ഐശ്വര്യ ശരത്

ദി ലാസ്റ്റ് ലോഗ് ഔട്ട്
@Framed_Couple

കൈത്തണ്ടകളിലെയും വിരലുകളിലെയും കടുത്ത വേദന മാറ്റാനെന്നോണം കൈകൾ മാറിമാറി തിരുമ്മി സൈറ സോഫയിലേക്ക് തളർന്നിരുന്നു. പെട്ടെന്ന്, സിദ്ധാർത്ഥ് അവളുടെ ചുമലിലേക്ക് തല ചായ്ച്ചുകിടന്നതും അവളൊന്ന് ഞെട്ടി. നെഞ്ചിൽ കൈവെച്ച് ശ്വാസത്തിന്റെ ഗതി നേരെയാക്കാൻ അവൾ പാടുപെട്ടു. പിന്നീട്, സിദ്ധാർത്ഥിനെ പതുക്കെ പിടിച്ച് നേരെയിരുത്തി, സോഫയുടെ ആഴമുള്ള കുഷ്യനിലേക്ക് അയാളുടെ തല ചാരിവെച്ചു. ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോയ അയാളുടെ മുടിയിഴകളിൽ അവൾ പതിയെ തലോടിക്കൊണ്ടിരുന്നു.

​ഇൻഡോർ ഗാർഡനിലെ കൃത്രിമ വെള്ളച്ചാട്ടത്തിൽ നിന്നും കറുത്ത ചരൽക്കല്ലുകളിലേക്ക് വെള്ളം മന്ദഗതിയിൽ ഒഴുകി വീഴുന്ന നേർത്ത ശബ്ദം കേൾക്കാമായിരുന്നു. ഇടയ്ക്ക് കോയി കാർപ്പ് മീനുകൾ പെട്ടെന്ന് പിടഞ്ഞു. ആ പിടപ്പ് സൈറയിൽ അസ്വസ്ഥതയുണ്ടാക്കി. അവൾ അലക്ഷ്യമായി പുറത്തേക്ക് നോക്കിക്കൊണ്ട് തല ചെരിച്ചു കിടന്നു. ​

താഴെ തറ മുതൽ മുകളിൽ സീലിംഗ് വരെ ഉയർന്നു നിൽക്കുന്ന ആ ഭീമൻ ചില്ലു ഭിത്തികൾ പൂർണ്ണമായും കാഴ്ചയെ തുറന്നിട്ടിരുന്നു. സന്ധ്യ അതിന്റെ അവസാന ചുവപ്പും മായ്ച്ച് ഇരുട്ടിലേക്ക് വീഴുകയാണ്. ആകാശത്തിന്റെ കടുംവർണ്ണങ്ങളും, ലൈറ്റുകൾ തെളിഞ്ഞുതുടങ്ങിയ ഗാർഡനിലെ വള്ളിക്കുടിലുകളും ആ ചില്ലിലൂടെ വല്ലാത്തൊരു ഭംഗിയിൽ തെളിഞ്ഞു നിന്നു. പക്ഷേ, അപ്പോഴാണ് സൈറ ബോധത്തിലേയ്ക്ക് ഉണർന്നത് പരിഭ്രാന്തിയോടെ ഓടിച്ചെന്ന് ഭിത്തിയിലെ പാനലിലെ ബട്ടൺ അമർത്തി. ഒരു നേർത്ത ബീപ് ശബ്ദത്തോടെ ഭീമൻ കർട്ടൻ ചില്ലു ചുമരിനുമേലെ വശങ്ങളിൽ നിന്നും വന്ന് നീങ്ങി അടഞ്ഞു.

ഇറ്റലിയിൽ നിന്ന് വരുത്തിയ വെനീഷ്യൻ മുറാനോ ഗ്ലാസിൽ തീർത്ത സുന്ദര മിഥുനശിൽപ്പം തറയിൽ വീണുടഞ്ഞു ചിന്നിച്ചിതറി കിടപ്പുണ്ടായിരുന്നു. പെട്ടെന്നുള്ള നടത്തത്തിനിടയിൽ പാദത്തിൽ ആഴ്ന്നിറങ്ങിയ ആ ചില്ലുകഷ്ണം അവളുടെ വേഗത കുറച്ചു. വേദനയോടെ താഴേക്ക് കുനിഞ്ഞ്, മാംസത്തിൽ നിന്ന് ചോരയൊഴുക്കിക്കൊണ്ട് അവൾ ആ ചില്ല് വലിച്ചൂരിയെറിഞ്ഞു, അതിനടുത്തായി മറഞ്ഞു കിടന്നിരുന്ന ചെടിച്ചട്ടികൾ വലിച്ച് കൃത്യസ്ഥാനത്ത് വെച്ച് ഉടഞ്ഞുപോയ ക്രിസ്റ്റൽ കഷണങ്ങൾ തിടുക്കത്തിൽ കോരിയെടുത്തു വേസ്റ്റ് ബിന്നിലിട്ടു. ടീപ്പോയിൽ ഇരുന്ന 'ബ്ലൂ ലേബൽ' വിസ്കിയുടെ കുപ്പിയും അതിനരികിലെ ഗ്ലാസുകളും എടുത്ത് ലിവിങ് റൂമിന്റെ കോർണറിലെ ബാർ കൗണ്ടറിലെ ഷെൽഫിലേക്ക് ഒതുക്കി. എല്ലാം കൃത്യ സ്ഥലത്തു പഴയതുപോലെ വെച്ച് കിതപ്പോടെ ടീപ്പോയിൽ ഇരുന്ന

​ഐപാഡ് കയ്യിലെടുത്തു, സൈറ സോഫയിൽ കണ്ണുകളടച്ചിരിക്കുന്ന സിദ്ധാർത്ഥിനു നേരെ അഭിമുഖമായി വന്നിരുന്നു. ​

ആലോചനക്കു ശേഷം ഐപാഡിന്റെ സ്ക്രീൻ തെളിഞ്ഞു. സൈറയുടെ ഭംഗിയുള്ള വിരലുകൾ അതിൽ വേഗത്തിൽ ചലിപ്പിച്ചു. അവർ ഒന്നിച്ചുള്ള ഒരു യാത്രാ വീഡിയോ എഡിറ്റ് ചെയ്യുകയായിരുന്നു അവൾ. സ്ക്രീനിൽ ആ മനോഹര ദിനങ്ങൾക്ക് വീണ്ടും ജീവൻവച്ചു. ​

ടർക്കിയിലെ കപ്പഡോഷ്യയിലെ ആ തണുത്ത പുലരിയിൽ, ആകാശത്തിന്റെ അനന്തതയിലേക്ക് ഉയർന്നുപൊങ്ങിയ വലിയൊരു ഹോട്ട് എയർ ബലൂണിനുള്ളിലായിരുന്നു അവർ. ചുറ്റും അതാ വർണ്ണശഭളമായ നൂറുകണക്കിന് ബലൂണുകൾ ഒപ്പത്തിനൊപ്പം കാറ്റിൽ ഒഴുകിനടക്കുന്നു. ആ ഉയരത്തിൽ, വീശിയടിച്ച തണുത്ത കാറ്റിൽ സൈറയുടെ നീണ്ട കറുത്ത മുടികൾ സിദ്ധാർത്ഥിന്റെ മുഖത്തുകൂടി പതുക്കെ തഴുകിതലോടി. ആ മുടിയിഴകൾക്കിടയിലൂടെ അവൻ അവളെ നോക്കി പ്രണയത്തോടെ ചിരിച്ചു. അവൾ അവനെ ഗാഢമായി കെട്ടിപ്പിടിച്ചു.

പശ്ചാത്തലത്തിൽ ഒഴുകിയെത്തിയ ആ മെലഡി പാട്ടിന്റെ താളത്തിനൊപ്പം വീഡിയോയുടെ അവസാന കട്ടുകളും പൂർത്തിയാക്കി, അവൾ ആ ക്യാപ്ഷൻ വേഗത്തിൽ ടൈപ്പ് ചെയ്തു:

​"കപ്പഡോഷ്യയിലെ ആകാശച്ചുഴിയിൽ, നൂറു ബലൂണുകൾക്കിടയിലൂടെ ഒരു പ്രണയയാത്ര! ഈ തണുത്ത പുലരിയും, പശ്ചാത്തലത്തിലെ ഈ മനോഹരമായ മെലഡിയും, ഒന്നിച്ചുള്ള ഈ നിമിഷങ്ങൾ ഏറെ പ്രിയം.

വ്ലോഗ് വീഡിയോ ഉടനെ തന്നെ വരുന്നുണ്ട് കേട്ടോ. Keep loving!.

#cappadociadiaries #couplegoals #travelvlog"

​അവരുടെ ഒന്നിച്ചുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടായ '@Framed_Couple'ലേക്ക് ആ വീഡിയോ അപ്‌ലോഡ് ചെയ്ത് അവൾ 'ഷെയർ' ബട്ടണിൽ വിരലമർത്തി.

ആകാശത്തുനിന്നുള്ള ആ പ്രണയക്കാഴ്ച നിമിഷങ്ങൾക്കകം ഡിജിറ്റൽ ലോകത്തേക്ക് പെയ്തിറങ്ങി. ​ഐപാഡിലെ ആ ഡിജിറ്റൽ വെളിച്ചം അവളുടെ മുഖത്തും, തൊട്ടപ്പുറത്ത് ഇരിക്കുന്ന സിദ്ധാർത്ഥിന്റെ മുഖത്തും മാറിമാറി പതിച്ചു. സൈറയുടെ വിടർന്ന കണ്ണുകളിൽ വൈഡൂര്യത്തുണ്ടുകൾ പോലെ നീർമുത്തുകൾ ഉരുണ്ടുകൂടി.

​​"നോക്കിക്കേ സിദ്ധ് നീ എത്ര നിർബന്ധിച്ചിട്ടും, കരഞ്ഞു പറഞ്ഞിട്ടും ഞാൻ തൊടാൻ പോലും സമ്മതിക്കാതിരുന്ന ആ വീഡിയോ ദാ ഞാൻ എഡിറ്റ് ചെയ്ത് പോസ്റ്റ്‌ ചെയ്തിരിക്കുന്നു. ഇനി നീ എന്നോട് വഴക്കിടില്ലല്ലോ അല്ലേ? നോക്ക്, ഇത് ആളുകൾക്ക് ഒരുപാടങ്ങ് ഇഷ്ടപ്പെടും." അവൾ സ്ക്രീനിലേക്ക് നോക്കി ഒരു മങ്ങിയ ചിരിയോടെ പറഞ്ഞു.

​റോക്കറ്റ് പോലെ മിനിറ്റുകൾക്കുള്ളിൽ അതിന്റെ വ്യൂവേഴ്‌സ് കുതിച്ചുയർന്നു. അതിനു താഴെ വന്ന കമന്റുകൾ ആവേശത്തോടെ സൈറ സിദ്ധാർത്തിനുവേണ്ടി ഉറക്കെ വായിച്ചുകൊണ്ടിരുന്നു.

@anju_vlogs: "എന്തൊരു മനോഹരമായ കാഴ്ചയാണിത്. ആകാശത്ത് ബലൂണുകൾക്കിടയിൽ നിൽക്കുന്ന നിങ്ങളെ കാണാൻ എന്ത് ഭംഗിയാണ്. നിങ്ങളെ ഇങ്ങനെ കാണുമ്പോൾ എനിക്ക് ശരിക്കും അസൂയ തോന്നുന്നു. നിങ്ങൾ രണ്ടാളും സൂപ്പറാണ്, ലവിങ് കപ്പിൾസ്! എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ’’.

​@shreya_creative_world: "നിങ്ങളുടെ ഈ ലക്ഷ്വറി ലൈഫ് കാണുമ്പോൾ ശരിക്കും കൊതിയാവുന്നു. ഇതുപോലെയൊക്കെ ഒരു ജീവിതം നയിക്കാൻ ഞങ്ങൾക്ക് എവിടെ പറ്റാൻ? ഞങ്ങളൊക്കെ എന്നും ഈ വീടിനുള്ളിൽ തന്നെ കിടന്ന് നരകിക്കുകയാണ്. തിരക്കുകൾക്കിടയിലും നിങ്ങളിലെ ഈ പ്രണയം ഇങ്ങനെ കാത്തുസൂക്ഷിക്കുന്നത് ഒരു ഭാഗ്യമാണ്. ബെസ്റ്റ് കപ്പിൾ ഗോൾസ്’’.

​സൈറ ആശ്വാസത്തോടെ ഫോൺ ടേബിളിലേക്ക് താഴെവെച്ചു. എന്നാൽ നിമിഷങ്ങൾക്കകം ഫോൺ തുടർച്ചയായി വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി. ആ ശബ്ദം കേട്ട് അവൾ വീണ്ടും ഫോണെടുത്തു. ​

പുതിയ വീഡിയോയുടെ നോട്ടിഫിക്കേഷനുകൾക്കിടയിലൂടെ, ആരോ അവരുടെ ഒരു പഴയ വീഡിയോയ്ക്ക് താഴെ വന്നിട്ട കമന്റുകൾ അവളുടെ കണ്ണിൽ പെട്ടു. കൗതുകത്തോടെ അവൾ ആ പഴയ പോസ്റ്റ് തുറന്നു നോക്കി.

​@Deepa_Nair: "എന്തോ... എനിക്ക് മാത്രം തോന്നിയതാണോ ഗയ്സ്? സിദ്ധ് നല്ല ഹാപ്പിയാണ്. പക്ഷേ സൈറയുടെ കണ്ണ് കണ്ടിട്ട് ഒരു തിളക്കക്കുറവ്, ആ ചിരിയിൽ ഒട്ടും ജീവനില്ലാത്തതുപോലെ. കഷ്ടപ്പെട്ട് അഭിനയിക്കുന്നതുപോലെ തോന്നി’’.

​Replies (3)

​@truth_seeker_007: "അതെ ദീപാ, എനിക്കും അത് തോന്നി. സൈറ സംസാരിക്കാൻ തുടങ്ങുമ്പോൾ സിദ്ധ് ഇടയ്ക്ക് കയറി വർത്തമാനം പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അവൾ എന്തോ ഭയന്ന് ഒളിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്..."​

@reels_queen: "അയ്യോ വെറുതെ ഓരോന്ന് ഉണ്ടാക്കാതെ പ്രൊഫൈൽ നെഗറ്റിവിറ്റി അടിക്കല്ലേ ഗയ്സ്.. അവർ ഹാപ്പി കപ്പിൾസ് ആണ്". ​

@shadow_detective: "@reels_queen അല്ല, ദീപ പറഞ്ഞത് ശരിയാണ്. ആ ക്യാമറയ്ക്ക് പിന്നിൽ എന്തോ നടക്കുന്നുണ്ട്. സൈറയുടെ ബോഡി ലാംഗ്വേജ് ഒന്ന് ശ്രദ്ധിച്ചു നോക്ക്, അവൾ വല്ലാതെ സ്ട്രെസ്സ്ഡ് ആണ്’’. ​

ആ കമന്റുകൾ വായിച്ചപ്പോൾ സൈറയുടെ ഉള്ളംകാലിൽ നിന്ന് ഒരു തണുപ്പ് അവളിലേയ്ക്ക് വ്യാപിച്ചു. അവൾ പേടിയോടെ അവരുടെ പ്രൊഫൈലിലെ പഴയ പോസ്റ്റുകളിലേക്ക് വിരലോടിച്ചു.

കഴിഞ്ഞ ആഴ്ചകളിൽ അവർ ചെയ്ത പ്രൊമോഷൻ വീഡിയോകളുടെ താഴേക്ക് സ്ക്രോൾ ചെയ്ത് നോക്കിയപ്പോൾ, ​അവിടെ വന്നിരുന്ന കമന്റുകൾ അവളുടെ കണ്ണുകളിൽ പിന്നെയും ഭീതി ജനിപ്പിച്ചു.

​@വിനയൻ_പി: പൈസ കിട്ടുമെങ്കിൽ എന്തും പ്രൊമോട്ട് ചെയ്യുമല്ലേ? നിങ്ങളെ വിശ്വസിച്ച് ഈ ഫേസ് പാക്ക് വാങ്ങിയ എന്റെ അനിയത്തിയിപ്പോ ഹോസ്പിറ്റലിലാ, കിഡ്നിയെ വരെ ബാധിക്കുമെന്നാ ഡോക്ടർ പറയുന്നത്. മനുഷ്യന്റെ ജീവൻ വെച്ചാണോ തമാശ കളിക്കുന്നത്? എന്റെ അനിയത്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ കോടതി കയറ്റും ഞാൻ നിങ്ങളെ! നാണമില്ലല്ലോ ഒന്നിനും. ​

​@lakshmi_96: നേരം വെളുത്താൽ ഇതുപോലത്തെ റീൽസും കണ്ടിരിക്കുകയാ പിള്ളേര്, പഠിക്കണം എന്നൊരു വിചാരവുമില്ല! നിങ്ങൾ കാണിക്കുന്ന ആർഭാടവും ഡ്രസ്സും മേക്കപ്പും കണ്ട് അവർക്കിപ്പൊ ഇതുപോലെ റീൽസ് ചെയ്യണം എന്ന് മാത്രമേയുള്ളൂ. ഓരോ കുടുംബത്തിന്റെയും സമാധാനം കളയാൻ ഓരോന്ന് ഇറങ്ങിക്കോളും.

​"യാ അള്ളാ... സിദ്ധ്, നീ ഇതൊന്ന് നോക്കിക്കേ", അവൾ ഭയത്തോടെ സോഫയിലിരിക്കുന്ന അവന് നേരെ തിരിഞ്ഞു: "നീ ഇത് കാണുന്നുണ്ടോ? They are literally hating us! ഞാൻ എത്ര തവണ നിന്നോട് പറഞ്ഞതായിരുന്നു. നീ ഒന്നും ചെവികൊണ്ടില്ലല്ലോ, നമ്മൾ പൂർണ്ണമായും തീർന്നു! എനിക്ക്, എനിക്ക് പേടിയാവുന്നു, I can't breathe..." അവൾ ദയനീയമായി അവനെ നോക്കി വിതുമ്പി. ​

ഐപാഡിന്റെ ഡിജിറ്റൽ വെളിച്ചത്തിൽ അവന്റെ മുഖത്തെ ആ മരവിച്ച ചിരി കൂടുതൽ ഭയപ്പെടുത്തുന്നതായി അവൾക്ക് തോന്നി. അവൾ വിറയലോടെ സ്ക്രീനിലേക്ക് തന്നെ വീണ്ടും നോക്കി.

ഒരേസമയം തങ്ങളെ തള്ളുകയും കൊള്ളുകയും ചെയ്യുന്ന ഈ വലിയ ജനക്കൂട്ടത്തിന് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ സൈറ പകച്ചുനിന്നു. അപ്പോഴാണ് ഒരു വലിയ കമ്പനിയുടെ പുതിയ ഫേസ് ക്രീമിന്റെയും സിറത്തിന്റെയും കൊളാബറേഷൻ ഡീൽ വന്നുകൊണ്ടുള്ള മെയിൽ നോട്ടിഫിക്കേഷൻ ഐ പാഡിന്റെ സ്ക്രീനിൽ മിന്നിമറഞ്ഞത്.

​"Oh, dammit" അവൾ പല്ലിറുമ്മിക്കൊണ്ട് ആ ഫോൺ സോഫയിൽ സിദ്ധിന് നേരെ എറിഞ്ഞു. "ഇതൊരു മായച്ചുഴിയാണ് സിദ്ധ്, ചെയ്യുന്നവരെയും കാണുന്നവരെയും ഒരേപോലെ ഭ്രമത്തിൽ പെടുത്തുന്ന ഒരു മാന്ത്രികച്ചുഴി! ഇതിൽനിന്നും നമുക്കിനി മോചനമില്ല..."

പതുപതുത്ത സോഫയുടെ കുഷ്യനിലേക്ക് തല ചായ്ക്കുമ്പോൾ സൈറയുടെ മനസ്സ് ആ വലിയ ലിവിങ് റൂമിന്റെ നിശബ്ദതയിൽ നിന്നും പതുക്കെ പിന്നോട്ട് സഞ്ചരിക്കുകയായിരുന്നു. കൺപോളകൾക്കുള്ളിലെ ഇരുട്ടിൽ നിന്നും അഞ്ച് വർഷം മുൻപുള്ള മനോഹരമായൊരു വൈകുന്നേരം തെളിഞ്ഞു. ​നഗരത്തിന്റെ തിരക്കുകൾക്കിടയിൽ മഞ്ഞ വെളിച്ചം നിറഞ്ഞ ഒരു കൊച്ചു കോഫി ഷോപ്പ്. പശ്ചാത്തലത്തിൽ വളരെ നേർത്ത ശബ്ദത്തിൽ ഒരു ജാസ് സംഗീതം ഒഴുകിനടക്കുന്നുണ്ട്. ചുറ്റുമുള്ള ടേബിളുകളിൽ ഇരിക്കുന്നവരുടെ നേർത്ത സംസാരങ്ങളും, കാപ്പിപ്പൊടി വറുക്കുന്നതിന്റെ വശ്യമായ സുഗന്ധവും ആ അന്തരീക്ഷത്തെ മനോഹരമാക്കിയിരുന്നു. ​

അവിടെയൊരു കോർണർ ടേബിളിൽ, വിൻഡോ ഗ്ലാസിലൂടെ പുറത്തേക്ക് പെയ്യുന്ന മഴയും നോക്കി കാപ്പി കുടിച്ചിരിക്കുകയായിരുന്നു സൈറ. കയ്യിലെ ക്യാമറയിൽ അടുത്ത വ്ലോഗിന് വേണ്ടിയുള്ള ചില ഷോട്ടുകൾ അവൾ പകർത്തുന്നുണ്ടായിരുന്നു. പെട്ടെന്നാണ് തൊട്ടടുത്ത ടേബിളിലേക്ക് ഗിത്താർ ബാഗും തോളിലിട്ട് ഒരു ചെറുപ്പക്കാരൻ വന്നിരുന്നത്. ​

ക്യാമറ ലെൻസിലൂടെ നോക്കിയ സൈറ പെട്ടെന്ന് അത്ഭുതത്തോടെ ക്യാമറ താഴ്ത്തി. അപ്പുറത്ത് ഇരുന്ന സിദ്ധാർത്ഥും അവളെ തിരിച്ചറിഞ്ഞ് കണ്ണ് വിടർത്തി എഴുന്നേറ്റു. ​

"അയ്യോ... ഇത് 'സൈറ വ്ലോഗ്സ്' ലെ സൈറയല്ലേ?" സിദ്ധ് ചിരിച്ചുകൊണ്ട് അവളുടെ അടുത്തു ചെന്നു.

​"അതെ, ഇത് സിദ്ധ് അല്ലേ? ഞാൻ നിങ്ങളുടെ ഗിത്താർ കവറുകൾ കാണാറുണ്ട്," സൈറ വശ്യമായി ചിരിച്ചുകൊണ്ട് കൈ കൊടുത്തു. ​

പരസ്പരം പരിചയപ്പെട്ട് ആ ടേബിളിൽ അവർ ഒന്നിച്ച് ഇരുന്ന് കാപ്പി കുടിച്ചു, വ്ലോഗിങ്ങിനെക്കുറിച്ചുള്ള തമാശകൾ പങ്കുവെച്ചു. സംസാരിക്കുന്നതിനിടയിൽ സിദ്ധ് ചിരിച്ചുകൊണ്ട് " നമുക്കൊന്നിച്ച് ഒരു കപ്പിൾ വീഡിയോ എടുത്താലെന്താ? ആളുകൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ" എന്നു പറഞ്ഞു. ​

"അതിനെന്താ, ചെയ്യാം" സൈറ സന്തോഷത്തോടെ സമ്മതിച്ചു.

​കഫേയിലെ ആ മഞ്ഞവെളിച്ചത്തിൽ, കാപ്പി കപ്പുകൾ കൈമാറിയും ഗിത്താറിന്റെ തന്ത്രികളിൽ അവൻ വിരലോടിക്കുമ്പോൾ തട്ടത്തിന്റെ ഉള്ളിൽ നിന്ന് കള്ളച്ചിരിയോടെ നോക്കുന്ന അവളുടെ ആ കുഞ്ഞു മുഖവും അവർ ഫോണിൽ പകർത്തി.

പിറ്റേന്ന് രാവിലെ ഫോൺ എടുത്ത സൈറയുടെ കണ്ണുകൾ തള്ളിപ്പോയി. അതുവരെ കിട്ടാത്ത ഹൈപ്പായിരുന്നു ആ ഒരൊറ്റ വീഡിയോയ്ക്ക് ലഭിച്ചത്. ലക്ഷക്കണക്കിന് ആളുകൾ അത് കണ്ടുതീർത്തു. 'നിങ്ങളുടെ ഈ പൊരുത്തം പെരുത്തിഷ്ടപ്പെട്ടു' എന്ന് കൂട്ടത്തോടെ അവർ പറഞ്ഞു. അത് അവരെ ഒന്നിച്ചു കൂടുതൽ വീഡിയോസ് ചെയ്യാൻ പ്രേരിപ്പിച്ചു. ഒടുവിൽ ആരാധകരുടെ ആവേശത്തിന് കീഴ്പ്പെട്ട് അവർ ഒന്നിച്ച് '@Framed_Couple' എന്ന പേരിലൊരു പുതിയ അക്കൗണ്ട് തുടങ്ങി.

പോകെപ്പോകെ ആരാധകർ അവർക്ക് പ്രണയത്തിന്റെ നിറങ്ങൾ നൽകി. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ തകർത്ത് അവർ വിവാഹിതരാവുന്നതിനു കാത്തിരുന്നു. തങ്ങളെ സ്നേഹിക്കുന്നവരുടെ ആ ആഗ്രഹത്തിന് വഴങ്ങി, ഹൃദയങ്ങൾക്കിടയിൽ യഥാർത്ഥ പ്രണയം ജനിക്കും മുൻപേ ഒരു രജിസ്റ്റർ ഓഫീസിൽ അവരുടെ ആരാധകരെ സാക്ഷിയാക്കി സിദ്ധാർത്ഥും സൈറയും രജിസ്റ്ററിൽ ഒപ്പിട്ട് ഒന്നായപ്പോഴും ഒരു വലിയ ജനക്കൂട്ടത്തിന്റെ പ്രതീക്ഷകളുടെ ഭാരം മാത്രമാണ് അവർ കൈമാറിക്കൊണ്ടിരുന്നത്. ​

ജീവിതത്തിന്റെ വാതിലുകൾ അവർ പ്രേക്ഷകർക്കായി പൂർണ്ണമായും തുറന്നിട്ടു. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ചലഞ്ചുകളിലും സാഹസികയാത്രകളിലും അവർ ആരാധകർക്കൊപ്പം നടന്നു. ആദ്യമൊക്കെ അതൊരു ഹരമായിരുന്നെങ്കിലും, കാശ്മീരിലെ ഹണിമൂൺ യാത്രയിലാണ് സൈറ അതിന്റെ കയ്പ്പറിഞ്ഞത്.

​തണുത്തുവിറച്ച് സിദ്ധാർത്ഥിന്റെ നെഞ്ചിലേക്ക് അവൾ ഒതുങ്ങിക്കൂടിയ ആ സുന്ദരനിമിഷത്തിൽ, അവളുടെ പ്രണയത്തിന്റെ ചൂടിലേക്ക് പടർന്നത് അവന്റെ വിരലുകളിലെ ക്യാമറാലെൻസിന്റെ തണുപ്പായിരുന്നു.

"സൈറ, ആ തലയൊന്ന് ചെറുതായി ചരിക്ക്, മഞ്ഞ് വീഴുന്ന ആ ആംഗിൾ ക്യാമറയിൽ കൃത്യമായി കിട്ടണം. എന്നിട്ട് പതിയെ എന്നെ നോക്കി ചിരിക്ക്..." അവൻ നിർദ്ദേശം കൊടുക്കുമ്പോൾ അവളുടെ മനസ്സിലെ പ്രണയം മരവിച്ചുപോയിരുന്നു.

​അവരുടെ കിടപ്പറയിലെ വെളിച്ചവും വസ്ത്രങ്ങളും വരെ സ്പോൺസർഷിപ്പ് തന്ന കമ്പനികളുടെ താല്പര്യത്തിനനുസരിച്ചാണ് ക്രമീകരിക്കപ്പെട്ടത്. തങ്ങളുടെ പ്രണവും കെട്ടിപ്പിടുത്തവും പോലും ലൈക്കുകൾ കൂട്ടാനുള്ള വെറും 'കണ്ടന്റ്' മാത്രമായി മാറുന്നത് സൈറ തികഞ്ഞ നിസ്സംഗതയോടെ നോക്കിനിന്നു.

വലിയ ബ്രാൻഡുകൾ ലക്ഷങ്ങളുടെ ഓഫറുകളുമായി അവരെ സമീപിക്കാൻ തുടങ്ങിയപ്പോൾ, പണം ഒരു ലഹരിയായി അവരിലേക്ക് പടർന്നുകയറുകയായിരുന്നു.

​അവർ ഉപയോഗിക്കുക പോലും ചെയ്യാത്ത ഉൽപ്പന്നങ്ങളെക്കുറിച്ച് ക്യാമറയ്ക്ക് മുന്നിൽ നിന്ന് നൂറു നാവോടെ പുകഴ്ത്താൻ അവർക്ക് യാതൊരു മടിയും തോന്നിയില്ല. വലിയ ഫ്ലാറ്റും, ലക്ഷങ്ങളുടെ ലക്ഷ്വറി കാറുകളും, ആർഭാട വിദേശയാത്രകളും അവരുടെ ജീവിതത്തിന്റെ അളവുകോലുകളായി മാറി. ഏത് ബ്രാൻഡുകാര് വന്നു വിളിച്ചാലും പണത്തിന് വേണ്ടി അവർക്ക് അനുകൂലമായി സംസാരിക്കുക എന്നത് ഒരു ശീലമായി മാറി.

എന്നാൽ സൈറയ്ക്ക് ആ പണത്തിന്റെ ലഹരി വളരെ വേഗത്തിൽ ഇറങ്ങിപ്പോയിരുന്നു.

​അവർ ഏറെ ആസ്വദിച്ച കപ്പഡോഷ്യയിലെ ആ ആകാശയാത്ര ഒരു വലിയ ദുരന്തത്തിന്റെ തുടക്കമായിരുന്നു. ഹോട്ട് എയർ ബലൂൺ നിലത്തിറങ്ങുമ്പോൾ ഉണ്ടായ അപ്രതീക്ഷിതമായ കടുത്ത ആഘാതത്തിൽ ചോരയിൽ കുളിച്ച അവളെ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴാണ് രണ്ട് മാസം ഗർഭിണിയായിരുന്ന വിവരം സൈറ പോലും തിരിച്ചറിയുന്നത്. ആ കനത്ത വീഴ്ചയിൽ അവൾക്ക് തന്റെ കുഞ്ഞിനെ നഷ്ടമായി. ആ തണുത്ത പുലരിയിൽ, ചോരയൊലിപ്പിച്ചു ഹോസ്പിറ്റൽ കിടക്കയിലേക്ക് വീഴുമ്പോൾ അവൾ അനുഭവിച്ച ശൂന്യത ചെറുതായിരുന്നില്ല. കപ്പഡോഷ്യയിലെ ആ നിമിഷങ്ങളെയും ആ ഓർമ്മകളെയും അവൾ വെറുത്തു.

​പക്ഷേ, ആ ഹോസ്പിറ്റൽ കിടക്കയിൽ കിടക്കുമ്പോൾ പോലും സിദ്ധാർത്ഥ് ക്യാമറ കണ്ണുകളുമായി അവളുടെ അരികിലെത്തി. അവളുടെ വിറയ്ക്കുന്ന കൈകൾ പിടിച്ച് ക്യാമറയ്ക്ക് മുന്നിലേക്ക് നീട്ടി അവൻ പറഞ്ഞു: "ഗയ്സ്, സൈറയ്ക്ക് ചെറിയൊരു സർജറി കഴിഞ്ഞു, എല്ലാവരും പ്രാർത്ഥിക്കണം..."

​അന്ന് ആ വീഡിയോയ്ക്ക് കിട്ടിയ വ്യൂസിലും ട്രെൻഡിങ്ങിലും സിദ്ധു ആഹ്ലാദിക്കുമ്പോൾ, ഉള്ളിലിരുന്ന് മരവിച്ചുപോവുകയായിരുന്നു സൈറ. സ്വന്തം കുഞ്ഞിന്റെ വിയോഗവും തന്റെ കടുത്ത മാനസികാവസ്ഥയും വരെ വ്യൂസിന് വേണ്ടിയുള്ള വെറും 'കണ്ടന്റ്' മാത്രമായി അവൻ മാറ്റിയപ്പോൾ അവളിൽ കടുത്ത എതിർപ്പും ഭയവും ജനിച്ചുതുടങ്ങി. ആ മരവിപ്പോടെ പിന്നീട് അണിഞ്ഞൊരുങ്ങി ക്യാമറയ്ക്ക് മുന്നിൽ വന്ന് കൃത്രിമമായി ചിരിക്കുമ്പോൾ താഴെ വരുന്ന കമന്റുകളിൽ അവളുടെ ശരീരത്തെയും നിറത്തെയും കുറിച്ച് വരുന്ന ക്രൂരമായ ബോഡി ഷെയ്മിങ്ങുകൾ കൂടിയായപ്പോൾ അവൾ പൂർണ്ണമായും ഡിപ്രഷനിലേക്ക് തള്ളിവിടപ്പെട്ടു.

​"നമുക്കിത് നിർത്താം സിദ്ധ്... എനിക്ക് ഭ്രാന്ത് പിടിക്കുന്നു, പഴയതുപോലെ ജീവിക്കാം," ഒരു രാത്രിയിൽ അവൾ അവന്റെ കാലുപിടിച്ചു കരഞ്ഞു. ​എന്നാൽ സിദ്ധാർത്ഥ് അവളെ ക്രൂരമായി നോക്കി ചിരിക്കുകയാണ് ചെയ്തത്. "നിർത്താനോ? അത്ര എളുപ്പമാണോ സൈറാ? മൂന്ന് വർഷത്തെ പി.ആർ കോൺട്രാക്റ്റും ബ്രാൻഡ് ഡീലുകളും ലംഘിച്ചാൽ കോടിക്കണക്കിന് രൂപ നമ്മൾ ഫൈൻ അടയ്ക്കേണ്ടിവരും. ഈ ഫ്ലാറ്റിന്റെയും കാറിന്റെയും ലക്ഷങ്ങൾ വരുന്ന ഇ.എം.ഐകൾ ആര് അടയ്ക്കും? ഒപ്പിട്ട പേപ്പറുകൾക്ക് മുന്നിൽ നമ്മൾ വെറും അടിമകളാണ്. അതുകൊണ്ട് മിണ്ടാതെ ക്യാമറയ്ക്ക് മുന്നിൽ വന്ന് ആ പെർഫെക്റ്റ് കപ്പിൾ ആയി അഭിനയിക്ക്".

​തങ്ങളെ വരിഞ്ഞുമുറുക്കിയ ആ നിയമക്കുരുക്കുകൾ ഓർത്ത് സൈറ ഭയന്നുവിറച്ചു. പണത്തിന് മീതെ ഒപ്പിട്ട കരാറുകൾക്ക് മുന്നിൽ തങ്ങൾ വിൽക്കപ്പെട്ടിരിക്കുകയാണെന്ന് അവൾ തിരിച്ചറിഞ്ഞു.

​വ്ലോഗിങ്ങിലൂടെ കിട്ടുന്ന ലക്ഷങ്ങളുടെ ആഡംബര ജീവിതം സൈറയ്ക്ക് മടുത്തപ്പോൾ, ഫോളോവേഴ്സിന്റെ എണ്ണം ദശലക്ഷങ്ങൾ കടക്കുന്നത് കണ്ട് സിദ്ധാർത്ഥ് ആഹ്ലാദിച്ചു. യഥാർത്ഥ ജീവിതമേത്, വ്ലോഗ് ഏത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു സൈറ. എന്നാൽ വ്ലോഗ് തന്നെയാണ് ജീവിതം എന്ന ചിന്തയോടെ സിദ്ധാർത്ഥും അവൾക്കൊപ്പം ക്യാമറയ്ക്ക് മുന്നിൽ അഭിനയിച്ചുകൊണ്ടേയിരുന്നു. ​

ക്യാമറയുടെ ചുവന്ന റെക്കോർഡിങ് ലൈറ്റ് ഓഫ് ആകുന്ന നിമിഷം, ആ മുറിയിൽ പരസ്പരം നോക്കാത്ത രണ്ട് അപരിചിതർ മാത്രമായി അവർ മാറുമായിരുന്നു. സ്ക്രീനിലെ കെട്ടിപ്പിടുത്തങ്ങൾക്കും ഉമ്മകൾക്കും പിന്നിൽ വല്ലാത്തൊരു ശൂന്യത വളർന്നു. സ്വന്തം ബെഡ്റൂമിൽ പോലും ഫോൺ ക്യാമറകൾ തങ്ങളെ തുറിച്ചുനോക്കുന്നതുപോലെ അവൾക്ക് തോന്നി. ജീവിതം പൂർണ്ണമായും ലോകത്തിന് മുന്നിലെ ഒരു പ്രദർശനവസ്തുവായി മാറിയെന്ന കടുത്ത നിരാശ അവളെ വല്ലാതെ ശ്വാസം മുട്ടിച്ചു.

​സോഫയുടെ കുഷ്യനിലേക്ക് ഒന്നു കൂടി അമർന്നിരുന്ന് സൈറ ദീർഘശ്വാസത്തോടെ പിറുപിറുത്തു, "തീപിടിച്ചു ചാമ്പലായ മനസ്സിന് മുന്നിലേക്ക് വൈകിയെത്തുന്ന ബോധ്യങ്ങൾ എന്തിനാണ്? ജീവനറ്റ ശരീരത്തിന് മേൽ പുതപ്പിക്കുന്ന വെളുത്ത തുണി പോലെയാണത്, തണുത്തുറഞ്ഞുപോയ ആത്മാവിന് അതുകൊണ്ട് ഇനി എന്ത് പ്രയോജനം".

സൈറ കൺകൾ തുറന്ന് സോഫയിൽ നിശ്ചലമായി കിടക്കുന്ന സിദ്ധാർത്ഥിന്റെ മുഖത്തേക്ക് നോക്കി. അവളുടെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി. അവന്റെ ഒരു മൂക്കിൽ നിന്നും കട്ടപിടിച്ച കടുംചുവപ്പ് ചോര പതുക്കെ പുറത്തേക്ക് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

​"സിദ്ധ്..." ഒരു നിലവിളി തൊണ്ടക്കുഴിയിൽ അമർത്തി അവൾ സോഫയിൽ നിന്നും ചാടിയെഴുന്നേറ്റു. വല്ലാതെ വിറയ്ക്കുന്ന കൈകളോടെ കുറെ ടിഷ്യൂ പേപ്പറുകൾ വലിച്ചൂരിയെടുത്ത് അവൾ അവന്റെ മുഖത്തെ ചോരപ്പാടുകൾ തിടുക്കത്തിൽ തുടച്ചുമാറ്റി. പക്ഷേ, വീണ്ടും ചോര പുറത്തേക്ക് വന്നുകൊണ്ടിരുന്നു. പരിഭ്രാന്തിയോടെ അവൾ അത് വീണ്ടും വീണ്ടും തുടച്ചു വൃത്തിയാക്കിക്കൊണ്ടേയിരുന്നു. ​

പെട്ടെന്നാണ് അവളിലെ ഭയത്തെ ആളിപ്പടർത്തിക്കൊണ്ട് കോളിംഗ് ബെല്ലിന്റെ ശബ്ദം മുഴങ്ങിയത്.

​നെഞ്ച് പടപടാ ഇടിച്ചുകൊണ്ട് സൈറ സെക്യൂരിറ്റി സ്ക്രീനിന് മുന്നിലേക്ക് ഓടിച്ചെന്നു. ഡിജിറ്റൽ സ്ക്രീനിൽ അവൾ കണ്ടു; അവൾ ഓർഡർ ചെയ്ത ആ വലിയ ഫ്രിഡ്ജുമായി ഡെലിവറി വാൻ ഗേറ്റിന് പുറത്തു നിൽക്കുന്നു. സിദ്ധാർത്ഥിനെ പുതപ്പിച്ചു സോഫയിലേയ്ക്ക് കിടത്തി, ഒരു ദീർഘശ്വാസമെടുത്ത് മുഖത്തെ പരിഭ്രാന്തി മുഴുവൻ തുടച്ചുമാറ്റിയ ശേഷം അവൾ വാതിൽ തുറന്നു. ​

ഫ്രിഡ്ജുമായി അകത്തേക്ക് വന്നവർ അത് ഹാളിൽ ഇറക്കിവെച്ചശേഷം ചോദിച്ചു: "മാഡം, ഇത് അകത്തേക്ക് എടുത്തുവെക്കണോ?"

​"വേണ്ട വേണ്ട, ഇവിടെ ഹാളിൽ വെച്ചാൽ മതി. പിന്നീട് സൗകര്യം പോലെ ജോലിക്കാർ വരുമ്പോൾ ഞാൻ അങ്ങോട്ട് മാറ്റിച്ചോളാം," സൈറ തിടുക്കത്തിൽ പറഞ്ഞു.

​ഹാളിലെ സോഫയിൽ പുതച്ചു മൂടി കിടക്കുന്ന രൂപത്തിലേക്ക് നോക്കി അവരിലൊരാൾ ചോദിച്ചു: "ഇതെന്താ സാർ നേരത്തെ ഉറങ്ങിയോ മാഡം?"

​"ആഹ്... സിദ്ധിന് നല്ല പനിയാണ്. ഗുളിക കഴിച്ചു കിടക്കുകയാ..." മുഖത്തെ ഭാവം മാറാതെ, പരമാവധി സ്വാഭാവികമായി അവൾ പറഞ്ഞു ഒപ്പിച്ചു.

​അവർ തിരികെ പോയി ഗേറ്റ് അടച്ചെന്ന് ഉറപ്പായതും, ഹാളിൽ വന്നുനിന്ന ആ വലിയ ഫ്രിഡ്ജിലേക്ക് നോക്കി സൈറ ഒരു ദീർഘശ്വാസം വിട്ടു. ​

പിന്നീടുവന്ന ഫോൺ കാളുകൾക്കും മെസ്സേജുകൾക്കുമൊന്നും അവളുടെ ശ്രദ്ധയെ മാറ്റാൻ കഴിഞ്ഞില്ല. ശ്വാസം പോലും നേരെ വീഴാത്ത ആ പരിഭ്രാന്തിക്കിടയിൽ, വിയർത്തൊലിച്ച്, ആവുന്നത്ര ശക്തിയുമെടുത്ത് ആ വലിയ ഫ്രിഡ്ജ് അവൾ എങ്ങനെയൊക്കെയോ വർക്ക് ഏരിയയിലേക്ക് തള്ളി നീക്കി. ഒടുവിൽ, ഒരുപാട് നേരത്തെ ആയാസപ്പെട്ട പരിശ്രമത്തിനൊടുവിൽ അത് പ്രവർത്തനസജ്ജമാക്കുമ്പോൾ അവളുടെ കൈകൾ കടുത്ത വേദനയാൽ വിറയ്ക്കുന്നുണ്ടായിരുന്നു. ​

ആ തളർച്ചയിലും വിറച്ചുകൊണ്ടിരുന്ന കൈകളിലേക്ക്, അതുവരെ ടേബിളിൽ കിടന്ന് നിർത്താതെ മിന്നിമറഞ്ഞുകൊണ്ടിരുന്ന ഐപാഡ് അവൾ വീണ്ടും വലിച്ചെടുത്തു. നെറ്റിയിലെ വിയർപ്പുതുള്ളികൾ തുടച്ചുമാറ്റി, ശ്വാസമടക്കിപ്പിടിച്ച്, വന്നുകിടന്ന നോട്ടിഫിക്കേഷനുകൾ ഓരോന്നായി തുറന്നു. ​

@anju_vlogz: സൈറ ചേച്ചി, നിങ്ങൾ കഴിഞ്ഞ ആഴ്ച മുടി വോൾഫ് കട്ട് ചെയ്ത് ചോക്ലേറ്റ് ബ്രൗൺ ഹൈലൈറ്റ്സ് അടിച്ചതായിരുന്നില്ലേ? പക്ഷേ ഈ വീഡിയോയിൽ പഴയ ഹെയർസ്റ്റൈൽ ആണല്ലോ.

​@unmasking_trends: നിങ്ങൾ രണ്ടുപേരും കഴിഞ്ഞ മാസം ഒന്നിച്ച് കുത്തിയ ആ കപ്പിൾ ടാറ്റൂ ഇതിൽ കാണാനില്ലല്ലോ, ഇതെന്തു മറിമായം? വല്ല മിസ്റ്ററിയും ഉണ്ടോ?​

അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന കമന്റുകളായിരുന്നു അധികവും. അതുകൊണ്ടൊന്നും തീർന്നില്ല, ഇൻബോക്സിൽ വന്ന ഒരു മെസ്സേജ് സൈറയെ പാടെ മരവിപ്പിച്ചു. @shadow_detective എന്ന പ്രൊഫൈലിൽ നിന്നുള്ള മെസ്സേജ് ആയിരുന്നു അത്:

​@shadow_detective: "എന്താ സൈറ/സിദ്ധാർത്ഥ്... ആളുകളെ പറ്റിക്കുകയാണോ? ഇന്ന് പോസ്റ്റ് ചെയ്ത കപ്പഡോഷ്യ വീഡിയോയുടെ ബാക്ക്ഗ്രൗണ്ടിൽ കാണിക്കുന്ന ആ ഫേമസ് ഹോട്ടൽ കഴിഞ്ഞ വർഷം ഉണ്ടായ കനത്ത മണ്ണിടിച്ചിലിൽ തകർന്നുപോയതാണല്ലോ. ഇപ്പോഴവിടെ പുതിയ റിസോർട്ട് ആണ് വന്നിട്ടുള്ളത്. അപ്പോൾ ഇത് ഇന്നലെയോ മിനിഞ്ഞാന്നോ എടുത്ത വീഡിയോ അല്ല, ഒരു വർഷം മുൻപുള്ളതാണ്! എന്താണ് ഗയ്സ് നിങ്ങൾ ലൈവിൽ വരാത്തത്? എന്ത് സർപ്രൈസ് ആണ് നിങ്ങൾ ഒപ്പിക്കുന്നത്?"

​ഭയത്തിന്റെ കനത്ത നിശ്ശബ്ദത മാത്രം അവശേഷിച്ച ആ വലിയ ലിവിങ് റൂമിൽ, സോഫയുടെ ഒരു കോണിലേക്ക് ചുരുണ്ടുകൂടി എപ്പോഴോ മനസ്സും ശരീരവും തളർന്ന അവസ്ഥയിൽ അവൾ കണ്ണുകളടച്ച് ഉറങ്ങിപ്പോയിരുന്നു. ​

ഭീമൻ ചില്ലുഭിത്തിയെ മൂടിക്കിടന്ന കർട്ടന്റെ വശങ്ങളിലൂടെയും മുകൾഭാഗത്തെ നേർത്ത വിടവുകളിലൂടെയും പുലർകാലത്തിന്റെ വെളിച്ചം ആ ഇരുണ്ട മുറിയിലേക്ക് പതുക്കെ അരിച്ചെത്താൻ തുടങ്ങിയിരുന്നു. ഇരുളും വെളിച്ചവും കലർന്ന ആ മങ്ങിയ അന്തരീക്ഷത്തിലാണ്, പെട്ടെന്ന് ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് അവന്റെ ശബ്ദം ഉയർന്നത്:

​"സൈറാ... എഴുന്നേറ്റേ, എന്ത് ഉറക്കാ ഇത്?"

​അവൾ പതിയെ കണ്ണു തിരുമ്മി നോക്കിയപ്പോൾ മുന്നിൽ ആവിപറക്കുന്ന ചായകപ്പുമായി സിദ്ധാർത്ഥ് പുഞ്ചിരിയോടെ നിൽക്കുന്നു. "നീ എന്താണ് ഇങ്ങനെ കിടന്നുറങ്ങുന്നത്? എഴുന്നേറ്റേ, ദാ ഈ ചായ കുടിക്ക്. ഇന്ന് നമുക്ക് ആ കൊളാബറേഷൻ ഷൂട്ടിന് പോകേണ്ടതല്ലേ? വേഗം ഫ്രഷായി ഒരുങ്ങി വാ’’.​

ആ തളർച്ചയിലും ഉറക്കപ്പിച്ചിലും അവൾ പതുക്കെ എഴുന്നേറ്റ്, അവൻ നീട്ടിയ ആ ചായക്കപ്പിലേക്ക് കൈനീട്ടി. എന്നാൽ, വിരലുകൾ വായുവിൽ തൊട്ട ആ നിമിഷം അവൾ നിശ്ചലയായി.​

ഇന്നലെ രാത്രി സംഭവിച്ച ആ ക്രൂരമായ യാഥാർത്ഥ്യം ഒരു മിന്നൽപോലെ അവളുടെ തലച്ചോറിലേക്ക് ഇരച്ചുകയറി. വീട്ടിൽ നിന്നിറങ്ങിപ്പോകാൻ തുനിഞ്ഞ അവളെ അവൻ ബലമായി തടഞ്ഞതും, പിടിവലിക്കിടയിൽ ഭ്രാന്ത് പിടിച്ച് അവൾ അവനെ അബദ്ധത്തിൽ തള്ളിമാറ്റിയതും ആ വീഴ്ചയിൽ ടീപ്പോയുടെ മൂർച്ചയുള്ള കോണിലേക്ക് തലയിടിച്ചു സിദ്ധാർത്ഥ് വീണതും ആ കരുംചുവപ്പ് ചോരയും എല്ലാം ഒന്നിച്ച് ഓർമ്മ വന്നതും അവളുടെ ശ്വാസം നിലച്ചുപോയി. ഞെട്ടിവിറച്ച് അവൾ മുന്നിലേക്ക് നോക്കി. അവിടെ ആരുമുണ്ടായിരുന്നില്ല. കയ്യിൽ ചായക്കപ്പുമില്ല, സിദ്ധാർത്ഥുമില്ല.

​പരിഭ്രാന്തിയുടെ പരകോടിയിൽ അവൾ വർക്ക് ഏരിയയിലേക്ക് ഓടിച്ചെന്നു. വിറയ്ക്കുന്ന കൈകൾ കൊണ്ട് പുതിയ ഫ്രിഡ്ജിന്റെ വലിയ ഡോർ വലിച്ച് തുറന്നു. ​അകത്തുനിന്നും കടുത്ത തണുത്ത പുക പുറത്തേക്ക് ഒലിച്ചിറങ്ങി. ആ തണുത്ത അറയ്ക്കുള്ളിൽ, വിളറി വെളുത്ത ചർമ്മത്തോടെ, കണ്ണുകളടച്ചു സിദ്ധാർത്ഥ് തണുത്തു മരവിച്ച് നിശ്ചലനായി ഇരിക്കുകയായിരുന്നു.

തകർന്നുപോയ കണ്ണുകളോടെ അവൾ ആ മൃതദേഹത്തിലേക്ക് നോക്കി നിൽക്കുമ്പോഴാണ്, ആ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് അവളുടെ തലയ്ക്കുള്ളിൽ വീണ്ടും അവന്റെ ശബ്ദം മുഴങ്ങിയത്:

"വേഗം റെഡിയാവ് സൈറാ... ഞാൻ ഒറ്റയ്ക്ക് പോയിട്ട് ഒരു കാര്യവുമില്ലെന്ന് നിനക്കറിയില്ലേ? നമ്മളെ ഒന്നിച്ചു കാണാനാണ് നമ്മുടെ സബ്സ്ക്രൈബേഴ്‌സ് ആഗ്രഹിക്കുന്നത്, വേഗം വരൂ..."

​പുറത്ത് നേരം പുലർന്നിരിക്കുന്നു.
ലോകം അവരെയും കാത്തുനിൽക്കുകയാണ്. എന്നാൽ ഇനി ആ കപടലോകത്തിന് മുന്നിലേക്ക് എറിഞ്ഞുകൊടുക്കാൻ അവളുടെ കൈകളിൽ മറ്റൊന്നുമുണ്ടായിരുന്നില്ല.

​തലച്ചോറിൽ മുഴങ്ങുന്ന സിദ്ധാർത്ഥിന്റെ ശബ്ദത്തിലേക്ക് സൈറ പതുക്കെ തിരിഞ്ഞു നടന്നു. ബെഡ്റൂമിലെ ഡ്രസ്സിങ് ടേബിളിലെ ഡ്രോയർ വലിച്ച് തുറന്ന്, ഒരുമിച്ച് ജീവിക്കാൻ അവർ ഒപ്പിട്ട ആ കരാർ പത്രങ്ങളും അതിനൊപ്പം സൂക്ഷിച്ചിരുന്ന ആ കടുംചുവപ്പ് ഉറക്കഗുളികകളും അവൾ പുറത്തെടുത്തു. കണ്ണാടിയിലേക്ക് നോക്കി അവൾ വശ്യമായി ഒന്ന് പുഞ്ചിരിച്ചു. വ്ലോഗിലെ ആ പഴയ സൈറയുടെ അതേ പെർഫെക്റ്റ് ചിരി.

​ക്യാമറയ്ക്ക് മുന്നിലെ ആ കപടലോകത്തിന് ഇനി അവളെ കിട്ടില്ല. ഈ മായച്ചുഴിയിൽ നിന്നും എന്നെന്നേക്കുമായി അൺസബ്സ്ക്രൈബ് ചെയ്യാൻ, സിദ്ധാർത്ഥിനോടൊപ്പം ആ അവസാനത്തെ നീണ്ട യാത്രയ്ക്കായി അവൾ ബെഡ്റൂമിലെ വാതിൽ ഉള്ളിൽ നിന്നും കൊട്ടിയടച്ചു. കുറ്റിയിടുന്ന ശബ്ദം ആ വലിയ വീടിന്റെ നിശ്ശബ്ദതയിൽ കനത്തുനിന്നു.

Comments