തെക്കോവാ ഗ്രാമത്തിൽ പകൽ നിറച്ച കാക്കത്തൊള്ളായിരം സൂര്യകിരണങ്ങളെയും വിഴുങ്ങി ഇരുട്ട് ആധിപത്യം നേടുന്ന നേരത്ത് കൂട്ടിലെ ഇരുൾപ്പെരുവാ പൊളിച്ച് ആമോസ് പുറത്തുവന്നു. തൂവൽ കുപ്പായമണിഞ്ഞു, ചിറകുകൾ കെട്ടി ഉറപ്പിച്ചു, വട്ടക്കണ്ണെഴുതി, കൂർത്തുവളഞ്ഞ ചെറിയ ചുണ്ട് വച്ചു, ഇരുട്ടു കാണാൻ തലയിൽ ഉറപ്പിച്ച ഹെഡ് ലൈറ്റ് തൂവൽ കൊണ്ടു മറച്ചു. ആമോസ് ഉറക്കെ കൂകി…
ക്… ളോ… ഹ്… ഹ…
കൂവ്രാ… കൂവ്രാ…
ജീർണിച്ച ആ കെട്ടിടം വിജനതയിൽ അരണ്ടിരുന്നു.
ആമോസ് ഇറങ്ങിനടന്നപ്പോൾ താൻ പുറത്തുവിട്ട പുതിയ സ്വത്വത്തെ തിരച്ചറിയാനാകാതെ അത് കൂടുതൽ ഭയന്നു. കെട്ടിടത്തിനു ചുറ്റും നട്ടുവളർത്തിയ കാട്ടത്തിമരത്തിൽ വലിഞ്ഞു കയറിയിരുന്ന് അവൻ പിന്നെയും ചിറകടക്കിപ്പിടച്ച് കൂകി…
കൂവ്രാ… കൂവ്രാ…
അടുത്ത പ്രദേശങ്ങളിൽ വസിച്ചിരുന്നവർ രാത്രിയുടെ കാവൽക്കാരന്റെ അർത്ഥം വച്ചുള്ള ആ മൂളൽ അഥീനാ ദേവതയ്ക്കുള്ള ഉപദേശമായി ഗ്രഹിച്ചു. ആമോസ് ചുറ്റുമുള്ള കുറ്റിക്കാടുകളിലേക്ക് ചേക്കേറി. തള്ളയില്ലാത്ത കൂടുകളിൽ നിന്ന് മൂങ്ങാമൊട്ടകൾ പൊട്ടിച്ചു കുടിച്ചു. ആവശ്യത്തിനുള്ള എലികളെ പിടിച്ച് കാട്ടുവള്ളി കൊണ്ട് കൈയും കാലും ചുണ്ടും വരിഞ്ഞ് കെട്ടി വാലിൽ തൂക്കി വീട്ടിലേക്ക് തിരിച്ചു.
ബാല്യം (ആദ്യ പകുതി)
കാട്ടത്തിമരങ്ങൾ അവന് ജീവനായിരുന്നു.
ഇരുട്ടു വീണയുടൻ അവൻ തൈമരങ്ങൾ തപ്പിയിറങ്ങും. ആളുകൾ കണ്ടാൽ ‘തെറിയൻ’ എന്ന് പല്ലുഞെരിച്ച് എറിഞ്ഞോടിക്കും. കഴിയുന്നത്ര അത്തിത്തൈകൾ ശേഖരിച്ച് അവൻ വീടിനു ചുറ്റും നട്ടു. ആമോസ് പൈക്കളെ സ്നേഹിച്ചു. തരം കിട്ടുമ്പോൾ ഓരോന്നിനെയായി മോഷ്ടിച്ചു. കാലികൾ അവനെ തൊട്ടുരുമ്മി യജമാനനെ അറിയിക്കാതെ കൂടെ പോന്നു.
വീടിനു ചുറ്റുമുള്ള വിശാലമായ അത്തിക്കാടുകളിൽ അവയെ മേയാൻ വിട്ട് അവൻ മരച്ചുവട്ടിൽ കിടന്ന് മയങ്ങി. പകൽ പുലരുമ്പോൾ ഉണർന്നു. പൈക്കൾ അപ്രത്യക്ഷമായിരുന്നു. പകൽ വെട്ടത്തിൽ അസ്വസ്ഥനായ ആമോസ് അവന്റെ മാളത്തിലേക്ക് ഉൾവലിഞ്ഞു. അടുക്കളയിൽ രുചികരമായ ഇറച്ചിക്കറി തിളച്ചു.
വരാന്തയിൽ വിദൂരതയിൽ കണ്ണും നട്ട് സദാസമയവും ചാരുകസേരയിൽക്കിടന്ന് ഇഴഞ്ഞാടിയ മമ്മ അവനെ കാണുമ്പോഴൊക്കെ ‘നിന്റെ അപ്പന്റെ സന്തതികൾ അവകാശം ചോദിച്ച് ഈ പടി ചവിട്ടാൻ അനുവദിക്കരുതെ'ന്ന് പതിഞ്ഞ ശബ്ദത്തിൽ കൽപ്പിച്ചു. അവർക്ക് മൂല്യമുള്ള എന്തോ ഒന്ന് അവിടുണ്ടെന്ന് മാത്രം ആമോസ് മനസ്സിലാക്കി.
കൗമാരം
ഏകാന്തത പുതച്ച ആ വലിയ വീട്ടിലെ ഒരു ഇടുങ്ങിയ മുറിയിൽ വിഷാദത്തിൽ ഉന്മാദിച്ച് ആമോസ് ചുരുണ്ടുകിടന്നു. സന്ധ്യ സമയത്ത് അവന് മമ്മയുടെ വെളിപാടുകളുണ്ടായി - മാൻ, മുയൽ, പെരുമ്പാമ്പ്, ആട്, കോഴി, പന്നി, വവ്വാൽ… അവൻ ഉറങ്ങാൻ ഭയന്നു. അറിയാതെ കണ്ണടഞ്ഞു പോകുമ്പോഴൊക്കെ മമ്മ അവന്റെമേൽ ചാടിക്കയറിയിരുന്ന് കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. തോളോളമുള്ള ചെമ്പിച്ച മുടി അഴിച്ചിട്ട മെല്ലിച്ച ആ ശരീരവും കാഴ്ചയില്ലാത്ത പൂച്ചക്കണ്ണുകളും അവൻ വല്ലാതെ പേടിച്ചു. നിശാചാരിയായ ആമോസ് ടോർച്ചു വെട്ടത്തിൽ വേട്ടക്കിറങ്ങി. അടുക്കളയിൽ ഓരോ ദിവസവും വ്യത്യസ്തവും രുചികരവുമായ ഇറച്ചി മണങ്ങൾ.
ബാല്യം (രണ്ടാം പകുതി)
അത്തിമരങ്ങളേയും പൈക്കളേയും തേടിപ്പോകുന്ന സമയത്താണ് ആമോസ് മമ്മയുടെ രഹസ്യങ്ങൾ മനസ്സിലാക്കുന്നത്. അനാഥയായ മമ്മ എവിടുന്നോ വന്ന ഒരു ദുർമന്ത്രവാദിനിയാണ്. അവരെ സത്യമറിയാതെ വിധുരനും മൂന്ന് മക്കളുടെ പിതാവുമായ പപ്പ സ്വീകരിച്ചു. അവർ അത് കൂടോത്രത്തിലൂടെ സാധിച്ചെടുത്ത് വിവാഹ ശേഷം മൂന്ന് കുട്ടികളേയും വല്ലാതെ പീഡിപ്പിച്ചു. കുട്ടികൾ തന്ത്രത്തിൽ മമ്മയുടെ കാഴ്ച്ച നശിപ്പിച്ചു. പിന്നീട് മൂവരും ഓടിപ്പോയോ അതോ കൊല്ലപ്പെട്ടോയെന്ന് ആർക്കും അറിയില്ല. പപ്പയിൽ നിന്ന് ഗർഭിണിയായ ശേഷം അന്നു രാത്രിതന്നെ പപ്പയെ കൊന്ന് അൽപാൽപ്പമായി പാകം ചെയ്ത് അവർ കഴിക്കാൻ തുടങ്ങി. തന്തയെ തിന്ന് ഉണ്ടായവനാണ് ആമോസ്. ആരും അവനെ അടുപ്പിച്ചില്ല.
‘തെറിയൻ ചെക്കൻ… തന്തേത്തീനി’യെന്ന് വിളിച്ച് ആട്ടി. അമാനുഷികമായ കേൾവിശക്തിയാൽ ആമോസ് മറ്റു പലതുമറിഞ്ഞു. അവന്റെ മമ്മ നായ്ക്കളുമായി… അന്ന് അവൻ നേരത്തെ വീട്ടിലെത്തി, ശബ്ദമുണ്ടാക്കാതെ അത്തിമരച്ചില്ലയിൽ കയറി ഒളിഞ്ഞിരുന്ന് മമ്മയെ വീക്ഷിച്ചു. നിലാവ് പരന്ന പാതിരാ നേരത്ത് വരാന്തയിലേക്ക് ഒരു തടിച്ചു കൊഴുത്ത പട്ടി വന്നു കയറി.
യൗവനം
തന്റെ സ്വത്വം തിരിച്ചറിയാൻ കഴിയാതെ ആമോസ് വിഷമിച്ചു.
താൻ മനുഷ്യനല്ലെന്നും മനുഷ്യനായി ഇനി ജീവിക്കേണ്ടതില്ലെന്നും അവനുറപ്പായിരുന്നു. രാപ്പകലില്ലാതെ ആലോചിച്ച് അവൻ ചില നിഗമനങ്ങളിൽ എത്തി. വെളിച്ചത്തിൽ കണ്ണുതുറക്കാൻ ബുദ്ധിമുട്ടുന്ന, ഇരുട്ടിനെ പേടിയില്ലാത്ത, മാളത്തിൽ ജീവിക്കാൻ പറ്റുന്ന, അത്തിമരച്ചില്ലയിൽ രാത്രി ചെലവഴിക്കാൻ കഴിയുന്ന ഒരു പക്ഷിയാണ് താൻ. കാഴ്ചയിൽ താനൊരു മനുഷ്യനായിരിക്കാം എന്നാൽ ഈ ശരീരത്തിൽ ഉടക്കിക്കിടക്കുന്നതൊഴിച്ചാൽ തനിക്ക് മാനുഷികമായ മറ്റൊന്നും തന്നെയില്ല. നിശാചാരിയായ താനൊരു തെറിയനാണെന്ന് അവൻ സ്വയം നിർണയിച്ചു. അസാമാന്യ വലുപ്പമുള്ള ഉണ്ടക്കണ്ണുകളും അമാനുഷികമായ കേൾവിയും ചെവികളുടെ വലുപ്പച്ചെറുപ്പവും സ്ഥാനവ്യത്യാസവും തന്റെ അനുകൂലനങ്ങളായി അവൻ കണ്ടു. രാത്രിയിൽ കാഴ്ചയില്ലെന്നത് മാത്രമാണ് ഒരു കുറവ്. അത് പരിഹരിക്കാവുന്നതേയുള്ളൂ. ആമോസ് തൂവൽ ശേഖരിച്ച് കുപ്പായവും ചിറകുകളും തുന്നി, കൂർത്ത നഖങ്ങളും ചുണ്ടും നിർമ്മിച്ചു, ഉച്ചത്തിൽ കൂകാനും തലപുറകോട്ട് തിരിക്കാനും പരിശീലിച്ചു.
▮
അരോൺ ബുഷ്ണെൽ തീ കൊളുത്തി ആത്മഹുതി ചെയ്ത അന്നു രാത്രി അവൻ ആദ്യമായി നിർഭയം മമ്മയോട് സംസാരിച്ചു.
‘മമ്മ ആഗ്രഹിക്കുന്നതൊന്നും നടക്കില്ല. എനിക്കതിന് കഴിയില്ല. ഞാൻ ചെറുപ്പം മുതലേ മനുഷ്യനല്ല. മാനുഷികമായ ഒന്നും എന്നിൽ കണ്ടെത്താൻ എനിക്ക് കഴിയുന്നില്ല. ഞാൻ മറ്റൊരു ജീവിയായി എനിക്ക് അനുഭവപ്പെടുന്നു. ഒരു പക്ഷേ, രാത്രിയിൽ കാഴ്ചയുള്ള ഒരു പക്ഷി…’
ആമോസിന്റെ വാക്കുകൾക്ക് മറുപടിയുണ്ടായില്ല.
മമ്മ കസാരയിൽ നിന്ന് എഴുന്നേറ്റ് മുട്ടു കുത്തി ഉള്ളംകൈ തറയിൽ ഉറപ്പിച്ചുനിന്നു. മമ്മയ്ക്ക് വാലും നീണ്ട വലിയ ചിറകുകളും മുളച്ചു. ശരീരം വിരിഞ്ഞ് ബലിഷ്ഠമായി.
അവർ അവനെ തിരിഞ്ഞുനോക്കി ഒന്നു മന്ദഹസിച്ച്
ബത്‍ലഹേമിലേക്ക് നീങ്ങി*.
▮
(തെറിയൻസ്: അദർകിൻ കമ്മ്യൂണിറ്റിയിലെ ഒരു വിഭാഗം.
അരോൺ ബുഷ്ണെൽ: ‘Free Palestine’ എന്ന മുദ്രാവാക്യം ആവർത്തിച്ച് ആത്മഹത്യ ചെയ്ത 25 വയസ് മാത്രം പ്രായമുള്ള അമേരിക്കൻ പട്ടാളക്കാരൻ.
*Spiritus Mundi എന്ന യേറ്റ്സിന്റെ ‘ദ സെക്കന്റ് കമിംഗിലെ’ ബിംബം).