വിശുദ്ധ കല്ലറ

ചിത്രീകരണം: ദേവപ്രകാശ്‌
ചിത്രീകരണം: ദേവപ്രകാശ്‌

ഞാനിപ്പോൾ എഴുതുന്നത്, ആരും വിശ്വസിക്കില്ലെന്നറിയാം, എങ്കിലും എഴുതാതിരിക്കാൻ കഴിയുന്നില്ല. എഴുതിയില്ലെങ്കിലും, ആ ദിവസം ഇനിയൊരിക്കലും മനസ്സിൽനിന്നു മായുമെന്നു തോന്നുന്നില്ല.

അന്ന്​ പുണ്യസ്ഥലം കാണാൻ ഞാൻ ഒറ്റയ്ക്കുപോയപ്പോഴായിരുന്നു, അവിശ്വസനീയമായ ആ കാഴ്ച കണ്ടത്: തിരക്കേറിയ തെരുവിനുമുകളിലൂടെ പതിവിലും വേഗത്തിൽ ഒഴുകിപ്പോകുന്ന കറുത്ത മേഘങ്ങൾ, മേഘങ്ങൾക്കിടയിലൂടെ എത്തിനോക്കുന്ന പ്രകാശധാര ആൾക്കൂട്ടത്തിൽ ആരെയോ പിന്തുടരുന്നതുപോലെ. അതാരെയെന്നു സൂക്ഷിച്ചുനോക്കിയപ്പോൾ പ്രകാശവലയങ്ങളാൽ ചുറ്റപ്പെട്ട, ഉയരമുള്ള ഒരാൾരൂപം അലസമായി വസ്ത്രങ്ങൾ ധരിച്ചു, തെരുവിലൂടെ നടന്നുപോകുന്നു!

നിനച്ചിരിക്കാതെ കൈവന്ന ഭാഗ്യമായിരുന്നു അത്.

ഇരുവശങ്ങളിലും നിരനിരയായി കടകൾ നിറഞ്ഞ സെൻറ്​ ഹെലീനാ തെരുവുകളിലൂടെ ഭക്തജനങ്ങൾക്കൊപ്പം ഞാനും വെറുതെ അലക്ഷ്യമായി നടന്നു. കുറെ നേരം ചുറ്റിക്കറങ്ങി, കടകളിലൊക്കെക്കയറി അലഞ്ഞുനടന്നു ക്ഷീണിച്ചപ്പോൾ അവിടെക്കിടന്ന ഒരൊഴിഞ്ഞ ചാരുബെഞ്ചിലിരുന്നു വിശ്രമിക്കുമ്പോഴായിരുന്നു ആ ദർശനം.

ആൾക്കൂട്ടത്തിനിടയിലൂടെ ദൂരെനിന്നു കണ്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല.

കീറിപ്പറിഞ്ഞ, മുഷിഞ്ഞ വസ്ത്രം ധരിച്ച മനുഷ്യരൂപം!

രൂപത്തിനുചുറ്റും വൃത്താകൃതിയിൽ ചലിക്കുന്ന പ്രഭാവലയങ്ങൾ.

ഞാൻ മെല്ലെ എഴുന്നേറ്റ്, ആൾക്കൂട്ടത്തിനിടയിലൂടെ പിന്നാലെ പതുങ്ങിപ്പതുങ്ങി നടന്നു. പുണ്യസ്ഥലത്തെത്തിയ ഭക്തർ തിക്കിത്തിരക്കി കൂട്ടംകൂട്ടമായി നടന്നുനീങ്ങുകയായിരുന്നു.

ഗാഗുൽത്താമലയിലേക്ക് അലക്ഷ്യമായി നടന്നുപോകുന്ന, മുഷിഞ്ഞ വസ്ത്രധാരിയായ ഒരു വഴിപോക്കനെ അവരാരും ശ്രദ്ധിച്ചില്ല. ആ പ്രകാശവലയങ്ങൾപോലും എനിക്കുമാത്രമേ കാണാൻ സാധിച്ചിരുന്നുള്ളൂ, എന്ന് അപ്പോഴാണു മനസ്സിലായത്!

ഞാൻ ശ്രദ്ധയോടെ, കുറേനേരംകൂടി ആൾക്കൂട്ടത്തിനിടയിലൂടെ ആ രൂപത്തെ അനുഗമിച്ചു. പെട്ടന്ന് ഇരുണ്ടുകൂടിയ കാർമേഘങ്ങൾ എന്തോ മനസ്സിലായിട്ടെന്നപോലെ പൂർവാധികം വേഗത്തിൽ ചലിച്ചുകൊണ്ടിരുന്നു. ഞാൻ ആകാംഷപൂർവം നോക്കിനിന്നപ്പോൾ, എന്തോ കണ്ടു ഞെട്ടിയതുപോലെ ആ രൂപമൊന്നു നിന്നു, തിരിഞ്ഞ് എന്നെ നോക്കി.

ഈശ്വരാ! സാക്ഷാൽ യേശുക്രിസ്തു എന്റെ മുന്നിൽ! എനിക്കു പരിഭ്രമമായി. ഞാൻ വേഗത്തിലോടി, യേശുവിന്റെ സമീപത്തെത്തി. മുമ്പോട്ടു നടന്നുതുടങ്ങിയ യേശുവിനുപിന്നാലെ, വീണ്ടും ആകാംഷയോടെ പതുക്കെ നടന്നു. എന്റെ വരവു പ്രതീക്ഷിച്ചെന്നതുപോലെ അദ്ദേഹം തിരിഞ്ഞുനോക്കിയപ്പോൾ ഞാനൊന്ന് പേടിച്ചുവെങ്കിലും, സ്വരം താഴ്ത്തി, ഭവ്യതയോടെ, വിറച്ചുകൊണ്ടു ചോദിച്ചു:
‘എന്താ യേശുവേ?'

‘നീ വരുമെന്നെനിക്കറിയാമായിരുന്നു!' യേശു പതിഞ്ഞസ്വരത്തിൽ പറഞ്ഞു.

‘യേശു ഒന്നു ഞെട്ടുന്നതുപോലെ തോന്നി. അതാ ഓടിവന്നത്'

‘എങ്ങനെ ഞെട്ടാതിരിക്കും അപ്പുവേ? എന്നെ തറച്ചുകൊന്ന തടിക്കഷണങ്ങൾ ഈ നാടുമുഴുവൻ നാട്ടിവച്ചിരിക്കുകയല്ലേ?'

എനിക്ക് എന്തുപറയണമെന്ന് ഒരൂഹവും കിട്ടിയില്ല. യേശു ദൈവപുത്രനല്ലേ? അതുകൊണ്ട് ആൾക്കൂട്ടത്തിൽ എന്നെ തിരിച്ചറിഞ്ഞതിലും എന്റെ പേരു വിളിച്ചതിലും എനിക്കൊരത്ഭുതവും തോന്നിയില്ല. എന്തും വരട്ടെയെന്നു കരുതി, ഒന്നും മിണ്ടാതെ ഞാൻ കൂടെത്തന്നെ നടന്നു. ദൂരെക്കണ്ട കുരിശിനുനേരേ കൈ ചൂണ്ടി, യേശു വീണ്ടും ചോദിച്ചു: ‘അതെന്താടാ അപ്പൂ, അവിടെ ആ വലിയ കെട്ടിടത്തിനുമുകളിലും അതുതന്നെ പണിതുവച്ചിരിക്കുന്നത്?'

എല്ലാമറിയുന്ന ദൈവമല്ലേ! എന്റെ പേരു മാത്രമല്ല, എല്ലാവരുടെയും കാര്യങ്ങളുമറിയുന്നവൻ! എന്നിട്ടും മരക്കുരിശുകൾ കണ്ടു ഞെട്ടിയതുമാത്രം വിശ്വസിക്കാൻ പറ്റുന്നില്ല. അതേപ്പറ്റിയൊന്നും അധികം ചിന്തിക്കാതെ, താഴ്മയോടെ ഞാൻ പറഞ്ഞു: ‘അത് മരംകൊണ്ടു പണിത കുരിശാ യേശുവേ. ആ കെട്ടിടം വെറും കെട്ടിടമല്ല; അങ്ങയെ പാടിപ്പുകഴ്ത്താനും ആരാധിക്കാനുമുള്ള ആരാധനാലയമാ!'

യേശു എന്നെ സൂക്ഷ്മമായി നിരീക്ഷിച്ചു. എന്നിട്ട് ചുറ്റുപാടുമുള്ള കെട്ടിടങ്ങളുടെ മുകളിലെ കുരിശുകളിലേക്കുതന്നെ നോക്കിക്കൊണ്ടു ചോദിച്ചു; ‘ഞാൻ അതുപോലെയുള്ള ഒരു കുരിശും ചുമന്നുകൊണ്ടല്ലേ ഒരിക്കൽ ഈ മല മുഴുവനും കയറിയത്? അത്തരം തടിക്കഷണത്തിൽ ആണികൊണ്ടു തറച്ചല്ലേ എന്നെ ക്രൂശിച്ചത്? മൂന്നു പ്രാവശ്യം വീണപ്പോഴും റോമൻ പട്ടാളക്കാർ ചാട്ടവാറുകൊണ്ടടിച്ചു വേദനിപ്പിച്ചു. ആ മുറിപ്പാടുകൾ ഇപ്പോഴും മാഞ്ഞിട്ടില്ല. എന്നിട്ടും ആ പാലകകഷണങ്ങൾ എന്തിനാ കെട്ടിടങ്ങളുടെ മുകളിൽ വച്ചിരിക്കുന്നത്? എന്തിനാ നാടുമുഴുവനും ആളുകൾ അതു ചുമന്നുകൊണ്ടു നടക്കുന്നത്?'

അപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്, ആളുകൾ കടകളിൽനിന്നും വലിയ മരക്കുരിശുകൾ വാടകക്കെടുക്കാനായി വിലപേശുന്നു. കുരിശു കിട്ടുന്നവർ മൂന്നുപേരുള്ള ഓരോ ഗ്രൂപ്പായി ഒന്നിച്ചു ചുമന്നുകൊണ്ടുപോകുന്നു. കൂടെയുള്ള പുരോഹിതന്മാർ കുരിശിന്റെ വഴി എന്ന പ്രാർത്ഥന ചെല്ലുന്നത് ആരവങ്ങൾക്കിടയിലും അവ്യക്തമായി കേൾക്കാമായിരുന്നു. ഞാൻ മറുപടിയൊന്നും പറയാതിരുന്നതുകൊണ്ടാവാം, യേശു മുഷിഞ്ഞ വസ്ത്രങ്ങൾ പിന്നിലേക്കു മാറ്റി, കൈകളിലെയും കാൽപാദങ്ങളിലെയുമൊക്കെ മുറിപ്പാടുകൾ കാണിച്ചു. അതുകണ്ട് ഞാൻ അന്തംവിട്ടു പോയി! കാണുന്നതൊക്കെ സത്യമോ മിഥ്യയോ എന്നാലോചിക്കുമ്പോൾ, മുഴക്കമുള്ള ശബ്ദത്തിൽ യേശു ചോദിച്ചു: ‘നിന്റെ നാക്കിറങ്ങിപ്പോയോ? ചോദിച്ചതു കേട്ടില്ലേ?’

പെട്ടെന്ന്​ സ്ഥലകാലബോധമുണ്ടായപ്പോൾ ധൈര്യപൂർവം ഞാൻ പറഞ്ഞു: ‘അതു മാത്രമല്ല. അകത്തോട്ടു കയറിയാൽ അങ്ങയുടെ വലിയ പ്രതിമയും
അമ്മമേരിയുടെ രൂപക്കൂടും വച്ചിട്ടുണ്ട്'

വീണ്ടും അതേ സ്വരം: ‘നാമിപ്പോൾ എല്ലാമറിയുന്നു. എന്റെ അമ്മയെപ്പോലും രൂപക്കൂട്ടിൽ നിർത്തി അപമാനിക്കുന്നു! പണ്ടൊരു കെട്ടിടത്തിൽക്കയറി കപടഭക്തരെയും ചുങ്കക്കാരെയും ചാട്ടവാറുകൾകൊണ്ട് അടിച്ചോടിച്ചതും വിഗ്രഹങ്ങൾ തകർത്തതുമൊക്കെ ജനം മറന്നുവോ?’

വീണ്ടും ഞാൻ മിണ്ടാതെ നിന്നപ്പോൾ യേശു അസ്വസ്ഥനായതുപോലെ തോന്നി. അതുകൊണ്ടു വളരെ സൂക്ഷിച്ചാണു മറുപടി പറഞ്ഞത്: ‘ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു രണ്ടാംവരവ് അവർ പ്രതീക്ഷിച്ചുകാണില്ല. എന്നാലും യേശുവിനെ ഒന്നു നേരിൽക്കാണാൻ പറ്റിയല്ലോ. എനിക്കതുമതി.’

‘ഇത്ര തിരക്കുപിടിച്ച് ഈ ജനമെല്ലാം എങ്ങോട്ടാ കുരിശും പിടിച്ചുകൊണ്ടോടുന്നത്?’

‘അങ്ങയെ ക്രൂശിച്ച സ്ഥലത്തേക്കാ. യേശുവിന്റെ പേരിൽ പള്ളികൾ മാത്രമല്ല, ലോകം മുഴുവൻ പടർന്നുപന്തലിച്ച മതവുമുണ്ടിപ്പോൾ.ലോകത്തെമ്പാടുമുള്ള ആരാധകരുടെ തിരക്കാ എപ്പോഴും ഈ തെരുവിൽ. എല്ലാം അങ്ങന്നു കുരിശു ചുമന്നതിന്റെ ഓർമയ്ക്കാ.’

യേശുവിന്റെ ഇരുവശങ്ങളിലും കുരിശിൽക്കിടന്ന കള്ളന്മാരുടെ കാര്യം ചോദിക്കണമെന്നുണ്ടായിരുന്നു. പെട്ടന്നങ്ങനെയൊക്കെ ചോദിച്ചാൽ ഇഷ്ടപ്പെട്ടില്ലങ്കിലോ, എന്നോർത്ത്​ തത്കാലം വേണ്ടന്നുവെച്ചു. യേശുവിനൊപ്പം സ്വർഗത്തിലേക്കു പോകാൻ പറ്റിയ ആ കള്ളന്മാരോട് എനിക്കസൂയ തോന്നി. വേറാരും സ്വർഗത്തിൽ പോയതായി ബൈബിളിൽപോലും രേഖപ്പെടുത്തിയിട്ടില്ല. ഞാൻ കുറച്ചുനേരം അതൊക്കെ ഓർത്തുകൊണ്ട് ​മിണ്ടാതിരുന്നതുകൊണ്ടായിരിക്കണം, യേശു വീണ്ടും പറഞ്ഞുതുടങ്ങി: ‘എനിക്കറിയാം, റോമിലെ രാജാക്കൻമാരുടെ പണികളാ ഇതെല്ലാം. എന്നെ തറച്ച പലകക്കഷണങ്ങളെടുത്തു കുരിശുണ്ടാക്കി; അതു മതചിഹ്നമാക്കി; ആഘോഷങ്ങൾക്കായി എന്റെ ജന്മദിവസം പോലും മാറ്റി; എന്റെ പേരിൽ മതങ്ങളുണ്ടാക്കി! കള്ളപ്രവാചകൻമാർ വന്ന്, പാവം ജനങ്ങളെ അന്ധവിശ്വാസികളാക്കുന്നു! ഞാൻ അന്തംവിട്ട് യേശുവിനെത്തന്നെ നോക്കിനിന്നു. യേശുവും നിരീശ്വരനാണോ എന്നുപോലും ഞാൻ ആദ്യമായി സംശയിച്ചത് അപ്പോഴായിരുന്നു. സംസാരം കേട്ടപ്പോൾ അന്തിക്രിസ്തുവായിരിക്കുമോ എന്നൊരു തോന്നൽ മനസ്സിൽ പെട്ടെന്നൊന്നു മിന്നി. എന്റെ അങ്കലാപ്പു കണ്ടപ്പോൾ യേശു ചെറുതായി പുഞ്ചിരിച്ചു: മോണാലിസയെ ഓർമിപ്പിക്കുന്ന കള്ളച്ചിരി! അതെന്തിനാണെന്നു മനസ്സിലായില്ല.

‘എന്തായാലും നീയും വാ. നമുക്ക് ആ കെട്ടിടത്തിലേക്കൊന്നു കയറാം'
യേശു കൽപ്പിച്ചു.

‘അങ്ങിതൊന്നും കാര്യമായെടുക്കണ്ട. ദൈവപുത്രൻ വീണ്ടും വന്നെന്നൊന്നും ആരുമറിയാതിരിക്കുന്നതാ നല്ലത്. അങ്ങിങ്ങനെ വെറും യാചകൻമാരുടെ വേഷത്തിൽ, പാദരക്ഷപോലുമില്ലാതെ, കാൽനടയായി പള്ളിയിൽ കയറിച്ചെല്ലുന്നത് അണികൾക്കു നാണക്കേടാ. നമ്മുടെ സഭയിലെ കൊച്ചച്ചൻമാരുവരെ ഇപ്പോൾ വിമാനത്തിലും ഫോറിൻ കാറിലുമൊക്കെയാ സഞ്ചരിക്കുന്നത്'

യേശു അതിന്​ മറുപടിയൊന്നും പറയാതെ, എന്നെ നോക്കി വീണ്ടും പുഞ്ചിരിച്ചു. ഞാനും ചിരിച്ചുകൊണ്ടു പറഞ്ഞു: ‘യേശുവിന്റെ ഈ വേഷംകെട്ടൊക്കെ പെട്ടെന്നു തിരിച്ചറിയാതിരിക്കാനാണെന്ന് എനിക്കറിയാം.’

‘ഇതെന്റെ വേഷംകെട്ടലൊന്നുമല്ല, എന്റെ ശരിക്കുള്ള വേഷം തന്നെയാ. നിങ്ങൾ പടത്തിൽ കാണുന്ന പകിട്ടൊന്നുമെനിക്കില്ല. അതൊക്കെ ആരോ ചായം മുക്കി പലനിറങ്ങളിൽ വരച്ചുവച്ചിരിക്കുന്നതല്ലേ!’

ആരോ എന്ന് യേശു വെറുതെ പറയുന്നതാണെന്നെനിക്കറിയാമായിരുന്നു. അതൊക്കെ വരച്ച റോമിലെ മൈക്കൽ ആഞ്ചലോയെ അറിയാത്തവർ ആരെങ്കിലുമുണ്ടോ ഈ ഭൂലോകത്ത്. പക്ഷെ ഞാൻ അതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല.

‘എന്തായാലും എനിക്കു മാത്രമല്ലേ അങ്ങയെച്ചുറ്റി പ്രകാശിക്കുന്ന ഈ വലയങ്ങൾ കാണാൻ പറ്റൂ? ഇനി അവിടെക്കേറി പണ്ടത്തെപ്പോലെ എല്ലാം അടിച്ചുതകർത്താൽ ആളെ തിരിച്ചറിയും. പിന്നെ എന്തുപറഞ്ഞാലും വിശ്വാസികൾ സമ്മതിക്കില്ല. അതുകൊണ്ട് തത്ക്കാലം ആരോടും മിണ്ടാതെ രക്ഷപ്പെടുന്നതാ ഉചിതം. ഇവിടെ കറങ്ങിനടക്കുന്നതും അത്ര സുരക്ഷിതമല്ല.’

ഇതേ ജനം അങ്ങയെ നാടുകടത്തും. അല്ലെങ്കിൽ വീണ്ടും ക്രൂശിക്കും. അതുറപ്പാ!'
മറ്റു നിവൃത്തിയൊന്നുമില്ലാത്തതുകൊണ്ട് ഞാനിത്തിരി കടുപ്പിച്ചു പറഞ്ഞു.

അപ്പോൾ യേശു ശാന്തനായി പ്രതിവചിച്ചു: ‘എടാ അപ്പൂ, നീ പറഞ്ഞതു ശരിയാ. അവർ നേരിട്ടുകണ്ടാൽ പ്രശ്നമാകും. പണ്ടു ലൂർദിൽ പോയപ്പോൾ അമ്മയ്ക്കും ഇതുപോലൊരബദ്ധം പറ്റിയതാ. അന്ന് ഒരു പെങ്കൊച്ചിന്റെ പ്രാർത്ഥനകണ്ട് അമ്മ അവൾക്കു മാത്രമേ ദർശനം കൊടുത്തുള്ളൂ. അവളത് എല്ലാവരോടും വിളിച്ചുപറഞ്ഞു! അങ്ങനെയാണ് അവൾ അമ്മയുടെ അത്ഭുതദർശനം കണ്ടെന്ന് എല്ലാവരോടും കൊട്ടിഘോഷിച്ചത്. അതിനുശേഷം അമ്മയുടെ പ്രതിമയുണ്ടാക്കി അവിടെത്തന്നെ പ്രതിഷ്ഠിച്ചു കോടിക്കണക്കിനു സമ്പാദിക്കുന്നതായി നാമറിയുന്നു. അതുകൊണ്ട് എന്നെ കണ്ട വിവരം നീയാരോടും പറയരുത്.’

എനിക്ക് അതുകേട്ടപ്പോൾ വിഷമമായി. അതൊന്നും പുറത്തുകാണിക്കാതെ ഞാൻ വിനീതനായി പറഞ്ഞു: ‘അങ്ങയെ കാണാനുള്ള ഭാഗ്യം എനിക്കാണല്ലോ കർത്താവേ! എന്റെ അടുത്ത കൂട്ടുകാരോടെങ്കിലും പറയാൻ അങ്ങനുവദിക്കണം. എങ്കിൽ ഞാനും പുണ്യാളനാകും- പള്ളിക്കര അപ്പുപ്പുണ്യാളൻ’, ഞാൻ തമാശരൂപത്തിൽ പറഞ്ഞു.

അതുകേട്ടെങ്കിലും യേശു മൗനം ഭജിച്ചു. മൗനം സമ്മതമാണെന്നാണല്ലോ പ്രമാണം. അതുകൊണ്ട് ഞാനും മിണ്ടിയില്ല. സാക്ഷാൽ യേശുവിനെക്കണ്ട പുണ്യാളനായി രൂപക്കൂട്ടിൽ നിൽക്കുന്നതായി ഞാൻ സ്വപ്നം കാണുകയായിരുന്നു അപ്പോൾ.
യേശുവിന്​ കാര്യം മനസ്സിലായി. അനന്തരം എന്നെ നോക്കി ഇപ്രകാരം അരുൾ ചെയ്തു: ‘നീ സ്വപ്നമൊന്നും കാണണ്ട. എന്റെ പേരുംപറഞ്ഞ് കുറേ പുണ്യവാളൻമാരെയും രൂപക്കൂടുകളെയും ലോകം മുഴുവനും പ്രതിഷ്ഠിച്ചിട്ടുണ്ട്. നിന്റെയും ലക്ഷ്യം അതാണെന്നു നാമറിയുന്നു. എന്തായാലും നീ വാ. ആദ്യം നമുക്കാ തടിക്കഷണം മേൽക്കൂരയിൽ കുത്തിവച്ചിരിക്കുന്ന കെട്ടിടത്തിലേക്കുതന്നെ കയറാം.’

ആ ദിവസം എന്തെങ്കിലുമൊക്കെ നടക്കുമെന്ന് എനിക്കുറപ്പായിരുന്നു. ഞാൻ വീണ്ടും കൂലങ്കഷമായി ചിന്തിച്ചുതുടങ്ങി. ഒരനുഭവം കൊണ്ടൊന്നും ഈ യേശു പഠിക്കില്ലെങ്കിൽ അനുഭവിക്കട്ടെ. ഞാൻ മിണ്ടാതെ കൂടെത്തന്നെ നടന്നു.
വെറുതെ ദൈവമാണെന്നും സർവശക്തനാണെന്നൊന്നും പറഞ്ഞുനടന്നിട്ടൊരു കാര്യവുമില്ല. അങ്ങനെയെങ്കിൽ അന്നു മൂന്നുതവണ കുരിശുംകൊണ്ടു മൂക്കുപൊത്തി വീഴുമോ? പട്ടാളക്കാരുടെ ചാട്ടവാറുകൊണ്ടുള്ള അടികൊണ്ടു രക്തം വാർന്നിട്ടും ഒരു രക്ഷകനുമില്ലായിരുന്നു രക്ഷിക്കാൻ. ഒക്കെ മറന്നു. കുരിശിൽത്തറയ്ക്കുന്നതും കല്ലെറിയുന്നതുമൊക്കെ അക്കാലത്തെ ശിക്ഷകളായിരുന്നു. ഇന്നിനി ഇങ്ങേരു പള്ളിയിൽക്കയറി വല്ല അതിക്രമവും കാണിച്ചാൽ ക്രൂശിക്കാനൊന്നും ആർക്കും സമയമില്ല, എല്ലാവരുംകൂടി കല്ലെറിഞ്ഞോടിക്കും അല്ലെങ്കിൽ വെടിവച്ചു കൊല്ലും, അതുറപ്പാണ്. ഇനി അന്നത്തെപ്പോലെ മൂന്നാംപക്കം ഉയിർത്തെഴുന്നേറ്റെന്നു പറഞ്ഞാലും ആരും വിശ്വസിക്കാൻ പോകുന്നില്ല. ഇതൊക്കെ എങ്ങനെ ഈ നിരീശ്വരയേശുവിനെ ഒന്നു പറഞ്ഞുമനസ്സിലാക്കും?

എല്ലാമറിയുന്നവർ ഒന്നുമറിയാത്തവരെപ്പോലെ അഭിനയിക്കുമെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ഇതിപ്പോൾ അഭിനയമാണെന്നു തോന്നുന്നില്ല. മറ്റുള്ളവർ യേശുവിനെ കാണുമല്ലോ എന്നോർത്തപ്പോൾ ഉള്ളിലൊരു ഭീതി ജനിച്ചു. എന്നാലും യേശുവിനെ ഉപേക്ഷിച്ച് ഓടാൻ തോന്നിയില്ല. ഞാൻ ഒന്നും മിണ്ടാതെ യേശുവിനെ അനുഗമിച്ചു. കുറേ ദൂരം ആൾക്കൂട്ടത്തിലൂടെ നടന്നപ്പോൾ, വലിയ കെട്ടിടങ്ങളുള്ള ഗാഗുൽത്താമലയിലെത്തി. അവിടെയൊരു മലയൊന്നുമില്ലായിരുന്നു! ഒന്നുരണ്ടു പള്ളികൾ മാത്രം. ഗാഗുൽത്താമല കാണാൻ വന്ന വിശ്വാസികളുടെ മുഖത്തെ നിരാശ ഞാൻ അപ്പോൾ ഒന്നു ശ്രദ്ധിച്ചിരുന്നു.

പെട്ടെന്ന് ഒരിടി മിന്നി. അതോടുകൂടി യേശു അപ്രത്യക്ഷനായി.

വലിയൊരു ശബ്ദത്തോടെ കെട്ടിടങ്ങളെല്ലാം തകർന്നുവീണു. ജനം പ്രാണരക്ഷാർഥമോടി. വട്ടത്തിലുള്ള പ്രകാശവലയങ്ങൾ മാത്രം അങ്ങു ദൂരെ പൊട്ടുകൾപോലെ അവ്യക്തമായി കാണുന്നുണ്ടായിരുന്നു.

അത് യേശുവായിരിക്കുമെന്നു ഞാനൂഹിച്ചു. ഞാൻ പരിസരബോധമില്ലാതെ; യേശുവേ, യേശുവേ എന്ന് ഉറക്കെ അലറിവിളിച്ചു. വനരോദനം പോലെയുള്ള എന്റെ നിലവിളി ആരും കേട്ടില്ല.

പിന്നെ ഒന്നുമോർമയില്ല. ആരൊക്കെയോ പൊക്കിയെടുത്തു. ആകാശത്തിലൂടെ, യേശുവിന്റെ പിറകേ പറന്നുപോകുന്നതുപോലെ തോന്നി. രൂപക്കൂട്ടിൽ വയ്ക്കാനായിരിക്കുമെന്നു ചിന്തിച്ച്, ആകാശത്തിലൂടെ ഒഴുകിനടന്നു.

അപ്രതീക്ഷിതമായി മറ്റൊരിടിയും മിന്നലും മഴയും ഒന്നിച്ചുവന്നു. ഞാനേതോ വെളുത്ത പാറക്കെട്ടുകൾക്കിടയിലെ മണൽപ്പരപ്പിൽ മലർന്നടിച്ചുവീണു.

അപ്പോഴാണ്, കല്ലുകൊണ്ടുള്ള ആ കല്ലറ കണ്ടത്.

വെറും കല്ലറയല്ല, വിശുദ്ധകല്ലറ.

അവിടെനിന്ന്, ഒരിടിമുഴക്കത്തോടെ യേശു കൈകൾ പൊക്കിപ്പിടിച്ച് എഴുന്നേറ്റുവരുന്നു. അപ്പോഴും മറ്റാർക്കും കാണാൻ പറ്റില്ലെന്നു മനസ്സിലായി. കണ്ടാൽ അതോടെ ക്രിസ്തുവിന്റെ അന്ത്യമാണെന്നറിയാമായിരിക്കും. അതുകൊണ്ട് യേശു ആകാശത്തേക്കുനോക്കി കൈ വീശിക്കൊണ്ട് ദൂരേക്കു നടന്നുപോയി.

ഞാനാ വിശുദ്ധകല്ലറയ്ക്കടുത്ത്, മണൽപ്പരപ്പിൽ അനങ്ങാതെ കിടന്നു.

അപ്പോഴേക്കും ആകാശം തെളിഞ്ഞിരുന്നു. കാർമേഘങ്ങൾ എങ്ങോട്ടോ ഓടിയൊളിച്ചു. ഞാൻ വാൽനക്ഷത്രങ്ങൾ ഓടിമറയുന്നതുനോക്കി മലർന്നുകിടന്നപ്പോൾ ഒന്നുകൂടി പേടിച്ചു. കാരണം അതൊരു അപകടസൂചനയാണെന്ന്​ കുട്ടിക്കാലത്ത് ആരൊക്കെയോ പറഞ്ഞുകേട്ടിട്ടുണ്ട്.

ഉണർന്നപ്പോൾ കണ്ട കാഴ്ച വീണ്ടും അത്ഭുതപ്പെടുത്തി. യേശുവിനെ നേരിൽക്കണ്ട പള്ളിക്കര അപ്പുപ്പുണ്യാളനെ കാണാൻ ജനലക്ഷങ്ങൾ തടിച്ചുകൂടിയിരിക്കുന്നു. ഞാൻ കല്ലറയിരുന്നിടത്തേക്കു നോക്കി. അവിടെ ഒരു പള്ളി പണിതിരിക്കുന്നു, ഹോളി സിപൾക്കർ ചർച്ച് എന്നെഴുതിയിരിക്കുന്നു.

വീണ്ടും കണ്ണടച്ചു കിടന്നപ്പോൾ പള്ളിക്കുള്ളിലെ വിശുദ്ധ കല്ലറയ്ക്കു ചുറ്റും നിന്ന്​പ്രാർത്ഥിക്കുന്ന ഭക്തരുടെ തിരക്കായിരുന്നു. ഞാൻ പാറപ്പുറത്തിരുന്ന്​ മനസ്സിൽ പ്രാർത്ഥിച്ചു, എന്നെ ഈ പരീക്ഷണത്തിൽനിന്ന്​ മോചിപ്പിക്കേണമേ എന്ന്.

ആര്‌ കേൾക്കാൻ. യേശു ചതിച്ചു. ഇനി അന്തിക്രിസ്തുവായിരിക്കുമോ വന്നത്?

ആകെ അങ്കലാപ്പിലായി. ചുറ്റുപാടും അരിച്ചുപെറുക്കി നോക്കി. ആ പ്രദേശത്തെങ്ങും യേശുവിന്റെ പൊടിപോലുമില്ല! യേശു കുരിശിൽ കിടന്നു പറഞ്ഞതാണ് ഞാനപ്പോൾ ഓർത്തത്: ‘കർത്താവേ, ഇവർ ചെയ്യുന്നതെന്താണെന്ന് ഇവർപോലുമറിയുന്നില്ലല്ലോ! ഇവരോടു പൊറുക്കേണമേ'

അപ്പോഴേക്കും അപ്രതീക്ഷിതമായി വീണ്ടും മേഘങ്ങൾ ഇരുണ്ടുകൂടി, പെയ്യാൻ മടിച്ചുനിന്ന മഴ പൂർവാധികം ശക്തിയോടെ ഭൂമിയിൽ പതിച്ചുകൊണ്ടിരുന്നു.

സത്യത്തിൽ അപ്പോൾ ഞാൻ ചെയ്യുന്നതെന്താണെന്ന് ഞാൻപോലുമറിയുന്നില്ലായിരുന്നു. ▮


തമ്പി ആൻറണി

കഥാകൃത്ത്, നോവലിസ്​റ്റ്​, നടൻ, സിനിമാ നിർമാതാവ്​. ഇടിചക്കപ്ലാമൂട് പോലീസ് സ്റ്റേഷൻ (നാടകം), മല ചവിട്ടുന്ന ദൈവങ്ങൾ (കവിത സമാഹാരം), ഭൂതത്താൻകുന്ന്, കൂനംപാറ കവലയും, ഏകാന്തതയുടെ നിമിഷങ്ങൾ (നോവലുകൾ) വാസ്കോഡിഗാമ, പെൺബൈക്കർ, മരക്കിഴവൻ (ചെറുകഥാ സമാഹാരം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments