ചിത്രീകരണം: രാജേഷ് ചിറപ്പാട്

ഐസിഞ്ഞാന്റെ അധോലോകം

ഒന്ന്​

കാസർക്കോട്ടെ ഉമ്മമാർക്കും ഇഞ്ഞമാർക്കും അറിയാത്ത അധോലോകമൊന്നും ഈ ഭൂലോകത്ത് ഇന്നുവരെ ഉടലെടുത്തിട്ടില്ല. അവർക്ക് മട്ടും മാതിരിയും തിരിയാത്ത ഒരു അധോലോക നായകനും ഇന്നുവരെ ജനിച്ചിട്ടില്ല. അധോലോക മണ്ഡലത്തിൽ പിറന്ന ഓരോ പൊൻ തൂവലുകളും അവർക്കും കൂടി അവകാശപ്പെട്ടതാണ്. കഥയുണ്ടാക്കുമ്പോഴും സിനിമയുണ്ടാക്കുമ്പോഴും അവരോടും കൂടി ഒന്ന് ചോദിച്ചു നോക്കുക, എന്താണ് അധോലോകം എന്നും ആരാണ് ഹാജി മസ്ത്താൻ എന്നും എങ്ങനത്തെയാണ് സ്വർണ ബിസ്‌ക്കറ്റെന്നും ഒക്കെയുള്ള കാര്യങ്ങൾ. ഒറ്റ രാത്രി കൊണ്ട് ധാരാവി ഒഴിപ്പിച്ചു എന്നൊക്കെ വീമ്പ് പറഞ്ഞുകൊണ്ട് അവരുടെ മുന്നിലെങ്ങാനും ചെന്നുപെട്ടാൽ, അവര് മോന്തക്ക് നല്ല കുളുത്തും വെള്ളം പുളിച്ച മീൻ കറി കൂട്ടി തേവും.

കാഞ്ഞങ്ങാട് നഗരത്തിലെ തേക്കുമരങ്ങൾക്കിടയിൽ വച്ച് 1989ൽ ബോംബയിൽ നിന്നുവന്ന പാക്കിസ്ഥാൻ അബൂബക്കറിന്റെ ഗുണ്ടകൾ ഹംസ കോയയെ കാറിനകത്തിട്ട് തുരു തുരാ വെടിവച്ച് കൊന്ന വാർത്തയെ പറ്റി ‘കേട്ടിനോ ഉമ്മുമ്മാ?' എന്ന് ബന്ധത്തിൽ പെട്ട ഒരു കൊച്ചുമകൾ ചോദിച്ചതും രക്തവാതം വന്ന് കിടപ്പിലായ ഐസിഞ്ഞ കൊച്ചുമകളോട് പറഞ്ഞ വാക്കുകളുടെ പച്ചമലയാളമാണ് മുകളിൽ.

രണ്ട്​

1989 ഡിസംബർ മാസത്തിലെ ഒരു പുലർക്കാലത്ത് ഐസിഞ്ഞ ബപ്പങ്കായി മരച്ചോട്ടിലെ അലക്കു കല്ലിൽ മാപ്ല ഉമ്മർ കുഞ്ഞിയുടെ ഖത്തറ് ജുബ്ബ കഴുകി എടുക്കുമ്പൊഴാണ് ചീരി മുള്ള് പുതഞ്ഞ ഇടവഴി കേറി വീട്ടിലേക്ക് പെറാൻ പോയ ഉമ്മറിന്റെ രണ്ടാം കെട്ട് നബീസ നെഞ്ചിനു തല്ലി കരഞ്ഞുകൊണ്ട് ഓടി വരുന്നത് കണ്ടത്.

‘എന്തായണെ?' ഐസിഞ്ഞ വിളിച്ചു ചോദിച്ചു.

അടിമുടി വിറച്ചുകൊണ്ടാണ് നബീസ കാര്യം പറഞ്ഞത്, ‘കോയേനെ കൊന്നിറ്റ്.'

‘ഏത് കോയ?'

‘ഹംസ കോയ.'

ഐസിഞ്ഞയുടെ കൈകളിൽ നിന്ന് ഖത്തറ് ജുബ്ബ ഊർന്നിറങ്ങി.

‘ആരിണെ കൊന്നിറ്റത്?'

‘ആ ദാവൂദിന്റെ പുള്ളൊ. ചറ പറ ബെടി ബെച്ചിനോലും.'

‘ബദരീങ്ങളേ...’

നബീസയ്ക്ക് എല്ലാവരും ദാവൂദാണ്.
കേട്ട പാടെ ഐസിഞ്ഞ ജുബ നല്ല വെള്ളത്തിൽ മാറ്റിക്കഴുകാനൊന്നും നിൽക്കാതെ അടുത്ത സെക്കൻറിൽ കൈയിലെ സോപ്പു പശ ഉടുമുണ്ടിലുരച്ചു കൊണ്ട് നേരെ വീടിനകത്തേക്കോടി. അകത്ത് പഞ്ഞിക്കിടക്കയിൽ പൂർണകായ പ്രതിമ കിടത്തിവച്ചതു പോലെ കൂർക്കം വലിച്ച് ഉറങ്ങുന്ന ഉമ്മറിന്റെ പള്ളയ്ക്ക് നുളളിക്കൊണ്ട് ഐസിഞ്ഞ അലറി, ‘ബേം ബിട്ടറ് കോയ കാഞ്ഞ്.'

കെട്ടി കൊണ്ടുവന്നിട്ട് കൊല്ലം കുറേയായിട്ടും ഉറക്കം ഞെട്ടിയ പരവേശത്തിൽ ആരാ മുന്നിലെന്ന് ഉമ്മർ ഒരു വേള സംശയിച്ചു.

‘കോയയാ?'

‘‘ചോട്ടാ ഷക്കീലാവും ഹംസ കോയേം കുണ്ടീംകുണ്ടീംന്ന് പർഞ്ഞിറ്റ് നിങ്ങൊ പൊരക്ക് കൊണ്ടന്നിറ്റെ ഒര്ത്തന. നിങ്ങളെ കൂച്ച്. ഓൻ. ഞാനപ്പളേ ചെല്ലീറ്റെ ബോംബെക്കാറ ഇസ്‌ക്കിയാല് ഈട പൊക പാറുംന്ന്. ബിട്ടറ് ബേം.''

‘‘എങ്ങനെ കാഞ്ഞിറ്റത്?’’

ഉമ്മറിന്റെ കണ്ണു തള്ളി. ശരീരമാസകലം ഞരമ്പ് മുറുകി. ശ്വാസം മുട്ടി അതേ കട്ടിലിലേക്ക് മയ്യത്താവുമോ എന്ന് പോലും ഉമ്മറിന് തോന്നി.

‘ദാവൂദിന്റെ പുള്ളൊ ബന്ന്.'

ഉമ്മറ് ചാടിയെണീറ്റ് ജനാലയിലൂടെ പുറത്തെ തീ പാറുന്ന ചെമ്മണ്ണിലേക്ക് നോക്കി. ഗോരിക്കളി കളിക്കുന്ന പിള്ളേരല്ലാതെ കാഞ്ഞിര മരം കഴിഞ്ഞാലുള്ള വളവു കഴിഞ്ഞ് പൊടിപറത്തിക്കൊണ്ട് ദാവൂദിന്റെ ആളുകളുടെ വണ്ടികൾ പറന്നു വരുന്നത് ഉമ്മറ് പ്രതീക്ഷിച്ചെങ്കിലും ഒന്നും തന്നെ കണ്ടില്ല. ജനാലയിൽ നിന്ന് തലയെടുത്ത് തലയും വാലും തിരിയാതെ നിൽക്കുന്ന ഉമ്മറിന്റെ കൈയും പിടിച്ച് ഉടനടി ഐസിഞ്ഞ നേരെ അടുക്കളയിലേക്കോടി.

അടുക്കള മൂലയിലെ ഏണിപ്പടി കേറി മച്ചിൻ പുറത്തെത്തിയ ഐസിഞ്ഞ പള്ളയ്ക്ക് ചുരുട്ടി വച്ച കൊമ്മ ചുരുട്ടഴിച്ച് ഉമ്മറിനെ അകത്തേക്ക് കയറ്റിയാലോ എന്നാലോചിച്ചു.

ദാവൂദിന്റെ ആളുകൾ വന്നാൽ ആദ്യം തിരയുന്നത് മച്ചിൻ പുറമായിരിക്കുമെന്നും കൊമ്മയ്ക്കകത്ത് ഉമ്മറിനെ കണ്ടാൽ കൂളിപ്പാരയ്ക്ക് കുത്ത് കൊള്ളുന്ന കണ്ടം പൂച്ച കണക്കനെ കാറിക്കൊണ്ട് ഉമ്മറ് അതിനകത്ത് കിടന്ന് വെടിയുണ്ട കൊണ്ട് ചാവുമെന്നും ഓർത്തപ്പോൾ മുകളിലേക്ക് കയറിയതിനെക്കാളും വേഗത്തിൽ ഐസിഞ്ഞ ഉമ്മറിനെയും കൊണ്ട് താഴേക്കിറങ്ങി.

അരിക്കലത്തിൽ ഉമ്മറിനെ കൊള്ളില്ല. ആട്ടു കല്ലുള്ള ഇരുട്ടത്തിരുത്തിയാൽ ദാവൂദിന്റെ ആളുകൾക്ക് വെടിയുണ്ട വേണ്ടി വരില്ല. ഉമ്മറിനെയും കൊണ്ട് വിറകുപുരയിലേക്കു പാഞ്ഞ ഐസിഞ്ഞ കോഴിക്കൂടിനും ഓലക്കിടിക്കൂനയ്ക്കും ഇടയിൽ ഒളുപ്പിച്ച് ഉമ്മറിനെ കൊരമ്പ കൊണ്ട് മറച്ചാലോ എന്നും വെണ്ണൂറിൻ ചാക്കിൽ കേറ്റി ഒടിച്ചുകുത്തി ഇരുത്തിയാലോ എന്നും ആലോചിച്ചു.

ഐസിഞ്ഞ ചാക്ക് കെട്ടിലെ വെണ്ണൂറ് പുറത്തേക്ക് പാറ്റിക്കുടഞ്ഞു. പരിസരത്തെമ്പാടും വെണ്ണൂറ് പുതഞ്ഞു. ഇനി അന്വേഷിച്ച് വരുന്നവർക്ക് ഉമ്മറ് വിറക് പുരയിലുണ്ടെന്ന് ആരും പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഉണ്ടാവില്ല. ഐസിഞ്ഞ ഉമ്മറിനെയും കൊണ്ട് അയൽപക്കത്തെ വെറ്റില കച്ചോടക്കാരി പാത്തിഞ്ഞാന്റെ വീട്ടിലേക്കോടി.

‘ഏടത്തേക്ക് നീ എന്നേം കൊണ്ട് പായ്ന്ന്?', ഉമ്മറ് കൈ വിടുവിച്ചു.

‘ഇച്ചാക്ക് ബദ്ക്കണ്ടെ?'

ജീവൻ അപകടത്തിലാണെന്ന യാഥാർത്ഥ്യത്തിൽ നിന്നും രക്ഷപ്പെടണമെന്ന ബോധം ഉമ്മറിന് ഉദിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു. പാത്തിഞ്ഞാന്റെ വീട്ടിലേക്കോടിക്കേറി അടുക്കള വശത്തുകൂടി പുറത്തിറങ്ങി ചായ്പ്പിലെ ഒഴിച്ചിട്ട എലി കരണ്ട പഴയ പത്തായം തുറന്ന് ഉമ്മറിനോട് ഐസിഞ്ഞ പറഞ്ഞു, ‘കേറിക്കൊ.'

വീട്ടുപറമ്പിൽ നിന്ന് ചേമ്പ് കിളയ്ക്കുന്ന പാത്തിഞ്ഞ രണ്ട് കാട്ടുപന്നികൾ വീടിനകത്തേക്ക് ഓടിക്കയറി എന്ന് നിരീച്ച് ചാടിപ്പിടിച്ച് വരുമ്പൊഴുണ്ട് പത്തായം നോക്കി ഐസിഞ്ഞയും ഉമ്മറും നിൽക്കുന്നു.

‘ഈലിപ്പൊ കായ് പൊയ്പ്പിക്കലിണ്ട ഇഞ്ഞ?', ഐസിഞ്ഞ ചോദിച്ചു.

‘ഇല്ലപ്പ ഏടെ ബായ ഇല്ലത്.'

‘‘ഒര് രണ്ട് ദെവസത്തേക്ക് ഉമ്മർച്ചാന ഞാനീല് ഒളിപ്പിച്ചർട്ട’’, ശബ്ദം താഴ്ത്തി ഐസിഞ്ഞ ചോദിച്ചു.

‘‘എങ്ങനെങ്കിലും ഇല്ല ബറ്റും ബെള്ളം കുടിച്ചിറ്റ് ഞാന് ബദ്ക്കിക്കോട്ട് ഐസു.'’

പാത്തിഞ്ഞ കൂടുതലൊന്നും പറയേണ്ടി വന്നില്ല, ഐസിഞ്ഞ ഉമ്മറിനെയും കൊണ്ട് പുറത്തേക്ക് നടന്നു.

‘ആരി ഓന പിടിക്കാൻ ബെര്‌ന്നെ. പോലീസാ പട്ടാളാ?', പാത്തിഞ്ഞ ഒരു ഉൾക്കിടിലത്തോടെ ചോദിച്ചു.

‘ബോംബേന്ന്, ദാവൂദിന്റെ പുള്ളൊ’, ഐസിഞ്ഞ അതിന്റെ എല്ലാ ഗമയോടെയും പാത്തിഞ്ഞാനെ നോക്കി ഉത്തരം പറഞ്ഞ് ഉമ്മറിനെയും കൊണ്ട് സ്ലോ മോഷനിലാണ് ഓടിയിറങ്ങിയ വീട്ടിലേക്ക് തിരിച്ചുകയറിയത്.

വീടു പിടിച്ച ഐസിഞ്ഞ പഞ്ഞിക്കിടക്കയിലിരുന്ന് തലയറഞ്ഞ് ആലോചിച്ചു. വെടികൊണ്ടു മരിച്ച ഹംസ കോയയുടെ കൂട്ടുകള്ളകടത്തുകാരൻ ഉമ്മർ കുഞ്ഞി എന്ന കെട്ടിയവനെ എങ്ങനെ ദാവൂദിന്റെ ആളുകളുടെ തോക്കിൻ കുഴലിൽ നിന്ന്​രക്ഷപ്പെടുത്തും. അവരെന്തായാലും വീടന്വേഷിച്ച് രാത്രിക്ക് മുൻപ് ഇവിടെ എത്തും. കടപ്പുറത്തു നിന്ന് കൈപ്പറ്റി കെണ്ടെത്തിക്കേണ്ട സ്വർണ ബിസ്‌ക്കറ്റ് ചാക്ക് എവിടെ കൊണ്ടുപോയി കുഴിച്ചിട്ടു എന്ന് നെറ്റിക്ക് തോക്ക് കൊള്ളിച്ചു ചോദിക്കും. അതിനുത്തരം പറഞ്ഞാലും ഇല്ലെങ്കിലും ഉമ്മറിന്റെ നെറ്റിയിലൂടെ ബോംബയിൽ നിന്ന്​ കൊണ്ടുവന്ന വെടിയുണ്ട പായും.

ഐസിഞ്ഞ നെടുവീർപ്പിനൊപ്പം ഒന്ന് കിടുങ്ങിപ്പോയി.

മമ്മദെളയാന്റെ വീട്ടിൽ കൊണ്ടു വിട്ടാൽ ദാവൂദിനെ തന്നെ കൊണ്ടുവന്ന് എളെയ ഉമ്മറിനെ പിടിപ്പിക്കും. റാബിയ മൂത്താന്റെ അടുത്താക്കിയാൽ അവൾ അവസാനം ഉമ്മറിനെ വിട്ടുകിട്ടുവാൻ ഉള്ള പുരയും പറമ്പും എഴുതി വാങ്ങിക്കും. ഐസിഞ്ഞ ആവലാതി പൂത്ത് തലപ്രാന്തെടുത്ത് കുത്തിയിരിക്കവെ ജനാലക്കടുത്തു വന്ന് അയക്കുടിക്കാരി ആയിഷ വിളിച്ചു ചോദിച്ചു, ‘ഏ ഇഞ്ഞാ മംഗൽത്തിന് പോണ്ടെ?'

ഐസിഞ്ഞ ചാടി എണീറ്റു, ‘നീ പോയറ് ഞാന് ബെരാ എബേ..'

ഐസിഞ്ഞ എണീറ്റുവന്ന് റൂമിലെ അലമാര തുറന്ന് പഴയ പെട്ടിയിൽ മടക്കി വച്ച ഉമ്മറിനെ കെട്ടാൻ നേരം നിക്കാഹിനിട്ട പച്ചസാരിയും ബ്ലൗസും എടുത്ത് നിവർത്തി കിടക്കയിലേക്ക് വിരിച്ചിട്ടു.

‘എട്ത്തിറ്റ് ഉട്ക്കിച്ച.'

ഐസിഞ്ഞ തിരക്കുകൂട്ടി. വായും പൊളിച്ചു നിന്ന ഉമ്മറിനെ പിടിച്ച് നിർത്തി ഐസിഞ്ഞ സാരി ചുറ്റാൻ തുടങ്ങി. ഉമ്മറ് പേടി കൊണ്ട് വിറച്ച് വിഴാൻ പോയി

‘പേടിച്ചിറ്റ് തൂറ്യർണ്ട ഇച്ച.'

ഐസിഞ്ഞ ഉമ്മറിനെ ബ്ലൗസിടീപ്പിച്ച് സാരി ചുറ്റി തട്ടവുമിട്ട് വീടും പൂട്ടി പുറത്തിറങ്ങി. പുറത്ത്​ താടിക്ക് കൈ കൊടുത്ത് ബപ്പങ്കായി മര ചോട്ടിൽ കുത്തിയിരിക്കുന്ന നബീസ പൂത്തിരി പൊന്തുന്ന പോലെ എണീറ്റ് നിന്ന് ഐസിഞ്ഞയെക്കൂടാതെ വീട്ടിൽ നിന്ന് ഇറങ്ങി വരുന്നത് ഉമ്മറ് താനറിയാതെ കെട്ടിയ മൂന്നാമത്തെ ആരെങ്കിലുമാണൊ എന്ന് നിരീച്ച് കണ്ണ് മീച്ച് ഐസിഞ്ഞയോട് ചോദിച്ചു, ‘ഇതേതിഞ്ഞ?'

ഐസിഞ്ഞ ചുണ്ടത്ത് വിരൽവച്ച് മിണ്ടരുതെന്ന് ആംഗ്യം കാട്ടി. നബീസ നെഞ്ചിൻ കൂട് പെട പെടയ്ക്കുന്നത് സഹിക്കാൻ പറ്റാണ്ട് മൂന്നാമത്തെ ആളുടെ തട്ടം മാറ്റിയതും പടച്ചോനെ വിളിച്ചു പോയി, ‘പടച്ചോനേ, ഇഞ്ഞാക്ക് മീശയാ?'

‘മുണ്ടാണ്ട് നിക്ക് നീ. അതുമ്മർച്ച.'

‘അള്ളാ...'

അവർ മൂവരും തളങ്കര കവലയിലേക്ക് റോഡിന്റെ ഓരം ചേർന്ന് നടന്നു. എതിരെ വന്ന ആരിസ് ചെക്കൻ പെണ്ണുങ്ങളെ കണ്ട് അതുവരെ കാണാത്ത മട്ട് നോക്കി നിൽക്കുന്നത് മൈന്റു ചെയ്യാതെ മൂവരും നടത്തത്തിന് വേഗത കൂട്ടി.

‘ആരി ഐസിഞ്ഞ ഒക്കെ?'

‘കാക്കാന്റെ മൂത്തോള്.'

‘ഏടക്ക് പോന്ന്?'

‘കുപ്പി ബള മേങ്ങാന്.'

‘ഈ പൊലച്ചക്കാ?'

‘ഞങ്ങൊ മേങ്ങീറ്റ് ബര എബേ. മാഞ്ഞാളം മുണ്ടാന് നേരം ഇല്ല.'

ആരിസ് വഴി മുടക്കി നിന്നു.

‘ഓളെ മംഗലം കൈയ്ഞ്ഞിന?'

ഐസിഞ്ഞയും നബീസയും ഉമ്മറിനെ
നോക്കി. ഉമ്മർ നാണം കൊണ്ട് തല താഴ്ത്തി.

‘ഞാന് പെണ്ണ് നോക്കാന് തൊടങ്ങി. കൊട്ക്ക്‌ന്നോലും ഓള?'

ഐസിഞ്ഞ ഉമ്മറിനോട് ചോദിച്ചു, ‘ബേണ ഈന?'

വേണം എന്ന് തോന്നിപ്പിക്കും വിധം ഉമ്മറ് ഒരു നിമിഷം അനങ്ങാതെ നിന്നതും ഐസിഞ്ഞാന്റെ കിളി പോയി. ഉമ്മറ് വേണ്ട എന്ന് തലയാട്ടി. ഐസിഞ്ഞാക്ക് ശ്വാസം നേരെ വീണു.

കവലയിലെത്തിയ മൂവർസംഘം ഉണ്ടായിരുന്ന മൂന്നിലൊന്ന് ഓട്ടോയ്ക്കു നേരെ കൈകാണിച്ചു വിളിച്ചു. ദാവൂദിന്റെ ആളുകൾ കാഞ്ഞങ്ങാടിറങ്ങിയതിന്റെ ഒരു വിറങ്ങൽ കവലയിൽ തേവിക്കിടക്കുന്നതായി ഐസിഞ്ഞാക്ക് തോന്നി. ആളുകളുടെ മുഖത്ത് ഒരു മൂടം കെട്ടലുണ്ടായിരുന്നു. കൂടു പീടിക ചായ്പ്പിൽ ദിനേശ് ബീഡി വലിക്കുന്നവർ ആഴത്തിലെന്തോ ആലോചിക്കുന്നുമുണ്ടായിരുന്നു. ചില കടകൾ അടഞ്ഞുകിടക്കുന്നതും ചിലത് അടക്കാൻ തുടങ്ങുന്നതും ആളുകൾ തിരക്കുകൂട്ടുന്നതും ആടിനെ കെട്ടിയവർ കെട്ടഴിച്ച് പായുന്നതും കലത്തപ്പ കടയിൽ അപ്പം ബാക്കിയായതും ഐസിഞ്ഞ കണ്ടു. ഐസിഞ്ഞയുടെ മനസ് കറുത്തു.

മുന്നിൽ വന്നു നിന്ന ഓട്ടോയിലേക്ക് അവർ മൈയ്യത്ത് നോക്കാൻ പോകുന്ന പോലെ മിണ്ടാതെ കേറിയിരുന്നു. ഓട്ടോക്കാരൻ ബക്കറ് കോലു വലിച്ച് തല പിന്നിലേക്ക് വളച്ച് ഐസിഞ്ഞയോട് ചോദിച്ചു, ‘ഏട്‌ത്തേക്കിഞ്ഞ?'

‘സെപ്പിയാന്റാട്‌ത്തേക്ക്.'

‘ഇന്നല്ലെ മംഗലം?'

‘ഇന്നന്നെ.'

‘ഇതാരിഞ്ഞ. നല്ല കുർത്തം ഇണ്ടല്ല.'

ഐസിഞ്ഞ ഉമ്മറിന്റെ മുഖം മറച്ച തട്ടം നേരെയിട്ടു.

‘ഐന് നീ മോന്ത കണ്ട?'

‘ഇല്ല. ഒര് കുർത്തം പോലെ തോന്ന്ന്ന്.'

‘ഇല്ലപ്പ ഇത് കാക്കാന്റെ എളേത്.'

‘മൂത്തതല്ലെ?'

നബീസ തിരുത്തി, ‘അതന്നെ മൂത്തത്.'

വണ്ടി മൂവരെയും കൊണ്ട് സെപ്പിയാന്റെ രണ്ടാമത്തവൾ മുംതാസിന്റെ കല്യാണ വീടു നോക്കി പറന്നു. ഇടയ്ക്ക് ഒരു സമാധാനത്തിന് വകയുണ്ടോ എന്നറിയാൻ ഐസിഞ്ഞ ബക്കറിനോട് ചോദിച്ചു, ‘ബക്കറെ ദാവൂദിന്റപ്പിയ പോയട?'

‘ഏത് ദാവൂദ് ?'

‘ബോംബേൽത്തെ ദാവൂദ്.'

‘ഈടേന്നെ ബട്ടം തിരീന്ന്‌ണ്ടോലും. ഉമ്മർച്ചാനോട് ഒരിക്ക ചെര്ദിക്കാൻ പറയണം എബെ. എനി ഓറ് ആരേല്ലം കാച്ചുംന്ന് പടച്ചോനറിയാ..'

ഐസിഞ്ഞ ഉമ്മറിനെ ചേർത്തുപിടിച്ചു.
ഉമ്മർ ഐസിഞ്ഞയുടെ കൈവലയത്തിൽ കോഴിക്കുഞ്ഞിനെ പോലെ ഇരുന്നു. ഓട്ടൊ കുണ്ടിലും കുഴിയിലും ചാടിത്തുള്ളിയ നേരത്ത് എടുത്തെറിയുന്ന പോലെ തോന്നി ഐസിഞ്ഞാക്ക്. കവലതൊട്ട് കല്യാണ വീടു വരെ ഐസിഞ്ഞാന്റെ തലയിൽ ആലോചനകൾ ഉരുണ്ടുകൂടി. നെഞ്ചിൽ ഇടിമുട്ടി.

വണ്ടി കല്യാണവീട്ടിലെത്തിയതും ചുറ്റിലുമുള്ള ആളുകളും ബിരിയാണി വെപ്പുകാരും നൊട്ടയും നുണയും പറഞ്ഞ് പന്തലിലിരിക്കുന്നവരും മൂവരെയും തല തിരിച്ചും മറിച്ചും നോക്കി. സെപ്പിയ പാഞ്ഞ് വന്ന് മൂവരെയും പെണ്ണിന്റെ പന്തലിലേക്ക് കൂട്ടികൊണ്ടു പോയി. ബക്കർ ആണിന്റെ പന്തലിലേക്കും പോയി. എത്ര നിർബന്ധിച്ചിട്ടും പെണ്ണിന്റെ പന്തലിലിരുത്തിയ മൂവരും കൊണ്ടു വച്ച അച്ചപ്പം തിന്നാനൊ കോട്ടി സോഡ കുടിക്കാനോ തയ്യാറായില്ല. പന്തലിൽ ദാവൂദിന്റെ ചാരൻമ്മാരുണ്ടായേക്കാം എന്ന് ഐസിഞ്ഞ കണക്ക് കൂട്ടിയിരുന്നു.

‘ബേണ്ട സെപ്പിയ പൈക്ക്ന്നില്ല. ഓട്ത്തു ഓള്?'

ഐസിഞ്ഞ ഉമ്മറിനെയും കൊണ്ട് പുതിനാട്ടി മുംതാസിന്റെ മണിയറയിലേക്കു പാഞ്ഞു. ഉമ്മറിനെ മണിയറയുടെ ഒരു മൂലയ്ക്ക് നിർത്തി കണ്ണാടിക്കു മുന്നിൽ നിൽപ്പുണ്ടായിരുന്ന പുതിനാട്ടിയെ ഒഴിച്ച് ചമയിക്കാൻ വന്ന ബാക്കി എല്ലാവരെയും ഐസിഞ്ഞ മണിയറയ്ക്കു വെളിയിലാക്കി. പുതിനാട്ടിയെ പിടിച്ചു വലിച്ച് കട്ടിലിലിരുത്തി ഐസിഞ്ഞ ചെവിയിൽ ഒരു രഹസ്യം പറഞ്ഞു, ‘ഇന്ന് ഒര് ദെവസത്തേക്ക് നീ ഒര് സാദനം ചെര്തിക്കണം.'

‘എന്തിഞ്ഞ?'

ഐസിഞ്ഞ മണിയറയുടെ മൂലയിലേക്കു നോക്കി

‘ആരി അത്?'

‘ഉമ്മർച്ച.'

‘പടച്ചോനേ..'

‘ദാവൂദിന്റെ പുള്ളൊ ബന്ന്. ഇന്ന് രാത്രീല് മൊത്തം ഓറ് പൂങ്ങലരീന്ന് കല്ല് തെരീന്ന മാതിരി ഉമ്മർച്ചാന തെരീം. കിട്ടിയാല് മേല് മൊത്തം കണ്ണാക്കും. ഈ ദുനിയാവില് ദാവൂദിന്റെ കൈമ്മന്ന് ഉമ്മർച്ചാക്കെനി ബദ്ക്കാൻ ഒരേ ഒരു തൊണേ ഇല്ലു മോളേ.'

അതേത് തുണ എന്ന മട്ടോടെ പുതിനാട്ടി ഐസിഞ്ഞയെ നോക്കി.

‘നിന്റെ കട്ടില്.'

പുതിനാട്ടി നെഞ്ചിന് കൈവച്ചു.

‘ഇന്ന് രാത്രി ഓറീട കെടന്നോട്ട്.'

‘എന്റൊക്കെയാ ?'

‘നിന്റൊക്കെ പുതിയാപ്ല കെടക്കും. ഉമ്മർച്ച കട്ടിൽന്റടീലും. നീ ഒന്ന് സമ്മതം മൂളിയാല് നാളെന്നെ നിൻക്ക് അന്നെന്നോട് ചോയിച്ച സാധനം തരും.'

‘ബിസ്‌ക്കറ്റാ.'

‘ബിസ്‌ക്കറ്റ്.'

ദാവൂദിന്റെ ആളുകൾ രാത്രിയിൽ വന്ന് കതകിൽ മുട്ടിവിളിക്കുന്നതും പിന്നാലെ കതക് ചവുട്ടി പൊളിച്ച് കട്ടിലിനടിയിൽ നിന്നും ഉമ്മറിനെ വലിച്ചിറക്കി മണിയറയിലെ പട്ടുമെത്തയിലിട്ട് തുരു തുരാ വെടിവച്ചു കൊല്ലുന്നതും പുതിനാട്ടിയുടെ കണ്ണുകളിൽ മിന്നിമറഞ്ഞു. മരിച്ച ഒരാളെ എന്നപോലെ പുതിനാട്ടി സാരിയുടുത്ത് തട്ടമിട്ട് നാണം കുണുങ്ങി നിൽക്കുന്ന ഉമ്മറിനെ നോക്കി.

രണ്ട്​

ട്ടിലിനടിയിലേക്ക് ഉമ്മറിനെ കേറ്റിക്കിടത്തി ആരോടും മിണ്ടാനും പറയാനും നിക്കാണ്ട് നബീസയെയും കൊണ്ട് ഐസിഞ്ഞ കല്യാണ വീട്ടിൽ നിന്ന് സ്ഥലം കാലിയാക്കി. നബീസയെ പറഞ്ഞ് സമാധാനിപ്പിച്ച് അവളെ പെറാൻ പോയ ഇടത്തേക്ക് കൂട്ടി കൊണ്ടുവിട്ട് മോന്തിയടുപ്പിച്ച് ഐസിഞ്ഞ വീടു പിടിച്ചു. വരുന്ന വഴിക്ക് പറമ്പ് കേറിയതും അയക്കുടിക്കാരൻ ജലീല് ഉമ്മറോട്ത്തു എന്ന് ചുണ്ടിലൊരു ചിരി ഇറ്റിച്ച് ചോദിച്ചപ്പോൾ ഐസിഞ്ഞയുടെ നെഞ്ച് കത്തിയിരുന്നു. ഇന്ന് രാത്രിയോടെ ഉമ്മറിന്റെ കാര്യത്തിലൊരു തീരുമാനമാവും എന്ന് ജലീല് മട്ടിലും ഭാവത്തിലും പറയാതെ പറഞ്ഞു. നേരെ വീട്ടിലേക്കോടിക്കേറിയ ഐസിഞ്ഞ, ഏ ഐസു ഏട പോയിന്‌ണെ? എന്ന് അടുത്ത വളപ്പിൽ നിന്നു കേട്ട ചോദ്യത്തിനൊന്നും ചെവികൊടുക്കാതെ വീടിന്റെ എല്ലാ വാതിലുകളും ജനാലകളും മറ്റുള്ള ഓട്ടകളും അടച്ചിട്ടു. അകത്തേക്ക് വെളിച്ചത്തിന്റെ തുള്ളി പോലും കയറാതെയായി.

രാത്രിയിൽ ദാവൂദിന്റെ ആളുകൾ അന്വേഷിച്ചെത്തും.
വാതിലിൽ മുട്ടി ഉമ്മർ എവിടെ എന്ന് രാഷ്ട്രഭാഷയിൽ ചോദിക്കും.
ഉമ്മർ നഹീഹെ എന്ന് അറിയാവുന്ന ഹിന്ദിയിൽ മറുപടി പറഞ്ഞുതീരുമ്പോൾ അവർ വാതിൽ വെടിയുണ്ട പൊട്ടിച്ച് തകർത്ത് അകത്തേക്ക് കയറും.
ഉമ്മറിനു വേണ്ടിയും ബിസ്‌ക്കറ്റിനു വേണ്ടിയും വീട്ടിലെ കടുകിട്ടുവച്ച പാത്രം വരെ തപ്പി നോക്കും. കിട്ടാത്ത ദേഷ്യത്തിന് ഉള്ള സാധനങ്ങൾ മൊത്തം ചവുട്ടി പൊട്ടിക്കും.

ഐസിഞ്ഞ നേരെ അടുക്കളയിലേക്കോടി. അവിടെ നിന്ന് വെട്ടുകത്തി, പീസാങ്കത്തി, ചട്ടുകം, ഉലക്ക, ചായ്പിൽനിന്ന് പിക്കാസ്, സൈങ്കോല്, പറങ്കിമാവിന്റെ വിറകിൻ കഷണം എന്നിവ പറക്കി വീടിന്റെ വലിയകത്ത് കൊണ്ടു കൂട്ടി.
പൊടിച്ചു വച്ചിരുന്ന മുളകുപൊടിയുടെ ടപ്പിയും ഐസിഞ്ഞ കൊണ്ടു വച്ചു. ബേംബെക്കാറ് വന്ന് വാതിലു തുറന്ന് തോക്കുചൂണ്ടുമ്പോൾ കണ്ണിമ ചിമ്മി തുറക്കുന്ന ഇടവേളയിൽ കൈയിലെടുത്തു വച്ച മുളകുപൊടി മോത്തേക്ക് തേവണം. പിന്നാലെ വിറകിൻ കൊള്ളികൊണ്ട് തലമണ്ടയ്ക്ക് അടിച്ച് വീഴ്ത്തണം. അതിലടങ്ങിയില്ലെകിൽ മാത്രം മതി മറ്റായധുങ്ങൾ. ഐസിഞ്ഞ കണക്കുകൂട്ടി.

കള്ളക്കടത്തുകാരെ അങ്ങോട്ട് അക്രമിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. നല്ല മുൻപരിചയം വേണം അതിന്. പുറത്തെവിടെയെങ്കിലും ഇറങ്ങി ഇരുട്ടത്ത് ഒളിച്ചു നിന്നാലൊ എന്ന് ഐസിഞ്ഞ ആലോചിച്ചു. വാഴത്തോട്ടത്തിലൊ കുണ്ടിത്തൈ മെരടിലൊ മറ്റൊ. ഐസിഞ്ഞ രണ്ടാമതൊന്നാലോചിച്ചു; ബോംബെക്കാർ ഒരാളെത്തേടി ഇറങ്ങിയാൽ എന്തിനെങ്കിലുമിട്ട് വെടി വെച്ചിട്ടേ പോകൂ എന്നൊന്നുമില്ല. അധോലോകക്കാരൊന്നും അത്രകങ്ങ് ഹൃദയമില്ലാത്തവരും അല്ല. കുറെയൊക്കെ സിനിമാക്കാര് കാണിച്ചു കൂട്ടുന്നതാണ്. ഉമ്മർച്ച കൊണ്ടു പരിചയപ്പെടുത്തിയവരൊക്കെ പാലിൽ മുക്കിയ പഞ്ഞിക്കഷണം പോലത്തെ ആളുകളായിരുന്നു. ബോംബെക്കാര് വരുമ്പോൾ വിളിച്ചിരുത്തി കസ്‌കസ് വെള്ളവും പയം ചക്ക ചോളയും കൊട്ത്ത് എന്തെ മക്കളെ ബന്നേ എന്ന് ചോദിച്ചാൽ അവരൊന്ന് സമാധാനപ്പെടും. പിന്നെ ഉമ്മർച്ച ഈട ഇല്ല എബെ എന്നുകൂടി പറഞ്ഞാൽ അലമ്പിനൊന്നും നിൽക്കാതെ അവർ ചിലപ്പോൾ വന്ന വണ്ടിക്ക് തിരിച്ചു പോവുകയും ചെയ്യും.

ഐസിഞ്ഞാക്ക് വലിയൊരു സമാധാനം തോന്നി. സമാധാനം ആരും കൊണ്ടുത്തരേണ്ടതല്ല എന്നും അത് നമ്മള് സ്വയം ആലോചിച്ചുണ്ടാക്കേണ്ടതാണ് എന്നും ഐസിഞ്ഞാക്ക് വെളിപാടുണ്ടായി.

ഐസിഞ്ഞ ഒരു ബയക്കലെടുത്ത് നേരെ വീടിന്റെ ചായ്പിലേക്കുപാഞ്ഞു.

രണ്ട് ദിവസം മുൻപ് പറമ്പിന്റെ അതിരിൽ അടുത്ത പറമ്പിലും സ്വന്തം പറമ്പിലുമായിക്കിടക്കുന്ന പ്ലാവിന്റെ കൊമ്പത്തു നിന്ന് പറിച്ചെടുത്ത് പഴുപ്പിക്കാൻ വച്ച പയം ചക്ക എടുത്ത് ഒറ്റ വെട്ടിന് രണ്ടാക്കി. പഴുത്തിട്ടുണ്ട്. ഓരോ ചുളയും ചിക്കി പിഞ്ഞാണത്തിലിട്ട് ഐസിഞ്ഞ കസ്‌കസിട്ട സർബത്ത് കൂട്ടി തകിലയിൽ അടച്ചു വച്ചു. കുളിച്ചൊരുങ്ങി നല്ല കുപ്പായവുമിട്ട് വലിയകത്ത് ഒരു ചിമ്മിനിക്കൂടും കത്തിച്ചു വച്ച് പ്രാർത്ഥനയോടെ ഐസിഞ്ഞ ഉമ്മറിനെത്തേടി ബോംബയിൽ നിന്നു വരുന്ന ദാവൂദിന്റെ ആളുകളെ ആവലാതിപൂണ്ട് കാത്തിരുന്നു.

ഇരുന്നിരുന്ന് ഉറക്കം തൂങ്ങിയ ഐസിഞ്ഞ പറമ്പിലൊരു മടല് വീണതിനൊപ്പം അലറിക്കൊണ്ട് ചാടി എണീറ്റു. വീടിനു മോളിലേക്ക് ഒരു ബോംബ് വീണു പൊട്ടി എന്നാണ് ഐസിഞ്ഞ വിചാരിച്ചത്. നെഞ്ചിൻ കൂട് ചട പടേന്ന് അടിക്കുകയാണ്. ഐസിഞ്ഞ ബോംബെക്കാർക്ക് കൂട്ടി വച്ച കസ്‌കസ് വെള്ളം കുറച്ചെടുത്ത് കുടിച്ചു. തൊട്ടടുത്ത വീടുകളെല്ലാം ഒരു വെടിയൊച്ചയ്ക്ക് കാതോർത്തുകൊണ്ട് വെളിച്ചമെല്ലാം അണച്ച് പതിവിലും നേരത്തെ ഉറങ്ങാൻ കിടന്നിരുന്നു. ഐസിഞ്ഞ പിന്നെയും വന്ന് ചിമ്മിനി വിളക്കിൻ വെട്ടത്തിലിരുന്നു. ഐസിഞ്ഞാക്ക് കാത്തിരിപ്പു മടുത്തു. ദാവൂദിന്റെ പുള്ളൊ എന്താന്ന് വച്ചാൽ വന്ന് കാര്യം തീർത്ത് പോയിരുന്നെങ്കിൽ എന്ന് ഐസിഞ്ഞ കൊതിച്ചു. പായ വിരിച്ച് വിളക്കുവെട്ടത്തിൽ കിടന്നുറങ്ങിയാലോ എന്നും ഐസിഞ്ഞ ചിന്തിച്ചു.

അപ്പോഴുണ്ട് ദൂരേന്ന് ഒരു വണ്ടിയുടെ ഒച്ച കേൾക്കുന്നു.

ഐസിഞ്ഞ ആദ്യം മുറിയിലെ ചിമ്മിനി വിളക്ക് ഊതി കെടുത്തുകയാണ് ചെയ്തത്. പിന്നെ ജനാല വിടവിലൂടെ പുറത്തെ ഇരുട്ടിലേക്ക് ഒളിഞ്ഞു നോക്കി.

ദൂരേന്ന് ഒരു കിട്ണാപ്പ് വാൻ വെളിച്ചം ചീറ്റിച്ചു കൊണ്ട് കുലുങ്ങിക്കുലുങ്ങി വരുന്നത് ഐസിഞ്ഞ കണ്ടു. ഐസിഞ്ഞ മാറത്ത് കൈ വച്ച് എല്ലാം തന്റെ കൈക്കുള്ളിൽ തീരണോ എന്ന് മുത്തുനബിയോട് നെഞ്ച് നൊന്ത് പ്രാർത്ഥിച്ചു.

ഐസിഞ്ഞ ഇരുട്ടിൽ പ്രത്യാക്രമണങ്ങൾക്ക് കൊണ്ടു വച്ച ആയുധങ്ങളുടെ കൈയെത്തും ദൂരത്ത് ചെവി വട്ടം പിടിച്ച് ബോംബെക്കാറെ കാത്ത് നിന്നു.

വണ്ടി വീടിനു മുന്നിൽ വന്നു നിൽക്കുന്നതും പിന്നാലെ നടന്നു വരുന്ന ബൂട്ടുകളുടെ ഒച്ചയും ഐസിഞ്ഞ കേട്ടു. ഏതടവ് വേണമെന്ന് ഐസിഞ്ഞ ഒന്നുകൂടി ആലോചിച്ചു. പല സംഗതികളും മനസിൽ വന്ന് മുഖം കാട്ടി.

ആലോചനക്കൊടുവിൽ ഐസിഞ്ഞ കുനിഞ്ഞ് തീപ്പെട്ടി ഉരച്ച് ചിമ്മിനിക്കൂട് കത്തിച്ചു. വിളക്കിന്റെ വെളിച്ചം പരന്നതിനു പിന്നാലെ ബൂട്ടുകൾ വാതിലിനു മുന്നിൽ വന്നു നിന്നു. കതകിൽ രണ്ടേ രണ്ട് മുട്ടു കേട്ടു. പിന്നെ ഒന്നും കേട്ടില്ല. വാതിലു തുറക്കാൻ തന്നെ പ്രേരിപ്പിക്കും വിധം പിന്നെയും മുട്ടു കേൾക്കാൻ ഐസിഞ്ഞ കാത്തു.

അകത്തും പുറത്തും നിശ്ശബ്ദത. അതിനൊപ്പിച്ച് ലോകം നിറയെ നിശ്ശബ്ദത. ഒരു തവളക്കുഞ്ഞു പോലും കരയുന്നില്ല. നിശ്ശബ്ദത ഐസിഞ്ഞാന്റെ ചങ്ക് പിടിച്ചു ഞെക്കി. ഐസിഞ്ഞാക്ക് ശ്വാസം മുട്ടി. വാതിലു തുളച്ച് ഒരു വെടിയുണ്ട ഇപ്പൊ വരും.

ഐസിഞ്ഞ ഒന്ന് തളർന്നു. തൊണ്ട വരണ്ടു. ഇനി മുട്ടിനൊന്നും കാത്തു നിന്നിട്ട് കാര്യമില്ല.

പാട് പെട്ട് വാതിലിനടുത്തേക്ക് നീങ്ങിനിന്ന് ഓടാമ്പലിളക്കി വാതില് ഒരു ഈർക്കില വണ്ണത്തിൽ ഐസിഞ്ഞ തുറന്നു. പിന്നെ സാവധാനം സന്ദർഭത്തിന്റെ മൂടിനെ ഉൾക്കൊണ്ടുകൊണ്ട് ഇണ ചേരുന്ന പൂച്ചകളുടെ കരച്ചിൽ പോലെ കരയുന്ന വാതിലുകൾ മലർക്കെ തുറന്നിട്ടു.

പുറത്ത് ദാവൂദിന്റെ പുള്ളൊ. നാലു പേരുണ്ട്. ദാവൂദിന്റ ആളുകളെ ആദ്യമായി കാണുന്ന എല്ലാ അമ്പരപ്പോടെയും ഐസിഞ്ഞ അവരെ നോക്കി നിന്നു.

ബെരീ..

ഐസിഞ്ഞ എല്ലാവരെയും അകത്തേക്കു ക്ഷണിച്ചു. അതിനും മുന്നെ ആരാ എന്താ ഏതാന്നൊക്കെ ചോദിക്കാമായിരുന്നു എന്ന് ഐസിഞ്ഞാക്ക് തോന്നി. അകത്ത് മടക്കി വച്ച ഓലപ്പായ ചിമ്മിനി വിളക്കിന് മുന്നിൽ വിരിച്ചിട്ട് ഐസിഞ്ഞ മുറ്റത്തു നിൽക്കുന്ന നാല് മനുഷ്യൻമാരെയും അകത്തു കയറി പായയിലിരിക്കാൻ പിന്നെയും വിളിച്ചു.

കൂട്ടത്തിൽ നിന്ന് ഒരാൾ മാത്രം അകത്തേക്ക് കയറി.

ലീഡറായിരിക്കും.

സാധാരണ പാന്റും കുപ്പായവുമിട്ട് വെളുത്ത് മെലിഞ്ഞ അറുപതിനടുത്ത് പ്രായം തോന്നിപ്പിക്കുന്ന ഉറക്കം തൂങ്ങുന്ന ആ ബോംബെക്കാരനാണ് ബാക്കിയുള്ളവരെയും കൊണ്ട് അവിടന്നിങ്ങോട്ട് വണ്ടിയും പിടിച്ച് വന്നതെന്ന് കണ്ടാ പറയില്ല. അയാൾ ചുറ്റിലും കണ്ണു പായ്ക്കുന്നുണ്ട്.

ഐസിഞ്ഞ കൊണ്ടുവച്ച കത്തിയും കഠാരയും കണ്ടപ്പോൾ അയാളതിലേക്കു തന്നെ നോക്കി നിന്നു. ഐസിഞ്ഞ ബോംബെക്കാരനെ പിന്നെയും പായയിൽ ഇരിക്കാൻ ക്ഷണിച്ചു.

അയാൾ കുനിഞ്ഞ് ഒരു പീസാങ്കത്തിയെടുത്ത് തിരിച്ചും മറിച്ചും നോക്കി. പിന്നെയത് എടുത്ത ഇടത്തേക്ക് തിരിച്ചിട്ട് ഐസിഞ്ഞയോട് ചോദിച്ചു, ‘ഓനൂട്ത്തു?'

ഐസിഞ്ഞാക്ക് ശ്വാസം വീണു.
മലയാളിയാണ്.
ചെലപ്പൊ പണ്ട് അണങ്കൂർന്നോ ആയംപാറേന്നോ ബോംബേക്ക് നാട് വിട്ട് അധോലോകത്തിൽ ചേർന്ന ആളാവും.

‘ഒറീട ഇല്ല ഇച്ച.'

ബന്ധത്തിൽപ്പെട്ട ഒരാളോടെന്ന പോലെ ഐസിഞ്ഞ പറഞ്ഞു.

അയാൾ ഐസിഞ്ഞയെ മോണാലിസ മോറോടെ നോക്കി, കൊല്ലാനാണോ വളർത്താനാണോ നോക്കുന്നതെന്ന് ഐസിഞ്ഞാക്ക് ഒരു പിടിയും കിട്ടിയില്ല. അയാൾ ഒരു നെടുവീർപ്പിനൊപ്പം ഓല പായയിലേക്ക് മുഖം താഴ്ത്തി. പായയിലേക്ക് സാവധാനം കുനിഞ്ഞ് ചമ്രം പടിഞ്ഞിരുന്നു. ഇരുത്തം കണ്ടപ്പോൾ പണ്ട് ദുബായിൽ നിന്ന് വരാറുണ്ടായിരുന്ന കാക്കയെ ഐസിഞ്ഞ ഓർത്തു.

ബിരിയാണി വച്ച് കൊടുക്കേണ്ടതായിരുന്നു ബോംബെക്കാർക്ക്. പയം ചക്കയെങ്കിലും ഉണ്ടല്ലോ. ഐസിഞ്ഞ പയം ചക്ക പിഞ്ഞാണവും കസ്‌കസ് വെള്ളവും ബോംബെക്കാരന് കൊണ്ടുകൊടുത്തു. ഇരുത്തം ശരിയാവാതെ ഒന്നനങ്ങി കുലുങ്ങി അയാൾ അരയിലുണ്ടായിരുന്ന തോക്കെടുത്ത് പയം ചക്ക പാത്രത്തിനടുത്ത് പായയിൽ വച്ചു.

ഷോക്കടിച്ചു കിടക്കുന്ന കാക്ക പോലെയാണ് ആദ്യം തോന്നിയതെങ്കിലും തോക്കാണ് അത് എന്ന് ഐസിഞ്ഞാക്ക് പിന്നാലെ പിടി കിട്ടി.

ഐസിഞ്ഞ അതിലേക്ക് നോക്കി നിന്നു.

‘തുന്ന് എബെ. നല്ല പാങ്ങ്ണ്ട്’, ഐസിഞ്ഞ പറഞ്ഞു.

പിഞ്ഞാണത്തിലേക്ക് കൈ നീട്ടി ഒരു ചുള എടുത്ത് അല്ലി അടർത്തി വായിലേക്കിട്ട് സാവധാനം ചവച്ച് ചുള ഇറക്കി. നല്ല രുചിയുണ്ടെന്ന് അയാളുടെ മുഖം കണ്ടാൽ പറയും. അങ്ങനെയൊരു വികാരമെങ്കിലും മുഖത്ത് കണ്ടല്ലൊ എന്ന ഉൾപുളകമുണ്ടായി ഐസിഞ്ഞാക്ക്.

കൈയിലുള്ള ചക്കക്കുരു അയാൾ തൊട്ടുപിന്നിലെ ചില്ലു പൊട്ടിയ ജനവാതിലിലൂടെ കൃത്യം പുറത്തേക്കെറിഞ്ഞു. ഉമ്മർച്ചാനെ വെറുതെ വിട്ടാൽ ആ ചക്കകുരു മുളച്ച് പൊന്തുന്ന പ്ലാവിന് ഈ ബോംബെക്കാരന്റെ പേരിടണം. ഐസിഞ്ഞ ഉറപ്പിച്ചു.

പേര് ഏതാണ്ട് ചോട്ടാ രാജൻ എന്നൊ കരീം ലാല എന്നൊ ഒക്കെ പോലെത്തെയാവും. പ്ലാവ് മൂക്കുമ്പൊ നന്നായിട്ട് പൂക്കും. ബോംബെക്കാരൻ രണ്ടാമത് കൈ നീട്ടിയത് തോക്കിലേക്കാണ്. കൈ വെളളയിൽ പൊത്തിപ്പിടിച്ച പൂച്ചക്കുഞ്ഞിനെ കണക്കനെ തോക്കും പിടിച്ചു കൊണ്ട് ബോംബെക്കാരൻ ചോദിച്ചു, ‘ഓനാ പൊന്നാ ഇഞ്ഞാക്കെന്താണ് ബേണ്ടത് ?'

ഐസിഞ്ഞ തലവട്ടം കറങ്ങി നിന്നു. എന്താണ് വേണ്ടത്. ഐസിഞ്ഞ ആലോചിച്ചു. പടച്ചോനേ, ആലോചിക്കാൻ എന്താണുള്ളത്. ഓനാ പൊന്നാ. ഐസിഞ്ഞ പിന്നെയും ആലോചിച്ചു. പൊന്നെന്ന് പറഞ്ഞാൽ ബോംബെക്കാറ് തരുവൊ. അപ്പൊ ഉമ്മറൊ.

ആ പാവം പിടിച്ചതിനെ ബോംബെക്കാറ് ബോംബേക്ക് കൊണ്ടുപോയി കൊല്ലും. അല്ലെങ്കിലീ മുറ്റത്തിട്ട് കൊല്ലും.

ഐസിഞ്ഞ എന്ത് പറയും എന്ന ആകാംക്ഷയിലാണ് ബോംബെക്കാറെല്ലാവരും. അവർ നിശബ്ദതയിൽ പൊഴിയുന്ന ഐസിഞ്ഞയുടെ ശബ്ദത്തിന് കാതോർത്തു. ഐസിഞ്ഞ പറഞ്ഞു, ഓന മതി.

ബോംബെക്കാരൻ കാര്യങ്ങൾക്കൊരു തീരുമാനമായി എന്ന ഭാവത്തിൽ തോക്ക് പഴയതുപോലെ അരയിലിറുക്കി പായയിൽ നിന്ന് മുക്കി മൂരി എണീറ്റു. കാര്യം കഴിഞ്ഞു എന്ന മട്ടോടെ കൂട്ടാളികളെ നോക്കി.

‘അപ്പൊ പൊന്ന് ഞങ്ങക്ക് ബേണം. കൊണ്ട്‌ത്തെര്ന്നാ ബെന്നിറ്റെട്ക്കണ?'

ഐസിഞ്ഞ എല്ലാവരെയും മാറി മാറി നോക്കി.

കാര്യങ്ങൾക്കൊരു തീരുമാനമാകുവാൻ പോകുന്നു.

ഇന്ന് രാത്രി കഴിയുമ്പോൾ നാളെ രാവിലെയാവും എന്ന മാതിരി ലാഘവത്തോടെ. ഐസിഞ്ഞ എല്ലാറ്റിനുമുള്ള വിരാമ ചിഹ്നം എന്ന് തോന്നിപ്പിക്കും വിധം ഒരു നെടുവീർപ്പിട്ടു.

ഐസിഞ്ഞ കുനിഞ്ഞ് നിലത്തു നിന്ന്​ ചിമ്മിനി വിളക്ക് കൈയിലെടുത്തു. എല്ലാവരും വെളിച്ചമേന്തിയ ഐസിഞ്ഞയെ നോക്കി നിന്നു.

‘ഒരാള് ബന്നാ മതി.'

ഐസിഞ്ഞ ചിമ്മിനി വിളക്കും കൊണ്ട് അടുക്കളയിലേക്കു നടന്നു. ബോംബെക്കാരനും പിന്നാലെ നടന്നു.

ഐസിഞ്ഞ മച്ചിൻ പുറത്തേക്കുള്ള ഏണിയിലൂടെ മുകളിലേക്ക് കയറി.

മുന്നിൽ വിളക്കും കൊണ്ടു പോകുന്ന ഐസിഞ്ഞ ഒരു മന്ത്രവാദ കഥ പോലെ ബോംബെക്കാരന് തോന്നി. അയാളും പിന്നാലെ കയറി.

മച്ചിൻ പുറത്ത് ഉമ്മറിന്റെ ഉപ്പയുണ്ടായിരുന്ന കാലത്തെ പഴയ ഒരു മരക്കസേരയ്ക്കു മുന്നിൽ ഐസിഞ്ഞ വന്നു നിന്നു. ബോംബെക്കാരനും ഐസിഞ്ഞാക്കൊപ്പം നിന്നു. കള്ളക്കടത്തിനിടയിൽ കൈമറിഞ്ഞു പോയ സ്വർണ ബിസ്‌ക്കറ്റുകൾ ഇതാ അവസാനം കണ്ടെടുക്കുവാൻ പോകുന്നു എന്ന ആവേശമൊന്നും അയാൾക്കില്ലായിരുന്നു. ഓടിനിടയിൽ നിന്ന്​ വവ്വാലുകളും കൊമ്മയ്ക്കുള്ളിൽ നിന്ന് എലികളും അവരെക്കണ്ട് ഇരുട്ടിലേക്ക് പരക്കം പാഞ്ഞു. ഐസിഞ്ഞ കസേരയ്ക്കു നേരെ മുഖം നീട്ടിക്കൊണ്ട് ബോംബെക്കാരനോട് പറഞ്ഞു, ‘കേറി നിന്നൊ.'

എന്തിന് എന്ന ഭാവത്തിൽ അയാൾ ഐസിഞ്ഞയെ നോക്കി, ‘പൊന്ന് ബേണ്ടെ?'

അയാൾ തലയാട്ടി.

ഐസിഞ്ഞ പിന്നെ ഒന്നും മിണ്ടാതെ പഴയപടി നിൽപ്പു തുടർന്നു.
വല്ല മരണ ചെയറുമാണൊ മുന്നിലെന്ന സംശയത്തിൽ ഒരു മാജിക്കിനു മുന്നോടി മജീഷ്യൻ എന്ന കണക്കനെ ബോംബെക്കാരൻ പോക്കറ്റിൽ നിന്ന് ബോംബെയിൽ നിന്നു കൊണ്ടുവന്ന സിഗരറ്റടുത്ത് ചുണ്ടിൽ വച്ച് കത്തിച്ചു വലിച്ചുകൊണ്ട് കസേര ഒന്ന് വലം വച്ചു. അയാളൂതി വിട്ട പുക മച്ചിൻ പുറമാകെ ഒരു സ്വപ്നലോകം തീർത്തു. ഉൾഭയം മറച്ചു പിടിച്ചുകൊണ്ട് അയാൾ കസേരയിലേക്ക് കയറി നിന്നു. അയാളുടെ തലയടുപ്പിച്ചാണ് ഇപ്പോൾ മേൽക്കൂര.

ഐസിഞ്ഞ അയാളുടെ മുഖത്തേക്ക് ചിമ്മിനിക്കൂട് നീട്ടി പിടിച്ചു. അയാളുടെ കണ്ണുകളിൽ സ്വർണ്ണം എവിടെ എന്ന ചോദ്യം ഇപ്പോൾ തെളിഞ്ഞു കാണാം. കൈയിലെ സിഗരറ്റ് കുറ്റി കളഞ്ഞ് അയാൾ കസേരയിലെ തന്റെ നിൽപ്പ് ഒന്ന് ഉറപ്പിച്ചു.

‘പൊന്നെല്ലം ഓറ് പൊടിപൊടി ആക്കീന്’, ഐസിഞ്ഞ പറഞ്ഞു.

ബോംബെക്കാരൻ എത്തും പിടിയും കിട്ടാതെ ഐസിഞ്ഞയെ നോക്കി.

‘എന്നിറ്റോറത് ഒണക്കാനിട്ടിന്. തലേന്റെ മോളിലെ ഓട് മാറ്റിച്ചാ.'

അയാൾ മേൽക്കൂരയിലേക്ക് തലപൊക്കി. അടുക്കള പുക തട്ടി കറുത്ത ഓടുകളിൽ അയാളൊന്നു തൊട്ടു നോക്കി. കൈയിൽ പറ്റിയ കരിയുടെ മിനുസം നോക്കി. ഏതു രൂപത്തിലായിരിക്കും സ്വർണം ഒളിപ്പിച്ചു വച്ചിരിക്കുക എന്ന് അയാള​പ്പോഴാണ് ചിന്തിച്ചു തുടങ്ങിയത്. അതേതു രൂപത്തിലുമാവാം. അയാൾ പ്രയാസം ഒന്നും തന്നെ ഇല്ലാതെ മേൽക്കൂരയിൽ നിന്ന് ഒരു ഓടെടുത്തു മാറ്റി.

ഐസിഞ്ഞ ഓടിന്റെ വിടവിലൂടെ മുകളിലെ ആകാശം ഏന്തി വലിഞ്ഞ് നോക്കി.

‘ഒണക്കാനിട്ടത് ബൈന്നേരം ഞാന് ബാരാൻ മറന്ന്. നോക്കിച്ച പൊന്നും പൊടി.'

ഐസിഞ്ഞ ഒരു മദ്രസക്കാരിയെപ്പോലെ മുകളിലേക്ക് കൈ ചൂണ്ടി ബോംബെക്കാരന് ആകാശം കാട്ടി കൊടുത്തു.

മേൽക്കൂരയ്ക്കുമപ്പുറത്തേക്ക് ബോംബെക്കാരൻ കണ്ണ് പായ്ച്ചു.

വിളക്കും പിടിച്ച് നിൽക്കുന്ന ഐസിഞ്ഞയും കസേരയിൽ നിൽക്കുന്ന ബോംബെക്കാരനും മേലെ ഇരുട്ടത്ത് നക്ഷത്രം വിതറിയിട്ട ആകാശം നോക്കി നിന്നു.

അവരുടെ കണ്ണുകൾക്ക് കാത്തിരുന്ന കണക്കനെ ഒരു നക്ഷത്രം പൊഴിഞ്ഞ് ആകാശത്തു നിന്ന്​ താഴെ ഭൂമിയിലേക്കു വീണു. ▮

Comments