ചിത്രീകരണം : ഷാഹിന

കുമരകം ഗൂഢാലോചനയുടെ ഗുപ്തചരിത്രം

ഷ്യാക്കാരൻ പതിവ് തെറ്റിച്ചു.
അയാൾക്ക് ഇംഗ്‌ളീഷ് നല്ല തിട്ടമായിരുന്നു.
അനായാസം, ചെരിഞ്ഞ അക്ഷരങ്ങളിൽ, അയാൾ വ്യക്തിവിവരങ്ങൾ രജിസ്റ്ററിലെഴുതുന്നത് കണ്ടപ്പോൾ ജോസ്മോന് ബോധ്യപ്പെട്ടതാണത്.
ഫോണിലെ ഭാഷാന്തരീകരണത്തിനുള്ള സഹായി വേണ്ടതില്ലെന്ന് കണ്ട ജോസ്​മോൻ അത് താഴെ വച്ചു. എന്നിട്ട് റഷ്യാക്കാരനെ സസൂക്ഷ്മം നിരീക്ഷിക്കാൻ തുടങ്ങി. എന്തെന്നാൽ കുമരകം വിപ്‌ളവത്തിനുശേഷം ‘ദി ഹിസ്റ്റോറിക് കമറാഡിയറി ' യിലേക്ക് കാലുകുത്തിയ ആദ്യത്തെ റഷ്യാക്കാരനാണ് ദാ, ഇങ്ങനെ മുന്നിൽ നിന്ന് ഇൻമേറ്റ്‌സ് രജിസ്റ്റർ പൂരിപ്പിക്കുന്നത്. അവൻ പൊലീസ് റിപ്പോർട്ടിങ്ങിനുള്ള കടലാസുകൾ ഈരണ്ട് കോപ്പിവീതം പ്രിന്റിങ്ങിനയച്ചു.

റഷ്യാക്കാരൻ മന്ദഗതിയിലായിരുന്നു. ആ മന്ദഗതി ജോസ്​മോനെ ചരിത്രത്തിലേക്ക് തന്നെ വഴിതിരിച്ചുവിട്ടു. ആ വഴിയത്രയും പിൻനടക്കവേ, പ്രകാശമാനമായ ഈ സ്വീകരണകവാടം ഒരു ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് അയാൾക്ക് ചുമ്മാതെയങ്ങ് തോന്നി. ദാ, രണ്ട് വിപ്‌ളവങ്ങൾ മുഖാമുഖം; കുമരകത്തിന്റെ വിനോസഞ്ചാരവിപ്‌ളവവും മഹത്തായ റഷ്യൻവിപ്‌ളവത്തിന്റെ വാലറ്റവും.

ഇപ്പോൾ റഷ്യാക്കാരൻ മുഖം ഉയർത്തി ജോസ്​മോനെ നോക്കിച്ചിരിച്ചു. എന്നിട്ടയാൾ ഹാളിലാകെ തന്റെ സൂക്ഷ്മശ്രദ്ധയെ വ്യാപരിപ്പിച്ചു. ചുമരിൽ സ്ഥാപിച്ചിരുന്ന വിചിത്രരൂപങ്ങളുടെ ഒരു പ്രദർശനത്തിൽ അയാളുടെ ശ്രദ്ധ കുടുങ്ങി. റഷ്യാക്കാരൻ അതിനടുത്തേക്ക് നടക്കാൻ തുനിയവേ, ജോസ്മോൻ കൈനീട്ടി. പാസ്പോർട്ടിന്റെയും വിസയുടെയും കോപ്പികളെടുത്ത് സൂക്ഷിക്കേണ്ടതുണ്ട്.
റഷ്യാക്കാരന്റെ പാസ്പോർട്ടിലെ ചിത്രം അപ്പോഴെടുത്തതുപോലെ തോന്നിപ്പിച്ചു. അയാൾക്ക് വയസ്​ നാൽപ്പത്താറാണെന്നും പാസ്പോർട്ട് പറഞ്ഞു. അതിനും താഴെ മേൽവിലാസം കുറിച്ചിടത്ത് നിന്നും വോൾഗയുടെ തണുത്ത കാറ്റ് വീശിയടിക്കുന്നതായി ജോസ്​മോന് തോന്നി. മിഷ്‌ക്കിൻ പട്ടണം വോൾഗയുടെ കിഴക്കൻതീരത്താണെന്ന് കോരസാർ പറഞ്ഞ് അവനറിയാമായിരുന്നു.

റഷ്യാക്കാരൻ വരുന്നത് മിഷ്‌ക്കിൻ പട്ടണത്തിൽ നിന്നാണ്. വോൾഗയുടെ തീരത്ത് നിന്നായ സ്ഥിതിക്ക് സ്റ്റർജിയൺ മത്സ്യത്തിന്റെ കാവിയർ തിന്നായിരിക്കും അയാൾ ഇത്ര തുടുത്തിരിക്കുന്നതെന്നും അവൻ വെറുതെ സങ്കൽപ്പിച്ചു.
റഷ്യാക്കാരൻ അപ്പോൾ ചുമരിലെ അലങ്കാരപ്രദർശനം നോക്കിക്കാണാൻ തുടങ്ങിയിരുന്നു. ചൈനീസ് ബാട്ടിക്ക് ചുമരിൽ നെടുനീളത്തിൽ പതിച്ചിരുന്നു. അതിൽ പലയിടത്തുമായി വിചിത്രകൗതുകങ്ങൾ ചിതറിക്കിടന്നു. അവയിൽ പടർന്നു കിടന്ന കാലത്തിന്റെ സഞ്ചാരപഥങ്ങളിൽ എവിടേക്ക് വേണമെങ്കിലും ഒരു സ്പർശം കൊണ്ട് തനിക്ക് കടന്നുകയറാമെന്ന് റഷ്യാക്കാരൻ ചിന്തിച്ചതും ജോസ്​മോൻ വിലക്കി ‘അതിൽ തൊടരുത് '

റഷ്യാക്കാരൻ ഒരു നിമിഷം ജോസ്​മോനെ തറപ്പിച്ചു നോക്കി. തന്റെ മനസ്സിനുള്ളിലേക്ക് എന്തോ ബ്‌ളാക്ക് മാജിക് കൊണ്ടവൻ കയറിയിറങ്ങിപ്പോയെന്ന് തോന്നിയ നിമിഷം അയാൾ തല കുടയുകയും മൂക്ക് ചീറ്റുകയും ചെയ്തു. തുടർന്നയാൾ ഹിപ് ഫ്‌ളാസ്ക്ക് എടുത്ത് കുറച്ചു വോഡ്ക ഒറ്റവലിക്ക് അകത്താക്കി.

സെറാമിക്‌സും ഫെങ്ങ്ഷൂയിയും ലാക്വർവെയറും പട്ടങ്ങളും വിളക്കുകളുമൊന്നും അയാളിൽ വലിയ കൗതുകം ഉണ്ടാക്കിയില്ല. ഏറ്റവുമറ്റത്ത് സ്ഥാപിച്ചിരുന്ന ഒരു സംഗീതോപകരണത്തിലേക്ക് അയാൾ ഒഴുകിയെന്നോണം ചെന്നു. ഇപ്പോൾ റഷ്യാക്കാരെന്റ വിരലുകൾ ഒരു വിപ്‌ളവകാരിയുടേത് ആയി മാറുന്നത് ജോസ്​മോൻ കണ്ടു. അയാൾ സകലവിലക്കുകളും ലംഘിച്ച് അതിനെ ലാളിക്കുകയായിരുന്നു. "ഇതൊക്കെ ആര് കൊണ്ടുവന്നു' റഷ്യാക്കാരൻ ഇംഗ്‌ളീഷിൽ തന്നെ പുറത്തേക്ക് തുളുമ്പി "ഇതത്രയും ചൈനാക്കാരെന്റ കരകൗശലമാണല്ലോ '
ഒരു നിമിഷം നിർത്തിയിട്ട് അയാൾ സംഗീതോപകരണത്തെ ഒന്ന് കൂടി സ്പർശിച്ചു, "ഇതൊഴിച്ച് '
ആ നിമിഷം ജോസ്​മോൻ അതിഥിയുടെ അനുസരണക്കേടിന് ഉദ്വേഗത്താൽ മാപ്പു കൊടുത്തു. ചുമരത്രയും കൈയ്യടിക്കിയിരുന്നത് ചൈനാക്കാരാണെന്നായിരുന്നു അവനിത്രയും നാൾ കരുതിയിരുന്നത്. അതിനിടയിലൊരു നുഴഞ്ഞുകയറ്റക്കാരനുണ്ടായിരുന്നെന്ന തിരിച്ചറിവ് ജോസ്മോനിൽ അമ്പരപ്പും റഷ്യാക്കാരനിൽ മന്ദസ്മിതവുമായി. അയാൾ വാദ്യോപകരണത്തെപ്പറ്റി ഒരു ഹ്രസ്വവിവരണം നടത്തി. അങ്ങനെയാണ് ജോസ്​മോൻ ജീവിതത്തിൽ ആദ്യമായി "ഡോംബ്ര ' എന്ന കസാക്ക് വാദ്യോപകരണത്തെപ്പറ്റി കേൾക്കുന്നത്. പടിക്കെട്ടുകൾ കയറി രണ്ടാം നിലയിലെ സ്യൂട്ട് റൂമിലേക്ക് പോകും വഴി ഡോംബ്രയെപ്പറ്റി റഷ്യാക്കാരൻ വിശദീകരിച്ചു കൊണ്ടിരുന്നു. അതിന്റെ ചരിത്രം, സംഗീതത്തിന്റെ സ്വഭാവം, സോവിയറ്റ് സാംസ്ക്കാരികതയിൽ അതിനുള്ള പ്രസകതി അങ്ങനെയങ്ങനെ. മുറിക്കകത്തേക്ക് കയറി, സൗകര്യങ്ങളിൽ ഒരു പുഞ്ചിരി കൊണ്ട് തൃപ്തിയറിയിച്ച ശേഷം അയാൾ ഡോംബ്രയിൽ വ്യകതിപരമായൊരു ഈണം ചാലിച്ചു, "തതാഷയുടെ ഫേവറിറ്റ് ഇൻടുസ്ട്രമെന്റ്- ഡോംബ്ര. തതാഷയും ഡോംബ്രയും ചേർന്നാൽ എപ്പഴും സംഗീതത്തിന്റെ ബ്‌ളാക്ക്മാജിക്കാണ് '
തതാഷ ആരാണെന്ന് ജോസ്​മോൻ ചോദിച്ചില്ല. പകരം പാസ്പോർട്ടിലെ എക്‌സിറ്റ്- എൻട്രി പോയിന്റുകളിലെ അസാധാരണത്വം അവൻ പങ്കുവച്ചു. കാത്ത്മണ്ഡുവിൽ നിന്നും ഇന്ത്യയിലേക്ക് വരാനായി റഷ്യക്കാരൻ പറന്നിരിക്കുന്നത് കാംഗ്ര എയർപോർട്ടിലേക്കാണ്- ഹിമാചൽപ്രദേശ്. "ഓ, അതോ ' അയാൾ ഹിപ് ഫ്‌ളാസ്ക്ക് പിന്നെയും മൊത്തി"എനിക്ക് ധർമ്മശാലയിൽ ഒരാളെ കാണാൻ ഉണ്ടായിരുന്നു. '
അപ്പോൾ പടികൾക്ക് മുകളിലൂടെ വിൻസെന്റിന്റെ നിഴൽ ഉദയം ചെയ്തു. ഇയാളിത് എപ്പോൾ എണീറ്റൂവെന്ന ജോസ്​മോന്റെ അമ്പരപ്പിന് മുകളിലൂടെ റഷ്യാക്കാരെന്റ ലഗേജുകൾ ഉരുണ്ടുവന്നു.
ഭക്ഷണശാല അടച്ചു കഴിഞ്ഞെന്ന് ജോസ്​മോൻ റഷ്യാക്കാരൻ ഓർമിപ്പിച്ചു. കഴിക്കാനൊന്നും ഇനി ആവശ്യമില്ലെന്നു പറഞ്ഞ റഷ്യാക്കാരൻ പക്ഷെ, തണുത്ത വെള്ളം ചോദിച്ചു. ജോസ്മോൻ വിൻസെന്റിനെ കണ്ണുകാണിച്ചപ്പോഴാണ് ഒരു സാലഡ് കൂടി കിട്ടുമോയെന്ന ചോദ്യം പിന്നാലെ വന്നത്. ജോസ്മോൻ താഴേക്കുപോവാൻ തന്നെ തീരുമാനിച്ചു. ഫ്രിഡ്ജിൽ പച്ചക്കറികൾ മുറിച്ചു വച്ചിട്ടുണ്ട്. ലാസറ് ചേട്ടനെ വിളിച്ചുണർത്തേണ്ട കാര്യമില്ല.
സലാഡുമായി തിരിച്ചു വന്നപ്പോൾ ജോസ്​മോൻ ജീവിതത്തിലാദ്യമായി റഷ്യൻ നിർമ്മിത വോഡ്ക കണ്ടു. രണ്ട് ഗ്‌ളാസുകളിലേക്ക് റഷ്യാക്കാരനത് പകരുകയായിരുന്നു. കുമരകത്തെ കുന്തമുന പോലുള്ള പുല്ലുകളിൽ ഉരുണ്ടുചിതറുന്ന സ്ഥടികജലമത്രയും ഗ്‌ളാസുകളിലേക്ക് ഒഴുകി നിറയും പോലെ അവന് തോന്നി. ജലം പങ്കിടുവാനുള്ള റഷ്യാക്കാരെന്റ ക്ഷണം നിരസിക്കുവാൻ അവന് കഴിയുമായിരുന്നില്ല.

"കോമ്രഡ് ' മദ്യചഷകം കൈപ്പറ്റാൻ കഴിഞ്ഞ സ്വാതന്ത്ര്യത്തിൽ ജോസ്​മോൻ ആദ്യം പറയേണ്ടത് ഇപ്പോപ്പറഞ്ഞു "വെൽക്കം ടു കുമരകം ! '
റഷ്യാക്കാരൻ അത് ശ്രദ്ധിച്ചില്ല. അയാൾ ഗ്‌ളാസ് കാലിയാക്കി. എന്നിട്ട് തിരശീലകൾ നീക്കിയിട്ട് സ്ഫടികജാലകത്തിലൂടെ പുറത്തേക്ക് നോക്കി നിന്നു. കറുത്ത കടലാസിട്ട് മൂടിയ പോലെ വേമ്പനാട്ട്കായൽ അപാരതയുടെ മറുവാക്ക് ചൊല്ലിക്കിടക്കുന്നത് അയാൾ കണ്ടു. ഇത്തിരിക്കഴിഞ്ഞ് അയാൾ തിരിച്ചുവന്ന് അടുത്തതൊഴിച്ചു. ഇക്കുറി ജോസ്​മോൻ സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാർഷികത്തിലേക്ക് കടന്നു. "നിങ്ങൾ റഷ്യാക്കാര്, ഹോ! ഒര് സംഭവം തന്നെ' അവൻ പറഞ്ഞൊപ്പിച്ചു "പുല്ല് പോലല്ലേ വിപ്‌ളവം നടത്തീത് ! '"വിപ്‌ളവമെന്നാൽ മാറ്റം എന്നേയുള്ളൂ. എന്നാൽ ഒരു വിപ്‌ളവത്തിന്റെ രൂപഭാവങ്ങളിൽ നിങ്ങൾ തൃപ്തരായിപ്പോയാൽ അത് പ്രശ്‌നമാണ് ' റഷ്യാക്കരനത് നിസ്സാരമാക്കി "അത് കൊണ്ടാണ് റഷ്യൻ വിപ്‌ളവം ഒരു നാടോടിക്കഥ ആയിപ്പോയത് ' "ന്നാലും' ജോസ്​മോൻ വിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. ചരിത്രത്തിൽ ഇടപെടാനുള്ള പദസമ്പത്ത് കിട്ടാതെ തളർന്നിരുന്ന അവനിലേക്ക് റഷ്യാക്കാരൻ പതിയെ വള്ളം അടുപ്പിച്ചു. ഒന്ന് കൂടി ഒഴിച്ചു കൊണ്ട് ധർമശാലയിൽ നിന്ന് ബൈലക്കുപ്പയിലേക്ക് വന്ന കഥ അയാൾ പറഞ്ഞു.
ടിബറ്റുകാരൻ താഷെ ഡോർജിയെ തപ്പിയാണ് റഷ്യാക്കാരൻ കാംഗ്രയിൽ വിമാനമിറങ്ങിയത്. സമൂഹമാധ്യമങ്ങൾ വഴിയുള്ള പരിചയം, ഫോണിലൂടെയും വാട്‌സാപ്പിലൂടെയും വളർന്നിരുന്നല്ലോ. മുൻകൂട്ടി അറിയിച്ചിരുന്നതുമാണ്. എന്നാൽ അടിയന്തിരമായി ബൈലക്കുപ്പിയിലേക്ക് പോകേണ്ടി വന്നു, താഷെയ്ക്ക്. പിന്നാലെ റഷ്യാക്കാരനും. ബൈലക്കുപ്പയിൽ തനിക്ക് ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ഇത്തിരിയധികമാണെന്നും തൽക്കാലം കേരളത്തിൽ പോയി വരാൻ പറഞ്ഞതും താഷെയാണെന്ന് റഷ്യാക്കാരൻ പറഞ്ഞു. ഇരുവരെയും ബന്ധിപ്പിച്ച കണ്ണിയുടെ പേര് റഷ്യാക്കാരൻ പറഞ്ഞതും ജോസ്​മോൻ വാപിളർന്നിരുന്നു"ബ്‌ളാക്ക് മാജിക് ' റഷ്യാക്കാരൻ അത് പിന്നെയും ആവർത്തിച്ചു. എന്നിട്ട് ഒരു മലയാളപദം ഉരുവിടുകയും ചെയ്തു " ഒടിവിദ്യ, നിങ്ങളുടെ സ്വന്തം ബ്‌ളാക്ക് മാജിക്. താഷി പറഞ്ഞറിഞ്ഞു '
റഷ്യാക്കാരൻ ജോസ്​മോന്റെ അമ്പരപ്പിനെയും സംശയങ്ങളെയും വാക്കുകളുടെ മറ്റൊരു ബ്‌ളാക്ക് മാജിക്ക് കൊണ്ട് വീശിത്തണുപ്പിച്ചു. സംഗതി പഠനാവശ്യത്തിനാണ്. ഒരു പുസ്തകം. തെക്കുകിഴക്കൻ ഏഷ്യയുടെ മുഴുവൻ തദ്ദേശീയ -നാടോടി സംസ്ക്കാരങ്ങൾ, അതിന്റെ മാത്രം തനത് വൃത്തികൾ, ചെയ്തികൾ- പ്രധാനമായും മിത്തുകളും ബ്‌ളാക്ക് മാജിക്കും.
എന്ത് കൊണ്ട് ബ്‌ളാക്ക് മാജിക്കെന്ന് ജോസ്​മോന് ചോദിക്കാതിരിക്കാനായില്ല.
"അത് മനുഷ്യസംസ്ക്കാരത്തിന്റെ രാത്രികാലം ആയത് കൊണ്ട് ' റഷ്യാക്കാരൻ മറുപടി വൈകിച്ചതേയില്ല "സത്യത്തിൽ നമ്മുടെ എല്ലാ വിപ്‌ളവങ്ങളും പകലിൽ നടന്ന ആഭിചാരങ്ങളാണ്. അത് കൊണ്ട് അവയ്‌ക്കെല്ലാം തുടങ്ങാനും ഒടുങ്ങാനും മനുഷ്യക്കുരുതി വേണ്ടി വന്നു. അപ്പോപ്പിന്നെ ശരിക്കുള്ള ബ്‌ളാക്ക്മാജിക് തന്നെയല്ലേ ഭേദം'

ശരിക്കും എന്താണ് സംഭവിക്കുന്നത് എന്ന് അപ്പോഴേക്കും ജോസ്​മോൻ സംശയിച്ചു തുടങ്ങിയിരുന്നു. നിലാവിലെ കായലെന്ന വണ്ണം റഷ്യാക്കാരെന്റ കണ്ണുകൾ തിളങ്ങി. അയാൾ മൊബൈൽ ഗാലറി തുറന്നു. വിചിത്രരൂപികളായ മനുഷ്യർ ചതുരത്തിൽ മുറിച്ച ആഭിചാരത്തിന്റെ ശരീരഭാഗങ്ങളായി ഗാലറിയിൽ ചിതറിക്കിടക്കുന്നത് ജോസ്മോൻ കണ്ടു. പിന്നീടയാൾ തെന്റ യാത്രകളും അതിന്റെ കാഴ്ചവട്ടങ്ങളും വിവരിച്ചു തുടങ്ങിയപ്പോൾ ജോസ്മോന് വിശ്വാസമായി. അയാൾ റഷ്യക്കാരനെ അനുഗമിച്ചു തുടങ്ങി. പിന്നെയും വോഡ്ക നിറഞ്ഞു. "ഒരു പ്രശ്‌നമുണ്ട് ' ജോസ്​മോൻ മുഖം കൂർപ്പിച്ചു "ഈ ഒടിവിദ്യയൊക്കെ അങ്ങ് വടക്കോട്ടാണ്. വലിയപാടാണ് തപ്പിപ്പിടിക്കാൻ '
അപ്പോഴാണ് റഷ്യക്കാരൻ താൻ കുമരകത്തേക്ക് വച്ചു പിടിക്കാനിടയായ കഥ പറഞ്ഞത്. അയാൾ ഓൺലൈനിൽ പാർക്കാനൊരിടം നോക്കുകയായിരുന്നു. അപ്പോഴാണ് "ദി ഹിസ്റ്റോറിക് കമറാഡിയറി ' അതിലേക്ക് കയറി വന്നത്. ചുമരിൽ പതിപ്പിച്ചിരുന്ന വിചിത്രരൂപങ്ങൾ, വേറിട്ട ചിത്രങ്ങൾ. റഷ്യക്കാരൻ അതിലേക്ക് ഉറ്റുനോക്കിയിരുന്നു. അയാൾ കണ്ട ചിത്രങ്ങളിൽ ചിലത് ടിബറ്റൻ മാന്ത്രികക്കളങ്ങളായിരുന്നു. "ആണോ' ജോസ്​മോൻ പിന്നെയും അമ്പരപ്പിന്റെ മറുകര കണ്ടു "അതൊക്കെ കോര സാറിന്റെ പണിയാണ്. സാറീക്കാര്യത്തിലൊരു പുലിയാണ്. '
അങ്ങനെ ആ നട്ടപ്പാതിരായ്ക്ക് അവർക്ക് മധ്യത്തിലേക്ക് കുമരകത്തിന്റെ സ്വന്തം ചരിത്രകാരൻ കോരസാർ കയറി വന്നു. അയാൾ ജോസ്​മോന്റെ വാക്കുകളിൽ തരക്കേടില്ലാതെ വിരിഞ്ഞു. ഫേസ്ബുക്കിലും യു-ട്യൂബിലുമാണ് സാറിന്റെ പ്രധാന ഇടപെടലുകൾ. ചരിത്രം അരച്ചു കലക്കി കുടിച്ചിട്ടുണ്ട്. വർത്തമാനത്തെ ചരിത്രപരമായി വിശകലനം ചെയ്യുന്ന സാറിന്റെ എഴുത്തുകളും വീഡിയോകളും പതിനായിരങ്ങൾ ഫോളോ ചെയ്യുന്നു. കോട്ടയത്തിന്റെ തദ്ദേശ ചരിത്രത്തെപ്പറ്റി സാറെഴുതിയ പുസ്തകം എഡിഷനുകൾക്ക് മേൽ എഡിഷനായി. അതിലേറ്റവും നീളനധ്യായത്തിന് പേര് "കുമരകത്തിന്റെ ജലജീവിതം ഉൽഭവവും പ്രവാഹവും' എന്നാണ്. "ചരിത്രം ഭക്ഷിച്ചാണ് സാറ് ജീവിക്കുന്നതെന്ന് പറയണം ' കോട്ടയത്തിന്റെ തദ്ദേശചരിത്രം പഴയൊരു കോപ്പി അലമാരയിൽ നിന്ന് എടുത്ത് കൊണ്ട് വരവേ ജോസ്​മോൻ പറഞ്ഞത് കേട്ട് റഷ്യാക്കാരൻ ചിരിച്ചു. അയാൾ പുസ്തകം കൈപ്പറ്റി പേജുകൾ മറിക്കാൻ തുടങ്ങി. അപ്പോഴാണ് ജോസ്മോൻ കോരസാർ കുമരകത്ത് നടത്തിയ വിപ്‌ളവത്തെപ്പറ്റി പറഞ്ഞുതുടങ്ങിയതും"സാറ് കോട്ടയത്ത് പോളിടെക്‌നിക്കിൽ പഠിച്ചു കൊണ്ടിരിക്കുമ്പോ അപ്രത്യക്ഷനായതാ' ജോസ്​മോൻ ജീവകഥനത്തിലങ്ങൂന്നി "കുറേവർഷങ്ങൾ കഴിഞ്ഞ് തിരിച്ചു വന്നു. യൂറോപ്പിൽ പോയി അവിടെയങ്ങ് കൂടിയതാ. വന്നപ്പോൾ രണ്ട് സാധനങ്ങൾ സാറിനൊപ്പം ഉണ്ടായിരുന്നു. ഒന്ന് പണം, രണ്ടാമത്തേത് ചരിത്രം. പണം കൊടുത്ത് സാറ് സ്വന്തം തറവാടിന്റെ അവകാശം മൊത്തമിങ്ങ് എഴുതി വാങ്ങിച്ചു. കാടും പിടിച്ച്, കാലവും മാന്തിക്കിടന്ന ആ പ്രേതഭവനമാണ് ദാ , നമ്മളീ ഇരിക്കുന്ന "ദി ഹിസ്റ്റോറിക് കമറാഡിയറി ആയി മാറിയത്. ഇതിന്റെ അകം മൊത്തം സാറ് തന്നെ ഡിസൈൻ ചെയ്തതാ. അപ്പോഴാ കുമരകംക്കാർക്ക് സാറ് നടത്തിയ യാത്രകൾ ചില്ലറയല്ലെന്ന് മനസ്സിലായത്. വിനോദസഞ്ചാരമാണ് കുമരകത്തിന്റെ ഓക്‌സിജനെന്നും പറഞ്ഞ് സാറ് ഞങ്ങള് കുറേ ചെറുപ്പക്കാരെ ഇതിന്റെ നടത്തിപ്പങ്ങ് ഏൽപ്പിച്ചു. ഞങ്ങളെ സംബന്ധിച്ച് ഇതൊരു വിപ്‌ളവമാ-'
റഷ്യാക്കാരൻ പുസ്തകത്തിലെ ചിത്രങ്ങളത്രയും നോക്കുകയായിരുന്നു. ചില ഭാഗങ്ങൾ ഗൂഗിൾ ട്രാൻസ്ലേറ്ററിൽ സ്ക്കാൻ ചെയ്തു വായിച്ചു. അത് കുമരകത്തെപ്പറ്റിയുള്ള നീണ്ട അധ്യായത്തിൽ നിന്നായിരുന്നു. "ഞാൻ നാളെ രാവിലെ സാറിനെപ്പോയിക്കാണാം' ജോസ്​മോൻ എണീറ്റു. സാറിനറിയാത്ത ഒടിവിദ്യയൊന്നും ഈ കേരളത്തിലുണ്ടാവാൻ വഴിയില്ല '
"അത് തന്നെ വേണമെന്നില്ല ' റഷ്യാക്കാരൻ അവശേഷിച്ചത് വായിലേക്കൊഴിച്ചു വറ്റിച്ചു "ഏത് വിശേഷപ്പെട്ട നാട്ടിനും അതിന്റെ ബ്‌ളാക്ക് മാജിക് ഉണ്ടാവും. അതീ സ്ഥലത്തിനും ബാധകമാണ്. നമുക്കത് പിടിക്കാം '
ജോസ്​മോനത് അതങ്ങോട്ട് മനസ്സിലായില്ല "എന്താണാവോ ഈ നാടിന്റെ വിശേഷം 'റഷ്യാക്കാരൻ ചിരിച്ചപ്പോൾ അയാളുടെ കണ്ണുകളിലെ തിളക്കം അതിന്റെ തീവ്രതയാൽ സവിശേഷമായി "ജലം. കാലടി മുതൽ തലപ്പൊക്കം വരെ, ജലം. അതു തന്നെ '

അടുത്ത ദിവസം രാവിലെ ജോസ്​മോൻ റഷ്യാക്കാരന് അപ്പവും താറാവ് പാലുകറിയും വിളമ്പി. ലാസറുചേട്ടനും വിൻസെന്റും അയാളുടെ വിളിപ്പുറത്ത് നിന്നു. മൃദുവായ താറാവിറച്ചി നൂലുകളായി അടർത്തിയെടുത്ത് കഴിക്കുന്നതിനിടയിൽ, റഷ്യാക്കാരൻ ലാസറുചേട്ടനോട് പാചകവിധി ചോദിച്ചു. കറിയിൽ ഉപ്പെന്ന പോലെ ഉപയോഗിക്കാൻ മാത്രം ഇംഗ്‌ളീഷ് കൈവശമുണ്ടായിരുന്ന ലാസർ വിക്കി. അപ്പോൾ റഷ്യാക്കാരൻ മൊബൈൽ എടുത്ത് വോയ്‌സ് ട്രാൻസ്ളേറ്റർ ഓപ്പൺ ചെയ്തു. ഒഴുകി വന്ന മലയാളം ലാസറ് ചേട്ടനെ അനായാസം പാചകവിദഗ്ധനാക്കി.
രാവിലെ തന്നെ ജോസ്​മോൻ കോരസാറിനെ വിവരമറിയിച്ചിരുന്നു. പന്ത്രണ്ട് മണി കഴിഞ്ഞ് കൃത്യം എട്ട് മിനിറ്റുകൾ പിന്നിട്ടതും സാറ് ഹിസ്റ്റോറിക് കമറാഡിയറിയിൽ കാലുകുത്തി. അമ്പതുകൾ പിന്നിട്ട കോര നാൽപ്പതുകളുടെ യൗവനത്തിൽ പതറിനിൽക്കാൻ പെടാപ്പാട് പെടുന്ന കണ്ട് ജോസ്​മോൻ പെട്ടന്ന് മാർക്‌സിനെ ഓർത്തു ചരിത്രം പ്രഹസനമായും ആവർത്തിക്കുമല്ലോ.
റഷ്യാക്കാരൻ മൊബൈലിൽ വാർത്തചാനൽ കാണുകയായിരുന്നു. അതിഗാഢമായി, ഒരു ചരിത്രവസ്തുവിനെയെന്ന പോലെ, ആവേശത്തിലും ആഹ്‌ളാദത്തിലും കോരസാർ റഷ്യക്കാരനെ ആശ്‌ളേഷിച്ചു. താൻ റഷ്യയൊട്ടാകെ പൊതുവെയും സൈബീരിയയിൽ പ്രത്യേകിച്ചും യാത്ര ചെയ്തിട്ടുള്ളതായി സാറ് പറഞ്ഞു. എന്നിട്ട് ഉഡേഗ്, ഉൾഷ് , ഇവേൻസ് എന്നിങ്ങനെ ചില പേരുകൾ ഉച്ചരിച്ചു. അവയൊക്കെ സൈബീരിയൻ തദ്ദേശവാസികളുടെ പേരുകളായതിനാൽ റഷ്യാക്കാരൻ പുഞ്ചിരിച്ചു.
ആശ്‌ളേഷം വിട്ടകന്ന സാറ് ന്യൂസ്ചാനൽ പറയുന്നത് ശ്രദ്ധിച്ചു. ശ്രദ്ധ ഒരു നിമിഷാർദ്ധത്തിൽ അമർഷത്തിന് വഴി മാറി. "വെറും പ്രൊപ്പഗാൻഡയാണ് ' കോരസാർ ചെറുതായി വിറച്ചു "നാണമില്ലേ ഈ പടിഞ്ഞാറിന് , ഇങ്ങനെ കള്ളക്കഥ പ്രചരിപ്പിക്കാൻ റഷ്യ ഉക്രയിനെ ആക്രമിക്കുമേത്ര. ഒന്നുമില്ലെങ്കിലും അവർ ഒരേ ചരിത്രത്തിൻറെ കുഞ്ഞുങ്ങളല്ലേ '
റഷ്യാക്കാരൻ ഇക്കുറി ഇത്തിരി വിഷാദത്തിലാണ് പുഞ്ചിരിച്ചതെന്ന് ജോസ്​മോന് തോന്നി. അയാൾ കോരസാറിനെ ഒന്നു തോണ്ടി. സാറിന് കാര്യം മനസ്സിലായി. കിഴക്കൻ യൂറോപ്പിൽ നിന്ന് ഝടുതിയിൽ പുറത്തിറങ്ങിയ സാറ് കസേര വലിച്ചിട്ട് അമർത്തിരുന്നു. ഗൗരവം പൂകി "കാര്യം ജോസ്​മോൻ പറഞ്ഞിരുന്നു. ഒടിയും പിടിയുമൊന്നുമല്ല. വേറേ പരിപാടിയുണ്ട്. നല്ല ഒന്നാന്തരം ആഭിചാരം. ഫലം അച്ചട്ട്. നിങ്ങടെ പുസ്തകം കലക്കും.'
അങ്ങനെയാണ് പാതിരാമണലുകാരൻ ആണ്ടിക്കണ്ണ് കോരസാറിന്റെ ആഭിചാരചരിത്രത്തിലേക്ക് കയറിവന്നത്. സാറ് ആണ്ടിയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ആണ്ടി ചില നിബന്ധനകൾ വച്ചു ഫോട്ടോ പകർത്താം. വീഡിയോ പറ്റില്ല. സംഗതി ഇരുചെവി അറിയാൻ പാടില്ല. ആഭിചാരം പ്രദർശനമാക്കാൻ പാടില്ലെന്നാണ്. എന്നാലും കാശിനിത്തിരി ബുദ്ധിമുട്ടുണ്ട്. അത് കൊണ്ട് ആയിക്കോട്ടെയെന്ന് വയ്ക്കുന്നു. വേണ്ട സാധനസാമഗ്രികളൊക്കെ വാട്‌സാപ്പിൽ ഇട്ടിട്ടുണ്ട്. അത് വാങ്ങി വ്യാഴാഴ്ച അങ്ങെത്തിക്കണം. വരുന്ന വെള്ളിയാഴ്ച രാത്രി പാതിരാമണൽത്തുരുത്തിൽ വച്ചാകാം സംഗതി. തനിക്കുള്ള കാശ് ഗൂഗിൾപേ ചെയ്യണം. അതും വ്യാഴാഴ്ചയ്ക്ക് മുമ്പ്."പിന്നെ ഇതിലൊന്നും പെടാത്ത ഒന്ന് കൂടി അവൻ ചോദിച്ചിട്ടുണ്ട്. നിർബന്ധമില്ല ' കോരസാർ അമർത്തിച്ചിരിച്ചു "ഒറിജിനൽ റഷ്യൻ വോഡ്കയുണ്ടെങ്കിൽ മുഴുക്കുപ്പി ഒന്ന്. വല്ലപ്പോഴുമല്ലേ ഇങ്ങനെയൊരവസരം ഒത്തുവരൂവെന്ന് ആണ്ടി '
റഷ്യാക്കാരൻ മുഴക്കത്തിൽ ചിരിച്ചു. അയാൾ കുറച്ചിട ചിരി നിർത്തിയതേയില്ല "കഥയിൽ മുഴുവൻ റഷ്യൻ വിപ്‌ളവം, കാലത്തിലാകട്ടെ റഷ്യൻ മദ്യവും റഷ്യൻ സുന്ദരിമാരും' ​​​​​​​ റഷ്യാക്കാരൻ ബാഗുകളിലൊന്നിന്റെ അറകൾ തുറന്നു, പരതി. കന്നഡപ്പത്രത്താൽ പൊതിഞ്ഞ ഒന്നിനെ അയാൾ പുറത്തെടുത്ത് അനാവൃതമാക്കി. അതൊരു മുളങ്കുറ്റി ആയിരുന്നു. അതിന്റെ കൗതുകത്തിന് മേൽ റഷ്യാക്കാരൻ അടിക്കുറിപ്പിട്ടു "നല്ല തിബറ്റൻ വാറ്റ്. ആണ്ടിക്ക് ഇവൻ ധാരാളം'

പഴവും അടപ്രഥമനും ഈണിന് പ്രത്യേകമുണ്ടെന്ന് ലാസറ് ചേട്ടൻ നേരത്തേ പറഞ്ഞതാണ്. ഞങ്ങൾ ഈണുകഴിക്കാനിരുന്നു. റഷ്യാക്കാരൻ തുടക്കത്തിൽ ഇത്തിരി പാടുപെട്ടെങ്കിലും പെട്ടന്ന് തന്നെ ഉണ്ണാൻ വേണ്ട കൈവഴക്കം ആർജ്ജിച്ചെടുത്തു. പായസം വന്നപ്പോൾ കോരസാർ പഴമുരിച്ച് ആദ്യം ചരിത്രത്തിലും പിന്നെ അശ്‌ളീലത്തിലും മുക്കി."ഈ പഴമിങ്ങനെ കാണുമ്പോൾ എനിക്കീ ലിപ്‌സ്റ്റിന്റെ ചരിത്രം ഓർമ വരും. ഈജിപ്ഷ്യൻ വേശ്യകളിലെ "ഊത്തുകാരികൾ ' അവരെ സ്വയം വേറിട്ട് കാണിക്കാനല്ല്യോ ചുണ്ടിൽ ആദ്യം ഈ ചായം പുരട്ടിത്തുടങ്ങിയത്' . സാറങ്ങ് ആർത്ത് ചിരിക്കവേ, റഷ്യാക്കാരൻ വെള്ളം വറ്റിയ ഗ്‌ളാസ് ലാസറ്‌ചേട്ടെന്റ പായസത്തവിക്ക് മുന്നിലേക്ക് നീക്കിവച്ചു.
പിറ്റേന്ന് കുമരകത്ത് മഴ പെയ്തു. വ്യാഴാഴ്ച വരെ അത് ശമിച്ചതേയില്ല. കുമരകത്തിന്റെ മഴയിൽ, കാറ്റിൽ, തണുപ്പിൽ, ജീവിതത്തിൽ റഷ്യക്കാരൻ അലഞ്ഞു നടന്നു. അയാൾ നടുക്കായലിൽ വള്ളം നിർത്തിയിട്ട് അണിയത്തേക്കിറങ്ങിയിരുന്ന് മഴ കൊണ്ടു. പാദരക്ഷകൾ കഴുത്തിൽ കെട്ടിത്തൂക്കിയിട്ട് ചെറുപുല്ലുകളെ ചവിട്ടിമെതിച്ച് കുമരകത്തിന്റെ മണ്ണിലൂടെ റഷ്യൻ പാദമുദ്രകൾ പതിപ്പിച്ച് നടന്നു. കക്കയിറച്ചി മുളകും ഉപ്പും കൂട്ടി പച്ചയ്ക്ക് തിന്നു. കള്ളുഷാപ്പുകളുടെ അടുക്കളയിൽ സ്വയം മീൻവറുക്കാൻ മുതിരുകയും സ്ത്രീകളെ നോക്കി പതിഞ്ഞു ചിരിക്കുകയും ചെയ്തു. ഇമ്മാതിരി വിചിത്രസങ്കലനങ്ങളുടെ കൈപിടിച്ച് രണ്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് തന്നെ അയാൾ കുമരകത്തിന്റെ സഞ്ചാരീചരിത്രത്തിലേക്ക് അനായാസം കയറിപ്പറ്റി.

വെള്ളിയാഴിചത്തെ പരിപാടി ഇതിനിടയിലുറച്ചിരുന്നു. പാതിരാമണലിലേക്ക് ആണ്ടിയെക്കാണാൻ കോരസാറിനൊപ്പം ഒരു വട്ടം ജോസ്​മോനും പോയി. അത് ബുധനാഴ്ച ഉച്ചതിരിഞ്ഞായിരുന്നു. കായൽത്തീരത്ത് കുശലം പറഞ്ഞിരിക്കുകയാണെന്ന മട്ടിൽ അവരെല്ലാം ഒന്നൂടെപ്പറഞ്ഞുറപ്പിച്ചു.
വ്യാഴാഴ്ച രാവിലെ പതിവിൻപടി റഷ്യാക്കാരനെ പുറത്ത് കണ്ടില്ല. രാവിലെ അടുക്കളയിൽ ഹാജരുവച്ച് ചായ നേരിട്ട് വാങ്ങിക്കുടിക്കുകയായിരുന്നു അയാളുടെ പതിവ്. ഒമ്പതുമണി കഴിഞ്ഞപ്പോൾ കോരസാർ ഓടിപ്പിടഞ്ഞെത്തി. സാറിന്റെ മുഖത്തെ ഗൂഢാഹ്‌ളാദത്തിന്റെ കാരണമെന്തെന്ന് ജോസ് മോന് മനസ്സിലായതേയില്ല. അയാൾ നേരേ റഷ്യാക്കാരനെ തിരക്കി. പരിപാടിയിൽ വല്ല മാറ്റവുമുണ്ടോയെന്ന് ചോദിച്ചപ്പോൾ സാറ് പിന്നെയും ചിരിച്ചു. "അതൊന്നുമല്ലെടാ കാര്യം ' സാറങ്ങ് ആഹ്‌ളാദിക്കുകയാണ് ' തട്ടാൻ തട്ടിയെടാ ' "എന്നതാ സാറേ ' "എടാ തട്ടാൻ തട്ടിയെന്ന്. പടിഞ്ഞാറിന്റെ നെഞ്ചത്തിട്ട് '
ജോസ്​മോൻ പിടിത്തം കിട്ടാതെ തൽസ്ഥിതി തുടർന്നപ്പോൾ "ടി.വി വച്ചു നോക്കെടാ കഴുതേ ' എന്ന് പറഞ്ഞിട്ട് സാറ് റഷ്യക്കാരെന്റ മുറിയിലേക്ക് ഓടി. ടി. വിയിൽ റഷ്യയുടെ പാറ്റൻടാങ്കുകളും കാലാൾപ്പടയും ഉക്രയിൻ അതിർത്തി മുറിച്ചു കടക്കുന്നത് ജോസ്​മോൻ കണ്ടു.

റഷ്യാക്കാരനും ടി. വി കാണുക തന്നെയായിരുന്നു. അയാൾ വിവിധ ചാനലുകൾ മാറ്റിമാറ്റി വച്ചതിന് ശേഷം അസംതൃപ്തിയിൽ മൊബൈലെടുത്ത് ഏതോ റഷ്യൻ ചാനൽ കാണുവാൻ തുടങ്ങി. കുറച്ചു കഴിഞ്ഞ് മൊബൈൽ കിടക്കയിലേക്കെറിഞ്ഞ് അയാൾ മുറിയിൽ തലങ്ങും വിലങ്ങും നടന്നു. കോരസാർ അപ്പൊഴാണ് ഒന്നിടപെടാൻ തുനിഞ്ഞത് : "ചുണക്കുട്ടനാണ് പുട്ടിൻ. അടിച്ചവൻമാരുടെ അണപ്പല്ല് തെറിപ്പിക്കണം. എന്ത് നാറ്റോ, എല്ലാം അമേരിക്കയുടെ നാറിയ കളിയല്യോ '
റഷ്യാക്കാരൻ തിരികെ ഇത്രമാത്രമേ ചോദിച്ചുള്ളൂ : "രാത്രിയിലത്തെ കാര്യത്തിന് മാറ്റമൊന്നുമില്ലല്ലോ, അല്ലേ '
മാറ്റമില്ലാതിരുന്നത് കൊണ്ട് ചെറുബോട്ട് അർദ്ധരാത്രിയിൽ വേമ്പനാട്ട് കായൽ നൂല്പിടിച്ച പോലെ മുറിച്ച് കടന്ന് പാതിരാമണൽ തുരുത്തിലടുത്തു. മൂവർസംഘത്തെ കാത്ത് നിന്ന ആണ്ടിക്കണ്ണിന്റെ ചെക്കൻ ഇരുളിൽ നിന്ന് പാദപദനം കൊണ്ട് സാന്നിധ്യമറിയിച്ചു. റഷ്യാക്കാരൻ വെറുതെ അവെന്റ ഒന്ന് രണ്ട് ചിത്രങ്ങളെടുത്തു. കനത്തും പതറിയും കിടന്ന ഇരുളിലൂടെ ആണ്ടിച്ചെക്കൻ അവരെ നയിച്ചു. ഏറ്റവും പിന്നിൽ ജോസ്​മോൻ നടന്നു. പതുക്കെ, വരിവച്ച് നടന്ന് തങ്ങൾ ചെന്ന് കയറാൻ തുടങ്ങുന്നൊരു ടൈംമെഷീനകത്തേക്കായിരിക്കുമോ എന്ന് പോലും ഒരുവേള അവൻ ഭയന്നു. അതിന്റെ കോക്ക്പിറ്റിലിരുന്ന് ആണ്ടിക്കണ്ണ് ഒരു ധൂപക്കുറ്റിക്ക് തീകൊടുക്കുകയോ, ഒരു പ്രാകൃതമന്ത്രം ചൊല്ലുകയോ ചെയ്‌തേക്കാം. അപ്പോൾ തങ്ങൾ ആഭിചാരത്തിന്റെ മടക്കമില്ലാത്ത മറുലോകങ്ങളിലൊന്നിലേക്ക് എടുത്തെറിയപ്പെടുമായിരിക്കും. ജോസ്​മോന്റെ അടിവസ്ത്രം ചെറുതായി നനഞ്ഞു.
കായലിനോട് ചേർന്ന് തുരുത്തിന്റെ അങ്ങേയറ്റത്തായിരുന്നു കുരുതിക്കളം. മൊബൈലുകളുടെ വെളിച്ചത്തിൽ എല്ലാവരും നിന്നു. റഷ്യാക്കാരെന്റ കണ്ണുകൾ പിന്നെയും തിളങ്ങി. ഇതുപോലെയെന്തെല്ലാം കണ്ടിരിക്കുന്നൂവെന്ന നിസ്സാരതയിൽ കായൽ ഉറങ്ങിക്കിടന്നു. ഇടയ്ക്ക് വീശിയ തണുത്ത കാറ്റിൽ, മർമ്മരങ്ങളിൽ, രാത്രിജീവികളുടെ ശബ്ദഘോഷങ്ങളിൽ തൊട്ട് അവർ ആഭിചാരത്തിലേക്ക് കടന്നു. ആണ്ടിക്കണ്ണ് ഒരു വെളുത്ത കടലാസ് നിവർത്തിയിട്ടു. അതിൽ ചുവപ്പിലും കറുപ്പിലും വിചിത്രമായൊരു കളം നിറഞ്ഞുകിടന്നു. അതിന്റെ മുക്കിലും കോണിലുമെല്ലാം ഏതോ പ്രാകൃതലിപികൾ- അതിന്റെ ഗൂഢാർത്ഥങ്ങൾ, ഗുപ്തഗണിതങ്ങൾ, ഗോപ്യനിയമങ്ങൾ. അാതലോകങ്ങളിലേക്കുള്ള ആ വാതിലുകൾ ഓരോന്നായി ആണ്ടിക്കണ്ണ് റഷ്യാക്കാരന് തുറന്ന് കൊടുക്കാൻ തുടങ്ങി. കോരസാർ ദ്വിഭാഷിയായി.
കുറച്ചു കഴിഞ്ഞപ്പോൾ കാറ്റ് ശകതമാവാനും കായൽ കുതറാനും തുടങ്ങി. കരിയിലകൾ പറന്ന് കളത്തിൽ വീണു. ആണ്ടിക്കണ്ണ് സന്ദേഹിയായി. അയാൾ പൂച്ചക്കണ്ണുകൾ വിടർത്തി. കൈചൂണ്ടി. അയാളുടെ വിരലിന്റെ അറ്റത്ത് , ദ്രവിച്ചൊരു മരക്കുറ്റി നിലാവിൽ തെളിഞ്ഞു. അതിന്റെ മുകളിൽ ഇരുന്ന മൂങ്ങ എല്ലാവരേയും തറപ്പിച്ച് നോക്കി. "പ്രശ്‌നമാണ് ' ആണ്ടിക്കണ്ണ് പറഞ്ഞു "പരിഹാരക്രിയ ഫലിച്ചില്ലെങ്കിൽ ഐന്റ കാര്യം തീരുമാനമാവും'
ബാക്കി പെട്ടന്നാവാമെന്ന് ആണ്ടിക്കണ്ണ് പറഞ്ഞു. തുണിസഞ്ചിയിൽ നിന്നൊരു വസ്തു അയാൾ എടുത്ത് കളത്തിൽ മലർത്തി വച്ചു - അതൊരു മരപ്പാവയായിരുന്നു. ആണ്ടിക്കണ്ണ് നാടകീയമായൊരു നിശബ്ദത , നിശ്ചലത എല്ലാമെടുത്തു. എന്നിട്ട് പറഞ്ഞു "നൂറ്റൊന്നാവർത്തി രകതപൂജ കഴിച്ചതാണ് ഈ രൂപം. മനസ്സിലൊരാളെ വിചാരിച്ചിട്ട്, ' ഒന്ന് നിർത്തിയിട്ട് ആണ്ടിക്കണ്ണ് സഞ്ചിയിൽ നിന്ന് നീളത്തിലുള്ളൊരാണി വലിച്ചെടുത്തു, എന്നിട്ട് തുടർന്നു "ഈ ആണി പാവയിൽ തറയ്യ്ക്കണം. എവിടെ തറയ്ക്കുന്നു എന്നതനുസരിച്ച് ഫലം. തലയിൽ ആയാൽ ഭ്രാന്ത്, നെഞ്ചിൽ മരണം, കാലിൽ തളർച്ച- അച്ചട്ടാണ്. വെറും പതിനേഴ് ദിവസം '
കോരസാറിന്റെ ശബ്ദം വിറയ്ക്കുന്നത് ജോസ്​മോൻ അറിഞ്ഞു. ആ അറിവിൽ താനാകെ വെട്ടി വിറയ്ക്കുന്നതും ജോസ്​മോൻ അനുഭവിച്ചു. അപ്പോഴാണ് റഷ്യാക്കാരൻ അത് ചോദിച്ചതും. അത് കേട്ടു കഴിഞ്ഞപ്പോൾ ശരിക്കും തങ്ങൾ ടൈംമെഷീനകത്തേക്ക് കയറാൻ പോവുകയാണെന്ന് ജോസ്​മോൻ ആത്മാർത്ഥമായും ഉറപ്പിച്ചു. ആണി ശരിക്കും തറയ്ക്കാൻ എന്ത് വേണം എന്നായിരുന്നു അയാൾ ചോദിച്ചത്. കോര സാർ ഒരുവേള, ഞെട്ടിപ്പോയെങ്കിലും അത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിൽ വിജയിച്ചു. ആണ്ടിക്കണ്ണ് ആര് ആർക്കിട്ട് ആഭിചാരം ചെയ്യുന്നൂവെന്ന സംശയത്തിൽ തടഞ്ഞുവീണു. അയാൾ റഷ്യാക്കാരനെ ഭീതിയിൽ, സംശയത്തിൽ തറച്ചു നോക്കി. പിന്നെ ഉരുൾ പൊട്ടുന്ന പോലെ വിലയിട്ടു "പതിനായിരം'
റഷ്യാക്കാരന് അതൊരു പ്രശ്‌നമായിരുന്നില്ലെങ്കിലും അയാൾ റൂബിളോ രൂപയോ എന്ന് ചോദിച്ചു. കോരസാറ് ഇടപെട്ടു "യുദ്ധം തുടങ്ങിയ സാഹചര്യത്തിൽ റൂബിൾ വേണ്ട. യൂറോയിലായിക്കോട്ടേ, അല്ലെങ്കിൽ ഡോളർ '
റഷ്യാക്കാരന് അതിലും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. ആണി തറക്കേണ്ട ആളിനെ മനസ്സിൽ തെളിമയോടെ സങ്കൽപ്പിക്കാൻ ആണ്ടി പറഞ്ഞതും റഷ്യാക്കാരൻ കണ്ണുകളടച്ചു, ഉൾക്കണ്ണിൽ ഒരു രൂപം തെളിയുന്നു. ഇരുട്ടിൽ ആണ്ടിയുടെ ചോദ്യാവലി മേന്ത്രാച്ചാരണമായി.

"എവിടെ '"നെഞ്ചിൽ തന്നെ ആയിക്കോട്ടെ ' "ആളുടെ പേര് '
റഷ്യാക്കാരൻ ഒരു നിമിഷം നിശബ്്ദനായി. ഇരുട്ടുവീണൊരു തുരുത്തിൽ, കായൽക്കരയിൽ , രാത്രിയുടെ മധ്യയാമങ്ങളിൽ താൻ ചെയ്യുന്നതെന്തെന്ന് അയാൾക്ക് നല്ല നിശ്ചയമുണ്ടായിരുന്നെങ്കിലും അയാളത് ഉൾക്കണ്ണാൽ ഒന്ന് കൂടി ഉറപ്പിച്ചു. മനുഷ്യജനിതകത്തിലെ ഏറ്റവും വലിയ അസംബന്ധങ്ങളിലൊന്നിന് മറ്റൊരു അസംബന്ധം കൊണ്ട് താൻ പരിഹാരമന്വേഷിക്കുന്നു. ഉൻമാദികളുടെ ആയുധപ്പുരകളെ കുമരകത്തിന്റെ ഒരാണി കൊണ്ട് താൻ കുരുതി കൊടുക്കാൻ പോകുന്നു. അയാൾ പേര് പറഞ്ഞു : "വ്‌ളാദിമർ പുട്ടിൻ '"വ്‌ളാദിമർ ! ' "പുട്ടിൻ ! '
ചരിത്രം എന്നെന്നേക്കുമായി അവസാനിക്കാൻ പോകുകയാണെന്ന ഭ്രാന്തൻ തോന്നലിൽ കോരസാർ സകലതിനും മധ്യേ ചാടിവീണു. പിന്നാക്കം വീണ ആണ്ടിയെ ചെക്കൻ ചാടി വീണ് താങ്ങി. കോരസാർ അലറി "എടാ, ചരിത്രശത്രൂ, ഒന്നുമില്ലേലും അയാൾ നിന്റെ പ്രസിഡന്റ് ആല്ലേടാ'
കോരസാർ ജോസ്​മോനെ നോക്കി "ഇവൻ റഷ്യാക്കാരനൊന്നുമല്ല. ഏതോ യൂറോപ്യൻ തെണ്ടിയാണ് '
റഷ്യാക്കാരൻ ഒരൊറ്റ നിമിഷം കൊണ്ട് കോര സാറിനെ അടിയറവ് പറയിപ്പിച്ചു. അയാളുടെ കൈയ്യിൽ പാവയും ആണിയും ഉണ്ടായിരുന്നു "എന്നാൽ പേര് കോര എന്നായിക്കോട്ടെ.'
റഷ്യാക്കാരൻ ആണി മരപ്പാവയുടെ ശിരസ്സിൽ മുട്ടിച്ചതും കോര സാർ കൈകൂപ്പി. വെട്ടി വിറച്ചു. വിയർത്തൊലിച്ചു. സാറിന്റെ ഭീതിയുടെ ചരിത്രം ജോസ്​മോന് മുന്നിൽ ആദ്യമായി അനാവൃതമായി. റഷ്യാക്കാരൻ ഓരോന്നായി ചോദിച്ചു "നീ റഷ്യ കണ്ടിട്ടുണ്ടോടാ ' "ഇല്ല. പറ്റിയിട്ടില്ല ' "നിനക്ക് പൂട്ടിൻ ആരാണെന്ന് അറിയാമോടാ ' "ഇല്ല. സത്യമായും ഇല്ല ' "ചുണക്കുട്ടൻ ' "അത് ഞാൻ... ചരിത്രപരമായൊരു വിശലകനത്തിൽ ആത്യന്തികമായി ഈ യുദ്ധം സാമ്രാജത്വത്തിനെതിരാണല്ലോ എന്ന് കരുതി ..'
റഷ്യാക്കാരെന്റ മുഖം അപൂർവമായൊരു ചരിത്രസന്ദർഭത്തിനോടെന്നവണ്ണം വൈകാരികതകളിൽ പ്രതികരിക്കുന്നത് ജോസ്​മോൻ കണ്ടു. അയാൾ കോര സാറിനെ പൂണ്ടടക്കം പിടിച്ച് ചേർത്ത് നിർത്തി. നിലത്ത് വീണ മരപ്പാവ തന്നെ പരിഹസിച്ചു ചിരിക്കുന്നതെന്തിനെന്ന് കോരയ്ക്ക് മനസ്സിലായില്ല.
റഷ്യാക്കാരൻ ചോദിച്ചു "പാവം പിടിച്ച മനുഷ്യർക്ക് മേൽ ബോംബും റോക്കറ്റുമിട്ടാൽ, തെരുവ് നീളെ ബലാഝംഗം ചെയ്താൽ, സാമ്രാജത്വം തോറ്റ് പിൻവാങ്ങുമോടാ അങ്ങനെയാണോടാ അതിന്റെ ചരിത്രം '
കോര സാർ ഒടുങ്ങിയിരുന്നു. തെന്റ ചരിത്രപുസ്തകം കെട്ടഴിഞ്ഞ് കുമരകം കായലിൽ ചിതറിത്തെറിച്ചലിയുന്നത് അയാൾ കണ്ടു. ആ കാഴ്ചയുടെ മധ്യത്തിലെവിടെയോ വച്ച് നല്ല ഒന്നാന്തരം റഷ്യൻ മുട്ടുകാൽ തെന്റ അടിവയറ്റിലൊടുങ്ങിയതും അയാൾ അറിഞ്ഞു. റഷ്യാക്കാരൻ നല്ല ബ്രിട്ടീഷ് ഇംഗ്‌ളീഷിൽ ഒരു തെറി കൂടി വിളിച്ചു "എടാ, തന്തയില്ലാക്കഴുവേറി, റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മിഷ്‌ക്കിൻ ടൗൺ സെക്രട്ടറിയാടാ ഞാൻ- നിക്കോളായ് മെലനസ്ക്കോവ് ! '

അങ്ങനെയാണ് സവിശേഷമായ ആ ചരിത്രസന്ദർഭത്തിൽ നിന്ന് എല്ലാവരും ഓടിത്തുടങ്ങിയത്. ആണ്ടിയും ചെക്കനും ആദ്യം ഓടി ഇരുളിൽ മറഞ്ഞു. കോര കായൽത്തീരത്തേക്ക് പരക്കം പാഞ്ഞു. മെലനസ്ക്കോവ് പിന്നാലെയും. ജോസ് മോൻ മറ്റൊരു ദിശയിലേക്ക് ഓടി വെള്ളത്തിൽ ചാടി. ചാടുന്നതിന് തൊട്ടുമുമ്പ് കോരസാറിന്റെ "അയ്യോ' വിളി പിന്നെയും കേട്ട് അവനൊന്ന് തിരിഞ്ഞുനോക്കി. അപ്പോൾ കറുകറുത്ത് നിന്ന തുരുത്ത് ഒട്ടാകെ മറ്റാരോ വരച്ചൊരാഭിചാരക്കളമാണെന്ന് തോന്നൽ അവനിൽ നീണ്ടൊരു ആണിയായി തറഞ്ഞു. ജോസ്​ മോൻപിന്നെ വൈകിച്ചില്ല.
കായലിൽ വീണ ജോസ്​മോൻ സ്ഥലജലവിഭ്രാന്തിയിൽ മുങ്ങിപ്പൊങ്ങി. ആദ്യ പ്രാവശ്യം മുങ്ങിപ്പൊങ്ങിയപ്പോൾ വോൾഗയും വേമ്പനാടും ഒരേ ജലം മാത്രമാണെന്ന് അവന് പിടികിട്ടി. അടുത്ത പൊന്തലിൽ ലോകത്ത് ഒഴുകുന്ന ജലമത്രയും എന്തെങ്കിലും കാരണം കൊണ്ട് പരസ്പരം ബന്ധിക്കപ്പെട്ടതാണെന്നും അവന് വ്യകതമായി. അത് കഴിഞ്ഞപ്പോൾ വോൾഗാതീരത്തിന്റെ അമർഷത്തിന് കുമരകം കായൽക്കരയിൽ പൊട്ടിത്തെറിക്കാമെന്നും മനസ്സിലായി.
അങ്ങനെ ഒന്ന് രണ്ട് വട്ടം കഴിഞ്ഞപ്പോൾ പുലരിയിലേക്ക് ഇഴഞ്ഞു തുടങ്ങിയ രാത്രിയുടെ ചരിത്രം ജോസ്​മോനിൽ ചെറുതായി ചുരുൾ വിടരാൻ തുടങ്ങി. കര തൊട്ടപ്പുറത്തുണ്ടെന്ന് വെറുതെ നിനച്ച് ജോസ്​മോൻ നിരർത്ഥകമായി നീന്തിത്തുടങ്ങി. എല്ലാ ചരിത്രഗവേഷകരെയും ബാധിക്കുന്ന ആത്മഹർഷത്തിന്റെ പ്രശ്‌നമാണതെന്ന് ജോസ്​മോന് മനസ്സിലാവുമായിരുന്നില്ല. അങ്ങനെ നീന്തവേ, വരുംകാലചരിത്രത്തെ അവൻ ഇങ്ങനെയൊക്കെ പ്രവചിച്ചു രസിച്ചു
എല്ലാ യുദ്ധങളെയും പോലെ ഈ യുദ്ധത്തിനും അവസാനിക്കയല്ലാതെ വേറെ വഴിയില്ല. ചരിത്രം നാറാതിരിക്കണം എന്നത് കൊണ്ട് ചത്തഴുകിയ മനുഷ്യരുടെ കണക്ക് ഇക്കുറിയും അതിന് പുറത്തായിരിക്കും. കാലങ്ങൾ പിന്നിട്ട്, കോരസാർ പിന്നെയും പേന കൈയ്യിലെടുക്കും. ഒരു വലിയ രഹസ്യത്തെ അനാവരണം ചെയ്തു കൊണ്ട് ലോക ചരിത്രത്തിൽ കയറി ഇടപെടും. കുമരകം വധഗൂഢാലോചന എന്ന് അത് അറിയപ്പെടും. ആ കഥനത്തിൽ തങ്ങളുടെയൊക്കെ അസ്തിത്വങ്ങൾ എങ്ങനെയൊക്കെ മാറ്റിമറിക്കപ്പെടും എന്നത് മാത്രം എത്ര ശ്രമിച്ചിട്ടും ജോസ്​മോന് പ്രവചിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ടി. അരുൺകുമാർ

കഥാകൃത്ത്, സ്വതന്ത്ര മാധ്യമ പ്രവർത്തകൻ, തിരക്കഥാകൃത്ത്. ചീങ്കണ്ണിയെ കനലിൽ ചുട്ടത് (കഥ) തടവുചാടിയ വാക്ക് (ലേഖനങ്ങൾ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ടോൾ ഫ്രീ, ലാ ടൊമാറ്റിനാ എന്നീ സിനിമകൾക്ക് തിരക്കഥയെഴുതി.

Comments