‘‘എടീ, എന്റെ മോന്റെ ഫോണിൽ ഇനി നിന്റെ ഒരു വിളിയോ മെസേജോ കണ്ടാൽ, ഇതുവരെ നിങ്ങള് തമ്മിൽ സംസാരിച്ചതെല്ലാം സ്ക്രീൻ ഷോട്ടാക്കി ഒരു ഫ്ലെക്സടിച്ച് ഞാനീ സ്കൂളിന്റെ മുന്നിൽ കൊണ്ടുവയ്ക്കും’’, ഇതും പറഞ്ഞിട്ട് അനൂജ് കൃഷ്ണന്റെ അമ്മ ഇറങ്ങിപ്പോകുമ്പോൾ ഒപ്പം ലാൽവിൻ സാറല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല.
അപ്പോൾ അവിടെവച്ച് ഈ ലോകം അവസാനിക്കണമെന്ന് ഷീലു ടീച്ചറാഗ്രഹിച്ചു.
തന്നെ കടന്നുപിടിക്കാൻ ശ്രമിച്ച അനൂജിനെപ്പറ്റി പരാതി തയ്യാറാക്കാൻ ലാൽവിൻ സാറ് കൊടുത്ത പേപ്പറിൽ ആദ്യവരി പോലും ഷീലു പൂർത്തിയാക്കിയിരുന്നില്ല. ഉയർന്നുകേട്ട ഭീഷണിയുടെ വള്ളികളിൽ തൂങ്ങി മറ്റുള്ള അദ്ധ്യാപകർ വരുന്നതേയുള്ളൂ. ഷീലുവിന്റെ ഫോൺ ലാൽവിൻ പിടിച്ചുവാങ്ങി, ആ പേപ്പറ് ചുരുട്ടി ജനാലവഴി എറിഞ്ഞു. "നാളെ നമുക്ക് ടാമറിന്റിൽ കാണണം..." എന്നുമാത്രം പറഞ്ഞിട്ട് സ്കൂൾമുറ്റത്ത് കുട്ടികൾക്ക് ഒഴുകിപ്പോകാനുള്ള വഴിയിൽ വിസിലും നീണ്ട ചൂരലുമായി നിന്നു.
ലാസ്റ്റ് ബെല്ലും ദേശീയഗാനവും സ്കൂളിന്റെ ശ്വാസമടക്കിയ നില്പും. പരാതി ചുണ്ടിലുള്ള പേനയേയും, ബാഗൊരുക്കുന്ന സഹപ്രവർത്തകരുടെ ചോദ്യങ്ങളും ചവറ്റുകുട്ടയിൽ ഇട്ടിട്ട്, ഷീലു കുട്ടികൾക്കൊപ്പം ഗേറ്റിന് പുറത്തേക്കൊഴുകിപ്പോയി.
'നാളെ'യെന്ന് ഷീലുവിനെ ഓർമിപ്പിക്കുന്ന വിധം ലാൽവിൻ നീണ്ട ഒരു വിസിൽ മുഴക്കി.
ലാൽവിൻ സാറിന്റെ കാറ് ഷീലു ടീച്ചറിന്റെ മുന്നിൽ ഒരല്പം നിന്നു. ആറര വർഷമായി അന്യനാട്ടുകാരിയായ ടീച്ചറും തങ്ങളുടെ പി.ടി സാറും ഒന്നിച്ചങ്ങനെ പോകുന്നതിന് കുട്ടികളും സഹപ്രവർത്തകരും സ്കൂളിന്റെ പല കോണുകളിൽ നിന്ന് ശബ്ദമടക്കി ഒരുപാട് പറഞ്ഞിട്ടുണ്ട്. ആ പ്രണയവും സ്‌കൂളിന്റെ ഇഷ്ടവിഷയമായിരുന്നു. തലകുനിച്ചു നിൽക്കുന്ന ഷീലു. അടുത്തു നിൽക്കുന്ന ഒരു ടീച്ചറിന്റെ ചിരി. കുട്ടികളുടെ തിരിഞ്ഞുനോട്ടം. കാറിനതങ്ങനെ സഹിക്കാനാവില്ല.
മുൻസീറ്റിൽ ബാഗ് വച്ചതിന്, വഴിയിൽ കൈകാണിച്ച കുട്ടികളെ ഒപ്പം കയറ്റിയതിന്, മറ്റൊരു ടീച്ചറിന് മുൻസീറ്റ് കൊടുത്തതിന്, നിങ്ങളെത്ര തർക്കിച്ചിട്ടുണ്ട്. തിരക്കില്ലാത്ത ഒരു തണലിൽ നിർത്തി കെട്ടിപ്പിടിക്കലോ വിരലുകൾ കോർത്തു ക്ഷമിക്കലോയുണ്ടാകും. ടാമറിന്റിലേക്ക് എത്രയും വേഗത്തിൽ പോകണമെന്നല്ലേ ആ കുഞ്ഞു യാത്രയ്ക്കിടയിൽ തീർപ്പിലെത്തുക.? കാറിന്റെ ഉള്ള് ലാൽവിനോടും പുറം ബസ് കാത്തുനിൽക്കുന്ന ഷീലുവിനെയും അതെല്ലാം ഓർമിപ്പിക്കുന്നുണ്ട്.
ഒരു കായികാദ്ധ്യാപകന്റെ ചുണ്ടിലെ വിസിലിന്റെ താളത്തിലാടുന്ന സ്കൂളിനെയാണ് സ്ഥലം മാറിവന്ന ആദ്യദിനം മുതൽ ഷീലു കണ്ടത്. "നമ്മുടെ മൈതാനത്തിൽ ഖോഖോ കളിക്കുന്ന പെണ്മക്കളുണ്ട്. ഈ സുന്ദരിടീച്ചർ എന്റെ കുടയും ചൂടി അവിടെ നിന്നോളൂ..." ലാൽവിൻ ആദ്യവാക്കിൽ തന്റെ ഹൃദയം നേടിയത് ഷീലുവിന് ഓർമയിൽ വന്നു. ആ വിസിലായി ഷീലുവിന്റെയും താളം.
പ്രണയത്തിലാകാൻ നമ്മള് പാവം മനുഷ്യർക്ക് വിശേഷപ്പെട്ട കാരണങ്ങളൊന്നും വേണ്ടല്ലോ? ഷീലുവിന് നിറയെ കാരണങ്ങളുണ്ടായിരുന്നു. മക്കളില്ലായ്മ, അടുത്ത മുറിയിലെ കിടക്ക ഇഷ്ടമുള്ള പങ്കാളി, കണ്ടു മടുത്ത വീട്, നടന്നുതീർത്ത വഴികൾ, വിധവാ വേഷം. അതിനേക്കാൾ പാട്ട് പാടുന്ന തന്നോട് ചിരിക്കുന്ന ഒരു പി.ടി മാഷ്.
ടാമറിന്റിൽ തങ്ങളുടെ പതിവുമുറിയിൽ അനൂജിനൊപ്പം രതി പങ്കിടുന്ന ഷീലുവിന്റെ രംഗങ്ങളുള്ള കണ്ണുമായാണ് റോഡിന്റെ തിരക്കിലേക്ക് ലാൽവിന്റെ കാറ് കയറിയത്. മുൻസീറ്റിനെ പല തവണ അയാൾ തുറിച്ചുനോക്കി. ഷീലു തുടക്കത്തിൽ നിന്നും ലാൽവിൻ ഒടുക്കത്തിൽ നിന്നും ആ പ്രണയകാലം അളക്കാൻ തുടങ്ങി. ടാമറിന്റ്, കാടിന് നടുവിലെ ഹോട്ടൽ മുറിയിൽ ആ രണ്ടളവുകളും ഏറെനേരം കെട്ടിപ്പിടിച്ചുനിന്നു. നെടുവീർപ്പിന്റെ ഒരേ പകർപ്പ് രണ്ടാളിലും വന്നു.
ആഴ്ചകൾ, ചിലപ്പോൾ മാസങ്ങൾ കൊതിയോടെ കാത്തിരുന്ന്, പ്ലാൻ ചെയ്താണ് ടാമറിന്റിലേക്കുള്ള അവരുടെ ഒളിച്ചോട്ടം. അതിർത്തി പ്രദേശത്ത് തമിഴും മലയാളവും മാറി വരുന്ന ഭൂമികയിൽ ഫോണിനെപ്പോലും ഒരാൾക്കും സംശയം വരാതെ ക്രമീകരിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. സ്‌കൂൾ കഴിഞ്ഞ് കാത്തുനിൽക്കുന്ന ലാൽവിനും ഹോസ്റ്റലിൽ നിന്ന് നാട്ടിലേക്ക് പുറപ്പെടുന്ന ഷീലുവും ഈ ഭൂമിയിൽ നിന്നും മറ്റാരുമറിയാതെ നിലാവുള്ള രാത്രികൾ കട്ടെടുത്തു.
ടാമറിന്റിലേക്കുള്ള യാത്ര തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും അവരുടെ ചുംബനത്തിൽ കാറിന് പോലും വീർപ്പുമുട്ടും. ചില്ലുകളിൽ മഞ്ഞുമൂടും. കാറിനുള്ളിൽ മറ്റൊരു മണമാകും. അടുത്ത യാത്രയും കൊതിച്ച് കാറിന്റെ ഹൃദയമിടിക്കും.
ലാൽവിൻ വാതിൽ തുറന്നുകൊടുത്തില്ല. അവർ വിരലുകൾ കൊരുത്തില്ല. ചിരിച്ചില്ല. ചുംബിച്ച് ചില്ലുകളിൽ മഞ്ഞുമൂടിയില്ല. ചുരത്തിന്റെ അപകടകരമായ വളവുകൾ ഓടിക്കയറിയ കാറിനെവരെ ടാമറിന്റിലേക്ക് കൊണ്ടുപോകാനൊട്ടും കൊതിതോന്നിയതുമില്ല.
ചുരം കയറുമ്പോൾ ആദ്യ ചുംബനത്തിന് കുടപിടിച്ച ഗുൽമോഹർ മരം. മഞ്ഞുള്ള കാറ്റ് തട്ടി തണുത്തുറഞ്ഞ, അവരുടെ പേരുകളെഴുതിവച്ചിട്ടുള്ള മലയിടുക്കിലെ ഒറ്റയാൻ പാറ. ഒളിച്ചിരുന്ന് ചുംബിക്കാൻ വിളിക്കുന്ന തട്ടുതട്ടായ തേയിലക്കാട്. യാത്രയിലെ പതിവിടങ്ങളോട് മറുപടി പറഞ്ഞ് കാറിനും മടുത്തു.
മരണമുന്നറിയിപ്പുള്ള വലിയ താഴ്ച്ച. വേലികെട്ടിയ ആ ഭാഗത്ത് ഒരിക്കലും അവർ കാറ് നിർത്തിയിട്ടില്ല. എന്തോ ഒന്ന് അതിന്റെ ആഴത്തിലേക്ക് വലിച്ചെറിഞ്ഞിട്ട് കാറിലേക്ക് വന്നിരുന്ന ലാൽവിനിൽ കിതപ്പ്. സ്റ്റിയറിങ്ങിലിരിക്കുന്ന വിരലിൽ അയാളെറിഞ്ഞുകളഞ്ഞ പ്രണയത്തിന്റെ തെളിവുണ്ട്. ഷീലു ഇടതുകൈപ്പത്തിയിൽ സാരികൊണ്ട് ചുറ്റി. അവർ മോതിരം കൈമാറിയതിന് കാറും തേയിലക്കാടുമാണ് സാക്ഷികൾ. ഷീലുവും ഇറങ്ങിപ്പോയി അത് അനുകരിക്കുമെന്ന് ആഗ്രഹിച്ചിട്ടാവും വളയത്തിൽ തലവച്ച് ലാൽവിൻ കാത്തിരുന്നത്.
തണുപ്പ് ചോലയായി ഒഴുകുന്ന ടാമറിന്റിന്റെ മൺവഴിയിലേക്ക് കാറിനെ വളരെ വേഗത്തിൽ കയറ്റാൻ കഴിഞ്ഞില്ല. 'ഇന്ന് നിങ്ങൾ പോകരുതെന്ന്' വാശിപിടിക്കുന്ന വിധം പല തവണ കാറ് പിന്നോട്ടുരുളാൻ തുടങ്ങിയതാണ്. ലാൽവിൻ അതിന്റെ ഇരട്ടി ആവേശത്തിൽ ഓടിച്ച് കയറ്റി.
"നീ മലയും നോക്കി കിടക്കെടാ, ഞങ്ങള് പോയിട്ട് വരാം", കാറിന്റെ മുഖത്ത് വീണ മഞ്ഞ് തുടച്ച് സൈഡ് ഗ്ലാസുകൾ പൂട്ടി വച്ച്, ലാൽവിനും ഷീലുവും മുറിയിലേക്ക് ഒഴുകിപ്പോകും. കാറിനുമപ്പോൾ നാണം തോന്നും. തീവണ്ടിപ്പാതപോലെ കൃത്യകലം പാലിക്കുന്ന കാമുകർ, തന്നോട് ഒന്നും മിണ്ടാത്ത ഉടമ. കാറ് അവരെ നിരാശയോടെ നോക്കി.
മറവിയൊന്നുമുണ്ടായിട്ടല്ല. കാറിന്റെ താക്കോൽ വാങ്ങി ഷീലു ബാഗിലിടും. റിസ്പ്ഷന്റെ മുന്നിൽ വിരലിലിട്ട് കറക്കുമ്പോൾ ചിലപ്പോൾ അവളത് പിടിച്ചുവാങ്ങും. ബാഗിനുള്ളിൽ കിടന്ന് അവരുടെ ചിരിയും ശീൽക്കാരങ്ങളും നേരിട്ട് കാണാൻ താക്കോലിന് കൊതിയാവും.
"നീയെന്തെങ്കിലും കണ്ടോടാന്ന്" മടക്കയാത്രയിൽ കാറെത്ര ചോദിച്ചാലും അതിനൊന്നും പറയാനാവുമായിരുന്നില്ല. ലാൽവിന്റെ കൈയിൽലിരിക്കുന്ന താക്കോലിന് ഇത്തവണ എല്ലാം കാണാനാവും. വലിയ ഒരു അവകാശം നഷ്ടപ്പെട്ട നോട്ടമാണ് ഷീലുവിന് താക്കോലിന്റെ നേർക്കുള്ളത്.
മുറിയിലേക്ക് നയിച്ച ചുരുണ്ട തലമുടിയുള്ള യുവാവ് പോയിട്ടും ഷീലു കട്ടിലിലും ലാൽവിൻ ജനാലയുടെ അരികിലുമായിരുന്നു. ഇതൊന്നും അങ്ങനെയല്ല, വാതില് ചാരിയാൽ ആർത്തിപിടിച്ച ഒരു കെട്ടിപ്പിടിക്കലുണ്ട്. സ്വബോധം വരുമ്പോഴാണ് ചുളിവ് വീണ തുണികളെപ്പറ്റി ഓർമയുണ്ടാവുന്നത്. അലമാരയിൽ അതെല്ലാം അഴിച്ചുവയ്ക്കുമ്പോൾ, പ്രണയത്തിന് പാകമായവ ഉടുക്കുമ്പോൾ കൊതിയോടെയുള്ള അവരുടെ നോട്ടങ്ങൾക്ക് എന്തൊരു സൗന്ദര്യമാണെന്നോ. ഉടയാത്ത ഉടുപ്പുകളിൽ മുറിക്കെന്തോ പന്തികേട് തോന്നി. ബെല്ലടിക്കുന്ന ശബ്ദം. മുറിയെടുക്കാൻ വരുന്നവർക്ക് പ്രഭാതഭക്ഷണവും ഒരു ജൂസും ടാമറിന്റിൽ പതിവുള്ളതാണ്. അതൊന്നുമല്ല കൃത്യം അരമണിക്കൂറിനുള്ളിൽ വരുന്ന ആ ബെല്ലുകാരന്റെ ലക്ഷ്യം. പുതപ്പിനുള്ളിലൊ കുളിമുറിയിലോ ഒളിക്കേണ്ടി വരുന്ന പാതിയഴിഞ്ഞ പെണ്ണിനെയും കൊതിതീരാത്ത പുരുഷനെയും കാണാനുള്ള വഴിയാണ്. എന്നിട്ട് കൂട്ടമായിരുന്ന് പറയാനുള്ള കഥയാണ്. വാതില് തുറന്ന ഷീലുവിനോട് അവന്റെ നിരാശ ഒളിപ്പിക്കാനുള്ള ചിരിയും പ്രഭാത ഭക്ഷണത്തിന്റെ ഓർമ്മിപ്പിക്കലും.
മേശയിൽ ഭക്ഷണം ഒരുക്കിവയ്ക്കുന്ന യുവാവിന്റെ നോട്ടങ്ങളോട് ഷീലുവിന് വെറുപ്പുണ്ടായി. എന്നിട്ടും കാത്തുനിൽക്കുന്ന അവന്റെ നോട്ടം ലാൽവിനിലും എത്തി. ഈ മുറിയെ ഇങ്ങനെ കാണുന്നത്തിൽ വേദനയുണ്ടെന്ന് അവന്റെ മടക്കത്തിൽ ഷീലു വായിച്ചു.
ലാൽവിൻ കഴിക്കാനിരുന്നു. ഷീലു ഒരു വിളി കാത്തു. പ്രണയമുള്ളവരുടെ ഭക്ഷണ മേശയോളം സൗന്ദര്യമുള്ള മറ്റൊന്നും ഈ ഭൂമിയിലില്ല. പ്രണയമറ്റവർ ഒന്നിച്ച് തിന്നാനിരിക്കുന്നത് പോലെ അശ്ലീലമായ ഒരു കാഴ്ചയും. പാതി കടിച്ചതും കുടിച്ചതും പരന്ന പാത്രത്തിൽ നിരത്തിവച്ച് പോകുമ്പോൾ ഈ മുറിയിലേക്ക് ഇനി വരാതിരിക്കാനുള്ള മാർഗങ്ങളാവും അയാളും ചിന്തിച്ചിട്ടുണ്ടാവുക.
ഷീലു കുളിമുറിയിൽ കയറിപ്പോയിട്ട് കുറച്ചുനേരമായി. ലാൽവിൻ ഇറങ്ങിപ്പോയത് ബാറിലേക്കാവും. ഒരിത്തിരി കഴിച്ചതിന് അവർക്ക് തർക്കവും പരിഭവവും കരച്ചിലുമുണ്ടാകും. എന്നാൽ ഈ ആവർത്തന നാടകത്തിൽ ഇഷ്ടരംഗം ഒറ്റചുംബനത്തിൽ തോരുന്ന ഷീലുവിന്റെ കണ്ണീരും ലാൽവിന്റെ കള്ളസത്യം ചെയ്യലുമാണ്.
സത്യം ചെയ്യിച്ച ഷീലു മദ്യം രുചിച്ചതോർത്താൽ അവർക്ക് തമ്മിൽ ചിരിവരും. അല്ലെങ്കിലും പ്രണയിക്കുന്നവർ അവരുടെ സൗകര്യപൂർവ്വം നിർമ്മിക്കുന്നതാണല്ലോ ഈ ലോകത്തെ സത്യവും നിയമവും.
വെളിച്ചെങ്ങളെല്ലാം അണച്ച് ഫോണിന്റെ ക്യാമറയിലൂടെ മുറിയുടെ മുക്കിലും മൂലയിലും ഷീലു തിരയുന്നത്, ആരോ അവരുടെ രഹസ്യവേഴ്ച പകർത്തിയെടുക്കാൻ ഒളിപ്പിച്ച കണ്ണുകളെ കണ്ടുപിടിക്കാനാണ്. മുൻപെല്ലാം മുറിയിൽ കയറിയ ആദ്യ മിനിറ്റിൽ ലാൽവിനാണ് ഇങ്ങനെ ചെയ്യാറുള്ളത്. ഗൂഗിളിൽ നോക്കി ഷീലു കണ്ടെത്തിയ വിദ്യ. മുറിയുടെ പാതിപോലും തീർത്തില്ല. വെളിച്ചങ്ങളെല്ലാം കത്തിച്ച് തണുപ്പ് കൂട്ടിവച്ച് കട്ടിലിന്റെ ഒരു ധ്രുവത്തിൽ ഷീലു വീണു കിടന്നു.
വാതിൽ തുറന്നു കയറിയ മദ്യമണം. കട്ടിലിന്റെ മറ്റേ അറ്റത്തുണ്ടായ താഴ്ച്ച. ലാൽവിന്റെ ഉള്ളിലെ ഭാരമാണെന്നുറപ്പിക്കാൻ ഷീലുവിന് കഴിയും. ചുറ്റിവരിയാൻ ഇഴഞ്ഞു വരുന്ന ലാൽവിന്റെ വിരൽപ്പാമ്പിനെയാണ് ഷീലു കാത്തുകിടക്കുന്നത്. അവന്റെ തലയ്ക്കു കീഴിൽ പത്തിമടക്കിയാണ് അതിന്റ കിടപ്പ്. കർട്ടനും കണ്ണാടിയുമുള്ള ജാലകത്തിനും അപ്പുറം വലിയ മഴ. ഷീലുവിന്റെ തലയിണയിൽ കണ്ണീരിന്റെ മഴക്കുഴി.
ഓരോ തവണ വരുമ്പോഴും കർട്ടനും ജനാലപ്പാളികളും നീക്കി ഒരു മഴയ്ക്ക് രണ്ടാളും കൈനീട്ടി നിൽക്കാറുണ്ട്. നഷ്ടമാക്കിയ മഴകൾക്കാകും പ്രണയമുള്ള മനുഷ്യർക്ക് കണക്കു പറയേണ്ടി വരിക. മഴയും നോക്കി നിന്ന ഷീലുവിനെ കോരിയെടുത്ത് കുളിമുറിയിലെ ഷവറിന് കീഴിൽ നിന്ന് ലാൽവിന്റെ അതേ പെയ്ത്തും കൊതിച്ച് ഷീലു ഉണർന്നുകിടന്നു.
ഷീലു എഴുന്നേറ്റിരുന്നു. ഷേവ് ചെയ്യാത്ത ലാൽവിന്റെ മുഖത്തിനെ വിചാരണ ചെയ്തു. ശബ്ദമില്ലാതെ എന്തൊക്കെയോ പറഞ്ഞു. ക്ഷമ ചോദിച്ചു. കരച്ചിലിന്റെ ഒരു കുഞ്ഞു പൊട്ടൽ പുറത്തുവന്നു. വായപൊത്തിപ്പിടിച്ച് ലാൽവിൻ പെട്ടെന്നുണർന്നു. കുളിമുറിയിൽ ഛർദ്ദിയുടെ കോറസ്.
മുറിയിൽ കയറിയാൽ പാട്ടുകളുള്ള ചാനൽ തുറന്ന് ഉച്ചത്തിൽ വയ്ക്കലാണ് പതിവ്. ഷീലുവിന് മാംസത്തിൽ പല്ലുകൊണ്ടെഴുതുന്ന പതിവുണ്ട്. അപ്പോഴുണ്ടാകുന്ന കരച്ചിലുപോലും പുറത്താർക്കും കൊടുക്കാതെ രഹസ്യമാക്കലാണ് പാട്ടിന്റെ ജോലി. ഇന്ന് ലാൽവിന്റെ മൂത്രത്തുള്ളി വീഴുന്ന താളം വരാന്തയിലൂടെ അലസമായി നടക്കുന്നവർക്ക് കേൾക്കാം. നിങ്ങൾ പ്രണയിച്ചാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ലെന്ന് പുറത്ത് ഭൂമിയും അകത്തൊരു ക്ളോക്കും വട്ടത്തിൽ കറങ്ങിക്കൊണ്ടിരുന്നു.
കുളിമുറിയുടെ വാതിൽ തുറന്നു. ഷീലു മുഖമുയർത്തി. കണ്ണാടിയിൽ നോക്കി മീശ പിരിക്കുന്ന ലാൽവിൻ എന്തോ പറയാനുള്ള ഒരുക്കത്തിലാണ്. പോക്കറ്റിൽ നിന്ന് ഷീലുവിന്റെ ഫോണെടുത്ത് കട്ടിലിലിട്ടു. ഷീലുവിനെ കാണാൻ പുറത്തിറങ്ങാൻ ശ്രമിച്ച വിസിലിന്റെ വള്ളിയെ പോക്കറ്റിലേക്ക് തള്ളി. കട്ടിലിന്റെ അരികിലിരുന്ന് തടിയുടെ നിറമുള്ള ഷൂസ് വലിച്ചുകയറ്റാൻ തുടങ്ങി.
"നമ്മൾ മാത്രമിരുന്ന ഇടങ്ങളിൽ ആ ചെറുക്കനെ കണ്ടപ്പോഴേ എനിക്ക് സംശയമുണ്ടായിരുന്നു. അവന്റെ തള്ള വിളിച്ചു പറഞ്ഞത് കേട്ടു. ഈ ഫോണിൽ കിടന്നതും കണ്ടു. ഇനിയുമെന്താണ് നിനക്ക് പറയാനുള്ളത്?" കുളിമുറിയിൽ കയറി കൈകഴുകി വന്ന ലാൽവിൻ വീണ്ടും കണ്ണാടിയുടെ മുന്നിൽ നിന്നു.
മുഖം കുനിഞ്ഞിരിക്കുന്ന ഷീലുവിനെ അയാൾക്ക് ആ കണ്ണാടിയിൽ കാണാം. "ആലോചിച്ച് ഒരു തീരുമാനം പറയൂ, ഞാനിത്തിരി വൈകും." ലാൽവിന് തോറ്റുപോയ ഒരു മത്സരത്തിന്റെ നിരാശ. മുറിയുടെ വാതിലടഞ്ഞു.
വിരലുകൾ ചേർത്ത് ഹൃദയമുണ്ടാക്കുന്ന ഒരു സ്മൈലി, ഒരു ഫോട്ടോ അയക്കാമോ എന്ന അനൂജിന്റെ നിരന്തര അഭ്യർത്ഥന. കടന്നുപിടിച്ച ദിവസം. അവനയച്ച മാപ്പുകളുടെ നീണ്ട നിര. ഷീലു ഫോണിൽ നിന്നും ഒന്നും മായിച്ചുകളഞ്ഞിരുന്നില്ല.
സമ്മർദ്ദം സഹിക്കാൻ കഴിയാതെ വന്നപ്പോൾ ലാൽവിനോട് അക്കാര്യം പറഞ്ഞു. പരാതി തയാറക്കാനുള്ള തീരുമാനം ലാൽവിന്റേതായിരുന്നു. എഴുതാനിരുന്ന സമയത്താണ് അവന്റെ അമ്മയുടെ വരവ്. പ്രണയം തീർന്നുപോകാൻ പകത്തിന് ഇതിലെന്താണുള്ളത്.? നടന്നതെല്ലാം ഷീലു പലതവണ ഓർത്തുനോക്കി.
അനൂജ് കൃഷ്ണൻ, പാടുന്ന, വരയ്ക്കുന്ന ശരാശരിക്ക് മുകളിൽ മാർക്കുകൾ വാങ്ങിക്കുന്ന കുട്ടി. നല്ല കായിക ക്ഷമതയും പക്വതയും. ഷീലുട്ടീച്ചറിന്റെ കണ്ണിലുണ്ണിയെന്ന് കുട്ടികളും കളിയാക്കാൻ തുടങ്ങിയിരുന്നു. എന്തിനും അനൂജിനെ വിളിക്കാൻ ഷീലുവിനും ഇഷ്ടമായിരുന്നു. ഷീലുവിന്റെ മേശയിൽ മണിയനീച്ചകണക്ക് അവനും പറന്നുനടന്നു.
"ഷീലു ഈ പ്രായത്തിലെ കുട്ടികളോട് ഒരല്പം ഗ്യാപ്പിടുന്നത് നല്ലതാണ്" ഉപദേശിക്കാൻ ശ്രമിച്ച ഒരു കട്ടിക്കണ്ണടയോട് ഷീലു തർക്കിച്ചു, പിണങ്ങി നടന്നു. കഴിഞ്ഞ വാരം ആ കട്ടിക്കണ്ണട വിരമിച്ചു. നിങ്ങൾ സത്യമായിരുന്നുവെന്ന് ഷീലുവിന് മൈക്കിലൂടെ പറയാൻ തോന്നി. അപ്പോൾ കട്ടിക്കണ്ണടക്ക് വേണ്ടി ലാൽവിൻ പാടുകയായിരുന്നു.
ഷീലു കുളിമുറിയിലെ കണ്ണാടിയിൽ നോക്കി. ഒരു വാരത്തിനുള്ളിൽ എത്ര വലിയ മാറ്റമാണ് വന്നിരിക്കുന്നത്. കാതിലെ ഫാൻസി കമ്മലുകൾ വേറെ വേറെ ജോഡിയാണ്. ലാൽവിൻ സമ്മാനിച്ച മൂക്കുത്തിയിലെ പച്ചക്കല്ലുകൾ ഇളകിപ്പോയതറിഞ്ഞിട്ടില്ല. താടിയിലെ ഒറ്റമുടി വളർന്ന് വളയാൻ തുടങ്ങിയിരിക്കുന്നു. ടാമാറിന്റിലേക്ക് വരാനുള്ളപ്പോഴെല്ലാം കണ്ണാടിക്ക് അസൂയ തോന്നുന്ന തരത്തിലാണ് ഒരുങ്ങാറുള്ളത്. ഇതിപ്പോൾ വിധവ വേഷംകെട്ടിയ തന്റെ ആ ഭൂതകാലത്തെ അനുകരിക്കാൻ ശ്രമിച്ചതുപോലെയുണ്ട്.
മുഖം കഴുകിയാൽ മൂകത മാറില്ലല്ലോ. ക്ളോസറ്റിന്റെ പുറത്തിരുന്ന ഷീലു ഷവറിന് താഴെ താൻ ലാൽവിനെ കെട്ടിപ്പിടിച്ചു നിൽക്കാറുള്ളതോർത്തു. ഛർദ്ദിമണം ഓർമയുടെ വഴി തടഞ്ഞു. മുറിയിലെ ഫോണിൽ റിങ് കേൾക്കുന്നു. ഉച്ച ഭക്ഷണത്തിന്റെ അറിയിപ്പാണ്. വിശപ്പില്ല, എന്നാലും കഴിക്കണം. ഓർഡറെടുക്കാൻ അയാളെ മുറിയിലേക്ക് ക്ഷണിച്ചു.
ചുണ്ടിൽ മൂളിപ്പാട്ടും ചിരിയുമുള്ള യുവാവ്. ഭക്ഷണപ്പട്ടിക പറയുന്നതിനും പാട്ടിന്റെ താളം.
"സ്പെഷ്യൽ മട്ടൻ ബിരിയാണിയുണ്ട് മാഡം", ഷീലു അതിന് തല കുലുക്കി.
"നല്ലൊരു ഷമാം ജൂസ് കൂടെ", അയാൾ ഇഷ്ടങ്ങൾ മുഴുവൻ കവരുകയാണ്.
എത്രയും വേഗത്തിൽ മടങ്ങി വരാന്നുള്ള തിടുക്കം അയാളുടെ ഇറങ്ങിപ്പോക്കിലുണ്ടായിരുന്നു.
മുറി നിറഞ്ഞ ഒരു വഷളൻ ചിരി ബാക്കി വച്ചിട്ടാണ് പോയത്.
ഷീലു ആ യുവാവിനെപ്പറ്റി ചിന്തിച്ചു. ആരോ ഒരാൾ തുകയുറപ്പിച്ച് പതിവായി കൊണ്ടുവരുന്ന പെണ്ണായി കണ്ടിട്ടാവും നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത്? കുടിച്ചുലക്കുകെട്ട് ലാൽവിൻ പോകുന്നതും ശ്രദ്ധിച്ചിരിക്കാം. മുഖം ഒന്നുകൂടെ കഴുകി. ബാഗിനുള്ളിൽ നിന്നും പിങ്ക് നിറമുള്ള ഒരു ജോഡി കമ്മലെടുത്തു. കണ്ണെഴുതി. ഫോൺ ചാർജറിലിട്ടു. ഭക്ഷണവുമായി വരുന്ന പാട്ടുകാരനെ നേരിടാൻ കാത്തിരുന്നു.
അനൂജിനും ലാൽവിനുമുള്ള അടി ഇവന്റെ കവിളിൽ നിന്ന് തുടങ്ങണം. അനൂജിന്റെ തള്ളയോട് രണ്ട് വർത്തമാനം. ലാൽവിനോട് പറയാനുള്ള വാചകങ്ങൾ കണ്ണാടിയിൽ നോക്കി ഒരുവട്ടം ശ്രമിച്ചു.
"പ്രണയത്തിലായ പെണ്ണുങ്ങൾ വിളമ്പിത്തരുന്നത് മറ്റുള്ളവർക്കും വിളമ്പുന്നുണ്ടെന്നും, വിളമ്പാൻ ആഗ്രഹിക്കുന്നുണ്ടെന്നും നീയൊക്കെ ആദ്യം ചിന്തിച്ച് കൂട്ടും. പിന്നെ അതിന് തക്ക കഥയും കാഴ്ചയുമുണ്ടാക്കും. അതുകഴിഞ്ഞാൽ അത് സത്യമാണെന്ന് നീയൊക്കെ സ്വയം വിശ്വസിപ്പിക്കും..." ഇത്രയുമായപ്പോൾ ഷീലു കിതച്ചു. ആദ്യം ഇവന്റെ കവിളിൽ അടി പൊട്ടട്ടെ. അതിന്റെ ആവേശത്തിൽ ഡയലോഗ് മിനുക്കാമെന്ന് ഉള്ളിലുറപ്പിച്ചു.
നാട്ടിലേക്കുള്ള സ്ഥലമാറ്റത്തിനുള്ള അവസരം ഷീലുവിന് കിട്ടിയതാണ്. ലാൽവിന്റെ ചുവപ്പിക്കലിൽ ഇവിടെ ഒട്ടിപ്പിടിച്ചു. ദാമ്പത്യമടുപ്പിന്റെ അങ്ങേ അറ്റത്ത് എത്തിയ കാലത്ത് 'ഇനി നീ വിധവാവേഷം കെട്ടണമെന്ന്' വാശിപിടിച്ച ഭർത്താവ് കട്ടിലിൽ കയറി കണ്ണടച്ച് കിടന്നു. വിളിച്ചുണർത്താൻ മക്കളുമില്ല. ആ വരൾച്ചയെ പള്ളിപ്പറമ്പിൽ കുഴിച്ചിട്ട അടുത്ത മാസം നാട്ടിൽ നിന്ന് ഇവിടേക്ക് പോന്നതാണ്.
മഴ വീണ്ടും ഉറക്കെ പെയ്യാൻ തുടങ്ങി.
ഷീലു ജനാല തുറന്ന് കൈ നീട്ടി.
മേശയിലേക്ക് വച്ച പളുങ്കു പാത്രത്തിന്റെ ശബ്ദം ഭക്ഷണവുമായി വന്ന യുവാവിനെ ഒറ്റുകൊടുത്തു.
‘വിളമ്പട്ടെ’, അയാൾ എന്തിനും തയാറാണെന്ന് ഷീലു ചിന്തിച്ചു. ഉള്ളിൽ ചിരിച്ചു. മറ്റൊരു കസേരയിലേക്ക് നോക്കിയ അയാളോട് ഷീലു ഇരിക്കാൻ സമ്മതം കൊടുത്തു. അവന്റെ കവിളുമായി കൃത്യമായ കൈ അകലം.
"ലാൽവിൻ സാറിന്റെ ഫുട്‌ബോൾ ടീമിൽ ഞാനുണ്ടായിരുന്നു. ഞങ്ങളൊരേ നാട്ടുകാരാ." അവന്റെ ചിരിയുടെ ഉള്ളിലെ ബ്ലാക്ക് മെയിലിങ് ഷീലുവിന് മനസിലായി. ഒരു പിടി ബിരിയാണി മൂക്കിനോട് ചേർത്ത് മണം മുഴുവൻ ഷീലു ഉള്ളിലാക്കി.
"ഞാനും സാറും ഒരേ സ്കൂളിലാണ്. കെമിസ്ട്രിയാണ് എന്റെ വിഷയം, നാട് കുറച്ച് തെക്കാണ്. താനിപ്പോൾ എന്തു ചെയ്യുന്നു… "എടാ പുല്ലേ നീ ചിന്തിച്ചതും ചിന്തിക്കാനിരിക്കുന്നതും ഇതാപിടിച്ചോ എന്ന ഭാവമായിരുന്നു ഷീലുവിന്. അവന് കടന്നുകയറാനുള്ള കെണി തയാർ. അടിയും തെറിയും. കഴുത്തിന് പിടിച്ച് പുറത്തേക്ക് തള്ളലും. ജീവിതത്തിലെ ആദ്യ സ്റ്റൈലൻ പ്രതികരണത്തിന് ഷീലുവിന്റെ ഉള്ളിലെ പെണ്ണ് ഒരുങ്ങിനിന്നു.
"എന്റെ അമ്മ ഒരാളുടെ ഒപ്പം ഇറങ്ങിപ്പോയി, പിന്നെ ഓരോ ചോദ്യവും പറച്ചിലും. നമ്മളെ സ്‌കൂളിലും ആ കഥയെത്തി. അങ്ങനെ ഞാൻ പഠിത്തം നിർത്തിയതാ ടീച്ചറേ.." കുപ്പിവെള്ളം ഗ്ലാസിലേക്ക് പകരുന്നതിടനിയിൽ ഒരല്പം തൂവി. അവന്റെ ചിരിയും കെട്ടു. ഷീലുവിന് അവനെ 'അയ്യോന്ന്' തൊടാൻ തോന്നി.
"തന്റെ പേരെന്താ"
"മുത്തൻ"
"മുത്തൻ വല്ലതും കഴിച്ചോ?" അവന്റെ മുഖത്ത് ചിരി പെട്ടെന്ന് വന്നു. "നമ്മള് ഇതിന്റെ ഇടയിൽ വല്ലതും തട്ടും’’.
മുത്തൻ ഷീലുവിന്റെ ചെവിയോട് ചേർന്നുചെന്നു.
‘‘സാറിന് ഇത്തവണ എന്താ പറ്റിയത്.? ഫുൾ ടൈമും ബാറിലാണല്ലോ?" ഷീലു ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
"ചെറിയൊരു പിണക്കം..."
"അതൊക്കെ വിട്ട് ഫുൾ ഓണാവ് ടീച്ചറെ. എന്തേലുമുണ്ടെങ്കിൽ വിളിച്ചാൽ മതി, ഇനിയും നിന്നാൽ ലവന്മാർ നമ്മളെച്ചേർത്ത് ഓരോ കഥയുണ്ടാക്കും.." തൂവിയ വെള്ളം പേപ്പറിൽ ഒപ്പിയെടുത്തു. ബിരിയാണി ഷീലുവിന് തിന്നാൻ പകത്തിന് നീക്കിവച്ചു.
വാതിലോളം ചെന്നിട്ട് അവൻ തിരിഞ്ഞു.
"ലാൽവിൻ സാറിന് എന്നെ പിടികിട്ടിയിട്ടില്ല കേട്ടോ, ടീച്ചറ് പറയാനൊന്നും നിക്കണ്ട. പതിവായി കിട്ടുന്ന ടിപ്പും തന്നിട്ടില്ല" അടഞ്ഞ വാതിലിന്റെ വിടവിലൂടെ ഒരു പഴയ സിനിമാപ്പാട്ട് ബാക്കിയാക്കി മുത്തൻ പോയി. അടി ഒരുക്കിവച്ചിരുന്ന കൈയോട് ഷീലുവിന് നീരസം തോന്നി. ഒരല്പം തിന്നപ്പോൾ മതിയെന്ന് തോന്നി. ജ്യൂസ് കാൽ ഭാഗം കുടിച്ചു.
അനൂജിനും അമ്മയ്ക്കും, ഇവിടെ നിന്നിറങ്ങുതിന് മുൻപ് ലാൽവിനും മറുപടി കൊടുക്കണം. ജീവിതത്തിൽ അവരത് മറക്കാനും പാടില്ല. കണ്ണാടിയുടെ മുന്നിൽ ഷീലു നിന്നു. ഭർത്താവിനോട് തോറ്റത് ഒന്നും മിണ്ടാതിരുന്നതിലാണ്, ലാൽവിനോടും തോൽക്കാൻ വയ്യ മിണ്ടണം. അനൂജിന്റെ പെരുമാറ്റത്തിന് താനായിട്ട് വളമിട്ട സാഹചര്യങ്ങൾ ചിന്തിച്ചുനോക്കി. ചിലതെല്ലാം തെറ്റാണെന്ന് സ്വയം സമ്മതിക്കേണ്ടി വന്നു. മുത്തന് ഒരു നല്ല തുക ടിപ്പുകൊടുക്കണം.
മകനെ രക്ഷിക്കാൻ ടീച്ചറെ ഭീഷണിപ്പെടുത്തിയ ആ സ്ത്രീയെ കുറ്റം പറയാനാകില്ലല്ലോ.? അപ്പോഴും ലാൽവിനോട് കഴിയുന്നില്ല. തന്റേത് ആദ്യ പ്രണയമാണ്. ഇതിൽ നിന്നും മനുഷ്യർക്ക് അത്ര വേഗത്തിൽ ഇറങ്ങിപ്പോകാനാകുമോ.? പ്രണയത്തിലേക്ക് കയറിവരുമ്പോഴും ഇറങ്ങിപ്പോകുമ്പോഴും ചില മനുഷ്യർക്ക് ധ്രുവങ്ങളുടെ അകലമുണ്ട്. ആരെയും കൊതിപ്പിക്കുന്ന പാട്ടിന്റെ മണമുള്ള, ലാൽവിന് ചർദ്ദിനാറ്റം. ഷീലു കണ്ണാടിയിൽ തന്റെ മുഖം തൊട്ടുനോക്കി.
ഷീലു കട്ടിലിൽ ചാരിയിരുന്നു. ബിരിയാണി മസാലക്കൂട്ടുകൾ ഉറക്കം നിർമ്മിക്കാൻ തുടങ്ങി. സ്കൂളിന്റെ മുന്നിൽ താനും അനൂജും തമ്മിലുള്ള ചാറ്റിന്റെ ഫ്ലെക്സ് സ്വപ്നം കണ്ടാണോ, ബെല്ല് കേട്ടിട്ടാണോ ഉണർതെന്ന് ഷീലുവിന് ഉറപ്പിക്കാനായില്ല. പതിവായി സ്‌കൂള് വിടുന്ന നേരമായിരിക്കുന്നു. വാതിൽ തുറക്കാൻ വൈകിയതിൽ, പുറത്ത് അക്ഷമരാകുന്നു. ഷീലു മുഖം കഴുകി, വാതിൽ തുറന്നു.
മുത്തന്റെ തോളിൽ താങ്ങി ലാൽവിൻ. നെറ്റിയിൽ ചെറിയ മുറിവിന്റെ പാട്. ഷർട്ടിലും പാന്റിലും ഛർദ്ദി കഴുകിക്കളഞ്ഞതിന്റെ നനവ്. ഷീലുവും താങ്ങി. അവർ ലാൽവിനെ കട്ടിലിൽ കിടത്തി.
"സാറ് ഫുള്ള് ഓഫായിപ്പോയി, ബാറിൽ എന്തോ കലിപ്പായെന്നാ തോന്നുന്നത്.." കുളിമുറിയിൽ നിന്നും കൈ കഴുകുന്നതിനൊപ്പം അവൻ പറഞ്ഞുതീർത്തു.
"ഇതൊന്നും കഴിച്ചില്ലേ...?" ബിരിയാണിയിരുന്ന പാത്രങ്ങളെടുക്കുമ്പോൾ മുത്തൻ ഷീലുവിനെ നോക്കി.
"ഞാനെന്തായാലും ഈ സാറിനെ ചുമന്ന്, ക്ഷീണിച്ച് വന്നതല്ലേ...?" തണുപ്പില്ലാത്ത മുക്കാൽ ഭാഗത്തോളമുള്ള ജ്യുസ് ഒറ്റവലിക്ക് കുടിച്ചിട്ട് മുത്തൻ ഷീലുവിനെ കണ്ണടച്ച് കാണിച്ചു. അവന്റെ മീശയിൽ പറ്റിയിരുന്ന ജ്യുസ്സിന്റെ പത ഷീലു ചൂണ്ടി. ഉടുപ്പുയർത്തി മുഖം തുടയ്ക്കുമ്പോൾ പഴക്കംകൊണ്ട് ലെതറിളകാൻ തുടങ്ങിയ ബെൽറ്റും മഞ്ഞിച്ച ബനിയനും ഷീലു ശ്രദ്ധിച്ചു.
"ഇത് ഞാൻ പാഴ്സലാക്കി എടുക്കും കേട്ടോ", ബിരിയാണിയുടെ മുകളിൽ ഒരുക്കിവച്ചിരുന്ന പൈനാപ്പിളിന്റെ കഷ്ണം ചവയ്ക്കുന്നതിനിടയിൽ അവൻ പറഞ്ഞു.
"അമ്മയ്ക്ക് ബിരിയാണി നല്ല ഇഷ്ടാണ്..."
അമ്മ? ഷീലു സംശയത്തോടെ മുത്തനെ നോക്കി.
"അതാണ് രസം ടീച്ചറെ, നല്ല ആരോഗ്യമുള്ളപ്പഴാ അമ്മ പോയത്. ഒന്നര വർഷം കഴിഞ്ഞപ്പോ കഴുത്തിലും നടുവിലും ബെൽറ്റുകെട്ടിയ ഒരു കോലത്തെ ആമ്പുലൻസിൽ വീട്ടിന്റെ മുന്നിൽ ആരോ കൊണ്ടിരുത്തിയിട്ടുപോയി. ഞങ്ങള് തമ്മിൽ ചോദ്യവുമില്ല പറച്ചിലുമില്ല. നാട്ടുകാരുടെ നോട്ടം നിറയെ ചോദ്യങ്ങൾ. പിന്നെ ആ നാട്ടിൽ നിന്നില്ല. ഇവിടെ ആർക്കും ഞങ്ങളുടെ കഥയും അറിയില്ല..." ഷീലു ബാഗിനുള്ളിൽ നിന്നും കുറച്ചുനോട്ടെടുത്ത് മുത്തന്റെ പോക്കറ്റിൽ തിരുകി.
ഒരു കൈയിൽ പാത്രങ്ങളും മറ്റേ കൈയിൽ വാതിലിന്റെ പിടിയുമായി നിൽക്കുന്ന മുത്തൻ ചിരിച്ചു. "നമ്പര് തരാം എന്തെങ്കിലുമുണ്ടായ വിളിച്ചാൽ മതി..." ഷീലു കണ്ണിളക്കാതെ നിന്നു.
മുറികളുടെ ഇടനാഴിയിലൂടെ ഷീലു വേഗത്തിൽ നടന്നുവരുന്നത് കണ്ടിട്ട് മുത്തൻ പടികളുടെ ഭാഗത്ത് നിന്നു.
"എനിക്ക് തിരിച്ചുപോകണം. ഒരു ടാക്സി ക്രമീകരിച്ചു തരാമോ...?’’, ഷീലുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
"എന്റെ ഷിഫ്റ്റ് ഇപ്പോൾ കഴിയും. ഞാൻ ചുരം തുടങ്ങുന്ന ജംഗ്ഷൻ വരെയുണ്ട്. എന്റെ കൂടെ അതുവരെ വരുന്നതിൽ...?", മുത്തന്റെ വാക്കുകൾ പൂർത്തിയാക്കാൻ കാത്തില്ല ഷീലു അതേയെന്ന് മൂളിയിട്ട് മുറിയിലേക്ക് നടന്നു.
മുത്തൻ റിസപ്ഷനിൽ ഷീലുവിന്റെ വരവും കാത്തുനിന്നു. നിറം മങ്ങിയ പഴയ ഒരു ബൈക്ക്. ഷീലുവിന്റെ ബാഗ് കൈയോടെ വാങ്ങി മുന്നിൽ വച്ചു. കയറിയിരുന്നപ്പോൾ കാലൂന്നാൻ തുരുമ്പുള്ള ഫുഡ്റെസ്റ്റ് നിവർത്തിക്കൊടുത്തു. അവന്റെ തോളിൽ തൂക്കിയ പഴയ ബാഗിന്റെയും ധരിച്ചിരുന്ന ജാക്കറ്റിന്റെയും മുഷിപ്പൻ മണത്തിനിടയിൽ നിന്ന് ബിരിയാണിയുടെ മണവും ഷീലുവിന് കിട്ടി.
മഞ്ഞുവീണ് നനഞ്ഞ റോഡിലൂടെ ബൈക്ക് സാവധാനം നീങ്ങി. പലതവണ ഷീലു ടാമറിന്റിനെ തിരിഞ്ഞുനോക്കുന്നുണ്ടെന്നും, കരയുന്നെന്നും ബൈക്കിന്റെ മങ്ങിയ കണ്ണുകൾ പറഞ്ഞു. മുത്തൻ ഹെൽമെറ്റ് ഊരി, തിരിഞ്ഞുനോക്കി. ഷീലു കണ്ണുകൾ തുടച്ചു.
മൂന്നോ നാലോ വഴികളായി പിരിയുന്ന ഒരു കവല. ഓരോ ഇടത്തേക്കുമുള്ള ദൂരങ്ങൾ എഴുതി വച്ച പച്ച ബോർഡുകൾ. നിരത്തിയിട്ട ടാക്സി. മുത്തൻ ഷീലുവിന്റെ ബാഗുമായി നീല നിറമുള്ള ഒരു കാറിന്റെ സമീപം നിന്നു. പിൻവശത്തെ വാതിൽ തുറന്ന് ബാഗ് വച്ചു. ഷീലുവിന് കയറി ഇരിക്കാൻ പാകത്തിന് അവൻ നീങ്ങിനിന്നു.
ബീഡി വലിച്ചെറിഞ്ഞ് ഒരു വലിയ ചുമയുമായി ഡ്രൈവിങ് സീറ്റിലേക്ക് കയറിയ കറുത്തുതടിച്ച മനുഷ്യന്റെ തോളിൽ മുത്തൻ തൊട്ടു.
"വേലണ്ണാ ഇത് നമ്മ ടീച്ചറ് താൻ, ഭദ്രമാ സേർത്ത് വാങ്കോ..." തേയിലത്തോട്ടങ്ങളുടെ നടുവിൽ തലയോട് മാത്രം പുറത്ത് കാണിച്ച് ഒളിച്ചിരിക്കുന്ന ഒരു കുഞ്ഞൻ വീടിനെ ചൂണ്ടിയിട്ട് മുത്തൻ ഷീലുവിരുന്ന ഭാഗത്ത് ചെന്നു.
"അതാണ് വീട്, അമ്മ കാത്തിരിക്കും. ഇല്ലെങ്കിൽ ഞാനും ഒരു കമ്പനിക്ക് വരുമായിരുന്നു." ഷീലു പുറത്തേക്ക് കൈനീട്ടി മുത്തന്റെ കവിളിൽ തൊട്ടു. മുത്തൻ ചിരിച്ചു.
"അങ്ങനെയൊന്നും ഈ ജീവിതത്തിന്റെ ചന്തം ആരെയും കളഞ്ഞിട്ട് പോവൂല ടീച്ചറേ…" ഷീലുവും ചിരിച്ചു.
ഷീലുവിന് പോകാനുള്ള ആ വലിയ ദൂരം മുന്നിലെ പച്ചബോർഡിൽ എഴുതിയിരുന്നു. കാറിനൊപ്പം അവളും വേദനകളുടെ കുന്നിറക്കം തുടങ്ങി.