വിഷ്ണു കെ. ഉദയൻ

കായലിലെ വെള്ളം പോലെ കറുത്ത ഒരു രാത്രിയിലാണ് തേത്താമ്മ മരിക്കുന്നത്. അന്ന് ഗബ്രിയേലിന് എഴുപതിനടുത്ത് പ്രായം കാണും. തേത്തയ്ക്കും ഉണ്ടായിരുന്നു അത്രയുമൊക്കെത്തന്നെ. സൂര്യൻ പൊങ്ങിവരും മുൻപേ തുടങ്ങുന്ന അടുക്കളയിലെ തട്ടും മുട്ടുമൊക്കെ തേത്ത പോയതോടെ നിന്നതാണ്. അതോടെ ആ വീടും ഒച്ചയില്ലാതെയായി.

ഒരു ഇടവമാസത്തിലാണ് ഗബ്രിയേലിനൊപ്പം തേത്ത കുട്ടനാട്ടിലേക്ക് വരുന്നത്. അന്ന് ഇന്നത്തെപ്പോലെയൊന്നുമല്ല, കുടിക്കാനും കഴിക്കാനുമൊക്കെ കായൽ കനിയണം. ഒരു ദീനം വന്നാൽ കൊട്ടാരം ആശുപത്രിയിൽ എത്തണമെങ്കിൽ വള്ളം മാത്രമായിരുന്നു രക്ഷ.

ഒരു വറുതിക്കാലത്തായിരുന്നു തേത്താമ്മയ്ക്ക് പ്രസവവേദന വന്നത്. അവളെയും പൊക്കിയെടുത്തുകൊണ്ട് വയറ്റാട്ടിയുടെ അടുത്തേക്ക് ഓടുമ്പോൾ ഗബ്രിയേലിന്റെ ചുണ്ടിൽ കഞ്ഞിയുടെ വറ്റു പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു. കാലണ കയ്യിലില്ലാത്ത കാലത്തും തേത്തയെ ഗബ്രിയേൽ പൊന്നുപോലെയാണ് നോക്കിയത്. പള്ളയിൽ കിടക്കുന്ന കൊച്ചിനൊന്നും സംഭവിക്കരുതേ എന്ന് കൊരട്ടിമുത്തിയെ വിളിച്ച് അയാൾ പ്രാർത്ഥിച്ചു. പക്ഷെ, മടവീണു കിടന്നതുകൊണ്ട് വയറ്റാട്ടിയുടെ വീട്ടിലെത്താൻ കഴിഞ്ഞില്ല. മാസം തികയാതെ വന്ന വേദന സഹിക്കവയ്യാതെ എങ്ങനെയോ ആശുപത്രിയിൽ എത്തിയപ്പോഴേക്കും കുഞ്ഞ് പോയിരുന്നു. തേത്ത പിന്നീട് പെറ്റതുമില്ല.

വീണ്ടുമൊരു മഴക്കാലം. അതേ കട്ടിലിൽ കിടന്നുകൊണ്ട് ഗബ്രിയേൽ ഒറ്റയ്ക്ക് മഴ പെയ്യുന്ന ശബ്ദം കേൾക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷം കഴിഞ്ഞിരിക്കുന്നു.

മരണത്തിലും ഉറക്കത്തിലും മാത്രമാണ് എല്ലാ മനുഷ്യരും ഒരുപോലെയാകുന്നത്. അവിടെ എന്തൊക്കെ പറഞ്ഞാലും ആർക്കും ആരെയും തോൽപ്പിക്കാൻ പറ്റില്ല. പണ്ട് ആശുപത്രിയിൽ പോകാൻ വയ്യെന്ന് പറഞ്ഞ് ഗബ്രി ചുരുണ്ടുകൂടി കിടക്കുമ്പോൾ തേത്ത പറയുന്നത് ഓർത്തുകൊണ്ട് അയാൾ പിറുപിറുത്തു;
“ഇപ്പൊ മരിക്കുന്നുമില്ല, ഉറങ്ങാനും പറ്റുന്നില്ല.”

പീള കെട്ടിയ കണ്ണ് നിറഞ്ഞൊഴുകിയത് അയാൾ പോലും അറിഞ്ഞില്ല. ഇടയ്ക്ക് എവിടുന്നോ വരുന്ന പാട്ടുകുർബാനയുടെ ശബ്ദത്തിന് ഗബ്രിയേൽ കാതുകൊടുത്തു. തേത്ത മരിച്ചപ്പോഴായിരുന്നു അവസാനമായി അത് കേട്ടത്. എന്നാലിപ്പോൾ, അകലെ ഇരുട്ടിൽ എവിടെയോ നിന്ന് അത് കേൾക്കാം. അയാളുടെ നെഞ്ചിൽ എന്തോ വലിയ ഭാരം കൂടുന്നത് പോലെ തോന്നി.

ഇതുപോലൊരു രാത്രിയിലാണ് ഗബ്രിയുടെ നെഞ്ചിലിരുന്ന് തേത്തയുടെ കൈകൾ തണുത്ത് പുളിങ്കമ്പ് പോലെയായത്. ആ തണുപ്പ് അയാളുടെ നെഞ്ചിലേക്ക് വീണ്ടും പടർന്നു.

തലയ്ക്കുമുകളിൽ ജനാലവിടവിലൂടെ നിലാവ് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. മെല്ലെ തണുപ്പ് കുറഞ്ഞുതുടങ്ങി. നെഞ്ചിൽനിന്നും എന്തോ ഒരു കനം ഇല്ലാതായത് പോലെ അയാൾക്ക് തോന്നി. ചിലപ്പോഴൊക്കെ എന്തിനാണ് ഇനി ജീവിക്കുന്നതെന്ന് ഗബ്രിയേലിന് തോന്നും. അപ്പോഴൊക്കെ അയാൾ തൊമ്മിയെക്കുറിച്ച് ഓർക്കും.

അമേരിക്കയിലെ ജോർജ്ജ് സാറിന്റെ വീട്ടിൽ ഗബ്രി പണ്ട് ജോലിക്ക് പോയിരുന്നു. ജോർജാണ് കുട്ടനാട്ടിൽ ആദ്യമായി എൻജിൻ വള്ളം വാങ്ങിക്കുന്നത്. മഴക്കാലമായാൽ അവിടെനിന്ന് എന്തെങ്കിലും പണിയുണ്ടാകും. വീട്ടിലെ പുറംപണികളൊക്കെ അന്ന് ചെയ്തിരുന്നത് ഗബ്രിയായിരുന്നു; തേത്തയായിരുന്നു അടുക്കളയിലെ പണിക്കാരി. പിന്നീട് വാതം കൂടി കാലുവേദന സഹിക്കാൻ പറ്റാതാകും വരെ ഗബ്രിയേൽ അവിടെയുള്ള പറമ്പിലെ ചെറിയ ജോലികൾ ചെയ്തിരുന്നു. തേത്ത പിന്നെയും ഒരുപാട് കാലം അവിടെ ജോലി ചെയ്തു.

നെഞ്ചുവേദന വന്നാണ് ജോർജ്ജ് മരിക്കുന്നത്. ജോർജിന്റെ മരണശേഷം അയാളുടെ ഭാര്യയെ മക്കൾ അമേരിക്കയിലേക്ക് കൊണ്ടുപോയി. അന്ന് അവിടെ ബാക്കിയായത് അവരുടെ 'റാംബോ' എന്ന പട്ടി മാത്രമായിരുന്നു. ജോർജിന്റെ മരിപ്പും പതിനാറും കഴിഞ്ഞ് എല്ലാവരും പോയപ്പോൾ ബാക്കിയായ റാംബോയെ, 'തൊമ്മി' എന്ന് പേരും മാറ്റി തേത്ത വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

തൊമ്മി വളരെ പെട്ടെന്ന് വളർന്നു. അവന്റെ കവിളുകൾ തൂങ്ങി, കണ്ണുകൾ മയക്കമുള്ളതുപോലെ സദാ കാണപ്പെട്ടു. നാളിതുവരെ തൊമ്മിയോളം കൂറ്റൻ നായയെ ആ നാട്ടിൽ ആരും കണ്ടിരുന്നില്ല. എന്നും വൈകിട്ട് അക്കരയ്ക്ക് ജോലി കഴിഞ്ഞു വരാറുള്ള തേത്തയെ നോക്കി തൊമ്മി കടവിലുണ്ടാകും.

ആൾത്താമസമില്ലാത്ത പഴയ പള്ളിമേടയുടെ ചെമ്പരത്തിപ്പടർപ്പുകൾ കൊണ്ട് ഇരുട്ടുമൂടിയ വഴിയിലും, മുട്ടിനുമുകളിൽ വരെ കറുകപ്പുല്ല് വളർന്നുനിൽക്കുന്ന, പലരും പാമ്പിനെ കണ്ടിട്ടുണ്ടെന്ന് പറയുന്ന ബംഗ്ലാവ് പറമ്പിലൂടെയുമൊക്കെ നടന്ന് തേത്ത വീട്ടിലെത്തിയിരുന്നത് തൊമ്മിച്ചൻ കൂടെയുണ്ടെന്ന ധൈര്യത്തിലായിരുന്നു.

“നിന്റപ്പൻ സേവ്യർ പാപ്പാനെപ്പോലുണ്ടല്ലോടാ തൊമ്മിയെ കാണാൻ…”, കേറ്റക്കാരൻ മാടപ്പൊന്നൻ ഒരിക്കൽ ഗബ്രിയോട് പറഞ്ഞു.

അതിനുശേഷം തൊമ്മിയോട് എന്തെന്നില്ലാത്ത ദേഷ്യമായിരുന്നു അയാൾക്ക്. ഒരിക്കൽ അപ്പന്റെ പഴയ ഫോട്ടോ എടുത്ത് നോക്കുകപോലും ചെയ്തു അയാൾ. പൊന്നൻ പറഞ്ഞതുപോലെ അപ്പന്റെയും തൊമ്മിയുടെയും കവിളുകൾ ഒരുപോലെ തൂങ്ങിക്കിടന്നത് അയാൾ ശ്രദ്ധിച്ചു.

തേത്തയ്ക്ക് പക്ഷെ തൊമ്മി മകൻ തന്നെയായിരുന്നു. അവൾക്ക് അവനെ എന്നും സ്വന്തം അടുത്ത് തന്നെ വേണമായിരുന്നു. അവരുടെ മുറിയോട് ചേർന്നുള്ള ചായിപ്പിലായിരുന്നു അവൻ കിടന്നിരുന്നത് തന്നെ.

“പട്ടിയെ അകത്ത് കിടത്തുന്ന ശീലം നല്ലതല്ല, വെളിയിൽ കെട്ടിയിടണം” എന്നൊക്കെ ഇടയ്ക്ക് ഗബ്രിയേൽ ഉപദേശിക്കും.

അന്നൊക്കെ, “എന്റെ ചെറുക്കൻ അടുത്തുള്ളത് ഒരാശ്വാസമാണ്. എനിക്ക് ജീവനുള്ള കാലം എന്റെ കൊച്ചിനെ എന്റെ അടുത്തുനിന്ന് മാറ്റാൻ ഞാൻ സമ്മതിക്കില്ല…” എന്ന് പറഞ്ഞുകൊണ്ട് തേത്ത അതിനെയൊക്കെ എതിർക്കുമായിരുന്നു.

അവനെ കെട്ടിയിടാനും കുറെ ശ്രമിച്ചതാണ്. പക്ഷെ, കയറെല്ലാം അവൻ പൊട്ടിക്കും. തൊമ്മിയെ കെട്ടാനുള്ള കയറൊന്നും ആലപ്പുഴ പട്ടണത്തിൽ കിട്ടില്ല എന്ന് ആളുകൾ പറയും. ഒടുവിൽ വള്ളം കെട്ടുന്ന കയർ കൊണ്ടുവന്നാണ് ഗബ്രിയേൽ അവനെ പൂട്ടിയത്. അത് അവന് പൊട്ടിക്കാൻ പറ്റിയില്ല. പക്ഷെ തേത്ത അത് കറിക്കത്തികൊണ്ട് മുറിച്ചുകളയുന്നത് വരെ അവൻ ഒന്നും കഴിക്കാതെ കിടന്നു. പിന്നെ ഒരിക്കലും അവനെ കെട്ടിയിടാൻ അവർ നോക്കിയിട്ടില്ല.

ജോലി ചെയ്യാൻ ആവാതാവുകയും പെൻഷൻ കാശുകൊണ്ട് ജീവിക്കാൻ തുടങ്ങുകയും ചെയ്തതിനുപിന്നെ തേത്ത കൂടുതൽ സമയം വീട്ടിലുണ്ടാകാൻ തുടങ്ങി. തൊമ്മിച്ചനാണെങ്കിൽ കൃത്യമായ ഇടവേളകളിൽ അവളെ അന്വേഷിച്ച് ഇടയ്ക്കിടയ്ക്ക് വീട്ടിൽ വന്നുപോകും. റേഷൻകടയിലും ജോണിയുടെ പീടികയിലുമെന്നുവേണ്ട, തേത്ത എവിടെയൊക്കെ പോകുന്നുവോ അവിടെയെല്ലാം നാലുകാലുള്ള ഒരു വാലുപോലെ തൊമ്മിയും അവൾക്കൊപ്പം ഉണ്ടാകും. രാവിലെ തേത്ത ആരോടാണ് സംസാരിക്കുന്നതെന്നറിയാൻ അടുക്കളപ്പുറത്ത് ചെല്ലുമ്പോൾ കാണുന്നത് തൊമ്മിയോട് സംസാരിക്കുന്ന തേത്തയെയാകും. തൊമ്മി അറിയാത്ത ഒരു കാര്യവും അവരുടെ ദിവസങ്ങളിൽ ഉണ്ടായിരുന്നില്ല.

കായലിലേക്ക് എറിഞ്ഞ കല്ലുപോലെ അവൾ ഇല്ലാതായത് വിശ്വസിക്കാൻ ഇന്നും ഗബ്രിയേലിന് സാധിച്ചിട്ടില്ല. വാതത്തിന്റെ വേദനയൊക്കെ അയാൾ ഒറ്റയ്ക്ക് കരഞ്ഞുതീർത്തു. വില്ലുപോലെ വളഞ്ഞ മുതുകുംകൊണ്ട് കാലൊന്ന് തിരുമ്മാൻ തന്നെ അയാൾ ഒരുപാട് സമയമെടുക്കും. ചൂടുകഞ്ഞി പോലും കഴിച്ച നാൾ അയാൾ മറന്നു. ഞായറാഴ്ച കുർബാനയും ക്രിസ്മസുമൊക്കെ അയാളുടെ ജീവിതത്തിൽനിന്നുതന്നെ മാഞ്ഞുപോയിരുന്നു. അയാൾ തൊമ്മിയെപ്പോലെയായി എന്ന് അയാൾക്ക് തോന്നി.

അവർ രണ്ടുപേരും അവളില്ലാത്ത പുതിയ ജീവിതവുമായി പതുക്കെ പൊരുത്തപ്പെടാൻ തുടങ്ങി.

അവളുടെ ഓർമ്മദിവസം പള്ളിയിൽ പോയാൽ അവനെയും ഗബ്രിയേൽ വിളിക്കും. അവൻ ആ കുഴിമാടത്തിന്റെ അടുത്തൊക്കെ വന്നു മണപ്പിച്ചു നിൽക്കും, എന്നിട്ട് ഗബ്രിയേലിനെ നോക്കും.

തൊമ്മിയുടെ താടിരോമങ്ങളൊക്കെ ചെറുതായി നരയ്ക്കാൻ തുടങ്ങിയിരുന്നു. അവന്റെ നടത്തത്തിന്റെ വേഗതയൊക്കെ കുറഞ്ഞുതുടങ്ങി. ഒരിക്കൽ മുറിഞ്ഞുതൂങ്ങിയ ചെവിയുമായി അവൻ കയറിവന്നു. അതിനുപിന്നെ പുറത്തേക്കുള്ള പോക്കൊക്കെ കുറഞ്ഞു. എങ്കിലും രാവിലെ കായലിൽ നോക്കി കുറെനേരം നിൽക്കും. പണ്ട് തേത്ത അക്കരെ ജോലിക്ക് പോയി വരുമ്പോൾ കാത്തിരിക്കും പോലെ, അവളെ അവൻ കാത്തിരിക്കുകയാണെന്ന് ഗബ്രിയേൽ കരുതി. ഇടയ്ക്ക് അയാളും കരുതും അക്കരെ എവിടെയോ അവളുണ്ടെന്ന്.

സ്വന്തമെന്ന് പറയാവുന്ന ആളുകളൊക്കെ പോയിക്കഴിഞ്ഞാൽ പിന്നെ ഈ ലോകത്ത് ജീവിച്ചിരിക്കുന്നത് ജയിലിൽ കിടക്കുന്നത് പോലെയാണ്. കാത്തിരിക്കാനും മിണ്ടാനുമൊന്നും ആരുമില്ലെങ്കിൽ പിന്നെ ജീവിതം രാത്രിയിലെ ഇരുട്ടിനേക്കാൾ വലിയ ശൂന്യതയാണ്.

ഗബ്രിയേലിന്റെ ചിന്തകൾ കാർമേഘംപോലെ ഭാരമുള്ളതായി. അയാൾ തലയ്ക്കരികിൽ പരതി. ഒടുക്കം ആ തിരച്ചിൽ ഒരു തടികൊന്തയിൽ അവസാനിച്ചു. വിറച്ചുവിറച്ചുകൊണ്ട് അയാൾ അത് നെഞ്ചിൽ ചേർത്തുപിടിച്ചു. തേത്തയുടെ കയ്യിൽ എപ്പോഴും ഈ കൊന്തയുണ്ടായിരിക്കും. എന്തെങ്കിലും വിഷമം വന്നാലും ഗബ്രിയേലിന് എന്തെങ്കിലും ദീനം വന്നാലുമൊക്കെ അവൾ ഇത് ജപിച്ച് തലയ്ക്ക് ഉഴിയും.

പണ്ട് തൊമ്മിയുടെ വായിൽനിന്നും നുരയും പതയും വന്നപ്പോൾ എല്ലാവരും പറഞ്ഞു പേയാണെന്ന്. പക്ഷെ തേത്ത കേട്ടില്ല. അവൾ കരഞ്ഞുകൊണ്ട് അവന്റെ തലയിൽ അത് വെച്ച് പ്രാർത്ഥിച്ചു. വൈകുന്നേരമായപ്പോഴേക്ക് തൊമ്മി പഴയപടിയായി. കുമ്മായം കെട്ടിയ ഭിത്തിയുടെ ഇടയിൽനിന്നും വന്ന മുത്തുമാക്കച്ചിയെ കടിച്ചപ്പോൾ ഉണ്ടായ ദീനമായിരുന്നു അത്.

കൊന്തയിലെ മുത്തുകൾപോലെ കോർത്തിണക്കിയ ഓർമ്മകൾ ഗബ്രിയേലിന്റെ ഉള്ളിലൂടെ കൊള്ളിയാൻ കണക്കെ മിന്നിമാഞ്ഞുപോയി.

ഇടയ്ക്ക് കണ്ണടച്ചു കിടക്കുമ്പോൾ കായലിന്റെ വക്കത്ത് വിളക്കുമരം നിന്ന് കത്തുന്നത് പോലെ ഗബ്രിയേലിന് തോന്നും. അടുത്തെങ്ങും ആരുമില്ല, കാക്കകളുടെ ശബ്ദം മാത്രം. ആകാശവും കായലും കറുത്തിരുണ്ട് ഒരേ നിറം പോലെ. പേടി തോന്നുന്ന ഒരു ഏകാന്തത അയാളെ ചുറ്റിവരിഞ്ഞുമുറുക്കും. അങ്ങനെ തോന്നുമ്പോൾ തടിക്കുരിശ് അമർത്തിപ്പിടിച്ച് കൊന്ത ചൊല്ലും. ഭാഗ്യമുണ്ടെങ്കിൽ ഇടയ്ക്ക് ചിലപ്പോൾ ഉറങ്ങിപ്പോകും. അല്ലെങ്കിൽ പുലരും വരെ അത് അനുഭവിച്ചുതീർക്കണം. മരിക്കാത്തതിനെക്കുറിച്ചോർത്ത് അയാൾക്ക് വിഷമം തോന്നും. അയാളെ ഒറ്റയ്ക്കാക്കി പോയ തേത്തയെ ശപിക്കും. ചിലപ്പോൾ ശബ്ദമുണ്ടാക്കാതെ കരയും. അതൊക്കെ അയാളുടെ രാത്രികളുടെ ഭാഗമായിക്കഴിഞ്ഞിരുന്നു.

ഇന്ന് വീണ്ടും അയാൾ ആ സ്വപ്നം കണ്ടു. അകലെ പക്ഷെ, ആ വിളക്കുമരത്തിന് പകരം ഒരു വള്ളമായിരുന്നു. അതിലൊരു സ്ത്രീ ഇരിക്കുന്നു, അവൾ അടുത്തേക്ക് വിളിക്കുന്നു. ആദ്യമായി അയാൾ സന്തോഷിച്ചു. കായലിലെ ഓളം പോലുമുള്ള ശബ്ദം കേൾക്കാം. പക്ഷെ അതാ, ആ വള്ളം അകന്നുപോകുന്നു. അവൾക്കടുത്തേക്ക് പോകുവാൻ അയാളെക്കൊണ്ടാവും വിധം ഗബ്രിയേൽ നോക്കി. പക്ഷെ, കാലുകൾ വെള്ളം കൊണ്ട് ബന്ധിക്കപ്പെട്ടതുപോലെ തോന്നി. ഒരടിപോലും വെക്കാനാവാതെ, കൂരിരുട്ടിൽ ഒരു പൊട്ടുപോലെ അകന്നുപോകുന്ന വള്ളം നോക്കി അയാൾ അവിടെനിന്നു.

ഗബ്രിയേലിന്റെ കണ്ണിൽനിന്നും കണ്ണുനീർ തലയിണയിലേക്ക് ഒഴുകി.

ഒരു ദിവസം കൂടി കടന്നുപോയിരിക്കുന്നു. തൊമ്മിക്ക് മത്തി വാങ്ങിക്കാൻ പതുങ്ങിപ്പതുങ്ങി നടക്കുന്നതും, അയൽക്കാർ കൊണ്ടുവന്നുതരുന്ന ഭക്ഷണത്തിനുവേണ്ടിയുള്ള കാത്തിരിപ്പുകളും വീണ്ടും തുടരാൻ പോകുന്നു.

ജനാലയിൽ ഒട്ടിച്ചുവെച്ച സിനിമാപോസ്റ്ററിന്റെ വിടവിലൂടെ വെളിച്ചം പതുക്കെ അരിച്ചിറങ്ങാൻ തുടങ്ങിയിരിക്കുന്നു. തൊമ്മി പക്ഷെ നല്ല ഉറക്കമാണ്.

ഗബ്രിയേൽ കട്ടിലിനുതാഴെ പരതി. തൊമ്മിച്ചൻ താഴെത്തന്നെ കിടപ്പുണ്ട്. മുകളിലേക്ക് നോക്കിക്കിടന്നുകൊണ്ടുതന്നെ അയാൾ അവന്റെ തലയിൽ തടവി.

തൊമ്മി പക്ഷെ, എപ്പോഴും ചെയ്യാറുള്ളതുപോലെ പ്രാവ് കുറുകുന്ന ശബ്ദമുണ്ടാക്കിയില്ല. പണ്ട് വെളുപ്പാൻകാലത്ത് തേത്തയിൽനിന്നും കയറിയ ആ തണുപ്പ് വീണ്ടും ഗബ്രിയേലിന്റെ കയ്യിലേക്ക് പടരുന്നതുപോലെ അയാൾക്കുതോന്നി.


Summary: Thommi Malayalam short story by Vishnu K Udayan Published in Truecopy Webzine packet 307.


വിഷ്ണു കെ. ഉദയൻ

കഥാകൃത്ത്, തിരക്കഥാകൃത്ത്, അസിസ്റ്റന്റ് ഡയറക്ടർ, ഗ്രാഫിക് ഡിസൈനർ. ‘ഫ്രീഡം ഫൈറ്റ്’ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതി. ‘പ്യൂപ്പ’ എന്ന ഷോർട്ട്ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്.

Comments