ചിത്രീകരണം : ഹൃദയ്​

ട്ടാഞ്ചേരിയുടെ തെരുവോരങ്ങൾ പഴകിയ കടലാസിലെ ചിത്രകഥ പോലെയാണ് എനിക്കുമുന്നിൽ തെളിഞ്ഞത്.

ഞാനാദ്യമായിട്ടായിരുന്നില്ല അവിടെ പോകുന്നത്. അങ്ങോട്ടുള്ള എന്റെ മൂന്നാമത്തെ സന്ദർശനമായിരുന്നു അത്. ആദ്യത്തെ രണ്ട് സന്ദർശനവും അരുണിമയുടെ പെറ്റ്‌ഷോപ്പിനുള്ളിൽ മാത്രമായി ഒതുങ്ങിയിരുന്നു.

അവിടുന്നിറങ്ങിയാൽ നേരെ റെയിൽവേ സ്റ്റേഷനിലേക്ക്. മറ്റൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ട് മട്ടാഞ്ചേരി എന്നുകേട്ടാൽ ആ പെറ്റ്‌ഷോപ്പ് അല്ലാതെ മറ്റൊന്നും എന്റെയുള്ളിൽ തെളിയാറില്ലായിരുന്നു.

പെറ്റ്‌ഷോപ്പിന് പുറത്തുള്ള മട്ടാഞ്ചേരിയുടെ ചുറ്റുപാടുകളിലേക്ക് ആദ്യമായി കണ്ണെത്തുന്നത് അന്നത്തെ ആ നടത്തത്തിലാണ്. എന്തെങ്കിലും പറയാനായി അരുണിമ വിളിക്കുമെന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല. സാധാരണ ഞാൻ വീട്ടിലെത്തുന്നതുവരെ അവൾ വിളിച്ചുകൊണ്ടേയിരിക്കാറുള്ളതാണ്.
ഞാൻ വീടെത്തിയെന്നറിഞ്ഞാലേ അവൾക്ക് സമാധാനമാകൂ.

സിം കാർഡ് രണ്ടായി മുറിച്ച് ഒരു കഷ്ണം ഇടത്തോട്ടും മറ്റേ കഷ്ണം വലത്തോട്ടും എറിയുമ്പോൾ ഞാനറിയാതെ ചിരിച്ചുപോയി. പണ്ടുള്ളവരുടെ ഒരു ആചാരമാണത്. എന്തെങ്കിലുമൊരു ശീലം അല്ലെങ്കിൽ ഒരു ബന്ധം അവസാനിപ്പിക്കുമ്പോൾ ഒരു ഈർക്കിലോ കൊള്ളിയോ മുറിച്ചിടും. കൊള്ളി മുറിച്ചിട്ടെടുക്കുന്ന ശപഥങ്ങൾ ഒരിക്കലും മുറികൂടാത്ത വാക്കുകളാണ്. എങ്ങനെ ഏച്ചുകെട്ടിയാലും അത് അയഞ്ഞുകൊണ്ടേയിരിക്കും. സിം കാർഡ് മുറിച്ചിടുമ്പോൾ അരുണിമയെ ഇനി കാണില്ലെന്ന് ഞാനുറപ്പിച്ചു. അതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്ന്, ഞാനിനിയൊരിക്കലും മട്ടാഞ്ചേരിയിലേക്ക് വരില്ല. രണ്ട്, അവളുടെയെന്നല്ല ആരുടേയും നമ്പർ എനിക്ക് മനഃപാഠമല്ല. അതുകൊണ്ട് ഒരിക്കൽ കൂടി വിളിക്കണമെന്ന് ആഗ്രഹിച്ചാലും അതിന് സാധിക്കുകയില്ല.

അന്ന് പെറ്റ്‌ഷോപ്പിൽ നിന്നിറങ്ങിയശേഷം എനിക്ക് പെ​ട്ടെന്നുതന്നെ തിരിച്ചുപോകാൻ തോന്നിയില്ല. സാധാരണ റെയിൽവേ സ്റ്റേഷനിലേക്ക് പോവാറുള്ള ഞാൻ ആ സമയത്ത് പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതെ തെരുവിലൂടെ നടന്നു.

പുതുമയെ സ്വീകരിക്കാൻ എന്തോ വിമുഖതയുള്ള പോലെ തോന്നി ആ തെരുവിന്. ഇരുവശത്തെയും കെട്ടിടങ്ങളെല്ലാം പണിതീർത്ത കാലത്തിന്റെ ഓട്ടോഗ്രാഫുകളെന്ന പോലെ നിശ്ശബ്ദമായി ഏതൊക്കെയോ ചരിത്രകഥകൾ പറയുന്നുണ്ടായിരുന്നു. ഷോപ്പുകളിൽ വിൽക്കാൻ വെച്ചിരുന്ന വസ്തുക്കൾ ഭൂരിഭാഗവും പഴയകാലത്തേതായിരുന്നു. ക്യാമറകൾ, റേഡിയോ തുടങ്ങി ഇലക്​ട്രോണിക്​ സാധനങ്ങളുടെയും കരകൗശല വസ്തുക്കളുടേയും വലിയൊരു മ്യൂസിയമായിരുന്നു ആ തെരുവ്. ഷോപ്പുകളിലെ ആളുകൾപോലും പോയ നൂറ്റാണ്ടുകളിലേതോ ഒന്നിൽ കുടുങ്ങിക്കിടക്കുകയാണെന്ന് എനിക്കുതോന്നി. കുറേ ബുദ്ധപ്രതിമകൾക്കുനടുവിൽ വെച്ചിരിക്കുകയായിരുന്ന ഒരു ഗ്രാമഫോണിൽ നിന്ന് പഴയ ഏതോ ഒരു പാട്ട് തെരുവിലേക്ക് ഒഴുകുന്നുണ്ടായിരുന്നു. ആ പാട്ടിന് വർഷങ്ങളുടെ പഴക്കമുണ്ടായിരുന്നെങ്കിലും ഞാൻ കേൾക്കുന്നത് ആദ്യമായിട്ടായിരുന്നു.

തെരുവിന്റെ ഓരോ ഭാഗത്തേക്കും വെള്ളം പോലെ ആ പാട്ട് ഒഴുകിപ്പരന്നു.
പല വളവുകളും തിരിവുകളും പിന്നിട്ട് ഒത്തിരി ദൂരെയെത്തിയിട്ടും തൊട്ടടുത്തെന്ന പോലെ അതെന്റെ ചെവികളെ നനച്ചുകൊണ്ടേയിരുന്നു. ഓരോ വളവിലും ജംഗ്ഷനിലും പല ഭാഗത്തേക്കും ചൂണ്ടുന്ന സൂചനാബോർഡുകൾ കണ്ടു. അങ്ങനെയൊരു ഇടുങ്ങിയ വഴിയോരത്ത്, ഒത്തിരി ചരിത്രങ്ങളറിയാം എന്ന പുഞ്ചിരിയോടെ ഒരു സിനഗോഗ് ഗംഭീരമായി നിൽപ്പുണ്ടായിരുന്നു.

പൗരാണികതയുടെ ആ ശേഷിപ്പിനെ കൗതുകത്തോടെ നോക്കുമ്പോഴും വരാൻ പോകുന്ന ഒരു വിശുദ്ധ കൂടിക്കാഴ്ചയുടെ അടയാളമാകും അതെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. ഇപ്പോൾ മാത്രമാണ് ഞാനതിനെ പറ്റി ചിന്തിക്കുന്നതുതന്നെ. അലസവും അലക്ഷ്യവുമായ അന്നത്തെ നടത്തവും ആ കൂടിക്കാഴ്ചയും എന്റെ വെറും സ്വപ്നമാണെന്ന് എനിക്ക്​ പലപ്പോഴും തോന്നിയിട്ടുണ്ട്.

സേറ, മെസഞ്ചറിൽ വന്ന് ഇടയ്ക്ക് ഓർമിപ്പിക്കുന്നതുകൊണ്ടുമാത്രമാണ് അതിന്റെ യാഥാർത്ഥ്യഭാവത്തെ പറ്റി ഞാൻ ബോധവാനാകുന്നതുതന്നെ. സേറ എപ്പോഴും വിളിക്കും, ഒന്നു കൂടി മട്ടാഞ്ചേരിക്ക് വരുമോ എന്നുചോദിച്ച്.

ഞാനൊരുറപ്പും കൊടുത്തിട്ടില്ല.

തെരുവിൽനിന്ന്​ എന്റെ നടത്തം എപ്പോഴാണ് വഴിമാറിയതെന്നോർമയില്ല.
ആ പാട്ടും ബഹളങ്ങളും ആളുകളും വാഹനങ്ങളുമൊക്കെ എപ്പഴോ നേർത്തുനേർത്തുവന്ന് വഴി ഒറ്റപ്പെടാൻ തുടങ്ങിയിരുന്നു. ആ ഒറ്റപ്പെടലിന്റെ ഓരത്ത് ഒരു പുരാതന സെമിത്തേരി ഞാൻ കണ്ടു. എന്തുകൊണ്ടാണെന്നറിയില്ല അതെന്നെ അങ്ങോട്ടാകർഷിച്ചു. ഗേറ്റ് പൂട്ടിക്കിടക്കുകയായിരുന്നു. ഗേറ്റിന്റെ ഇരുവശത്തുമുള്ള തൂണുകളിലൊന്നിൽ പതിപ്പിച്ച മാർബിൾ ഫലകത്തിലെ എഴുത്ത് ഞാൻ വായിച്ചു. മലയാളത്തിലും താഴെ ഇംഗ്ലീഷിലുമായി എഴുതിവെച്ച വാക്കുകൾക്ക് ഒരേ അർത്ഥം തന്നെയായിരുന്നു. സെമിത്തേരിയുടെ ചുറ്റുമതിൽ കെട്ടിയതിന്റെ സ്മരണ സ്വന്തം സഹോദരിക്ക് സമർപ്പിച്ച ഒരാളുടെ മായാത്ത മുദ്രണമായിരുന്നു അത്. മറ്റേ ഫലകത്തിലും അതുതന്നെയായിരിക്കണം. എനിക്കറിയാത്ത ഭാഷയിലായിരുന്നു ആ എഴുത്ത്. അറിയാത്ത ലിപിയിൽ കൊത്തിയ അക്ഷരങ്ങൾ എനിക്ക് ചിത്രങ്ങളായി.

ഗേറ്റിന്റെ തുരുമ്പെടുത്ത കമ്പികൾക്കിടയിലൂടെ അകത്തേക്കുനോക്കിയപ്പോൾ പൊന്തപ്പടർപ്പുകൾക്കിടയിൽ കുറേ കല്ലറകൾ ഞാൻ കണ്ടു.
കിഴക്ക് പടിഞ്ഞാറായി കിടന്നിരുന്ന ആ കല്ലറകളിലൊന്നിൽ മാത്രം ഒരു മെഴുകുതിരി എരിയുന്നുണ്ടായിരുന്നു. ആ മെഴുകുതിരിയിലേക്ക് നോക്കി നിന്നപ്പോൾ അൽപം മുമ്പ് നിശ്ശബ്ദമായി തകർന്നടിഞ്ഞ പ്രണയത്തിന്റെ ഓർമകൾ എന്നിലേക്ക് കയറിവന്നു. ഞാൻ മനഃപൂർവ്വം ചിന്തയെ മറ്റുപലതിലേക്കും മാറ്റാൻ ശ്രമിച്ചു. കടൽ കടന്നുവന്ന നാവികരെ കുറിച്ച് ചിന്തിക്കാൻ ഞാൻ ശ്രമിച്ചുനോക്കി. ചുറ്റിനുമുണ്ടായിരുന്ന കൊളോണിയൽ ശേഷിപ്പുകളാകാം എന്നെയങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. കല്ലറകളിലേക്ക് നോക്കി ഞാൻ വെറുതെ വാസ്കോ ഡ ഗാമയേയും ഇബ്ൻ ബത്തൂത്തയേയുമൊക്കെ പറ്റി ആലോചിച്ചു. അവരുടെ സാഹസികസഞ്ചാരങ്ങളെ ഓർത്തു. അധിനിവേശത്തിനും അറിവിനും വേണ്ടി മനുഷ്യർ നടത്തിയ യാത്രകളെ പറ്റി ആലോചിച്ച് വിസ്മയം നടിച്ചു. അസ്വസ്ഥത എന്നെ കീഴ്‌പ്പെടുത്താതിരിക്കാൻ അപ്പോൾ അതു മാത്രമായിരുന്നു മാർഗം. ട്രെയിൻ വരാനുള്ള സമയമാവാറായപ്പോൾ ഞാൻ തിരിച്ചുനടന്നു. തിരിച്ചുനടക്കുമ്പോഴും റെയിൽവേ സ്റ്റേഷനിലേക്ക് പോവാനല്ല എന്റെ മനസ്സ് തുനിഞ്ഞത്.
ആ സായാഹ്നം മുഴുവൻ അങ്ങനെ അലസമായി നടന്നുതീർക്കാനാണ് ഞാനിഷ്ടപ്പെട്ടത്. അരുണിമയുടെ പെറ്റ്‌ഷോപ്പിൽ നിന്ന് ഞാൻ വില കൊടുത്തുവാങ്ങി ആകാശത്തേക്ക് പറത്തിവിട്ട മാക്കൗ തത്തകളെ പോലെ സ്വതന്ത്രനായി നടക്കാൻ. ഒന്നും വിതയ്ക്കാതെ, ഒട്ടുമേ കൊയ്യാതെ.
50,000 രൂപയായിരുന്നു ആ പക്ഷികളുടെ വില. ആ പണം ഒരു സ്വർണ്ണത്താലിയായി അരുണിമയുടെ കഴുത്തിൽ തൂങ്ങിക്കിടക്കുമ്പോളുണ്ടാകുന്ന അത്രതന്നെ ഭംഗി പക്ഷികളുടെ പറക്കലിനുമുണ്ടായിരുന്നു എന്ന് ഞാനപ്പോൾ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു. അവളെ തെറ്റു പറയാൻ കഴിയില്ല. എത്ര തന്നെ ആഴത്തിൽ കുഴി കുത്തി മൂടിയാലും ഏറ്റവും ചുരുങ്ങിയത് ഒരുവന്റെ അല്ലെങ്കിൽ ഒരുവളുടെ വിവാഹക്കാര്യം വരുമ്പോളെങ്കിലും ഉയിർത്തെഴുന്നേൽക്കുന്ന പ്രേതമാണല്ലോ ജാതി.

ഏറ്റവും നിശ്ശബ്ദമായൊരു റോഡ് ഞാൻ മുന്നിൽ കണ്ടു.
എന്തിലേക്കാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന സൂചനകളൊന്നുമില്ലാതെ, ഉപേക്ഷിക്കപ്പെട്ടതുപോലെ കിടന്നിരുന്ന ആ റോഡിലേക്ക് കാലെടുത്തുവെച്ച നിമിഷം മേലാകെ തണുപ്പ് പടരുന്നതുപോലെ എനിക്കുതോന്നി. നനഞ്ഞൊലിച്ചത് പോലെയുള്ള ആ റോഡിലൂടെ കുറേ നടന്നിട്ടും വീടോ കടകളോ ഒന്നും കാണാൻ കഴിഞ്ഞില്ല. നൂറ്റാണ്ടുകളുടെ പഴക്കം തോന്നിപ്പിക്കുന്ന വടവൃക്ഷങ്ങൾ മാത്രമായിരുന്നു ഇരുവശത്തുമുണ്ടായിരുന്നത്. മനഃപൂർവ്വം നട്ടുപിടിപ്പിച്ച പോലെ അരയാലും പേരാലും അത്തിയും ഇത്തിയുമൊക്കെയായിരുന്നു ആൾപ്പാർപ്പില്ലാത്ത ആ വഴിയെ അലങ്കരിച്ചിരുന്നത്. കൈകൾ രണ്ടും മാറിൽ പിണച്ച് നടക്കുമ്പോൾ നാൽപ്പാമരങ്ങൾക്കിടയിൽ ഒരു മിന്നായം പോലെ മാക്കൗ തത്തകളെ കണ്ടപോലെ എനിക്ക് തോന്നി. ചേക്കയിരിക്കാൻ മരം തേടുന്നതാവണം.

നീട്ടി മണി മുഴക്കിക്കൊണ്ട് ഒരു സൈക്കിൾ എന്നെ കടന്നുപോയി. അതിന്റെ തൊട്ടുപിന്നാലെ മഴയുമെത്തി. ആ സൈക്കിൾ യാത്രികൻ മഴയെ ആനയിച്ച് കൊണ്ടുപോവുകയാണോ എന്നെനിക്ക് സംശയം തോന്നി. അല്ലെങ്കിൽ മഴക്കോട്ടിട്ടിട്ടും അയാളെന്തിന് മഴയിൽനിന്ന് രക്ഷപ്പെടാനെന്ന പോലെ സൈക്കിൾ ആഞ്ഞുചവിട്ടണം? പോരാത്തതിന് അത് വേനൽക്കാലവുമായിരുന്നു. അയാളൊരു മലക്ക് പോലെ മറഞ്ഞുകഴിഞ്ഞിട്ടും മണിമുഴക്കം അതേപോലെതന്നെ നിലനിന്നു. പിന്നാലെ വന്ന മഴയുടെ ശബ്ദത്തിൽ നേർത്തുപോകുന്നതുവരെ ഞാനത് വ്യക്തമായി തന്നെ കേട്ടിരുന്നു.

മഴയോടൊപ്പം ഇടിമിന്നലുകൂടി അകമ്പടിയായി വന്നതോടെ എനിക്കൊരു അഭയസ്ഥലം അത്യാവശ്യമായി. റോഡിന് പടിഞ്ഞാറുഭാഗത്തെ മരക്കൂട്ടങ്ങൾക്കിടയിൽനിന്ന് ഒരു വെളിച്ചം ഞാൻ കണ്ടു. ആ വെളിച്ചം രണ്ട് കാര്യങ്ങൾ എന്നെ ബോധ്യപ്പെടുത്തി. അവിടെ ഒരു വീടുണ്ട്. പിന്നെ ചുറ്റും ഇരുട്ട് പരക്കാൻ തുടങ്ങുകയാണ്. പഴക്കം ചെന്ന ഗേറ്റ് തള്ളിത്തുറന്ന് ഞാൻ ഓടുകയായിരുന്നു. ഗേറ്റിൽ നിന്ന്​ കുറേ ദൂരമുണ്ടായിരുന്നു വീട്ടിലേക്ക്. ഗോഥിക്ക് ഭീകരകഥകളുടെ അന്തരീക്ഷം നിറഞ്ഞ പറമ്പിൽ അതിനോട് ചേർത്ത് വെക്കാവുന്ന തരത്തിലായിരുന്നു ആ വീട്.

ഞാൻ സിറ്റൗട്ടിലേക്ക് കയറിനിന്നു.
എന്റെ തലമുടിയും ഷർട്ടും നന്നായി തന്നെ നനഞ്ഞു.
അനുവാദമില്ലാതെ സിറ്റൗട്ടിൽ കയറിയതിന് ക്ഷമ ചോദിക്കാനും എന്റെ സാന്നിദ്ധ്യമറിയിക്കാനും കോളിംഗ് ബെൽ അമർത്താൻ തുടങ്ങുമ്പോളാണ് കൂട്ടിൽ കിടന്നിരുന്ന ഡോബർമാൻ ഉറക്കത്തിൽ നിന്നുണർന്നത്. അപരിചിതനായ എന്റെ സാന്നിദ്ധ്യം അറിഞ്ഞയുടനെ ഡോബർമാൻ നിർത്താതെ കുരയ്ക്കാൻ തുടങ്ങി. പിന്നെ ബെല്ലിലമർത്തേണ്ടി വന്നില്ല. അതിനുമുൻപേ വാതിൽ തുറന്നു.

ഒരു പെൺകുട്ടിയായിരുന്നു വാതിൽ തുറന്നത്. എന്റെ അതേ പ്രായം. ചിലപ്പോൾ എന്നേക്കാൾ ഒന്നോ രണ്ടോ വയസ്സിന് മൂത്തത്. എന്നെ കണ്ടപ്പോൾ അവൾ അത്ഭുതപ്പെട്ട പോലെ തോന്നി.

ആരാണ്? - അവൾ ചോദിച്ചു.
മഴ പെയ്തപ്പോൾ കേറി നിന്നതാണ്. ക്ഷമിക്കണം, ഞാൻ പറഞ്ഞു.
ഡാനിയേലാണോ മോളേ? - അകത്തുനിന്ന് പ്രായമായൊരു സ്ത്രീശബ്​ദം കേട്ടു.
അല്ല ഗ്രാൻഡ്മാ. ഒരു സ്​ട്രെയ്​ഞ്ചറാണ്. മഴ പെയ്തപ്പോൾ കേറിയതാണെത്ര, അവൾ അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു.

ആരായാലും അകത്തേക്ക് വരാൻ പറ

നിങ്ങളോട് അകത്തേക്ക് വരാൻ, അവൾ പറഞ്ഞു.

കുഴപ്പമില്ല, മഴയിപ്പോൾ മാറും, ഞാൻ പെ​ട്ടെന്ന് പൊയ്‌ക്കോളാം.
ഞാൻ പറഞ്ഞ മറുപടി അവൾ അകത്തേക്ക് വിളിച്ചു പറഞ്ഞു. ഇത്തിരി കഴിഞ്ഞപ്പോൾ ആരോ വടി കുത്തി നടന്നുവരുന്ന ശബ്​ദം കേട്ടു. അവൾ വാതിലിൽ ഒന്നൊതുങ്ങി നിന്നു കൊടുത്തു. ആ ഫ്രെയിമിലേക്ക് ഒരു വൃദ്ധ പതിയെ കയറി വന്നു. ഉന്നുവടിയിൽ മുറുകെ പിടിച്ച് നിവർന്നുനിന്ന് അവർ എന്നെ നോക്കി പറഞ്ഞു: എന്റെ പേര് മിറിയം. എന്റെ വീടാണിത്.

ആ പേര് അൽപ്പം മുമ്പ് എവിടെയോ കേട്ടതുപോലെ എനിക്കുതോന്നി.
ഈ പ്രായത്തിൽ എന്നെയിങ്ങനെ നടത്തിക്കുന്നത് ദൈവം പൊറുക്കില്ല കേട്ടോ. അകത്തേക്കു വരൂ ചെറുപ്പക്കാരാ. മഴ ഉടനെ മാറുമെന്ന് നിങ്ങളോടാരാ പറഞ്ഞത്?

അത് കേട്ടപ്പോൾ ആ പെൺകുട്ടി പൊട്ടിച്ചിരിച്ചു.
എനിക്ക് വല്ലാത്ത ജാള്യത തോന്നി.
മടിച്ചുമടിച്ച് ഞാനകത്തേക്ക് കയറി.

സേറാ, ഇയാൾക്ക് തല തോർത്താൻ എന്തെങ്കിലും കൊടുക്കൂ, അവർ പെൺകുട്ടിയോട് പറഞ്ഞു.
അവൾ അകത്തേക്കു പോയി.
എന്റെ കൊച്ചുമോളാണ്, വൃദ്ധ പെൺകുട്ടിയെ എനിക്ക് പരിചയപ്പെടുത്തി.

തോർത്തിനോടൊപ്പം സേറ, ഒരു ഗ്ലാസ് കാപ്പിയും കൊണ്ടുവന്നു. ഞാൻ തല തോർത്തിക്കഴിയും വരെ അവൾ അത് കൈയ്യിൽ തന്നെ പിടിച്ചുനിന്നു. ഞാൻ കടന്നുവന്ന തെരുവുപോലെ തന്നെ പഴമയെ നിരന്തരം ഓർമ്മിപ്പിക്കുന്ന സ്വീകരണമുറിയായിരുന്നു അത്. സോഫകൾ, ജനൽ കർട്ടനുകൾ, തൂക്കുവിളക്കുകൾ അങ്ങനെ അവിടെയുണ്ടായിരുന്നതെല്ലാം കാലപ്രവാഹത്തെ അതിജീവിച്ചവയായിരുന്നു. കാപ്പി മൊത്തിക്കുടിച്ച്​ സോഫയിലിരിക്കുമ്പോഴാണ് ഞാനവരുടെ വസ്ത്രങ്ങൾ ശ്രദ്ധിച്ചത്.

കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു രണ്ടു പേർക്കും.
വീട്ടിൽ ധരിക്കുന്നവയായിരുന്നില്ല അത്. അവർ എങ്ങോട്ടോ പുറപ്പെടാൻ ഒരുങ്ങി നിൽക്കുകയായിരുന്നിരിക്കണം. അപ്രതീക്ഷിതമായി മഴ പെയ്തപ്പോൾ യാത്ര മുടങ്ങിയതാവും.

അവർ രണ്ടു പേരും എനിക്കെതിരെയുള്ള സോഫയിലിരുന്നു.
നീ ഒന്നു കൂടി അവരെ വിളിച്ചു നോക്ക്, വൃദ്ധ പെൺകുട്ടിയോട് പറഞ്ഞു.
അത് കേട്ടപ്പോൾ പെൺകുട്ടി മൊബൈലെടുത്ത് നമ്പർ ഡയൽ ചെയ്ത് ചെവിയിൽ വെച്ചു.

കോൾ പോകുന്നില്ല ഗ്രാൻഡ്മാ, അവൾ പറഞ്ഞു.
അവളുടെ മലയാളത്തിൽ മറ്റേതോ ഭാഷകളുടെ കലർപ്പുള്ളത് ഞാനാദ്യം മുതലേ ശ്രദ്ധിച്ചിരുന്നു.

അവളുടെ മറുപടിയിൽ വൃദ്ധ അസ്വസ്ഥയായി.

നിങ്ങൾ എങ്ങോട്ടെങ്കിലും പോകാനിരിക്കുകയാണോ?, ഞാൻ ചോദിച്ചു.
അല്ല. ഞങ്ങളുടെ റിലേറ്റീവ്‌സ് കുറച്ചുപേർ വരുന്നുണ്ട്. രാവിലെ മുതൽ വെയ്റ്റ് ചെയ്യുവാ. ലാസ്റ്റ് കോളിൽ എയർപോർട്ടിലെത്തിയെന്നാ പറഞ്ഞേ, സേറയാണ് മറുപടി പറഞ്ഞത്.

അവരെവിടുന്നാ വരുന്നത്? - ഞാൻ ചോദിച്ചു.
ഇസ്രായേൽ
എന്റെ അമ്പരപ്പ് കണ്ടപ്പോൾ വൃദ്ധ പറഞ്ഞു, എന്റെ സഹോദരി കഴിഞ്ഞദിവസം മരിച്ചു. അവളുടെ ഖാദിഷിന് ഇസ്രായേലിൽ നിന്ന് ഞങ്ങളുടെ ബന്ധുക്കളെ വിളിച്ചു വരുത്തുകയായിരുന്നു. പ്രായപൂർത്തിയായ പത്ത് പുരുഷന്മാരെങ്കിലുമില്ലാതെ ഞങ്ങൾക്ക് ഒരു ചടങ്ങും നടത്താൻ പാടില്ലെന്നാ.

പൊടുന്നനെ എന്റെയുള്ളിൽ അത്ഭുതവും അന്യഥാബോധവും വന്ന് നിറയാൻ തുടങ്ങി. അവർ ജൂതരായിരുന്നു. കടുത്ത യാഥാസ്ഥിതികരെന്നാണ് അവരെ പറ്റി പറഞ്ഞു കേട്ടിട്ടുള്ളത്. എനിക്കവിടെനിന്ന് പെ​ട്ടെന്ന്​ പുറത്തേക്കുപോകണമെന്ന് തോന്നി. ജൂതരെ പറ്റി കേട്ടിട്ടുണ്ടെന്നല്ലാതെ ഒരാളെയും ഞാനതുവരെ നേരിട്ട് കണ്ടിട്ടില്ല. കാണാൻ ഞാനേറെ ആഗ്രഹിച്ചിരുന്നു.

നാസി ഹോളോകാസ്റ്റ് പ്രമേയമാക്കിയ പിയാനിസ്റ്റും ഷിൻലേഴ്‌സ് ലിസ്റ്റുമൊക്കെ കണ്ട് ഒരു ജൂതനായി ജനിച്ചിരുന്നെങ്കിൽ എന്ന് ഞാനാഗ്രഹിച്ചിരുന്നു. പക്ഷേ, അവിചാരിതമായ നേരത്ത് ഒരു ജൂതഭവനത്തിൽ ക്ഷണിക്കപ്പെടാതെ എത്തിപ്പെട്ടപ്പോൾ ജൂതരെ പറ്റി കേട്ടറിഞ്ഞ യാഥാസ്ഥിതികതയുടെ മൂടുപടത്തിനകത്തേക്ക് പ്രവേശിച്ചതുപോലെയാണ് എനിക്ക് തോന്നിയത്. ജൂതരല്ലാത്ത ഒരാളെയും അവർ അംഗീകരിക്കില്ലേത്ര. വരാനുള്ളത് വഴിയിലെവിടെയും തങ്ങാതിരിക്കാനും പറ്റുമെങ്കിൽ അതെത്രയും നേരത്തെ ആയിക്കോട്ടെയെന്നും കരുതി ഞാൻ പറഞ്ഞു, ഞാനിതുവരെ സ്വയം പരിചയപ്പെടുത്തിയില്ല. എന്റെ പേര് സുഭാഷ്.

അവരുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമുണ്ടായില്ല. അവർ ചിരിച്ചു; എല്ലാവരേയും പോലെ തന്നെ.
എനിക്കൊരൽപ്പം ആശ്വാസം തോന്നി.
ഏത് നിമിഷവും കേറിവരാവുന്ന ഇസ്രായേലിലെ അവരുടെ ബന്ധുക്കളെ കുറിച്ചായി പിന്നത്തെ എന്റെ ആശങ്ക. കേരളത്തിൽ ജീവിക്കുന്ന ഇവരുടെ സഹാനുഭൂതിയൊന്നും അവർക്കുണ്ടാകണമെന്നില്ല.
മഴയൊന്ന് തോർന്നുകിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു.
സുഭാഷ് എന്തു ചെയ്യുന്നു?, മിറിയം ചോദിച്ചു.
ഞാനൊരു എഴുത്തുകാരനാണ്.
വൗ, സേറയുടെ ആശ്ചര്യം കണ്ട് എനിക്ക് ചിരി വന്നു.

സാധാരണ എഴുത്തുകാരനാണെന്ന് പരിചയപ്പെടുത്തുമ്പോൾ കേൾക്കുന്നവരിലത് പൂജ്യം ഡിഗ്രിയിലും താഴെയുള്ള പ്രതികരണങ്ങളാണ് ഉണ്ടാക്കാറ്. മുമ്പൊരിക്കൽ അങ്ങനെ പരിചയപ്പെടുത്തിയപ്പോൾ ഒരാൾ എന്നോട് ചോദിച്ചത്, കമ്പിക്കഥകളാണോ എഴുതുന്നത് എന്നായിരുന്നു.

എന്താണ് എഴുതുന്നത്?, സേറ ചോദിച്ചു.

കഥകൾ.

അവൾ പിന്നേയും ആശ്ചര്യപ്പെട്ടു, ഗബ്രിയേൽ ഗാർഷ്യ മാർക്കേസിനെ പോലെ?, അവൾ ചോദിച്ചു.

അവളുടെ പ്രിയപ്പെട്ട എഴുത്തുകാരനായിരിക്കണം മാർക്കേസ്?.

ആണോ? - ഞാൻ സ്വയം ചോദിച്ചു.

അവൾക്ക് സാഹിത്യത്തിൽ നല്ല താൽപ്പര്യമുണ്ടെന്ന് എനിക്ക് പെ​ട്ടെന്നുതന്നെ മനസ്സിലായി. വായിച്ച പുസ്തകങ്ങളെ പറ്റി അവൾ ആവേശത്തോടെ സംസാരിക്കാൻ തുടങ്ങി. ഞാൻ കേട്ടിട്ടു പോലുമില്ലാത്ത പുസ്തകങ്ങൾ. അവൾ വൈകാതെ തന്നെ ഒരെഴുത്തുകാരിയായി പേരെടുക്കുമെന്ന് എനിക്ക് തോന്നി.

നിനക്ക് ചേരുക പേനയാണ്, സ്റ്റെതസ്ക്കോപ്പല്ല; ഞാൻ പറഞ്ഞതുകേട്ടപ്പോൾ അവൾ തല താഴ്ത്തി പതിയെ ചിരിച്ചു. മുമ്പ് അവളോടങ്ങനെ ആരും പറഞ്ഞിട്ടില്ലെന്ന് ആ ചിരി സൂചിപ്പിച്ചു.

സേറാ, ഒന്നുകൂടി വിളിച്ചുനോക്ക്, മിറിയം വീണ്ടും ഓർമിപ്പിച്ചു.

കിട്ടുന്നില്ല ഗ്രാൻഡ്മാ. നെറ്റ്​വർക്ക്​ പ്രോബ്ലമാണെന്നാ പറയുന്നേ, അവൾ മൊബൈൽ സോഫയിൽ വെച്ചു.

ആദ്യമൊന്നും ഇത്ര ബുദ്ധിമുട്ടില്ലായിരുന്നു. ശാബ്ബത്തിന് സിനഗോഗിൽ കൂടിയിട്ട് എത്രയോ കാലമായി. ഒഴിവാക്കാനാവാത്ത ചടങ്ങുകൾ മാത്രമേ ഇപ്പോൾ നടത്താറുള്ളൂ. മരണം ഒഴിവാക്കാനാവില്ലല്ലോ, മിറിയം പറഞ്ഞു.

എല്ലാവരും തിരികെ പോയപ്പോൾ നിങ്ങളെന്താ കൂടെ പോകാതിരുന്നത്?- ഞാൻ ചോദിച്ചു.

പപ്പയ്ക്ക് ഇവിടുന്ന് പോകാനിഷ്ടമില്ലായിരുന്നു. ആഴത്തിലോടിയ വേര് പറിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒറ്റപ്പെട്ട പോലെയായിട്ടും പപ്പ ഒരിക്കലും ഖേദിച്ചിരുന്നില്ല. ഞങ്ങളും. പിന്നെ, ഇടയ്‌ക്കൊക്കെ ഇവർ വരുമല്ലോ, സേറയെ ചൂണ്ടിയാണ് മിറിയം പറഞ്ഞത്.

മിറിയമിന്റെ സഹോദരിയാണേത്ര മരിച്ചത്. വാഗ്ദത്തഭൂമിയിലേക്ക് തിരിച്ചുപോകാതിരുന്ന ചുരുക്കം ചില കുടുംബങ്ങളിലൊന്നായിരുന്നു അവർ. അവർ പഴയ ഏതെങ്കിലുമൊരു കഥയിൽ എത്തിപ്പിടിക്കുമെന്നും സിനഗോഗിലെ തിരക്കുനിറഞ്ഞ പ്രതാപകാലത്തെ ഓർമ പുതുക്കുമെന്നും കരുതി ഞാൻ കാത്തിരുന്നു. ഞാനത് കേൾക്കാനാഗ്രഹിച്ചിരുന്നു. അധികമൊന്നുമറിയാത്ത ജീവിതമാണല്ലോ അവരുടേത്. അവരുടെ പ്രാർത്ഥനകൾ, ചടങ്ങുകൾ എല്ലാം അറിയാൻ എനിക്കാഗ്രഹമുണ്ടായിരുന്നു. പരിമിതമായ അംഗസംഖ്യ ഒരു ജനതയെ മറ്റുള്ളവർക്ക് നിഗൂഢരാക്കുമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ, മിറിയമും സേറയും ആ രാത്രി എനിക്കൊട്ടുമേ നിഗൂഢരായില്ല.

കറൻറ്​ പോയതുകൊണ്ടാകണം, പറയാൻ വന്നതെന്തോ മിറിയം നിർത്തിവെച്ചു. സേറ മെഴുകുതിരി കത്തിച്ചുവന്നപ്പോഴേക്കും അവരത് മറന്നപോലെ തോന്നി. അവരെ നിഗൂഢതയിലേക്ക് തള്ളിവിടാനിഷ്ടമില്ലാത്തതുകൊണ്ട് ഞാൻ മറ്റൊരു സംഭാഷണത്തിന് തുടക്കമിട്ടു.

ഒരു ജൂതനായി ജനിക്കണമെന്ന് ഞാനേറെ ആഗ്രഹിച്ചിരുന്നു.

അത് കേട്ടപ്പോൾ രണ്ടുപേരുടേയും മുഖത്ത് കൗതുകം.
ആ സമയം മെഴുകുതിരി ഒന്നൂടെ ആളി.
അതെന്താ ഞങ്ങൾക്ക് സവിശേഷത? - മിറിയം ചോദിച്ചു.

സിനിമയിലൂടെയും പുസ്തകങ്ങളിലൂടെയും അവരനുഭവിച്ച യാതനകൾ അറിഞ്ഞതുകൊണ്ടാവണമെന്ന് ഞാൻ മറുപടി പറഞ്ഞു.
മിറിയം പൊട്ടിപ്പൊട്ടി ചിരിച്ചു.
അക്കാലത്ത് ഓഷ്​വിറ്റ്​സ്​ കോൺസൺ​ട്രേഷൻ ക്യാമ്പിന്റെ ഗേറ്റിനുമുകളിലെ ആപ്തവാക്യം കണ്ടാൽ തന്നെ ഏതൊരാളും ജൂതനെന്ന് പറയാൻ മടിക്കും. ഇപ്പോളും വലിയ മാറ്റമൊന്നുമില്ല. അപ്പോഴാണ് ഒരാൾ ജൂതനായെങ്കിൽ എന്നാഗ്രഹിക്കുന്നത്. അത്ഭുതം തന്നെ.

ഞാനും ഇതുപോലൊരു ജനതയുടെ ഭാഗമായതുകൊണ്ടാവാം.
ഞാൻ പറഞ്ഞതുകേട്ട് അവർ രണ്ടുപേരും എന്നെ മിഴിച്ച് നോക്കി.

നിങ്ങൾ ശരിക്കും ആരാണ്?

ഞാനത് പറയണമെന്ന് ആഗ്രഹിച്ചതല്ല. അരുണിമയുടെ വീട്ടിലുണ്ടായതുപോലൊരു പൊട്ടിത്തെറി അവിടെയുമുണ്ടാക്കണമെന്ന് എനിക്കാഗ്രഹമില്ലായിരുന്നു. അതുകൊണ്ട് പണ്ട് ഗാന്ധിയോട് അംബേദ്കർ പറഞ്ഞത് ഞാനാവർത്തിച്ചു: എനിക്കൊരു മാതൃരാജ്യമില്ല. മാതൃരാജ്യമില്ലാത്ത ജനതയുടെ ഭാഗമാണ് ഞാൻ.

അവരെന്റെ കണ്ണുകളിലേക്കുതന്നെ നോക്കി.

ഞാനൊരു ദലിതനാണ്, ഞാൻ പറഞ്ഞു.

ഞാൻ പ്രതീക്ഷിച്ചതുപോലെ ഒന്നും സംഭവിച്ചില്ല.
ഞാനിട്ട ബോംബ് ആ ജൂതഗൃഹത്തിന്റെ തണുത്ത അന്തരീക്ഷത്തിൽ തീർത്തും നിർവീര്യമായി. ഞങ്ങൾക്കിടയിലേക്ക് കേറി വന്ന നിശ്ശബ്ദതയെ പെരുപ്പിച്ചുകൊണ്ട് അത്രനേരം എരിഞ്ഞുകൊണ്ടിരുന്ന മെഴുകുതിരി പൊടുന്നനെ അണഞ്ഞു. ആ ഇരുട്ടിൽ നിന്ന് മിറിയമിന്റെ ശബ്​ദം ഞാൻ കേട്ടു: ഇത് നമ്മുടെ കൂടി രാജ്യമാണ് സുഭാഷ്.
അങ്ങേയറ്റം ലോലമായിരുന്നു ആ ശബ്ദം.
എനിക്ക് അമ്മയെ ഓർമ്മ വന്നു.
അങ്ങനെ ആയിരുന്നെങ്കിൽ, ഞാൻ നെടുവീർപ്പിട്ടു.

സേറ മറ്റൊരു മെഴുകുതിരി കൊളുത്തുംവരെ ഞങ്ങൾക്കിടയിൽ മറ്റു സംസാരങ്ങളുണ്ടായില്ല.

എന്തായാലും കഥാകാരാ, മഴ കുറേ നേരം കൂടി നീണ്ട് നിൽക്കും. ഞങ്ങളുടെ അതിഥികൾ വരാൻ വൈകും. അത് വരെ നല്ലൊരു കഥ ഞങ്ങളോട് പറയൂ; മിറിയം എന്നോടാവശ്യപ്പെട്ടു.

എന്തോ ഒരു അസ്വസ്ഥത പെ​ട്ടെന്ന്​ അവരെ വന്ന് പൊതിഞ്ഞപോലെ എനിക്കുതോന്നി. അതിൽനിന്ന് പുറത്തുകടക്കാനാവണം അവരെന്നോട് കഥ പറയാനാവശ്യപ്പെട്ടത്. ഞാനത് തമാശയായിട്ടെടുത്തു. പക്ഷേ, അവർ കുഞ്ഞുങ്ങളെ പോലെ വാശി പിടിച്ചു. ചുളിവുകൾക്കിടയിൽ ഒരു കുഞ്ഞുമുഖം ഞാൻ കണ്ടു. സേറയും നിർബ്ബന്ധിച്ചു. എനിക്കാനേരത്ത് ഒരു കഥയും മനസ്സിൽ വന്നില്ല. അതങ്ങനെയാണ്.

പെ​ട്ടെന്നാരെങ്കിലും ഒരു കഥ പറയാനാവശ്യപ്പെട്ടാൽ നാവ് വരണ്ടുപോകും. പക്ഷേ, ഒരു പ്രസാധകൻ ആവശ്യപ്പെട്ടാൽ കഥയുണ്ടാക്കാതെ ഒരു സമാധാനവുമുണ്ടാകില്ല.

ശരി ഞാനൊരു പബ്ലിഷറാണെന്ന് സങ്കൽപ്പിക്കൂ. ഉദാഹരണത്തിന് പെൻഗ്വിൻ ബുക്‌സ്. ഇനി മിസ്റ്റർ സുഭാഷ്, എനിക്കുടനെ ഒരു കഥ വേണം. എന്തു പറയുന്നു?, സേറ ഒരു വലിയ അവസരം എനിക്കുമുന്നിൽ തുറന്നിടുകയാണെന്ന ഭാവത്തിൽ ഗൗരവം നടിച്ച് നിന്നു.

ചിരിച്ചുകൊണ്ട് ഞാൻ കഥ പറഞ്ഞു തുടങ്ങി:

മട്ടാഞ്ചേരിയുടെ തെരുവോരങ്ങൾ പഴകിയ കടലാസിലെ ചിത്രകഥ പോലെയാണ് എനിക്കുമുന്നിൽ തെളിഞ്ഞത്. ഞാനാദ്യമായിട്ടായിരുന്നില്ല അവിടെ പോകുന്നത്. അങ്ങോട്ടുള്ള എന്റെ മൂന്നാമത്തെ സന്ദർശനമായിരുന്നു അത്. ആദ്യത്തെ രണ്ട് സന്ദർശനവും അരുണിമയുടെ പെറ്റ്‌ഷോപ്പിനുള്ളിൽ മാത്രമായി ഒതുങ്ങിയിരുന്നു. അവിടുന്നിറങ്ങിയാൽ നേരെ റെയിൽവേ സ്റ്റേഷനിലേക്ക്. മറ്റൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ട് മട്ടാഞ്ചേരി എന്ന് കേട്ടാൽ ആ പെറ്റ്‌ഷോപ്പ് അല്ലാതെ മറ്റൊന്നും എന്റെയുള്ളിൽ തെളിയാറില്ലായിരുന്നു.

കൗതുകത്തോടെ അവരെന്റെ കഥ കേട്ടിരുന്നു.
കല്ലറയിലെ മെഴുകുതിരിനാളത്തിൽ സമുദ്രസഞ്ചാരികളെ ഓർത്തുപോയെന്ന് പറഞ്ഞപ്പോൾ അവർ പരസ്പരം മുഖത്തോടുമുഖം നോക്കി. ഡോബർമാന്റെ കുര കേട്ടപ്പോൾ ജാഗരൂകരായി. അവസാനം, കഥ പറയാനവർ ആവശ്യപ്പെട്ട നിമിഷത്തിൽ എത്തിയപ്പോൾ സേറയുടെ മൊബൈൽ ശബ്​ദിച്ചു.

കോൾ അറ്റൻഡ് ചെയ്ത് സംസാരിക്കുമ്പോൾ മിറിയം അവളെ ആകാംക്ഷയോടെ നോക്കുകയായിരുന്നു. ആ വീട്ടിലെ എന്റെ സമയപരിധി അവസാനിക്കാറായെന്ന് ഞാൻ കണക്കുകൂട്ടി. അവരുടെ അതിഥികൾ ഏതുനിമിഷവും എത്തിച്ചേരാം.
അവർക്ക് വരാൻ കഴിയില്ലേത്ര. കൊടുങ്കാറ്റിൽ റോഡ് മുഴുവൻ മരങ്ങൾ വീണു കിടക്കുകയാണെന്നാ പറയുന്നേ, ഫോൺ കട്ട് ചെയ്ത് സേറ പറഞ്ഞു.

അതുകേട്ടപ്പോൾ മിറിയമിന്റെ മുഖത്തുണ്ടായ നൈരാശ്യം അളവറ്റതായിരുന്നു. സ്വന്തം സഹോദരിക്ക് അന്ത്യപ്രാർത്ഥന കൊടുക്കാൻ കഴിയാതെ വിഷമിച്ചിരിക്കുന്ന ആ വൃദ്ധ എന്റെ യുക്തിചിന്തകളിൽ അഗാധമായ വേദനയുണ്ടാക്കി.
അതിനുമാത്രം കാറ്റ് വീശുന്നുണ്ടോ?, സേറ ചോദിച്ചു.

വാതിലും ജനലുമൊക്കെ അടച്ചു പൂട്ടി മുറിയിലിരുന്നാൽ പുറത്ത് നടക്കുന്നതൊന്നും അറിയില്ല, മിറിയം പറഞ്ഞു.

സേറ എഴുന്നേറ്റ് പോയി ജനവാതിൽ തുറന്നു.
കൊടുങ്കാറ്റ് വലിയൊരു മുഴക്കത്തോടെ അകത്തേക്ക് ചീറ്റിയെത്തി. മരങ്ങൾ തമ്മിലടിക്കുന്നതും കൊമ്പും ചില്ലയും നിലത്ത് വീഴുന്നതിേന്റയും ഒച്ച ഭീകരമായിരുന്നു.

എസ്തറിനെ ഇനിയും കാത്തു നിർത്തുന്നത്‌ ദ്രോഹമാണ്. ചെയ്യുന്നത് ശരിയായാലും തെറ്റായാലും പാപം ഞാനേറ്റെടുക്കാം. അവളുടെ ഖാദിഷ് നമ്മൾ നടത്തുന്നു. താങ്കൾക്ക് ഞങ്ങളോടൊപ്പം കൂടാമോ?- മിറിയം ചോദിച്ചു.

വിശ്വാസപരമായി സ്വീകരിക്കാൻ ഒരു സാദ്ധ്യതയുമില്ലാത്ത കാര്യമായിരുന്നു അത്. പ്രാർത്ഥനയ്ക്ക് കോറം തികയ്ക്കാൻ പ്രായപൂർത്തിയായ പത്ത് പുരുഷന്മാരെങ്കിലും വേണം. അവിടെ ആകെയുണ്ടായിരുന്ന മൂന്ന് പേരിൽ രണ്ട് പേർ സ്ത്രീകളും ഞാനൊരാൾ ജൂതനല്ലാത്തവനും. ജൂതനായി ജനിക്കണമെന്നാഗ്രഹിക്കുന്നത് യോഗ്യതയായി കണക്കാക്കപ്പെടില്ല. ജൂതനാകണമെങ്കിലും ബ്രാഹ്മണനാകണമെങ്കിലും ജന്മം കൊണ്ടല്ലാതെ കഴിയുകയില്ല. മിറിയമിന് അക്കാര്യങ്ങളെല്ലാം വ്യക്തമായറിയാമായിരുന്നു.

ആർക്കറിയാം സുഭാഷ്, ആര് ആരൊക്കെയാണെന്ന്? പിന്നിലേക്ക് അന്വേഷിച്ചു പോകാതിരിക്കുന്നതാണ് ബുദ്ധി. ദൈവത്തിന് എല്ലാം മനസ്സിലാകും എന്നുതന്നെയാണ് എന്റെ വിശ്വാസം.

സേറയ്ക്കും മറിച്ചൊരഭിപ്രായമില്ലായിരുന്നു.
ഞാൻ സമ്മതിച്ചു. എന്റെ യുക്തിക്കും അപ്പോൾ അതായിരുന്നു ശരി.
മരിച്ചുപോയ അവരുടെ സഹോദരിയുടെ ആത്മാവിന്റെ നിത്യശാന്തിയേക്കാൾ ജീവിച്ചിരിക്കുന്ന മിറിയമിന്റെ മനഃശാന്തിയെ പറ്റിയാണ് ഞാനാ പ്രാർത്ഥനയിലുടനീളം ചിന്തിച്ചത്. ഉരുവിടുന്ന വാക്കുകളുടെ അർത്ഥമറിയില്ലെങ്കിലും ഞാനത് ഇഷ്ടത്തോടെ ഏറ്റുചൊല്ലി. എഴുതിവെച്ചതുപോലെയല്ല പലരും വായിക്കുക.

എന്റെ നാട്ടിലൊരു സ്ത്രീയുണ്ടായിരുന്നു. എന്നും വൈകുന്നേരം വിശുദ്ധ പുസ്തകം ഉറക്കെ വായിക്കുമായിരുന്നു അവർ. വായിക്കാൻ മാത്രമറിയുന്ന അവർ വായനയിലുടനീളം കരയുമായിരുന്നു. അർത്ഥമറിയാതെ അവർ വായിച്ചിരുന്ന വാചകങ്ങൾ പലതും സ്ത്രീകൾക്ക് നൽകേണ്ട ശിക്ഷകളെ പറ്റിയായിരുന്നെന്ന് പിന്നീട് ഒരു സുഹൃത്ത് പറഞ്ഞാണ് ഞാനറിയുന്നത്. മിറിയം ചൊല്ലിത്തന്ന വചനങ്ങളത്രയും സമത്വമെന്ന ആശയത്തിന്റെ പ്രകീർത്തനങ്ങളാണെന്ന് സങ്കൽപ്പിച്ചാണ് ഞാനേറ്റുചൊല്ലിയത്.

പ്രാർത്ഥന കഴിഞ്ഞപ്പോൾ മിറിയം പറഞ്ഞു: ഒരുപക്ഷേ, ദൈവം ഈ പ്രാർത്ഥന സ്വീകരിക്കും. ഇല്ലെങ്കിൽ അത് ഇവിടെയെവിടെയെങ്കിലും അലഞ്ഞു നടക്കുമായിരിക്കും.

ഞാൻ ചിരിച്ചു.

അവിടെ നിന്നിറങ്ങാൻ നേരത്ത, എന്നെ സ്വീകരിച്ച അതേ വാതിൽപ്പടിയിൽ വെച്ച് മിറിയം എന്റെ നെറ്റിയിൽ ചുണ്ടമർത്തി. ആ ചുംബനത്തിന്റെ തണുപ്പും അദൃശ്യമായ അടയാളവും ഒരു തൃക്കണ്ണ് പോലെ ഇപ്പോളും എന്റെ നെറ്റിയിലുണ്ട്. ഒരു പാനീസ് വിളക്ക് പിടിച്ച് ഗേറ്റ് വരെ സേറ എന്നെ അനുഗമിച്ചു.

ഡോബർമാൻ എന്നെ നോക്കി അലസതയോടെ കിടന്നു.

കരിങ്കല്ല് പാകിയ മുറ്റം മഴ നനഞ്ഞ് വഴുക്കുന്നതുകാരണം പതിയെയാണ് ഞങ്ങൾ നടന്നത്. അവൾക്കെന്നോട് എന്തൊക്കെയോ ചോദിക്കണമെന്നുള്ളതുപോലെ തോന്നി. വഴിനീളെ കാതോർത്തിട്ടും അവളൊന്നും മിണ്ടിയില്ല. ഗേറ്റ് അകത്തുനിന്ന് പൂട്ടുമ്പോൾ അവൾ പറഞ്ഞു: ഞാൻ നാളെ ഇസ്രായേലിലേക്ക് മടങ്ങും. പക്ഷേ ഞാൻ നിങ്ങളെ കണ്ടെത്തുക തന്നെ ചെയ്യും.

അവൾ പറഞ്ഞതു പോലെ തന്നെ ചെയ്തു. ഫേസ്ബുക്കിൽ അക്കൗണ്ട് എടുത്ത അന്നുതന്നെ ആദ്യം വന്ന ഫ്രണ്ട് റിക്വസ്റ്റ് അവളുടേതായിരുന്നു.

അവൾ എന്നും വിളിക്കും മട്ടാഞ്ചേരിയിലേക്ക്, പോകാനിതുവരെ കഴിഞ്ഞില്ല.

അവിടെയിപ്പോൾ മിറിയമില്ല. അവരുടെ അന്ത്യപ്രാർത്ഥന മുടങ്ങിക്കിടക്കുകയാണ്. സേറ വിളിക്കുകയാണ്, മിറിയമിനെ യാത്രയാക്കാൻ.
പോകാതിരിക്കാൻ എനിക്കു കഴിയില്ല.
പ്രേതബാധയേൽക്കാതിരിക്കാനുള്ള വിശുദ്ധമായൊരടയാളം എന്റെ നെറ്റിയിൽ എന്നേക്കുമായി പതിപ്പിച്ച മിറിയമിന് യാത്രാമൊഴിയർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ഭൂതാവിഷ്ടൻ ഞാനാവും. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments