ചിത്രീകരണം: ദേവപ്രകാശ്

തെരേസയുടെ കൂട്ടുകാരി

യമ

ഡി. ഡി. ആർ. സി ലാബിന്റെ ഒരു ബ്രാഞ്ചിൽ രക്തപരിശോധനയ്ക്ക് രക്തവും കുത്തിക്കൊടുത്ത് തൊട്ടടുത്തുള്ള അടഞ്ഞകടയുടെ ഷട്ടറിനുമുന്നിൽ കുന്തിച്ചിരുന്നപ്പോ ഒരു നിമിഷത്തേക്ക് ജീവിതം മൊത്തത്തിൽ അങ്ങ് മറന്നു.

അകാരണമായ ശാന്തതയും സ്വസ്ഥതയും. നല്ല കാറ്റ്.

മാസ്‌ക് അയച്ചു താഴേക്ക് വലിച്ചപ്പോൾ മൂക്കിലും വായിലും പുതഞ്ഞുകിടന്ന വിയർപ്പ് തണുത്തു.

ലാബിനുള്ളിലെ ഫാൻ ചൂടുകാറ്റ് ചുഴറ്റിയെറിയുകയായിരുന്നു. വല്ല തകരവും കൊണ്ടാണോ കെട്ടിടത്തിന്റെ മേൽക്കൂര പണിത്തിരിക്കുന്നത്? ഇപ്പൊ ഒരാശ്വാസം ഉണ്ട്. കഴുത്തിൽ ചുറ്റിയ സ്‌കാർഫ് കൊണ്ട് മുഖത്തെ വിയർപ്പു തുടച്ചെടുക്കുന്നതിനിടയിൽ റോഡിലേക്ക് കണ്ണുകളയച്ച് പോലീസിന്റെ സാന്നിധ്യം വലതുമുണ്ടോ എന്ന് തിരഞ്ഞു.

ഈ ആളില്ലാത്തയിടത്ത് ഒറ്റക്കിരിക്കുകയാണെങ്കിലും മാസ്‌ക് ഇടാത്തതിന് ഫൈൻ അടിച്ചേക്കും. ഒരഞ്ചാറുതവണ ഫൈൻ അടിച്ചാൽ തീരാവുന്ന ബാങ്ക് ബാലൻസേ എനിക്കിപ്പോൾ ഉള്ളൂ. നാളെയെങ്ങാനും കൊറോണ പിടിച്ച് ചത്താ ആ ചെറിയകാശ് കൂടി ബാങ്ക് എടുക്കുമായിരിക്കും.

‘തീരട്ട് എല്ലാം തീരട്ട്.'

അരയിൽ കെട്ടിയിയിരിക്കുന്ന സ്‌പോർട്‌സ് ക്വാളിറ്റി കീശ തുറന്ന് ഞാൻ ഫോണെടുത്തു. ഇനിയൊരുകട്ട ചാർജ് കൂടിയുണ്ട്. ഗൂഗിളിൽ ‘rh' എന്ന് ടൈപ്പ് ചെയ്തതും രണ്ടു ദിവസമായി നിരന്തരം സേർച്ച് ചെയ്തിരുന്ന റ്യുമാറ്റോയിഡ് ആർത്രൈറ്റിസിന്റെ പലവക അന്വേഷണ വിഷയങ്ങൾ പൊന്തിവന്നു.

ഇനിയിപ്പോ എന്താണ് ആ അസുഖത്തെക്കുറിച്ച് കൂടുതൽ വായിക്കാനുള്ളത്?ആരെങ്കിലും രക്തവാതത്തെക്കുറിച്ച് ചോദിച്ചാൽ ഒരു ഗവേഷണപ്രബന്ധം എഴുതാനുള്ള അറിവ് എനിക്ക് അതേപ്പറ്റി ഉണ്ട്. നാലുപാടും നോക്കി ഞാൻ ഒരു സിഗരറ്റ് എടുത്തുകത്തിച്ചു. കാറ്റത്ത് തീപ്പൊരി ഒരെണ്ണം എന്റെ തലമുടിയിൽ പറന്നിരുന്ന് ഒന്നെരിഞ്ഞെന്നു വരുത്തി കെട്ടുപോയി. സിഗരറ്റ് വലിച്ചാൽ സന്ധിവേദന കൂടും എന്നുകരുതി രണ്ടുദിവസമായി തൊട്ടിട്ടില്ല. കയ്യും ചുമലും ഒന്നുഴിഞ്ഞു നോക്കി. ഇപ്പോഴും ചെറിയ വേദനയുണ്ട്.

രക്തത്തിലെ RA factor നോക്കാൻ ഡോക്ടർ പറഞ്ഞിട്ട് കുറച്ചായി. എന്തായാലും അസുഖം ഉണ്ടെന്നാണ് തോന്നുന്നത്. ഇനി അവർ തരുന്ന സർട്ടിഫിക്കറ്റ് കൂടിക്കണ്ട് എന്തിനു വിഷമിക്കണം? രക്തവാതമാണെങ്കിൽ ജീവിതകാലം മുഴുവൻ ശ്രദ്ധിക്കണം, ഇല്ലെങ്കിൽ ചിലപ്പോൾ കിടപ്പിലായിപ്പോകുംവിധം രോഗം മൂർച്ഛിക്കാം, കൈകാലുകളിലെ വിരലുകൾ വികൃതമായി വേരുകൾ പോലെയായേക്കാം. ഇപ്പൊത്തന്നെ മുട്ടുകാലിൽ കരകര ശബ്ദം ഉണ്ട്. നോക്കാൻ ആരെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ തന്നെയെന്ത്? കുറെനാൾ നോക്കുമ്പോൾ കൂടെയുള്ളവർക്ക് തന്നെ മടുക്കില്ലേ? മാത്രമല്ല ഇനി ഇതുകൊണ്ട് തന്നെ ചാവണം എന്നില്ലല്ലോ. അതുകൊണ്ടുതന്നെയാണ് രക്തം പരിശോധിക്കാൻ ഇതുവരെ കൂട്ടാക്കാതെയിരുന്നത്.

ഇന്നിപ്പോ ഒരു പണിയും ഇല്ലാതെ രാവിലെ എണീറ്റപ്പോ തോന്നിയതാണ്, എന്നാൽപ്പിന്നെ രക്തം പരിശോധിച്ച് കളയാമെന്ന്.

ബിനോയ് വീട്ടിൽ നിന്നിറങ്ങിപ്പോയിട്ട് നാലുദിവസമായി.

ഭാര്യയും ഭർത്താവും കളിച്ചാണ് ആ വീട് വാടയ്ക്കയ്ക്ക് കിട്ടിയത്. ഒറ്റത്തടിയെന്നും പറഞ്ഞ് ഏതെങ്കിലും പെണ്ണ് വീടുനോക്കാൻ ചെന്നാൽ എപ്പോ ഇറക്കിവിട്ടെന്ന് പറയണ്ടല്ലോ. പേയിങ്ഗസ്റ്റായി നിന്ന് മടുത്തു. ഇറങ്ങുമ്പോഴും തിരികെ വരുമ്പോഴും വീട്ടുടമസ്ഥയുടെ ആശീർവാദം വാങ്ങാതെ ഒക്കില്ല.

അയയിലിട്ട ബ്രാ കാറ്റത്തെങ്ങാനും പറന്ന് മുറ്റത്തു വീണാൽ മാനം പൊട്ടിവീണ മാതിരി ഭാവവും ഉപദേശവും. നടിയാണെന്ന് അവരോട് പറഞ്ഞിട്ട് കൂടിയുണ്ടായില്ല, മാത്രമല്ല നാടകനടി കൂടിയായിപ്പോയല്ലോ. വകയ്ക്കുകൊള്ളാത്ത വല്ല സീരിയലിലും തലകാണിച്ചാൽപോലും പിന്നെയും വിലതരും. റിസർച്ച്​ സ്‌കോളറാണെന്ന് പറഞ്ഞകാരണം ഇടയ്ക്കിടെ എന്താണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് തോണ്ടിചോദിക്കും. ‘മോള് വർക്കിൽ ആയിരുക്കുമല്ലേ' എന്ന് ചുമ്മാ സ്‌നേഹം നടിച്ച് ഇടക്ക് മുറിയിൽ കേറി ചുഴിഞ്ഞുനോക്കും. കട്ടിലിലെ വിരിമാറിക്കിടന്നാൽത്തന്നെ ‘അശ്രീകരം' എന്ന എഴുത്ത് അവരുടെ മുഖത്ത് വായിക്കാൻ കഴിയും.

കൊച്ചി ആയതുകാരണം ഒറ്റയ്ക്ക് താമസിക്കുന്ന പെൺപിള്ളേർ നാട്ടുകാർക്ക് ഒന്നുകിൽ കഞ്ചാവ് അല്ലെങ്കിൽ സെക്‌സ് വർക്കർ ആണ്. പത്രക്കാരുടെ സഹായം കൊണ്ട് ഇപ്പോപ്പിന്നെ അത് സ്വർണക്കടത്ത് കൂടി ആയിട്ടുണ്ട്. ഈവക ആൾക്കാർ പോലീസ് പിടിക്കുംവരെ പേയിങ്ഗസ്റ്റ് ആയി നിന്ന് ഉള്ള സ്വാതന്ത്ര്യം കളയുമോ എന്ന് ചോദിയ്ക്കാൻ അറിയാഞ്ഞിട്ടല്ല. മറുത്തുപറയാൻ പറ്റാത്ത അവസ്ഥ ആയതുകൊണ്ട് വല്യവിപ്ലവത്തിന് എന്റെ ഭാഗത്തുനിന്ന് സാധ്യത ഇല്ല. വിപ്ലവമൊക്കെ സൗകര്യം ഉള്ളവർക്ക് പറ്റിയ പണിയാണ്, അല്ലെങ്കിൽ മുന്നുംപിന്നും നോക്കാൻ ഇല്ലാത്തവർക്ക്. ഞാൻ ഇതിനു രണ്ടിനും ഇടയിൽ ആയിപ്പോയല്ലോ.

ബിനോയിയെ കൂട്ടുപിടിച്ച് വീടെടുത്തപ്പോഴാണ് അവനെന്നോട് പണ്ടേ പ്രേമം ആണെന്ന് അഞ്ചാറ് ദിവസം കഴിഞ്ഞപ്പോൾ പറയുന്നത്. അവനെ എനിക്ക് സുഹൃത്ത് എന്ന നിലയിൽ ഇഷ്ടമായിരുന്നുതാനും. മാത്രമല്ല ഈ സിറ്റിയിൽ വന്നുനിന്നിട്ട് പല സഹായത്തിനും അവനുണ്ടായിട്ടുണ്ട്. ഒരിക്കൽ പനിച്ചുതുള്ളി രണ്ടുദിവസം ആശുപത്രിയിൽ ഡ്രിപ് ഇട്ടു കിടന്നപ്പോൾ കിടന്നോടാൻ അവനേ ഉണ്ടായുള്ളൂ. രണ്ടുമൂന്ന് രാത്രികൾ അവന്റെ പ്രേമവും കാമവും വീടിനുള്ളിൽ ഉഷ്ണച്ചൂട് നിറച്ച് ഓക്കാനം വന്നുതുടങ്ങിയപ്പോഴാണ് പ്രേമം കഷ്ടപ്പെട്ട് വരുത്തി ഞാനവന്റെ കൂടെത്താമസിച്ചു തുടങ്ങിയത്. ദയയാണോ സഹാനുഭൂതിയാണോ എന്നൊന്നും അറിയില്ല. എനിക്കും ആരുമില്ലായിരുന്നു അക്കാലത്ത്.

എന്തൊക്കെപ്പറഞ്ഞാലും അവൻ കൂടെത്താമസിക്കാൻ കൊള്ളാത്തവിധം മോശക്കാരനല്ല. എങ്കിലും ‘ഇത്ര പരിഭവിക്കാൻ ഞാൻ നിന്നെ അങ്ങോട്ട് പ്രേമിച്ചതല്ലല്ലോ' എന്ന് സംഘർഷ നിമിഷങ്ങളിൽ ഞാൻ ഫാസിസ്റ്റാവുന്നത് അവനുതന്നെ അസഹനീയമായിക്കാണും.

എത്ര പ്രശ്‌നമുണ്ടെങ്കിലും ഇതിനിടയ്ക്ക് ഞാൻ മറ്റാരെയും അടുപ്പിച്ചിട്ടില്ല.

ബിനോയ്ക്ക് സങ്കടം തോന്നും എന്നുകരുതി എനിക്കിഷ്ടപ്പെടാൻ സാധ്യതയുള്ളവരെ ഞാൻ ആദ്യമേ തന്നെ ഒഴിവാക്കുകയും ചെയ്യുമായിരുന്നു. എന്നിട്ടാണ് കഴിഞ്ഞ ആഴ്ച അവനെയും അന്വേഷിച്ച് വേറൊരുത്തി കയറി വന്നിരിക്കുന്നത്. എന്റെ കയ്യിലെ ചായയും വാങ്ങിക്കുടിച്ചശേഷമാണ് അവൾ ബിനോയിയുടെ കുട്ടിയുടെ ഗർഭം ചുമക്കുകയാണ് എന്നുപറഞ്ഞത്.

രണ്ടുദിവസമായി അവൻ ഫോൺ എടുക്കാഞ്ഞ് അന്വേഷിച്ചുവന്നിരിക്കുകയാണ്. എനിക്ക് ചിരിക്കുകയോ കരയുകയോ എന്ത് വേണം എന്ന് മനസിലായില്ല.
ബിനോയ് നാടകം പഠിപ്പിക്കാൻ പോയ കോളേജിലെ പെൺകുട്ടിയാണ്. അവൻ അവൾക്ക് എന്ത് വാഗ്ദാനമാണ് കൊടുത്തത് എന്ന് ഞാൻ അന്വേഷിച്ചില്ല. ആർട്ടിസ്റ്റിനോട് കാശുള്ള ഒരു പെണ്ണിന് തോന്നുന്ന റൊമാൻസ് ആയിരുന്നിരിക്കും. എനിക്കവളോട് ദേഷ്യവും തോന്നിയില്ല. മാത്രമല്ല കുറേനേരം അതാലോചിച്ച് എനിക്ക് വിഷമവും വന്നു. എന്റെ ഹൃദയവിശാലത കൊണ്ടൊന്നുമായിരിക്കില്ല ഞാൻ അങ്ങനെ നിർവികാരയായത് എന്നെനിക്കുറപ്പായിരുന്നു. കുറെയായി സന്ധിവേദനയും വിട്ടുമാറാത്ത തലവേദനയും ഉണ്ട്. മാരകരോഗമെന്തോ ബാധിച്ചു എന്ന് പേടിച്ചിരിക്കുമ്പോ കോവിഡും കൂടി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. എനിക്ക് മരിക്കണ്ട. മാത്രമല്ല ജീവിക്കണം താനും. രോഗത്തെക്കുറിച്ച് ആലോചിക്കുമ്പോത്തന്നെ എനിക്ക് മനുഷ്യരോടെല്ലാം സഹാനുഭൂതിയാണ്.

ഞാൻ എന്റെ മുന്നിൽ ചുരിദാറിട്ടു നിൽക്കുന്ന ആ പെൺകുട്ടിയുടെ നഗ്‌നമായ ഉടൽ സങ്കൽപ്പിച്ചു നോക്കി. ബിനോയ് അവളെ എങ്ങനെയൊക്കെ തൊട്ടുകാണും എന്ന് ഭാവനയിൽ കണ്ടു. നിരന്തരം വ്യായാമം ചെയ്യുന്ന എന്നെപ്പോലെയല്ല അവൾ. തടിച്ചു കൊഴുത്ത പെണ്ണ്. വയറിനു ചുറ്റും മേദസ് തുളുമ്പുന്നു. മുഖം ഉരുണ്ട് തുടുത്തിരുന്നു. വെയിൽ കൊള്ളുന്ന ലക്ഷണം തീരെയില്ല. മുന്തിയ ഇനം പെർഫ്യൂമിന്റെ ഗന്ധം. പഠിക്കുന്ന കോളേജിന്റെ സെറ്റ്അപ്പ് വച്ചുനോക്കിയാൽ കാശുള്ള വീട്ടിലെയാണ്.

കണ്ണീരൊഴുക്കി ഇരിക്കുന്ന അവളുടെ മുന്നിൽനിന്ന്​ ചായ ഒഴിഞ്ഞ കപ്പ് അടുക്കളയിലേക്കു എടുത്തുകൊണ്ട് പോകും വഴി ഞാൻ എന്റെ കൈപ്പത്തിയിലേക്കു നോക്കി. ശ്രദ്ധിക്കാത്ത കാരണം നഖക്കുഴികളിൽ ചെളി കറുത്ത് കിടക്കുന്നു. കൈകളിലെ തൊലി വരണ്ടിരിക്കുന്നു. മുഖം അതിലും മോശമായിരിക്കാനാണ് സാധ്യത. പെൺകുട്ടി ഞാൻ ആരാണെന്നു ചോദിച്ചില്ല. ഞാൻ പറഞ്ഞതും ഇല്ല. ഒരുപക്ഷെ അവൾക്കറിയുമായിരിക്കും. ഞാൻ തണുപ്പൻ മട്ടുകാരി ആണെന്ന് ബിനോയ് അവളോട് പറഞ്ഞിരിക്കുമോ? അങ്ങനെയാണോ ബിനോയ് പോലും എന്നെ കാണുന്നത്? ഒരുപക്ഷെ അവൻ തന്നെയാവും അവളെ പറഞ്ഞുവിട്ടത്, അവനത് എന്നോട് പറയാൻ പ്രയാസം കാണും. ഒരു കുട്ടി ഉണ്ടാക്കാൻ എന്തായാലും ഞാൻ ഒരുക്കമല്ല എന്ന് അവനറിയാം.

എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. ആരാണതിനെ നോക്കാൻ പോകുന്നത് എന്ന് അവൻ ആശങ്കയോടെ ചോദിക്കാറുള്ളപ്പോൾ എനിക്കുതന്നെ അതുവേണ്ട എന്ന് തോന്നിയതാണ്. നോക്കാൻ ഒരാളുണ്ടെങ്കിൽ അവൻ കുട്ടിയെ അവിടെ ഉണ്ടാക്കും എന്ന് എനിക്കറിയില്ലായിരുന്നു. എന്റെ കുട്ടിയെ നോക്കാൻ പാങ്ങുള്ള ഒരാളെ കണ്ടെത്താൻ എനിക്ക് ബുദ്ധിപോയില്ല. സത്യം പറഞ്ഞാൽ ബിനോയിയെ അന്വേഷിച്ചുവന്ന പെൺകുട്ടിയോട് എനിക്ക് സ്‌നേഹമാണ് തോന്നിയത്. ഒരുപക്ഷെ അവൻ എന്നെവിട്ട് പോകുന്നു എന്ന ആശ്വാസമാകും. അല്ലെങ്കിൽ ആ പെണ്ണിന് കരയാൻ അത്താണിയായി ഞാൻ മാത്രമേ ഉളളൂ എന്ന തോന്നലുമാവും. എനിക്കാരുണ്ട് എന്ന് ചിന്തിച്ചാൽ ഉള്ള മനഃസമാധാനം പോകും.

ഒരു മാറ്റം എനിക്കും വേണ്ടിയിരിക്കും. കുറച്ചായി അവനുവേണ്ട ഭക്ഷണത്തിനുള്ള കാശുകൂടി ഞാൻ കണ്ടത്തണം എന്ന സ്ഥിതിയാണ്. നാട്ടിൽ നാടകത്തിന് കഴമ്പുള്ള നടിമാരെ കിട്ടാനാണല്ലോ പഞ്ഞം. പ്രത്യേകിച്ച് നാടകം പഠിച്ചവർപോലും നാടകത്തിൽ നിൽക്കാത്ത സ്ഥിതിക്ക്. അങ്ങനെ കുറ്റപ്പെടുത്തുന്നവർക്ക് പറയാൻ ചിലവൊന്നുമില്ലല്ലോ. കാശുള്ളവർക്ക് അങ്ങനെ നിൽക്കാം. എന്നെങ്കിലും ഒരു സിനിമ കിട്ടുന്നതുംനോക്കി ഫേസ്ബുക്ക് പ്രൊഫൈലിൽ തങ്ങളുടെ നടനമുഹൂർത്തങ്ങൾ കയറ്റിയിട്ട് സ്വപ്നം കണ്ടിരിക്കാം.

നാടകാഭിനയം എത്ര ഇഷ്ടമുണ്ടെങ്കിലും വിശന്നു സ്റ്റേജിൽ നിന്നാ കണ്ണ് കാണൂല്ല. നല്ലൊരു വസ്ത്രം വാങ്ങിധരിക്കണം എന്ന് തോന്നിയാൽ ദഹിക്കാത്ത പൊറോട്ടയും മുട്ടക്കറിയും മൂക്കുംമുട്ടെ കഴിച്ച് രാത്രി പുതച്ചുമൂടി ഒന്നുറങ്ങിയാൽ മതി. സ്വപ്നത്തിലോ മറ്റോ വല്ലതുമൊക്കെ നടന്നെന്നിരിക്കും.

ആണുങ്ങൾ അരാജകത്വം പറഞ്ഞ് തുണിയില്ലാതെ നടന്നാലും ആർട്ടിസ്‌റ്റാണെന്ന് എടുത്തുനടക്കാൻ ആളുണ്ടാവും. നല്ല കാലത്ത് പെൺപിള്ളേർ ഭക്ഷണം കഴിക്കാതെ വൃത്തികെട്ട് നടന്നാൽ ശരീരം കേടാവുമെന്ന് ഇപ്പോഴാണ് മനസിലാവുന്നത്. ആർട്ടൊക്കെ ഇക്കാലത്ത് ആർക്കു വേണം? എല്ലാം ഒരു മേളയല്ലേ. ബിനോയിയുടെ സ്ഥിതി മനസിലാക്കാനുള്ള ബോധമുള്ളതുകൊണ്ട് എന്റെ കയ്യിൽ കിട്ടുന്ന കാശ് പങ്കുവയ്ക്കാൻ എനിക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. എങ്കിലും കിടപ്പാടം പോയാൽ അവന് എന്നേക്കാൾ സാധ്യതകൾ ഉണ്ടെന്ന് ഞാൻ ഇപ്പോഴാണ് മനസിലാക്കുന്നത്.

ഇതൊക്കെയായിട്ടും ആ പെൺകുട്ടി വന്നദിവസം വൈകുന്നേരം എന്നെ പിരിയാൻ പറ്റില്ലെന്നും പറഞ്ഞ് അവൻ വീട്ടിൽ കിടന്നു കരഞ്ഞുകൂവിയതിലാണ് എന്റെ നിയന്ത്രണം പോയത്. ഞാൻ എന്തുചെയ്യണം എന്ന് അവൻ പറയുന്നില്ല. ഒരുപക്ഷെ അവന് എന്നോടുള്ള ബന്ധം ഒരു കാമുകനും സുഹൃത്തിനും അപ്പുറം ആശ്വാസത്തിന്റേതു കൂടിയാവണം.

പക്ഷെ ആ കൊച്ചുവീട്ടിൽ ഒരുമിച്ചു താമസിക്കുമ്പോൾ അവനെ കാണുന്നതുതന്നെ സങ്കടമാണ്. അതുകൊണ്ട് പറ്റുമ്പോഴൊക്കെ പുറത്തിറങ്ങി നടക്കണം എന്നാണുതോന്നുക.ലോക്ക്ഡൗൺ ആയിട്ട് അവന്റെ കയ്യിൽ അഞ്ചിന്റെ കാശുണ്ടാവില്ല. മാത്രമല്ല ആ പെൺകുട്ടി ഗർഭം അലസിപ്പിക്കാൻ തയ്യാറുമല്ല.

എന്തുകണ്ടിട്ടാണോ ആ പെണ്ണിങ്ങനെ എടുത്തുചാടുന്നത്? പഠിപ്പുപോലും പൂർത്തിയാക്കിയിട്ടില്ല. വീട്ടുകാരറിഞ്ഞാൽ എന്താകും? നാണക്കേടോർത്ത് ബിനോയിക്ക് കെട്ടിച്ചു കൊടുക്കുമോ? അതോ അവൾ കൂടി ഞങ്ങളുടെ വീട്ടിലേക്കു വരുമോ? ഇനിയതുമല്ലെങ്കിൽ ആ പെൺകുട്ടിയുടെ വീട്ടുകാർ ബിനോയിയെ കൊന്നുകളഞ്ഞിട്ട് അവളുടെ ഗർഭം അലസിപ്പിക്കുമോ? ഇങ്ങനെ ഒരുപാടൊരുപാട് സാധ്യതകൾ ഈ വിഷയത്തിലുണ്ട്.

എന്തുതന്നെയായാലും എന്റെ സ്ഥിതിക്ക് എന്തുവ്യത്യാസം ഉണ്ടാവാനാണ്? ഇതിപ്പോ എന്റെ വിഷയമേ അല്ല എന്ന നിലയ്ക്ക് വീട്ടിൽ കഴിയുകയാണ് ഞാൻ. ആരോടും എനിക്ക് പ്രേമമോ സ്വാർഥതയോ ഇല്ലെന്ന് തിരിച്ചറിഞ്ഞ് വിഷമിക്കുകയാണ്. ഇപ്പറയുന്ന വികാരങ്ങൾ ഒന്നുമില്ലെങ്കിൽ പിന്നെയെന്തിനു ജീവിച്ചിരിക്കുന്നു.

കഥാപാത്രങ്ങളുടെ വികാരങ്ങളെ ഉള്ളിലിട്ട് തികട്ടി സ്വന്തമായി ഒന്നുമില്ലെന്ന അവസ്ഥയായോ? സ്വന്തം വീട്ടിൽ പോയാലും ഇതുതന്നെ അവസ്ഥ. അതുകൊണ്ടാണ് പോകാത്തതും. ഞാൻ ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്നതിനു മുന്നേ കയ്യിൽ വല്ലതും ഉണ്ടോ എന്നുചോദിക്കുന്ന വീട്ടുകാർ. ഇല്ലാത്ത കാശുമുടക്കി വല്ലതും വാങ്ങിച്ചെന്നാൽ വേറെ നല്ലതുകിട്ടിയില്ലേ എന്ന് ചോദിക്കുന്ന തരക്കാർ. നാടകം നടിച്ചുനടിച്ച് ആകെ സമ്പാദ്യമായി ഉള്ളത് ഈ സന്ധിവേദനയാണ്. ഇപ്പൊ ആലോചിക്കുമ്പോൾ എത്രയോ നാളായി പോഷകാംശമുള്ള നല്ല ഭക്ഷണം കഴിച്ചിട്ട്. ഭക്ഷണം പാകം ചെയ്യാൻ സമയം ഉള്ളപ്പോൾ സാധനങ്ങൾ വാങ്ങാൻ കാശുകാണില്ല. കാശുള്ളപ്പോൾ നാടകത്തിന്റെ റിഹേഴ്‌സൽ കഴിഞ്ഞ് ആഹാരം പാകംചെയ്യാൻ സമയമുണ്ടാവില്ല. പിന്നെ വീട്ടുവാടകയ്ക്കുള്ള നെട്ടോട്ടം.

പഠിച്ചതൊക്കെ കളഞ്ഞ് എന്തിനാണ് നാടകം കളിയ്ക്കാൻ തിരിച്ചതെന്നു വീട്ടുകാർ ചോദിക്കുമ്പോൾ സത്യംപറഞ്ഞാൽ ഉത്തരമില്ല. പഠിപ്പിച്ചത് വീട്ടുകാർക്ക് എന്തെങ്കിലും ഗുണമുണ്ടാകട്ടെ എന്ന ഉദ്ദേശ്യത്തോടെ ആണ് എന്നും എനിക്കറിയാം. നാഴികയ്ക്ക് നാൽപ്പതുവട്ടം അവരത് പറയുന്നുമുണ്ട്. എങ്കിലും ഒരു ഓഫീസിലിരുന്ന് പണിയെടുത്ത് വീട്ടിൽ വെപ്രാളം പിടിച്ചോടുന്ന ഒരുത്തിയേക്കാളും ഞാൻ തെരുവുകളെയും മനുഷ്യരെയും കണ്ടിട്ടുണ്ട്. കാലിന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നിടത്തോളം ഇടവഴികളും ഹൈവേകളും താണ്ടിയിട്ടുണ്ട്. വെളിച്ചത്തിൽ ജീവിക്കുന്ന ജീവികളേക്കാൾ ഇരുട്ടിലെ ജീവികളെ പരിചയിച്ചിട്ടുണ്ട്. എല്ലാവരും ഉറങ്ങുന്ന വേളകളിലും ശരീരമില്ലാത്ത കഥാപാത്രങ്ങളുടെ ശബ്ദങ്ങൾക്ക് എന്റെ ശരീരം വീതിച്ചുകൊടുത്ത് ടെറസിലെ ആകാശത്തിനു കീഴിൽ തളർന്നിരുന്നിട്ടുണ്ട്. നടിയുടെ മുന്നിൽ ആരാധനയോടെ നിൽക്കുന്ന അതേ മാന്യന്മാരുടെ കണ്ണുകൾ പിന്നീട് അവൾ മൂത്രമൊഴിക്കാൻ പോകാൻ സാധ്യതയുള്ള ഇടങ്ങളിൽ ഒളിച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. ശരീരവും മനസും തളരുന്ന അവസ്ഥയിൽ സന്തോഷത്തിനായി ഒരൽപം ആശ്വാസത്തിനായിമാത്രം ഇരുട്ടിൽ ഏതെങ്കിലും സഹപ്രവർത്തകനുമായി കിടന്നിട്ടുണ്ട്. തമ്മിൽ തിരിഞ്ഞുനോക്കാതെ ആ രാത്രിയുടെ ഭാരങ്ങളില്ലാതെ സ്റ്റേജ്‌ലൈറ്റിന്റെ വെളിച്ചത്തിൽ മാത്രം തിളങ്ങുന്ന കഥാപാത്രങ്ങളുടെ ആരോഗ്യത്തിനുവേണ്ടി ഭക്ഷണം കഴിച്ചിട്ടുണ്ട്. എനിക്ക് വേണ്ടിയല്ലാതെയാണ് ഞാൻ ജീവിച്ചത് എന്ന് തോന്നുന്നു. ഒന്നോ രണ്ടോ മണിക്കൂർമാത്രം ജീവിക്കുന്ന കഥാപാത്രങ്ങൾക്ക് വേണ്ടിയാണു എടുത്താൽ പൊങ്ങാത്ത ഈ സ്വാതന്ത്ര്യത്തിന്റെ ഭാരം ഞാൻ ചുമക്കുന്നത്.

ഞാൻ എണീറ്റുപോയി നാറ്റം വമിക്കുന്ന ചാലിലേക്കു സിഗരറ്റ് കുറ്റി എറിഞ്ഞു. കുറ്റി ഉന്നംതെറ്റി വശത്തുള്ള പൂഴുമണ്ണിൽ കിടന്നെരിഞ്ഞു.
‘റേച്ചൽ, വണ്ടിയെടുക്ക്.'

ആരാത്? അവിടെയൊന്നും ആരുമില്ല. ചാകാതെ കിടക്കുന്ന ഏതെങ്കിലും കഥാപാത്രം ഉള്ളിൽക്കിടന്നു പറയുന്നതാണോ? റോഡിനു വശത്തായി പാർക്ക് ചെയ്തിരുന്ന കാറിൽ ചാരിനിന്നുകൊണ്ട് ഞാൻ പരിസരം വീക്ഷിച്ചു. ലാബ് റിസൾട്ട് രണ്ടുമണിക്കൂർ കഴിഞ്ഞാൽ കിട്ടും. വീട്ടിൽ നടന്നുപോയി തിരികെ വരുന്നത് മിനക്കേടാണ്. ഓട്ടോയിൽ കയറി കാശുംകളഞ്ഞ് വൈറസിനെ സമ്പാദിക്കാൻ തക്ക മനക്കരുത്തും ഇല്ല. ഞാൻ കാറിന്റെ റിയർവ്യൂ മിററിൽ മുഖം നോക്കി. നന്നായി കരുവാളിച്ചിട്ടുണ്ട്. കൺതടം കറുത്തുവറ്റി. വശങ്ങളിൽ വരൾച്ചയുടെ വിള്ളലുകൾ. മുടിയിൽ എണ്ണയുടെ അംശം പോലുമില്ല. അമ്മ എണ്ണപുരട്ടി കനംവെപ്പിച്ച മുടിയൊക്കെ കൊഴിഞ്ഞ് കോഴിവാല് പോലായിട്ട് യുഗങ്ങളായി. നീളം കുറച്ചതു നന്നായി. കനം കുറഞ്ഞുവരുന്ന നിലയ്ക്ക് മുടിയുടെ നീളം കുറച്ചുകൊണ്ടുവരണം.

ഞാൻ മാവിന്റെ പോടിൽ കുത്തിനിർത്തിയ പ്ലാസ്റ്റിക്കിലുള്ള ത്രിവർണപതാകകളിൽ ഒരെണ്ണം കയ്യിലെടുത്തു വീശിനോക്കി. കുഴച്ചിലും മറിച്ചിലും ഇല്ലാതെ വളയാത്തൊരു സ്വാതന്ത്ര്യം.

പ്ലാസ്റ്റിക് പിടി മരപ്പോടിലേക്കു വീണ്ടും തിരുകി ഉള്ളിലേക്കുകയറ്റാൻ നോക്കിയപ്പോൾ അത് കഴുത്തു കുഴഞ്ഞുനിന്നു. പതാക വിറ്റുനടക്കുന്ന നാടോടികൾ അതുവഴി നടന്നുപോകുന്നത് ഞാൻ വരുംവഴി കണ്ടിരുന്നു. രണ്ടുദിവസം മുന്നെയാണ് നാട് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ഇനിയാരും വാങ്ങില്ല എന്ന് കരുതി അവരാരെങ്കിലും തിരുകി വച്ചതാണോ? അല്ലെങ്കിൽ സ്വാതന്ത്ര്യ ദിനത്തിനപ്പുറം പ്രസക്തി ഇല്ലെന്നുതോന്നി വാങ്ങിയവരാരോ ഉപേക്ഷിച്ചു പോയതുമാവാം. പ്ലാസ്റ്റിക്ക് പതാക ആയതുകൊണ്ട് മറ്റേതെങ്കിലും വിധത്തിൽ സ്ഥാനചലനം ഉണ്ടായില്ലെങ്കിൽ അടുത്ത വർഷവും ഇവിടെത്തന്നെക്കാണും. ചിലപ്പോൾ ഇനി സ്വാതന്ത്ര്യദിനങ്ങൾ ഉണ്ടായില്ലെങ്കിലും നശിക്കാതെ പതാകകൾ നിലനിന്നു എന്നും വരാം.

‘ജിന്നിന്റെ കഥ'യുടെ മുന്നിൽ ആരെങ്കിലുമുണ്ടോ എന്നുഞാൻ എത്തിനോക്കി. വഴിയരികിലെ ആ തട്ടുകടയുടെ അടുത്തുകൂടെ ഒന്നുനടന്നു തിരികെവന്നാലോ എന്നൊരാശ. കഴിഞ്ഞ രണ്ടുദിവസമായി വൈകുന്നേരങ്ങളിൽ അങ്ങനെയൊരു നടത്തം ഞാൻ പാസാക്കുന്നുണ്ട്. സായാഹ്ന നടത്തം എന്നാണ് വയ്പ്. സാധാരണ, ഒരു ദിവസം നടക്കുന്നിടത്തൂടെ അടുത്തദിവസം പോകാത്തതാണ്. ആ കടയുടെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഉലാത്തൽ ചുമ്മാതൊന്നുമല്ല. ഓരോത്തവണ നടക്കുമ്പോഴും അവിടത്തെ കൗണ്ടറിലെ സുന്ദരനായ നടത്തിപ്പുകാരൻ ഉണ്ടോ എന്നുനോക്കും. ഉണ്ടെങ്കിൽ നന്നായി നീണ്ടുനിവർന്നു നല്ല വേഗത്തിൽ ഒരു സ്‌പോർട്‌സ് ചാമ്പ്യൻ ആണെന്ന മാതിരി ഊക്കത്തിൽ നടക്കും. സന്ധിവേദന ഒന്നും അപ്പോൾ കാര്യമാക്കില്ല. ഉള്ള വേദന അങ്ങ് സഹിക്കും.

ഒരുത്തന്റെ നോട്ടം പ്രതീക്ഷിച്ച് നടക്കുമ്പോഴാണ് ഇതൊക്കെ നോക്കാൻ നേരം. അസുഖം വന്നാൽ ഒന്നുകിൽ മനംനൊന്ത് ആത്മഹത്യ ചെയ്യണം അല്ലെങ്കിൽ അതും ആലോചിച്ച് നീറിനീറി ജീവിക്കണം. ഈ രണ്ടുപരിപാടിയും എനിക്ക് പറഞ്ഞിട്ടില്ല. തല്ക്കാലം ഞരങ്ങുന്നതാണെങ്കിലും അനങ്ങുന്ന ഒരു ശരീരമുണ്ട്. അതിനേക്കാൾ സന്തോഷമാഗ്രഹിക്കുന്ന ഒരു മനസും. ശരീരം പറന്നില്ലെങ്കിലും മനസ് പറന്നോളും.

ഞാൻ നടക്കുമ്പോൾ അയാളെ നോക്കുന്നുണ്ട് എന്ന് അയാൾക്കിപ്പോൾ അറിയാം. മാസ്‌ക് വച്ച് മുഖം പാതി കണ്ടുകൂടെങ്കിലും അയാൾക്കത് മനസ്സിലായിട്ടുണ്ട്.

അയാളെ ഞാൻ പലസമയത്തും, ആൾക്കാർ മാസ്‌ക് വയ്ക്കാതെ നടന്നിരുന്ന കാലത്തും കണ്ടിട്ടുണ്ട്. സുന്ദരൻ ആണ്. അയാളുടെ മുഖത്തിന് സൗന്ദര്യം ഉണ്ടെന്നറിയുന്നതിനു മുന്നേ അയാളുടെ സ്വരം കൊണ്ട് വീണുപോയതാണ്. ആദ്യമായി ആ കടയിൽ കയറിയദിനം കപ്പയും ചാളക്കറിയും പറഞ്ഞ് കാത്തിരിക്കുന്ന സമയത്താണ് ‘ഇതുവരെ കൊണ്ടുവന്നില്ലേ?' എന്ന് ഞങ്ങളോട് ആ സ്വരം അന്വേഷിച്ചത്. പിന്നെ ആരെയോ വിളിച്ച് എന്താണിത്ര വൈകുന്നതെന്ന് അയാൾ ചോദിക്കുന്നതിനിടെ എന്റെ കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളും കക്ഷിയെ നോക്കിയശേഷം നേരെ എന്നെയാണ് നോക്കിയത്.

എന്റെ ചുണ്ടിൽ അവിഹിതമായ ഒരു ചിരി ഉണ്ടായിരുന്നു എന്നാണ് പിന്നീടവർ പറഞ്ഞത്. അയാളെക്കാണുന്നതിനു മുന്നേതന്നെ ഞാൻ നാണിച്ച് കുസൃതിയോടെ ചിരിച്ചുകൊണ്ടിരുന്നു. തിരിഞ്ഞുനോക്കാൻ എനിക്ക് ധൈര്യം കിട്ടിയില്ല. അന്ന് ബില്ല് കൊടുക്കാനുള്ള കാശ് എന്റെ പക്കലായിരുന്നതുകൊണ്ട് കൗണ്ടറിൽ കാശുകൊടുക്കാൻ എനിക്കാണ് പോകേണ്ടിയിരുന്നത്. എനിക്ക് ചിരി നിർത്താൻ കഴിയാഞ്ഞിട്ട് ഞാൻ മുഖം താഴ്​ത്തിപ്പിടിച്ചാണ് നടന്നത്.

അയാളുടെ നാലോ അഞ്ചോ വയസ് പ്രായമുള്ള മകൻ കൈകഴുകി വരുന്നവർക്ക് തുടയ്ക്കാൻ ടിഷ്യുപേപ്പർ എടുത്ത് കൊടുക്കുന്നുണ്ടായിരുന്നു.

അയാളെക്കാണുന്നതിനു മുന്നേ ഞാൻ കുട്ടിയുടെ മുഖമാണ് കണ്ടത്. ഞാൻ കൊടുത്ത ബില്ലും നോട്ടും വാങ്ങി ബാക്കി കാശ് കൈയിൽപ്പിടിച്ചുനിന്ന അയാളെ ഒറ്റത്തവണ നോക്കിയതും ഞാൻ മുഖം കുനിച്ചിറങ്ങി​പ്പോന്നു. ഒരുപക്ഷെ അവിടെപ്പോകുന്ന ഓരോ പെണ്ണും അയാളെ നോക്കുന്നുണ്ടാവണം. അയാൾക്കത് ഒരു പുതുമയെ ആയിരിക്കില്ല. എന്നാലും ഇപ്പോഴുള്ള എന്റെ നടത്തം അയാൾ ശ്രദ്ധിക്കുന്നുണ്ട്. മാസ്‌ക് വച്ച ഞാൻ ആരായിരിക്കും എന്ന് ചിന്തിക്കുന്നുണ്ടാവും. ഒന്നങ്ങോട്ട് നടന്നിട്ടു വരാം.

അവിടെയെത്തിയപ്പോൾ കട തുറന്നിട്ടില്ല. മുൻവശത്ത് പാചകം ചെയ്യുന്ന വടക്കുകിഴക്കൻ സംസ്ഥാനക്കാരായ തൊഴിലാളികളുടെ മേളം. വൈകുന്നേരമേ കട തുറക്കുള്ളൂ എന്നകാര്യം ഞാൻ വിട്ടുപോയി. അയാൾ കടയ്ക്കുമുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന കാറിൽ നിന്നിറങ്ങി വർണച്ചെടികൾ പടർത്തിയ മുളയിൽ ചാരിനിന്ന് ഫോണിൽ ആരോടോ സംസാരിക്കുന്നു. എനിക്ക് ചൂട് അസഹ്യമായി തോന്നി. അയാൾ തിരിഞ്ഞൊന്നു നോക്കിയിരുന്നെങ്കിൽ!

ചൂടത്ത് എന്റെ ഹൃദയം ആവിയായി തലയ്ക്കു മുകളിൽ പെയ്യാൻ നിൽക്കുന്നു. റോഡിനപ്പുറമുള്ള കടയിലെ പണിക്കാർ എന്നെയൊന്നു നോക്കി പണിയിലേക്കു വീണ്ടും തിരികെപ്പോയി. വഴിയിലൂടെ ഏതുപെണ്ണ് പോയാലും അവരതു ചെയ്യും. ഞാൻ ചുമ്മാ നടത്തത്തിനു വേഗം കൂട്ടി. കടയ്ക്കു തൊട്ടുനേരെ എത്തിയതും ഞാൻ കടയിലേക്ക് വീണ്ടും പാളിനോക്കി. ഫോൺ സംസാരത്തിന്റെ തിരിയലിൽ അയാൾ എന്നെക്കണ്ടു. സംസാരിച്ചുകൊണ്ടിരുന്ന ഫോൺ ഒരുനിമിഷം ചെവിയിൽ നിന്നകത്തി എന്നെനോക്കി അയാൾ നിന്നു. മാസ്‌കുകൾ ശരീരം മുഴുവൻ മറച്ചിരിക്കുന്നു എന്നൊരു തോന്നലിൽ മണലിൽ തലപൂഴ്ത്തിയ ഒട്ടകപ്പക്ഷികളെപ്പോലെ ഞങ്ങൾ പട്ടാപ്പകലിൽ വിഡ്ഢികളുടെ രാജാവും രാജ്ഞിയുമായി.

അയാൾ ഫോൺ ഓഫ് ആക്കി ഇടതുകൈകൊണ്ട് തലയുഴിഞ്ഞ് നിലത്തു താളംചവുട്ടി. അയാൾക്ക് റോഡുമുറിച്ചു എന്റെ അടുത്തേക്ക് വരാനുള്ള ധൈര്യം കൊടുക്കാൻ എനിക്ക് തോന്നിയില്ല. ഊക്കിൽ നടന്നുകൊണ്ടിരുന്ന ഞാൻ തല ഭൂമിയിലേക്ക് കുനിച്ചുപിടിച്ച് വായ തുറന്നുചിരിച്ചു. എന്റെ ചുമലുകൾ ഉയർന്നു താഴുന്നത് അയാളും കണ്ടുകാണണം. അയാൾ പണിക്കാരുടെ കണ്ണുവെട്ടിച്ച് തിരിഞ്ഞുനിന്ന് ചിരിയടക്കി. ഇനിയിപ്പോൾ തിരികെനടന്ന് അതേവഴി ലാബിലേക്ക് പോയാൽ നാണക്കേടാവും. അയാൾ അവിടെത്തന്നെക്കാണും. ഇന്നത്തേക്കുള്ളത് എനിക്കും അയാൾക്കും കിട്ടിയിട്ടുണ്ട്. ഇതിൽക്കൂടുതൽ ഇന്ന് താങ്ങില്ല. ഞാൻ ഒരു ഇടവഴിയിൽക്കയറി ഒരു വൃത്തം നടന്ന് തിരികെ ലാബിന്റെ മുന്നിൽ തന്നെയെത്തി നിന്ന് കിതച്ചു.

‘റേച്ചലേ ... വണ്ടിയെടുത്തോ...'
‘ങേ?' വീണ്ടും ദേ റേച്ചൽ. ഞാൻ നടന്ന് അവിടെ പാർക്ക് ചെയ്തിരുന്ന കാറിൽ പോയി തലയിട്ടു നോക്കി. പിൻവശത്തെ വാതിൽചില്ലുകൾ താഴ്ത്തിയിരിക്കുകയാണ്. മുൻവശത്ത് ആരുമില്ല. പിൻഭാഗത്തെ സീറ്റിന്റെ ഒരു വശത്ത് വയസായ ഒരു സ്ത്രീ കൂനിക്കൂടി ചുരുണ്ടിരിക്കുന്നു.
‘എന്നെയാണോ വിളിച്ചത്?'
‘പിന്നല്ലാതെ, നീ വണ്ടിയെട്... എത്ര നേരോയി. ചൂട് ഡിയർ.നമുക്ക് പോണ്ടേ?..’
‘എവിടെയ്ക്ക്?'
‘സ്വിറ്റ്​സർലാൻഡ്...’
‘കാറിലോ?' ചോദിച്ചപ്പോൾ ഞാൻ ചിരിച്ചു പോയി.
‘എങ്ങനെയായാലും പോയാൽ പോരെ?'

ഞാൻ ആരെന്നാവും ഈ സ്ത്രീ വിചാരിച്ചിരുന്നത്. കണ്ടിട്ട് നല്ല ഓർമയൊന്നും ഉള്ള ലക്ഷണമില്ല. വയസ് ഒരു പത്തെൺപത്തഞ്ച് കുറഞ്ഞത് വരും. സ്വിറ്റ്സ​ർലാൻറിൽ പോണം എന്നും പറഞ്ഞിരുന്ന് തൊണ്ണ കാണിച്ചു ചിരിക്കുകയാണ്. പറയുന്നതൊക്കെ കണ്ണ് കൊണ്ടുകൂടികേട്ടാലേ തിരിയുകയുള്ളൂ. വാക്കുകളുടെ വക്കും മൂലയുമെല്ലാം കാറ്റത്തു ചിതറുന്നു.

‘ദാ... പാസ്’, കയ്യിലെ ബാഗിൽ നിന്ന്​ ഏതോ സൂപ്പർമാർക്കറ്റിലെ ബില്ല് ചുരുണ്ടു കിടന്നിരുന്നത് എടുത്ത് നീട്ടുകയാണ്.
‘എന്തിന്റെ പാസ്.'
‘ഇപ്പോഴൊക്കെ പാസുണ്ട്... പണ്ടത്തെപ്പോലെ അല്ല?', സംസാരിച്ചപ്പോൾ അമ്മൂമ്മയുടെ ചുണ്ടുകളും കവിൾക്കുഴികളും ഒരു ഭൂകമ്പത്തിപ്പെട്ടു. എനിക്ക് ചിരി വന്നു. ഇതാരാണ് ഈ സ്വബോധം ഇല്ലാത്ത സ്ത്രീയെ വഴിയിൽ ആക്കി പോയിരിക്കുന്നത്. ലാബിലേക്കോ മറ്റോ വന്നതാകുമോ? ഞാൻ ലാബിലേക്ക് നോക്കി. കെട്ടിടത്തിന്റെ മുൻവശത്ത് ആരുമില്ല.
‘റേച്ചൽ കേറ്.’

എന്ത് ധൈര്യത്തിലാണെന്നറിയില്ല ഞാൻ ഡോർ തുറന്നതും... ‘അയ്യേ, അത് വഴിയാണോ?' അമ്മൂമ്മ നെറ്റിയിലെ ചുളിവുകൾ എല്ലാം കൂടി കൂട്ടിപ്പിടിച്ചു.

ഞാൻ കാറിന്റെ അപ്പുറത്തേക്ക് പോയി ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്ന് ഡോർ അടച്ചു. മരത്തിന്റെ ചുവട്ടിൽ ആയതുകൊണ്ട് കാറിൽ അധികം ചൂടുണ്ടായിരുന്നില്ല. കാറിന്റെ കീ കീഹോളിൽ തന്നെയുണ്ട്. അപ്പൊ വണ്ടിയോടിച്ചിരുന്നയാൾ ഇവിടെ അടുത്ത് തന്നെ കാണണം.

അയാളോ മറ്റോ കണ്ടുകൊണ്ട് വന്നാൽ എന്താവും എന്റെ അവസ്ഥ!
ഞാൻ സീറ്റിലിരുന്നു തിരിഞ്ഞ് ആ വൃദ്ധയെ നോക്കി. വെള്ളയിൽ വയലറ്റ് പൂക്കളുള്ള സാരിയാണ് ചുറ്റിയിരിക്കുന്നത്. സീറ്റിൽ ഒരു കൊച്ചുപന്ത് പോലെ ഉരുണ്ടിരിക്കുന്നു. പൊക്കം കുറഞ്ഞ സ്ത്രീ ആയിരുന്നിരിക്കണം നീണ്ടു നടന്നപ്പോഴും. നല്ല അഴകുള്ള മുഖം. മൂക്കിന്റെ തുമ്പ്​ മേൽച്ചുണ്ടിൽ മുട്ടിനിൽക്കുന്നു. കവിളൊക്കെ ബട്ടർപേപ്പർ പോലെ വരണ്ടു തിളങ്ങുന്നു. കുഴച്ച ഗോതമ്പ് മാവിന്റെ ഉണ്ടയിൽ തലങ്ങും വിലങ്ങും വരഞ്ഞത് പോലെ ചുളിവുകൾ. കൊച്ചുകുട്ടികളെപ്പോലെ ചിരിക്കുകയാണ് എന്നെനോക്കി.
‘വണ്ടിയെടുക്ക്...' അവർ കൈ ഉയർത്തി എന്റെ പിൻകഴുത്തിൽ വിരലുകൾ കൊണ്ട് തള്ളിക്കൊണ്ടിരുന്നു.

ആഭിചാരശക്തിയിൽ പെട്ടെന്നപോലെ ഞാൻ കീതിരിച്ച് എൻജിൻ സ്റ്റാർട്ടാക്കി വണ്ടി മുന്നോട്ടെടുത്തു. വണ്ടി ഓടിക്കാൻ ലേശം അറിയാമെന്നേ ഉള്ളൂ. ലൈസൻസ് ഇല്ല. റോഡിലൊന്നും വണ്ടികൾ ഇല്ലാത്ത ധൈര്യത്തിൽ ഞാൻ ആക്‌സിലറേറ്ററിൽ കാലമർത്തി വിട്ടു.
‘എവിടെപ്പോകാനാ?' ഞാൻ ഒരു ഊബർ ഡ്രൈവറോ മറ്റോ ആണെന്ന് എനിക്ക് തോന്നി.
‘ആ, ഇപ്പൊ എന്നോടാ ചോദിക്കുന്നത്? വിച്ചേസ് സ്റ്റോൺ'
‘അതെവിടെയാണ് എന്നാണ് ചോദിച്ചത്.'

അമ്മൂമ്മ മിണ്ടുന്നില്ല. തലയ്ക്കു മുകളിലെ മിററിൽ നോക്കിയപ്പോൾ പുറത്തേക്കു നോക്കിയിരിക്കുകയാണ് കക്ഷി. പിന്നോട്ടോടുന്ന ഓരോന്ന് നോക്കി ചിരിക്കുകയാണ്.

‘എന്നെ കൊല്ലാൻ കൊണ്ട് പോകുവാണോ?' ഞാൻ ഉറക്കെ ചോദിച്ചു.

പുറകിൽ നിന്ന്​ ഒരനക്കവും ഇല്ല. ഞാനിപ്പോൾ അപരിചിതയായ ബോധക്കേടുള്ള ഒരു സ്ത്രീയെയും കൊണ്ട് ആരുടെയോ വണ്ടി അനുവാദമില്ലാതെ എടുത്ത് ഓടിക്കുകയാണെന്ന ചിന്ത ഒരുനിമിഷം മനസിലേക്ക് കയറിവന്ന് അതേപോലെത്തന്നെ ഇറങ്ങിപ്പോയി. എന്റെ വീട്ടിലേക്ക് തിരിയുന്ന ഇടവഴിയുടെ മൂലതിരിഞ്ഞ് ബിനോയ് നടന്നുകയറിപ്പോകുന്നത് ഞാൻ കണ്ടു. നാലു ദിവസത്തിനു ശേഷമുള്ള വരവാണ്. ഒന്നങ്ങോട്ട് പോയി ‘എങ്ങോട്ടേക്കു പോകുന്നു' എന്ന് ചോദിച്ച് ഒന്ന് പരിഹസിച്ചാലോ എന്ന് തോന്നിയെങ്കിലും എന്തെങ്കിലും ആട്ടെ എന്ന് കരുതി വണ്ടി മുന്നോട്ട് തന്നെ പറപ്പിച്ചു.
‘എത്ര കാലമായി ഞാൻ കാത്തിരിക്കുന്നു എന്നറിയോ?'

പുറത്തുനിന്ന്​ കാറിനുള്ളിലേക്കു കാറ്റടിച്ചു കയറി. ശബ്ദം തിരിയാത്തതു കാരണം ഞാൻ ഗ്ലാസ് ചില്ലുകൾ ഉയർത്തി വച്ചു.
‘ആരെ കാത്ത് അമ്മൂമ്മേ?'
‘ഇയാളെ കാത്ത്... എന്നെ അങ്ങനെ പറ്റിച്ചു പോകാൻ ഒക്കുവോ?'

മുൻവശത്തെ ഗ്ലാസ്സിലൂടെ ഞാൻ വൃദ്ധയെ പാളിനോക്കിക്കൊണ്ടിരുന്നു.
‘ദാ അവിടെ...അവിടെ...’, വൃദ്ധ കയ്യും മുഖവും ജനാലച്ചില്ലിൽ ഒട്ടിച്ചുവച്ചു.

മുന്നിൽ റോഡിനൊരുവശത്തായി കാടുപിടിച്ചു കിടക്കുന്ന പ്രദേശം. അതിനടുത്തൊന്നും തന്നെ ആൾവാസം ഉള്ളതായി തോന്നിയില്ല. വണ്ടി ഒരിടത്തേക്ക് ഒതുക്കിയതും ഒരു പോലീസ് ജീപ്പ് പിന്നിൽനിന്നും വരുന്നതുകണ്ടു. വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തലോ എന്നുഞാൻ ഒരുനിമിഷം ചിന്തിച്ചു. ഇന്നെന്തായാലും രാത്രിയിലെ ഭക്ഷണം വല്ല പോലീസ്സ്‌റ്റേഷനിലെയും കഞ്ഞിയായിരിക്കും.

പോലീസുകാർ വല്ലതും തിന്നാൻ വാങ്ങിത്തരുമോ എന്നുകൂടി എനിക്കറിയില്ല. നല്ലപിള്ള ചമഞ്ഞുനടന്ന ഞാൻ നാളെ ഏതൊരു കുറ്റവാളിയെയും പോലെ പോലീസിന്റെ വായിലിരിക്കുന്നതു കേട്ട് കുറ്റങ്ങളുടെ ലോകത്തിലേക്ക് ഒരു ചെറുകാൽവെയ്പ്പ് നടത്തിയിരിക്കും. അമ്മൂമ്മ എനിക്കനുകൂലമായി സാക്ഷി പറഞ്ഞാലും ഒരു രക്ഷയും ഉണ്ടാവില്ല. എനിക്ക് ആകെ തമാശ തോന്നി. വിരസമായ ജീവിതത്തിന്റെ പരിചിതമായ ത്രിമാനഡിസൈനിൽ ഒരു തൂണുനാട്ടി നാലാംഅക്ഷത്തിൽ കയറിയിരിക്കുകയാണ് ഞാനിപ്പോൾ. സ്ഥിരതയില്ലെങ്കിലും നല്ല രസമുണ്ട്. പുറകിലിരിക്കുന്ന വയസായ സ്ത്രീയെക്കാളും ബോധക്കേട് എനിക്കാണല്ലോ.

പോലീസ് പിടിക്കുന്നെങ്കിൽ പിടിക്കട്ടെ എന്ന് കരുതി ഞാൻ കാറിൽത്തന്നെ ഇരുന്നു. ഈ നാടകത്തിനു ഇപ്പോഴൊന്നും അവസാനമായിട്ടില്ല എന്നമട്ടിൽ പോലീസ് വാഹനം ഇരമ്പിക്കടന്നുപോയി.

‘ദാ കണ്ടോ ... ഞാൻ റേച്ചലിന് അയച്ചതൊക്കെ എവിടെ?'

ഞാൻ തിരിഞ്ഞുനോക്കുന്നതിനിടെ ചിത്രത്തുന്നലുകൾ ഉള്ള ഒരു തുണിസഞ്ചി എന്റെ വശത്തുള്ള മുൻസീറ്റിൽ വന്നു വീണു. ഞാൻ അതെടുത്ത് പരിശോധിച്ചു. കുറെ പോസ്റ്റ്കാർഡുകൾ. പത്തിരുപതെണ്ണം വരും. ഒരുപാടു പഴക്കം ചെന്നവ.

കാലം അക്ഷരങ്ങളെ വറ്റിയൊഴുകുന്ന നദികളാക്കി മാറ്റിയിരിക്കുന്നു.
കഷ്ടിച്ച് വായിച്ചെടുക്കാം.
ഇംഗ്ലീഷിൽ കുനുകുനാ എഴുതിയിരിക്കുന്നു.
ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഉണ്ട് കൂട്ടത്തിൽ.
മുഖം തെളിഞ്ഞിട്ടില്ല.
മെലിഞ്ഞ യൂറോപ്യൻ പ്രകൃതമുള്ള സ്ത്രീ.
അലുക്കുകളുള്ള ഫ്രോക്ക്, കാലുറ, തലയിൽ സ്‌കാർഫ് ഇത്രയും തെളിഞ്ഞുതന്നെ കിടക്കുന്നു. അവരുടെ ശരീരം ഫോട്ടോഗ്രാഫിലേക്കു അലിഞ്ഞ് ഇല്ലാതായിരിക്കുന്നു. അറുപതുകളിൽ തുടങ്ങി എൺപതുകൾ വരെ അയച്ചിട്ടുള്ള കാർഡുകൾ. ചിലതിൽ കൈകൊണ്ട് വരച്ചിരുന്നു. ചെറിയ പൂക്കളും ചിത്രശലഭങ്ങളും ഇലകളും ഒക്കെ. ഒക്കേതിന്റെയും അടിയിൽ റേച്ചൽ എന്ന് ഇംഗ്ലീഷിൽ പേരെഴുതി ഒപ്പിട്ടിരിക്കുന്നു. ഒന്നുരണ്ടു കത്തിൽ ചിത്രങ്ങൾ കൂടാതെ എഴുത്തും ഉണ്ട്. ഞാൻ അതെടുത്ത് ഓരോന്നായി വായിച്ചു നോക്കി. വായിക്കുന്നതിനിടെ ഞാൻ വൃദ്ധയെ ഒന്നുപാളി നോക്കി. കവിളുകൾ ഉരുട്ടി പുഞ്ചിരിച്ച് എന്റെ കയ്യിലെ കാർഡുകൾ നോക്കിയിരിക്കുകയാണ്. സ്വിറ്റ്സർലാൻഡിലെ എൻഡിഗെൻ എന്ന പ്രദേശത്തുനിന്നയച്ച കാർഡുകൾ ആണവ.

അതിലൊന്നിൽ ഇങ്ങനെ എഴുതിയിരുന്നു, ‘‘തെരേസ, പഞ്ഞമുള്ളതെങ്കിലും നല്ലൊരു കുട്ടിക്കാലം നിനക്ക് ഉണ്ടായിരുന്നതായി നീ എഴുതിയിരുന്നല്ലോ. ഭാഗ്യമുള്ളവരാണ് കുട്ടിക്കാലത്ത് ദുരന്തങ്ങൾ ഏറ്റുവാങ്ങാത്തത്. പത്താം വയസിൽ എന്റെ കൈത്തണ്ടയിൽ നാസികൾ അഞ്ചക്ക നംബർ പച്ചകുത്തുമ്പോൾ എന്റെ അമ്മ ചവിട്ടേറ്റ് ചെളിമണ്ണിൽ വിറങ്ങലിച്ച് കിടക്കുകയായിരുന്നു. പനിപിടിച്ച എന്റെ ഇളയ അനുജനുവേണ്ടി മരുന്ന് ചോദിച്ചതിന് ഒരു ഓഫീസർ അമ്മയെ നാഭിക്ക് ചവിട്ടി വീഴ്ത്തിയതാണ്. എന്റെ കയ്യിൽ ഇപ്പോഴും ഉണ്ട് ആ കറുത്ത സംഖ്യ. ഒരു മനുഷ്യൻ വെറും ഒരു സംഖ്യയായി വിളിക്കപ്പെടുന്നത് നിനക്ക് ഊഹിക്കാൻ പോലും കഴിയില്ല. എന്റെ അമ്മ, അച്ഛൻ, നാലു സഹോദരങ്ങൾ എല്ലാരും കൊല്ലപ്പെട്ടു. ഈ നിറംകെട്ട നമ്പർ ഒരു ബ്ലേഡ് എടുത്ത് ചുരണ്ടിക്കളഞ്ഞാലോ എന്ന് എത്ര തവണ ആലോചിച്ചെന്നോ! കഴിയുന്നില്ല. കാമുകന്റെ ഫോൺ നമ്പർ പച്ചകുത്തിയിരിക്കുകയാണോ എന്ന് ഒരിക്കൽ ഒരാൾ എന്നോട് ചോദിച്ചിട്ടുണ്ട്. നിനക്കറിയാമോ, ഒരു കാമുകൻ എന്തായിരിക്കും എന്ന് എനിക്കറിയില്ല. പ്രേമം എന്തെന്ന് അറിയില്ലെങ്കിലും കരുണ എന്താണെന്നു എനിക്ക് നന്നായറിയാം. എനിക്ക് ഒരു മകൾ ഉണ്ട്. നാലു കുഞ്ഞുങ്ങൾ വയറ്റിൽ തന്നെ മരിച്ചുപോയി. എന്റെ ശരീരം എന്റെ കുഞ്ഞുകാലത്ത് തന്നെ പേടിച്ചു പോയെന്നാണ് ഡോക്ടർ പറഞ്ഞത്. ഞങ്ങളുടെ ഗ്രാമത്തിൽ ഒട്ടുമിക്ക എല്ലാ സ്ത്രീകളുടെയും അവസ്ഥ എന്റേത് പോലെ തന്നെ. ചിലർക്ക് കുട്ടികളേ ഉണ്ടായില്ല. എന്നെപ്പോലെതന്നെ ജീവിതം പേടിപ്പിച്ച ഒരു മനുഷ്യനാണ് എന്റെ ഭർത്താവ്. മകൾ സ്‌കൂളിൽ പോയിക്കഴിഞ്ഞാൽ ഞങ്ങൾ രണ്ടുപേരും ഒറ്റയ്ക്കാവുമ്പോൾ വീടിനുള്ളിൽ ഒളിച്ചിരിക്കുന്ന ഞങ്ങളുടെ ഭയം മൂലകളിൽ നിന്നും പുറത്ത് ചാടും. മകൾ വീട്ടിലുള്ളപ്പോൾ അവളെപ്പേടിച്ച് അത് മൂലകളിൽ അഭയം തേടുന്നതാവണം. നിന്നെ കാണണം എന്നുണ്ട്. എങ്കിലും ഒരിക്കലും കാണരുതേ എന്നാണ് എന്റെ പ്രാർത്ഥന. ഇനിയെന്നെങ്കിലും കണ്ടാൽ തന്നെ ഞാൻ നിനക്ക് എഴുതിയതിനെ കുറച്ചൊന്നും എന്നോട് ചോദിക്കരുത്. നിന്റെ പരീക്ഷ അടുത്തോ? നിനക്ക് വിവാഹം നിശ്ചയിച്ചിരിക്കുന്നു എന്ന് അറിയിച്ചല്ലോ. നിനക്ക് എല്ലാ സ്‌നേഹവും ആശംസകളും.’’
റേച്ചൽ

മറ്റൊന്നിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
തീയതി നോക്കിയപ്പോൾ ഇത് ആദ്യത്തെ കത്താണെന്ന് തോന്നി.

‘‘ഓഷ്​വിറ്റ്​സ്​ അതിജീവിതരെ മാനസിക സമ്മർദ്ദത്തിൽ നിന്നും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഇവിടെ നടക്കുന്ന പരിപാടിയിൽ കത്തയക്കാൻ എനിക്ക് കിട്ടിയ അഡ്രസ് നിന്റേതാണ്. നീ ഇന്ത്യയിലെ ഒരു വിദ്യാർത്ഥിനി ആണെന്ന് പറഞ്ഞു. ഇന്ത്യ എവിടെയാണ് എന്നെനിക്കറിയില്ല. ഞാൻ ഒരിക്കലും സ്‌കൂളിലോ കോളേജിലോ പോയിട്ടില്ല. ഇവിടത്തെ ഒരു സ്ത്രീ ഓഫീസറാണ് എനിക്കുവേണ്ടി ഇതെഴുതുന്നത്. ഞങ്ങളെപ്പോലുള്ളവർക്കു മാനസിക പിരിമുറുക്കം കൂടുതലാണ്. അതുകൊണ്ട് പലതരം അസുഖങ്ങൾ വേഗം പിടിപെടുന്നു എന്നാണ് ഇവിടുത്തെ ആരോഗ്യപ്രവർത്തകർ പറയുന്നത്. ശരിയായിരിക്കും. മറ്റുള്ളവരെപ്പോലെ ഒരുപക്ഷെ ഞങ്ങൾ ചിരിക്കുന്നുണ്ടാവില്ല, കരയുന്നുണ്ടാവില്ല, ദേഷ്യപ്പെടുന്നുകൂടി ഉണ്ടാവില്ല. ദുരന്തത്തിൽ നിന്ന്​ രക്ഷപ്പെട്ടവർക്ക് ജീവിതം അനുഗ്രഹമാണെന്ന് പറയാനാകുമോ? മനസ്സിൽ പതിഞ്ഞതൊക്കെ മായ്ച്ചുകളയാൻ ഞങ്ങൾ വെറുതെ ശ്രമിക്കുന്നതാണ് പ്രശ്‌നം എന്നാണ് പറയുന്നത്. സംസാരിച്ചാലും ഉള്ളിലെ ചിന്തകൾക്ക് രൂപം കൊടുത്താലും കുറേക്കൂടി ശാന്തരാകുമത്രെ. എനിക്കറിയില്ല അവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന്. ഞാൻ വീട്ടിലിരുന്ന് തുണികളിൽ റേന്ത പിടിപ്പിച്ച ചിത്രത്തുന്നലുകൾ ചെയ്യാറുണ്ട്. മേശവിരിപ്പായും ജനൽശീലകളായും ഉപയോഗിക്കാൻ കഴിയുന്നവ. എന്റെ മകളുടെ കുപ്പായങ്ങളും മോടിപിടിപ്പിക്കുന്നത് ഞാനാണ്. പൂക്കൾ തുന്നാൻ എനിക്ക് നല്ല മിടുക്കാണെന്ന് എല്ലാരും പറയും. ഇപ്പോൾ തണുപ്പ് കാലമാണ് ഇവിടെ. നിങ്ങളുടെ നാട്ടിൽ മഞ്ഞുണ്ടോ? മറ്റെന്താണ് നിന്നോട് ചോദിക്കേണ്ടത് എന്നെനിക്കറിയില്ല. ഞാൻ ഇതിനു മുന്നേ ആർക്കും കത്തെഴുതിയിട്ടില്ല. നിനക്ക് എല്ലാ സന്തോഷവും നേരുന്നു.'’
റേച്ചൽ.

ഞാൻ കത്തുകൾ തുണിസഞ്ചിയിലാക്കി പിൻസീറ്റിലേക്കു നോക്കി. അമ്മൂമ്മ പുറത്തേക്കു തന്നെ നോക്കിയിരിക്കുകയാണ്. ഞാൻ കാറിൽനിന്നിറങ്ങി അമ്മൂമ്മ ഇരിക്കുന്ന ഡോറിനടുത്തെത്തി ഒരുനിമിഷം അവരെ നോക്കിനിന്നു. അവർ കൈവിരലുകൾ ഡോറിൽ കൊരുത്തുപിടിച്ചിരിക്കുകയാണ്. ഇനിയും നമ്മൾ എന്തെല്ലാം കാണാനും പറയാനും പോകുന്നു എന്ന മട്ടിൽ അവർ എന്നെനോക്കി പുഞ്ചിരിച്ചു. അടുത്തുനിന്നിട്ടും എന്തകലം എന്ന് ഞാൻ പറഞ്ഞുപോയി.

‘ദാ,.... അതാണ് വിച്ചസ് സ്റ്റോൺ' അമ്മൂമ്മ കൈചൂണ്ടിയ ഭാഗത്തേക്ക് ഞാൻ തലതിരിച്ചു. പൊന്തക്കാട്ടിൽനിന്നും വളർന്നുപൊങ്ങിയ വള്ളിച്ചെടികൾ ഉയരമുള്ള മരങ്ങളെ കീഴടക്കിയ ഭാഗത്തു നിന്ന് സൂര്യൻ കഷ്ടിച്ച് എത്തിനോക്കുന്നു.

‘അവിടെ എന്താണുള്ളത്?' ഞാൻ ചോദിച്ചു.
‘ആമ്പൽപ്പൂക്കൾ. മനസിലെ വിഷമങ്ങൾ ഉരുക്കുന്ന യക്ഷിപ്പാറ അവിടെയാണ്. ഞാൻ പറഞ്ഞില്ലേ, റേച്ചൽ വരുമ്പോ കൊണ്ടുപോകാമെന്ന്. ഡോർ തുറക്ക്.'

ഞാൻ അമ്മൂമ്മയ്ക്ക് ഡോർ തുറന്നുകൊടുത്തു. അവർ മെല്ലിച്ചകാലുകൾ താഴേക്ക് നിരക്കി.

വളഞ്ഞുകമിഴ്ന്ന ചുമലിൽനിന്നും തൂങ്ങിയ കൈകൾ മുന്നിലുള്ള എന്തിനെയോ പിടിക്കാൻ എന്നവണ്ണം എപ്പോഴും മുന്നോട്ടു നീട്ടി. കാറിൽ നിന്നിറങ്ങിയ അവർ പതിയെ റോഡിനോരത്തെ പറമ്പുമുറിച്ചു നടക്കാൻ തുടങ്ങി. കുറച്ചുനടന്നശേഷം അവർ തിരിഞ്ഞെന്നെ നോക്കി.
‘വാ...' എന്നെ അവർ കൈകൊണ്ട് പാറ്റിവിളിച്ചു.

ഞാൻ തലയിളക്കി ചുറ്റും നോക്കി. ആരുമില്ല. എല്ലാ മനുഷ്യരും ഞങ്ങളുടെ കുഞ്ഞുകളിക്ക് സൗകര്യമുണ്ടാക്കി എവിടെയോ ഒളിച്ചിരിക്കുന്നു. നന്ദി. ഞാൻ ഓടിച്ചെന്ന് അവരോടൊപ്പം നടന്നു.
‘കണ്ടോ പൂക്കൾ. നിറയെ പൂക്കൾ', അവർ പൂക്കളെതൊടുന്നമാതിരി കൈകളാട്ടി.
‘ഇനി കണ്ണടച്ച് പ്രാർത്ഥിച്ചോ. മനസിലെ എല്ലാ കല്ലും ഉരുക്കണേ... അതിനെയെല്ലാം ആമ്പൽപ്പൂക്കൾ ആക്കണേ എന്ന്.'

അവർ നരച്ച ശിരസുകുനിച്ച് കൈകൾ കൂപ്പിനിന്നു. ഞാൻ ചുറ്റും കണ്ണോടിച്ചു. എനിക്ക് ആമ്പൽപ്പൂക്കൾ കാണാൻ കഴിഞ്ഞില്ല. കാട്ടുപൊന്തകൾക്കിടയിൽ നിന്നും ഇടയ്ക്കു കുളക്കോഴികൾ ഇറങ്ങിച്ചാടി നടന്നു. പിന്നെ വന്നതുപോലെ തിരികെക്കയറിപ്പോയി. എന്നിട്ടും ഞാൻ പറഞ്ഞു.

‘കണ്ടു. ആമ്പലുകൾ...' പിന്നെ കണ്ണുകളടച്ചുപിടിച്ചു. ബിനോയ്ക്കും കാമുകിക്കും എനിക്കും ഈ ലോകത്തിനു തന്നെയും നല്ലതു വരുത്തണേ എന്ന് പ്രാർത്ഥിച്ചു.

‘പ്രാർത്ഥിച്ചിട്ട് ഇങ്ങനെ നിന്നുനോക്കിയാൽ... നമ്മുടെ സങ്കടങ്ങൾ കൂടി പൂക്കളായി വിരിഞ്ഞുവരുന്നത് കാണാം. ഒരു സങ്കടത്തിന് ഒരു പൂ... അങ്ങനെ പൂക്കളുടെ എണ്ണം കൂടുമ്പോ യക്ഷിപ്പാറയും വളരും. പെണ്ണുങ്ങളുടെ ദുഃഖം കൊണ്ടാണ് ഈ പാറ ഇങ്ങനെ വളർന്നു വളർന്നു വരുന്നത് എന്നാണ് പറയുന്നത്.'

അമ്മൂമ്മ ചിരിച്ചുകൊണ്ട് കണ്ണെത്താത്താദൂരത്തോളം പരന്നുകിടക്കുന്ന ആമ്പൽപ്പാടം കാണുകയാണ്. ഞാൻ അവരോട് ചേർന്നുനിന്നു.
‘തെരേസ്സാ... ഇതേതു സ്ഥലം?' ഞാൻ വിളിച്ചു.

‘മലരിക്കൽ. ഞാൻ വളർന്ന നാട്’, തെരേസ തന്നോട് തന്നെയായി പറഞ്ഞു.

അവരുടെ കൈകളിൽ ഞാൻ തൊടാൻ ശ്രമിച്ചതും തെരേസ എന്റെ കൈ ചുറ്റി മുറുകെപ്പിടിച്ചു. അടുത്തനിമിഷം അവർ എന്നെയുംകൊണ്ട് താഴെക്കിരുന്നു.
റേച്ചലിന്റെ ദുഃഖം മാത്രമേ ഞാൻ വായിച്ചിട്ടുള്ളല്ലോ. തെരേസ കത്തുകളിൽ എന്തായിരിക്കും എഴുതിയത്? ഞാൻ അവരെ അരയ്ക്കു ചുറ്റിപ്പിടിച്ചു. പൊടുന്നനെ എനിക്കും അവർക്കും ഒരേ കാലമായി. ഒരേ പ്രായമായി. ഒരേ കാഴ്ചയായി.
അങ്ങനെ ആ ഇരുപ്പിൽ എനിക്കുമുന്നിലും ആമ്പൽപ്പാടം കാണായി. ഉയർന്നുപൊന്തിയ സൂര്യനെ വകവയ്ക്കാതെ ആമ്പലുകൾ കോടിക്കണക്കിന് പൊട്ടിവിരിഞ്ഞുകൊണ്ടിരുന്നു.

ഒന്ന്... രണ്ട് ... മൂന്ന്...അങ്ങനെ... അങ്ങനെ...

കണക്കുകൾക്കുമപ്പുറം.

പ്രപഞ്ചത്തോളം.
​▮


യമ

എഴുത്തുകാരി, നടി. തിയേറ്റർ രംഗത്ത് ശ്രദ്ധേയ. ഒരു വായനശാലാ വിപ്ലവം, പാലം കടക്കുമ്പോൾ പെണ്ണുങ്ങൾ മാത്രം കാണുന്നത്എന്നീ കഥാസമാഹാരങ്ങളും, പിപീലികഎന്ന നോവലും കൃതികളാണ്.

Comments