തുടലന്വേഷണം

അതിഥികളുടെ പാത്രത്തിൽ ആദ്യം വന്നത് ‘ഖമൺ’ ആയിരുന്നു. മൃദുവായ മഞ്ഞനിറമുള്ള ഒരു കിണ്ണത്തപ്പം. സാധാരണ ചായയ്ക്കൊപ്പം കഴിക്കാറുള്ളതാണ്. ബാക്കിയായിട്ടുണ്ടാകും.

പലഹാരത്തിൽ നെയ്യ് ഒരു വീട്ടമ്മയുടെ അടക്കം പറച്ചിൽ പോലെ തെളിഞ്ഞു ഉറകൂടി നിന്നു.

വില പറയേണ്ട, വെറുതേ സംസാരിച്ചുപോയാലും അവർ വിൽക്കാൻ വെച്ചത് വാങ്ങിപ്പിക്കുന്ന മാർവാഡികളുടെ പടുത്വവും പാവത്തവും ആ പലഹാരത്തിനും ഉണ്ടെന്നുതോന്നി. തൊട്ടുപിറകെ കുതിർത്ത കടലയും പയറും മാതള നാരക അല്ലികളും വിതറിയ ഒരു സാലഡ് എത്തി.

‘ഇനി എന്നാവോ പട്ടേൽ സാഹിബിനെ കാണുക?’

ഒരുപക്ഷേ അമേരിക്കയിൽ ഉണ്ടാകാനേ സാദ്ധ്യതയില്ലാത്ത സാലഡിലെ ചില ഇലകളും പച്ചക്കറികളും പരസ്പരം ചോദിച്ചിട്ടുണ്ടാകണം. വലിയ വട്ടകകളിൽ നിറച്ച ചോറും പരിപ്പ് കറികളും ഊഴം കാത്ത് അക്ഷമയോടെ ഇരിപ്പുണ്ടായിരുന്നു. വലിയ ഗോതമ്പു റൊട്ടികൾ പരത്തുകയും ചുടുകയും സ്വന്തം അവകാശം പോലെ ചെയ്യുന്ന കുറച്ചു സ്ത്രീകൾ, അവരുടെ ഇരമ്പം. കുപ്പിവളകളുടെ കൂട്ടിക്കിലുക്കത്തോടൊപ്പം ചേർന്നുപോകുന്ന അവരുടെ ഭാഷയിലെ രുചിയേറിയ അനുനാസികങ്ങൾ.. കഴിക്കുന്നതിനിടയിലും രഞ്ജിത്തിന്റെ ശ്രദ്ധയാകർഷിച്ചതാ ശബ്ദങ്ങളാണ്.

മഗൻ പട്ടേൽ പൂജയ്ക്ക് വെച്ച മൂർത്തിപ്രതിമയായി എല്ലാവരുടെയും ആരാധനയും സഹപ്രവർത്തകരായ ചിലരുടെ അസൂയയും ഏറ്റുവാങ്ങി വലിയൊരു സോഫയിൽ ഇരുന്നു.

അയാളുടെ നോട്ടം എപ്പോഴുമെന്നതുപോലെ ഒരു കുതിരയുടെതിനു സദൃശ്യമായി നേർരേഖയിൽ ദൂരേക്ക് നീണ്ടുകിടന്നു. കിഴങ്ങുതക്കാളി തോട്ടങ്ങളെയും കാലികൾ മുങ്ങിമരിച്ച നർമ്മദയുടെ വിസ്തൃതമായ താഴ്നിലങ്ങളെയും കടന്ന് അത് ഉപ്പ് പാടങ്ങളിലേക്ക് ചിതറിപ്പോയി. അതിനപ്പുറം കടലായിരുന്നു. ചരിത്രം ഉപ്പായി അലിഞ്ഞു ചേർന്ന കടൽ.

സുചിത്രാ ബെൻ വന്നവരോടെല്ലാം അയാൾക്കുവേണ്ടി ചിരിച്ചു. കൈ കൂപ്പി. 'ജയ് സ്വാമി നാരായൺ'.

വലിയ വിഷമമില്ലാത്ത ജോലികൾ ചെയ്തു കാലം കഴിച്ച ധനിക സ്ത്രീകളിൽ കാണാറുള്ള പതുപതുത്ത മാംസഞൊറികൾ വീണ അവരുടെ കൈ ഫ്രില്ല് വെച്ച ചൂടിയിൽ ഒരു തടിച്ച പാവയെ ഓർമ്മിപ്പിക്കുന്നു. ചിരിക്കുന്ന പാവ.

അമേരിക്കൻ വിസ വരുന്ന വീടുകളിൽ ഈ സദ്യ പതിവുള്ളതാണ്. മുജ്ജന്മ ബന്ധങ്ങൾ മുറിച്ചു മാറ്റുമ്പോഴും രക്തബന്ധങ്ങൾക്ക് യാത്ര ചൊല്ലുമ്പോഴും അമേരിക്കൻ വിസ വീട്ടിൽ എത്തുമ്പോഴും ആ ചടങ്ങാണ് നാട്ടുകാർക്കുള്ള തെളിവ്.

ഡെയറിയിൽ നിന്ന് വിരുന്നിനുപോയത് രണ്ടുപേർ മാത്രമാണ്. അമിത് കാട്ടാവാലയ്ക്ക് കൂട്ട് പോയതായിരുന്നു രഞ്ജിത് മോഹൻ.

നാട്ടിൽ നിന്ന് ക്ഷീര ശാസ്ത്രത്തിൽ ഡിഗ്രി പൂർത്തിയാക്കിയാണ് അവൻ മഗൻ ഭായ് പുരുഷോത്തം ഭായ് പട്ടേൽ മാനേജർ ആയ ഡയറിയിൽ എത്തിയത്. അന്നു മുതലേ മഗൻ ഭായിയുടെ അമേരിക്കൻ വിസ അവിടെ സംസാരവിഷയമാണ്. അറുപത് വയസ്സിനുശേഷം അമേരിക്കയിൽ ചെന്ന് അയാൾ എങ്ങനെയാണ് ജീവിക്കുകയെന്നൊരു അനാവശ്യ സംശയം ഡയറിയിൽ പട്ടേലിന്റെ കീഴിൽ ജോലിചെയ്യുന്നവർക്കെല്ലാം ഉണ്ടായിരുന്നു.

സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനുഷ്യൻ സ്വന്തം കാര്യങ്ങൾക്ക് വേവലാതിപ്പെടുന്നത് കുറവാണ്, മറ്റുള്ളവരുടെ കാര്യങ്ങൾക്ക് ഉള്ളതിനേക്കാൾ.! ഉപ്പളങ്ങൾ നിറഞ്ഞ പടിഞ്ഞാറെ ഇന്ത്യയിലും അതിനു വ്യത്യാസമില്ല.!

മാനേജർ ക്യാബിനിലിരുന്ന് പുറത്ത് ദൂരേയ്ക്ക് നോക്കിയിരിക്കുകയാണ് കൂടുതലും പട്ടേൽ ചെയ്യുക. മുപ്പത്തഞ്ച് വർഷങ്ങൾ നീണ്ട സേവനകാലങ്ങൾക്ക് ശേഷം മിക്കവർക്കും കൈവരുന്ന ആ ദേവാസുരശക്തിയുള്ള നോട്ടം അയാൾക്കും കിട്ടിയെന്ന് വേണം കരുതാൻ. ആ നോട്ടം ഒരു നേർരേഖയിലാക്കിയാൽ അത് താണ്ടുന്നവരെയൊക്കെ അയാൾ ക്യാബിനിലേക്ക് വിളിച്ചു കഠിനമായി ശകാരിക്കുന്നത് പോലെ തോന്നാറുണ്ട്.

'ആ വര മുറിഞ്ഞാൽ ഈച്ചയ്ക്ക് പോലും തെറി ഉറപ്പാണ്', തമാശയായിട്ട് പലരും രഞ്ജിത്തിനോട് പറഞ്ഞിട്ടുണ്ട്.

ക്യാബിൻ വിട്ടു മഗൻ പട്ടേൽ പുറത്തിറങ്ങിയത് ഒരു കാര്യത്തിന് മാത്രമാണ്. മാർക്കറ്റിംഗ് സെക്ഷനിൽ ചെന്നു അശുതോഷിനോട് അന്നത്തെ ഷെയർ മാർക്കറ്റ് നില അറിയാൻ. ഷെയർ വില കയറ്റമാണെന്നു അറിഞ്ഞാൽ കുറച്ചു നേരത്തേക്ക് അയാളുടെ മുഖം ബൾബ് പോലെ പ്രകാശിക്കും. തിരിച്ചു വരുമ്പോൾ നീണ്ടുയർന്ന രൂപത്തിൽ പിറകിൽ മാത്രം ബാക്കിയുള്ള ഏതാനും വെളുത്ത മുടിയെ പോക്കറ്റിൽ കരുതിയ ചീപ്പ് കൊണ്ട് മുന്നോട്ട് വരാൻ ആഞ്ഞു ക്ഷണിച്ചു കൊണ്ട് അയാൾ സ്വയം സമാശ്വസിപ്പിക്കും;
‘ബദ്ധു സാറു ഛെ’- എല്ലാം നന്നായി പോകുന്നു.
ഓഫീസിൽ അയാൾക്കുപിന്നിലെ ഗാന്ധിചിത്രത്തിൽ അപ്പോഴും ചിരി അതേപടിയുണ്ടാകും.

കടുത്ത ചൂടിൽ നിൽക്കുന്ന വേപ്പ് മരങ്ങൾ മാത്രം അയാളെ നോക്കി ഇലയാട്ടും. നിരന്തരം പാൽ ടാങ്കറുകൾ വരികയും ഒഴിയുകയും ചെയ്യുന്ന ഡോക്കിന്റെ ഓടയ്ക്ക് അരികിൽ പട്ടികളുടെ കൂട്ടം പകലോ തിരക്കോ വകവെക്കാതെ ചടുലമായി ഇണചേരുന്നുണ്ടാകും. നിലം വൃത്തിയാക്കുന്ന കരാർ തൊഴിലാളികൾ അയാളുടെ ദൃഷ്ടിയിൽപ്പെടാതെ തല മറയുന്ന രീതിയിൽ ആമയുടെ ആകൃതിയിൽ നിന്ന് ഒന്നൂടെ കുനിഞ്ഞു ഓട വൃത്തിയാക്കും. ചവച്ച പാൻ തുപ്പാൻ വരുന്നവർ അത്യാവശ്യ ഘട്ടങ്ങളിൽ അയാളുമായുള്ള സംഘർഷം ഒഴിവാക്കാൻ വിഴുങ്ങിക്കളയും.

പട്ടേലിന്റെ പുഞ്ചിരിയുടെ മദ്ധ്യാഹ്നം കുറച്ചു നേരത്തെക്കെ കാണൂ. ഷെയർ ട്രേഡ് ഒഴികെ മറ്റൊന്നിലും അയാൾ താല്പര്യം കാണിച്ചില്ലന്ന് പറഞ്ഞല്ലോ. അല്ലാത്തപ്പോഴൊക്കെ ഒരു മുതല വെയിൽ കായുമ്പോലെ തല മേശപ്പുറത്തേക്ക് നീട്ടി വെച്ച് കൈകൾ വിടർത്തി അയാൾ ക്യാബിനിൽ ഇരുന്നു. ഇമകൾ മാത്രം ഇടയ്ക്കിടെ ചലിപ്പിച്ചു.

'ബട്ടർ ചേണർ കേടായി 'എന്ന് ജോലിക്കാർ പരാതി പറയുന്നത് കേട്ടപ്പോൾ, ‘അവിടെ കിടക്കട്ടെ.. ങ്ഹാ’, പൊതുവേ പാവമായ ഗുജറാത്തിയിൽ കോപം നിറച്ചു മുഖത്ത് നോക്കാതെ അയാൾ മുരണ്ടു. 'ബ്രെഡ് ആൻഡ് ബട്ടർ ഈസ് ഗുഡ് ഫോർ ഹെൽത്ത്' എന്ന പരസ്യത്തിലെ ചതുരം മുറിച്ച വെണ്ണ പാക്കറ്റുകൾ ഉണ്ടാക്കുന്നത് ചേണറിൽനിന്ന് വരുന്ന വെണ്ണക്കൂമ്പാരത്തിൽ നിന്നാണ്. പിറ്റേന്ന് വൈകുന്നേരം വരെ അവിടെ എത്താൻ സാദ്ധ്യതയുള്ള എല്ലാവരുടെയും മുഖം മിന്നൽ വേഗത്തിൽ അയാളുടെ തലയിൽ വന്നു പോയി. പട്ടേൽ സാഹിബിന്റെ കോപം ഒരു നാടോടിക്കഥ പോലെ പറഞ്ഞു പണിയെടുക്കുന്നവരുടെ മുഖം മാത്രമേ അയാൾക്ക് കാണാനായുള്ളൂ. അതുകൊണ്ട് ബാക്കി സമയം വീണ്ടും അയാൾ തണൽ കാഞ്ഞു കിടന്നു.

‘ബനാസ്കന്തയിൽ നിന്നുവന്ന പാൽ ടാങ്കർ കാട്ടുവഴിയിൽ പഞ്ചറായി, ഇനിയെന്തുചെയ്യണ’മെന്ന് ചോദ്യം വന്നപ്പോഴും അയാൾ ആദ്യത്തെ അഞ്ചു മിനിറ്റ് അതേ ഇരുപ്പ് തുടർന്നു.

പെട്ടുപോയത് ചോദിച്ച റിസെപ്ഷൻ ഡോക്കിലെ ഓപ്പറേറ്റർ പരേഷ് ആണ്. അയാൾ തിരിച്ചുനടക്കാൻ തുടങ്ങുമ്പോൾ പട്ടേൽ കടുവയുടെ ഭാവം ആർജ്ജിച്ചു. ക്യാബിന്റെ കണ്ണാടിക്കൂടിനെ മൃഗശാലയാക്കിക്കൊണ്ട് അയാളുടെ ഒച്ച ഉയർന്നു; ‘നിൽക്കവിടെ..നീ എത്ര നാളായി ഈ ജോലി ചെയ്യുന്നു?’
പരേഷ് ചവയ്ക്കുന്ന പാൻ ഒതുക്കി പട്ടേലിനെ നോക്കി ഇനിയെന്ത് എന്ന ഭാവത്തിൽ നിന്നു. ഒരു കാൽ പിന്നോട്ടുയർത്തി നിലമ്പറ്റിയ അലമാരിയിൽ ചവിട്ടി മറ്റേ കാൽ നിലത്തുറപ്പിച്ചു. ബാക്കി കൂടി പോരട്ടെ എന്ന ഭാവത്തിലുള്ള നിൽപ്പ്.

നേർഭിത്തിയിൽ വർഗ്ഗീസ് കുര്യന്റെ കണ്ണുകൾ. ഓപ്പറേഷൻ ഫ്ലഡ്ഡ് എന്ന് വിളിക്കപ്പെട്ട ധവളവിപ്ലവത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ നിറഞ്ഞ ഫലകത്തിന്റെ അറ്റത്ത് നെഹ്‌റുവിനൊപ്പം നിൽക്കുന്ന യുവാവായ കുര്യനും കൂട്ടുകാരൻ ദലയായും.

കുഞ്ഞുങ്ങളുടെത് പോലെ ഓമനത്തം നിറഞ്ഞ കുര്യന്റെ മുഖം. ഇടയ്ക്കിടെ കൃഷ്ണമണികൾക്ക് മുകളിൽ പുരികം ചലിക്കുന്നത് പോലെ മഗൻ പട്ടേലിന് തോന്നി.

‘പാഞ്ച്സോ പഞ്ചാനൂ ടോന്കർ ജാനേ ദേജോ.. ഗാണ്ടോ’-

-അഞ്ഞൂറ്റി തൊണ്ണൂറ്റി അഞ്ച് നമ്പർ ഉള്ള ടാങ്കർ വിടെടാ നശിച്ചവനെ-യെന്നു അയാൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പ്രൊഡക്ഷൻ ഓഫീസർക്ക് നേരെ ഒച്ചവെച്ചു.

പിന്നീട് അന്നത്തെ ദിവസം അയാൾ ഒന്നും മിണ്ടിയില്ല.

‘ഇയാളൊക്കെ അമേരിക്കയിൽ പോയി എങ്ങനെ ജീവിക്കാനാണ്..?’ ആജ്ഞ ശിരസ്സാവഹിച്ചു ഡോക്കിലേക്ക് നടക്കുമ്പോൾ വലിയ സൈലോ ടാങ്കുകൾക്ക് പിന്നിൽ ഇത്തിരി വെളിച്ചക്കുറവുള്ള സ്ഥലത്ത് എത്തുമ്പോൾ രഞ്ജിത്ത് 'പരിയാ' എന്ന പരേഷിനോട് തിരക്കി.
പരേഷ് അതിന് മറുപടിയായി കൈ കൊണ്ട് വിശറി പോലെ വീശിക്കാണിച്ചു.

ചുവന്നുകൊഴുത്ത ഉമിനീരിനൊപ്പം പാൻ ഓടയിലേക്ക് തുപ്പിക്കളഞ്ഞിട്ടു പരേഷ് പട്ടേൽ പറഞ്ഞു, ‘ന്യൂയോർക്കിൽ കിഴങ്ങിന് ഈച്ചയാട്ടും..ഈ ഗാണ്ടോ’.

രഞ്ജിത് പരിസരം മറന്ന് ഉറക്കെയുറക്കെ ചിരിച്ചു. അതൊരു തമാശയല്ലെന്ന് അയാൾക്ക് പിന്നീട് മനസ്സിലായി. പലരും അതിനു മേലെയും താഴെയുമുള്ള പണികൾ അവിടെ ചെയ്യുന്നുണ്ട്.

595 നമ്പർ ടാങ്കർ ഉറക്കച്ചടവോടെ കാട്ടുവഴി തിരഞ്ഞ് യാത്രപോയി.

വിരുന്നിനിടെ പലരും വന്ന കൂട്ടത്തിൽ അർപ്പിത പട്ടേലിനെ ഒരു മിന്നായം പോലെ കണ്ടിരുന്നു. ഒറ്റയ്ക്ക് കിട്ടിയിരുന്നെങ്കിൽ ‘നീയെന്തിനാ ഈ മുരടന്റെ പതിനാറിന് വന്നതെന്ന് ‘ അവൾ ചോദിച്ചിരിക്കും. രഞ്ജിത്തിന് അതുറപ്പായിരുന്നു. ഒരു ട്രെയിനി ആയിട്ടാണോ പട്ടേൽ ആയിട്ടാണോ അവൾക്കുള്ള ക്ഷണമെന്ന് ഉറപ്പില്ല.

അമിത് കാട്ടാവാല രഹസ്യം പോലെ കൊണ്ടുവന്ന ഷാൾ പട്ടേലിനെ പുതപ്പിച്ചു അനുഗ്രഹം തേടി. ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു പഴയ മനുഷ്യൻ പട്ടേലിന്റെ ചിരിക്കുവേണ്ടി കുറച്ചു നേരം കാൽച്ചുവട്ടിൽ കാത്തുനിന്നു.

മഗൻ പട്ടേൽ അപ്പോഴും പ്രതിമ പോലെ അതേ ഇരുപ്പായിരുന്നു. തീരെ ജീവസ്സില്ലെങ്കിലും അയാളുടെ നോട്ടം ദൂരെ ദൂരെ ആനന്ദിലെ തക്കാളിപ്പാടങ്ങളിലെക്ക് ചിതറിയത് പോലെ തോന്നി. തന്റെ ആയുഷ്കാല നഷ്ടമെന്ന് അയാൾ എല്ലാവരോടും പരാതി പറയുന്ന പഴയ കൃഷി ഭൂമികൾ. ഇപ്പോൾ അവിടെ കാർഷിക കോളേജിന്റെ കെട്ടിടങ്ങളാണ്.

മഗൻ പട്ടേലിന് രണ്ട് പേരോടാണ് വെറുപ്പും പ്രതികാരവും. അത് അലയടിച്ചു പുറത്തേക്ക് കവിയുന്നില്ല. ഉള്ളിൽ നുരഞ്ഞ് നുരഞ്ഞു ഇടയ്ക്കൊക്കെ പുറത്തേക്ക് തൂവുന്നു.

  1. നിസ്വാർത്ഥനായൊരു പിടിവാശിക്കാരൻ

ഒരു ബഹളമയമായ വേനലായിരുന്നു അത്. അതിരാവിലെ അഞ്ച് മണിക്ക് തന്നെ നേരം വെളുക്കും. ആറു മണിയോടെ ചൂട് തുടങ്ങും. രഞ്ജിത് അങ്ങനെയൊരു വേനൽ ആദ്യം കാണുകയും അനുഭവിക്കുകയുമായിരുന്നു. ആയിടയ്ക്ക് രാവിലെ വരുന്ന ന്യൂസ് പേപ്പറുകളിലും ഒരു തീ എരിയുന്നുണ്ടായിരുന്നു. അതിന്റെ കനലുകൾ പകലിനെ വീണ്ടും പൊള്ളിച്ചു.

‘നിങ്ങൾ ആ സ്ത്രീയെ എന്ത് ചെയ്തു?’- രാജ്യത്തെ തലസ്ഥാന കോടതി സംസ്ഥാന ഭരണകൂടത്തോട് ചോദിച്ചു.
‘അന്വേഷണം നടക്കുന്നു’- ഭരണകൂടം പ്രതിവചിച്ചു.
‘നിങ്ങൾ അവളുടെ ഭർത്താവിനെ കൊന്ന് ആ പാവം സ്ത്രീയെ എരിച്ച് ചാരമാക്കി പുഴയിലെറിഞ്ഞു എന്ന് പറഞ്ഞാൽ നിഷേധിക്കുമോ?
ഭരണകൂടം കോടതിയിൽ നിശ്ചലമായിനിന്നു. കോടതി അന്വേഷണ റിപ്പോർട്ട് മേശകളിൽ നിരത്തി.
ബസ് തടഞ്ഞു നിർത്തിയത്…
രണ്ടു പുരുഷന്മാരെയും ഒരു സ്ത്രീയെയും ദേശീയോദ്ഗ്രഥനത്തിന്റെ മഹനീയ മാതൃക പോലെ ഗുജറാത്ത്ദ്രാവിഡവംഗദേശങ്ങളിൽ നിന്നുള്ള മിടുക്കന്മാരായ പോലീസുകാര്…
പത്രത്തിൽ ഓരോ ദിവസവും പേജുകൾ തികയാതെയായി.

പാൽ പ്ലാന്റുകൾ മത്സരിച്ചു പ്രവർത്തിക്കുന്ന വൈകുന്നേരം ഡയറിയിൽ മഗൻ പട്ടേൽ ഉച്ചത്തിൽ ചർച്ചകൾ നടത്തി.
‘രാമരാജ്യത്തിന്റെ ലക്ഷണങ്ങളാണ് … നോക്ക് മിയാകളെ ഒരു പാഠം പഠിപ്പിച്ചില്ലേ ..?’
ചുറ്റും നിന്ന ഓപ്പറേറ്റർമാർ തലകുലുക്കി.
‘പറഞ്ഞതിൽ തെറ്റില്ല… പട്ടേൽ സാഹിബ്‌’, ചിലരൊക്കെ പ്രോത്സാഹിപ്പിച്ചു.
മഗൻ പട്ടേലിന് ഹരം കയറി.
ശാരദാകാശത്തിന് താഴെ അയാളുടെ ഒച്ച കുന്നുകയറുമ്പോൾ രഞ്ജിത് മോഹൻ ലാബിലേക്ക് കാൽനടയാത്രയിലായിരുന്നു. പോകുന്ന വഴിയിൽ പട്ടേലിന്റെ ഋജുരേഖ താണ്ടിയതും അയാളുടെ ഒച്ച പൊങ്ങി: ‘നിൽക്കവിടെ, ഇവിടെ വാ’.
പെട്ടെന്ന് നിശ്ചലമായ സദസ്സിനെ നോക്കി അയാൾ പറഞ്ഞു, ‘രഞ്ജിത്തിന് നല്ല വിവരമുണ്ട്… നിങ്ങൾ കേട്ടോളൂ’.
‘എന്താണ് സാഹിബ്?’

അപ്പോഴേക്കും പുറത്ത് ഊഷരമായ കാറ്റ് തുടങ്ങിയിരുന്നു. മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്ന് ഒരു പടയെ ഓർമ്മിപ്പിച്ചുകൊണ്ട് പട്ടികൾ പാഞ്ഞു വന്നു. മുന്നിൽ ജീവനുംകൊണ്ടോടുമ്പോഴും നായ്ക്കളോട് എതിരിടുന്ന പൂച്ചയെ രഞ്ജിത്തിന് പെട്ടെന്ന് പിടികിട്ടി. ട്രെയിനിങ്ങിന്റെ ഇടയ്ക്ക് അർപ്പിതാ പട്ടേൽ സാമ്പിൾ പാൽ രഹസ്യമായി കൊടുത്ത് ലാളിച്ചിരുന്ന അതേ ബ്രൌൺനിറത്തിൽ വെളുത്ത പുള്ളിയുള്ള…

‘രാമസേതു ഹനുമാൻജി നിർമ്മിച്ചതിനെക്കുറിച്ചു ഇവരോട് വിശദമായി പറയൂ…’ മഗൻ പട്ടേൽ സദസ്സിലേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞു. ക്യാബിൻ നിറഞ്ഞു നിൽക്കുന്ന മനുഷ്യർ ഇഷ്ടമായത് കേൾക്കുവാൻ കണ്ണുകൾ വികസിപ്പിച്ചു.

ശ്രദ്ധവിട്ട രഞ്ജിത് ഒന്ന് പകച്ചു. പട്ടേലിനുപിന്നിൽ ഗാന്ധിയുടെ ചിരിക്ക് ജീവൻ വെച്ചു.

‘പട്ടേൽ സാഹിബ് … രാമായണവും മഹാഭാരതവും നല്ല ഗംഭീര സാഹിത്യ സൃഷ്ടികളാണ്. ഹനുമാൻ നല്ലൊരു കഥപാത്രം മാത്രം. രാമസേതു ആരും നിർമ്മിച്ചിട്ടില്ല, അത് പവിഴപ്പുറ്റുകളുടെ ഒരു വരമ്പാണ്‌...’, അറിയാവുന്ന ഗുജറാത്തിയിൽ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തുകയായിരുന്നു.

പട്ടേലിന്റെ ലോകം തലകീഴായി കറങ്ങുന്നതുകണ്ടു.

‘നിർത്തിക്കോ രാവണ സന്തതീ... നീയൊക്കെ നശിച്ചു പോയിരിക്കുന്നു... ചിരഞ്ജീവിയായ ബജരംഗ്ബലിയെപ്പറ്റിയാണ് അസുരാ നീ...’, നോക്കുകുത്തിക്ക് കാറ്റു പിടിച്ചതുപോലെ വിറച്ചുകൊണ്ടാണ് അയാൾ പറഞ്ഞത്. ഓപ്പറേറ്റർമാർ രണ്ടുപേരെയും മാറിമാറി നോക്കുന്നുണ്ട്. ചിലർക്ക് ചിരി വരുന്നുണ്ട്.

‘ശരിക്കും നീയൊക്കെ ആരെയെങ്കിലും വിശ്വസിച്ചിട്ടുണ്ടോ..?’ പട്ടേൽ ഒച്ചയ്ക്കൊപ്പം ശ്വാസമെടുക്കാൻ കഷ്ടപ്പെട്ടു.

മഗൻ ഭായ് പുരുഷോത്തം ഭായ് പട്ടേലിന് പിന്നിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലേക്ക് രഞ്ജിത് വിരൽ ചൂണ്ടി.

ചിരിക്കുന്ന ഒറ്റരൂപാ തുട്ടിനെ ഓർമ്മിപ്പിക്കുന്ന നിഷ്കളങ്കതയെ നോക്കി പട്ടേൽ വിറച്ചു. നവഖാലിയിലെ ദിനങ്ങളിലെന്നോ വട്ടം ചുറ്റിയ ഇംഗ്ലീഷ് ഫോട്ടോഗ്രാഫർമാരുടെ ക്യാമറയിൽ പതിഞ്ഞതാണ്. അതിന്റെ അടിക്കുറിപ്പ് പോലും ഗുജറാത്തിയിലാണ്.

‘ഓ..സമാജത്തെ മാത്രമല്ല കിഴവൻ പിന്നിൽനിന്ന് കുത്തിയത്’, പട്ടേൽ പൊട്ടിത്തെറിച്ചു. അതിന്റെ അവസാനം അയാൾ ഒരു തെറി പറഞ്ഞു.

തൊട്ടുമുമ്പിൽ നിന്നു നെഞ്ചിൽ നിറയൊഴിച്ചവനും അയാൾക്കുവേണ്ടി കോടതിയിൽ കാത്തിരുന്നവരും അദ്ദേഹത്തെ അങ്ങനെയാണ് വിളിച്ചത്: ചതിയൻ.

ആര് ആരെയാണ് ചതിച്ചത്?
പട്ടേലിന്റെ കൺ വെട്ടത്തുനിന്ന് രക്ഷപ്പെടുമ്പോൾ രഞ്ജിത്ത് സ്വയം ചോദിച്ചതും അതുതന്നെയാണ്.

  1. അച്ഛന്റെ മകൾ

തക്കാളികൾ പാകമായിക്കിടക്കുന്ന കറുത്ത മണ്ണിൽ നിന്നുകൊണ്ട് ത്രിഭുവൻദാസ് ചുറ്റുംകൂടിയവരോട് സംസാരിക്കുന്നത് മഗൻ പട്ടേലിന്റെ അച്ഛൻ പുരുഷോത്തം പട്ടേൽ കേട്ടതാണ്.

‘ ബോംബെയിലെ പാല് അവരുടെ ഓടയിലെ വെള്ളത്തിനേക്കാൾ കഷ്ടമാണ് എന്നാണ് ഗോരകളുടെ നാട്ടിൽ നിന്നു പറഞ്ഞിരിക്കുന്നത് .മാസങ്ങളായി ബോംബെയിലെ ഗോരെകൾക്ക് തൂറ്റലും ചർദ്ദിയും മാറുന്നില്ല...'**

പ്രസംഗം ഉച്ചത്തിൽ ദേഷ്യപ്പെട്ടുകൊണ്ടല്ല. അതിന്റെ താളം ഒന്ന് വേറെയാണ്. ബോംബെ പട്ടണവും ആനന്ദ് ഗ്രാമവും അടുത്തടുത്താണെന്ന് തോന്നിപ്പിക്കുന്ന ഒരു കൺകെട്ടുവിദ്യ അതിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു.

തങ്ങളുടെ ആരോഗ്യത്തിനു ഏറ്റവും വേണ്ടത് ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ യഥേഷ്ടം ലഭ്യമാണെന്ന് ചാരന്മാർ ബോംബെയിലെ ഇംഗ്ലീഷ് ഭാഷികളെ അറിയിച്ചിരുന്നു. പക്ഷേ അവർക്ക് എന്തിനും ഇടനിലക്കാരൻ ആവശ്യമായിരുന്നു. ദേഷ്യപ്പെടാനും ആവശ്യപ്പെടാനും ഒരാൾ.. പോൾസൺ ഡെയറിയുടെ പാഴ്സി ഉടമ പെസ്റ്റൺജി.

‘… ലാഭം തിന്നാൻ മാത്രമായി എന്തിനാണ് ഇടയിലൊരു പോൾസൺ ഡെയറി… ?’

ഒടുവിൽ ഒരു ചോദ്യത്തോടെ തൃഭുവൻ ദാസ് പ്രസംഗം നിർത്തുന്നു.

പ്രശ്നങ്ങൾ രൂക്ഷമായി. കർഷകർ പാൽ നിലത്തൊഴുക്കി. രണ്ടാഴ്ച സമരം നടന്നു. എന്നിട്ടും പാൽ പോൾസൺ വഴി പോയില്ല.

രണ്ടാംകിട യന്ത്രങ്ങളും പാൽടാങ്കുകളും കൊണ്ട് ത്രിഭുവൻദാസ്പട്ടേലും നാട്ടുകാരും കെയ്റയിൽ ഒരു മഞ്ഞുകാലത്ത് അങ്ങ് തുടങ്ങി. യന്ത്രങ്ങൾക്ക് കോച്ചും കൊളുത്തും വരുമ്പോൾ അടുത്ത കെട്ടിടത്തിലെ കൃഷി വകുപ്പിന്റെ ജോലിക്കാരനായ മലയാളിപ്പയ്യൻ അതൊക്കെ ഫീസ് വാങ്ങാതെ അഴിച്ചു പണിഞ്ഞു. അയാൾ അമേരിക്കയിൽ നിന്നു എഞ്ചിനീയർ പണി പഠിച്ചിട്ടു വന്നതാണെന്ന് ത്രിഭുവൻദാസ് അറിഞ്ഞിരുന്നു. പരിഷ്കാരിയാണ്. പാൽ മെഷീനുകളോടുള്ള പ്രത്യേക മമതയും എല്ലാവരും ശ്രദ്ധിച്ചു.

ഇതിനിടയിൽ മഹാദാരിദ്ര്യത്തിന്റെ വേനൽപ്പാടത്തു സ്വാതന്ത്ര്യത്തിന്റെ വിത്തുകൾ വീണു. രാജ്യത്തിന്റെ മനഃസാക്ഷി നാൽപ്പത്തെട്ടിലെ ജനുവരിയിൽ വെടിയേറ്റുവീണു. ചരിത്രം നിർത്തില്ലാത്ത ഒരു ട്രെയിൻ പോലെ പാഞ്ഞു. പരസ്പരം ഉടലില്ലാത്ത തലകളും തല ഛേദിച്ച ഉടലുകളും സമ്മാനമായി നൽകി.

‘സാഹിബരെ...നിങ്ങൾക്ക് ആവശ്യത്തിനു കടം കിട്ടുമെങ്കിൽ പുതിയ മെഷീനുകൾ വാങ്ങിക്കോ..എനിക്ക് സ്ഥലം മാറ്റമാണ്’, ഒരു ദിവസം ചെറുപ്പക്കാരൻ തൃഭുവൻ ദാസിനോട് പറഞ്ഞു.

'നിങ്ങൾ മുമ്പേ പറഞ്ഞ യന്ത്രങ്ങൾ ഇപ്പോൾ ഇവിടേക്ക് കപ്പൽ കയറിക്കഴിഞ്ഞു.. അത് എത്തി ഇവിടുത്തെ ചെറുപ്പക്കാർ പഠിക്കുംവരെ ഞങ്ങൾക്കൊപ്പം നിൽക്കുമോ?'
രാഷ്ട്രീയക്കാരൻ വക്കീൽ സമയം നോക്കി ഒരു ചോദ്യം ചോദിച്ചു.

പാടം മുഴുവൻ മുഴുത്ത എരുമകൾ.

പാത്രത്തിൽ കൊഴുത്ത മധുരത്തോട് അടുത്ത രുചിയുള്ള വെളുവെളുത്ത പാൽ. അതിങ്ങനെ ദിനംപ്രതി നിറഞ്ഞു തൂവുന്നു. ബോംബെയിൽ ഇപ്പോഴും ബാക്കിയായ ഗോരകൾക്കാണ് അത് കുടിക്കാനുള്ള ഭാഗ്യം. പുതിയ സർക്കാർ ഉദ്യോഗസ്ഥർക്കും.

പല രാത്രികളുടെ ആലോചനകൾക്ക് ശേഷം കുര്യൻ ദലയായെ കൂട്ട് വിളിച്ചു.

'കറാച്ചിയിൽ കൈവിട്ടുപോയ ഡയറിയെ മറക്കാൻ ദലയാക്ക് പുതിയ ഒരു ഡയറി തന്നെ തന്നാലോ..?'

നാൽപ്പത്തിയേഴിലെ നശിച്ച മുപ്പത് രാത്രികൾക്കുശേഷം പൊതുവെ നിർമമമായ മുഖം ഉയർത്തി ഹരിചന്ദ് മേഘ ദലയ. അതിൽ ഒരു ചിരി ഓരം പറ്റി നിന്നു…

'തൃഭുവൻ ഭായ് ഒരു ചെറിയ പ്രധാനമന്ത്രി തന്നെയാണ് ദലയാ.. രാഷ്ട്രീയത്തിൽ എന്റെ അമേരിക്കൻ ശാസ്ത്രബിരുദം അങ്ങേർക്ക് ചേരും.. എന്റെ മാത്രമല്ല നിന്റെയും.
‘നമുക്ക് ഒരു കൈ നോക്കിയാലോ..?'

ദലയയും ചിന്തിക്കാതിരുന്നില്ല.
തൃഭുവൻദാസ് പറയുന്നത് ജനങ്ങൾ അനുസരിക്കുന്നു.
അത് തന്നെ മുഖ്യമന്ത്രിയും അനുസരിക്കുന്നു.
എന്താവശ്യം പറഞ്ഞാലും ഒരു യോഗത്തിനുള്ള സമയമേ അദ്ദേഹം ചോദിക്കുന്നുള്ളൂ.
'ഞങ്ങളുടെ കൂടെ നിൽക്കുമോ?, സ്ഥലം, പാൽ, സ്വാതന്ത്ര്യം, മനുഷ്യർ ഇത്രയും ഞാൻ ഉറപ്പ് നൽകുന്നു’, തൃഭുവൻദാസ് ഇതിനകം ഒരു ഹൃദയബന്ധമുണ്ടെന്ന് തോന്നിയ യുവാവിനോട് ആത്മാർത്ഥമായി തിരക്കി.
'ചോദിക്കുമ്പോൾ കുറച്ചു പണവും തരണം... ഞങ്ങൾക്കല്ല യന്ത്രങ്ങൾ വാങ്ങാൻ..' കുര്യൻ പ്രത്യേകം പറഞ്ഞു.
രാഷ്ട്രീയക്കാരൻ വക്കീൽ അതിന് കൈ കൊടുത്തു.
‘അറുനൂറ് രൂപ ശമ്പളമേ ഞങ്ങളുടെ സംഘത്തിന് തരാൻ കഴിവുള്ളൂ’.
അതിന്റെമേൽ യാതൊരു വാഗ്വാദവും ഉണ്ടായില്ല.

സ്ഥലം ചോദിച്ചപ്പോൾ ഭൂവുടമകളിൽ ചിലർ മുഖം കറുപ്പിച്ചു. വേണ്ടിടത്ത് വേണ്ടതുപോലെ നയതന്ത്രം പ്രവർത്തിക്കുന്ന ഒരാളെ ഉപയോഗപ്പെടുത്താൻ കുര്യൻ ത്രിഭുവൻ പട്ടേലിനോട് രഹസ്യമായി ഉപദേശിച്ചു. രാജ്യത്തിന്റെ അഭിപ്രായം ലോകത്തെ അറിയിക്കുന്ന യാത്രകളിൽപ്പെട്ടു പ്രധാനമന്ത്രി എപ്പോഴും തിരക്കിലായിരുന്നു.

മഗൻ പട്ടേലിന്റെ അച്ഛൻ സർവോത്തം പട്ടേലിനോട് സംസാരിച്ചത് വാക്കിന് തൂക്കമുള്ള ഒരു സ്ത്രീ ആയിരുന്നു. അയാൾക്ക് ആധാരം ഒപ്പിട്ടു കൊടുക്കേണ്ടിവന്നു.

തന്റെ ചർക്കയുമായി അച്ഛനൊപ്പം നാട് ചുറ്റുമ്പോഴും കുര്യന്റെ മകളോടൊപ്പം കുട്ടിക്കളികളിൽ ഏർപ്പെടുമ്പോഴും അഭൗമമായ ഏതോ ലക്ഷ്യത്തിന് വേണ്ടി അവരുടെ മനസ്സ് യാത്രകളിലായിരുന്നു. അച്ഛന്റെ മരണശേഷം അദ്ദേഹത്തിന്റെ അവസാന ശേഖരം ദില്ലിയിൽ അദ്ദേഹത്തിന്റെപാർട്ടിക്ക് കൈമാറിയിട്ട് വെറുംകൈയ്യിന്റെ ധന്യതയോടെ തിരിച്ചു വന്ന അവരെ നാട്ടുകാർ വിളിച്ചിരുന്നത് ‘മണിബെൻ’ എന്നായിരുന്നു. പട്ടേലിന്റെ മകൾ.

യൗവ്വനകാലമായപ്പോൾ തന്റെ പരാജയങ്ങളെല്ലാം ഇറക്കിവെക്കാൻ മഗൻ ഭായ് പട്ടേൽ കണ്ടുപിടിച്ചത് ആനന്ദിലെ ആ തക്കാളിപ്പാടമാണ്. താൻ അതുകൊണ്ട് ലക്ഷപ്രഭു ആകുമായിരുന്നുവെന്ന് അയാൾ എല്ലാവരോടും പറഞ്ഞു നടന്നു. മണിബെന്നിനെ വെറുക്കാൻ അയാൾ വേറെ കാരണങ്ങൾ ഒന്നും തേടിയില്ല. വർഷങ്ങൾക്കുശേഷം കർഷകരുടെ മക്കളെ ക്ഷീരശാസ്ത്രം പഠിക്കാൻ തിരഞ്ഞെടുത്തപ്പോൾ പുരുഷോത്തം ഭായ് പട്ടേൽ കൗമാരക്കാരനായ നാലാമത്തെ മകനെ വിളിച്ചു.

‘മഗൻ ..ചോക്രോ.. തമേ ജാ..’*

അയാളെ മറ്റെവിടെയെങ്കിലും വിട്ട് സുരക്ഷിതമാക്കാൻ പറ്റുമെന്ന് അദ്ദേഹത്തിന് തോന്നിയില്ല. പാലും കൃഷികാര്യങ്ങളും തന്നെപ്പോലെ അവന്റെയും രക്തത്തിൽ ഉണ്ടാകുമെന്ന് അച്ഛൻ പട്ടേൽ ആശ്വസിച്ചു.

‘പക്ഷേ ഞാൻ…’, മഗൻ പട്ടേലിനു ആശങ്കയായിരുന്നു.

‘അച്ഛൻ മറ്റു മക്കളോടൊന്നും ആജ്ഞ നടത്തുന്നില്ല. താൻ എങ്ങനെയിത്…’

‘കസൂ വാത് കർവാനു നഥി..തമേ ജവൂ പർസെ’**
പോയേ പറ്റുള്ളൂ എന്ന അച്ഛന്റെ കടുംപിടുത്തത്തിനു മുമ്പിൽ ഒന്നും മിണ്ടാതെ മഗൻ പട്ടേൽ കോളേജിൽ ക്ഷീരശാസ്ത്രം പഠിച്ചു.

വല്ലപ്പോഴും തോന്നുന്ന ചെറിയ കൌതുകങ്ങൾക്കപ്പുറം അയാളുടെ മനസ്സിൽ എന്തായിരുന്നുവെന്ന് മാത്രം ആർക്കും പിടിത്തം കിട്ടിയില്ല.

മണിബെന്നിനൊപ്പം കുര്യനെയും ത്രിഭുവൻദാസിനെയും ഓർക്കുമ്പോൾ വെറുപ്പിന്റെ പല ശിഖരങ്ങളുള്ള മരം അയാൾക്കുള്ളിൽ ഉയർന്നുവന്നു. ഈ നിമിഷം പോലും.

ഷെയറുകളിൽ പണം എറിഞ്ഞുള്ള കളികൾ നടത്തുമ്പോഴൊന്നും ലഭിക്കാത്ത ആനന്ദമാണ് മകൾ അമേരിക്കൻ വിസ വാഗ്ദാനം ചെയ്തപ്പോൾ മഗൻ പട്ടേൽ അനുഭവിച്ചത്. പിന്നീട് ഡയറിയിൽ നിന്ന് വിടുതൽ നേടുന്ന ദിവസത്തിലേക്ക് കാത്തിരിപ്പായിരുന്നു അയാളുടെ ദിനചര്യ തന്നെ. വിസ വരുമെന്ന് ഉറപ്പിക്കും മുമ്പ് അയാൾ തയ്യാറെടുപ്പുകൾ തുടങ്ങി.

‘ നിങ്ങൾക്ക് ഇതിൻറെയൊന്നും ആവശ്യം വരില്ല, മഗൻ കാക്കോ’ ഗ്രാമത്തിൽ നിന്ൻ അമേരിക്കയിലേക്ക് പോകുന്നവർ സാധാരണയായി പഠിച്ചിട്ട് പോകുന്ന പത്ത് കൈത്തൊഴിലുകൾ പഠിക്കാൻ ചെന്ന അയാളോട് രത്തൻ പണ്ട്യ പറഞ്ഞു.

രേഖകളില്ലാതെ ഒളിച്ചു താസിക്കുമ്പോൾ പലർക്കും ജോലി ചെയ്യേണ്ടി വരിക സ്വന്തക്കാരുടെ ഷോപ്പുകളിൽ അടിമപ്പണിയാണ്. കൂലിത്തൊഴിലാളികളെക്കാൾ താഴെ വേതനം കിട്ടുന്ന കാലത്ത് ഒരാൾ ദിവസം അഞ്ചോ ആറോ ആളുകളുടെ കീഴിൽ ജോലി ചെയ്തെന്നു വരാം. അവർക്ക് വേണ്ടിയാണ് ഈ മുൻകരുതൽ.

മാനിക്യൂർ, പെഡിക്യൂർ, മേക്ക്അപ്പ്, കുക്കിംഗ്, ക്ലീനിംഗ്, വാഷിംഗ് തുടങ്ങി കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി ഒരിക്കലും ചെയ്യാത്ത പലതും മഗൻ പട്ടേലിന്റെ കൈകളിലൂടെ കടന്നു പോകാൻ ശ്രമിച്ചു. തുമ്മി പതം വരുമ്പോഴും കൈകൾ കഴച്ച് പൊട്ടുമ്പോഴും അയാൾ പണിയെ മെരുക്കാൻ ക്ഷമ അഭിനയിച്ചു. വാഗ്ദത്തദേശത്തെ പ്രകാശം ഇവിടെയിരുന്നു കാണുന്നത് പോലെ അയാളിൽ ഒരു ഉൾച്ചിരി നിറഞ്ഞു നിന്നു.

ഒരു മാസം മുംബൈ മാർക്കറ്റിലേക്ക് വേണ്ടിവരുന്ന വെണ്ണയുടെ അളവ് കൃത്യമായി പറയാനും തയ്യാറാക്കാനുമുള്ള കഴിവുകൾ ഒളിച്ചിരിപ്പുള്ള സ്വന്തം തല അയാൾക്ക് പിടികൊടുക്കാതെ വെട്ടിയൊഴിഞ്ഞു.

വൈകുന്നേരം ദൂരെനിന്ന് കാണുന്ന എരുമകളുടെ നീണ്ടപടയും പൊടിപിടിച്ച ഇടയൻറെ വരവും ഇനിയുള്ള കാലം തന്നേ തീണ്ടില്ലല്ലോ എന്ന് അയാളിലെ ചെറിയ പയ്യൻ ആശ്വാസം കൊണ്ടു. ഒറ്റ ഷിഫ്റ്റിൽ മുന്നൂറ് പേരെ ചൊൽപ്പടിക്ക് നിർത്തുന്ന നീണ്ട മൂക്ക് ഉപയോഗം കഴിഞ്ഞൊരു ഉപഗ്രഹം പോലെ അയാളുടെ മുഖത്ത് വിശ്രമിച്ചു.

എരുമപ്പാലിൽനിന്ന് പാൽപ്പൊടി ഉണ്ടാക്കുന്ന ലോകത്തിലെ തന്നെ ആദ്യ പ്ലാൻറ് കാണാൻ നേരിട്ടുവന്ന പ്രധാനമന്ത്രിക്ക് മുൻപിൽ പറഞ്ഞത് ചെയ്തു കാണിച്ചുകൊണ്ട് ദലായയും കുര്യനും ത്രിഭുവൻദാസും മണിബെന്നും പരുത്തിച്ചെടിപോലത്തെ മനുഷ്യരും നിന്ന മണ്ണ് കുറച്ച് തിരക്ക് കൂടിയെങ്കിലും അതുപോലെയുണ്ട്. ലോകത്തെ ഏറ്റവും പുതിയ പ്ലാന്റുകളെ ഇന്നും അവർ വെല്ലുവിളിക്കുന്നു അന്നത്തെപ്പോലെ തന്നെ. അവിടെ തീരെ ഒച്ചയില്ലാതെ പാൽ ടാങ്കറുകൾ വരുന്നു. ഒഴിയുന്നു. മുൻകൂട്ടി നിശ്ചയിച്ച പാതകൾ കടന്ന് മൂന്നു നിലപ്പൊക്കത്തിലുള്ള പുത്തൻ പൗഡർ പ്ലാന്റിന്റെ മുകളിൽ നിന്ന് വലിയ സജജീകരണത്തിനുള്ളിൽ പാൽമഴ പെയ്യുന്നു.

താഴെ ചാക്കുകൾ എരുമപ്പാലിന്റെ പൊടികൊണ്ട് നിറഞ്ഞുവരുന്നു. യന്ത്രങ്ങൾ അവയെ വേണ്ടയിടത്തേക്ക് കൃത്യമായി നയിച്ചുകൊണ്ടിരിക്കുന്നു.

ഒരു കണ്ണകലത്തിൽ അയാളും ഉണ്ടായിരുന്നു. കടുത്ത ഒരു വേനലിന്റെ സായാഹ്നത്തിൽ. മഗൻ ഭായ് പുരുഷോത്തം ഭായ് പട്ടേൽ. അന്നേദിവസം രത്തൻപണ്ട്യ പഠിപ്പിച്ച ചെറു ജോലികളുടെ പരീക്ഷണത്തിനായി സ്വന്തം നഖങ്ങളെ പരീക്ഷണവസ്തുവാക്കാൻ തീരുമാനിച്ചുകൊണ്ട്. ‘ഹരേകൃഷ്ണ’ ലക്ഷം തവണ ചൊല്ലുന്ന സുചിത്ര ബെന്നിന്റെ ശബ്ദം മാത്രം സന്ധ്യയിൽ കേട്ടുകൊണ്ടിരുന്നു. കണ്ണിൽ കൂട് കൂട്ടുന്ന ഇരുട്ടു വകവെക്കാതെ അയാൾ നിലത്ത് ഒടിഞ്ഞുകുത്തിയിരുന്നു. വഴങ്ങാത്ത കാൽപാദത്തെ മടിയിലേക്ക് ആഞ്ഞു വലിച്ചു. ആദ്യം കാണുന്നത് പോലെ അടുക്കാൻ വിസമ്മതിച്ചുകൊണ്ട് ആ അവയവങ്ങൾ കുറച്ചു നേരം പരസ്പരം നോക്കിയിരുന്നു.

*മഗൻ മകനേ , നീ ചെല്ലൂ
** ഒന്നും പറയണ്ട , നീ പോയേ പറ്റൂ.

▮

കടപ്പാട്: ‘എനിക്കും ഒരു സ്വപ്നം ഉണ്ടായിരുന്നു’- ഡോ. വർഗ്ഗീസ് കുര്യനോട് സംസാരിച്ച് ഗൗരി സാൽവി എഴുതിയ ബുക്കിന്റെ വായന എഴുത്തിനെ ശക്തമായി പ്രചോദിപ്പിച്ചിട്ടുണ്ട്.

Comments