അർജുൻ അടാട്ട്

ത്രായി മൂപ്പർ കണ്ട
രാജ്ദൂത്

ഒന്ന്

ത്രായി മൂപ്പരുടെ ഉച്ചമയക്കം ഉടഞ്ഞത് അഞ്ചങ്ങാടിയും മനപ്പടിയും കടന്നുവരുന്ന ഒരു ശകടത്തിന്റെ ടകടകാരവത്തിലാണ്. പഞ്ചായത്തിൽ ഇതുവരെ കേൾക്കാത്ത ഒരു ശബ്ദം. ആ ശബ്ദം രൂപം പൂണ്ടത് പടിഞ്ഞാറേ ഗേറ്റും കടന്നുവരുന്ന ഒരു ചുവന്ന മോട്ടോർ സൈക്കിളായിട്ടാണ്. അത് ചരൽവഴിയിലൂടെ പതിയെ തെന്നി ഒഴുകി ത്രായി മൂപ്പരുടെ വീട്ടുമുന്നിൽ നങ്കൂരമിട്ടു.

ഉച്ചവെയിൽ ആ വണ്ടിയുടെ ചുവപ്പിനെ ലാളിച്ച്, തുടുപ്പിച്ചു. അന്നേവരെ ആ പഞ്ചായത്തിൽ കാണാത്ത ഒരു വണ്ടി. 'രാജ്ദൂത് ' എന്ന് വണ്ടിയിൽ വന്ന പയ്യൻ, വണ്ടിച്ചുവപ്പിനെ കണ്ണഞ്ചിനോക്കുന്ന ത്രായി മൂപ്പർക്ക് വണ്ടിയെ പരിചയപ്പെടുത്തി. ത്രായി മൂപ്പർ അപ്പോളാണ് കോലായിലെ തിണ്ണയിലിരിക്കുന്ന വിദ്വാനെ നോക്കുന്നത്.

ദിനേശൻ, വരത്തൻ, സഞ്ചരിക്കുന്ന വായനശാല എന്ന സ്വയം പുകഴ്ത്തലിന് രാജ്ദൂതിനുപിന്നിൽ അട്ടിക്ക് കെട്ടിവച്ചിരിക്കുന്ന പുസ്തകങ്ങൾ സാക്ഷി, ചിലത് വിൽപ്പനക്ക് ചിലത് വാടക്കക്ക്. മാസം 30 രൂപ കമ്മീഷൻ കൊടുത്താൽ കറണ്ട് ബില്ല്, ഫോൺ ബില്ല് എന്നിവ യൊക്കെ അടച്ചുതരും, വില്ലേജിലേം പഞ്ചായത്തിലേം കാര്യങ്ങൾ ശരിയാക്കിത്തരും. 'ഓഫീസ്‌കള് കയറിയിറങ്ങി നിങ്ങടെ ആപ്പീസ് പൂട്ടില്ല' എന്നാണ് ദിനേശന്റെ പരസ്യവാചകം.

ഇത്രയും ദിനേശന്റെ 20 മിനുറ്റോളം നീണ്ട വർത്തമാനത്തിൽ നിന്ന് ത്രായി മൂപ്പർ മനസിലാക്കിയെടുത്തു. എന്നാൽ ത്രായി മൂപ്പരുടെ കൗതുകമപ്പളും രാജ്ദൂതിനുമേൽ വിലസിനടന്നു. 'രക്തമാരോല്ലസിനീം' എന്ന ചുവന്ന ഉടയാട ചുറ്റിയ തൃപുര സുന്ദരീ വർണന, മൂപ്പർ അറിയാതെ ഉരുവിട്ടുപോയി.

'എന്താ മൂപ്പരേ?' എന്ന ദിനേശന്റെ ചോദ്യത്തിന് ഒന്നുമില്ലെന്ന് തലയാട്ടി. ഒരു മൊന്ത സംഭാരവും, അടയ്ക്കാനുള്ള കറന്റ് ബില്ലിന്റെ ഒപ്പം 10 രൂപയും കൊടുത്തപ്പോൾ സന്തോഷത്തോടെ ദിനേശൻ ഇറങ്ങി.

' പുസ്തകം വല്ലതും വേണോ മൂപ്പരേ?', ദിനേശൻ രാജ്ദൂതിന് മുകളിൽ ഒരു പടയാളി കണക്കേ ഇരുന്ന് ചോദിച്ചു.
'ഇപ്പോ ഒന്നും വേണ്ട', മൂപ്പര് ചാരുകസേരയിലേക്ക് വീണു.

രാജ്ദൂത്, അവിടാർക്കും പരിചയമില്ലാത്ത ശബ്ദം പുറപ്പെടുവിച്ച് പടി കടക്കുന്നതും നോക്കി ത്രായി മൂപ്പർ കസേരയിൽ ചാരിക്കിടന്നു.

രണ്ട്

ദിനേശൻ സന്തോഷവാനാണ്. തന്റെ വട്ടച്ചെലവിനുള്ളതും പിന്നെ മാസാവസാനമാവുമ്പോ സ്വരുക്കൂട്ടി വക്കാനുള്ള വകയും എല്ലാം തന്റെ ചെറിയ സംരംഭം കൊണ്ട് ദിനേശൻ തരപ്പെടുത്തുന്നുണ്ട്. ആ നാടും ദിനേശന് ഒരു പാട് ഇഷ്ടമായി. അവിടുത്തെ പാടങ്ങളും, കുന്നുകളും, കുളങ്ങളും എല്ലാം ഒരു ഉച്ചമയക്കത്തിലെന്ന പോലെ, വലിയ അനക്കങ്ങളൊന്നുമുണ്ടാക്കാതെ ചുറ്റിലും നിലകൊള്ളുന്നു. ആകാശം മിക്കപ്പോഴും തെളിഞ്ഞതും രാത്രിയിൽ ഒരുപാട് നക്ഷത്രങ്ങൾ ഉള്ളതുമാണ്. പച്ചപ്പായല് പിടിച്ച കുളങ്ങളും പാടങ്ങളും തമ്മിൽ ഉച്ചവെയിൽ നെറുകിലടിക്കുന്ന സമയത്ത് വേറിട്ടറിയാൻ കഷ്ടമാണെന്ന് ദിനേശനു കൗതുകം.

ഇവിടെ ദിനേശൻ സന്തോഷവാനെങ്കിലും, ആകെയുള്ളൊരു സങ്കടം ഇവിടുത്തെ ആളുകളെ കാണുമ്പഴാണ്. എല്ലാവർക്കും ഒരു മൂടിക്കെട്ടലാണ്. ഉറക്കെ ചിരിക്കുന്നവർ ചിലർ മാത്രം. ശബ്ദമുണ്ടാക്കാൻ അവർ ഭയക്കും പോലെ.

ത്രായി മൂപ്പരുടെയൊക്കെ കാര്യം കഷ്ടമാണ്. അയാൾ എത്രയോ വർഷമായത്രെ ആ തറവാട് വീട് വിട്ട് പുറത്തിറങ്ങിയിട്ട്.

ദിനേശന് സഹതാപമാണ്. ദിനേശൻ കണ്ട ലോകം കുറച്ചെങ്കിലും ആ നാട്ടുകാരെ കാണിക്കണമെന്ന് അവനുണ്ട്. അവൻ പുസ്തകങ്ങളുടേയും, നാടകങ്ങളുടേയും അപ്പോസ്തലനായി. കടത്തിനും, ചിലപ്പോൾ വെറുതേയും അവൻ പുസ്തകങ്ങൾ കൊടുക്കാൻ തുടങ്ങി. കവലയിലെ ചായക്കട അവനിലൂടെ ചരിത്രവും തത്വവും കേട്ട് വാപിളർന്ന് നിന്നു. ദിനേശൻ കിഴക്കോട്ടും പടിഞ്ഞാട്ടും ഓടി നടന്നു. തെക്കിലും വടക്കിലും അവന്റെ കഥയും കവിതയും കേട്ടു.

മൂന്ന്

‘ഓൻ കമ്മ്യൂണിസ്റ്റാ മൂപ്പരെ, എന്തിനാ ഓനായിട്ടൊരു കൂട്ട്?', ഉണ്ണ്യാരാണ്, കോലായിലെ കസേരയിൽ കുറച്ചസ്വസ്ഥനായി ചമ്മറം പടിഞ്ഞ് ഇരിക്കയാണ്.

ത്രായി മൂപ്പര് പാതി വായിച്ചുകൊണ്ടിരുന്ന ഒരു പുസ്തകം പിടിച്ചുവാങ്ങി തുടങ്ങിയ പായാരമാണ്. ‘വായിക്കാൻ എളുപ്പള്ള ഒന്ന് ന്ന് തുടങ്ങാം മൂപ്പരേ പൈസ വേണ്ട’ എന്ന് ദിനേശൻ തിണ്ണപ്പുറത്ത് വച്ച് പോയ 'അനിമൽ ഫാം' എന്ന പുസ്തകമാണ് ഉണ്ണ്യാരുടെ കയ്യിൽ.
‘ഓൻ കമ്മ്യൂണിസ്റ്റല്ല, സോഷ്യലിസ്റ്റാത്രെ, അതാണത്രെ വേണ്ടത്’, ത്രായി മൂപ്പർ ഉണ്ണ്യാരെ പറഞ്ഞ് മനസ്സിലാക്കാൻ നോക്കുകയാണ്.

ഉണ്ണ്യാര്ക്ക് അരിശം വീണ്ടും കേറി; 'ഓ… ഓൻ നിങ്ങടെ മൂളേം തോണ്ടീല്ലെ?, കണ്ടില്ലേ? കണ്ണിക്കണ്ട പുസ്തകോം തന്ന്; ഉണ്ണ്യാര് ദേഷ്യത്തോടെ ആ പുസ്തകം മുന്നിലെ തിണ്ണയിലേക്ക് എറിഞ്ഞു.

'കുട്ട്യോൾക്ക്ള്ള പുസ്തകാടോ, പന്നീം പയ്യും ഒക്കെ ള്ള കഥ', ത്രായി മൂപ്പർ ഉണ്ണ്യാരെ അനുനയിപ്പിക്കാൻ ഒരു വിഫലശ്രമം നടത്തി. ഉണ്ണ്യാരത് പുച്ഛിച്ചുതള്ളി.

'ഓൻ ഇനി നാടകം നടത്താൻ പോവാണ് അറിഞ്ഞോ?', ഉണ്ണ്യാര്‌ടെ രോഷം കത്തിക്കേറുകയല്ലാതെ കുറയുന്നില്ല.
'അതിനെന്താ ഉണ്ണ്യാരെ? , ഇതൊന്നും നമ്മക്കൊരു ദോഷോം ഇല്ല്യാലോ?'
ത്രായി മൂപ്പർക്ക് ഉണ്ണ്യാര് കെടന്ന് പൊരിയുന്നതിന്റെ പൊരുൾ പിടികിട്ടുന്നില്ല.
'മൂപ്പരെ, ഇങ്ങക്കത് ഒരു പ്രശ്‌നാവില്ല, ഇവടെ തട്ടും പുറത്ത് വിളക്ക് കെട്ട് കടക്കല്ലെ? ’
തട്ടിൻപുറത്തൊരു നരച്ചീറ് പാറി. ത്രായി മൂപ്പര് കസേരയിൽ ചാരി.
‘സത്വം, സുഖേ സംജായതി, രജ കർമ്മണി,
ജ്ഞാനം അവിർത്താ തമ’, ഉണ്ണ്യാര് ത്രായി മൂപ്പരെ നോക്കി ചൊല്ലി.
‘അവൻ രജസ്സ് കൊണ്ടുവരുന്നവനാണ്, നിങ്ങളീ വായിക്കുന്ന നോവലും , നാടകോം അവന്റെ ശകടോം എല്ലാം രജസ്സാണ് മൂപ്പരേ. തണുത്തിരിക്കുന്ന ഇവരുടെ ചോര ഉണർന്നാ, ത്രായി മൂപ്പരേ, നിങ്ങക്ക് ഇപ്പോ ദോഷം ഇല്ലാർക്കും, പക്ഷെ എന്നും പ്രയോഗങ്ങള് നടത്തണ എനിക്കത് വിഷയാണ്, എന്താ ചെയ്യാമ്പറ്റാന്ന് ഞാൻ നോക്കട്ടെ’.

സന്ധ്യാനേരത്ത് തോളത്തെ തോർത്തൊന്നാഞ്ഞ് കുടഞ്ഞ് ഉണ്ണ്യാര് മണ്ണ് ചവിട്ടിമെതിച്ച് നടന്നുപോയി.

ഉണ്ണ്യാര് പറഞ്ഞതിൽ കാര്യമില്ലാതില്ല. ധ്യാനമൂർത്തികളെ പ്രസാദിപ്പിച്ച് നിർത്തൽ ഒരു ഞാണിൻമേൽ കളിയാണ്. അങ്ങിനെ പ്രസാദിപ്പിച്ച് നിർത്തിയാലെ അയാൾക്ക് അവിടെ അലിഖിതമായുള്ള അധികാരം നിലനിർത്താൻ പറ്റൂ. ത്രായി മൂപ്പര് അതൊക്കെ എന്നേ വിട്ടെങ്കിലും ഉണ്ണ്യാര്ക്ക് അതൊക്കെ ഇപ്പളും ഹരമാണ്.
‘അധികാരം തലയിൽ ദുർമ്മേദസ് കേറ്റും, അത് നമ്മളെ പന്നികളാക്കും’, എന്താണ് അനിമൽ ഫാമിലെ ഉള്ളടക്കമെന്ന് ചോദിച്ചപ്പോൾ ദിനേശൻ പറഞ്ഞതാണ്. ഉണ്ണ്യാര്‌ടെ തലയിൽ ആ മേദസ്സാണ്. അത് കുറഞ്ഞാൽ അയാൾക്ക് വിശക്കും, ശോഷിക്കും ഭ്രാന്തനാകും. അയാൾ രണ്ടും കൽപ്പിച്ചാണ് പോയിരിക്കണത്.

ത്രായി മൂപ്പര് ഇഷ്ടമൂർത്തിയെ മനസ്സിൽ ധ്യാനിച്ചു. രൂപം തെളിഞ്ഞു വരുന്നു, ഇപ്പഴും പ്രാസാദിച്ച് തന്നെ. വീണ്ടും മച്ചും തട്ടിൻപുറവും തുറക്കേണ്ടിവരും. തൊടിയിലെ തെച്ചിയും അലറിയും ത്രായി മൂപ്പര്‌ടെ മനസ്സറിഞ്ഞാലെന്ന പോലെ പൂത്തുലഞ്ഞു.

മൂന്ന്

തിവ് ചായകുടി കഴിഞ്ഞാൽ പിന്നെ ദിനേശൻ നേരെ ചെല്ലുന്നത് ത്രായി മൂപ്പരുടെ വീട്ടിലേക്കാണ്. മണ്ണ് കുഴച്ച് കെട്ടിയ ചുവരുകൾ, പണ്ട് പുല്ല് മേഞ്ഞ മേൽക്കൂരയായതിനാൽ പതിവിലും ചെരിവുണ്ട് മൂപ്പരുടെ തറവാടിന്റെ പട്ടിക മേഞ്ഞ തലപൊക്കത്തിന്. അവിടെ കോലായിൽ ഇരിക്കാൻ നല്ല സുഖമാണ്. കിഴകോറത്തെ പാടത്തൂന്നുള്ള കാറ്റ്, ആ നാലുകെട്ടിന്റെ ചെരിഞ്ഞ മേൽക്കൂരയിൽ തട്ടി തെന്നി താഴെയെത്തു മ്പോഴേക്കും തണുത്തിട്ടുണ്ടാവും. പുറത്ത് വെള്ളിച്ചിരി ചിരിക്കുന്ന വെയില്, കോലായിൽ തണുപ്പ്. ദിനേശൻ ഉച്ച മൂക്കുമ്പോഴേക്കും ത്രായി മൂപ്പര്‌ടോടക്ക് എത്തണത് ആ ഒരു തണലിനാണ്. എന്ത് വർത്തമാനത്തിലും ത്രായി മൂപ്പരുടെ ശ്രദ്ധ പകുതിയും ആ വണ്ടിയുടെ മുകളിലായിരിക്കും. മൂപ്പർക്ക് രാജ്ദൂദിനോടുള്ള ഭ്രമം കണ്ട് ഒന്നോടിക്കാൻ പഠിക്കണോ മൂപ്പരെ എന്ന് ദിനേശൻ പലപ്പോഴും ചോദിക്കും.
ഏയ്, വേണ്ടാ ഇതൊന്നും ഇനി വഴങ്ങില്ല എന്ന് തന്നെയാവും പതിവ് മറുപടി.

രണ്ടാം ലോകമഹായുദ്ധം, ഒരു മഹാഭാരത യുദ്ധകഥ പോലെ മൂപ്പർക്ക് ദിനേശൻ ഒരിക്കൽ വിവരിക്കുകയുണ്ടായി. അതിൽ സോവിയറ്റ് യൂണിയൻ, ഫാഷിസ്റ്റ് ജർമ്മനിയെ തന്റെ ഉരുക്കുകരങ്ങളിൽ ഞെരിച്ച് തോൽപ്പിച്ച്, പോളണ്ടിന് സമ്മാനമായിക്കൊടുത്തതാണ് രാജ്ദൂത് എന്ന തന്റെ പൊടിപ്പും തൊങ്ങലും വച്ചുള്ള കഥനം കേട്ടിട്ടാണ് ത്രായി മൂപ്പര് ക്ക് ആ വണ്ടിയോട് ഇത്ര ഇഷ്ടം എന്നാണ് ദിനേശൻ നിനച്ചിരിക്കുന്നത്. എന്നാൽ ത്രായി മൂപ്പര് വീണുപോയത് ആ വണ്ടിയുടെ നിറത്തിലാണ്. ഉദിച്ചടിക്കുന്ന ചുവപ്പ്. മറ്റെവിടെയും ആ പഞ്ചായത്തിൽ ഈ ചുവപ്പ് കാണില്ല. മൂത്ത വെയിലിലും പഞ്ചായത്ത് റോഡിന്റെ ഇരുവശവും നിൽക്കുന്ന അലസി പൂക്കള് പോലും ഇത്രയും ചുവക്കാറില്ല. തെളിഞ്ഞ ചുവപ്പ്. ഇതാണ് ചുവപ്പ്. വാർത്താളിയുടെ ചുവപ്പ്.

കഠിനോപാസനയിൽ ത്രായി മൂപ്പർക്ക് ദർശനം കൊടുക്കുമ്പോൾ, അയാളുടെ ഇഷ്ട ഉപാസനാ മൂർത്തി, വാർത്താളി അണിഞ്ഞതും ഇതേ ചുവപ്പായിരുന്നു.

നാല്

യ്യിൽ ചുവന്നുതുടുത്ത തെച്ചിപ്പൂക്കളുടെ ഒരു കുലയും കഴുകി മിനുക്കിയെടുത്ത ഓട്ടുപാത്രങ്ങളുമായി കാലങ്ങൾക്കുശേഷം ത്രായി മൂപ്പർ തട്ടിൻപുറത്തെ മച്ചിലേക്കുള്ള മരവാതിൽ തുറന്നു. നട്ടുച്ചക്ക് പോലും ആ തട്ടിൻപുറത്ത് ഇരുട്ടാണ്. പൂജാദ്രവ്യങ്ങൾ നിരത്തി വിളക്ക് കൊളുത്തി. സമയേശ്വരീ ധ്യാനം തുടങ്ങി. പിണക്കങ്ങളൊന്നുമില്ലാതെ ഈശ്വരി മുന്നിൽ തെളിഞ്ഞ് വന്നു. മൂപ്പർക്ക് അറിയേണ്ടത് ഉണ്ണ്യാര്ക്ക് ദിനേശനെ എന്താ ഇത്ര കണ്ടൂടായ്ക എന്നാണ്. സമയേശ്വരീ ചൈതന്യം ഏത് സമസ്യയും ഉരുക്കഴിക്കും. ദിനേശന്റെ മനസ്സിലിരിപ്പാണ് അറിയേണ്ടത്. മനനത്തിൽ ദിനേശന്റെ രൂപം തെളിഞ്ഞു. സമയേശ്വരി ദിനേശന്റെ ബുദ്ധിയും കണ്ണും ത്രായിക്ക് കടം കൊടുത്തു. ദിനേശന്റെ കണ്ണിലൂടെ ത്രായി മൂപ്പര് ലോകം കാണാൻ തുടങ്ങി

അഞ്ച്

ദിനേശൻ നോക്കുമ്പോ ആ പഞ്ചായത്തില് ഉറക്കെ ചിരിക്കുന്നത്, വർത്തമാനം പറയുന്നത്, ഊർജജത്തോടെ നടക്കുന്നതൊക്കെ കുറച്ചുപേർ മാത്രം. ബാക്കിയുള്ളവരെല്ലാം ഏതോ മയക്കത്തിലെന്നപോലെ. ഉറക്കെ ശബ്ദിച്ച് മാത്രം നടക്കുന്ന ഉണ്ണ്യാരെ പോലെ ചിലർ, അതി തീവ്ര ഗന്ധത്താലും ശബ്ദത്താലും തന്റെ വരവറിയിക്കുന്ന ഇവരല്ലാതെ മറ്റാരും അവിടെ ജീവനോടെയില്ലെന്ന് തോന്നും. ഉണ്ണുകയും, ഉറങ്ങുകയും എല്ലാവരുടേയും മെക്കിട്ട് കേറുകയും മാത്രം ചെയ്യുന്ന ഇക്കൂട്ടരെ എന്തിന് എല്ലാവരും ഇങ്ങനെ ബഹുമാനിക്കണം എന്ന് മാത്രം ദിനേശൻ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

അവിടുത്ത്കാരുടെ കനം തൂങ്ങിയ കൺപോളകൾ പലപ്പോഴും തന്റെ വർത്തമാനവും പ്രഭാഷണവും കേട്ട് വിടരുന്നത് ദിനേശൻ ശ്രദ്ധിക്കുന്നുണ്ട്, അത് അവനൊരു ആവേശമാണ്. ദിനേശൻ 'അനിമൽ ഫാം ' വായിക്കുമ്പോൾ കാണുന്ന മൃഗങ്ങൾ നടക്കുന്നത് രണ്ട് കാലുകളിലാണ്. അതിലെ പന്നികൾക്കെല്ലാം ഉണ്ണ്യാരുടെ മുഖമാണ്, ചെമ്മരിയാടുകൾ, കണ്ണുകളിൽ പാതി ഉറക്കം പേറുന്ന അവിടുത്തെ ആളുകളും.

ആറ്

ണ്ണ്യാരെപ്പോലുള്ളവർ ഇത്ര കേമൻമാരായത് പേര് പറയാൻ പാടില്ലാത്ത ഒരു മൂർത്തിയെ പ്രസാദിപ്പിച്ചിട്ടാണ്. അതിനായി തിരിയമൃത് എന്നൊരു പ്രസാദം ഉണ്ടാക്കണം. അതിന്റെ പ്രധാന കൂട്ട്, ബോധമാണ്. ആ നാട്ടുകാരുടെ ബോധം, അത് കഠിനപ്രയോഗങ്ങളാൽ ഊറ്റിയെടുത്തുണ്ടാക്കിയ തിരിയമൃത്. ചുറ്റുമുള്ളവരുടെ ബോധത്തെ യെടുത്ത് പ്രസാദമാക്കി, മൂർത്തിയെ സന്തോഷിപ്പിച്ച്, മാന്ത്രികൻമാർ വേണ്ടതെല്ലാം നേടുന്നു. എന്നാൽ വായിച്ച്, കഥ കേട്ട്, ചിന്തിച്ച്, കവിത കേട്ട് കുതുകം വന്ന് അവരുടെ കണ്ണുകൾ വിടരുമ്പോൾ, അവർ ഉണരുമ്പോൾ, മാന്ത്രികൻമാർ തളച്ചുവച്ച അവരുടെ ബോധം കെട്ടഴിഞ്ഞ് അവരിലേക്കുതന്നെ ചെല്ലും. അവരിൽ ചോദ്യങ്ങൾ ഉണരും. ഉണ്ണ്യാരൊക്കെ ഇല്ലാത്ത അധികാരം കോപ്പ് കെട്ടിവച്ചത് വെറും പുക പോലെ മാഞ്ഞുപോവും.
മൂർത്തികൾ പിണങ്ങും, ശക്തി ക്ഷയിക്കും. .

ചുവന്ന ശകടത്തിൽ സഞ്ചരിക്കുന്ന ദിനേശൻ നാമധേയത്തിൽ അറിയപ്പെടുന്ന, ഈ വാല്യക്കാരനെ തന്റെ വരുതിയിൽ കൊണ്ടു വരണം. ഉണ്ണ്യാര് അതിനുള്ള കർമ്മം തുടങ്ങി. മനനം ചെയ്ത് ഒരു ഊർജ്ജഗോളം സൃഷ്ടിച്ചു. അതിന് ഹസ്തിനീരൂപം നൽകി. കണ്ണുകളിൽ തിളക്കമുള്ള, ഇടുപ്പിൽ മാദകം നിറച്ച, മുടിയിൽ രഹസ്യങ്ങൾ ഒളിപ്പിക്കുന്ന ഹസ്തിനീ രൂപം.

ഏഴ്

ച്ചമയക്കത്തിലാണ് ത്രായി മൂപ്പര് ആ സ്വപ്നം കണ്ടത്. ചകോരത്തിന്റെ ശബ്ദസാദൃശ്യമുള്ള ഒരു ചുവന്ന കിളി. അത് തെക്കുനിന്ന് കിഴക്കേ പാടത്തേക്ക് പറക്കുന്നു. പാടത്ത് വീതി കൂട്ടിയെടുത്ത മണ്ണിട്ട വഴിയിൽ അതാ രാജ്ദൂത് നിൽക്കുന്നു. അതിന്റെ എഞ്ചിൻ ശബ്ദിച്ചു കൊണ്ടിരിക്കുന്നു. ആ ശബ്ദത്തെ ഭയന്നിട്ടാവാം, കതിരണണിഞ്ഞ പാടം കീറാൻ വന്ന വെട്ടുക്കിളികൾ അകന്നുനിൽക്കുന്നു. ചുവന്ന കിളി രാജ്ദൂതിൽ ചെന്നിരുന്നു. അതിന്റെ കൊക്ക് ഇരുമ്പുകൊണ്ടുള്ളതാണ്. ആ കൊക്കുകൊണ്ട് അതാ വണ്ടിയെ തുളച്ച് നശിപ്പിക്കാൻ തുടങ്ങി. ത്രായി മൂപ്പർ വിയർത്തെണീറ്റു.
പൂജാമുറി തുറന്ന് കയറി, വെറ്റിലയിൽ മഷിപുരട്ടി മന്ത്രം ചൊല്ലിയതിൽ കണ്ടു, ഉണ്ണ്യാരുടെ കൈകുമ്പിളിൽ ഒരു ഊർജ്ജ ഗോളം, അത് സ്ഥലകാലാതീതമായി നിലകൊണ്ടു. കാലചക്രത്തിന്റെ പട്ടിൽ അത് ഉരുകിച്ചേർന്നു. ഇന്ന് ജനിച്ചതെങ്കിലും അത് ഇന്നലെയും നാളെയും ഉള്ളതായി മാറി. പതിയെ അത് ഒരു ഹസ്തിനീരൂപം കൈവരിച്ചു. ഒരു യക്ഷി യന്ത്രമുഴിഞ്ഞ് ജപിച്ച് ഉണ്യായര് അവളുടെ അരയിൽ കെട്ടി.

എട്ട്

രാജ്ദൂത് പതിയെ, പാടത്തിന് നടുവിലൂടെയുള്ള മണ്ണുറോഡിലൂടെ നീങ്ങുകയാണ്. പെട്ടെന്നാണ് ദിനേശന് അവളുടെ കാര്യം ഓർമ്മ വന്നത്. അവളെ എങ്ങനെ താൻ മറന്നു എന്ന് ദിനേശൻ അൽഭുതപ്പെട്ടു. എന്നും കാണാറുള്ള ആ പെൺകുട്ടിയുടെ പേര് ഇതുവരെ ചോദിച്ചിട്ടില്ല. അതോ മറന്നതോ?

ഉച്ചവെയിലിൽ, പാടത്തിന്റെ വശത്ത് ഒരു വാക ചുവന്ന് പൂത്തതിൻ തണലിൽ അവൾ നിൽക്കുന്നു.
‘പൂത്ത മരച്ചോട്ടിലിരുന്നൊളിനെയ്യും പെൺകൊടിയേ’, ദിനേശൻ പുഞ്ചിരിച്ചു.
ആ രൂപം ഒരു ചതിക്കുഴിയാണെന്നും ദിവസങ്ങളായുള്ള പരിചയം അവളോട് തോന്നുന്നത് കാലചക്രത്തിൽ ഉണ്യാര് വരുത്തിയ കലർപ്പാണെന്നും പാവം അവൻ അറിയുന്നില്ല. തെക്കുനിന്ന് വന്ന കാറ്റിൽ ചെഞ്ചോര വാകപ്പൂക്കൾ പൊഴിഞ്ഞു.

ഒമ്പത്

വെറ്റിലയിൽ തെളിഞ്ഞുകാണുന്ന കാഴ്ച്ചയിൽ ത്രായി മൂപ്പർ എന്തു ചെയ്യണമെന്നറിയാതെ കുഴഞ്ഞു. ഒരേയൊരാശ്വാസം, യക്ഷിക്ക് അവനെ തൊടാൻ പറ്റുന്നില്ല എന്നതാണ്. ദിനേശന്റെ പോക്കറ്റിൽ കിടക്കുന്ന രാജ്ദൂതിന്റെ താക്കോൽ, ഇരുമ്പാണ്, അവൾ ശങ്കിച്ച് നിൽക്കയാണ്. ത്രായി മൂപ്പർ രണ്ടും കൽപ്പിച്ച് യക്ഷിയെ തളക്കാനുള്ള ഭസ്മവും തന്റെ മന്ത്രവടിയും കയ്യിലെടുത്തിറങ്ങി. തറവാടിന്റെ പടിയിറങ്ങിയപ്പോൾ മച്ചിലൊരു തേങ്ങൽ കേട്ടു. അരുതാത്തതാണ് ചെയ്യുന്നത്.

തറവാടിന്റെ പടിപ്പുര കടന്നാൽ തീച്ചൂളയിലെന്ന പോലെ പൊള്ളുകയും ഉമിത്തീയിൽ നീറും പോലെ നീറ്റലനുഭവിച്ച് മരിക്കയും ചെയ്യും. സാക്ഷാൽ കാലൻ തന്നെ അതിന് സാക്ഷിയായി തന്റെ അവസാന ശ്വാസം വരെ പിന്തുടരും. പരിഹാരമില്ലാത്ത കെണി. പൂജ നിർത്തിയ ദേഷ്യത്തിന് ഉണ്ണ്യാര് നാലങ്ങാടിയിലുള്ള ഉസ്താദിനെ കൂട്ടുപിടിച്ച് ചെയ്യിച്ച വേലയാണ്.

എങ്കിലും ത്രായി മൂപ്പർ മുന്നോട്ട് നടന്നു.

പടിപ്പുരക്കലെത്തിയതും തീച്ചൂളക്ക് അടുത്തെന്നാലെന്ന പോലെ മൂപ്പർക്ക് ചൂടനുഭവപ്പെട്ടു. അന്തരീക്ഷത്തിൽ ആ തീച്ചൂട് ഒരു പാട പോലെ ഇളകി മറിയുന്നത് ത്രായി മൂപ്പർ കണ്ടു. സർവ്വ ശ്രദ്ധയും വച്ച് ത്രായി മൂപ്പർ വാർത്താളിയെ ധ്യാനിച്ചു, മനസ്സിൽ ആ രൂപം തെളിഞ്ഞ് വരാൻ മടിച്ചു. മങ്ങിക്കാണുന്ന ധ്യാനമൂർത്തിയോട് ത്രായി മൂപ്പർ മനസ്സിരുത്തി പ്രാർത്ഥിച്ചു. ഇല്ല, കാര്യമില്ല. പതിയെ മൂപ്പർ കാല് പടിപ്പുരക്ക് പുറത്തു വച്ചു. കനലിൽ വെച്ചാലെന്നപോലെ പൊള്ളി, ഞെട്ടി ഒന്ന് പിന്നിലേക്ക് വലിച്ചെങ്കിലും, പിന്നീട് കടിച്ച് പിടിച്ച് പടിപ്പുര കടന്നു.
തീയാളുന്നു, ചുറ്റിലും. കണ്ണുകൊണ്ട് കാണാൻ പറ്റാത്ത, പൊള്ളുന്ന വേവുന്ന തീ. വെള്ളത്തിന്റെ നിറമുള്ള തീ. ത്രായി മൂപ്പരുടെ തൊലിയിലും മാംസത്തിലും അസ്തിയിലും മജ്ജയിലും തീ പിടിച്ചു. എങ്കിലും അയാൾ മുന്നോട്ട് നീങ്ങി, ആകെ മുങ്ങിയ ആ തീയാഴിയിൽ മൂപ്പർക്കിനി എന്ത് പൊള്ളാൻ.

കാലൻ പിറകേ തന്നെയുണ്ട്.

ത്രായി മൂപ്പർ മുന്നോട്ട് തന്നെ. താൻ തിളക്കുകയാണ്, ഉരുകുകയാണ്, എങ്കിലും മുന്നോട്ടുപോകും, പോകാതിരിക്കാൻ പറ്റുന്നില്ല.

‘ആ, മൂപ്പരെ’, ദിനേശൻ തിരിഞ്ഞു, നോക്കി ചിരിച്ചു.
യക്ഷി അത്ര രസിക്കാത്ത മട്ടിൽ നോക്കി.
'എന്താ മൂപ്പരെ ഈ ചൂടത്ത്?', തന്റെ അവസ്ഥയറിഞ്ഞുകൊണ്ടുതന്നെ യക്ഷി കളിയാക്കി.
മൂപ്പർ മടിക്കുത്തിൽ നിന്ന് ഭസ്മമെടുത്ത്, ജപിച്ചെറിഞ്ഞു. യക്ഷി വെറും ഊർജ്ജബിന്ദുവായി. അത് തന്നിലേക്കുതന്നെ ചുരുങ്ങി, സ്ഥലകാലചക്രത്തിൽ അതുണ്ടായിരുന്നു എന്നൊരു സൂചനപോലുമില്ലാതെ മാഞ്ഞു. അവൾ ആ നിമിഷം തന്നെ ദിനേശന്റെ ഓർമ്മയിൽ നിന്ന് ഒരു പോറല് പോലുമേൽപ്പിക്കാതെ ഇറങ്ങിപ്പോയി. തീച്ചൂട് മജ്ജയിൽനിന്ന് ആത്മാവിലേക്ക്, ത്രായി മൂപ്പർ ഊർദ്ധശ്വാസമെടുത്തു.

പത്ത്

മുഖത്ത് തെളിവെള്ളം പോലെ കുളിർന്ന കാറ്റ്.
ശ്വാസത്തിനിപ്പോൾ കനൽ വെന്ത ചൂടില്ല. ചുറ്റിലും വെയിലാറി വരുന്നതിന്റെ തണൽ കുളിര്.
ത്രായി മൂപ്പർ രാജ്ദൂതിന് പിറകിരിക്കയാണ്.
തിരിഞ്ഞുനോക്കുമ്പോൾ, കാലന്റെ പോത്തിന് ആ ശകട വേഗത്തിനൊപ്പമെത്താൻ കഴിയാതെ കിതച്ച്, നിൽക്കുന്നു. തനിക്കേറ്റ ശാപവും കഠിനപ്രയോഗങ്ങളും ഒരു കെട്ടുകഥ മാത്രമായി മാഞ്ഞു പോയി.

‘ഇപ്പളെങ്കിലും ഇങ്ങളാ വീട്ട്ന്ന് ഒന്ന് പുറത്തിറങീലോ’, ദിനേശന് സന്തോഷം.
‘ഓരോ കട്ടൻ ചായ കുടിച്ചാലോ മൂപ്പരെ?'
‘ആയിക്കോട്ടെ’, ത്രായി മൂപ്പര് ആ വണ്ടിക്ക് പിറകിലിരുന്ന് ലോകം പതിയെ തിരിയുന്നതറിഞ്ഞ് ആസ്വദിക്കുന്നതിനിടക്ക് ക്ഷണം സ്വീകരിച്ചു.

വാകകൾ ചുവന്നു പൊഴിയുകയും നിരത്തുകളിൽ ചെങ്കൽപ്പൊടി ഉയരുകയും ചെയ്യുന്നതിനിടക്ക് ചെഞ്ചോരച്ചുവപ്പുള്ള രാജ്ദൂത് അതിന്റെ ശബ്ദം അവിടെങ്ങും പരിചിതമാക്കിക്കൊണ്ട് കടന്നുപോയി.


Summary: Thrayi mooper kanda rajadhooth malayalam short story by Arjun Adat Published in truecopy webzine packet 244.


അർജുൻ അടാട്ട്

കഥാകൃത്ത്. Wyatt the lone bandit ( English Novella), ഭാഗോതീടെ മുല എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments