ചിത്രീകരണം: ഷാഹിന

റൂബിക്‌സ് ക്യൂബ്

1 ഉറുമ്പുകൾ

റങ്ങുമ്പോഴാണ് ഞാൻ കൂടുതൽ സമയം ജീവിച്ചിരിക്കുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കൂടുതൽ ആളുകൾ, കൂടുതൽ സംസാരങ്ങൾ, കൂടുതൽ ജീവിതം. സ്വപ്നങ്ങൾക്ക് യഥാർത്ഥ ജീവിതത്തെക്കാൾ ദൈർഘ്യം കൂടുതലാണ്.
ഞാൻ ഓടി ടെറസ്സിലേക്ക് കയറി. ഗ്രോബാഗുകളിൽ നട്ട പയറുകൾ അങ്ങിങ്ങായി കെട്ടിവെച്ച കയറുകളിലേക്ക് പടർന്നിരിക്കുന്നു. വള്ളികൾ പലതവണ വളച്ച്, ദൃഢമായി കയറിപ്പിടിച്ച്, അതിലേക്ക് തലയെത്തിച്ചു നോക്കി അങ്ങനെ.... പയറുനിറയെ പേനുറുമ്പുകൾ കയറി പറ്റിയിട്ടുണ്ട്, കറുത്ത കുഞ്ഞൻ ഉറുമ്പുകൾ. അത് ചെടിയുടെ നീര് ഊറ്റിക്കുടിച്ച് അതിനെ മുരടിപ്പിക്കുന്നു. താഴെ ചെമ്പരത്തി ചെടിയിൽ കൂടുകൂട്ടിയ ചോണനുറുമ്പുകളുടെ രണ്ടു കൂടുകൾ, കത്രിക വെച്ച് വെട്ടി ബക്കറ്റിലിട്ട് ഞാൻ മുകളിലേക്ക് ഓടി. പയർചെടികൾക്കിടയിൽ കൂടുകൾ ഇട്ടുകൊടുത്തു. പുതിയ സ്ഥലത്ത് വീണ ചോണനുറുമ്പുകൾ, പരിഭ്രാന്തരായി കൂടുവിട്ടു പുറത്തിറങ്ങി വന്നു. ദേഹത്തുവീണ് ഉറുമ്പുകളെ കടി പേടിച്ച് ഞാൻ ഞെരിച്ചുകൊന്നു. കൂടിന് പുറത്തിറങ്ങിയ ചോണനുറുമ്പുകൾ പേനുറുമ്പുകളെ കാണും, അവർ തമ്മിൽ യുദ്ധം ചെയ്യും, ചോണനുറുമ്പുകൾ പയറുകൾ പിടിച്ചെടുക്കും, അവരവിടെ പുതിയ കോളനി സ്ഥാപിക്കും, തളർന്ന പയറുകൾ തളിർക്കും, വീണ്ടും പടരുകയും അതിൽ പുതിയ പയറുകൾ പിടിക്കുകയും ചെയ്യും.

സ്വപ്നത്തിൽ ഞാനൊരു ഫ്രഞ്ച് ക്ലാസിലാണ്. എനിക്ക് ഫ്രഞ്ച് വായിക്കാനോ സംസാരിക്കാനോ അറിയില്ല. ചുറ്റിലുമുള്ള മനുഷ്യർ സംസാരിക്കുന്ന ഭാഷ അറിയാതെ, ആക്രോശങ്ങളുടെ അർത്ഥമറിയാതെ, ചോദ്യങ്ങൾ ചോദിക്കാൻ വയ്യാതെ, പേടിച്ചിരുന്ന നിമിഷങ്ങൾ. ഞാൻ ഫ്രഞ്ച് സിനിമകൾ കുറച്ചൊക്കെ കണ്ടിട്ടുണ്ട്. നിങ്ങൾ പങ്കുവെച്ച അഭിപ്രായത്തോടോ, നിങ്ങൾ ചോദിച്ച ചോദ്യത്തോടോ അനുകൂല ഭാവം പ്രകടിപ്പിക്കാൻ ഫ്രഞ്ചുകാർ "ഉയി', എന്ന ശബ്ദം പുറപ്പെടുവിക്കുന്നു. ഫ്രഞ്ച് സുന്ദരിയുടെ ചുണ്ടുകൾ വൃത്താകൃതിയിൽ വളഞ്ഞു നിന്നു, ചെറുപുഞ്ചിരിയിലേക്ക് കടക്കുമ്പോൾ ഈ ശബ്ദം പുറത്തേക്ക് വരുന്നു. അപ്പോഴും ആരോടെങ്കിലും ഒന്ന് മിണ്ടാൻ പോലും വയ്യാതെ ഒറ്റയ്ക്കിരിക്കുന്ന ഫ്രഞ്ച് ക്ലാസ്സുകൾ എനിക്ക് പേടിയായിരുന്നു.

എഴുന്നേറ്റതും ഞാൻ ടെറസ്സിലേക്കോടി. കൊണ്ടുവന്നിട്ട ഉറുമ്പിൻകൂടുകൾ ശൂന്യമാണ്. ഒരൊറ്റ ചോണനുറുമ്പ് പോലും അവിടെയില്ല. പേനുറുമ്പുകൾ ഓടിനടക്കുന്നു. അവർ യുദ്ധം ജയിച്ചിരിക്കുന്നു. ഒഴിഞ്ഞ ഉറുമ്പിൻകൂടോളം ഞാൻ നിരാശനായി. ചെമ്പരത്തിയിൽ നിന്നും ഒരു ചോണനുറുമ്പിൻ കൂട് കൂടെ മുറിച്ചെടുത്തു. രണ്ടെണ്ണം പടർത്തിവിട്ട പാഷൻഫ്രൂട്ട് നിന്നും പൊട്ടിച്ചെടുത്തു. മൂന്നു കൂട് ചോണനുറുമ്പുകളാണ് ഇന്നെനിക്ക് വേണ്ടി യുദ്ധം ചെയ്യുന്നത്.
ഞാൻ പാമ്പുകളെ സ്വപ്നം കാണാറുണ്ട്. ഒരു പൊട്ട കിണറ്റിലേക്ക് വരിവരിയായി കുറെ പാമ്പുകൾ ഇഴഞ്ഞു പോവുകയാണ്. പലതരത്തിലും നിറത്തിലുമുള്ളത്. എനിക്ക് ഫോട്ടോ എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആർക്കും കിട്ടാത്ത പാമ്പുകളുടെ പടങ്ങൾ എനിക്ക് സ്വന്തം.

മറ്റൊരിക്കൽ ഒരു വലിയകുളമായിരുന്നു. വെള്ളമില്ലാത്ത ചെളി മാത്രം ശേഷിച്ച കുളത്തിനു നടുവിലായി ഞാൻ നിന്നു. നാലു ഭാഗത്തും നിറയെ പാമ്പുകൾ. അവ ഒരാൾക്ക് കാലുകുത്താൻ വയ്യാത്തത്ര അടുത്ത്, ഒന്നിനോടൊന്ന് പറ്റിച്ചേർന്നു പുളഞ്ഞു കൊണ്ടിരിക്കുന്നു. എനിക്ക് അവിടെ നിന്ന് പുറത്തു പോകണം. കണ്ണെത്താത്ത ദൂരത്തോളം പടവുകൾ, എണ്ണമില്ലാത്തത്ര പാമ്പുകൾ.
കുട്ടിയായിരുന്നപ്പോൾ ഞാൻ ഒരു പാമ്പിനെ ചവിട്ടിയിരുന്നു. അതിനുശേഷമാണ് ഈ സ്വപ്നങ്ങൾ കണ്ടു തുടങ്ങിയത്. അതൊരു കുഞ്ഞു പാമ്പായിരുന്നു. അത് നേരത്തെ ചത്തു പോയിരുന്നു. അതോ എന്റെ ചവിട്ടേറ്റ് പുളഞ്ഞ് മുറിവിൽ ഉറുമ്പുകൾ വന്ന് പൊതിഞ്ഞ്, പിന്നെ ചത്തത്തോ?, നേരെ ഓർമ്മ കിട്ടുന്നില്ല. ഇപ്പോൾ എനിക്കതും സ്വപ്നമായി തോന്നുന്നു. പാമ്പിനെ ചവിട്ടിയ സ്വപ്നം കണ്ടത് കൊണ്ടാണ് ഞാൻ പാമ്പുകളെ സ്വപ്നം കണ്ടു തുടങ്ങിയത്.

ടെറസിലേക്ക് പോയപ്പോൾ എലികെണിയിൽ നിന്നൊരു മൂളൽ കേട്ടു. ഒരെലി വീണു കിടക്കുന്നു. പെട്ടിയിൽ രണ്ടു കുഞ്ഞെലികളുമുണ്ട്. ഗർഭിണിയായ എലി കെണിയിൽ വച്ച് പ്രസവിച്ചതാകാം. അല്ലെങ്കിൽ രണ്ട് കുഞ്ഞുങ്ങളെയും കൂട്ടി വന്ന് അത് കെണിയിൽ വീണതാകാം. കുഞ്ഞുങ്ങളോട് എനിക്ക് സഹതാപം തോന്നി. കെണിയിൽ വീണ എലികളെ ഞാൻ ബക്കറ്റിൽ മുക്കി കൊന്ന് ടെറസിൽ നിന്നു തന്നെ പുറത്തേക്ക് വലിച്ചെറിയും. ഇതിനെ എനിക്ക് കൊല്ലാൻ കഴിഞ്ഞില്ല. എലികളെ പുറത്തിറക്കി വിടാനായി വർഷങ്ങൾക്കുശേഷം ഞാൻ വീട് വിട്ട് പുറത്തിറങ്ങി. കുന്നുകയറി കാടിന്റെ മുകളിൽ അവറ്റയെ തുറന്നുവിട്ടു. ഇനിയീ എലികുഞ്ഞുങ്ങൾ പുതിയ സന്തതിപരമ്പരകൾ സൃഷ്ടിക്കും. അവ പെറ്റ് പെരുകും. എലിപ്പനിയും പുതിയ രോഗങ്ങളും പരത്തും. എനിക്കറിയാമായിരുന്നു. പക്ഷേ എനിക്കവയെ കൊല്ലാൻ കഴിഞ്ഞില്ല.

ടെറസിലെ പയർ ചെടികളിലിലെ ചോണനുറുമ്പുകളുടെ മൂന്ന് കൂടുകളും കാലിയായിരുന്നു. ഒരുറുമ്പ് പോലും അതിൽ അവശേഷിച്ചിരുന്നില്ല. തുടർച്ചയായി രണ്ടാം യുദ്ധത്തിലും പേനുറുമ്പുകളോട് ഞാൻ തോറ്റു. വീടിനു മുറ്റത്തെ പേരയ്ക്ക മരത്തിൽ നിന്നും രണ്ടും, പാഷൻ ഫ്രൂട്ടിൽ നിന്നും ചെമ്പരത്തിയിൽ നിന്നും ഓരോ കൂടുകളും പറിച്ചെടുത്ത് പേനുറുമ്പുകളോടുള്ള അവസാന യുദ്ധത്തിന് ഞാൻ തയ്യാറായി. ഇനി ചോണനുറുമ്പുകളുടെ കൂടുകൾ ബാക്കിയില്ല. അവസാനത്തെ പടയാളികളുമായി ഞാൻ യുദ്ധത്തിനു പോയി. നാലു കൂടുകളും പേനുറുമ്പുകൾ നിറഞ്ഞ പയർച്ചെടിയിലിട്ടു.

രാവിലെ കണ്ണു തുറന്നപ്പോൾ മുറി നിറയെ ഉറുമ്പുകളായിരുന്നു. ഒൻപത് കൂടുകളിലെ ചോണനുറുമ്പുകൾ, പയറിൽ പടർന്ന പേനുറുമ്പുകൾ. പിന്നെ കണ്ടാൽ അറിയാത്ത കറുത്തുരുണ്ട മറ്റൊരുതരം ഉറുമ്പുകളും. അവയെ ഞാൻ ഇതിനുമുമ്പ് കണ്ടിട്ടില്ലായിരുന്നു. എവിടുന്ന് വന്നതാണെന്ന് ഞാൻ അവയോട് ചോദിച്ചു. ദാലിയുടെ "പെർസിസ്റ്റൻസ് ഓഫ് മെമ്മറി'യിൽ നിന്നും വന്നതാണെന്ന് പറഞ്ഞു. പ്ലസ് ടുവിലെ മലയാളം ടെക്സ്റ്റ് പുസ്തകത്തിൽ ആ പെയിന്റിങ് ഉണ്ടായിരുന്നു. തട്ടിൽ വച്ച മലയാളം പാഠപുസ്തകത്തിൽ നിന്നും കൂടുതൽ ഉറുമ്പുകൾ ഇറങ്ങി വരുന്നുണ്ട്. ഞാൻ ചോണനുറുമ്പുകളെ നോക്കി. അവരെന്റെ ചുറ്റും പൊതിഞ്ഞു നിന്നു. അവയെ നോക്കി നിന്നപ്പോൾ അവ എന്നോട് സംസാരിച്ചു തുടങ്ങി.

""നിങ്ങൾ ഞങ്ങളെ പരസ്പരം ശത്രുക്കളാക്കാൻ നോക്കി''
ചോണനുറുമ്പുകൾ പറഞ്ഞത് ശരിയായിരുന്നു. ഞാൻ അവയെ പരസ്പരം പോരടിപ്പിക്കാൻ നോക്കി.
""സ്വന്തം കാര്യത്തിനായി ഞങ്ങളിൽ കലാപങ്ങൾ ഉണ്ടാക്കി.''
ചോണനുറുമ്പ് ആ പറഞ്ഞതും പൂർണ്ണമായും ശരിയായിരുന്നു. ഞാൻ ഉറുമ്പുകളിൽ വംശീയ കലാപങ്ങളാണ് ഉണ്ടാക്കിയത്. കലാപങ്ങൾ ഉണ്ടാക്കിയെടുക്കുന്നതാണല്ലോ.

""യുദ്ധം കാരണം ഞങ്ങൾക്ക് ഞങ്ങളുടെ പാർപ്പിടങ്ങൾ നഷ്ടമായി, 7 കൂടുകൾ''
രണ്ടും മൂന്നും നാലും. ഏഴ് കൂടുകൾ. എന്റെ ലാഭത്തിനായി ഞാൻ കളിപ്പാട്ടങ്ങളായി ഉപയോഗിച്ചത് ഏഴ് പാർപ്പിടങ്ങളാണ്.
""നിനക്ക് ശിക്ഷയുണ്ട് വീട് വിട്ട് നീയും ഇറങ്ങുക. ഞങ്ങൾ മുന്നേ നടക്കും പിന്നാലെ നടന്നു കൊള്ളുക''

ചോണനുറുമ്പു പറഞ്ഞത് ന്യായമാണെന്ന് തോന്നി. എനിക്ക് തർക്കമില്ല.ഞാൻ അവർ പറഞ്ഞത് പോലെ ചെയ്യാൻ തീരുമാനിച്ചു. ചോണനുറുമ്പുകൾ മുന്നിൽ നടന്നു, പേനുറുമ്പുകൾ തൊട്ട് പിന്നിൽ, അവയ്ക്ക് പിന്നിൽ ഞാൻ, ഏറ്റവുമൊടുവിലായി ദാലിയുടെ ഉറുമ്പുകൾ. നടന്നു നടന്നു ഒരുപാട് നടന്നപ്പോൾ കാലിൽ മണൽപൊടികൾ പറ്റി തുടങ്ങി. നോക്കെത്താദൂരത്തോളം മണൽ കൂനകൾ. പരന്ന, വിശാലമായ വെളിച്ചം.മരുഭൂമിയിൽ ഞാനും ഏതാനും ഉറുമ്പുകളും മാത്രം. ഞങ്ങൾ നടത്തം തുടർന്നു.

2 ക്ലാപ്പ് ബോയ്

നിങ്ങൾ ഒരു ക്ലാപ്പ് ബോർഡുമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന ക്ലാപ്പ് ബോയിയാണ്. സംവിധായകൻ "റോൾ ക്യാമറ', വിളിച്ചു കഴിഞ്ഞിരിക്കുന്നു. അപ്പോൾ ക്ലാപ്പ് ബോർഡിന്റെ ഉയർത്തിയ വടിയുടെയും പ്രതലത്തിന്റെയും ഇടയിൽ ഒരുറുമ്പിനെ നിങ്ങൾ കാണുന്നുവെന്ന് കരുതുക. ക്ലാപ്പടിച്ചാൽ ഉറുമ്പ് അതിനടിയിൽ പെട്ട് ചതഞ്ഞരഞ്ഞു ചാവും. അടിച്ചില്ലെങ്കിൽ മുഴുവൻ ക്രൂവിനും മുന്നിൽ സംവിധായകന്റെ തെറി കേട്ട് നിങ്ങൾ പരിഹാസ്യനാകും. നിങ്ങൾ എന്ത് ചെയ്യും?

ഇപ്പോൾ ചെയ്തതുപോലെ ആലോചിച്ച് സമയം കളയാതിരിക്കുക. പെട്ടെന്ന് ഉറുമ്പിനെ ഊതി തെറിപ്പിച്ച് ക്ലാപ്പടിച്ച് ഫ്രെയിമിൽ നിന്നും ഓടി മാറുക.
ഒരു മനഃശാസ്ത്രജ്ഞന്റെ മുറിയിലാണ് സീൻ സെറ്റ് ചെയ്തിരിക്കുന്നത്. ഒരു കുഞ്ഞു മുറിയെ നേർപകുതിയായി പകുത്ത്, മറുവശം അദ്ദേഹത്തിന്റെ ഭാര്യയായ ത്വക്‌രോഗവിദഗ്ധയ്ക്ക് നൽകിയിരിക്കുന്നു. മുറിയിൽ സ്ഥാപിച്ച ഏസിയുടെ പകുതിയിൽ വെച്ച് കൃത്യമായി മൾട്ടിവുഡ് വൈദ്യശാസ്ത്രത്തിന്റെ രണ്ടുവിഭാഗങ്ങളെ മുറിച്ചു വയ്ക്കുന്നു. മനഃശാസ്ത്രവിദഗ്ധനായ ഡോക്ടർ, ജീവിതത്തിൽ തോറ്റെന്നു കരുതി തന്റെ മുന്നിലിരിക്കുന്ന നായകനോട് ജീവിതത്തിന്റെ വിശാലമായ ലോകത്തെ കുറിച്ചും വിജയത്തിന്റെ അനന്തമായ സാധ്യതകളെ കുറിച്ചും തന്റെ പകുത്ത, ഇടുങ്ങിയ മുറിയിലിരുന്ന് സംസാരിക്കുന്നു. നായകൻ മരുന്നിന്റെ കുറിപ്പുകൾ വാങ്ങി ഡോക്ടറെ നോക്കി ചിരിച്ച്, ആത്മവിശ്വാസം വീണ്ടെടുക്കുമ്പോൾ സീൻ അവിടെ അവസാനിക്കുന്നു.

റോൾ ക്യാമറ
ക്ലാപ്പ് ബോർഡടിച്ചു കഴിഞ്ഞാൽ ക്ലാപ്പ് ബോയ് ഫ്രെയിമിൽ നിന്നും ഓടി മാറണം. അടുത്ത ടേക്കിന് സമയമാവുമ്പോഴേക്കും എത്താവുന്ന ദൂരത്തിൽ എവിടെയെങ്കിലും അയാൾക്ക് ഒളിച്ചിരിക്കാം. ഇവിടെ പക്ഷേയത് നടപ്പില്ല. മുറി ചെറുതിന്റെ പകുതി മാത്രമാണ്. ഫ്രെയിമിൽ കൊള്ളാതെ നിങ്ങൾക്ക് എവിടെയും മാറി നിൽക്കാനാവില്ല. ക്യാമറയുടെ തൊട്ടു പിന്നിൽ ശ്വാസം പിടിച്ച് അനങ്ങാതെ നിൽക്കാമെന്നാണെങ്കിൽ, അവിടെ ക്യാമറാമാനും ഫോക്കസ് പുള്ളറും സംവിധായകനും ഇറുകിയമർന്ന് നിൽക്കുന്നണ്ടാവും. തൊട്ടപ്പുറം നിശബ്ദനായി പതിഞ്ഞിരിക്കാൻ ആഗ്രഹിച്ചാൽ അവിടെ സൗണ്ട് ഡിസൈനറും ബൂം ഓപ്പറേറ്ററും കാണും. ക്ലാപ്പ് പിടിച്ച് ഓടിക്കയറാൻ ഭൂമിയിൽ അവശേഷിക്കുന്ന ഏകയിടം ഡോക്ടറുടെ മേശയാണ്.

ക്ലാപ്പടിച്ചു കഴിഞ്ഞതും ഞാൻ ഡോക്ടറുടെ മേശ വലിച്ചുതുറന്നു അതിനുള്ളിൽ കയറി. ചെറിയ മുറിയെ രണ്ടായി പകുത്തത്ര ചെറിയ ക്യാബിനിലെ, വളരെ ചെറിയ മേശയ്ക്കകത്ത് കഷ്ടിച്ച് കയ്യും കാലും ചുരുട്ടി വച്ച് ക്ലാപ്പ്‌ബോർഡ് പിടിച്ചിരുന്നു. അകത്ത് മൊത്തമിരുട്ടാണ്. മുന്നിലും പിന്നിലും ചുറ്റുമിരുട്ട്. ഭൂമിക്ക് ഇരുട്ടായിരം കോടി കിലോമീറ്ററുകൾ അപ്പുറെ അനന്തമായ ഇരുട്ടിൽ മുഴുവൻ ജീവജാലങ്ങളിൽ നിന്നും ഒറ്റപ്പെട്ട് ഒരാൾ ഒഴുകി നടക്കുന്നതും ഇരുട്ടിൽ മേശയ്ക്കകത്ത് ഇരിക്കുന്നതും ഒരു അവസ്ഥയാണ്. കണ്ണുതുറന്നു നോക്കിയാൽ ചുറ്റും കാണുന്നത് ഇരുട്ട് മാത്രമെങ്കിൽ കൈകാലുകൾ അനക്കാൻ വയ്യാതെ ഒരു മേശയ്ക്കുള്ളിൽ ചുരുണ്ടിരിക്കുന്നതും അനന്തമായ ലോകത്ത് പറന്നുനടക്കുന്നതും തമ്മിലെന്ത് വ്യത്യാസം? രണ്ടും നിങ്ങൾ ഒറ്റയ്ക്കായിപോയ ഇരുട്ട് മാത്രം.

"കട്ട്', വിളിച്ചു. ആരോ മേശ വലിച്ചു തുറന്നു, ഞാൻ പുറത്തിറങ്ങി. റീടേക്കാണ്, സംവിധായകൻ പറഞ്ഞു. നായകന്റെ ഇടുങ്ങിയ ലോകത്തുനിന്നും വിശാലമായ പരന്നലോകത്തേക്ക്, മനഃശാസ്ത്രജ്ഞൻ അയാളെ കൊണ്ടുപോകുമ്പോൾ അയാളുടെ മുഖത്ത് ഭാവ മാറ്റങ്ങൾ ഉണ്ടാകുന്നില്ലത്രേ. ഞാൻ മേശയ്ക്കടിയിലേക്ക് ഒന്നുകൂടെ ഓടി കയറാൻ തയ്യാറായി, ക്ലാപ്പ് ബോർഡും പിടിച്ചു ക്യാമറയ്ക്ക് മുന്നിൽ നിന്നു. മനഃശാസ്ത്രജ്ഞൻ ഇടിഞ്ഞ ലോകത്തെ പരത്താനുള്ള സംഭാഷണങ്ങൾ ഒന്നുകൂടെ ഓർക്കാൻ ശ്രമിക്കുന്നു. നായകൻ ലോകം പരക്കുമ്പോൾ ഭാവമാറ്റം അനിവാര്യമാണോ എന്ന ചിന്തയിൽ മുഴുകിയിരിക്കുന്നു. ഞാൻ ക്ലാപ്പ്‌ബോർഡിന്റെ മുകളിലെ വടി പൊക്കി. വടിയുടെ അടിയിൽ അമർന്നു ചത്ത ഉറുമ്പിനെ ഊതിമാറ്റി.

3 എലിപ്പെട്ടി

സ്വന്തമായി വീടില്ലാത്തവർക്കാണ് അന്യന്റെ വീട് കയ്യേറെണ്ടി വരുന്നത്. ഭക്ഷണം ലഭിക്കാതെ വരുമ്പോൾ അവർക്ക് ഭക്ഷണം മോഷ്ടിക്കേണ്ടിവരും. ഇതിൽ നിന്നാണ് എലിപ്പെട്ടി എന്ന മഹത്തായ ആശയത്തിലേക്ക് ഞാൻ എത്തിയത്. പാർപ്പിടം ഇല്ലാത്തതിനാൽ എന്റെ വീട് കയ്യേറിയ എലികൾക്ക് സ്വന്തമായി ഒരിടം. ഒരു ദിവസത്തെ പരിശ്രമം കൊണ്ട് ഞാൻ ഒരു എലിപ്പെട്ടി ഉണ്ടാക്കി. ഒരു കഷ്ണം റസ്‌ക്ക് ഭക്ഷണമായി അതിൽ വച്ചു ഞാൻ കിടന്നുറങ്ങി.
എലിപ്പെട്ടിയെ ഓർമ്മ വന്ന ഒരു ദിവസം പെട്ടിയിൽ നാല് എലികളെ ഞാൻ കണ്ടു. സ്വാഭാവികമായും പെട്ടിയിൽ ഒരു എലി മാത്രമേ വീഴാൻ പാടുള്ളൂ, പക്ഷേ പെട്ടിയിൽ നാല് എലികൾ ഉണ്ട്. അപ്പോൾ പെട്ടിയിൽ വീണ എലിക്ക് മൂന്ന് പകർപ്പുകൾ ഉണ്ടായിരിക്കുന്നു. ഞാൻ ഉണ്ടാക്കിയത് ഒരത്ഭുതപ്പെട്ടിയാണ്. അതിൽ വീഴുന്ന വസ്തുക്കൾക്ക് അത് പകർപ്പുകൾ ഉണ്ടാക്കുന്നു.

3.1 ഭൂമിയുടെ പെട്ടി

പെട്ടിയിൽ വീണ എലിക്ക് മൂന്ന് പകർപ്പുകൾ ഉണ്ടായതോടെ ഞാൻ വലിയ പദ്ധതികൾ ഉണ്ടാക്കി. വലിയ ചിലവ് വരുന്ന കാര്യമായതിനാൽ ഞാൻ ഗവണ്മെന്റിനോട് സഹായം അഭ്യർത്ഥിച്ചു. ഗവണ്മെന്റ് എന്നെ വിശ്വസിച്ചില്ല.ഞാൻ പ്രധാനമന്ത്രിക്ക് ഒത്ത എലിപ്പെട്ടി ഉണ്ടാക്കി അയാളെ അതിലിട്ടു. സ്വാഭാവികമായി നാലു പ്രധാനമന്ത്രിമാർ പുറത്തുവന്നു. രണ്ട് പേരെ അവർ വെടിവച്ചുകൊന്നു, ഒരാളെ അവർ നാളേക്ക് വേണ്ടി ഒളിപ്പിച്ചുവെച്ചു. ഒരു ബാക്കപ്പ് പ്രധാനമന്ത്രി. "കോടതിയുടേയും മറ്റ് സർക്കാർ ഏജൻസികളുടെയും അളവിന് ഒരു പെട്ടി ഉണ്ടാകുമെങ്കിൽ, പദ്ധതിക്കുള്ള ഫണ്ട് ഞങ്ങൾ റെഡിയാക്കാം'. ഓഫർ ഞാൻ സന്തോഷപൂർവ്വം സ്വീകരിച്ചു. അങ്ങനെ എന്റെ സ്വപ്നപദ്ധതി ക്കുള്ള പണം എനിക്ക് അനുവദിച്ചു കിട്ടി. രാജ്യമെമ്പാടും പ്രതിമകളും സ്റ്റേഡിയങ്ങളും പണിയാനായി സർക്കാർ നീക്കി വെച്ച ആ വലിയ തുകകൊണ്ട് ഞാൻ ഭൂമിയെ ഇടാനുള്ള പെട്ടിയുടെ പണി പൂർത്തിയാക്കി. സൂര്യനെ വലം വെക്കുന്ന വഴിയിൽ കൊണ്ടുവച്ചു. ഒരുമാസംകൊണ്ട് ഭൂമി പെട്ടിയിൽവീണു. പക്ഷെ മൂന്ന് ഭൂമികൾ അധികമായി ഉണ്ടായില്ല. പെട്ടിയിൽ എന്തോ സാങ്കേതിക തകരാർ സംഭവിച്ചിരിക്കണം. എന്നോടവർ വിശദീകരണം ആരാഞ്ഞു. അവർ അവശ്യപ്പെട്ടുന്നത്ര കാലം സൗജന്യമായി പകർപ്പുകൾ നൽകുന്ന പെട്ടികൾ നിർമിച്ചു നൽകാം എന്ന വ്യവസ്ഥതയിൽ എനിക്കവർ മാപ്പ് നൽകി. 'വർദ്ധിച്ചുവരുന്ന ചൂടിൽ നിന്നും അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ഭൂമിയെ രക്ഷിക്കാൻ ഗവൺമെന്റ് ആവിഷ്‌കരിച്ച പുതിയ പദ്ധതിയാണിത്, ഓസോൺ പാളി ചുരുങ്ങിയാലും നമ്മുടെ രാജ്യത്തിന് സംരക്ഷണവും, സുരക്ഷയും പെട്ടിയിൽ നിന്ന് കിട്ടും'.
പ്രധാനമന്ത്രി പറഞ്ഞു. കയ്യടിക്കാൻ കൂടിയവരുടെ കൂടെ ചേർന്ന് ഞാനും കൈയ്യടിച്ചു.

3.2 സാഹിത്യ പെട്ടി

പെട്ടിയിൽ ഇട്ടാൽ എലികൾക്ക് പകർപ്പുകളുണ്ടാകുമെങ്കിൽ എന്തുകൊണ്ട് കഥകൾക്ക് ഉണ്ടായിക്കൂടാ? ഞാൻ മലയാളത്തിൽ ഈയിടെ അവാർഡുകൾ ഏറ്റവും അധികമായി നേടിയ ജനുസിൽപ്പെട്ട ഒരു കഥ എടുത്തു പെട്ടിയിൽ കൊണ്ടിട്ടു. സ്വാഭാവികമായും സമാനമായ മൂന്ന് കഥകൾ ഉണ്ടായി. ഞാനവ മൂന്ന് ആഴ്ച്ചപതിപ്പുകൾക്ക് അയച്ചുകൊടുത്തു. മൂന്നും ഒരേസമയം അച്ചടിച്ചുവന്നു. ആ കഥകൾ വീണ്ടും പെട്ടിയിൽ ഇട്ടു, കഥകൾക്ക് പകർപ്പുകൾ ഉണ്ടായിക്കൊണ്ടിരുന്നു. ആരാധകർ ആഘോഷിക്കുന്ന എഴുത്തുകാരനായി ഞാൻ മാറി. അവാർഡുകൾ നേടി, കഥകൾ സിനിമകളായി, സാഹിത്യ ചർച്ചകളിൽ മുടങ്ങാതെ പോയിക്കൊണ്ടിരുന്നു. ഒരു ദിവസം വൈകുന്നേരം പെട്ടി വാർത്താ സമ്മേളനം വിളിച്ചു ചേർത്തു. കഥ എഴുതിയത് ഞാനല്ലെന്നും എലിപ്പെട്ടി ആയിരുന്നെന്നും അത് വിളിച്ചുപറഞ്ഞു. എന്നെ അതുപോലൊരു കഥയെഴുതാൻ വെല്ലുവിളിച്ചു. വെല്ലുവിളി ഏൽക്കാതെ രക്ഷയില്ലെന്നായി. പെട്ടി പുതിയ മൂന്ന് കഥകൾ എഴുതി കാണിച്ചു. ഞാൻ ഒരെലി പെട്ടിയിൽ വീണു മൂന്നെലികളായി മാറിയ ഒരു കഥയെഴുതി. എന്റെ അവാർഡുകൾ തിരികെ മേടിച്ചു, സാഹിത്യചർച്ചകളിൽ വിളിക്കാതെയായി, കോപ്പിറൈറ്റ് വെച്ച് എലിപെട്ടി എന്റെപേരിൽ കേസ് കൊടുത്തു. ഞാൻ ജയിലിലായി. അതൊരു പാർപ്പിടമല്ലായിരുന്നു.

3.3 പെട്ടിവിപ്ലവം

പെട്ടിയിൽ വീണ്, എലിക്ക് മൂന്ന് പകർപ്പുകൾ ഉണ്ടായതോടെ ഞാൻ ഒരു പെട്ടി കൂടി ഉണ്ടാക്കി. അതിൽ മറ്റൊരു എലിയെ കൂടിയിട്ടു. അതിലും പുതിയ മൂന്ന് എലികൾ ഉണ്ടായി. കൂടുതൽ പെട്ടികൾ ഉണ്ടാക്കാൻ ഞാൻ തീരുമാനിച്ചു. ഒരു പെട്ടി ഉണ്ടാക്കാൻ മൂന്ന് മണിക്കൂർ സമയം വേണ്ടിവരുന്നതിനാൽ ഞാൻ ഒരു പെട്ടിയെ വേറൊരു പെട്ടിയിൽ കൊണ്ടിട്ടു. സ്വാഭാവികമായും അവിടെ മൂന്നു പെട്ടികൾ ഉണ്ടായി. വ്യവസായികമായി പെട്ടിയെ നിരത്തിലിറക്കുന്നതിനെ പറ്റി ദീർഘമായ ആലോചിച്ചുകൊണ്ടിരിക്കെ ഒരു പെട്ടി വിപ്ലവം പൊട്ടിപ്പുറപ്പെട്ടു.
പെട്ടികൾ അതിനകത്തേക്ക് തന്നെ പെട്ടികൾ നിക്ഷേപിച്ചു പെറ്റുപെരുകി. നിമിഷങ്ങൾകൊണ്ട് അവ വീടിന്റെ അതിർത്തികൾ ഭേദിച്ച് വിപ്ലവം വ്യാപിപ്പിച്ചു. നിയമങ്ങളെയും പാസ്‌പോർട്ടുകളെയും അറിയാത്ത പെട്ടികൾ, വിപ്ലവം ലോകം മുഴുവൻ വ്യാപിപിച്ചു. ഏകാന്തത എന്ന വലിയ പ്രശ്‌നത്തെ ആദ്യമേ തിരിച്ചറിഞ്ഞ് പെട്ടികൾ ഓരോന്നിലും ഓരോ എലികളെ വീതമിട്ടു. ലോകമെമ്പാടും പെട്ടികളും എലികളും നിറഞ്ഞു. ഇതിൽ ഒരെലി വഴി എലിപ്പനിയുടെ പുതിയ വകഭേദം ഉണ്ടായി. പെരുകാനുള്ള മത്സരത്തിൽ പെട്ടികളും എലികളോടുമൊപ്പം വൈറസും പങ്കുചേർന്നു. എലികൾ എല്ലാം തിന്നു തുടങ്ങി. രോഗത്തോടൊപ്പം കടുത്ത ഭക്ഷ്യ ക്ഷാമവും ഉണ്ടായി. ക്ഷാമങ്ങൾ കലാപങ്ങളും യുദ്ധങ്ങളും ഉണ്ടാക്കി. സ്വാഭാവികമായും അഭയാർഥികൾ ഉണ്ടായി. വിശന്ന്, ഭയന്ന് അലഞ്ഞുതിരിഞ്ഞ എന്നെ എലികൾ കണ്ടെത്തി. ഞാൻ അവരുടെ പെട്ടി കയ്യേറും എന്നവർ കരുതിയോ എന്നറിയില്ല, അവർ എനിക്ക് വലിയൊരു മുറി ഉണ്ടാക്കി നൽകി. എന്നെ അതിൽ അടച്ചു വച്ചു. തിന്നാൻ ഒരു കഷ്ണം റസ്‌ക്ക് ചുവരിൽ കോർത്തു വച്ചിരുന്നു.

4 ലിഫ്റ്റ്

പടികയറുമ്പോൾ വഴുതിവീണപ്പോഴാണ് ഞാൻ ആദ്യമായി ലിഫ്റ്റിൽ കയറിയത്. നമ്മൾ ഉള്ളിടത്ത് വച്ച് തുറക്കുന്ന വാതിൽ കടന്നകത്തു കയറിയാൽ, ഇഷ്ടമുള്ളിടത്ത് വാതിൽ തുറന്നിറങ്ങാം. വാതിലുകളിൽ നിന്നും വാതിലുകളിലേക്ക് ലോകത്തെ കോർത്തിണക്കുന്ന ആശയം. ഞാൻ കൂടുതൽ സമയം ലിഫ്റ്റിൽ ചിലവിടാൻ ആഗ്രഹിച്ചു. ഒറ്റയ്ക്ക് ലിഫ്റ്റിൽ ഇരുന്ന് പാട്ട്‌കേട്ടു, ഒറ്റയ്ക്ക് ലിഫ്റ്റിൽ ഇരുന്ന് പുസ്തകം വായിച്ചു. ലിഫ്റ്റിൽ ഒറ്റക്കിരിക്കുന്ന സമയം ജീവിതത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി മാറി. മനുഷ്യരെ കാണാതെ, മണക്കാതെ, കേൾക്കാതെ, രുചിക്കാതെ, സ്പർശിക്കാതെ സ്വസ്ഥമായി ഇരിക്കാൻ ലിഫ്റ്റുകൾ സഹായകമാണെന്ന അറിവാണ് ലിഫ്റ്റിൽ സ്ഥിരതാമസമാക്കാമെന്ന തീരുമാനത്തിലെത്തിച്ചത്.

ഒരു യൂറോപ്യൻ ക്ലോസറ്റ്. കിടക്കാൻ ഒരു സോഫയും തലയണയും ലിഫ്റ്റിൽ കൃത്യമായി കൊണ്ടു. മിച്ചം വന്ന സ്ഥലം നാലേകാൽ സെന്റീമീറ്റർ നീളവും ഏഴുസെന്റീമീറ്റർ വീതിയുമുള്ള ചതുരമാക്കി വച്ച് ഭാവിയിലെ ആവശ്യങ്ങൾക്കായി മാറ്റിവെച്ചു. ഒറ്റയ്ക്കായിരുന്നത് കൊണ്ട് വസ്ത്രങ്ങൾ ഉപയോഗിക്കേണ്ടി വന്നില്ല. ഭാരം കുറച്ചു കൂടെ കുറഞ്ഞു.

ആദ്യമാദ്യം ദിവസവും ഭക്ഷണവും വെള്ളവും രാവിലെ ലിഫ്റ്റ് തുറന്ന് ഒരാൾ എത്തിച്ചു തന്നു. സോഫയിൽ തിരിഞ്ഞു കിടന്നുകൊണ്ട് അയാളെ നോക്കാതെ, ഭക്ഷണം വരുന്നതും അയാൾ പോകുന്നതും കേട്ടിരുന്നു. ഭക്ഷണം ഒരു ദിവസം കഴിഞ്ഞ് കേടായില്ലെങ്കിൽ, അയാളുടെ ദിവസവുമുള്ള വരവ് ഒഴിവാക്കാമായിരുന്നു എന്ന് മനസ്സിലാക്കിയപ്പോൾ, പെട്ടെന്ന് കേടുവരാത്ത പഴങ്ങളും ചെറിയൊരു ടാങ്കിൽ വെള്ളവും ആഴ്ചയിലൊരിക്കൽ കൊണ്ടുവന്നാൽ മതിയെന്ന് അയാളെ അറിയിച്ചു. പഴങ്ങൾ സോഫയുടെ മുകളിൽ കൂട്ടിയിട്ടു. വെള്ളത്തിന്റെ സംഭരണി അടച്ച ക്ലോസറ്റിന് മുകളിലായി വച്ചു. ദിവസവും ഉറങ്ങാനും വിസർജിക്കാനും സ്ഥാന ക്രമങ്ങൾ മാറ്റേണ്ടി വരുന്നത് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കി. വിസർജനം കുറയ്ക്കാൻ ഭക്ഷണവും വെള്ളവും കുറച്ചു. സോഫയിലെ പഴങ്ങളുടെ എണ്ണം കുറഞ്ഞു.

ഇടയ്ക്കിടെ അവ എടുത്ത് മാറ്റുന്നത് മടുപ്പിച്ചതോടെ ഉറക്കം കുറച്ചു. ഭക്ഷണം കഴിക്കുന്നത് കുറച്ചതോടെ അയാൾക്ക് രണ്ടാഴ്ചയിലൊരിക്കൽ വന്നാൽ മതിയെന്നായി. ഉറക്കം കുറഞ്ഞതോടെ വായിക്കാൻ കൂടുതൽ പുസ്തകങ്ങൾ അയാളോട് എത്തിക്കാൻ പറഞ്ഞു. സോഫയിൽ ക്ലോസറ്റിന്റെ മുകളിലും മിച്ചം വന്ന സ്ഥലങ്ങളിലും പുസ്തകങ്ങൾ കൂട്ടിയിട്ടു. ഭാരം പിന്നെയും കുറഞ്ഞു.
ആദ്യമാദ്യം ലിഫ്റ്റിന്റെ മുകളിലേക്കുള്ള ഉയർച്ചയും താഴേക്കുള്ള വീഴ്ചയും എനിക്ക് കൃത്യമായി മനസ്സിലാകുമായിരുന്നു. എപ്പോഴോ ഈ ചലനങ്ങളെ ഞാൻ മറന്നുപോയി. ലിഫ്റ്റ് ഉയരുന്നതും താഴ്ന്നതും തമ്മിൽ തിരിച്ചറിയാൻ എനിക്ക് ഇപ്പോൾ പറ്റുന്നില്ല. അടഞ്ഞ ഏകാന്തമായ ഈ മുറിക്കുള്ളിൽ അതിന്റെ ചലനം മുകളിലേക്കാണോ, താഴെകാണോ എന്ന ചോദ്യം അപ്രസക്തമാണ്. എനിക്കിഷ്ടമുള്ളത് പോലെ അതിന്റെ ചലനത്തെ ഇതിനകത്ത് ഇരുന്നുകൊണ്ട് എനിക്ക് വിചാരിക്കാം. ആഴമേറിയ കടലിന്റെ അടിത്തട്ടിൽ ഈ വലിയ പെട്ടി വീണുവെന്ന് കരുതിയാലും. അനന്തമായി മുകളിലേക്ക് പോവുകയാണെന്ന് കരുതിയാലും ഒരു വിത്യാസവും ഉണ്ടാകുന്നില്ല.
അയാൾ അവസാനം വന്നതെന്നാണെന്ന് ഓർമ്മയില്ല. മാസങ്ങളോ വർഷങ്ങളോ മുന്നേ ആയിരിക്കണം. സോഫയുടെ മുകളിൽ പ്രോട്ടീൻ ഗുളികകൾ കൂമ്പാരമാക്കിയിട്ടുണ്ട്. വിശക്കുമ്പോൾ ഒന്ന് കഴിക്കും. പിന്നെ വിശക്കാൻ നന്നേ വൈകും. വല്ലപ്പോഴും മൂന്നോ,നാലോ തുള്ളി വെള്ളമെടുത്ത് ചുണ്ടുനനയ്ക്കും. ഇവിടെ ഒരിക്കൽ പോലും ഞാൻ വിയർത്തിട്ടില്ല. ദാഹം മറന്നു പോകാൻ ഉള്ള ഗുളിക കഴിച്ചിരുന്നു. വെള്ളം കുടിക്കുന്നത് കുറച്ചപ്പോൾ മൂത്രമൊഴിക്കേണ്ടാതായി. കക്കൂസ് പൊളിച്ചു കളഞ്ഞു. ആ സ്ഥലം മറ്റെന്തെങ്കിലും കാര്യത്തിന് ഉപയോഗിക്കാം എന്ന് കരുതി. ഇനിയും പുസ്തകം കൂട്ടി ഇടുകയോ, അല്ലെങ്കിൽ ഗുളികകൾ കുന്നുകൂട്ടുകയോ ചെയ്യാം.

വിശപ്പും ദാഹവും വറ്റി പുസ്തകങ്ങൾ തിന്നു കൊണ്ടിരുന്ന ഒരു ദിവസം പെട്ടെന്നെനിക്ക് ശബ്ദങ്ങളെ ഓർമ്മ വന്നു. ഇവിടെ ശബ്ദങ്ങൾ ഇല്ലായിരുന്നു. എന്റെ കാലടികൾ വരെ നിശബ്ദമായിരുന്നു.ഞാൻ ഓടിപ്പോയി പുസ്തകതാളുകൾ മറിച്ചുനോക്കി. അതിലും ശബ്ദം ഇല്ലായിരുന്നു. ഗുളിക വിഴുങ്ങുമ്പോഴും ശബ്ദമില്ല. ലിഫ്റ്റിൽ എവിടെയും ശബ്ദമില്ല. എന്നാണ് അവസാനമായി ഞാൻ ഒരു കൊതുക് മൂളുന്നത് കേട്ടത്? എന്തുകൊണ്ടാണ് ഞാൻ ലിഫ്റ്റിൽ പാട്ടുകേൾക്കാൻ ഒന്നും കരുത്താതിരുന്നത്? അന്നിവിടെ സ്ഥലം ഇല്ലായിരുന്നു. ശബ്ദത്തിന് അത്രയേറെ സ്ഥലം ആവശ്യമാണോ? എന്തുകൊണ്ടോ ഞാൻ ശബ്ദങ്ങളെ അവഗണിച്ചു
ശബ്ദം ഇല്ലെന്ന് അറിഞ്ഞപ്പോഴാണ് ലിഫ്റ്റിൽ ഇത്രയേറെ ഇരുട്ട് ഉണ്ടായിരുന്നെന്ന് മനസ്സിലായത്. എനിക്ക് പുസ്തകങ്ങളിലെ അക്ഷരങ്ങൾ കൃത്യമായി വായിക്കാൻ പറ്റാതെയായി,ദിവസങ്ങൾ കഴിഞ്ഞപ്പോൾ അക്ഷരങ്ങൾ ഒട്ടുമേ കാണാതെയായി, പിന്നെ പുസ്തകങ്ങൾ കാണാതെയായി. എനിക്ക് ശ്വാസം മുട്ടി തുടങ്ങി. ലിഫ്റ്റ് നിറയെ ഇരുട്ടാണ്. ഞാൻ ഒന്നും കാണുന്നില്ല. ഇടുങ്ങിയ ഇരുട്ട്. എനിക്കിത് പൊളിക്കണം. ഒന്ന് ശ്വസിക്കണം. കേൾക്കണം. ഞാൻ വാതിലിൽ ചവിട്ടിക്കൊണ്ടിരുന്നു, ദിവസങ്ങളോളം. വാതിൽ ചെറുതായി തുറന്നപ്പോൾ ദ്വാരത്തിലൂടെ പുറത്തുനിന്ന് കൂടുതൽ ഇരുട്ട് ഒഴുകി വന്നു. ലിഫ്റ്റ് കൂടുതൽ കൂടുതൽ കൂടുതൽ കറുത്തു. ഞാൻ ചവിട്ടിക്കൊണ്ടിരുന്നു. എപ്പോഴോ വാതിൽ നടുവേ പിളർന്നു. അനന്തമായ ഇരുട്ട്. ലിഫ്റ്റിൽ നിന്നും അനന്തതയിലേക്ക് ഇറങ്ങിനടന്നു. ശബ്ദങ്ങളില്ല, ഗന്ധങ്ങളില്ല, രുചികളില്ല, ആരെയും തൊടാൻ പറ്റുന്നില്ല.ഒരു മനുഷ്യനെ കാണാൻ കൊതിച്ചു ഏകാന്തത ആദ്യമായി അസഹ്യമായി തോന്നി.

ഏകാന്തതയെ പിളർന്ന് ഒരാൾ പെട്ടെന്ന് അവിടേക്ക് കടന്നു വന്നു. അയാളുടെ കയ്യിൽ ഒരു ക്ലാപ്പ് ബോർഡ് ഉണ്ടായിരുന്നു. അയാൾ കൈയും കാലും ചുരുട്ടിവച്ച് അവിടെ കൂനിയിരുന്നു. ഒരു മനുഷ്യൻ, വർഷങ്ങൾക്കുശേഷം കണ്ട ആദ്യത്തെ മനുഷ്യൻ, അയാളുടെ വിയർപ്പിനെ ഞാൻ ശ്വസിച്ചു. അയാളുടെ നിശ്വാസം കേട്ടു. എനിക്ക് സന്തോഷമായി. ഞാൻ അയാൾക്കരികിലേക്കോടി. "കട്ട്', എന്ന് ആരോ ഉച്ചത്തിൽ അലറി. ഇരുട്ട് ആരോ തുറന്നു. അയാൾ പുറത്തേക്കോടി, ഇരുട്ടടഞ്ഞു, ഞാൻ ഒറ്റയ്ക്കായി.

5 ക്രിസ്മസ് കാർ

എന്റെ കൈയ്യിലൊരു കാറുണ്ട്. അതിന് ക്രിസ്മസ് അപ്പൂപ്പന്റെ മുഖമാണ്. ചുവന്ന കാറിന് വെള്ള താടിയും മീശയും. നീണ്ട മൂക്ക്. ഏറ്റവും മുകളിലായി വലിയൊരു തൊപ്പി. ഡിക്കിയായി അപ്പൂപ്പന്റെ സഞ്ചി. അതിന്റെ കണ്ണ് നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് ചിന്തിച്ചോളു. (യഥാർത്ഥത്തിൽ കണ്ണ് മുന്നിലത്തെ കണ്ണാടിയിലാണ്). ബാറ്ററി ഇട്ട് സ്വിച്ച് ഞെക്കിയാൽ അതിന്റെ കണ്ണുകൾതുറന്ന്, ചുണ്ടുകൾ വിടർത്തി, ജിംഗിൽ ബെൽ പാടും. സഞ്ചി തുറന്ന് സമ്മാനങ്ങൾ എറിയും. തൊപ്പി കുലുക്കി തലയാട്ടും, പക്ഷേ അതിന് ജിംഗിൽ ബെൽസ് മാത്രമേ പാടാൻ അറിയൂ. ഓണത്തിനും ക്രിസ്മസിനും പെരുന്നാളിനുമൊക്കെ അത് ജിംഗിൽ ബെൽ മാത്രം പാടും. ഒരേ രേഖയിൽ, ഒരേ താളത്തിൽ, ഒരേ വേഗത്തിൽ എന്നും ഒരേ സഞ്ചാരം. മറ്റെല്ലാം സഹിച്ചാലും, എന്നും ജിംഗിൽ ബെൽ മാത്രം പാടുന്നതിനോട് എനിക്ക് എതിർപ്പുണ്ട്. ഇത്തരം കാറുകൾക്ക് സമൂഹത്തിൽ കൃത്യമായ ഇടം ഉണ്ടാക്കാൻ കഴിയില്ല. ഉടമയ്ക്ക് ഇഷ്ടമുള്ള പാട്ടുകൾ, അയാൾക്ക് ഇഷ്ടമുള്ളപ്പോൾ പാടാൻ അത് പഠിക്കണം.

എനിക്കൊരു കാറ് കൂടിയുണ്ട്. ഒരുപോലെ ഉണ്ടായിരുന്ന അനേകം കാറുകളിൽ അവശേഷിക്കുന്ന ഒന്ന്. അതിനെ മുന്നോട്ടുരുട്ടിയാൽ വലിയ പ്രതിരോധം തീർത്ത് മാത്രം അത് മുന്നോട്ട് സഞ്ചരിക്കും. പിന്നോട്ടുരുട്ടിയാൽ ശക്തി സംഭരിച്ച് അത് മുന്നോട്ടു കുതിക്കും. കാർ എന്നോട് കാണിക്കുന്ന ഈ പ്രതിരോധവും അനുസരണക്കേടും പ്രായം കൂടി വരുന്തോറും എനിക്ക് അസഹ്യമായി വന്നു. കൃത്യമായി പണം നൽകി വാങ്ങിയ ഏതൊരുപകരണവും അത് മനുഷ്യനായാലും കാറായാലും ഉടമയോട് അപമര്യാദ കാണിക്കുന്നത് സഹിക്കാവുന്ന കാര്യമല്ല.
ഇങ്ങനെയുള്ള സ്ഥലങ്ങളിലാണ് എഴുതി വരുമ്പോൾ ഞാൻ കുടുങ്ങി പോവുന്നത്. ഇവിടെനിന്ന് അനുസരണയില്ലാത്ത, റിബൽ ആയ, പിന്നോട്ട് ഉരുട്ടിയാൽ മുന്നോട്ടുപോകുന്ന കാറിനെ സ്വാഭാവികമായും ഞാൻ ചെയ്യുന്നതുപോലെ ടയറും ബോഡിയും വേറെ വേറെയാക്കി തല്ലിപ്പൊട്ടിച്ച്, തുറക്കുമ്പോൾ കിറു കിറു ശബ്ദമുണ്ടാക്കി തല പൊട്ടിക്കുന്ന ഇരുമ്പ് പെട്ടിക്കകത്ത് ഇടേണ്ടതാണ്. ക്രിസ്മസ് കാറിന്, ക്രിസ്മസിന് മാത്രം ജിംഗിൽ ബെൽ പാടിയാൽ മതി എന്ന നിബന്ധനയിൽ, ഊരി വീഴാറായ ടയറിന് പകരം മെച്ചപ്പെട്ടൊരു ടയർ നൽകി സ്വാതന്ത്ര്യം നൽകണം. പക്ഷേ ഇവിടെ കഥ എങ്ങും എത്തുന്നില്ല. അവസാന ദൂരെയാണ്, ബാറ്ററിയിൽ ഓടുന്ന ഒരു കാറിന് ചാർജ് തീരുവോളം എത്താവുന്നതിനുമപ്പുറം. ഒരു കഥയെ എഴുത്തുകാരൻ അതിസൂക്ഷ്മമായി പിടിച്ച് അവന്റെ വരുതിയിൽ നിർത്തേണ്ടതായുണ്ട്. സിദാൻ ഒരു ക്രോസ് പിടിച്ചെടുക്കുന്നത് പോലെ. ഫസ്റ്റ് ടച്ച് അത്രയും പെർഫെക്റ്റ് ആയിരിക്കണം. എനിക്ക് അത് പഠിക്കണം എന്നാഗ്രഹമുണ്ടായിരുന്നു, ഒരിക്കൽ ഞാനത് സിദാനോട് ചോദിച്ചു.

""നിങ്ങളുടെ ഫസ്റ്റ് ടച്ചിന്റെ രഹസ്യം പറഞ്ഞുതരാമോ?''
""എന്തിനാണ്.''
""അതത്രയും മനോഹരമാണ്, ഞാൻ എഴുതിയ എല്ലാത്തിനേക്കാളും, നിങ്ങൾ പന്തിനെ തൊട്ട് പോലെ കഥയെതൊടാനും നിങ്ങൾ പന്തിനെ കാലിൽ ഒതുക്കിയ പോലെ കഥയെ എന്റെ കയ്യിൽ ഒതുക്കാനും കഴിഞ്ഞിരുന്നെങ്കിൽ!''
""ഫസ്റ്റ് ടച്ചിന്റെ രഹസ്യം ഡെന്നിസ് ബെർഗ്കാമ്പിനോട് ചോദിക്കൂ.''
""ബർഗ്കാമ്പിന് പറക്കാൻ പേടിയായിരുന്നു. എനിക്ക് എഴുതിക്കഴിഞ്ഞു പറക്കണം. നോക്കൂ മുറി എത്രയോ ചെറുതാണ്, എനിക്കും നിങ്ങൾക്കും കഷ്ടിച്ച് നിൽക്കാൻ മാത്രം വലിപ്പമുള്ളത്.''
""തെറ്റി നിനക്ക് കഷ്ടിച്ച് നിൽക്കാൻ മാത്രമുള്ള വലിപ്പമേ ഇതിനുള്ളൂ.''
""എനിക്ക് പറക്കണം, ഇവിടെ ശ്വാസം മുട്ടുന്നു.''
""തലയുയർത്തി നിൽക്കൂ, ശ്വാസം മുട്ടിയാൽ മതിലുകൾ നോക്കി തലവച്ചാഞ്ഞടിക്കൂ.''

6 ക്ലാപ്പ് ബോർഡ്

"അനുസരിക്കൂ'. ക്ലാപ്പ് ബോർഡിൽ എല്ലായിപ്പോഴും "അനുസരിക്കൂ' എന്ന് എഴുതിയിട്ടുണ്ടാവും. ഈ ക്ലാപ്പ് ബോർഡ് വർഷങ്ങളുടെ എക്‌സ്പീരിയൻസ് ഉള്ള, ഇതിഹാസങ്ങളുടെ കൂടെ പ്രവർത്തിച്ചിട്ടുള്ള കർക്കശക്കാരനായ ഒരു ക്ലാപ്പ് ബോർഡാണ്. അഞ്ച് നാഷണൽ അവാർഡുകൾ, ഇരുപതോളം സ്റ്റേറ്റ് അവാർഡുകൾ, ഒരു പാം ഡിയോർ നോമിനേഷൻ (രണ്ടെണ്ണം ഉണ്ടെന്നാണ് ക്ലാപ്പ് ബോർഡ് പറഞ്ഞത്, എന്റെ അന്വേഷണത്തിൽ ഒന്ന് മാത്രമേ കിട്ടിയിട്ടുള്ളൂ എന്നു ബോധ്യപ്പെട്ടിട്ടുണ്ട്.) എന്നിവ അദ്ദേഹം സഹകരിച്ച ചിത്രങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇത്രയും പ്രധാനപ്പെട്ട ക്ലാപ്പ് ബോർഡ്, ഇതുവരെ ഒന്നുമായി തീരാത്ത, തീരെ ജൂനിയറായ എന്നെ കൂടെ കൂട്ടിയപ്പോൾ അതെന്റെ ഭാഗ്യമാണെന്നാണ് എല്ലാവരും പറഞ്ഞുത്.

ക്ലാപ്പ് ബോർഡ് അതിന്റെ കൂടെയുള്ള മൊബൈൽഫോൺ വഴി എനിക്ക് തിരുത്തലുകൾ പറഞ്ഞുതന്നു. ആദ്യമാദ്യം ഞാൻ എഴുതുന്ന സീനുകൾ തിരുത്തി. പതിയെ അദ്ദേഹം തിരുത്തി തിരുത്തി, സ്വയം എഴുതി എനിക്ക് അയച്ചു തുടങ്ങി. പൂർണ്ണമായ തിരക്കഥ അദ്ദേഹം എഴുതി പൂർത്തിയാക്കി എനിക്ക് അയച്ചു നൽകി. പുതുമയില്ലെങ്കിലും വിപണിയിൽ വിലയുള്ളത്. ക്ലാപ്പ്‌ബോർഡ് തിരക്കഥയ്ക്ക് മുന്നിൽ എഴുത്തുകാരനായി എന്റെ പേര് നൽകി. തന്റെ ബന്ധങ്ങൾ വച്ച് അദ്ദേഹം നിർമാതാവിനെ കണ്ടെത്തി. ഞാൻ തിരക്കഥാകൃത്തായി, പകരം ഒരു ബ്ലാങ്ക് ബോണ്ട് പേപ്പർ അദ്ദേഹം ഒപ്പിട്ടു വാങ്ങി.

ക്ലാപ്പ് ബോർഡ്, ക്ലാപ്പ് ചെയ്തും എന്നോട് സംവദിക്കും. ഒറ്റ ക്ലാപ്പെങ്കിൽ "യെസ്' എന്നർത്ഥം, രണ്ട് ക്ലാപ്പെങ്കിൽ "നോ' എന്നർത്ഥം. ഞാൻ എഴുതുമ്പോൾ ഒരിക്കലും അദ്ദേഹം ഒറ്റ ക്ലാപ്പ് അടിച്ചിട്ടില്ല. രണ്ടു ക്ലാപ്പിന് പിന്നാലെ ഫോണിലേക്ക് നിർദ്ദേശങ്ങളെത്തും. ക്ലാപ്പ് ബോർഡിൽ "അനുസരിക്കൂ' എന്നെഴുതിയത് അപ്പോൾ കൂടുതൽ തിളങ്ങും.

എന്റെ കൂട്ടുകാരൻ ആണ് ഇതിനു മുന്നേ അദ്ദേഹത്തിന്റെ ക്ലാപ്പ് ബോയിയായി ഉണ്ടായിരുന്നത്. അവൻ എന്നെക്കാൾ നന്നായി അനുസരിക്കുമായിരുന്നു കുറേ മാസങ്ങൾ കഴിഞ്ഞപ്പോൾ ക്ലാപ്പ്‌ബോർഡ് എന്നെ തിരഞ്ഞെടുത്തു. ക്ലാപ്പ്‌ബോർഡ് എനിക്ക് ഉപദേശങ്ങൾ നൽകുന്ന മൊബൈൽ ഫോണിന് അവന്റെ ഛായയുണ്ട്. നിർദ്ദേശങ്ങൾ മൊബൈൽ ഫോണിൽ കാണുമ്പോൾ അവന്റെ മുഖം ഓർമ്മവരും. ക്ലാപ്പ് ബോർഡിന്റെ കൈയ്യിൽ നിരവധി ഫോണുകളുണ്ട്. ഓരോന്നിനും ഓരോരുത്തരുടെ മുഖച്ഛായയാണ്.

രണ്ടാമത്തെ തിരക്കഥ ഞാൻ സ്വന്തമായി എഴുതാൻ നോക്കിയപ്പോൾ ബോണ്ട് പേപ്പറിൽ ആദ്യ നിബന്ധന തെളിഞ്ഞു. തിരക്കഥ എഴുതി തന്നതിന് എന്റെ വലത്തെ കയ്യിൽ തള്ളവിരലും ചൂണ്ടുവിരലും ഞാൻ ക്ലാപ്പ് ബോർഡിനെ ദക്ഷിണയായി നൽകണമെന്നായിരുന്നു ആദ്യത്തെ നിബന്ധന. ഞാൻ പറയുന്നത് മൊബൈൽ വാക്കുകളാക്കി എഴുതുന്നത് കണ്ടപ്പോൾ രണ്ടാമത്തെ ദക്ഷിണയായി എന്റെ നാവ് കൂടെ ബോണ്ട് പേപ്പറിൽ തെളിഞ്ഞുവന്നു. ഇടത് കൈ കൊണ്ട് എഴുതി പരിശീലിക്കാൻ തുടങ്ങിയപ്പോൾ ഇടതു കൈയ്യിലെ മുഴുവൻ വിരലുകളും വലതു കൈയ്യിലെ ബാക്കി വിരലുകളും രണ്ട് കാലുകളിലെയും മുഴുവൻ വിരലുകളും മൂന്നാമത്തെ ദക്ഷിണയായി പ്രിന്റ് ചെയ്‌തെടുത്തു.

ഇന്ന് ഞാൻ മൊബൈൽ ഫോണുകളെ പറ്റിയൊരു ഗവേഷണത്തിലാണ്. ഏതിലാണ് ഏറ്റവും അധികം നേരം ബാറ്ററി ബാക്കപ്പ് ഉള്ളതെന്നാണ് എന്റെ ഗവേഷണ വിഷയം. മൊബൈൽഫോണായി മാറും മുൻപേ, ഏതായി മാറണമെന്ന് തിരഞ്ഞെടുക്കാൻ ഒരുപക്ഷേ ഒരവസരം കിട്ടിയാൽ, ദിവസേന ചാർജ് ചെയ്യാൻ അടുത്ത ക്ലാപ്പ് ബോയ് മറന്നുപോയാലും കുറച്ചധികം നേരം കൂടി എനിക്ക് ജീവിച്ചിരിക്കാമല്ലോ....

7 സിദാന്റെ മുടി

""മറ്റൊരു ലോകത്തിൽ മുടിയുള്ള സിദാനെ ഞാൻ കണ്ടു.''
""മുടിയുള്ള സിദാനോ?''
""കറുത്ത നീണ്ട മുടിയുള്ള സിദാൻ.''
"" ആ സിദാൻ നോർവേയ്‌ക്കെതിരായ വണ്ടർ ഗോൾ അടിച്ചോ?''
""ഡേവിഡ് സീമാന്റെ പോലുള്ള നീണ്ടു വളർന്ന മുടിയെ വായുവിൽ പറത്തി. നോർവേ താരത്തിനെ ആദ്യ ടച്ചിൽ കബളിപ്പിച്ച്, പന്തിനെ ഗോൾ കീപ്പർക്ക മുകളിലൂടെ വലയിലേക്ക് തട്ടി.''
""അപ്പൊ 98 ലോകകപ്പിൽ ബ്രസീലിന്റെ സ്വപ്ന ടീമിനോടുള്ള ഫൈനലോ?''
""തോളോളം നീണ്ട മുടിയുമായി 2 ഹെഡർ ഗോളുകൾ. സിദാന്റെ കാലുകളും മുടിയിഴകളും ബ്രസീലിയൻ താരങ്ങളെ ഡ്രിബിൾ ചെയ്തു ഒഴുകി.''
""2002 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലെവർകൂസനോട് അടിച്ച മാസ്റ്റർ പീസ് വോളി?''
""റോബർട്ടോ കർലോസിന്റെ ഉന്നം തെറ്റി വന്ന ക്രോസ് ഒരു ഇടം കാൽ വോളിയിലൂടെ വലയിൽ കയറ്റിയപ്പോൾ പിന്നിൽ കെട്ടി വച്ച സിദാന്റെ മുടികൾ, കെട്ടുകൾ പൊട്ടിച്ചുയർന്നു ചാടി.''
""2006 ഇലെ ഫൈനലിലോ?''
"" ഫ്രഞ്ച് ക്രോപ്പ് ചെയ്ത സിദാന്റെ തല മറ്റരാസിയുടെ നെഞ്ചിൽ ഇടിച്ചിറങ്ങി. ലോകകപ്പ് പോയന്നറിഞ്ഞപ്പോൾ കറുത്ത മുടികൾ പെട്ടെന്ന് വിളറി വെളുത്തു.'
""കോച്ചായി തിരിച്ചു വന്നപ്പോ?''
""മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടി, എന്നത്തേയും പോലെ തലയുയർത്തി അയാൾ എല്ലാം ഉപേക്ഷിച്ചു പോയി.''
""അപ്പൊ മുടിയുള്ള സിദാന്റെ ലോകത്ത് ഒന്നും മാറിയില്ലേ?''
"" മാറി, സിദാന് മുടി ഉണ്ടായിരുന്നു.''
""ആയിക്കോട്ടെ, പക്ഷെ പ്രധാനപ്പെട്ട ഒന്നും അവിടെ മാറിയില്ലെ?''.
""മാറി, സിദാന് മുടി ഉണ്ടായിരുന്നു.'' ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ജിതിൻ നാരായണൻ

കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്സിൽ തിരക്കഥാ രചന - സിനിമാസംവിധാനം വിദ്യാർത്ഥി.

Comments