പ്രേംകുമാർ കണ്ണോം

തൊണ്ടി സാക്ഷി

‘‘വൈറലാവാൻ നല്ലത് നാടൻ റീൽസുകളാണെന്ന് പറഞ്ഞ് ഈ നാറി എന്നെക്കൊണ്ട് തുണിയലക്കുന്നതും മീൻമുറിക്കുന്നതും കപ്പ കിളക്കുന്നതുമൊക്കെ ചെയ്യിച്ചു സാറേ…’’

റീലൻ സിജുവിൻെറ നിലവിളിയിൽ വിലങ്ങുപാറ സ്റ്റേഷൻ ഒന്നങ്ങുണർന്നു. ചാടിയെഴുന്നേറ്റ സി ഐ ശാരദൻസർ മുട്ടുകാൽ താഴ്ത്തുമ്പോഴേക്കും അവൻ നനവോടെ നിലത്തിരുന്നുപോയി. അഴിഞ്ഞമുണ്ടിൻെറ ഒരറ്റം നനവിൽക്കിടന്നു.

‘‘ഇനിവേണ്ട സാറേ, ഓനെങ്ങാൻ ചത്തു പോയാലോ…’’, പരാതിയിൽ ഒപ്പുവെക്കാൻ തുടങ്ങിയ മല്ലിക അറിയാതെ പറഞ്ഞുപോയി. കേട്ടതല്ലാതെ ഇങ്ങനെയൊരാളാണ് ശാരദൻസാർ എന്നവൾ വിചാരിച്ചില്ല. ഒത്ത തടിയും പ്രായം പറയാത്ത സുന്ദരമായ മുഖവും കണ്ടാൽ ഇങ്ങനെയേ അല്ല തോന്നുക. അടികിട്ടി അളിഞ്ഞു പോയിട്ടുണ്ട് റീലൻ സിജു.

‘‘കൊറെ നാളായി സാറേ, സീരിയല് സിനിമാന്നൊക്കെപ്പറഞ്ഞ് ഇയാളെന്റെ പിറകേ.. വൈറലാവാൻ നല്ലത് നാടൻ റീൽസുകളാണെന്ന് പറഞ്ഞ് ഈ നാറി എന്നെക്കൊണ്ട് തുണിയലക്കുന്നതും മീൻമുറിക്കുന്നതും കപ്പ കിളക്കുന്നതുമൊക്കെ ചെയ്യിച്ചു സാറേ…”
ഉം ഉം, ശാരദൻസർ കൈ പൊക്കി തടഞ്ഞു.
‘‘അതിലെന്താ സാറേ കൊഴപ്പം?" റീലൻ വളരെ നിഷ്ക്കളങ്കമായി ചോദിച്ചു.

കൊഴപ്പമുണ്ടായിരുന്നു. ശാരദൻസാറും കണ്ടതാണ്. സംഗതി അത്രയും വൈറലാണ്. പ്രൊഫണലിസവും ക്വാളിറ്റിയൊന്നുമില്ലെങ്കിലും വൈറലാവാനുള്ളതുണ്ടായിരുന്നു ആ റീലുകളിൽ.

‘‘സ്വന്തം ഭാര്യയെ പകർത്തി മറ്റുള്ളോർക്കു കാണിക്കുന്നോടാ, പരമനാറീ…", ശാരദൻസർ അവന്റെ അടിവയറ്റിന്നടിയിലേക്കു ഒന്നുകൂടി ചാമ്പി. കാര്യമതാണ്. സിജുവിന്റെ ഭാര്യയായിരുന്നു മല്ലിക. ഇപ്പോ അല്ല. കാരണം വൈറലാവുമെന്ന് സിജു പ്രതീക്ഷിച്ച രീതിയിലല്ല റീൽ വൈറലടിച്ചത്. 50k വ്യൂസ് തികഞ്ഞ ദിവസമാണിന്ന്. പക്ഷെ അതുകൊണ്ടല്ല. അവന്റെ കൈയ്യിൽ വേറെ ഇനിയുമുണ്ടെന്നാണ് മല്ലികയുടെ പരാതി. മെമ്മറികാർഡ് രണ്ടായൊടിച്ച് ശാരദൻസാർ നല്ലൊരു ചിരിയോടെ മല്ലികയുടെ കൈയ്യിൽ കൊടുത്തു.

ചിത്രീകരണം: ദേവപ്രകാശ്
ചിത്രീകരണം: ദേവപ്രകാശ്

‘‘ഇനി പരാതി തരുന്നില്ല സർ", അവളുടെ കണ്ണുകളിൽ കിടന്നു നന്ദി തിളങ്ങി.
‘‘അത് നിങ്ങളുടെ ഇഷ്ടം. പക്ഷെ പെണ്ണിനെ അപമാനിക്കുന്ന ഒരുത്തനും ഇനിയീ സ്റ്റേഷൻ പരിധിയിലുണ്ടാവില്ല. ഇവനെപ്പോലുള്ളവർക്ക് ഇനിയതിനാവില്ല’’.

മല്ലിക മടങ്ങുമ്പോൾ വലിയൊരു ശപഥമായാണ് ശാരദൻസാർ അത് പറഞ്ഞത്. കേട്ടപ്പോൾ സ്റ്റേഷനിലെ സി.പി.ഒമാർക്ക് വലിയ ആശ്വാസമായി. അത്രയും മടുത്തിരിക്കുകയായിരുന്നു അവർ. ക്രിമിനലുകളെക്കൊണ്ട് നിറഞ്ഞ വിലങ്ങുപാറയിൽ പിടിച്ചുനിൽക്കാനുള്ള പാട് ചെറുതൊന്നുമല്ല. അവിടേക്കാണ് ഇങ്ങനെയൊരു മനുഷ്യനെത്തുന്നത്.

സത്യത്തിൽ രണ്ടു കൂട്ടരാണ് ഇവിടേക്ക് ട്രാൻസ്ഫറായി എത്തിച്ചേരാറ്. ഒന്ന് റെക്കമെന്റേഷന് ആരുമില്ലാത്ത പ്രൊബേഷണൽ എസ്.ഐമാർ. മറ്റൊന്ന് പണിഷ്മെൻറ് ട്രാൻസ്ഫർ മേടിച്ചവർ. അതിൽപ്പെട്ടതാണ് സി.ഐ ശാരദൻ സാർ. പക്ഷെ, ഒരു വ്യത്യാസമുള്ളത് മൂപ്പര് റിട്ടയർ ചെയ്യാൻ ഇനി രണ്ടു മാസമേയുള്ളുവെന്നതാണ്. മാത്രവുമല്ല, ഇതിനപ്പുറം തല്ലിപ്പൊളിയും കച്ചറയുമായ വേറൊരാളെ അവിടെ കിട്ടാനും പ്രയാസമാണ് എന്നാണ് സംസാരം. പക്ഷെ സ്ത്രീകളുടെ കാര്യത്തിൽ ശാരദൻ സാർ അങ്ങനെയൊരു നിലപാടെടുക്കാൻ കാരണമെന്തെന്ന് പോലീസുകാർക്ക് പിന്നീടാണ് മനസ്സിലായത്. അത് ശാരദൻ എന്ന അപൂർവ്വ പേരിന്റെ പിന്നിലെ കഥ കൂടിയാണ്.

മലയാളത്തിന്റെ ദുഃഖപുത്രിയായ നടി ശാരദയുടെ ആരാധകനും സർവ്വോപരി തറവാടിയുമായ ശാരദൻസാറിന്റെ അച്ഛനിട്ടതാണ് ആ പേര്. കരയുമ്പോൾ തന്റെ ഭാര്യക്ക് അവരുടെയത്ര സങ്കടഫീലിംഗ് വരാറില്ല എന്ന കാരണത്താൽ മിക്കവാറും രാത്രികളിൽ അവരെ കരയിക്കാൻ മാത്രം അയാൾ പലതും ചെയ്യുമായിരുന്നത്രെ. ആദ്യത്തേത് പെൺകുഞ്ഞെന്ന് ഉറപ്പിച്ച് അവൾക്ക് ശാരദ എന്നു പേരിടുമെന്ന് അയാൾ കൂട്ടുകാരോട് പറയുമായിരുന്നു. എന്നാൽ ആൺകുഞ്ഞിനെ പ്രസവിച്ച അയാളുടെ ഭാര്യ ഒരുവർഷമെത്തും മുമ്പ് ഒരു രാത്രി വല്ലാത്ത കരച്ചിലോടെ ചോരവാർന്നു മരിച്ചുപോയി പോലും.

പക്ഷെ ആ കുഞ്ഞിന് ശാരദൻ എന്നുതന്നെ പേരിട്ട് അയാൾ വളർത്തിയെന്നതാണ് കഥ. പേരിന്റെ പേരിൽ പോരാട്ടമായിരുന്നു പിന്നെ ആ മകന്. മറ്റൊരു സൈക്കോ കഥക്കുകൂടി വകയുണ്ടതിൽ. ആ മകൻ തന്റെ അച്ഛനെ അവസാനമായി കാണാൻ ഊളംപാറയിലെത്തിയപ്പോഴും ഡോക്ടറോട് പേരിന്റെ കാര്യം തന്നെയാണ് പറഞ്ഞിരുന്നത് പോലും.

ഏതായാലും അന്നു രാത്രി പട്രോളിങ്ങിനിറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു ആ ഫോൺ വന്നത്. ശാരദൻ സർ മറ്റൊന്നും പറയാതെ ഉടനെ വിനീതനോട് വണ്ടിയെടുക്കാൻ പറഞ്ഞു. എസ് ഐ രാഘവനും ജോയിയും പിറകിൽ കേറി. സംഗതിയെന്തോ അത്ര ചെറുതല്ല എന്നവർക്കുറപ്പായി. ഏതാണ്ട് മുക്കാൽ മണിക്കൂർ കഴിഞ്ഞിടത്ത് റോഡരുകിൽ മൊബൈലിന്റെ വെളിച്ചത്തിൽ രണ്ടു മൂന്നു പേർ നില്ക്കുന്നു.

"സർ, നാൻ താൻ കൂപ്പിടുവേ... നൈറ്റില് ഒറു പത്ത് പത്തരയായി കാണും. അന്ത ഹിറ്റാച്ചി വെച്ച് മാന്തുമ്പള കിടച്ചത്’’- മലയാളം പുരണ്ട തമിഴിൽ കൂട്ടത്തിൽ മെലിഞ്ഞവൻ പറഞ്ഞു. ബാക്കി രണ്ടുപേർ ഒരു പൊതിയുമായി ജീപ്പിനടുത്തെത്തി. കറുത്ത ഒരു പ്രതിമ. മണ്ണ് പുരണ്ട ചെറിയ ഒന്ന്. ലോഹമാണെന്ന് തോന്നുന്നുണ്ട്.

സംശയത്തോടെ സി ഐ അവരെ നോക്കി.

ക്വാറിക്ക് മണ്ണ് നീക്കുകയാണ്. കാടൊക്കെ വെട്ടി നീക്കിയിരിക്കുന്നു. രാത്രിവെളിച്ചത്തിൽ പാറമല തെളിഞ്ഞുനിന്നു. രണ്ട് ജെ സി ബിയും ഹിറ്റാച്ചിയുമുണ്ട്. മൂന്നടിയിലധികം മണ്ണ് താഴ്ന്നിട്ടുമുണ്ട്.

‘‘ഉം... എന്നെ വന്ന് കാണണം. വിളിപ്പിക്കും. ഇത് മറ്റാരോടും പറയണ്ട", സൈറ്റ് കോൺട്രാക്ടറായ തടിച്ച തമിഴിനോട് മറ്റെന്തോ കൂടി പതുക്കെ പറഞ്ഞു ശാരദൻ സാർ ജീപ്പിൽ കയറി.

‘‘പ്രൊസീജർ അനുസരിച്ചാണെങ്കിൽ ഇനിയിപ്പം എസ് ഡി എം സിയിൽ പ്രൊഡ്യൂസ് ചെയ്യണം. സി ആർ പി സി 102. അപ്പോൾ തുടരന്വേഷണം വേണംന്നോ മറ്റോ ആണെങ്കിൽ കുഴയും. കല്ലോ ലോഹോ എന്താണെങ്കിലും ആർക്കിയോളജി, ഫോറൻസിക്ക് പിന്നെ മുമ്പത്തെ മോഷണങ്ങൾ, ഒക്കെ തപ്പേണ്ടിവരും. എന്റെ റിട്ടയർമെന്റിനാണെങ്കിൽ ഇനി മാസം രണ്ടേയുള്ളൂ", അത്രയും പറഞ്ഞ് ശാരദൻ സാർ എല്ലാവരെയും നോക്കി. രാത്രി സ്റ്റേഷനിൽ വയർലെസിന്റെ പിറുപിറുക്കലല്ലാതെ മറ്റൊരൊച്ചയുമില്ല. പ്രതിമ മേശപ്പുറത്തിരിപ്പുണ്ട്.

‘‘ഇനി നമ്മളായിത് ജീഡിയിലൊക്കെയെഴുതി പുലിവാല് പിടിക്കണോ? ആളില്ലാത്ത ഒരു തൊണ്ടി അതുപോരെ? മാത്രമല്ല...”

ഒരു നിമിഷം നിർത്തി എന്തോ ആലോചിച്ച് ഗൗരവത്തിൽ സി ഐ പറഞ്ഞു; "അല്ലെങ്കിൽത്തന്നെ അള്ളിപ്പാട്ടിലെ ഈ നാടിനും സ്റ്റേഷനും ഇപ്പോ വേണ്ടത്ര പേരുണ്ട്. പിരിയുന്നതിനിടയിൽ അതൊന്നു മാറ്റിയെടുക്കാൻ പറ്റുമോന്നാ ഞാൻ ട്രൈ ചെയ്യുന്നേ. അതിന്റെ കൂടെ ഈ എടങ്ങേറുമെടുത്ത് തലേല് വെക്കണ്ടല്ലോ. എന്തായാലും ഇതൊരു വിഗ്രഹമാണെങ്കിലോ. എപ്പോഴെങ്കിലും ആരെങ്കിലും തൊഴുതിട്ടൊക്കെണ്ടാവുല്ലേ? നമ്മളായിട്ട് ഇതിനെ നൂലാമാലയിൽ ചാടിക്കണോ?"

അവസാനത്തെ പ്രയോഗം ഒന്നു കേറി. വിഗ്രഹം. അത് പലരുടെ ഉള്ളിലും തൊട്ടു.
കാരണം, സ്വസ്ഥമായൊന്ന് ചിരിക്കാനോ സന്തോഷിക്കാനോ പോലും ഈ സ്റ്റേഷനിൽനിന്ന് പറ്റാറില്ല. ആർക്കും കാര്യമില്ലാത്ത ഈയൊരു കാര്യത്തിന് പിന്നെന്തിന്. ഒന്നും പറയാതെ എല്ലാവരും അവനവന്റെ ഇടങ്ങളിലേക്ക് മടങ്ങി. അങ്ങനെ ജിഡിയിലൊന്നും രേഖപ്പെടാതെ ആ പ്രതിമ മേശമേൽ ആളില്ലാ തൊണ്ടിയായി.

കസേരയിലിരുന്ന് സി.ഐ ശാരദൻ ഒരു സിഗരറ്റിന് തീകൊളുത്തി. അതിന്റെ പുകയും മണവും സ്റ്റേഷനിൽ നിറഞ്ഞു.

പക്ഷേ വിനീതൻ മാത്രം വല്ലാതെ അസ്വസ്ഥനായി ബാരക്സിലെ കട്ടിലിൽ കണ്ണടച്ചിരിക്കുകയാണ്. ക്യാമ്പിൽനിന്ന് അവൻ ഈ വിലങ്ങുപാറയിൽ എത്തിയിട്ട് ഒരു മാസമായതേയുള്ളൂ. അവനിത് ഉൾക്കൊള്ളാനായില്ല; ‘‘എന്നാലും ആ പറഞ്ഞതത്ര ശരിയായില്ല’’.
ഹബീബ് വിനീതന്റെ പറച്ചില് കേട്ടുനോക്കി.
‘‘എന്താ ഒരു വിഗ്രഹല്ലേ..?"
‘‘ആണോ ആരാ പറഞ്ഞേ…? കേസുകൾ തീർക്കേണ്ടത് ഇങ്ങനെയാണോ..? ഇതാണോ സ്റ്റേഷൻ നന്നാക്കൽ.?"

അമർഷവും അസ്വസ്ഥതയും ഒന്നിച്ചായപ്പോൾ വിനീതന്റെ ഒച്ച ലേശം കൂടി. അപ്പോൾ സിഗരറ്റിന്റെ രൂക്ഷമണം അകത്തേക്ക് വല്ലാതെ അടിച്ചു കയറി.

സെല്ലിനോട് ചേർന്ന് നിൽക്കുന്ന മുറിയുടെ എതിർഭാഗത്താണ് ബാരക്സ്. പ്ലാസ്റ്റിക് വയർമെടഞ്ഞ ഒരു കട്ടിലും രണ്ട് കസേരകളും ബ്ലേഡ് വരകളാൽ കുത്തിവരഞ്ഞുകിടക്കുന്ന ഒരു മേശയും മാസങ്ങൾക്കുമുമ്പ് പ്രവർത്തിച്ച ഒരു ടി.വിയുമാണ് പോലീസുകാരെ കൂടാതെ ഉപയോഗിക്കാവുന്നതായി അവിടെയുള്ളത്. പിന്നെ തൊണ്ടികളായി കിട്ടിയ തെളിവില്ലാത്ത ഒരുവിധപ്പെട്ട കച്ചറകളും. കാറ്റുംവെളിച്ചവും കയറാൻ റോഡിലേക്കുള്ള രണ്ടു പാളി ജനലുണ്ട്. പക്ഷെ തുറക്കാറില്ല ഒരിക്കലും. അവിടേക്ക് അന്ന് രാത്രി അങ്ങനെ പുതിയൊരു തൊണ്ടി കൂടിയെത്തി.

എന്നാൽ പിറ്റേന്ന് രാവിലെ തന്നെ അപ്രതീക്ഷിതമായി ഡിവൈ എസ് പി അരവിന്ദൻ സ്റ്റേഷനിലെത്തി.
‘സാർ’, സകല തെറിയും മനസ്സിൽ പിടിച്ചു സിഐ ശാരദൻ സാർ ആകാവുന്നത്രയും വിധേയനായി. കാരണം, പണ്ട് ഒരുതവണ കോർത്തതാണ് . എന്തായാലും ഇന്ന് ആള് ചൂടിലല്ല. മലയോര ഹൈവേയുടെ സ്ഥലപ്രശ്നത്തിന് എം എൽ എയെ കാണാൻ പോയിതിരിച്ചുവരുന്ന വഴി കേറിയതാണെന്ന് ഗൗരവം വിടാതെ ഡിവൈ എസ് പി പറഞ്ഞപ്പോൾ എല്ലാവർക്കും ആശ്വാസമായി. പക്ഷേ ശാരദൻ സാറിന് പൂർണ്ണവിശ്വാസം വന്നില്ല. അയാളുടെ നോട്ടം വിനീതനിലെത്തി.

‘‘പിന്നെ ഇവിടെ കാവിലെ വിളക്കുത്സവമൊക്കെയല്ലേ. നമ്മുടെ ശ്രീമതിക്ക് ഒരു ദിവസത്തെ നിറമാല ബുക്കും ചെയ്യണം’’, പെട്ടെന്ന് ഒരു ചിരി വരുത്തി ഡിവൈ എസ് പി തുടർന്നു.
“അയ്യോ, സാറൊന്ന് വിളിച്ചാൽ പോരായിരുന്നോ. പറയുമായിരുന്നല്ലോ. അല്ലെങ്കിലും മൂന്നാമുത്സവത്തിനു നിറമാല നമ്മുടെ സ്റ്റേഷൻ വകയുണ്ടല്ലോ പണ്ടേ, അല്ലേ."

ശാരദൻ സാറും ഒന്നയഞ്ഞു. സി പി ഒമാരായ പുഷ്പയും ഗൗരിയും തെളിഞ്ഞുചിരിച്ചു.

"തലേന്ന് ഇവിടുന്ന് പറയെടുപ്പുമുണ്ട്", ഗൗരി ചിരിവിടാതെ പറഞ്ഞു. പോലീസ് അന്തരീക്ഷമെല്ലാം ഒന്നു മയപ്പെട്ട് എല്ലാവരും കുടുംബത്തിലെത്തിയ പോലെയായി.

റോഡിന് കിഴക്ക് വിലങ്ങുപാറപ്പുഴയുടെ കരയിലാണ് പുഴയിലക്കര ഭഗവതിക്കാവ്. അക്കരെ പള്ളിയും. നാലുദിവസത്തെ വിളക്കുത്സവമാണ്. നാടിന്റെ ഉത്സവം. പള്ളിയിൽ നിന്നുള്ള എണ്ണവരവോടെയാണ് ഉത്സവത്തിന് തുടക്കം. പറയെടുപ്പും നിറമാലയും പ്രധാനമാണ്. അക്കാര്യത്തിൽ മാത്രം വിലങ്ങുപാറ ഒറ്റക്കെട്ടാണ്.

ഡിവൈ എസ് പി പോയതിനുശേഷവും ആ വരവ് അവിശ്വസനീയമായി തന്നെ ശാരദൻ സാർ വെച്ചു. ഇന്നലത്തെ കാര്യത്തിന്റെ സൂചന എന്തെങ്കിലും കിട്ടിയിട്ടുണ്ടാകും. ഉത്സവക്കാലമാണ്. കമ്മറ്റിക്കാരുടെ ചെവിയിലെത്തേണ്ട താമസമേയുള്ളൂ. മിക്കവാറും ഒരു വരവ് കൂടിയുണ്ടാകും. തന്നെ ഇവിടേക്ക് തട്ടിയ ആളാണ്. ഒരു കരുതൽ വേണം.

സഹപ്രവർത്തകരെ ക്യാബിനിലേക്ക് വിളിപ്പിച്ച് എസ്.ഐ രാഘവനോട് പറയെടുപ്പിനെയും നിറമാലയേയും കുറിച്ച് ശാരദൻസാർ ചോദിച്ചു.
‘‘ആ മാന്യൻരമേശനും ചെറുകിട സാബുവുമാണ് സാധാരണ സഹായത്തിനെത്താറ്. ഒന്ന് വിളിച്ചാൽ മതി’’, രാഘവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. അതോടെ ആ വർഷത്തെ നടത്തിപ്പ് ചുമതല അയാൾക്കായി. വിനീതൻ സഹതാപത്തോടെ രാഘവനെ നോക്കി. അയാൾ പക്ഷേ ആവേശത്തിലായിരുന്നു. മറ്റെന്തൊക്കെ പറഞ്ഞാലും ആ സ്റ്റേഷനിൽ ഒത്തൊരുമയോടെ ഭംഗിയായി നടക്കുന്ന കാര്യം പുഴയിലക്കര ഭഗവതിയുടെ പറയെടുപ്പും നിറമാലയും ആണ്. ആ നാട്ടിലെ സകല മറ്റവന്മാരും സ്റ്റേഷനിൽ എത്തി അവിടുത്തെ ആളായി മാറുന്ന ദിവസമാണത്. ജാതിയും മതവും നോക്കാതെയുള്ള നാടിന്റെ അർമാദം.

ചീട്ടുകളി, പരസ്യമദ്യപാനം, കുളിനോട്ടം ഇങ്ങനെ ചെറിയ ചെറിയ കേസുകളാണ് മാന്യൻ രമേശന്റേത്. പ്രധാനം ചീട്ടുകളി തന്നെ. സ്റ്റേഷൻ താക്കീതുകളുടെ റെക്കോർഡുകളുള്ളവനാണ്. അങ്ങനെയാണ് അവൻ സ്റ്റേഷന്റെ കയ്യാളായത്.

ചെറുകിട സാബുവാകട്ടെ അന്യസംസ്ഥാന തൊഴിലാളികളുടെ ഹോൾസെയിൽ ഡീലറാണ്. കരാറുകാരിൽനിന്ന് തുക പറ്റുകയും തൊഴിലാളിയോട് കടം പറയുകയും ചെയ്യുകയാണ് മൂപ്പരുടെ ഒരു രീതി. അതിനാൽ തന്നെ കേസിന്റെ വാദിഭാഗം എപ്പോഴും അന്യസംസ്ഥാനതൊഴിലാളികൾ ആയിരിക്കും. അതിനാൽ തന്നെ സ്റ്റേഷന്റെ ആളായി നിൽക്കുക എന്നത് ചെറുകിട സാബുവിന്റെ ആവശ്യം കൂടിയാണ്.

‘‘എടാ …..@#$ മോനെ പറഞ്ഞാ പറഞ്ഞതായിരിക്കണം. നിന്റെ മറ്റേടത്തെ കൊണോതികാരം കാണിച്ചാ പറഞ്ഞേക്കാം, നീയൊക്കെ ഇവിടുന്ന് മുട്ടുകാലിലെണീക്കൂല’’, ഫോൺ താഴെ വെച്ച് ശാരദൻ സാർ പോരേ എന്ന് എസ് എ രാഘവനെ നോക്കി. മാന്യൻ രമേശന്റെയും ചെറുകിട സാബുവിന്റെയും കാര്യത്തിൽ തീരുമാനമായി.

ഇതൊന്നുമറിഞ്ഞിട്ടല്ലെങ്കിലും ചാർജ് എടുക്കുന്നതിന്റെ രണ്ടുദിവസം മുമ്പുതന്നെ വിലങ്ങുപാറയിലെ ചെറുതും വലുതുമായ സകല ക്രിമിനലുകളെയും വിളിച്ചിരുത്തി അഞ്ചു ഫുള്ളാണ് ശാരദൻ സർ അണ്ണാക്കിലേക്ക് കമഴ്ത്തിക്കൊടുത്തത്. അതൊരു തയ്യാറെടുപ്പ് തന്നെയായിരുന്നു: ‘‘എടാ നാ...@#...മക്കളേ നിന്റെയൊന്നും അമ്മയെ കെട്ടിക്കാനല്ല ഞാനീ സൽക്കാരം തരുന്നത്. തഞ്ചത്തിൽ കണ്ടും കേട്ടും കൂടെ നിന്നാൽ നേരംവണ്ണം ഇപ്പം എടുക്കുന്ന പണിയും കൊണ്ട് കഞ്ഞിയും കുടിച്ച് പോകാം. അല്ലാതെ എന്റെ നെഞ്ചത്തേക്ക വന്നാല് മലരുകളെ പിന്നെ നക്കാനും ഇങ്ങനെ നടക്കാനും നീയൊന്നും ഇവിടെ കാണില്ല പറഞ്ഞേക്കാം. എനിക്കിതൊക്കെ ഇത്രേള്ളൂ".
എന്തോ വലിച്ചു പറിച്ചെടുത്ത് അയാൾ ഊതിപ്പറത്തി.

അങ്ങനെ പകുതിയും ജയിച്ചു തന്നെയാണ് ശാരദൻ സാർ വിലങ്ങുപാറ സ്റ്റേഷനിൽ ചാർജ്ജെടുത്തത്. കാര്യങ്ങൾ തന്റെ കോർട്ടിൽ തന്നെയാണുള്ളത്. ഇപ്പോൾ കാര്യങ്ങൾ ചിലതെല്ലാം വല്ലാതങ്ങ് ഒത്തു വരുന്നുണ്ട്.

ഫിലിപ്പോസ് കോൺട്രാക്ടറാണ് സ്റ്റേഷൻ വക നിറമാലയ്ക്ക് അമ്പലത്തിൽ ഒരു തുക കൊടുത്തത്.

യൂണിഫോം മാറ്റി വെള്ളമുണ്ടാക്കെയുടുത്ത് മുമ്പത്തെപ്പോലെ സന്ധ്യയ്ക്ക് അമ്പലത്തിലേക്ക് രാഘവൻ ഒരുങ്ങിയതാണ്. പക്ഷേ ഇത്തവണ ശാരദൻ സാർ തന്നെ നിൽക്കുമെന്ന് പറഞ്ഞു. റിട്ടയർമെന്റിന് കേവലം രണ്ട് മാസം പോലുമില്ലല്ലോ. ചുറ്റോടുചുറ്റും നിറഞ്ഞു കത്തിയ വിളക്കുകൾക്കൊപ്പം അന്ന് അയാളും അങ്ങനെ തിളങ്ങി. പറയെടുപ്പ് അതിലും കേമമായിരുന്നു. കുരുത്തോല കൊണ്ട് സ്റ്റേഷനിലും തലേന്ന് ചെറുതായി അലങ്കാര പണി ചെയ്തിരുന്നു. ഹബീബും സിറിയക്കും രാഘവനുമൊക്കെ ശേഷമാണ് പട്രോളിംഗിന് പോയത്.

ആചാരക്കാരും ചെണ്ടമേളക്കാരുമെല്ലാമെത്തുമ്പോഴേക്കും നെല്ല് നിറച്ച പറ, തെങ്ങിൻ പൂക്കുല, നിലവിളക്ക്, വാഴയില, മടക്ക് തുണിയിട്ട തളിക, ഒക്കെ ഒരു കുറവും വരുത്താതെ കാലേക്കൂട്ടി മാന്യൻ രമേശനും ചെറുകിട സാബുവും സെറ്റ് ചെയ്തിരുന്നു. കുളിച്ച് കുറിതൊട്ട് വെള്ളമുണ്ടുടുത്ത് എല്ലാറ്റിനും മുന്നിൽ അവരും ടീമുമുണ്ട്. അരിയിട്ട് എതിരേൽക്കാൻ കസവുടുത്ത് പുഷ്പയും ഗൗരിയും നേരത്തെ റെഡി.

എല്ലാം എല്ലാവർക്കും കാണാപാഠമാണ്. വന്നപ്പോൾ തൊട്ട് ഓരോരുത്തരും ചെയ്യുന്നതല്ലേ. നാടിന്റെ പൊതുതാല്പര്യങ്ങളിൽ പങ്കാളിത്തം കൊള്ളുക എന്നതേയുള്ളു കാര്യം. എന്നാൽ തീർത്തും അപരിചിതൻ വിനീതനായിരുന്നു. അവനാകട്ടെ ഇതിനൊന്നും നിൽക്കാതെ സംഘടനാസമ്മേളനത്തിന് അവധിയുമെടുത്തു.

എല്ലാം കഴിഞ്ഞപ്പോൾ ഒരു രാജാവിന്റെ തൃപ്തിയുണ്ടായിരുന്നു ശാരദൻ സാറിന്റെ മുഖത്ത്. എവിടെ കാണും ഇത്രയും സംസ്കാരസമ്പന്നമായ ഒരു സ്റ്റേഷൻ എന്ന് ആദ്യമായി അയാൾക്ക് തോന്നി. മാത്രമല്ല ഇനിയങ്ങോട്ട് എങ്ങനെ വേണമെന്നുള്ള കൃത്യമായ വഴിയും തെളിഞ്ഞുകിട്ടി. പക്ഷേ അതിന്റെയെല്ലാം ശോഭ കെടുത്തുന്ന കാര്യങ്ങളാണ് പിന്നെ സ്റ്റേഷനിലുണ്ടായത്.

വല്ലാത്ത ബഹളവും ആൾക്കൂട്ടവും. ചോരപുരണ്ട ഒരു തുണിസഞ്ചിയുമായി വെടി വർക്കി. ഉടുമുണ്ടിലും ചോര പുരണ്ടിട്ടുണ്ട്. കുപ്പായം പിടിവലിയിൽ കീറിയിരിക്കുന്നു.
‘‘സാറേ, ഈ കള്ളചെറ്റ ചെയ്തതെന്താന്നറിയ്യോ, വെടിയിറച്ചിന്നും പറഞ്ഞു പോത്തെറച്ചി തീവിലയ്ക്ക് വിറ്റ് ഉണ്ടാക്കോന്ന്’’.
‘‘പറഞ്ഞ് പറഞ്ഞ് നീ ഏത് അടുക്കളലോട്ടാണ് തള്ളിക്കേറി വരുന്നേ... മര്യാദക്ക് പറയുന്ന ഒരുത്തൻ ഉള്ളിക്കേറി വന്നാൽ മതി".
മുട്ടൻ തെറി കൂട്ടി പിന്നെയും പറയാനൊരുങ്ങിയവനോട് ഉച്ചത്തിൽ ശാരദൻ സർ പറഞ്ഞു. പകച്ചുപോയ അവനെ മാറ്റി ഒരു പൊടിമീശക്കാരൻ ഉള്ളിലേക്ക് കയറി സമാധാനത്തോടെ കാര്യം പറഞ്ഞു.

‘‘സാറേ ഞാൻ ഷിബു. വെടിയിറച്ചിയാണങ്കിലുമല്ലേങ്കിലും സംഗതി ലൈസൻസില്ലാത്തതാ. കൊള്ള വിലയും. പിന്നെ നമ്മുടെ റസാഖ് കൊണ്ടുവന്ന പോത്തിൽ ഒരെണ്ണത്തിനെ കാണുന്നുല്ല’’.
പരിസ്ഥിതി പ്രവർത്തകനാണവൻ. വായനശാല പ്രസിഡണ്ടും. കാര്യമില്ലാതെ ഇടപെടില്ല.

ചെണ്ടമേളത്തിന്റെ തരിപ്പ് ശാരദൻ സാറിന്റെ കാലിൽ നിന്ന് ഒറ്റയടിക്ക് കയ്യിലേക്ക് ഇരച്ചു കയറിയപ്പോൾ മടിക്കുത്തോടെ വർക്കിയങ്ങ് ഉയർന്നു, ‘‘കഴുവേറീടെ മോനെ…"
പന്നിയെന്ന് കരുതിയാണ് വെടിവെച്ചതെന്നും അമർച്ച കേട്ടപ്പോഴാണ് സംഗതി മാറിപ്പോയതെന്നും സി ഐയുടെ കയ്യിൽത്തൂങ്ങി വർക്കി ഒറ്റശ്വാസത്തിൽ പറഞ്ഞു.

"എന്താടാ നീ ജെല്ലിക്കെട്ട് കളിക്കുകയാണോ?"

നേരത്തെ മുറുക്കിവെച്ച പറയെടുപ്പ്മേളം വർക്കിയിൽ കൊട്ടിക്കേറി. അവന്റെ കൈയ്യിലെ സഞ്ചിയിൽ നിന്നും ചോര കിനിഞ്ഞിറ്റി.
"ബാക്കിയാ സാറേ, കൊണ്ടുപോയി വെച്ചു നോക്കിയാൽ തിരിയും വെടിയിറച്ച്യാന്നോ അല്യോന്ന്." വർക്കി വിറച്ചു. സഞ്ചി ഹബീബ് പിടിച്ചു വാങ്ങി.
വർക്കിയുടെ മേലെുള്ള എടപാടൊക്കെ തീർത്ത് ശാരദൻസാർ ഷിബുവിനെ വിളിച്ചു.
‘‘എന്നാപ്പിന്നെ രണ്ടുദിവസം കൂടെ കാക്ക്. പോയ പോത്ത് മടങ്ങി വന്നൂടാന്നില്ലല്ലോ. വെറുതെ കേസിന്റെണ്ണം കൂട്ടുന്നതെന്തിനാ…?

അങ്ങനെ റസാഖിന്റെ പോത്തിനും തീരുമാനമായി. രംഗം വിചാരിച്ചപോലെ കൊഴുക്കാത്തതിനാൽ പുറത്തെ കാഴ്ചക്കാരുടെയെണ്ണം കുറഞ്ഞു. ഹബീബിന്റെ കയ്യിലെ തൊണ്ടി ചൂണ്ടി വേണേൽ ഇതങ്ങെടുത്തോന്ന് സി ഐ പറഞ്ഞപ്പോൾ ഒന്നും പറയാതെ ഷിബു ഇറങ്ങി. മേലാലെനിക്ക് പണിയുണ്ടാക്കരുതെന്ന താക്കീതിൽ വർക്കിയെ എഴുതി ഒപ്പിടുവിച്ചും വിട്ടു. വെടിവർക്കിക്കറിയാം അതൊരു ഓർമ്മപ്പെടുത്തലാണെന്ന്.

തൊണ്ടിയിറച്ചിയുമായി ബാരക്സിലേക്ക് കയറാൻ തുടങ്ങിയ ഹബീബിനെ ഈവക സാധനമൊന്നും ആ മുറിയിലേക്ക് ഇനി കയറ്റേണ്ടെന്ന് പറഞ്ഞ് ശാരദൻ സാർ പെട്ടെന്ന് തടഞ്ഞു. ഒരു വെളിപാടിന്റെ വേഗമുണ്ടായിരുന്നു അതിന്.

കുറേക്കൂടി ശ്രദ്ധയും കരുതലും വേണ്ടിയിരിക്കുന്നുവെന്ന് ശാരദൻ സാർ ഉറപ്പിച്ചു. പറയെടുപ്പുണ്ടാക്കിയ ഉണർവ്വ് പോയതിൽ അയാൾ വല്ലാതെ ‍അസ്വസ്ഥനായി. സത്യത്തിൽ ഒരു സ്റ്റേഷന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കേണ്ടത് ആരായിരിക്കണം അല്ലെങ്കിൽ എന്തായിരിക്കണം? മാതൃകാസ്റ്റേഷനാവുന്നതിൽ വളരെ നിർണായകമാണത്.
അയാൾ ‍പെട്ടെന്ന് ആ മുറിയിലേക്ക് കയറി മൂലയിൽ ഇട്ടിരുന്ന പ്രതിമയെടുത്ത് മേശമേലങ്ങ് വെച്ചു. ചില മാറ്റങ്ങളുണ്ടായേ പറ്റൂ. അയാളുറപ്പിച്ചു.

ഉച്ചച്ചൂടിന് ശമനം വന്നപോലെ സ്റ്റേഷനും അല്പം ശാന്തമായെങ്കിലും പറയെടുപ്പ് കഴിഞ്ഞ പോലല്ലായില്ല അത്.

എന്തൊക്കെയായാലും പുഴയിലക്കര ഭഗവതിക്കാവിന്റെ വിളക്കുത്സവം ഭംഗിയായി കഴിഞ്ഞു. ഒന്നോ രണ്ടോ പോക്കറ്റടിക്കും കമൻറടിക്കുമല്ലാതെ മറ്റു കാര്യമായ കേസുകളൊന്നുമുണ്ടായില്ല. സ്റ്റേഷനിൽ മുഴുവൻ സമയവും ഇരുന്നത് വിനീതൻ മാത്രമായിരുന്നു. ലീവ് കഴിഞ്ഞ് എത്തിയ അവന് ജീഡി നൽകിയത് സി ഐ തന്നെയായിരുന്നു. ബാക്കിയുള്ളവർക്കെല്ലാം ഉത്സവപ്പറമ്പിലും മറ്റുമായിരുന്നു ഡ്യൂട്ടി.

ഉത്സവത്തിന്റെ ഹാങ്ങോവറിലായിരുന്ന രണ്ടുദിവസത്തിനുശേഷം സംഗതി മാറി. മൂന്നാംദിനം സ്റ്റേഷൻ ഉണർന്നതുതന്നെ ഒരു പശുവിന്റെ ഉഗ്രൻ കരച്ചിലോടെയായിരുന്നു.
ചെമ്മൺനിറത്തിൽ മെലിഞ്ഞുണങ്ങിയ ഒരു പശുവും കുറച്ചാളുകളും. രൂപവുമായി ഒട്ടും പൊരുത്തമില്ലാത്ത മട്ടിലാണ് ആ പശു അമറുന്നത്. ആളുകളുടെ നില്പൊക്കെ കണ്ടാൽ വാദിയാര് പ്രതിയാര് എന്നൊക്കെ പിടികിട്ടുന്നുണ്ട്.

‘‘ഇത് പൈ സുഗുണൻ.... മറ്റേത് നാലെണ്ണം കോളേജ് പിള്ളേര്... പിന്നെ പശു. ഉഗ്രൻ കേസ്’’.
കാര്യങ്ങൾ ഒരുമാതിരി ചോദിച്ചറിഞ്ഞ പാറാവിലുള്ള സിറിയയ്ക്ക് വ്യക്തമാക്കി.

ശാരദൻ സർ പശുവിനെ വിശദമായി നോക്കി. മറ്റൊന്നും കൊണ്ടല്ല. അതിന്റെ ആരോഗ്യക്കുറവ് പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ്. അല്ലാതെ സ്റ്റേഷൻ കയറും മുമ്പേ കേസിനെക്കുറിച്ച് ശാരദൻ സാർ ഒരു ചുക്കും അറിഞ്ഞിട്ടല്ല. ജീപ്പിൽ വന്ന് ഇറങ്ങിയത് തന്നെ ഇതിന്റെ മുന്നിലാണ്.

പൈ സുഗുണനെ നേരത്തെയറിയും. പലപ്പോഴായി കണ്ടിട്ടുണ്ട്. ഒരു പശുവുണ്ടാകും എപ്പോഴും കൂട്ടിന്. അതിനെ മേച്ച് എവിടെയും പോകും. എന്നു വെച്ചാൽ പശു പ്രാണനാണ്. അതുകൊണ്ടുതന്നെ ആ മനുഷ്യനോട് എന്തോ ഒരിഷ്ടമുണ്ട്. ഒരുപക്ഷേ മിണ്ടാപ്രാണിയെ ഇത്രകണ്ട് സ്നേഹിക്കുന്നതു കൊണ്ടാവാം.

പക്ഷെ ഇത് സംഗതി വേറെയാണെന്നും പൈ സുഗുണൻ ആള് വെളവനാണെന്നും സിറിയക്ക് പറഞ്ഞു. കണ്ടുപിടിച്ചത് ഇവനാണെന്നും പറഞ്ഞ് കുറിയവനായ ഒരുത്തനെ സിറിയക്ക് നീക്കി നിർത്തി.

‘‘സൂണാട്ടനെ എപ്പളും കാണല്ണ്ടെങ്കിലും കൊറച്ച് നാളായി ഈ പിള്ളേരേം ഒപ്പരം കാണുന്ന്ണ്ട്. പക്ഷേ ഇന്ന് രാവിലെ നോക്കുമ്പണ്ട് ഇവര് പശൂന്റെ ബേക്കില് നിന്നിറ്റ്...", കൂടെയുള്ള പിള്ളേരെ ചൂണ്ടിയാണ് അവൻ അത്രയും പറഞ്ഞത്. അവന് ചെറിയ പേടിയുണ്ടായിരുന്നു..

കള്ളപ്പന്നീടെ മോനേന്നുള്ള ഒരലർച്ചയും പടക്കംപൊട്ടുന്ന ഒരൊച്ചയും കേട്ടു. ഒരു ഞരക്കം പോലും പുറത്തു വരാത്ത വിധം ചുമരോട് ചേർന്ന് ഉരസിയിരുന്നുപോയ സുഗുണനെ കുത്തിപ്പിടിച്ച് എഴുന്നേൽപ്പിക്കുന്ന ശാരദൻ സാറിനെയാണ് പിന്നെയെല്ലാവരും കണ്ടത്.
‘‘നീ പശുവിനെ ഇവന്മാർക്ക് കൂട്ടിക്കൊടുക്കും അല്ലേടാ….",സുഗുണനു നേരെയുള്ള സി ഐയുടെ ഈ നീക്കം ഒട്ടും ‍പ്രതീക്ഷിച്ചില്ലായിരുന്നു. കുറിയവൻെറയൊച്ച അറിയാതെ പൊങ്ങിപ്പോയി.
‘‘അയ്യോ സാറേ, അതിനല്ല... നോക്കുമ്പോൾ പൈയിന്റെ ചാണോത്തിനാ ഇവര് പിടിവലി... ഞാൻ വിചാരിച്ചു, ചാണം കൊണ്ട് എന്തോ പരിപാടി തുടങ്ങിന്നാണ് ….. പക്ഷേ അടുത്ത് പോയപ്പോഴാ കണ്ടത് ചാണത്തീന്ന് ചെറിയ ചെറിയ പ്ലാസ്റ്റിക് പൊതികളായിവരെടുക്കുന്നേന്ന്.”

സംഭവത്തിന് ട്വിസ്റ്റ് വന്നപ്പോഴേ വിനീതന് കാര്യം മനസ്സിലായി.

‘‘കഞ്ചാവാ സാറെ... കഞ്ചാവ് പൊതികള്.. പശൂന്റെ മൂലത്തില് കഞ്ചാവ് പൊതിവെച്ച് നടന്നു വിക്കലാ സൂണാട്ടന്റെ പരിപാടി’’, അവൻ പറഞ്ഞ് അവസാനിപ്പിക്കും മുമ്പ് തന്നെ വീണ അടിയിൽ സുഗുണൻ വീണ്ടുമിരുന്നുപോയി. അടിച്ചു പോയതാണ് ശാരദൻ സർ. കാരണം ഇത്തരക്കാരനാണിവനെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്തോ പറയാനൊരുങ്ങിയ സുഗുണൻ വായിൽ വന്ന ഉപ്പ് ചുവയുള്ള വെള്ളം ഇറക്കി.

വിനീതൻ സെല്ലിന്റെ ചുമരിന് പിള്ളേരെ ചേർത്ത് നിർത്തി. ആകെ മൊത്തം അന്തം മറഞ്ഞു നിൽക്കുകയാണെങ്കിലും പറയത്തക്ക പേടിയൊന്നും അവരിൽ കണ്ടില്ല. തികട്ടി വന്ന വെറുപ്പും നിരാശയും കൊണ്ട് എല്ലാവർക്കും ഓരോന്ന് പൊട്ടിച്ചു. മറ്റുള്ളവരും ആവും പോലെ നോക്കി. ഉഗ്രൻ തെറികൾക്കും പോലീസടികൾക്കും അവർ സത്യം പറയില്ലെന്ന യാഥാർത്ഥ്യം എല്ലാവർക്കും ബോധ്യമായി. സാധനം എവിടുന്ന് കിട്ടിയെന്നതിന് രണ്ട് കൂട്ടുകാരും ഉത്തരം പറയുന്നില്ല. തിരിച്ചും മറിച്ചും ചോദ്യങ്ങൾ. അടിയുടെ ക്വാട്ട തീർന്നു സി ഐയും മറ്റുള്ളവരും പരസ്പരം നോക്കി.

കുറ്റം തെളിയിക്കാൻ ഏതറ്റവും പോകാം. എന്ത് മാർഗവും സ്വീകരിക്കാം. ഒരുപക്ഷേ മനഃശാസ്ത്രപരമായ സമീപനമാണ് അടിയെക്കാൾ എത്രയോ ഗുണം ചെയ്യുക. ഈയൊരു ചിന്ത ഉള്ളിൽ വന്നപ്പോഴേക്കും അതുവരെയില്ലാത്ത ഒരു തെളിച്ചം ശാരദൻ സാറിന്റെ ഉള്ളിൽ കത്തി. ഒരുൾവിളിയാൽ അയാൾ സുഗുണനെയും വലിച്ച് ബാരക്സിലേക്ക് നടന്നു.

‘‘ഇനി പറയടാ..നാ…", അവിടെ മേശയ്ക്ക് മുന്നിൽ അവനെ നിർത്തി കടുത്ത കലിപ്പിൽ വായിലേക്ക് എത്തിയ തെറി സി ഐ പകുതിക്ക് വെച്ച് തന്നെ ഇറക്കി. എന്തുകൊണ്ടോ അവിടുന്ന് ആ തെറി വിളിക്കേണ്ട എന്നയാൾ തീരുമാനിച്ചു.

മേശമേലുള്ള ചെറിയ പ്രതിമയെ സുഗുണൻ ഒന്നു നോക്കി. പകച്ചുപോയ അവനിൽ എന്തുകൊണ്ടോ ഒരുൾക്കിടിലം ഉണ്ടായി. അടുത്തത് എന്താകുമെന്ന് ഒരു ധാരണയുമില്ല.

‘‘പറയാ സാർ …", അവന്റെ വായിൽനിന്ന് അവൻ പോലുമറിയാതെ വീണുപോയി. കളിയിൽ ജയിച്ച ശാരദൻ സാർ ചെറുചിരിയോടെ അവന്റെ മുതുകിലെ പിടിവിട്ടു. പിടിവിട്ടതാണോ പിടിമുറുക്കിയതാണോ എന്നറിയാതെ സുഗുണൻ കരഞ്ഞു.
"അവരെന്നെ കൊല്ലും... പറഞ്ഞില്ലേൽ സാറും…. ഈ പിള്ളേര് വാങ്ങാൻ വന്നവരല്ല സാറേ... എനിക്ക് തരാൻ വന്നവരാ... തെറ്റായിപ്പോയി സാറേ...
ലക്കുകെട്ട ഒരു കരച്ചിലായിരുന്നു സുഗുണന്റേത്. വെളിയിൽ കേൾക്കും. തൻെറ ജയം ശാരദൻ സാർ ഉറപ്പിച്ചു.
"ആ ചെറ്റകളേയും കൊണ്ടുവാ...", അലറി പറഞ്ഞപ്പോൾ തെറിയുള്ളിൽ നിൽക്കാതെ പുറത്തേക്ക് തള്ളിയിറങ്ങിപ്പോയി.

ബാക്കി നാലു പിള്ളേരെയും പൈ സുഗുണനെ നിർത്തിയേടത്ത് തന്നെ നിർത്തി. സുഗുണന് സാധനം എത്തിക്കുന്നതെവിടെ നിന്നാണെന്ന് പരമാവധി സംയമനം പാലിച്ചു ചോദിച്ചു. പക്ഷ അവർ ഒന്നും പറഞ്ഞില്ല. ചോദ്യത്തിന്റെ ഗുട്ടൻസ് പിടികിട്ടാതെ അവർ നിന്നു.

കൈയ്യിലേക്ക് ഇരമ്പിവന്ന എന്തോ ഒന്നിനെ സി ഐ മുഷ്ടിചുരുട്ടി പിടിച്ചുനിർത്തി. അവിടുന്ന് ഇനി അടിയും വേണ്ട എന്നയാൾ ഉറപ്പിക്കുകയായിരുന്നു.. പക്ഷേ വെറുതെ വിട്ട് സംഭവം വള്ളിക്കെട്ടാവാനും പാടില്ല. അവരുടെ പേരും അഡ്രസ്സും പരിശോധിച്ചപ്പോൾ ചില ‍തീർപ്പുകൾ രൂപപ്പെട്ടു.

‘‘ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടിവരും. സത്യം പറഞ്ഞസ്ഥിതിക്ക് പൈ സുഗുണന് വേണേൽ പിഴയൊടുക്കി പോകാവുന്നതാണ്. കാരണം സാധനം പിടിച്ചത് ഇവരിൽ നിന്നല്ലേ. ഉപയോഗിച്ചതിനും തെളിവുണ്ട്. കേസ് നിൽക്കും. അല്ലെങ്കിൽ ഇവര് സത്യം പറയണമായിരുന്നു. ആർക്കറിയാം വൻ റാക്കറ്റുകൾ ഇവർക്ക് പിറകിലില്ലാന്ന്. തീവ്രവാദം വരെ സംശയിക്കാം", തീർത്തും മറ്റൊരാളെപ്പോലെ ശാരദൻ സർ ഉറക്കെ പറഞ്ഞു.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു. എൻ ഡി പി എസ് ആക്ടിൽ എഫ് ഐ ആർ, അറസ്റ്റ് മെമ്മോ, സ്വീഷർമഹസർ, റിമാൻഡ് റിപ്പോർട്ട് എല്ലാം തയ്യാറാക്കി മജിസ്ട്രേറ്റിനടുത്തേക്ക് കൊണ്ടുപോകാനൊരുങ്ങി. നാളുകൾക്കുശേഷം കേസുമായങ്ങനെ പുറത്തേക്ക് പോകേണ്ടി വരുന്നതിൽ സി ഐക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. പിള്ളേരെ ഒന്നുകൂടി അയാൾ സമീപിച്ചു, "കാര്യം തീവ്രവാദമായി മാറാൻ അധികം പണിയൊന്നുമില്ല പിന്നെ പുറംലോകം എന്നൊന്നില്ല".

അവരുടെ പോക്കറ്റിൽനിന്ന് പിടിച്ചെടുത്ത കഞ്ചാവ് പൊതികൾ അയാൾ മുന്നിലേക്ക് നീട്ടി കാണിച്ചു, "കണ്ടോ... തെളിവാണ്. ഇപ്പോ ഇതെന്റെ കയ്യിലാണ്. വിട്ടുപോയാൽ തീർന്നു. പക്ഷേ നാടിനുവേണ്ടുന്ന നിങ്ങളെയങ്ങനെ വിടാൻ എനിക്ക് തോന്നുന്നില്ല. ഇപ്പോളാണെങ്കിൽ പരിഹാരമുണ്ട്’’.

പൊതികൾ സ്വന്തം പോക്കറ്റിലിട്ടുകൊണ്ട് ശാരദൻ സർ പറഞ്ഞു. എന്തോ അത് കേട്ടപ്പോൾ അതിലൊരുത്തൻ പെട്ടെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് സി ഐയുടെ കാലിലേക്ക് വീണു. അവനെ മാറ്റിനിർത്തി ശാരദൻസാർ എന്തൊക്കെയോ സംസാരിച്ചു. പിന്നീട് അവന്മാരെല്ലാവരെയും എഴുതി വാങ്ങി ഒപ്പിടിച്ച് പറഞ്ഞയച്ചു. എന്നാൽ സ്റ്റേഷനിൽ അത് ചെറുതല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കി.

‘‘നോക്ക് പ്രശ്നങ്ങൾ നമ്മളറിഞ്ഞോണ്ട് വരുന്നതല്ല. വന്നതിനെ പ്രശ്നമല്ലാതാക്കി പരിഹരിക്കുന്നതിലാണ് നമ്മുടെ മിടുക്ക്. ആവശ്യത്തിൽ കവിഞ്ഞ പേരുദോഷമുണ്ടല്ലോ ഈ സ്റ്റേഷന് . അത് മാറ്റിയെടുക്കാൻ എല്ലാ വഴികളും നാം തേടണം. അറിയാല്ലോ, എല്ലാ ചെറ്റത്തരങ്ങളും വൃത്തികേടുകളും കണ്ടും ചെയ്തും തന്നാ ഞാനിവിടെവരെയെത്തിയത്. അതുകൊണ്ട് അതില്ലാതാക്കാനും എന്താ വേണ്ടതെന്ന് നന്നായിട്ടറിയാം. എല്ലാം വഷളാക്കാൻ എളുപ്പമാണ്. നന്നാക്കാനാണ് പാട്. അതൊരു സ്റ്റേഷനായാലും. നാടായാലും. ഇതൊരു ഏകാധിപത്യപരമായ തീരുമാനമായി കണക്കാക്കൊന്നും വേണ്ട. ഐപിസിയുടെ വയലേഷനുമല്ല. വെറും മനുഷ്യത്വം. പിരിയുന്നതിന് മുമ്പ് ഒരു മാറ്റം. അതിന് തയ്യാറാവുകയാ…"

വിനീതനുമായി നടന്ന ഉഗ്രൻ തർക്കത്തിന് ഒടുവിൽ അവന്റെ മൂർച്ചയുള്ള ചോദ്യങ്ങൾക്ക് ഒട്ടും പ്രകോപിതനാവാതെയാണ് ശാരദൻ സാർ മറുപടി പറഞ്ഞത്. മറുപടി മാത്രമല്ല അതൊരു തീരുമാനം കൂടിയാണെന്ന് കേട്ടവർക്കെല്ലാം മനസ്സിലാകുന്ന ഒരു ശരീരഭാഷയിലായിരുന്നു ആ പറച്ചിൽ.

‘‘കുട്ടിക്കളിമാറാതെ ഇറങ്ങിയവർക്ക് പലതും തോന്നും. പക്ഷേ അവർക്ക് ഇനിയും ഒരുപാട് അനുഭവങ്ങൾ വരാനിരിക്കുന്നതല്ലേ ഉള്ളൂ’’, വിനീതനെ നോക്കിയല്ലെങ്കിലും ആ പറഞ്ഞത് വിനീതനോട് തന്നെയാണെന്ന് മനസ്സിലാക്കാൻ പ്രയാസമേ ഇല്ലായിരുന്നു.

പിന്നീട് വയർലെസ്സ് അല്ലാതെ സ്റ്റേഷനിൽ മറ്റാരും അന്നധികം സംസാരിക്കുകയുണ്ടായില്ല. അത് ഏറ്റവും അസ്വസ്ഥപ്പെടുത്തുന്നതും അനാവശ്യവുമായ ഒരു അവസ്ഥയുണ്ടാക്കി. എല്ലാവരുടെയും ഉള്ളിൽ എന്തോ ഒരു കയ്പ്പ് കിടന്നു. അതിനിടയിൽ ചില ഫോൺകോളുകൾ വരികയും പോവുകയും ചെയ്തു.

പിടിവിട്ട കാര്യങ്ങളാണ് നടന്നിരിക്കുന്നത്. തന്റെ കലഹം പക്ഷേ പകുതിയും തന്നോടുതന്നെയായിരുന്നെന്ന് വിനീതനു തോന്നി. ഹബീബ് ആശ്വസിപ്പിക്കും തോറും സംഘർഷം കൂടിവന്നു. മറ്റൊന്നും ചെയ്യാൻ പറ്റാതെ അവൻ മേശമേൽ രണ്ടിടി കൂടിയിടിച്ചു. അവിടെ കിടന്ന പ്രതിമ മറിഞ്ഞു .

അന്നു നൈറ്റ് പെട്രോളിംഗിൽനിന്ന് വിനീതനെ ശാരദൻ സാർ ഒഴിവാക്കി. പകലിലെ സംഭവങ്ങൾ അവനെ വല്ലാത്ത സംഘർഷത്തിലാക്കിയിട്ടുണ്ട്. അതുകൊണ്ട് നേരത്തെ വീട്ടിലേക്ക് പോകാനും അനുവാദം നൽകി.

സി ഐയുടെ മേശമേലുള്ള ട്രേയിൽ കുറെ സിഗരറ്റ്കുറ്റികൾ തലകരിഞ്ഞ് കുത്തിയുടഞ്ഞ് കിടക്കുന്നുണ്ടായിരുന്നു.

പട്രോളിങ്ങിനിടയിൽ ആറാം പീടിക സ്റ്റോപ്പിൽ ജീപ്പ് നിർത്തി ഓരോ കട്ടൻ കഴിക്കുമ്പോഴാണ് പെട്ടെന്ന് ഫോൺ വന്നത്. പാതിരയോടടുക്കുന്ന സമയമാണ്. ശാരദൻ സാർ ഉടൻ ഹബീബിനെയും സിറിയക്കിനെയും കയറ്റി വണ്ടിയെടുത്തു. ഇടയ്ക്ക് വീണ്ടും ഫോൺ. പിന്നെ ജീപ്പ് നേരെ പോയി നിന്നത് ലൈഫ് കെയർ ഹോസ്പിറ്റലിലായിരുന്നു. അവിടെ വരാന്തയിൽ നിന്ന മൂന്നാല് ചെറുപ്പക്കാർ വേഗം ഓടിവന്നു, ‘‘സാർ, കാഷ്വാലിറ്റിയിൽ തന്നെയുണ്ട്. കാണാം, ഡോക്ടറുമുണ്ട്."

ബെഡിൽ പച്ച തുണികൊണ്ട് പുതപ്പിച്ചിരിക്കുകയാണ്. അവിടെവിടെ ചോര പടരുന്നുണ്ട്. ഒരു നേഴ്സ് മുഖത്തെ തുണിയങ്ങ് മാറ്റി. വല്ലാത്തൊരു ശബ്ദത്തോടെ സിറിയക്കും ഹബീബും പിറകിലേക്ക് വേച്ചു പോയി. ഉടഞ്ഞ് ചിതറിയിരിക്കുകയാണ് മുഖം. ഒട്ടും തിരിച്ചറിയാനാവുന്നില്ല. ചോരയിൽ കുതിർന്ന മുടിനാരുകൾ നനഞ്ഞൊട്ടി ഒരുവശത്തുമാത്രം വിനീതന്റെ ചെറിയ സൂചനകൾ ബാക്കിയുണ്ട്. ഭയങ്കരമായ ഒരു വിറയൽ അവരുടെ ദേഹത്തിൽ കൂടി കയറിക്കടന്നുപോയി.

‘‘ആരും കുറേനേരത്തേക്ക് കണ്ടിറ്റാന്ന് തോന്നുന്നു. തരിപ്പണായ ബൈക്കിന്റടുത്തുന്നും ദൂരെയാ ഇയാളുണ്ടായിരുന്നേ... ഞങ്ങ വരുമ്പോ ബൈക്ക് കണ്ടിറ്റ് വണ്ടി നിർത്തിതാ, അപ്പഴാ ദൂരത്ത്ന്ന് ഞരക്കം കേട്ടത്. ഈട എത്തുമ്പോഴേക്കും…", ചെറുപ്പക്കാരിലൊരുവൻ പറഞ്ഞു. ഹബീബ് സിറിയക്കിനെ ചേർത്തുപിടിച്ച് വിതുമ്പി. ഒന്നും പറയാതെ നിൽക്കുന്ന ശാരദൻ സാറിനും വല്ലാത്ത സംഘർഷമുണ്ട്. അയാൾ ഡിവൈ എസ് പി യെ ഫോൺ ചെയ്തു.

രണ്ടുദിവസത്തേക്ക് സ്റ്റേഷൻ അസാധാരണമാം വിധം നിശ്ശബ്ദമായിപ്പോയി. കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിലും എന്തൊക്കെയോ പാത്തും പതുങ്ങിയും നിൽക്കുന്നുണ്ടെന്ന തോന്നൽ. വിനീതന്റെ മരണം സ്റ്റേഷനിൽ താൻ ഉണ്ടാക്കിയെടുത്തതിനെ തകർത്തതായി ശാരദൻ സാർ മനസ്സിലാക്കി.

അധികനാൾ കഴിയും മുമ്പേ തന്നെ ഒട്ടും പ്രതീക്ഷിക്കാതെ മറ്റൊന്നും കൂടിയുണ്ടായി. വിനീതന്റെ ചങ്കായ ഹബീബിന്റെ ഇടംകാലിലെ ലിഗമെന്റിന് ഫ്രാക്ചറായി ഓപ്പറേഷൻ വരെ വേണ്ടിവന്നു. സ്റ്റേഷനിലേക്ക് വരുമ്പോൾ വണ്ടിക്കു കുറുകനെ എന്തോ ചാടിയതാണ്. ആ വഴിയെ എത്തിയ ശാരദൻ സാർ തന്നെയാണ് കണ്ടതും ആശുപത്രിയിലെത്തിച്ചതും. അവന് പിന്നെ സ്റ്റേഷനിലേക്ക് വരാനേ പറ്റിയില്ല.

കാര്യമായി എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്ന് സ്റ്റേഷനിൽ എല്ലാവർക്കും ഉറപ്പായി. ചിലർക്ക് അകാരണമായി ദുരന്തങ്ങളും അപകടങ്ങളും സംഭവിക്കുന്നു. എന്നാൽ ഒരു ഭാഗത്ത് നൂലാമാല കേസുകൾക്കൊക്കെ അസാധാരണരീതിയിൽ പരിഹാരമുണ്ടാകുന്നു. ശാരദൻ സാർ തന്നെ വളരെ മാറിപ്പോയിരിക്കുന്നു. ഇതെല്ലാം എല്ലാവരും സമ്മതിക്കുന്നുണ്ട്. പക്ഷേ എങ്ങനെ എന്ന് ചോദ്യത്തിന് മാത്രം ഉത്തരം കിട്ടുന്നില്ല.

‘‘ഉണ്ട് . കാരണമുണ്ട്. ചില പോസിറ്റീവ് എനർജികൾ വഴികിട്ടാതെ കുടുങ്ങിക്കിടക്കാറുണ്ട് ചില വസ്തുക്കളിൽ. അത് ചിലപ്പോൾ ഇത്തരം അവസ്ഥകളിൽ എത്തിക്കും. ഏതിലോ വായിച്ചിതാണ്’’.

സ്ഥാനം തെറ്റിക്കിടന്നാലോ പരിചരണക്കുറവാലോ അങ്ങനെ സംഭവിക്കാമെന്നും അത് പരിഹരിച്ചാൽ പിന്നെ ശരികൾ മാത്രമേ ഉണ്ടാവൂ എന്നും കൂടി ശാരദൻസാർ പറഞ്ഞു. പന്ത്രണ്ടാംദിവസം വിനീതന്റെ വീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു അത്.

"സംഭവിക്കുന്നതെന്തെന്ന് ഇനി നോക്കാം. ഒരു തോന്നൽ. അഥവാ പരീക്ഷണം."

ബാരക്സിലെ മേശമേൽ കടലാസ്സുകൾക്കിടയിൽ വീണു കിടന്നിരുന്ന ആ പ്രതിമയെടുത്ത് ചുമരിലെ തട്ടിൽ കിഴക്കോട്ട് തിരിച്ചുവെച്ച് ഒരു ചിരിയോടെ സാർ പറഞ്ഞു. അത്ഭുതത്തോടെ മറ്റുള്ളവർ പരസ്പരം നോക്കി.
“നല്ല മാറ്റത്തിനായി എല്ലാ വഴികളും പരീക്ഷിക്കാവുന്നതാണ്. ജീവിതം തന്നെ അങ്ങനെയല്ലേ."

അതിനുശേഷം നല്ലമാറ്റങ്ങൾ ഉണ്ടായതായിത്തന്നെ പലർക്കും തോന്നി. അസ്വസ്ഥതകളെ മറക്കാൻ അവർക്കെളുപ്പമായി. അതിനാൽ ഇനി ആ മുറിതന്നെ ഒന്ന് വൃത്തിയാക്കാമെന്ന് എല്ലാവരുമൊന്നുഷാറായി. നെഗറ്റീവ് എനർജിക്ക് കാരണമെന്ന് തോന്നിയ പലതും വെളിയിലേക്ക് മാറ്റി. എല്ലാത്തിനും മുന്നിൽ ശാരദൻസാർ നിന്നു.

പിന്നീടുള്ള നാളുകളിൽ കാര്യങ്ങൾക്ക് ഒരു ചിട്ട വന്നു. പ്രതീക്ഷയില്ലാത്ത കേസന്വേഷണത്തിന് പോകുമ്പോഴും നിർണായകമായ പല തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പും ആ മുറിയിലൊന്ന് കയറിയിറങ്ങുന്നത് അയാൾ പതിവാക്കി. ഊരാക്കുടുക്കാവുമെന്ന് തോന്നിച്ച കേസുകളിലെ പ്രതികൾ മിക്കവരും പുഷ്പം പോലെ കുറ്റസമ്മതം നടത്തി. മാസത്തിൽ ചില ദിവസങ്ങളിൽ മാത്രം വനിത സിപിഒ മാർ ആ മുറിയിൽ കയറാതിരുന്നു.

ആകെക്കൂടെ ശാരദൻ സാറും പോലീസ് സ്റ്റേഷനും മേലധികാരികളുടെ പ്രീതിക്ക് കാരണമായിത്തീരാൻ തുടങ്ങി. ഡിവൈ എസ് പി യുടെ അഭിനന്ദനങ്ങൾ പലപ്പോഴായി ശാരദൻ സാറിന് ലഭിച്ചു. പോസിറ്റീവ് എനർജി സ്റ്റേഷനിൽ തലങ്ങുംവിലങ്ങും പ്രവർത്തിക്കാൻ തുടങ്ങിയെന്ന് ഗൂഢമായ ചിരിയോടെ അയാൾ ഓർത്തു. തന്റെ വിരമിക്കൽ ഏറ്റവും മികച്ച സ്റ്റേഷനിൽനിന്നു തന്നെയാവുമെന്ന് അയാളുറപ്പിച്ചു.

മറ്റൊരു ദിവസം അതിരാവിലെതന്നെ സ്റ്റേഷനിലാകെയൊരു ഗന്ധം. മടുപ്പിക്കുന്ന സിഗററ്റിന്റേതായിരുന്നില്ല അത്. സി പി ഒമാർക്കെല്ലാം മറ്റെവിടെയോ എത്തിയതായി തോന്നി. അതിന്റെ ഉറവിടവും ആ മുറി തന്നെയായിരുന്നു. ദിവ്യമായ ഗന്ധത്തോടെ അവിടെയൊരു അഗർബത്തി എരിയുന്നുണ്ടായിരുന്നു.

സുഗന്ധം എപ്പോഴും നല്ലൊരു ഊർജ്ജം തരുന്നുണ്ടല്ലേയെന്ന് ചിരിച്ചുകൊണ്ട് ശാരദൻ സാർ എല്ലാവരോടുമായി ചോദിച്ചു. ആർക്കും മറിച്ചൊരഭിപ്രായം പറയാനുണ്ടായിരുന്നില്ല.

നാട്ടുകാർക്കും സ്റ്റേഷനിലെ മാറ്റത്തിൽ അത്ഭുതം തോന്നി. ഒരാളെയും മുഷിപ്പിക്കാത്തവിധം തീരുമാനങ്ങളുണ്ടാകുന്നു. അല്ലങ്കിൽ മുഷിപ്പുകൾ ആരുമറിയുന്നേയില്ല. തീർത്തും മാതൃകാപരമെന്നു തോന്നുന്ന നടപടിക്രമങ്ങൾ. മൊത്തത്തിൽ സ്റ്റേഷൻ നന്നായി. പഴയ പോലുള്ള തെറിയോ അടിയോ ഒന്നും പുറത്തുകേൾക്കുന്നില്ല.

"അതിന്റെ ആവശ്യം വരുന്നില്ലെന്നുള്ളതല്ലേ സത്യം. ഇവിടെയെത്തുമ്പോൾ തന്നെ പ്രതികൾ കുറ്റമേറ്റ് പറയുന്നുണ്ടല്ലോ’’, ലോക്കൽ ചാനൽ ട്രൂ വിഷന്റെ റിപ്പോർട്ടർ അമലിനോട് അഭിമാനത്തോടെ ശാരദൻസർ പറഞ്ഞു. തുടർച്ചയായി മികച്ച സ്റ്റേഷനെന്നുള്ള പേര് കിട്ടിക്കൊണ്ടിരിക്കുന്നതിനെപ്പറ്റിയൊരു പ്രോഗ്രാം ചെയ്യാൻ വന്നതാണ്.
‘‘പക്ഷെ സാറിവിടെയൊരു മാജിക്കൽ പ്രോസസ് നടത്തുന്നുണ്ടെന്നാണ് പൊതുവേ സംസാരം. ഒരു പോലീസ് ഓഫീസർ എത്ര തന്ത്രപരവും നയപരവുമായാണ് കുറ്റങ്ങൾ തെളിയിക്കുന്നത്. റിട്ടയർമെൻറിന് കേവലം ആഴ്ചകൾ മാത്രം ശേഷിക്കെ ഈ സ്റ്റേഷനെ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം തികച്ചും മാതൃകാസ്റ്റേഷനാക്കി മാറ്റും എന്ന അങ്ങയുടെ വിശ്വാസം തന്നെയാണോ കാരണം?’’
"അങ്ങനെയല്ല ഐ പി സിയും സി ആർ പി സിയും മാത്രം അനുസരിക്കുന്ന ഇടമാണെങ്കിലും നമ്മൾ ക്രിയേറ്റ് ചെയ്യുന്ന ഒരു എനർജിയുണ്ട്. അത് എവിടെയാണെങ്കിലും ധർമ്മത്തിനും നീതിക്കുമായി വർക്ക് ചെയ്യും എന്ന് തന്നെയാണ് എൻറെ വിശ്വാസം. അതാണ് കാര്യം’’.

എന്തോ സൂചന കിട്ടിയ പോലെയുള്ള അവന്റെ ചോദ്യം അപകടകരമായി പോകുംമുമ്പ് ഇന്റർവ്യൂ അവസാനിപ്പിച്ചു. പൂർണ തൃപ്തിയില്ലാതെ ക്യാമറാമാനെയുംകൂട്ടി അവനിറങ്ങി. കേടായ കേബിൾ കണക്ഷൻ ശരിയാക്കാത്തതിൽ ശാരദൻ സാറിന് നിരാശ തോന്നി.

അങ്ങനെയിരിക്ക ഒരാൾക്കൂട്ടം ബഹളമായി സ്റ്റേഷനിലേക്ക് വന്നു. കുറച്ചു ദിവസത്തിനു ശേഷമുള്ള ഒരു വെള്ളിയാഴ്ച വെളുപ്പിനായിരുന്നു അത്. വന്നവർ ഭൂരിപക്ഷം പേരും ഉറക്കച്ചടവിൽ തന്നെയായിരുന്നു. കൂട്ടത്തിൽ കാളി വിളിച്ചുകൊണ്ട് വെളുത്ത് മെലിഞ്ഞൊരു പെണ്ണുമുണ്ട്. എവിടുന്നോ കിട്ടിയ മുഷിഞ്ഞു കീറിയ ഒരു ബെഡ്ഷീറ്റാണവൾ വാരി ചുറ്റിയിട്ടുള്ളത്. അതു മാത്രമേയുള്ളൂ. കൂടെ അണ്ടർവെയർ മാത്രമിട്ട് കൈകൾ കൂട്ടിക്കെട്ടിയ ചെറുപ്പക്കാരായ രണ്ട് ഹിന്ദിക്കാരുമുണ്ട്. മുഖം നിറയെ അടിയുടെ പാടുകളുള്ള അവരും കരയുന്നുണ്ട്.

‘‘സാറേ ഈ നാറികള് രാവിലെ തന്നെ ഇവിടെ തുണ്ട് പടം കളിക്കോന്ന്…", കൂടെ വന്നയാൾ സംഗതി പറഞ്ഞു. സിറിയക്ക് അവരിൽ പെണ്ണിനെയും ഹിന്ദിക്കാരെയും നാട്ടുകാരിലൊരാളെയും മാത്രം അകത്ത് കയറ്റി.
‘‘രാവിലെ ചായപ്പീട്യ തൊറക്കുമ്പാ സാറേ…ഈ മറ്റോള് ഉടുതുണില്ലാണ്ട് റോഡുമ്മലേ പായുന്നേ.. ഓളെ ബേക്കിലേ ഈ @&#*...മക്കളും. കളിക്കെടേല് കീഞ്ഞ് പാഞ്ഞതായിരിക്കണം. നമ്മ്യെല്ലാരും പിടിച്ചു നാല് പൂശിയേരം ബൈരത്തോട് ബൈരം തന്നെ... യെന്തായീറ്റിങ്ങ പറീന്നെന്ന് നമ്മക്ക് തിരീന്നില്ല."

പറഞ്ഞു തീരുംമുമ്പേ വെടിക്കെട്ട്പോലെ പടപടാന്ന് രണ്ടുമൂന്നെണ്ണം പൊട്ടി. ഷഡിയിൽ നിന്നവൻമാർ മൂത്രമൊഴിച്ചില്ലെന്നേയുള്ളൂ. കൂട്ടക്കരച്ചിൽ. ശാരദൻസർ വരും മുമ്പ് തന്നെ എസ് ഐ രാഘവൻ നാളുകളായി പിടിച്ചുനിർത്തിയ എന്തോ ഒരെടങ്ങേറ് പൊട്ടിയൊഴുകും പോലങ്ങ് തീർത്തു.
‘‘അവരാതി മക്കളേ…. ആർക്കുണ്ടാക്കാനാടീ നീ ഇവിടെ വന്നു മറ്റേടത്തെ കഴപ്പ് തീർക്കുന്നേ …. ഒരഞ്ചാറെണ്ണത്തിനെക്കൂടി കൂട്ടാരുന്നില്ലേ …"

നടുങ്ങി വിറച്ചിരിക്കുകയാണ് പെണ്ണ്. പറയാൻ പോലും അതിനു ഒച്ച പൊങ്ങുന്നില്ല. തൊണ്ടയിൽ നിന്ന് ഒരെക്കിളല്ലാതെ മറ്റൊന്നും കേൾക്കാനില്ല. മറ്റു രണ്ടുപേരും കാര്യമായെന്തോ പറയുന്നുമുണ്ട്. പക്ഷേ ആർക്ക് മനസ്സിലാവാൻ ...

ഗൗരി അവളെ മാറ്റിനിർത്തി ആവുംപോലൊക്കെ ചോദിച്ചപ്പോൾ ഒരുകാര്യം വ്യക്തമായി. ആകാവുന്നത്രയും മൃഗീയമായി അവൾ റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ട്. അവളുടെ ദേഹം കിടുകിടാ വിറക്കുന്നുണ്ട്. ഗൗരിക്കും വല്ലാത്ത സഹതാപം തോന്നി. അവർ അവൾക്കു കുടിക്കാൻ ചൂടുവെള്ളം നൽകി.

ചണ്ഡൗലിയിൽ നിന്ന് എത്തിയതാണ് പെൺകുട്ടി. കൂടെയുള്ളത് കാമുകനും. അവന്റെ കൂട്ടുകാരന്റടുത്തേക്ക് വന്നതാണ്, കല്യാണം കഴിക്കാൻ. രണ്ട് സമുദായക്കാരായതിനാൽ ആ നാട്ടിൽ നടക്കില്ല. കൂട്ടുകാരനെയും കൂട്ടി പനമരത്ത് നിന്ന് രാത്രിയിൽ മടങ്ങുംവഴി കിട്ടിയ ലോറിയിൽ കയറിയതാണ്. ആ ലോറിക്കാരാണ് ചെറുപ്പക്കാരെ അടിച്ചുപഞ്ചറാക്കി പെണ്ണിനെ റേപ്പ് ചെയ്തത്. സംഗതി വെളിയിൽ പോകാതിരിക്കാൻ അവരെ ഭീഷണിപ്പെടുത്തി ഉടുതുണിപോലും അഴിച്ചെടുത്ത് റോട്ടിലിറക്കി വിട്ടതാണ്.

“സംഭവം ഭീകരമാണ് സർ. അവരെ തിരിച്ചറിയാനുള്ള തെളിവ് ഇവരുടെ കയ്യിലുണ്ട്’’, എസ് ഐ രാഘവൻ ശാരദൻ സാർ എത്തിയ ഉടൻതന്നെ അറിയിച്ചു. ഓർഡർ കിട്ടേണ്ട താമസം ആ ലോറിക്കാരെ പൊക്കുമെന്ന അവസ്ഥയിലാണയാൾ.

കാര്യം ഗൗരവമുള്ളതാണ്. കരുതലോടെ കൈകാര്യം ചെയ്തില്ലെങ്കിൽ പാളിപ്പോകും. നാട്ടുകാരല്ല എന്നുള്ളത് മാത്രമാണ് ഏക ആശ്വാസം.

"നിങ്ങള് പൊയ്ക്കോളൂ, ഇതിനും പരിഹാരമുണ്ടാകും’’, അനാവശ്യമായി അകത്തും പുറത്തും ശേഷിച്ചവരോട് ശാരദൻ സാർ പറഞ്ഞു. കൂടുതൽ കൗതുകമുണ്ടാവില്ല എന്നതിനാൽ അവരെല്ലാം പിരിഞ്ഞു. അയാൾ നേരെ ബാരക്സിലേക്ക് കയറി.

സിനിമയെ തോൽപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് പിന്നീട് നടന്നത്.

ഉച്ചകഴിയുമ്പോഴേക്കും പ്രതികളെ സ്റ്റേഷനിൽ ഹാജരാക്കി. പെൺകുട്ടി അവരെ തിരിച്ചറിഞ്ഞു. സി ഐ ഇടപെടും മുന്നേതന്നെ പ്രതികൾ എല്ലാം സമ്മതിക്കുകയുമുണ്ടായി. കാരണം സ്റ്റേഷനിലെത്തിയാൽ ഒന്നും നടക്കില്ലെന്നറിയുന്നതിനാൽ അന്വേഷണസംഘം കുറ്റസമ്മതത്തിനുള്ള പെരുമാറലുകൾ നേരത്തേ നടത്തിയിരുന്നു.

പ്രതികളെ പിടിക്കാൻ കഴിഞ്ഞതിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാമെന്നും അതിനായി പ്രവർത്തിച്ച നിങ്ങളെ അഭിനന്ദിക്കുന്നുവെന്നും ശാരദൻ സാർ പറയുമ്പോൾ കോടതി നടപടികളിലേക്ക് നീക്കാനുള്ള പേപ്പറുകൾ തയ്യാറാക്കുകയായയിരുന്നു ഗൗരിയും പുഷ്പയും. അപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന ആ പാവംപിടിച്ച പെൺകുട്ടി അത്രയും സമയംകൊണ്ട് അവരുടെ ആരോ ആയിക്കഴിഞ്ഞിരുന്നു.

‘‘സത്യത്തിൽ ഇത് നമ്മുടെ നാട്ടിലെ ഒരാൾക്കാണെങ്കിലോ. എന്തായിരിക്കുമവസ്ഥ. ഒരു കണക്കിന് നമ്മുടെയും ഭാഗ്യമാണ്. കേസിനും കോടതിക്കും പിന്നാലെ പോകാനൊന്നും ഈ പാവത്തുങ്ങൾക്കാവുമെന്ന് തോന്നുന്നില്ല. അതിനുള്ള വിവരവുമില്ല. അഥവാ ഇനിയിപ്പോ പോയീന്ന് തന്നെ വെച്ചോ, എന്ത് കിട്ടാനാണ്. സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു. സംഭവിച്ചതിനെക്കുറിച്ച് ദുഃഖിച്ചിട്ടും കാര്യമില്ല. അതൊന്നും ഇനി മായിച്ചു കളയാൻ പറ്റില്ലല്ലോ. എല്ലാം മറക്കാനും ജീവിക്കാനും അവർക്കിപ്പോൾ നാട്ടിലെത്തുകയാണ് വേണ്ടത്. അതിനാവശ്യം പണമാണ്. ഇവറ്റകളെ കൊണ്ടത്കൊടുപ്പിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം.”

ഒന്ന് നിർത്തി ശാരദൻസാർ തുടർന്നു, ‘‘നമ്മുടെ സ്റ്റേഷൻ ആരുടെയും ജീവിതം കുട്ടിച്ചോറാക്കാനുള്ളതല്ല. അത് പുതുജീവിതം നൽകാനുള്ളതാവണം.”

എഴുതി തയ്യാറാക്കിയ പോലെ സി ഐ അങ്ങ് പറഞ്ഞുതീർത്തു. ആദ്യം ഒന്നമ്പരന്നുവെങ്കിലും ഒന്നുകൂടി ചിന്തിച്ചപ്പോൾ അതാണ് ശരിയെന്ന് തോന്നൽ കുറേപേർക്കുണ്ടായി. ഇവറ്റകൾക്ക് ഇനി നൽകേണ്ടത് മാതൃകാപരമായ ശിക്ഷയാണ്. മേലിൽ ഈ പണിക്ക് നിൽക്കാത്തവിധമെന്നും പറഞ്ഞ് പ്രതികളെ നോക്കി സി ഐ ഒരു നിമിഷം കണ്ണടച്ചു, “അത് കിട്ടണം. കിട്ടും”

പിന്നെയുള്ള നീക്കങ്ങൾ എല്ലാം ശടപടേന്നായിരുന്നു. മൂന്നുപേർക്കും അരലക്ഷം വീതം ഇന്ന് തന്നെ കൊടുക്കണമെന്നും ഇത് തന്റെ ഔദാര്യമാത്രമാണെന്നും കോടതിയിൽ പോയാൽ ചിലപ്പോൾ തൂങ്ങിയാടേണ്ടിവരുമെന്നും ശാരദൻ സാർ ലോറിക്കാരോട് പറഞ്ഞു. ഒരലർച്ചയേക്കാളും ഭീകരമായി അവർക്കതു തോന്നി. പോലീസുകാർക്കും.

വൈകുന്നേരത്തിനു മുമ്പേതന്നെ എവിടുന്നോ രണ്ടുമൂന്നുപേർ വന്നു പറഞ്ഞപണം കൈമാറി. വന്നവരെ സാക്ഷിയാക്കി എഴുതി ഒപ്പിടീച്ചു വാങ്ങി. പെൺകുട്ടിയെയും കൂടെയുള്ളവരെയും വിളിച്ച് അവരെക്കൊണ്ടും ഒപ്പിടുവിച്ചു. ഒന്നും മനസ്സിലാവാതെ വിരണ്ടിരിക്കുന്ന അവർ പറഞ്ഞിടത്തൊക്കെ ഒപ്പിട്ടു. സി ഐ പെൺകുട്ടിയെ ബാരക്ലിലേക്ക് വിളിപ്പിച്ചു; ‘‘എടീ..@#$ മോളേ... എന്ത് മറ്റേത്തരത്തിനാണേലും വീട്ടുകാരെ ധിക്കരിച്ച് കുറ്റിയും പറിച്ചിറങ്ങരുത്. അതും അറിയാത്ത നാട്ടിലേക്ക്".

ശീലം വച്ച് ഇങ്ങനെയാണ് വായിലാദ്യം വന്നതെങ്കിലും പുറത്തെത്തിയതങ്ങനെയല്ല.
‘‘എന്റെ മോളേപ്പോലെക്കണ്ട് പറയുകയാ, ഇപ്പോ ഇവിടെവന്നുപെട്ടതുകൊണ്ട് കൂടുതൽ കൊഴപ്പങ്ങളില്ലാതെ നീ രക്ഷപ്പെട്ടു. എന്നാലും എനിക്കത്ര വിശ്വാസമില്ല. ഇനിയിതൊരിക്കലും നീ ആവർത്തിക്കരുത്. ഇവിടെക്കഴിഞ്ഞത് ഇവിടെക്കഴിഞ്ഞു. ഇനിയിതൊന്നും ഓർക്കാനോ മറ്റുള്ളവരോട് പറയാനോ പോകേണ്ട. മറ്റൊന്നും കൊണ്ടല്ല മോളെ, നിനക്കാ അതിന്റെ നാണക്കേട്."
എന്തോ മനസ്സിലായ പോലെ ആ പാവം തലയാട്ടി.
‘‘ഓ... തലയാട്ടിയാൽ പോര ഉറപ്പിക്കണം. ദാ ഇവിടെ വെച്ച്".

പെൺകുട്ടിയിൽ ഒരമ്പരപ്പ് പടർന്നിറങ്ങി. മുറിക്കുള്ളിലെ മേശമേൽ ചന്ദനത്തിരിപ്പുകയ്ക്കുള്ളിലെ ആ പ്രതിമയിലേക്ക് അവളുടെ നോട്ടമെത്തി. ഗൗരിയുടെയും പുഷ്പയുടെയും ഉള്ളിലും വെറുതെ ഒരു കാളലുണ്ടായി. അവർ പരസ്പരം നോക്കി.

അവൾ കരയും പോലെ എന്തോ പറഞ്ഞു.

കാര്യങ്ങൾ അവിടംകൊണ്ട് അവസാനിക്കില്ലെന്ന് ശാരദൻ സാറിനറിയാമായിരുന്നു. അതുകൊണ്ട് ലോറിക്കാരെ അവിടെത്തന്നെനിർത്തി പെൺകുട്ടിയെയും ആൾക്കാരെയും വണ്ടി കയറ്റിവിടാൻ ആവശ്യമായ ഏർപ്പാടുകൾ ചെയ്തു.

എല്ലാവരെയും ബോധ്യപ്പെടുത്തി ലോകത്തൊരിടത്തും ഒന്നും നടപ്പിലാക്കിയിട്ടില്ല. പരാതികളില്ലാതാവുന്നത് പരിഹാരം ഉണ്ടാവുന്നതു കൊണ്ട് മാത്രമല്ലല്ലോ. അയാളിൽ ആരോ ചിരിച്ചു. എല്ലാവരും അരുതാത്തതെന്തോ നടന്ന പോലൊരവസ്ഥയിലാണ്. പറയുന്നില്ലെന്നേയുള്ളൂ.

‘‘നോക്കൂ, നമ്മൾ ചില കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചാൽ ബാക്കിയെല്ലാം അതിന്റെ പിന്നാലെ വന്നുകൊള്ളും. ഞാനൊരു ശുഭാപ്തി വിശ്വാസിയാണ്. ലക്ഷ്യമല്ലേ പ്രധാനം. അതിന് നമുക്കെന്തുകൊണ്ട് ഭിന്നമാർഗങ്ങൾ സ്വീകരിച്ചു കൂടാ. അത്രയേ ഉള്ളൂ. പിന്നെ പലതും നമുക്കും അപ്പുറത്തുള്ള മറ്റെന്തോ ആണ് തീരുമാനിക്കുതെന്ന തോന്നലെനിക്കുണ്ട്. ഐ എസ് ആർ ഒയിൽ ഒരു റോക്കറ്റ് വിക്ഷേപണത്തിനുമുമ്പ് തേങ്ങയുടയ്ക്കും പോലെ എല്ലാം ഉറപ്പാക്കിയാലും ചില തോന്നലുകൾ കൂടിയുണ്ട് അവയെ പൂർണ്ണമാക്കുവാൻ. ഈ സത്യത്തിന്റെയും ധർമ്മത്തിന്റെയും വഴി ചിലപ്പോൾ ആർക്കും മനസ്സിലാവാത്ത ഇരുട്ടുള്ളതാണെന്ന് പറയാറില്ലേ’’.

എന്തുപറഞ്ഞിട്ടും പൂർത്തിയാവാതെ ബാക്കിയായി എന്തൊക്കെയോ സ്റ്റേഷനിൽ ചുറ്റിക്കറങ്ങിനിന്നു.

ഡ്യൂട്ടി കഴിഞ്ഞുപോയ സിറിയക്ക് ട്രൂ വിഷനിൽ പ്രോഗ്രാം കണ്ട് അന്ന് സന്ധ്യക്ക് ശാരദൻസാറിനോട് പയ്യൻ പണി തന്നോന്ന് സംശയമുണ്ടെന്ന് വിളിച്ചു പറഞ്ഞു.
‘കാര്യം പറ’.
ദേഷ്യവും ആകാംക്ഷയും പരമാവധി മയപ്പെടുത്തി സി ഐ പറഞ്ഞു.
‘‘നമ്മുടെ സ്റ്റേഷനിൽ വേറെന്തൊക്കെയോ ആണ് നടക്കുന്നതെന്നും ഈ നേട്ടങ്ങളെുടെ പിന്നിൽ അവ്യക്തതകൾ ഉണ്ടെന്നും അതിൽ സൂചിപ്പിച്ചിട്ടുണ്ട്’’.

നടുക്കം പുറത്തുകാട്ടാതെ സി ഐ ഉടനെ തന്നെ ഫോണെടുത്തു നോക്കി. ഫ്ലൈറ്റ് മോഡിൽ നിന്നു നോർമലിലേക്ക് ഇട്ടതും മിസ്സ് കോളുകളുടെ വലിയൊരു നിരതന്നെ വന്നു നിന്നു. അതേ സമയത്ത് സ്റ്റേഷനു പുറത്ത് ഒരാൾക്കൂട്ടത്തിന്റെ ഒച്ചപ്പാടുകളും കേട്ടു.

‘‘സാറേ സ്റ്റേഷനെക്കുറിച്ച് ചാനലിൽ കണ്ടു ഉശാറായിട്ടുണ്ട്. അതിശ്യം തന്നെ. ഉള്ളതന്യാ സാറേ. എന്തോ ഇതിനാത്ത് …"

ചിരിച്ചുകൊണ്ട് പുഴയിലക്കര ഭഗവതിക്കാവ് കമ്മിറ്റി പ്രസിഡണ്ട് വിശ്വംഭരൻ. ഒപ്പം സെയ്നും അൻസാറും വിജയനുമൊക്കെയുണ്ട്. പുറത്ത് ഇരുട്ട് ഇറങ്ങിക്കഴിഞ്ഞിരുന്നു. ടോർച്ചുമായിട്ടാണ് അവർ വന്നത്.

‘‘ഏയ് ഞാനും ഇപ്പഴാ അറിഞ്ഞത്. കണ്ടില്ല. ഇതൊരു പോലീസ് സ്റ്റേഷനല്ലേ. അത് വാർത്തയ്ക്ക് മൈലേജുണ്ടാക്കാൻ ആ പയ്യൻ എന്തോ പറഞ്ഞതാ. അതവരോട് ചെന്നന്വേഷിക്ക്. ഇവിടേക്കാണോ."
അവസാനം അല്പം മുഷിവോടെ തന്നെയാണ് ശാരദൻസാർ പറഞ്ഞത്. പെട്ടെന്ന് അത് വേണ്ടെന്ന് തോന്നി.

നല്ലവരായ നിങ്ങളെപ്പോലെ ആളുകളാണ് പ്രശ്നങ്ങളില്ലാത്ത സ്റ്റേഷനാക്കിയിതിനെ മാറ്റിയതെന്നും അല്ലാതെ ഇന്ത്യൻ പീനൽ കോഡ് നടപ്പിലാക്കുന്ന ഇവിടെ മറ്റൊരു മിറാക്കിളുമില്ല എന്നോക്കെ പറഞ്ഞൊപ്പിച്ചു. എന്നിട്ട് നേരെ ആ മുറിയിലേക്ക് കയറി. മേശമേൽ കാൽ കയറ്റിവെച്ച് നാളുകൾക്ക് ശേഷം അയാൾ അവിടുന്ന് ഒരു സിഗരറ്റിന് തീ കൊളുത്തി.

ഒറ്റയ്ക്കും തെറ്റയ്ക്കും പിന്നെയും ആളുകൾ വന്നുകൊണ്ടിരുന്നപ്പോൾ പോലീസ് മുറയിൽ വിരട്ടലും ഒടുവിൽ ഗെയ്റ്റ് അടച്ചിടലും വേണ്ടിവന്നു.

‘‘സാറേ നാട്ടുകാരോട് ഇങ്ങനെയൊക്കെ പറഞ്ഞുനിൽക്കാം. പക്ഷേ സോഷ്യൽ മീഡിയയോടോ. മാത്രമല്ല മുകളിൽ നിന്നുള്ള വിളി, അവിടെ കൃത്യമായ ഉത്തരം തന്നെ വേണ്ടേ.. ഇതൊരു പോലീസ് സ്റ്റേഷനല്ലേ, സർ..."

ഇതുവരെ പറയാൻ പറ്റാത്ത അമർഷവും വീർപ്പുമുട്ടലും എസ് ഐ രാഘവൻ തീർത്തു. അറിയാതെയാണെങ്കിലും വിനീതന്റെ ഓർമ്മ ചിലരിലുണ്ടായി.

‘‘അതെ അതിന് നമ്മളെന്ത് തെറ്റാ ചെയ്തേ.. ശ്രേഷ്ഠമായ ഒരു സ്റ്റേഷനുണ്ടാക്കാൻ ശ്രമിച്ചു. ഒരു രാജ്യമെന്ന പോലെ. മനുഷ്യന്മാരുണ്ടാക്കിയ വ്യവസ്ഥകൾക്കപ്പുറമായിരിക്കാം ചിലപ്പോൾ അതിന്റെ വഴികൾ. നമുക്കതിലെന്ത് ചെയ്യാൻ കഴിയും. നമ്മൾ സത്യത്തിനും ധർമ്മത്തിനുമായി നിലകൊള്ളുക. ഒരുപാട് പരിചയമുള്ളവർക്കും ചിലപ്പോൾ അതൊന്നും മനസ്സിലാകണമെന്നില്ല’’.

മുറിക്കു പുറത്തിറങ്ങി അടക്കിപ്പിടിച്ച് ശാരദൻ സാർ പറഞ്ഞു. നോട്ടം രാഘവനിൽ തന്നെയായിരുന്നു. പെട്ടെന്ന് അയാളുടെ മൊബൈൽ ഒന്നു മൂളി. ഒന്നും പറയാതെ കേൾക്കുക മാത്രം ചെയ്യുന്ന ശാരദൻ സാറിനെത്തന്നെ എല്ലാവരും നോക്കി.
"പ്രതീക്ഷിച്ചത് സംഭവിച്ചിരിക്കുന്നു….", വരാൻ പോകുന്നതിനെ മുന്നിൽ കണ്ടപോലെ ശാരദൻ സാർ കസേരയിലേക്ക് അമർന്നിരുന്നു.

‘‘നാളെ ഡി വൈ എസ് പി അടങ്ങുന്ന ടീം വരുന്നുണ്ട്. വിവരം അവിടെയുമെത്തി. എല്ലാവരും രാവിലെ തന്നെ ഇവിടെയുണ്ടാകണം", അതൊരു ആജ്ഞ തന്നെയായിരുന്നു.

എല്ലാം കഴിഞ്ഞെന്ന മട്ടിൽ എല്ലാവരും നിന്നു.

പിറ്റേന്നു അതിരാവിലെതന്നെ ശാരദൻ സർ സ്റ്റേഷനിലെത്തി.‍ യൂണിഫോമിനു പകരം വെള്ളമുണ്ടാണയാളുടുത്തിരുന്നത്. തോളിലൊരു രണ്ടാം മുണ്ടും. ബാരക്സിലാകെ സുഗന്ധപ്പുക നിറഞ്ഞുനിന്നു. പ്രതിമയ്ക്കു മുന്നിൽ മേശമേൽ ചന്ദനവും പൂവും വെച്ച നറുക്കിലകൾ നിരന്നിട്ടുണ്ടായിരുന്നു. ഗൂഢമായ പുഞ്ചിരിയോടെ അയാൾ ഡിവൈ എസ് പിയെ കാത്തുനിന്നു.


Summary: Thondi Sakshi -A Malayalam short story written by Premkumar Kannome


പ്രേംകുമാർ കണ്ണോം

കഥാകൃത്ത്, ചിത്രകാരൻ, ഇലസ്ട്രേറ്റർ. പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അധ്യാപകൻ. ‘രാമായണത്തെയ്യം’ എന്ന ഡോക്യുമെന്ററിയുടെ രചന നിർവ്വഹിച്ചു. ജീവിതത്തിന്റെ ഉപമ (നോവൽ), ആൾ മരം (കഥ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. . ഇതിന് 2019-ൽ ഭാഷാ ശ്രീ പുരസ്കാരം ലഭിച്ചു.

Comments