ചിത്രീകരണം: ദേവപ്രകാശ്

തൈമൂർ

തൈമൂറിന്​ ഈയിടെയായി തലയെടുപ്പ് കൂടിയിട്ടുണ്ടെന്നു ചിത്ര ശ്രദ്ധിച്ചു. കണ്ണുകൾക്കു ചുറ്റുമുള്ള ചുവപ്പ് കടുത്തിരിക്കുന്നു. സാധാരണ അസീൽ കോഴികൾക്ക് ഉണ്ടാവാറുള്ള വലിപ്പത്തേക്കാൾ കൂടുതലുണ്ട് അവന്.
കറുപ്പും തവിട്ടും കലർന്ന തൂവലുകൾ. സമൃദ്ധമായി തഴച്ചു വളർന്ന അങ്കവാല്. അവൻ തലയുയർത്തി,ചിറകും വിരിച്ച് ശൗര്യത്തോടെ അങ്ങനെ നിൽക്കുമ്പോൾ നാട്ടിൽ ഉത്സവങ്ങൾക്ക് തിടമ്പെടുത്ത് നിൽക്കുന്ന ആനകളെ ആണ് അവൾക്ക് ഓർമ വരാറ്.

അവന്റെ പുറത്ത് ചിറകുകൾക്കിടയിൽ സ്‌നേഹത്തോടെ ഒന്ന് തലോടിക്കൊടുത്ത് കശുവണ്ടിയും ഇറച്ചി കൊത്തി അരിഞ്ഞതും ചോളവും കൂട്ടിക്കലർത്തിയ തീറ്റി ഇട്ടുകൊടുത്ത് നിൽക്കുമ്പോൾ പിന്നിൽ നിന്ന് ഉത്സാഹം നിറഞ്ഞ ശബ്ദം കേട്ടു.
‘ചിത്രേ അറിഞ്ഞാ? നെന്റെ ഗിരിയെ കോടതി വെറുതെ വിട്ടു. തെളിവില്ലാത്രേ '
അയല്പക്കത്തെ കമറുത്താത്ത ആണ്.

ചിത്ര നിന്നിടത്തു തന്നെ തറഞ്ഞുപോയി കുറച്ച് സമയത്തേക്ക്.

കമറുത്താത്ത തെളിച്ചമില്ലാത്ത കണ്ണുകൾ ചുളിച്ചു ചിത്രയുടെ മുഖഭാവം എന്തെന്ന് അറിയാൻ കഷ്ടപ്പെട്ട് നോക്കി.

ചിത്ര ഒന്നും പറയാതെ തൈമൂറിന്റെ കൂട് അടച്ച് അയയിൽ ഇട്ടിരുന്ന തുണികൾ എടുത്ത് വരാന്തയിലി രുന്ന് മടക്കാൻ തുടങ്ങി.മനസ്സിൽ തള്ളയെ നല്ല പ്രാക്ക് പ്രാകുന്നുണ്ടായിരുന്നു. എന്താണൊരു ഉഷാറ് !

മുള പൊന്തിയ കാലും വച്ചു നടക്കാൻ പാങ്ങില്ലാത്തത് കൊണ്ട് സ്വന്തം വീടും തന്റെ വീടുമല്ലാതെ പുറം ലോകത്തേക്ക് ഇറങ്ങാത്ത കക്ഷിയാണ്. ഒറ്റയ്ക്ക് താമസിക്കുന്ന ഇവരിതെങ്ങനെ അറിഞ്ഞോ ആവോ? തന്നെപ്പോലെ അവരുടെ വീട്ടിലും ടി.വി ഇല്ല. ഒഴലപ്പതി വിട്ട് പോയി തമിഴ്‌നാട്ടിൽ എവിടെയോ താമസിക്കുന്ന മകൻ ഒരിക്കൽ വന്നപ്പോൾ കൊടുത്തിട്ട്‌പോയ ഒരു പഴയ നോക്കിയ ഫോൺ മാത്രം കയ്യിൽ ഉണ്ട്. വയസ്സ് കാലത്ത് കിതാബും ഓതി അവിടെ ചുമ്മാ ഇരിക്കണ്ട നേരത്ത് ബാക്കി ഉള്ളോരുടെ കാര്യവും അന്വേഷിച്ചു വന്നോളും.

‘പെണ്ണെ, സംക്രാന്തിക്കുമുമ്പ് അവൻ വന്നാല്​ നെന്റെ തൈമൂറിനെ പോരിന് കൊണ്ടോവാൻ ഞാമ്പറയും '

തള്ളക്ക് കുറച്ച് നാളായിട്ട് തുടങ്ങിയ പൂതിയാണ്...
തൈമൂറിനെ പോരിന് കൊണ്ടുപോകുക.
തനിക്ക് അവനെ പോരിന് വിടുന്നത് ഇഷ്ടമല്ല എന്നറിയാം. എന്നിട്ടാണ്!
വയസ്സുകാലത്ത് കാണണ്ട കാര്യം തന്നെ!
കോഴിപ്പോര് ! എന്തൊരു സാധനം!
അല്ലെങ്കിലും ഇവിടത്ത്കാർക്ക് പോര് എന്നുവച്ചാൽ ഭ്രാന്താണ്.
കൊച്ചുപിള്ളാർക്ക് പോലും ഹരം
നാട്ടിൽ സെവൻസ് ഫുട്‌ബോൾ മത്സരം കാണാൻ വരുന്നതുപോലെ അയൽഗ്രാമങ്ങളിൽ നിന്നെല്ലാം സംക്രാന്തിക്കും ദീപാവലിക്കും ആളുകൾ വരും
ദേശം മുഴുവനും പോരുപറമ്പിൽ അണി നിരക്കും.
പോരുകോഴികളെ ഭ്രാന്തെടുപ്പിച്ച് പരസ്പരം പോരടിപ്പിക്കും.
ചുറ്റും നിന്ന് നൂറു കണക്കിന് പേര് ആർത്ത് വിളിക്കുന്നുണ്ടാവും.
കോഴിപ്പോര് നിയമവിരുദ്ധമാണ് എന്ന് പറയുന്നുണ്ട്.
നിരോധിച്ചത് കൊണ്ട് തന്നെയാവും കൂടുതൽ കൂടുതൽ ഞെരിപ്പായി വർഷം രണ്ട് തവണ എങ്കിലും പോര് കൊണ്ടാടുന്നത്.

‘പിന്നേയ് ഗിരി പോകുമ്പളേയ്, കോഴി പത്ത് പതിനഞ്ചെണ്ണം ഉണ്ടായിരുന്നില്ലേ. ഇപ്പൊ തൈമൂറു മാത്രവല്ലേ ഉള്ളൂ. നിയ്യ് എന്ത് പറയും അവനെക്കൊണ്ട്?'

‘ഒലക്ക! '; ആലോചിക്കാൻ സമയം കിട്ടുന്നതിനുമുമ്പ് മറുപടി വായിൽ നിന്ന് വീണു.
അതും തനിക്ക് തന്നെ അരോചകമായി തോന്നുന്ന അത്രയും ഉച്ചത്തിൽ.
കുറെ പോരുകോഴിക്കുഞ്ഞുങ്ങളെ മാത്രം സമ്പാദ്യമായി തന്ന് ഒരു ജോലിയോ വീട്ടുകാരുടെ തുണയോ ഇല്ലാത്ത തന്നെ ഒറ്റയ്ക്കാക്കി ജയിലിൽ പോയ ഭർത്താവ് രണ്ടര വർഷം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഭാര്യയോട് ചോദിക്കേണ്ട ചോദ്യം തന്നെ ആണിത്; ‘ബാക്കിയുള്ള കോഴികൾ എവിടെ പെണ്ണെ?’

കമറുത്താത്ത പ്രാഞ്ചിപ്രാഞ്ചി മുറ്റവും കടന്ന് സ്വന്തം വീട്ടിലേക്ക് നടന്നുപോകുന്നത് കണ്ടപ്പോഴാണ് പരിസരബോധം വന്നത്. സങ്കടവും.
അവരെ ചീത്തവിളിച്ചിട്ട് എന്താണ് കാര്യം.
പ്രായമായ ആ സ്ത്രീ മാത്രമാണ് ഈ ഒറ്റപ്പെട്ട സമയം മുഴുവൻ കൂടെ നിന്നത്. രാത്രി കൂട്ടു കിടക്കാൻ വന്നത്. തന്റെ വരാന്തയിൽ ഇരുന്ന് നാട്ടുകാരുടെ വിശേഷങ്ങൾ മുഴുവൻ പറയുമെങ്കിലും അവരില്ലായിരുന്നെങ്കിൽ ഈ നാട്ടിൽ എങ്ങനെ നിന്ന് പിഴക്കുമായിരുന്നു എന്ന് ആലോചിക്കാൻ പോലും വയ്യ.

അങ്ങനെ ആയിരുന്നല്ലോ അവസ്ഥ!
ഒരു ഡിഗ്രി പോലും പൂർത്തിയാക്കാതെയാണ് സ്വന്തം വീടു വിട്ട് ഗിരിയുടെ ഒപ്പം ഇറങ്ങിപ്പോയത്. പ്രേമം അസ്ഥികളിൽ മാത്രമല്ല, തലച്ചോറിലും നല്ലോണം പരന്നു പിടിച്ചിരുന്നിരിക്കണം.
പഠിത്തം കഴിയാൻ നിൽക്കാതെ കല്യാണത്തിലേക്ക് തിടുക്കപ്പെട്ട് ഇറങ്ങാൻ തീരുമാനിച്ചതിന് വേറെ കാരണം ഒന്നും ആലോചിച്ചിട്ട് ഇപ്പോൾ കിട്ടുന്നില്ല.
തൃശൂരിൽ ഗിരിയുടെ വീടിനടുത്ത് തുടങ്ങിയ കോഴി ഫാം നഷ്ടത്തിലായപ്പോൾ തനിക്ക് ഒരു ജോലി ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് തോന്നിത്തുടങ്ങി .
ആയിടയ്ക്ക് ഗിരി തമിഴ്‌നാട്ടിലുള്ള പോത്തുഫാമിലും മറ്റും പോയി നിന്നു. അത്തരം ഒരു യാത്ര കഴിഞ്ഞ് വന്നത് പോരുകോഴികളെ വളർത്തി വിൽക്കാനുള്ള തീരുമാനവും കൊണ്ടാണ്.

അധികം താമസിയാതെതന്നെ എറ്റവും പറ്റിയ സ്ഥലം ആണെന്ന് കണ്ടെത്തി അവളെയും കൂട്ടി തമിഴ്‌നാട് അതിർത്തിയിൽ വേലന്താവളത്തിനു അടുത്തുള്ള ഒഴലപ്പതിയിൽ ഒരു വീടെടുത്ത് താമസിക്കാൻ തുടങ്ങി .
‘ചുടുകാട് പോലത്തെ സ്ഥലം'
ഒഴലപ്പതിയിയിൽ ആദ്യം കാല് കുത്തുമ്പോൾ ചിത്ര അറിയാതെ പറഞ്ഞുപോയ വാചകമതാണ്.
മരങ്ങൾ നിറഞ്ഞ പറമ്പുകളും കൃഷിസ്ഥലങ്ങളും എല്ലാം ഉണ്ടെങ്കിലും ഒഴലപ്പതിയിൽ എല്ലായിടവും എപ്പോഴും വെയിൽ കത്തി നിന്നു. കരിഞ്ഞുനിന്നു.
ഗിരി കൂടെ ഉണ്ടല്ലോ എന്നതും, തന്റെ തന്തക്കും തള്ളക്കും വിളിക്കാൻ ഒരു കാരണം നോക്കി നടക്കുന്ന അവന്റെ അമ്മയുടെ മുഖം എന്നും കണി കാണണ്ടല്ലോ എന്ന ചിന്തയും ഉള്ളപ്പോൾ ഏത് മരുഭൂമിയിലും കഴിയാം എന്നു മനസ്സുകൊണ്ട് ഉറപ്പിച്ചു. ജീവിക്കാൻ തുടങ്ങി.
എവിടെ നിന്നൊക്കെയോ ഗിരി പോരുകോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്ന്​ വളർത്തി. ആദ്യമൊക്കെ അവയെ കാണുന്നത് തന്നെ ഇഷ്ടമല്ലായിരുന്നു അവൾക്ക്. വീട്ടിൽ അമ്മ വളർത്തുന്ന സാദാ കോഴികളെ തന്നെ ചെറിയ ഭയമുണ്ടായിരുന്ന ആൾ ആണ്.

ആന്ധ്രയിൽ നിന്ന് കാക്കിദേഗ, മയിൽ ഇനം, കാക്കിനേമാളി അങ്ങനെ പലതിനെയും ഗിരി കൊണ്ടുവന്നു.
നല്ല വലിപ്പം വയ്ക്കുന്ന പല തരം അസീലുകളെയും തമിഴ്‌നാട്ടിൽ നിന്ന്​ വാങ്ങിച്ചു. അധികം വലുതാവുന്നതിനു മുമ്പ് തന്നെ പോരിന് കൊള്ളുകയില്ലാത്ത ദുർബലരായവയെ ഗിരി ഇറച്ചിവിലക്ക് വിൽക്കും.
പോരിന് മിടുക്കരായവയെ മാത്രം പോഷകാഹാരങ്ങൾ കൊടുത്ത് വളർത്തും. ചിലപ്പോളൊക്കെ സ്റ്റീറോയ്ഡ് ഇൻജെക്ഷൻ എടുത്തും ഇവയുടെ കാഴ്ചക്കുള്ള ഗമ കൂട്ടും.
അസിലുകൾക്ക് നല്ല പൊക്കം വരും.
ഒരു ലക്ഷം കൊടുത്ത് പോലും പോര് കോഴികളെ വാങ്ങാൻ ആളുണ്ട് എന്നറിഞ്ഞപ്പോൾ അന്തം വിട്ടുപോയി.
സംക്രാന്തിക്കും ദീപാവലിക്കും നടക്കുന്ന കോഴിപ്പോരിന് മേലെ വരുന്ന പന്തയത്തുക ലക്ഷങ്ങൾ ആണത്രെ..പിന്നെ എങ്ങനെയാണ്? കേരളത്തിനു പുറത്ത് പല സംസ്ഥാനങ്ങളിലും പോര് മിക്ക ആഴ്ചയിലും നടക്കുന്ന ഒരു സംഭവമായിരുന്നു.

ഇവറ്റയുടെ കാലിൽ ചെറിയ കത്തിയോ അള്ള് എന്ന് പേരുള്ള മൂർച്ചയുള്ള ഇരുമ്പുകഷ്ണമോ ഒക്കെ പിടിപ്പിച്ചാണ് പോരിന് വിടുക.ചിലപ്പോൾ പോരിന്റെ സമയത്ത് അവയുടെ ഉശിരു കൂട്ടാൻ വേണ്ടി മലദ്വാരത്തിൽ മുളകുപൊടി തേച്ച് വിടുന്നവരുമുണ്ട് .
തന്റെ വർഗത്തിലുള്ള ആൺ കോഴികളെക്കണ്ടാൽ ഇവറ്റ തമ്മിൽ കൊത്തിപ്പറിക്കും. മാന്തിക്കീറും. പോര് കഴിഞ്ഞ് തിരിച്ച് ജീവനോടെ എത്തുന്നത് രണ്ടിൽ ഒന്ന് മാത്രമായിരിക്കും. ശൗര്യവും ശക്തിയും കൂടുതലുള്ള ഒന്ന്. ചിലപ്പോൾ മുറിവിന്റെ കാഠിന്യം പോലെ അതും ചത്തു വീഴും.
ഏതായാലും കണ്ടുനിൽക്കുന്ന മനുഷ്യർക്ക് കമ്പം തന്നെ.
ചിലർ പട്ടിയെയും പൂച്ചയേയും ഒക്കെ എന്ന പോലെ അലങ്കാരത്തിനു വളർത്താനും കൊണ്ടുപോകാറുണ്ട്.

ഗിരിക്ക് കോഴികളെ വളർത്താൻ വേണ്ട സഹായങ്ങൾ എല്ലാം ചെയ്തു കൊടുക്കുമ്പോഴും ചിത്രയ്ക്ക് അവയുടെ കണ്ണുകളിലേക്കു നോക്കുമ്പോൾ ഭയമായിരുന്നു.
നിർവികാരമെങ്കിലും ഭീഷണമായ കണ്ണുകൾ.
എന്തറിഞ്ഞിട്ടാണ് വെറിയന്മാരായ മനുഷ്യർക്ക് കണ്ടുരസിക്കാൻ വേണ്ടി മാത്രം ഇവറ്റ തങ്ങളുടെ സഹജീവികളെ കൊത്തിപ്പറിക്കുന്നത്?

ഒഴലപ്പതിയിലെ താമസത്തിന്​ ഒരു വയസ്സാകുമ്പോഴേക്കും പോരുകോഴികൾക്കും അവയുടെ തീറ്റകൾക്കും പറമ്പിൽ വീടിനുചുറ്റും പണിതുവച്ച വലിയ കോഴിക്കൂടുകൾക്കുമിടയിൽ ഓടിപ്പാഞ്ഞു നടക്കാനുള്ള , ചൂടുകാറ്റിൽ കരിഞ്ഞുണങ്ങുന്ന രാപ്പകലുകളായി ജീവിതം മാറി.
പണ്ടെന്നോ ഉണ്ടായിരുന്ന ഒരു പുഴയുടെ ഓർമ പുതുക്കാൻ പോലും തികയാത്ത നീർച്ചാൽപാട് പോലെ അവന്റെ പ്രണയം വരണ്ടുണങ്ങിയതാണ് , പക്ഷെ അവളെ ജീവിതക്ലേശങ്ങളെക്കാൾ അമ്പരപ്പിച്ചു കളഞ്ഞത്.

പണിത് നടുവൊടിഞ്ഞ് കിടക്കയിലെത്തുന്ന രാത്രികളിൽ മിക്കവാറും ഏകപക്ഷീയമായ അവസാനത്തെ ആചാരവും കഴിഞ്ഞ്,പോരുകോഴികളുടെ കണ്ണുകളിൽ കാണാറുള്ള അതേ നിർവികാരതയോടെ തന്നിൽനിന്ന് അകന്നുമാറി കൂർക്കം വലിച്ചുറങ്ങുന്ന ഗിരിയെ നോക്കികിടന്നു കൊണ്ട് ചുരം കടന്നു വന്ന ഉഷ്ണക്കാററിനേക്കാൾ കടുത്ത ഒരു ചിരിയോടെ ചിത്ര ചിലപ്പോൾ ആലോചിക്കും.
‘നാലു വർഷം പ്രേമിച്ചത് ഇവനെ ആയിരുന്നോ? '
അന്ന് എന്ത് തന്നെയായാലും ഇപ്പോൾ പ്രേമത്തിനു പോരുകോഴികളുടെ ക്രൗര്യമാണ് .
അവയുടെ കണ്ണുകളിലെ നിർജീവതയാണ്.
അവറ്റയുടെ കാഷ്ഠത്തിന്റെ ചൂരാണ്. മനം മടുപ്പിക്കുന്ന ചൂര്.

പക്ഷെ അപ്പോഴും എന്നെങ്കിലും ഇവറ്റകളെ വളർത്തണ്ട പൂർണ ഉത്തരവാദിത്തം തന്നിൽ വന്നു ചേരുമെന്ന് വിചാരിച്ചേയില്ല.
ഒരു തവണ രണ്ട് ദിവസം കഴിഞ്ഞേ വരികയുള്ളൂ എന്ന് പറഞ്ഞാണ് ഗിരി പോയത്. കോഴിക്കോട് ഉള്ള ഒരാൾക്ക് കൂട്ടത്തിൽ എറ്റവും വലിപ്പമുള്ള ഒരു
ദേഗക്കോഴിയെ വിൽക്കുന്ന കാര്യത്തിന്. പലപ്പോഴും പതിവുള്ളതാണ് അത്തരം യാത്രകളും താമസവും.
അന്ന് കമറുത്താത്തയെ കൂട്ടിന് വിളിച്ചുകിടത്തി ഉറങ്ങി. നേരം വെളുക്കുമ്പോഴേക്കും പക്ഷെ ഗിരി തിരിച്ചെത്തി .
‘എന്ത് പറ്റി ഇന്നുതന്നെ പോന്നല്ലോ’, അവൾ ചോദിച്ചു.
‘ഒന്നുമില്ല. അയാള് അവിടെ ഇല്ല', മറുപടിയും കിട്ടി.

അതുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞുകാണണം, തൈമൂറിന്റെ അച്ഛൻ എന്ന് ചിത്ര വിശ്വസിക്കുന്ന ഒരു അസീലിന് ഗിരി തീറ്റ കൊടുത്തുകൊണ്ട് നിൽക്കുമ്പോഴാണ് പൊലീസ് ജീപ്പ് വന്നുനിന്നത്, അവൾ അന്തം വിട്ടുനിൽക്കുമ്പോൾ ഗിരിയെ അറസ്റ്റ് ചെയ്ത്​ വിലങ്ങുവച്ചു കൊണ്ടുപോയത്, എന്തൊക്കെയോ ചെറിയ പ്രതീക്ഷകൾക്ക് മേൽ കെട്ടിപ്പൊക്കിക്കൊണ്ടിരിക്കുകയായിരുന്ന അവളുടെ ലോകം അപ്പാടെ ഒരു നിമിഷം കൊണ്ട് ദ്രവിച്ചു തകർന്ന് വീണത്.

പോരുകോഴികളെ വിൽക്കുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നമാവും കാരണം എന്നാണ് അവൾ വിചാരിച്ചത്. പണത്തിന്റെ പ്രശ്‌നം വല്ലതുമാണെങ്കിൽ നല്ലയിനത്തിൽ പെട്ട ഒന്നോ രണ്ടോ കോഴികളെ എങ്ങനെയെങ്കിലും വിറ്റ് പ്രശ്‌നം തീർക്കാമല്ലോ എന്നും വിചാരിച്ച്​ ഒരു വിധത്തിൽ നേരം വെളുപ്പിച്ചു. ജാമ്യത്തിലെടുക്കാൻ പോകാൻ തന്റെ കൂടെ പഠിച്ച കുട്ടിയുടെ വക്കീലായ അച്ഛനെ വിളിക്കാം എന്നും വിചാരിച്ചു.

കമറുത്താത്ത പിറ്റേന്ന് പത്രം കൊണ്ട് വരുന്നതുവരെ, ഗിരിയുടെ പാതി മുഖം മറച്ച ഫോട്ടോക്ക് താഴെ ഉണ്ടായിരുന്ന വാർത്ത വായിക്കുന്നതുവരെ അത്തരം പ്രതീക്ഷകളും ചിന്തകളും സ്വയം സമാധാനിപ്പിക്കലും നിലനിന്നു.
കോഴിക്കോട് ഗിരി താമസിച്ച വീടിന്റെ കോമ്പൗണ്ടിൽ തന്നെയുള്ള വാടകവീട്ടിൽ, അമ്മ ജോലിക്ക് പോയ നേരത്ത് വീട്ടിനുള്ളിൽ തനിച്ചായിരുന്ന 13 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു ബോധം കെടുത്തി മൃതപ്രായയാക്കി തൊട്ടടുത്ത കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കേസിനായിരുന്നു ഗിരിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
കൈയിൽ പത്രവുമായി മുറ്റത്തെ പൂഴിമണ്ണിലേക്ക് അർദ്ധബോധാവസ്ഥയിൽ തളർന്നിരിക്കുമ്പോൾ ഒരു നൂറു പോരുകോഴികൾ കാലുകളിൽ മൂർച്ചയേറിയ കത്തിയും വച്ച് അവളുടെ ഹൃദയത്തിലേക്ക് ചിറകടിച്ചു പറന്നു വന്നിരുന്നു.
അവിടെ ആഴത്തിൽ മുറിവേല്പിച്ചു. കൊത്തി പറിച്ചു.
ചോര വാർന്ന് മൃതപ്രായമായ അവസ്ഥയിലാണെങ്കിലും അതിനുള്ളിലിരുന്ന് അവളുടെ പ്രണയം നേർത്ത സ്വരത്തിൽ പറഞ്ഞു; ‘‘അവനായിരിക്കില്ല അത് ചെയ്തത്'’.

ആ സ്വരം പക്ഷെ അവൾക്ക് തന്നെ അപരിചിതമായിരുന്നു.
കാരണം അറസ്റ്റ് ചെയ്തുകൊണ്ട് പോകുമ്പോൾ ഗിരിയുടെ മുഖത്ത് അവൾ കണ്ടത് ഒരു നിരപരാധിയുടെ അമ്പരപ്പോ ഞെട്ടലോ ആയിരുന്നില്ല. എന്നിട്ടും യാന്ത്രികമായി അവളത് ഉരുവിട്ടുകൊണ്ടേയിരുന്നു; ‘അവനായിരിക്കില്ല.’

കമറുത്താത്തയുടെ നിരന്തരമായ വിളിയുടെയും പറച്ചിലിന്റെയും അവസാനം,ആ ഇരുപ്പിൽ നിന്ന് എഴുന്നേറ്റത് എങ്ങനെ ആയിരുന്നു എന്നവൾക്ക് അത്ര ധാരണയില്ല.

പക്ഷെ അവിടെനിന്ന് എഴുന്നേറ്റതിൽ പിന്നെ ഇരിക്കാൻ നേരം കിട്ടിയിട്ടില്ല എന്നത് നല്ല ധാരണയുണ്ടായിരുന്നു.

തിരിച്ചു പോകാനോ അഭയം തേടാനോ തനിക്കൊരു വീടോ തണലോ ഇല്ല എന്ന ബോധ്യവും ഉണ്ടായിരുന്നു. ഗിരിയുടെ കൂടെ ഇറങ്ങിവന്നതിൽ പിന്നെ സ്വന്തം വീട്ടിലേക്ക് ഒരിക്കൽ പോലും പോയിട്ടില്ല. അവർ ആരും അന്വേഷിച്ചു വന്നതുമില്ല
ഗിരി നിരപരാധിയാണെങ്കിലും അല്ലെങ്കിലും കേസു നടത്താൻ പണം വേണമായിരുന്നു. തനിക്ക് ജീവിക്കാൻ പണം വേണമായിരുന്നു.
എല്ലാറ്റിനും പ്രതീക്ഷയായുള്ളത് വീടിനു മുന്നിലെ കൂടുകളിൽ കിടക്കുന്ന, മനുഷ്യൻ തന്റെ ക്രൂരത പകർത്തികൊടുത്ത് ക്രൂരന്മാരായി മാറപ്പെട്ട കുറെ മിണ്ടാപ്രാണികളും.

ഈ ഭീകരൻ കോഴികളെ കാണുമ്പോൾ തന്നെ ഉണരുന്ന ഭയങ്ങളെയും ആശങ്കകളെയും കാറ്റിൽപറത്തുക എന്നതായിരുന്നു ആദ്യ കടമ്പ. ആവശ്യങ്ങൾക്ക് മുൻപിൽ ഭയങ്ങൾ വഴിമാറി.
സങ്കോചങ്ങൾ വഴിമാറി. നാണക്കേടു വഴിമാറി.
ഗിരിയേക്കാൾ ഓടിപ്പാഞ്ഞു നടന്ന് ഉള്ള പോരുകോഴികളെ വളർത്തി വിൽക്കാനും പുതിയവയെ വാങ്ങാനും തുടങ്ങി.അതോടൊപ്പം കിട്ടാവുന്ന മറ്റു ജോലിക്കെല്ലാം പോയി.

കേസ് നടത്താനുള്ള പണം നാട്ടിലുള്ള ഗിരിയുടെ ഏട്ടനെ ഏല്പിക്കുകയല്ലാതെ ഒരിക്കലും ഗിരിയെ നേരിട്ടു കാണാൻ പോകാൻ തോന്നിയില്ല.
കേസിന്റെ ഗതിയും അന്വേഷിച്ചില്ല. ഒന്നുമറിയാതിരിക്കാൻ ഫോണിൽ ഇന്റർനെറ്റ് പോലും അവൾ ഒഴിവാക്കി.
ഒരു വർഷം കഴിഞ്ഞപ്പോൾ 10 ദിവസത്തെ പരോളിൽ ഇറങ്ങിയെങ്കിലും ഗിരി ഒഴലപ്പതിയിൽ വന്നില്ല.
കമറുത്താത്ത എവിടുന്നൊക്കെയോ വിവരങ്ങൾ അന്വേഷിച്ചു പറയാൻ വരുമ്പോളെല്ലാം വിലക്കി; ‘വേണ്ട ഇത്താത്ത, എനിക്കറിയണ്ട'
ഗിരിയുടെ ഏട്ടൻ ആവശ്യപ്പെടുമ്പോൾ എല്ലാം എങ്ങനെയൊക്കെയോ പണം ഇട്ടുകൊണ്ടിരുന്നു.
പക്ഷെ ഉണർവിലുള്ള ഓരോ നിമിഷവും എന്നെങ്കിലും തന്റെ മുന്നിൽ വരികയാണെങ്കിൽ അവൻ വരികയാണെങ്കിൽ ചോദിക്കാനുള്ള ഒരു ചോദ്യം അവളുടെ മനസ്സിലെപ്പോഴും ഒരു പ്രതിധ്വനിയോടെ അലച്ചുകൊണ്ടിരുന്നു
‘നീയാണോ അത് ചെയ്തത്?'

എപ്പോഴോ ഒരിക്കൽ അപൂർവമായിക്കിട്ടിയ ഒരു സന്ദർഭത്തിൽ വീട്ടിലെ പൊടി കയറി മങ്ങിയ മുഖകണ്ണാടി നോക്കിയപ്പോൾ കൂട്ടിൽ കിടക്കുന്ന
ദേഗക്കോഴികളുടേതുപോലെയുള്ള ഒരു നിർഭയത്വം നിറഞ്ഞ മരവിപ്പ് അവൾ സ്വന്തം കണ്ണിലും കണ്ടുപിടിച്ചു.
അപ്പോൾ ഗിരിയെ അറസ്റ്റ് ചെയ്ത്​ ജയിലിലടച്ച്​ ആറുമാസം കഴിഞ്ഞിരുന്നു.
അക്കൊല്ലത്തെ സംക്രാന്തിക്കാണ് അവൾ ആദ്യമായി താൻ വളർത്തിയ രണ്ടു റെസ അസീലുകളെയും കൊണ്ട് ആന്ധ്രാപ്രദേശിലെ അവണിഗദ്ദയിൽ വച്ചുനടന്ന പോരിന് പോയത്.
ഗിരി കോഴികളെ വളർത്തുകയല്ലാതെ പോരിന് കൊണ്ട് പോയിരുന്നില്ല. പോരുകാർക്ക് വിറ്റതേയുള്ളൂ.
പെണ്ണ് പോരിന് കൊണ്ടുവന്ന കോഴികളെ കാണാൻ സാധാരണയിലും കൂടുതൽ ആളെത്തി.
ആർത്തുവിളിക്കുന്ന ജനക്കൂട്ടത്തിനിടയിൽ ചുരിദാറിന്റെ ഷാൾ അരയിൽ ഉറപ്പിച്ചു കെട്ടി, പൊടി പാറുന്ന മൈതാനത്തിൽ പരസ്പരം ചീറി കൊത്തുകയും മുറിവേല്പിക്കുകയും ചെയ്യുന്ന കില്ലാടി കോഴികളെയും പോരടിപ്പിച്ച് ഒരു
കൂസലുമില്ലാതെ നിൽക്കുമ്പോഴാണ് ഈ ഇരുപത്തി മൂന്നാം വയസ്സിൽ താൻ ജീവിതത്തിന്റെ പാതിയിലുമധികം പിന്നിട്ട്​ ഒന്നിലും സങ്കോചം തോന്നാത്ത വർദ്ധക്യത്തിലെത്തി എന്ന വിചിത്രമായ തോന്നൽ അവൾക്കുണ്ടായത്.

കഴിഞ്ഞ ഒരു വർഷം അതിന്റെ കാലടിവെപ്പിൽ അളന്നെടുത്തത് യൗവനത്തെ മുഴുവനുമായിരുന്നു.

പോരിനു കൊണ്ടുപോയി ജയിച്ചതോടെ അവൾ വളർത്തുന്ന കോഴികളെ സീസണിൽ നല്ല വില കൊടുത്തു ലേലത്തിൽ വാങ്ങിക്കാനും ആളുണ്ടായി.

എല്ലാ മൃദുലതകളും ഇല്ലായ്മ ചെയ്യപ്പെട്ടുപോയ, കോഴിക്കാഷ്ഠചൂര് പൊതിഞ്ഞ പകലുകൾ അവസാനിക്കുന്ന, അപൂർവമായി വിശ്രമിക്കാൻ കിട്ടുന്ന ചില വൈകുന്നേരങ്ങളിൽ കഴിഞ്ഞ ജന്മത്തിലേത് എന്ന പോലെ അവൾ ഗിരിയുടെ കൂടെ ഇറങ്ങി വരുന്നതിനു മുൻപുള്ള ജീവിതത്തിലെ കാഴ്ച്ചകൾ ഒരു സിനിമയിലെന്ന പോലെ കണ്മുന്നിൽ കണ്ടു.

അവൾ സ്വന്തം അമ്മയുടെ മടിയിൽ കിടന്ന് പഠിക്കാനുള്ള പുസ്തകങ്ങളിൽ നോക്കി വെറുതെ സ്വപ്നം കണ്ടു കിടക്കുന്നു.
അവളുടെ മുടിയിഴകളിൽ അമ്മയുടെ കൈവിരലുകൾ...
ആദ്യമായി സൈക്കിൾ ചവിട്ടാൻ പഠിച്ചതിന്റെ അഹങ്കാരം കാണിച്ച് അനിയൻ വീടിനു ചുറ്റും സൈക്കിളിൽ പാഞ്ഞു നടക്കുന്നു.
‘വീഴരുതെ'ന്ന അച്ഛന്റെ ശബ്ദം.
ഒരു നൊടി കൊണ്ട് മായുന്ന മായക്കാഴ്ചകൾ.
കണ്ണ് തുറക്കുന്നത് ചിലപ്പോൾ പുറത്തെ ഇരുട്ടിലെ അനക്കങ്ങളിലേക്ക് കാതു കൂർപ്പിച്ചായിരിക്കും.
വല്ല പാമ്പോ മറ്റോ അവറ്റകളുടെ കൂട്ടിൽ കയറുന്നുണ്ടോ എന്ന വേവലാതിയിൽ അവളിലെ ഗൃഹാതുരയായ പെൺകുട്ടി മറവിയിലേക്ക് മാഞ്ഞുപോകും.

തൈമൂറിനു മാത്രമാണ് അവൾ പേരിട്ടത്, വേറൊന്നിനും പേരിട്ടിരുന്നില്ല.
കൊല്ലാനോ ചാകാനോ കൊടുക്കുന്നവയ്ക്ക് പേരെന്തിന്?
ബാക്കി എല്ലാത്തിനേയും കോഴിക്കുഞ്ഞായിരിക്കുമ്പോൾ വാങ്ങിയതായിരുന്നു.
തൈമൂർ അവളുടെ കൈകളിലേക്ക് എന്ന പോലെ മുട്ട വിരിഞ്ഞുണ്ടായതും.
അവനെ വിൽക്കാൻ തോന്നിയില്ല . പോരിനും കൊണ്ടുപോയില്ല. അവന് ശൗര്യം ഇല്ലാതെ അല്ല. പരിശീലിപ്പിക്കാതെയും അല്ല. എന്തോ. സ്‌നേഹിക്കാൻ എന്തെങ്കിലും ഒരു ജീവി വേണ്ടേ?.

‘തൈമൂ'എന്നൊരു അമർത്തിയ വിളി മതി, പടപടപ്പിക്കുന്ന ഒരൊച്ചയോടെ വല്ലാത്തൊരു കരുത്തോടെ വേഗതയോടെ താൻ വിളിക്കുന്നിടത്ത് മറ്റുള്ളവരെ ഭയപ്പെടുത്തുന്ന രീതിയിൽ ഓടിയും പറന്നും അവൻ എത്താൻ.
എത്ര വിചിത്രം! അവൾ ആലോചിച്ചു.

കേസിനും വിചാരണക്കും ഒടുവിൽ ഇപ്പോൾ തെളിവില്ല എന്ന് കണ്ടെത്തി ഗിരി ജയിലിനു വെളിയിലിറങ്ങുന്നു എന്നറിഞ്ഞിട്ടും ആ ചിന്തയിൽ നിന്ന് ഒഴിഞ്ഞുമാറി തൈമൂറിനെക്കുറിച്ചോ, വരുന്ന സംക്രാന്തിക്ക് ഒന്നിന് ഇരുപത്തിഅയ്യായിരം വച്ച് താൻ മീനാക്ഷിപുരത്തേക്ക് കൊടുത്ത രണ്ട് നേമാളിക്കോഴികൾ പോരു ജയിക്കുമോ എന്നതിനെ കുറിച്ചോ ഒക്കെ ഓർക്കാനാണ്​ താൻ ഇഷ്ടപ്പെടുന്നത്...

പീഡനകേസിൽ അകത്തുപോയ ഒരാൾക്ക് സ്വന്തം നാട്ടിൽ നിൽക്കൽ അത്ര പന്തിയാവില്ലെന്നും ഈ വീട്ടിൽ തന്റെ മുന്നിലേക്ക് തന്നെ ഗിരി എത്തുമെന്നും അവൾക്ക് അറിയാമായിരുന്നു.

എന്നിട്ടും കമറുത്താത്ത വാർത്തയെത്തിച്ചതിന്റെ നാലാം പക്കം ഒരു വൈകുന്നേരത്ത് മുറ്റത്തിനു ചുറ്റും താൻ തന്നെ വളച്ചുകെട്ടിയ വേലിയുടെ വാതിൽ വളരെ സാവധാനം തുറന്ന് ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഒരു മാസ്‌കിന്റെ മറയിൽ മുഖമൊളിപ്പിച്ച് ഗിരി വീട്ടിലേക്ക് നടന്നടുക്കുന്നത് കണ്ടപ്പോൾ അവൾക്ക് നെഞ്ചിൽ കോഴിയങ്കത്തട്ടിലെ പടപടപ്പ് അനുഭവപ്പെട്ടു.

അവൾക്ക് ചുറ്റും പോരുപറമ്പിലെ ചൂടും പൊടിപടലവും ഉയർന്നു.
കണ്ണുകൾ കൂട്ടിമുട്ടി.
ഒരു നിമിഷത്തെ പതറിച്ചയേ അവന്റെ നോട്ടത്തിനു ഉണ്ടായുള്ളൂ എന്നവൾ ശ്രദ്ധിച്ചു.
വേലന്താവളത്തിൽ കാലിചന്തക്ക് പോയി തിരിച്ചു വന്നേയുള്ളൂ എന്ന ഭാവത്തിൽ അവൻ പറഞ്ഞു; ‘ഞാൻ ഒന്ന് കുളിക്കട്ടെ.’

ഗിരി കുളിച്ചു വരുമ്പോഴും ഉള്ളിൽ ആളിക്കത്തിയ തീയിൽ സ്വയം വെന്ത് അവൾ വരാന്തയിൽത്തന്നെ അതേ ഇരിപ്പായിരുന്നു. കഴിഞ്ഞ രണ്ടര വർഷവും ഉള്ളു കാർന്നുതിന്ന്​ തന്നെ വെറും പോടാക്കിയ ആ ചോദ്യം താൻ എപ്പോഴാണ് അവനോട് ചോദിക്കുക എന്ന് അവൾ അമ്പരന്നു.
അവളുടെ ഇരിപ്പ് കണ്ടപ്പോൾ അവൻ നേരെ തൈമൂറിന്റെ കൂടിനരികിലേക്ക് ചെന്നു.
‘നീ ഇവറ്റയെ കൊണ്ട്​ പോരിന് പോയീലെ ?'

‘ങ്ഹാ, കൊണ്ടുപോയി '

അവനോട് ഉത്തരം പറഞ്ഞ തന്റെ സ്വരം അവൾക്ക് തന്നെ തിരിച്ചറിയാൻ കഴിയാത്ത വണ്ണം വരണ്ടുപോയിരുന്നു.

മറുചോദ്യങ്ങളില്ല എന്നുകണ്ട് ഗിരിയുടെ തോളുകൾ ആശ്വാസം കൊണ്ട് അയയുന്നതും സ്വയമറിയാതെ അവനിൽ ആത്മവിശ്വാസം ഉയരുന്നതും അവൾ കണ്ടു.

അപരിചിതന്റെ അനക്കം കണ്ട് തൈമൂർ ജാഗരൂകനായി, കൂട്ടിൽ കിടന്നുള്ള ചെറിയ ഉറക്കം വിട്ട് തല പൊക്കി നോക്കി.
‘ഇവൻ ആളു കൊള്ളാല്ലോ '
തൈമൂറിനെ നോക്കിക്കൊണ്ടുതന്നെ തിരിഞ്ഞു നോക്കാതെ അവൻ ചോദിച്ചു; ‘കഴിക്കാൻ വല്ലതൂണ്ടോ?'

ഒന്നും മിണ്ടാതെ എഴുന്നേറ്റു പോയി ഉച്ചക്കുണ്ടാക്കിയ തണുത്ത ഭക്ഷണം അവന് വിളമ്പിവച്ച് അവൾ വരാന്തയിൽ ചെന്നിരുന്നു.
‘നേർക്കുനേരെ, എന്റെ കണ്ണുകൾക്കുനേരെ വരുമ്പോൾ ഞാൻ ചോദിക്കും'; അവൾ മനസ്സിലുരുവിട്ടു..
ദുർബലയാകരുത്. വീണുപോകരുത്.

കഴിഞ്ഞു പോയ വർഷങ്ങളുടെ ഓർമകൾ എങ്ങോട്ട് തിരിഞ്ഞാലും കുത്തി മുറിവേൽപ്പിക്കുന്ന ഒരു മുൾക്കാട് പോലെ മനസ്സിൽ തഴച്ചുനിൽക്കുമ്പോൾ എങ്ങനെ ദുർബലയാകാനാണ്?
പക്ഷെ രാത്രിയായിട്ടും കാരണമറിയാത്ത ഒരു സന്ദേഹത്തിൽ തട്ടി അവളുടെ ചോദ്യം മരവിച്ച് തൊണ്ടയിൽ തന്നെ തടഞ്ഞുനിന്നു.
ഇരുട്ടിൽ കിടപ്പുമുറിയിൽ തന്റെ കട്ടിലിൽ നിന്ന് കേട്ട ശ്വാസനിശ്വാസങ്ങൾ ഒരു അപരിചിതന്റേതായിരുന്നു. ഭീകരമായൊരു അന്യത്വത്തോടെ അവൾ ചുമരിലേക്ക് മുഖം ചേർത്ത് കിടന്നു.
പിന്നെ എപ്പോഴോ തൊട്ടടുത്ത് നിന്ന് ആ ശ്വാസം ചെവിയിൽ വന്നടിച്ചു.
അപ്പോൾ മരവിപ്പ് ബാധിച്ചിരുന്ന മനസ്സിനെ അപ്പാടെ കീഴ്‌പ്പെടുത്തിക്കൊണ്ട് ഒരു ദേഗക്കോഴിയുടെ വീറോടെ വെറുപ്പ് പൊരുതി ഉണർന്നു.
ഗിരിയുടെ പിടിയിൽ നിന്ന് അറപ്പോടെ വഴുതിമാറിക്കുതറുമ്പോൾ അവൻ ചോദിച്ചു; ‘എന്താണ്? എത്ര നാളായി.. '

അവൾ ഞെട്ടിപ്പിടഞ്ഞു ചാടിയെണീറ്റ് ലൈറ്റ് ഓൺ ചെയ്തു.
നാശം!
അവന്റെ മുഖത്തേക്കുനോക്കി ചോദിക്കാൻ വച്ച, ഇത്രയും നാൾ തന്റെ ഉറക്കം കളഞ്ഞ ചുട്ടു പൊള്ളിക്കുന്ന ചോദ്യങ്ങൾ എവിടെപ്പോയി?
പകരം നാവിൽ നിന്നു വന്നത് വികലമായ ചിലമ്പിച്ച ഒച്ചയിലുള്ള ഒന്നാണ്.
‘എന്താണ് വിചാരിച്ചത് എന്നെപ്പറ്റി, ഏഹ് ?'

ഒരു നിമിഷം കൊണ്ട് അവളെ വരുതിക്ക് കൊണ്ടുവരാനുള്ള ഒരായിരം ഉത്തരങ്ങൾ അവൻ ഉള്ളിൽ റിഹേഴ്‌സൽ നടത്തുന്നത് ആ കണ്ണുകളിൽ അവൾ കണ്ടു. ഇരയുടെ ചലനവും വേഗവുമളക്കുന്ന കടുവയെപ്പോലെയുള്ള സൂക്ഷ്മമായ ചലനങ്ങൾ.
അങ്കത്തട്ടിലെ കോഴിയുടെ ഗതികെട്ട അക്രമോൽസുകതയല്ല. തികഞ്ഞ സൂക്ഷ്മത.
‘നീ ഇങ്ങട്ട് അടുത്ത് വാ. ഞാൻ പറയട്ടെ '; അവന്റെ അനുനയ സ്വരം.

രോഷം കൊണ്ട് വിറച്ച് അവളുടെ വാക്കുകൾ വിക്കിത്തെറിച്ചു പുറത്തുവന്നു; ‘എന്തിന്? ഏഹ്.. എന്തിന്? നീ പറയ്.. ഞാൻ ഇനിയും നിന്റെ കൂടെ?’

മുഴുമിപ്പിക്കാനാവാതെ അവളുടെ തൊണ്ട പൊട്ടി. രണ്ടര വർഷം ഒഴലപ്പതിയിലെ വരണ്ട കാറ്റിലും പോരുകളത്തിലെ ചൂടിലും ഉണങ്ങി വരണ്ടിരുന്ന കണ്ണീരിന്റെ ഉറവ പൊട്ടി.
ദുഃഖത്തിന്റെയും രോഷത്തിന്റെയും നീരൊഴുക്കിനെ കീഴടക്കത്തിന്റേതായി വ്യാഖ്യാനിച്ച ഗിരിയുടെ ചലനങ്ങൾക്ക് ആത്മവിശ്വാസം കൈ വന്നു. കൈകൾക്ക് ഉടസ്ഥതാബോധം കരുത്ത് പകർന്നു.
പക്ഷെ വെറുപ്പിന്റെ ഉഗ്രത കൊണ്ട് സർവ്വശക്തിയുമെടുത്ത് കുതറുന്ന അവളുടെ എതിർപ്പ് കണ്ടപ്പോൾ ഗിരിയുടെ അനുനയത്തിന്റെയും സംയമനത്തിന്റെയും മുഖംമൂടി അഴിഞ്ഞു വീണു.
അവളുടെ കഴുത്തിൽ കൈ അമർത്തി ശ്വാസം മുട്ടിച്ച് ബീഭത്സമായ ഒരു താളത്തിൽ സ്വന്തം കരുത്ത് തെളിയിച്ചുകൊണ്ട് പുച്ഛം നിറഞ്ഞ ചിരിയോടെ അവൻ പറഞ്ഞു;
‘അടങ്ങിക്കിടക്ക്. നീയേ പെണ്ണാ. വെറും പെണ്ണ്. അതിത് വരെ മനസ്സിലായില്ലേ? '

അപ്പോൾ അഴലപ്പതിയിൽ എത്തിയതിനു ശേഷം വളർത്തിയ എല്ലാ കോഴികളുടെയും ചൂര് ഒന്നിച്ച്​ അവളുടെ മൂക്കിലേക്ക് കയറി. ദുർബലമായതിനെ കൊത്തിക്കൊല്ലാൻ കരുത്തനോട് ആക്രോശിക്കുന്ന ആൾക്കൂട്ടത്തിന്റെ ആരവം ചെവിയിൽ മുഴങ്ങി.

വേദനയുടെ പാരമ്യതയിൽ അക്കണ്ട കാലമത്രയും കൊണ്ടുനടന്ന ചോദ്യത്തിന് അവൾക്ക് ഉത്തരം കിട്ടി.
അപ്പോൾ ആദ്യമായി അവൾ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴക്കപ്പെട്ട ഒരു കിളുന്നു ശരീരത്തെ പറ്റി ഓർമിച്ചു. ദുർബലമായ കാലുകൾക്കിടയിലൂടെ ഒഴുകിയ ചോരപ്പാടുകൾ സങ്കല്പിച്ചു. ഇനിയുള്ള ജീവിതം മുഴുവൻ ദുഃസ്വപ്നങ്ങൾ കാണാൻ വിധിക്കപ്പെട്ട നിഷ്‌കളങ്കമായ ഒരു മനസ്സിന്റെ നിസ്സഹായതയോർമിച്ചു.
ആരും കേട്ടതായി തെളിവുകൾ ഇല്ലാതെ പോയ നിർത്താത്ത ഒരു തേങ്ങൽ ആ കിടപ്പിൽ അവളുടെ ചെവിയിൽ വന്നലച്ചു.

അവളെ ആക്രമിച്ചു കീഴ്‌പ്പെടുത്തിയ പോരുകോഴി വിയർത്ത ദേഹത്തോടെ മലർന്നു കിടന്നുറങ്ങുമ്പോൾ മേൽക്കൂരയിലെ ഓടുകൾക്കിടയിൽ വച്ച ചില്ലിലൂടെ ഏറെ കാലത്തിനു ശേഷം ആദ്യമായി കാണുന്നതുപോലെ അവൾ ആകാശത്തേക്ക് നോക്കി കിടന്നു.
ചന്ദ്രന്റെ ഒരു പൊട്ട് അതിലൂടെ കാണുന്നതും നോക്കി നേരം വെളുപ്പിച്ചു.

തൈമൂറിന്റെ കാതടപ്പിക്കുന്ന കൂക്കൽ കേട്ടപ്പോൾ ദേഹം മുഴുവൻ വേദനിച്ചിട്ടും എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്ന് അവനുള്ള തീറ്റ തയാറാക്കി.
കുറച്ച് മുളകുപൊടിയും പേനാക്കത്തിയും ചരടും എടുത്ത്​ മുറ്റത്തേക്ക് ചെന്നു.
മുൻപേ തന്നെ നഖം വെട്ടി ഒതുക്കിയിരുന്ന തൈമൂറിന്റെ കാലുകളിൽ കത്തി വച്ചുകെട്ടി. അവനെ കൂട്ടിൽ നിന്നിറക്കി ചിറകുകൾക്കിടയിൽ തലോടിയും ചിക്കിയും ഓമനിച്ചു. അവനെ വീട്ടിനകത്തേക്ക് കൊണ്ടുവന്നു
‘എന്തൊരു ഭാരം ചെക്കന് ' അവൾ കളി പറഞ്ഞു.

പിന്നെ അവന്റെ തീറ്റയുമെടുത്ത് കിടപ്പുമുറിയുലേക്ക് ചെന്നു. തീറ്റ മുഴുവൻ ഗിരിയുടെ മേലേക്ക് വലിച്ചെറിഞ്ഞു. ഗിരി ഞെട്ടിപിടഞ്ഞുണർന്ന് ഒന്നും മനസിലാവാതെ, ഉറക്കം മാറാത്ത കണ്ണുകളോടെ അന്തം വിട്ടു നോക്കുമ്പോൾ, തൈമൂറിന്റെ പിറകിലെ ചിറകുകൾ മാറ്റി അവിടെ മുളകുപൊടി തേച്ചുപിടിപ്പിച്ച്, അവനെ ഗിരിയുടെ നേരെ പറത്തിവിട്ട് അവൾ അലറി; ‘തൈമൂ....'

കാലിലെ ആയുധവും വച്ച് തൈമൂർ തന്റെ ജീവിതത്തിലെ കന്നി അങ്കം മനുഷ്യനുമായി നടത്തുമ്പോൾ, മനുഷ്യന്റെ കഴുത്തിൽ നിന്ന് ചീറ്റിയ ചോരയിൽ തൈമൂറിന്റെ ചിറകും തൂവലുകളും കുതിരുമ്പോൾ ചിത്ര കമറുത്താത്തയുടെ വീട്ടിലേക്ക് നടന്നു വാതിലിൽ മുട്ടിവിളിച്ചു;

‘ഇത്താത്ത നിങ്ങക്ക് പോരു കാണണ്ടേ? തൈമൂറിന്റെ പോര്?' ▮


സായ്​റ

കഥാകൃത്ത്​. കുസാറ്റിൽ ജോലി ചെയ്യുന്നു. തിരികെ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments