ചന്ദ്രമണ്ഡലത്തിന്റെ വിദൂരക്കാഴ്ച പോലെ ഊതിയാൽ പറക്കുന്ന മൂന്ന് ചപ്പാത്തിയും തേങ്ങാപ്പീരയിട്ട് മയക്കിയ ഗ്രീൻപീസും വിശപ്പിലേക്ക് ചുരുട്ടിയിറക്കുമ്പോൾ അനിലൻ എതിർസീറ്റിൽ ആരോ മറന്നുവെച്ച അഡിഡാസിന്റെ അണ്ണാൻ വരയുള്ള തോൾ ബാഗിലേക്ക് ചെരിഞ്ഞു നോക്കി.
സാക്ഷാൽ ശ്രീരാമൻ, അണ്ണാനെ അനുഗ്രഹിച്ചെന്ന് പറയപ്പെടുന്ന, മൂന്നുവരയിലെ മിത്തും, ലോകത്തിലെത്തന്നെ ഏറ്റവും ജനപ്രിയ ബ്രാൻ്റായ അഡിഡാസിനും തമ്മിലെന്ത് പബ്ലിക് റിലേഷനെന്ന് അനിലൻ കുസൃതിയോടെ ഓർത്തു.
അന്നേരമയാൾ രുചിയോടെ, ചൂടോടെ കോഫി കുടിച്ചുകൊണ്ട് കോഫിയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ചുനോക്കി.
തൊഴിലാളി സമരങ്ങൾക്കും വ്യവസായ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുകൾക്കും പേരുകേട്ട നാട്ടിൽ തൊഴിലാളികൾ നേരിട്ടു നടത്തുന്ന ഒരു കാപ്പിക്കട. അറുപത്തിയഞ്ചിലേറെ വർഷങ്ങളുടെ ജനപ്രിയ ബ്രാൻഡായി ഇന്നും നിലനിൽക്കുന്നതത്ഭുമല്ലേ.
ഇന്ത്യൻ കോഫി ഹൗസിന്റെ ചരിത്രവേരുകൾ തേടിപ്പോയാൽ ചെന്നെത്തുന്നത്, 1780-ൽ ആദ്യത്തെ കോഫിഹൗസ് പിറവി കൊണ്ടത് കൊൽക്കത്തയിലാണ്. കൃത്യം പന്ത്രണ്ട് വർഷത്തിനുശേഷം രണ്ടാമത്തെ കോഫിഹൗസ് തുടങ്ങുന്നത് മദ്രാസിലാണ്. പിന്നീട് പതിനേഴ് വർഷത്തിനുശേഷം ബാഗ്ലൂരിൽ മൂന്നാമത്തെ കോഫി ഹൗസ് പിറവി കൊള്ളുന്നു.
എന്നാൽ, 1957-ൽ നല്ല രീതിയിൽ മുൻപോട്ടുപോയിരുന്ന കോഫീ ഹൗസുകൾ ‘ബോർഡ്’ അടച്ചുപൂട്ടാൻ തീരുമാനിച്ചു. ഈ അടച്ചുപൂട്ടൽ മൂലം അതിൽ ജോലി ചെയ്തിരുന്ന ആയിരത്തോളം തൊഴിലാളികൾ ദുരിതത്തിലായി. 1958-ൽ ഈ ആയിരത്തോളം തൊഴിലാളികൾ ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിടപ്പെട്ടു. അന്ന് ആകെ നിലവിലുണ്ടായിരുന്ന കോഫീ ഹൗസുകളുടെ എണ്ണം 43 ആയിരുന്നു.
സഖാവ് എ.കെ.ജിയുടെ നേതൃത്വത്തിൽ ബോർഡുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. തൊഴിലാളികളുടെ വാദങ്ങളെല്ലാം തന്നെ നിരാകരിച്ചുകൊണ്ട് ബോർഡ് അവരുടെ തീരുമാനത്തിൽ ഉറച്ചുനിന്നു.
തൊഴിലാളികളുടെ ഇടയിൽ വൻ സ്വാധീനമുണ്ടായിരുന്ന എ.കെ. ജിയുടെ കടുത്ത എതിർപ്പും പ്രതിഷേധവും വകവെക്കാതെയായിരുന്നു ബോർഡിന്റെ ഈ തീരുമാനം. എ.കെ.ജി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്രുവുമായി സംസാരിക്കുകയും ഒരു നിർദേശം വെക്കുകയും ചെയ്തു. എ.കെ.ജി വെച്ച നിർദേശം നെഹ്രു അംഗീകരിക്കുകയും എല്ലാവിധ സഹായ സഹകരണങ്ങളും ഉറപ്പ് നൽകുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ പിരിച്ചുവിടപ്പെട്ട തൊഴിലാളികളെ അണിനിരത്തി ഭൂരിഭാഗം സംസ്ഥാനങ്ങളിലും ‘ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ’ രൂപവൽക്കരിച്ചു. ഈ പേരിലുള്ള ആദ്യ സംഘം ബാംഗ്ലൂരിലാണ് നിലവിൽ വന്നത്. ഇതിൽനിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് സമാനമായ രീതിയിൽ കേരളത്തിൽ ബോർഡുകൾ രൂപീകരിക്കാൻ എ.കെ.ജി മുന്നിട്ടിറങ്ങി.
കേരളത്തിൽ ‘ഇന്ത്യൻ കോഫി ഹൗസിന്റെ’ ജൻമദേശം എന്നറിയപ്പെടുന്നത് തൃശൂരാണ്.
‘ഇമ്മടെ തൃശൂരെന്ന്’ അനിലൻ ആത്മഗതം നടത്തി. തൃശൂരിൽ വെച്ച് രൂപം നൽകിയ ‘ഇന്ത്യൻ കോഫി വർക്കേഴ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫെഡറേഷൻ’ എന്ന തൊഴിലാളി സഹകരണ സംഘമാണ് ഇന്ത്യൻ കോഫി ഹൗസ് ശൃംഖല കേരളത്തിൽ നടത്തുന്നത്. ആ സംഘത്തിലുണ്ടായിരുന്ന
അനിലന്റെ അമ്മയുടെ അച്ഛൻ സഖാവ് കണാരേട്ടൻ എ.കെ.ജിയുടെ സുഹൃത്തുകൂടിയായിരുന്നുവെന്നത് അനിലന്റെ ആത്മഗതത്തിന് കുറ്റബോധത്തിന്റെ താളം നൽകി.
ഇടതുഭാഗത്തെ സീറ്റിൽ ഒരു ഫാമിലിയൊന്നാകെ മസാലദോശ കഴിക്കുന്നത് കണ്ടപ്പോൾ അനിലന് ഒരു തമാശ തോന്നി. കാശ് കൗണ്ടറിന് മുകളിലെ എ.കെ.ജിയെ നോക്കി അയാൾ മനസ്സിൽ ചോദിച്ചു. ‘അല്ലാ സഖാവേ, കോഫി ഹൗസിലെ മസാലദോശേലെയീ ചോപ്പുനെറം ഇങ്ങടെ ബുദ്ധിയായിരുന്നോ? കോഫി ഹൗസ് തുടങ്ങുമ്പോ ഇങ്ങള് കണ്ട ചോപ്പൊന്നുമല്ല സഖാവേ ഇക്കാലത്ത് പാർട്ടീല്. കള്ളും പലിശയും കച്ചോടം നടത്തുന്ന ഗുരു ശിഷ്യൻ നടേശൻ മുതലാളീടെ മഞ്ഞ നിറള്ള ഉരുളക്കെഴങ്ങ് മസാല കഴിച്ച് ഗ്യാസ് നെറഞ്ഞ ബലൂണാണത്. ഒരു സൂചിപ്പിന്ന് മതി കമ്യൂണിസത്തിന്റെ, സോഷ്യലിസത്തിന്റെ കാറ്റ്പോയി പാളീസാവാനും പുളിച്ച വാട വരാനും’.
അനിലന്റെ മനസ്സിലപ്പാേൾ മറ്റൊരു കാലം വന്ന് നിറഞ്ഞു. ആ കാലത്തിന്റെ ഗാനം മുഴങ്ങി.
ചോര നൽകി മർത്ത്യകോടികൾ ചുവപ്പണീച്ചൊരീ
ചെങ്കൊടിയുമേന്തി നീങ്ങിടാം...
അഴിമതിക്കരങ്ങളെത്തുറുങ്കിലാക്കി
മണ്ണിൽ നൂറുമേനികൊയ്തു നാടുകാത്തിടാം
രക്തസാക്ഷികൾ തെളിച്ചൊരീ
കർമഭൂമിയിൽ അണഞ്ഞിടാം
ഇവിടെ നമ്മൾ തൻ കിനാവുകൾ
സഫലമാകുവാൻ ഒന്നായിനാം
വികസനത്തിൻ വിത്തുപാകി നാടിനെയുണർത്തിടും സഖാക്കളേ
ജനങ്ങൾ തൻ മനസ്സുതൊട്ടു നല്കിടുന്നൊരായിരം
ലാൽസലാം, ലാൽസലാം...
ലാൽസലാം... ലാൽസലാം...
മൂലധനവും റഷ്യയും എസ് എഫ് ഐയും ഡി.വൈ.എഫ്.ഐയും ആ കാലത്തെ ചുവപ്പിനാൽ പൊതിഞ്ഞു. അയാളുടെ ഉള്ളം കയ്യിലപ്പോൾ പൊതിച്ചോറിന്റെ ഇളം ചൂടനുഭവപ്പെട്ടു. ഒരു പാട് പട്ടിണി മുഖങ്ങൾ ദൈന്യതയോടെ കണ്ണുനിറച്ചുനിന്നു. അതൊക്കെ വെറും ഭുതകാലമെന്ന്, പിന്നെയും പിന്നെയും കുടഞ്ഞ് കളഞ്ഞ്, അനിലന്റെ ചന്ദനക്കുറിയും കാവി മുണ്ടും കൈയ്യിൽക്കെട്ടും പറയാതെ തന്നെ വർത്തമാനം പറയുന്നുണ്ടായിരുന്നു. ഇപ്പോൾ അയാൾ കേൾക്കുന്നത് രാജ്യഭക്തിയുടെയും നാമജപയാത്രയുടെയും ആരവം മാത്രമാണ്.
പറന്നു പോകാതിരിക്കാൻ ചെറിയ സ്റ്റീൽപ്ലെയിറ്റ് കയറ്റിവെച്ച 148 രൂപയെന്ന ബില്ലെടുത്ത്, കൈകഴുകാൻ പോയ അനിലന് പെട്ടെന്ന് എന്തോ പൊട്ടബുദ്ധി തോന്നി തിരിച്ചുനടന്നു. ആരുടേയോ ആ അഡിഡാസ് ബാഗ് തോളിലിട്ട് ബിൽ കൊടുക്കാതെ, കൈ കഴുകാതെ ‘തൃശൂര് ... തൃശൂരെന്ന്…’ ഈ റോഡായ റോഡെല്ലാം ഞങ്ങളുടെ സ്വന്തമെന്ന ഭാവത്തിൽ വിളിച്ചുകൂവി ഡോറിൽ തല്ലിയാർത്ത കിളിയുടെ കൂടെ അനിലനും അഡിഡാസ് ബാഗും ഉള്ളിലോട്ട് കടന്നതും മജന്തയിൽ മൂന്ന് വെള്ള വരയുള്ള ലിമിറ്റഡും കിളിയും പറന്നുതുടങ്ങി. അയാളുടെ വേഷത്തിനോട് ഒട്ടും യോജിക്കാത്ത ആ പീകോക്ക് ഗ്രീൻ അഡിഡാസ് മൂന്ന് വര ബാഗ് തോളിൽ തൂങ്ങിക്കിടന്നു.
തൽസമയം സതീശൻ കഴുകാതെ ഉണങ്ങി വരണ്ട കൈ ചുരുട്ടിപ്പിടിച്ച് കോഫി ഹൗസിലേക്ക് ഓടി. അയാൾ മസാലദോശ കഴിച്ചു കഴിയാറായപ്പോഴാണ് ഫോൺ ബെല്ലടിച്ചത്. കോഫി ഹൗസിലെ ബഹളത്തിൽ ഫോണിൽ പറഞ്ഞതൊക്കെയും ലയിച്ചു പോയതിനാലാണ് മൊബൈൽ ചെവിയാൽ ചേർത്തയാൾ കടയ്ക്ക് പുറത്തേയ്ക്ക് നടന്നത്. അങ്ങേത്തലയ്ക്കലേക്ക് തന്റെ സങ്കടങ്ങളൊക്കെയും പറഞ്ഞ് തീരാൻ അയാൾ റോഡിനോരത്തുകൂടെ നടന്നത് മുക്കാൽ കിലോമീറ്ററാണ്. ഫോൺ കട്ടായതും സ്ഥലകാലത്തിലേക്ക് ഒരു ദുഃസ്വപ്നത്തിൽ നിന്നെന്നവണം അയാൾ ഞെട്ടിയുണർന്നു. ഒരു ചരക്കുലോറി അയാളെ തൊട്ടു തൊട്ടില്ല തൊട്ടു എന്ന വിധം ഇരമ്പിപ്പാഞ്ഞ് ഭൂലോകം വിറപ്പിച്ച് കടന്നുപോയപ്പോൾ ‘മൈരേ, മരിക്കാൻ റോഡിലിറങ്ങി നടക്കുന്നോ’ എന്ന മഞ്ഞത്തെറി സജീവന്റെ ചെവിയെ പൊതിഞ്ഞു. തിരിഞ്ഞോടുമ്പോൾ മുക്കാൽ കിലോമീറ്റർ അയാളെ മൂന്ന് കിലോമീറ്റർ എന്ന് തളർത്തി.
പാതി കുടിച്ച കാപ്പിയോ, പ്ലെയ്റ്റിൽ ശേഷിച്ച ചുവന്ന മസാലയോ, ഉള്ളിത്തോടിന്റെ നിറമുള്ള ചൂടുവെള്ളമോ അവിടെ ഇല്ലാത്തത് അയാളുടെ വിഷയമായിരുന്നില്ല. തൊട്ട സീറ്റിൽ വെച്ച അഡിഡാസിന്റെ ബാഗെവിടെയെന്നയാൾ വെയിറ്ററോട് ദയനീയമായ കരച്ചിലോടെ നിലവിളിച്ചു. ‘തന്റെ ബാഗ് താൻ നോക്കണ്ടേ’യെന്ന്,
പത്തു കൈകൾ കണക്കേ ചപ്പാത്തി, പൊറാട്ട, ബീഫ് ഫ്രൈ, ഓംലെറ്റ്, ഗീറോസ്റ്റ്, മസാല ദോശ എന്നിങ്ങനെ നടന്നു വരുന്ന വെയിറ്റർ മഹാരാജാവ് മുഷിച്ചലോടെ മൊഴിഞ്ഞു.
തന്റെ 2012 മോഡൽ ബജാജ് ഒട്ടോറിക്ഷ വിറ്റ് കിട്ടിയ എമ്പത്തിയയ്യായിരത്തിൽ നിന്ന് സച്ചിൻ മോനൊരു അഡിഡാസ് ബാഗ് വാങ്ങിച്ചതിൻ ബാക്കി പൈസ മുഴുവൻ അതേ ബാഗിൽ വെച്ച് ചായ കുടിക്കാൻ കയറിയതാണ് സതീശൻ. അപ്പാേഴാണ് സച്ചിൻമോന്റെ ഓപ്പറേഷനുവേണ്ട ബാക്കി പൈസ കടം തരാമെന്ന് പറഞ്ഞ ജെയിസൺ വിളിക്കുന്നത്.
ആ പായാരം പറച്ചിലിന്റെ ആബ്സെന്റ് മെെൻ്റിലാണ്. ഇങ്ങനെയൊരു അത്യാഹിതം സംഭവിക്കുന്നത്. എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴയെന്ന് കരയുന്ന അയാളെ ആശ്വസിപ്പിക്കാനോ ശല്യം ഒഴിപ്പിക്കാനോ കൗണ്ടറിലെ നരച്ച മീശക്കാരൻ ഒരു ഉപായം പറഞ്ഞു: ‘ബാഗ് വെച്ചിടത്ത് കാണുന്നില്ലെങ്കിൽ നിങ്ങളാ കുന്നംകുളം സ്റ്റേഷനിൽ ഒരു പരാതി കൊടുക്കൂ’.
കടയുടെ മൂലയിലൊരിടത്ത് ഒരു സിസി ക്യാമറ പൊടിപിടിച്ച് മാറാല പൊതിഞ്ഞ്, എല്ലാം കാണുന്ന ദൈവത്തെ പോലെ ചത്തുനിൽപ്പുണ്ടായിരുന്നു. ദൈവം എന്ന ഉപമയിൽ ചത്തുവെന്ന് പറഞ്ഞതിൽ ക്ഷമിക്കുക വിനായകാ. സമാധിയെന്ന് തിരുത്തുന്നുവെന്ന് ദൈവകോപത്താൽ കഥാകാരൻ തേർഡ് പാർട്ടിയായി ഇടപെട്ടു.
ഒന്നും രണ്ടും മൂന്നും വട്ടം കോഫി ഷോപ്പ് മുഴുവൻ വെപ്രാളപ്പെട്ട് അലഞ്ഞിട്ടും സതീശന് ബാഗ് കണ്ടെത്താനായില്ല. റോഡിൽ തല വെച്ച് കാതോർക്കുന്ന കോഫിഷോപ്പിന്റെ ആദ്യ ചവിട്ടുപടിയിൽ, തന്റെ ശിരസ്സ്, മുട്ടുകാലുകൾക്കിടയിൽ വെച്ച് കുന്തിച്ചിരുന്ന് സതീശൻ മറ്റൊരു മാർഗ്ഗവുമില്ലാതെ കരയുക തന്നെയാണ്. ആശുപത്രിയിൽ മോനരികിൽ കണ്ണീരോടെ അവളും ഇരിക്കുന്നത് അയാൾക്കൊരു തിരശീലയിലെന്നവണ്ണം കാണാം. അപ്പോൾ അയാളെ കണ്ടാൽ കുട്ടികളുടെ പാർക്കിൽ മാലിന്യം നിക്ഷേപിക്കുന്ന ഒരു കോമാളിശില്പം പോലുണ്ടായിരുന്നു.
തത്സമയം ‘റൗണ്ട്... റൗണ്ടെന്ന…’ ഒരു പൗരാണിക, പറച്ചിലിന്റെ താളത്തിൽ കിളി ചിലച്ചു. പിൻവാതിലിലൂടെ നിർത്താത്ത ബസിൽനിന്ന് ചാടിയിറങ്ങി ബാലൻസ് കിട്ടാതെ ബസിനൊപ്പം ഓടിയപ്പോൾ, ചെക്കന് ബാലൻസ് കിട്ടിയില്ലേൽ പണിയാവുമല്ലോയെന്ന് റൗണ്ടിലെ പുൽത്തകിടിയിൽ മന്ത്രിയുമായി അടുത്ത കൊല്ലത്തെ പൂരത്തിന്റെ മാസ്റ്റർ പ്ലാനുകൾ ചർച്ച ചെയ്തിരുന്ന വടക്കുംനാഥൻ മനസ്സിൽ വിചാരിച്ചു. നാഥന്റെ റഡാറിന്റെ ഉള്ളിലും മുന്ത്രിയുടെ പുറത്തുമായി സതീശൻ, മുമ്പേ പറഞ്ഞ കോമാളി പ്രതിമ കണക്കെ ഇരിക്കുന്നുണ്ടപ്പോൾ.
ഇരുട്ടിൽ ഷട്ടറുകൾ കോട്ട തീർത്ത സ്വർണ്ണക്കടയുടെ ഫുട്പാത്തിലൂടെ നടന്ന് ഇടത്തോട്ട് താഴോട്ടിറങ്ങി, പിന്നേയും ഇടത്തോട്ട് നടന്ന് നടന്ന് അനിലൻ ചെന്നെത്തിയത് സാഹിത്യ അക്കാദമിയുടെ ചാരിക്കിടന്ന ഗേറ്റിനരികിലാണ്. ഗേറ്റ് ശബ്ദമുണ്ടാക്കാതെ തുറന്ന് അയാൾ അകത്തേയ്ക്ക് കടന്നു. അന്നേരം തറ കെട്ടിയ മരത്തിനരികെ ബഷീറും വി.കെ.എന്നും നമ്പൂതിരിയും വിജയൻ മാഷും കൂടി കൂലങ്കഷമായ ചർച്ചയിലായിരുന്നു. വിജയൻ മാഷാണ് സംസാരിക്കുന്നത്: "ഏതു തീയും പുരയ്ക്ക് കേടു തന്നെയാണ്. കയറ് വലിയുമ്പോൾ മാത്രമേ പശുവിന് പാരതന്ത്ര്യത്തിന്റെ ബോധം ഉണ്ടാവുകയുള്ളു. അതുവരെ താനൊരു ജനാധിപത്യ വ്യവസ്ഥയിലാണെന്ന് എത് പശുവും വിശ്വസിക്കുന്നു."
മാഷ് പിന്നെയും തുടരുകയാണ്.
മാവിൻ കൊമ്പത്ത് കെട്ടിയ ഊഞ്ഞാലുകളിൽ
ജീവിതം ഒരു യജ്ഞമായിക്കരുതിയ, മഹത്വത്തിന്റെ സുഗന്ധം പരത്തുന്ന ചൈതന്യ സന്ദേശവാഹികയായ
ലളിതാംബികയും സ്നേഹത്തിന്റെയും വെറുപ്പിന്റെയും ഇരുകരകളേയും പുഞ്ചിരിയോടെ പുണരാൻ അവരുടെ ആഴങ്ങളിൽ ഒഴുകിയിരുന്ന ദിവ്യമായ പ്രണയത്തിന്റെ, കറകളഞ്ഞ സ്നേഹത്തിന്റെ അടിയൊഴുക്കുകൾ മലയാളിയ്ക്ക് സമ്മാനിച്ച
മാധവിക്കുട്ടിയുമിരുന്ന് കിട്ടാതെ പോകുന്ന, പ്രകടിപ്പിക്കാതെ പോകുന്ന സ്നേഹത്തെ കുറിച്ച് ആകുലപ്പെടുന്നുണ്ടായിരുന്നു.
പുനത്തിലും കക്കട്ടിലും സതിഷ് ബാബുവും ഗീതാ ഹിരണ്യനും ജയരാജും രാജലക്ഷ്മിയുമെല്ലാം അക്കാദമിയുടെ ഉമ്മറത്തെ ബഞ്ചിലിരുന്ന് കഥകളിലെ ആത്മനിഷ്ഠയും ഭാവതീവ്രതയും വിഷയമാക്കി തിരക്കിട്ട സംവാദത്തിലാണ്.
മണിപ്പുരും ഹരിയാനയും ഗണപതിയെന്ന മിത്തും 2024- ലെ ഇലക്ഷനും ഈ വർഷത്തെ സാഹിത്യ അക്കാദമി അവാർഡും എം.ടിയുടെ നവമിയുമൊക്കെ അവരുടെ സംസാരത്തിലേക്ക് ഇടയ്ക്ക് കടന്നുവന്നു.
അവർക്കപ്പുറത്ത് രണ്ടൊറ്റയാന്മാരായി ചാരുകസേരകളിൽ കോവിലനും ശ്രീരാമനും പട്ടാളക്കഥകളും പഞ്ചായത്ത് കഥകളും പറഞ്ഞിരുന്ന് ഗഹനമായി പുകവലിക്കുന്നുണ്ട്. വായിലെ പുക ചുരുളുകളായി മുകളിലേക്ക് വിട്ട് കോവിലൻ അപ്പാേൾ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: ‘ഉശിരുള്ള ആണുങ്ങളൊക്കെ പട്ടാളത്തിൽ ചേർന്നു. ബാക്കിയുള്ളോര് മാഷുംമാരായി’.
കൽക്കട്ട ഓർമ്മകളിൽ മുഴുകിയിരുന്ന ശ്രീരാമനപ്പോൾ ഞാൻ മാഷായില്ല ബ്ലോക്കോഫീസറായെന്ന് പൊട്ടിച്ചിരിച്ചു.
ദൂരെയൊരു മരച്ചുവട്ടിൽ കുഞ്ഞുണ്ണി മാഷ് കവിത ചൊല്ലുന്ന താളം കേൾക്കുന്നുണ്ട്:
"മന്ത്രിയായാൽ മന്ദനാകും
മഹാ മാർകിസിസ്റ്റുമീ
മഹാഭാരതത്തിൽ’’
കിഷോറും സുഷമയും നന്ദിനിയും കൊച്ചുബാവയും അഷിതയും അപ്രശസ്തരായ മറ്റു കുട്ടികളും ചുറ്റും കൂടി നിൽപ്പുണ്ട്.
അനിലൻ കടന്നുവന്നത് അവരൊന്നും ശ്രദ്ധിച്ചതായി തോന്നിയില്ല. കാവിമുണ്ടുടുത്തതിൽപ്പിന്നെ അവരൊയൊക്കെ കാണുന്നതേ അനിലന് കലിപ്പാണ്, അക്കാദമികളൊക്കെ തീയിടണമെന്നാണ് അയാളുടെ അപ്ഡേറ്റഡ് വേർഷൻ പറയുന്നത്.
കേരളവർമക്കാലത്തെ കുളിരോർമ്മകളുടെ പിൻതുടർച്ചയിലാണ് അനിലൻ ഇപ്പോഴും ഒറ്റയ്ക്കാവുമ്പോൾ അക്കാദമി മരച്ചുവട്ടിൽ വന്നിരിക്കുന്നത്. വൈശാഖൻ മാഷും സാറ ടീച്ചറും ഹിരണ്യൻ മാഷും അഷ്ടമൂർത്തിയും തമ്പി സാറും രാവുണിയേട്ടനുമൊക്കെ സജീവമായിരുന്ന കഥാക്യാമ്പുകളിൽ അയാൾ സ്ഥിരം സാന്നിദ്ധ്യമായിരുന്നുവെന്നത് ഇപ്പാേൾ ഒരു കെട്ടുകഥ പോലെ അനിലന് തന്നെ തോന്നാം.
അക്കാദമിയുടെ ഇടതു മൂലയിലെ ശൗചാലയത്തിൽ കയറി മൂത്രമൊഴിക്കുമ്പോൾ അയാളുടെ ശ്രദ്ധ ആദ്യമായി തോളിൽ തൂങ്ങിക്കിടന്ന അഡിഡാസ് ബാഗിലേക്കായി. ശൗചാലയത്തിന് പുറത്തെ തിണ്ണയിൽ ഇരുന്ന് അനിലൻ ബാഗ് തുറന്നുനോക്കി. ബാഗും അതിന്റെ ഭംഗിയും ബ്രാൻഡും മാത്രമേ അയാളെ ആകർഷിച്ചിരുന്നുള്ളു. അല്ലെങ്കിലും പുറം മോടിയിൽ ആകൃഷ്ടനാവുന്നത് അയാളുടെ ബലഹീനതയാണ്. ഭൂരിപക്ഷ ഇന്ത്യൻ ജനതയുടെ ഒരു ക്യാപ്സൂൾ പതിപ്പാണ് അനിലനും. ബാഗിനുള്ളിലെ പണവും ആശുപത്രി ബില്ലുകളും റേഷൻ കാർഡും ആധാർ കാർഡും പത്ര കട്ടിംഗിലെ കുട്ടിയുടെ രോഗമുഖവും മറ്റും മറ്റും വിശദമായി കണ്ടപ്പോൾ അയാളുടെ ഉള്ളം കയ്യിൽ വീണ്ടും പൊതിച്ചോറിന്റെ പൊള്ളലുണ്ടായി. ആവലാതിയോടെയയാൾ ഗേറ്റ് തുറന്ന് വൃത്തത്തിലേക്ക് ഓടി. അയാളുടെ ആവലാതികൾക്കൊന്നും വശം കെടാതെ, അയാളുടെ ഉള്ളിൽ പടർന്ന കൂറ്റൻ തീ കാണാതെ, സാഹിത്യ അക്കാദമിയും അവിടുത്തെ മഹാരഥന്മാരും അവരുടെ ലോകങ്ങളിൽ തന്നെ മുഴുകി വീണ വായിക്കുന്നുണ്ടായിരുന്നു.
വൃത്തമപ്പോൾ ഒന്നുകൂടി ഇരുണ്ടിരുന്നു.
ആ ഇരുട്ടിൽ എമ്പാടും നായക്കളും മനുഷ്യരും പെരുച്ചാഴികളും പൂച്ചകളും തലങ്ങും വിലങ്ങും കിടന്ന് ചെരിയുകയും മറിയുകയും മുരളുകയും രതിയിലർപ്പെടുകയും തല്ലുകൂടുകയും പരക്കം പായുകയും ചെയ്യുന്നത് ആരും പരസ്പരം കാണുകയോ കേൾക്കുകയാേ ചെയ്തില്ല. ഏതെങ്കിലുമൊരു വണ്ടിയ്ക്കായ് നടന്നുകൊണ്ടിരുന്ന അനിലന്റെ മുന്നിൽ, അണ്ഡകടാഹം എന്നുപേരുള്ള ഒരു ഒട്ടോറിക്ഷ വന്ന് ബ്രെയ്ക്കിട്ടു. മിഷൻ ആശുപ്രത്രിയിൽ ആളെ വിട്ട് വൃത്തത്തിലേക്ക് കയറിയതാണ് അണ്ഡകടാഹം. കുന്നംകുളത്തെ പേട്ടയിൽ ഏട്ടര വരെ നിന്നിട്ടും കോട്ട തികയാത്ത നിരാശയിൽ വീട്ടിലേയ്ക്ക് പോകാൻ നില്ക്കുമ്പോഴാണ് അണ്ഡകടാഹത്തിന് താലൂക്ക് ആശുപത്രിയിൽ നിന്ന് തൃശൂർ മിഷനിലേക്ക് ഒരു ഓട്ടം കിട്ടുന്നത്. അതൊരു പരാധീനക്കാരുടെ ഓട്ടമായിരുന്നു. ശ്വാസം കിട്ടാതെ വലയുന്ന ഒരമ്മയും അവരെ താങ്ങിയ മകളും. വേറെ കഥയ്ക്കൊന്നും സ്കോപ്പിലെന്ന് ഒരു കഥയെഴുത്തുകാരൻ കൂടിയായ അണ്ഡകടാഹത്തിന്റെ ഡ്രൈവർ മനസ്സിൽ നിനച്ചു.
ഓട്ടോയിൽ യാത്ര ചെയ്യുന്ന യാത്രക്കാരിൽ നിന്ന് പൈസയും കഥയും സമ്പാദിക്കുന്ന ഓട്ടോക്കാരനാണയാൾ. ഫേസ്ബുക്കിൽ രണ്ടര മൂന്ന് കിലോ ഫോളോവേഴ്സുള്ള ഇയാളുടെ രണ്ടുമുന്ന് പുസ്തകങ്ങളും അച്ചടിച്ചിട്ടുണ്ട്. എങ്കിലും അക്കാദമി കണക്കിലൊന്നും ഈ കഥാകാരന്റെ പേരുണ്ടാവാൻ ഇടയില്ല.
ഓട്ടോ കയറിയ ആൾക്ക് തന്റെ നാട്ടിലേക്കാണ് പോകേണ്ടതെന്നറിഞ്ഞപ്പോൾ നാളെത്തെ പോസ്റ്റ് ഇയാളാകട്ടെയെന്ന് മനസ്സിൽ കരുതി വൃത്തം വിട്ട് ഇടത്തോട്ട് തിരിഞ്ഞ് ഗ്രീൻ ബുക്സിന്റെ മുന്നിലൂടെ മുന്നോട്ടുപോയി. അയാൾ ഓട്ടോ പൂങ്കുന്നത്തേയ്ക്ക് തിരിച്ചു. യാത്രക്കാരന്റെ കഥകളിലേക്ക് ഓട്ടോക്കാരൻ ചില ചോദ്യങ്ങൾ തൊടുത്തുവിട്ടു നോക്കി.
ഇക്കാലം, കഥകൾ ഒട്ടും ഇഷ്ടമില്ലാത്ത അനിലൻ അണ്ഡകടാഹത്തിന്റെ മുതലാളിയുടെ ചോദ്യങ്ങൾക്ക് അതെയെന്നും അല്ലായെന്നും മാത്രം മൊഴിഞ്ഞാെഴിഞ്ഞു.
അണ്ഡകടാഹത്തിന് ബോറടിച്ചപ്പോൾ,
"മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ
ഒടുവിലായകത്തേക്കെടുക്കും ശ്വാസ
കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ... "
എന്ന് സ്റ്റീരിയോയിൽ ഉണ്ണി മേനോൻ പാടാൻ തുടങ്ങി. റിയർ മിററിലൂടെ കഥാകാരൻ അയാളെ ഒളിഞ്ഞുനോക്കിയെങ്കിലും ഇരുട്ടിൽ മുഖത്തെ ഭാവം തിരിച്ചറിയാനായില്ല. അയാളുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാലയുടെ തിളക്കവും അതിനറ്റത്ത് കുടുക്കഴിഞ്ഞ കുപ്പായത്തിനുള്ളിൽ ഒരു ആനക്കൊമ്പ് ലോക്കറ്റും തൂങ്ങിക്കിടന്നിരുന്നു.
കുണ്ടും കുഴിയും തൃശ്ശൂർ- കുന്നംകുളം റോഡിലെ പുതിയ വഴിപ്പണിയും പിന്നിട്ട് കേച്ചേരി ചൂണ്ടൽ കഴിഞ്ഞ് ആശുപത്രി പടിക്കൽ അനിലൻ ഇറങ്ങി. ഒരു മിറ്ററിലുമില്ലാത്ത പൈസ കഥാകാരന്റെ കയ്യിൽ പിടിപ്പിച്ച് ആശുപത്രിയിലേക്ക് ഓടിപ്പോയി. മൂന്നാം നിലയിലെ മൂന്നുറ്റി പതിമൂന്നാം മുറിയായിരുന്നു അയാളുടെ ലഷ്യം.
സഖാവ് കണാരേട്ടന് മകളുടെ മകനെയോർത്തപ്പോൾ അഭിമാനം തോന്നിക്കാണണം. മക്കളുപോലും അപമാനം ഉണ്ടാക്കുന്ന കാലമല്ലേയിത്.?
ആ ഓട്ടം നോക്കി, അയാൾക്ക് പിറകെ ഇറങ്ങി ഓടണോ എന്ന ചിന്തയോടെ അണ്ഡകടാഹം ഒരു നിമിഷം ചിന്തിതനായി. പിന്നെ മക്കളെയോർത്ത് ഭാര്യയെ ഓർത്ത് കഥയറിയാതെ, കാര്യമറിയാതെ വീട്ടിലേക്ക് വണ്ടി പായിച്ചു. മൈജിയുടെ കയറ്റം കയറുമ്പോൾ സമയം പതിനൊന്ന് കഴിഞ്ഞില്ലേ ഇനിയിപ്പോൾ വൺവേ ഇടത്തോട്ട് മുൻസിപ്പാലിറ്റി വഴി വട്ടം കറങ്ങുന്നതെന്തിനെന്ന്! ട്രാഫിക്ക് പൊലീസ് പുല്ലാണേ, എ ഐ ക്യാമറ പുല്ലാണേ ഭാവത്തിൽ അണ്ഡകടാഹം കയറ്റം നേരെ വിട്ടതും, സ്കൂളും മൊബൈൽ ഷോപ്പും കടന്നതും, ഇടതു വശത്ത് അതാ കൈ നീട്ടി
നിൽക്കുന്നു പോലീസുകാരൻ. സീറ്റിന്റെ പിറകിൽ തല മൂടിയിട്ട കാക്കി ഷർട്ട് എടുക്കാൻ പോലും സമയമില്ലാതെ വെപ്രാളത്തിൻ അണ്ഡകടാഹം റോഡിൽ ബ്രൈക്ക് ഉരഞ്ഞ് തെന്നി നിന്നു. അറിയുന്ന പോലീസുകാരനാണ് രണ്ടടി കൂടുതൽ കിട്ടുമോ എന്ന ഭാവത്തിൽ കഥാകാരൻ കം ഡ്രൈവർ ഭവൃതയോടെ പുറത്തിറങ്ങി.
അയാളുടെ കറുത്ത ടീ ഷർട്ടിൽ 'പോസറ്റീവ് ഈസ് എ ചോയ്സ്' എന്നെഴുതിയത് വേണമെങ്കിൽ ഏത് പോലീസുകാരനും വായിക്കാം. പാതിരാത്രിയിൽ എവിടെ പോയെന്ന് കുശലം മാത്രം ചോദിച്ച് തന്റെ പിന്നിൽ നിന്ന സതീശനെ ആശുപത്രിയിലൊന്ന് വിട്ടേക്കണമെന്ന് പറഞ്ഞ് ഓട്ടോ കൂലി കൊടുത്ത് ഞങ്ങളന്വേഷിക്കട്ടെ വഴിയുണ്ടാക്കാമെന്ന് പറഞ്ഞ് പോലീസാളൻ സതീശനെ സമാധാനിപ്പിച്ച്, പുതിയ സ്‌റ്റേഷനിലേക്ക് ഉറക്കച്ചടവോടെ നടന്നു പോയി.
ഇന്ന് ശിവരാത്രിയാണല്ലോ പടച്ചോനെയെന്ന് വലതുവശത്തെ ശിവക്ഷേത്രം നോക്കി അണ്ഡകടാഹം മനസ്സിൽ പറഞ്ഞു. തൽസമയം അധോലാേകം തട്ടുകടയിൽ ഒരു സുലൈമാനി ചൂടാറ്റി കുടിക്കുന്ന അനിലൻ അണ്ഡകടാഹം വീണ്ടും തിരിച്ച് പോകുന്നത് തെല്ലൊരു കൗതുകത്തോടെ നോക്കിക്കണ്ടു. ആശുപത്രിയിൽ വിടുമ്പോൾ പോലിസുകാരൻ കൊടുത്ത ഓട്ടോ കൂലി സതീശന്റെ പോക്കറ്റിൽ തിരുകി ഓട്ടോക്കാരൻ മാതൃക കാണിച്ചു. ആശുപത്രി മുറ്റത്തെ ചെറിയ വൃത്തത്തിലൂടെ യൂ ടേണെടുത്ത് ഗേറ്റ് കടന്ന് പെട്രോൾ പമ്പ് വഴി വീട്ടിലേക്ക് ഓട്ടോ വിട്ടു. അയാൾക്കപ്പോൾ ഒരു കട്ടൻ ചായയുടെ ദാഹം തോന്നി. രാത്രിയും തുറന്നിരിക്കാറുള്ള അധോലോകം തട്ടുകടയുടെ കയറ്റത്തിലേക്ക് ഓട്ടോ കയറ്റി ഹാൻഡ് ബ്രൈക്ക് വലിച്ച് ഒരു കല്ലിൻ കഷ്ണം ടയറിന് ഈട് വെച്ച് ബെഞ്ചിലിരുന്നതും അനിലൻ അയാളെ കണ്ട് ചിരിച്ചു. കഥാകാരനും ചിരിച്ചു. ഓട്ടോറിക്ഷയും ചിരിച്ചു. കടക്കാരനും ചിരിച്ചു. നിങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റുകൾ ഞാനും വായിക്കാറുണ്ടെന്നയാൾ അപ്രതീക്ഷിതമായി ഡ്രൈവർ കം കഥാകാരനോട് പറഞ്ഞു. അത് കേട്ട് ഓട്ടോറിക്ഷ മാത്രം പിന്നെയും ചിരിച്ചു.
അനിലൻ നീക്കിവെച്ച ചൂടു കട്ടൻ ചായ മൊത്തിക്കുടിക്കുമ്പോൾ അണ്ഡകടാഹം, അനിലന്റെ കഴുത്തിൽ ആനക്കമ്പ് കെട്ടിയ സ്വർണ്ണമാല കാണുന്നില്ലല്ലോയെന്ന് വെറുതെ ഓർത്തു. തൽസമയം സതീശൻ പരവേശത്തോടെ ആശുപത്രിയുടെ മൂന്നാം നിലയിലേക്ക് ചവിട്ടുപടികൾ കയറുകയായിരുന്നു. അഡിഡാസിന്റെ ബാഗും അതിലെ പണവും കൂടെയൊരു സ്വർണ്ണമാലയും കയ്യിൽ പിടിച്ച് സതീശന്റെ ഭാര്യയപ്പോൾ അയാളെ ഫോൺ വിളിക്കുന്നുണ്ടായിരുന്നു.
ഇനി സംഭവിക്കാൻ സാദ്ധ്യതയുള്ള കഥ ഓട്ടോക്കാരൻ കം കഥാകാരൻ നാളെ അയാളുടെ ഫെയ്സുബുക്ക് പോസ്റ്റിൽ പറയുമായിരിക്കും.