ഇല്ലസ്ട്രേഷൻ : കമൽറാം സജീവ്

ഹെമറേജ് സൂക്ഷിപ്പുകാരി

"ബ്രെയിൻ ഹെമറേജ് എന്നാണ് ഡോക്ടർ പറയുന്നത്... സാരമില്ല കേട്ടോ, ഇറങ്ങിപ്പോയ ഓർമയും ഒഴുകിപ്പോയ ചോരയും ഒക്കെ പൊക്കോട്ടെ, അത് നല്ലതിനാ... ' അയാൾ ഓർമയില്ലാതെ കിടന്ന്, തലയ്ക്കുള്ളിൽ ഉണ്ടായിത്തീർന്ന ഭാരമില്ലായ്മയോടൊപ്പം ഒഴുകി.

പൊട്ടിയ പ്ലാസ്റ്റിക് ബക്കറ്റിൽ തലേന്ന് ഭാര്യ നട്ട ഇലച്ചെടിയ്ക്കു വെള്ളംതളിച്ച് കൊടുക്കുവായിരുന്നു അയാൾ...!
ഭാര്യ, എന്ന് ചിന്തിക്കുക പോലുമരുത്, പാർട്ണർ എന്നതാണ് ശരി എന്ന് അവൾ ഇടക്കിടയ്ക്ക് ഓർമപ്പെടുത്താറുണ്ട്!
"രണ്ടുദിവസത്തേയ്ക്ക്, നന്നായി നോക്കിക്കോണേ...' എന്നുപറഞ്ഞ് അവൾ ആ ചെടിയെ അയാളെ ഏൽപ്പിച്ചുപോയതാണ്!

"എന്നെ ആരെയാണ് നീ ഏൽപ്പിക്കുന്നെ?'
എന്ന വഷളൻ ചിരിചോദ്യത്തിന്' "എവിടെയിരുന്നും നിന്റെ കാര്യം ഞാൻ നോക്കും' എന്നവൾ സ്വന്തം നെഞ്ചിൽ രണ്ടു തട്ടുതട്ടി മറുപടി കാച്ചി...

വലിയ ഗൗരവമുള്ള സന്ദർഭങ്ങളിലൊക്കെ മാന്യന്മാരാണെങ്കിലും, അതീവ സ്വാതന്ത്ര്യമുണ്ടെന്നു വിചാരിക്കുന്നിടത്തും, നിത്യഭ്യാസയിടത്തും, പറഞ്ഞു പഠിച്ച ചില വഷളത്തരം പറയാത്ത പുരുഷന്മാർ കുറവായിരിക്കും എന്നവൾക്കറിയാം.
അവളെ പ്രകോപിപ്പിക്കാൻ ഒന്നിനും കഴിയില്ല എന്ന് അയാൾക്കുമറിയാം.

ഭാഗ്യം! മറ്റു ചെടികളൊന്നുമില്ലാത്തതിനാൽ ഈ ഒരൊറ്റെയെണ്ണത്തിന് വെള്ളമൊഴിച്ചാൽ മതി!
ഫ്രണ്ട്‌സിന്റെ വീട്ടിലൊക്കെ നിറയെ ഇൻറീരിയർ പ്ലാൻറ്സ്​ ആണെന്നും, ഒന്നെങ്കിലും നമുക്കും വേണമെന്നും അവൾ നിർബന്ധം പറഞ്ഞുതുടങ്ങിയത് അടുത്തകാലത്താണ്.

മുറ്റത്ത് മന്ദാരം, ചെത്തി, ചെമ്പരത്തി, ഒന്നും പോരാ... നാടൻ പൂച്ചെടികൾ ഒന്നും പോരാ, ഇത്, ഈ പ്രത്യേക ഇലച്ചെടി തന്നെ വേണം...
ഇലകൾക്കാണ് പോലും ഭംഗി! വേണ്ടത് സൗന്ദര്യമല്ല ഉള്ളിലുള്ള പച്ചപ്പാണത്രെ!
നഴ്‌സറിയിൽ പോയി അന്വേഷിച്ചപ്പോളല്ലേ വില അറിയുന്നത്.
നമുക്ക് പറ്റില്ല ഇതൊന്നും എന്നുപറഞ്ഞു ഇറങ്ങിപ്പോരേണ്ടിവന്നു.
അപ്പോളാണ് അവൾ ഏതോ കൂട്ടുകാരിയിൽ നിന്ന് ഇരന്നുവാങ്ങിയ ഈ ചെടി കൊണ്ടുവന്നത്.

"ഞാനിരന്നതൊന്നുമല്ല, എന്റെ ആഗ്രഹം മനസിലാക്കി അവൾ തന്നതാണെന്ന്' അവൾ പറഞ്ഞെങ്കിലും ആ പറഞ്ഞതിൽ തീരെ വിശ്വാസമില്ല!
അവളുടെ ആക്രാന്തം കണ്ടാൽ ആരാണേലും കൊടുത്തുപോകും എന്നത് വേറൊരു കാര്യം!

ഒരു ചെറിയ പഴയ പ്ലാസ്റ്റിക് ബക്കറ്റിലാണ് നട്ടതെങ്കിലും, താമസിയാതെ, കളയാനിട്ട അടിചോരുന്ന നല്ല വാവട്ടമുള്ള മൺകലത്തിലേക്ക് ആ ബക്കറ്റ് ഇറക്കിവെക്കുമെന്നാണ് അവൾ പറഞ്ഞിരിക്കുന്നത്!
പ്ലാസ്റ്റിക് ആരും കാണണ്ടാത്രേ! മൺകലമൊക്കെ നന്നാണുപോലും!
ആ കലത്തിൽ വെള്ളയും നീലയും പെയിൻറു കൊണ്ട് ചിത്രം വരക്കേണ്ടതുണ്ടെന്നും പറയുന്നു.
വള്ളിയും പൂവും വേണ്ട, ഇതിലിലയും വേണ്ട വരയ്ക്കാൻ, ഇലയ്ക്കുള്ളിൽ മറഞ്ഞിരിക്കും ചില പ്രാണികൾ മതിയത്രേ അവൾക്ക്!
കാണാൻ ഒരു ഭംഗീം ഉണ്ടാവില്ല കേട്ടോ, അട്ടേം, എട്ടുകാലീം, പാറ്റേം എന്നുപറഞ്ഞപ്പോൾ, "ഭംഗി തീരുമാനിക്കാൻ നമ്മളാരപ്പ' എന്ന് അവളുടെ വാചകം.
"വേറൊരു ജോലീം ഏൽപ്പിക്കുന്നില്ല, ഇതിനു വെള്ളം തളിച്ചുകൊടുക്കണം, അളവ് ഞാൻ പറഞ്ഞതിൽ കൂടരുത്, കുറയരുത് ഓക്കേ?
ഓക്കേ.

വെള്ളം തളിച്ചപ്പോൾ വെറുതെ അവളെയോർത്ത് ഇലകളെ ഒന്ന് തലോടി.
എന്തൊരു സ്‌നേഹമാണ് ഇവൾക്കെന്നോട്! ഭാഗ്യമാണ് ഇങ്ങനൊരു കൂട്ടുകാരിയെ ജീവിതത്തിൽ കിട്ടുന്നത്...!
ഇലകളെ അയാൾ അരുമയോടെ വീണ്ടും തടവി.
ജീവനുള്ള, വളരുന്ന ഒന്ന് വീട്ടിനുള്ളിൽ ഉണ്ടാവുക ഒരു രസം തന്നെ.
വീട്ടിൽ ഒരു പൂച്ചയെയോ പട്ടിയെയോ കൂടി വളർത്തണമെന്ന് അവളോടുപറയണം.
ജീവനുള്ളതും വളരുന്നതും സ്‌നേഹത്തിനാണെന്ന് ആർക്കാണറിയാത്തത്? പലരും അറിയില്ല എന്ന് ഭാവിക്കുന്നുവെന്നുമാത്രം!

പെട്ടെന്നാണ് തലയ്‌ക്കൊരു അടി കിട്ടിയതുപോലെ അയാൾക്ക് തോന്നിയത്... ഒരു പെരുപ്പ്...!
ആരോ തലയ്ക്കുള്ളിലിരുന്ന് ആഞ്ഞടിക്കുന്നു തലയോട്ടിയിൽ...!
തല ഒന്ന് കുടഞ്ഞ് ഒന്നും സംഭവിയ്ക്കാത്ത മട്ടിൽ അയാൾ പതുക്കെ പുറത്തേയ്ക്കു നടന്നു.
അവൾ ഓടിക്കിതച്ചു ആശുപത്രിയിലെത്തിയപ്പോൾ അയാൾ ഐ.സി.യു.വിലാണ്.
"ഡോക്ടർ പരിശോധിക്കയാണ്. ഒന്ന് വെയിറ്റ് ചെയ്യൂ', നേഴ്‌സ് പറഞ്ഞു.
കാത്തുനിന്ന് തളർന്നു!
"ഹെമറേജ് ആണ്... സീരിയസ് ആണ്. വേറെ ആരാണ് കൂടെയുള്ളത്?'
"കൊണ്ടുവന്നത് വഴിപോക്കരാണ്, മറ്റാരുമില്ല' അവൾ പറഞ്ഞു.' ഞാൻ തന്നെയാണ് എല്ലാരും.'
"മസ്തിഷ്‌കഞരമ്പ് പൊട്ടിയിട്ടുണ്ട്. ശസ്ത്രക്രിയ വേണം, നേരെ തീയേറ്ററിൽ കൊണ്ടുപോകണം'.
"ഞാനൊന്നു ആളെ കണ്ടോട്ടെ?'
"കാണൂ കാണൂ'
അയാളെ പരിചയപ്പെട്ട അന്നുമുതലുള്ള എല്ലാ കാര്യവും ഒരുനിമിഷംകൊണ്ട് അവളുടെ മുന്നിലെത്തി.

ഒരാപത്തുവരുമ്പോഴാണല്ലോ എല്ലാ കാര്യവും കൂടി തലയിലേയ്ക്ക് തള്ളിവരുന്നത്, സന്തോഷം വരുമ്പോൾ ആ ഒരു നിമിഷത്തെക്കുറിച്ചുമാത്രം ഓർക്കും!
അയാളുടെ ജീവിതമാണ് അവളുടെ ജീവിതത്തേക്കാൾ അപ്പോൾ അവൾ ഓർത്തത്.
രണ്ടും ഒന്നാണെന്നെത്ര കൊഴുപ്പിച്ചുപറഞ്ഞാലും, അതങ്ങനെയല്ല,
കുറേയേറെ വ്യത്യസ്തതകൾ എപ്പോളും ഉണ്ട് എന്നതൊരു സത്യാണല്ലോ!
വെന്റിലേറ്ററിൽ ജീവനില്ലാത്തപോലെ കിടക്കുന്ന അയാളുടെ തലയിലോട്ടവൾ സൂക്ഷിച്ചുനോക്കി.

എവിടത്തെ ഞരമ്പാണ് പൊട്ടിയത്? ഏതു ഭാഗത്തെ? ഏതു ഓർമയുടെ? ഏതു സമയത്തെ ജീവിതത്തിന്റെ? ആ പൊട്ടലിന്റെ ശക്തിയിൽ, പൊട്ടലിനിടയിൽ കൂടി, അതുവരെ നിർത്താതെ പിടച്ചുകൊണ്ടിരുന്ന, അവൻ പറഞ്ഞിട്ടുള്ള, അവൻ സ്‌നേഹിച്ചിട്ടുള്ള, അവൻ ആഗ്രഹിച്ചിട്ടുള്ള ആ പെണ്ണ്, അവളെ കണ്ടതും പെട്ടെന്ന് പുറത്തേയ്ക്കു ചാടിവന്നു...
അത്ഭുതം! തന്റെ തന്നെ രൂപം! ഒരപര!
അവൾക്ക് വിചാരിച്ചപോലെ ദേഷ്യം ഒന്നും തോന്നിയില്ല.
അവനിൽ നിന്നിറങ്ങി അവൾക്ക് തന്റെ മുന്നിൽ വന്നിങ്ങനെ നിൽക്കേണ്ട കാര്യമില്ലെന്നുമാത്രം തോന്നി!
ഓപ്പറേഷന് ആവശ്യമുള്ള പണത്തിനുവേണ്ടി ഓടാനുള്ളതുകൊണ്ട് അവൾ ഒന്നും ശ്രദ്ധിക്കാതെ പുറത്തേയ്ക്കുനടന്നു.
അവളുടെ കാൽപ്പെരുമാറ്റം പുറകെ ഉണ്ടായിരുന്നു.
പക്ഷെ അവൾ മൈൻഡ് ചെയ്തതേയില്ല.
പണം പലയിടങ്ങളിൽ നിന്നായി ശരിയാക്കി തിരിച്ചെത്തിയപ്പോളേയ്ക്കും ഒ.ടി.യിൽ അയാളെ കയറ്റിക്കഴിഞ്ഞിരുന്നു...
അയാളുടെ തലക്കുഴലിൽ നിന്ന് പുറത്തുചാടിയവളെ അവിടെ ഒരിടത്തും കണ്ടതുമില്ല, സമാധാനം!
പോസ്​റ്റ്​ ഓപ്പറേറ്റീവ് വാർഡിൽ സർജറി കഴിഞ്ഞ് അയാളെ കൊണ്ടുകിടത്തിയപ്പോൾ അവൾ അയാളെ കാണാനായി കാത്തുനിന്നു.

ഡോക്ടർ പറഞ്ഞു, "കുറച്ചു പ്രശ്‌നമൊക്കെ ഉണ്ടാവാം... പല ഓർമകളും നഷ്ടപ്പെടാം. എന്തായാലും ജീവൻ രക്ഷിക്കാനാകുമെന്നാണ് വിശ്വാസം.'
അവൾ ദീർഘ ആശ്വാസ നിശ്വാസത്തോടെ പോയി അയാളെ കണ്ടു.
"ബ്രെയിൻ ഹെമറേജ് എന്നാണ് ഡോക്ടർ പറയുന്നത്... സാരമില്ല കേട്ടോ, ഇറങ്ങിപ്പോയ ഓർമയും ഒഴുകിപ്പോയ ചോരയും ഒക്കെ പൊക്കോട്ടെ, അത് നല്ലതിനാ... '

അയാൾ ഓർമയില്ലാതെ കിടന്ന്, തലയ്ക്കുള്ളിൽ ഉണ്ടായിത്തീർന്ന ഭാരമില്ലായ്മയോടൊപ്പം ഒഴുകി.
മരുന്നുവാങ്ങാൻ അവൾ പുറത്തേയ്ക്കുനടന്നപ്പോൾ, അതാ..
മറ്റവൾ ആശുപത്രി വരാന്തയിൽ പെട്ടെന്ന് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു!

രണ്ടു ഡോക്ടർമാർ സംസാരിക്കുന്നതിനിടയിലാണ് അവൾ നിൽക്കുന്നത്.
"എം.ആർ.ഐ.യിൽ കണ്ടപ്പോൾ ആ ഹെമറേജ് അയാൾ അതിജീവിക്കുമെന്ന് വിചാരിച്ചില്ല', ഡോക്ടറുടെ ശബ്ദം.
പൊട്ടിയ മസ്തിഷ്‌കഞരമ്പിൽ നിന്ന് അറിയാതെ പുറത്തുചാടിപ്പോയ, പിന്നെ അകത്തുകയറാൻ സാധ്യമാവാതെ അലഞ്ഞുനടന്ന, ആ സ്ത്രീ തന്റെ നേരെ നടന്നുവരുന്നതുകണ്ടു അവൾ പെട്ടെന്ന് വഴിമാറിക്കൊടുത്തു.
പക്ഷെ അവൾ നേരെ തിരിഞ്ഞ് അവളുടെ ഹൃദയത്തിലേയ്ക്കു ഒരു കാറ്റുപോലെ കയറി.

ഒന്ന് തട്ടിക്കളയാൻ നോക്കിയെങ്കിലും തന്റെ തന്നെ ശരീരത്തെ വേദനിപ്പിക്കുന്നപോലെ തോന്നിയതുകൊണ്ട് അത് വേണ്ട എന്നുവെച്ചു.
ഒന്നരമാസം കഴിഞ്ഞ് അവൾ അയാളെ കൈപിടിച്ച് വീട്ടിലെ പടികൾ കയറ്റി ഇന്റീരിയർ പ്ലാന്റിന്റെ അരികിലിട്ടിരുന്ന കസേരയിലിരുത്തി.
പ്ലാസ്റ്റിക് ബക്കറ്റിലെ ചെടിയിലകൾ പകുതി കരിഞ്ഞുണങ്ങിപോയിരുന്നു, പകുതി തഴച്ചുവളർന്നിരിക്കുന്നു!
അവളുടെ ഹൃദയം ഒന്ന് കൊളുത്തിവലിഞ്ഞു. ഹൃദയഞരമ്പുകൾക്ക് ഹെമറേജ് വരുമോ?
അവൾ സ്വന്തം ഹൃദയത്തെ തന്റെ രണ്ടു കൈത്തലവും കൊണ്ട് സ്‌നേഹത്തോടെ ചേർത്തമർത്തി പിടിച്ചു.
പതിയെ, കൈകൾ നെഞ്ചിൽ നിന്നെടുത്ത്, ഞരമ്പുകളെ വേദനിപ്പിക്കാതെ പൊട്ടിയ മൺകലമെടുത്തു, അവൾ ചിത്രം വരയ്ക്കാൻ തുടങ്ങി..!
ഹൃദയരക്തത്തേൻ കുടിക്കുന്ന ഒരു തേൻതുമ്പിയെ അങ്ങേയറ്റം സ്‌നേഹത്തോടെ, അതീവ കാരുണ്യത്തോടെ, അവൾ വരച്ചു.

നീലയും വെള്ളയും പെയിൻറ്​, നിറം മാറി തനി ചുമപ്പായി! ആകാശം പോലെ!
പരാപരജീവിതത്തെ അവൾ തെളിമയോടെ സ്വീകരിച്ചു, ആ ഈർപ്പമൺകുടത്തിലേയ്ക്കവൾ പ്ലാസ്റ്റിക് ബക്കറ്റിലെ മണ്ണുമുഴുവൻ കുടഞ്ഞിട്ടു.
ചിത്രത്തുമ്പിക്കലം എല്ലാവർക്കുമായി മുറ്റത്തേക്കിറക്കിവെച്ചു.
ഇനിയിപ്പോ, കരിഞ്ഞ ഇലകളെടുത്ത് ദൂരേയ്ക്ക് വലിച്ചെറിയണം!
പട്ടുപോകാതെ തളിർത്തുനിന്നിരുന്ന പച്ചിലകൾ മാത്രമെടുത്തു വീണ്ടും നടണം..!
അറിയാലോ, ഈ പ്ലാന്റിന്, തൈയല്ല നടേണ്ടത്, ഇതിന്റെ ഇലകളാണ് മണ്ണിലേയ്ക്ക് ആഴ്ത്തിക്കുത്തിയിറക്കി നടേണ്ടത്! ▮


ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 61-ൽ പ്രസിദ്ധീകരിച്ചത്.


തനൂജ ഭട്ടതിരി

കഥാകൃത്ത്, നോവലിസ്​റ്റ്​. താഴ്​വരയിൽ നിന്ന്​ ഒരു കാറ്റ്, സെലസ്റ്റിയൻ പ്ലെയ്ൻ (കഥകൾ), ഗ്രാൻഡ്​​ ഫിനാലേ (നോവൽ) തുടങ്ങിയവ പ്രധാന കൃതികൾ

Comments