പിയാത്ത

(പേര് കടമെടുത്തതാണ്. വായിച്ചതിനുശേഷം തിരിച്ചേൽപ്പിക്കുക)

ചിത്രീകരണം: ദേവപ്രകാശ്

ഒന്ന്​

പ്രശ്‌നം രണ്ടാണ്.
കണ്ണു മഞ്ഞളിക്കുന്ന ഇരുട്ടും തലയ്ക്കു മുകളിലെ മഴക്കാറും.
വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നെങ്കിൽ സാബുവിന് ഇത് രണ്ടും പ്രശ്നമാകുമായിരുന്നില്ല.
പക്ഷെ സാബു ദൈവനിശ്ചയപ്രകാരം വെളിയിലാണ്.
20 തീപ്പെട്ടിക്കൊള്ളികളും 3 മിനിക്കുട്ടി ബീഡിയുമായി അയാൾ ഇരുട്ടിൽ വഴിയറിയാതെ നിൽക്കുകയാണ്.
തനിക്കു വീണ്ടും വീണ്ടും തെറ്റുപറ്റുന്നു എന്ന ആധിയിൽ ഒരു ബീഡി കത്തിക്കാൻ അയാൾ ശ്രമിച്ചു. ആ വകയിൽ കയ്യിലെ തീപ്പെട്ടിക്കൊള്ളികളിൽ 10 എണ്ണത്തിന്റെ കുറവ് സംഭവിച്ചു.
എന്നാലും ബീഡി കത്തിക്കിട്ടി. ആശ്വാസം.
ബീഡിയുടെ വെളിച്ചത്തിൽ അയാൾക്ക് സ്വന്തം മൂക്ക് കാണാം.
ഇനിയിപ്പോ മുന്നോട്ടു പോകാമല്ലോ.

കുറച്ചു ദൂരം മുന്നിലേക്ക് നടന്നപ്പോൾ, പ്രത്യേകിച്ചൊന്നും ശ്രദ്ധിക്കാൻ ഇല്ലാത്തതിനാലും ആലോചിച്ചു വിഷമിക്കാൻ സംഗതികൾ അനേകം ഉള്ളതിനാലും സാബു തന്റെ കാലുകളുടെ ചലനം ശ്രദ്ധിക്കാൻ തുടങ്ങി.
ഗംഭീരം. ഒരു നേതാവിന്റെ നടത്തമാണയാൾക്ക്.
മുന്നോട്ട് മുന്നോട്ട് മുന്നോട്ടാണതിന്റെ പോക്ക്.
സത്യമാണ് ഇന്ന് നേരം പുലർന്ന് ഈ നിമിഷം വരെ വെച്ച കാൽ അയാൾ പുറകിലേക്ക് എടുത്തിട്ടില്ല.
അതിപ്പോൾ ഭാര്യയുടെ അടിവയറ്റിൽ തൊഴിച്ചപ്പോഴായാലും അവിടെ നിന്നിങ്ങോട്ട് ഓടിയപ്പോഴാണെങ്കിലും. മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെ.

ഏതായിരുന്നു ആ ഓടിയ വഴി?
കണ്ടത്തിൽ പടിയിൽ നിന്ന് നേരെ, അവിടെ നിന്ന് വലത്തോട്ട്, അല്ല ഇടത്തോട്ട്. ഏതായിരുന്നു ആ വഴി? ആരിതൊക്കെ ഓർത്തു വയ്ക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ദൂരം താണ്ടുക എന്ന ലക്ഷ്യം മാത്രമേ അപ്പോഴുണ്ടായിരുന്നുള്ളു. ഓടിയില്ലാരുന്നെങ്കിൽ ഭാര്യയുടെ പ്രേതം അയാളെ കൊന്നേനെ.

ചവിട്ടിന്റെ ഊക്കിൽ അവൾ പിന്നാക്കം മറിയുന്നതും അവളുടെ കാലിനിടയിലൂടെ ചോര വരുന്നതും സാബു കണ്ടതാണ്.
എന്തായാലും അവള് മരിച്ചു, പൊലീസ് വരുന്നതിനു മുന്നേ അൽപ്പം ചായ അനത്തി കുടിക്കാമെന്ന് വിചാരിച്ച്​ അടുക്കളയിൽ കയറിയപ്പോൾ അതാ അവൾ. പാതുകപ്പുറത്തിരുന്ന്​ ഒരു വരിക്കച്ചക്ക വെറും കൈ കൊണ്ട് അടർത്തി തിന്നുന്നു. അതവൾ തന്നെയാണ്.
വീടിന്റെ അടുത്തുള്ള ത്രേസ്യ ജോസിന്റെ അതേ മോഡൽ നോക്കി സാബു തന്നെയാണ് ആ പഫുള്ള മാക്‌സി വാങ്ങി കൊടുത്തത്.
അതിലവൾ അന്നും ഇന്നും തുളുമ്പി നിൽക്കുന്നു.
കുറച്ചു മുൻപങ്ങനെ തോന്നിയിരുന്നെങ്കിൽ എന്നയാൾ വെറുതെയൊന്ന് ആശിച്ചു നോക്കി. ഇനി നിന്നാൽ അവൾ തന്നെയും പിളർത്തി തിന്നും എന്നോർത്ത്​ അയാൾ ഓടി. നേരത്തെ പറഞ്ഞ വഴികളിലൂടെ നേരത്തെ പറഞ്ഞപോലെ ദിക്കറിയാതെ. നേരത്തെ പറഞ്ഞ പോലെ ഇരുട്ടത്ത്.

ബീഡി എരിഞ്ഞ്​ ചുണ്ടിൽ വന്നു തൊട്ടപ്പോഴാണ് സാബു ഓർമകളിൽ നിന്നുണർന്നത്.
അയാൾ ചുറ്റും നോക്കി.
ആ ഇരുട്ടത്തും നാലുപാടു നിന്നും സാബുവിന് അപകടം മണത്തു.
ഒരു നാൽക്കവലയുടെ ഒത്ത നടുക്കാണ് താൻ നിൽക്കുന്നതെന്ന് അയാൾക്ക് മനസ്സിലായി. പേടിയും ഉറക്കക്ഷീണവും കാരണം തന്റെ ശരീരം ഉപ്പുമാങ്ങപോലെ ചുരുങ്ങുന്നതായി അയാൾക്കുതോന്നി .
ആരെങ്കിലും ടോർച്ചടിച്ചാൽ അവർക്ക് താൻ ഒരു വിഡ്ഢിയെപ്പോലെ തോന്നിക്കും എന്ന് ആലോചിച്ചു സാബു വഴിയുടെ അരികെന്നു തോന്നിയ ഒരിടത്തേക്ക് മാറി നിന്നു .

ഇനിയെന്ത് ചെയ്യും?
ആലോചിക്കണം. നല്ലപോലെ ആലോചിക്കണം.
അതിന്​ ബീഡി അത്യാവശ്യമാണ്. ഒരെണ്ണം കൂടി കത്തിച്ചു.
ഒടുക്കത്തെ ആലോചന ആയതുകൊണ്ടായിരിക്കാം അതൊരു രണ്ടു ബീഡി വരെ പോയി.
അവസാനത്തെ ബീഡിയുടെ മൂട്ടിൽ തീ കൊടുത്തു തിരിഞ്ഞപ്പോഴാണ് തന്റെ പുറകിലെ കുരിശുംതൊട്ടി സാബു കാണുന്നത്.
ആരാണ് അകത്ത് ?
പിതാവോ, പുത്രനോ, പരിശുദ്ധാത്മാവോ, അതോ പേരുകേട്ട മറ്റേതെങ്കിലും പുണ്യാത്മാവോ? അങ്ങോട്ട് വ്യക്തമാകുന്നില്ല.
തീപ്പെട്ടി തുറന്നു നോക്കിയപ്പോൾ അതിൽ ബാക്കി ഇനി രണ്ടു കൊള്ളികളാണ്.
ഒരു ദൈവകാര്യത്തിനല്ലേ എന്നുവിചാരിച്ച്​ ഒരു തീപ്പെട്ടിക്കൊള്ളി എടുത്തയാൾ കത്തിച്ചു.
എന്നാൽ പെ​ട്ടെന്ന് എവിടുന്നോ വന്ന കാറ്റടിച്ചത് കെട്ടുപോയി.

തുടക്കത്തിൽ തീയും വെളിച്ചവും വെള്ളവും മാർക്കറ്റിൽ കിട്ടുന്ന എല്ലാ അനാമത്തു സാധനങ്ങളും ഉണ്ടാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ഈ വ്യക്തിയെ കാണാൻ വിധി തന്നെ അനുവദിക്കുന്നില്ലല്ലോ എന്ന വിഷമമാണ് ആദ്യം സാബുവിന് വന്നത്. പക്ഷെ കുറച്ചു നേരം ബീഡി വലിക്കാതെ അവിടെത്തന്നെ നിന്നപ്പോൾ അയാളുടെ ഉള്ളിൽ ശ്വാസം നിറഞ്ഞു. ആ ശ്വാസം വയറ്റിൽ ഉരുണ്ടുകൂടി.
പുണ്യാത്മാവിനോട് അനുവാദം വാങ്ങി കുറച്ചങ്ങോട്ടു മാറി സാബു കുന്തിച്ചിരുന്നു. ഇല്ല. ഒന്നും വരുന്നില്ല. പക്ഷെ വയറ്റിൽ ഇപ്പോഴും ഉരുണ്ടു കയറ്റമുണ്ട്. എന്താണിത്?

മൂന്നു മിനിറ്റിനുള്ളിൽ ഉരുണ്ടു കൂടിയവ കണ്ണുകളിൽ കൂടെ വെളിയിലേക്ക് വരാൻ തുടങ്ങി. ഇരുന്ന ഇരുപ്പിൽ ഏഴു കണ്ണീർ വർഷങ്ങളിലൂടെയാണ് സാബു കടന്നു പോയത്. അയാൾക്ക് പാപ ബോധം വന്നു.
അതും ഒരു പാപത്തെ സംബന്ധിക്കുന്നതല്ല.
ഒട്ടനവധി പാപങ്ങൾ. ചെറുപ്പം മുതൽ ചെയ്തു കൂട്ടിയ ശ്ലീലങ്ങളും അശ്ലീലങ്ങളും അയാളുടെ മുന്നിൽ തെളിഞ്ഞു. പാപബോധത്തിന്റെ അടുത്ത ഘട്ടം പ്രായശ്ചിത്തമാണല്ലോ. എല്ലാവരെയും നേരിട്ടു പോയി കണ്ട്​ കുമ്പിടാനും അവരുടെ പ്രതികാരത്തിന് നിന്നുകൊടുക്കാൻ സമയമില്ലാത്തതിനാലും തടി കേടാവത്ത രീതിയിൽ ഒന്നു കുമ്പസാരിക്കാം എന്ന ആശയം അയാളിൽ വന്നു.

ആദ്യം അതൊരു ചിന്തയായിരുന്നു.
പിന്നെ അതൊരു പ്രത്യേയ ശാസ്ത്രവും പാർട്ടിയുമായി വളർന്നു.
അയാൾ ഒരു നായകനാകുകയായിരുന്നു.
കഥ തീരാറായിട്ടു കൂടി ഇനിയും ഇനിയും എന്നാർപ്പു വിളിക്കുന്ന ആസ്വാദകരുടെ സ്വന്തം നായകൻ.
സാബുവിന്റെ ഉള്ളിൽ വിശപ്പും ദാഹവും നിറഞ്ഞു.
കുമ്പസരിച്ചില്ലെങ്കിൽ വയറും തലയും ഒരുപോലെ പൊട്ടി മരിക്കുമെന്ന അവസ്ഥയിലായി സാബു. അയാൾ കുരിശടിയുടെ മുന്നിലേക്ക് ചെന്നു മുട്ടുകുത്തി നിന്നു.
‘‘എന്നെ ഇതിനും മാത്രം നൊമ്പരപ്പെടുത്തണമെങ്കിൽ നിങ്ങൾ ഒരു പെണ്ണായിരിക്കണം. പെണ്ണുങ്ങളിൽ എന്നെ ഇത്രയും കരയിപ്പിയ്ക്കണമെങ്കിൽ നിങ്ങൾ മാതാവ് തന്നെ ആയിരിക്കണം. അമ്മേ...മേരി... മേരി.. എന്നോട് പൊറുക്കേണമേ... മേരി... മേരി...’’

ആ നാമം അയാൾ ഉരുവിട്ടു കൊണ്ടേ ഇരുന്നു.

‘‘ഇവിടെ കിടന്നു വിളിച്ചാൽ കേൾക്കത്തില്ല. ദോ ആ ചപ്പാത്ത് കടന്നാൽ അവളുടെ വീടിന്റെ പുറകിൽ ചെന്നു കേറാം. എന്നിട്ട് വിളി. അപ്പൊ അവള് കേൾക്കും.''
ഇരുട്ടിൽ നിന്ന് വന്ന്​ ഇരുട്ടിലേക്ക് ചൂണ്ടി വഴി പറഞ്ഞു തന്ന് ആ ശബ്ദം ഇരുട്ടിലേക്ക് തന്നെ നടന്നുപോയി. സാബു ഇരുട്ടിലേക്ക് നോക്കി നന്ദി പറഞ്ഞുകൊണ്ട് അയാൾ ചൂണ്ടിയ ഇരുട്ടിലേക്ക് നടന്നു.

രണ്ട്​

ടിപ്പാവാട ഒന്നുകൂടി മുകളിലേക്ക് തെറുത്തു വെച്ചുകൊണ്ട് മേരി കട്ടിലിനു മുകളിൽ പെരുവിരലിൽ നിന്ന് കൊണ്ട് ഫാൻ കറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. മാറിടം കാണിച്ചുകൊണ്ടുള്ള ആ നിൽപ്പ്. അത് മേരിയ്ക്ക് മാത്രമേ പറ്റൂ.
ഒരു വരയൻ കൈലി മാത്രമിട്ട് മേരിയുടെ അടി മുതൽ മുടി വരെ നോക്കി കട്ടിലിൽ കിടക്കുന്ന കണ്ടൻപൂച്ചയെന്ന പേരിൽ പ്രശസ്തിയാർജിച്ച കരുണാകരൻ ആലോചിച്ചു. ഇടയ്ക്കു ഒരു പ്രാണി പാഞ്ഞപ്പോൾ മേരി പെരുവിരലിൽ നിന്നൊന്നാടി. ആ ആട്ടത്തിൽ അവളുടെ മുലകൾ തന്റെ മേൽ പറിഞ്ഞു വീഴുമെന്നു വിചാരിച്ചു കരുണാകരൻ ഒച്ചയിട്ടു.
‘‘അയ്യോ''
‘‘എന്താ?''
ഭയന്നുപോയ മേരി ചോദിച്ചു.
‘‘ഞാൻ വീഴുമെന്നു വിചാരിച്ചു.''
ഒരു കുസൃതിച്ചിരിയോടെ കരുണാകരൻ പറഞ്ഞു
‘‘വീണാൽ എന്താ, അങ്ങ് പിടിക്കണം .''
കരുണാകരന്റെ കുസൃതിയിൽ തേൻ പുരട്ടി മേരി തിരിച്ചടിച്ചു.
‘‘അതിനി കറങ്ങിയില്ലേൽ വേണ്ട ... നീയിങ്ങു വാ .''
കരുണാകരൻ ധൃതി കൂട്ടി.

ആ വെപ്രാളം ഇഷ്​ടപ്പെട്ടതു കൊണ്ടാവണം, മേരി പിന്നെയും കുറച്ചു നേരം അവിടെ ആങ്ങിത്തൂങ്ങി നിന്നു . ഒടുവിൽ കയറുപൊട്ടിയ കരുണാകരൻ മേരിയുടെ പാവാടയിൽ തൂങ്ങിക്കിടന്ന വള്ളിയിൽ കയറി അങ്ങ് വലിച്ചു.
പാവാടയുടെ ഒപ്പം മേരിയും വരുമെന്നാണ് അയാൾ വിചാരിച്ചത്.
പക്ഷെ പാവാട വീണു, മേരി വീണില്ല.
ഉടുതുണിയില്ലാതെ മേരി തന്റെ യജ്ഞം തുടർന്നു.
അവൾക്ക് കരുണാകരന്റെ വെപ്രാളം ഇഷ്ടമാണ്. നാണം ഇഷ്ടമാണ്. അയാളെ മൊത്തമായും ചില്ലറയായും ഇഷ്ടമാണ്.

‘‘കൊതിപ്പിക്കല്ലേ. വേണേൽ നൂറു കൂടുതൽ തരാം .''
കരുണാകരൻ കേണു. അതിൽ അവൾ അലിഞ്ഞു. അലിഞ്ഞലിഞ്ഞ്​ കട്ടിലിൽ കാലുകൾ വിടർത്തിയങ്ങനെ കിടന്നു.

‘‘നിൽക്ക്.. നിൽക്ക് ..നിൽക്ക് ’’
കരുണാകരൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു
‘‘എന്തെ? ’’; ഒന്നും മനസിലാകാതെ മേരി തല ഉയർത്തി ചോദിച്ചു.
‘‘നീ ഇന്ന് കുറച്ചൊന്നു അഭിനയിക്കണം . പറ്റുമോ ?''
‘‘എന്താ അഭിനയിക്കണ്ടത്?''.
‘‘സുഖിക്കുന്നപോലെ. എന്നെ സ്‌നേഹിക്കുന്നപോലെ. ആദ്യം നീ തുണിയൊക്കെ ഉടുക്ക്. പതിയെ പതിയെ നമുക്ക് കാര്യങ്ങളിലേക്ക് കടക്കാം .''

ഇത്രയും പറഞ്ഞു കരുണാകരൻ തന്റെ ബാഗിൽ എന്തൊക്കെയോ തിരയാൻ ആരംഭിച്ചു. കട്ടിലിൽ നിന്ന് എഴുന്നേറ്റ് തന്റെ വസ്ത്രങ്ങൾ ഉടുക്കാൻ തുടങ്ങിയ മേരി, ഉള്ളിൽ പറ്റിയ മുറിവ് വിയർത്ത് നീറുന്നതിനെ പറ്റിയാലോചിച്ചു.
‘ദുഷ്ടാ... തന്നെ ഞാൻ സ്‌നേഹിഹിക്കുന്നു' എന്ന് ഉറക്കെ പറയണമെന്നവൾക്കു തോന്നി. പക്ഷെ പറഞ്ഞില്ല. അവൾ സാരിയുടുത്തു. അപ്പോഴേക്ക് കരുണാകരൻ ഒരു ക്യാമറ മേശക്കു മുകളിൽ കട്ടിൽ കിട്ട തക്ക വിധം തയ്യാറാക്കി വെച്ചിരുന്നു .

‘‘ഞാൻ ആക്ഷൻ എന്ന് പറയുമ്പോൾ നീ നിന്റെ പേര് പറയണം. നാണമാകുന്നു എന്നും പറയണം. അപ്പോൾ ഞാൻ വരും. ഉമ്മ തരും. ബാക്കി നീ കൂടെ അങ്ങ് കളിച്ചാൽ മതി. ഒരുമാതിരി പെണ്ണുങ്ങളെ പോലെ കേറി കളിക്കാൻ നിൽക്കരുത്. ഒ.കെ.''
മേരി ഒന്നും മിണ്ടിയില്ല.
കരുണാകരൻ ആക്ഷൻ വിളിച്ചു.
ചുറ്റുമുള്ള സകലമാന ശബ്ദങ്ങളും നിന്നു.
മേരിയുടെ ഉള്ളിലെ കിതപ്പ് മാത്രം നിന്നില്ല.
‘‘ഞാൻ മേരി...ഞാൻ മേരി ..''
പിന്നെ എന്ത് പറയണം എന്നവൾക്ക് അറിയില്ല.
കരുണാകരൻ ക്യാമറയിൽ പെടാതെ വശത്തുനിന്ന് കാണ്ണു കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ അവൾ ബാക്കി കൂടി പറഞ്ഞു.
‘‘എനിക്ക് നാണമാകുന്നു’’
അപ്പോൾ കരുണാകരൻ ക്യാമറയ്ക്കു മുന്നിലേക്ക് നടന്നു വന്നു. മൊത്തത്തിൽ നടത്തത്തിലൊരു രാജകല കൊണ്ടുവരാൻ അയാൾ ശ്രമിക്കുന്നുണ്ട്. അയാൾ വന്ന്​മേരിയുടെ ചുണ്ടുകളിൽ മുത്തുന്നു. അവളുടെ വസ്ത്രങ്ങൾ ഓരോന്നായി പ്രണയാതുരമായ അഴിക്കുന്നു. മേരിയ്ക്ക് പേടിയാവാൻ തുടങ്ങി. പത്തു കൊല്ലം മുൻപാണ് ഒരാൾ അവളുടെ വസ്ത്രം ഇത്രയും പതുക്കെ ഊരുന്നത്. കരുണാകരൻ അവളെ പൂർണ നഗ്‌നയാക്കി ക്യാമറ കാണത്തക്ക വിധത്തിൽ പിടിച്ചു.
‘‘എനിക്ക് നാണമാകുന്നു .''
വളരെ പതുക്കെ അവൾ അയാളോട് പറഞ്ഞു.
‘‘അതൊരിക്കൽ പറഞ്ഞാൽ മതി.''
അതിലും പതുക്കെ അയാൾ മറുപടി കൊടുത്തു.
മേരിയെ അയാൾ കട്ടിലിലേക്ക് എറിഞ്ഞു.
പുറകെ അയാൾ അവളുടെ മുകളിലേക്ക് ചാടി. കട്ടിൽ പൊട്ടി താൻ താഴെ വീഴുമെന്നവൾ ഭയന്നെങ്കിലും അങ്ങനെ ഒന്നും ഉണ്ടായില്ല.
കരുണാകരൻ അവളുടെ ദേഹത്തിലൂടെ എന്തോ തപ്പിനടക്കുകയാണ് .
എന്തുപറ്റി? എല്ലാം യഥാസ്ഥാനത്തല്ലേ എന്നവൾ തൊട്ടു നോക്കി. ആണല്ലോ. ഇതെല്ലാം ഇയാൾക്ക് അറിവുള്ളതും ആണല്ലോ ഇന്നിതെന്തു പറ്റിയെന്നവൾ അത്ഭുതപ്പെട്ടു.

പെ​ട്ടെന്ന് മേരിയുടെ വയറ്റിൽ ഒരു ഉരുണ്ടുകയറ്റം.
അത് വയറിൽ നിന്ന്​ നെഞ്ചിലേക്ക് കയറി.
ഒപ്പം മുലകൾ വീർത്തു വരുന്നതായി അവൾക്കു തോന്നി.
അപ്പോഴാണ് കരുണാകരൻ അതിൽ കയറി ഒറ്റ പിടുത്തം പിടിക്കുന്നത്.
ആദ്യം വിയർപ്പിന്റെ നനവാണെന്നാണ് മേരി കരുതിയത്. അല്ല. ചോരയായിരിക്കണം.
തന്റെ മുലകൾ പൊട്ടിപ്പോയിരിക്കുന്നു.
ഭയത്തിൽ മേരിയുടെ രോമങ്ങൾ എഴുന്നേറ്റുനിന്നു.
അത് ദേഹത്ത് കൊണ്ടിട്ടാവണം കരുണാകരന് ആവേശം മൂത്തു.
അയാൾ അവളെ ഇറുക്കി പിടിക്കുവാൻ തുടങ്ങി.
മേരി പെട്ടന്ന് കരുണാകരന്റെ കൈകൾ മാറ്റി ബെഡ്ഷീറ്റിൽ മുലകൾ പൊതിഞ്ഞ്​എഴുന്നേൽക്കുന്നു.
‘‘നശിപ്പിച്ചു. എന്താ? എന്താ ?''
ഭാഗ്യം, അയാൾക്ക് ഒന്നും മനസിലായിട്ടില്ല. മേരി വിചാരിച്ചു.
‘‘എനിക്ക് തൂറാൻ മുട്ടുന്നു.''
‘‘ഇപ്പോഴാ?. ഒരു രണ്ടു മിനുട്ട് പിടിച്ചു വയ്ക്കാൻ പറ്റത്തില്ലേ ?''
‘‘ഇല്ല. ഇല്ല .. ഇപ്പോഴേ എല്ലാം വന്ന മട്ടാ ...’’
‘‘ഇവിടെങ്ങും ആക്കാതെ പോ.''
നിരാശയോടെ കരുണാകരൻ ക്യാമറ നോക്കാൻ പോയി.
സമയം പാഴാക്കാതെ മേരി ബെഡ്ഷീറ്റിൽ തന്നെ പൊതിഞ്ഞുകൊണ്ട് മുറി വിട്ടു .

വെളിയിലെ കുളിമുറിയിലേക്ക് പതുക്കെയാണ് മേരി നടന്നത്.
പൊട്ടിത്തകർന്ന മുലകളാണ് രണ്ടു കയ്യിലും.
കുളിമുറി തുറന്ന മേരി ഒരു ചുവന്ന ബക്കറ്റ് തന്റെ മുന്നിലേക്ക് നീക്കിവെച്ച ശേഷം മുലകൾ കൂട്ടിപിടിച്ച കൈകൾ വിടുന്നു.
ബക്കറ്റിന്റെ ഉള്ളിലേക്ക് വലിയ ശബ്ദത്തോടെ ഒരു അരുവി ഒഴുകാൻ തുടങ്ങി.
നാല് മിനുട്ട് അത് തുടർന്നു.
തളർന്നു പോയ മേരി വെറും നിലത്തിരുന്നു.
ഒന്ന് ജീവൻ വന്നപ്പോൾ അവൾ ബക്കറ്റിനുള്ളിലേക്ക് തലയിട്ടു നോക്കി.
മേരി ഞെട്ടി.
ആരായാലും ഞെട്ടും.
ആ വെള്ളത്തിന് എന്തൊരു വെളുപ്പാണ്.
ആ വെളുപ്പിനെന്തു വെളിച്ചമാണ്.

മൂന്ന്​

‘‘മേരി.''
വീടിനു പിന്നാമ്പുറം എത്തിയ സാബു പതിയെ വിളിച്ചു .
‘‘എന്തോ?'', കരച്ചിലിന്റെ വക്കിലെത്തിയ ഒരു സ്ത്രീശബ്ദം വിളി കേട്ടു.
ശബ്ദം കേട്ട വഴിയേ സാബു നടന്നു.
ക്ഷീണം കാരണം വേച്ചുവേച്ചാണ് അയാളുടെ നടപ്പ്.
‘‘ഞാൻ ആ റോഡിൽ നിന്ന് വിളിച്ചു. വഴിയേ പോയ ആളാ പറഞ്ഞെ ഇവിടെ ഉണ്ടെന്ന്​ .''
‘‘ഞാനെന്തിനാ നട്ടപാതിരായ്ക്ക്​ വെളിയിൽ ഇറങ്ങി നിക്കുന്നെ. ഇതാ എന്റെ വീട്. എനിക്കിവിടെ കിടന്നാൽ പോരെ?''
‘‘മതി. അത് അത്രയും മതി. എനിക്ക് വീട് അറിയാത്തതു കൊണ്ട് പറ്റിയതാ..''
കരഞ്ഞുകൊണ്ട് മേരി ഒന്ന് മൂളുക മാത്രം ചെയ്തു .
‘‘കരയുവാണോ?''
മേരി മറുപടി പറഞ്ഞില്ല. ഒന്നുകൂടി ഉച്ചത്തിൽ കരഞ്ഞു കേൾപ്പിച്ചു.
‘‘ഞാനും കൊറച്ചു മുന്നേ കരഞ്ഞാരുന്നു. അപ്പോഴാ മേരിയെ കാണാനുള്ള ഐഡിയ വന്നത്.’’
‘‘എന്നെ കണ്ടിട്ട് എന്തിനാ?''
‘‘കുറ്റബോധം കാരണം എനിക്ക് ദാഹിക്കുന്നു മേരി .''
മേരി തന്റെ അരികിലെ പൈപ്പ് തുറന്നു നോക്കി. വെള്ളമില്ല.
‘‘ഇവിടെ വെള്ളമില്ല.''
‘‘അങ്ങനെ പറയല്ലേ.. മേരിക്ക് മാത്രമേ എന്റെ വിശപ്പ് മാറ്റാൻ കഴിയത്തൊള്ളൂന്നു എന്റെ വയറിലിരുന്നു ആരോ പറയുന്നു.
‘‘അപ്പൊ വിശക്കുകയും ചെയ്യുന്നുണ്ടോ?''
‘‘ആ വിശപ്പും ദാഹവും ഒക്കെ ഉണ്ട്. എടുത്തു വെച്ച എന്തെങ്കിലും ഉണ്ടെങ്കിൽ താ മേരി .''

അപ്പോൾ മേരിയുടെ മുഖത്തേക്ക് ബക്കറ്റിൽ നിന്ന്​ വെളിച്ചം അടിച്ചു.
ക്ഷീണിച്ചവശനായ സാബു മറുപടി കാത്ത്​ കുളിമുറിയ്ക്കു മുന്നിലിരുന്നു.
മേരി കുളിമുറിയുടെ കതകു തുറന്ന്​ സാബുവിന്റെ മുന്നിലേക്ക് ബക്കറ്റ് നീക്കി വെച്ചു.
സാബു തലയുയർത്തി നോക്കി.
നഗ്ന​യായ മേരി മുലകൾ ആട്ടി പ്രയാസപ്പെട്ടു.
അതാ, തന്റെ നേരെ പ്രകാശത്തിന്റെ ബക്കറ്റ് നീട്ടിക്കൊണ്ട് അടുക്കുന്നു.
മേരിയുടെ മുലകൾ പ്രകാശത്തിന്റെ തുള്ളികൾ അപ്പോഴും ചുരത്തുന്നുണ്ടായിരുന്നു.
സാബു ബക്കറ്റിലേക്ക് തലയിട്ട്​ ദാഹം മാറ്റാൻ തുടങ്ങി.
അയാളുടെ ആക്രാന്തം നോക്കി മേരി സമീപം ഇരുന്നു.
ഒറ്റയിരുപ്പിന്​ ആ ബക്കറ്റ് അയാൾ കാലിയാക്കി .
എന്നിട്ടും അയാളുടെ വിശപ്പ് മാറിയില്ല.
അയാൾ മേരിയെ നോക്കി.
അതിന്റെ അർത്ഥം മനസിലായ മേരി അയാളുടെ അരികിലേക്ക് നീങ്ങിയിരുന്നു.

സാബു അവളുടെ മടിയിലേക്ക് തലയെടുത്തു വെച്ചു.
‘‘അതേ, അമ്മിഞ്ഞയില് തൊടാതെ കുടിച്ചോണം .''
‘‘അതെങ്ങനെ?''
‘‘ഞാൻ ഇറ്റിച്ചു തരാം വാ തുറന്നു വെച്ചാൽ മതി.''
സാബു വാ തുറന്നു പിടിച്ചു മേരിയുടെ മടിയിൽ കിടന്നു.
മേരി തന്റെ ഭാരമേറിയ മുലകൾ എടുത്തുയർത്തി അയാളുടെ വായിലേക്ക് പ്രകാശത്തിന്റെ തുള്ളികൾ ഇറ്റിച്ചു .

നാല്​

റെനേരമായിട്ടും മേരിയെ കാണാതായപ്പോൾ കരുണാകരൻ ജനാലയ്ക്കൽ വന്ന്​കുളിമുറിയിലേക്ക് നോക്കി .
അതേസമയത്താണ് നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ മിന്നൽ അടിച്ചത് . നിമിഷങ്ങൾ നീണ്ടു നിന്ന ആ വെളിച്ചത്തിൽ അയാൾ കുളിമുറിക്കു മുന്നിൽ ആ അത്ഭുത കാഴ്ച കണ്ടു. അപ്പോൾ തന്നെ അയാൾ തന്റെ ക്യാമറയിൽ അതിന്റെ പടമെടുത്തു.
ബൗദ്ധികസ്വത്തവകാശ തർക്കത്തിന്റെ യാതനകൾ പേറാൻ ത്രാണിയില്ലാത്തതിനാൽ ഏറ്റവും യോജിച്ച പേര് ഒഴിവാക്കി, മറ്റൊരു പേരോടുകൂടി പിന്നീട് അയാൾ അതൊരു ഇക്കിളി മാസികയ്ക്ക് അയച്ചു കൊടുത്തു.
ആ ചിത്രം കണ്ട ഒരുപാട് ദമ്പതികൾ അത് അനുകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. ഒരുപാട് വിഭാര്യർ കണ്ണുനീർ അണിഞ്ഞു.
ഒരുപാട് യുവാക്കൾ കൈ ചീത്തയാക്കുകയും ഉച്ചത്തിൽ അലറുകയും ചെയ്തു.

മേരിയും സാബുവും മാത്രം ആ പടം കണ്ടില്ല.
ആ ദിവസം ഓർത്തെടുക്കാൻ ശ്രമിച്ച്​ ഒരുപാട് കാലം അവർ പലയിടങ്ങളിലായി ജീവിച്ചിരുന്നിരിക്കണം. ▮

Comments