എം.ജി. ശശി

തിരിമുറിയാതെ...

നിശ്ശബ്ദയുടെ നിർവ്വികാരമായ മുഴക്കം മാത്രം. ഒരാഴ്ചയായി തിരിമുറിയാതെ പെയ്ത മഴ താൽക്കാലികമായി തോർന്നതേയുള്ളൂ.
ഗേറ്റിൻ്റെ മുകൾഭാഗത്ത് എഴുതിവെച്ച വീട്ടുപേര് വെള്ളത്തിൽ ഉയർന്നുകാണാം. അടുക്കളക്കിണറും മുറ്റവും തൊടിയും വെള്ളത്തിനടിയിലാണ്. ഉമ്മറത്തിണ്ണയുടെ മേൽഭാഗത്തെ പലകമാത്രം കാണാനുണ്ട്.

കാരണവന്മാരായി കാൽകേറ്റിവെച്ച് ചാഞ്ഞുകിടന്ന ചാരുകസേരയിലെ അഴുക്കടിഞ്ഞ തുണി നനഞ്ഞപ്പോൾ ഉമ്മറത്തുനിന്ന് ഞാനെണീറ്റു. വെള്ളത്തള്ളിച്ചയിൽ ഉമ്മറവാതിൽ മലർക്കെ തുറന്നുകിടക്കുകയാണ്.

അടുക്കളക്കെട്ട് ഇടിഞ്ഞു വീണിരിയ്ക്കുന്നു. ഒന്നാം നിലയിലേയ്ക്കുള്ള ഗോവണി നിലത്തമർന്ന് മുറുവശത്തെ ചുമരിലേയ്ക്ക് ചാഞ്ഞിരിയ്ക്കുന്നു.
നടുമുറ്റത്തൊരു നീർക്കോലി പുളഞ്ഞുനീന്തുന്നുണ്ട്.

വീടിനകത്ത് കുതിർന്ന ചുമർ പിടിച്ച് മുട്ടറ്റം വെള്ളത്തിൽ ഞാൻ നടന്നു. മക്കൾ പിച്ചവെച്ചുനടന്നത് ഓർത്തു.

മക്കളെവിടെ?
അവർ നീന്തി രക്ഷപ്പെട്ടു കാണും.
അതെ, ജീവിതത്തിൽ അവർക്കിനിയും ഏറെ തുഴയാനുണ്ട്.
രക്ഷപ്പെടണം... അവർ രക്ഷപ്പെടണം.

കിടപ്പുമുറിയുടെ വാതിൽ വെള്ളത്തിലേയ്ക്ക് വീണു കിടക്കുന്നു. ഒരായുസ്സ് മുഴുവൻ എന്നെ സഹിച്ച അവൾ കട്ടിലിൽ മരിച്ചു കിടക്കുകയാണ്. എന്നോട് യാത്ര പറയാതെ അവൾ എപ്പോഴാണ് പോയത്? അവളുടെ വസ്ത്രങ്ങൾ സ്ഥാനം തെറ്റി കിടക്കുന്നുണ്ട്.
ഞാനത് നേരെയിട്ടു.
'ഞാനും കൂടെയുണ്ട്’, തിരിഞ്ഞു നടക്കുമ്പോൾ അവൾ എന്നോട് പറഞ്ഞപോലെ തോന്നി. ഞാനവളെ എൻ്റെ ശരീരത്തിനോട് ചേർത്ത് ആത്മാവിനോട് ചേർത്ത് മുറുകെപ്പിടിച്ചു.

ചേതനയറ്റ അവളുടെ ശരീരം എൻ്റെ തോളിൽ ചാഞ്ഞുകിടന്നു. ഉമ്മറത്തിണ്ണയുടെ മൂലയിൽ നിന്ന് മുറ്റത്തെ വെള്ളത്തിലേയ്ക്ക് ഞാനുമവളും ഊർന്നിറങ്ങി.

അരയ്ക്കൊപ്പം... കഴുത്തറ്റം... വെള്ളം.
മരണത്തണുപ്പ്.

മഴ വീണ്ടും ഇരച്ചാർത്ത് പെയ്യാൻ തുടങ്ങി...
വെള്ളം കേറിക്കൊണ്ടേയിരുന്നു.

വെള്ളമിറങ്ങിയാൽ ആദ്യം കയറിവരുന്നവർ മുറ്റത്ത് ഉമ്മറത്തിണ്ണയുടെ മൂലയിൽ തിരിമുറിയാതെ ചിരിച്ച് ആലിംഗനബദ്ധരായി നില്ക്കുന്ന ഞങ്ങളെ കാണും.


Summary: "Thirumuriyathe" is a Malayalam short story by MG Sasi set against the backdrop of the Kerala floods.


എം.ജി. ശശി

സിനിമ, നാടക സംവിധായകന്‍, നടന്‍. അടയാളങ്ങള്‍, ജാനകി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.

Comments