ടോക്സിക്

പത്താം വയസ്സിലാണ് ‘ആയിരത്തൊന്ന് രാവുകൾ’ ഞാൻ മൂന്നാം തവണയും വായിച്ചു തീർക്കുന്നത്.

ഷഹ്‌റാസാദിനെ എനിയ്ക്കിഷ്ടമാണ്.
കഥകൾ പറഞ്ഞ് കഥകൾ പറഞ്ഞ് സുൽത്താനെ മയക്കി മരണത്തെ അതിജീവിച്ച, എണ്ണമറ്റ കന്യകമാരെ അതിജീവിപ്പിച്ച എന്റെ ഷഹ്‌റാസാദ്. പിന്നീടുവന്ന എത്രയോ സ്വപ്നങ്ങളിൽ രാവുകളും പകലുകളും ഞാൻ എന്നെ സ്വയം അവളായി മെനഞ്ഞെടുത്തിട്ടുണ്ട്. ആരും കാണാതെ കണ്ണാടിക്കു മുന്നിൽ നിന്ന് ഞാൻ തലയിലൂടെ ചുവന്ന പുടവയിട്ട് വാലിട്ട് കണ്ണുകൾ എഴുതി. പിന്നെ അവനെ മയക്കുന്ന വശ്യമായ ശൃംഗാരം കണ്മുനകളിൽ കൊളുത്തി നാണം തുളുമ്പുന്ന പുഞ്ചിരിയോടെ, വാത്സല്യത്തോടെ സ്വയം മന്ത്രിച്ചു; "ഷഹ്‌റാസാദ്... ഹേയ് ഷഹ്റാസാദ്..."

കഥ പറഞ്ഞ് കഥ പറഞ്ഞ് മയക്കാനായി എത്രയോ നാൾ ഞാനെന്റെ സുൽത്താനെ കാത്തിരിക്കയായിരുന്നു.

അതൊരു ഭൂതകാല വാചകമാണല്ലേ?
A past progressive tense.
അതിനർത്ഥം, അതെ, അതുതന്നെ.
ഇതിനോടകം ഞാൻ എന്റെ സുൽത്താനെ കണ്ടെത്തിയിരിക്കുന്നു.

ഞാൻ ദരിദ്രയാണ്.
ഇരുപത്തിയൊന്ന് രാവുകളും ഇരുപത്തിയൊന്ന് പകലുകളും മാത്രമാണ് എനിയ്ക്ക് കഥകൾ പറയാനായി ലഭിക്കുക. ഇരുപത്തിയൊന്ന് എന്റെ തന്നെ തെരഞ്ഞെടുപ്പാണ്. അതിൽ മറ്റാരെയും കുറ്റപ്പെടുത്താനില്ല. എനിയ്ക്കത്ര മതി. എന്റെയടുക്കൽ വളരെ കുറച്ച് കഥകളേ ഉള്ളൂ. അതാണ് പ്രധാന കാര്യം. പറഞ്ഞല്ലോ, ഞാനൊരു ദരിദ്രയാണ്. ദരിദ്രയായിത്തന്നെ തുടരുകയാണ് ഉദ്ദേശ്യവും.

ഇത്തവണ കഥകൾ എന്നെ മരണത്തിൽ നിന്നും രക്ഷപ്പെടുത്താനല്ല. എനിയ്ക്ക് അവനെ രക്ഷിക്കണം. കഥ പറഞ്ഞ് കഥ പറഞ്ഞ് കഥ പറഞ്ഞ് എനിയ്ക്കവന്റെ ദിനങ്ങൾ നീട്ടി നൽകണം. നിങ്ങളുടെ അറിവിലേക്ക് - അവൻ കലശലായി ചുമയ്ക്കുന്നു.

അവനൊരു വലിയ പുകവലിയനാണ് (തോന്നിയവാസി). അവൻ പുക വലിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നതേയില്ല. ചുണ്ടിൽ ഉമ്മ വെയ്ക്കുമ്പോൾ സിഗരറ്റിന്റെ മുഷിഞ്ഞ ഗന്ധം കലരുന്നത്, അതെന്റെ ഉമിനീരിലേക്ക് പടർന്നു കയറുന്നത്, ഞാൻ ഇഷ്ടപ്പെടുന്നില്ല. അവന്റെ എത്രയോ നിമിഷങ്ങൾ അപഹരിക്കുന്ന ഈ ശീലം ഞാൻ തീരേ ഇഷ്ടപ്പെടുന്നില്ല. എനിയ്ക്ക് പേടിയാണ്. എന്റെ അമ്മ കാൻസർ വന്നാണ് മരിച്ചുപോയത്. അമ്മ സിഗരറ്റ് വലിച്ചിരുന്നില്ല. മുറുക്കാൻ ചവച്ചിരുന്നില്ല. ഇവൻ സിഗരറ്റ് വലിക്കുന്നു. ഭാഗ്യത്തിന് (നിലവിൽ) മുറുക്കാൻ ചവയ്ക്കുന്നില്ല.

അവന്റെ സ്വാതന്ത്ര്യമെന്നാവും നിങ്ങൾ പറയുന്നത്. ശരി. സ്വാതന്ത്ര്യം. സ്വാതന്ത്ര്യം തന്നെ. ആയതിനാൽ എന്നെങ്കിലും "എടീ... ഇതാ... ഞാനീ നശിച്ച സിഗരറ്റുകളെ പാടേ ഉപേക്ഷിക്കുന്നു’’ എന്ന് എന്നോടവൻ (സ്വയേച്ഛയോടെ) പറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

എന്താ? കഴിയില്ലെന്നാണോ? തീർച്ചയായും കഴിയും. കുറഞ്ഞത് അങ്ങനെ ചിന്തിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഞാനൊരു വലിയ സാമർഥ്യക്കാരിയാണ്. അതിലുപരി, ഞാനവനെ എന്റെ പ്രാണനെപ്പോലെ സ്നേഹിക്കുന്നു.

(പിൻകുറിപ്പ്: പ്രാണനിലധികം എന്നു പറയാത്തത് നിങ്ങളാ ആശയത്തെ തീർച്ചയായും വളരെ അയഥാർത്ഥമായ ഒന്നായി കരുതും എന്ന നിശ്ചയമുള്ളതുകൊണ്ടാണ്. പക്ഷേ എനിയ്ക്കങ്ങനെ തന്നെ പറയാം. കാരണം ഞാൻ സ്വപ്നങ്ങളിലാണ് ജീവിയ്ക്കുന്നത്. സ്വപ്‌നങ്ങൾ ആണ് എന്റെ ഏറ്റവും മോഹനമായ യാഥാർഥ്യങ്ങൾ. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാനവനെ പ്രാണനേക്കാൾ സ്നേഹിക്കുന്നു എന്നത് എന്റെ യാഥാർഥ്യമാണ്. അതുകൊണ്ട് അവൻ പുകവലി നിർത്തണമെന്ന് ന്യായമായും ഞാൻ ആഗ്രഹിക്കുന്നു. മനസ്സിലായോ?)

അവൻ മരിയ്ക്കുന്നെങ്കിൽ, അത് സിഗററ്റിനാലല്ല, എന്റെ സ്നേഹത്തിനാലാവണം.

ആലിംഗനം

എന്നെങ്കിലും
മരിക്കണമെന്ന് തോന്നുന്നെങ്കിൽ
നീ പറയണം
ഞാൻ വന്ന്
കെട്ടിപ്പിടിക്കുന്നുണ്ട്…

(വർഷങ്ങൾക്കുമുൻപ് ഞാനെന്റെ അജ്ഞാതനായ സുൽത്താനെയോർത്ത് ചുവന്ന മേപ്പിൾ മരത്തിന്റെ മുഖചിത്രമുള്ള നോട്ടുപുസ്തകത്തിൽ കോറിയിട്ടത്.)

ഞാനവനെ മുറുകെ കെട്ടിപ്പിടിച്ചു. എന്നിട്ടും മതിയാവാതെ മുറുകെ മുറുകെ.

"മതി. എനിയ്ക്ക് ശ്വാസം മുട്ടുന്നു’’.

എനിയ്ക്കവനെ കൊന്നുകളയണമെന്ന് തോന്നി.

"പോരാ പോരാ... എനിയ്ക്ക് നിന്റെ ഉള്ളിൽ കയറണം. നിന്റെ മാംസത്തിൽ… മജ്ജയിൽ… വിയർപ്പിൽ... രക്തത്തിൽ… അലിയണം’’.

ഞാൻ ചൊടിച്ചു.
അവനതു കേട്ട് പൊട്ടിച്ചിരിച്ചു.

"ഒരിക്കലും നടക്കാത്തത്", എന്റെ ഇറുക്കലിൽ ശ്വാസം മുട്ടുന്നതുകൊണ്ടാവണം ഒന്ന് ചുമച്ചു. വീണ്ടും ചിരിച്ചു.

"കിറുക്കത്തി"

"ആരു പറഞ്ഞു നടക്കില്ലെന്ന്. വേണമെങ്കിൽ നടത്തുകയൊക്കെ ചെയ്യാം’’, ഞാൻ പതിയെ എന്റെ പിടി അയച്ചു.

"അതുശരി. എങ്ങനെയാണ്? കേൾക്കട്ടെ’’.

എനിയ്ക്ക് ഹരമായി.

"നോക്കൂ. നാളെ ഞാൻ മരിച്ചു പോകുന്നു. എന്നെ കുഴി വെട്ടി മൂടുന്നു. മഴ പെയ്ത്, വെയിലേറ്റ്, ദ്രവിച്ച് ദ്രവിച്ച് എന്റെ ശരീരം ചീഞ്ഞഴുകുന്നു. ഞാൻ കുറെ പുഴുക്കൾക്കും പരാദങ്ങൾക്കും ഭക്ഷണമാവുന്നു. എന്റെ ചുറ്റിലുമുള്ള മണ്ണിലേക്ക് ഞാൻ അലിഞ്ഞലിഞ്ഞു കുതിരുന്നു. മരങ്ങൾ അതിന്റെ വേരുകളിലൂടെ എന്നിലേക്കാഴ്ന്ന്... ഞാൻ അവയുടെ ചെറുഞരമ്പുകളിലൂടെ പിണഞ്ഞ് പിണഞ്ഞ് മുകളിലേക്ക് കയറി… ഓരോ അണുവായും അവയുടെ കാണ്ഡങ്ങളിൽ, ഇലകളിൽ, പൂമൊട്ടുകളിൽ, കായ്കനികളിൽ... വിഹരിക്കുന്നു. ഒരിക്കൽ, എന്നെങ്കിലുമെന്നെങ്കിലുമൊരിക്കൽ, നീ അതിലൊരു പഴമോ ഇലയോ രുചിക്കുന്നു. അങ്ങനെ ഞാൻ നിന്റെ ഉമിനീരിലേക്കും കണ്ഠനാളത്തിലേക്കും കുടലിലേക്കും ഒഴുകിയിറങ്ങുകയായി. അവിടെ നിന്ന് എന്റെ അംശം, ഈ ഞാൻ, നിന്റെ ഇഴഞരമ്പുകളിൽ, ഓരോ തുള്ളി ചോരയിലേക്ക്, നിന്റെ ഓരോ ചെറു കോശത്തിലേക്ക്, അതിന്റെ നൂറിലൊന്നിലേക്കും പല മടങ്ങായി വ്യാപിക്കയായി. നോക്കൂ... നോക്കൂ... ഇപ്പോൾ നിന്റെയീ ഉടലിൽ നിറയെ ഞാൻ. നിന്റെ തലയിൽ, മുടിനാരുകളിൽ, കൺപീലികളിൽ, ഇടനെഞ്ചിൽ, നഖങ്ങളിൽ... നിന്റെ ചിന്തകളിൽ... എവിടെയും ഞാൻ..."

"ഓഹോ. അങ്ങനെയാണോ’’, അവനെന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു.

"പക്ഷേ ഒരു കുഴപ്പമുണ്ടല്ലോ. ഞാൻ ആ പരിസരത്തൊന്നുമല്ല ജീവിക്കുന്നതെങ്കിൽ...? നിന്നെ മൂടിയിരിക്കുന്ന ഇടത്തു നിന്നും മാറി... എത്രയോ അകലെ... അങ്ങനെയാണെങ്കിൽ...?"

"കാറ്റ് എന്റെ മണം കൊണ്ടുവരും. കാറ്റിന് എങ്ങോട്ടും സഞ്ചരിക്കാം. നീ എവിടെയാണെങ്കിലും അത് പറന്നു പറന്നു പറന്നു വന്ന് നിന്റെ ശ്വാസത്തിൽ ചെറു കണികകളായി അകത്തേക്ക് പ്രവേശിക്കും. പിന്നെ എല്ലാം പഴയതുപോലെ." ഞാൻ ചിരിച്ചു.
"നിനക്ക് രക്ഷയില്ല".

ഞങ്ങൾ കായൽക്കരയിലെ മുളകൊണ്ടുള്ള ബെഞ്ചിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു പരുന്ത് വെള്ളത്തിലൊരു മീനിനെ കൊത്തിപ്പറന്നു. "സബാഷ്”, അവൻ പറഞ്ഞു.
"എന്തൊരു കൂർമ്മതയാണ് പരുന്തുകൾക്ക്". ഞാനവനെ നോക്കി.
"നീ... പരുന്തിനൊപ്പമോ മീനിനൊപ്പമോ...?", ഞാൻ ചോദിച്ചു.
"മണ്ണിരയ്‌ക്കൊപ്പമോ ഉറുമ്പുകൾക്കൊപ്പമോ...?" ആവർത്തിച്ചു.

"ഞാൻ..." അവൻ ആലോചിച്ചു.
"ഞാൻ ആർക്കൊപ്പവും അല്ല. പരുന്തിനൊപ്പവും മീനിനൊപ്പവും അല്ല. മണ്ണിരയ്‌ക്കൊപ്പവും ഉറുമ്പിനൊപ്പവും അല്ല. ഞാനൊരു പക്ഷപാതി അല്ല’’.
അവൻ കായലിലേക്ക് നോക്കിയിരുന്നു. മറ്റൊരു പരുന്ത് കായലിലേക്ക് ഉന്നം പിടിച്ചു പറന്നുവന്നു. "പക്ഷേ..."
അതൊരു മീനിനെ കൊത്തിപ്പറന്നു.
"...ഞാൻ പക്ഷപാതിയാണ്’’, ഞാൻ പറഞ്ഞു.
"ഓ. അതെനിക്കറിയാമല്ലോ", അവൻ കായലിലേക്ക് നോക്കിക്കൊണ്ട് തന്നെ പറഞ്ഞു.
"പക്ഷപാതിയായതുകൊണ്ട് എനിയ്ക്ക് പരുന്തിനൊപ്പമോ മീനിനൊപ്പമോ ചേരാം. ഉറുമ്പുകൾക്കൊപ്പമോ മണ്ണിരയ്ക്കൊപ്പമോ ചേരാം’’.
‘ഉം...’

ഞാൻ ആരുടെ ഒപ്പമാണെന്ന് മാത്രം അവനോട് പറഞ്ഞില്ല. അവൻ ചോദിച്ചുമില്ല. ഒരുപക്ഷേ പറയാതെ തന്നെ അവന് അതറിയുമായിരുന്നിരിക്കണം. എന്നോട് യഥാർത്ഥത്തിൽ സ്നേഹമുണ്ടെങ്കിൽ അവനതും അറിയേണ്ടതാണ്. എന്നെ അവൻ അറിയേണ്ടതാണ്. പക്ഷേ അവനെന്നെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നുണ്ടോയെന്ന് എനിയ്ക്കിതുവരെ മനസ്സിലായിട്ടില്ല. എനിയ്ക്കത് അറിയണമെന്നുണ്ട്. അതോ ഉണ്ടോ…? മനസ്സിലാവുന്നില്ല. അവനെന്നെ സ്നേഹിച്ചാലും ഇല്ലെങ്കിലും എനിയ്ക്ക് കുഴപ്പമില്ലെന്ന് തോന്നുന്നു. പക്ഷേ സ്നേഹിക്കുക എന്നതാണ് എന്റെ ആഗ്രഹം. അവനെന്നെ സ്നേഹിച്ചിരുന്നെങ്കിൽ...

എനിയ്ക്ക് പുകച്ചുരുളുകളുടെ നാറ്റം കിട്ടി. അവൻ വലിയ്ക്കുകയാണ്. ഇന്ന് അഞ്ചാമത്തേത്. ഞാൻ എഴുന്നേറ്റു മാറി.

"നീയിനി ഇന്നെന്നെ ഉമ്മ വെയ്‌ക്കേണ്ട", ഞാൻ പറഞ്ഞു. അവൻ ചിരിച്ചു. അവനെന്നെ ഉമ്മവെച്ചില്ലെങ്കിലും കുഴപ്പമില്ലെന്നാണ് തോന്നുന്നത്. അവനെന്നോട് സ്നേഹമില്ലായിരിക്കും.

"നിനക്കെന്നോട് സ്നേഹമുണ്ടോ...?" ഞാൻ ഒരു മാവില നുള്ളി ഞരടി മണത്തു.
"എന്തിനാ ആ മാവിലകളെ ഉപദ്രവിക്കുന്നത് കുട്ടീ. അതിന് ജീവനുണ്ട്."
"നിനക്കെന്നോട് സ്നേഹമുണ്ടോ...?" ഞാൻ വീണ്ടും ചോദിച്ചു.
"ഉണ്ടെങ്കിൽ ഇപ്പോൾ എന്തുവേണം? പുകവലി നിർത്തണം എന്നായിരിക്കും. എനിയ്ക്ക് പറ്റില്ല പൊന്നേ. അങ്ങനൊന്നും തെളിയിക്കേണ്ട കാര്യമില്ല’’, അവൻ ഒരു പുക കൂടെ എടുത്തു. "എനിയ്ക്കും നിർത്തണമെന്നുണ്ട്. ഞാൻ എന്നെങ്കിലും നിർത്തും. സ്വയം തോന്നിയിട്ട്. അല്ലാതെ ആരെങ്കിലും നിർബന്ധിച്ചിട്ടല്ല. വലിക്കാനുള്ള ആഗ്രഹത്തെ അമർത്തി വെച്ചിട്ട്… അങ്ങനെയല്ല അത് ചെയ്യേണ്ടത്. എന്നെങ്കിലുമൊ..."
"ഞാനിനി മാവിലകളെ ഞരടില്ല’’.
"...ഉം, നല്ലത്’’.

ഞാൻ വീണ്ടും മുളക്കസേരയിൽ വന്നിരുന്നു.
"ഞാൻ പരീക്ഷിക്കാൻ പോകുന്നു’’.
"എന്ത്...?"
"നിനക്കെന്നോട് സ്നേഹമുണ്ടോ എന്ന്’’.
"എങ്ങനെ പരീക്ഷിക്കാൻ പോകുന്നു...?"
"ശോ ചെറുക്കാ. ഈ കസേരയ്ക്ക് ഉയരം നന്നേ കുറവാണ്. മര്യാദയ്ക്ക് കാൽ നിവർത്താൻ പോലും പറ്റുന്നില്ല’’.
"എങ്ങനെ പരീക്ഷിക്കാൻ പോകുന്നു...?"

ഞാൻ കായലിലേക്ക് നോക്കി.
പരുന്തുകൾ... മീനുകൾ... പരുന്തുകൾ... മീനുകൾ... മീനുകൾ...
"ഒരു വിദ്യയുണ്ട്’’.
"ഞാൻ കായലിൽ ചാടേണ്ടിവരുമോ? എനിയ്ക്ക് നിന്റെ മീനുകളെപ്പോലെ നീന്തലറിയില്ല’’.
"വേണ്ട", എനിയ്ക്ക് ചിരി വന്നു. എന്റെ പാവം സുൽത്താൻ.
"ഓഹോ. അപ്പൊപ്പിന്നെ വീണ്ടും കടലിനോട് ചോദിക്കാൻ പോകുവായിരിക്കും’’.
അവൻ പുരികം ചുളിച്ചു.

'വീണ്ടും' എന്ന പദം വന്നതുകൊണ്ടു തന്നെ മുൻപെപ്പോഴോ ഞാൻ ഏതോ ഒരു കടലിനോട് അങ്ങനെയൊന്ന് ചോദിച്ചതിന്റെ സാധ്യത നിങ്ങൾ കണ്ടു കഴിഞ്ഞിരിക്കുമല്ലോ. ശരിയാണ്. ആ കഥ ഞാൻ വൈകാതെ പറയാം.

"ഓഹോ. അപ്പൊപ്പിന്നെ വീണ്ടും കടലിനോട് ചോദിക്കാൻ പോകുവായിരിക്കും." അവൻ പുരികം ചുളിച്ചു.
"അല്ല"

ഇത്തവണ മീനിനെ കൊത്തിപ്പറന്ന പരുന്തിന്റെ വായിൽ നിന്നും അത് തിരികെ കായലിലേക്ക് വീണു. ഞാൻ തുള്ളിച്ചാടി.
"ഹേയ്... ആ മീൻ രക്ഷപ്പെട്ടു, പീറ പരുന്ത്! പോയ് തുലയട്ടെ’’.

"നീ എന്തൊരു ദുഷ്ടയാണ്, മീൻ ആ പരുന്തിന്റെ ഭക്ഷണമാണ്. അതിന് വിശക്കില്ലേ...?"
"മറ്റെന്തെങ്കിലും കഴിച്ചോട്ടെ" ഞാൻ പറഞ്ഞു. "മീനിനെ കൊല്ലേണ്ട’’, എനിയ്ക്ക് പെട്ടെന്ന് കരച്ചിൽ വന്നു.
"നീയെന്ത് പരീക്ഷണമാണ് നടത്താൻ പോകുന്നത്...?"

ഞാനവനെ നോക്കി. രോമം പാടേ വടിച്ചുമാറ്റിയ മുഖത്ത് നിന്നും ചെറിയ കുറ്റിത്താടിയും മീശയും മുളച്ചുവരുന്നു. അവിടവിടെ വെളുത്ത രോമങ്ങൾ. പണ്ട് വീട്ടിലേക്കുള്ള വഴി നിറയെ വീണു കിടക്കുന്ന വെളുത്ത പാരിജാതപ്പൂക്കളെ കുട്ടിഞാൻ ആവേശത്തോടെ പെറുക്കിയെടുക്കുമായിരുന്നു. ഹോ! പാരിജാതപ്പൂക്കൾ മണത്തു നോക്കിയിട്ടുണ്ടോ...?

"പറയ് പെണ്ണേ. എന്ത് പരീക്ഷണമാണ്?"
ഞാൻ അവനടുത്ത് ചെന്നിരുന്നു. വാത്സല്യത്തോടെ കവിളിൽ തൊട്ടു.
"നമ്മൾ ഇരുപത്തിഒന്ന് ദിവസങ്ങൾ പിരിഞ്ഞിരിക്കാൻ പോകുന്നു’’.
"എന്നിട്ട്...?"
“എന്നിട്ട്…”
ഞാൻ ചിരിച്ചു.

ആ ദിവസം ഞാൻ അന്ധകാരനാഴി കടൽ കാണാൻ ഒറ്റയ്ക്കാണ് പോയിരുന്നത്. സന്ധ്യയായിരുന്നു. കടലെന്റെ കാലിലേക്ക് നുരഞ്ഞു തുപ്പുമ്പോൾ ഞാൻ തലേ ദിവസം അവനെന്റെ കാൽപ്പാദങ്ങളെ ഉമ്മവെച്ചതോർമ്മിച്ചു. എനിയ്ക്ക് ഇക്കിളിയായി.
"കടലമ്മേ... എനിയ്ക്കൊരു കാര്യമറിയണം’’, ഞാൻ അട്ടഹസിച്ചു.
(ദേ... അട്ടഹസിക്കുന്നതൊക്കെ മനസ്സിലാണ്. മറ്റാരും കേൾക്കാതെ. കടലിന് എന്റെ മനസ്സ് വായിക്കാം. എനിയ്ക്ക് അവളുടെയും.)

"എന്താ നിനക്ക് അറിയേണ്ടത്...?
എന്താ നിനക്ക് അറിയേണ്ടത്...?
എന്താ നിനക്ക്..."
"അവനെന്നെ സ്നേഹിക്കുന്നുണ്ടോ എന്ന്’’.
"അയ്യേ. പേട്ട് പെണ്ണേ. അതിതുവരെ പിടികിട്ടിയില്ലേ...?"
"ഇല്ല. നീ പറഞ്ഞു തരൂ..."
"ശരി. എങ്ങനെയാണ് പറയേണ്ടത്…?"
ഞാൻ പിന്നോട്ട് നടന്നു.
"നീയിതെങ്ങോട്ട് പോകുന്നു?"
പിന്നോട്ട് പിന്നോട്ട് പിന്നോട്ട്...
"കടലേ..." ഞാനുറക്കെ വിളിച്ചു പറഞ്ഞു.
"എന്തോ...?"
"ഇതാ നീ നിന്റെ അടുത്ത തിരയെനിക്ക് ഇവിടെ തരണം. എന്റെ കാലിൽ ഓടിവന്നൊരു അരുമ മുത്തം തന്നാൽ അവനെന്നോട് നിറയെ ഇഷ്ടമുണ്ട്’’.
"എന്റെ ആകാശമുത്തപ്പാ! അതൊരുപാട് ദൂരെയാണല്ലോ. ഞാൻ അവിടെ വരെ എത്തിയില്ലെങ്കിലോ...?"
"ഇല്ലെങ്കിൽ...
എത്തിയില്ലെങ്കിൽ... വേണ്ട.
നീ എത്തിയേ പറ്റൂ."

ഒരു വെളുവെളുത്ത പെൺകുതിര പാഞ്ഞ് പാഞ്ഞ് പാഞ്ഞ് വന്നു. വന്ന് വന്ന് വന്ന്... എന്റെ കാലിന്റെ തള്ളവിരലിന് വളരെ മുന്നേ വെച്ച്… അങ്ങനേയങ്ങ്... മടങ്ങിപ്പോയി.

കേട്ടോ, മടങ്ങിപ്പോയെന്ന്.

എനിയ്ക്ക് കരച്ചിൽ വന്നു.
പരമദുഷ്ടൻ. അവനെന്നെ സ്നേഹിക്കുന്നില്ല.

ഞാൻ അവനോട് പറഞ്ഞ കരാർ അവൻ സമ്മതിച്ചു. ഞങ്ങൾ ഇരുപത്തിഒന്ന് ദിവസങ്ങൾ പിരിഞ്ഞിരിക്കാൻ പോകുന്നു.

ഞാൻ അവനുമായി ചേർന്ന് ഇരുപത്തിഒന്ന് കല്ലുകളുടെയും ഇരുപത്തിഒന്ന് നക്ഷത്രങ്ങളുടെയും കളി കളിക്കാൻ പോകുന്നു. 'മോചനം (The Quiet Release)' എന്നാണ് ഞാനീ കളിയെ നാമകരണം ചെയ്തിരിക്കുന്നത്. എനിക്കിതല്ലാതെ മറ്റൊരു പോംവഴിയും തോന്നിയില്ല. കളിക്കേണ്ട വിധവും കളിയുടെ നിയമാവലികളും ചുവടെ പറയുന്നവയാണ്. ഇവയിൽ എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടെങ്കിൽത്തന്നെ അതിന്റെ പൂർണ അവകാശം കളിയുടെ സ്രഷ്ടാവായ ഈയുള്ളവൾക്ക് മാത്രമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
(ആദ്യമേ തന്നെ പറയട്ടെ. ഞാൻ തികച്ചും സ്വാർത്ഥയും ക്രൂരയും ദയാഹീനയുമായ ഒരു മനുഷ്യനാണ്. ഒരു മാതൃകാ കാമുകിയേ അല്ല. ദയവുചെയ്ത് എന്നെ അനുകരിക്കരുത്. ഞാൻ നിങ്ങളെ വിശ്വസിക്കുന്നു.)

മോചനം (The Quiet Release)

കളിക്കേണ്ട വിധം
(How to play the Game?)

ഈ കളിയിൽ ചുരുങ്ങിയത് രണ്ടോ അതിലധികമോ കളിക്കാർ ആവാം. (ഇവിടെ സ്വാഭാവികമായും രണ്ട് കളിക്കാർ. ഞാനും അവനും). ഇരുപത്തിഒന്ന് ദിവസങ്ങളാണ് കളിയുടെ കാലദൈർഘ്യം. (ഇരുപത്തിഒന്ന് എന്ന സംഖ്യ തെരഞ്ഞെടുക്കാനുള്ള കാരണം, ഒരാൾക്ക് ഒരു ശീലം മാറ്റാൻ ആവശ്യമെന്ന് ഏറ്റവും പ്രായോഗികമായി പറയപ്പെടുന്നത് ഇരുപത്തിഒന്ന് ദിവസങ്ങൾ ആണ് എന്നതിനാലാണ്).

ഇരുപത്തിഒന്ന് ദിവസങ്ങളിലേക്ക്, ദിവസത്തിന് ഒന്ന് വെച്ച് മൊത്തം ഇരുപത്തിഒന്ന് തിളങ്ങുന്ന നക്ഷത്രങ്ങളും ഇരുപത്തിഒന്ന് കൂർത്ത കല്ലുകളും ഉണ്ട്. ശീലം മാറ്റേണ്ടുന്ന ആൾ അപ്പുറത്തെയാൾക്കാണ് നക്ഷത്രമോ കല്ലോ നൽകേണ്ടതെന്ന് തീരുമാനിക്കുക. മാറ്റേണ്ടുന്ന ശീലം അന്നേ ദിവസവും തുടർന്നെങ്കിൽ അപ്പുറത്തെയാൾക്ക് അയാൾ സമ്മാനിക്കുന്നത് കൂർത്ത കല്ലുകൊണ്ടുള്ള ഒരു ഏറ് ആണ്. (ഏറ് സാങ്കല്പികമാണ്).

മറിച്ച് അന്നേ ദിവസം ആ ദുശ്ശീലം ഒഴിവാക്കാൻ അയാളെക്കൊണ്ട് സാധിച്ചുവെങ്കിൽ മറ്റേയാൾക്ക് പാരിതോഷികമായി ലഭിക്കുക ഒരു തിള തിളങ്ങുന്ന സുന്ദരനക്ഷത്രം ആയിരിക്കും. ഇവിടെ സ്വാഭാവികമായും കളിക്കാരൻ അവനും ഉപഹാര സ്വീകർത്താവ് ഞാനുമാണ്. തീർച്ചയായും മറ്റ് ഏത് കളികൾക്കും എന്നപോലെ ഈ കളിക്കും കർശനമായ ചില നിയമാവലികൾ ഉണ്ട്.

നിയമാവലികൾ
(Game Rules)

1. കളിക്കുന്ന ആൾ ഉപഹാരം സ്വീകരിക്കേണ്ട ആൾക്ക് കരുതിക്കൂട്ടി ഏറുകൾ നൽകുന്ന കള്ളക്കളി നിയമലംഘനമാണ്.

2. ഈ കളി തീർത്തും സദുദ്ദേശ്യമുള്ളതും വിനോദപരവും ആകുന്നു. അതിനാൽത്തന്നെ അപ്പുറത്തെ ആൾക്ക് തന്നോട് സ്നേഹമുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗ്ഗമായി പ്രസ്തുത കളിയെ ദുരുപയോഗം ചെയ്യുന്നത് കർശനമായി വിലക്കിയിരിക്കുന്നു.
(പിൻകുറിപ്പ്: കളിയുടെ സ്രഷ്ടാവിന് ഈ നിയമത്തിൽ ചില ഇളവുകൾ ലഭിക്കുന്നതാണ്.)

3. യാതൊരു കാരണവശാലും കളിക്കുന്ന ആൾ മറ്റേ ആളോട് നുണ പറയാൻ പാടുള്ളതല്ല.

4. ഒരു ദിവസം ഒരു നക്ഷത്രത്തിനുള്ള സാധ്യതയേ ഉള്ളൂ. എന്നാൽ ഒരു ദിവസത്തിൽ ഒന്നിലധികം തവണ തദ്വാരാ ദുശ്ശീലം ആവർത്തിക്കുകയാണെങ്കിൽ ഒരേ കല്ലുകൊണ്ട് അത്രയും തവണ അപ്പുറത്തെയാൾക്ക് നല്ല മുട്ടൻ ഏറ്(കൾ) കിട്ടുന്നതാണ്.

5. ഇരുപത്തിരണ്ടാം നാൾ ഉപഹാരം സ്വീകരിച്ചയാളുടെ കൈവശമുള്ള മൊത്തം കല്ലുകളുടെയും നക്ഷത്രങ്ങളുടെയും ആകെ സംഖ്യ കണക്കിലെടുത്താണ് അയാൾ ധനികയോ ദരിദ്രനോ ആയിത്തീർന്നതെന്ന് നിശ്ചയിക്കുക.

അപഗ്രഥനം
(Final Analysis of the Game)

അപ്പുറത്തെയാൾ ധനികനാണ് ആവുന്നതെങ്കിൽ കളിക്കുന്ന ആൾക്ക് ദുശ്ശീലത്തെ മറികടക്കാനുള്ള ദൂരം കുറഞ്ഞിരിക്കുന്നു. അയാൾ നല്ല മാറ്റത്തിന്റെ പാതയിലാണ്. മറിച്ച്, ദരിദ്രയാണ് ആവുന്നതെങ്കിൽ കളിക്കാരന്/കളിക്കാരിക്ക് ഇവ്വണ്ണം ദുശ്ശീലത്തെ മറികടക്കുക ദുഷ്കരമായ കാര്യമാണെന്നും കൂടുതൽ അദ്ധ്വാനിക്കേണ്ടിയിരിക്കുന്നു എന്നും മനസ്സിലാക്കാം.

നിങ്ങൾക്കായി പ്രോത്സാഹിപ്പിക്കാത്ത എനിയ്ക്ക് വേണ്ടി മാത്രമുള്ള മറ്റൊരു അപഗ്രഥനം കൂടെയുണ്ട്. എന്തെന്നാൽ ഇരുപത്തിരണ്ടാം നാൾ ഞാൻ ധനികയാണ് ആവുന്നതെങ്കിൽ (കല്ലുകളെക്കാൾ നക്ഷത്രങ്ങൾ ഉണ്ടെങ്കിൽ) അവനെന്നെ സത്യസന്ധമായി പ്രണയിക്കുന്നു. മറിച്ച് ഞാൻ ദരിദ്രയാവുന്നെങ്കിൽ (സ്വാഭാവികമായും, നാശം പിടിച്ച കല്ലുകളാണ് കൂടുതലെങ്കിൽ) അവനെന്നോട് പ്രത്യേകിച്ച് സ്നേഹമൊന്നുമില്ല. കടൽ പറഞ്ഞ പോലെ.

കുറിപ്പ്: അവനെന്നെ സ്നേഹിക്കുന്നു എന്നുതന്നെ ഞാൻ ആത്മാർത്ഥമായി ഉറച്ച് വിശ്വസിക്കുന്നു.

നാളെ, 2933 ഡിസംബർ 16 വെള്ളിയാഴ്‌ച, ഒന്നാം ദിനം ആരംഭിക്കുന്നു.
2934 ജനുവരി 05 വ്യാഴാഴ്ച കളി അവസാനിക്കുന്നു. ജനുവരി 06 വീണ്ടും വെള്ളിയാഴ്ച അന്തിമ വിധി നിർണയം.
ഞാൻ തയ്യാറെടുത്തു. അവന് പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ ഒന്നും ഉണ്ടായതായി തോന്നിയില്ല. ഇനിയുള്ളതെല്ലാം ഈ 21 ദിനങ്ങൾ ഞാനും അവനും തമ്മിൽ നടക്കാൻ പോകുന്ന വാട്സാപ്പ് ചാറ്റിലെ പ്രധാനപ്പെട്ട വരികളാണ്. നിങ്ങളുടെ തിരിച്ചറിവ് കൂടുതൽ എളുപ്പത്തിലാക്കുന്നതിനും ആശയക്കുഴപ്പം ഒഴിവാക്കുന്നതിനുമായി ഞാൻ എന്റെ സംഭാഷണങ്ങൾക്ക് ‘ഹ’ (ഹവ്വ) എന്ന അക്ഷരവും അവന്റേതിന് ‘ആ’ യും (ആദം) നൽകിയിരിക്കുന്നു.
(രണ്ടു നിറങ്ങളാണ് നൽകേണ്ടിയിരുന്നതെങ്കിൽ ഞാൻ എനിയ്ക്ക് നീലയും അവന് ചുവപ്പും നൽകിയേനെ. നീല, ആകാശം പോലെ വിശാലമായ പരിധിയില്ലാത്ത എന്റെ സ്വപ്നങ്ങളുടെ. ചുവപ്പ്, ഒലിച്ചിറങ്ങുന്ന ചോരയുടെയോ വെട്ടിത്തിളങ്ങുന്ന നക്ഷത്രങ്ങളുടെയോ. രണ്ടിലേതായാലും അവനെനിക്ക് നൽകുന്ന സമ്മാനത്തിന്റെ നിറം ചുവപ്പാവാനേ തരമുള്ളൂ.)

കളിയിതാ തുടങ്ങുകയാണ്.
Ready… 5…4…3…2…1…Go!

ദിനം 1 - 2933 ഡിസംബർ 16 വെള്ളി

9:30
ഹ: സുൽത്താനേ...
ആ: പറയൂ ഷഹ്റാസാദ്...
ഹ: ഇന്ന് നീയെനിക്ക് നക്ഷത്രമോ കല്ലോ നൽകാൻ പോകുന്നത്?
ആ: ഏതാണ് നിനക്ക് വേണ്ടത്?
ഹ: അത് നിനക്കറിയാമല്ലോ. ഇരുപത്തി ഒന്ന് നക്ഷത്രങ്ങൾ. എനിയ്ക്ക് ധനികയാവണം.
ആ: നീ വല്ലാത്തൊരു ആർത്തിക്കാരി തന്നെ.
ഹ: അതേ. ഇതാണെന്റെ ആർത്തി. ആകാശം മുഴുവനുമുള്ള നക്ഷത്രങ്ങൾ കിട്ടിയാലും എനിയ്ക്ക് മതിവരില്ല.
ആ: അത്രയൊന്നും തരാൻ എനിയ്ക്ക് ശേഷിയുമില്ല.
ഹ: അത് നോക്കാം.
ആ: ഞാനിപ്പോൾ എന്ത് ചെയ്യാൻ പോകുന്നെന്നോ?
ഹ: എന്ത് ചെയ്യാൻ പോകുന്നു?
ആ: ഒരു കല്ലെടുക്കാൻ…

11:00

ആ: ഇതാ… വീണ്ടും ഒരെണ്ണം കൂടെ വലിക്കാൻ പോകുന്നു. ക്ഷമിക്കണം പ്രിയപ്പെട്ട രാജ്ഞി…
ഹ: ഉം. വലിച്ചോളൂ.

15:00

ആ: ഏഴാമത്തേ തവണ എറിയാൻ പോകുന്നു...

19:00

ആ: ആറ് തവണ കൂടി കല്ലെറിഞ്ഞു കേട്ടോ. പെണ്ണേ.. നിനക്കെന്നോട് ദേഷ്യം തോന്നുന്നുണ്ടോ?

23:30

ആ: ക്ഷമിക്ക്. മൂന്ന് തവണ കൂടി.

23:47

ആ: എന്താ ഒന്നും മിണ്ടാത്തത്? നീയെന്നോട് പിണങ്ങിയല്ലേ...?

24:00

ഹ: പ്രിയപ്പെട്ട സുൽത്താനേ... ഇന്നത്തെ ദിവസം അവസാനിക്കുന്നു. 21 നക്ഷത്രങ്ങളും 21 കല്ലുകളുമുള്ള നിന്റെ നിധിശേഖരത്തിൽ നിന്ന് നീയിന്ന് സ്നേഹപൂർവ്വം എനിയ്ക്ക് സമ്മാനിച്ചത് ഒരു കല്ലാണ്. കൂർത്ത ഒരു കല്ല്. ഏറ്റവും ആർദ്രമായ ഹൃദയത്തോടെ, നിന്നോടുള്ള അടങ്ങാത്ത പ്രേമത്തോടെ ഞാനതേറ്റുവാങ്ങുന്നു. നിനക്ക് നന്ദി. ഇതാ ഞാൻ എന്നെ എറിയാൻ പോവുകയാണ്…

ആ: ഹ ഹ ഹ. നീ കൊള്ളാല്ലോ പെണ്ണേ. എറിഞ്ഞിട്ട് വേഗം കിടക്ക്. ശരി. ഞാൻ പാതി ഉറക്കത്തിലാണ്. Goodnight.

…

ഹ: ഓ! സുൽത്താനേ. നീയെനിക്ക് തന്നത് നല്ല മൂർച്ചയുള്ള കൂർത്ത ഒരു വെള്ളാരംകല്ലായിരുന്നു. ഞാൻ കണ്ണുകളടച്ചു. ശ്വാസം മുറുകെ പിടിച്ചിരുന്നു… പൊടുന്നനെ ഒരു അമ്പ് പോലെ അതെന്റെ നെറ്റിയിൽ വന്ന് തുളച്ചു കയറി. കുറച്ചു നിമിഷത്തേക്ക് അതവിടെ തറച്ചു നിന്നു. ഞാൻ പതിയേ കണ്ണ് തുറന്നു. എൻറെ ചുറ്റിലും ഇരുട്ട് പരക്കാൻ തുടങ്ങിയിരുന്നു. ഞാൻ വീഴാൻ പോവുകയാണെന്ന് എനിയ്ക്ക് തോന്നി. വീഴും മുൻപേ ആ കൂർത്ത കല്ലിനെ എൻറെ മാംസത്തിൽ നിന്നും പ്രയാസപ്പെട്ട്... പ്രയാസപ്പെട്ട്... ഞാൻ പറിച്ചുമാറ്റി. ഒരു പഴുത്ത പേരയ്ക്ക ഞെട്ടോടെ അറുത്തെടുക്കും പോലെ! അതിനും പേരയ്ക്കപോലെ വിളറിയ ചുവപ്പ് നിറമായിരുന്നു. എന്തെന്നാൽ അതെന്റെ ചോരകൊണ്ട് പുടവ ചുറ്റിയിരുന്നു. അല്ലെങ്കിൽ വെളുത്ത കല്ലിൽ അതിമനോഹരമായ വലിയ ചുവന്ന പൊട്ട് പോലെ. (നിനക്ക് ചുവന്ന പൊട്ട് ഇഷ്ടമാണല്ലോ.) ഇപ്പോൾ അടർന്ന പുതുചോരയുടെ നേർത്ത ചൂട് എന്റെ വിരലുകളിലേക്ക് ഇരച്ചുകയറി. എന്റെ നെറ്റിയിൽ നിന്നും മൂക്കിലേക്ക് ഒരു നീണ്ട ചുവന്ന നദി ഒഴുകി വരുന്നുണ്ടിപ്പോൾ.

സുൽത്താനേ... എനിയ്ക്കിപ്പോൾ എന്റെ രക്തത്തിന്റെ മണവും രുചിയുമറിയാം. നേരിയ പുളിരസമാണതിന്. അതെന്റെ ശ്വാസത്തിൽ, ഉമിനീരിൽ ചെറു മാത്രകളായി കലർന്നിരിക്കുന്നു... എനിയ്ക്ക്... എനിയ്ക്ക് വേദനിക്കുന്നു…

ആ: ശ്ശേ. നീയിതെന്തൊക്കെയാണ് ഈ പറയുന്നത്. കോപ്പ്. ഒന്ന് നിർത്തുന്നുണ്ടോ.

ഹ: തീർന്നില്ല. ഇനിയും പതിനഞ്ച് തവണ കൂടി ഏറ് ബാക്കിയുണ്ട്. ഞാൻ എന്റെ നെറ്റിയിൽ രൂപം കൊണ്ട അതേ പടുകിണറിൽ തന്നെ വീണ്ടും വീണ്ടും വീണ്ടും ഓളങ്ങൾ ഉണ്ടാക്കാൻ പോകുന്നു. (ഹഹ. എനിയ്ക്കിനി അവിടെ പൊട്ട് തൊടാൻ സാധിക്കില്ലല്ലോ സുൽത്താനേ.)

ശരി. നീ സുഖമായി ഉറങ്ങിക്കോളൂ. തീവ്രമായ വേദനകൊണ്ട്, എനിയ്ക്കിന്ന് ഉറങ്ങാനേ കഴിയില്ല.

ദിനം 2 - 2933 ഡിസംബർ 17 ശനി

9:12

ആ: ഇന്നലെ നീയാ പുലമ്പിയതൊന്നും എനിയ്ക്ക് തീരേ ഇഷ്ടപ്പെട്ടില്ല. ഇങ്ങനെയാണെങ്കിൽ ഞാൻ വലിക്കുന്നതൊന്നും നിന്നോട് പറയില്ല.

ഹ: അത് പറ്റില്ല. കള്ളക്കളി കളിക്കില്ല എന്ന് നമ്മൾ തുടക്കത്തിലേ പരസ്പരം വാക്ക് നൽകിയതാണ്.

ആ: എനിക്കറിയില്ല.

ഹ: ആദം, നീയെന്നോട് എന്നെങ്കിലും നുണ പറയുമോ...?

ആ: ഇല്ല.

ഹ: അതുമതി. അഥവാ പറഞ്ഞാലും നുണകളെ എളുപ്പത്തിൽ മനസ്സിലാക്കാൻ ത്രാണിയുള്ള ഒരുത്തിയാണ് ഞാനെന്ന് നിനക്കറിയാം.

ആ: എന്തിനാ നുണ പറയുന്നത്? വലിച്ചാൽ വലിച്ചു എന്ന് പറയാനുള്ള ഊറ്റം എനിക്കുണ്ട്. ശരി. ഞാനിതാ പൂരി മസാല കഴിച്ചിട്ട് ഒരു പുകയെടുക്കാൻ പോകുന്നു.

ഹ: നീ വല്ലാതെ ചുമയ്ക്കുന്നുണ്ടോ...?

16:00

ആ: മധുരമിടാത്ത കാപ്പിയ്‌ക്കൊപ്പം ഒരു പുക എത്ര കേമമാണെന്നോ? പുറത്ത് ചെറുതായി മഴ പെയ്യുന്നുണ്ട്. ഒരു കുട വാങ്ങണം. ആമസോണിൽ കുടയ്ക്ക് തീ വില. ഇവിടെ അടുത്ത് കിട്ടുമോന്ന് നോക്കട്ടെ.

20:00

ആ: മഴ. വല്ലാതെ കുളിരുന്നു. ഞാനൊന്ന് വലിക്കാൻ പോവുകയാ. ഇന്ന് രാത്രിയും നിന്റെ കഥാപ്രസംഗം ഉണ്ടാകുമല്ലോ അല്ലേ…? ഹഹഹ! ഞാൻ കാത്തിരിക്കയാണ് കേട്ടോ.

24:00

ഹ: സുൽത്താനേ... ഇന്നും നീയെനിക്ക് തന്നത് ഒരു കൂർത്ത കല്ല്. എൻറെ കൈവശം ഇപ്പോൾ കുപ്പിച്ചില്ല് പോലെ രണ്ട് വലിയ വെള്ളാരം കല്ലുകൾ. ഇന്ന് നീ പതിനഞ്ച് തവണയാണ് വലിച്ചത്. ഞാനിതാ പതിനഞ്ച് തവണ എറിയാൻ പോകുന്നു.

ആ: അമ്പട! കാത്തിരിക്കയായിരുന്നു. വേഗം തുടങ്ങിക്കോ.

ഹ: ആദം, ഞാനിതാ നനഞ്ഞ മണ്ണിൽ നിശബ്ദയായി എന്റെ വിധിയേറ്റുവാങ്ങുവാനായി മുട്ടുകുത്തി ഇരിക്കുന്നു. ഞാൻ തയ്യാറെടുത്തു കഴിഞ്ഞു. എന്റെ തലകൾ ഉയർത്തിത്തന്നെ പിടിച്ചിരിക്കുന്നു. ഇന്ന് ഏറ് ലഭിക്കാൻ പോകുന്നത് എന്റെ നനഞ്ഞ കണ്ണുകളിലാണ്. എങ്കിലും എനിയ്ക്ക് പേടിയാവുന്നു ആദം... ഇനിയൊരിക്കലും എനിയ്ക്ക് നിന്നെ കാണാൻ കഴിഞ്ഞില്ലെങ്കിലോ...? എന്റെ ഇരു കണ്ണുകളിലൂടെയും ഞാൻ പോലുമറിയാതെ കണ്ണുനീർത്തുള്ളികൾ ഊർന്നിറങ്ങുന്നു. ഒരുപക്ഷേ ഒരിക്കലും ഇനിയീ കണ്ണുകൾ കൊണ്ട് എനിയ്ക്ക് കരയാനും കഴിഞ്ഞേക്കില്ല. ഞാൻ നിന്റെ മുഖം ഓർത്തെടുക്കുന്നു ആദം. ഞാൻ സൗമ്യമായി മിഴികൾ അടയ്ക്കുന്നു. നിന്റെ നരവീണുതുടങ്ങിയ നീണ്ട മുടി (ഞാൻ വിരലുകൾ കൊണ്ട് ഓമനിക്കുന്നത്), നിന്റെ കുഞ്ഞിക്കണ്ണുകൾ... (അവയാണ് എനിയ്ക്ക് ഏറ്റവും ഇഷ്ടം), സംസാരിക്കുമ്പോൾ നീ ചെറുതായി അറ്റം വികസിപ്പിക്കുന്ന കൂർത്ത മൂക്ക്, രണ്ടും യോജിക്കുന്നിടത്ത് എനിയ്ക്ക് മാത്രം കാണാവുന്ന ശൂന്യതയുടെ ചെറു സുഷിരമുള്ള നിന്റെ ഇളം തവിട്ട് ചുണ്ടുകൾ... വെളുത്ത പാരിജാതപ്പൂക്കൾ ചിതറിയിട്ട പോലെ നിന്റെ പറ്റെ വെട്ടിയ കുറ്റിത്താ... ഊഹ്!! എൻറെ കണ്ണ്!! എൻറെ കണ്ണ്! ആദം... ആദം... ആദം... ആ!! അയ്യോ... എൻറെ കണ്ണുകൾ... ആദം… എനിയ്ക്ക് സഹിക്കാൻ കഴിയുന്നില്ലാ…

പൊടുന്നനേ നൂറായിരം കുന്തമുനകൾ എന്റെ കണ്ണുകളിലേക്ക് തുളച്ചു കയറിപ്പോയി ആദം. എന്റെ ഇരു കണ്ണുകളും പൊട്ടിപ്പോയി. എനിയ്ക്ക് വീഴാതിരിക്കാൻ കഴിഞ്ഞില്ല... എനിയ്ക്ക് വേദനിക്കുന്നു. എന്റെ അമ്മേ... എനിയ്ക്ക് വേദനിക്കുന്നു... ആദം, എനിയ്ക്കിനി ഒരിക്കലും, ഞാൻ മരിച്ചു പോവുന്നു, ഒരിക്കലും നിന്നെ കാണാൻ കഴിയില്ല... നിന്റെ ഓമന മുഖം... നേർത്ത വിരലുകൾ... ഇനിയൊരിക്കലും എനിയ്ക്ക് നിന്റെ കണ്ണുകളിലേക്ക് നോക്കിയിരിക്കാൻ കഴിയില്ലല്ലോ ആദം... എന്തു വലിയ നഷ്ടമാണ് എനിയ്ക്ക് സംഭവിച്ചത്! എന്റെ കടൽ... എന്റെ സന്ധ്യകൾ, നിലാവുകൾ, നിറങ്ങൾ, ഇലപ്പച്ചകൾ, മഞ്ഞുത്തുള്ളികൾ, എന്റെ നീ... ഓ. ഞാൻ മരിച്ചുപോകുന്നു ആദം…

ദിനം 3 - 2933 ഡിസംബർ 18 ഞായർ

8:23

ആ: ഹവ്വാ... ഈ കളി എനിയ്ക്ക് തീരെ ഇഷ്ടമാവുന്നില്ല. നമുക്കിത് മതിയാക്കാം.

ഹ: അതെന്തിന്? നീ ധൈര്യശാലിയല്ലേ…? ഇത്ര പെട്ടെന്ന് പരാജയം സമ്മതിച്ചോ...?

ആ: നീ നിന്നെ ശരിക്കും ഉപദ്രവിക്കുന്നുണ്ടോ...?

ഹ: ഇല്ല.

ആ: ഉറപ്പല്ലേ..? ഞാൻ വിശ്വസിക്കട്ടെ...?

ഹ: ഞാൻ നിന്നോട് കള്ളം പറയില്ല.

ആ: പിന്നെയെന്തിനാണ് ഈ വിഡ്ഢിക്കളി? ഇതു കൊണ്ടൊന്നും എന്റെ വലി നിർത്താൻ നിനക്ക് സാധിക്കില്ല. നിനക്ക് ഇരുപത്തിയേഴ് വയസ്സായില്ലേ? ഒരൽപം പക്വത പ്രതീക്ഷിക്കുന്നതിൽ തെറ്റുണ്ടോ...?

ഹ: നീയിന്ന് വലിക്കുന്നില്ലേ...?

ആ: പിന്നില്ലാതെ! ഇതാ പോകുന്നു. പിന്നെ... ഇന്ന് ഞാൻ കൂടുതൽ വലിച്ചേക്കും. രണ്ട് സുഹൃത്തുക്കൾ വരുന്നുണ്ട്.

24:00

ഹ: ഇന്ന് നീയെനിക്ക് സ്നേഹപൂർവ്വം മറ്റൊരു കല്ല് സമ്മാനിച്ചു. ഇന്നത്തെ കല്ലിന് കുറച്ചുകൂടെ കൂർപ്പ് ഉണ്ടായിരുന്നു കേട്ടോ. വൃത്തിയിൽ പുതുതായി ചെത്തിയെടുത്ത ഒരു നീണ്ട പെൻസിലിന്റെ മുന പോലെ.

ആ: തുടങ്ങിയല്ലോ!

ഹ: എന്റെ തിരുനെറ്റിയിൽ കിണറുപോലെ ഒരു ഗർത്തമായിരിക്കുന്നു. എന്റെ കണ്ണുകൾ രണ്ടും ഉടഞ്ഞ കുരുന്നു മുട്ടകൾ പോലെ ചിതറിപ്പോയിരിക്കുന്നു. ഇനിയെന്റെ മൂക്കിനെ മാത്രമായി എന്തിനവശേഷിപ്പിക്കണം? നീ വിശേഷിപ്പിക്കുന്ന തത്തമ്മയുടെ മൂക്ക്.

"ഇന്നെന്റെ ജനാലയ്ക്കൽ രണ്ട് തത്തകൾ, ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല, രണ്ട് തത്തകൾ വന്നിരുന്ന് കൊക്കുരുമ്മി പിന്നെ പറന്നുപോയി. അപ്പോഴാണ് ഞാനോർത്തത്, എന്നെ കാണാൻ ഒരു തത്തമ്മ വരുന്നുണ്ടല്ലോ എന്ന്. ഒരിക്കലും ഞാനിവിടെ അങ്ങനെ രണ്ടു തത്തകളെ പ്രതീക്ഷിച്ചിരുന്നില്ല."

ഹ: ഇന്നെനിക്ക് തത്തമ്മയിൽ നിന്നും വിചിത്രമായ രൂപമാറ്റം സംഭവിക്കാൻ പോകുന്നു ആദം. ഞാനിനി നിന്റെ തത്തമ്മയായിരിക്കില്ല. വികൃതയായ, വിചിത്രരൂപിയായ, പേരറിയാത്ത ഏതോ ഒരു...

ശരി. എറിഞ്ഞോളൂ.. ഉം.

ഊഹ്!! ആ...ദം…

ആദം... ഇപ്പോൾ എനിയ്ക്കെന്റെ മുഖം പാടേ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നീയെന്നെ, ഈ എന്നെ, വെറുക്കുമോ...?

ദിനം 4 - 2933 ഡിസംബർ 19 തിങ്കൾ

24:00

ഹ: നീയുമ്മവെച്ച എന്റെ ചുണ്ടുകൾ, മൃദുലമായ നാവ്, എന്റെ ചെറിയ ചെവികൾ, എന്റെ മുഖത്തിനാകൃതി തന്ന കവിളെല്ലുകൾ, താടി... ഒരു അറവുകാരന്റെ കടയിലെ പാഴായ മാലിന്യക്കൂമ്പാരം കണക്കെ പുറത്തേക്ക് അറച്ച്, തെറിച്ചു നിൽക്കുന്നു... നീ കാണുന്നുണ്ടോ?

ദിനം 5 - 2933 ഡിസംബർ 20 ചൊവ്വ

6:00

ആ: ഹവ്വാ... നശിച്ചവളേ... നീയെന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു.

ഹ: Good morning ആദം. എന്തിനാണ് നിനക്ക് ഭ്രാന്ത് പിടിക്കുന്നത്?

ആ: എനിയ്ക്കിത്... എന്തോ... ഇതെനിക്ക് ഭാരമാവുന്നുണ്ട്.

ഹ: ഹഹഹ. നീ മറന്നുപോയോ? ഇതൊരു സാങ്കൽപ്പിക കളിയല്ലെ..

ആ: നമുക്കിത് അവസാനിപ്പിക്കാം...?

ഹ: തുടങ്ങിയതൊന്നും ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കാൻ കഴിയില്ല ആദം. നീയിനിയും വലിച്ചോളൂ. ഞാൻ എത്ര വേണമെങ്കിലും ഏറുകൾ ഏറ്റു വാങ്ങാം.

ആ: അത് പറ്റില്ല.

ഹ: എനിയ്ക്ക് വേറെ വഴിയില്ല.

ആട്ടെ... നീയെന്തു ചെയ്യുന്നു?

ആ: ഇന്നലെയെന്റെ ഉറക്കം നല്ല വഷളായിരുന്നു. അതുകൊണ്ട് എഴുന്നേറ്റു എന്ന് പറയുന്നത് ശരിയല്ല. ഞാനൊരു കാപ്പി ഇടട്ടേ.

ഹ: ശരി.

24:00

ഹ: ആദം... എന്റെ പ്രിയപ്പെട്ടവനേ... ഇതാ... നിനച്ചിരിക്കാതെ നീയെനിക്ക് ഒരു നക്ഷത്രം തന്നിരിക്കുന്നു. തിളങ്ങുന്ന വർണോജ്വലമായ ഒരു കുരുന്നു നക്ഷത്രം. കുരുടിയാണെങ്കിലും എനിയ്ക്കതിന്റെ തിളക്കം അറിയാം. ഞാനതിനെ എന്റെ വീടിന്റെ നടുമുറിയിലെ അക്വേറിയത്തിൽ, നീയന്ന് വന്നപ്പോൾ ഒരുപാട് നേരം നോക്കി നിന്നത്, ഇട്ടുവെച്ചു. മീനുകളും എന്റെ നക്ഷത്രപ്പെണ്ണും കൂട്ടായിരിക്കണം. ‘ഇനി മുതൽ ഇത് നിന്റെ ആകാശം. നീയിവിടെ പ്രകാശം പരത്തുക.’ ഞാൻ അവളോട് പറഞ്ഞു. അവളെന്നെ നോക്കി ചിരിച്ചിട്ടുണ്ടാവും അല്ലേ…? എന്റെ തലയ്ക്ക് ഭാരക്കുറവ് തോന്നുന്നു. വേദന അൽപ്പം ശമിച്ചതായും. ഇന്ന് ഞാൻ അല്പനേരമെങ്കിലും സുഖമായി ഉറങ്ങിയേക്കും. എന്റെ കാക്കത്തൊള്ളായിരം ഉമ്മകൾ. ഈയുള്ളവൾക്ക് ചുണ്ടുകളില്ലാത്തതുകൊണ്ട് നിനക്കവ സങ്കൽപ്പിക്കേണ്ടി വരും കേട്ടോ.

ആദം... ഞാൻ നിന്നെ സ്നേഹിക്കുന്നു. നീയെന്നെ സ്നേഹിക്കുന്നത് ഞാനറിയുന്നു.

ദിനം 6 - 2933 ഡിസംബർ 21 ബുധൻ

09:52

ആ: ഇന്നലെ ഞാൻ തന്ന നക്ഷത്രത്തെ നീ എന്ത് ചെയ്തു?

ഹ: ഞാനത് പറഞ്ഞല്ലോ? എന്റെ കുഞ്ഞു ജലാശയത്തിൽ, മീനുകൾക്കൊപ്പം സൂക്ഷിച്ചുവെച്ചു.

ആ: ഇന്ന് മറ്റൊരെണ്ണം കൂടെ തരട്ടെ…?

ഹ: സത്യമായിട്ടും തരുമോ.?

ആ: ഉറപ്പില്ല. വലിക്കാൻ നല്ല ത്വരയുണ്ട്. നോക്കട്ടെ.

24:00

ആ: പെണ്ണേ.. ഇതാ പിടിച്ചോ... നിനക്ക് മറ്റൊരു നക്ഷത്രം കൂടി…

ഹ: എന്റെ ആദം. നീയടുത്ത് ഉണ്ടായിരുന്നെങ്കിൽ, എന്റെ ചുണ്ടുകൾ ഉണ്ടായിരുന്നെങ്കിൽ, ഞാൻ നിറയെ ഓമന മുത്തങ്ങൾ കൊണ്ട് മൂടിയേനെ. കാക്കത്തൊള്ളായിരം മുത്തങ്ങൾ. ഞാനീ നക്ഷത്രം മറ്റേ നക്ഷത്രത്തിന് കൂട്ടായി നൽകുന്നു. അക്വേറിയത്തിൽ. ഇതൊരു ആൺനക്ഷത്രമാണ്. നീ ഇന്നലെ തന്നത് ഒരു ഹെറ്ററോ സെക്ഷ്വൽ പെൺ നക്ഷത്രത്തെ ആണ്. ഇവനെ ഞാൻ അവൾക്ക് കൊടുക്കുന്നു. അവരവിടെ... നമ്മളെപ്പോലെ...

ആ: നിലയ്ക്കാത്ത ഉമ്മകളും ആലിംഗനങ്ങളും കൊണ്ട് പൊതിയട്ടെ...

ഹ: പൊതിയട്ടെ...

ദിനം 7 - 2933 ഡിസംബർ 22 വ്യാഴം

15:00

ആ: ഹവ്വാ... ഞാൻ കഴിവിന്റെ പരമാവധി പിടിച്ചിരുന്നു. എന്റെ ശരീരം മുഴുവനും വിറച്ചു. കാപ്പിക്കപ്പ് മുറുകെ പിടിക്കാൻ കഴിയാതെ ജവറയും ഗ്ലാസും കൂടെ എന്റെ കൈയിൽ നിന്നും താഴെ വീണു ചിതറി. എല്ലാവരും നികൃഷ്ട ജീവിയേപ്പോലെ എന്നെ തുറിച്ചു നോക്കിയിരുന്നു. ഞാനാകെ നാണം കെട്ടുപോയി ഹവ്വാ. നീ മനസ്സിലാക്കണം. എനിയ്ക്ക് കഴിഞ്ഞില്ല... കഴിഞ്ഞില്ലെനിക്ക്...

എന്റെ കൈകൾ, തലയടക്കം വിറയ്ക്കുന്നത് ചേതനും മമതയും കാണരുതെന്ന് ഞാൻ വളരെ ആഗ്രഹിച്ചു. അവർ തികച്ചും സ്വാഭാവികമായ മട്ടിലാണ് പെരുമാറിയത്. യാതൊന്നും സംഭവിക്കാത്തതു പോലെ. പക്ഷേ എനിയ്ക്ക് നന്നായറിയാം. അതവർ പുറമേ അഭിനയിക്കുകയായിരുന്നു എന്ന്. എന്നെ വേദനിപ്പിക്കേണ്ട എന്ന് കരുതി. അവരും വിരണ്ടു പോയിരിക്കണം. അവസാനം ഞാൻ ചോദിക്കാതെ തന്നെ ചേതൻ എനിയ്ക്കൊരു പുകയുന്ന സിഗരറ്റ് എടുത്തു നീട്ടി. അവൻ വലിക്കുന്നതിനിടെ വളരെ സ്വാഭാവികമായി നൽകുന്നു എന്ന ഭാവത്തിൽ. ഞാൻ എങ്ങനെ അത് നിഷേധിക്കണമായിരുന്നു എന്നാണ് നീ പറയുക? എനിയ്ക്കറിയാം. നിനക്കെന്നെ മനസ്സിലാവും.

24:00

ഹ: ആദം, ഞാൻ ഞരങ്ങുകയാണ്. വേദനകൊണ്ട്. എന്റെ വലത്തേ ചെവിയിലാണ് 'പ്ലക്ക്' എന്ന് കല്ല് വന്ന് പതിച്ചത്. കുറച്ചു സമയത്തേക്ക് എനിയ്ക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ല. ചെവിപ്പോളകളിലൂടെ ചുടുരക്തം, നരഭോജിയായ ചുവന്ന തടിച്ച സർപ്പത്തെപ്പോലെ പുറത്തേക്ക് ഇഴഞ്ഞു. എനിയ്ക്ക് ഒന്ന് കരയാൻ പോലും കഴിഞ്ഞില്ല. വേദന കൊണ്ട് ഞാൻ തരിച്ചിരുന്നുപോയി. ഭാഗ്യത്തിന് എന്റെ ഒരു ചെവി മാത്രമേ പൊട്ടിപ്പോയുള്ളൂ. ഇടത്തേ ചെവി ഇപ്പോഴും പ്രവർത്തിക്കുന്നു. എനിയ്ക്ക് തെല്ല് ആശ്വാസമുണ്ട്. ഞാൻ പൂർണമായും പൊട്ടി ആയിട്ടില്ല. എനിയ്ക്കിപ്പോഴും പാതി ശബ്ദങ്ങൾ കേൾക്കാം. ഇനിയും പക്ഷികൾ ചിലയ്ക്കുന്നതും കടൽ ഇരമ്പുന്നതും എന്റെ കിടക്കമുറിയിൽ തൂക്കിയിട്ട അലങ്കാരക്കമ്പുകളിൽ കാറ്റ് തട്ടിപ്പാടുന്നതും എനിയ്ക്ക് കേൾക്കാം. നീ വിളിക്കുന്നതും എനിയ്ക്ക് കേൾക്കാം. നീയെന്നെയൊന്ന് വിളിക്കൂ ആദം. ഓ, എനിയ്ക്ക് പുകയുന്നൂ...

നാളെ... നാളെ നീയെനിക്ക് എന്താണ് തരാൻ പോകുന്നത്? എനിയ്ക്കെന്റെ ഇടതു ചെവിയും നഷ്ടപ്പെടുമോ ആദം?

ആ: എനിയ്ക്കിത് സഹിക്കാൻ കഴിയുന്നില്ല. നീ എന്തിനാണ് എന്റെയടുക്കൽ ഇത്ര ക്രൂരയാവുന്നത്?

ഹ: ഞാൻ ക്രൂരയാണ് ആദം. നമുക്ക് പിരിയാം.

ദിനം 8 - 2933 ഡിസംബർ 23 വെള്ളി

ആ: സിഗരറ്റ് കൈയിലെടുത്തിട്ടും എനിയ്ക്കിന്ന് വലിക്കാൻ തോന്നിയില്ല. ഒരു പഫ് എടുക്കാൻ തുടങ്ങിയതേ ഞാൻ പിന്തിരിഞ്ഞ് അത് നിലത്തിട്ട് ചവിട്ടിയുരച്ചു കളഞ്ഞു. ചേതൻ അത്ഭുതത്തോടെ എന്നെ നോക്കി നിന്നു. അവൻ പുക വലിക്കുന്നുണ്ടായിരുന്നു. മണം അധികം കിട്ടിയാൽ ഒരുപക്ഷേ ഞാൻ അവന്റെ കൈയിൽ നിന്നും അത് വാങ്ങി വലിച്ചേക്കുമോയെന്ന് എനിയ്ക്ക് ഭയം തോന്നി. പക്ഷേ നീ വിശ്വസിക്കില്ല ഹവ്വാ. ഞാൻ അവിടെത്തന്നെ നിന്നു. അവന്റെ തൊട്ടു മുന്നിൽ. എനിയ്ക്ക് യാതൊന്നും തോന്നിയില്ല. നീയെന്നെ മറ്റെന്തോ ഒന്നാക്കി മാറ്റിയിരിക്കുന്നു! കരയാനും ചിരിക്കാനും ഉല്ലസിക്കാനും കഴിയാതെ ഞാനൊരു യന്ത്രമനുഷ്യൻ ആയി പോകുമോയെന്ന് എനിയ്ക്ക് ആശങ്ക തോന്നുന്നു. നീ കീ കൊടുത്താൽ സഞ്ചരിക്കുന്ന ഒരു കളിപ്പാട്ടം ആയിരിക്കുന്നു ഞാൻ. എനിയ്ക്കിത് സഹിക്കുന്നില്ല. എനിയ്ക്ക് നിന്നോട് വെറുപ്പ് തോന്നുന്നു. എന്നെ എനിയ്ക്ക് തിരിച്ച് തരൂ. ഇപ്പോൾ. ഈ നിമിഷം.

24:00

ഹ: ഇന്ന് നീ തന്നത് അതി ഭംഗിയുള്ള ഒരു വാൽനക്ഷത്രത്തെയാണ്. നോക്കൂ ആദം, തൊട്ടുനോക്കി വസ്തുക്കളെ തിരിച്ചറിയാൻ ഈ അന്ധ പഠിച്ചു കഴിഞ്ഞിരിക്കുന്നു. ഞാനവളോട് നിനക്ക് എവിടേയ്ക്ക് പോകണമെന്ന് ചോദിച്ചു. അവളെന്റെ വലതുകൈയിലെ വിരലുകൾ എടുത്ത് എന്റെ കണ്ണുകൾ നിന്നിരുന്ന കുഴിയിലേക്ക് സ്വയം അർപ്പിച്ചു. നീ വിശ്വസിക്കില്ല ആദം. നീ വിശ്വസിക്കില്ല. എന്റെ വലതുകണ്ണിന് ഇതാ കാഴ്ച തിരികെ കിട്ടിയിരിക്കുന്നു!

ദിനം 9 - 2933 ഡിസംബർ 24 ശനി

24:00

ഹ: എന്റെ ഇടതുകണ്ണിന്റെ കാഴ്ചയും നീ തിരികെ നൽകിയിരിക്കുന്നു. ആദം, നീയെന്നെ വളരെ സ്നേഹിക്കുന്നു അല്ലേ. കഴിയുമെങ്കിൽ എനിയ്ക്കിനി എന്നും നക്ഷത്രങ്ങൾ മാത്രം തരാമോ? ഞാനിപ്പോൾ കുരുടിയല്ല. എനിയ്ക്ക് നിന്നെ കാണാം. നിലാവ് കാണാം. ഇരുപത്തിരണ്ടാം നാൾ (വീണ്ടും കല്ലുകൾ എറിയേണ്ടി വന്നില്ലെങ്കിൽ) എനിയ്ക്ക് നമ്മുടെ കടലും കാണാം. ആദം, ഞാൻ നിന്നെ ഉമ്മവെയ്ക്കട്ടെ...

ദിനം 10 - 2933 ഡിസംബർ 25 ഞായർ

24:00

ഹ: ഇന്ന് നീ തന്ന നക്ഷത്രത്തെ ഞാൻ ജനാലകളില്ലാത്ത എന്റെ മുറിയിൽ കൊണ്ടു വെച്ചു. കണ്ണുകൾ തിരിച്ചു കിട്ടിയിരുന്നെങ്കിൽ രാത്രികളിലും ഞാനവിടെയിരുന്ന് ഡയറിയിൽ നിലയ്ക്കാതെ എഴുതിയേനെ. ഒരു പുതിയ കവിത മനസ്സിൽ രൂപം കൊള്ളുന്നു…

പരിണാമം

എന്നോ ഞാനെന്നെ നഷ്ടപ്പെടുത്തിയതിന്റെ
സുഖകരമായ നോവാണു നീ
ഒരു പ്രകാശരശ്മി വെണ്ണക്കട്ടിയെ
അമർത്തി ഉമ്മവെച്ചതുപോലെ…

ദിനം 11 - 2933 ഡിസംബർ 26 തിങ്കൾ

24:00

ഹ: കഷ്ടം. ഇന്ന് നീയെന്നെ നിരാശപ്പെടുത്തിയിരിക്കുന്നു. നീയിന്നും എനിക്കൊരു അരുമ നക്ഷത്രം സമ്മാനിക്കുമെന്നാണ് ഞാൻ കരുതിയത്. എന്റെ ചിതറിപ്പോയ കവിളുകളും മൂക്കും ചുണ്ടും ശരിപ്പെടുത്തുന്നതിന് എനിയ്ക്കത് അത്യാവശ്യമായിരുന്നു. നിന്നെ വീണ്ടും ചുംബിയ്ക്കണമെന്ന് ഞാൻ വല്ലാതെ കൊതിച്ചു പോയിരുന്നു. സാരമില്ല. ഞാനിതാ തയ്യാറെടുത്തു കഴിഞ്ഞു. നീ കല്ല് എറിയേണ്ടത്... ഇതാ... എന്റെ തൊണ്ടയിൽ... കൃത്യം മധ്യത്തിലേക്കാണ്. എനിക്കറിയാം. പതറാത്ത ഉന്നമുള്ളവനാണ് നീ. നിനക്ക് തെറ്റില്ല. ഞാൻ ഒരിക്കൽക്കൂടി ചൂണ്ടിത്തരട്ടെ. ഇരുട്ടിൽ നിനക്ക് കാണാനാവുന്നില്ലേ? ഇതാ... ഇവിടെ.

എറിയൂ. എന്റെ കണ്ഠനാളം ചിതറിത്തെറിക്കട്ടെ. എനിയ്ക്കിനി സംസാരിക്കേണ്ട. എന്റെ ശബ്ദം മുറിഞ്ഞുടയട്ടെ.

ഓ ഒന്നു നിൽക്കൂ. ഒരു നിമിഷം… അവസാനമായി ഞാനൊന്ന് നിന്റെ പേര് വിളിച്ചോട്ടെ.

ആദം...
ശരി. ഇനിയെറിഞ്ഞുകൊള്ളൂ…
...ആ…ഹ്!

ദിനം 12 - 2933 ഡിസംബർ 27 ചൊവ്വ

13:00

ആ: നിന്നെ വിളിച്ചിട്ട് മറുതലയ്ക്കൽ ഒന്നും കേൾക്കുന്നില്ലല്ലോ? എന്തോ കണക്ഷൻ ഇഷ്യൂ ഉണ്ട്. വാട്സാപ്പിൽ വിളിക്കാം. റേഞ്ച് ഉണ്ടോ?

ഹ: ഫോണിന്റെയല്ല. എന്റെ തൊണ്ടയുടെ കണക്ഷൻ ഇഷ്യൂ ആണ്. ഇന്നലെയെന്റെ ശബ്ദം നഷ്ടപ്പെട്ടല്ലോ. ഞാനിനി എങ്ങനെ സംസാരിക്കാനാണ്?

ആ: ഭ്രാന്ത് പറയാതെ ഹവ്വാ.
ഹ: ഷഹ്റാസാദ് എന്ന് വിളിക്കൂ.
ആ: എനിയ്ക്ക് നിന്നോട് സംസാരിക്കണം.
ഹ: ഒരു മാർഗ്ഗമേ ഉള്ളൂ.
ആ: നക്ഷത്രം തരണമായിരിക്കും അല്ലേ...?
ഹ: അതെ. അതെന്നെ സുഖപ്പെടുത്തട്ടെ.
ആ: നീയൊരു രാക്ഷസി തന്നെ.
ഹ: ശരിയാണ്. എനിയ്ക്ക് പല സ്വത്വങ്ങൾ ഉണ്ട്…

23:59

ആ: നിനക്ക് ഞാനിന്നൊരു നക്ഷത്രം തരുന്നു.

24:00

ഹ: വിളിച്ചോളൂ. ഞാൻ സുഖപ്പെട്ടുകഴിഞ്ഞു.

ദിനം 13 - 2933 ഡിസംബർ 28 ബുധൻ

24:00

ഹ: എനിയ്ക്ക് പരാതിയില്ല ആദം. നീ നിനക്ക് വേണ്ട പോലെ ആയിരിക്കൂ. നിനക്ക് ഇഷ്ടമുള്ളത് ചെയ്യൂ.

ഇത്തവണ നീയെറിഞ്ഞുടയ്ക്കുക എന്റെ ഇടനെഞ്ചും മുലകളുമാണ്. കല്ല് എടുത്തുകൊൾക. ഒരു പിഞ്ച് കുഞ്ഞിന്റെയും വായിലേക്ക് ചുരത്താൻ കഴിയാത്ത വണ്ണം എന്റെ ഇളം പച്ചതുരുത്തുകളിൽ വിള്ളലുകൾ വീഴാൻ തുടങ്ങുന്നു. നീയിങ്ങനെ നോക്കി നോക്കി നിൽക്കെ ഈർപ്പം വറ്റി വരണ്ട ഒരു തരിശുഭൂമിയായി മാറുകയാണ് ഞാനിപ്പോൾ... ഇപ്പോൾ മാത്രം എനിയ്ക്ക് കരയാൻ തോന്നുന്നു ആദം. നമ്മുടെ പിറക്കാതെ പോകുന്ന അരുമക്കുഞ്ഞുങ്ങളെയോർത്ത്...

ദിനം 14 - 2933 ഡിസംബർ 29 വ്യാഴം

11:00

ആ: എന്നെ വെറുക്കല്ലേ ഹവ്വാ…

15:32

ആ: ഞാൻ തളർന്നു പോകുന്നു. എന്നെ വെറുക്കല്ലേ...

24:00

ഹ: കൊള്ളാം. എന്റെ നിധി ശേഖരത്തിലേക്ക് എട്ടാമത്തെ കല്ലും വന്നു ചേർന്നിരിക്കുന്നു. നീ സ്നേഹപൂർവ്വം എനിയ്ക്ക് സമ്മാനിച്ച എട്ട് കല്ലുകൾ. ഇല്ല. ഞാൻ നിന്നെ വെറുക്കില്ല ആദം. പക്ഷേ എന്റെ ദേഹത്തെ ഓരോ മുറിവും നിനക്ക് എന്നോടുള്ള അവസാനിക്കാത്ത നിർദയത്വത്തെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും.

ആ: അങ്ങനെ പറയല്ലേ ഹവ്വാ. ഞാൻ തകർന്നു പോകും.

ഹ: അറിയാമല്ലോ, രണ്ടു തവണയാണ് ഇത്തവണ നീ എറിയേണ്ടത്. ഒന്ന് എന്റെ ഇടതുകൈയിലേക്ക്. മറ്റേത് വലതു കൈയിൽ. വലതു കൈ എറിയുമ്പോഴാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അതെന്റെ വിരലുകളിലാണ് കൊള്ളേണ്ടത്. കൃത്യമായി പറഞ്ഞാൽ എന്റെയീ തള്ള വിരലിൽ. എങ്കിൽ മാത്രമേ ഞാനിനിമേൽ എഴുതാതിരിക്കുകയുള്ളൂ.

ഇടത്... ആഹ്!
ഇനി... ഇനി... വലത്. ഉം...
ഓ! എന്റെ അമ്മേ...

ആദം, നിന്റെ കൂട്ടുകാരിയുടെ എഴുത്ത് നിലച്ചിരിക്കുന്നു. അവളിനി ഒരിക്കലും നിനക്കുവേണ്ടി പ്രണയപൂർവം കവിതകളും ദീർഘമായ കത്തുകളും എഴുതില്ല. അവളുടെ അക്ഷരങ്ങളുടെ ഒഴുക്ക് നിലച്ചുപോയിരിക്കുന്നു. അവളുടെ കൈയിൽ നിന്നും നിലയ്ക്കാതെ ഇറ്റിറ്റുവീഴുന്ന ചോര നിലത്ത് എണ്ണമറ്റ മൃതരായ അക്ഷരങ്ങളുടെ പ്രേതരൂപങ്ങൾ കോറിയിടുന്നത്... നീ കാണുന്നുണ്ടോ? ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ... ഉവ്വ്... അവ നിലവിളിക്കുന്നത് നിനക്ക് കേൾക്കാൻ കഴിയും…

ദിനം 15 - 2933 ഡിസംബർ 20 വെള്ളി

24:00

ഹ: ആദം... ശരിക്കും ഞാൻ നിന്നെ വെറുക്കാൻ തുടങ്ങിയോയെന്ന് എനിയ്ക്കും സംശയം തോന്നുന്നുണ്ട്..

നീയിന്ന് എറിയുക എന്റെ പൊക്കിൾച്ചുഴിയിലേക്കാണ്. എന്റെ അമ്മ തന്ന പിറവി അടയാളത്തിലേക്ക്. അമ്മയുടേതായി അത് മാത്രമാണ് എനിയ്ക്കുണ്ടായിരുന്നത്. നീയതും അടർത്തിയെടുക്കുകയാണല്ലോ. കുളിക്കുന്ന നേരങ്ങളിൽ എന്റെ വയറ്റിലൂടെ ഒഴുകിയിറങ്ങുന്ന തണുത്ത വെള്ളത്തിന്റെ ഇഴചേർന്ന ഞരമ്പുകളിൽ വിരലുകൾ ചേർത്തുവെച്ച് ഞാനെന്റെ മരിച്ചുപോയ അമ്മയോട് സംസാരിച്ചിരുന്നു. എന്റെ അവസാന സ്നേഹത്തെയും നീ ഇല്ലാതെയാക്കുന്നു. നീയെന്നെ അനാഥയാക്കുന്നു.

ആദം. എനിയ്ക്ക് മനസ്സിലാവുന്നുണ്ട്. ഞാനിപ്പോൾ ശരിക്കും നിന്നെ വെറുക്കാൻ തുടങ്ങിയിരിക്കുന്നു.

ദിനം 16 - 2933 ഡിസംബർ 31 ശനി

24:00

ഹ: ഇല്ല. ഈ നക്ഷത്രത്തെ എന്റെ പൊക്കിൾച്ചുഴിയോട് ചേർത്തുവെയ്ക്കാൻ, അതിൽ ഉണ്ടായ നീണ്ട മുറിവ് ഉണക്കിക്കളയുവാൻ എനിയ്ക്ക് തോന്നുന്നില്ല. നാളെ നീയെനിക്ക് വീണ്ടും കല്ല് തന്നാലോ? എനിയ്ക്ക് സന്തോഷിക്കാൻ കഴിയുന്നില്ല. എനിയ്ക്ക് പ്രതീക്ഷിക്കാൻ കഴിയുന്നില്ല. ഈ നക്ഷത്രത്തെ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. നീയെന്തിനാണ് എനിക്കിത് നൽകിയത്? പരിഹസിക്കാനോ...?

ആ: ഹവ്വാ... നീയതിനെ എവിടെയും വെയ്ക്കണ്ട. ഇന്ന് നീയുറങ്ങുമ്പോൾ അത് നിന്റെ കൈവെള്ളയിൽ സുരക്ഷിതമായിരിക്കട്ടെ.

ഹവ്വാ.. നീയെന്നെ വെറുക്കുന്നത് എനിയ്ക്ക് സഹിക്കില്ല.

പുതുവത്സരാശംസകൾ! നിനക്ക് മനോഹരവും സന്തോഷപൂർണവുമായ ഒരു വർഷം ഉണ്ടാകട്ടെ.

ദിനം 17 - 2934 ജനുവരി 01 ഞായർ

24:00

ഹ: ഇന്ന് നീ തരുന്ന ഈ ഒറ്റനക്ഷത്രത്തെ ഞാനെന്റെ മേപ്പിൾ മരത്തിന്റെ പുറംചട്ടയുള്ള കുഞ്ഞു പുസ്തകത്തിലെ പൂർത്തിയാകാത്ത കവിതയ്ക്ക് കൊടുക്കുന്നു. അത് നിറഞ്ഞ് പൂത്തുലയട്ടെ. ഇരുപത്തി രണ്ടാം നാൾ, അതിന്റെ ചുവന്ന ഒരില ഞാൻ നിനക്ക് സമ്മാനിക്കുന്നുണ്ട്. നീയത് സൂക്ഷിച്ചു വെയ്ക്കണം.

ദിനം 18 - 2934 ജനുവരി 02 തിങ്കൾ

24:00

ഹ: ഞാൻ പറഞ്ഞിട്ടില്ലേ, എന്റെ വീടിനു പിറകിലൂടെ ഒഴുകുന്ന പുഴയെപ്പറ്റി? ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ കുത്തിയൊഴുകി, പാവം പിടിച്ച മീനുകളും കുളക്കൊക്കുകളും അതിൽ ചത്തുപൊങ്ങി. നീയിന്നു തന്ന നക്ഷത്രത്തെ ഞാൻ പുഴയ്ക്ക് നൽകി. പെട്ടെന്നൊരു നിമിഷത്തിൽ, അത്ഭുതമെന്ന് പറയട്ടെ, പുഴയിലെ വെള്ളം പാടേ കലങ്ങിത്തെളിഞ്ഞു. അതിനടിത്തട്ടിൽ നിന്നും മുകളിലേക്ക് മനോഹരമായ പ്രകാശധാര ഒരു ഭീമാകാരമായ താമരപ്പൂവ് പോലെ വിടർന്നു പൊന്തി. ചത്ത മത്സ്യങ്ങളും കൊക്കുകളും തിരികെ ജീവൻ വെച്ച് ഉല്ലാസത്തോടെ നീന്തിത്തുടിച്ചുകൊണ്ടിരുന്നു.

ആദം, നീ മൂലം, ഞാനിന്നൊരു വലിയ പുഴയ്ക്കും അതിലെ എത്രയോ ചെറു ജീവികൾക്കും പ്രാണൻ തിരികെ നൽകിയിരിക്കുന്നു. നിനക്കെന്റെ കാക്കത്തൊള്ളായിരം ഉമ്മകൾ...

ദിനം 19 - 2934 ജനുവരി 03 ചൊവ്വ

24:00

ഹ: ആദം… എനിയ്ക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല. തുടർച്ചയായ നാലാം ദിവസവും നീയെനിക്ക് നക്ഷത്രം സമ്മാനിച്ചിരിക്കുന്നു. നീ നിന്റെ ദുഃശീലത്തെ പതിയെ കീഴ്‌പ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. എനിയ്ക്ക് വളരെ സന്തോഷവും പ്രതീക്ഷയും തോന്നുന്നു. നാളെ ഇരുപതാം ദിനം. എന്റെ കൈയിലിപ്പോൾ പത്ത് നക്ഷത്രങ്ങൾ. ഒൻപത് കല്ലുകൾ. ഇരുപത്തി രണ്ടാം ദിവസം എന്റെ പക്കൽ പന്ത്രണ്ട് നക്ഷത്രങ്ങൾ ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിനക്ക് എന്നോടുള്ള സ്നേഹം എന്നോടുള്ള വെറുപ്പിനേക്കാൾ രണ്ട് നക്ഷത്ര ദൂരങ്ങൾ കൂടുതലാണെന്ന അറിവ് എന്നെ എന്തുമാത്രം സന്തോഷിപ്പിക്കും! നാളെയും നീയെനിക്ക് നക്ഷത്രം സമ്മാനിക്കില്ലേ...? എനിയ്ക്ക് തീർച്ചയുണ്ട്. നിനക്കതിന് കഴിയും.

ഇന്ന് നീ തന്ന നക്ഷത്രത്തെ ഞാൻ എന്ത് ചെയ്തെന്നോ...? നിനക്ക് ചിന്തയിൽപ്പോലും വരില്ല. ഞാനത് നമ്മളന്നു കായലോരത്ത് വെച്ചുകണ്ട പരുന്തിന് നൽകി. അവനത് വിഴുങ്ങി. സുഖകരമായ ഒരു അനുഭൂതിയിൽ എനിയ്ക്ക് നന്ദി പറഞ്ഞു. അതിനിനി വിശപ്പ് കൊണ്ട് ഒരിക്കലും ബുദ്ധിമുട്ടേണ്ടി വരില്ല. ആ കുഞ്ഞു വയർ എപ്പോഴും സ്വസ്ഥതയോടെ, നിലവിളി ഇല്ലാതെ, ശാന്തമായിരിക്കും. ഇനിയെന്റെ എത്രയോ ചെറുമീനുകളും കുഞ്ഞുപറവകളും അവനാൽ കൊല്ലപ്പെടില്ല. എനിയ്ക്ക് നിന്നോട് വളരെ സ്നേഹം തോന്നുന്നു. നീ എന്തു നല്ലവനാണ്!

ദിനം 20 - 2934 ജനുവരി 04 ബുധൻ

24:00

ഹ: കഷ്ടം! നിനക്ക് എങ്ങനെയിതിന് സാധിച്ചു ആദം? നീയെന്നെ അത്ര പോലും സ്നേഹിക്കുന്നില്ലേ...? എനിക്ക് കരച്ചിൽ വരുന്നൂ. ഇല്ല. ഞാൻ കുറ്റം പറയുന്നില്ല. ഇരുപത്തി രണ്ടാം ദിനം വരെ ഞാൻ കാത്തിരിക്കും. നിന്നെ ഒന്നിനും ബലമായി നിർബന്ധിക്കയില്ലെന്ന് ഞാൻ വാക്ക് തന്നിട്ടുള്ളതാണല്ലോ. നീ നിന്റെ ഇഷ്ടം പോലെ ചെയ്യൂ. വലിക്കാൻ തോന്നുന്നെങ്കിൽ ഇനിയും വലിക്കൂ. ഞാൻ എതിർക്കുന്നില്ല.

എങ്കിലും... ഞാൻ വെറുതേ.. വെറുതേ.. പ്രതീക്ഷിച്ചുപോയി ആദം. നീയിന്നും എനിയ്ക്കൊരു നക്ഷത്രം തരുമെന്ന്. പകരം ഇന്ന് നീയെന്റെ തുടകളിലും കാൽമുട്ടുകളിലും രണ്ട് തവണ എറിയാൻ പോകുന്നു. സാരമില്ല.

എന്റെ കൈയിൽ ഇപ്പോൾ പത്ത് നക്ഷത്രങ്ങൾ, പത്ത് കല്ലുകൾ. നാളെ നമ്മുടെ കളിയുടെ അവസാന ദിനം. നാളെയാണ് നമ്മുടെ വിധി തീരുമാനിക്കപ്പെടുന്നത്. ഒരു കല്ലാണോ ഒരു നക്ഷത്രമാണോ നീയെനിക്ക് അധികം നൽകുക? എനിയ്ക്ക് അറിയാൻ ആഗ്രഹമുണ്ട്. അല്ലെങ്കിൽ ഒരുപക്ഷേ അതൊരിക്കലും അറിയേണ്ട എന്നും എനിയ്ക്ക് തോന്നുന്നു. കാരണം സത്യം ചിലപ്പോൾ എന്നെ പൊള്ളിച്ചേക്കാം. അതെന്നെയൊരു നേർത്ത കാറ്റ് പോലെ തഴുകാനുള്ള സാധ്യതയും ഞാൻ തള്ളിക്കളയുന്നില്ല. നീ തീരുമാനിക്കൂ. നാളത്തെ ദിനം നമ്മുടെ വിധി നിർണയിക്കട്ടെ. നാളെ നീയെനിക്ക് നൽകുന്നത് കല്ലാണെങ്കിൽ ഈ മത്സരത്തിൽ ഞാൻ പാടേ തോറ്റുപോയി. മറിച്ച് നീയെനിക്ക് നക്ഷത്രമാണ് നൽകുന്നതെങ്കിൽ... മാറ്റത്തിലേക്കുള്ള നിന്റെ യാത്ര അടുത്തെത്തിയെന്ന് ഞാനറിയും. നീയെനിക്ക് എന്താണ് നൽകുക? പീഡയോ പ്രണയമോ…? അലിവോ യാതനയോ? നിരാശയോ പ്രതീക്ഷയോ...?

ആ: നാളെ ഞാൻ വലിച്ചാലും ഇല്ലെങ്കിലും നിന്നോട് പറയില്ല ഹവ്വാ.

ഹ: അതെന്ത്...?

ആ: മറ്റെന്നാൾ, ഇരുപത്തി രണ്ടാം നാൾ, രാവിലെ 7 മണി. അന്ധകാരനാഴി കടൽത്തീരം. നമ്മൾ നേരിൽ കാണുമ്പോൾ, അലയടിച്ച് നുരച്ചുപൊന്തുന്ന കടലിന് അഭിമുഖമായി നിന്നുകൊണ്ട് ഞാൻ നിന്നോടെന്റെ രഹസ്യം പങ്കുവെയ്ക്കും.

ഹ: എന്തായിരിക്കുമത്...?
ആ: എനിക്കറിയില്ല.
ഹ: സത്യമായും നിനക്കറിയില്ലേ...?
ആ: ഇല്ല. അറിയില്ല.
ഹ: ഉം. ശരി. വിധി എന്തായാലും… മറ്റന്നാൾ… ഞാൻ കാത്തിരിക്കും. നീ വരണം. വരില്ലേ...?
ആ: ഉം..

ദിനം 21 - 2934 ജനുവരി 05 വ്യാഴം

Ignorance
Adam,
This day,
I climbed the hill to greet the setting sun.

But, alas-
I was mistaken.
The sun, it rose, not fell,
A new dawn spilling its gold upon the world.

Oh, how ignorant I was…
For in that moment, I saw
A morning so pure,
So beautifully alive.
Yet, deep within,
I felt the weight of the starry night I’d missed,
A void, a loss,
How could I have been so blind?

What is left for me,
In this bright, glowing hour?
Should I stay in this light,
Or wander far,
Chasing the night I’ve lost?

ഇരുപത്തി രണ്ടാം നാൾ.
2934 ജനുവരി 06 വെള്ളി

06:30

ഞാൻ നേരത്തേ തന്നെ തീരത്തെത്തി. ആർത്തലച്ച് ചിറകടിച്ചുയരുന്ന പക്ഷിക്കൂട്ടത്തേപ്പോലെ എന്റെ മനസ്സിന്റെ ഒരു പകുതി ഇവിടെ ഓടിയെത്താൻ തിരക്ക് കൂട്ടി. മറുപകുതി ഒരു നീളൻ തേരട്ടയെപ്പോലെ ഇഴഞ്ഞിഴഞ്ഞു മുന്നോട്ട് പോകാനും മന്ത്രിച്ചു. ഇതിൽ ഏത് പകുതിയെയാണ് പിന്തുടരേണ്ടത് എന്നെനിക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. പക്ഷേ ഞാൻ ഞങ്ങൾ തീരുമാനിച്ചതിന് അര മണിക്കൂർ മുൻപേ തന്നെ ഇവിടെയെത്തിച്ചേർന്നിരിക്കുന്നു. ഞാൻ പോലുമറിയാതെ എന്റെ ശരീരം എന്നെ കൊണ്ടെത്തിച്ചു എന്ന് പറയുന്നതാവും കൂടുതൽ ശരി.

നിങ്ങൾക്കെന്താണ് തോന്നുന്നത്…? ഇന്നലെ, ഇരുപത്തി ഒന്നാം നാൾ, അവൻ സിഗരറ്റ് വലിച്ചു കാണുമോ..? വലിക്കാതിരുന്നുവെങ്കിൽ... അവനെന്നെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നുണ്ടോ...? സ്നേഹിച്ചിരുന്നെങ്കിൽ…

അന്ധകാരനാഴി.
അതിമനോഹരമായ പ്രഭാതം ഇതൾ വിരിഞ്ഞു വരുന്നു. ഞാനിവിടെ കടലിന് അഭിമുഖമായി നിൽക്കുന്നു. അവനെത്തിയിട്ടില്ല. കാണാമെന്ന് പറഞ്ഞ സമയത്തോട് അടുത്തുകൊണ്ടിരിക്കുന്നു…

അന്ധകാരനാഴി.
മനോഹരമായ പ്രഭാതം. ഞാനിവിടെ കടലിന് അഭിമുഖമായി നിൽക്കുന്നു. അവനെത്തിയിട്ടില്ല. കാണാമെന്ന് പറഞ്ഞ സമയമായിരിക്കുന്നു…

അന്ധകാരനാഴി.
പ്രഭാതം. ഞാനിവിടെ കടലിന് അഭിമുഖമായി ഒറ്റയ്ക്ക് നിൽക്കുന്നു. ചുറ്റും മത്സ്യബന്ധനത്തൊഴിലാളികൾ വന്നു തുടങ്ങുന്നു. അവനെത്തിയിട്ടില്ല. കാണാമെന്ന് പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂർ പിന്നിടുന്നു...

അന്ധകാരനാഴി.
പ്രഭാതം. വെയിൽ വീണ് തുടങ്ങിയിരിക്കുന്നു. ഞാനിവിടെ കടലിന് അഭിമുഖമായി ഒറ്റയ്ക്ക് നിൽക്കുന്നു. എനിയ്ക്ക് ചുറ്റും സഞ്ചാരികൾ വന്നു തുടങ്ങുന്നു. തീരത്ത് മുക്കുവർ ചത്ത മീനുകളെ ലേലം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. അവനിനിയുമെത്തിയിട്ടില്ല. കാണാമെന്ന് പറഞ്ഞ സമയം കഴിഞ്ഞ് ഒന്നര മണിക്കൂർ പിന്നിടുന്നു…

അന്ധകാരനാഴി.
വെയിൽ മൂത്ത പ്രഭാതം. ഞാനിവിടെ കടലിന് അഭിമുഖമായി ഒറ്റയ്ക്ക് നിൽക്കുന്നു. കാണാമെന്ന് പറഞ്ഞ സമയം കഴിഞ്ഞ് മൂന്ന് മണിക്കൂർ പിന്നിടുന്നു…

അന്ധകാരനാഴി.
നട്ടുച്ച. ഞാനിവിടെ കടലിന് അഭിമുഖമായി ഒറ്റയ്ക്ക് നിൽക്കുന്നു...

വൈകുന്നേരം.
കടൽ.
ഞാനിവിടെ ഒറ്റയ്ക്ക് നിൽക്കുന്നു…

സൂര്യാസ്തമയം.
ഞാനിവിടെ ഒറ്റയ്ക്ക് നിൽക്കുന്നു…

രാത്രി.
ഞാൻ ഒറ്റയ്ക്ക്...
ഒറ്റയ്ക്ക്...
ഒറ്റ…
....
..

കാറ്റ്.
അമ്പിളിക്കല.
വിയർപ്പാറ്റുന്ന തോണികൾ.
ഞണ്ടുകൾ.
മണൽക്കൊട്ടാരങ്ങൾ.
തിര.
കാറ്റ്…

അപ്പോൾ അന്നേദിവസത്തിലാദ്യമായി എന്റെ മൊബൈൽഫോൺ ഇടറിപ്പാടി. ഫർ എലൈസ് പരമാനന്ദത്തിന്റെയോ നിതാന്ത ദുഃഖത്തിന്റെയോ തീവ്രവേദനയോടെ വലിഞ്ഞു മുറുകി. ഞാൻ പച്ച ബട്ടണിൽ വിരലമർത്തി.

"ഹ…ലോ...", മറുതലയ്ക്കൽ അവന്റെ വിറയ്ക്കുന്ന ശബ്ദം കേട്ടു.
അവൻ വിളിക്കുമെന്ന് എനിയ്ക്കറിയാമായിരുന്നു.

ഒരു വെളുത്ത ഞണ്ടിൻ കുഞ്ഞ് എന്റെ വലതു കാലിലൂടെ ഝടുതിയിൽ കയറിയിറങ്ങിപ്പോയി.

"പറയൂ ആദം. കല്ലോ നക്ഷത്രമോ...?"
ഞാൻ സൗമ്യമായി ചോദിച്ചു.

പിന്നെ കണ്ണിമയ്ക്കാതെ, പതറാതെ, മണിക്കൂറുകൾ പലതായി പൂഴിയിൽ ഉറഞ്ഞുപോയ കാൽപ്പാദങ്ങൾ ചേർത്തുവെച്ച് ദൂരെ കൂരിരുളിൽ നിന്നും അലർച്ചയോടെ പാഞ്ഞടുക്കുന്ന വെളുവെളുത്ത പെൺകുതിരയെ നോക്കി അതീവ ശാന്തമായി തയ്യാറെടുത്തുനിന്നു…


Summary: Toxic, a Malayalam Short Story written by Laya Chandralekha and published in Truecopy Webzine packet 309.


ലയ ചന്ദ്രലേഖ

കവി, കഥാകാരി, എഴുത്തുകാരി. വോയ്‌സ് ഓവർ ആർട്ടിസ്റ്റ്. സ്കൂൾ വിദ്യാഭ്യാസകാലത്ത് 'ഓളങ്ങൾ' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചലച്ചിത്ര സംവിധാനം, തിരക്കഥാ രചന എന്നിവയിൽ ഡിപ്ലോമ പൂർത്തിയാക്കി. 

Comments