‘‘ഹനീഫ് വാസുദേവൻ കൊല്ലപ്പെട്ടതാണ്"
“പക്ഷേ പോലീസ് പറയുന്നത് ആത്‌മഹത്യയാണെന്നാണ്”
“പോലീസ് ഒരു മരണം ആത്മഹത്യയാണെന്ന് ആദ്യമേ പറഞ്ഞാൽ അത് കൊലപാതമാകാനാണ് സാദ്ധ്യത, അതേസമയം കൊലപാതകമെന്നാണ് പറയുന്നതെങ്കിൽ അത് മിക്കവാറും ശരിയായിരിക്കും. ആരു കൊന്നുവെന്ന് മാത്രമേ അന്വേഷിക്കേണ്ടതുള്ളൂ.”

ഹനീഫ് വാസുദേവന് ശത്രുക്കളുണ്ടാവാം എന്നുള്ളത് സത്യമാണ്. കാരണം അയാൾ ഒരു ഹൈ പ്രൊഫൈൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്നു. കടം കയറി കഷ്ടപ്പെടുന്ന വൻകിട കച്ചവടക്കാരുടെ പ്രോപ്പർട്ടികളാണ് അയാളധികവും വാങ്ങിയിരുന്നത്. അത്തരം ആളുകൾക്ക് രഹസ്യമായി സമീപിക്കാവുന്ന വിശ്വസ്തനായിരുന്നു ഹനീഫ് വാസുദേവൻ.

തങ്ങൾ ബാങ്ക് ഇറപ്റ്റ് ആകാൻ പോകുകയാണെന്ന വിവരം പുറത്തറിഞ്ഞാൽ അത് അവരുടെ ഭാവി ഇടപാടുകളെ ബാധിക്കും. ഹനീഫ് വാസുദേവനാണെങ്കിൽ ഡീൽ മൂന്നാമതൊരാൾ അറിയും മുമ്പേ ബാദ്ധ്യതകൾ അവർക്ക് തീർക്കാം. അങ്ങനെ രക്ഷപ്പെട്ടിട്ടുള്ള ഒരു പാട് ക്ലയന്റ്സ് ഹനീഫ് വാസുദേവനുണ്ടായിരുന്നു. അയാൾക്കുള്ള നേട്ടം മാർക്കറ്റിനേക്കാൾ കുറഞ്ഞ വിലക്ക് വസ്തു ലഭിക്കും.

“ഹി വാസ് ഫിൽത്തി റിച്ച്’’.

ശരിയാണ്. അയാൾ അറിയപ്പെടുന്നതിനേക്കാൾ എത്രയോ ഇരട്ടി ധനികനായിരുന്നു. റിയൽ എസ്റ്റേറ്റ് അല്ലാതെ അയാൾ എന്താണ് ചെയ്തിരുന്നതെന്ന് അധികമാർക്കും അറിയില്ല. സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകൾ അടങ്ങിയ മുൻഗണിയം ദേശത്തിന് പ്രിയങ്കരനായിരുന്നു അയാൾ. പൊതു കാര്യങ്ങളിലും ബിസിനസ്സിലും നിറഞ്ഞു നിൽക്കുമ്പോഴും അയാളിൽ അറിയപ്പെടാത്ത ഒരു പാട് തലങ്ങൾ ഉണ്ടായിരുന്നിരിക്കണം.

“എന്നാലും അയാളെ എന്തിന് കൊല്ലണം?”
“നീ Lindsay Buziak എന്ന കനേഡിയൻ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുറിച്ച് കേട്ടിട്ടുണ്ടോ?”
“ഇല്ല”
“ലിൻഡ്‌സെക്കും ഹനീഫ് വാസുദേവനും തമ്മിൽ വലിയ സാദൃശ്യമൊന്നുമില്ല. സമ്പത്തിന്റെ കാര്യത്തിൽ ‘ലിൻഡ്‌സെ വാസ് നോ വെയർ നിയർ റ്റു ഹനീഫ് വാസുദേവൻ’. 2008- ൽ ക്ലയന്റിന് ഒരു വീട് കാണിച്ചു കൊടുക്കാൻ പോയ ലിൻഡ്‌സെ അവിടെ വെച്ച് കൊല്ലപ്പെട്ടു. ബ്രിട്ടീഷ് കൊളംബിയയുടെ തലസ്ഥാനമായ വിക്ടോറിയയിലെ സാനിച്ച് എന്ന സബർബിലായിരുന്നു കൊലപാതകം നടന്നത്”.

“ഇപ്പോൾ പറയാൻ കാര്യം?”
“കൊലപാതകികളെ പതിമൂന്ന് കൊല്ലമായിട്ടും പിടികൂടാൻ പറ്റിയിട്ടില്ല”
“ശരിക്കും?”
“ഇല്ലന്നേയ്. ഇറ്റ്സ് ആൻ ഇന്ററസ്റ്റിംഗ് സ്റ്റോറി”
“എങ്കിൽ പറ, ഈ കേസിൽ ഉപകാരപ്പെടുമോ എന്ന് നോക്കാം, ലെറ്റ് ആസ് സീ’’.
“കൊല്ലപ്പെടുമ്പോൾ ലിൻഡ്സേക്ക് 25 വയസ്സ് ആകുന്നേയുണ്ടായിരുന്നുള്ളൂ. ഹനീഫ് വാസുദേവന് 52”
“നീ ലിൻഡ്‌സെയുടെ കാര്യം മാത്രമായിട്ട് പറ”
“ആ ചെറു പ്രായത്തിൽ തന്നെ അവൾ ഒരു അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് ഏജൻറ് ആയിക്കഴിഞ്ഞിരുന്നു. അവളുടെ ബോയ് ഫ്രണ്ട് ജെയ്‌സണും വളരെ ഫേമസായ റിയൽ എസ്റ്റേറ്റ് ബിസ്സിനസ്സ് കുടുംബത്തിൽ നിന്നായിരുന്നു. ഒരു ദിവസം രാവിലെ ലിൻഡ്സേക്ക് ഒരു ഫോൺ വരുന്നു. ഒരു സ്ത്രീയാണ് വിളിച്ചത്. അവർക്കും ഭർത്താവിനും ഒരു മില്യൺ ഡോളറിന്റെ വീട് വേണം.
‘ഷി ഓഫേർഡ് എ ബിഗ് എമൗണ്ട് റ്റു ലിൻഡ്സെ ആസ് കമ്മീഷൻ’. അതൊരു അസാധാരണ ഓഫറായതുകൊണ്ട് ലിൻഡ്‌സെ അത് അവളുടെ പാരന്റ്സിനോടും ജെയ്‌സനോടും ഡിസ്‌ക്കസ്സ് ചെയ്തിരുന്നു. മാത്രമല്ല ആ കോളിൽ ലിൻഡ്സേ ആദ്യം അത്ര കംഫർട്ടബിൾ ആയിരുന്നില്ല”.
“വൈ?”
“വിളിച്ച സ്ത്രീയുടേത് ഒരു മെക്സിക്കൻ സ്പാനിഷ് ആക്‌സെന്റ് ആയിരുന്നു, ‘ഡിഡ് നോട്ട് സൗണ്ട് എ ലോക്കൽ’. എങ്ങനെയാണ് തന്റെ നമ്പർ കിട്ടിയതെന്ന ചോദ്യത്തിന് ഒരു കൺവിൻസിങ് ആയ ഒരു ഉത്തരമല്ല ആ സ്ത്രീ ലിൻഡ്സേക്ക് നൽകിയത്”

“എന്നിട്ട്?”

“അതിനുശേഷം പത്ത് തവണയെങ്കിലും ആ സ്ത്രീ ലിൻഡ്സെയെ വിളിച്ചു. എല്ലാവർക്കും മുന്നോട്ട് പോകണോ എന്ന ഒരു ആശങ്കയുണ്ടായിരുന്നു. ഇത്രയധികം കമ്മീഷൻ കിട്ടുന്ന ഒരു ബിസിനസ് എന്തിന് വേണ്ടെന്ന് വെക്കണം? ആ ചിന്തയാണ് പിന്നീടുണ്ടായത്. അങ്ങനെ ഒരു ദിവസം വൈകുന്നേരം അവർ ആവശ്യപ്പെട്ട വീട് കാണിക്കാമെന്ന് ലിൻഡ്സെ ആ സ്ത്രീയോട് സമ്മതിച്ചു. ജെയ്‌സൺ കൂടെ ചെല്ലാമെന്ന് പറഞ്ഞതാണ്. ക്ലയൻസിന് അതൊരു അസൗകര്യമാകേണ്ട എന്ന് കരുതി ലിൻഡ്‌സെ ഒറ്റക്ക് തന്നെ പോയി. എങ്കിലും തൊട്ടടുത്തുള്ള ടൗണിൽ ജെയ്‌സൺ ഉണ്ടായിരുന്നു. ലിൻഡ്സെ വീട് കാണിച്ച് കഴിയുമ്പോൾ അയാൾ അങ്ങോട്ട് ചെല്ലാമെന്നായിരുന്നു പ്ലാൻ. ടൗണിലെ കാര്യങ്ങൾ നേരത്തെ തീർന്നപ്പോൾ ജെയ്‌സൺ തന്റെ കൂട്ടുകാരനുമൊത്ത് ആ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തുകയും ചെയ്തു. അതിന് കുറച്ച് മുമ്പ് വീടിന്റെ അഡ്രസ്സ് ലിൻഡ്സെ ജയ്സണ് ടെക്സ്റ്റ് ചെയ്തിരുന്നു’’.

“അപ്പോൾ ജെയ്‌സൺ വീടിനടുത്തുണ്ടായിരുന്നു?”

“അവർ വീടിന് കുറച്ചകലെ സ്ട്രീറ്റിൽ കാർ നിറുത്തി വെയിറ്റ് ചെയ്തു. താനിതാ എത്തുന്നു എന്ന് കാണിച്ച് മെസ്സേജ് ചെയ്ത് ജെയ്സൺ കാറിൽ നിന്നിറങ്ങി വീടിനടുത്തേക്ക് നടന്നു. വെളിയിൽ നിന്ന് നോക്കിയപ്പോൾ നല്ല ഉയരമുള്ള ഒരു പുരുഷൻ വർത്തമാനം പറഞ്ഞ് വീടിനകത്ത് നിൽക്കുന്നത് ജെയ്‌സൺ ഡോറിന്റെ ഗ്ളാസ്സിലൂടെ കണ്ടു. ഗ്ളാസ് അത്ര ട്രാൻസ്പെരന്റ് അല്ലാത്തതുകൊണ്ട് ആളെ വ്യക്തമായി കാണാൻ ജെയ്‌സണ് കഴിഞ്ഞില്ല.
അവരുടെ സംസാരം കഴിയട്ടെ എന്ന് കരുതി അയാൾ കാറിലേക്ക് നടന്നു. കുറച്ച് കഴിഞ്ഞ് പിന്നെയും അയച്ച മെസ്സേജിന് മറുപടി കിട്ടാതെയായപ്പോൾ ജെയ്സൺ കൂട്ടുകാരനെയും കൂട്ടി വീണ്ടും വീടിനടുത്തേക്ക് പോയി. അകത്ത് ആരെയും കാണുന്നില്ല, അവർ ഫ്രന്റ് ഡോർ വഴി അകത്ത് കേറാൻ ശ്രമിച്ചു. ഡോർ ഉള്ളിൽ നിന്ന് പൂട്ടിയിരുന്നു. സാധാരണ ഒരു വീട് കാണിക്കുന്ന സമയത്ത് ഫ്രന്റ് ഡോർ തുറന്നിടുകയാണ് പതിവ്’’.

“വീട് കാണാൻ വന്നവരുടെ കാർ അവിടെയുണ്ടായിരുന്നില്ല?”

“അപ്പോഴാണ് അവർ ശ്രദ്ധിക്കുന്നത്. വീടിന് മുന്നിൽ ലിൻഡ്സേയുടെ കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ”

“ദെൻ വാട്ട് ഹാപ്പെൻഡ്?”

“വീട്ടിലേക്ക് കയറാൻ പറ്റാതായപ്പോൾ അവർ പോലീസിന്റെ എമെർജൻസി നമ്പറിൽ വിളിച്ചു. പൊലീസിന്റെ റെസ്പോൺസിന് കാത്തുനിൽക്കുമ്പോൾ ജെയ്‌സന്റെ സുഹൃത്ത് പിന്നിലെ ഒരു വാതിൽ തുറന്നുകിടക്കുന്നതായി കണ്ടു. അവർ ഉള്ളിൽ കയറി നോക്കുമ്പോൾ മുകളിലുള്ള മാസ്റ്റർ ബെഡ്‌റൂമിൽ ലിൻഡ്സെ രക്തത്തിൽ കുളിച്ച് കിടക്കുന്നു. പോലീസിന്റെ റെക്കോർഡ് പ്രകാരം ലിൻഡ്സേയുടെ മരണസമയം 5:40 pm, 2nd ഫെബ്രുവരി 2008. അവളുടെ ശരീരത്തിൽ ഒരു പാട് തവണ കുത്തേറ്റതിന്റെ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു’’.

“കൊലയാളികൾ വീട് കാണിക്കാൻ വന്നവരെന്ന് വ്യക്തം”

“ഫിംഗർ പ്രിന്റോ മറ്റെന്തെങ്കിലും തെളിവോ അവിടെ ഉണ്ടായിരുന്നില്ല. ഇതിന്റെ ട്രാജഡി പറഞ്ഞാൽ, 5:30ന് ഒരു പുരുഷനും അയാളുടെ കൂടെയുണ്ടായിരുന്ന സ്ത്രീയുമൊത്ത് ലിൻഡ്സെ വീടിനകത്തേക്ക് കയറുന്നത് കണ്ടവരുണ്ട്. 5:45 ന് ജയ്സൺ സ്ഥലത്തെത്തുകയും ചെയ്തു. അയാൾ വീട്ടിനകത്ത് കയറിയത് ആറ് മണിക്കാണ്’’.

“അന്വേഷണത്തിന് എന്തുസംഭവിച്ചു?”

“കഴിഞ്ഞ പതിമൂന്നു കൊല്ലമായി പോലീസ് പറ്റാവുന്ന എല്ലാ മാർഗ്ഗങ്ങളും നോക്കി. ഇതുവരെ ഒരു തുമ്പും കിട്ടിയിട്ടില്ല”

“ആ വീടിനെന്തെങ്കിലും...?”

“എന്തുകൊണ്ട് ആ വീട് തന്നെ അന്ന് കാണണമെന്ന് അവർ ആവശ്യപ്പെട്ടു എന്നത് നിഗൂഢമായി തുടരുന്നു”

“ഫോൺ കോളുകൾ ചെയ്‌സ് ചെയ്യാൻ പറ്റിയില്ല?”

“ആ ലേഡി വിളിച്ച കാളുകൾ ഒരു പ്രീപെയ്ഡ് ഫോണിൽ നിന്നായിരുന്നു, വാൻകൂവറിൽ നിന്നുള്ള നമ്പർ. ലിൻഡ്സെയെ മാത്രമേ ആ നമ്പറിൽ നിന്ന് വിളിച്ചിട്ടുള്ളൂ. വേറൊരു ഫോൺ ഉപയോഗിച്ചിരിക്കുന്നത്‌ ആദ്യത്തെ നമ്പറിലേക്കുള്ള വോയിസ് മെസ്സേജ് ചെക്ക് ചെയ്യാനായിട്ട് മാത്രമാണ്. ഫോൺ എടുക്കുമ്പോൾ കൊടുത്ത പേരും രേഖകളും ഫെയ്ക്ക് ആയിരുന്നു’’.

“പോലീസ് ഫോൺ കണ്ടെടുത്തിരുന്നോ?”

“കൊലപാതകത്തിനുശേഷം ആ ഫോൺ നശിപ്പിക്കപ്പെട്ടതായാണ് പൊലീസിന് കിട്ടിയ തെളിവുകൾ. ഒരു CCTV ചിത്രം പോലും അന്വേഷണത്തിന് സഹായകമായി കിട്ടിയില്ല. ലിൻഡ്സേക്കോ ജയ്സണോ അവരുടെ വീട്ടുകാരറിയാത്ത, രഹസ്യബന്ധങ്ങളോ, കൂട്ടുകാരോ ഉണ്ടായിരുന്നതായി സൂചനകളില്ല”.

“ഡ്രഗ്സ്?’’

“നോട്ട് അറ്റ് ഓൾ. പോലീസ് ആ വഴിക്കും തകൃതിയായി അന്വേഷിച്ചതാണ്. 2017- ൽ കൊലയാളികൾ പോലീസിനെ വെല്ലുവിളിക്കുന്ന തരത്തിൽ ഒരു മൂവ് നടത്തിയിരുന്നു, പക്ഷേ…”

“വാട്ട് വാസ് ദാറ്റ്?”

“ലിൻഡ്സേയുടെ അച്ഛൻ സ്വന്തം നിലയിൽ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ഒരു ബ്ലോഗ് തുടങ്ങിയിരുന്നു. അതിൽ ഒരു അനോണിമസ് മെസ്സേജ് പോസ്റ്റ് ചെയ്യപ്പെട്ടു, 'ഞാനാണ് ലിൻഡ്സെയെ കൊന്നത്. വിഡ്ഢികളായ പോലീസുകാരത് ഒരിക്കലും കണ്ടുപിടിക്കാൻ പോകുന്നില്ല. സൊ യു വിൽ ഗെറ്റ് നതിങ്'.
അത് പിന്തുടർന്നുപോയിട്ടും എങ്ങും എത്തിയില്ല”.

“പോലീസ് അന്വേഷണം അവസാനിപ്പിച്ചോ?”

“കനേഡിയൻ പോലീസും FBI യും കൂടി 2021- ൽ ഒരു ജോയിന്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ലേറ്റസ്റ്റ് DNA ടെക്‌നോളജി വഴി ഒരു ബ്രേക്ക്ത്രൂ സാധിക്കുമെന്നാണ് അവരുടെ പ്രതീക്ഷ”.

“നീ ഈ സംഭവം നന്നായി ഒന്ന് കൂടെ പഠിക്ക്, ഹനീഫ് വാസുദേവന്റെ കേസിൽ ഉപകാരപ്പെട്ടേക്കാം”.

ഹനീഫ് വാസുദേവൻ മരിച്ചിരിക്കുന്നത് വെടിയേറ്റിട്ടാണ്. ക്ലോസ് റേഞ്ചിൽ. സ്വയം വെടിവെച്ചതാണെന്നാണ് പോലീസ് പറയുന്നത്. കൊല്ലപ്പെട്ടിരിക്കുന്നതാണെങ്കിൽ അയാളുടെ ഹോളിഡേ ഹോമിൽ വെച്ച്. രാത്രി അയാൾ അവിടേക്ക് വന്നത് ഒരാഴ്ച മാത്രം മുമ്പ് ഇമ്പോർട്ട് ചെയ്ത് എത്തിയ BMW X5 M sport plug in hybrid- ലാണ്. വണ്ടി ചാർജ് ചെയ്യാൻ വേണ്ടി ഗ്യാരേജിലുള്ള പ്ളഗ് പോയിന്റിലേക്ക് കണക്ട് ചെയ്തിട്ടുണ്ടായിരുന്നു. പിറ്റേന്ന് എവിടേക്കോ പോകാനുള്ള വസ്ത്രങ്ങളും എടുത്ത് വെച്ചിട്ടുണ്ടായിരുന്നു. ഭക്ഷണം കൊണ്ട് വന്ന ഊബർ ഈറ്റ്സിലെ പയ്യനാണ് ബോഡി ആദ്യം കണ്ടത്.

“പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നോ?”

“ഇന്നലെ ഓഫീസിൽനിന്ന് അന്വേഷിച്ചിരുന്നു. പോലീസ് പുറത്ത് വിട്ടിട്ടില്ലെന്ന് തോന്നുന്നു”

“അതിനിടയിൽ വേറൊരു ഇൻഫർമേഷൻ കിട്ടിയിരുന്നു. ഫേസ്ബുക്കിൽ ജെസ്സി ലക്ഷ്മി എന്ന പേരിൽ ഇംഗ്ലീഷിലും മലയാളത്തിലും കുറിപ്പുകളെഴുതുന്ന ഒരു പ്രൊഫൈൽ ഉണ്ട്”.

“ഐ നോ, ബ്യൂട്ടിഫുൾ റൈറ്റ് അപ്പ്സ്’’.

“എഴുത്തിന്റെ ഭംഗി തൽക്കാലം നമ്മൾക്ക് വിടാം. ജെസ്സി ലക്ഷ്മി ഹനീഫ് വാസുദേവന്റെ ഗേൾ ഫ്രണ്ടാണെന്ന മട്ടിൽ ലാസ്റ്റ് വീക്കെൻഡ് ബാഡ്മിന്റൺ കോർട്ടിൽ ഒരു സംസാരമുണ്ടായി. ഞാൻ അതൊന്ന് കൺഫേം ചെയ്യാൻ മീഡിയ സെന്ററിലെ മാത്യൂസിനോട് പറഞ്ഞിരുന്നു”.

“നമ്മുടെ മാത്യു കമൽനാഥാണോ?”

"യെസ്. അത് ശരിയാണെന്നാണ് അവൻ പറയുന്നത്. സോഴ്സ് ഓഫ് ഇൻഫർമേഷൻ ഹി ഡിഡിന്റ് ഡിസ്‌ക്ലോസ്‌".

"ഞാൻ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് വായിച്ചിരുന്നു. അവളുടേത് ഒരു ഓപ്പൺ പുസ്തകമാണെന്നും, അതിന്റെ താളുകൾ കാറ്റിലൂടെ മറിഞ്ഞുപോയ്ക്കൊണ്ടേയിരിക്കുന്നുവെന്നും, അവന്റേത് രഹസ്യഅറകളുള്ള, എന്നാൽ മനോഹര ചിത്രപണികളാൽ ആകർഷകമായ ഒരു ഗുഹയാണെന്നും അർത്ഥം വരുന്ന ഒരു ഇംഗ്ലീഷ് കവിതയുടെ തർജ്ജമ".

"എഴുത്തിന് ഒരു പാറ്റേൺ ഉണ്ടോ?"

"അടുത്ത കാലത്ത് കണ്ട കുറിപ്പുകളൊക്കെ ഫിലസോഫിക്കൽ ആണ്, വിഷാദത്തിന്റെ ഒരു ടച്ച് എല്ലാറ്റിനുമുണ്ട്. സ്വയം നിർവചിക്കുകയും, ആ നിർവചനങ്ങൾ അവന്റേതിൽ നിന്ന് എത്രമാത്രം വ്യത്യസ്തമായിരിക്കുന്നുവെന്നും, ആ വ്യത്യസ്തതകൾക്കിടയിലും, താൻ അവനുവേണ്ടി കാത്തിരിക്കുകയാണെന്നുമുള്ള വരികൾ ഒരുപാട് അവളെഴുതിയിട്ടുണ്ട്".

"എനിക്കൊരു ഇൻറ്റ്യൂഷൻ, let us open that facebook page"

അപ്രതീക്ഷിതം എന്ന് പറഞ്ഞുകൂടാ, ആ ഫേസ്ബുക്ക് പേജ് ഡീആക്ടിവേറ്റഡ് ആണ്.

"നമുക്ക് ഒരു കാര്യം ചെയ്യാം, ആ ഡെലിവറി ബോയ്‌നെ കിട്ട്വോ എന്ന് നോക്കാം"

ഹനീഫ് വാസുദേവന്റെ മരണശേഷം ഊബർ ഈറ്റ്സ് ജോലി തൽക്കാലം നിറുത്തിവെച്ചിരിക്കുകയായിരുന്നു സനു എന്ന വിളിപ്പേരുള്ള സന്ദീപ് ഉമ്മർ. ഹോളിഡേ ഹോമിൽ ഹനീഫ് വാസുദേവന്റെ ഒരു സഹായി എന്ന നിലയിലുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു സനുവിന്. അന്നത്തെ ഡെലിവറി കഴിഞ്ഞ് അവിടെ കൂടാനായിരുന്നു സനു ആ രാത്രി വന്നത്. അതുകൊണ്ട് തന്നെ പോലീസിന്റെ ചോദ്യം ചെയ്യൽ വേണ്ടുവോളമുണ്ടായിരുന്നു. താൻ ഒരു ഫോക്കസ് ഓഫ് അറ്റെൻഷൻ ആകുന്നതിൽ സനു അസ്വസ്ഥനുമായിരുന്നു.

"സി.ബി.ഐയിൽ നിന്നാണോ?"- അതായിരുന്നു അവന്റെ ആദ്യത്തെ ചോദ്യം. പോലീസിന്റെ വക കഴിഞ്ഞു, ഇനിയിപ്പോൾ ഉള്ളത് സി.ബി.ഐ ആണല്ലോ?

സംഹൗ ഹി ഗോട്ട് കോൺവിൻസ്ഡ് ദാറ്റ് ഹി ഈസ് സേഫ് റ്റു ടോക്ക്.

ഓഫീസ് മുറിയിലാണ് സനു ചെല്ലുമ്പോൾ ബോഡി കിടന്നിരുന്നത്. ഫ്രന്റ് ഡോർ ഉള്ളിൽ നിന്ന് അടച്ചിരുന്നില്ല. സംഗതി സീരിയസ്സാണെന്ന് തോന്നിയതും അവൻ പുറത്ത് കടന്ന് പോലീസിനെ വിളിക്കുകയാണുണ്ടായത്. അത് കൊണ്ട് അവിടെ ഗൺ ഉണ്ടായിരുന്നുവോയെന്ന് അവനറിയില്ല.

"അയാൾ ഇപ്പോഴും ഒറ്റക്കാണോ അവിടെ വന്നിരുന്നത്?"

"അല്ല ഇടക്ക് ഫാമിലി വരാറുണ്ട്. രാത്രി വരുമ്പോൾ മാത്രമാണ് ഒറ്റക്ക് വരുന്നത്"

"വേറെയാരെങ്കിലും എന്നെങ്കിലും?"

വ്യക്തമായ ഒരു ഉത്തരം തരാതെ ഒഴിഞ്ഞുമാറുകയാണ് സനു ആദ്യം ചെയ്തതത്. സംഭാഷണം ഏതാണ്ട് അവസാനിപ്പിക്കാറായപ്പോഴാണ് അവൻ പറഞ്ഞത്, "ഇടക്ക് രണ്ടോ മൂന്നോ തവണ ഒരു സ്ത്രീ വന്നിരുന്നു. അവർ നന്നായി പാടുമായിരുന്നു. അവരുള്ള ദിവസം എന്നോട് വീട്ടിൽ പൊയ്ക്കോളാൻ പറയുകയാണ് പതിവ്".

അടുത്ത ചോദ്യങ്ങൾക്ക് ഇടം നൽകാതെ സനു വളരെ സൗമ്യമായി കൂടിക്കാഴ്ചയിൽ നിന്ന് ഒഴിവായി.

"ലിൻഡ്‌സെ കേസിൽ നിന്ന് വല്ലതും പിന്നെ നിനക്ക് കിട്ടിയോ?"

'ഐ ഡിഗ്ഗ്ഡ് ഇറ്റ് എഗൈൻ. ജയ്സണുമായുള്ള റിലേഷൻഷിപ്പിൽ താൻ അത്ര ഹാപ്പിയല്ലെന്നും, അവൻ ഭയങ്കര പൊസ്സസ്സീവും കൺട്രോളിങ്ങും ആണെന്ന് ഒരിക്കൽ ലിൻഡ്‌സെ അവളുടെ അച്ഛനോട് പറഞ്ഞിരുന്നു. അതിനപ്പുറം ജെയ്‌സനെതിരായി ഒന്നും കണ്ടില്ല.

പിന്നെ ആ ഭാഗത്ത് ഒരു ലാർജ്ജ് സ്കെയിൽ ഡ്രഗ് റെയ്ഡ് നടന്നിരുന്നു. അതിന്റെ ഇൻഫോർമെന്റ് ലിൻഡ്‌സെ ആണെന്ന ധാരണയിൽ ഡ്രഗ് മാഫിയ ക്വട്ടേഷൻ കൊടുത്തതാണെന്ന സംശയവും ഉണ്ടായിരുന്നു. അതും എവിടേം എത്തിയില്ല. ആ കേസ് നമ്മുക്ക് വിടാമെന്ന് തോന്നുന്നു".

"ലീവ് നോ സ്റ്റോൺ അൺ ടേർൺട് "

ത്ന ഹനീഫ് എന്നായിരുന്നു രേഖകളിൽ അവരുടെ പേര് . മാരീഡ് റ്റു ഹനീഫ് വാസുദേവൻ ഫോർ 10 ഇയേഴ്സ്. രണ്ട് കുട്ടികളുള്ളത് ഹനീഫ് വാസുദേവന്റേതാണ്. അവരുടെ അമ്മ വേറെയാണ്. കിട്ടിയ രേഖയിൽ അവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളില്ല.

ഇരുപത് കൊല്ലത്തിനപ്പുറമുള്ള ഹനീഫ് വാസുദേവനെ കുറിച്ച് രഹസ്യവിവരാന്വേഷകൻ ശിവൻ ജെറുസലേമിന് കാര്യമായ സൂചനകളൊന്നും കിട്ടിയില്ല. അപ്പോൾ ഫാമിലിയായിട്ട് ഹോളീഡേ ഹോമിൽ വരാറുണ്ടെന്ന് സനു പറഞ്ഞത് നുണയാവാനാണ് സാദ്ധ്യത.

രത്ന ഹനീഫിനെ കാണാൻ കിട്ടുക അത്ര എളുപ്പമല്ല. ഹനീഫ് വാസുദേവന്റെ ചില ബോഡി ഗാർഡ്‌സ് ഇപ്പോഴും ഇൻവിസിബിൾ ആയി അവർക്ക് ചുറ്റും ഉണ്ട്. രത്ന ഹനീഫിന്റെ ഒരു കസിൻ ഭരണകക്ഷിയോട് ഒട്ടി നിൽക്കുന്ന ഒരു ഈർക്കിലി പാർട്ടിയുടെ ജില്ലാതല നേതാവാണ്. പുള്ളി ഒരു കുപ്പി ഹെന്നസ്സിയിൽ സംപ്രീതനായി.

നഗരാതിർത്തിയിലുള്ള ഒരു ഫ്ലാറ്റിന്റെ എട്ടാം നിലയിലെ നീണ്ട കോറിഡോറിനറ്റത്തെ വിശാലമായ ഓഫീസിനകത്ത് രത്ന ഹനീഫ് മാത്രമേ ഉണ്ടായിരുന്നുള്ളു. വിലകൂടിയ മിഡ്ഢിക്കും അതിനൊത്ത ടോപ്പിനുമൊപ്പം എണീറ്റ് നിന്നത് വിട പറയാറായിട്ടില്ലെന്ന വാശിയിൽ നിറഞ്ഞുനിന്ന യൗവ്വനത്തിന്റെ ആകർഷകമായ ആഡംബരങ്ങളായിരുന്നു.

"നിങ്ങൾക്ക് ഉദ്ദേശിക്കുന്ന കാര്യങ്ങൾ എന്നിൽ നിന്ന് കിട്ടാൻ സാദ്ധ്യതയില്ല"

രത്ന ഹനീഫ് തന്റെ കൂളിംഗ് ഗ്ളാസ് ഊരി ടേബിളിന്റെ മാർബിൾ പ്രതലത്തിൽ വെച്ചു.

"കിട്ടുന്ന കാര്യങ്ങൾക്കനുസരിച്ച് ഞങ്ങളുടെ ഉദ്ദേശ്യങ്ങൾ മാറുകയാണ് മേഡം".

"നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, ജീവിച്ചിരുന്ന കാലത്ത് ഒരു ദേശം മുഴുവൻ അങ്ങേർക്കൊപ്പം സദാ അകമ്പടിയുണ്ടായിരുന്നു".

"യെസ്"

"എന്നാൽ ആ മരണത്തിൽ ദുരൂഹതയുണ്ട്, അന്വേഷിക്കണമെന്ന് ആരെങ്കിലും പറഞ്ഞതായി കേട്ടിട്ടുണ്ടോ?"

"ഇല്ല"

"ദെൻ യു സ്റ്റാർട്ട് ഫ്രം ദേർ"

"കുഡ് യു ബി ഓഫ് എനി ഹെൽപ്പ്"

അവരുടെ കണ്ണുകൾ ഒരു നൃത്തരംഗത്തിലെന്ന പോലെ നാലു ദിശകളിലേക്കും പെട്ടെന്ന് നീങ്ങുകയും ഒന്നും സംഭവിക്കാത്തതുപോലെ ചുണ്ടുകൾ പുഞ്ചിരിക്കുകയും ചെയ്തു. ചുമരിന്റെ മൂലകളിലുള്ള CCTV ക്യാമറകൾക്ക് കണ്ടുപിടിക്കാൻ പറ്റുന്നതിനപ്പുറത്തായിരുന്നു ആ നയനവേഗത.

ആർമി കമാൻഡോ സ്റ്റൈലിൽ വേഷമിട്ട ഒരാൾ സാന്നിധ്യം കാണിക്കാൻ വേണ്ടി രണ്ട് സ്റ്റെപ്പ് മാർച്ച് പാസ്റ്റ് നടത്തി അറ്റെൻഷനിൽ നിൽക്കുന്നത് ഗ്ളാസ്സ് പാനലിലൂടെ കാണാമായിരുന്നു.

"ഈ ബിസിനസ് സ്ഥാപനങ്ങളുടെ ചുമതലയിപ്പോൾ എനിക്കാണ്. സൊ ഐ നീഡ് റ്റു കീപ്പ് തിങ്ങ്സ് കോൺഫിഡൻഷ്യൽ, സോറി".

കൂളിംഗ് ഗ്ളാസ് വീണ്ടും അവരുടെ മുഖം പാതിമറച്ചു.

"നമ്മൾ ഒരിഞ്ചു പോലും മുന്നോട്ട് പോകുന്നില്ലല്ലോ".

"യഥാർത്ഥത്തിൽ രത്ന വാസുദേവൻ ചില സൂചനകൾ തന്നിട്ടുണ്ട്.
ഒന്ന്, ജനപ്രിയനായിരുന്ന ഹനീഫ് വസുദേവനെ ഭ്രമണം ചെയ്തിരുന്ന പുരുഷാരവം പെട്ടെന്ന് നിലച്ചു.
രണ്ട്, രത്ന വാസുദേവനെ ആരോ നിയന്ത്രിക്കുന്നു. മൂന്ന് ജീവിതപങ്കാളി വിട്ടുപിരിഞ്ഞതിന്റെ ദുഃഖം അവർ കാണിച്ചതേയില്ല".

"യു ആർ ഹോപ്പ്ഫുൾ?"

"യെസ്, ഐ ആം"

അപ്പോഴാണ് ഹാക്കർ സുകു ജോണിന്റെ ഫോൺ വന്നത്, ജെസ്സി ലക്ഷ്മിയുടെ കോണ്ടാക്ട് ഡീറ്റൈൽസുമായി.

ഹനീഫ് വാസുദേവന്റെ ജില്ലയായ സിതംബരത്തെ തുടക് ഗോത്രമേഖലയിൽ നിന്നാണ് ജെസ്സി വരുന്നത്. ശിൽമയി എന്നായിരുന്നു ഒറിജിനൽ പേര്. എ സെൽഫ് മെയ്ഡ് വുമൺ. സ്‌കോളർഷിപ്പ് വഴി വിദേശത്തെ ഒരു യൂണിവേഴ്സിറ്റിയിൽ പോയി സാഹിത്യം പഠിച്ചിട്ടുണ്ട്. റവന്യൂ ഡിപ്പാർട്ട്മെന്റിലാണ് ജോലി. ഇപ്പോൾ ലീവിലാണ്. ഒരു പുസ്തകം എഴുതിക്കൊണ്ടിരിക്കുന്നു.

നഗരത്തിൽ നിന്ന് ഏതാണ്ട് അറുപത് കിലോമീറ്റർ അകലെയുള്ള ഒരു റിസോർട്ടിലെ സ്വമ്മിങ് പൂളിനടുത്തുള്ള കഫ്റ്റീരിയക്ക് പുറത്ത് വലിയ ചിത്രപ്പണികളുള്ള കുടയ്ക്ക് കീഴെ, എഴുതുകയും ഇടക്ക് ചായ കുടിക്കുകയും ചെയ്ത് കൊണ്ടിരുന്ന ജീൻസും ലൂസ് ഷർട്ടുമിട്ട മെലിഞ്ഞ് നല്ല പൊക്കവും, ആകർഷകമായ മുഖവുള്ള ശിൽമയി 'ഹലോ' കേട്ട് ആദ്യമൊന്ന് ഞെട്ടി. പിന്നെ ആരാണ് എന്താണ് എന്നൊക്കെയുള്ള അതിസാധാരണമായ ചോദ്യങ്ങൾ തീരെ താൽപ്പര്യമില്ലെന്ന മട്ടിൽ ചോദിച്ചു.

സംസാരത്തിനിടയിൽ തീർത്തും യാഥാസ്ഥിതികമായ ഒരു ചോദ്യത്തിന് നേരെ അൽപ്പം ദേഷ്യത്തോടെ ശിൽമയി നോക്കി.

"ഭാര്യയുള്ള ഒരു പുരുഷനൊപ്പം അയാളുടെ ഹോളിഡേ ഹോമിൽ കഴിയാൻ പാടില്ലെന്ന് ലിഖിതനിയമങ്ങൾ വല്ലതുമുണ്ടോ?"

"ഇല്ല"

"പിന്നെയാ ചോദ്യത്തിനെന്തു പ്രസക്തി?"

"എത്രമാത്രം അടുപ്പം നിങ്ങൾ തമ്മിൽ ഉണ്ടായിരുന്നു?"

"എന്താണ് അടുപ്പം എന്നത് കൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത്?"

"സൗഹൃദം?"

"അവർ റിലേഷൻഷിപ്പ് വാസ് ബേസിക്കലി sexual. ഞങ്ങൾക്ക് രണ്ടുപേർക്കും പരസ്പരം ആവശ്യമുണ്ടായിരുന്നു"

"ഹി വാസ് എക്സ്ട്രീമിലി വെൽത്തി. അയാൾക്ക് ആരെ വേണമെങ്കിലും കിട്ടുമായിരുന്നു. ദെൻ വൈ യു?"

"നിങ്ങൾ ഇപ്പോൾ സംസാരിക്കുന്നത് വിഡ്ഢിത്തരമാണ്. അയാൾക്ക് ആരെ വേണമെങ്കിലും കിട്ടുമായിരുന്നിരിക്കാം. പക്ഷെ അത് എന്നെ പോലെ ഒരാളാവണമെന്നില്ല. അതുപോലെ എനിക്കും. ഹി വാസ് ദി മേൻ ഐ വാണ്ടഡ് റ്റു"

"അയാളുടെ ബിസിനസിനെ പറ്റി?"

"നോക്കൂ, ഐ വാസ് വെരി ഓപ്പൺ റ്റു യു. ജീവിതത്തിലെ പ്രധാനവും മനോഹരവുമായ രതി ആസ്വദിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ഹനീഫും. അതിനിപ്പുറം ഐ ഡോണ്ട് നോ എനിതിങ്ങ്"

"അയാളുടെ മരണം...?"

"അത് ഒരു അനിവാര്യതയായിരുന്നു. കൂടുതൽ ചോദിക്കരുത്".

"ഇത്രയും ഇമോഷണലായി എഴുതുന്ന നിങ്ങൾ..."

"ഞാനെഴുതുന്നത് എന്റെ ധിഷണ കൊണ്ടാണ്, മേ ബി ഇന്റലിജൻസ്. അതിൽ വികാരവും വിജ്ഞാനവും എല്ലാം കാണും. എഴുത്ത് കണ്ടിട്ട് എന്റെ പഴ്സനാലിറ്റിയെ കുറിച്ച് നിങ്ങൾ എന്തെങ്കിലും സങ്കല്പിച്ചിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം ബാദ്ധ്യതയാണ്".

"എന്തുകൊണ്ടാണ് നിങ്ങൾ FB page നിറുത്തിയത്?"

"സസ്‌പെൻഡഡ് ഒൺലി, എന്നിട്ടും നിങ്ങൾ എന്നെ കണ്ടുപിടിച്ചു".

അവിടെ നിന്നിറങ്ങി കാറിലേക്ക് നടന്നതേ ഞങ്ങൾക്ക് ഓർമ്മയുള്ളൂ. ബോധം വരുമ്പോൾ അടുത്തടുത്തുള്ള രണ്ട് സ്‌ട്രെച്ചറിൽ ആണ് ഞങ്ങൾ കിടന്നിരുന്നത്.

"യു ക്യാൻ ഗെറ്റ് അപ്പ്"
വളരെ സോഫ്റ്റ് ആയിട്ടുള്ള ഒരു ശബ്ദം.

യൂണിഫോമിട്ടവരെയും, മൊത്തത്തിലുള്ള അവിടത്തെ അന്തരീക്ഷവും കണ്ടപ്പോൾ അത് ഫെഡറൽ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ് ആണെന്ന് മനസ്സിലായി. അത്യന്താധുനിക ഗാഡ്ജറ്റുകൾ നിറഞ്ഞ ഒരു മുറിയിൽ രണ്ട് ഹൈ റാങ്ക് പോലീസ് ഓഫീസേഴ്സിന് മുമ്പിൽ ഞങ്ങളിരുന്നു. ആരെന്നോ, എന്തെന്നോ ഉള്ള ചോദ്യങ്ങളൊന്നുമുണ്ടായില്ല, പകരം അർത്ഥഗർഭങ്ങളായ പുഞ്ചിരികൾ മാത്രം. ഞങ്ങൾക്ക് മുന്നിലേക്ക് ഒരു വലിയ സ്ക്രീൻ തിരിഞ്ഞുവന്നു.

"ജസ്റ്റ് സീ ദ സീൻ" കട്ട മീശയും കനത്ത പുരികങ്ങളുമുള്ള ഓഫീസറുടെ ഘനമുള്ള ശബ്ദം.

സ്‌ക്രീനിൽ കൃത്രിമമായ നിർമ്മിച്ച ഒരു ലേയ്ക്ക്. അതിന് ചുറ്റും അപ്പാർട്ട്മെന്റ്സ് പോലുള്ള കെട്ടിടങ്ങൾ. അതിലൊന്നിൽ നിന്ന് വെള്ളത്തിലേക്ക് താഴ്ന്നുവരുന്ന ഒരു ചെറിയ ക്രയിൻ. ക്രമേണ ക്യാമറ അതിലേക്ക് ഫോക്കസ് ആയി.

മുപ്പത്-മുപ്പത്തിയഞ്ചു വയസ്സുള്ള ഒരു മനുഷ്യനെ ആ ക്രയിനിൽ തൂക്കിയിട്ടിരിക്കുന്നതായി കാണപ്പെട്ടു. ക്രയിന്റെ അറ്റം ജലനിരപ്പിൽ നിന്ന് ഒരാൾ പൊക്കം ഉയരത്തിലേക്ക് എത്തിയപ്പോൾ ഒരു ഭീമൻ മുതല വെള്ളത്തിന് മുകളിലേക്ക് തല ഉയർത്തി. എന്നിട്ട് ഒന്ന് വാ പൊളിച്ചു. തൂങ്ങി കിടന്നിരുന്ന മനുഷ്യൻ അലമുറയിട്ട് കരയാൻ തുടങ്ങി. മുതല ചാടിയതും ക്രയിൻ പൊങ്ങി.

ബാക്ക്ഗ്രൗണ്ടിൽ ഒരു അനൗൺസ്‌മെന്റ്, 'നല്ല വിശപ്പുള്ള ജന്തുവാണ്. രേഖകളിൽ ഒപ്പു വെക്കുന്നോ അതോ മുതലക്ക് ഒരു നേരത്തെ ആഹാരമാകുന്നോ?'

"ഞാൻ എവിടെ വേണമെങ്കിലും ഒപ്പ് വെക്കാം, പ്ലീസ്" കരച്ചിലിനിടയിൽ ഉയരുന്ന ആ മനുഷ്യന്റെ ശബ്ദം.

ക്രയിൻ താഴ്ത്തി അയാളെ ഒന്നുകൂടെ പേടിപ്പിച്ച് ആ അനൗൺസ്‌മെന്റ് നിലച്ചു.

ക്രയിൻ വെള്ളത്തിൽ നിന്ന് ബിൽഡിങ്ങുകളുടെ അരീകിലേക്ക് നീങ്ങി. ചുറ്റും കെട്ടിനിറുത്തിയിട്ടുള്ള കരിങ്കൽ പ്ലാറ്റ്ഫോമിന് മേലെ അയാൾ തൂങ്ങി തന്നെ കിടന്നു. ഒരാൾ ഒരു കെട്ട് ഡോക്യൂമെന്റസുമായി അയാളുടെ അടുത്തേക്ക് ചെന്നു. അയാൾ ആ പോസിഷനിൽ തന്നെ കിടന്ന് തനിക്ക് നേരെ നീട്ടിയ പേപ്പറുകളിൽ ഒപ്പിട്ട് കൊടുത്തു.

അടുത്ത നിമിഷം സ്ക്രീൻ ബ്ലാങ്ക് ആയി.

"കണ്ടിട്ട് എന്ത് തോന്നി?" ഒരു സിനിമ നടന്റെ ഭാവഹാദികളുള്ള രണ്ടാമത്തെ ഓഫീസർ ചോദിച്ചു.

"ഭീകരം"

"ആ ഒപ്പിട്ട് കൊടുത്തത് നഗരത്തിലെ കണ്ണായ സ്ഥലത്തെ പത്ത് ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശമാണ്’’, ഓഫീസർ ഒന്നാമൻ തുടർന്നു.

"ആർക്കാണ് കൊടുത്തത്?"
"ഹനീഫ് വാസുദേവന്"

ഞങ്ങൾ ഒന്ന് ഞെട്ടി. എന്നാൽ പേടി കലരാത്തവിധം ഞാൻ ചോദ്യം ഒപ്പിച്ചു, "അതിനാണോ അയാളെ കൊന്നത്?"

"അയാൾക്ക് കൊടുത്ത ഓഫർ ആയിരുന്നു, എ ഹോണറബിൾ സൂയിസൈഡ്. പക്ഷെ പോണ പോക്കിലും അയാളതിൽ ദുരൂഹത നിലനിർത്തി"

"എ സോർട്ട് ഓഫ് സ്റ്റേറ്റ് സ്‌പോൺസേർഡ് ക്യാപിറ്റൽ പണിഷ്മെന്റ്"

"രാജ്യമാണ് വലുത്, ഒരു വ്യക്തിയുടെ നിലനിൽപ്പല്ല"

"എങ്കിൽ അയാളെ നിയമത്തിന് മുമ്പിൽ കൊണ്ട് വരാമായിരുന്നില്ലേ?"

"ജനങ്ങൾ കൊണ്ടാടുന്ന ഒരു പാട് വിഗ്രഹങ്ങൾ ഒറ്റയടിക്ക് വീണുടയും, രാജ്യം തന്നെ തകരും"

"അനുയായികളുടെ പ്രതിഷേ‌ധം എങ്ങനെയില്ലാതാക്കി?"

"Certain domestic guns in this country can be silenced by enforcement directorate"

ഞാനും സന്തോഷും അവിടെ വെച്ച് തിരക്കഥ നിറുത്തി. എഴുതിയതത്രയും സംവിധായകനെ ഏൽപ്പിച്ചു.

"ഇനിയും ഒരു പാട് കാര്യങ്ങൾ ലിങ്ക് ചെയ്യപ്പെടേണ്ടതുണ്ട്, സ്ക്രീൻ പ്ലേ ഈസ് നോട്ട് കപ്ലീറ്റ്".

"എഴുതിയതെല്ലാം ഷൂട്ട് ചെയ്ത് കഴിയുമ്പോഴേക്കും ബാക്കി തന്നിരിക്കും".

"വേഗം വേണം"
"ഇല്ല, സമയമെടുക്കും”.

"ഒരു സംശയം, ഈ തിരക്കഥാകാരന്മാർ കഥാപാത്രങ്ങളായി വരുന്നത് സ്വീകരിക്കപ്പെടുമോ?’’, പ്രൊഡ്യൂസറുടെ സ്വാഭാവികമായ ബോക്സ് ഓഫീസ് സംശയം.

"അതെന്റെ ഡിപ്പാർട്ടുമെന്റാണ്, ഐ വിൽ ഹാൻഡിൽ ഇറ്റ്", സംവിധായകൻ കസേര വലിച്ചിട്ടിരുന്നു.

"എനിക്കെപ്പോൾ ഇതിന്റെ പൂർണ്ണരൂപം കിട്ടും?" ഹനീഫ് വാസുദേവനായി വേഷമിടുന്ന പുതുമുഖ നടൻ ചോദിച്ചു.

സന്തോഷ് ശബ്ദം താഴ്ത്തി,
"പൂർണരൂപം വെള്ളിത്തിരയിൽ’’

Comments