പം ഇളകി പറക്കുന്ന പൊടി മണ്ണിനിടയിലൂടെ അവൻ കണ്ടു. നാല് വശത്ത് നിന്നും പയ്യന്മാർ അവന്റെ അടുത്തേക്ക് നടന്ന് വരുന്നു. ശ്വാസത്തിലൂടെ ഉള്ളിലേക്ക് ഇടിച്ചു കയറുന്ന രക്തത്തിന്റെയും പൊടി മണ്ണിന്റെയും ഗന്ധത്തോടെ അവൻ തിരിഞ്ഞതും സാമിന്റെ ചുരുട്ടിയ കൈ മൂക്കിലേക്ക് പതിച്ചതും ഒരുമിച്ചായിരുന്നു. വേച്ച് വേച്ച് അവൻ പിന്നിലേക്ക് നീങ്ങിയതും പുറകിൽ നിന്നാരോ വീണ്ടും മുന്നിലേക്ക് പിടിച്ചു തള്ളി. മുന്നിലേക്ക് വന്നവന്റെ കഴുത്തിൽ വലത് കൈകൊണ്ട് കുരുക്കിട്ട് പിടിച്ച് സാം മുട്ടുകാൽ കയറ്റി അടി വയറ്റിലേക്ക് തുടർച്ചയായി നാല് ചവിട്ട്. അതിനൊപ്പം പിടിച്ചുകൊണ്ട് ഇടത് കൈ ചുരുട്ടി കൃത്യം വൃക്കയുടെ സ്ഥാനം കണക്കാക്കി സാം ഇടിച്ചുകൊണ്ടേയിരുന്നു. കൈ അയച്ചതും വായിൽ നിന്ന് നുരയോടെ അവൻ വീണ്ടും മണ്ണിലേക്ക് വീണു. ചുറ്റും കൂടി നിൽക്കുന്ന പയ്യന്മാരിൽ ഒരല്പം കൂടി മുന്നിലേക്ക് വന്ന് സാം തറയിലിട്ട് തന്നെ അവന്റെ നെഞ്ചിലേക്ക് ഒരു ചവിട്ട് കൂടി കൊടുത്തു. വീണ്ടും ഒന്ന് കൂടി ചവിട്ടാൻ പോയതും ‘സാമേ...' എന്ന് വിളിച്ചുകൊണ്ട് അനൂപ് അവന്റെ കാലിലേക്ക് ചുറ്റി പിടിച്ചു.
‘ഡാ വിടെടാ, ഈ നാറിക്ക് പെൺപിള്ളേരെ കാണുമ്പോൾ ഉള്ള കഴപ്പ് ഇന്ന് തീർക്കണം...'
കാലിൽ നിന്നും കൈ അടർത്തി അവനെ ചുറ്റി പിടിച്ചുകൊണ്ട് അനൂപ് അവനെ പുറകിലേക്ക് വലിച്ചു.
‘നീ ഇങ്ങ് വന്നേ. ഒരു കാര്യം പറയട്ടേ.'
അടങ്ങാത്ത ദേഷ്യത്തോടെയും കലിപ്പോടെയും സാം വീണ്ടും മുന്നിലേക്ക് കുതിക്കാൻ ആഞ്ഞതും സർവ്വ ശക്തിയുമെടുത്ത് അവനെ പുറകിലേക്ക് തള്ളിക്കൊണ്ട് അനൂപ് കൂടി നിന്നിരുന്ന പയ്യന്മാർക്കിടയിൽ നിന്ന് പുറത്തേക്ക് കടന്നു.
ദേഷ്യം മുഴുവൻ അനൂപിന് നേരെ കാട്ടിക്കൊണ്ട് സാം ചീറി
‘നിനക്കെന്തര് വേണം മൈരേ?'
‘ഡാ അവനാ ആനറാഞ്ചി വിനോദിന്റെ കസിനാ.'
‘അതിന് എനിക്കെന്തര്. വേണ്ടാതീനം കാണിച്ചാൽ ഏതവനായാലും ഇടിക്കും.'
‘അളിയാ അവന്മാരാണ് തിരുവനന്തപുരത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ ടീം സെറ്റപ്പ്. ഇവിടെ നടക്കണത് എല്ലാം അവന്മാർ അറിഞ്ഞിട്ടൊണ്ട്. ഇങ്ങോട്ട് പൊറപ്പെട്ടിട്ടും ഒണ്ട്. നീ പെട്ടെന്ന് ഇവിടന്ന് മാറ്.'
‘ഞാൻ എന്തിന് മാറണം. അവന്മാർ കോളേജിനകത്ത് കേറിയാൽ കത്തിക്കും.'
‘ഡാ കോപ്പേ നീ പറയണ പോലെ ഒന്നും അല്ല കാര്യങ്ങൾ. അവന്മാർ തിരോന്തോരത്തെ സകലമാന ടീമുകളും ആയിട്ടാണ് വരണത്. നമ്മൾ കൂട്ടിയാൽ കൂടൂല.'
‘നീ എങ്ങനെ അറിഞ്ഞ്?'
‘ഞാൻ നന്ദാവനത്ത് ചായ കുടിച്ചോണ്ട് നിന്നപ്പോ നമ്മള മുള്ളൻ ബിജു അണ്ണൻ ആണ് വിളിച്ചു പറഞ്ഞത്.'
അനൂപ് പറഞ്ഞ് നിർത്തിയ ശേഷം അവന്റെ അടുത്തേക്ക് ഒന്നൂടെ നീങ്ങി നിന്ന് സാമിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കിക്കൊണ്ട് പറഞ്ഞു.
‘അളിയാ ആനറാഞ്ചി റാഞ്ചിയാ എല്ല് പൊടിക്ക് പോലും ഒന്നും ബാക്കി കിട്ടൂല എന്നാണ് പറയണത്.'
ദേഷ്യത്തോടെ പല്ല് കടിച്ചുകൊണ്ട് കോർട്ടിൽ കിടന്ന് ഞരങ്ങുന്നവനെ നോക്കിക്കൊണ്ട് സാം അനൂപിനോട് ചോദിച്ചു.
‘ഞാനിപ്പോ എന്തര് ചെയ്യണം എന്നാണ് നീ പറയണത്? '
‘നീ വാ.' അനൂപ് സാമിനെയും വിളിച്ചുകൊണ്ട് യൂണിവേഴ്‌സിറ്റി കോളേജിന്റെ പുറകിലേക്ക് ഓടി. കേരള യൂണിവേഴ്സിറ്റിക്ക് മുന്നിലുള്ള മതില് ചാടി രണ്ട് പേരും റോഡിലേക്ക് ഇറങ്ങിയതും ബൈക്കുമായി കിരൺ പാഞ്ഞു വന്നതും ഒരുമിച്ചായിരുന്നു. സാം ബൈക്കിലേക്ക് കേറുമ്പോൾ മുന്നിലേക്ക് വന്ന് അനൂപ് കിരണിനോടായ് പറഞ്ഞു.
‘നൂത്ത് പിഎംജിയിൽ പോണം അവിടന്ന് പോസ്റ്റ് ഓഫീസിന്റെ ഓപ്പോസിറ്റ് ഉള്ള മുടുക്ക് വഴി ഇല്ലേ അതിലേ കേറണം. കൊറച്ച് പോവുമ്പോൾ മുള്ളൻ ബിജു അണ്ണന്റെ ഓട്ടോ കാണും ഇവനെ അതിൽ കേറ്റിയിട്ട് നീ ഇങ്ങ് പോരെ.'
സംശയത്തോടെ സാം അനൂപിന്റെ നേർക്ക് നോക്കി.
‘അളിയാ എന്നെ ഇതെങ്ങോട്ട് കൊണ്ട് പോണത്.'
‘നീ ഒന്നും പേടിക്കേണ്ടെടാ എല്ലാം ബിജു അണ്ണൻ സെറ്റ് ആക്കീട്ടുണ്ട്. നീ കൂടെ പോയാ മതി.'
ഒരു തൊടം പുക പിന്നിലേക്ക് തുപ്പിക്കൊണ്ട് ബൈക്ക് ആശാൻ പ്രതിമക്ക് മുന്നിലൂടെ ചുറ്റി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് പിന്നിലെ റോഡ് വഴി പിഎംജിയിലേക്ക് കയറുമ്പോൾ ബൈക്കിന്റെ കുടു കുടു ശബ്ദത്തിനൊപ്പം അവന്റെ ഹൃദയം പിടയ്ക്കുകയായിരുന്നു. പിഎംജിയിലെ സിഗ്നൽ കട്ട് ചെയ്ത് മുടുക്ക് വഴിയിലേക്ക് കടന്ന് കുറച്ച് ദൂരം മുന്നിലേക്ക് പോയതും ഓട്ടോയുടെ മുന്നിലിരുന്ന് പിന്നിലേക്ക് തിരിഞ്ഞു നോക്കുന്ന മുള്ളനെ കാണാമായിരുന്നു. ബൈക്കിന് പിന്നിൽ സാമിന്റെ തല കണ്ടതും അയാൾ പെട്ടെന്ന് ഓട്ടോ സ്റ്റാർട്ടാക്കി ആക്‌സിലേറ്റർ പെരുപ്പിക്കാൻ തുടങ്ങി.
ബൈക്ക് അടുത്തെത്തിയതും മുള്ളൻ അലറുന്ന പോലെ പറഞ്ഞു.
‘പെട്ടെന്ന് കേറെടാ. അവന്മാർ അറിയും മുന്നേ സിറ്റിയിൽ നിന്ന് പൊറത്ത് ഇറങ്ങണം.'
കിരണിനോട് യാത്ര പോലും പറയാൻ നിൽക്കാതെ സാം ഓട്ടോയിലേക്ക് ചാടിക്കയറി. വിയർത്ത് കുതിർന്ന കൈ കൊണ്ട് മുഖം അമർത്തിപ്പിടിച്ച് ശ്വാസം മുകളിലേക്ക് വലിച്ചുകൊണ്ട് അവൻ മുന്നിലേക്ക് ആഞ്ഞിരുന്നു.
‘എങ്ങോട്ടാ അണ്ണാ നമ്മൾ പോണത്?'
‘ആഫ്രിക്കയിലോട്ട്.'
‘ങേഹ്!'
സംശയം കൊണ്ട് ചുളുങ്ങിയ നെറ്റിയിൽ അമർത്തിക്കൊണ്ട് അവൻ മുള്ളന്റെ നേർക്ക് കുറച്ചൂടെ അടുത്തിരുന്നു.
‘എങ്ങോട്ട്?'
‘ആഫ്രിക്ക.'
‘ഇതിന്റെ എടേൽ നിങ്ങൾ കളി അടിക്കാതിരി അണ്ണാ.'
പിന്നിലേക്ക് തിരിഞ്ഞ് ദേഷ്യത്തോടെ പല്ല് കടിച്ചുകൊണ്ട് അയാൾ പറഞ്ഞു.
‘ഓരോന്ന് ഒണ്ടാക്കി വച്ചിട്ട് ഞാൻ കളി അടിക്കണെന്ന.'
മുഖം കുനിച്ചുകൊണ്ട് അവൻ പതുക്കെ പറഞ്ഞു.
‘പിന്നല്ലാണ്ട് ആഫ്രിക്കയിലോട്ട് പോണെന്ന് പറഞ്ഞാൽ ഞാൻ എന്തര് കരുതാൻ.'
‘എന്റെ പൊന്ന് മൈരേ, ആഫ്രിക്ക എന്ന് പറയണത് ബോണക്കാടിന് അടുത്തൊള്ള ഒരു കോളനി ആണ്.'
‘മ്' എന്ന് മൂളിക്കൊണ്ട് അവൻ മുന്നിലെ കമ്പിയിലേക്ക് കൈ നീട്ടി പിടിച്ചുകൊണ്ട് ചോദിച്ചു.
‘അവിടെ സേഫ് ആണാ അണ്ണാ.'
അല്പം ഒരു ഗൗരവത്തോടെ ഷർട്ട് മുകളിലേക്ക് പിടിച്ചിട്ടുകൊണ്ട് അയാൾ പറഞ്ഞു.
‘ഈ തിരോന്തോരത്ത് സകലമാന ഗുണ്ടകളും കേറാൻ മടിക്കണ ഒറ്റ എടമേ ഒള്ളൂ. അത് ആഫ്രിക്കയാണ്.'
പുതിയൊരു കഥ കേൾക്കുന്ന അതിശയത്തോടെ അവൻ മിററിലൂടെ അയാളുടെ മുഖത്തേക്ക് നോക്കി.
‘അതെന്ത് അണ്ണാ?'
മിററിലൂടെ തന്നെ അവനെ നോക്കിക്കൊണ്ട് അയാൾ പറഞ്ഞു.
‘ആഫ്രിക്ക ഒരു കുരുക്കാണെടാ. കേറി ചെല്ലണവൻമാരെ ഒരുത്തനേം നേരെ ചൊവ്വേ പുറത്തേക്ക് വിടാത്ത കുരുക്ക്.'
‘നിങ്ങൾ തെളിച്ചു പറ അണ്ണാ.'
റിയർവ്യൂ മിററിലൂടെ ഇടയ്ക്കിടെ പിന്നിലേക്ക് പാളി നോക്കിക്കൊണ്ട് അയാൾ പറഞ്ഞു തുടങ്ങി.
‘പണ്ട് ശ്രീലങ്കേല് യുദ്ധം നടക്കണ സമയത്ത് കപ്പല് കേറി രാമേശ്വരത്ത് ആളുകള് വന്നിറങ്ങുമായിരുന്നു. അവിടന്ന് ആൾക്കാരെ കടത്തിക്കൊണ്ട് പോയി പല സ്ഥലങ്ങളിൽ ജോലി എടുപ്പിക്കണ ടീമുകൾ ഒണ്ടായിരുന്നു. അങ്ങനെ ബോണക്കാട് തേയില നുള്ളാൻ വേണ്ടിയും കൊണ്ട് വന്ന് കൊറേപ്പേരെ. കെടക്കാൻ കാട് വെട്ടി തെളിച്ച് എടോം കൊടുത്ത് കഴിക്കാൻ തോട്ടത്തീന്ന് കഞ്ഞീം കൊടുത്തിരുന്നു. ഇടയ്‌ക്കൊക്കെ പണിക്ക് വരുന്ന പെണ്ണുങ്ങളെ മേല് സൂപ്പർവൈസർ കൈ വയ്ക്കാൻ തുടങ്ങി. ജീവിക്കാനുള്ള കൊതി കൊണ്ട് കണ്ണ് നിറഞ്ഞിട്ടും ശരീരം പൊകഞ്ഞിട്ടും പെണ്ണുങ്ങളാരും ഒന്നും വെളീൽ മിണ്ടീല. ഒരിക്കല് തേയില തോട്ടത്തിന്റെ നടുക്കൂടെ ഒരു പതിനഞ്ചു വയസ്സുകാരി കീറിയ തുണിയും മാറോട് ചേർത്ത് പിടിച്ചുകൊണ്ട് കണ്ണ് കലങ്ങി ഓടി. തിരിഞ്ഞു നോക്കിയ പണിക്കാർ കണ്ടത് എസ്റ്റേറ്റ് ബംഗ്ലാവിന്റെ മുറ്റത്ത് പുകയൂതി ഞെളിഞ്ഞ് നിൽക്കുന്ന സൂപ്പർ വൈസറിനെ. അവള് അവിടന്ന് കരഞ്ഞോണ്ട് ഓടണ കണ്ട് ചിരിച്ചോന്മാരൊക്കെ പിറ്റേന്ന് കണി കണ്ടത് തുണി ഉരിച്ച് ദേഹം മുഴുവൻ ഈറ കൊണ്ട് വരഞ്ഞ് പച്ചമുളക് തേച്ച് തലകീഴായിട്ട് അവന്മാരെ കോളനീടെ മുന്നിൽ കെട്ടി തൂക്കി ഇട്ടേക്കണ സൂപ്പർ വൈസറെ ആയിരുന്ന്. ആ ഒറ്റ സംഭവത്തോടെ എല്ലാണോം പേടിച്ച്. പിന്നെ എങ്ങനേലും എല്ലാണ്ണത്തിനേം അവിടന്ന് ഇറക്കി വിടണോന്നെ മാനേജർക്ക് ഒള്ളായിരുന്ന്. അവന്മാർ പല വഴിയും നോക്കി പക്ഷേ കോളനിക്കുള്ളിൽ കേറിയോൻമാരൊക്കെ പിറ്റേന്ന് മരക്കൊമ്പുകളിൽ ഉയിരോടെ തലകീഴായ് തൂങ്ങി കിടക്കാൻ തുടങ്ങി. അതില് പിന്നെ അങ്ങോട്ട് കേറിയുള്ള ആക്രമണം എല്ലാരും നിർത്തി. നരഭോജികളുടെ എടം എന്നർത്ഥത്തിൽ ആഫ്രിക്ക എന്ന പേരും ഇട്ട്. പിന്നെ കൊറച്ച് നാള് കഴിഞ്ഞപ്പോ പേടിയോടെ ആണെങ്കിലും അവന്മാർക്ക് കഞ്ഞി കൊടുക്കക്കം നിർത്തി. അവന്മാർ പട്ടിണിയും ആയി. നാട്ടിൽ ചെന്നപ്പോ ഒരുത്തനും ഇവന്മാർക്ക് പണിയും കൊടുക്കണില്ല. ആ നേരത്താണ് അവിടത്തെ ഒരു പണച്ചാക്ക് തൊമ്മൻ മൊതലാളി ഇവന്മാർക്ക് കൊറേ അരീം സാമാനോം ഒക്കെ കൂടി കൊണ്ട് കൊടുക്കണത്. അറുത്ത കൈക്ക് ഉപ്പ് തേയ്ക്കാത്ത ഇങ്ങേര് ഇതെന്തോന്ന് കാണിക്കണതെന്ന് ആൾക്കാർ മൂക്കിൽ വിരൽ വച്ചോണ്ടിരിക്കണ സമയത്ത് അങ്ങേര മോളെ പിറകേ നടന്ന ചെറുക്കനെ ഒരു മരത്തിന്റെ മണ്ടയിൽ ആരോ തലകീഴായ് കെട്ടിയിട്ടക്കണ കണ്ട്. അന്നത്തോടെ ആൾക്കാരുടെ സംശയം മാറി. അവന്മാരെ അയാളുടെ ഗുണ്ട ആയിട്ട് വളർത്താൻ തുടങ്ങി. അടീം പിടീം ഇല്ലാത്ത സമയത്ത് ഇവൻമാരെ കൊണ്ട് കക്കൂസ് കോരിക്കാനും തുടങ്ങി. ഇതറിഞ്ഞ നാട്ടുകാരും പിന്നെ തീട്ടം കോരാൻ ഇതുങ്ങളെ തന്നെ വിളിക്കാൻ തുടങ്ങി. അവര് നോക്കുമ്പോ കൊറച്ച് റേഷൻ അരി കൊടുത്താൽ ഇവന്മാർ വന്ന് കോരിക്കൊണ്ട് പോവും. ലാഭം അല്ലേ. തൊമ്മൻ മൊതലാളി ചത്ത ശേഷോം ഓരോരുത്തന്മാർ വന്ന് വിളിക്കും. അടി കൊടുക്കാൻ പോവാനും കക്കൂസ് കോരാനും മാത്രം.'
ഒരു സിനിമ കണ്ടതുപോലെ ഞെട്ടി ഇരിക്കുന്ന സാമിന്റെ മുഖത്തേക്ക് നോക്കി മുള്ളൻ പറഞ്ഞു, ‘ഓരോരുത്തന്മാർ ഉയിര് കെടക്കാൻ വേണ്ടീട്ടാണ് അടിക്കാൻ പോണത്. നിനക്കൊക്കെ തിന്നിട്ട് എല്ലിന്റെ എടേൽ കേറണേന്റെ കൊഴുപ്പ്. നിന്റെ തന്തേരൂടെ ഒള്ള ഒറ്റ സ്‌നേഹം കൊണ്ടാണ് ഈ കാര്യം അറിഞ്ഞപ്പോൾ അങ്ങേര് പോലും അറിയാതെ ഇതിന്റെ പൊറകേ ഇറങ്ങിയത്.'
തല കുനിച്ചുകൊണ്ട് അവൻ പറഞ്ഞു, ‘അണ്ണാ അവന് പെണ്ണുങ്ങളെ കാണുമ്പോ ഭയങ്കര കഴപ്പാണ്. കൊറേ നാളായിട്ട് അവനെ നോക്കി ഇട്ടിരിക്കുവായിരുന്നു. ഇന്ന് എന്റെ ക്ളാസ്സിലെ കൊച്ചിനോട് മോശമായിട്ട് പെരുമാറി. പിന്നെ വിടാൻ പറ്റോ!'
‘ഓ തന്ന' എന്ന് പറഞ്ഞുകൊണ്ട് റിയർവ്യൂ മിററിലൂടെ പിന്നിലേക്ക് നോക്കിയ അയാൾ ഞെട്ടി തല പുറത്തേക്ക് ഇട്ടതും അതേ വേഗത്തിൽ തന്നെ തല അകത്തേക്ക് വലിച്ചു. മൂളിക്കൊണ്ട് ഒരു തടിക്കഷ്ണം പറന്ന് വന്ന് മിറർ തകർത്തു.
‘ഡാ പണി പാളി. ആനറാഞ്ചിയുടെ പിള്ളാര്.'
സാം തിരിഞ്ഞു നോക്കിയതും പുറകിൽ രണ്ട് ഓട്ടോയിലായി നാലഞ്ചു പേർ. രണ്ട് ഓട്ടോയുടെയും പിറകിലും മുന്നിലുമായി തല പുറത്തേക്കിട്ട് അവന്മാർ അലറുന്നുണ്ട്. മുള്ളൻ പറപ്പിച്ച് വിടാൻ തുടങ്ങി. ഓട്ടോയുടെ ശബ്ദം മുറുകുന്തോറും അവന്റെ ഉള്ളിൽ പഞ്ചാരി മേളം നടക്കുന്ന ഫീൽ ആയിരുന്നു. ചുറ്റും വാദ്യങ്ങൾ മുറുകുന്നു. കാറ്റിൽ കമ്പുകൾ പറന്ന് വരുന്നു. ചുറ്റും അലയടിക്കുന്ന ചീത്തവിളികൾ.
‘ഡാ ആ പുറകിൽ ഇരിക്കുന്ന ചാക്കെടുക്ക്.'
മുള്ളൻ ആക്‌സിലേറ്റർ പരമാവധി കൊടുത്തുകൊണ്ട് അലറി. മറുപടി ഒന്നും കിട്ടാത്തത് കൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ അവൻ ഓട്ടോയുടെ പിന്നിൽ നിന്ന് വലിച്ചെടുത്ത ചാക്കിന്റെ മൂടി അഴിച്ച് രണ്ട് അമിട്ടുകളുടെ നൂലുകൾ ചേർത്ത് വച്ച് കെട്ടി മുറുക്കുന്നു.
‘ഡാ കത്തിച്ച് എറി.' എന്ന് പറഞ്ഞുകൊണ്ട് അയാൾ സിഗരറ്റ് ലാംബ് അവന് നേരെ എറിഞ്ഞു. അതിനെ ചാടിപ്പിടിച്ചുകൊണ്ട് അവൻ കത്തിച്ചതും കനലുകൾ തെറിക്കാൻ തുടങ്ങി. മിററിലൂടെ അത് നോക്കിക്കൊണ്ടിരുന്ന മുള്ളൻ പതുക്കെ ഓട്ടോയുടെ സ്പീഡ് കുറച്ചുകൊണ്ട് ഇടത് വശം പിടിക്കാനും വലതു വശത്തേക്ക് പിന്നിലെ ഓട്ടോ കയറി വന്നു. ഒറ്റ നിമിഷം പോലും പാഴാക്കാതെ സാം രണ്ട് അമിട്ടും ചേർത്ത് പിടിച്ച് ഓട്ടോയ്ക്കുള്ളിലേക്ക് ഒറ്റയെറി. അതേ നിമിഷം ഗിയർ മാറ്റി ആക്‌സിലേറ്റർ കൊടുത്ത് മുള്ളൻ ഓട്ടോ ഒറ്റയെടുപ്പ്. മുൻവശം ഉയർന്ന് തുള്ളിക്കൊണ്ട് ഓട്ടോ മുന്നിലേക്ക് ആഞ്ഞതും പിന്നിൽ പൊട്ടിത്തെറി. അതിനും പുറകേ വന്ന ഓട്ടോ ഞെട്ടിക്കൊണ്ട് ഇടിച്ച് ഇടിച്ചില്ലെന്ന മട്ടിൽ പൊട്ടിത്തെറിച്ച ഓട്ടോയുടെ വശത്തൂടെ മുന്നിലേക്ക്.
പെട്ടെന്ന് മുള്ളന്റെ ഓട്ടോയുടെ മുകൾഭാഗം കീറിക്കൊണ്ട് എന്തോ വന്ന് തറച്ചു. സാം മുകളിലേക്ക് നോക്കിയതും വാൾത്തലപ്പ്.
‘ഡാ താഴെ കിടക്ക്.' മുള്ളൻ വീണ്ടും അലറി.
അവൻ ചാടി താഴെ ചുരുണ്ട് കിടന്ന് കമ്പികൾക്കിടയിലൂടെ പുറകിലേക്ക് നോക്കുമ്പോൾ തെരുതെരാ അവന്മാർ കത്തികൾ വലിച്ചെറിയുന്നു. മുള്ളൻ ഓട്ടോ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചുകൊണ്ട് തന്നെ അവനോട് വിളിച്ചു പറഞ്ഞു.
‘ഡാ സീറ്റ് പതിയെ പൊക്കിയിട്ട് അതിനടിയിൽ ഇരിക്കുന്നത് എടുക്ക്.'
സാം സീറ്റ് ഉയർത്തി നോക്കിയതും അതിനുള്ളിൽ ദൂരദർശിനി പോലെ സ്റ്റാൻഡ് ഒക്കെ ഉള്ള ഇരുമ്പ് കുഴൽ. തൊട്ടടുത്ത് മറ്റൊരു ദണ്ഡ്.
‘ഡാ ആ കുഴൽ എടുത്ത് പുറകിലേക്ക് തിരിച്ചു വയ്ക്ക്.'
അവൻ അതുപോലെ ചെയ്തു.
‘ഉള്ളിൽ ഒരു ഡപ്പി കണ്ടാ.'
‘ഓ അണ്ണാ.'
‘അത് കുലുക്കാതെ അതുപോലെ എടുത്ത് മുൻവശം മാത്രം തുറന്ന് കുഴലിന് ഉള്ളിലേക്ക് വയ്ക്ക്. എന്നിട്ട് ആ ദണ്ഡ് കൊണ്ട് പതുക്കെ ടൈറ്റ് ആവണെന്ന് തോന്നുന്ന വരെ മുന്നിലേക്ക് നീക്കി വയ്ക്ക്.'
‘അണ്ണാ ടൈറ്റ് ആയി.'
‘പുറകിലെ ആ പ്ലാസ്റ്റിക് കീറിയിട്ട് കുഴൽ അതിലേക്ക് നീട്ടി വയ്‌ക്കെടാ. എന്നിട്ട് സർവ്വ ശക്തിയുമെടുത്ത് ആ ഇരുമ്പ് കൊണ്ട് കുഴലിനുള്ളിലേക്ക് ഇടിക്ക്.'
പിന്നിലേക്ക് നീങ്ങി പ്ലാസ്റ്റിക് കീറി കുഴൽ പുറത്തേക്ക് നീട്ടി വച്ചിട്ട് അവൻ ഇരുമ്പ് കൊണ്ട് ഒറ്റയിടി. വൂം എന്നൊരു ശബ്ദം.
പിറകിൽ നിലവിളി. നിയന്ത്രണം തെറ്റി ഓട്ടോ മറിയുന്ന ശബ്ദം.
അവൻ പിന്നിലേക്ക് തലയെത്തിച്ച് നോക്കുമ്പോൾ കൂർത്ത മുള്ളുകൾ തറച്ച് ഓട്ടോയിലുണ്ടായിരുന്നവർ റോഡിലേക്ക് വീണ് കിടക്കുന്നു. മുള്ളൻ പിന്നിലേക്ക് തിരിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കിയിട്ട് പറഞ്ഞു.
‘മുള്ളൻ ബിജുഡാ...'
പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ മുള്ളൻ മുന്നിൽ കണ്ട ഇടവഴിയിലൂടെ മെയിൻ റോഡിൽ നിന്നും ഉള്ളിലേക്ക് കയറി.
‘എത്താറായോ അണ്ണാ?'
പിന്നിലേക്ക് തിരിഞ്ഞിരുന്നുകൊണ്ട് തന്നെ സാം തന്റെ വേവലാതിയോടെ ചോദിച്ചു.
‘ഇതിലൂടെ അല്പം പോകുമ്പോൾ കാട്ടിലേക്ക് ഒരു വഴി ഉണ്ടെടാ. അത് ചെന്ന് കേറുന്നത് ബോണക്കാട് എസ്റ്റേറ്റിന് താഴത്തെ റോഡിലാണ്. അവിടന്ന് അല്പം മുന്നോട്ട് പോയാൽ ആഫ്രിക്ക എത്തും.അവിടെ എത്തിയാൽ രക്ഷപെട്ടു.'
‘അണ്ണാ നമ്മൾ പെട്ടെന്ന് അവിടെ ചെന്ന് കേറുമ്പോൾ അവന്മാർ എങ്ങനെ പ്രതികരിക്കും?'
‘ഒന്നും സംഭവിക്കില്ലെടാ. അവന്മാർക്ക് ലോറി താവളങ്ങളിൽ ലോറി ഓടിക്കാനും കാട്ടിൽ മരം പിടിക്കാനും ലോഡ് ചെയ്യാനുമൊക്കെ ഒള്ള ജോലി വാങ്ങി കൊടുക്കുന്നത് ഞാനാ. അവന്മാർക്ക് നാട്ടിൽ പുറത്ത് കിട്ടുന്ന ഏക ജോലി. അതിന്റെ സ്‌നേഹം അവന്മാർക്ക് ഉണ്ട്.'
‘ഇവന്മാർ പുറകേ വരോ അണ്ണാ? '
‘ഇനീപ്പോ എന്തായാലും അവന്മാർ നമ്മളെ പിടിക്കാൻ നല്ല സമയം എടുക്കും. ആ നേരം കൊണ്ട് നമ്മൾ ആഫ്രിക്കയിൽ എത്തും.'
റോഡിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഓട്ടോ കാടിനുള്ളിലേക്ക്. ചുറ്റും കരിയിലകൾ കാറ്റിൽ പറന്ന് പൊങ്ങാൻ തുടങ്ങി. കട കട ശബ്ദത്തോടെ ആ ചുവന്ന തടത്തിലൂടെ ഓട്ടോ ചീറി പായുന്നു.
ഓട്ടോ കാട്ടിനുള്ളിൽ നിന്നും റോഡിലേക്ക് കയറി വീണ്ടും കുറച്ച് ദൂരം മുന്നോട്ട് പോയതും വലതുവശം ചേർത്ത് മുള്ളൻ നിർത്തി.
‘വാ ഇനി നടന്ന് പോകണം. ദേ അവിടെയാണ്.'
അയാളുടെ കൈകൾക്ക് മുകളിലൂടെ അവൻ എത്തി നോക്കി. നിറഞ്ഞ കാടാണ്. തെളിഞ്ഞ ഒരു ഒറ്റയടിപ്പാത മാത്രം കാണാം. കുറച്ച് ദൂരെ മരങ്ങൾ തമ്മിൽ അകലം കൂടുതൽ പോലെ തോന്നുന്നു. ഓരോ മരത്തലപ്പും വേറിട്ട് കാണാം. ചിലപ്പോൾ അവിടെ ആകാം.
സാം അയാളുടെ പുറകേ നടക്കാൻ തുടങ്ങി. അവരുടെ നടത്തത്തിന്റെ കാറ്റേറ്റ് വഴിയരികിലെ തൊട്ടാവാടികൾ വാടുന്നത് അവൻ ശ്രദ്ധിച്ചു. അപ്പോൾ അവന്റെ ഉള്ളിൽ മുള്ളൻ ബിജുവിന്റെ വാക്കുകൾ ഉയർന്ന് കേട്ടു.
‘ആഫ്രിക്ക ഒരു കുരുക്കാണെടാ. കേറി ചെല്ലണവൻമാരെ ഒരുത്തനേം നേരെ ചൊവ്വേ പുറത്തേക്ക് വിടാത്ത കുരുക്ക്.'
അവന്റെ ഉള്ളിൽ പേടി ഉണർന്നതുകൊണ്ട് തന്നെ നാലുപാടും സസൂക്ഷ്മം നോക്കിക്കൊണ്ട് മുന്നോട്ട് നടന്നു.
മരങ്ങൾക്കിടയിൽ അതിരായ് ചുറ്റി വളഞ്ഞൊരു കിടങ്ങ് അതിനുള്ളിൽ കുടിലുകൾ. കിടങ്ങുകൾക്ക് അരികിൽ വട്ടത്തിന് മരങ്ങൾ. മരങ്ങളിൽ നിന്ന് താഴേക്ക് ഊർന്ന് കിടക്കുന്ന കയറുകൾ. മരങ്ങളെ ചേർത്ത് കെട്ടിയിരിക്കുന്ന നേർത്ത ഇരുമ്പ് കമ്പികൾ. വലിയ കിടങ്ങിന് മുകളിലെ തടിപ്പാലം കയറി വേണം ഉള്ളിലേക്ക് കയറുവാൻ.
ഉള്ളിലേക്ക് ചെല്ലുമ്പോൾ മരത്തലപ്പ് ചേർത്ത് പിടിച്ച ഇരുൾ. നിറയേ തീ കണക്കേ ജ്വലിക്കുന്ന മേന്തോന്നി പൂക്കൾ. അവൻ മനസ്സിൽ എവിടെയോ വായിച്ചതോർത്തു ശ്രീലങ്കൻ തമിഴന്റെ ചോര കൊണ്ട് ചുവന്ന ദളങ്ങളുള്ള മേന്തോന്നി പൂക്കളെക്കുറിച്ച്. ഇരുളും മേന്തോന്നി പൂക്കളും ചുറ്റും കൂടി നിൽക്കുന്ന മരങ്ങളും അതിൽ നിന്നൂർന്നിറങ്ങുന്ന കയറുകളും ആഫ്രിക്കക്ക് ഒരു ഭയാനകമായ അന്തരീക്ഷം നൽകുന്നുണ്ടായിരുന്നു.
വിറക് കീറുന്നവർ, ഓല മെടയുന്നവർ, കിണറ്റിൽ നിന്ന് വെള്ളം കോരുന്നവർ അങ്ങനെ കരുത്തരായ കുറേ മനുഷ്യർ. പുറത്ത് നിൽക്കുന്നവരെല്ലാം ഉള്ളിലേക്ക് പോകുന്തോറും മുള്ളനെ കൈ ഉയർത്തി കാണിക്കുകയും അയാൾ തിരിച്ചു അഭിവാദ്യം ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു.
കയറി ചെല്ലുമ്പോൾ ഇടവിട്ട് ഇടവിട്ട് നിൽക്കുന്ന മരങ്ങൾക്കിടയിൽ ഓലയും കമ്പുകളും വളച്ചുവച്ച് ഉണ്ടാക്കിയ ചുവരുകളും ഒലട്ടി ഇല മേഞ്ഞ മേൽക്കൂരയുമുള്ള വീടുകൾ. വീടുകൾക്ക് ഇടയിലുള്ള സ്ഥലങ്ങളൊക്കെ വളരെ വൃത്തിയായി തൂത്ത് ഇട്ടിരിക്കുന്നു. മരങ്ങളുടെ ഉയർന്ന് പൊങ്ങിയ വേരുകൾക്ക് മുകളിൽ പിള്ളാര് ഓടി കളിക്കുന്നു.
മുള്ളൻ ഒരു വീടിന് മുന്നിൽ ചെന്ന് അകത്തേക്ക് നോക്കി വിളിച്ചു.
‘അണ്ണാ അണ്ണാ'
‘യാര്?' അകത്ത് നിന്നൊരു നേർത്ത ശബ്ദം പുറത്തേക്ക് വന്നു.
‘അണ്ണാ മുള്ളൻ.'
‘ആഹ് ഉള്ളെ വാ.'
മുള്ളൻ അവന്റെ ചെവിയുടെ അടുത്തേക്ക് ചേർന്ന് നിന്ന് പതുക്കെ പറഞ്ഞു.
‘ഇവരുടെ നേതാവ്, മായന്റെ വീടാണ്. വാ...'
അവർ വീടിനുള്ളിലേക്ക് കടന്നു.
മണ്ണ് അടിച്ചൊതുക്കിയ ചാണകം മെഴുകിയ തറയിൽ ചണച്ചാക്കിന് മുകളിൽ പായ വിരിച്ച് വൃദ്ധനായ ഒരു മനുഷ്യൻ കിടക്കുന്നു. അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചതും അയാളെ കൈകൊണ്ട് പിടിച്ചെഴുന്നേൽപ്പിച്ചിട്ട് മുള്ളൻ അയൽക്കരികിൽ ഇരുന്നു.
‘നല്ലാ ഇറുക്കാ അണ്ണാ?'
‘പറവൈല്ലടാ. ചിന്ന ചിന്ന പ്രെചനങ്ങൾ. ആഹ് അത് പോകട്ടും. യാരിത്?'
‘ഇത് സാം. എനിക്ക് വേണ്ടപ്പെട്ട ഒരു പയ്യനാണ് അണ്ണാ. ഇവന്റെ തന്ത അങ്ങേരുടെ നല്ല കാലത്ത് എന്നെ ഒരുപാട് സഹായിച്ചിട്ടൊണ്ട്. അപ്പോൾ ഇവനൊരു പ്രശ്‌നം വന്നപ്പോൾ കളഞ്ഞിട്ട് പോരാൻ തോന്നീല.'
മ് അയാൾ ഇരുത്തി മൂളിക്കൊണ്ട് അവനെ ആകമാനം നോക്കിക്കൊണ്ട് മുളളനോട് ചോദിച്ചു.
‘നാൻ ഇപ്പ എന്ന പണ്ണ വേണ്ടും മുള്ളാ?'
‘അണ്ണാ പ്രശ്‌നങ്ങൾ ഒക്കെ ഒന്ന് ഒതുങ്ങുന്നത് വരെ ഇവനെ ഇവിടെ നിർത്തണം. അത് കഴിഞ്ഞ് ഞാൻ തന്നെ വന്ന് കൊണ്ട് പൊക്കോളാം.'
‘ശരിപ്പാ...' അയാൾ പുറത്തേക്ക് നോക്കി അല്പം ഉറക്കെ വിളിച്ചു.
‘കണ്ണമ്മാ...' ശബ്ദം ഉയർത്തിയത് കൊണ്ടാകാം ചിലമ്പിച്ച തൊണ്ടയോടെ അയാൾ ചുമയ്ക്കാൻ തുടങ്ങിയതും കറുത്ത് ആരോഗ്യ ദൃഢഗാത്രയായ ബലിഷ്ഠമായ കരങ്ങളുള്ള സുന്ദരിയായൊരു യുവതി അകത്തേക്ക് കയറി വന്നു.
‘കണ്ണാ, ഇത് സാം. നമക്ക് വേണ്ടപ്പെട്ടവർ. കൊഞ്ചം നാള് ഇങ്കൈ തങ്ക വേണ്ട ഏർപ്പാട് പണ്ണുങ്കോ.'
ചുമയ്ക്കുന്ന അയാളുടെ നെഞ്ച് തടവിക്കൊണ്ട് അവള് പറഞ്ഞു 'ശരിപ്പാ'.
മായൻ മുള്ളന് നേരെ തിരിഞ്ഞ് പറഞ്ഞു.
‘നീ പോയി വാങ്കപ്പ. ഇവനെ നാൻ പാത്ത്കലാം.'
മുള്ളൻ കൈകൂപ്പിക്കൊണ്ട് എഴുന്നേറ്റതും അവള് അയാളെ മെല്ലെ പിടിച്ചു പായയിലേക്ക് കിടത്തി. അവൾ മുൻപിലും അവർ പിറകിലുമായി പുറത്തേക്ക് ഇറങ്ങിയതും മുള്ളൻ അവന്റെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു.
‘കൊറച്ച് ദിവസം നീ ഇവിടെ തങ്ങ്. അതിനെടയ്ക്ക് എല്ലാ തൊന്തരവും മാറ്റീട്ട് ഞാൻ വിളിക്കാടാ.'
അവൻ കടപ്പാടോടെ അയാളുടെ തോളിൽ കൈ ചേർത്ത് പിടിച്ചു. തലയാട്ടിക്കൊണ്ട് അയാൾ പുറത്തേക്ക് നടന്നതും അവൾ വിളിച്ചു.
‘വാ അതാണ് വീട്.'
അവൻ ആശ്ചര്യത്തോടെ ചോദിച്ചു.
‘മലയാളം അറിയാമോ?'
‘ഞാനെല്ലാം ഇവിടല്ലേ ജനിച്ചത്. അപ്പോ മലയാളം അറിയാതിരിക്കോ?'
‘ആഹ് സ്‌കൂളിൽ ഒക്കെ പോകുമ്പോൾ പഠിച്ചുകാണും അല്ലേ!'
അവൾ പുശ്ചത്തോടെ അവന്റെ നേർക്ക് നോക്കി.
‘സ്‌കൂളോ! ജീവിച്ചിരിക്കുന്നു എന്നതിന് പോലും രേഖകളില്ലാത്ത തീട്ടം കോരാൻ നടക്കണ ഞങ്ങളെ ഒക്കെ ആര് സ്‌കൂളിൽ കേറ്റാൻ.'
അവൻ എന്ത് പറയണമെന്നറിയാതെ മുള്ളൻ പോയ വഴിയിലേക്ക് നോക്കുമ്പോ അയാൾ അവിടെ നിൽക്കുന്നവരോട് അവനെ ചൂണ്ടി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അവന്റെ ശ്രദ്ധ തിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
‘ഇത് മാമനോടെ വീട് താൻ. ഇതിനുള്ളിൽ കിടക്കാം. മാമൻ തനിയാ താൻ ഇരുക്ക്. അവർ വരുമ്പോൾ നാൻ പേശിക്കലാം.'
അവൻ ശരി എന്നർത്ഥത്തിൽ തലയാട്ടി.
‘ഏതാവത് കഴിച്ചാ?'
അപ്പോഴാണവന് വിശപ്പിനെ കുറിച്ച് തന്നെ ഓർമ്മ വന്നത്. അവൻ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി.
‘ആഹ് ഇവിടെ ഇരുന്നോ. കൊടുത്ത് വിടാം.'
അതും പറഞ്ഞവൾ അപ്പുറത്തേക്ക് നടന്നു. അവൻ വീടിനുള്ളിലേക്ക് കടന്നു. അകത്ത് കണ്ടൊരു വിളക്കിന്റെ തിരി മുകളിലേക്ക് ഉയർത്തിക്കൊണ്ട് അവൻ പോക്കറ്റിൽ നിന്ന് സിഗരറ്റ് ലാംബ് എടുത്ത് കത്തിച്ചു. വീടിനുള്ളിൽ ഒരു മഞ്ഞ വെളിച്ചം നിറഞ്ഞു. വിളക്ക് ഉയർത്തി അവൻ വീടിനുള്ളിലേക്ക് സൂക്ഷ്മമായി നോക്കി. ഇരുവശവും വാതിലുള്ള ഒറ്റമുറി വീട്. ആദ്യം കണ്ട വീടിനുൾവശം പോലെ തന്നെ ഇവിടെയും. ഒരു പായ മടക്കി വച്ചിട്ടുണ്ട്. വശങ്ങളിൽ മൺവെട്ടിയും കൂന്താലിയുമൊക്കെ ഇരിക്കുന്നു. പാത്രങ്ങളോ അടുപ്പോ ഒന്നുമില്ല. പെട്ടെന്ന് പുറത്ത് നിന്ന് ഒരു വിളി.
‘അണ്ണാ...'
അവൻ ഞെട്ടി തിരിഞ്ഞതും ഒരു പാത്രത്തിൽ ചോറുമായ് ഒരു പെൺകുട്ടി നിൽക്കുന്നു. പേടിയെ ഉള്ളിലൊതുക്കികൊണ്ട് അവൻ ചിരിച്ചു. അവളും ചിരിച്ചുകൊണ്ട് ഉള്ളിലേക്ക് കയറി വന്നു. അവൻ വിളക്ക് താഴെ വച്ചതും അതിനടുത്തായി അവൾ ആഹാരം കൊണ്ട് വച്ചിട്ട് അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പുറകിലെ വാതിലിനടുത്തേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.
‘ദേ അവിടെ കൈ കഴുകാം.'
അവൻ പുറത്തിറങ്ങി കൈ കഴുകി വന്നപ്പോൾ അവൾ പാത്രങ്ങൾ എല്ലാം തുറന്ന് വച്ചു. അതിനടുത്തേക്ക് ഇരുന്ന് ചോറ് പാത്രം കയ്യിലെടുത്തുകൊണ്ട് അവൻ അവളോട് ചോദിച്ചു.
‘മോള് കഴിച്ചോ?'
‘ആഹ്'
അവൻ കഴിച്ചുകൊണ്ട് തന്നെ അവളോട് വീണ്ടും ചോദിച്ചു.
‘എന്താ പേര്?'
‘ആദി.'
‘നേരത്തെ വന്ന അക്കായുടെ പേര് കണ്ണമ്മ എന്നാണോ?'
‘അല്ല കണ്ണകി. പെരിയ മാമ മാത്രമേ കണ്ണമ്മാ എന്ന് അക്കയെ വിളിക്കൂ.'
‘പെരിയ മാമയുടെ മോളാണോ കണ്ണകി.'
‘എയ് അല്ല. അക്കവുടെ അപ്പ മരിച്ചു പോയി.'
അവൻ ഒരു നിമിഷം നിശബ്ദമായി ഇരുന്നിട്ട് അവളുടെ മുഖത്തേക്ക് നോക്കിയിട്ട് ചോദിച്ചു.
‘മോൾക്ക് ആരാ മലയാളം പഠിപ്പിച്ചു തന്നത്.'
‘അക്കാ. അക്കാ നല്ലാ മലയാളം പേസും.'
‘അക്കാ എങ്ങനെ പഠിച്ചു.'
‘അക്കാ എന്നോടെ വയസ്സ് തൊട്ടേ നാട്ടിൽ ജോലിക്ക് പോകുമായിരുന്നു. അണ്ണന്മാർ എങ്ക പോനാലും അക്കവെ കൊണ്ട് പോവും. അണ്ണന്മാരെക്കാളും ധൈര്യശാലിയാണ് അക്കാ.'
‘ആഹാ!' അത് കേട്ടതും അത്ഭുതം കൊണ്ട് അവന്റെ കണ്ണുകൾ വിടർന്നു.
‘അണ്ണൻ എന്താ ഇവിടെ വന്നേ. ആരെയെങ്കിലും അടിച്ചോ?'
അവൻ ആശ്ചര്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.
‘ഇതിന് മുൻപ് ഇവിടെ ആരെങ്കിലും ആരെയെങ്കിലും അടിച്ചിട്ട് വന്ന് ഒളിച്ച് താമസിച്ചിട്ടുണ്ടോ?'
‘ഇല്ല.'
‘പിന്നെന്താ അങ്ങനെ ചോദിച്ചത്?'
‘അവിടെ അണ്ണന്മാർ അക്കയോട് പറയണ കേട്ട്.'
‘ആഹ്' എന്ന് പറഞ്ഞുകൊണ്ട് അവൻ ചോറ് മുഴുവൻ കഴിച്ചിട്ട് പാത്രം തറയിലേക്ക് വച്ചിട്ട് എണീറ്റതും അവൾ വീണ്ടും ചോദിച്ചു.
‘അണ്ണനെ കണ്ടാൽ പാവം ആയിട്ടിരുക്ക്. സണ്ടയ്ക്ക് പോയാ?' അവൻ എന്ത് പറയണമെന്നറിയാതെ അവളുടെ മുഖത്തേക്ക് നോക്കിയതും പുറത്ത് ഭയങ്കര ശബ്ദത്തോടെ മഴ പെയ്യാൻ തുടങ്ങി.
‘അയ്യോ എന്നോടെ തുണി' എന്ന് പറഞ്ഞുകൊണ്ട് അവൾ പാത്രങ്ങൾ വാരി നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് പുറത്തേക്കിറങ്ങിയോടി. അവൻ വാതിൽക്കലേക്ക് നോക്കി. മഴ തകർത്ത് പെയ്യുന്നു. അവൻ മെല്ലെ വാതിൽക്കലേക്ക് നടന്നു. കൈ മഴയിലേക്ക് നീട്ടി കഴുകിയതും നെറ്റിയിലേക്ക് മഴത്തുള്ളികൾ ഇറ്റ് വീണു. അവൻ കൈകൊണ്ട് മുഖം അമർത്തി കണ്ണുകൾ അടച്ചു.
ഓർമ്മയിൽ അന്നും ഒരു മഴ.
തിമിർത്ത് പെയ്യുന്ന മഴ.
നീല ടാർപ്പൊളിൻ വലിച്ചു കെട്ടിയ ഒരു മരച്ചോട്ടിൽ സാമും കൂട്ടുകാരും ബാഡ്ജ് ഒക്കെ കുത്തി സംസാരിച്ചുകൊണ്ട് നിൽക്കേ അന്നൗൺസ്മെന്റ് ശബ്ദം മുഴങ്ങി.
‘ലളിതഗാന മത്സരത്തിൽ അടുത്തതായി ചെസ്റ്റ് നമ്പർ 342. ജഡ്ജസ് പ്ലീസ് നോട്ട് ചെസ്റ്റ് നമ്പർ 342 ഓൺ സ്റ്റേജ്.'
‘ഡാ ഇത് അവളാ, ചന്ദന. നീ ആ സ്റ്റേജ് ടുവിലെ കാര്യം നോക്കിക്കോ. ഞാൻ ദേ വരുന്നു.'
അവൻ കയ്യിലിരുന്ന ചാർട്ടുകൾ അനൂപിന്റെ കയ്യിലേക്ക് ഇട്ടുകൊണ്ട് തലയിൽ കൈ വച്ച് മഴയെയും അവഗണിച്ചുകൊണ്ട് സ്റ്റേജിന് മുന്നിലേക്ക് ഓടി. അവിടേക്ക് ചെല്ലുമ്പോൾ മൈക്കിലൂടെ അവളുടെ നേർത്ത ശബ്ദം ഒഴുകാൻ തുടങ്ങിയിരുന്നു.
‘മഴയും നിലാവും പുണർന്ന് പെയ്തിറങ്ങുമ്പോൾ
നിന്നോർമ്മയിൽ ഞാൻ ഉണരും അഴകേ...
മഴയും നിലാവും പുണർന്ന് പെയ്തിറങ്ങുമ്പോൾ
നിന്നോർമ്മയിൽ ഞാൻ ഉണരും അഴകേ...
മുല്ലയും പിച്ചിയും പൂത്തൊരാ രാവിന്റെ
ഓർമ്മകളിന്നും സുഗന്ധമല്ലേ...'
മഴത്തുള്ളികൾ ഊർന്നിറങ്ങുന്ന നെറ്റിത്തടത്തിലേക്കും കണ്ണുകളിലേക്കും നോക്കി നിന്ന് അവൾ പാടിക്കൊണ്ടിരുന്നു. അപ്പോഴാണ് തൊട്ടപ്പുറത്ത് നിൽക്കുന്ന പയ്യന്മാരുടെ ഇടയിൽ നിന്ന് ചില വാക്കുകൾ അവൻ ശ്രദ്ധിച്ചത്.
‘നോക്കളിയാ എന്തര് പെണ്ണെടാ അവൾ. ഐവാ...'
അവന്റെ ശരീരം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകാൻ തുടങ്ങി.
‘മോളേ ലവ് യൂ...' എന്ന് അതിലൊരുത്തൻ വിളിച്ചു കൂവിയതും അവൻ ചാടി അവന്റെ ദേഹത്തേക്ക് വീണു. കൈ മുറുക്കി മുഖത്തേക്ക് തുരു തുരെ ഇടി. കൂടെ നിന്നവന്മാർ പേടിച്ച് പുറകോട്ട് മാറിയെങ്കിലും പെട്ടെന്ന് അവനെ വന്ന് വളഞ്ഞ് പിടിച്ചു. രോഷത്തോടെ അവന്മാരെ കുടഞ്ഞെറിഞ്ഞുകൊണ്ട് സാം വീണ്ടും അവനെ ഇടിക്കാൻ തുടങ്ങി. അവൾ മൈക്ക് തറയിലേക്കിട്ടുകൊണ്ട് ഓടി അവന്റെ അടുത്തേക്ക് വന്നു.
‘സാം മാറ്... മാറ്...' അവൾ അവന്റെ കൈ വലിച്ചതും കുറച്ച് മയത്തിലായ അവൻ മറ്റവന്റെ മേലെ നിന്ന് ദേഷ്യത്തോടെ എഴുന്നേറ്റു.
‘നീ എന്താ ഈ കാണിക്കണത്?'
‘അവന്മാർ പറഞ്ഞത് നീ കേട്ടാ..?'
‘നീ വാ അവന്മാർ എന്തേലും പറയട്ടേ.'
ദേഷ്യത്തോടെ കൈ കുടഞ്ഞുകൊണ്ട് അവൻ മുന്നോട്ട് നടന്നതും തറയിൽ കിടന്നുകൊണ്ട് മറ്റവൻ വിളിച്ചു പറഞ്ഞു.
‘അവനും അവന്റെ ഒരു ചരക്കും. ത്ഫൂ...'
അത് കേട്ട് ഇരച്ചുകയറിയ ദേഷ്യത്തോടെ അവൻ കൈ മുറുക്കി തിരിഞ്ഞതും മുന്നിൽ അവൻ കിടന്ന് പിടയ്ക്കുന്നു. അവന്റെ മുഖത്തായ് ചന്ദന ആഞ്ഞ് ചവിട്ടുന്നു. പിടിച്ചു മാറ്റാൻ പോലും കഴിയാതെ കൂട്ടുകാരന്മാർ ഞെട്ടി നിൽക്കുന്നു. മുഖം കൈ കൊണ്ട് പൊത്തിയതും വയറ്റിലേക്ക് ആഞ്ഞ് തൊഴിച്ചുകൊണ്ട് അവൾ തിരിഞ്ഞു നടന്ന് സാമിന്റെ അരികിലെത്തിയിട്ട് അന്തം വിട്ടു നിൽക്കുന്ന അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു, ‘എന്നെ പറഞ്ഞാൽ ഞാൻ ഇടിക്കും.'
തല വെട്ടിച്ച് അവൾ മുന്നിലേക്ക് നടന്നതും മുഖത്തൊരു ചിരിയോടെ അവനും അവളുടെ പുറകേ ചെന്ന് വിരലുകൾക്കിടയിൽ വിരലുകൾ കോർത്ത് പിടിച്ചു. അവൾ അവന്റെ മുഖത്തേക്ക് നോക്കി അവൻ ചിരിച്ചു, അവളും.
പിറ്റേദിവസം ഉച്ചക്ക് ലാബിൽ നിന്ന് പുറത്തേക്കിറങ്ങി ചന്ദന പടിക്കെട്ടിലേക്ക് ഇറങ്ങി വന്നതും മേലേക്ക് അവന്മാർ കയറി വന്നു. തെല്ലൊരു ഭീതിയോടെ അവൾ പുറകിലേക്ക് നോക്കിയതും അവിടെയും നാല് പയ്യന്മാർ. അവൾ ധൈര്യത്തോടെ പറഞ്ഞു, ‘വഴീന്ന് മാറെടാ.'
‘ഹാ മോൾക്ക് ദേഷ്യം വന്നോ! കവിളൊക്കെ ചുവന്നല്ലോ!'
അവൻ വിരലുകൊണ്ട് അവളുടെ കവിളിൽ തൊടാൻ ആഞ്ഞതും ‘ഛീ' എന്ന് പറഞ്ഞുകൊണ്ട് അവൾ കൈ തട്ടി മാറ്റിക്കൊണ്ട് അവന്റെ മൂക്കിലേക്ക് ഒറ്റയിടി. വേദന കൊണ്ട് പുളഞ്ഞവൻ പുറകിലേക്ക് മറിഞ്ഞതും കൂടെ നിന്നവന്മാർ പിടിച്ചു. മൂക്കിൽ കയ്യമർത്തി ഒഴുകിയിറങ്ങുന്ന ചോരയോടെ അവൻ പല്ലിറുമ്മിക്കൊണ്ട് അവൾക്ക് നേരെ ചാടി വന്ന് കൈ ഉയർത്തിയതും. അവൻ അതേ നിൽപ്പിൽ നിന്നു. അവൾ തിരിഞ്ഞു നോക്കിയപ്പോൾ മുകളിൽ നിൽക്കുന്ന പയ്യന്മാരെ ചുവരിൽ ചേർത്ത് നിർത്തിക്കൊണ്ട് സാമും കൂട്ടരും.
പെട്ടെന്ന് വലിയൊരു ഇടിവെട്ടി.
സാം ചിന്തയിൽ നിന്നുണർന്നു.
മഴ മാറിയിരിക്കുന്നു.
സന്ധ്യയായി.
ഇരുട്ട് കനത്ത് വരുന്നു.
എല്ലാ വീടുകളിലും വിളക്ക് എരിഞ്ഞു തുടങ്ങി.
അവൻ തിരിഞ്ഞു നോക്കുമ്പോൾ അവൻ വന്നപ്പോൾ കത്തിച്ച വിളക്ക് കരിന്തിരി കെട്ട് പുകയുന്നു. അവൻ മുറുക്കെ കണ്ണടച്ച് ഒന്നൂടെ ആ ദൃശ്യങ്ങൾ ആലോചിച്ചു. അവനെ ഇടിക്കാൻ ഓടിച്ചതും. കോർട്ടിൽ എറിഞ്ഞിട്ടതും. അനൂപ് വന്ന് പിടിച്ചു മാറ്റിയതും. ബിജു അണ്ണന്റെ ഓട്ടോയിലേക്ക് കയറിയതുമൊക്കെ. ഒരു ദീർഘ നിശ്വാസമെടുത്തുകൊണ്ട് അവൻ എഴുന്നേറ്റ് പുറകിലെ വാതിലിലൂടെ പുറത്ത് പോയി മുഖം കഴുകി വന്നു.
സാം ഫോൺ എടുത്ത് നോക്കി. മണി ആറാകുന്നു. അനൂപിനെ വിളിച്ചു നോക്കണം. അവിടെ എന്തായെന്ന് അറിയില്ലല്ലോ!
അനൂപിന്റെ നമ്പർ ടൈപ്പ് ചെയ്ത് കാൾ ആക്കിക്കൊണ്ട് അവൻ പുറത്തേക്കിറങ്ങി. രണ്ട് മൂന്ന് റിംഗിന് ശേഷം മറുതലയ്ക്കൽ നിന്ന് ശബ്ദം കേട്ടു, ‘ഹലോ അളിയാ.'
‘എന്തരെടേ നിന്റെ ശബ്ദം അടഞ്ഞ് ഇരിക്കണത്?'
‘കഴുത്തിൽ ബെൽറ്റ് ഇട്ടേക്കുമ്പോൾ ഇങ്ങനേ ശബ്ദം വരുള്ളൂ.'
അന്തംവിട്ടുകൊണ്ട് ചോദിച്ചു, ‘ബെൽറ്റോ!'
‘ഓ ഡാ. നീ പോയി കുറച്ച് കഴിഞ്ഞതും അയാളുടെ ആൾക്കാർ കോളേജിൽ എത്തി. കയ്യിൽ കിട്ടിയവന്മാരെ ഒക്കെ തല്ലി. ആർക്കും നീ എവിടാണെന്ന് അറിഞ്ഞൂടാല്ലോ.'
‘എന്നിട്ട്'
‘എന്നിട്ടെന്ത് നിന്നെ ആക്കിയിട്ട് കിരൺ കൂടി വന്നിട്ട് ഞങ്ങൾ ഒരുമിച്ചാണ് കോളേജിലേക്ക് കയറിയത്. വണ്ടി തിരിക്കാൻ സമയം കിട്ടും മുന്നേ അവന്മാർ ഞങ്ങളെ തൂക്കി. ആ ആനറാഞ്ചി മൈരൻ ഒറ്റക്കൈ കൊണ്ടാണ് എന്നെ കഴുത്തിൽ തൂക്കി എടുത്തത്. അപ്പഴേ കിരൺ വെരണ്ട്. അടിക്കല്ലേ എല്ലാം എനിക്ക് അറിയാന്ന് പറഞ്ഞ്. അതോടെ അയാളുടെ പിടിത്തോം മുറുകി. ചത്ത് പോവും എന്ന് തോന്നിയപ്പോ ഞാൻ പിന്നെ സത്യം പറഞ്ഞ്.നിന്നെ ആഫ്രിക്കയിലോട്ട് ആണ് കൊണ്ട് പോയതെന്ന്.'
അവൻ സംസാരിച്ചു നിർത്തിയതും ഫോണിന്റെ അങ്ങേ തലയ്ക്കൽ ഒരു ദീർഘ നിശ്വാസവും കിതപ്പും സാം കേട്ടു.
അനൂപിന്റെ ആ ഒരു അവസ്ഥ മനസ്സിലാക്കിക്കൊണ്ട് സാം പറഞ്ഞു.
‘സാരമില്ല അളിയാ. ഞങ്ങൾ വരും വഴി അവന്മാരുടെ ഒരു ടീം ചെയ്സ് ചെയ്ത് വന്ന്. പിന്നെ മുള്ളൻ അണ്ണൻ ഉള്ളോണ്ട് രക്ഷപ്പെട്ടു.'
തൊണ്ട അനക്കിക്കൊണ്ട് അനൂപ് പറഞ്ഞു.
‘ഞങ്ങളേം എടുത്തിട്ടൊണ്ട് വരാനാണ് അവന്മാർ ഒരുങ്ങിയത്. അപ്പോഴാണ് ചന്ദന വന്നത്.'
‘ങേഹ്! എന്നിട്ട്.'
‘‘അവൾ ആ ആനറാഞ്ചിയുടെ മുഖത്ത് നോക്കിയിട്ട്, ‘ഇത്രേം ശരീരോം ആൾക്കാരും ഒക്കെ ഉണ്ടായിട്ട് ഈ കൊച്ച് ചെറുക്കൻമാരെ കൂടി കൊണ്ട് പോവാൻ നാണമില്ലെന്ന്’ ചോദിച്ചു. അതയാൾക്ക് കേറി കൊണ്ട്. അയാൾ അപ്പോ തന്നെ മുന്നോട്ട് വന്ന് അവൾടെ മുഖത്തോട് മുഖം തൊട്ട് തൊട്ടില്ലെന്ന മട്ടിൽ നിന്നിട്ട് അവളെ നോക്കി ഒരു ചിരീം ചിരിച്ചിട്ട് പറഞ്ഞ് 'അവന്മാരെ വിടടാ. ആ ചെറുക്കനെ എങ്ങനെ റാഞ്ചണമെന്ന് എനിക്ക് അറിയാന്ന്.' അതും പറഞ്ഞ് മാസ്സും കാട്ടിക്കൊണ്ട് അവന്മാർ അവിടന്ന് അപ്പോ തന്നെ പോയി. ഞങ്ങൾ നേരെ ആശുപത്രിയിലും.’’
‘അവിടെ ആരെ കാണാനെടാ?'
‘നിന്റെ തന്തയെ’, ശബ്ദം ഒരല്പം ഉയർത്തിയത് കൊണ്ടുള്ള വേദനയും അനൂപ് പല്ല് കടിക്കണതും സാമിന് വ്യക്തമായി കേൾക്കാമായിരുന്നു. ചിരിച്ചുകൊണ്ട് സാം തുടർന്നു.
‘ആഹ് കൊഴപ്പമില്ല അളിയാ. രണ്ട് ദിവസം കഴിയുമ്പോൾ ശരിയാവും. നീ എന്തായാലും എന്റെ തന്തയെ വിളിച്ച് ഞാൻ വേറെ എവിടേലും പോയേക്കുന്നെന് പറഞ്ഞേക്ക്.'
‘ഓഹ്.'
അപ്പോഴാണ് സാം അത് ശ്രദ്ധിച്ചത്.
‘അളിയാ ഞാൻ പിന്നെ വിളിക്കാമെ' എന്ന് പറഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്ത് അവൻ മുന്നോട്ട് നടന്നു.
വീടുകൾക്ക് പുറകിൽ കുഴിച്ചിട്ടിരിക്കുന്ന കിടങ്ങുകളുടെ വശത്ത് കരുത്തൻ കൈകളുള്ള മനുഷ്യർ. ചിലർ ചുറ്റും കെട്ടിയിരിക്കുന്ന ഇരുമ്പ് കമ്പി വലിച്ച് മുറുക്കി കെട്ടുന്നു. ചിലർ മരങ്ങൾക്ക് മുകളിൽ കയറുകൾ കുരുക്കുന്നു. നോക്കുമ്പോൾ അതിനെല്ലാം നിർദേശം നൽകിക്കൊണ്ട് തോളിൽ ചുറ്റിയിട്ട കയറുമായി കണ്ണകി നിൽക്കുന്നു. അവൻ അവളുടെ അടുത്തേക്ക് നടന്നു. പുറകിൽ കാലൊച്ച കേട്ടതും അവൾ തിരിഞ്ഞു നോക്കി. അവനെ കണ്ടതും ഒന്ന് ചിരിച്ചു. അവനും ചിരിച്ചു. കുറച്ച് നേരം അവർ ചെയ്യുന്നതും നോക്കി നിന്ന ശേഷം അവൻ ചോദിച്ചു.
‘ഇതൊക്കെ എന്തിനാ?'
തോളിൽ കിടന്ന കയറിൽ നിന്ന് ഒരു ചുറ്റെടുത്ത് മരത്തിന് മുകളിലിരിക്കുന്നവന് ആഞ്ഞെറിഞ്ഞുകൊണ്ട് അവൾ പറഞ്ഞു.
‘കാട്ടിലെ മൃഗങ്ങളിൽ നിന്നും നാട്ടിലെ മൃഗങ്ങളിൽ നിന്നും രക്ഷയ്ക്ക്.'
അവളുടെ ആ വാക്കുകളുടെ തീവ്രത മനസിലായ അവൻ തെല്ലൊരു ഭയത്തോടെ അവളുടെ കൈകളിലേക്ക് നോക്കി. ഉരുക്ക് പോലുള്ള കയ്യിൽ കറുത്തൊരു ബാൻഡ് വിരലുകളിൽ നിറയേ വെള്ളി നിറമുള്ള ഒരു വശം കൂർത്ത മോതിരങ്ങൾ. കുറച്ച് നേരം നോക്കി നിന്നശേഷം അവനും കയർ പിടിക്കാനും തറയിൽ കുരുക്കുകൾ ഇടാനും സഹായിക്കാൻ തുടങ്ങി. ആ മനുഷ്യർക്കൊപ്പം അവൻ പെട്ടെന്ന് ഇണങ്ങിത്തുടങ്ങി. ഒരു നിമിഷം കിടങ്ങുകളിലേക്ക് പാളി നോക്കിയ അവൻ കണ്ടത് നിറഞ്ഞ് നിൽക്കുന്ന ചൊറിയണം ചെടികളാണ്. സംശയത്തോടെ അവൻ കൂടെ നിന്നൊരുവനോട് ചോദിച്ചതും അയാൾ തമിഴും മലയാളവും കലർന്ന ഭാഷയിൽ പറഞ്ഞു, ‘ഏതാവത് കാട്ട് മൃഗം വീഴ്ന്താൽ അതുക്ക് മേലെ ഏറ മുടിയാത്. ആനാൽ മനിതനുക്ക് അതിലിരുന്ത് മേലെ ഏറ മുടിയും. അപ്പടി വീളും മനിതനുക്കാക താൻ അന്ത സെഡി. അവൻ ഏറനാലും ചൊറിയോടെ താൻ ഏറും.'
ഒരു നിമിഷം നിർത്തിയിട്ട് തറയിലും മരത്തിലുമായി ചുറ്റിയിട്ടിരിക്കുന്ന കയറുകളെ ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു, ‘അന്ത നേരം അവര് തറയിൽ പാക്കാത്. ഇന്ത കയറിൽ മാട്ടിടും.'
അവരുടെ ബുദ്ധിയെക്കുറിച്ചോർത്ത് അത്ഭുതപ്പെട്ട അവൻ വീണ്ടും ചോദിച്ചു, ‘ഒരുപക്ഷേ കയറിൽ കുടുങ്ങിയില്ലെങ്കിൽ.'
അയാൾ നിസ്സാര ഭാവത്തിൽ ഇരുമ്പ് കമ്പികളിൽ തഴുകി വയലിനിലെ പോലെ നേർത്ത ശബ്ദമുണ്ടാക്കിക്കൊണ്ട് പറഞ്ഞു, ‘കയറിൽ മാട്ടലേന്ന അവങ്ക ഊര്ക്കുള്ളെ ഏറിടും.'
അത് കേട്ടതും അവന്റെ ഉള്ളിലൂടെ ഒരു തീ പാഞ്ഞു പോയി. ആനറാഞ്ചി എങ്ങാനും വന്നാൽ. അവന്റെ നെറ്റിയിലൂടെ വിയർപ്പ് പൊട്ടിയൊഴുകാൻ തുടങ്ങി. അവനെ ശ്രദ്ധിച്ചുകൊണ്ട് നിന്ന കണ്ണകി മുന്നോട്ട് വന്ന് അവന്റെ തോളിലൂടെ കയ്യിട്ടുകൊണ്ട് അവനെയും കൊണ്ട് തിരിഞ്ഞു നടന്നു.
‘നീ പേടിക്കണ്ടടാ. നിനക്കൊന്നും വരാതെ ഞങ്ങൾ നോക്കും.'
അവൻ അവളെ നോക്കി ചിരിച്ചു. തിരികെ അവളും. നടന്ന് ചെന്നവർ ഊരിന് നടുക്കായ് വിറക് കൂട്ടിയിട്ട് കത്തിക്കുന്നതിന് അരികിൽ ഇരുന്നു. മറ്റുള്ളവരും അവരുടെ പുറകേ അവിടേക്ക് വന്നിരിക്കാൻ തുടങ്ങിയതും തോലുകൊണ്ടുള്ള ഒരു വാദ്യത്തിൽ കൊട്ടിക്കൊണ്ട് ആരോ ഒരാൾ പാടാൻ തുടങ്ങി. നാടൻ ശീലുകളുടെ താളത്തിനൊപ്പം എല്ലാവരുടെയും വിരലുകൾ ആടാൻ തുടങ്ങി. പതിയെ തലകൾ, കാലുകൾ. ആളിക്കത്തുന്ന തീ. ചുറ്റും നിറഞ്ഞാടുന്ന മനുഷ്യർ. താളത്തിനൊപ്പം ഉയർന്ന് പോകുന്ന നാടൻ ശീലുകൾ പയ്യെ താഴ്ന്ന് താഴ്ന്ന് ഊര് ഉറക്കത്തിലേക്ക് വീണു.
തീ കെട്ട വിറകിനുള്ളിൽ നിന്ന് കാറ്റിനൊപ്പം കനലുകൾ ഇടയ്ക്കിടെ പുറത്തേക്ക് തലയെത്തിച്ച് നോക്കാൻ തുടങ്ങി. മൂടിക്കെട്ടിയ പുക. അതിനുള്ളിലൂടെ അതിർത്തിയിലേക്ക് നോക്കുമ്പോൾ മുറുക്കി കെട്ടിയ കമ്പികൾക്കിടയിലൂടെ കയ്യിൽ കോടാലികളുമായി പതിയെ ഊർന്നിറങ്ങുന്ന മനുഷ്യർ. അതിൽ മുന്നേ ആജാനുബാഹുവായ ഒരു മനുഷ്യൻ ആനറാഞ്ചി വിനോദ്, തറയിലേക്ക് കൈ ചൂണ്ടി ശ്രദ്ധിക്കാൻ ആംഗ്യം കാണിച്ചുകൊണ്ട് കാലുകൾ അകത്തി വച്ച് ഊരിനുള്ളിലേക്ക് കടന്നു. ശബ്ദമുണ്ടാക്കാതെ അവർ ഓരോ കുടിലുകളുടെയും അകത്തേക്ക് ഒളിഞ്ഞ് നോക്കാൻ തുടങ്ങി. ആരോ ഒരാൾ വിരൽ ഞൊടിച്ച് ഒരു പ്രേത്യക ശബ്ദം ഉണ്ടാക്കിയതും എല്ലാവരും അയാൾക്കടുത്തേക്ക് നീങ്ങി. അയാൾ ചൂണ്ടിക്കാണിച്ച കുടിലിന്റെ വാതിൽ അവർ പയ്യെ തുറന്നതും ഉള്ളിൽ കിടന്നുറങ്ങുന്ന സാം. മുഖത്ത് ക്രൗര്യമേറിയ ഒരു ചിരിയോടെ വിനോദ് മുന്നിലേക്ക് വന്നു. ബലിഷ്ഠമായ കൈകളിൽ കോടാലി ചുഴറ്റിയെടുത്തുകൊണ്ട് അയാൾ വായുവിൽ നിന്ന് സാമിന് നേരെ ഒറ്റയോങ്ങൽ.
‘അമ്മേ' എന്ന് വിളിച്ചുകൊണ്ട് സാം ഞെട്ടി എഴുന്നേറ്റു. തുറന്നിട്ടിരിക്കുന്ന വാതിൽ. വെളിച്ചം അകത്തേക്ക് കടക്കുന്നു. വിയർത്തൊലിച്ച മുഖത്തോടെയും വിറയ്ക്കുന്ന കൈകളോടെയും പിടയ്ക്കുന്ന ഹൃദയത്തോടെയും അവൻ മുന്നിലേക്ക് നോക്കി. സ്വപ്നമായിരുന്നു.
ഒരു നിമിഷം ആശ്വസിച്ച അവന്റെ കണ്ണുകളിലേക്ക് പരിഭ്രാന്തിയോടെ ഓടുന്ന മനുഷ്യർ കടന്ന് വന്നു. വാതിലിന് പുറത്ത് ആൾക്കാരെല്ലാം എങ്ങോട്ടോ ഒരിടത്തേക്ക് ഓടുന്നു. അവന്റെ ഹൃദയം വീണ്ടും ശക്തിയായി പിടയ്ക്കാൻ തുടങ്ങി. മനസ്സ് ഭയത്തോടെ അവനോട് പറഞ്ഞു, ‘എന്തോ സംഭവിച്ചിരിക്കുന്നു.'
അവൻ ഷർട്ട് എടുത്തിട്ട് പുറത്തേക്കിറങ്ങി എല്ലാവരും ഓടുന്നിടത്തേക്ക് എന്ത് പറ്റിയെന്നറിയാതെ ഉത്ക്കണ്ഠയോടെ നടന്നു. എല്ലാവരും മായന്റെ കുടിലിന് മുന്നിൽ കൂടി നിൽക്കുന്നു. അവൻ ഒരാളോട് പതുക്കെ ചോദിച്ചു, ‘എന്തുപറ്റി?'
അയാൾ എന്തോ പറയാൻ ശ്രമിച്ചു. പക്ഷേ ഒരേങ്ങൽ മാത്രമായിരുന്നു പുറത്തേക്ക് വന്നത്. തൊട്ടടുത്ത് നിന്ന മറ്റൊരാൾ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവന്റെ നേർക്ക് നോക്കിയിട്ട് പറഞ്ഞു, ‘മായൻ... എരന്തു പോയാച്ച്...'
ഒരു നിമിഷം അവന്റെ മനസ്സ് ശൂന്യമായിപ്പോയി. ഇന്നലെ കണ്ട വൃദ്ധൻ ഇതാ ഇന്ന്. എന്ത് ചെയ്യണമെന്നറിയാതെ അവൻ നിൽക്കുമ്പോൾ ഫോണിലേക്ക് മുള്ളൻ ബിജുവിന്റെ കാൾ വന്നു, ‘അണ്ണാ, മായൻ...'
‘അറിഞ്ഞെടാ.'
‘ഇനിയിപ്പോൾ ഇവിടെ ആളും ബഹളവും ഒക്കെ ആകുമല്ലേ.'
‘അവർക്ക് അവർ മാത്രേ ഉള്ളെടാ. ഒരു ചിതയൊരുക്കുന്ന സമയം മാത്രേ ഇനി ബാക്കിയുള്ളൂ. അത്രേ അവർ മരിച്ച ഒരാളിന് ഭൂമിയിൽ സമയം ബാക്കി കൊടുക്കാറുള്ളൂ. ഇപ്പോൾ കഴിയുമെടാ എല്ലാം.'
‘ആഹ് അണ്ണൻ ഇങ്ങോട്ട് വരൂലേ. ഞാൻ ദേ ഇറങ്ങിയെടാ. ഇതല്ലാതെ മറ്റൊരു പരിപാടി അവിടെ ബാക്കി ഉണ്ടെടാ. വളരെ പ്രധാനപ്പെട്ട ഒന്ന്.'
‘അതെന്തര്?'
‘ഞാൻ ദേ വരണെട. വന്നിട്ട് പറയാം.'
അതും പറഞ്ഞ് മുള്ളൻ ഫോൺ വയ്ക്കുമ്പോൾ അവനാകെ ആശയക്കുഴപ്പത്തിലായിരുന്നു. ഇനി എന്താണ് അടുത്ത് നടക്കാൻ പോകുന്നത്. അതും വളരെ പ്രധാനപ്പെട്ടത്.
മുള്ളൻ വരുന്നത് ദൂരെ നിന്ന് തന്നെ കണ്ട സാം ആഫ്രിക്കയിലേക്ക് കയറുന്ന പാലത്തിനടുത്തേക്ക് ഓടിയെത്തി. മുള്ളൻ വന്നതും പറയാനും ചോദിക്കാനും ഒരുപാട് എന്തൊക്കെയോ ബാക്കി ഉള്ളത് പോലെ അവൻ തന്നെ സംസാരിച്ചു തുടങ്ങി, ‘അണ്ണാ, ചടങ്ങുകൾ ഒന്നും ഇല്ലായിരുന്നു. ചിത ഒരുക്കിയതും അതിലേക്ക് വച്ചു. തീ കൊടുത്തു.'
അവന്റെ തോളിലേക്ക് കൈ ഇട്ടുകൊണ്ട് മുള്ളൻ പറഞ്ഞു, ‘ഒരു ശവത്തിന് കൊടുക്കാവുന്ന ഏറ്റവും വലിയ ആദരവ് അവരെ ഏറ്റവും വേഗം പറഞ്ഞയക്കുക എന്നതാണെന്നാണ് അവർ വിശ്വസിക്കുന്നത്.'
അവൻ ആശ്ചര്യത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി. പ്രാകൃതർ എന്ന് കരുതിയവർ, അവരുടെ ഉള്ളിലെ ആകാശം മുട്ടെ ഉയരമുള്ള ചിന്തകൾ. അവന്റെ ചിന്തകളെ മുറിച്ചുകൊണ്ട് അയാൾ ചോദിച്ചു, ‘ആ ചിതയിൽ നിന്ന് ഒരു തീപ്പന്തം പകർന്നെടുത്തില്ലേ?'
‘ഓ അണ്ണാ. അതിനെ അവര് ആ തെക്ക് വശത്ത് നിക്കണ മരത്തിന്റെ മുട്ടില് കുറേ വെറവ് ഒക്കെ കൂട്ടി വച്ച് കത്തിച്ചിട്ടൊണ്ട്. അത് കെടാതെ നോക്കാൻ വേണ്ടി രണ്ട് പേരേം നിർത്തീട്ടൊണ്ട്. എന്തരിന് അണ്ണാ അത്.'
അവനെയും ചേർത്ത് പിടിച്ച് കുറച്ച് മുന്നിലേക്ക് വന്നിട്ട് പതുക്കെ പറഞ്ഞു, ‘ഞാൻ പറഞ്ഞില്ലേ ഇനിയാണ് പ്രധാന പരിപാടി എന്ന്.'
‘ഓ എന്തേലും ചടങ്ങാണാ?'
‘ചടങ്ങാണ് പക്ഷേ മരണവുമായി ബന്ധപ്പെട്ടത് അല്ല.'
‘പിന്നെ?'
‘ഈ മായൻ എന്ന് പറയണത് ഇവരുടെ നേതാവ് എന്നർത്ഥത്തിൽ വിളിക്കണ പേരാണ്. ഇപ്പോഴത്തെ മായൻ മരിച്ചല്ലോ. ഇനിയിപ്പം അടുത്ത മായനെ കണ്ടെത്തണത് ആണ് ചടങ്ങ്.'
‘അതെങ്ങനെ?'
‘ഓരോ മായനും അധികാരത്തില് വരുമ്പം ഒരു വിൽപത്രം പോലൊരു സാധനം എഴുതി വയ്ക്കും. ഇവരതിനെ 'ചീള്' എന്ന് വിളിക്കും. എന്നിട്ട് ഈ ചീളിനെ ആ തീ കത്തിക്കുന്ന മരം ഇല്ലേ അതിന്റെ കടയിൽ ഒരു പൊത്ത് ഒണ്ട്. ഇരുമ്പ് പോണിയിൽ അടച്ച് അതില് ഇറക്കി വയ്ക്കും.'
‘അതെന്തിന് അണ്ണാ?'
‘മായൻ മരിക്കുന്ന അന്ന് രാത്രി മായന്റെ ചിതയിൽ നിന്ന് പകർന്ന തീയുടെ വെട്ടത്തിൽ ഈ ചീള് പുറത്തെടുക്കും. അന്നത് തുറന്ന് നോക്കുമ്പോൾ അതില് എന്താണോ എഴുതിയിരിക്കുന്നത് അത് നടപ്പാക്കുന്ന ആളാണ് അടുത്ത മായൻ.'
അന്തംവിട്ട് സാം മുളളനോട് ചോദിച്ചു.
‘ഇതെന്തര് അണ്ണാ മത്സരോ?'
‘ഏത് സമയവും തൂത്തെറിയാൻ സാധ്യത ഉള്ള മനുഷ്യരാണെടാ ഇവര്. അതുകൊണ്ട് നേതൃത്വത്തിൽ വരണ ആള് ബുദ്ധികൊണ്ടും നേതൃപാടവം കൊണ്ടും നയിക്കാൻ യോഗ്യത ഉള്ള ആളായിരിക്കണം. അതിനാണ് ഇങ്ങനൊരു ചടങ്ങ്.'
മായന്റെ ചിതയ്ക്കരികിലേക്ക് നടന്നെത്തിയ അവർ കുറച്ച് നേരം നിശബ്ദ്ദമായി അതിന് മുന്നിൽ നിന്നു. ആ നിശബ്ദതയെ മുറിച്ചുകൊണ്ട് സാം വീണ്ടും ചോദിച്ചു.
‘അതിനുള്ളിൽ എന്തായിരിക്കും അണ്ണാ?'
അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് മുള്ളൻ പറഞ്ഞു, ‘അറിയില്ല.'
അവർ രണ്ടുപേരും വീണ്ടും തിരിഞ്ഞ് ചിതയിലേക്ക് നോക്കി.
ആളിക്കത്തുന്ന തീ.
ആളിക്കത്തുന്ന കൂന കൂട്ടിവച്ച വിറകുകൾ.
രാത്രി.
അതിന് ചുറ്റും നിശ്ശബ്ദരായി ആഫ്രിക്കയിലെ ആണുങ്ങളും പെണ്ണുങ്ങളും. രാവിലെ കണ്ട കരഞ്ഞു കലങ്ങിയ കണ്ണുകളിലൊക്കെയും തീയുടെ പ്രതിഫലനം കൊണ്ടാണോ എന്നറിയില്ല പുതിയ എന്തിനെയോ വരവേൽക്കാനുള്ള തിളക്കം. ചുറ്റും ചീവീടുകളുടെ കരച്ചിലുകൾ. വവ്വാലുകളുടെ ചിറകടിയൊച്ച. തീയിൽ വെന്തമരുന്ന വിറകിന്റെ ഒച്ച. പേടിപ്പെടുത്തുന്ന അന്തരീക്ഷം.
പെട്ടെന്ന് അവർക്കിടയിൽ നിന്ന് ഒരാൾ മാത്രം മുന്നിലേക്ക് വന്നു. അയാൾ എല്ലാവരെയും നോക്കി കൈ ഉയർത്തി കാണിച്ച ശേഷം വിറക് കത്തി കരി പടർന്ന മരത്തിന്റെ മുകളിലേക്ക് വലിഞ്ഞു കയറാൻ തുടങ്ങി. ചുറ്റും നിൽക്കുന്നവരുടെയല്ലാം കണ്ണുകൾ അയാൾക്കൊപ്പം മരം കയറാൻ തുടങ്ങി. മരത്തിന്റെ ശരീരത്തിന് മേലെ അയാളുടെ കരുത്തുറ്റ ശരീരം പടർന്ന് കയറുന്ന പോലെ. ഏറ്റവും ഉയരെ ഒരു കൊമ്പിലെത്തിയ ശേഷം അയാളുടെ കൈ മരത്തിനുള്ളിലേക്ക് ഇറങ്ങി. തിരികെ വരുമ്പോൾ നിറയേ പൊടി പടർന്ന ചുവന്ന പട്ടിൽ കെട്ടിയ എന്തോ ഒന്ന് അയാളുടെ കയ്യിൽ. കയറിയതിലും വേഗം അയാൾ ഇറങ്ങുന്നുണ്ടായിരുന്നു. പക്ഷേ ചുറ്റും കൂടി നിൽക്കുന്നവർക്ക് അത് വളരെ വളരെ പതുക്കെ ആണെന്ന് തോന്നി. ചുറ്റും മൂളലുകൾ ഉയരാൻ തുടങ്ങി. താളത്തിൽ അത് എതോ നാടൻ ശീലുകളിലേക്ക് കടക്കാൻ തുടങ്ങി. ഒരേ സ്വരത്തിൽ ഒരേ ഉച്ചത്തിൽ ഒരേ താളത്തിൽ ശീലുകൾ ചുണ്ടുകളിൽ നിന്ന് ചുണ്ടുകളിലേക്ക് പടർന്നു.
മരമിറങ്ങി വന്നയാൾ തീയ്ക്ക് മുന്നിലേക്ക് നീങ്ങി നിന്നു. കൂട്ടത്തിൽ നിന്നും തലമൂത്തതെന്ന് തോന്നിക്കുന്ന മറ്റൊരാൾ അവനടുത്തേക്ക് ചെന്ന് പട്ട് അഴിക്കാൻ തുടങ്ങി. ശീലുകളുടെ വേഗം കൂടാൻ തുടങ്ങി. താളം ഉയരാൻ തുടങ്ങി. അതിനൊപ്പം ഹൃദയമിടിപ്പുകളുടെ താളവും ഉണ്ടായിരുന്നിരിക്കണം. കെട്ടഴിച്ചതും നിശ്ശബ്ദത. ചീവീടുകൾ പോലും എങ്ങോ പോയി മറഞ്ഞത് പോലെ. പോണി തുറക്കുന്ന ശബ്ദം.
കണ്ണുകൾ, ഹൃദയങ്ങൾ എല്ലാം അതിലേക്ക്.
പോണിക്കുള്ളിൽ നിന്ന് ഒരു ചുരുട്ടിയ കടലാസ് പുറത്തേക്ക് എടുത്തു. അയാൾ മെല്ലെ ചുരുളുകൾ അഴിക്കുന്ന ശബ്ദം.
ചീള് ഉയർത്തി തീയ്ക്ക് നേരെ ഉയർത്തി. ഉടനേ കൂടി നിന്ന സർവ്വരും കയ്യുയർത്തി ‘ഹോ' എന്നൊരു ശബ്ദം പുറപ്പെടുവിച്ചു.
കടലാസിലെ തമിഴ് അക്ഷരങ്ങളിലൂടെ അയാൾ വിക്കി വിക്കി വായിച്ചു തുടങ്ങി.
‘മായനാക നാൻ എളുതറത്, ഏതാവത് ഒരു അമൈച്ചറെ കടത്തി ഊര്ക്കുള്ളേ വരവേണ്ടും. അതുക്കപ്പുറം അവരെ വിട്ടു വിടുങ്കൽ. ആനാൽ അവർക്ക് താൻ കടത്തപ്പെടുത് എന്റ് തെരിയ കൂടാത താൻ കടത്ത വേണ്ടും. വാഴ്ത്തുക്കൾ.'
നിശബ്ദത മുറിച്ചുകൊണ്ട് അടക്കം പറച്ചിലുകൾ ഉയരാൻ തുടങ്ങി. സാം മെല്ലെ മുളളനോട് ചോദിച്ചു.
‘എന്തരണ്ണാ സംഭവം?'
‘ഏതെങ്കിലും ഒരു മന്ത്രിയെ തട്ടിക്കൊണ്ട് വന്ന് ആഫ്രിക്കക്കുള്ളിൽ കയറ്റണമെന്ന്. എന്നാൽ അയാൾ തന്നെ തട്ടിക്കൊണ്ട് വന്നതാണെന്ന് അറിയാൻ പാടില്ലെന്ന്.'
‘ങേഹ് അതെങ്ങനെ നടക്കും!'
‘അറിയില്ല അവർ തന്നെ അതിനൊരു പരിഹാരം കണ്ടെത്തും.'
പെട്ടെന്ന് ചീള് പൊളിച്ചു വായിച്ച ആൾ കൈ കൊട്ടി. എല്ലാവരും അയാളിലേക്ക് തിരിഞ്ഞതും അയാൾ പറഞ്ഞു.
‘എല്ലാരും യോസിച്ച് നാളേക്ക് ഇരവ് സൊള്ളുങ്കോ. അത് വരേയ്ക്കും തീ ഏരിയട്ടും.'
എല്ലാവരും പിരിയാൻ തുടങ്ങി. മുള്ളൻ അവന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു,
‘ഇതൊന്നും കണ്ട് പേടിക്കേണ്ട. അവരുടെ മായനെ അവർ കണ്ടെത്തും. നീ സുരക്ഷിതമാണ് ഇവിടെ. ഞാൻ പോയിട്ട് വരാം.'
ഒരല്പം പേടിയോടെ അവൻ ചോദിച്ചു, ‘അണ്ണന് ഇന്ന് പോണോ? നാളെ പോയാൽ പോരേ?'
'ഞാൻ നാളെ വരാമെടാ. നീ പേടിക്കാതിരിക്ക്.'
അയാൾ അവന്റെ തോളിൽ തട്ടിയിട്ട് പുറത്തേക്ക് നടന്നു. കുടിലിനുള്ളിലേക്ക് പോകാൻ തിരിഞ്ഞ അവൻ നോക്കുമ്പോൾ തീയ്ക്ക് മുന്നിൽ ഒരു നിഴൽ. ഒരു പെണ്ണ്. അവൻ സൂക്ഷിച്ച് നോക്കി.
കണ്ണകി.
അവൻ അവളുടെ അടുത്തേക്ക് നടന്നെത്തി.
‘കണ്ണകീ...'
‘ആഹ് നീ പോയില്ലേ?'
‘ഇല്ല. നീ ഇവിടെ നിക്കണ കണ്ടപ്പോ വന്നത്.'
‘ഹ്മ്മ്’, ഒരു ദീർഘനിശ്വാസത്തോടെ അവൾ വീണ്ടും തീയിലേക്ക് നോക്കി. പതിയെ തല അവന് നേരെ വെട്ടിച്ചുകൊണ്ട് അവൾ ചോദിച്ചു.
‘ഒരു മന്ത്രിയുടെ കൂടെ സെക്യൂരിറ്റി വണ്ടികൾ എത്ര കാണും?'
‘മന്ത്രിമാരുടെ കൂടെ ആണെങ്കി ഒരെണ്ണമേ കാണൂ എന്ന് തോന്നുന്നു. അതും സ്റ്റേഷൻ എസ്‌കോർട് ആയിരിക്കും.'
‘അതെന്താ സ്റ്റേഷൻ എസ്‌കോർട്ട്?'
‘ഓരോ സ്റ്റേഷനും ഒരു പരിധി ഉണ്ടല്ലോ. ആ പരിധിക്കുള്ളിൽ മന്ത്രിക്ക് എസ്‌ക്കോർട്ടായി അവരുടെ ജീപ്പ് കാണും. അടുത്ത സ്റ്റേഷൻ പരിധി എത്തുമ്പോൾ ആ സ്റ്റേഷന്റെ ജീപ്പ് അവിടെ കിടക്കും. എന്നിട്ട് ആ വണ്ടി മുന്നേ പോകും മറ്റവര് തിരിച്ചു പോവും.'
കുറുകിയ കണ്ണുകളോടെ കണ്ണകി അവന് നേരെ തിരിഞ്ഞു നിന്നു.
‘മനസിലായില്ല.'
‘അതായത് മന്ത്രി ഒരു വണ്ടിയിൽ വരും. അയാൾ എവിടെ നിന്നാണോ വരുന്നത് ആ സ്ഥലത്തെ സ്റ്റേഷനിൽ നിന്ന് ഒരു വണ്ടി മുന്നിൽ എസ്‌കോർട് ആയിട്ട് കാണും. അവർ കുറേ ദൂരം പോകുമ്പോൾ ഈ മുന്നേ പോകുന്ന സ്റ്റേഷന്റെ പരിധി കഴിയുമല്ലോ? അപ്പോ ആ പരിധി കഴിയുന്നിടത്ത് വച്ച് അടുത്ത സ്റ്റേഷന്റെ വാഹനം മുന്നേ പോകും മറ്റവര് തിരിച്ചു പോവും.'
കണ്ണകി എന്തൊക്കെയോ ആലോചിച്ചുകൊണ്ട് കണ്ണടച്ച് വിരലുകൾ കൊണ്ട് നെറ്റിയിൽ തടവാൻ തുടങ്ങി. അവൾ എന്തോ പ്ലാൻ ചെയ്യുകയാണെന്ന് മനസിലായ സാം ചോദിച്ചു, ‘കിഡ്‌നാപ് ചെയ്യാനൊള്ള പ്ലാൻ ആണോ?'
കണ്ണുകൾ തുറന്നുകൊണ്ട് അവൾ പറഞ്ഞു, ‘പ്ലാൻ ആയിട്ടില്ല. മനസ്സിൽ കുറേ പൊട്ടുകൾ ഉണ്ട്. നീ കൂടി സഹായിച്ചാലേ അതൊക്കെ കൂട്ടിച്ചേർക്കാൻ പറ്റുള്ളൂ.'
'അതിനെന്ത് ഒറപ്പായും ഞാൻ ഒണ്ട്.'
അവർ പരസ്പരം നോക്കി ചിരിക്കേ സാമിന്റെ ഫോൺ ശബ്ദിച്ചു. എടുത്ത് നോക്കുമ്പോൾ മുള്ളനാണ്.
‘ഹലോ പറ അണ്ണാ...'
അപ്പുറത്ത് നിന്ന് ഒരു നിമിഷം നിശ്ശബ്ദത അതിന് ശേഷം ഒരു കരച്ചിൽ. അവന്റെ മനസിലൂടെ ആ ശബ്ദം മിന്നൽ കണക്കേ പാഞ്ഞു പോയി ഹൃദയത്തിൽ തറച്ചു. മുള്ളൻ അണ്ണന്റെ ശബ്ദം. അണ്ണന് എന്തോ സംഭവിച്ചിരിക്കുന്നു. അവന്റെ മുഖഭാവം കണ്ട് കണ്ണകി ഫോൺ ലൗഡ് സ്പീക്കറിൽ ഇടാൻ ആംഗ്യം കാണിച്ചു. അപ്പോൾ തന്നെ അപ്പുറത്ത് നിന്ന് ഗാംഭീര്യം ഉള്ളൊരു ശബ്ദം മുഴങ്ങാൻ തുടങ്ങി.
'പന്ന കഴുവേറി മോനേ, നീ ഒളിച്ചു കളിച്ചാൽ ഞങ്ങക്ക് കിട്ടൂലെന്ന് കരുതിയാടാ. നിന്റെ അണ്ണൻ ദേ ഇവിടെ കെടപ്പോണ്ട്. മോൻ ബാ... വന്ന് അണ്ണനെ കൊണ്ട് പോ.'
അവൻ എന്ത് പറയണമെന്നറിയാതെ പേടിച്ച കണ്ണുകളോടെ കണ്ണകിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ സംസാരിക്കാൻ ആംഗ്യം കാണിച്ചു.
‘അണ്ണനെ ഒന്നും ചെയ്യരുത്.'
‘ഹ ഹ ഹ ഞങ്ങക്ക് ഇവനെ വേണ്ടെടാ. ഞങ്ങക്ക് വേണ്ടത് നിന്നെയാണ്. നിന്നെ മാത്രം.'
അവൻ വിറയ്ക്കുന്ന ചുണ്ടുകളോടെ പറഞ്ഞു, ‘ഞാൻ... ഞാൻ വരാം. എവിടെ വരണം.'
‘ഓഹ് തമ്പ്രാൻ വരാന്നോ. അത് കൊള്ളാല്ലോ.'
മറുതലയ്ക്കൽ ചിരി മുഴങ്ങുന്നത് അവന് ഫോണിലൂടെ കേൾക്കാമായിരുന്നു.
‘ഇപ്പോ... ഒറ്റയ്ക്ക്... പനങ്കാട് പൂട്ടിക്കെടക്കണ ഒരു വലിയ കാർ വർക്ക് ഷോപ്പ് ഉണ്ട്. അങ്ങോട്ടേക്ക് വാ.'
അവൻ എന്ത് പറയണമെന്നറിയാതെ നിൽക്കുമ്പോൾ കണ്ണകി പതുക്കെ അവന്റെ ചെവിയിൽ എന്തോ പറഞ്ഞു.
അവൻ ആത്മവിശ്വാസത്തോടെ ഫോൺ ചുണ്ടോട് അടുപ്പിച്ചു.
‘എനിക്ക് ഇവിടത്തെ സ്ഥലങ്ങൾ ഒന്നും അറിയില്ല. ഞാൻ വഴി അറിയാവുന്ന ഒരാളെ കൂടി കൊണ്ട് വരട്ടെ.'
അപ്പുറത്ത് ഒരു നിമിഷം നിശ്ശബ്ദത.
‘ഒരാളല്ലേ നീ കൊണ്ട് വാ.'
ഫോൺ കട്ട് ആയി. അവൻ പ്രതീക്ഷയോടെ കണ്ണകിയുടെ മുഖത്തേക്ക് നോക്കി. അവൾ ചിരിച്ചുകൊണ്ട് അവന്റെ തോളിൽ തട്ടി.
‘ഭയപ്പെടാതെ ഇരുടാ...'
അവൻ കണ്ണുകൾ മുറുക്കി അടച്ചു.
ഇരുട്ട്.
വലിയൊരു ശബ്ദത്തോടെ വർക്ഷോപ്പിന്റെ ഷീറ്റ് കൊണ്ടുള്ള വാതിൽ അകത്തേക്ക് തുറന്നു. അതിലൂടെ സാം അകത്തേക്ക് കയറിയതും വാതിൽ അടഞ്ഞു.
ഉള്ളിൽ മഞ്ഞ വെളിച്ചം.
പൊളിച്ചിട്ടിരിക്കുന്ന ഒരു ക്വാളിസിയുടെ മുകളിൽ ആനറാഞ്ചി വിനോദ്.
മുന്നിലായ് കരുത്തരായ ഗുണ്ടകൾ. ഒരു ഇരുമ്പ് തൂണിൽ കെട്ടിയിട്ടിരിക്കുന്ന മുള്ളൻ ബിജു. മുള്ളൻ ദയനീയതയോടെ അവനെ നോക്കി പിന്നെ നിസ്സഹായതയോടെ മുഖം താഴ്ത്തി. അവനെ കണ്ടതും വിനോദ് ഉറക്കെ കയ്യടിച്ചു.
'ആഹാ! ആരാ ഈ വരണത്. യൂണിവേഴ്‌സിറ്റിയുടെ തമ്പ്രാൻ അല്ലേ.'
വണ്ടിയുടെ മുകളിൽ നിന്ന് താഴേക്ക് ചാടി ഇറങ്ങിക്കൊണ്ട് മുന്നിൽ നിൽക്കുന്ന രണ്ട് പേരുടെ തലയിൽ തട്ടിക്കൊണ്ട് അയാൾ പറഞ്ഞു.
‘നോക്കി നിൽക്കാതെ കുമ്പിടെടാ തംബ്രാനെ...'
അതും പറഞ്ഞ് ഒരു പുശ്ചചിരിയോടെ അയാൾ വീണ്ടും വണ്ടിയുടെ മുകളിലേക്ക് ചാടിക്കയറി ഇരുന്നു. എന്നിട്ട് ഒറ്റ അലറൽ.
‘കേറി വാടാ ഇങ്ങോട്ട്...'
അവൻ ഭയന്ന് വിറച്ച് മുന്നോട്ട് കാൽ വച്ചതും ശക്തിയായി എന്തോ ഷീറ്റ് കൊണ്ടുള്ള വാതിലിൽ വന്നടിച്ച ശബ്ദം. വാതിൽ ഉള്ളിലേക്ക് ഞണുങ്ങി. എല്ലാവരും എന്ത് സംഭവിക്കുന്നെന്നറിയാതെ നോക്കി നിൽക്കേ തകര ഷീറ്റ് വാതിൽ മുന്നിലേക്ക് തെറിച്ച് വീണു. അതിന് പുറകേ ഒരു ഗുണ്ടയും.
ഞെട്ടിപ്പോയ വിനോദ് കാറിന് മുകളിൽ നിന്ന് ചാടി തറയിലേക്ക് ഇറങ്ങിയതും ഇരുട്ടിൽ നിന്ന് ഒരാൾ അകത്തേക്ക് കയറി വന്നു.
ഉടഞ്ഞ പുള്ളി ഷർട്ടും കറുത്ത കൈലിയുമുടുത്ത ഒരാൾ. കൈലി മടക്കി ഉടുത്ത് അയാൾ മുന്നിലേക്ക് കാലുകൾ വച്ചതും ഉരുണ്ട കാൽ പേശികൾ അയാളുടെ കരുത്ത് വിളിച്ചു പറയുന്നുണ്ടായിരുന്നു.
അയാൾ മുന്നോട്ട് വരുമ്പോൾ കണ്ണകിയുടെ ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങി.
‘നീ കിടക്കുന്ന കുടിൽ മാമന്റേത് ആണെന്ന് പറഞ്ഞില്ലേ. മുരുകൻ മാമൻ. മാമൻ നിന്റെ കൂടെ വരും.'
‘അവർ ഒരുപാട് പേര് കാണില്ലേ. മാമൻ ഒറ്റയ്ക്ക്...'
കണ്ണകിയുടെ ചിരി.
‘അവർ ഒരു നൂറ് പേര് കാണോ? ഇല്ലെങ്കിൽ മാമൻ വരുന്നത് തന്നെ നഷ്ടമാണ്.'
അകത്തേക്ക് നടന്ന് വന്നുകൊണ്ട് അയാൾ സംസാരിച്ചു തുടങ്ങി.
‘എല്ലാരും മന്നിച്ചിടുങ്കോ. നാൻ തമ്പി കൂടെ വന്തത്. അവനോടെ തൊപ്പി ബൈക്കിൽ മറന്ത് വച്ച് വന്തിരുക്ക്. അത് കൊടുക്കറുതുക്കാകെ ഉള്ളെ വിടുമാന്ന് കേട്ടാ'
തകര ഷീറ്റിന് മുകളിൽ ചോരയൊലിപ്പിച്ച് കിടക്കുന്നവനെ ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു.
‘ഇവൻ സൊൽറേൻ വിടമാട്ടേന്ന്... മുട്ടാള പയ്യൻ.'
അയാൾ അവന്റെ അടുത്തേക്ക് വന്ന് അവന്റെ തലയിൽ തൊപ്പി വയ്ക്കാനും പുറകിൽ നിന്നൊരുത്തൻ ഓടി വന്ന് അയാളുടെ തലയ്ക്ക് നേരെ ഒറ്റ അടി. നിന്ന നില്പിൽ ഇടം കൈ കൊണ്ട് തലയ്ക്ക് പിന്നിലെ ഓങ്ങി വച്ചേക്കുന്ന ഇരുമ്പ് വടിയിൽ പിടിച്ച് മുന്നിലേക്ക് ഒറ്റ കറക്കൽ. വടിക്കൊപ്പം അടിക്കാൻ വന്നവനും മുരുകന്റെ മുന്നിൽ. വടിയിൽ മുറുക്കെ പിടിച്ചുകൊണ്ട് വലംകൈ കൊണ്ട് അവന്റെ അടിവയറ്റിലേക്ക് ഒറ്റയിടി. രക്തം ചർദ്ധിച്ചുകൊണ്ട് അവൻ തറയിലേക്ക് കമിഴ്ന്ന് വീണു. തല വെട്ടി തിരിച്ചുകൊണ്ട് മുരുകൻ വിനോദിന് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു.
‘എന്ന അണ്ണാ ഇവങ്ക എല്ലാം ഇന്ത മാതിരി മുട്ടാളത്തരമാ എന്നന്നമോ പണ്ണിട്ടു ഇരുക്കേന്.'
ആനറാഞ്ചിയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുമന്നു. അയാൾ പല്ല് ഞെരിച്ചുകൊണ്ട് മുന്നോട്ട് ഒരടി വച്ച് സാമിനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
‘എനിക്ക് വേണ്ടത് ഇവനെയാണ് ഇവനെ മാത്രം. നീ പോ.'
മുരുകൻ പൊട്ടിച്ചിരിച്ചു. അപ്പോൾ ഒരുത്തൻ ഊരിപ്പിടിച്ച വാളുമായി അയാൾക്ക് നേരെ ഓടി വന്നതും നിന്ന നില്പിൽ നിന്ന് വലംകാലുയർത്തി മുരുകൻ ഒറ്റച്ചവിട്ട്. അവൻ തെറിച്ച് പോയി ആനറാഞ്ചിയുടെ കാൽക്കൽ വീണു. കൈലി ഒന്നഴിച്ച് വീണ്ടും മുറുക്കി കെട്ടിക്കൊണ്ട് മുരുകൻ പറഞ്ഞു, ‘ഏതുക്കാകെടാ ചിന്ന പസങ്കക്കിട്ടെ സണ്ട. അവളോ ആസൈ എന്നാ എങ്കിട്ട വാടാ. തനിയാ വാടാ...'
മുരുകൻ വിരലുകൾ കൊണ്ട് മീശ മുകളിലേക്ക് ഒതുക്കി താടിയിൽ തടവി തുടയിൽ മെല്ലെ താളമിടാൻ തുടങ്ങി. പല്ലുകൾ കടിച്ച് ഞെരിച്ചുകൊണ്ട് ആനറാഞ്ചി ഷർട്ട് ഊരി പുറകിലേക്ക് എറിഞ്ഞിട്ട് കൈകൾ കുടഞ്ഞെടുത്ത് വിരിഞ്ഞ മാറ് മുന്നിലേക്ക് ഉയർത്തിക്കാട്ടി രണ്ടടി വച്ചിട്ട് കയ്യുയർത്തി ആംഗ്യം കാണിച്ചു, ‘വാടാ...'
ചിരിച്ചുകൊണ്ട് മുരുകൻ മുന്നിലേക്ക് പതിയെ നടന്ന് ആനറാഞ്ചിയുടെ തൊട്ടടുത്ത് വന്ന് നിന്ന് അവന്റെ കണ്ണുകളിലേക്ക് നോക്കി ഒരു ചിരി. അത് കണ്ടതും ആനറാഞ്ചി വലംകൈ ചുരുട്ടി മുരുകന്റെ നെഞ്ച് കണക്കാക്കി ഒറ്റയിടി. മുന്നിൽ നിന്ന് ഒഴിഞ്ഞു മാറി ആനറാഞ്ചിയുടെ പുറകിലേക്ക് വന്ന് ഒറ്റ തള്ളൽ. നില തെറ്റി അയാൾ മുന്നിലേക്ക്.
അപ്പോൾ തന്നെ കെട്ടി ഇട്ടിരിക്കുന്ന മുള്ളനെ കണ്ട മുരുകൻ.
‘നീ ഇങ്ക ഇരുക്കാ.' അപ്പോൾ തന്നെ ചീറി വരുന്ന വിനോദിനെ കണ്ടതും മുരുകൻ മുളളനോട് പറഞ്ഞു.
‘മുടിച്ചിട്ട് ഇതോ വരേൻ ഡാ'
മുള്ളന്റെ മുഖത്ത് ചിരി വിടർന്നു.
തിരിഞ്ഞ മുരുകനും ആനറാഞ്ചിയും തമ്മിൽ പൊരിഞ്ഞ തല്ല്.
അടിക്കുന്നു. തടുക്കുന്നു. വീണ്ടും അടിക്കുന്നു തടുക്കുന്നു ഒഴിഞ്ഞു മാറി ഇടിക്കുന്നു.
പൊടി ഉയർന്ന് പൊങ്ങാൻ തുടങ്ങി. രണ്ട് പേരും വീറോടെ പൊരുതുന്നു. പെട്ടെന്ന് മുരുകൻ ചാടി ഉയർന്ന് ആനറാഞ്ചിയുടെ മുഖത്തേക്ക് ഒറ്റയിടി. ആ ഇടിയിൽ നില തെറ്റിയ ആനറാഞ്ചിയുടെ പുറകിലേക്ക് ചാടി കാൽ മുട്ടുകളിൽ അമർത്തി ചവിട്ടിയതും ആനറാഞ്ചി മുട്ടുകാലിൽ തറയിലേക്ക് വീണു. മുഴുവനായ് തറയിലേക്ക് വീഴും മുന്നേ കഴുത്തിലേക്ക് ചാടിപ്പിടിച്ച് ഒറ്റ തിരിക്കൽ. കഴുത്തൊടിഞ്ഞ് ആനറാഞ്ചി തറയിലേക്ക് വീണതും. ചുറ്റും നിന്ന നാലുപേർ ഓടി വന്ന് മുരുകനെ വളഞ്ഞ് പിടിച്ചു. മുന്നിൽ നിന്ന് ഒരുത്തൻ കത്തിയുമായി ഓടി വന്നതും. കൈകളിൽ പിടിച്ചിരിക്കുന്നവന്മാരെ കുടഞ്ഞെറിഞ്ഞുകൊണ്ട് പിന്നിൽ നിന്ന് വയറിൽ പിടിച്ചിരിക്കുന്നവനെ തലയ്ക്ക് മുകളിലൂടെ വലിച്ചെടുത്ത് മുന്നിലേക്ക് നിർത്തിയതും ഓടി വന്നവന്റെ കത്തി മറ്റവന്റെ വയറ്റിലേക്ക് ആഴ്ന്നിറങ്ങി. ഒരു നിമിഷം പോലും പാഴാക്കാതെ ഒറ്റച്ചവിട്ട് അവന്മാർ തെറിച്ച് വീണു.
ഇത് കണ്ട് ചുറ്റും വിരണ്ട് നിൽക്കുന്നവന്മാരെ നോക്കിയിട്ട് മുരുകൻ അലറി, ‘വാടാ...'
അവന്മാർ ഭയന്ന് പുറത്തേക്ക് ഓടിയതും. സാം ഓടി വന്ന് മുള്ളന്റെ കെട്ടഴിച്ചു. മുള്ളനും മുരുകനും പരസ്പരം കെട്ടിപ്പിടിച്ചു.
എന്നിട്ട് ആനറാഞ്ചിയുടെ അടുത്തേക്ക് വന്ന് ഞരങ്ങുന്ന അയാളുടെ മുഖം കയ്യിലെടുത്ത് പിടിച്ചിട്ട് മുരുകൻ പറഞ്ഞു, ‘ഇവൻ ആഫ്രിക്കയോടെ പുള്ള. ഇനിമേ ഇവൻ പിന്നാടി നീ വന്തേൻ ഉൻ സാവ് എൻ കയ്യാല താൻ.' അയാളുടെ മുഖം തറയിലേക്ക് തന്നെയിട്ടുകൊണ്ട് എഴുന്നേറ്റ് കൈലി ഒന്ന് കൂടി അഴിച്ച് മുറുക്കി ഉടുത്തുകൊണ്ട് മുരുകൻ സാമിനെ നോക്കി.
‘പോലാമാ...'
തിരികെ അവർ ആഫ്രിക്കയിലേക്ക് ചെല്ലുമ്പോൾ കയറി വരുന്നിടത്ത് തന്നെ അവരെയും കാത്ത് കണ്ണകി നിൽപ്പുണ്ടായിരുന്നു. അവരെ കണ്ടതും പുഞ്ചിരിയോടെ അവൾ കിടങ്ങിന് മീതെ പലക നീട്ടിയിട്ട് അവർക്ക് കയറി വരാനായി പാലം ശരിയാക്കി കൊടുത്തു. കയറി വന്നതും മുരുകൻ അവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു, ‘നാൻ നിനച്ച മാതിരി ഏതുവുമേ നടക്കലേ എല്ലാമേ ടക് ടക്ന്ന് മുടിഞ്ചിടിച്ച്.'
അവൾ കണ്ണിറുക്കി ചിരിച്ചുകൊണ്ട് പറഞ്ഞു, ‘പോട്ട് മാമ. ഉനക്കാക പെരിയ യുദ്ധം പ്ലാൻ പണ്ണിട്ട്ര്ക്ക്.'
അവളെ കുനിഞ്ഞ് തൊഴുതുകൊണ്ട് അയാൾ പറഞ്ഞു, ‘ആത്താടി എന്ന കൊല്ലാമ ഇരുക്ക മുടിയുമാ?'
‘യോസിക്കലാമേ...'
ദേഷ്യം അഭിനയിച്ച് പല്ല് കടിച്ച് അവളുടെ തലയിൽ ചെറുതായി ഒരു തട്ടും കൊടുത്തുകൊണ്ട് മുരുകൻ പറഞ്ഞു, ‘നാളേക്ക് തെങ്കാശി പക്കത്തില് ചിന്ന വേല ഇരുക്ക്.നാൻ പോരേന്. ഇവന്കളെ പാത്തുക്കോ.'
‘അപ്പോ നാളേക്ക് ഇരവ് ഇല്ലയാ?'
‘ഇല്ലൈ.'
‘അടുത്ത മായനാക വേണ്ടാമാ?'
‘വേണാ. എനക്ക് ഉങ്കളുടെ അൻപ് നൻപനായിരുന്താൽ പോതും. ഏതാവത് വേണംന്നാ കൂപ്പിട്ടാ പോതും നാൻ ഓടി വരേൻ.'
അവൾ പുഞ്ചിരിയോടെ തലയാട്ടിയതും അയാൾ മുള്ളന്റെ തോളിൽ തട്ടി യാത്ര പറഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നിറങ്ങി.
രാത്രിയുടെ ഇരുട്ടിലേക്ക് അയാൾ നടന്നകന്നതും തിരിഞ്ഞവൾ സാമിന് നേരെ നോക്കി ചോദിച്ചു.
‘എങ്ങനെ ഉണ്ടായിരുന്നു?'
‘ഭീകരം.'
ചിരിച്ചുകൊണ്ട് സാമും മുരുകനും പലക തിരികെ ആഫ്രിക്കക്കുള്ളിലേക്ക് വലിച്ച് കയറ്റിയിട്ട് അവളുടെ പുറകേ നടന്നു. കുടിലുകളിൽ നിന്ന് ആൾക്കാരൊക്കെ മുറ്റത്തേക്കിറങ്ങി തീ കൂട്ടാൻ തുടങ്ങുമ്പോൾ ഒരു മരവേരിൽ ചാരിയിരുന്ന് ഒരാൾ തോൽ കൊണ്ടുള്ള ചെറിയ ഡ്രം പോലുള്ള ഉപകരണത്തിൽ താളം പിടിക്കുന്നുണ്ടായിരുന്നു.
കണ്ണകി നേരെ തെക്ക് വശത്തെ മരത്തിന് ചുവട്ടിലേക്ക് നടന്നു. പുറകേ സാമും മുരുകനും. നടക്കും നേരം കണ്ണകി സാമിനോട് ചോദിച്ചു.
‘പോലീസ് സ്റ്റേഷന്റെ പരിധി എങ്ങനെ നമ്മൾ കണ്ടുപിടിക്കും?'
ചിരിച്ചുകൊണ്ട് സാം പറഞ്ഞു, ‘നീ അത് വിട്ടില്ലല്ലേ?'
‘എങ്ങനെ വിടും. ഇത് ഊരിന് വേണ്ടി അല്ലേ?'
ഒന്നും മനസ്സിലാകാതെ മുള്ളൻ സാമിനോട് ചോദിച്ചു, ‘എന്തരടാ പോലീസും ആയിട്ടൊക്കെ പ്രശ്‌നം?'
‘അത് ഒന്നുമില്ല അണ്ണാ. കിഡ്‌നാപ്പിംഗ് പ്ലാൻ.'
‘ആഹാ എന്നിട്ട് എന്തരായി?'
അയാളെ നോക്കി ചിരിച്ചുകൊണ്ട് കണ്ണകി പറഞ്ഞു, ‘ദേ തുടങ്ങുന്നതേ ഉള്ളൂ...'
അതിനുശേഷം സാമിന് നേരെ തിരിഞ്ഞതും. സാം ഫോൺ എടുത്ത് ഗൂഗിളിൽ എന്തൊക്കെയോ നോക്കിയിട്ട് അവൾക്ക് നേരെ തിരിഞ്ഞു.
‘നമ്മൾ വരുന്നത് പൊന്മുടി സ്റ്റേഷൻ പരിധിയിലാണ്. അതിന് തൊട്ടുമുൻപ് ഉള്ളത് വിതുര സ്റ്റേഷനാണ്. ഇവരുടെ രണ്ട് പേരുടെയും അതിർത്തി എന്ന് പറയുന്നത് ചില്ലാറാണ്.'
ഒരു നിമിഷം നിർത്തിയിട്ട് അവൻ ചോദിച്ചു, ‘എവിടാ ഈ ചില്ലാർ?'
അവന്റെ തോളിൽ തട്ടിക്കൊണ്ട് മുള്ളൻ പറഞ്ഞു, ‘നമ്മളന്ന് ഓട്ടോയിൽ വന്നപ്പോൾ മെയിൻ റോഡിൽ നിന്ന് തിരിഞ്ഞ് കാട്ടിലേക്ക് കയറിയില്ലേ? ആ അവിടന്ന് അഞ്ഞൂറ് മീറ്റർ കഴിഞ്ഞുള്ള ജംഗ്ഷൻ.'
‘എന്നിട്ട് നമ്മൾ അവിടെ നിന്നപ്പോൾ ജംഗ്ഷൻ ഒന്നും കണ്ടില്ലല്ലോ?'
‘ആ വളവ് കഴിഞ്ഞാ ജംഗ്ഷൻ. വളവ് ആയോണ്ട് കാണാൻ പറ്റൂല.'
‘ആഹ്.' അവർ രണ്ട് പേരും തിരിയുമ്പോൾ കണ്ണകി മരത്തിന് ചോട്ടിലെ തീയിലേക്ക് നോക്കി എന്തോ ആലോചിക്കുകയാണ്. പെട്ടെന്ന് തിരിഞ്ഞുകൊണ്ട് കണ്ണകി മുളളനോട് പറഞ്ഞു, ‘അണ്ണാ നിങ്ങക്ക് ഇവിടത്തെ ഓട്ടോക്കാരെ ഒക്കെ പരിചയം ഒണ്ടല്ലോ? ചില്ലാർ കഴിഞ്ഞ് എവിടേലും ഏതേലും മന്ത്രിക്ക് ഈ മാസം എന്തേലും പരിപാടി ഉണ്ടോന്ന് തിരക്കണം.'
അയാൾ തല കുലുക്കിക്കൊണ്ട് ഫോണുമായി അപ്പുറത്തേക്ക് മാറിയതും പുറകിൽ ഡ്രം പോലുള്ള ഉപകരണത്തിൽ നിന്ന് താളത്തിൽ കൊട്ടുകൾ ഉയരാൻ തുടങ്ങി. അതിനൊപ്പം നാടൻ ശീലുകൾ. കണ്ണകിയും സാമും അത് നോക്കി നിൽക്കേ മുള്ളൻ തിരികെ വന്ന് അവരോട് എന്തൊക്കെയോ പറഞ്ഞു. അത് കേട്ടുകൊണ്ട് സാം തിരിച്ച് വേറെന്തൊക്കെയോ പറയുന്നു. ഫോണുമായി സാം മാറി നിന്ന് സംസാരിക്കുന്നു. കൊട്ട് മുറുകിക്കൊണ്ടിരുന്നു... അതിനൊപ്പം ശീലുകളും, അവർ കൂട്ടിയിട്ട് കത്തിച്ച വിറകിൽ നിന്ന് തീയും.
ഉയർന്ന് പൊങ്ങുന്ന തീ.
അതിനരികിൽ ചീള് വായിച്ച വൃദ്ധൻ.
അയാൾ തൊണ്ടയനക്കി ശബ്ദം കനപ്പിച്ച് ഉറക്കെ ചോദിച്ചു, ‘ഒരു നാൾ മുടിയിത്. യാർക്കാവത് ഏതാവത് യോസന ഇറുക്കാ?'
ചുറ്റും നിശ്ശബ്ദത. എല്ലാവരും തല കുമ്പിട്ട് നിൽക്കുന്നു. അതിനുള്ളിൽ നിന്ന് കണ്ണകി പതുക്കെ മുന്നോട്ട് വന്നു. അയാൾ വാത്സല്യത്തോടെ കണ്ണകിയെ മുന്നോട്ട് കയ്യാട്ടി വിളിച്ചു. തീയ്ക്കരികിൽ നിന്ന് അവൾ ഉറക്കെ പറയാൻ തുടങ്ങിയതും സാമിന് അവർ പാടിയ നാടൻ ശീലുകൾ ഊരിന് ചുറ്റും ഉയരുന്ന പോലെ തോന്നി. ഉയർന്ന് താഴുന്ന ഹൃദയമിടിപ്പുകൾ. അതിനെ ഉയർത്തിക്കൊണ്ട് പോകുന്ന താളം. അവൻ കൂടി നിന്ന ഓരോരുത്തരുടെയും മുഖങ്ങളിലേക്ക് മാറി മാറി നോക്കി.
മുഖങ്ങളിൽ പ്രതിഫലിക്കുന്ന തീ വെളിച്ചം. ഓരോരുത്തരും സസൂക്ഷ്മം അവളുടെ വാക്കുകൾക്ക് കാതോർക്കുന്നു. ഓരോ വാക്കിലും മുഖങ്ങളിൽ മിന്നിമറയുന്ന ദൃഢ ഭാവങ്ങൾ. ഓരോരുത്തരും നിശബ്ദമായ് ഞങ്ങൾ എന്തിനും തയ്യാറെന്ന് വിളിച്ചു പറയുന്നത് പോലെ. സാം ഉയരേക്ക് നോക്കി.
നക്ഷത്രങ്ങളില്ലാത്ത രാത്രി. അവൻ കണ്ണുകൾ ഇറുക്കി അടച്ചു.
ഇരുട്ട്.
ചൂട് നീരാവി പറക്കുന്ന റോഡ്.
ചുട്ടുപൊള്ളുന്ന ടാറിന് മുകളിലെ എരിയുന്ന വെയിലിലൂടെ നോക്കുമ്പോൾ മന്ത്രിയുടെ ഇന്നോവ കടന്ന് വരുന്നു. അതിന് മുന്നിലായ് ഒരു പോലീസ് ജീപ്പ്. പൊടി പറത്തിക്കൊണ്ട് ജീപ്പും മന്ത്രിയുടെ വണ്ടിയും ചീറിപ്പായുന്നു. പോലീസ് ജീപ്പിന്റെ ഡ്രൈവർ മുന്നിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു, ‘സാറേ ദേ പൊന്മുടി സ്റ്റേഷനിലെ വണ്ടി കിടക്കുന്നു.'
എസ്.ഐ മുന്നിലേക്ക് സൂക്ഷിച്ച് നോക്കിയിട്ട്, ‘ഇവന്മാരെന്താടാ ഒന്നര കിലോമീറ്റർ മുന്നേ വന്ന് കിടക്കുന്നത്?'
‘ആഹ് അറിഞ്ഞൂടാ സാറേ. ചെലപ്പോ എന്തിനേലും ഈ വഴി വന്നതാവും.'
‘ആഹ് എന്തായാലും നന്നായി. നമ്മക്ക് നേരത്തേ പോവാല്ലോ. നീ വണ്ടി സൈഡ് ആക്ക്.'
ഡ്രൈവർ വണ്ടി ഒതുക്കാനും മുന്നിൽ കിടന്ന ജീപ്പ് മന്ത്രിയുടെ വാഹനത്തിന് മുന്നേ കയറി. വന്നുകൊണ്ടിരുന്ന അതേ വേഗതയിൽ തന്നെ ഇന്നോവ മുന്നോട്ട് പാഞ്ഞു. മുന്നിലെ പോലീസ് ജീപ്പിന്റെ മിററിലൂടെ നോക്കുമ്പോൾ അതുവരെ എസ്‌കോർട് വന്ന ജീപ്പ് തിരിഞ്ഞു പോകുന്നുണ്ടായിരുന്നു. ഏകദേശം മുക്കാൽ കിലോമീറ്റർ കഴിഞ്ഞതും പോലീസ് ജീപ്പ് മെയിൻ റോഡിൽ നിന്ന് തിരിഞ്ഞ് ഇടവഴിയിലേക്ക് കയറി. പുറകേ വന്ന ഇന്നോവയിൽ നിന്ന് മന്ത്രിയുടെ ഡ്രൈവർ മന്ത്രിയോടായി പറഞ്ഞു, ‘സാർ ദേ ഒരു ഇടവഴിയിലേക്കാ പോലീസ് പോകുന്നത്.'
അലസമായ് മുന്നോട്ട് നോക്കിക്കൊണ്ട് മന്ത്രി പറഞ്ഞു, ‘ആഹ് സെറ്റിൽമെൻറ് ഏരിയയിൽ അല്ലേ പരിപാടി. അപ്പോ ഏതേലും കാട്ട് റൂട്ട് ആവും. അവന്മാർക്ക് വഴി അറിയാമല്ലോ. താൻ പുറകേ വിട്.'
ഇന്നോവയും ജീപ്പിനൊപ്പം റോഡിലേക്ക് കടന്നു. ഇന്നോവ വഴിയിലേക്ക് കടന്ന് നൂറ് മീറ്റർ കഴിഞ്ഞതും പുറകിൽ ഭയങ്കരമായ ഒരു ശബ്ദത്തോടെ വഴിയടച്ചുകൊണ്ട് ഒരു മരം മുറിഞ്ഞ് വീണു. അതിന് ചുറ്റും കൈകളിൽ കയറുമായി കുറച്ച് മനുഷ്യർ റോഡിലേക്ക് ചാടി ഇറങ്ങി. ശബ്ദിക്കുന്ന കട്ടർ മെഷീനുമായി ഒരാൾ ചുണ്ടിൽ പുഞ്ചിരിയോടെ മുന്നിലായ് പോകുന്ന വണ്ടികളെ നോക്കി നിന്നു.
കുറച്ച് ദൂരം പോയതും പോലീസ് ജീപ്പിന്റെ ഡ്രൈവർ കാടിനുള്ളിലെ ഒരു വഴിയിലേക്ക് ചൂണ്ടിക്കാട്ടിയിട്ട് പറഞ്ഞു, ‘മറക്കരുത് ഈ വഴിയാണ്.'
ഡ്രൈവറിന് തൊട്ടടുത്ത് കയ്യിലൊരു ബാൻഡേജ് ചുറ്റി ഇരുന്നയാൾ ആ വശത്തേക്ക് മുഖമുയർത്തി നോക്കി.
സാം.
എസ് ഐയുടെ യൂണിഫോം അണിഞ്ഞ് സാം. ഡ്രൈവറെ നോക്കിച്ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു, ‘നമ്മളെത്ര ട്രയൽ നോക്കിയതാ. അങ്ങനെ മറക്കോ.'
അവർ പരസ്പരം നോക്കി ഗൂഢമായ് ചിരിച്ചു.
വേഗത്തിൽ കറങ്ങുന്ന ചക്രങ്ങൾ. വഴികളിൽ ഞെരിഞ്ഞമരുന്ന കല്ലുകൾ. നിശബ്ദമായ് വഴികളിലേക്ക് തലചായ്ച്ച് ഇനി എന്ത് നടക്കുമെന്ന് തുറിച്ച് നോക്കുന്ന മരത്തലപ്പുകൾ. പെട്ടെന്ന് പോലീസ് ജീപ്പ് വേഗം ഒറ്റയടിക്ക് കൂട്ടി ചീറിക്കൊണ്ട് മുന്നിലേക്ക്. മന്ത്രിയുടെ വാഹനത്തിനും പോലീസ് ജീപ്പിനും ഇടയിലേക്ക് വഴിയുടെ ഇടത് വശത്ത് നിന്നും ഇരച്ചുകൊണ്ട് ഒരു ടിപ്പർ റോഡിലേക്ക് കയറി വിലങ്ങനെ നിന്നതും പുറകിൽ ഇന്നോവ സഡൻ ബ്രേക്കിട്ട് നിന്നു. മുന്നിലായ് പോലീസ് ജീപ്പും നിന്നു. കരിഞ്ഞ ടയറിന്റെ മണവും പൊടിയും അന്തരീക്ഷത്തിലേക്ക് ഉയർന്ന് പൊങ്ങാൻ തുടങ്ങി.
ഉടൻ തന്നെ സാമും പോലീസുകാരും ജീപ്പിൽ നിന്ന് ചാടി ഇറങ്ങി ലോറിക്കരികിലേക്ക് എത്തി. ഡ്രൈവറിന് നേരെ ആക്രോശിച്ചുകൊണ്ട് സാം.
‘എന്താടോ താനീ കാണിക്കുന്നത്. വണ്ടി എടുത്ത് മാറ്റെടാ...'
വിറച്ചുകൊണ്ട് ടിപ്പർ ഡ്രൈവർ പറഞ്ഞു, ‘ഇപ്പോ മാറ്റാം സാറേ...'
അയാൾ താക്കോൽ തിരുകി സ്റ്റാർട്ട് ആക്കാൻ ശ്രമിച്ചിട്ടും സ്റ്റാർട്ട് ആകുന്നില്ല. രണ്ട് മൂന്ന് തവണ ശ്രമിച്ചുകൊണ്ട് അയാൾ പറഞ്ഞു, ‘സാർ, ഒന്ന് തള്ളാമോ?'
‘പ്ഫ, ഞാനിനി ഇത്രേം ലോടുള്ള വണ്ടി ചുമന്ന് മാറ്റാമെടാ.'
‘സാറേ അതല്ല. വണ്ടി കംപ്ലയിന്റ് ആണ്. ചെറുതായിട്ട് ഒന്ന് ടയർ അനങ്ങിക്കഴിഞ്ഞാൽ സ്റ്റാർട്ട് ആവും. ഒന്ന് സഹായിക്ക് സാറേ.'
സാം ‘ശല്യം' എന്ന് പറഞ്ഞുകൊണ്ട് തല ചൊറിയാനും ഇന്നോവയുടെ ഡ്രൈവർ തല പുറത്തേക്കിട്ട് ചോദിച്ചു, ‘എന്താടോ പ്രശ്‌നം?'
സാം ഓടി മന്ത്രിയുടെ വാഹനത്തിന് അടുത്തേക്ക് വന്ന് സല്യൂട്ട് ചെയ്തുകൊണ്ട് പറഞ്ഞു, ‘സാർ ആ വണ്ടി ഒന്ന് തള്ളിയാലേ സ്റ്റാർട്ട് ആകൂ എന്ന്.'
മുന്നിലിരുന്ന പി.എ മുഖം വക്രിച്ചുകൊണ്ട് ചോദിച്ചു, ‘ഈ ലോഡും കൊണ്ട് നിൽക്കുന്ന വണ്ടിയാണോ തള്ളി സ്റ്റാർട്ട് ചെയ്യാൻ പോകുന്നത്?'
‘സർ അയാൾ പറയുന്നത് ടയർ just ഒന്ന് അനങ്ങിയാൽ മതി സ്റ്റാർട്ട് ആകുമെന്നാ.'
പി.എ തന്നെ അതിനും മറുപടി പറഞ്ഞു, ‘എന്നാൽ പിന്നെ പെട്ടെന്ന് ആവട്ടെടോ. വേറെ പരിപാടികൾ ഉള്ളതാണ്.'
വല്ലാത്തൊരു സങ്കട ഭാവത്തിൽ സാം പറഞ്ഞു, ‘സാർ ഞങ്ങൾ ആകെ 4 പേരെ ഉളളൂ.' തന്റെ ബാൻഡേജ് ഇട്ട കൈ ഉയർത്തിക്കാട്ടിക്കൊണ്ട് തുടർന്നു.
‘അതിൽ തന്നെ എന്റെ കയ്യും വയ്യ.'
ശബ്ദം കനപ്പിച്ചുകൊണ്ട് മന്ത്രി ചോദിച്ചു, ‘ഞാനിപ്പോ എന്ത് വേണമെന്നാ താൻ പറയുന്നത്?'
ഡ്രൈവറിനെയും പി.എയും ചൂണ്ടിക്കൊണ്ട് സാം പറഞ്ഞു, ‘സാർ, ഇവര് കൂടി വന്നാൽ...'
‘ഒന്ന് ചെല്ലെടോ. നൂറ് കൂട്ടം പണിയുള്ളതാ.'
അവനോടുള്ള ദേഷ്യം വണ്ടിയോട് കാണിച്ചുകൊണ്ട് രണ്ടാളും ഡോർ വലിച്ചടച്ചുകൊണ്ട് മുന്നോട്ട് നടന്നു. അവിടെ തന്നെ നിൽക്കുന്ന സാമിനോട് തിരിഞ്ഞ് ഡ്രൈവർ ചോദിച്ചു, ‘താൻ വരുന്നില്ലേ?'
കൈ ഉയർത്തിക്കൊണ്ട് അവൻ പറഞ്ഞു, ‘വയ്യ.'
പല്ലും കടിച്ചുകൊണ്ട് അവർ ടിപ്പറിന്റെ പുറകിൽ നടുവിലായും പോലീസുകാർ ഇരു വശങ്ങളിലായും നിന്ന് തള്ളാൻ തുടങ്ങിയതും പെട്ടെന്ന് ടിപ്പറിന്റെ പിൻഭാഗം ഒറ്റപ്പൊങ്ങൽ. അവർ എന്ത് സംഭവിക്കുന്നതെന്നറിയാതെ നോക്കി നിൽക്കേ ലോഡ് ഉണ്ടായിരുന്ന മണൽ മുഴുവനായ് താഴേക്ക്. ഇരുവശങ്ങളിൽ നിന്ന പോലീസുകാർ ചാടി മാറി. മണൽ മുഴുവൻ മന്ത്രിയുടെ ഡ്രൈവറിനും പി.എ യ്ക്കും മുകളിലേക്ക്. ഡ്രൈവർ ടിപ്പർ ഇരപ്പിച്ചുകൊണ്ട് സ്റ്റാർട്ട് ചെയ്ത് മുന്നിലേക്ക് എടുത്തതും സാം ചാടി ഇന്നോവയുടെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഡോർ അടച്ചു. അതെല്ലാം കണ്ട് വിരണ്ടുപോയ മന്ത്രിയുടെ മുഖത്തേക്ക് നോക്കി സാം പറഞ്ഞു, ‘സാർ ഇതെന്തോ കെണി ആണെന്ന് തോന്നുന്നു. നമുക്ക് രക്ഷപ്പെടാം.'
അയാൾ നെറ്റിയിലെ വിയർപ്പ് തുടച്ചുകൊണ്ട് തലയാട്ടും മുന്നേ സാം വണ്ടി സ്റ്റാർട്ട് ചെയ്ത് പുറകിലേക്ക് എടുക്കാൻ തുടങ്ങിയതും ടിപ്പർ കയറി വന്ന വഴിയിലൂടെ രണ്ട് ക്വാളിസി നിറയേ ആയുധങ്ങളുമായി ആരൊക്കെയോ വരുന്നു. അവൻ വേഗത്തിൽ വണ്ടി വളച്ചെടുത്ത് വീണ്ടും ആ വണ്ടികളിലേക്ക് നോക്കുമ്പോൾ മുന്നിലെ വണ്ടിയിൽ ഡ്രൈവറിന് തൊട്ടടുത്ത് കഴുത്തിൽ ബെൽറ്റുമിട്ട് അയാൾ, ആനറാഞ്ചി വിനോദ്.
അപ്രതീക്ഷിതമായ ആ വരവിൽ ഒന്ന് പതറിയ സാം പട പടെന്ന് ഗിയറുകൾ മാറി ഇന്നോവ അതിവേഗം മുന്നിലേക്കെടുത്തു. തൊട്ട് പിറകേ ആക്രോശിച്ചുകൊണ്ട് അവരും വണ്ടികളിൽ. സാം റോഡ് മുറിച്ച് കാട്ടിനുള്ളിലെ വഴിയിലേക്ക് പാഞ്ഞു കയറി. ചുറ്റുമുള്ള കരിയിലകൾ പാറിപ്പറക്കാൻ തുടങ്ങി. സാമിന്റെ അതിവേഗം മിടിക്കുന്ന ഹൃദയത്തിനൊപ്പം ചുറ്റും നിശ്ശബ്ദതകളെ ഭേദിച്ചുകൊണ്ട് ഉയർന്ന് പൊങ്ങുന്ന ആഫ്രിക്കയുടെ നാടൻ ശീലുകൾ.
ആക്സിലേറ്റർ ചവിട്ടി പതിപ്പിച്ചുകൊണ്ട് സാം ഒരു കൈ കൊണ്ട് ഫോൺ പുറത്തെടുത്ത് നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി. പുറകിൽ ഭയപ്പാടോടെ മന്ത്രി പിന്നിലേക്ക് നോക്കിക്കൊണ്ട് വിയർത്തൊലിക്കുന്നു. ഫോൺ ചെവിയിലേക്ക് വച്ചുകൊണ്ട് സാം പറഞ്ഞു, ‘ഹലോ ഹലോ... പനങ്കാട്... കാട്ടിലൂടെ ഉള്ള വഴി... അപകടത്തിലാണ്... ഹലോ... ഹലോ...' ആയ്ച്ചുകൊണ്ട് അവൻ ഫോൺ ചെവിയിൽ ചേർത്ത് പിടിച്ചു.
‘ആരെയാടാ നീ വിളിക്കുന്നത്?', ഭീതിയോടെ മന്ത്രി ചോദിച്ചു.
‘ഇവിടെ അടുത്ത് എനിക്കൊരു സുഹൃത്തുണ്ട്.'
‘എന്നിട്ട് എന്തായി?'
തിരിഞ്ഞു നോക്കുകകയോ മറുപടി പറയുകയോ ചെയ്യാതെ അവൻ ഫോൺ കയ്യിലെക്കെടുത്ത് നോക്കിയിട്ട് വീണ്ടും വീണ്ടും നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി. ഫോണിൽ നിന്ന് പരിധിക്ക് പുറത്താണെന്ന സന്ദേശം മാത്രം. ദേഷ്യത്തോടെ സാം വീണ്ടും വീണ്ടും ഡയൽ ചെയ്യുന്നു.
വേഗം.
മൂന്ന് വണ്ടികൾ ഒരേ നിരയിൽ. ഇരു വശങ്ങളിലും മരങ്ങൾ. വണ്ടികളുടെ വേഗത്തിനൊത്ത് പിന്നോട്ട് തള്ളുന്ന കാറ്റ്. കൊഴിഞ്ഞ് വീഴുന്ന ഇലകൾ. ഞെരിഞ്ഞമരുന്ന കല്ലുകൾ.
പെട്ടെന്ന് ഏറ്റവും പിന്നിലായ് വരുന്ന വണ്ടി രണ്ട് മരങ്ങൾക്കിടയിലൂടെ നിര തെറ്റിച്ച് അവർക്ക് സമാന്തരമായി മറ്റൊരു വഴിയിലേക്ക് വെട്ടിച്ച് കയറി. അതിവേഗത്തിൽ മുന്നിലേക്ക് കുതിച്ച് ആ വണ്ടി സാമിന്റെ വണ്ടിയുടെ തൊട്ട് പിന്നിലേക്ക് മറ്റ് രണ്ട് മരങ്ങൾക്കിടയിലൂടെ ഊർന്നിറങ്ങി. അത് കണ്ടതും സാം ആക്‌സിലേറ്റർ തറയിലേക്ക് അമർത്തി ചവിട്ടി. അവന്റെ കയ്യിൽ നിന്ന് ഫോൺ തെറിച്ച് അടുത്ത സീറ്റിലേക്ക് വീണു. കയ്യെത്തി ഫോൺ എടുക്കാൻ നോക്കവേ പിറകിൽ വണ്ടി തൊട്ട് തൊട്ടില്ലെന്ന മട്ടിൽ പിന്നൊന്നും ആലോചിക്കാതെ സാം സകല ശക്തിയുമെടുത്ത് ആക്‌സിലേറ്ററിൽ കാലമർത്തിക്കൊണ്ടിരുന്നു. സ്പീഡോമീറ്റർ സൂചി ഉയർന്ന് മാക്‌സിമത്തിലേക്ക്.
പെട്ടെന്നാണ് ദൂരെയായി ഇവർ വരുന്ന വഴിയിലേക്ക് ഇറങ്ങുവാനെന്ന വിധം ഒരു ഒരു തടി ലോറി നിറയേ തടിയുമായി കിടക്കുന്നത് സാം കണ്ടത്. അടുത്തേക്ക് എത്തുന്തോറും ഇതിനി എന്താണെന്നറിയാതെ സാം ലോറിയിലേക്ക് സൂക്ഷിച്ചു നോക്കി. ലോറിയുടെ മിററിനടുത്തായി താളം പിടിക്കുന്ന അഞ്ചു വിരലുകൾ. സാമിന്റെ മുഖത്തൊരു ചിരി വിരിഞ്ഞു. സാം വേഗത പരമാവധി കൂട്ടി ലോറിക്കടുത്തേക്ക് എത്തുന്തോറും ലോറിയിൽ ലൈറ്റ് തെളിഞ്ഞു. ആക്‌സിലേറ്ററിൽ കാലമരുന്ന ശബ്ദം.
സാമിന്റെ വണ്ടി ലോറിയെ മറി കടന്നതും ലോറി ആ വഴിയിലേക്ക് ഇരച്ചിറങ്ങി തൊട്ട് പുറകേ വന്ന വണ്ടിയെ ഇടിച്ചു തെറിപ്പിച്ചതും ഒന്നിച്ചായിരുന്നു. ഇടി കൊണ്ട വണ്ടി മലക്കം മറിഞ്ഞ് അടുത്തൊരു മരത്തിലേക്ക് ചെന്ന് വീണതും പുറകേ വന്ന വണ്ടി ലോറിയിലേക്ക് ഇടിച്ചു കയറി. ലോറിയിലിടിച്ച വണ്ടി ഇടിയുടെ ആഘാതത്തിൽ മുൻ വശത്തെ ഗ്ലാസ്സ് പൊട്ടി ഡ്രൈവർ ബോണറ്റിലേക്ക് തെറിച്ച് വീണു. ആ വണ്ടിയുടെ കുലുക്കം മാറും മുന്നേ ലോറിയുടെ ഡ്രൈവർ സീറ്റിൽ നിന്ന് കയ്യിലൊരു തുറന്ന് പിടിച്ച കന്നാസുമായി കണ്ണകി ആനറാഞ്ചിയുടെ വണ്ടിയുടെ മുകളിലേക്ക് ചാടിയിറങ്ങി. വണ്ടിയുടെ മുകളിൽ നിന്ന് കന്നാസിൽ നിന്ന് പെട്രോൾ വണ്ടിയുടെ മുകളിലേക്ക് ഒഴിച്ചുകൊണ്ട് കണ്ണകി മുകളിൽ നിന്ന് താഴേക്ക് ചാടിയിറങ്ങി. ഡോർ തുറന്ന് പുറത്തേക്ക് ഒരുത്തൻ ഇറങ്ങാൻ തുടങ്ങിയതും ഒറ്റചവിട്ടിന് ഡോറടച്ചുകൊണ്ട് കയ്യിലേക്ക് സിഗരറ്റ് ലാംബ് എടുത്തുകൊണ്ട് അവൾ പറഞ്ഞു, ‘പുന്നാര മക്കളേ, ഏവനെങ്കിലും ഇപ്പോ ചാടി ഇറങ്ങിയാ ഒറ്റ കൊളുത്തിന് കത്തിക്കും ഞാൻ.'
ലോറിയിലേക്ക് ഇടിച്ചു നിൽക്കുന്ന ആഘാതത്തിൽ കിതച്ചുകൊണ്ട് വണ്ടിയിൽ ഓരോരുത്തരായി ഭീതിയോടെ അവളെ നോക്കാനും അവൾ ആ വണ്ടിയുടെ ബോണറ്റിലേക്ക് ചാടിക്കയറി അതിൽ നിന്നും ലോറിക്കുള്ളിലേക്ക് കയറി ഒരു ചാക്കുമായി ലോറിയുടെ മറു വശത്തൂടെ പുറത്തേക്ക് ചാടിയിറങ്ങി സാം ഇരിക്കുന്ന വണ്ടിയിലേക്ക് ഓടിക്കയറി.
അവൾ കയറിയതും വണ്ടി സ്റ്റാർട്ട് ചെയ്തുകൊണ്ട് സാം ചോദിച്ചു, ‘നീയെങ്ങനെ?'
'അത് പിന്നെ പറയാം. നീ വണ്ടി എടുക്ക്.'
ഒന്നും മനസ്സിലാകാതെ മന്ത്രി അവരെയും പുറകിലേക്കും മാറി മാറി നോക്കിക്കൊണ്ടിരിക്കെ സാം വണ്ടി മുന്നോട്ടെടുത്തു.
അതേസമയം ഇടിയുടെ ആഘാതത്തിൽ നിന്ന് മോചിതനായ ആനറാഞ്ചി ചുമച്ചുകൊണ്ട് ഫോൺ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു.
'അവന്മാർ അങ്ങോട്ട് വന്നിട്ടുണ്ട്. വണ്ടിയിലുള്ള എല്ലാത്തിനെയും തീർത്തേക്ക്.'
പല്ല് കടിച്ചുകൊണ്ട് ചുമന്ന് കലങ്ങിയ കണ്ണുകളോടെ ആനറാഞ്ചി വണ്ടിയിൽ ആഞ്ഞൊരിടി.
മുന്നിലേക്ക് പായുന്ന മന്ത്രിയുടെ ഇന്നോവ. അല്പം ശ്വാസമെടുത്തുകൊണ്ട് മുന്നിലേക്ക് ആഞ്ഞിരുന്ന് മന്ത്രി ചോദിച്ചു, ‘ഇവിടെന്താ സംഭവിക്കുന്നത്?'
എന്ത് പറയണമെന്നറിയാതെ സാം കണ്ണകിയുടെ മുഖത്തേക്ക് നോക്കിയതും അവൾ തിരിഞ്ഞുകൊണ്ട് പറഞ്ഞു, ‘സാറിനെ ആരോ ഉപദ്രവിക്കാൻ വന്നതാണെന്ന് തോന്നുന്നു. ഞാനിവിടെ കാട്ടിൽ തടി എടുക്കാൻ വന്നതാ. അപ്പോ ഇവന്റെ കാൾ വന്നപ്പോഴേ എന്തോ പന്തികേട് ഉണ്ടെന്ന് തോന്നി. പിന്നെ കാൾ കണക്ട് ആവാത്തതുകൊണ്ട് ഞാൻ ഇവന്റെ ഡ്രൈവറെ വിളിച്ചു നോക്കി. അപ്പോഴാ നിങ്ങൾ ഈ വഴിയിലാണെന്ന് അറിഞ്ഞത്. എന്നാൽ പിന്നെ ഒരു കൈ നോക്കാമെന്ന് കരുതി ഞാൻ കാത്തിരിക്കുകയായിരുന്നു.'
അത് കേട്ടതും ‘അതെന്തായാലും നന്നായി' എന്ന് പറഞ്ഞുകൊണ്ട് മന്ത്രി പിൻ സീറ്റിലേക്ക് ആശ്വാസത്തോടെ ചാരിയിരുന്നു.
അത് കണ്ട് കണ്ണകിയും സാമും പരസ്പരം ചിരിച്ചുകൊണ്ട് മുന്നിലേക്ക് നോക്കിയതും അവർക്ക് നേരെ പാഞ്ഞ് വരുന്ന നാല് ബൈക്കുകൾ. പിന്നിലിരിക്കുന്നവരുടെ കൈകളിൽ വള്ളികളിൽ മുറുക്കി കെട്ടിയ ഇരുമ്പ് ഉണ്ടകൾ. അവ കറക്കിക്കൊണ്ട് ആദ്യത്തെ രണ്ട് ബൈക്കുകൾ ഇന്നോവയ്ക്ക് മുന്നിലേക്ക് ഇരുവശത്തൂടെ ചീറി വന്നതും ചുഴറ്റിയെറിഞ്ഞ ഇരുമ്പ് ഉണ്ടകൾ ഗ്ലാസ്സ് തകർത്ത് അകത്തേക്ക്. അവരുടെ ചുഴറ്റൽ കണ്ടപ്പോഴേ അപകടം മനസ്സിലാക്കി കുനിഞ്ഞ സാമിന്റെയും കണ്ണകിയുടെയും തലയ്ക്ക് മുകളിലൂടെ അവ പിൻ സീറ്റിലേക്ക് തെറിച്ച് വീണു. അതേ സമയം തന്നെ കണ്ണകി ഡോർ പുറത്തേക്ക് തള്ളി തുറന്നതും ഡോറിലിടിച്ച് ആ വശത്തൂടെ വന്ന ബൈക്ക് തെറിച്ച് വീണു. സാം നിവർന്ന് നോക്കുമ്പോൾ മുന്നിൽ നിന്ന് അടുത്ത രണ്ട് ബൈക്കുകൾ ചീറി പാഞ്ഞ് വരുന്നു. സർവ്വ ശക്തിയുമെടുത്ത് സാം ആക്‌സിലേറ്റേർ തറയിലേക്ക് താഴ്ത്തി ചവിട്ടി വണ്ടി രണ്ട് വശത്തേക്കും വെട്ടിച്ചതും വണ്ടിയിലിടിച്ച് ബൈക്കുകൾ ഇരുവശത്തേക്കും തെറിച്ചു.
പിന്നിൽ വീണ ബൈക്കുകൾ വളച്ചെടുത്ത് മുന്നോട്ട് വരാനും കണ്ണകി ലോറിയിൽ നിന്നെടുത്ത ചാക്ക് കെട്ട് കൈകളിലേക്ക് എടുത്തുകൊണ്ട് പുറകിലേക്ക് നോക്കി വിളിച്ചു, ‘സാർ ഒരല്പം മുന്നിലേക്ക് നീങ്ങി ഇരുന്നാണ്.'
മുന്നിലേക്ക് നീങ്ങിയ മന്ത്രിയുടെ മടിയിലേക്ക് ചാക്കെടുത്ത് വച്ചുകൊണ്ട് കണ്ണകി പറഞ്ഞു, ‘ഞാൻ കൈ നീട്ടുമ്പോൾ ഓരോന്നായി എടുത്ത് തരണേ സാറേ.'
അയാൾ അതിനുള്ളിലേക്ക് കയ്യിട്ട് ഒരെണ്ണം പുറത്തേക്കെടുത്തു. വരിഞ്ഞു കെട്ടിയ നാടൻ ബോംബ്. ഞെട്ടലോടെ കണ്ണകിയുടെ മുഖത്തേക്ക് നോക്കിയതും അവളൊരു സിഗരറ്റ് കത്തിച്ച് ചുണ്ടിലേക്ക് വച്ചുകൊണ്ട് പറഞ്ഞു, ‘പേടിക്കണ്ട സാറേ. കാട്ടിൽ ലോഡ് എടുക്കാൻ പോകുമ്പോൾ ഞങ്ങൾ ആനയെ ഓടിക്കാൻ വാങ്ങി വച്ചേക്കുന്നതാ. ചെറിയ പടക്കങ്ങൾ.'
സാമിനെ നോക്കി കണ്ണിറുക്കിക്കൊണ്ട് അവൾ അയാളുടെ കയ്യിലിരുന്നതിനെ വാങ്ങിക്കൊണ്ട് ഡോർ പാതി തുറന്ന് ഹാൻഡ് ഹോൾഡറിൽ ഒരു കൈ കൊണ്ട് പിടിച്ചുകൊണ്ട് പുറത്തേക്ക് എഴുന്നേറ്റ് നിന്ന് നാടൻ ബോംബിന്റെ തിരിയെ സിഗരറ്റിന്റെ തീയിലേക്ക് ചേർത്തു. തീപ്പൊരി ചിതറിയതും പുറകേ വരുന്ന ബൈക്കിലേക്ക് ആഞ്ഞ് ഒറ്റയെറി. കൃത്യം ബൈക്ക് ഓടിക്കുന്നവന്റെ മടിയിൽ. പൊട്ടിത്തെറിയുടെ ഭീകര ശബ്ദം. ഞെട്ടിത്തരിച്ച് മന്ത്രി പിന്നിലേക്ക് നോക്കുമ്പോൾ നിറയേ പുകയും മണ്ണും.
അതേ നിമിഷം തന്നെ അകത്തേക്ക് വലിഞ്ഞ് വന്ന് കണ്ണകി പറഞ്ഞു, ‘വേഗം എടുക്ക് സാറേ...'
വിറയ്ക്കുന്ന കൈകളോടെ അയാൾ അടുത്തതെടുത്ത് അവൾക്ക് നേരെ നീട്ടിയതും മുന്നത്തെ പോലെ തന്നെ അവൾ പുറത്തേക്ക്. ചിതറുന്ന കനലുകൾ. വെട്ടിക്കുന്ന ബൈക്കുകൾ. കൃത്യമായ കണ്ണകിയുടെ ഏറുകൾ. പുറകിൽ സ്‌ഫോടന ശബ്ദങ്ങളും ഉയ്യർന്ന് പൊങ്ങുന്ന പുകയും ബാക്കി വച്ചുകൊണ്ട് ഇന്നോവ കുതിച്ച് പാഞ്ഞു.
ഇന്നോവ ചീറിക്കൊണ്ട് മെയിൻ റോഡിലേക്ക് തിരിഞ്ഞു കയറി. റോഡിലേക്ക് എത്തിയ സന്തോഷത്താൽ സാം കണ്ണകിയുടെ മുഖത്തേക്ക് നോക്കി. ആശ്വാസത്തോടെ ചിരിച്ചുകൊണ്ട് സാം ആഫ്രിക്കയിലേക്ക് പോകുന്നിടത്ത് വണ്ടി ചവിട്ടി നിർത്തി. വല്ലാത്തൊരു മുരൾച്ചയോടെ വണ്ടി നിന്നു. പുറകിലേക്ക് തിരിഞ്ഞ് സാം പറഞ്ഞു, ‘സാർ ഇവിടൊരു ചെറിയ പ്രദേശമുണ്ട്. സർ ഇവൾക്കൊപ്പം അങ്ങോട്ട് പൊയ്‌ക്കോ. ഞാൻ കൂടുതൽ ഫോഴ്സുമായി സാറിനെ കൂട്ടാൻ വരാം.'
മന്ത്രി ഒരല്പം ഭയത്തോടെ അവനെ നോക്കിയതും അവൻ പറഞ്ഞു, ‘സർ പേടിക്കണ്ട. സർ അവിടെ സേഫ് ആയിരിക്കും.'
അയാൾ അവന്റെ തോളിൽ തട്ടിക്കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും സംശയത്തോടെ കണ്ണകി അവനെ നോക്കി.
അവളുടെ നേർക്ക് ചെന്ന് പതിയെ അവൻ പറഞ്ഞു, ‘പോലീസ് വരുമ്പോൾ ഞാൻ ഇവിടെ ഉണ്ടാകുന്നത് ശരിയാവില്ല. ഞാൻ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞിട്ട് അടുത്ത് എവിടെ എങ്കിലും ഈ വണ്ടിയും ഉപേക്ഷിച്ചിട്ട് വന്നേക്കാം. നീ ഊരിലേക്ക് കൊണ്ട് പൊയ്‌ക്കോ.'
തലയാട്ടി സമ്മതിച്ചുകൊണ്ട് അവളും പുറത്തേക്ക് ഇറങ്ങിയതും സാം ഇരപ്പിച്ചുകൊണ്ട് വണ്ടി മുന്നിലേക്കെടുത്തു. മിററിലൂടെ പിന്നിലേക്ക് നോക്കുമ്പോൾ മന്ത്രിയും കണ്ണകിയും ആഫ്രിക്കയിലേക്ക് നടന്നിറങ്ങുന്നു.
അവർ ആഫ്രിക്കയിലേക്ക് കയറി ചെല്ലുമ്പോൾ കുടിലുകളിൽ നിന്ന് പെണ്ണുങ്ങളും കുട്ടികളും ആദ്യമായെന്തോ കാണുന്ന അത്ഭുതത്തോടെയും എന്നാൽ ഭയത്തോടെയും പുറത്തേക്ക് വന്നുകൊണ്ടിരുന്നു. മന്ത്രി എല്ലാവരെയും നോക്കി മുഖത്തൊരു ചിരി വരുത്തിക്കൊണ്ട് കൂപ്പുകയ്യോടെ ഉള്ളിലേക്ക് കയറിയതും ഒരാളൊരു സ്ടൂൾ മുന്നിൽ വച്ച് ഒരു തുണി കൊണ്ട് തുടച്ച് വൃത്തി വരുത്തി. മന്ത്രി അതിലേക്ക് ഇരുന്നിട്ട് കണ്ണകിയുടെ മുഖത്തേക്ക് നോക്കി വെള്ളം എന്നാങ്യം കാണിച്ചതും കണ്ണകി കയ്യുയർത്തി ആരോടോ വെള്ളം കൊണ്ട് വരാൻ വിളിച്ചു പറഞ്ഞു. അതേ സമയം കണ്ണകിയുടെ ഫോണിലേക്ക് ഒരു കാൾ വന്നു. മന്ത്രിയുടെ അരികിൽ നിന്നുകൊണ്ട് തന്നെ കണ്ണകി ഫോണെടുത്തു.
‘ഹലോ കണ്ണകി ആണോ?'
‘അതേ.'
‘നിങ്ങളുടെ അടുത്ത് മന്ത്രി ഉണ്ടോ?'
‘ഇതാരാണ് സംസാരിക്കുന്നത്?'
‘ഞാൻ ഡി.ജി.പി യാണ്. നിങ്ങളുടെ അടുത്ത് മന്ത്രി ഉണ്ടോ?'
‘ഉണ്ട്.'
‘അദ്ദേഹത്തിന് ഫോൺ കൊടുക്കൂ.'
ചെവിയിൽ നിന്ന് ഫോണെടുത്ത ശേഷം മന്ത്രിക്ക് നേരെ നീട്ടിക്കൊണ്ട് കണ്ണകി പറഞ്ഞു, ‘സർ ഡിജിപി.'
പെട്ടെന്ന് തന്നെ മന്ത്രി ഫോൺ ചാടിപ്പിടിച്ച് വാങ്ങിക്കൊണ്ട് പറഞ്ഞു, ‘ഹലോ താനൊക്കെ എവിടെടോ?'
‘സർ ഞങ്ങൾ സാറിനെ connect ചെയ്യാൻ പരമാവധി ശ്രമിച്ചു. പക്ഷേ പരിധിക്ക് പുറത്തായിരുന്നു.'
‘ഈ നമ്പർ തനിക്ക് എവിടുന്ന് കിട്ടി?'
‘ഇപ്പോൾ ഒരു anonymous കാൾ വന്നിരുന്നു. മന്ത്രി സേഫ് ആണ്. ഈ നമ്പറിൽ വിളിച്ചാൽ കിട്ടുമെന്ന് പറഞ്ഞ് കട്ട് ചെയ്തു അയാൾ.'
‘നമ്പർ trace ചെയ്തില്ലേ?'
‘അതൊരു private നമ്പർ ആയിരുന്നു സർ.'
അപ്പോഴേക്കും ഒരു പെൺകുട്ടി വെള്ളവുമായി മന്ത്രിയുടെ അടുത്തേക്ക് വന്ന് അയാൾക്ക് നേരെ വെള്ളം നീട്ടിയതും ഒരു ചെറു ചിരി വരുത്താൻ ശ്രമിച്ചുകൊണ്ട് അയാൾ വെള്ളം കയ്യിലേക്ക് വാങ്ങി. അപ്പോൾ ഫോണിന്റെ മറുതലയ്ക്കൽ നിന്ന് ശബ്ദം മുഴങ്ങി, ‘സാറിപ്പോൾ ആഫ്രിക്കക്ക് അകത്തല്ലേ?'
‘ആഫ്രിക്കയോ? താനെന്താ തമാശ കളിക്കുകയാണോ? ഇതൊരു ആദിവാസി ഊരാണെന്ന് തോന്നുന്നു.'
‘സർ ആ ഊരിനെ പറയുന്ന പേരാണത്. ഞങ്ങളിപ്പോൾ അതിന് പുറത്ത് റോഡിലുണ്ട് സർ. സർ ഇങ്ങോട്ടേക്ക് വന്നാൽ നമുക്ക് പോകാം.'
‘ഓഹോ ഇങ്ങോട്ടേക്ക് വരാൻ തനിക്കൊക്കെ ബുദ്ധിമുട്ട് ആണല്ലേ?'
വല്ലാത്തൊരു അറപ്പ് ശബ്ദത്തിൽ വരുത്തിക്കൊണ്ട് ഡി ജി പി പറഞ്ഞു.
‘അതല്ല സർ. അതാ തീട്ടം കോരണവരുടെ ഊരാണ്. അതുകൊണ്ട് തന്നെ എല്ലാവർക്കും അങ്ങോട്ടേക്ക് കേറാൻ മടിയാണ് പിന്നെ പേടിയും.'
അതുകേട്ടതും മന്ത്രിയുടെ മുഖം ചുളിഞ്ഞു. വെള്ളം കൊണ്ട് വന്ന ഗ്ലാസ്സിലേക്ക് നോക്കിയതും ഒരീച്ച അതിന് ചുറ്റും വട്ടം കറങ്ങുന്നു. വല്ലാത്ത രീതിയിൽ മുഖം വക്രിച്ചുകൊണ്ട് അയാൾ അവിടെ കൂടി നിൽക്കുന്നവരുടെ മുഖത്തേക്ക് നോക്കി. ചുറ്റും ഈച്ചയുടെയും കൊതുകിന്റെയും മൂളലുകൾ. ഓരോ വിചിത്രമായ മുഖങ്ങളിലൂടെ കണ്ണ് ചുറ്റി നിൽക്കുന്ന മേഘത്തലപ്പിലേക്ക്. അവിടം മുഴുവൻ അയാൾക്ക് നേരെ മൂളിക്കറങ്ങുന്ന പോലെ. ഫോണിൽ നിന്ന് ഹലോ ഹലോ ശബ്ദം കേട്ടു കൊണ്ടിരിക്കേ പതുക്കെ ഫോൺ ചെവിയിലേക്ക് ചേർത്തുകൊണ്ട് അയാൾ പറഞ്ഞു, ‘ഞാൻ പുറത്തേക്ക് വരാം.'
അതും പറഞ്ഞ് ഫോണും ഗ്ലാസ്സും കണ്ണകിയുടെ കയ്യിലേക്ക് കൈമാറിക്കൊണ്ട് അയാൾ പുറത്തേക്ക് വേഗത്തിൽ നടക്കാൻ തുടങ്ങി, കെണി തകർത്തൊരു എലി ഓടി രക്ഷപ്പെടുന്ന വെപ്രാളത്തോടെ.
അയാൾ റോഡിലേക്ക് ചെല്ലുമ്പോൾ പോലീസുകാർ റോഡിൽ നിരന്ന് നിൽക്കുകയാണ്. അയാളെ കണ്ടതും സല്യൂട്ട് അടിച്ചുകൊണ്ട് ഡിജിപി യും മറ്റുള്ളവരും അരികിലേക്ക് ഓടിയെത്തിയതും ഭയങ്കരമായ ദേഷ്യം മുഖത്തേക്ക് വരുത്തിക്കൊണ്ട് അവരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി കൊടുക്കാതെ അയാൾ വണ്ടിയിലേക്ക് കയറാൻ തുടങ്ങി. ഡോർ പകുതി തുറന്ന ശേഷം തിരിഞ്ഞു നിന്നുകൊണ്ട് അയാൾ പറഞ്ഞു, ‘ഇന്ന് രാത്രി 8 മണിക്ക് മുന്നേ ഇതുവരെ നടന്ന സംഭവങ്ങളുടെ റിപ്പോർട്ട് എനിക്ക് കിട്ടണം. പിന്നെ ഇത് വാർത്ത വല്ലതും ആയോ?'
‘ഇല്ല സർ.'
‘നല്ലത് ഇപ്പോൾ പുറത്ത് വിടണ്ട. എന്തേലും കിട്ടാൻ കാത്തിരിക്കുകയാണ് പ്രതിപക്ഷം.താൻ റിപ്പോർട്ടുമായ് ഓഫീസിലേക്ക് വാ.പിന്നെ എന്നെ രക്ഷിച്ച ആ SI ഉണ്ടല്ലോ അയാളെയും കൊണ്ട് വാ വരുമ്പോൾ.'
ഡി ജി പിക്കുനേരെ കൈ ചൂണ്ടി അത്രയും പറഞ്ഞുകൊണ്ട് അയാൾ വണ്ടിയിലേക്ക് കയറിയതും മുന്നിൽ നിന്ന വാഹനങ്ങൾ സൈറൺ ശബ്ദത്തോടെ മുന്നോട്ട് നീങ്ങി. ഒരു നിരയായ് വാഹനങ്ങൾ കാടിന്റെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ചീറി പായാൻ തുടങ്ങി.
രാത്രി.
ഡി ജി പി മന്ത്രിയുടെ ഓഫീസിലേക്ക് കടന്ന് വരുമ്പോൾ അയാൾ മൂന്ന് നാല് പാർട്ടിക്കാർക്കൊപ്പം സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഡിജിപിയെ കണ്ടതും മറ്റുള്ളവരോട് പുറത്തേക്ക് പോകാൻ പറഞ്ഞിട്ട് പിഎ യോട് വാതിൽ അടയ്ക്കാൻ പറഞ്ഞുകൊണ്ട് അയാൾ ഡിജിപി യുടെ നേരെ തിരിഞ്ഞു.
‘എവിടെടോ ആ മറ്റേ SI?'
‘സർ അയാൾ SI ആയിരുന്നില്ല.'
‘പിന്നെ?'
‘അതൊരു ട്രാപ് ആയിരുന്നു സർ.'
‘ട്രാപ് ആണെങ്കിൽ പിന്നെന്തിനാടോ അവൻ എന്നെ രക്ഷിച്ചത്?'
‘സർ അത് കുറച്ച് വിശദമായി പറയാനുണ്ട്.'
ഡോർ അടച്ചിട്ട് പിഎ അടുത്തേക്ക് വരുന്നതും നോക്കിയിട്ട് മന്ത്രി പറഞ്ഞു, ‘ആഹ് താൻ പറയ്. എന്താ സംഭവം?'
‘സർ ആഫ്രിക്ക എന്ന ഊരിലെ മൂപ്പൻ മരിച്ചു. അപ്പോൾ അടുത്ത മൂപ്പനെ തെരഞ്ഞെടുക്കാൻ അവിടൊരു ചടങ്ങ് ഉണ്ട്. ഓരോ മൂപ്പനും അധികാരത്തില് വരുമ്പോൾ ഒരു പത്രം പോലെ ഒന്നെഴുതി വയ്ക്കും. അയാൾ മരിക്കുമ്പോൾ അത് തുറന്ന് നോക്കും. അപ്പോൾ അതിൽ എന്താണോ എഴുതി വച്ചേക്കുന്നത് അത് നടപ്പാക്കുന്ന ആളാകും അടുത്ത മൂപ്പൻ. ഇത്തവണ എഴുതി വച്ചിരുന്നത് ഏതെങ്കിലും ഒരു മന്ത്രിയെ മന്ത്രി പോലും അറിയാതെ തട്ടിക്കൊണ്ട് വന്ന് ആഫ്രിക്കക്കുള്ളിൽ കയറ്റണമെന്നാണ്.'
‘ഓഹോ എന്നിട്ട് എങ്ങനായിരുന്നു അവരുടെ പ്ലാൻ?'
‘സർ പൊന്മുടി സ്റ്റേഷൻ പരിധി എത്തുന്നതിന് തൊട്ട് മുന്നേ അവർ മറ്റൊരു പോലീസ് വണ്ടി കൊണ്ടിട്ട് സാറിന്റെ എസ്‌കോർട് വന്ന പോലീസിനെ തെറ്റിദ്ധരിപ്പിച്ച് സാറിനെ വഴി തെറ്റിക്കുകയായിരുന്നു.'
‘അപ്പോൾ പിന്നെ ഈ ആദ്യം കൂടെ വന്നവന്മാർ എസ്‌കോർട് മാറിയ കാര്യം കൺട്രോളിൽ അറിയിച്ചില്ലേ?'
‘കുറച്ച് ദൂരം മുന്നേ മാറിയത് കൊണ്ട് ഇവർ അഞ്ചുമിനുട്ട് കഴിഞ്ഞ് അറിയിക്കാമെന്ന് കരുതി. അറിയിച്ചപ്പോൾ പൊന്മുടി സ്റ്റേഷൻ എസ്‌കോർട് എടുത്തില്ലന്ന് മറുപടിയും വന്നു. അങ്ങനെ രണ്ടുപേരും പാഞ്ഞ് വന്നെങ്കിലും സാറിന്റെ വണ്ടിയെ കാണാനില്ല. ഇതിനിടയിൽ മൂന്ന് ഇടവഴികളാണ് ഉള്ളത്. അതിൽ സാറിനെ കൊണ്ട് പോയ വഴിയിൽ ഇവന്മാർ പ്ലാൻ ചെയ്ത പ്രകാരം സാറിന്റെ വണ്ടി പോയ ഉടനേ ഒരു മരം മുറിച്ചിട്ടു. പോലീസ് ചെന്നപ്പോൾ തൊഴിലാളികൾ മരം മുറിച്ച് നീക്കുകയാണ്. അര മണിക്കൂറായ് മരം വീണ് കിടക്കുകയാണ് വണ്ടി ഒന്നും പോയിട്ടില്ലന്ന് തൊഴിലാളികൾ പറഞ്ഞു. അതുകൊണ്ട് തന്നെ പോലീസ് മറ്റ് രണ്ട് വഴികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. Range ഇല്ലാത്ത പ്രദേശം ആയതുകൊണ്ട് തന്നെ സാറിന്റെ ഫോണും ട്രാക്ക് ചെയ്യാൻ പറ്റിയില്ല.'
‘ആഹ് എന്നിട്ട്?'
‘അതിന് ശേഷം സർ കണ്മുന്നിൽ കണ്ട കാര്യങ്ങൾ തന്നെയാണ്. അപ്രതീക്ഷിതമായി ആനറാഞ്ചി വിനോദ് കൂടി ഇതിനിടയിൽ വന്ന് പെട്ടു.
‘അവനാ ഗുണ്ടാ തലവൻ അല്ലേ? അവൻ എങ്ങനെ ഇതിൽ വന്നു പെട്ടു?'
‘സാറിനെ രക്ഷിക്കാൻ എന്ന വ്യാജേന കൂടെ ഉണ്ടായിരുന്ന പയ്യൻ ഇല്ലേ അവനുമായി ഇവന് ചെറിയൊരു ക്ലാഷ് ഉണ്ടായി. അവനൊന്ന് പുറത്തിറങ്ങിയാൽ തൂക്കാം എന്ന് കരുതി കാത്തിരുന്നപ്പോൾ ആണ് ഈ സംഭവം. അവന്മാർ ആ ലോറി മുന്നിൽ കയറ്റി സാറിനെ ആരോ അപകടപ്പെടുത്താൻ വരുന്നെന്ന് പറഞ്ഞ് ഭയപ്പെടുത്തി കൊണ്ട് പോകാൻ മറ്റോ ആയിരുന്ന് പ്ലാൻ. ആ സമയത്താണ് ആനറാഞ്ചി കയറി വന്നത്. അതവന്മാർ മുതലെടുത്ത് ആനറാഞ്ചി ആണ് സാറിനെ അപകടപ്പെടുത്താൻ വരുന്നതെന്ന് അവന്മാർക്ക് വിശ്വസിപ്പിക്കാനും കഴിഞ്ഞു.
കൈകൾ കൊണ്ട് താടിയിൽ തടവിക്കൊണ്ട് മുന്നിലേക്ക് നീങ്ങിയിരുന്ന് മന്ത്രി ചോദിച്ചു, ‘ഏതെങ്കിലും ഒരു മന്ത്രിയെ എന്നല്ലേ പറഞ്ഞിരുന്നത്. പിന്നെന്താ അവർ എന്നെ തെരഞ്ഞെടുത്തത്?'
‘ആ ദിവസങ്ങളിൽ അവിടെ അടുത്ത് പരിപാടി ഉണ്ടായിരുന്ന മന്ത്രി എന്ന നിലയിലാകും.'
എന്തോ ആലോചിച്ചുകൊണ്ട് മന്ത്രി പി എക്കുനേരെ നോക്കിക്കൊണ്ട് ചോദിച്ചു, ‘ആ പരിപാടി എന്നാണ് ചാർട്ട് ചെയ്യുന്നത്?'
‘മൂന്ന് ദിവസം മുന്നേ.'
‘എതോ കോളേജ് പയ്യന്മാർ അല്ലേ?'
‘ഉവ്വ് സർ. ഊരിൽ എന്തോ ഭക്ഷ്യവിതരണവും വസ്ത്രവിതരണവും നടത്തണം. സർ തന്നെ വേണമെന്ന് വാശിയും പിടിച്ച്. പിന്നെ എലെക്ഷൻ വരുവല്ലേ നമുക്ക് അത് നല്ലൊരു പ്രചരണം ആക്കാം എന്ന് കരുതിയാ ഞാൻ ഇല്ലാത്ത ഡേറ്റ് ഉണ്ടാക്കി കൊടുത്തത്.'
‘മ്' ഒന്ന് ഇരുത്തി മൂളിക്കൊണ്ട് മന്ത്രി രണ്ട് കയ്യും മേശയിലൂന്നി അതിലേക്ക് മുഖം ചേർത്തിരിക്കുമ്പോൾ പി.എ ഡി ജി പി യോട് ചോദിച്ചു, ‘താൻ ആരെയെങ്കിലും കസ്റ്റഡിയിൽ എടുത്തോ?'
‘ഇല്ല. റിപ്പോർട്ട് തന്ന ശേഷം എടുക്കാമെന്ന് കരുതി. പ്രതികൾ എല്ലാം ആഫ്രിക്കക്കുള്ളിൽ ആണ്. അവരെ നേരിടണമെങ്കിൽ ആയുധങ്ങൾ വേണ്ടി വരും ചിലപ്പോൾ ആളപായവും ഉണ്ടാവാം. അതുകൊണ്ട് ഇവിടെ നിന്ന് ചോദിച്ചിട്ട് ആകാമെന്ന് കരുതി.'
‘അത് നന്നായി.' പി എ ഡി ജി പിക്കുനേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു.
‘താൻ കുറച്ച് നേരം പുറത്ത് നിൽക്ക്. വിളിക്കാം. ഈ റിപ്പോർട്ടിൽ ഉള്ള കാര്യം പുറത്ത് ആരോടും ഷെയർ ചെയ്യരുത് ഇപ്പോൾ.'
‘ഓക്കേ സർ' എന്ന് പറഞ്ഞുകൊണ്ട് അയാൾ തിരിഞ്ഞു നടന്ന് കതക് പൂട്ടി വെളിയിൽ ഇറങ്ങിയതും ദേഷ്യം കൊണ്ട് പല്ലിറുമ്മിക്കൊണ്ട് മന്ത്രി ശക്തിയായി കൈ ചുരുട്ടി മേശയിൽ ഇടിച്ചുകൊണ്ട് പറഞ്ഞു.
‘ഇനി എന്തിനാടോ താമസിക്കണേ? ആ ഡി ജി പി യെ വിളിക്ക്. എല്ലാവന്മാരെയും തൂക്കാൻ പറ.'
വളരെ പതുക്കെ പി എ അയാളുടെ ചെവിയോട് ചേർന്നുകൊണ്ട് പറഞ്ഞു, ‘വേണ്ട സർ. നമുക്കിത് പോലീസ് കേസ് ആക്കണ്ട. ആക്കിയാൽ തീട്ട കോളനിയിലെ പിള്ളേരുടെ കളിപ്പിള്ള എന്ന പേരും നാണക്കേടും സാറിനാണ്. ഇതിപ്പോൾ പുറത്ത് മറ്റാരും അറിഞ്ഞിട്ടില്ല.'
ദേഷ്യപ്പെട്ടുകൊണ്ട് പി എക്കുനേരെ തിരിഞ്ഞുകൊണ്ട് അയാൾ ചോദിച്ചു, ‘അപ്പോൾ ആ നാറികളെ വെറുതേ വിടാം എന്നാണോ താൻ പറയുന്നത്?' കൈ മുന്നിലേക്ക് നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു. 'ദേ മണപ്പിച്ചു നോക്ക്. എത്ര തവണ സോപ്പിട്ടെന്നോ എന്നിട്ടും ആ തീട്ട മണം കയ്യിൽ ഒള്ള പോലെ.'
ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പി എ പറഞ്ഞു, ‘പോലീസ് ഇല്ലാതെയും നമുക്ക് നേരിടാമല്ലോ?'
ആ പുഞ്ചിരി പതുക്കെ മന്ത്രിയുടെ മുഖത്തേക്കും പടർന്നു. ചുറ്റും ഭീകരമായ ഇരുട്ടും വന്യമായ സംഗീതവും.
ഇരുട്ട് അതിന്റെ ഉഗ്രരൂപം പൂണ്ട് രാത്രിക്ക് കരിമ്പടം ചാർത്തി നിൽക്കവേ വെളിച്ചം തെളിയിക്കാതെ മൂന്ന് വണ്ടികൾ ഇരുട്ടിനൊപ്പം ഇഴയുന്ന പോലെ ശബ്ദമില്ലാതെ പതുക്കെ വന്ന് നിന്നു. മുന്നിലെ രണ്ട് വണ്ടികളിൽ നിന്ന് ഓരോരുത്തരായി പുറത്തേക്കിറങ്ങി. അതിലൊരാൾ മാത്രം ഏറ്റവും പിന്നിലെ വണ്ടിക്കടുത്തേക്ക് നടന്ന് വന്ന് പുറകിലെ ഗ്ലാസ്സിന് അടുത്തെത്തിയതും ഗ്ലാസ്സ് മെല്ലെ താഴ്ന്നു. ഉള്ളിൽ നിന്നൊരു തല പുറത്തേക്ക് തിരിഞ്ഞു.
മന്ത്രി.
ക്രൗര്യം വിരിയുന്ന കണ്ണുകളോടെ അയാൾ ചോദിച്ചു, ‘നിങ്ങൾ എത്ര പേരുണ്ട്?'
പുറത്ത് നിന്നയാൾ തല അകത്തേക്ക് നീട്ടി.
ആനറാഞ്ചി വിനോദ്.
‘പതിനെട്ട് പേർ.'
‘ആഫ്രിക്ക മുഴുവനായി കത്തിക്കണം. ഒരു തോട്ടിയെയും ബാക്കി വയ്‌ക്കേണ്ട.' അയാളുടെ പല്ല് കടിക്കുന്ന ശബ്ദത്തെ അതുപോലെ പകുത്തെടുത്ത പോലെ പല്ല് ഞെരിച്ചുകൊണ്ട് വിനോദും മൂളി.
‘മ്'
അതും പറഞ്ഞയാൾ കാട്ടിലേക്ക് ശബ്ദമുണ്ടാക്കാതെ ഇറങ്ങി. അയാൾക്ക് പിറകേ ആ പതിനെട്ട് പേരും.
തുടർച്ചയായി ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടുകൊണ്ടാണ് അനൂപ് മുറിയിലേക്ക് കയറി വന്നത്. സ്‌ക്രീനിലേക്ക് നോക്കുമ്പോൾ സാം. പെട്ടെന്ന് തന്നെ ഫോൺ എടുത്ത് ചെവിയിൽ ചേർത്തുകൊണ്ട് അവൻ പറഞ്ഞു, ‘ഹലോ പറയെടാ.'
മറുതലയ്ക്കൽ നിന്ന് പതിഞ്ഞ ശബ്ദത്തിൽ സാം പറഞ്ഞു, ‘അളിയാ നാളെ മുതൽ ഞാൻ കോളേജിൽ വരും.'
തലയിൽ കൈ വച്ചുകൊണ്ട് കിരൺ, ‘എന്റെ പൊന്നളിയാ പ്രശ്നങ്ങൾ ഒക്കെ ഒന്ന് ഒതുങ്ങീട്ട് പോരേ?'
‘എല്ലാം നാളെ ഒതുങ്ങും.'
അതും പറഞ്ഞ് സാം ഫോൺ കട്ട് ചെയ്യുമ്പോൾ സാമിന്റെ മുഖത്തേക്ക് ഒരു മഞ്ഞ വെളിച്ചം പടരാൻ തുടങ്ങി.
തീയുടെ മഞ്ഞ വെളിച്ചം.
വിനോദും കൂട്ടരും പോയി കുറച്ച് നേരമായിട്ടും കാണാത്തതിന്റെ ടെൻഷനിൽ മന്ത്രി ഒരു സിഗരറ്റ് തപ്പിയെടുത്ത് കത്തിക്കാൻ വേണ്ടി തുനിഞ്ഞതും വണ്ടിയുടെ ഗ്ലാസ്സിൽ തീയുടെ പ്രതിഫലനം. അയാൾ ഗ്ലാസ്സ് താഴ്ത്തി പുറത്തേക്ക് തല എത്തിച്ച് നോക്കി. ആഫ്രിക്കക്കുള്ളിൽ നിന്നുയരുന്ന തീ. വന്യമായ പുഞ്ചിരിയോടെ അതാസ്വദിക്കാൻ അയാൾ തന്റെ കണ്ണട ഊരി തുടച്ച് ഒന്നുകൂടി പുറത്തേക്ക് തല എത്തിച്ച് നോക്കി.
തീ മെല്ലെ ഉയരുന്നു.
തറയിൽ നിന്ന് മുകളിലേക്ക് ഒരു തീ പന്തം കെട്ടി ഉയർത്തുമ്പോലെ. പക്ഷേ പിടഞ്ഞ് പിടഞ്ഞ്.
ഒന്നല്ല.
രണ്ട്, മൂന്ന്, നാല്... പതിനെട്ട് തീ...
പതിനെട്ട് മരങ്ങളിൽ ആഫ്രിക്കയിലേക്ക് ഇറങ്ങിപ്പോയ പതിനെട്ട് മനുഷ്യർ...
ഉയരത്തിൽ പിടഞ്ഞ് പിടഞ്ഞ് കത്തുന്നു.
അയാളുടെ നെറ്റിയിൽ നിന്ന് ഭീതി വിയർപ്പായി ഒഴുകിയിറങ്ങി. ഹൃദയം പട പടാ മിടിക്കാൻ തുടങ്ങി. വാക്കുകൾ പേടി കൊണ്ട് തൊണ്ടക്കുഴിയിൽ ഉറഞ്ഞു നിന്നു.
പെട്ടെന്ന് പുറകിൽ നിന്നൊരു ശബ്ദം.
ഞെട്ടിതിരിഞ്ഞ് വണ്ടിയുടെ ഗ്ലാസ്സിലൂടെ പിന്നിലേക്ക് നോക്കിയതും രണ്ട് മഞ്ഞ കണ്ണുകൾ തുറന്ന് പിടിച്ച പോലെ ലോറിയുടെ വെട്ടം അയാളിലേക്ക് തുളച്ചു കയറി. ആക്‌സിലേറ്ററിൽ കാലമരുന്ന ലോറിയുടെ ഇരമ്പൽ.
മുന്നോട്ടേക്ക്.
ഒറ്റയിടി.
വലിയൊരു ശബ്ദത്തോടൊപ്പം അയാളുടെ നിലവിളി അലിഞ്ഞില്ലാതായി. ▮