രക്ഷകന്റെ കരച്ചിൽ

ഇഷിതു

ലപ്പുല്ലുകളനക്കി ഒച്ചവെച്ചു നടക്കുന്നത് നാട്ടിലെ എല്ലാ കാലുകൾക്കും ഒരേപോലെ ഇഷ്ടമായിരുന്നു.
കുന്നിന്റെ ചെരിവുകളിൽ പൊട്ടാറായ ഉരുളുകളെ അടക്കിപ്പിടിച്ചിരുന്ന റബ്ബർക്കാടിന്റെ വേരുകളിൽ കൂടിപ്പിണഞ്ഞു ശൃംഗരിക്കുവാൻ എത്തിയിരുന്നവരിലൂടെ ഒരു കുണുങ്ങൽ ഓലപ്പുല്ലുകളിൽ പറ്റിപ്പിടിച്ചിട്ടുണ്ട്. നെറ്റിയിൽ വെളിച്ചംവെച്ചുകെട്ടി പുലർച്ചെ തേച്ചുമിനുക്കിയ നീളൻ കത്തീടെ തുമ്പുകൊണ്ട് മരപ്പട്ട ചിട്ടയൊപ്പിച്ചു ചെത്താൻ തുടങ്ങുമ്പോ ഓലപ്പുല്ലുകൾ കാൽത്തണ്ടകളിൽ തൊടും. അന്നേരം പ​ത്രോസ്സിനു കുളിരുകോരുക പതിവായിരുന്നു. അമ്മിണിച്ചേച്ചീടെ വെള്ളക്കൊമ്പി പശു കടിച്ചുപാതിയാക്കിയ തണ്ടുകൾ കുത്തിക്കൊള്ളുന്നതിനേക്കാളും പേതം ഈ കുളിരു കോരുന്നതു തന്നെയാ. ഇത്രകാലം കഴിഞ്ഞിട്ടും പുലർച്ചയിലെ കാറ്റിനും മൂത്തപ്പോൾ മുഞ്ഞി കുനിഞ്ഞുപോയ മരങ്ങൾക്കും നെറ്റികേറിയ പ​ത്രോക്കും ഉള്ളാലെ യാതോരു മാറ്റവുമില്ല. തലയിൽ കെട്ടിക്കേറ്റുന്ന വെളിച്ചം താങ്ങാതെ മുടിമൊത്തം കൊഴിഞ്ഞു എന്നതൊഴിച്ചാൽ.

കെഴക്കുദിക്കുന്നതിനു മുന്നേ പട്ട വെട്ടിത്തൊടങ്ങണം. ‘‘അമ്മച്ചിയൊണ്ടാർന്നപ്പോ...'' എന്നു പറഞ്ഞുതുടങ്ങുന്ന ഗൃഹാതുര സ്മരണകളിൽ പലപ്പോഴും ഈയൊരച്ചടക്കബോധം മനഃപൂർവ്വമല്ലാതെ പ​ത്രോസിൽ വെളിപ്പെടുന്നുണ്ട്. അവരാച്ചൻ മൊയലാളീടെ മൂന്നേകാലേക്കർ തോട്ടം, അതിലെ മൊത്തം റബറും ഈ പ​ത്രോ ഒറ്റക്കാന്നേയ് വെട്ടുന്നത്. ഓർമകൾ ലാവയുറയുന്നപോലുറയാൻ തുടങ്ങിയ കാലം തൊട്ട് മരങ്ങളെ ചൊറിയാൻ മാേത്ര പ​ത്രോക്കറിയൂ.

നഞ്ചിടിക്കാനുള്ള പനങ്കുരു പൊട്ടിക്കാൻ കൊടപ്പനേൽ കേറീതാ, പന ചതിച്ചു, അപ്പൻ കുഴീലായി. പ​ത്രോ അന്നു തീരേ ചെറുതാ. പിന്നപ്പിന്നെ അമ്മച്ചി കത്തി മിനുക്കിയിറങ്ങുമ്പോ കൊച്ചിനേം കൂടെ കൊണ്ടോവും. തോട്ടത്തിലെ കൊതുകുകടി അന്നേ ശീലമാ. ചെങ്കല്ലതിരിലെ ചീമക്കൊന്നേടെ ചോടു പറ്റിയിരുന്ന് ഒന്ന്... രണ്ട്... മൂന്ന് എണ്ണിയെണ്ണി കൊതുകൂട്ടന്മാരെ ക്ലാപ്പടിച്ചുവീഴ്​ത്തും. കൊച്ചിരുന്ന് കൈകൊട്ടുന്നതും കേട്ട് അമ്മച്ചി നിരതെറ്റാതെ ഒട്ടുവള്ളിപൊളിച്ച് പട്ടവെട്ടാൻ തിരക്കിടും. ചൊരത്തുമ്പോ ഒരു മരമെങ്ങാനും കണ്ണിൽപ്പെടാതെ പോയാൽ പിന്നൊരു പുകിലിനതു മതിയന്നൊക്കെ. കൊന്ന കൊതുകുകളെകൊണ്ട് ഇറുമ്പുകൾക്കു വിരുന്നൊരുക്കുന്നത് പ​ത്രോക്കു മടുക്കാൻ തുടങ്ങിയിരുന്നു. അവന് കൊതുകുകളോട് അകമഴിഞ്ഞ സഹതാപം തോന്നി. പിന്നവൻ കൊതുകിനെ അടിച്ചില്ല. കറുത്ത ഉടലിൽ വെള്ളവരകളും ചെറുമഞ്ഞ പൊട്ടുകളുമായ ആ ജീവനുകളോട് കൗതുകവും സ്നേഹവും മാത്രം അഥവാ, കടി സഹിച്ചുള്ള ഈതിപ്പറത്തൽ. കൊച്ചിന്റെ കൈകൊട്ടൽ കുറഞ്ഞുവരാൻ തുടങ്ങീപ്പൊ അമ്മച്ചി മകന് പ്രായമാവുന്നുണ്ടെന്ന് കരുതി. പതിയേ ഒരു കത്തിയെടുത്തുകൊടുത്തിട്ട് പാഴ്​മരങ്ങളുടെ പട്ട തെളിച്ച് വെട്ടുപഠിച്ചോളാൻ പറഞ്ഞു. അരയാഴ്ച തികച്ചെടുക്കാതെ നല്ലോണം റബറു ചൊരത്താൻ പഠിച്ചെടുത്ത ആ കൊച്ചെറുക്കനോട് തോട്ടപ്പണിക്കാർക്കും പുറമ്പണിക്കാർക്കും അവരിലൂടെ മൊയലാളിക്കും മതിപ്പായിരുന്നു.
അമ്മച്ചി ഇല്ലാണ്ടായതെന്നാർന്നു, ആ നാളൊഴിച്ച് മറ്റെല്ലാം പ​ത്രോക്ക് വ്യക്തവും വടിവുറ്റതുമായ നിലയിൽ ഓർമയുണ്ട്.

ചിത്രീകരണം: ദേവപ്രകാശ്
ചിത്രീകരണം: ദേവപ്രകാശ്

പ്പറഞ്ഞപോലെ ഇന്നാളൊരു ദെവസം വൈകിട്ട് ഷാപ്പിൽ പോയി.
എന്നത്തേയും പോലെ തന്നായിരിക്കൂന്നാ കരുതിയെ.
പക്ഷെ അന്നങ്ങനായിരുന്നില്ല.
ഷാപ്പിലെ കറിവെപ്പുകാരൻ പൗലോസും പ​ത്രോയും നല്ല ബ്രെൺസാർന്നൂ.

‘‘യേശു നല്ലവൻ... നല്ല മീശയുള്ളവൻ.
മീശയേക്കാൾ നീളമുള്ള താടിയുള്ളവൻ.
യേശു പൈന്റടിക്കുമ്പോൾ ശിഷ്യർ കാലടിക്കുന്നു.
യേശു നല്ലവൻ... നല്ല മീശയൊള്ളവൻ...''

എന്ന പാട്ടുപാടുവാൻ ഇവരെ കഴിഞ്ഞിട്ടേ ഈണമുള്ളവർ കോട്ടയത്തൊള്ളൂ. ഇടയാറ് സ്കൂളിൽ പഠിക്കുമ്പോഴാണ്, ത്രേസ്യാടീച്ചറിന്റെ നടുക്കത്തെ മോള് ആലീസിന്റെ കൈക്കുകേറിപിടിച്ചെന്നും പറഞ്ഞ് മേടയിലേക്കു വിളിച്ചുവരുത്തി വെല്ല്യച്ചൻ രണ്ടിന്റെയും കാത് ഒന്നിച്ചാ പൊന്നാക്കീത്. രണ്ടു കാതിനും നൊന്തു. വിഷമത്തിന്റെ പൊൻപാറ്റകൾ രണ്ടുചെവിയിലും തൂങ്ങിക്കിടന്നു മോങ്ങി. പൗലോക്ക് ചെയ്യാത്ത കുറ്റത്തിന് പിച്ചുകിട്ടീല്ലോ എന്നും പ​ത്രോക്ക് ആലീസിന്റെ ചൊവന്ന കുപ്പിവള പൊട്ടിയല്ലോ എന്നുമായിരുന്നു ആ വള്ളിനിക്കറു പ്രായത്തിലെ ദെണ്ണം.

തട്ടുമ്പുറം ഷാപ്പിന്റെ ഉള്ളിലൊരു മൂലയ്ക്ക് പ​ത്രോ കൂഞ്ഞിക്കൂടിയിരുന്നു.
ഒരു കുപ്പി അന്തിയും പിടിച്ചോണ്ട് ബെഞ്ചിന്റെ അറ്റത്ത് കാലുകൊണ്ട് തറയിലെ ഉരുളൻ കല്ലുകളിളക്കി അങ്ങനൊരിരുപ്പ് പതിവായിരുന്നു.
‘‘എടാ... ഉവ്വേ... നീ ചത്തില്ലേ?''
-അടുപ്പത്ത് ചൂടാക്കാൻ വെച്ച പന്നിയെറച്ചി മൂടീട്ട് പൗലോ പ​ത്രോയുടെ അടുത്തുവന്നിരുന്നു.
‘‘അമ്മച്ചിയൊണ്ടാർന്നപ്പോഴാർന്നെങ്കില്... അതിലേം ഇതിലേം പോയി... അലക്കീം പെറക്കീം... അങ്ങനൊക്കെ കഴിഞ്ഞോണ്ടിരുന്നതാ...''
-ഓർമ്മകളുടെ പെരുത്തുകേറുന്ന തള്ളിച്ച.
പാടിമടുക്കാത്ത ആ സ്ഥിരം പല്ലവിയെ വായവലിച്ചുതുറന്നു കമത്തിയ കള്ള് തൊണ്ടേക്കടെ കീഴ്‌പ്പോട്ടിറക്കിവിട്ടു.
‘‘പ​ത്രോച്ചാ... നിനക്കിപ്പൊ എന്നാ വയസ്സായീടാവേയ്?''
-നാടൻ പന്നീടെ രോമക്കുറ്റിയുള്ള ഒരു തൊലിക്കണ്ടം എരിവോടെ നാവിൽ കേറ്റിവെച്ച് ചവക്കുന്നതിനൊപ്പം പൗലോ ചോയിച്ചു.
‘‘അമ്മച്ചിയൊണ്ടാർന്നപ്പൊഴാർന്നെങ്കില്... പതിനെട്ടല്ലാർന്നോ ഡാ?''
-മുന്നിലെ കുപ്പീന്ന് അളവു കുറഞ്ഞു.
‘‘ഓ... ഇപ്പളും അതാണോ പ്രായം... എന്നാ പിന്നെ പത്തും കൂടി വെട്ടിക്കളഞ്ഞേച്ച് എട്ടെന്നു പറ. തലമണ്ട ഇടയാറ്റിപ്പള്ളീടെ ഉമ്മറം പോലാ കെടക്കണെ അപ്പളാ. ഹ... താനിതെവടത്തുകാരനാടാവേ. ഞാൻ പറയാം. നീയുമവളും തമ്മില് രണ്ടേകാൽ മാസത്തിന്റെ ഇളപ്പമേ ഒള്ളൂ. ആലീസ്സിന്റെ മിന്നുകെട്ട് കഴിഞ്ഞിട്ടിപ്പൊ ഇരുപത്തെട്ടുകൊല്ലം കഴിഞ്ഞില്ലെ ഈ വരുന്ന ബുധനാഴ്ചയാ അവക്കടെ ഇളയ സന്താനത്തിന്റെ കൊച്ചിന്റെ മാമോദീസ. അങ്ങനെ വരുമ്പോ നിനക്ക് അമ്പത് തെകഞ്ഞു. അല്ലിയോ?''

കൂട്ടാനും കുറയ്ക്കാനും രണ്ടാൾക്കും വല്ല്യ മിടുക്കായിരുന്നു.
പക്ഷെ പെശകുപറ്റീത് ഗുണിക്കുന്ന കാര്യത്തിലാ.
ഗുണനപ്പട്ടിക തെറ്റിച്ചതിന്‌ ത്രേസ്യാടീച്ചറ് ബോർഡിന്റെ മുന്നിക്കൊണ്ടോയി മുട്ടിൽ നിർത്തുക പള്ളിക്കുടത്തിലെ എന്നത്തേയും കലാപരിപാടിയായിരുന്നു.
ഒരിക്കെ അതു കണ്ട് ആലീസ്​ അടക്കാൻ വയ്യാത്തോണം ചിരിച്ചു.
ആ കലിക്കാണ് തൊണ്ടിന്റെ അരികുപറ്റി നടന്നപ്പോ അവൾടെ കയ്യിൽ കേറിപ്പിടിച്ചു ഞെരിച്ചത്.
പ​ത്രോ ഇക്കണ്ട കാലത്തെ ജീവിതമത്രയും കൊണ്ട് ചെയ്ത ഒരേയൊരു സാഹസം അതുമാത്രമായിരുന്നു.

കുറച്ചുനേരം മിണ്ടാതെ അനങ്ങാതെ അവടെ തന്നെ ഇരുന്നു.
കുടിച്ചതിന്റെ കാശു മേശപ്പൊറത്തിട്ടു. എന്നിട്ടെണീറ്റു നടന്നു.
‘‘എടാ... അമ്മപ്പുള്ളേ... ഞാൻ ചുമ്മാ നിന്നെ എളക്കാനായിട്ടു പറഞ്ഞതാടാവേ. ഹ... നീ പെണങ്ങിപ്പോകുവാണോ... ടാ... പ​ത്രോ...''
-പൗലോ ഉച്ചത്തിൽ ചോദിച്ചു.
മണ്ണിൽച്ചവിട്ടിയിരുന്നപ്പോൾ ഇടംമാറ്റിവിട്ട ഉരുളങ്കല്ലുകളുടെ പിൻവിളിയും പത്രോസ്​ കേട്ടില്ല.
ഷാപ്പിന്റെ പുറത്ത്, കിണറിനു മേപ്പോട്ടേക്കു ചാഞ്ഞ് വലുപ്പം വെച്ചു നിൽക്കുന്ന ബദാം മരം. റബർത്തടി കഴിഞ്ഞാൽ പിന്നെ പത്രോക്ക് ഏറ്റവും കൂടുതൽ സാന്ത്വനം നൽകിയിട്ടുള്ളത് ബദാം മരങ്ങളാണ്.
ആരാണീ മരം നട്ടത്? മരം അതു നട്ടവന്റെയാണോ?
ഏയ്. അല്ലല്ല. മരത്തെ ആരൊക്കെ കെട്ടിപ്പിടിക്കുന്നുവോ അവരുടെയെല്ലാമാണ്. മനുഷ്യനും മരവും തമ്മിലുള്ള വ്യത്യാസമിതാണ്. മനുഷ്യൻ മനുഷ്യന്റേതു മാത്രമാകുവാൻ നോക്കുമ്പോൾ മരം മരത്തിന്റേതു മാത്രമല്ലാതാവുന്നു.
അത് ചിലുചിലു...ചിൽചിൽ ആശാന്റേതാണ്, കടവാവലുകളുടേതാണ്, കുഞ്ഞിക്കുരുപോലത്തെ പ്രാണികളുടേതാണ്, ഉണ്ണിയപ്പം പോലത്തെ വണ്ടുകളുടേതാണ്, പൊടിജന്മങ്ങളെന്നോ ചാരപ്പറക്കലുകളെന്നോ ഒക്കെ പറയാവുന്ന പറപ്പകളുടേതാണ്, പിന്നെ കൊറച്ചൊക്കെ മനുഷ്യന്റേതുമാണ്​.

പത്രോസ്​ ബദാം മരത്തെ കെട്ടിപ്പിടിച്ചു.
പരുപരുത്ത തായ്​ത്തടി അയാൾക്ക് ആശ്വാസത്തിന്റെ ചൂടു നൽകി. പെയ്തുകഴിഞ്ഞിട്ട് ഒരുപാടായ ഒരു മഴയുടെ നനവാറാത്ത മരത്തോല്. ബട്ടണുകൾ വിട്ടുകിടന്നിരുന്ന പത്രോയുടെ നെഞ്ഞത്തെ രോമങ്ങളിൽ പൊടിയും പൂപ്പലും കടിച്ചിരിക്കുന്നു. കണ്ണുകൾ പതിയേ അടച്ച് ഈ നിമിഷത്തെ ആസ്വദിക്കുകയെന്നത് എത്ര സമാധാനം നിറഞ്ഞ കാര്യമാണ്.

‘‘എടാ... മാർക്കം കൂടിയ കാട്ടുപൊലയാ...''
-മോഹനൻ നായരുടെ ചായക്കടേലെ ചായമേടിച്ചു കുടിച്ചോണ്ട് അണ്ണാക്കിൽ ചൊറിവന്ന പോലെ അപ്പുക്കുട്ടൻ നീട്ടിവിളിച്ചു. വിളി കേൾക്കാതിരിക്കുവാൻ പത്രോക്കായി. അതിലും വലിയ പലതും കേട്ട് കാതുകൾ തഴമ്പിച്ചിരുന്നു. അപ്പുക്കുട്ടന്റെ ചെരവപ്പല്ലിൽ ചായക്കറയൊലിപ്പിച്ചുള്ള ആ ചൊറിവിളി പക്ഷെ പൗലോക്കു പിടിച്ചില്ല.
അപ്പുറത്തെ പന്നീടെ ശ്ശ്...ശ്ശ് വേവിൽ നിന്നൂരിയെടുത്ത ചട്ടകം കൊണ്ട് അപ്പുക്കുട്ടന്റെ നെറുകുന്തല നോക്കി കാച്ചീ... ഭേഷായിട്ടൊരെണ്ണം. എന്നിട്ട് കാലേവാരി ഓടയിലേക്കിട്ടു. വഴീക്കടെ പോണ സകല ആൺപിറന്നോന്മാരുടേയും തീട്ടത്തിലും മൂത്രത്തിലും കിടന്ന് ‘അപ്പുക്കുട്ടൻ...തൊപ്പിക്കാരൻ' താളം ചവിട്ടി. പുറംകറുപ്പിൽ അകപ്പർപ്പിളിന്റെ പൊട്ടുകളുള്ള ബദാംകായകൾ പ​ത്രോക്കും മരത്തിനും ചുവട്ടിൽ കിടന്നു വ്യസനിച്ചു.

കൗങ്ങിൻവാരികൾ കൊണ്ട് തോട്ടത്തിന്റെ നടുക്കൊരു ഏച്ചുകെട്ട്.
വശങ്ങളും മുകളും പടുത വലിച്ചുവെച്ച് മറച്ചിട്ടുണ്ട്.
ഇരുളും വെളിച്ചവും തമ്മിൽ നേർപ്പിച്ച പോലുള്ള അതിന്റെ ഉള്ളിൽ കീറിപ്പറിഞ്ഞ ഒരു തഴപ്പായ. പായേലൊരു തലവണ. തലവണേൽ എണ്ണെട്ടു പതിനാറു മൂട്ടകൾ. ഇതാണ് പത്രോടെ വീട്. അമ്മച്ചി ഇല്ലാണ്ടായേപ്പിന്നെ ഉണ്ടായിരുന്ന വാടകവീട്ടിൽ നിൽക്കുകയുണ്ടായില്ല. ഇറങ്ങി. ഈ വലിച്ചുകെട്ടിലേക്ക്. അന്നാ കൊച്ചെറുക്കൻ തറഞ്ഞിരുന്നോടത്ത് ആരൊക്കെയോ ചേർന്ന് ഇങ്ങനൊന്ന് കെട്ടിയുണ്ടാക്കുകയായിരുന്നു. അവൻ ഇതിനുള്ളിൽ ഇന്നും ഉറങ്ങുന്നു, ഉണരുന്നു.

ഭൂമിയിലെ ഏറ്റവും സുന്ദരമായ മരം റബറാണ്. അവൾ ഋതുമതിയാണ്.
പകലിൽ നനഞ്ഞ് രാത്രിയിൽ കുതിരുമ്പോൾ നിലാവുണ്ടായിരിക്കണം, അപ്പോഴാണ് റബറിലകൾ മുത്തുപൊഴിക്കാറുള്ളത്.
മരം തോരുന്നതിന്റെ മണം അയാൾക്കിഷ്ടമായിരുന്നില്ല.
റബർക്കാടിനുള്ളിലെ തണുപ്പ് ഗർഭപാത്രത്തിലെന്നപോലെ സുരക്ഷിതത്വമുള്ളതായിരുന്നു. ചീവീടു സിംഫണിയുടെ ആരോഹണ- അവരോഹണങ്ങൾ ഓർമകളെ അല്പമാത്രയിലേക്കെന്നോണം ന്യൂനീകരിച്ചു.

വേനക്ക്, റബർ മരങ്ങൾക്ക് മറ്റൊരു ചൂടൻ ഭാവമാണ്. പള്ളീൽ കേറാണ്ട് സെമിത്തേരീൽ കേറി എല്ലെടുത്ത് കറുത്തച്ചനൂട്ടുന്നോരുടെ ഭാവം.
അവരുടെ നീണ്ട വിരലുകൾ വിടർന്നിളകുന്നപോലെ ഇല കൊഴിച്ച റബർച്ചില്ലകൾ ആകാശത്തേക്ക് അന്താളിച്ചു നിൽക്കും. ഉഷ്ണം താങ്ങാതെ പട്ടകൾ ആവിക്കുന്നത് പെട്ടന്നറിയാനാവും. മനുഷ്യർ വിയർക്കുന്ന പോലെ തന്നെ. ഉണക്കു തട്ടി തടിയുള്ളും തൊലിപ്പുറവും കത്താണ്ടിരിക്കാൻ കറ ചുരത്തിയെടുത്തതിന്റെ പാടുകളിൽ ബോർഡോ മിശ്രിതം കലക്കിത്തേച്ച് പത്രോസ് റബർ മരങ്ങൾക്ക് പഴയ ഗോത്രവർഗക്കാരുടെ രൂപം നൽകും.

അമ്മച്ചിയൊണ്ടാർന്ന കാലത്ത് ഇമ്മാതിരി മിശ്രിതമൊന്നൂല്ല.
അന്ന് ചിതൽപ്പുറ്റു പൊട്ടിച്ചെടുക്കുന്ന മണ്ണ് ചെളിയാക്കി കലക്കിത്തേയ്ക്കാറായിരുന്നു പതിവ്. ഇപ്പോഴൊക്കെ തുരിശ്ശു ചേർത്താണ് മിശ്രിതം. തുരിശ്ശു കൂട്ടിയിട്ടായിരുന്നു അപ്പൻ നഞ്ചിടിച്ചിരുന്നത്. അതിന് ഇന്ദ്രനീലത്തിന്റെ നിറമാണ്. അമ്മച്ചി നീലിക്കുവാർന്നു. അതു വിഷരത്‌നമാണ്.
പത്രോസിന്റെ ദാഹത്തിൽ മരങ്ങൾ പങ്കുകൊള്ളും.

തോട്ടത്തിൽ വീണുകിടക്കാറുണ്ടായിരുന്ന റബറുങ്കായകൾ പെറുക്കി കടയിൽകൊടുത്തു കാശുമേടിച്ച ചെറുപ്പകാലം ഒളിമങ്ങാതെ പത്രോസിന്റെ ഓർമയിലിപ്പോഴുമുണ്ട്. കിലോക്കന്ന് രണ്ടും മൂന്നും നാലും വരെ രൂവാ കിട്ടുവാർന്നു. അന്നത്തെ രണ്ടും മൂന്നും നാലും ഇന്നത്തെ രണ്ടും മൂന്നും നാലുമല്ല. കോട്ടയത്തെ പ്രധാന കോൺഗ്രസ്സുകാരനായിരുന്ന മായം മമ്മതിന്റെ കൊപ്രാക്കളത്തിലേക്കായിരുന്നു റബറുങ്കായ പെറുക്കിക്കൊണ്ട് പോയിരുന്നത്.

‘ഹാ... റബറെണ്ണയേത്... വെളിച്ചെണ്ണയേത്? ആരറിയാൻ, ആരു പറയാൻ.'

എല്ലാത്തിനും കൂടെതന്നെ പൗലോസുമുണ്ടായിരുന്നു.
പൗലോയാണ് പത്രോക്കാദ്യായിട്ട്, മേലേ മൂത്ത റബർച്ചില്ലകളിലിരുന്ന് അദൃശ്യരായ കാടക്കോഴികൾ കീഴേക്ക് പമ്മിപ്പമ്മിയിടുന്ന ആ കാടമുട്ടകളെ പരിചയപ്പെടുത്തുന്നത്. അത് സംഭവിച്ചത് ഇങ്ങനായിരുന്നു:
‘കണ്ണടച്ചിരുന്നോടാ പത്രോ... നിനക്കൊരു സൂത്രം കാട്ടിത്തരാം എന്നു പറഞ്ഞ പൗലോയെ പത്രോ കണ്ണും പൂട്ടിയങ്ങു വിശ്വസിച്ചു.
കയ്യാലപ്പുറത്തെ കരിങ്കല്ലിലുരച്ചു ചൂടാക്കിയ റബറുങ്കായ പൗലോച്ചൻ തന്റെ തൊടയിലേക്കു നീട്ടിക്കുത്തിയപ്പൊ അറിയാണ്ട് ആ കണ്ണു നിറഞ്ഞുപൊട്ടി. പക്ഷെ വിശ്വാസംപോട്ടീല്ല. അവര് ബെല്ല്യ ബ്രെൺസാർന്നല്ലോ.
പൊള്ളലിൽ നാവുവടിച്ചുപറ്റിയ തുപ്പലാറും മുന്നേ പത്രോ ഓടി അമ്മച്ചീടെ മടിയിൽ വീണണഞ്ഞു.'

അന്നത്തെ ആ പൊള്ളലിന് ഇന്നു പത്രോ പൗലോച്ചനോട് നന്ദി പറയുന്നു. ആലീസിനെ ഓർമ വരുന്ന രാത്രികളിൽ റബറുങ്കാ ചൂടാക്കി തുടയിൽവെയ്ക്കുന്നതാണ് പത്രോസിന്റെ ഇപ്പോഴത്തെ ഏക ആശ്വാസം.
വെള്ളച്ച കാൽത്തുടയിലെ പൊള്ളലുകൾ ഒരു പാണ്ഡൻ മറുകുപോലായിരിക്കുന്നു. ഓരോ കുത്തു പൊള്ളൽ; ഉറക്കത്തിലേക്കൊരിറ്റു നീറ്റൽ. ഈ കഴിഞ്ഞുപോയ വേനലിൽ പച്ചയും പള്ളയും വേറെവിടെയും കിട്ടാണ്ടായപ്പൊ അമ്മിണിച്ചേച്ചി ആടുകളെ കൂടി റബർ തോട്ടത്തിൽ കൊണ്ടുവന്നു കെട്ടി. പെറ്റിട്ട് അധികമാവാത്ത തള്ളയാടും കുഞ്ഞുങ്ങളും. ആടിനെ കുറ്റിയടിച്ചുകെട്ടിയിരുന്നു. കുഞ്ഞുങ്ങളെ പുല്ലിലുടക്കിയിട്ടേ ഉണ്ടായിരുന്നോള്ളു.

പത്രോസ് കൂരക്കെട്ടിൽ കമഴ്​ന്നുകിടന്ന് ആട്ടിൻ കുഞ്ഞുങ്ങളുടെ ചാട്ടവും കളിയും കാണുവാർന്നു.
മുട്ടനാടിൻ കുഞ്ഞ് പുല്ലിലെ ഉടക്ക് പൊട്ടിച്ചു.
അതവിടെ അരികിൽ ചാഞ്ഞുകിടന്ന റബറിന്റെ ഇലകൾ തിന്നാൻ തുടങ്ങി.
ഇലകൾ തീരുന്നതിനനുസരിച്ച് റബർക്കൊമ്പുകൾ മാറിക്കൊണ്ടിരുന്നു. റബറിലതിന്ന് മുട്ടൻകുഞ്ഞിന്റെ വയറുവീർത്തു.
ഇത്തിരിക്കഴിഞ്ഞപ്പോ അതു പതിയേ നിലത്തു കിടന്നു, ഞെളിപിരികൊണ്ടു, ‘മ'കാരാധി താളം തെറ്റിച്ച് കരഞ്ഞു, കിട്ടാത്ത ശ്വാസത്തിന്റെ പാളത്തിനു പിന്നാലെ ഇഴഞ്ഞു, മരച്ചു.
വൈകുന്നേരം ആടുകളെ അഴിച്ച് കൂട്ടിൽക്കയറ്റാൻ വന്ന അമ്മിണിച്ചേച്ചീടെ ചങ്ക് ചത്തുമലച്ചു കിടന്ന ആട്ടിൻകുഞ്ഞിലേക്ക് നിലവിളിക്കൊപ്പം പൊടിഞ്ഞുവീണു. ഇതൊക്കെയും കണ്ട് ഷെഡിനുള്ളിൽ പ​ത്രോ കമഴ്​ന്നുതന്നെ കിടന്നു.

ഹേമന്ദത്തിൽ റബർക്കൂമ്പുകളോടൊപ്പം പൂക്കുലകളുണ്ടാകും.
നല്ല ഇളം മഞ്ഞപ്പൂക്കൾ. റബർപ്പൂക്കളെ എന്തിനോടാണ് ഉപമിക്കാനാവുക. ആവൂല്ലെന്നു തന്നെ വിശ്വസിക്കാം.
അത് ഉപമകളേറ്റ് നശ്വരമാകാതിരിക്കട്ടെ.
ഉപമിക്കുകയെന്നാൽ പകരമായതിനെ കണ്ടെത്തുകയെന്നാണ്.
റബർപ്പൂക്കളുണ്ടാവാൻ തുടങ്ങിയാൽ തോട്ടത്തിലെ പകലുകൾക്കു മീതേ ഒരു മൂളൽ വന്നു മൂടും. പൂ നുകരാൻ കൂട്ടത്തോടെ എത്തുന്ന തേനീച്ചകളാന്നേയ്. റബറിലകളിലും പൂക്കളിലും അവർ തിരഞ്ഞത് തേനായിരുന്നോ മെഴുകായിരുന്നോ?
അതിനേക്കുറിച്ച് പത്രോ ചിന്തിച്ചില്ല.
തേനീച്ചകളുടെ പാട്ടൊന്നടുത്തു കേൾക്കാൻ അയാൾ റബർമരങ്ങളേറി മുകളിലെത്തുമായിരുന്നു. എന്നിട്ട് കൊമ്പുകളിലള്ളിപ്പിടിച്ച് കാറ്റിനൊപ്പമിരുന്നങ്ങാടും.

അന്നന്നത്തെ അത്താഴം അവനവൻ തന്നെ വെച്ചൊണ്ടാക്കണമെന്നായിരുന്നു പത്രോയുടെ സുവിശേഷം. പറമ്പിന്റെ മൂലയിലെ കുഴിയിൽ പാത്രം കഴുകിയ എച്ചിൽവെള്ളമൊഴിച്ചിട്ടിരുന്നു. ഉച്ചവെയിലിൽ തേനീച്ചകൾ ആർത്തുവന്ന് അവിടെ നിന്ന് പത്രോസിന്റെ എച്ചിൽ കുടിച്ചു ദാഹം പോക്കുമായിരുന്നു. മഞ്ഞയിൽ തവിട്ടുവരകളുള്ള തേനീച്ചകൾ. റബർപ്പാലൊട്ടിപ്പിടിച്ച് കരിമ്പുള്ളി വീണ കൈലിമുണ്ടിൽ ഉള്ളുവെളുത്ത പത്രോ.

തൊപ്പിപ്പാപ്പയോ പാപ്പയുടെ കലമാനുകളോ വരാത്ത ക്രിസ്മസ് രാത്രികളിൽ പത്രോ ഉണങ്ങിച്ചാടുന്ന വിറകുകൾകൊണ്ട് ചൂടുകാഞ്ഞു. ശൈത്യം കൊഴിച്ച മഞ്ഞേം ചൊകപ്പും റബറിലകൾ അയാക്കടെ കൂരയ്ക്കു തോരണം തൂക്കുമായിരുന്നു.
മൊത്തം ചീച്ചിലും അട്ടകളുമാണെങ്കിലും മഴക്കാലമായിരുന്നു പത്രോക്കേറ്റവുമിഷ്ടം. മഴയിൽ റബർമരങ്ങളെ പാവാടയുടുപ്പിക്കുമായിരുന്നു. തോലിലെ പൊടി ചിക്കിക്കളഞ്ഞ് ടാറുരുക്കിത്തേച്ച് പ്ലാസ്റ്റിക് പേപ്പറു ചുറ്റി പിന്നുകളടിച്ചുകയറ്റുമായിരുന്നു. മഴയത്തണിഞ്ഞ പാവാടയിൽ റബർമരങ്ങൾ പെണ്ണുങ്ങളാവും. ഏതു കൊടിയ മഴയിലും അവരാച്ചൻ മൊയലാളി തന്ന കീറിപ്പറിഞ്ഞൊരു മഴക്കോട്ടിട്ടോണ്ട് പത്രോ മരത്തെ ചുരത്തിയിരുന്നു.
ഒട്ടുവള്ളി പൊട്ടിച്ചുമാറ്റിയ പട്ടയിലൂടെ പാൽക്കൊഴുപ്പരിച്ചിറങ്ങി തറച്ചിരുന്ന ചില്ലിന്റെ തുമ്പിലൂടെ ചിരട്ടയിലേക്കിറ്റിറ്റു ചാടും.

ഋതുക്കൾ മാറുന്നതിനനുസരിച്ച് റബർപ്പാലിന്റെ രുചി മാറും.
തടിയുടെ ചൂരു മാറും. ഇലയുടെ നിറവും ചില്ലകളുടെ അനക്കവും മാറും.
റബറിന്റെ ചോരയും പഴകിയാൽ ഉണങ്ങും. ചീഞ്ഞാൽ നാറും.
ആലീസ്​ കെട്ടിപ്പോയ ദിവസം ചില ചിരട്ടകളിൽ എടുക്കാൻ മറന്ന റബർപ്പാലഴുകിയ നാറ്റം പത്രോക്ക് സഹിക്കാനായിരുന്നില്ല.
അമ്മച്ചിയൊണ്ടാർന്ന കാലത്ത് വിരൽത്തുമ്പിൽ തൊട്ടെടുത്തു രുചിച്ച റബർപ്പാലിന്റെ വിശേഷമധുരം പ​ത്രോക്ക് ഒരിക്കലും മറക്കാൻ കഴിഞ്ഞിരുന്നില്ല. അഞ്ചിലോ ആറിലോ ആയിരുന്നപ്പോഴാണ്, ക്ഷേത്രത്തിലെ കഴകം കഴിഞ്ഞ് സ്കൂളിൽ മലയാളം പഠിപ്പിക്കാൻ വന്നിരുന്ന പോറ്റി മാഷ് പറഞ്ഞിരുന്നു:
‘‘പാലുള്ള വൃക്ഷങ്ങളെ വണങ്ങണം, അവ ദേവിയാണ്.''

ചോദിക്കാതിരിക്കുവാൻ കുറേ നോക്കിയിട്ടും പറ്റാണ്ട് ആ സംശയം പത്രോയിൽ നിന്ന് ഉടനെടുത്തു ചാടി: ‘‘അപ്പൊ സാറേ റബറും തേവിയാണോ?''

പോറ്റിയദ്ദേഹമന്നങ്ങയ്യടാന്നായിപ്പോയി

പ്പറഞ്ഞതൊന്നുമല്ല പത്രോസിന്റെ ഇപ്പോഴത്തെ പ്രശ്‌നം.
കുറച്ചു നാളായിട്ട് അയാളിത് ശ്രദ്ധിക്കുകയാണ്.
ഒരു പരിഹാരം ഇതുവരെയുണ്ടായിട്ടില്ല.
മേപ്പോട്ടുയർത്തിവെച്ച പ്ലാസ്റ്റിക് പാവാടക്കടിയിലെ കറുത്ത ചിരട്ടയിൽ നിന്ന് പാലെടുത്ത് ബക്കറ്റിലേക്കൊഴിക്കണം. പത്രോ എടുത്ത ചിരട്ടക്കുള്ളിലെ പാലിനുള്ളിൽ വീണുപൊന്തിയ ചെറുപ്രാണനുകൾ ധാരാളമായിരുന്നു.
തുമ്പികൾ, ഉറുമ്പുകൾ, പറപ്പകൾ, വണ്ടുകൾ, വെട്ടിലുകൾ...
പത്രോസ്​ പലതിനേയും വിരലിൽ തോണ്ടി പുറത്തെടുത്തെങ്കിലും ഒന്നിനും രക്ഷപ്പെടാനായില്ല. റബർപ്പാലിന്റെ പശപശപ്പുള്ള കൊഴുപ്പ് അതുങ്ങളെ മൂടുവാൻ ഏറെ വ്യഗ്രമായിരുന്നു. കൗതുകങ്ങൾ ശോകത്തിൽ ചെന്നവസാനിക്കുന്ന ഒരു കുട്ടിയുടെ മനസ്സിന്റെ ഛായ പത്രോ പോലുമറിയാതെ വാർദ്ധക്യത്തിലേക്കു വെമ്പിനിന്ന അയാൾക്കുള്ളിൽ രൂപംകൊണ്ടു.
റബർപ്പാലിന്റെ പാൽവെയിൽ സ്വന്തം നിറവുമുയിരും നഷ്ടപ്പെട്ട് കാലെന്നോ കയ്യെന്നോ ചിറകെന്നോ ഇല്ലാതെ ഒട്ടിയൊന്നായിക്കിടന്ന അവകൾക്കു മുന്നിൽ കൊടിയ പാപിയേപ്പോലെ അയാൾ കുതിർന്നുപോയി.
പാൽ നിറഞ്ഞ ചിരട്ടകളിൽ വന്നുചാടിയവയെ എടുത്ത് വെള്ളത്തിലിട്ടുനോക്കി. രക്ഷയുണ്ടായില്ല. നനഞ്ഞപ്പോൾ അവ ഒന്നുകൂടി ചത്തു.
പാൽപ്പശയിൽ വീണ പ്രാണികൾ ചിറകടിക്കാതെ പ്രാണൻ കളഞ്ഞു.
കാൽച്ചുവട്ടിലെ ഉരുളൻ കല്ലുകളിലേക്കു നോക്കി സന്ധ്യക്ക് ഷാപ്പിലെ ബെഞ്ചിൽ തലകുമ്പിട്ടിരുന്ന പത്രോയെ ആരും ശല്യം ചെയ്തില്ല. ബെഞ്ചും മേശയും മറിച്ചിട്ടോണ്ട് പെട്ടന്ന് പൊത്തോന്നും പറഞ്ഞൊരു വീ​ഴ്​ചയായിരുന്നു. കള്ളുങ്കുപ്പിയും ഗ്ലാസ്സും പൊട്ടുന്ന ഒച്ചകേട്ട് അപ്പുറത്തുനിന്ന് പൗലോസ്സോടിവന്നു. പത്രോസിനെ വാരിയെടുത്ത് എല്ലാവരും കൂടി മാണി ഡോക്കിട്ടർടെ അടുത്തോട്ടാണ് പോകുന്നത്.

‘‘ഇവൻ മറ്റവനാ... പ്രമേഹം.''
-ഡോ. മാണി പരിശോധനാ ഫലങ്ങളുമായി പിറ്റേന്നു വന്ന പൗലോസിനെ അറിയിച്ചു.
വാർഡിൽ ട്രിപ്പിട്ടു കിടക്കുവാർന്ന രോഗിയോട് ദയാലുവായ പൗലോച്ചൻ തന്നേക്കൊണ്ടുപറ്റുന്നപോലെ വിവരമറിയിച്ചു; ‘‘പ​ത്രോ... ടാ... നിന്റെ ചോരേല് പഞ്ചാര കൂടുതലാ... ഇനിത്തൊട്ട് മുടങ്ങാണ്ട് കുത്തിവെപ്പെടുക്കണന്നാ പറയണെ.''
‘‘ങേ... എനിക്കോ!''; -പത്രോ അതിശയിച്ചു.
‘‘അല്ല... നിന്റെ ചത്തുപോയ തന്തക്ക്. എടാ ഉവ്വേ വയസ്സിപ്പൊ അമ്പതായില്ലേ... പ്രായംകൂടുമ്പൊ ഇങ്ങനൊക്കെ ചെലതുണ്ടാവും.''
-പൗലോ തന്റെ പ്രകൃതമായ അനാവശ്യ അരിശ്ശത്തെ ഒന്നു കൂടി പുറത്തെടുത്തു; ‘‘അമ്മച്ചിയൊണ്ടാർന്നപ്പോഴാർന്നെങ്കിൽ...''
-കിടന്ന കിടപ്പിൽ അയാൾ നിശ്വസിച്ചു.

‘‘അമ്മച്ചിയില്ലാന്നും വെച്ച് ഇതിയാനിപ്പൊ എന്നാ... എനിക്കും ഒരു വീടില്ലായോ. വീട്ടിലത്തെ ജാൻസിക്കൊച്ച് നേഴ്​സിങ്​ പഠിച്ചിട്ടിരിക്കുവല്ലേ... നീ അങ്ങോട്ടു വാടാവേയ്... നമ്മക്ക് അവളേക്കൊണ്ട് മരുന്നു കുത്തിക്കാന്നേ.''
- ഭൂമിയിലെ സർവ്വമാന ദുർവിധികൾക്കും പ്രതിവിധി പറയുന്ന പൗലോ അങ്ങനെ അതിനും പരിഹാരം കണ്ടു.

യഞ്ഞ പത്രോസുപാപ്പന്റെ കൈത്തോളിനു താഴെയായി ഇൻസുലിൻ കുത്തിവെയ്ക്കുമ്പോൾ താനൊരു പച്ചത്തവളയെ തൊടുകയാണെന്ന് ജാൻസിക്കു തോന്നി. സൂചി കേറാൻ തുടങ്ങുമ്പോഴേ ഇറുക്കിയടക്കുന്ന ആ ചുളുങ്ങിയ കൺപോളകൾ കുത്തിയിടത്ത് സൂചിയൂരിയെടുത്ത് തടവിക്കൊടുത്തുകഴിഞ്ഞാലും അങ്ങനെ തന്നെ കുറേ നേരമിരിക്കും, തുറക്കപ്പെടാതെ. വെളിച്ചപ്പെടാതെ.
മിണ്ടാണ്ടും പറയാണ്ടും പൗലോയുടെ വീടിന്റെ തിണ്ണവിട്ട് പടിയിറങ്ങുകയായിരുന്ന പത്രോസിനെ ജാൻസി പിന്നീന്നു വിളിച്ചു:
‘‘പത്രോപ്പാപ്പോ... ഇന്ന, ഇതുകൂടി കൊണ്ടോക്കോ. നാളത്തേക്കുള്ളത് എന്റെ കയ്യിലുണ്ട്. പോണ വഴിക്ക് കളഞ്ഞേരെ. ഇവിടേങ്ങാനും ഇട്ടിരുന്നാൽ പിന്നെ പിള്ളേരെടുത്ത് വേണ്ടാത്തിടത്തൊക്കെ കുത്തിക്കേറ്റും.''

-അടയാളങ്ങൾ മാഞ്ഞുതുടങ്ങിയിരുന്ന സൂചിയൂരാത്ത സിറിഞ്ച് അവൾ പത്രോസിന്റെ കൈവെള്ളയിൽ വെച്ചുകൊടുത്തു. പത്രോയുടെ പൊട്ടിയ പല്ലുകൾക്കും തൂങ്ങിയ ചുണ്ടുകൾക്കുമുള്ളിൽ അന്നേരം തെളിഞ്ഞു തുടങ്ങിയ വെളിച്ചം പിറ്റേന്നത്തെ റബർ മരങ്ങളിലെ പാലെടുപ്പു തീർന്നതോടെ പൂർണത പ്രാപിച്ചു. റബർപ്പാലിൽ മുങ്ങിക്കുളിച്ചു കിടന്ന ഒരു ചീവീടിനെ തോണ്ടിയെടുത്ത് കരയിൽ വിരിച്ച വട്ടയിലയിൽക്കിടത്തി. ചീവീടിന്റെ നേർക്ക് കൂർത്തുനിന്നിരുന്ന സൂചിയിലൂടെ വെള്ളം ചീറ്റിച്ചു. ദ്രവിച്ച് ഞരമ്പുകൾ മാത്രമായൊരു കരിയിലപോലായിരുന്ന ആ ചെറുചിറകുകളെ തമ്മിലൊട്ടിച്ച പശയൊഴുകിപ്പോയി. പത്രോസിന്റെ കയ്യിലെ സിറിഞ്ചിൽ നിന്ന്​ ചീറ്റിയ വെള്ളത്തിലൂടെ മരണത്തിന്റെ വെളുപ്പിൽ നിന്ന് അതിജീവിക്കലിന്റെ ആ കറുത്ത കാലുകൾ പുറത്തു വന്നു. മുകളിലത്തെ റബറിലകൾക്കിടയിലൂടെ താഴേക്കിറങ്ങിയ വെയിലൊളികളിലിരുന്ന് മേലുണക്കി അത് ആരോഹണമായി പറന്നുപോയതിനുശേഷമാണ് അലുമിനീയം ഡിഷുകളെടുത്ത് പത്രോ പാലൊറയൊഴിച്ചത്.

‘‘അമ്മച്ചിയൊണ്ടാർന്ന കാലത്ത്...''
-ഒരോർമ മനസ്സിലേക്കു കടന്നുവരുവാൻ തുടങ്ങി.

​ഇതുപോലൊരു ഡിഷിലേക്കാർന്നു വാടകവീട്ടീട്ടു മാറിക്കഴിഞ്ഞപ്പോ അമ്മച്ചി കഞ്ഞി വാർത്തൊഴിച്ചിരുന്നത്. അപ്പന്റെ അടക്കുകടം പുതിയ പാത്രങ്ങളോ തുണികളോ വാങ്ങാൻ അനുവദിച്ചിരുന്നില്ല. നനവുണങ്ങി രക്ഷകിട്ടിയ പ്രാണെന്റ ആഘോഷവുമായി മരം വിട്ടു മരങ്ങളിലേക്കു പറന്ന ആ ചീവീട് കാണാമറയത്തായിരിക്കുന്നു.
പ്രശാന്തതയുടെ ആരോഹണങ്ങൾ, അവരോഹണങ്ങൾ.

രാത്രി ജാൻസീടെ കയ്യീന്ന് ഇൻസുലീൻ കുത്തു മേടിച്ച് തോളുതിരുമി കൂരക്കെട്ടിലേക്ക് നടന്നുപോവുന്നതിനിടെ എതിരേ വന്ന, അവരാച്ചൻ മൊയലാളീടെ പട്ടീനെ നോക്കുന്ന പീലി വിളിച്ചു:
‘‘എടാ... പത്രോ... ഹ... ഞാൻ നിന്നെ നോക്കിവരുവാർന്നു. അതേയ് നാളെ തൊട്ട് റബറ് വെട്ടെണ്ടാട്ടോ. നിന്നോട് രാവിലെ മൊതലാളി വീട്ടീട്ടുവരാൻ പറഞ്ഞിട്ടൊണ്ട്. വെളുത്ത് നേരം വെട്ടം വെച്ചിട്ട് വന്നാ മതീ.''

പീലി ദൂതറിയിച്ചു കഴിഞ്ഞപ്പോൾ പത്രോക്ക് ഉള്ളിലാരോവന്നാണിയടിക്കുന്നപോലെയാ തോന്നിയത്.
താൻ ചെയ്ത അപരാധമെന്തെന്നറിയാൻ അയാൾക്ക് വല്ലാത്ത വെമ്പൽതോന്നി.
ഈ രാത്രീൽ തന്നെ ചെന്നാലോ? വേണ്ട, മൊയലാളി കിടന്നുകാണും. പെമ്പ്രന്നോരെം പൊത്തിപ്പിടിച്ച് നേരത്തേ കേറിക്കിടന്നുറങ്ങുന്ന ആളാ.
പട്ടീനേം അഴിച്ചു വിട്ടിട്ടൊണ്ടാവും.

തഴപ്പായയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി, ഉറങ്ങാൻ പറ്റുന്നില്ല. രണ്ടുമാസം മുന്നേ ഷോട്ടറ് വെട്ടിക്കോളാൻ മൊയലാളി പറഞ്ഞപ്പൊ മനസ്സില്ലാ മനസ്സോടെയാർന്നു സമ്മതിച്ചത്. ഇത്രയും നല്ല മരങ്ങള് വെറുതേ ഇപ്പളേ ഇരട്ടപ്പട്ടയിട്ട് നശിപ്പിക്കണോ എന്ന് ചോദിക്കാനന്നേരം മുട്ടിവന്നതാ, പക്ഷെ പത്രോ ചോദിച്ചില്ല. അനുസരിച്ചു.

അസ്വസ്ഥമായിക്കിടന്ന് പത്രോസു നടത്തിയ ഞെളിപിരി സഹിക്കവയ്യാതെ നേരം വെളുത്തിരിക്കുന്നു. ആ പായ, അതിന്റെ കഥ കഴിഞ്ഞു.
കാട്ടുപൂച്ചകൾവന്നു മാന്തിപ്പൊളിച്ചപോലെ മൊത്തം കീറിപ്പറിച്ചിരിക്കുന്നു.
വായപോലുമൊന്നു കഴുകാതെ പത്രോസ്സോടി. പീലി പട്ടികളെ കൂട്ടിൽ കയറ്റുന്നതും കാത്ത് കിതപ്പോടെ ഗെയ്റ്റിനു പുറത്ത് മണിക്കൂറുകളോളം ഒരേ നിൽപ്പു തന്നെ നിന്നു. കയ്യിലെ ചായക്കപ്പീന്ന് കൊട്ടിയവള് കാച്ചിയ ചായ മോന്തുന്നതായ് അഭിനയിച്ച് ഒരു കുട്ടിനിക്കറുമിട്ടോണ്ട് അവരാച്ചൻ മൊയലാളി പഴയ പതിനാറുകെട്ടിനെ വിസ്മയിപ്പിക്കുന്ന വീടിന്റെ ഉമ്മറത്തോട്ടു വന്നു. എന്നിട്ട് ‘അടിച്ചതിന്റെ അകത്തുകേറാതെ' പുറത്തുതന്നെ നിന്നിരുന്ന വിളറിയ കണ്ണുകളെ അയാൾ കൈ നീട്ടിയുലച്ച് അടുത്തേക്കു വിളിച്ചു:
‘‘ങാ. കേറിവാ. ടാ പത്രോയേ, ആ പത്രോം കൂടിയിങ്ങ് എടുത്തോണ്ട് വാടാ.''

ഗെയ്റ്റിൽ കുത്തിവെച്ചിരുന്ന കോട്ടയം പത്രമെടുത്തോണ്ട് പത്രോ മുന്നി വന്നപ്പൊ ഒരു പൊട്ടൻകളിയോടെ മൊയലാളി ചോദിച്ചു:
‘‘എന്തേയ്... രാവിലെ തന്നെ ഇങ്ങോട്ടൊക്കെ...?''
‘‘വരാൻ പറഞ്ഞൂന്ന് പറഞ്ഞു.''
-പത്രോ പിന്നീട്ടൊന്നു കാലനക്കി വേച്ചു.
‘‘ആണോ... ആര് പറഞ്ഞൂന്ന്?''
‘‘മൊയലാളി''

‘‘ഹാ... ഉവ്വാ... ഉവ്വ... അതെന്നാന്നുവെച്ചാലേ നമ്മടെ റബറിനൊന്നും ഇപ്പം വെല്ല്യ വെലയില്ലാടാവേ. അങ്ങ് ബ്രസീലീന്നേങ്ങാണ്ടോ കൊറഞ്ഞ വെലയ്ക്ക് സാധനം എറങ്ങുന്നുണ്ട്. അതോണ്ട് നമ്മടെ മരം മൊത്തം ഞാനങ്ങു വിറ്റു. ആ സ്ഥലത്തേല് കൊറച്ച് വീടുവെച്ചു വിറ്റാൽ അത്യാവശ്യം തടയും. മരം മറിക്കാൻ പണിക്കാര് ഇന്നു വരും. ങാ. മണി എട്ടര കഴിഞ്ഞല്ലോ. അവരവടെ വന്നിട്ടുണ്ടാവും. ഇനീപ്പോ തടിയില്ലാല്ലോ. നീ വേറെ വെല്ല പണീം നോക്ക് പത്രോസേ...''

-പുരികം ചുളിച്ച് നെറ്റിയിൽ കയറ്റിവെച്ചിട്ട് തൂണിൽ ചാരിയിരുന്ന് അവരാച്ചൻ പറഞ്ഞു. എന്നിട്ട്, അച്ചടിച്ച കോട്ടയത്തെ എണ്ണം തെറ്റിയ കുത്തിത്തിരിപ്പുകളിലേക്കു കണ്ണുതാഴ്ത്തി.
ഹൃദയത്തിൽ തറഞ്ഞിരുന്ന ആണികളുടെ എണ്ണം കൂടുന്നതായോ ഒരിലവൻ കെ. വി ഇലക്​ട്രിക്​ കമ്പി പൊട്ടി വന്ന് തന്നിൽ ചുറ്റുന്നതായോ, ഒന്നും തന്നെ തോന്നിയില്ല.

വലത്ത്ന്ന് ആദ്യത്തെ നിര മരങ്ങൾ വീണിരിക്കുന്നു.
പത്രോസിന് അവിടേക്ക് പോകാതിരിക്കുവാൻ ആകുമായിരുന്നില്ല.
അതിരിലെ ചീമക്കൊന്നയുടെ കീഴിൽ പണ്ടാരോ വെട്ടിവെച്ചിരുന്ന ചെങ്കല്ലിൽ ചെന്നിരുന്നു. ഒരു പനിത്തവള അയാൾടെ പാദത്തിലേക്ക് ചാടിക്കയറി. പത്രോ ചുറ്റിനും നോക്കി. വടംകെട്ടി വലിച്ചു നിർത്തിയിരിക്കുന്ന മരങ്ങൾ.
പാതി മിഷീൻവാളുകൊണ്ടും പാതി കോടാലികൊണ്ടുമാണ് മുറിക്കുന്നത്. അസഹനീയമായ ഒച്ചയിൽ നിന്ന് ഓലപ്പുല്ലുകൾക്കിടയിലെ കുണുങ്ങലുപേക്ഷിച്ച് പറപ്പകളും വണ്ടുകളും ചീവീടുകളും മിന്നാമിനുങ്ങുകളും പത്രോസിന്റെ തലക്കു മുകളിലൂടെ പറന്നുപോയി. കൂറ്റൻ നഗരങ്ങളുടേയും കെട്ടിട സമുച്ചയങ്ങളുടേയും ചെറുരൂപ മാതൃകയാണ് കോടാലിക്കൊത്തുകളിൽ നിന്ന്​ തെറിക്കുന്ന ചീളുകൾക്കെന്ന് അയാൾ തിരിച്ചറിഞ്ഞു.
പൂക്കാലത്തിന്റെ മുറിച്ചു മാറ്റിയ ഒരു റബർക്കമ്പെടുത്ത് മടിയിൽവെച്ചിട്ട് പത്രോസ് പിറുപിറുത്തു: ‘‘അമ്മച്ചിയൊണ്ടാർന്നപ്പോഴാർന്നെങ്കില്... അതിലേം... ഇതിലേം... ഇവിടെ കൊറേ എമ്പടി റബറുകളൊണ്ടാർന്നു.'' ​▮

Comments