തീയും വെള്ളവും

ഗരത്തിലെ മുഖ്യ തപാൽ ഓഫീസിൽ വച്ചാണ് തങ്കമണിയും തോമസും ആദ്യം കണ്ടത്. തപാൽ ഓഫീസിലെ എഴുത്തുപലകമേൽ കയ്യൂന്നി പോസ്റ്റ്കാർഡിൽ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു തങ്കമണി. സ്റ്റാംപുകൾ വിൽക്കുന്ന കൗണ്ടറിലിരിക്കുന്ന തോമസ് മുഖമുയർത്താറില്ല. ചില്ലറയില്ലാതെ വരുന്നവരോട് നീരസം പ്രകടിപ്പിക്കും. പക്ഷേ അന്നേ ദിവസം അയാൾ തങ്കമണിയെ ശ്രദ്ധിച്ചു.
മുൻപ് തോമസ്, എൽകുന്ന് തപാൽ ഓഫീസിലായിരുന്നു. മലയോര പ്രദേശമായ അവിടെ വല്ലപ്പോഴുമാണ് ഒരാൾ സ്റ്റാംപോ ഇൻലൻഡോ വാങ്ങാൻ വരിക. പെൻഷൻ വിതരണ ദിവസങ്ങളിലൊഴികെ ഓഫീസും പരിസരവും ആളനക്കമില്ലാതെ കിടക്കും.
കവലയിൽനിന്നു തപാൽ ഓഫീസിലേക്ക് കുറെ കൽപ്പടവുകൾ കയറണം. കുത്തനെയുളള വഴിയിൽ എല്ലായിടത്തും കല്ലുകെട്ടിയിട്ടില്ല. ഇടയ്ക്കു നിരപ്പായ കുറച്ചു സ്ഥലങ്ങളുണ്ട്. പെൻഷൻ വാങ്ങാൻ വരുന്നവർ അവിടെ മൺതിട്ടയിൽ ഇരുന്നു വിശ്രമിച്ച് മെല്ലെയാണ് തപാൽ ഓഫീസിലെത്തുക.
എൽകുന്നിലെ തപാൽഓഫീസിലെ മൂകമായ പകലുകളിലൊന്നിലാണ് തോമസ് ആദ്യമായി പദപ്രശ്‌നം ഉണ്ടാക്കിയത്. ഒരു ദിവസം ദിനപത്രത്തിന്റെ അവസാന താളിലെ പരസ്യത്തിനകത്തെ ഒഴിഞ്ഞ ഇടത്തിൽ വെറുതെ ചതുരങ്ങൾ വരയ്ക്കുകയായിരുന്നു. അതിനുള്ളിൽ എന്തെങ്കിലും എഴുതണമെന്ന് പെട്ടെന്ന് അയാൾക്കു തോന്നി. മറന്നുവെന്നു കരുതിയ പഴയ കൂട്ടുകാരിൽ ചിലരുടെ പേരുകൾ ഓർത്തെഴുതിയതോടെ ആദ്യ പദപ്രശ്‌നം പിറന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ കുട്ടികൾക്കുള്ള ഒരു പ്രസിദ്ധീകരണത്തിൽ അയാളുടെ ചില പദപ്രശ്‌നങ്ങൾ അച്ചടിച്ചുവരികയും ചെയ്തു.

നഗരത്തിലേക്ക് സ്ഥലം മാറിയെത്തിയപ്പോൾ കൗണ്ടറിലെ ജോലി തിരക്കേറിയതായി. മിക്കവാറും ആളുകൾ വന്നുകൊണ്ടിരിക്കും. ചില ദിവസങ്ങളിൽ കൗണ്ടറിനു മുന്നിൽ നീണ്ട നിര ഉണ്ടാവും. മൽസരപ്പരീക്ഷകൾക്ക് അപേക്ഷിക്കുന്നവരാണ് അവരിലേറെയും.

എൽകുന്നിൽനിന്ന് നഗരത്തിലേക്ക് എത്തിയ ദിവസം ശിവൻ, അയാളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവർ ഒരുമിച്ചു കുറച്ചുകാലം ജോലി ചെയ്തിരുന്നു. ശിവൻ പിന്നീടു തപാൽ ജോലി വിട്ടു. അയാളാണു ചെറിയ ഒരു വാടകമുറി തോമസിനു കണ്ടെത്തിക്കൊടുത്തത്. ഓഫീസിൽനിന്ന് 10 മിനിറ്റു നടന്നാൽ മതി.
കഴിഞ്ഞ ദിവസങ്ങളിൽ തയാറാക്കിയ പദപ്രശ്‌നങ്ങൾ അപൂർണമായി തുടരുന്നതിന്റെ അസ്വസ്ഥതയിലായിരുന്നു തോമസ്. തനിക്കിതു തുടരാനാവില്ലെന്ന് അയാൾക്കു തോന്നി. ആ ദിവസം അയാൾ ഇംഗ്ലീഷ് പത്രത്തിൽ കണ്ട ഒരു പദപ്രശ്‌നത്തിലേക്കു നോക്കി, അതിൽ മറഞ്ഞുകിടക്കുന്ന വാക്കുകൾ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ഒരു യുവതി വന്നു പോസ്റ്റ് കാർഡ് ചോദിച്ചത്. സ്വരം കേട്ട് ഫയൽ തുറന്ന് ഒരു പോസ്റ്റ് കാർഡ് മുറിച്ചെടുക്കുമ്പോൾ തന്നെ തോമസ് പതിവുപോലെ, ചില്ലറ വേണം എന്നു പറയാനൊരുങ്ങിയതാണ്. പക്ഷേ അതുവേണ്ടിവന്നില്ല അതിനു മുൻപേ അവൾ കൃത്യം പൈസ കൊടുത്തു. മേശവലിപ്പ് അടച്ച് തോമസ് പദപ്രശ്‌നത്തിലേക്കു തിരിച്ചുപോവുകയായിരുന്നു. അവൾ പോസ്റ്റ് കാർഡുമായി കൗണ്ടറിന്റെ എതിർവശത്ത് സ്റ്റാംപൊട്ടിക്കാനും എഴുതാനും വേണ്ടിയുള്ള എഴുത്തുപലകയുടെ മൂലയിലേക്കു പോയി. തോമസ് പെട്ടെന്നു തലയുർത്തി നോക്കി. അവിടെ അവളല്ലാതെ മറ്റാരുമില്ലായിരുന്നു. ഉച്ചനേരത്തെ ഉഷ്ണം ഫാൻ അടിച്ചു പടർത്തിക്കൊണ്ടിരുന്നു. അവളുടെ സാരിയിലെ തവിട്ടുകളങ്ങൾ അയാൾ ശ്രദ്ധിച്ചു. അരികുകളിൽ ചെറുമഞ്ഞപൂക്കൾ തുന്നിപ്പിടിപ്പിച്ചിരുന്നു. എൽകുന്നിലെ പോസ്റ്റ് ഓഫീസിന്റെ മൺകട്ടകളാൽ നിർമിച്ച അരമതിലിൽ മഴക്കാലത്തു വളർന്നുപടരുന്ന ചെറുസസ്യങ്ങളിലെ പൂക്കൾ തോമസ് ഓർത്തു. അവൾ ഭിത്തിക്ക് അഭിമുഖമായി നിന്ന് തോൾസഞ്ചിയിൽനിന്ന് പേനയെടുത്തു പോസ്റ്റ് കാർഡിൽ എഴുതാൻ തുടങ്ങി.

തോമസ് പദപ്രശ്‌നത്തിലേക്കു തിരിച്ചുപോയി. പശ്ചിമഘട്ടത്തിലെ പക്ഷികളുടെ പേരുകൾ വരുന്ന പദപ്രശ്‌നമായിരുന്നു അത്. അതു പൂരിപ്പിക്കുക എളുപ്പമായി ആദ്യം തോന്നിയെങ്കിലും ചില പക്ഷികളെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. പദപ്രശ്‌നക്കാരൻ നൽകിയ സൂചനകളെല്ലാം അയാളെ വഴിതെറ്റിച്ചു.
പദപ്രശ്‌നം പൂരിപ്പിച്ചുതീർന്നാലുടൻ ഭക്ഷണം കഴിക്കണമെന്നു വിചാരിച്ചതാണ്. തലേന്ന് ഉണ്ടാക്കാൻ തുടങ്ങിയ പദപ്രശ്‌നം തുറമുഖപട്ടണങ്ങളുടെ പേരുകൾ വരുന്നതായിരുന്നു. അത് പൂർത്തീകരിച്ചില്ലെന്നത് അയാളെ വീണ്ടും അസ്വസ്ഥനാക്കി. ശൂന്യമായ ചതുരങ്ങൾക്കു മീതെ പെൻസിൽ വച്ച് തലയുയർത്തി നോക്കിയപ്പോഴും അവൾ എഴുതുകയാണ്. ഒരു പോസ്റ്റ് കാർഡ് എഴുതാൻ ഇത്രയും നേരമോ ? അല്ലെങ്കിലും പോസ്റ്റ്കാർഡിൽ എത്രയെഴുതാനാകും എന്നു വിചാരിച്ചപ്പോഴേക്കും അവൾ തിരിഞ്ഞു മെല്ലെ നടന്നു പുറത്തിറങ്ങി കാർഡ് തപാൽപെട്ടിയിലിട്ടു. ഈ സമയം അവളുടെ തോൾ സഞ്ചി എഴുത്തുപലകയ്ക്കുമേലിരിക്കുകയായിരുന്നു. തോമസ് അതിലേക്കു തുറിച്ചുനോക്കിയിരിക്കേ അവൾ തിരിച്ചെത്തി സഞ്ചിയെടുത്തു കയ്യിൽപിടിച്ചു കൗണ്ടറിലേക്കു നടന്നു. അതു പ്രതീക്ഷിച്ചിരുന്നില്ല. അയാൾ വേഗം കണ്ണുകൾ താഴ്ത്തി.
"എനിക്കു 10 രൂപയുടെ ചില്ലറ തരുമോ..?', അവൾ ചോദിച്ചു.

തോമസിന് നീരസ്സം തോന്നിയില്ല. പോസ്റ്റ് ഓഫീസ് കൗണ്ടറിൽ ചില്ലറ ചോദിക്കുന്ന ആദ്യത്തെ വ്യക്തിയാവും ഈ പെണ്ണെന്ന് അയാൾക്കു തോന്നി. പക്ഷേ, അവൾ പെട്ടെന്ന് പറഞ്ഞു, "സോറി.. ഇവിടെ ചില്ലറ കാണില്ലല്ലോ. ഞാൻ അത് ഓർത്തില്ല!'' അപ്പോഴേക്കും അയാൾ മേശവലിപ്പു തുറന്നു ചില്ലറ നോട്ടുകൾ എടുത്തു. "താങ്ക് യൂ' എന്ന് പറഞ്ഞ് അവൾ 10 രൂപാ നോട്ട് നീട്ടി. ചില്ലറ നോട്ടുകൾ സഞ്ചിയിലിട്ടു. അയാളെ നോക്കി മന്ദഹസിച്ചുകൊണ്ടു പുറത്തേക്കുപോയി.
തോമസ് ഭക്ഷണം കഴിച്ചു തിരിച്ചുവന്നപ്പോൾ പദപ്രശ്‌നത്തിനു മുകളിൽ വച്ചിരുന്ന പെൻസിൽ ഉരുണ്ടു തറയിൽ വീണിരുന്നു. അയാൾ കുനിഞ്ഞ് ആ പെൻസിലെടുക്കുമ്പോൾ ഒരു പക്ഷിയുടെ പേരു കിട്ടി. അതു പൂരിപ്പിച്ചതോടെ മറ്റു പക്ഷികളും തെളിഞ്ഞു. പക്ഷികൾക്കു പകരം ആ മാതൃകയിൽ പൂക്കൾ വച്ച് ഒരു പദപ്രശ്‌നം ഉണ്ടാക്കണമെന്ന് അയാൾ നിശ്ചയിച്ചു.
അന്നു സന്ധ്യക്ക് അയാളെ കാണാൻ ശിവൻ വന്നു. തന്റെ വിസ ശരിയായി. വരുന്ന ആഴ്ച ബൽജിയത്തിലേക്കു പോകുമെന്നു പറഞ്ഞു. ശിവന്റെ ഭാര്യ ബ്രസൽസിൽ നഴ്‌സാണ്. അയാളും അവിടേക്കു പോകുന്നു. ആ സന്തോഷം പങ്കിടാൻ അവർ ബാറിന്റെ മട്ടുപ്പാവിലേക്കു പോയി. അവിടെ മുൻപും അവർ പോയിരുന്നിട്ടുണ്ട്. അവിടെയിരുന്നാൽ തുറമുഖത്തു കൂറ്റൻ ചരക്കുകപ്പലുകൾ നങ്കൂരമിട്ടിരിക്കുന്നതു കാണാം. രാത്രി എട്ടോടെ ബാറിൽനിന്നിറങ്ങി. ഇരുവരും ഇടവഴിയിൽനിന്ന് ഒരു സിഗരറ്റ് കൂടി വലിച്ചു. തട്ടുകടയിൽനിന്നു ദോശ കഴിച്ചു. മുറിയിൽ തിരിച്ചെത്തി കിടക്കാൻ നേരം പെട്ടെന്നു തോമസിന്റെ ഉള്ളം പിടഞ്ഞു.
"അവളുടെ പേരെന്താണ് ?'
വിളക്കണച്ച്, ഫാനിന്റെ ഇരമ്പലിനു താഴെ കിടക്കുമ്പോൾ, ആ വിചാരം അലകളായി ഉയരാൻ തുടങ്ങി. അതിൽ ഉയർന്ന് അയാൾ ഉറങ്ങി.

രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് ഉച്ച കഴിഞ്ഞനേരം കുറേ കോളജ് വിദ്യാർഥികൾ കൂട്ടമായി അപേക്ഷകൾ അയയ്ക്കാനായി വന്നു. അവരുടെ ബഹളങ്ങൾക്കിടയിലൂടെ പൊടുന്നനെ അവൾ കയറിവന്നു. കൗണ്ടറിലെത്തി പോസ്റ്റ് കാർഡ് ചോദിച്ചു. തിരക്കിന്റെ അസ്വാസ്ഥ്യത്തിൽ തലകുനിച്ചിരുന്ന തോമസ് ആ സ്വരം കേട്ടതോടെ ഉലഞ്ഞു. അവൾ കൊടുത്ത കൃത്യം പൈസ വാങ്ങി കാർഡ് കൊടുക്കുന്നതിനിടെ തോമസ് മന്ദഹസിക്കാൻ ശ്രമിച്ചു. പക്ഷേ, അതിനു മുൻപേ അവൾ തിരിഞ്ഞു നടന്നു തിരക്കിനിടയിൽ നിന്ന് എഴുതാൻ തുടങ്ങി.

അന്ന് അവൾ മടങ്ങിപ്പോകുന്നതു തോമസ് കണ്ടില്ല. പക്ഷേ രണ്ടുദിവസം കഴിഞ്ഞ് വീണ്ടും വന്നു. ആ വരവുകൾ റിഹേഴ്‌സൽ പോലെയായിരുന്നു. ഓരോ തവണ വന്നുപോകുമ്പോഴും ഇരുവർക്കുമിടയിലെ ചലനങ്ങളും നോട്ടങ്ങളും കൂടുതൽ ഉദാരമായി. ശിവൻ യാത്രയാകുന്നതിന്റെ തലേന്ന് ഉച്ച കഴിഞ്ഞ് അവൾ വരുമ്പോൾ കൗണ്ടറിനു മുന്നിൽ മറ്റാരുമില്ലായിരുന്നു. അവൾ രണ്ട് ഇൻലൻഡും പോസ്റ്റ്കാർഡും വാങ്ങി. പെട്ടെന്ന്, അവളോടു എവിടെ ജോലി ചെയ്യുന്നുവെന്നു തോമസ് ചോദിച്ചു. അവൾ ഒരു ആശുപത്രിയുടെ പേരു പറഞ്ഞു. അവിടെ ഫാർമസിസ്റ്റാണ്. കന്യാകുമാരിയിലുള്ള തന്റെ അമ്മയ്ക്കാണ് എഴുത്ത്. ഇൻലൻഡ് റൂമേറ്റിനു വേണ്ടി വാങ്ങിയതാണ്. അമ്മയ്ക്കു പോസ്റ്റ് കാർഡാണ് ഇഷ്ടം.
എന്താണു പതിവായി അമ്മയ്ക്ക് എഴുതുക എന്ന് ചോദിക്കാൻ വെമ്പിയതാണ്. മനുഷ്യർ എന്തിനാണു കത്തുകളെഴുതുന്നതെന്ന് അയാൾക്ക് ഒരിക്കലും മനസ്സിലായിട്ടില്ല. എഴുത്ത് വിരസവും ലജ്ജാകരവുമാണെന്നു അയാൾ കരുതുന്നു. വയസ്സ് 30 കഴിഞ്ഞു. ഇതേവരെയും ആർക്കും ഒരു കത്തെഴുതിയിട്ടില്ല. കത്തു കിട്ടിയിട്ടുമില്ല.

ജോലി ചെയ്യുന്ന ആശുപത്രിയോടു ചേർന്നുള്ള ഹോസ്റ്റലിലാണ് അവൾ താമസം. കന്യാകുമാരിയിൽ അമ്മ മാത്രമാണുള്ളത്. കമലം എന്നാണ് അമ്മയുടെ പേര്, കമലം അവിടെ സഞ്ചാരികൾ താമസിക്കുന്ന ഹോട്ടൽ നടത്തുകയാണ്. എന്തിനാണു ഹോസ്പിറ്റൽ ജോലി, വീട്ടിലേക്കു വരൂ എന്നാണ് അമ്മ പറയുന്നത്. അവൾക്ക് ഈ നഗരം വിട്ടു പോകാൻ ഇഷ്ടമല്ല. - ഇത്രയും കാര്യങ്ങൾ അവൾ, നേരത്തേ തയാറെടുത്തുവന്നപോലെ, അയാൾ ചോദിക്കാതെതന്നെ പറഞ്ഞതാണ്. പക്ഷേ അയാൾ, അവളുടെ സംസാരത്തിനിടയിൽ കയറി പെട്ടെന്നു സ്വന്തം പേരു പറഞ്ഞു. അവൾ ചിരിച്ചുപോയി. എന്നിട്ടു തങ്കമണി എന്നു പറഞ്ഞു. പിരിയും മുൻപ് അവർ പരസ്പരം ഗാഢമായി നോക്കി.
അന്നു സന്ധ്യക്കു തോമസ് കൂട്ടുകാരന്റെ ഫ്‌ളാറ്റിൽ പോയി. ശിവന്റെ ഭാര്യയുടെ അച്ഛനും അമ്മയും എത്തിയിരുന്നു. സംസാരത്തിനിടെ തോമസ്, തങ്കമണിയുടെ കാര്യം പറഞ്ഞു. ശിവൻ അയാളുടെ തോളത്തുതട്ടി "അതെയോ!' എന്നു കൗതുകം പ്രകടിപ്പിച്ചു. ഇറങ്ങാൻ നേരം ലിഫ്റ്റിന്റെ വാതിൽ വരെ ശിവൻ വന്നു. ഒരു കൂട്ടുകാരി ഉള്ളതു നല്ലതാണ് എന്നു പറഞ്ഞ് തോമസിന്റെ കൈ പിടിച്ചു. അയാൾ ദീർഘശ്വാസമെടുത്തു. ലിഫ്റ്റിന്റെ വാതിൽ അടയും മുൻപ് അയാൾ കൂട്ടുകാരനെ നോക്കി കൈ വീശി.

ഒരു കൂട്ടുകാരനെ കണ്ടശേഷം അവനില്ലാതെ തിരക്കേറിയ തെരുവിലേക്ക് ഇറങ്ങിനടന്നിട്ടുണ്ടെങ്കിൽ മനസിലാകും, എങ്ങോട്ടു പോകണമെന്നറിയാതെ ആദ്യം ഒന്നു നിന്നുപോകും. അസ്വസ്ഥതയാണോ മടുപ്പാണോ എന്നറിയില്ല. നഗരങ്ങളിൽ ഒറ്റയ്ക്കു താമസിക്കുന്ന മനുഷ്യർക്ക് സന്ധ്യ പിന്നിടുമ്പോൾ അനുഭവപ്പെടുന്നത്. മറ്റൊരിടവും ഇല്ലാത്തതിനാൽ, ശിവനൊപ്പം പോകാറുള്ള ബാറിലെത്തി. മട്ടുപ്പാവിലേക്കു പോകാതെ തിരക്കിൽ ഒരു മൂലയിലിരുന്നു. ആ ബഹളത്തിൽ താൻ കുമിളകൾ പോലെ നേർത്തു പൊട്ടുന്നത് അയാൾ കണ്ടു. തിരിച്ചെത്തി ലോഡ്ജിനു മുന്നിൽ നിർത്തിയിട്ട ബൈക്കുകൾക്കു സമീപം നിന്ന് സിഗരറ്റ് കത്തിക്കുമ്പോൾ, എൽകുന്നിലെ തപാൽ ഓഫീസ് വളപ്പിലെ അത്തിമരത്തിനു ചുവട്ടിൽനിന്ന് വലിക്കാറുള്ളത് ഓർത്തു.

രണ്ടോ മൂന്നോ ദിവസത്തെ ഇടവേളയ്ക്കുശേഷം തങ്കമണി വീണ്ടും വന്നു. അവളെ കണ്ടതും അയാൾ എഴുന്നേറ്റുനിന്നു. പൂക്കളുടെ പദപ്രശ്‌നം പൂർത്തിയായി എന്ന് അവളോട് പറഞ്ഞു. തങ്കമണിയുടെ മുഖത്ത് അമ്പരപ്പുണ്ടായി. പറഞ്ഞത് അവൾക്കു മനസ്സിലായില്ലെന്നു കണ്ടപ്പോൾ അയാൾ താൻ വരച്ചത് എടുത്തുകാണിച്ചു. അവൾ കടലാസ് വാങ്ങി ശ്രദ്ധയോടെ നോക്കി. തങ്കമണിയുടെ വട്ടമുഖവും കൂട്ടുപുരികവും വിടർന്ന ചുണ്ടുകളും അയാൾ ശ്രദ്ധിച്ചു. അവൾക്കു തന്നേക്കാൾ പൊക്കമുണ്ടെന്നും മനസ്സിലായി. പദപ്രശ്‌നം തിരിച്ചുകൊടുക്കുമ്പോൾ അവൾ പറഞ്ഞു, "നാം സുഹൃത്തുക്കളായി അല്ലേ..!'
തോമസ് പുഞ്ചിരിയോടെ തലയാട്ടുക മാത്രം ചെയ്തു. വലതു കൈപ്പത്തി കൗണ്ടറിലെ ചില്ലുപ്രതലത്തിൽ നിവർത്തിവച്ച് അവൾ ചോദിച്ചു, "നമുക്ക് വൈകിട്ട് ഒരുമിച്ചു ഭക്ഷണം കഴിച്ചാലോ..?'
തോമസ് സമ്മതിച്ചു. സമയവും സ്ഥലവും തീരുമാനിച്ചശേഷം തങ്കമണി പോയി. അവൾ കൈ വച്ചിടത്ത് വിരലുകളുടെ പാടുകൾ കണ്ടു. അതു മായുന്നതും നോക്കി അയാൾ നിന്നു.

റസ്റ്ററന്റിലേക്കു പോകുന്നതിനു മുൻപേ അവർ കുറച്ചുനേരം ചുറ്റിനടന്നു. കായലോരത്തെ ഉദ്യാനത്തിൽ പോയിരുന്നു. തനിക്ക് 28 വയസ്സായെന്നും രണ്ടു വർഷം മുൻപ് വിവാഹം മുടങ്ങിപ്പോയെന്നും അവൾ പറഞ്ഞു. കന്യാകുമാരിയിൽ കടലിന് അഭിമുഖമായാണ് അച്ഛന്റെ ഹോട്ടൽ. അവൾ ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. നൃത്ത വിദ്യാലയം നടത്തുകയായിരുന്ന കമലം അതോടെ അതു നിർത്തി ഹോട്ടൽ ബിസിനസിലെത്തി. തോമസിനു ഭാര്യയെയും കൂട്ടി കന്യാകുമാരിക്ക് പോകണമെങ്കിൽ താമസം ഒരുക്കാമെന്ന് അവൾ പറഞ്ഞു.
ഞാൻ വിവാഹം കഴിച്ചിട്ടില്ല- തോമസ് പറഞ്ഞു.
എങ്കിൽ നമുക്കു ഒരുമിച്ച് പോകാം- തങ്കമണി ചിരിച്ചു
കാറ്റിൽ അവളുടെ മുടികൾ പാറുന്നതു നോക്കി, തീർച്ചയായും പോകാമെന്ന് അയാൾ പറഞ്ഞു. അവർക്കിടയിൽ മൗനങ്ങളുടെ രസമുള്ള ഇടവേളകളുണ്ടായി. ഒരാളെ പുതിയതായി ഇഷ്ടപ്പെട്ടുതുടങ്ങുമ്പോൾ, അയാളോടു പറയണമെന്നു ആഗ്രഹിക്കുന്ന കുറേ കാര്യങ്ങൾ ഇല്ലേ, ഇഷ്ടമുളള വസ്തുക്കൾ, സിനിമകൾ, സ്ഥലങ്ങൾ, വ്യക്തികൾ, സ്വഭാവങ്ങൾ,ദേഷ്യങ്ങൾ, സ്വകാര്യങ്ങൾ... പക്ഷേ ഒരു വ്യക്തിയുടെ യാഥാർഥ്യമെന്നത് അയാൾ പാലിക്കുന്ന മൗനങ്ങൾ കൂടിയാകുന്നു. തന്റേതു മാത്രമായ, താൻ മാത്രമറിയുള്ള തന്റെ രഹസ്യങ്ങൾ, അതൊരു കഥയായി പറയാനാവുന്ന സന്ദർഭം കാത്ത് മനുഷ്യർ ജീവിക്കും. എത്ര വലിയ രഹസ്യമായാലും അത് ഒരാളെങ്കിലും അറിഞ്ഞിരിക്കണമെന്ന വെമ്പലാകാം, ഒരുപക്ഷേ രണ്ടുവ്യക്തികളെ തമ്മിൽ വേഗം കൂട്ടിമുട്ടിക്കുന്നത്. തങ്കമണിയും തോമസും സംസാരം തുടങ്ങിയപ്പോൾ അവരുടെ ഭൂതകാലം പരസ്പരം മുട്ടിത്തുറക്കാൻ ശ്രമിച്ചു പരക്കം പാഞ്ഞു, അത് കെണിയിൽ വീണുപോയ മൃഗത്തിന്റെ പരാക്രമം പോലെയായിരുന്നു.
തങ്കമണിയെപ്പറ്റി അറിയാനും അവളുമായി സംസാരിച്ചുകൊണ്ടിരിക്കാനും തോമസിനു നല്ല ആഗ്രഹം തോന്നി. അയാൾ ഒരു സ്ത്രീയുടെ അടുത്തിരുന്നു സംസാരിച്ചിട്ടു വർഷങ്ങളായിരുന്നു. ഇപ്പോൾ, കാറ്റിൽ അവളുടെ ഗന്ധം അയാൾക്കു കിട്ടുന്നുണ്ട്. ആ ഗന്ധം ഇടവിട്ടാണെന്നത് അയാളിലെ ജിജ്ഞാസ വർധിപ്പിക്കുന്നു. മണത്തുകഴിയും മുൻപേ അതു നഷ്ടമാകുകയാണ്. തങ്കമണിയെ ആദ്യം കണ്ട ദിവസം രാത്രി ഉറങ്ങാൻ കിടന്നപ്പോഴും ഇതുപോലൊരു ജിജ്ഞാസയുണ്ടായി. വളരെ ദൂരെ ഒരിടത്തേക്ക്, വനത്തിനു നടുവിലെ പുഴയുടെ വിജനതയിലൂടെ വഞ്ചിയിൽ ഒറ്റയ്ക്കു തുഴഞ്ഞുപോകുംപോലെ ആയിരുന്നു.
അന്ന് എന്തായിരിക്കും അവളുടെ പേര് എന്നോർത്ത്, ആ വിചാരത്തിന്റെ അലകളിലാണു താനുറങ്ങിയതെന്ന്, റസ്റ്ററന്റിലിരിക്കെ തങ്കമണിയോടു പറയാൻ തോമസ് ആഗ്രഹിച്ചു. പക്ഷേ വാക്കുകൾ അയാൾ കരുതിയതു പോലെ പുറത്തേക്കു വന്നില്ല. അവളാകട്ടെ റസ്റ്ററന്റിലെ ഭിത്തിയിൽ തൂക്കിയ ഫോട്ടോഗ്രാഫുകൾ ശ്രദ്ധിക്കുകയായിരുന്നു. അതിലൊന്ന് കനത്ത നിറങ്ങളുള്ള ഗ്രാഫിറ്റിയുടെ മുന്നിൽ ഒരു പെൺകുട്ടി കൈകെട്ടി നിൽക്കുന്നതായിരുന്നു. മറ്റൊരാൾ അവളുടെ സമീപം ഇരുന്ന് മതിലിൽ വരയ്ക്കുന്നുണ്ടായിരുന്നു. മതിലിലെ നിറങ്ങളാണോ പെൺകുട്ടിയാണോ ആ ഫോട്ടോഗ്രാഫിനെ മനോഹരമാക്കുന്നത്? തീർച്ചയായും ഫോട്ടോഗ്രാഫർ പെൺകുട്ടിയെയാണു നോക്കുന്നത്. അവളുടെ കണ്ണുകളിൽ കുസൃതി കലർന്ന പ്രകാശം പരിലസിക്കുന്നുണ്ട്.

എൽകുന്നിലെ ജീവിതം എങ്ങനെയായിരുന്നുവെന്നും അവിടെ എങ്ങനെയാണു തോമസ് ഒഴിവുനേരങ്ങൾ ചെലവഴിച്ചിരുന്നെന്നും തങ്കമണി ചോദിച്ചു. എൽകുന്നിൽ തപാൽ ഓഫിസിനോടു ചേർന്ന ക്വാർട്ടേഴ്‌സിലായിരുന്നു തോമസിന്റെ താമസം. അത് പോസ്റ്റ്മാസ്റ്റർക്ക് താമസിക്കാൻവേണ്ടിയുള്ളതായിരുന്നുവെങ്കിലും അദ്ദേഹം അവിടെ താമസിക്കാൻ തോമസിനെ അനുവദിച്ചു. അഞ്ചുമണിക്ക് പോസ്റ്റ് ഓഫീസ് അടച്ചുകഴിഞ്ഞാൽ അവിടേക്ക് പിന്നെയാരും വരില്ല. പരിസരത്തെങ്ങും വേറെ വീടുമില്ല. പടവുകൾ ഇറങ്ങി ചെല്ലുമ്പോഴുള്ള കവലയിൽ എട്ടു മണിക്കു മുൻപേ കടകളെല്ലാം അടയ്ക്കും. നഗരത്തിൽനിന്നുള്ള അവസാന വണ്ടി ഒൻപതുമണിയോടെ എത്തും. ഒന്നോ രണ്ടോ യാത്രക്കാരെ മാത്രം വച്ച് ബസ് തൊട്ടടുത്തുള്ള അവസാന സ്റ്റോപ്പിലേക്കു പോകുന്നതു കണ്ടശേഷമാണു തോമസ് ഉറങ്ങാൻ കിടക്കുക.
കുന്നിനുമുകളിൽ, തപാൽന ഓഫീസിന്റെ തിണ്ണയിലിരുന്നാൽ അകലെയുള്ള വെള്ളച്ചാട്ടം കാണാം. മഴക്കാലരാത്രികളിൽ ആ ഇരമ്പം തൊട്ടടുത്തുനിന്നാണെന്നു തോന്നും. പക്ഷേ ഗ്രാമജീവിതം വിരസ്സമാണെന്ന് തോമസ് തങ്കമണിയോടു പറഞ്ഞു. അതു ശരിയാണോ, അവൾ ചോദിച്ചു, അവിടെ നല്ല കാഴ്ച കണ്ടും നല്ല വായു ശ്വസിച്ചും ജീവിക്കാമല്ലോ..
എൽകുന്നിൽ തോമസ് കാഴ്ച കാണാനൊന്നും പോയില്ല. എങ്കിലും അതിരാവിലെ എഴുന്നേൽക്കും. ഓഫീസ് പരിസരം അയാൾത്തന്നെ വൃത്തിയാക്കും. പോസ്റ്റ് ഓഫീസിലേക്കുള്ള പത്രം തിണ്ണയിലിരുന്നു വായിച്ചുതീർക്കും. ബസ് കയറാനായി ആളുകൾ പല ഇടവഴികളിലൂടെ നടന്ന് കവലയിലേക്കു വന്നുചേരുന്നത് അയാൾക്ക് തിണ്ണയിലിരുന്നാൽ കാണാം. ഓഫീസ് സമയം കഴിഞ്ഞാൽ വാതിലുകൾ അകത്തുനിന്ന് അടച്ച് അയാൾ ഓഫീസിൽ കുറേസമയം കൂടി ഇരിക്കും. ക്വാർട്ടേഴ്‌സിൽ തിരിച്ചെത്തിയാൽ കുറച്ചുസമയം തനിയെ ചെസ് കളിക്കും. അത്താഴത്തിനു സമയമാകുമ്പോൾ രാവിലെ ഉണ്ടാക്കിവച്ചിട്ടുള്ള ചോറ് ചൂടാക്കിക്കഴിക്കും.
ഒരു ദിവസം വൈകിട്ട് ഒരാൾ തോമസിനെ കാണാൻ പോസ്റ്റ് ഓഫീസിലെത്തി. അങ്ങിങ്ങു നരച്ചു നീണ്ട താടിയുളള തടിച്ച് ഉയരം കുറഞ്ഞ മനുഷ്യൻ. ക്വാർട്ടേഴ്‌സിന്റെ വാതിലിൽ മുട്ടു കേട്ട് തോമസ് പുറത്തിറങ്ങിയപ്പോൾ അയാൾ ചെരുപ്പൂരിവച്ച് മുറ്റത്തുതന്നെ നഗ്‌നപാദനായി നിൽക്കുന്നു. തോമസിനെ കണ്ടതും മടക്കിക്കുത്തിയ മുണ്ട് അയാൾ താഴ്ത്തിയിട്ടു. അയാളുടെ തോളിൽ മുഷിഞ്ഞ സഞ്ചിയുണ്ടായിരുന്നു.
"സാർ, ഞാൻ വർക്കി', അയാൾ പറഞ്ഞു.
"ഓഫീസ് സമയം കഴിഞ്ഞല്ലോ...'
"അയ്യോ സാർ, ഓഫീസ് കാര്യത്തിനല്ല...'
തോമസ് അയാളെ സൂക്ഷിച്ചു നോക്കി.
"ചെസ് കളിക്കാൻ വന്നതാ ..' അയാൾ പറഞ്ഞു.
"തന്നോടാരാ പറഞ്ഞത് ഇവിടെ ചെസ് കളിയുണ്ടെന്ന്..'
അയാൾ പരുങ്ങി. എന്നിട്ട് സ്വരം താഴ്ത്തി സങ്കോചത്തോടെ പറഞ്ഞു, "സാറു ക്ഷമിക്കണം. പോസ്റ്റ്മാസ്റ്റർ ഒരുദിവസം എന്നോടു പറഞ്ഞതാ, സാറ് തനിയെ ഇരുന്ന് ചെസ് കളിക്കുവാന്ന്. എനിക്കാണെങ്കിൽ ഒരു കമ്പനി കിട്ടാതെ ഇരിക്കാർന്ന്.'
തോമസിനു കാര്യം മനസിലായി. അയാൾ പറഞ്ഞു. "എനിക്കു തനിച്ചു കളിക്കുന്നതാ ഇഷ്ടം.'
വർക്കിയുടെ തല കുനിഞ്ഞു. അയാൾ ചെരുപ്പിട്ടു തിരിച്ചുനടക്കുമ്പോൾ തോമസ് ചോദിച്ചു, "തന്റെ വീടെവിടെയാ?'. അയാൾ അടുത്ത മലയുടെ മുകളിലേക്കു കൈ ചൂണ്ടി. ആ സ്ഥലത്തിന്റെ പേരു പറഞ്ഞു.
തോമസ് മലയിലേക്കു നോക്കി. അയാൾ കൈ ചൂണ്ടിയ സ്ഥലം ആ വിസ്തൃതമായ പരപ്പിൽ കണ്ടുപിടിക്കുന്ന പോലെ ഏതാനും നിമിഷങ്ങൾ അങ്ങനെ നിന്നു. എന്നിട്ടു വർക്കിയുടെ നേരെ തിരിഞ്ഞു പറഞ്ഞു, "താൻ വാ!'

ഭക്ഷണം കഴിഞ്ഞു റസ്റ്ററന്റിൽനിന്നിറങ്ങി തങ്കമണിയും തോമസും തിരിച്ചു നടക്കുകയായിരുന്നു. ആ തപാൽ ഓഫിസിനുമുന്നിൽ വർക്കി പ്രത്യക്ഷപ്പെട്ട രീതി തങ്കമണിക്കു രസിച്ചു. വർക്കിയുടെ കയ്യിലുള്ള സഞ്ചിയിൽ അയാളുടെ സ്വന്തം ചെസ് ബോർഡും കരുക്കളുമായിരുന്നു. രാവിലെ അതുമായിട്ടാണ് അയാൾ വീട്ടുപറമ്പിലെ പണിക്കിറങ്ങുക. വിശ്രമനേരത്തു കളിക്കാൻ തോന്നിയാലോ. വൈകിട്ടു കവലയിലെത്തിയാൽ ഒഴിഞ്ഞ കടത്തിണ്ണയിലിരുന്ന് ആരെങ്കിലുമായി ചെസ് കളിക്കും. ആരേം കിട്ടിയില്ലെങ്കിൽ തനിച്ചു കളിക്കും. അങ്ങനെ ഒരു ദിവസമാണു പോസ്റ്റ് മാസ്റ്റർ അതുവഴി പോയപ്പോൾ, ഇതുപോലൊരാൾ ഒറ്റയ്ക്കിരുന്നു കളിക്കുന്നുണ്ട് അങ്ങോട്ടു ചെല്ലൂ എന്ന് പറഞ്ഞത്.

പിറ്റേന്നു കാണാനാവില്ലെന്നു തങ്കമണി പറഞ്ഞപ്പോൾ തോമസിനു നിരാശയായി. കുറച്ചുദിവസം കഴിഞ്ഞ് ഒരു വെള്ളിയാഴ്ച ഉച്ചയ്ക്കു തങ്കമണി പ്രത്യക്ഷപ്പെട്ടു. അമ്മയ്ക്കുള്ള പോസ്റ്റ് കാർഡ് അയച്ചശേഷം അവൾ പറഞ്ഞു, "അഞ്ചു മണിയോടെ വരാം. ഇവിടെ വെയിറ്റ് ചെയ്യുമോ?'
അയാൾ കാത്തുനിന്നു. കൃത്യം അഞ്ചുമണിക്കു വേറൊരു സാരിയുടത്തു തങ്കമണി വന്നു. അങ്ങിങ്ങു വെള്ളപ്പൂക്കൾ തുന്നിച്ചേർന്ന നീലസാരി. അയാൾ സാരിയിലേക്കു നോക്കുന്നതു കണ്ടപ്പോൾ തങ്കമണി "നല്ലതല്ലേ?' എന്ന് ചോദിച്ച് അയാളുടെ മുന്നിൽ അനങ്ങാതെ നിന്നു. കൈകൾ വിടർത്തി സ്വയം ഒന്നുകൂടി നോക്കി. അയാൾ ചിരിച്ചു.

തപാൽ ഓഫീസ് ക്വാർട്ടേഴ്‌സിലേക്കുള്ള വൈകുന്നേരങ്ങളിലെ വരവുകൾ വർക്കി ഒരിക്കലും മുടക്കിയില്ല. കവലയിലെ കടയിൽനിന്ന് തോമസിന് ആവശ്യമുള്ള വീട്ടുസാധനങ്ങൾ വർക്കി വാങ്ങിക്കൊടുക്കും. തപാൽ ഓഫീസിന്റെ തിണ്ണയിലെ മേശമേൽ ഇരുവരും ചെസ് കളിക്കും. ചില ദിവസങ്ങളിൽ രാത്രി എട്ടുവരെയൊക്കെ അതു നീളും. അതു വർക്കി കുറച്ചു ലഹരിയുമായി വരുന്ന ദിവസങ്ങളിലാണ്. ശ്രദ്ധാപൂർവം ബീഡിയിലയിൽ പൊതിഞ്ഞു നേരിയ നൂലു കെട്ടി വർക്കി അത് അയാൾക്കു നേരെ നീട്ടും. ആ ലഹരിയുടെ തരംഗങ്ങളിൽ അവർ ബദ്ധശ്രദ്ധരായി ഇരിക്കും. വർക്കിയുടെ സംസാരം ഏറ്റവും ചടുലമാകുന്നത് അപ്പോഴാണ്, കുടിയേറ്റകാലത്തെ പലപല അനുഭവങ്ങൾ "സാറിന് അറിയോ !' എന്ന ചോദ്യത്തോടെ പൊടുന്നനെ വിവരിക്കാൻ തുടങ്ങും.

വർക്കിയുടെ കുട്ടിക്കാലത്ത് ഈ താഴ്വാരമാകെ മുളങ്കാടുകളായിരുന്നു. പണിസ്ഥലത്തേക്കു രാവിലെ അപ്പനുമമ്മയ്ക്കുമൊപ്പം എത്തുമ്പോൾ അവയെല്ലാം മഞ്ഞുവീണു നിലംപറ്റിക്കിടക്കുകയാവും. ഉച്ചഭക്ഷണമടങ്ങിയ തുണിസഞ്ചി ചായ്ഞ്ഞുകിടക്കുന്ന മുളങ്കമ്പിൽ കെട്ടിയിട്ടശേഷം പണിയെടുക്കാൻ പോകും. സൂര്യൻ ഉച്ചിയിലെത്തുമ്പോൾ, ഭക്ഷണം കഴിക്കാനായി തിരിച്ചെത്തുമ്പോൾ, മഞ്ഞു വാർന്നുപോയ മുളഞ്ചില്ലകളെല്ലാം ആകാശത്തിനുനേരെ ഉയർന്നിട്ടുണ്ടാവും.

തങ്കമണിയും തോമസും കായലിനോടു ചേർന്ന നടപ്പാതയിലെ ബഞ്ചിൽ ഇരിക്കുകയായിരുന്നു. ആ സന്ധ്യയുടെ ഉഷ്ണത്തിലേക്ക് എൽകുന്നിലെ മുളങ്കാടുകൾ ഇളകിയാടിയപ്പോൽ തങ്കമണിയുടെ കവിൾത്തടം തണുത്തു. അവൾ അയാളുടെ കൈവിരലുകളിൽ തൊട്ടുകൊണ്ടു പറഞ്ഞു, നമുക്ക് ഈ ആഴ്ച തന്നെ കന്യാകുമാരിക്കു പോകാം. നല്ല രസമായിരിക്കും, അവിടെ അഞ്ചാം നിലയിലെ മുറിയുടെ ബാൽക്കണിയിൽ കടലിലേക്കു നോക്കിയിരുന്നു സംസാരിക്കാം.
അവൾ കാര്യമായി പറയുന്നതാണോ എന്ന് സംശയം തോന്നിയിട്ടും തോമസ് തലയാട്ടി. അയാൾ പെട്ടെന്നു താൻ പറഞ്ഞുവന്നതു നിർത്തിയിട്ട് അവളുടെ മുടങ്ങിയ കല്യാണത്തെപ്പറ്റി ചോദിച്ചു.
"നിനക്കു വിഷമമാണെങ്കിൽ പറയരുത്. പക്ഷേ, ചോദിക്കാതിരിക്കാനാവില്ല.'
"ചോദിക്കൂ..'
"ആരായിരുന്നു അയാൾ?'
"ഞങ്ങൾ ഇഷ്ടത്തിലായിരുന്നു.'
"എന്താണു സംഭവിച്ചത് ?'
"ഇപ്പോൾ വയ്യ, പിന്നീടു പറയാം..' അവൾ കായലിലേക്കു നോക്കി. തങ്ങൾക്കിടയിലെ ജിജ്ഞാസകൾ പെട്ടെന്ന് അവസാനിച്ചുപോകരുതെന്ന് അവൾ ആഗ്രഹിക്കുന്നുണ്ടാവും. അവളെ തന്റെ സംസാരം അലട്ടുകയാണോ എന്ന് അയാൾ സംശയിച്ചു. താൻ അവൾക്കൊപ്പം കായൽക്കരയിൽ ഇരിക്കുന്നുവെന്നതും ഈ ബന്ധം അയാളെ മറ്റൊരിടത്തേക്ക്, ദുരൂഹമായ ഏതോ അനുഭവത്തിലേക്ക് കൈ പിടിച്ചുകൊണ്ടുപോയേക്കുമെന്ന ചിന്ത അയാളെ ചുറ്റാൻ തുടങ്ങി. ഒരു തരം ആധിയാണത്. വർക്കിയുമായി ലഹരി പുകച്ച ആദ്യത്തെ സന്ധ്യയിൽ പൊടുന്നനെ അത്തരമൊരു ആധിയായിരുന്നു തോമസിനെ പിടികൂടിയത്. അസാധാരണമായ സംഭവങ്ങൾ വരാൻ പോകുന്നുവെന്ന ഉൽക്കണ്ഠ അയാളുടെ തലച്ചോറിലൂടെ പാഞ്ഞുപോയി. തലയ്ക്കകം മിന്നലേറ്റപോലെ അയാൾ പിടഞ്ഞു. വർക്കി എഴുന്നേറ്റു വന്ന് അയാളുടെ തോളത്തു പിടിച്ച്, "സർ എന്തെങ്കിലും പ്രശ്‌നമുണ്ടോ.. എങ്കിൽ ഇനി വലിക്കരുത്,' എന്ന് പറഞ്ഞു. തലയ്ക്കകം പൊള്ളുന്ന പോലെ തോന്നുന്നുവെന്നു തോമസ് പറഞ്ഞു. വർക്കി തുണി നനച്ചുകൊണ്ടുവന്ന് അയാളുടെ പിൻകഴുത്തും നെറ്റിത്തടവും തുടച്ചുകൊടുത്തു. പേടിക്കരുത് എന്നു പറഞ്ഞു.

തങ്കമണിക്കൊപ്പം കായലോരത്തിരിക്കെ തോമസിനു ആ പൊള്ളൽ തിരിച്ചുവരുന്നതുപോലെ തോന്നി. തങ്കമണിയുടെ ഗന്ധമാണോ തലച്ചോറിലെ ആധികളെ ഉണർത്തുന്നത്. കന്യാകുമാരിക്കു പോകരുതെന്ന് പെട്ടെന്ന് അയാൾക്കു തോന്നി. എന്നാൽ അവളുടെ കണ്ണുകളിലേക്കു നോക്കിയപ്പോൾ അയാൾക്കു വീർപ്പുമുട്ടി. ശനിയാഴ്ച രാവിലെ ട്രെയിനിനു കന്യാകുമാരിക്കു പോകാമെന്നു അവൾ പറഞ്ഞു.
തോമസിനുണ്ടായ ഭാവമാറ്റം അയാളിലെ ഭൂതങ്ങൾ ഉണർത്തുന്ന സന്ദേഹങ്ങളാണെന്ന് ഹോസ്റ്റലിലേക്കു ഓട്ടോയിലിരിക്കുമ്പോൾ തങ്കമണിക്കു തോന്നി. അയാളുടെ മെലിഞ്ഞു നീണ്ട കൈകൾ. ചുമലിലേക്കു പടർന്ന തലമുടി. മേൽച്ചുണ്ടുകളെ മറയ്ക്കുന്ന മീശ. മുനയുള്ള കണ്ണുകൾ. അതെല്ലാം തന്നെ ആകർഷിക്കുന്നുണ്ട്. പക്ഷേ, ശബ്ദങ്ങൾ അയാളെ നടുക്കുന്നുവെന്നാണു തങ്കമണിക്കു തോന്നിയത്. മൃഗശാലയിൽ അലസമായി കിടക്കുന്ന കടുവയുടെ കണ്ണുകളിലെ നിസംഗമായ ജാഗ്രതയാണ് അയാളെ ആദ്യം ശ്രദ്ധിച്ചപ്പോൾ തങ്കമണിയുടെ ഉള്ളിൽ പതിഞ്ഞത്. അന്നേദിവസം രാത്രി കണ്ണാടിക്കു മുന്നിൽനിന്ന് തലമുടിയിലെ പിന്നുകൾ ഊരുമ്പോൾ തങ്കമണിക്ക്, അയാളെ വീണ്ടും കാണാൻ തോന്നിയിരുന്നു. അവർ പരിചയപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസത്തെ പോസ്റ്റ് കാർഡിൽ തങ്കമണി എഴുതി. ""അമ്മേ, പഠിക്കുന്ന കാലം മുതൽ ഞാൻ കത്തെഴുതുക പോസ്റ്റ് ഓഫീസിലിരുന്നാണ്. ഒരാളും ഞാനെഴുതുന്നതു ശ്രദ്ധിച്ചിട്ടില്ല. ആരെങ്കിലും എന്നെ ശ്രദ്ധിക്കുന്നതായി എനിക്ക് തോന്നിയിട്ടുമില്ല. ഇപ്പോൾ ഈ എഴുതുന്നത് ഒരാൾ നോക്കിക്കൊണ്ടിരിക്കുന്നുണ്ട്. ആ നോട്ടം കൊണ്ടുവരുന്ന വികാരം ഞാനറിയുന്നു അമ്മേ! അമ്മയ്ക്ക് ഈ കത്ത് അമ്പരപ്പാകുമെന്ന് എനിക്കറിയാം. കൂടുതൽ അമ്പരപ്പുകൾ ഇനി ഞാൻ അമ്മയ്ക്കു തരും..''

കന്യാകുമാരിക്കു ചെല്ലുന്നുവെന്നു പറഞ്ഞ് അമ്മയ്‌ക്കെഴുതിയ ദിവസമാണ് തങ്കമണിക്ക് ഏറ്റവും ആഹ്ലാദം തോന്നിയത്. അത് വായിക്കുമ്പോൾ അമ്മയുടെ ഭാവമെന്തായിരിക്കും? അമ്മയുടെ രൂപം മനസ്സിൽ വന്നപ്പോഴേക്കും തോമസ് എന്തു പ്രത്യേകതയാവും തന്നിൽ കണ്ടതെന്ന് അവൾ ആലോചിച്ചുനോക്കി. സ്വന്തം മൂക്കും ചുണ്ടും കഴുത്തുമെല്ലാം അവൾ കണ്ണാടിയിൽ നോക്കി. ഒരു നിമിഷം, താൻ പരാജയമായേക്കുമോ എന്ന ശങ്കയാൽ തന്റെ മുഖം വിളറുന്നത് തങ്കമണി കണ്ടു. അടുത്തക്ഷണം തന്റെ മുഖത്തേക്ക് ഒരു ചിരി വരുന്നതും അവൾ അറിഞ്ഞു. പരാജയത്തിന്റെ വക്കിൽനിൽക്കുമ്പോഴാകും ജയിക്കാനുള്ള ശക്തി തന്നിലേക്കു വരുന്നതെന്ന് അവൾക്ക് അനുഭവമുണ്ട്. ഓരോ തവണ തോമസിനെ നോക്കുമ്പോഴും അയാളുടെ ഉള്ളം, അവൾക്ക് അനുഭവപ്പെടാറുണ്ട്. അതാണ് അവൾക്ക് ആത്മവിശ്വാസം പകരുന്നതും.

തങ്കമണിയുടെ തോന്നലുകൾ സത്യമായിരുന്നു. തോമസിന് അവളുടെ സംസാരവും നോട്ടവുമാണു ഏറ്റവും തീവ്രമായി തോന്നിയത്. ആ നടത്തം നോക്കിനിൽക്കുമ്പോൾ അയാളിൽ ഗൃഹാതുരത പോലെ ഒരു വികാരം പടർന്നു. അതിൽനിന്ന് ഓടിയൊളിക്കാനാവാതെ അയാൾ നിന്നു.
ശനിയാഴ്ച രാവിലെ ട്രെയിനിൽ അവർ കന്യാകുമാരിക്കു പുറപ്പെട്ടു. ഒരു പെണ്ണിനൊപ്പം തോമസ് ആദ്യമായി ദൂരയാത്ര ചെയ്യുകയായിരുന്നു. ഇത്രയും കാലം ജീവിച്ചിട്ടും തനിക്ക് ഒരു പെണ്ണിനൊപ്പം യാത്ര പോകാൻ തോന്നാതിരുന്നത്, അല്ലെങ്കിൽ അതിന് അവസരമില്ലാതെ പോയത് കഷ്ടം തന്നെ എന്ന് അയാൾ വിചാരിച്ചു. തങ്കമണിയോട് പക്ഷേ അയാൾ പറഞ്ഞത്, താൻ ആദ്യമായി കന്യാകുമാരിക്കു പോകുന്നുവെന്നാണ്. അച്ഛൻ കന്യാകുമാരിയിൽ ഹോട്ടലുടമയായിരുന്നില്ലെങ്കിൽ താൻ ഒരിക്കലും കന്യാകുമാരിയിൽ എത്തില്ലായിരുന്നുവെന്നു തങ്കമണിയും വിചാരിച്ചു. ആ വിചാരത്തിനൊടുവിലാണ് തങ്കമണി അവളുടെ മുടങ്ങിയ വിവാഹത്തെപ്പറ്റി തോമസിനോട് പറഞ്ഞത്. ഭാവിയിൽ ദൂരെയുള്ള മറ്റേതോ നാട്ടിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ, യാത്രയുടെ വിരസത മാറ്റാൻ അപ്പോൾ പരിചയത്തിലായ സഹയാത്രികയോടോ സഹയാത്രികനോടോ ഇതൊരു കഥയായി പറയുമെന്നാണ് അവൾ സങ്കൽപിച്ചിരുന്നത്. എന്നാൽ സാധാരണ മനുഷ്യർ പറയുന്ന കഥ പോലെ ഒന്നല്ല തന്റേത് എന്ന് അവൾക്കറിയാമായിരുന്നു.
തങ്കമണി ബിഫാം പഠനം പൂർത്തിയാക്കുന്ന വർഷമാണു സുനിലിനെ കണ്ടത്. സുമുഖനും സൗമ്യപ്രകൃതക്കാരനുമായ ആ യുവാവിനെ നഗരത്തിൽ ഒരു ഭക്ഷ്യമേളയ്ക്കിടെ അവൾ പരിചയപ്പെട്ടു. കേറ്ററിങ് ഏജൻസി നടത്തുകയായിരുന്ന സുനിലിന്റെ ഒരു സ്റ്റാൾ അവിടെയുണ്ടായിരുന്നു. പിന്നീട് അവർ പതിവായി കാണാൻ തുടങ്ങി. ഒരു ദിവസം രാവിലെ സുനിലിന്റെ താമസസ്ഥലത്ത് അവൾ പോയി. സുനിൽ അവൾക്കായി ഭക്ഷണമുണ്ടാക്കി. സന്ധ്യയായപ്പോൾ തങ്കമണി പറഞ്ഞു, എനിക്കു നിന്നെ ഇഷ്ടമായി. ഞാനിവിടെ താമസിക്കാൻ പോകുന്നു. സുനിൽ പറഞ്ഞു, ഞാൻ നിനക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. നമുക്ക് ഒരുമിച്ചു ജീവിക്കാം. അവർ വിവാഹിതരാകാൻ തീരുമാനിച്ച ദിവസം തങ്കമണിക്ക് അത്ഭുതം പോലെയാണു തോന്നിയത്. താൻ വേഗം പ്രേമത്തിലായെന്നും അതിനേക്കാൾ വേഗം വിവാഹത്തിലുമെത്തിയെന്നത് അവൾക്ക് അതിശയമായി തോന്നി. തന്നെപ്പറ്റി താൻ സ്വയം കരുതിയ പലതും തെറ്റാണല്ലോ എന്നോർത്ത് അവൾക്കു ചിരിവന്നു.
തോമസും തങ്കമണിയും കന്യാകുമാരിയിൽ ട്രെയിനിറങ്ങുമ്പോൾ ഒരു ചാറ്റൽ മഴയുണ്ടായിരുന്നു. ഉച്ചസൂര്യൻ മറഞ്ഞ് അന്തരീഷം ഇരുണ്ടുകിടന്നു. എൽകുന്നിൽ ഇത്തരം ചാറ്റൽമഴ ചിലപ്പോൾ മണിക്കൂറോളം നീളും. അപ്പോൾ വേനലാണെങ്കിലും അന്തരീഷം വല്ലാതെ തണുക്കും. ആ തണുപ്പിൽ ബീഡി വലിക്കാൻ നല്ല രസമായിരുന്നു.
എൽകുന്നിലെ മഴക്കാലത്തെപ്പറ്റി അയാൾ ട്രെയിനിലിരുന്ന് തങ്കമണിയോടു പറഞ്ഞിരുന്നു. വർക്കിയുമായുള്ള സൗഹൃദം ആരംഭിച്ചശേഷമുള്ള ആദ്യ മഴക്കാലം അയാൾക്കു മറക്കാനാവില്ല. ഒരു ദിവസം ഉച്ചകഴിഞ്ഞതും പെരുമഴ തുടങ്ങി. കമുകുകളുടെയും തെങ്ങുകളുടെയും തലപ്പുകൾ ആട്ടിയുലച്ച്, വീടുകളുടെ ഓടുകളും തകരപ്പാളികളും അടിച്ചുപറത്തി മഴക്കൊപ്പം കാറ്റുകൂടി വന്നപ്പോൾ തോമസ് ഭയന്നുപോയി.

വൈദ്യുതി നിലച്ച ആ സന്ധ്യയിൽ തപാൽ ഓഫീസിന്റെ തിണ്ണയിൽ അയാൾ ഒറ്റയ്ക്കിരുന്നു. കവലയിൽ ഓട കവിഞ്ഞ് റോഡിലൂടെ കുത്തിയൊഴുകുന്ന മഴവെള്ളം. തിണ്ണയിലാകെ കാറ്റടിച്ചു മഴവെള്ളം ചിതറിച്ചിട്ടും അയാൾ ഇരുന്നിടത്തുതന്നെ തുടർന്നു. വെള്ളച്ചാട്ടത്തിന്റെ ഇരമ്പം ഭയങ്കരമായി വർധിച്ചുവന്നു. തോടുകൾ നിറഞ്ഞു വെള്ളം കവലയിലൂടെ ഒഴുകി. കടകളെല്ലാം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കൂടാരങ്ങൾ പോലെ തോന്നി. അന്നു വർക്കി വന്നില്ല. ആ രാത്രി തോമസിനു കഷ്ടരാത്രിയായിരുന്നു. ഉരുൾ പൊട്ടലിൽ ആ തപാൽ ഓഫീസ് കെട്ടിടം ഒലിച്ചുപോകുകയാണെങ്കിൽ തന്റെ ശരീരം ഒഴുകി വെള്ളച്ചാട്ടത്തിൽ ചിന്നിച്ചിതറിപ്പോകുമല്ലോ എന്ന് അയാൾ സങ്കൽപിച്ചു. കുറേ വർഷങ്ങൾക്കു മുൻപുണ്ടായ ഉരുൾപൊട്ടലിൽ ആ മലയോരത്തെ ഒരു വീട് രാത്രി ഒലിച്ചുപോയതിനെപ്പറ്റി വർക്കി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. നേരം വെളുത്തപ്പോൾ വീടിനിരുന്നിടത്ത് ഒരു വലിയ മൺകൂന മാത്രം. രക്ഷാപ്രവർത്തകരും നാട്ടുകാരും രാവുംപകലും തിരഞ്ഞിട്ടും വീട്ടിലുണ്ടായിരുന്ന അഞ്ചുപേരെയും കണ്ടെത്താനായില്ല. അതേപോലെ ഈ പെരുമഴയുടെ രാത്രി പിന്നിടുമ്പോൾ, താനും തിരോധാനം ചെയ്‌തേക്കുമോ എന്നു സങ്കൽപിച്ച് തോമസ് കൂടുതൽ സിഗരറ്റുകൾ വലിച്ചു. അലമാരയിൽ ബാക്കിയുണ്ടായിരുന്ന അരക്കുപ്പി റം കൂടി വലിച്ചുകുടിച്ചിട്ട് അയാൾ അത്താഴം കഴിക്കാതെ ഉറങ്ങിപ്പോയി.

രാവിലെയായപ്പോൾ മഴ തോർന്നിരുന്നു. മുറ്റത്തിറങ്ങി നോക്കുമ്പോൾ കവലയിലും അങ്ങാടിയിലും വെള്ളം താഴ്ന്നിട്ടില്ല. ആളുകൾ മുട്ടൊപ്പം വെള്ളത്തിലൂടെ നടക്കുന്നു. ഒരു മഴക്കോട്ടു പുതച്ച് മുണ്ടു മടക്കിക്കുത്തി പോസ്റ്റ്മാസ്റ്റർ പത്തുമണിയായപ്പോഴേക്കും എത്തി. മലവെള്ളപ്പാച്ചിലിൽ പലേടത്തും റോഡുകൾ ഒലിച്ചുപോയിരുന്നു. ബസോട്ടവും നിന്നു. ഒരാഴ്ചയെങ്കിലുമെടുക്കും റോഡ് നന്നാക്കാൻ. എവിടെയോ ഉരുൾ പൊട്ടിയിട്ടുണ്ട്. ഉച്ചയോടെ വർക്കിയെത്തി. അയാളുടെ വീട്ടിലേക്കുള്ള വഴിയെല്ലാം മണ്ണിടിഞ്ഞുകിടക്കുകയാണ്. അപ്പോഴാണു തോമസ് അക്കരെ മലയിലേക്കു നോക്കിയത്. ചിലയിടങ്ങളിൽ മണ്ണിടിഞ്ഞത് തപാൽ ഓഫീസ് തിണ്ണയിൽനിന്നാൽ കാണാമായിരുന്നു. താൻ ആ മല കയറാൻ ഒരു ദിവസം വരുമെന്ന് തോമസ് അപ്പോഴാണു വർക്കിയോടു പറഞ്ഞത്.

മാസങ്ങൾക്കുശേഷം വർക്കിയുടെ മലമുകളിലെ വീട്ടിലേക്ക് അയാൾ പോയി. കുത്തനെയുള്ള കയറ്റമായതോടെ അയാൾക്കു ശ്വാസം മുട്ടി . ഈ വഴിയത്രയും ദിവസവും മനുഷ്യർ നടക്കുന്നതെങ്ങനെ എന്ന് അയാൾ അതിശയിച്ചു. പത്താം ക്ലാസുകാരിയായ വർക്കിയുടെ മകൾ മേരി , തോമസ് കുന്നുകയറി ശ്വാസം കിട്ടാതെ അണച്ചുചെല്ലുമ്പോൾ പടിക്കൽ കാത്തുനിൽക്കുകയായിരുന്നു. മുറ്റത്തു പൂച്ചെടികൾ വളർന്നുനിൽക്കുന്ന ചെറിയ വീട്. മേരി അയാളോടു നിർത്താതെ സംസാരിച്ചു. അവളുടെ വലത്തേക്കവിളിൽ ഒരു മറുകുണ്ടായിരുന്നു, ഉണങ്ങിയ കുരുമുളക് പറ്റിപ്പിടിച്ചിരിക്കുന്നതു പോലെ. തൊട്ടാൽ അത് അടർന്നുപോരുമെന്ന് അയാൾക്കു തോന്നി. വർക്കിയുടെ ഭാര്യ അധികമൊന്നും സംസാരിച്ചില്ല, സൗമ്യവതിയായ ആ സ്ത്രീ പുഞ്ചിരിയോടെ തോമസിന് ആഹാരം വിളമ്പി.

അയാളോടു വിശേഷങ്ങൾ ചോദിച്ചു. അവരെ വീട്ടുജോലികളിൽ സഹായിക്കാനും മേരി ഓടിനടന്നു. ആ സന്ദർശനം തോമസിന് വലിയ സന്തോഷമുണ്ടാക്കി. പിന്നീടു പലവട്ടം അയാൾ ആ കുന്നുകയറി. ഒരിക്കൽ വർക്കി അയാളെ പറമ്പ് കാണിക്കാൻ കൊണ്ടുപോയി. അവിടെ ഒരു കാഴ്ചയുണ്ടായിരുന്നു. പറമ്പിന്റെ അതിരായി, ഏറ്റവും ഉയരമുള്ള ചെരുവിൽ, പാറക്കെട്ടുകൾക്കിടയിൽ ഒരു വലിയ ഗുഹ.
ഒരാൾപ്പൊക്കമുള്ള, മൂന്നോ നാലോ പേർക്കു കയറിനിൽക്കാവുന്ന ഗുഹാകവാടത്തിലൂടെ നേർത്ത വെള്ളച്ചാലുണ്ടായിരുന്നു. മഴക്കാലത്ത് അതു നിറഞ്ഞൊഴുകും.

വേനലാവുമ്പോഴേക്കും നേർത്തുനേർത്തുവറ്റും. ആ സമയം ഗുഹയ്ക്കകത്തേക്കു നടന്നു പോകാം. കുറച്ചങ്ങു പോയാൽ വെളിച്ചം കുറഞ്ഞുവരും. അവിടെ ഒരു കുളമുണ്ട്. പണ്ടൊരിക്കൽ വർക്കിയും കൂട്ടുകാരും അവിടെ ചൂട്ടുകത്തിച്ചു പോയിട്ടുണ്ട്. ഇപ്പോൾ ആരും അങ്ങോട്ടൊന്നും കയറാറില്ല. കാടുവളർന്നു. ഇഴജന്തുക്കളുടെ ശല്യവും പെരുകി. വേനൽക്കാലമായാൽ വർക്കി ഗുഹാമുഖത്തെ കാടുവെട്ടി വൃത്തിയാക്കും. അവിടെ വേനലിൽ ഒരു തണുപ്പുണ്ട്. ഒരുതരം ഈർപ്പം. ആ സമയം പകൽ ചിലപ്പോൾ അയാൾ അവിടെയിരുന്നു തനിയെ ചെസ് കളിക്കും. നല്ല പോലെ പുകയ്ക്കും.

വർക്കി ഇതെല്ലാം ആവേശത്തോടെ വിവരിക്കുമ്പോൾ, ഗുഹയ്ക്കുള്ളിൽനിന്ന് നേരിയ മുഴക്കത്തോടെ വെള്ളം പുറത്തേക്ക് ഒഴുകുന്നതു നോക്കി നിൽക്കുകയായിരുന്നു തോമസ്. അയാൾക്കു നല്ല ഭയമാണു തോന്നിയത്. അപ്പോൾ പൊടുന്നനെ വർക്കി പറഞ്ഞു. ""സാറേ, എന്റെ മരണദിവസം ഞാൻ ഈ ഗുഹയ്ക്കുള്ളിലേക്കു പോകും. ഇതിനുള്ളിലെ ഇരുട്ടിലായിരിക്കും ഞാൻ മരിക്കുക!''
തോമസ് ഞെട്ടിപ്പോയി. "അതിന് മരണം എങ്ങനെ അറിയാനാണ് ?', വർക്കിയെ മിഴിച്ചുനോക്കി ഒരു കുട്ടിയെപോലെ, അയാൾ ചോദിച്ചു
വർക്കി ഉറക്കെച്ചിരിച്ചു, "ഇതെല്ലാം ഓരോ കിനാവല്ലേ.. ഇവിടെ വരുമ്പോഴെല്ലാം എനിക്കങ്ങനെ തോന്നാറുണ്ട്. അത്രേയുള്ളു!'

കന്യാകുമാരിയിലെ ചാറ്റൽമഴയിൽ തോമസും തങ്കമണിയും സ്റ്റേഷനിൽനിന്നു പുറത്തേക്കുവരുമ്പോൾ കവാടത്തിൽ ഒരു വെള്ള അംബാഡർ കാറിൽ ചാരി കുട ചൂടി നിൽക്കുകയായിരുന്ന സ്ത്രീ അവർക്കു നേരെ വന്നു.
-"നോക്കൂ, എന്റെ അമ്മയാണ്..', തങ്കമണി പറഞ്ഞു.
തങ്കമണിയെപ്പോലെ ഉയരമുണ്ട് കമലയ്ക്ക്. ചലനങ്ങളിൽ ഉത്സാഹവും. കൺമഷി പരന്ന വലിയ കണ്ണുകൾക്കു താഴെയുള്ള കറുത്ത പാടുകൾ ഒഴിച്ചാൽ പ്രസാദപൂർണമായ മുഖം. ക്ഷമാമധുരമായ നോട്ടത്തോടെ തിടുക്കത്തിൽ അടുത്തത്തെത്തി, ""തോമസ്..!'' എന്നു വിളിച്ച് നനഞ്ഞ കൈ വിരലുകൾ കൊണ്ട് അയാളുടെ കൈത്തലത്തിൽ സ്പർശിച്ചു.

മഴ ഉടനെ മാറുമെന്നു വണ്ടിയോടിക്കുന്നതിനിടെ കമലം പറഞ്ഞു. ജംങ്ഷനിൽ ഒരാൾ വട്ടംചാടിയപ്പോൾ, ഒരു വിചിത്ര ശബ്ദം പുറപ്പെടുവിച്ചതല്ലാതെ യാത്രയ്ക്കിടെ മറ്റൊന്നും മിണ്ടിയില്ല. ഹോട്ടൽ മുറിയുടെ താക്കോൽ വാങ്ങി തങ്കമണിയാണ് ഒപ്പം വന്നത്. അഞ്ചാം നിലയിൽ കടലിന് അഭിമുഖമായിരുന്നു ആ മുറി. തങ്കമണി പറഞ്ഞതുപോലെ തന്നെ. ആ ബാൽക്കണിയിൽ ഇരുന്നാണു സംസാരിക്കേണ്ടതെന്നു മുൻപ് തങ്കമണി പറഞ്ഞത് അയാൾക്ക് ഓർമ വന്നു. ഏതൊരു കഥയും അതിനു യോജ്യമായ അന്തരീഷത്തിൽ വേണം പറയാൻ. ആ സമയമാകും വരെ ഉള്ളിൽ ഒരു കഥയുണ്ടെന്ന് പറയുന്ന ആൾക്കുപോലും നിശ്ചയമുണ്ടാവില്ല.
ഉച്ചഭക്ഷണം കഴിഞ്ഞയുടൻ യാത്രാക്ഷീണത്താൽ അയാൾ ഉറങ്ങിപ്പോയി. ഉണരുമ്പോൾ അയാളെ തന്നെ നോക്കി എതിർവശത്തെ സോഫായിൽ തങ്കമണി ഇരുപ്പുണ്ട്. അയാൾ കട്ടിലിൽ എഴുന്നേറ്റിരുന്നതും അവൾ പറഞ്ഞു, "തോമാ, നീ ഉറക്കത്തിൽ പിറുപിറുക്കുന്നുണ്ടായിരുന്നു'. അയാൾ അവൾക്കു നേരെ പകച്ചുനോക്കി. "പക്ഷേ, എനിക്കൊന്നും മനസിലായില്ല.' അവൾ ചിരിച്ചുകൊണ്ടു എണീറ്റുപോയി ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു. സന്ധ്യയായിരുന്നു. വാതിൽ തുറന്നതും കാറ്റും കടലിന്റെ ഇരമ്പവും ഉയർന്നു. അസ്തമയവെളിച്ചം പകർന്ന ആകാശം. ഉയരുന്ന പാറക്കെട്ടുകൾ. ഹോട്ടലിനു പിന്നിൽ, കടലോരത്തു നിരയായി കുടിലുകളുണ്ടായിരുന്നു. ആ കുടിലുകൾക്കു മുന്നിലായി ഉയർത്തിവച്ചിരിക്കുന്ന തോണികൾ, ഓടിക്കളിക്കുന്ന കുട്ടികൾ.

എൽകുന്നിൽ, വർക്കിക്കൊപ്പം കണ്ട ഗുഹയുടെ ഉള്ളിലെ ഇരുട്ടിൽനിന്ന് ഭയങ്കരനായ കാട്ടുപന്നി തനിക്കുനേരെ കുതിച്ചു വരുന്നതുകണ്ടു നിലവിളിച്ചാണ് പിന്നീടൊരു രാത്രി തോമസ് ഉണർന്നത്. എന്നാൽ അതിനു തൊട്ടുമുൻപ് അയാൾ വർക്കിയുടെ മകൾ മേരിയെ സ്വപ്നം കാണുകയായിരുന്നു. തപാൽ ഓഫീസിലേക്കുള്ള കൽപടവുകൾ കയറി അവൾ വരുന്നു. തോമസ് അവളെയും നോക്കി ഏറ്റവും മുകളിലെ പടിയിലിരിക്കുന്നു. അവളുടെ സ്‌കൂൾ ബാഗ് തോമസ് ചോദിച്ചുവാങ്ങുന്നു. അതിൽനിന്ന് ഒരു നോട്ട് ബുക്കെടുത്തു അതിന്റെ മുകളിൽ നൃത്തം ചെയ്യുന്ന പെൺകുട്ടിയെയാണ് തോമസ് വരച്ചത്. വർണരഹിതമായ ആകാശത്തേക്ക് മുടികൾ പറത്തി, അന്തരീഷത്തിലേക്ക് പാവാട വിരിച്ച് അവളുടെ ഉടൽ രൂപമെടുക്കുമ്പോഴേക്കും ആ സ്വപ്നമവസാനിച്ചുപോയി.

ആ രണ്ടു സ്വപ്നങ്ങൾക്കിടയിലെ ദൂരം കണക്കാക്കാൻ അയാൾക്കു പറ്റിയില്ല. ആദ്യ സ്വപ്നത്തിന്റെ അമ്പരപ്പിൽ അയാൾ നിദ്രയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കേ ഇരുണ്ട മേഘങ്ങൾ തൂങ്ങിനിൽക്കുന്ന ആകാശത്തിനുകീഴെ പാറക്കെട്ടുകൾക്കിടയിൽ ആ ഗുഹ പ്രത്യക്ഷപ്പെട്ടു. പാറക്കല്ലുകൾ ഉരുളുന്ന ഒച്ച കേട്ടു. ഗുഹയ്ക്കകത്തുനിന്ന് അയാളുടെ നേർക്ക് അപ്പോഴേക്കും ഭയങ്കരമായ മുരൾച്ചയോടെ ഭീമൻ കാട്ടുപന്നി കുതിച്ചുചാടി...
തങ്കമണി എഴുന്നേറ്റു വന്ന് അയാൾക്കു ചായക്കപ്പ് എടുത്തുകൊടുത്തു. വിവശമായ മുഖത്തോടെ തോമസ് അതു വാങ്ങിയെങ്കിലും അയാളുടെ കൈകകൾ വിറച്ചുകൊണ്ടിരുന്നു. തന്റെ സംസാരം ഇവിടെ അവസാനിപ്പിക്കണമെന്ന് തോമസ് വിചാരിച്ചു. എന്നാൽ, തങ്കമണി അയാളെ തന്നെ നോക്കിയിരിക്കുകയായിരുന്നു. അയാൾക്കു തുടരാതെ നിവൃത്തിയില്ലായിരുന്നു. ഒരിക്കൽ സംസാരിച്ചുതുടങ്ങിയാൽ അന്ത്യം വരെ നിങ്ങൾ പോകണം.
അസുഖകരമായ ആ ഉറക്കത്തിൽനിന്നു പിറ്റേന്നു നേരം പുലരും മുൻപേ എൽകുന്നിലെ നാട്ടുകാരിലാരോ ആണ് തോമസിനെ വിളിച്ചുണർത്തിയത്. വർക്കിയുടെ മകൾ മരിച്ചുപോയെന്നു പറഞ്ഞു. ഉൾക്കിടിലം മൂലം അയാളുടെ തൊണ്ട വരണ്ടുപോയി. തോമസിന്റെ ഭാവമാറ്റം ശ്രദ്ധിക്കാതെ വന്നയാൾ തുടർന്നു,
""സാറേ ആ കൊച്ച് തൂങ്ങിച്ചത്തതാ. വീടിന്റെ പിറകിലെ ചായ്പില് രാവിലെ തൂങ്ങിനിൽക്കാർന്ന്.''
മുറ്റത്തിറങ്ങി പുലരിവെയിലിൽ തുടുത്തുനിൽക്കുന്ന അക്കരെ മലയിലേക്ക് അയാൾ നോക്കി. അവിടെ വർക്കിയുടെ വീട് എവിടെയാണെന്നും അയാൾക്കറിയാം. കുഴഞ്ഞുവീഴാതിരിക്കാൻ അയാൾ അരമതിലിൽ പിടിച്ചു നിന്നു. മേരിയെ കാണാൻ തോമസ് പോയി. അയാൾ എത്തിയപ്പോൾ വർക്കി അടുത്തു വന്നുനിന്ന് ശബ്ദം അടക്കി തേങ്ങിക്കൊണ്ടിരുന്നു.
""ദൈവമേ! എന്തിനാണ് ആ കുട്ടി അതു ചെയ്തത് ? - തങ്കമണി ചോദിച്ചു. തോമസ് തന്റെ മുന്നിലിരുന്ന തണുത്ത ചായയിലേക്കു നോക്കി. അസ്തമയവെളിച്ചം ബാക്കി നിൽക്കുന്ന ചക്രവാളത്തിലേക്കു നോക്കി. കടലോരത്തെ വിളക്കുകൾ തെളിഞ്ഞിരുന്നു. രാത്രിയുടെ ആരംഭത്തിലേക്കു നോക്കി, സാന്ധ്യാപ്രകാശത്തിൽ തുടുത്ത തങ്കമണിയുടെ കവിൾത്തടം നോക്കി, ഇതാ ആ സമയം വന്നിരിക്കുന്നു എന്ന് അയാൾ വിചാരിച്ചു.
മേരി അന്ന് ഉച്ചയോടെ സ്‌കൂൾ വിട്ടെത്തി. ആ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വൈകിട്ട് അഞ്ചുമണിയോടെ അമ്മ വരുമ്പോൾ മേരി കിടക്കുകയായിരുന്നു. വയ്യെന്നും തലവേദനിക്കുന്നുവെന്നും പറഞ്ഞു. അവർ ചായയും പലഹാരവും ഉണ്ടാക്കിക്കൊടുത്തു. തലവേദന മാറാൻ മരുന്നു കൊടുത്തു. അന്നു രാത്രി വർക്കി വന്നപ്പോഴും അവൾ കിടക്കുകയായിരുന്നു. അവളുടെ നെറ്റിയിൽ കൈ വച്ചു നോക്കി. മകൾക്കു പനിക്കുന്നുവെന്ന് അയാൾക്കു തോന്നി. രാവിലെ ആശുപത്രിയിൽ പോകാമെന്നുപറഞ്ഞ് അയാൾ ഉറങ്ങാൻ പോയി. പിറ്റേന്നു രാവിലെ ഉണരുമ്പോൾ മുറിയിൽ മേരി ഇല്ലായിരുന്നു. വിറകും പഴയസാധനങ്ങളും സൂക്ഷിക്കുന്ന വീടിന്റെ പിൻവശത്തെ ചായ്പിൽ മകൾ തൂങ്ങിനിൽക്കുന്നതാണു അമ്മ കണ്ടത്.
അവൾ ബലാൽസംഗം ചെയ്യപ്പെട്ടിരുന്നുവെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറഞ്ഞു. സ്‌കൂളിൽനിന്നു മടങ്ങുന്ന വഴിയിലോ വീട്ടിലെത്തിയശേഷമോ ആയിരിക്കണം. പൊലീസ് ദിവസങ്ങളോളം അന്വേഷിച്ചുവെങ്കിലും ആ കുറ്റം അതിന്റെ രഹസ്യം തുറന്നുകൊടുത്തില്ല.
ഒരാഴ്ച കഴിഞ്ഞ് സന്ധ്യക്കു വർക്കി തോമസിനെ കാണാൻ പോയി. മകൾ മരിച്ചശേഷം അയാൾ വീട്ടിൽനിന്നു പുറത്തിറങ്ങാതെ കഴിയുകയായിരുന്നു. വർക്കി കൽപ്പടവുകൾ മെല്ലെ കയറി അണച്ചു വരുമ്പോൾ തോമസ് പനിബാധിച്ചെന്ന പോലെ ഒരു കമ്പിളി പുതച്ച് ഏറ്റവും മുകളിലെ പടിയിൽ ഇരിക്കുന്നുണ്ടായായിരുന്നു. രണ്ടു മൂന്നു പടികൾക്കു താഴെ വർക്കി ഇരുന്നു. പാമ്പുകടിയേറ്റതുപോലെ അയാളുടെ മുഖവും കൈകളും കരുവാളിച്ചിരുന്നു. കുറച്ചുനേരം കഴിഞ്ഞ് അയാൾ തിരിച്ചുപോയി.
പിറ്റേന്നു രാവിലെ എഴുന്നേറ്റ വർക്കി, പണിസാധനങ്ങളുമായി പറമ്പിലേക്കു പോയി. ഒരു ചാക്കിൽ പൊതിഞ്ഞ് അയാൾ ഒരു കന്നാസ് മണ്ണെണ്ണയും എടുത്തിരുന്നു. പറമ്പിലൂടെ ഒരുവട്ടം നടന്നശേഷം അയാൾ ഗുഹയുടെ മുന്നിലെത്തി. മണ്ണെണ്ണ ദേഹത്തൊഴിച്ചു തീ കൊളുത്തി. ആളുന്ന തീയുമായി അയാൾ ഗുഹയുടെ ഇരുട്ടിലേക്ക് അലറിക്കൊണ്ടു പാഞ്ഞു. അതിനുള്ളിൽ കൂടുവച്ചിരുന്ന കിളികളെല്ലാം തീച്ചൂടിൽ പുറത്തേക്കു പറന്നുപോയി. വർക്കിയുടെ ചെസ്‌ബോർഡും കരുക്കളും ഗുഹാകവാടത്തിൽ ചിതറിക്കിടന്നു. അയാൾ പാതിവലിച്ച ബീഡിക്കുറ്റിയും അവിടെ പുല്ലുകൾക്കിടയിൽ ബാക്കിയായി.
"തങ്കമണീ..', തോമസ് വിളിച്ചു. അവൾ എഴുന്നേറ്റു. അവൾക്കു നേരെ കൈകൾ ഉയർത്തി അയാൾ പറഞ്ഞു, ""വരൂ എന്റെ മടിയിലിരിക്കൂ''. തങ്കമണി അയാളുടെ മടിയിലിരുന്നു. മെല്ലെ പടരുന്ന ഇരുട്ടിൽ, കടലിന്റെ ഒച്ച, കാറ്റിന്റെ ഒച്ച. തങ്കമണി അയാളുടെ നെഞ്ചിലേക്കു ചാഞ്ഞു മുഖം ചേർത്തു. അയാളുടെ ഉടൽ പൊള്ളുന്നുണ്ടായിരുന്നു. അയാളുടെ കാതിൽ ചുണ്ടുകൾ ചേർത്ത് അവൾ "തോമാ... തോമാ' എന്നാവർത്തിച്ചു. എന്നിട്ട് കാതിൽ ചുംബിച്ചു.
രാത്രി അവർ തെരുവിൽ പലയിടത്തും നടന്നു. വഴിവാണിഭക്കാർ നിരന്നിരിക്കുന്ന ഒരു തെരുവിലൂടെ പോയി. അവിടെ പ്രകാശം കുറവായിരുന്നു. വഴിയോരത്ത് ഇരുവശവും കത്തിച്ചുവച്ച മണ്ണെണ്ണവിളക്കുകൾക്കു മുന്നിൽ കറുപ്പഴകാർന്ന സ്ത്രീകൾ സഞ്ചാരികൾക്കായി കരകൗശല വസ്തുക്കൾ വിൽക്കാനിരുന്നു. അവിടെ കുറച്ചുനേരം നിൽക്കാമെന്നു തോമസ് പറഞ്ഞു. അയാൾക്കു പെട്ടെന്ന് തങ്കമണിയുടെ അമ്മയെ ഓർമ വന്നു. ഹോട്ടലിനു മുന്നിൽ കാറിൽനിന്നിറങ്ങുമ്പോൾ എന്റെ അമ്മ സുന്ദരിയല്ലേ എന്ന് അവൾ ചോദിച്ചതും മനസിലേക്കു വന്നു. ഹോട്ടലിൽ എത്തിയശേഷം കമലത്തെ കണ്ടിട്ടേയില്ല. ഇടയ്ക്ക് എപ്പോഴെങ്കിലും വന്നു സംസാരിക്കുമെന്നാണ് അയാൾ വിചാരിച്ചത്. അതും ഉണ്ടായില്ല.

വഴിയോരത്ത് കടൽമീനുകൾ വാലും ചിറകും മാത്രം മുറിച്ചു കളഞ്ഞ് മുളകുതേച്ച് പൊള്ളിച്ചെടുക്കുന്ന കടകളുണ്ടായിരുന്നു. വെളിച്ചം കുറവായ അവിടെ മനുഷ്യർ നിഴലുകളായി കുരുങ്ങിനിന്നു. കടയുടെ മുന്നിലെ ബെഞ്ചിലിരുന്ന് ഇരുവരും മീൻ പൊള്ളിച്ചതു കഴിച്ചു. തന്റെ വിവാഹം മുടങ്ങിപ്പോയതിനെപ്പറ്റി അവൾ സംസാരിച്ചു തുടങ്ങിയതു ഹോട്ടലിലേക്കു മടങ്ങുന്ന വഴിയിലാണ്.
വിവാഹം കഴിക്കാമെന്നു തീരുമാനിച്ചതിനു പിന്നാലെ തങ്കമണിയും സുനിലും ഒരുമിച്ചു കന്യാകുമാരിയിൽ പോയി താമസിച്ചിരുന്നു. ഹോട്ടലിലല്ല തങ്കമണിയുടെ വീട്ടിൽ. രണ്ടാം ദിവസം അവർ കന്യാകുമാരിയിൽനിന്നു ഒരുമിച്ചു മടങ്ങി.
നഗരത്തിൽ മടങ്ങിയെത്തിയതിന്റെ പിറ്റേന്നു രാവിലെ ഇരുവരും പരസ്പരം കണ്ടില്ല. വൈകിട്ടു തങ്കമണി കാത്തിരുന്നു. അയാൾ വന്നില്ല. പിറ്റേന്നു രാവിലെ അവൾ അയാളുടെ താമസസ്ഥലത്തുപോയി. വീടു പൂട്ടിയിരുന്നു. തങ്കമണിക്ക് ആധി കയറി. എന്തെങ്കിലും സംഭവിച്ചിരിക്കുമോ എന്ന് അവൾ ഭയന്നു. അതിന്റെ പിറ്റേന്നും ഒരു വിവരവും ലഭിച്ചില്ല. മൂന്നാം ദിവസം തിടുക്കപ്പെട്ടു തങ്കമണി ചെല്ലുമ്പോൾ വീട്ടിൽ അയാളുണ്ട്.
തങ്കമണി അയാളെ കണ്ടപാടെ ഒച്ചവച്ചു. ദേഷ്യപ്പെട്ടു. പിന്നെ നിന്നനിൽപിൽ കരഞ്ഞു. കരയരുത്, കരയരുത് എന്നു സുനിൽ പറഞ്ഞു. അവളെ സോഫയിൽ ഇരുത്തിയശേഷം എതിരെ കസേര വലിച്ചിട്ടിരുന്ന് അവളോടു സംസാരിക്കാൻ തുടങ്ങി. അയാൾ ആ ദിവസങ്ങളിൽ കന്യാകുമാരിക്കു പോയതായിരുന്നു. അവളുടെ അമ്മ കമലം ആവശ്യപ്പെട്ടിട്ടായിരുന്നു അത്.
കന്യാകുമാരിയിലെ ആദ്യ സന്ദർശനത്തിൽതന്നെ സംഭവിച്ചുപോയ ബന്ധത്തിന്റെ തുടർച്ചയായിരുന്നു. താനും കമലവും പ്രേമത്തിലായിപ്പോയെന്നും തനിക്കു കമലത്തെ വേണമെന്നും അയാൾ അവളോടു പറഞ്ഞു.
കരഞ്ഞുകൊണ്ടിരുന്ന തങ്കമണി അതുകേട്ടതോടെ പെട്ടെന്നു കരച്ചിൽ നിർത്തി. കണ്ണീരു തുടച്ച് സോഫയിൽ നിവർന്നിരുന്ന് അയാളെ നന്നായി ശ്രദ്ധിക്കാൻ തുടങ്ങി. ശരിയാണ്, കമലം ആർദ്രത പൂണ്ടതു തനിക്കു കണ്ടുപിടിക്കാനായില്ല. കന്യാകുമാരിയിൽനിന്ന് മടങ്ങുന്ന ട്രെയിനിൽ മുഴുവൻ നേരവും സുനിൽ പുറത്തേക്കു നോക്കിയിരിക്കുകയായിരുന്നു. അല്ലാത്തപ്പോൾ ഉറങ്ങുന്ന പോലെ കണ്ണടച്ചിരുന്നു. അതും തനിക്ക് അപ്പോൾ മനസ്സിലായില്ല. ഇപ്പോൾ എല്ലാം വ്യക്തമാകുന്നു. അയാളുടെ മുഖം തന്നെ എല്ലാം വിളിച്ചു പറയുന്നു. അയാളുടെ കണ്ണുകളിൽ സത്യം മാത്രം ആളുന്നു. തങ്കമണി എഴുന്നേറ്റു പോയി മുഖം കഴുകി. കണ്ണാടി നോക്കി മുടിയിഴകൾ ഒതുക്കിവച്ചു. പലവട്ടം ദീർഘശ്വാസം വിട്ട് കുറച്ചുനേരം അങ്ങനെ തന്നെ നിന്നു. അവളുടെ അച്ഛൻ മരിച്ചദിവസമാണു തങ്കമണി കണ്ണാടിക്കു മുന്നിൽ ഏറ്റവുമധികം നേരം ഇതേപോലെ നിന്നിട്ടുള്ളത്. കണ്ണാടിയിൽ നോക്കിനിന്നാൽ, അതിന്റെ അഗാധതയിൽനിന്നു തനിക്കു ധൈര്യം കുറേശ്ശേയായി പകർന്നു കിട്ടുമെന്ന് അവൾക്കറിയാമായിരുന്നു. ഒടുവിൽ അവൾക്കു വേണ്ട വാക്യങ്ങൾ ലഭിച്ചു.
""സുനിൽ, ആഗ്രഹം നടക്കട്ടെ. ഞാൻ അമ്മയ്ക്ക് എതിരല്ല.''
""എന്നോടു ദേഷ്യം തോന്നരുത് തങ്കം'', അയാൾ തുടർന്നു, ""നാം തമ്മിലുള്ള വിവാഹം നടക്കില്ല.''
""എനിക്കതു മനസ്സിലായി. പക്ഷേ ദേഷ്യം എന്തിന് ?'' തങ്കമണി മന്ദഹസിച്ചു,
""എനിക്ക് എന്റെ അമ്മയുടെ മനസ്സ് അറിയാം. ഇക്കാര്യം നാം തമ്മിൽ സംസാരിച്ചത് ഇപ്പോൾ അമ്മയോടു പറയണ്ട. ഞാൻ തന്നെ സംസാരിക്കാം. എനിക്കു അമ്മയേക്കാൾ വലുതായി ഒന്നുമില്ല, സുനിൽ!''
അവൾ ഹാൻഡ് ബാഗ് എടുത്തുകൊണ്ടു പുറത്തേക്കു നടന്നു,
സുനിൽ അതു പ്രതീക്ഷിച്ചിരുന്നില്ല. അയാൾക്ക് അവളുടെ പെരുമാറ്റത്തിൽ അമ്പരപ്പു തോന്നി. അവൾ വല്ല കടുംകൈയും ചെയ്യുമോ എന്ന പേടി പെട്ടെന്നാണ് അയാളെ ബാധിച്ചത്.
""എന്നോടു വേറൊന്നും പറയാനില്ലേ... ? '' അയാൾ പിന്നാലെ ചെന്നു ചോദിച്ചു. തങ്കമണി തിരിഞ്ഞുനോക്കി. ""സുനിൽ സംശയിക്കണ്ട, എനിക്ക് ചത്തുകളയാനുള്ള വിഷമം ഒന്നുമില്ല. കാരണം ഞാൻ അമ്മയെ അത്രമേൽ സ്‌നേഹിക്കുന്നു.''- അവൾ വാതിൽ തുറന്നു പുറത്തിറങ്ങി നടന്നുപോയി.
പിറ്റേന്ന് ഉച്ചയോടെ സുനിലിന്റെ താമസസ്ഥലത്ത് തങ്കമണി തിരിച്ചെത്തി. അവൾ ഉച്ചഭക്ഷണം ഉണ്ടാക്കി. ഇരുവരും ഒരുമിച്ചിരുന്നു കഴിച്ചു. അമ്മയെ താൻ തന്നെ വിവരമറിയിച്ചോളാമെന്നു പറഞ്ഞാണു തങ്കമണി മടങ്ങിയത്. അന്നു രാത്രി സുനിലിനു കഠിനമായ വയറുവേദന വന്നു. അയൽവാസികളാണ് അയാളെ ആശുപത്രിയിലാക്കിയത്. അതിരാവിലെ തങ്കമണി ആശുപത്രിയിൽ ചെല്ലുമ്പോൾ അയാൾ ഐസിയുവിലായിരുന്നു. ഗുരുതരമായ ഭക്ഷ്യവിഷബാധയാണെന്നു ഡോക്ടർ പറഞ്ഞു. പാതിബോധത്തിൽ സുനിൽ തങ്കമണിയെ കണ്ടു. അയാൾക്കു സംസാരിക്കാൻ കഴിയുമായിരുന്നില്ല. തങ്കമണി അവിടെത്തന്നെ കാത്തുനിന്നു. അന്നു വൈകിട്ടോടെ സുനിൽ മരിച്ചു.
ഹോട്ടൽമുറിയിൽ ഭിത്തിയിൽ ചാരി നിലത്തിരുന്നു സംസാരിച്ചുകൊണ്ടിരുന്ന അവളുടെ അടുത്ത് അയാൾ ഇരുന്നു. അവളുടെ കൈത്തലം തടവി. തങ്കമണി മുഖം തിരിച്ചു അയാളെ നോക്കി. മുറിയിൽ എസി പ്രവർത്തിക്കുന്നതിന്റെ നേരിയ ഇരമ്പം. കുറച്ചുനേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല. മനുഷ്യർ പലതരം ഇരുട്ടിലേക്കു സഞ്ചരിക്കുന്നു. ചിലർ അവിടെ അവസാനിച്ചുപോകുന്നു. മറ്റു ചിലർ അതിൽനിന്നു തിരിച്ചെത്തുന്നു. എന്നാൽ ഇരുട്ട് അവരെ പിന്തുടരുന്നു.
"നോക്കൂ', തങ്കമണി അയാളുടെ കഴുത്തിൽ കൈ ചുറ്റി അയാളെ തന്നിലേക്കു വലിച്ചടുപ്പിച്ചു. അവളുടെ ഉടലിൽ പുരട്ടിയ സുഗന്ധം അയാൾക്കു കിട്ടി. ""തോമാ, ഭയങ്കരമായ വിഷമാണു ഞാൻ സുനിലിനു കൊടുത്തത്. കാട്ടുപന്നിക്കു വയ്ക്കുന്ന തരം വിഷം. പക്ഷേ, ഞാൻ അതിനു മറ്റൊരു മിശ്രിതമുണ്ടാക്കി, മറ്റൊരാൾക്കും കഴിയാത്ത എന്റെ കണ്ടുപിടിത്തം !''

തോമസിന്റെ തൊണ്ടയിൽ ഉമിനീരു കുടുങ്ങി. അയാൾക്കു ചുമ വന്നു. ഒന്നിനു പിറകേ മറ്റൊന്നായി ചങ്കു കലങ്ങുന്ന ചുമകൾ. അയാൾ എഴുന്നേറ്റു വാതിൽ തുറന്നു ബാൽക്കണിയിലേക്കിറങ്ങി. കടലോരത്തു വിജനതയിൽ തിരകളുടെ ഇരമ്പം പൊങ്ങുന്നു, തെരുവിൽനിന്നു കഴിച്ച മീൻ അയാളുടെ ആമാശയത്തിൽ മറിഞ്ഞു നെഞ്ചെരിഞ്ഞു. തങ്കമണി അയാൾക്കു ഒരു ഗ്ലാസിൽ വെള്ളമെടുത്തുകൊടുത്തു. അയാൾ അതു വാങ്ങി കയ്യിൽ വച്ച് കസേരയിലിരുന്നു. തങ്കമണി അയാളുടെ അടുത്ത കസേരയിലും.
""തോമാ, ഞാനാണ് അതു ചെയ്തതെന്നു എനിക്കു തന്നെ ഇപ്പോൾ വിശ്വാസമില്ല. ചിലപ്പോൾ എനിക്കു തോന്നും ഞാൻ വായിച്ച ഒരു കഥയിലെ കഥാപാത്രമായി ഞാൻ സ്വയം സങ്കൽപിച്ചതാണെന്ന്. പക്ഷേ, ഒരു കഥയ്ക്കും യാഥാർഥ്യത്തിനു പകരം നിൽക്കാനാവില്ല. എനിക്കതറിയാം. സുനിൽ മരിക്കാൻ അത്രയേറെ സമയമെടുക്കുമെന്നു ഞാൻ കരുതിയില്ല. എന്റെ അമ്മ അയാളുടെ പ്രാണനെ അത്രത്തോളം പിടിച്ചുവച്ചിരുന്നിട്ടുണ്ടാവാം. അമ്മ വിചാരിക്കുന്നതു ഞാൻ ഒന്നും അറിഞ്ഞില്ലെന്നാവാം. എനിക്ക് എന്റെ പ്രേമം നഷ്ടമായി എന്ന് അമ്മ കരുതുന്നു. അമ്മയുടെ പ്രേമം നഷ്ടപ്പെട്ടെന്ന് എനിക്കുമറിയാം. ആശുപത്രിയിൽ ചെന്ന് അയാളെ കണ്ടപ്പോൾ അയാൾ രക്ഷപ്പെട്ടേക്കും എന്നെനിക്കു തോന്നി. ഞാൻ അപ്പോൾ തീവ്രമായി പ്രാർഥിച്ചു, ദൈവമേ അയാൾ രക്ഷപ്പെടണേ എന്ന്.''
"ദൈവത്തിനു നമ്മെ സഹായിക്കാനാവില്ല തങ്കമണി', അയാൾ മന്ത്രിച്ചു. എന്നിട്ടു ഗ്ലാസിലെ വെള്ളം മെല്ലെ കുടിച്ചു. തൊണ്ട നനഞ്ഞപ്പോൾ അയാൾക്കു സുഖകരമായ മയക്കം തോന്നി.
"തോമാ!', പെട്ടെന്നു തങ്കമണി എഴുന്നേറ്റു നിന്നു.
"തോമാ... ആരാണു മേരിയെ റെയ്പ് ചെയ്തത്?'
തോമസ് ഒന്നും മിണ്ടിയില്ല. കുറച്ചുകഴിഞ്ഞ് പറഞ്ഞു- "ഈ ചോദ്യത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. '
എത്ര കഴുകിയിട്ടും ആ ചോര നിലയ്ക്കുന്നുണ്ടായിരുന്നില്ല. തനിക്കെന്താണു സംഭവിച്ചതെന്നോ ആരാണതു ചെയ്തതെന്നോ മേരി ആരോടും പറഞ്ഞില്ല. ഭയവും ഏകാന്തതയും അവളെ കെണിയിൽ വീണ മൃഗത്തെപ്പോലെ നിസ്സഹായയാക്കി. രാവിലെ ആശുപത്രിയിൽ പോകാമെന്ന് അപ്പൻ പറഞ്ഞപ്പോൾ മേരി കൂടുതൽ പേടിച്ചു. എന്തു ചെയ്യണമെന്നറിയാതെ അവൾ രാത്രി മുഴുവൻ ഉറങ്ങാതെ കിടന്നു. പുലരി വരാൻ അവൾ കാത്തുനിന്നില്ല.
തോമസ് എഴുന്നേറ്റു ബാൽക്കണിയുടെ കൈവരിയിൽ പിടിച്ചുനിന്നു. അവൾ അടുത്തുവന്ന് അയാളുടെ തോളത്തു കൈവച്ചു. രാത്രി അതിന്റെ സഞ്ചാരം തുടർന്നു.

Comments