സൈനബ

'തിരു'നങ്കൈ

അടിവസ്ത്രമിട്ടപ്പോൾ അത് താഴേക്ക് ഊരിയിറങ്ങി. മറച്ചു പിടിക്കാൻ മറന്നയിടം ചുവന്ന തിണർപ്പുകൾകൊണ്ട് പൊതിഞ്ഞുനിന്നു. ചത്ത പാമ്പിന്റെ ഉടൽ പോലെ അത് വികൃതമായി താഴേക്ക് തൂങ്ങിക്കിടന്നു. അന്നേരം എവിടന്നോ ഒരു ശവത്തിന്റെ നാറ്റം എന്റെ മൂക്ക് തുളച്ചു. ഞാൻ ഛർദ്ദിച്ചു. അതിലേക്കയാൾ രൂപാനോട്ടുകൾ വലിച്ചെറിഞ്ഞിട്ട് കടന്നുപോയി.

​സൈനബ

വിയർപ്പ് നാറിയ പുടവയും പഞ്ഞി നിറച്ച ബോഡീസും ചതഞ്ഞരഞ്ഞ മല്ലിപ്പൂ മൊട്ടുകളും നിലത്ത് അലങ്കോലപ്പെട്ട് കിടന്നു.
മുറിക്ക് രണ്ടാൾടെ മൂത്രത്തിന്റെ കെട്ടുപിണഞ്ഞ വാട. കുറച്ചുമുമ്പ് വന്നുപോയ ഒരുത്തൻ എന്റെ മൂത്രം ചവിട്ടിയിട്ടാണ് പോയത്. കൂടെക്കിടന്നതിനും അമുതാക്കാ ഉടുക്കാൻ തന്ന പച്ചപ്പട്ട് പുടവ കീറിവലിച്ചതിനും നൂറു രൂപ എക്സ്ട്രാ ചോദിച്ചപ്പോൾ ആ കശ്മാലം എന്റെ വെപ്പ് തലമുടി വലിച്ചു പറിച്ച് നിലത്തിട്ട് ചവിട്ടി നാശമാക്കി.

നഷ്ടപ്പെട്ട വെപ്പുതലമുടിയില്ലാതെ ഉടുവസ്ത്രമില്ലാതെ നിന്നപ്പോൾ തുരുമ്പിച്ചുനിന്ന അലമാരയിലെ പൊടിക്കുത്തുകൾ നിറഞ്ഞ കണ്ണാടി കാട്ടിത്തന്ന പ്രതിരൂപത്തിൽ മുല ചുരുങ്ങിയ മാറിടത്തിന് നടുവിലൂടെ താഴേക്ക് ഇറങ്ങിച്ചെല്ലുന്ന രോമ വര. അത് അവസാനം എത്തിനിന്നത് മുടിച്ചുരുളുകൾക്കുള്ളിൽ രക്തം പൊടിഞ്ഞ സ്വകാര്യതയിൽ. മുഖത്ത് ലിപ്സ്റ്റിക് ചോപ്പും കരിമഷിയും കൂടിക്കുഴഞ്ഞ് വിയർത്ത് പൊട്ടി ഒഴുകുന്നു. നഖം കീറി തൊലി പറിഞ്ഞ ശരീരത്ത് ചോര പൊന്തിയതും പൊടിക്കുത്തുകൾക്കിടയിലൂടെ ഞാൻ കണ്ടു. അയാളൊരു ചവിട്ടു വച്ചു തന്നപ്പോൾ ഞാൻ മലർന്നടിച്ചുവീണു. അയാൾ പാൻ്റ്സിന്റെ സിപ്പ് തുറന്ന് നീട്ടിപ്പിടിച്ചുകൊണ്ട് എന്റെ മുഖത്ത് മൂത്രം ചീറ്റി.

അടിവസ്ത്രത്തിന്റെ മറ നഷ്ടപ്പെട്ട എന്റെ സ്വകാര്യത അയാളുടെ ചവിട്ടേറ്റ് നിശ്ശബ്ദമായി മൂത്രത്തെ നിലത്ത് പരത്തി.

അമുതാക്കയാണ് പട്ടുചേലയും മല്ലിപ്പൂവും ഒക്കെ തന്നത്. ഞങ്ങളുടെ അടുത്ത് വരുന്നവർക്ക് മുന്നേ തന്നെ ഒരുക്കങ്ങളൊക്കെ തീർന്നിരിക്കണം. ചുവന്ന ലിപ്സ്റ്റിക്കാണ് സാധാരണ ഇടാറ്. വലിയ വട്ടപ്പൊട്ടും തൊട്ട് കണ്ണെഴുതും. സരോജാമ്മയാണ് മുഖത്ത് വേണ്ട തേപ്പുകളൊക്കെ ഇട്ടു തന്നത്. അണിഞ്ഞൊരുങ്ങി നിന്ന് കണ്ണാടിയിൽ മുഖം നോക്കിയപ്പോൾ ഉള്ളാലെയുള്ള പെൺമനസ് മുഖം കുനിഞ്ഞ് പിച്ചളമെട്ടി മുറുകിക്കിടന്ന തള്ളവിരലും കൊണ്ട് തറയിൽ കോലം വരച്ചു തുടങ്ങി.
മുറിക്കകത്ത് കയറുമ്പോൾ തന്നെ ആവശ്യക്കാർ അക്ഷമരായി നിൽക്കുന്നത് കാണാം. മുടിക്ക് കുത്തിപ്പിടിച്ച് മുഖം പൊക്കിയുയർത്തി കാർക്കിച്ചുതുപ്പുന്ന ചിലർ ഉടുതുണിയൂരുമ്പോൾ പിറപ്പിന്റെ പേരിൽ പരം തീർന്നൊരു തെറി ചെവിയിലേക്ക് തുളച്ചു കയറ്റും.

ചിലരുടെ താത്പര്യം മുഖാവയവങ്ങളോടെ അസ്തമിക്കും. ചിലരുടെ താത്പര്യം അരക്കെട്ട് വരെ അരിച്ചെത്തും. വന്നടുത്തവരിൽ അക്രമാസക്തരാകുന്ന ആവശ്യക്കാർ കുറവല്ലായിരുന്നു. അവരൊക്കെ ഉണ്ടാക്കിയിട്ടുള്ള മുറിവുകൾക്ക് പലമാതിരി രൂപവും ഭാവവുമാണ്. ചുണ്ടത്തും പൊക്കിളിലുമാണ് ഒരുപാട് മുറിവുകൾ ചോര പൊടിച്ചിട്ടുള്ളത്. അപൂർവ്വം ചില ആളുകൾ അടിവസ്ത്രമൂരിമാറ്റാൻ നിർബന്ധിച്ചു.

"തുപ്പ്കെട്ടവളെ… ഒത്തരൂവാകൂടെ വാങ്കത്തെരിയലെ... നീയെല്ലാ എന്നടീ പൊഴപ്പെ നടത്ത്റെ?"

വാസപ്പടിയിൽ വെളിച്ചം തൊട്ടപ്പോൾ വറ്റിലപ്പാക്ക് ചവച്ചുകൊണ്ടിരുന്ന സരോജാമ്മ പുറത്തേക്ക് നീട്ടിത്തുപ്പിക്കൊണ്ട് അയാൾ വലിച്ചെറിഞ്ഞിട്ടുപോയ തുള വീണതും നിറംമങ്ങിയതുമായ പത്തുരൂപാ നോട്ടുകളെ എണ്ണിത്തുടങ്ങി. തറയിൽ ഉമിനീരോടൊപ്പം കലർന്ന് പരന്ന വറ്റിലച്ചാറിൽ വെളിച്ചം കുത്തിനിന്നപ്പോൾ അത് ചുടു രക്തം പോലെ തിളങ്ങി, ഒസ്സാന്റെ കത്തി ഉരഞ്ഞപ്പോൾ ഉരുകിയൊലിച്ച ചോരപോലെ .

വെള്ളയുടുത്ത മൊല്ലാക്ക മൈലാഞ്ചിച്ചാറ് നിറമുള്ള താടിയുഴിഞ്ഞുകൊണ്ട് അത്താനോട് പറഞ്ഞു: "അമ്മണക്കുണ്ടിയാ പട്ക്ക പോട്ങ്കോ".

ഉടുത്തിയ തോർത്ത് മുണ്ടൂരിക്കൊണ്ട് അത്ത മുറിക്കു പുറത്ത് പോയി. അകത്ത് താടിമൊല്ലാക്കയെയും കൂട്ടി പന്ത്രണ്ടു പേർ വട്ടം ചുറ്റി നിന്നു. രാവിലെ അമ്മ പറഞ്ഞത് ഇന്നെനിക്ക് കല്ല്യാണമെന്നാണ്. പുതുവസ്ത്രങ്ങളൊക്കെ ഇട്ട എന്നെ അക്കാമാർ പുതുമാപ്പിളയായി കണ്ടു.
അകത്ത് പ്രാകൃതനായ ആ മൊല്ലാക്ക ഉടുതുണിയില്ലാതെ എന്നെ മലർക്കെക്കിടത്തി. കൈയ്യും കാലും അവരൊക്കെ ചേർന്ന് മുറുക്കെപ്പിടിച്ചു. താടിമൊല്ലാക്കയുടെ കൈയ്യും കൈയ്യിൽപിടിച്ചിരുന്ന തിളങ്ങുന്ന മൂർച്ചയേറിയ കത്തിയും അരക്കെട്ട് താണ്ടിക്കടന്നു. കത്തി ഉരഞ്ഞ് തീർന്നപ്പോൾ തോന്നിയത് എരിച്ചലും പുകച്ചിലും. കീഴ്പ്പോട്ട് നോക്കിയപ്പോൾ കണ്ടത് ചോരവെള്ളം പതഞ്ഞു പൊന്തിയ പത്ത് വർഷത്തെ പഴക്കമുള്ള ലിംഗത്തെ. അത് അറ്റ് വേർപ്പെട്ട പെരുവിരലിനെപ്പോലെ തോന്നിച്ചു.

പൂക്കോട്ട് തെരുവിൽ തടിക്കച്ചോടം ചെയ്യുന്ന മുത്ത് റാവുത്തരെ അറിയാത്തവരായി ആരുമുണ്ടായില്ല. ചോര ഞരമ്പുകൾ എഴുന്ന് നിന്ന കണ്ണുരുള സംസാരിച്ചു തുടങ്ങുമ്പോൾ അത്താനെ എല്ലാവരും ഭയപ്പെട്ടു തുടങ്ങും. രണ്ട് പെൺമക്കളുണ്ടായതിന്റെ പേരിൽ അമ്മാനെ അത്ത നിരന്തരം കുറ്റപ്പെടുത്തി. ആദ്യ രാത്രിയിൽ തന്നെ ആൺപിള്ളയെ പെറാനുള്ള ദുഃആകളും സൂറത്തുകളും ഒക്കെ മനഃപാഠമാക്കിയാണ് അമ്മ അത്താന്റെ കട്ടിലിൽ ഇടം കണ്ടെത്തിയത്. ഒരു വർഷം തികയും മുന്നേ വീട്ട് വാസപ്പടിയിൽ മഞ്ഞച്ച നിറത്തിൽ വാന്തിയെടുത്തു. പക്ഷെ, വീർത്ത വയറു പൊട്ടി പുറത്തേക്ക് തെറിച്ചത് ഇരട്ടപെൺപിള്ളകളാണെന്നറിഞ്ഞപ്പോൾ അത്താക്കും അത്തമ്മക്കിളവിക്കും മുഖത്ത് ചുളിവുകൾ ചുരന്ന് വന്നു.
ഇരട്ട പെറ്റ് രണ്ട് വർഷം കഴിഞ്ഞാണ് അമ്മ വീണ്ടും വയറു ചുമന്നത്. രണ്ടാമത് ഗർഭം ഉണ്ടാവാനും സൂറത്തുകളും ദുഃആകളും അറയിൽ ഒച്ചയില്ലാതെ പറഞ്ഞു തീർത്തുകാണണം. നേർച്ച നേർന്ന അത്തമ്മക്കിളവി പള്ളിയുണ്ടിയലിൽ പിറക്കാൻ പോകുന്ന ആൺകുഞ്ഞിന്റെ കൈ കൊണ്ട് പൈസത്തുട്ടിടാമെന്ന് നിനച്ചു. അമ്മ രണ്ടാമതായി എന്നെ പെറ്റു. അന്ന് നാൽപ്പതിന്റെ പ്രായം തോന്നിച്ച മുത്ത് റാവുത്തര്, തള്ള കൈയ്യിൽ വച്ച് കൊടുത്ത ചോരമണം തേച്ച പുതുജീവനെ പൊതിഞ്ഞുകെട്ടിയ തുണി മാറ്റി നോക്കി, ആൺപിള്ളയാണെന്ന് ഉറപ്പുവരുത്തി പെരുവിരലോളം മാത്രം വണ്ണം തോന്നിച്ച പിടുക്കിനെ ഉമ്മ വെച്ചുകൊണ്ട് നെടുവീർപ്പിട്ടു.
അന്നു മുതൽ അത്ത അക്കാമാരെ അവഗണിച്ചു. അവർ അമ്മയുടെ കൺവെട്ടത്ത് മാത്രമായി വളർന്നു തുടങ്ങി. അന്നൊക്കെ അത്താന്റെകൂടെ എല്ലായിടത്തും ഞാൻ പോയിത്തുടങ്ങി. കച്ചവടസ്ഥലത്തും പള്ളിയിലും നേർച്ചകൾക്കുമൊക്കെയായി എന്നെ കൊണ്ടുപോയി. ഉടുക്കാൻ വെടിപ്പായ കുപ്പായങ്ങൾ വാങ്ങിക്കൊണ്ട് തന്നു.

മുത്ത് റാവുത്തരിന്റെ ആൺപിള്ള സലീമിനെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങി. ഇട്ടിരുന്ന വസ്ത്രങ്ങളിലേക്കും മുഖസൗന്ദര്യത്തിലേക്കും ആളുകളുടെ കണ്ണുരുള ഉരുണ്ടിറങ്ങിയപ്പോൾ ഉഷിരനൊരു പുരുഷന്റെ രൂപം വളർന്നു കിട്ടാൻ അത്ത ആഗ്രഹിച്ച് തുടങ്ങിയ നേരം, ഞാനെന്റെ പറ്റെ വെട്ടിയ തലമുടിയിലേക്ക് വെറുതെ വിരലോടിച്ചു കൊണ്ട് അക്കാമാരുടെ നീണ്ട് കറുത്ത മുടിയിലേക്ക് നോക്കി. എണ്ണ തേച്ച് മിനുസപ്പെടുത്തിയ മുടിനാരുകളൊക്കെ കൂട്ടിപ്പിടിച്ച് പിന്നിലേക്ക് പിണച്ച് കെട്ടിയിരിക്കുന്നു. പിഞ്ഞിയിട്ട മുടിയുടെ അറ്റം അവരുടെ പിൻഭാഗത്ത് ഉമ്മവച്ചുരസിക്കൊണ്ടിരുന്നു.

"എനക്കും അക്കാങ്കളെ മാതിരി മുടിയെ നീട്ടി വളർക്കണം’’, മനസിലിഴഞ്ഞ ആഗ്രഹം അമ്മാനോട് പറഞ്ഞപ്പോൾ അത് കേട്ട്കൊണ്ടുവന്ന അത്ത ചെവിക്ക് തിരുകിപ്പിടിച്ചുകൊണ്ട് പറഞ്ഞു, "സെയ്ത്താനെ, ആമ്പളപ്പയന്ങ്കെ മുടിയെ നീട്ടിയെല്ലാ വളക്കക്കൂടാത്. ഹറാമാക്കും’’.

അക്കാമാർ ഇത് കണ്ട് ചിരിച്ച് കളിയാക്കി. അവരുടെ നീണ്ട മുടിയുടെ ചിത്രം പല രാത്രികളിലും മനസിലൂടെയിഴഞ്ഞ് എന്നെ എപ്പോഴും എടങ്കേറാക്കി. സ്വപ്നങ്ങളിൽ ചത കൊത്തി വലിക്കുന്ന പാമ്പുകൾ ഇഴഞ്ഞ് നീങ്ങുന്നത് പതിവായതും അങ്ങനെയാണ്.

അക്കാമാർ പെട്ടെന്ന് വളർന്ന് വലുതായി. അക്കാമാർ വളരുന്തോറും അവരുടെ തലമുടിയും വളർന്നു. അതിലൊരുത്തി പന്ത്രണ്ടാമത്തെ വയസ്സിൽ കടുംനീല യൂണിഫോം പാവാടയിൽ ചോരനനച്ച് കൊണ്ട് വീട്ടിലേക്ക് ഓടിക്കയറി വന്ന് അമ്മാനെ പൊത്തിപ്പിടിച്ചപ്പോൾ അവളുടെ കാലിലൂടെ പടം പൊഴിച്ചിറങ്ങിയ ചോരപ്പാമ്പുകൾ തറയിലേക്ക് വീണ് പരന്നു. അമ്മ അവളെ മൂലയിലേക്ക് പിടിച്ചിരുത്തി. എന്നെ അകറ്റി നിർത്തി. മറ്റവൾ മാത്രം കൂടെ നിന്നു.

"സലീമേ അക്ക പെരിസാച്ച്. അവ കിട്ടെ കൊഞ്ച നാളയ്ക്ക് പേസാതെ", പറഞ്ഞതിന്റെ പൊരുൾ തലയ്ക്കകത്ത് പെരുകിയില്ലെങ്കിലും അക്കാന് എന്തോ സംഭവിച്ചു എന്നു മാത്രം മനസ്സിലായി. വൈകാതെ അടുത്തവളും ഉടുപ്പിൽ ചോര തേച്ചു. രണ്ട് അക്കാമാരും സൂക്ഷിപ്പുകാരികളായി. അവർ ശരീരം പൊതിഞ്ഞു. ചിരികളൊതുക്കി. തറയിലേക്ക് തല കുമ്പിട്ട് നടക്കാനും തുടങ്ങി. ആൺജന്മങ്ങളെക്കണ്ടാൽ മുറിക്കുള്ളിലൊതുങ്ങി പക്ഷെ, കോവക്കാരൻ അത്താന്റെ മുമ്പിൽ മാത്രം.
ഒരു ദിവസം മദ്രസയിലെ അക്കാമാരെ പഠിപ്പിക്കുന്ന കുഞ്ഞിമൊല്ലാക്ക വന്നു.
"പൊട്ടപ്പുള്ളകോണ്ണാ പെരിസാകത്താ സെയ്യും. നീങ്ക നാളയ്ക്ക് മദ്രസാവ്ക്ക് ചൊല്ലി വിടുങ്കൊ’’.

അമ്മ അക്കാമാരെ നോക്കി. അവർ രണ്ടുപേരും മിണ്ടിയില്ല. മൊല്ലാക്ക പിന്നെ ഒന്നും പറയാതെ അക്കാമാരിലൊരുത്തിയിൽ കണ്ണെറിഞ്ഞുകൊണ്ട് വാസപ്പടി താണ്ടി. കറുത്ത് മെല്ലിച്ച ആ മുപ്പത് കാരന് ആദ്യം മുതലേ അക്കാമാരിലൊരുത്തിയെ നോട്ടമുണ്ട്. മദ്രസാപഠനം നിറുത്തിയതും തൊല്ല അവസാനിച്ചതും ഒരുത്തിയിൽ മാത്രം വ്യസനമുണ്ടാക്കി. മദ്രസാപഠനം നിർത്തി അവർ സ്കൂളിലേക്ക് മാത്രം പൊയ്ക്കൊണ്ടിരുന്നു. പിന്നിയിട്ട മുടി അഴിഞ്ഞാടാൻ തുടങ്ങിയത് അങ്ങനെയായിരുന്നു. അവർ പതിനഞ്ചിലേക്ക് ശരീരം വളർത്തുമ്പോൾ അവരെന്നിൽ നിന്നും കൂടുതൽ വ്യത്യസ്തപ്പെട്ടു നിന്നു. അവർക്ക് ഉയർന്ന മാറിടങ്ങൾ പൊന്തി. അതിനെ മുറുക്കിക്കെട്ടാൻ ഉള്ളാടകൾ നിർബന്ധിച്ച് അവരെക്കൊണ്ട് അമ്മ ഇടുവിച്ചു. അരക്കെട്ടുകൾക്ക് ഒതുക്കം വച്ചു കണ്ടപ്പോൾ അവരെക്കൊണ്ട് അമ്മ അയഞ്ഞ വസ്ത്രങ്ങൾ ഇടുവിച്ചു. അക്കാമാർ സുന്ദരികളായിരുന്നു. അവരുടെ ചുണ്ടിന് ലിപ്സ്റ്റിക് ചോപ്പിന്റെ നിറമായിരുന്നു. കണ്ണുകൾ കറുപ്പിച്ച് എഴുതും. വരണ്ട് നിറം മങ്ങിയ എന്റെ ചുണ്ടും കറുപ്പ് പടർന്ന കണ്ണും മുഖത്തിനൊരു ലക്ഷണക്കേടായി തോന്നിത്തുടങ്ങിയത് മുഖവടിവം കണ്ണാടിയിൽ കണ്ടപ്പോഴാണ്.
ക്ലാസ്സിലെ കുട്ടികളൊക്കെ അന്നേരം പോയിരുന്നു. മൊല്ലാക്ക കസേരയിലിരുന്നുകൊണ്ട് ഉടുത്തിയ കള്ളി മുണ്ട് വകഞ്ഞ് മാറ്റിക്കൊണ്ട് പറഞ്ഞു: "സലീമേ, ഇങ്ക് വാ".
അടുത്തേക്ക് വിളിച്ച് വലതു കൈ മുണ്ടിനുള്ളിലേക്ക് കടത്തി. തുടകൾ വഴി മുകളിലേക്ക് ഉഴിഞ്ഞു കൊടുക്കുന്ന കുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്. അവര് പടിയിറങ്ങി താഴേക്ക് വരുമ്പോൾ അവരുടെ കൈയ്യിൽ വഴുത്ത ഒരു സാധനം വല്ലാതെ നാറും.

"എല്ലാം ശൈത്താനോട വേലയാക്കും’’.
അമ്മ പോകാൻ നിർബന്ധിച്ചു. മദ്രസയും ക്ലാസ് മുറിയും മൊല്ലാക്കയുടെ മുഖവും വായിൽ കൈപ്പ് നിറച്ചു. മൂക്കോടടുപ്പിച്ചപ്പോൾ എന്റെ കൈകൾക്കും വല്ലാത്തൊരു നാറ്റം.

മഴ കനത്തു തുടങ്ങിയപ്പോഴാണ് അമുതാക്കയുടെ മുറിയിൽ നിന്ന് പുറത്തേക്ക് കടക്കാൻ പാടുപെടുന്ന ശ്വാസത്തിന്റെ പരക്കം പാച്ചില് കേട്ടു തുടങ്ങിയത്. ഇന്നേയ്ക്ക് മാത്രമായി മൂന്ന് കസ്റ്റമറുകളെയാണ് സരോജാമ്മ അമുതാക്കയുടെ അടുത്തേക്ക് അയച്ചത്. എല്ലാത്തിന്റെയും അവസാനം അമുതാക്ക ഉടുതുണിയില്ലാതെ മൂത്രത്തിൽ മുങ്ങിക്കിടക്കും. ശരീരത്തിലുണ്ടായ മുറിവുകളിൽ മൂത്രത്തിന്റെ ഉപ്പ് തട്ടി അവർ
പല രാത്രികളിലും നിശ്ശബ്ദമായി അമറിയിട്ടുണ്ട്.

" ഒവ്വൊണ്ണാ വന്ത് ഉസ്റെ വാങ്ക്ത്ങ്കെ"

സരോജാമ്മായുടെ കാലിൽ നഖം കീറി. ആ തടിച്ച സ്ത്രീ തേച്ചുകൊണ്ടിരുന്ന തൈലക്കുപ്പി തട്ടിത്തെറിപ്പിച്ചു. കാറിത്തുപ്പിയപ്പോൾ ചതഞ്ഞ വറ്റിലച്ചണ്ടിയോടൊപ്പം ചോപ്പൊട്ടിയ വഴുത്ത തുപ്പല് ദേഹത്ത് തേഞ്ഞൊലിച്ചു.

അത്ത എന്റെ മുഖത്ത് കാറിത്തുപ്പുമ്പോൾ എനിക്ക് വയസ്സ് പതിനെട്ട്. അക്കാമാരുടെ മുറിയിൽ ചുവന്ന ലിപ്സ്റ്റിക് ഉരച്ച പാഡ് അടിവസ്ത്രത്തിൽ ഒട്ടിച്ച് തുടകൾ വഴി മുകളിലേക്ക് കയറ്റുമ്പോഴാണ് വഴുത്ത തുപ്പൽ മുഖത്തേക്ക് തെറിച്ചത്. പുളിങ്കൊമ്പ് പറിച്ചു വന്ന് പുറം മുതുകിലേക്ക് ആഞ്ഞാഞ്ഞ് വീശുമ്പോൾ അമ്മ വാതിലിന്റെ മറവിൽ വാ പൊത്തി നിന്ന് തേങ്ങിയത് ഞാൻ കണ്ടു. വടിവൊത്ത ചോപ്പൻ പാടുകൾ പല ഭാഗത്തേക്കും വീണു. പടിയിറങ്ങുമ്പോൾ ആരും തിരിച്ചു വിളിച്ചില്ല.

"പേര് രാജപ്പ. ഊര്ലയെ പെരിയ പാർട്ടി. നല്ലാ ഗവനിക്കണം. ദുട്ട വാങ്കാമ വിട്ട്റാതെ"

ഉരുണ്ട് പൊക്കം കുറഞ്ഞ അയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന നൂറ് രൂപാനോട്ടുകൾ പിടുങ്ങി തുപ്പലൊട്ടിച്ച് എണ്ണി മടക്കി പഞ്ഞിമുലകൾക്കിടയിൽ ആ സ്ത്രീ തിരുകിക്കയറ്റി. മുറിക്കകത്തേക്ക് കടന്നയാൾ തുരുമ്പിച്ച് നിന്ന വാതിൽ കൊട്ടിയടച്ച് ലൈറ്റണച്ചു. ഉടുവസ്ത്രമില്ലാതെ മേലൊട്ടിക്കിടന്ന അയാൾക്ക് വല്ലാത്ത നാറ്റമായിരുന്നു. അരമണിക്കൂറോളം നീണ്ടുനിന്ന ഇരുട്ട് മാഞ്ഞ് മഞ്ഞ ബൾബ് കത്തി. പെയിൻ്റടർന്ന വികൃതകലകളുള്ള ചുമര് ചാരി പുറം തിരിഞ്ഞ് നിൽക്കുന അയാളുടെ കഴുത്തിന് പിന്നിൽ പരന്ന തിണർപ്പുകൾ തൊലി ചുരണ്ടി പടർന്നു കിടന്നു. അടിവസ്ത്രമിട്ടപ്പോൾ അത് താഴേക്ക് ഊരിയിറങ്ങി. മറച്ചു പിടിക്കാൻ മറന്നയിടം ചുവന്ന തിണർപ്പുകൾകൊണ്ട് പൊതിഞ്ഞുനിന്നു. ചത്ത പാമ്പിന്റെ ഉടൽ പോലെ അത് വികൃതമായി താഴേക്ക് തൂങ്ങിക്കിടന്നു. അന്നേരം എവിടന്നോ ഒരു ശവത്തിന്റെ നാറ്റം എന്റെ മൂക്ക് തുളച്ചു. ഞാൻ ഛർദ്ദിച്ചു. അതിലേക്കയാൾ രൂപാനോട്ടുകൾ വലിച്ചെറിഞ്ഞിട്ട് കടന്നുപോയി.


Summary: Thiru Nankai is a short story about Queer Identity written by Zainaba.


​സൈനബ

കഥാകാരി, പാലക്കാട് ഗവ. വി​ക്ടോറിയ കോളേജിൽ ബിരുദ വിദ്യാർഥി.

Comments