ചിത്രീകരണം : ജാസില ലുലു

ടിക് ടിക്

ഒന്ന്​:

ഹാൻഡ് ബാഗ് സീറ്റിലേക്കെറിഞ്ഞ് ലാപ് പിന്നിൽ വച്ച് കാറിൽ കയറുന്ന നിമിഷത്തിൽതന്നെ ഫോൺ വന്നു. ഡോക്ടർ ഷമീറാണ്.

‘‘മധുസാറേ. മിനിസ്റ്ററുടെ പി.എ വിളിച്ചിരുന്നു. പ്രോഗ്രാം പത്തുമിനിറ്റ് നേരത്തേയാക്കാൻ പറ്റുമോന്ന് ചോദിച്ചു. നേരത്തേ വിചാരിക്കാത്ത ഒരു പരിപാടി കൂടി വന്നൂന്ന്''.

വാച്ചുനോക്കിയപ്പോൾ കൃത്യം ഒമ്പതര. ബ്ലോക്കില്ലെങ്കിൽ പന്ത്രണ്ട് മിനിറ്റിൽ മെഡിക്കൽ കോളജ് പിടിക്കാം. അപ്പോൾ 9.42ന് എത്തും. പിന്നെ 8 മിനിറ്റുകൂടി കിട്ടും. ധാരാളം.

‘‘ഷമീർ, നോ ഇഷ്യൂ. ലെറ്റ്‌സ് ഗോ എറ്റ് നയൻ ഫിഫ്റ്റി ഇൻസ്റ്റഡ് ഓഫ് ടെൻ. ഞാൻ പത്തുമിനിറ്റിലെത്തും''.

വണ്ടി പള്ളിമലക്കുന്നിറങ്ങി കെ.ടി.ഗോപാലൻ റോഡിലേക്ക് വലത്തോട്ടുതിരിച്ചു. അവിടെനിന്ന് മാവൂർ റോഡിലേക്ക് രണ്ടുമിനിറ്റ് കൊണ്ടെത്തണം.

രണ്ട്​:

‘‘നിങ്ങടെ പ്രോഗ്രാമില് പങ്കെടുക്കാൻ കോവിഡ് നെഗറ്റീവ് രേഖ വേണ്ടായോ? അതോ മെഡിക്കൽസും മേലാളമ്മാരും കോവിഡിന്റെ കുടുമ്മക്കാരാണോ?''

ബ്രേക്ഫാസ്റ്റിലേക്ക് പ്രവേശിക്കും മുൻപ് പതിവുള്ള നാലുമിനിറ്റ് വെറുതേയിരിപ്പിനിടയിൽ നളിനി ചോദിച്ചത് ഓർമ വന്നു.

‘‘ഫോറൻസിക്കുകാർ ഇണങ്ങൻമാരും'', അതുപറഞ്ഞപ്പോൾ അവൾ ചെവിപിടിച്ച് തിരിച്ചു.

‘‘പത്തിനാ ഫങ്ഷൻ. ഇണങ്ങൻമാരിൽ നിന്ന് ആരെയെങ്കിലും ആ മെഡിക്കൽ തറവാട്ടിലേക്ക് വിടണം കേട്ടോ'', നളിനി ഇറങ്ങാൻ നേരത്ത് ബാഗിൽ ലഞ്ച് തിരുകി അത് ലോകസുന്ദരികൾക്ക് അണിയിക്കുന്ന ചേലപ്പട്ട പോലെ ഇട്ടുകൊടുത്ത് യാത്രയാക്കും മുൻപ് ഓർമിപ്പിച്ചു.

എല്ലാ ദിവസവും നളിനിക്കാണ് ആദ്യം പോകേണ്ടത്. കോവിഡിലാകട്ടെ, അവൾക്ക് പാലപൂത്ത പോലെ പണിയുണ്ട്.

മൂന്ന്​:

കാർ കെ.ടി.ഗോപാലൻ റോഡിൽ നിന്ന് മാവൂർ റോഡിലേക്ക് കടക്കാൻ തുടങ്ങുമ്പോഴേക്കു തന്നെ ഭാഗ്യത്തിന് ഒരാംബുലൻസ് ചീറിപ്പാഞ്ഞു. വാഹനങ്ങളെ വകഞ്ഞ് അത് വഴികീറി. അതിനു പിറകേ പിടിച്ചു.

അയ്യോ, ഞാനെന്താണ് പറഞ്ഞത്! ആംബുലൻസ് വന്നത് ഭാഗ്യമായി എന്നോ? എന്റെ തലയിൽ ഇടിത്തീ വീഴട്ടെ. റോഡിലെ അമ്മവാഹനമാണ് ആംബുലൻസ്. എന്റെ കുഞ്ഞിനെ രക്ഷിക്കൂവെന്ന് അവൾ നാടിനോട് മുഴുക്കെ കേണു. ഞാനതിനെയാണ് ഭാഗ്യമെന്ന് വിളിച്ചത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ആത്മഹത്യക്കും കൊലയ്ക്കുമിടയിലൂടാർത്തനാദം പോലെ പായുന്നു ജീവിതം' എന്ന വരിയിലെ ആർത്തനാദശബ്ദം ആംബുലൻസിനെയാണ് ഓർമിപ്പിക്കാറ് എന്നും പറഞ്ഞുകൊള്ളട്ടെ.

തൊണ്ടയാട് ബൈപാസിൽ നിമിഷങ്ങളെണ്ണി നിന്നപ്പോൾ ഫോൺ വീണ്ടും റിങ് ചെയ്തു. അഡ്മിൻ ഗിരീശൻ.

‘‘മധുസാറേ. ബൊക്കെ കിട്ടിയില്ല, കടയെല്ലാം അടപ്പാ''.

സിഗ്‌നൽ വീണിരുന്നു. ഒരു കുട്ടിക്കള്ളനെപ്പോലെ ജംഗ്ഷൻ താണ്ടിയശേഷം ഫോൺ ചെവിയിൽ ചേർത്ത് ഗിരീശനോട് പറഞ്ഞു.
‘‘ഗിരീശാ, നന്നായി കിട്ടാത്തത്. ഈ സമയത്തല്ലേ ബൊക്കെ. അവരത് തന്റെ തലയിൽ കിരീടമായി വച്ചുതന്നേനേ''.

തൊണ്ടയാട് ജംഗ്ഷനിൽ നിന്ന് അൽപം ചരിഞ്ഞ് കാർ മുകളിലേക്ക് കയറുമ്പോൾ ഒരു വിശ്രമകേന്ദ്രത്തിലേക്ക് പോകുംപോലൊരു തോന്നലുളവാക്കി അൽപനേരം ചുറ്റും പ്രശാന്തമായി. ആ സ്ഥലത്ത് റോഡിന് ഇരുവശവും ധാരാളം കാട് വളർന്ന് നിൽക്കുന്നതുകൊണ്ടാകാം.

വീണ്ടും ഫോൺ. ഷമീറാണ്.

‘‘സാറെവിടെയെത്തി? ദാ മിനിസ്റ്റർ കാറിൽ നിന്ന് ഇറങ്ങുന്നു''

നാല്​:

പ്രസന്റേഷൻ സ്‌കൂളും കൊച്ചിൻ ബേക്കറിയും വൺവേ തെറ്റിച്ച് ഇടതുവശത്തുകൂടി പിന്നോട്ടു പാഞ്ഞു. ചേവായൂരു കടന്നപ്പോൾ വിജയലക്ഷ്മി ഹോട്ടൽ കൈവീശിക്കാണിച്ചു. കോവൂര് പിറന്നു. ആശ്വാസം തോന്നി. ഇനി ഒരാൾക്ക് ഏതാനും മറി നടക്കാനുള്ള ദൂരം മാത്രം. മന്ത്രി മുൻ ഗേറ്റിലൂടെ നടന്നുകയറുമ്പോഴേക്ക് കാർ പിന്നിലേക്ക് കയറ്റി മോർച്ചറി വഴി തനിക്ക് പ്രത്യക്ഷപ്പെടാം.

കാർ സുഗമമായി താഴേക്കു നീങ്ങവേ പൊടുന്നനേ ടയർ പൊട്ടി ഒച്ച ഒഴുകി. പെട്ടെന്ന് തീയാളിയത് വയറിലാണ്. മുഖം വിയർത്തു പൂത്തു. നീതി മെഡിക്കൽ സ്റ്റോറിന്റെ വയലറ്റ് ചതുരബോർഡിനോട് ചേർന്നുള്ള ഇലക്​ട്രിക്​ പോസ്റ്റിന് തൊട്ടുമുന്നിൽ കാർ നിന്നു.

ഹോൾഡറിൽ നിന്ന് വെള്ളമെടുത്തു മുഖം കഴുകി. കുടിച്ചു. വയറ്റിലെ തീ കെട്ടില്ല. വിയർപ്പും വരൾച്ചയും കൂടിവന്നു. തലപെരുത്തു. ചുറ്റുപാടും ആരെങ്കിലും സഹായത്തിനുണ്ടോയെന്ന് നോക്കുമ്പോഴേക്ക് നെഞ്ചിനുള്ളിലേക്ക് ഒരിരുമ്പ് കൂടം വന്നുപതിച്ചു. നാവ് മരച്ചു.

അഞ്ച്​:

ഡോ. ഷമീറും ഗിരീശനും ചേർന്ന് മിനിസ്റ്ററെ സ്വീകരിച്ചു. അഡ്മിനിൽ നിന്നും നോൺ ടീച്ചിങ്ങിൽ നിന്നുമായി പത്തുപേരുണ്ടായിരുന്നു. മറ്റ് ഡിപ്പാർട്ടുമെന്റുകളിൽ നിന്നായി നാലഞ്ചുപേർ കൂടിയുണ്ട്. എല്ലാവരും സാമൂഹിക അകലം പാലിച്ച് നിന്നു.

പക്ഷേ സാറില്ലാതെ ചടങ്ങിലേക്ക് പോകേണ്ടിവരുന്നത് ഷമീറിന്റെ ഉള്ളിൽ വിഷമമുണ്ടാക്കി.

‘‘മധുസാർ എത്തിയിട്ടുണ്ടാവില്ലല്ലേ. സാരമില്ല. വരട്ടെ. നമുക്കിതങ്ങ് തീർക്കാം'', മന്ത്രി വന്നപാടേ പറഞ്ഞു.

മന്ത്രിക്ക് ജോലിയിലാണ് ശ്രദ്ധയെന്ന് അറിവുള്ള ഷമീർ അത് ഓകെ പറഞ്ഞു.
​50 കിടക്കകൾ ഉള്ള പുതിയ ഐ.സി.യുവിന്റെ ഉദ്ഘാടനം ലളിതമായി നിർവഹിച്ചു മന്ത്രി മടങ്ങി. മന്ത്രിയുടെ കാർ സ്റ്റാർട്ട് ചെയ്ത ഉടൻ തന്നെ ഷമീർ മധുസാറിന്റെ നമ്പരിലേക്ക് വിളിച്ചു.

ആറ്​:

ടുത്തത് വിപിനാണ്. മോർച്ചറി ഇൻ ചാർജാണ്. വിപിൻ എന്ന ആർത്തനാദം ഇങ്ങനെ പറഞ്ഞു: ‘‘ഷമീറേ, മധുസാറ് എത്തിയെടാ. സാറ് വന്നത് മോർഗിലേക്കാടാ. കാറീന്നെറങ്ങി ഇവിടെ വീണെടാ. നീയെളുപ്പം വാ''.

ഡോ.ഷമീറിന്റെ ഫോൺ കയ്യിൽ നിന്ന് ഊർന്നുവീണു. ഒരു റിഫ്‌ളക്‌സിൽ കൈ ചെന്നത് സ്റ്റെത്തിലേക്കാണ്.

ഏഴ്​:

ധുസാർ പോസിറ്റീവായിരുന്നു.

ഓട്ടോപ്‌സിക്കുശേഷം ഡോ.നളിനി മധു ഫയലിൽ ഇങ്ങനെയെഴുതി: ഒരു നല്ല സമയത്തെ കയ്യെത്തിപ്പിടിക്കാൻ ബദ്ധപ്പെട്ടോടിയ ഘടികാരത്തിന്റെ കിതപ്പാണ് ആ ഹൃദയത്തിൽ അവസാനമായി കേട്ടത്. ▮


പ്രമോദ്​ രാമൻ

മാധ്യമപ്രവർത്തകൻ, കഥാകൃത്ത്. മീഡിയ വൺ എഡിറ്റർ. രതിമാതാവിന്റെ പുത്രൻ, ദൃഷ്​ടിച്ചാവേർ, മരണമാസ്, ബാബരി മസ്ജിദിൽ പക്ഷികൾ അണയുന്നു എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments