ഉമ്പുക്കനെക്കുറിച്ച് രണ്ട് അദ്ധ്യായങ്ങള്‍

ഒന്ന്​

റങ്കിമാവുകളായിരുന്നു കുന്നുകള്‍ നിറയെ. കുന്നിനു കീഴെ കവുങ്ങിന്‍ തോട്ടങ്ങളും. പറങ്കിമാവുകള്‍ പൂത്തുതുടങ്ങി മാങ്ങാപരുവത്തില്‍ പൂക്കള്‍ വളര്‍ന്ന് വലുതാവുമ്പോള്‍ അത് ഉയര്‍ത്തിയ കൈകള്‍ക്ക് മുകളിലാണെങ്കില്‍ ഓലമടല് കൊണ്ട് തല്ലി പറിച്ചെടുത്ത് അതിന്റെ ചവര്‍പ്പോടുകൂടി ഉപ്പും കൂട്ടി കഴിക്കുവാന്‍ നല്ല രസമാണ്. ഉമ്പുക്കന്റെ നടുമ്പുറം മുളവടി കൊണ്ട് നല്ല അടികൊണ്ടിട്ടുണ്ട് അങ്ങനെ തിന്നു സുഖിച്ചതിന്. ആദ്യത്തെ പച്ചക്കുരട്ട മാങ്ങയായി വളരുന്നതും കുരട്ട മൂക്കുന്നതും പഴുത്തു വീഴാന്‍ പാകമാകുന്നതും എല്ലാവര്‍ക്കും കാണാനുള്ളതാണ്. പക്ഷെ ഉമ്പുക്കന് കൊതി കയറും. പിന്നെ മാവുനിറയെ പറങ്കിമാങ്ങകള്‍ പുതഞ്ഞ് കിടക്കുന്ന സമയം വരുമ്പൊഴെയ്ക്കും ആദ്യത്തെ കൊതിക്ക് തോട്ടിയിട്ട് പറിച്ച മാങ്ങകള്‍ തൊണ്ട മുട്ടും വരെ തിന്നിട്ടും മാങ്ങാ ചാറ് പിഴിഞ്ഞ് കുപ്പിയില്‍ നിറച്ച് വെയിലത്ത് വച്ച് ചൂടാക്കി വയറു നിറയെ കുടിച്ചിട്ടും ആ കൊതിയങ്ങ് തീര്‍ക്കും. അണ്ണാകൊട്ടന്മാര്‍ മരം കേറി മാങ്ങ ചപ്പി മേലുടഞ്ഞ കശുമാങ്ങകള്‍ താഴേയ്ക്ക് വിടര്‍ത്തി വിതറാനും മാളത്തില്‍ നിന്ന് എയ്യാന്‍മാര്‍ രാത്രി നേരങ്ങളില്‍ ഇറങ്ങിവന്ന് മാങ്ങാത്തല തുരന്ന് തലച്ചോറ് തിന്നാനും തുടങ്ങിയാല്‍ കശുവണ്ടി പെറുക്കി കൂട്ടുന്ന ദിവസങ്ങളാണ്.

കടുമാങ്ങാ അച്ചാറും കുളുത്തും വയറുനിറച്ച് കുടിച്ച് ശരീരം അടിമുടി തണുപ്പിച്ച് ചൂരികൊട്ടയും ഊയിത്തോട്ടിയും കൊണ്ട് ഒരു തോര്‍ത്തും തലയില്‍ക്കെട്ടി വള്ളിച്ചെരുപ്പിട്ട് രാവിലെ ഉമ്പുക്കന്‍ കുന്ന് കയറും. വള്ളിവളപ്പിന്റെ ചെരുവില്‍ നിന്ന് മുകളിലേക്കു നോക്കിയാല്‍ ഉമ്പുക്കനു മുന്നെ കുരട്ട പെറുക്കാന്‍ അതിരാവിലെ വന്നവര്‍ ഉഷ്ണത്തെ പ്രാകുന്നതും ഊടുവഴിയിലൂടെ പോകുന്ന മനുഷ്യരോട് കഴിഞ്ഞ കൊല്ലത്തെക്കാളും മാവുപൂക്കാത്തതിന്റെ ആവലാതി പറയുന്നതും കേള്‍ക്കാം. ഉമ്പുക്കന്‍ കുന്നിന്‍ മണ്ടയില്‍ തന്നെ മാത്രം കാത്തിരിക്കുന്ന കശുമാവിന്‍ ചോട്ടിലേക്ക് ഓങ്ങി നടക്കും. പോകുന്ന വഴിക്ക് പഴുത്തു ചോത്ത ചൂരിപ്പഴം പറിച്ചുതിന്നും. മണ്ടയിലെത്തി മാവിന്‍ ചോട്ടിലേക്ക് കുനിഞ്ഞിറങ്ങുമ്പോള്‍ ചപ്പിലപ്പുറത്തെ കാല്‍വെപ്പ് കേട്ട് കാട്ടുകോഴികള്‍ ചൂരിക്കാടിനിടയിലേക്ക് നൂണ് പരിസരം ഒഴിഞ്ഞു കൊടുക്കും.

ഒരുന്‍മേഷത്തിനെന്ന പോലെ ഉമ്പുക്കന്‍ മാവില്‍ നിന്ന് ഒന്നോ രണ്ടോ തളിരില പറിച്ചെടുത്ത് മടക്കി വച്ച് മുറുക്കാനില കണക്കനെ വായിലേക്കിട്ട് ചവയ്ക്കും. അതിന്റെ ചവര്‍പ്പ് ഇറക്കിയും തുപ്പിയും മേലെ പഴുത്തു തൂങ്ങുന്ന മാങ്ങകളിലേക്ക് അക്കാണുന്നതിന്റെയൊക്കെ അധിപനെന്ന ഭാവേന നടുവിന് കൈവച്ച് നോക്കി നില്‍ക്കും. മാവിന്‍ കൊമ്പിലേക്ക് തോട്ടിക്കൊളുത്തിട്ട് മരം കുലുക്കി മാങ്ങകള്‍ ചുറ്റിലും മഴ കണക്കനെ മാവറ്റ് ചിതറുമ്പോള്‍ ഒരുന്‍മാദം പോലെ തോന്നും ഉമ്പുക്കന്. ഊയിതോട്ടി എത്താത്ത കൊമ്പുകളിലേക്ക് ചില്ല പിടിച്ച് കയറി നിന്ന് തോട്ടി എത്തിച്ച് പിടിക്കും. മാങ്ങകള്‍ ചിതറി കിടക്കുന്ന ചോട്ടിലേക്കിറങ്ങി ഓരോ ചപ്പിലയും ചിക്കി ചികഞ്ഞ് മാങ്ങകളോരോന്നും പെറുക്കി കൂട്ടുമ്പോള്‍ ചോന്നുറുമ്പുകള്‍ പച്ചയില കൂടുകളില്‍ നിന്ന് വരിയായി ഇറങ്ങി വന്ന് മാങ്ങാക്കൂനയില്‍ പൊതിയാന്‍ തുടങ്ങും. ഒന്നൊഴിയാതെ മാങ്ങകള്‍ പെറുക്കി കൂട്ടിയാല്‍ പിന്നെ മുടിയൊ താടിയൊ മീശയോ പുരികമോ ഇല്ലാത്ത മാങ്ങാത്തലകള്‍ ഒരു ധ്യാനത്തിലെന്ന പോലെ വെയിലില്‍ കുത്തിയിരുന്ന് പിഴുതെടുത്ത് ചൂരി കൊട്ടയില്‍ നിറയ്ക്കണം.

നല്ല വെയ്‌ലത്ത് പൊള്ളി വിയര്‍ക്കുവാന്‍ തുടങ്ങുമ്പോള്‍ മുഴുത്ത മാങ്ങയുടെ ചാറ് കുടിച്ച് ചണ്ടി തുപ്പും. പണി പാതി കഴിയുമ്പോള്‍ ഉണക്ക ചപ്പിലകള്‍ക്കിടയില്‍ അരണകള്‍ മറവികൊണ്ട് തെക്കും വടക്കും നോക്കി തിരിഞ്ഞു മറിയുന്നത് കണ്ട് മാവിന്‍ കൊമ്പില്‍ കാറ്റുകൊണ്ടിരിക്കും. പെരുച്ചാഴിക്കുഴികളില്‍ കല്ലു കുത്തിക്കേറ്റും. കൊമ്പന്‍ കൊല്ലികളിലേക്ക് തലയിട്ട് നോക്കും. ചിതല്‍പുറ്റുകളിലേക്ക് മൂത്രമൊഴിക്കും. രാവിലെ തൊട്ട് ഉച്ചകഴിഞ്ഞ് വൈകീട്ടടുക്കും വരെ ഉമ്പുക്കനും കാടും മാത്രമാവും. കാട്ടില്‍ കശുമാവുകള്‍ക്കൊപ്പം ഒറ്റയ്ക്കാവുന്നത് ഉമ്പുക്കന് ഇഷ്ട്ടമായിരുന്നു.

കുന്നിനു താഴെയാണ് ഉമ്പുക്കന്റെ വീട്. ഓടുമേഞ്ഞ വീടിന്റെ ചെറിയ പൂജാമുറിയാണ് അമ്മയും അച്ഛനും അനിയനും ഏട്ടിയും അടങ്ങുന്ന കുടുംബത്തിനുള്ളത്. പകല് പറങ്കിമാവിന്‍ കാട്ടിലും കവുങ്ങിന്‍ തോട്ടത്തിലും പണിയുള്ള അവര്‍ക്ക് രാത്രിയില്‍ മാത്രമാണ് കിടന്നുറങ്ങാന്‍ ഒരു മുറി ആവശ്യമുള്ളത്. ചൂടുകാലത്ത് കൊട്ടംപാള കൊണ്ട് വിശറി ഉണ്ടാക്കി വീശി വീശി ഉഷ്ണത്തെ മെരുക്കിയും തണുപ്പുകാലത്ത് രാജസ്ഥാന്‍ കമ്പളി വില്‍പ്പനക്കാരില്‍ നിന്ന് വാങ്ങിയ കമ്പളി പുതച്ചും മഴക്കാലത്ത് ആവലാതികളായിരവും മാറ്റി വച്ച് മഴക്കൂറ്റ് കേട്ടുകൊണ്ടും ഒരു കുടുംബം അതില്‍ കിടന്നുറങ്ങും. മൂലയില്‍ അതാതു കാലത്തിന്റെ ചൂടും തണുപ്പും കൊണ്ട് ഉമ്പുക്കനും കിടക്കും. കണ്ണടച്ചു കിടക്കുമ്പോള്‍ കൃഷ്ണമണികള്‍ കണ്‍പോളകളുടെ അകം കാണും. ഇരുട്ട് പല അറകളായി വിരിഞ്ഞു വരുന്നത് കണ്ട് അവന്‍ ഉറക്കം ഞെട്ടി എണീക്കും. പൂജാമുറിയിലെ ഇരുട്ടില്‍ കഴിയുന്ന ആ സമയമത്രയും ജീവിതത്തിന്റെ ദുസഹതയെ മൊത്തമായി ഉള്‍ക്കൊള്ളുന്നതായി ഉമ്പുക്കനു തോന്നും. ഒരു കുടുംബം ആ ഒറ്റമുറിയില്‍ മുക്കിയും മൂളിയും നിശ്വാസമിട്ടും കിതച്ചും ചുമച്ചും കരഞ്ഞും കടന്നുപോകും.

ബെല്ലുമ്മയ്ക്കും എളേപ്പന്‍മാര്‍ക്കും അവരുടെ കുടുംബത്തിനും മറ്റുള്ള ജീവജാലങ്ങള്‍ക്കും ഉള്ളതാണ് വീടിന്റെ ബാക്കിയുള്ള കിടപ്പാടങ്ങള്‍. അവരൊക്കെയും അവരവരവരുടെ ഇടങ്ങളില്‍ ഉണ്ടും ഉണര്‍ന്നും ഉറങ്ങിയും പെരുകിയും ജീവിച്ചു.

രാവിലെ മിക്കവാറുമുണ്ടാകുന്ന മധുരക്കിഴങ്ങും തിന്ന് കട്ടന്‍ ചായയും കുടിച്ച് എല്ലാവരും കശുവണ്ടി പെറുക്കുവാന്‍ പല സംഘങ്ങളായി കുന്നുകയറിപ്പോവും. എണീറ്റു നടക്കേണ്ട വളര്‍ച്ച എത്തീട്ടും അതിനൊക്കാതെ ഉമ്പുക്കന്‍ വീട്ടില്‍ തന്നെ ഇരിപ്പും കിടപ്പുമായിരുന്നു. അതുകൊണ്ടു തന്നെ ആരും അവനെ പറങ്കിമാവിന്‍ ചോടുകളിലേക്ക് കൊണ്ടു പോയിരുന്നില്ല. കരഞ്ഞു പറഞ്ഞാലും ആരും അതിന് ചെവികൊടുത്തിരുന്നില്ല. പഴയ ഫിലിപ്‌സ് റേഡിയോ പാടികൊണ്ടിരിക്കുന്ന വീട്ടു വരാന്തയില്‍ തനിക്ക് കയറാന്‍ പറ്റാത്ത കുന്നിന്‍പുറം മനസില്‍ വരച്ചുകൊണ്ട് അവനൊറ്റയ്ക്കിരിക്കും. പറങ്കിമാവിനു ചോട്ടില്‍ കെട്ടിയ ചത്തു തുടങ്ങിയ ചാരനിറമുള്ള ഒരു വയസന്‍ പട്ടിയും എത്താവുന്ന വീടുകളിലെല്ലാം കലത്തപ്പം കക്കാന്‍ കേറി കറങ്ങി തിരിഞ്ഞു വരുന്ന രണ്ടു പൂച്ചകളും കവുങ്ങിന്‍ മെരടുകള്‍ ചിക്കി ചികയുന്നതിന് ഏറു കൊള്ളുന്ന കുറേ കോഴികളും പല്ലികളും പാറ്റകളും പഴുതാരകളുമല്ലാതെ പിന്നീടുള്ള സമയങ്ങളില്‍ ബെല്ലുമ്മയും ഉമ്പുക്കനും മാത്രമായിരിക്കും വീട്ടിലുണ്ടാവുക.

പകല്‍ സമയങ്ങളിലെ വീടിന്റെ ആളനക്കമില്ലായ്മയില്‍ ഉമ്പുക്കന്‍ വലിഞ്ഞുമുറുകും. മറ്റാരെയും കാണാഞ്ഞ് കരയും. ഒഴിഞ്ഞ വീട്ടില്‍ ഉമ്പുക്കനും അവന്റെ കരച്ചിലും ഫിലിപ്‌സ് റേഡിയോയിലെ വര്‍ത്തമാനങ്ങളും പതഞ്ഞു പൊന്തും. കരച്ചില്‍ പറങ്കിമാവിന്‍ കുന്നുകയറി രാവിലെ പോയവരിലേക്ക് എത്തും പാകത്തിന് ഉയരുമ്പോള്‍ ബെല്ലുമ്മ ഉമ്പുക്കനെ പൂജാമുറിയിലിട്ട് പൂട്ടും. അവന്‍ പ്രാണനെ തിരിച്ചു പിടിക്കാനെന്ന പരുവത്തില്‍ വാതിലില്‍ തട്ടിവിളിക്കും. പുറത്തെ പോലെ ഇരുട്ട് അവന്റെ അകത്തും നിറഞ്ഞ് പൊന്തും. കുന്നുകയറിയവര്‍ തിരിച്ചു വരുമ്പൊഴെയ്ക്കും ഉമ്പുക്കന്‍ ഇരുട്ടത്തിരുന്ന് കരഞ്ഞ് കരഞ്ഞ് തളര്‍ന്നുറങ്ങുകയായിരിക്കും. കശുവണ്ടി മണവുമായി കുന്നുകയറിയവര്‍ തിരിച്ചിറങ്ങി വന്നാല്‍ കരഞ്ഞതിന് കിട്ടുന്ന ഈര്‍ക്കില തല്ലല്ലാതെ അവന്‍ മറ്റെന്തെങ്കിലും പ്രതീക്ഷിക്കും. പറങ്കിമാങ്ങക്കാലവും മറുകാലവും ഉമ്പുക്കനിലൂടെ കടന്ന് പോയിരുന്നത് അങ്ങനെയായിരുന്നു. ഒരു സമയത്ത് വീട്ടില്‍ ആളുകള്‍ രാത്രിയിലെന്ന പോലെ പകലിലും കാണപ്പെടുന്നു. മറ്റൊരു സമയത്ത് ഉമ്പുക്കന്‍ പൂജാമുറിയിലെ ഇരുട്ടില്‍ കാണാത്തതിലേക്ക് കണ്ണുതുറിച്ച് കരഞ്ഞ് പേടിച്ച് ഓലപ്പായയില്‍ തളര്‍ന്നുറങ്ങുന്നു. കാലക്രമേണ അങ്ങനെയൊരു ബോധ്യത്തിലേക്ക് അവനെത്തിയിരുന്നു.

അതില്‍ പിന്നെയാണ് പകലിലെ ആളനക്കമില്ലാത്ത വീടും വീടിന്റെ കാവിതണുപ്പും മരയഴി ജനാലകളും ചാണകം മെഴുകിയ മച്ചിന്‍ പുറവും പൂജാമുറിയുലെ ഇരുട്ടും മുറ്റവും പറമ്പും വെയിലും തണുപ്പും ഉമ്പുക്കനോടിണങ്ങിയത്. അവന്‍ കുണ്ടിത്തൈ ചോട്ടിലെ മണ്ണുമാന്തി മണ്ണിരകളെ ചിള്ളിത്തെറിപ്പിച്ചു. തുരങ്കം നീന്തി വരുന്ന തവളകളെ കല്ലെറിഞ്ഞോടിച്ചു. തോട്ടുവക്കിലുള്ള മാതളനാരങ്ങ കരിമ്പാറയില്‍ എറിഞ്ഞുടച്ചു. ഉമ്പുക്കനങ്ങനെ നടന്നു തുടങ്ങിയതില്‍ പിന്നെ പറങ്കിമാങ്ങക്കാലത്തിലേക്ക് വീട്ടുകാര്‍ അവനെയും കൂട്ടുവാന്‍ തുടങ്ങി.

അപ്പൊഴെയ്ക്കും ആളുകളാരും തന്നെ അവനൊക്കാതെ വന്നിരുന്നു. പറങ്കിമാവിന്‍ കുന്നിലേക്ക് കുരട്ട പെറുക്കാന്‍ പോകുന്നവര്‍ക്കൊപ്പം ഇറങ്ങാന്‍ മടിച്ച ഉമ്പുക്കന്റെ കണങ്കാലടിച്ച് പൊട്ടിച്ചും കണ്ണില്‍ കാന്താരിമുളകുടച്ച് തേച്ചും വീട്ടുകാരവെന മാവിന്‍ ചോട്ടിലേക്കോടിച്ചു. ഏകാന്തത ഉറക്ക ചടവ് പോലെ അടിമുടി ബാധിച്ച ഉമ്പുക്കന്‍ പറങ്കിമാങ്ങ കാട്ടില്‍ അന്തം വിട്ടു നടന്നു. കുന്നുകൂട്ടിയ മാങ്ങക്കൂനയ്ക്കു മുന്നില്‍ കുരട്ട പിഴിഞ്ഞെടുക്കുവാന്‍ അവനെ പിടിച്ചിരുത്തി. കൂട്ടാക്കാത്തതിന് അവന് തൊലിപ്പുറത്ത് നല്ല നുള്ളു കിട്ടി. കരഞ്ഞാല്‍ പിന്നെയും നുള്ള് കിട്ടും. കരച്ചിലു വിഴുങ്ങി കണ്ണു തുറിച്ച് കാടിന്റെ ഉച്ചിയില്‍ അവന്‍ കുത്തിയിരുന്നു. അവന്റെ പകലുകള്‍ പഴയതുപോലെ തന്നെ അവനെ പിഴിഞ്ഞുകൂട്ടി.

അവന് ഗത്യന്തരമില്ലായിരുന്നു. കാട്ടില്‍ അവനോടിണങ്ങുന്നതിനെ അവന്‍ കണ്ടു പിടിക്കാന്‍തന്നെ ഒരുമ്പെട്ടിറങ്ങി. തല കുമ്പിട്ട് പാറമേലെയും പച്ചിലകള്‍ക്കിടയിലും അവന്‍ നടന്നു. ഉമ്പുക്കന്‍ മെല്ലെ മെല്ലെ തന്റേതായ മരങ്ങളും മരക്കൊമ്പുകളും കണ്ടു പിടിച്ചു. മരം കയറി പറങ്കിമാവിലകള്‍ക്കു മുകളിലേക്ക് തലപൊക്കി അക്കരക്കുന്നിലേക്കു നോക്കി അനക്കങ്ങളില്‍ കണ്ണുടക്കുമ്പോള്‍ അവന്‍ കൂവി വിളിച്ചു. മൊട്ടപ്പാറ കേറി അവന്‍ കണ്ട ആകാശങ്ങള്‍ അവന്റേത് കൂടിയാണെന്ന് ഉമ്പുക്കന് തോന്നി. പറങ്കിമാങ്ങക്കാലങ്ങള്‍ അവന്റേത് കൂടിയായി.

അവന് കാട്ടില്‍ ശത്രുക്കളും മിത്രങ്ങളും ഉണ്ട്. ശത്രുക്കള്‍ അക്കരക്കുന്നിലെ അടിയാറായായിരുന്നു. കാരക്കാട്ടിലെയും മലാംങ്കാട്ടിലെയും നായന്മാരുടെ നെല്ലിന്‍ പാടത്തും അടക്കാ തോട്ടത്തിലും പണിയെടുപ്പിക്കാന്‍ പണ്ടേക്ക് പണ്ട് കൊണ്ടു പാര്‍പ്പിച്ചവരായിരുന്നു അവര്‍. കറുത്ത് കരുത്തുറ്റ ശരീരമുള്ള അവര്‍ പണിയെടുക്കുന്നതിലും വിശന്ന് തിന്നുന്നതിലും ഉന്മാദമുള്ളവരായിരുന്നു. കുണ്ടന്‍ നായരുടെ തോട്ടത്തിലെ കവുങ്ങിന്‍ മെരട് കെളച്ചോ തോല് കൊത്തിയിട്ടോ അടക്ക പെറുക്കാന്‍ പതിനായിരം വട്ടം കുനിഞ്ഞ് നിവര്‍ന്നോ സന്ധ്യ അടുപ്പിച്ച് എന്നും വൈകീട്ട് മൊട്ടപ്പായിലെ ഒറ്റനടപ്പാതയിലൂടെ അവരുടെയൊരു വരവു പോക്കുണ്ട്. പോളച്ചിയും മകനും ; പറങ്കിമാങ്ങയും സോഡാ പൊടിയും ചത്ത എലിയുമിട്ടു വാറ്റുന്ന പറങ്കിമാങ്ങ വാറ്റ് കുടിക്കുവാന്‍ ആണുങ്ങളും പെണ്ണുങ്ങളുമടങ്ങുന്ന പല സംഘങ്ങളായി അവര്‍ പോകുന്ന വഴിക്കോ , പോളച്ചി കുറ്റിക്കാട്ടിലൊളുപ്പിച്ചുവച്ച കുപ്പിയില്‍ നിന്ന് തീക്കുണ്ടം പോലത്തെ വാറ്റ് കുടിച്ച് മീനുരുക്കിയതും തിന്ന് ഉള്ള് നിറഞ്ഞ് ചിരിച്ചും ചീത്ത വിളിച്ചും രാത്രിയടുപ്പിച്ച് തിരിച്ചു വരുന്ന വഴിക്കോ അവരില്‍ ചിലര്‍ കണ്ണില്‍ കാണുന്ന മാവിന്‍ ചോട്ടിലേക്ക് നൂണ് വീണു കിടക്കുന്ന കശുമാങ്ങ കൊരട്ടയടക്കം മുണ്ടിന്‍ മടക്കില്‍ പെറുക്കിയിട്ട് കട്ടു കൊണ്ടു പോകും. അവരുടെ കൈയില്‍ കാശാവിന്റെ മരം ഒറ്റക്കൊത്തിന് രണ്ടാക്കുന്ന ബയക്കലുണ്ടാവും. എന്നാലും അവരെ കൈയോടെ പിടികൂടുവാനുള്ള കൊതിയില്‍ ഉമ്പുക്കന്‍ കുറ്റിക്കാടിനിടയില്‍ വൈകുന്നേരങ്ങളില്‍ നെല്ലിക്കയും ചവച്ചുകൊണ്ട് കുത്തിയിരിക്കാറുണ്ട്.

ഒരിക്കല്‍ അവന്‍ കണ്ടത് ഉണ്ടച്ചിയെയും എലുമ്പനെയുമായിരുന്നു. അവര്‍ പോളച്ചിയുടെ വാറ്റും കുടിച്ച് മൊട്ടപ്പാറയിലൂടെ വൈകുന്നേരം തെറിച്ചു നടന്നു വരുന്നത് ഉമ്പുക്കന്‍ ദൂരേന്ന് കണ്ടു. ഉരുണ്ട് , തിളങ്ങുന്ന കറുത്ത നിറമുള്ളവളായിരുന്നു ഉണ്ടച്ചി. നല്ല കരുത്തുള്ള കൈകാലുകളുണ്ട് എലുമ്പന്. അവര്‍ നേരെ നടന്നു വന്നത് ഉമ്പുക്കന്റെ നോട്ടത്തിനു മുന്നിലുള്ള പറങ്കിമാവിന്‍ മൂടിലേക്കു തന്നെ. ഉമ്പുക്കന്‍ ഒരു വിറയലോടെ ചുരുങ്ങി കെട്ടി ഇരുന്നു. അവര്‍ നിലത്തെ പറങ്കിമാങ്ങകള്‍ പെറുക്കി മുണ്ടിന്‍ മടക്കിലിടുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് ഉമ്പുക്കന്‍ ആവലാതിപൂണ്ടു. അവന്‍ എലുമ്പന്റെ കൈയിലെ കവുങ്ങിന്‍ തടിയില്‍ കല്ലിട്ട് മൂര്‍ച്ച കൂട്ടിയ തിളങ്ങുന്ന കത്തി കണ്ടു. കുന്നിനു താഴെയുള്ള വീട്ടിലേക്കോടി വീട്ടിലുള്ളോരോട് കാര്യം വിളിച്ചു പറയുന്നതാണ് ചെയ്യാനുള്ള ഏക കാര്യം. അവന് തൊണ്ടയിലെ വെള്ളം വറ്റി. അനങ്ങാനാവാതെ അവന്‍ അതേ ഇരിപ്പിരുന്നു. എലുമ്പന്‍ കൈയിലെ കത്തി കശുമാവിന്‍ തടിയില്‍ കൊത്തിവച്ചു. അരയില്‍ നിന്നും ഒരു ബീഡിയെടുത്ത് തീപ്പെട്ടി ഉരച്ച് കത്തിച്ച് മാറി നിന്ന് മുണ്ടു പൊക്കി മൂത്രമൊഴിച്ചു.

'കണ്ണട്ടന്‍ ബര്ബ്ലക്ക് എന്‍ക്ക് പൊരക്കത്തണം.'
ഉണ്ടച്ചി പറഞ്ഞു.
'അയ്‌ന് ഞാനന്താക്കണ്ടെ?'
'ബേം നോക്കറാ നിങ്ങ.'

ഉണ്ടച്ചി തലമുടി അഴിച്ചു കെട്ടിക്കൊണ്ട് കാലുകൊണ്ട് പറങ്കിമാവിന്‍ ചോട്ടിലെ ഇലകള്‍ ഒന്ന് തൂത്ത് കുട്ടി. അവള്‍ അരയില്‍ നിന്നും മുറുക്കാന്‍ പൊതിയെടുത്ത് നിലത്ത് കൂട്ടിയ ഇലകളിലിരുന്നു. പൊതിയില്‍ നിന്നും വെറ്റില എടുത്ത് ഞരമ്പുടച്ച് ചെറിയ പ്ലാസ്റ്റിക്ക് ഡപ്പിയില്‍ നിന്ന് ചുണ്ണാമ്പെടുത്ത് അതിലേക്ക് തേച്ചു. മുടി ഞൊറിയിട്ട് കെട്ടിവച്ച മാതിരിയുള്ള പുകയില വള്ളിയില്‍ നിന്ന് അല്‍പ്പം കൈനഖം വച്ച് മുറിച്ചെടുത്തു.

എലുമ്പന്‍ വലിച്ച ബീഡിക്കുറ്റി കാട്ടിലേക്കെറിഞ്ഞ് അവള്‍ക്കരികില്‍ വന്നു.

ഉണ്ടച്ചി വലിയൊരു കഷ്ണം അടക്കാപ്പൂളെടുത്ത് പൊതിയിലെ പീസാങ്കത്തി കൊണ്ട് അതിന്റെ പുറം ചുരണ്ടി. അടക്കാപ്പൂളും പുകയിലയും വച്ച് വെറ്റില പൊതിഞ്ഞ് പിടിച്ച് മുറുക്കാന്‍ കറപിടിച്ച പല്ലുകള്‍ക്കിടയിലൂടെ അവള്‍ പൊതി വായിലേക്ക് നൂര്‍ത്തി. അവള്‍ കവിളു നിറയെ മുറുക്കാന്‍ ചവച്ചു.

''എണ്‍ക്കറോ.'

'ആയീപ്പ.'

അവള്‍ മുറുക്കാന്‍ പൊതി കെട്ടിക്കൊണ്ട് ഇരിപ്പില്‍ നിന്ന് എണീറ്റ് മാറി നിന്നു. ഉമ്പുക്കന്‍ അവരിലേക്ക് കണ്ണു തറച്ച് മണ്ണില്‍ പാതി കുഴിച്ചിട്ടതു പോലെ കണ്‍പോള ചിമ്മി തുറക്കുക പോലും ചെയ്യാതെ അനങ്ങാതെ കുത്തിയിരിക്കുകയാണ്. എലുമ്പന്‍ താന്‍ ഉടുത്ത കറപിടിച്ചു പഴയതായ ഉടുമുണ്ട് അഴിച്ചെടുത്തു. അവന്‍ പൂര്‍ണ നഗ്‌നനായി. അവനോളം പോരുന്ന ഒരാണിന്റെ നഗ്‌നശരീരം ആദ്യമായി കണ്ട ഞെട്ടല് ഞെരിച്ച് പിടിച്ച് ഉമ്പുക്കന് ശ്വാസം മുട്ടി.

എലുമ്പന്‍ മുണ്ടൊന്ന് കുടഞ്ഞ് നിലത്ത് ചപ്പിലകളിലേക്ക് വിരിച്ചു. അവന്‍ ഉടുമുണ്ട് വിരിച്ച നിലത്തേക്ക് ഇരുന്ന് മലര്‍ന്നു കിടന്നു. അവന്റെ പക്കി അപ്പൊഴെയ്ക്കും എഴുന്നു നിന്നിരുന്നു. ഉണ്ടച്ചി അവന്റെ ശരീരം നോക്കി മുറുക്കാന്‍ ചവച്ചു കൊണ്ട് അരയ്ക്ക് കൈകൊടുത്ത് നിന്നു. അവള്‍ വായിലെ മുറുക്കാന്‍ തുപ്പല്‍ ഇലകളിലേക്ക് നീട്ടി തുപ്പി. അവള്‍ അവനടുത്തേക്ക് നീങ്ങിനിന്ന് കാലുയര്‍ത്തി അവന്റെ ഉയര്‍ന്നു നില്‍ക്കുന്ന പക്കിയിലേക്ക് ഒരു തട്ടു കൊടുത്തു.

'എന്ത്യെ നീ കളിക്ക്ന്ന്. '

അടക്കി നിര്‍ത്തിയത് കൂട്ടാക്കാതെ പുറത്തേക്ക് പോയി വരുന്ന തന്റെ ശ്വാസഗതി അവര്‍ കേള്‍ക്കുമെന്നും ഇലകള്‍ക്കിടയില്‍ നിന്നും നല്ല മുഴുത്ത കാട്ടുകല്ലെടുത്ത് അവര്‍ തന്നെ എറിയുമെന്നും ഉമ്പുക്കന് തോന്നി.

അവന്‍ അവനെ അമര്‍ത്തിയമര്‍ത്തിപ്പിടിച്ചു.

ഉണ്ടച്ചി സാവധാനം എലുമ്പന്‍ മരത്തില്‍ കൊത്തിവച്ച ബയക്കലിനു നേരെ കൈ നീട്ടി. അവള്‍ കത്തി വലിച്ചെടുത്ത് അതിന്റെ മൂര്‍ച്ച തള്ള വിരലുരച്ച് ഒന്ന് തൊട്ടു നോക്കി. എലുമ്പന്‍ അവളുടെ ചെയ്തികള്‍ കണ്ട് പൊന്തി വരുന്ന അരിശം അടക്കിപ്പിടിച്ച് കിടക്കുന്നുണ്ട്. ഉണ്ടച്ചി കൈയില്‍ കത്തിയുമായി അവന്റെ അരയിലേക്ക് അപ്പുറത്തേക്കുമിപ്പുറത്തേക്കും കാലുകള്‍ വച്ച് നിന്നു. മെല്ലെ അവന്റെ അരയിലേക്ക് അവന്റെ പക്കിക്ക് ചോട്ടിലേക്കായി ഇരുന്നു. അവള്‍ എലുമ്പന്റ ഉയര്‍ന്നു താഴുന്ന നെഞ്ചിലേക്ക് കൈ നീട്ടി. കൈ തഴമ്പു പൊട്ടിയ മൂര്‍ച്ച കൊണ്ട് നെഞ്ചൊന്ന് തടവി. തനിക്കു ചോട്ടിലുള്ള എലുമ്പന്റെ പക്കിയിലേക്കു നോക്കി. ഉയര്‍ന്നു നില്‍ക്കുന്ന പക്കിയുടെ നേര്‍ക്ക് അവള്‍ കൈയിലെ കത്തി നീട്ടി. ഇടംകൈകൊണ്ട് പക്കി മുറുക്കി പിടിച്ചു. വലം കൈയിലെ കത്തി പക്കിയുടെ ചോട്ടിലേക്കടുപ്പിച്ചു. മുറുക്കാന്‍ തുപ്പല്‍ തെറുപ്പിച്ച് കൊണ്ട് അവള്‍ ഒന്ന് ചിരിച്ചു പോയി.

'കണ്ടം കൈക്കട്ട ?'

അവള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു.

പെട്ടന്ന് എലുമ്പന്‍ അവളുടെ കൈ ഊക്കില്‍ തട്ടിമാറ്റി. കൈയിലെ കത്തി കാട്ടിലേക്ക് തെറിച്ചു. എലുമ്പന്‍ നിലത്ത് കാല്‍പാദമൂന്നി മുട്ടുകളുയര്‍ത്തി അവളെ അവളുടെ ചിരിയോടു കൂടി മുകളിലേക്ക് പൊക്കി എടുത്തു. ഉടലൊന്നാകെ കുലുങ്ങി പൊങ്ങി ഉയര്‍ന്ന ഉണ്ടച്ചിയെ അവന്‍ മൊത്തമായി അവന്റെ അരയിലേക്കിട്ടു. ഒരു നിലവിളിയോളം പോരുന്ന വിധം അവള്‍ ഉച്ചത്തില്‍ ചിരിച്ചു. അവളുടെ ചിരികേട്ട് ചൂരിക്കാടുകള്‍ക്കിടയില്‍ നിന്ന് കാട്ടുകോഴികള്‍ ഞെട്ടി കുടഞ്ഞെണീറ്റ് ചൂരി മുള്ളുകള്‍ക്കിടയിലൂടെ നൂണ് പറന്നു. കുഴിച്ചിട്ടതില്‍ നിന്ന് പറിച്ചെറിഞ്ഞതുപോലെ ഉമ്പുക്കന്‍ കാട്ടിലേക്ക് ഞെട്ടി മറിഞ്ഞു വീണു. ഇരുട്ടുവീഴുന്ന കാട്ടുവഴിയിലൂടെ വീണു പിടഞ്ഞെണീറ്റ് പ്രാണനും കൊണ്ടെന്ന പോലെ ഉമ്പുക്കന്‍ വീട്ടിലേക്കോടി.

എലുമ്പനും ഉണ്ടച്ചിയും ആ അനക്കത്തിലേക്ക് തല വെട്ടിച്ച് നോക്കി

രണ്ട്​

കുന്നിനു താഴെ സദാ സമയം നിഴലും തണുപ്പും കൊരുത്തുകളിട്ടു കെട്ടുപിണഞ്ഞ് കിടക്കുന്നുണ്ടാവും. വെയിലു വരാന്‍ വൈകും. വന്നാലും മരങ്ങളില്‍ മറഞ്ഞിരിക്കും. മരതലപ്പുകള്‍ ഇട്ടു കൊടുക്കുന്ന പല മാതിരി ഇരുട്ടുകള്‍ കവുങ്ങിന്‍ തോട്ടത്തിലും കുണ്ടിതൈത്തട്ടിലും പരന്ന് പടര്‍ന്ന് കിടക്കും. ഇരുട്ടിലും തണുപ്പിലും ചീവീടുകള്‍ മാച്ചിപ്പട്ടകളിലും ചേമ്പിലകളിലും ചേനത്തണ്ടുകളിലും ഇരുന്ന് തോട്ടത്തിലെ നിശബ്ദതയെ രാവും പകലുമില്ലാതെ പൊലിപ്പിക്കും. തുരങ്കങ്ങളാണ് ചീവീടുകളുടെ ഉച്ചസ്ഥായി. കവുങ്ങിന്‍ തോട്ടങ്ങളുടെ ചരുവില്‍ പല വണ്ണത്തിലും നീളത്തിലുമുള്ള പല കാലങ്ങളില്‍ കൊത്തിയ തുരങ്കങ്ങളുണ്ട്. കവുങ്ങിന്‍ മെരടുകള്‍ക്ക് വെള്ളമെത്തിക്കുന്നത് തുരങ്കം കൊത്തി കിട്ടുന്ന വെള്ളം മതക്കം കുത്തി അതില്‍ മൂക്കുമുട്ടെ നിറച്ചു വെച്ചാണ്. ചെളി കുഴച്ച് തടം കെട്ടി നിലം തടികൊണ്ട് തച്ചുണ്ടാക്കുന്ന ഓളിയകളിലൂടെ പല കൈവഴികളായി വെള്ളമൊഴുകും. അത് പാള കോട്ടി കോട്ടമ്പാളയാക്കി കവുങ്ങിന്‍ മെരടുകളിലേക്ക് ഒന്നരാടം വച്ച് തേവിക്കൊടുക്കും. ഓളിയകളിലെ വെള്ളത്തില്‍ പീരാങ്കുടുക്കുകള്‍ നീന്താന്‍ തുടങ്ങും. അത് തവളകളായി ഒരു ദിവസം വവ്വാലുകള്‍ ചപ്പിയ അടക്കാ കുരു ചിതറി കിടക്കുന്ന തോട്ടത്തിലെ പുല്ലുകള്‍ക്കിടയിലേക്ക് ചുവട് വെക്കും. തവളകളെ വിഴുങ്ങുവാന്‍ കരക്കപ്പുറത്തെ കറ്റക്കൂനകളുടെ ഇടയില്‍ നിന്നും വള്ളിവളപ്പിലെ മരച്ചതുപ്പുകളുടെ തണുപ്പില്‍ നിന്നും ചേര പാമ്പുകള്‍ തോട്ടം തേടി ഇഴഞ്ഞെത്തും. പാമ്പുകള്‍ തവളകളെ വിഴുങ്ങി ചൂട്ടുവെണ്ണൂറിന് കത്തിക്കാന്‍ കൂട്ടിയ മാച്ചിപ്പട്ടകള്‍ക്കിടയില്‍ തോട്ടത്തിലെ പണിയെടുക്കുന്ന മനുഷ്യജീവികളെ നോക്കി കണ്ണ് പാതിയടച്ച് മയങ്ങികിടക്കും.

വീട്ടില്‍ നിന്ന് ചില നേരത്ത് ഉമ്പുക്കന്‍ ആരും കാണാതെ കവുങ്ങിന്‍ തോട്ടത്തിലേക്കിറങ്ങുന്നത് തുരങ്കത്തില്‍ കയറി അതിന്റെ തണുപ്പു കൊണ്ടിരിക്കാനാണ്. തുരങ്കത്തിന്റെ അകത്തേക്ക് തലയിട്ട് കൂവി വിളിച്ചാല്‍ അത് പലതായി കേള്‍ക്കും. പതിയെ സംസാരിച്ചാല്‍ പോലും അത് അടുത്ത് നിന്ന് മറ്റൊരാള്‍ പകര്‍ത്തി കേള്‍പ്പിക്കും. മുഴക്കം കേട്ട് വവ്വാലുകള്‍ പുറത്തേക്ക് തലയ്ക്കു മുകളിലൂടെ പറന്നു പോകും. അകത്ത് ചുരുണ്ടിരിക്കാറുള്ള ഒള്ളകളെ പേടിയുണ്ടെങ്കിലും നിലത്തെ ഈര്‍പ്പത്തില്‍ കരുതലോടെ കാലുകള്‍ വച്ച് ഇരുട്ടിലൂടെ ഒരൊടുക്കത്തില്‍ നിന്ന് തുടക്കത്തിലേക്കുള്ള പിന്‍തിരിഞ്ഞു നടത്തം പോലെ തുരങ്കത്തിനകത്തേക്ക് ഉമ്പുക്കന്‍ നടക്കും. നടത്തത്തിനിടയില്‍ ഇരട്ടിച്ചു കേള്‍ക്കുവാന്‍ ഓരോന്ന് പറയും. അറ്റത്തെത്തിയാല്‍ വന്ന വഴിക്കു നേരെ തിരിഞ്ഞു നില്‍ക്കും. ഉറവ ഇറ്റുന്നതും കേട്ട് പുറത്തുള്ള വെളിച്ചത്തിന്റെ ഓര്‍മ്മ ഒടുങ്ങുവോളം ഉമ്പുക്കന്‍ നിലത്ത് കുത്തിയിരിക്കും.

തോട്ടത്തില്‍ തുരങ്കം പണിയുണ്ടെങ്കില്‍ ഉമ്പുക്കള്‍ എങ്ങോട്ടും പോവില്ല. അതും നോക്കി കവുങ്ങും ചാരി നില്‍ക്കും.

ഭൂമി തുരന്നതിലൂടെ അകത്തോട്ട് പോയവര്‍ ഉള്ള് ആഞ്ഞു കൊത്തുന്നതും അതിനൊപ്പമുള്ള അമറലും കനത്ത ശ്വാസോച്ഛാസവും പുറത്തു നിന്നു കേള്‍ക്കാം. അകത്തു നിന്നും കൊത്തി മുന്നേറുന്ന മണ്ണ് കവുങ്ങിന്‍ പാള കോട്ടിയതില്‍ നിറച്ച് അതിന്റെ മടല്‍കൈ പിടിച്ച് പുറത്തേക്ക് വലിച്ച് വാതില്‍ക്കല്‍ കൊണ്ട് കൂട്ടിയിടും. ഇടയ്ക്ക് വിയര്‍പ്പില്‍ നനഞ്ഞ് നെഞ്ചുന്തി ശ്വാസം പിടിച്ച് തുരങ്കം തുരക്കുന്നോര്‍ പുറത്തിറങ്ങി വന്ന് പാട്ട കണക്കിന് കഞ്ഞി വെള്ളം കുടിക്കും. ഒരു ബീഡി കത്തിച്ച് കടിച്ച് പിടിച്ച് മേല് മുഴുവന്‍ തലക്കെട്ടഴിച്ച് തോര്‍ത്തി വീണ്ടും തുരങ്കം കയറും. ഒരുപറ്റം ആളുകള്‍ സദാ സമയം നൊട്ടയും നാമൂസും പറഞ്ഞുകൊണ്ട് പരിസരത്ത് കുത്തിയിരിപ്പുണ്ടാവും. ചായയ്ക്ക് കഴിക്കാന്‍ കലത്തപ്പമോ ഉണ്ടയോ ഓട്ട്പുളയോ കൊണ്ടെത്തിക്കുന്നത് ഉമ്പുക്കനാണ്. പണിക്കാരും പരിസരത്തുളേളാരും പത്തു മണി വിശപ്പിന് അത് മുഴുവന്‍ തിന്നും. തിന്നുന്നത് ഉമ്പുക്കന്‍ നോക്കി നില്‍ക്കും. തുരങ്കം കൊത്തി അവസാനം ചേട്ടിമണ്ണ് കണ്ട് തുടങ്ങുന്ന അന്ന് വീട്ടില്‍ ഒറോട്ടിയും കോഴിക്കറിയും വെക്കും. വെള്ളം കണ്ടാല്‍ പണിക്കാര്‍ക്കുള്ള പറങ്കിമാങ്ങ വാറ്റിന് ഉമ്പുക്കന്‍ മഞ്ഞ മുളക്കാടുകള്‍ പിന്നിട്ട് ചേട്ടിക്കുണ്ടിലൂടെ പോളച്ചിയുടെ വീട്ടിലേക്ക് നടക്കും. പണി കഴിഞ്ഞവര്‍ക്ക് വാറ്റും ഒറോട്ടിയും കോഴിക്കറിയും കൊടുക്കും. അവര്‍ സന്ധ്യയ്ക്ക് കവുങ്ങിന്‍ തോട്ടത്തില്‍ കൂട്ടം കൂടിയിരുന്ന് തിന്നും കുടിച്ചും രസിച്ചിരിക്കും. മണ്ണു മാറ്റി കുഴിയാക്കി നിറച്ചെടുക്കുന്ന ചെളി കലര്‍ന്ന തുരങ്കത്തിലെ ആദ്യമുറഞ്ഞ വെള്ളം പഞ്ചസാരയിട്ട് കലക്കി എല്ലാവര്‍ക്കും കുടിക്കാന്‍ കൊടുക്കും. അടുത്തുള്ള വീടുകളില്‍ അത് കൊണ്ടു കൊടുക്കും.

പണിക്കാരുടെ ഊക്കു കണക്കാക്കി പണി പതിഞ്ഞോ പെട്ടന്നോ കഴിയും. വെള്ളം കാണുന്നത് ചില പണിക്കാരുടെ കേമത്തരമായി പറയപ്പെടും. ചുക്രു ബെല്ലിച്ചനാണ് തുരങ്കം പണിക്കാരില്‍ പേരുകേട്ടവന്‍. നീളം കുറഞ്ഞ ശരീരവും ഉറച്ച നെഞ്ചിന്‍ കൂടും തിളങ്ങുന്ന കഷണ്ടിയുമുള്ള വെളുത്ത് നല്ല ഊക്കുള്ളവനായിരുന്നു ചുക്രു ബെല്ലിച്ചന്‍. ഒറ്റയ്ക്ക് ഒരു കുളം കുത്തിയിട്ടുണ്ട് ബെല്ലിച്ചന്‍. ചുക്രുക്കുളം എന്ന പേരും അതിനുണ്ട്. പണിയെടുക്കുന്ന പരിസരത്ത് ആളു കൂടുന്നതോ നൊട്ട പറയുന്നതോ ചുക്രു ബെല്ലിച്ചന് ഇഷ്ട്ടമല്ലായിരുന്നു. കഞ്ഞി വെള്ളവും അപ്പവും കറിയും ഉമ്പുക്കന്‍ തുരങ്കത്തിനു പുറത്ത് കൊണ്ടു കൊടുക്കും. അകത്തെ പണിക്കിടയില്‍ നിന്ന് ഇടയ്ക്ക് പുറത്ത് പന്ന് കൊണ്ടു വച്ച ചക്കക്കറിയൊ കൊള്ളിക്കറിയൊ ഓട്ടുപ്പുളയൊ കഴിച്ച് ചുക്രു ബെല്ലിച്ചന്‍ തുരങ്കത്തിനകത്തേക്ക് തിരിച്ചു കയറും. വെള്ളം കണ്ടാല്‍ ബെല്ലിച്ചന്‍ ആരോടും പറയാനും ആരും അറിയാനും നില്‍ക്കില്ല. അടുത്ത പണിയും നോക്കി നടക്കും.

ഉടുമ്പുകളെ തുരങ്കത്തില്‍ കയറ്റി ഒരിറ്റു ജീവന്‍പോകാതെ പിടികൂടുവാനും ഉസാറുള്ളോനായിരുന്നു ചുക്രു ബെല്ലിച്ചന്‍. കാന്താരിമുളകിന്‍ ചെടികള്‍ വട്ടം പിടിച്ചു നിര്‍ത്തിയ പാറയിടുക്കുകളില്‍ കൂട്ടമായി കൂടുന്ന എയ്യന്‍മാരെ പിടിച്ച് തിന്നാന്‍ വരുന്ന ഉടുമ്പുകളെ കണ്ടാല്‍ തോട്ടം പണിക്കാര്‍ ഇളകും. കോട്ടമ്പാള കവുങ്ങിന്‍ തടിയില്‍ തട്ടി ഒച്ച ഉണ്ടാക്കിയും കല്ലു പെറുക്കി എറിഞ്ഞും ഓല മടല് കൊണ്ട് നിലത്തടിച്ചും ഉടുമ്പിനെ മൂന്നു ഭാഗങ്ങളില്‍ നിന്നായി ഓടിക്കും. ചാടി മറിഞ്ഞ് ഓടുന്ന ഉടുമ്പിനെ കൃത്യം തുരങ്കത്തിന്റെ വായവരെ കൊണ്ടെത്തിക്കും. ഉടുമ്പിന്റെ ഒടുക്കത്തെ കുതിപ്പിനു മുന്നില്‍ തുരങ്കം അതിന്റെ ഇരുട്ടു തുറന്ന് പിടിക്കും. ഉടുമ്പ് തുരങ്കത്തിനകത്തേക്ക് സ്വയമെടുത്തെറിയും. ചുട്ടെടുക്കുന്ന ഉടുമ്പിറച്ചി വാറ്റ് തിളച്ച് മറിയുന്ന വയറ്റിലേക്ക് ചവച്ചിറക്കുന്നതും ഓര്‍ത്ത് വെള്ളമിറക്കി പണിക്കാരെല്ലാരും തുരങ്കത്തിന്റെ വാതിലിലേക്ക് വന്ന് അകത്തേക്ക് തലനീട്ടി നോക്കും. പിന്നെ ഉണക്ക മടല് വെട്ടി ഓല ചിക്കി ചൂട്ടുണ്ടാക്കി ഒന്നോ രണ്ടോ പേര്‍ കത്തിച്ച ചൂട്ടുമായി തുരങ്കത്തിലേക്ക് കയറും. തുരന്ന ഭൂമി കയറി പോകുന്നവരെ നോക്കി ഓരോ അനക്കവും ചെവിയോര്‍ത്ത് ബാക്കിയുള്ളവര്‍ പുറത്ത് കാത്ത് നില്‍ക്കും.

തോട്ടത്തിന് തോലുകൊത്തുന്ന കൊല്ലമായിരുന്നു അത്. ഉമ്പുക്കന്‍ പണിക്കാരെയും ബെല്ലിച്ചനെയും ചുറ്റിപറ്റി തോട്ടം തെണ്ടി നടക്കും. തന്നോളം പോരുന്ന ഒരുടുമ്പിനെ ചാടി മറിഞ്ഞും ഓടിത്തെറിച്ചും ഒറ്റയക്ക് ചുക്രു ബെല്ലിച്ചന്‍ തോട്ടത്തിന്റെ ചെരുവിലെ വേനലില്‍ വെള്ളം വറ്റുന്ന തുരങ്കത്തില്‍ കൊണ്ട് കയറ്റി. പണിക്കാരെല്ലാരും മുട്ടനൊരു കാട്ടിയെ ഓര്‍മ്മിപ്പിക്കുന്ന ബെല്ലിച്ചന്റെ പരാക്രമം കണ്ട് പണി മതിയാക്കി കുന്തം ബ്ദ്ങ്ങിയ മാതിരി നിന്നു. ബെല്ലിച്ചന്‍ ഉടുമ്പു കയറിയ തുരങ്കത്തിന്റെ വായ അടയ്ക്കുമാറ് ഓടി കുതറി വാതില്‍ക്കല്‍ വന്നു നിന്ന് അഴിഞ്ഞു പോയ മുണ്ട് മുറുക്കത്തില്‍ ഉടുത്ത് കിതച്ചു കൊണ്ടു നിന്നു. ആളുകളെല്ലാവരും പണി മതിയാക്കി ബെല്ലിച്ചനും തുരങ്കത്തിനും മുന്നിലായി കൂട്ടം കൂടി. എല്ലാവരും നോക്കി നില്‍ക്കവെ ഒരു ചൂട്ടും കത്തിച്ച് ബെല്ലിച്ചന്‍ തുരങ്കത്തിലേക്ക് കയറി. വണ്ണമുള്ള കാല്‍പാദങ്ങള്‍ നിലത്തെ നനവില്‍ കനത്ത ഒച്ചയെ ഇരട്ടിപ്പിച്ച് കേള്‍പ്പിച്ച് കൊണ്ട് ബെല്ലിച്ചന്‍ തുരങ്കത്തിലൂടെ നടന്നു പോകുന്നത് കേട്ടുകൊണ്ട് ആളുകള്‍ ചെവി വട്ടം പിടിച്ച് വാതില്‍ക്കല്‍ തന്നെ നിന്നു. അകത്തേക്ക് നടന്നു പോയ ബെല്ലിച്ചന്റെ കാലൊച്ച വളരെ സമയമെടുത്താണ് നേരത്ത് നേര്‍ത്ത് ഇല്ലാതായത്. അങ്ങ് ദൂരേയ്ക്ക് ഒരാള്‍ ഭൂമി തുരന്നതിലൂടെ നടന്നു പോയി ഭൂഗര്‍ഭത്തിലൂടെ നടന്ന് ഭൂമിയും കടന്ന് പുറത്തെങ്ങോട്ടോ അലിഞ്ഞില്ലാതെയായ തോന്നലുണ്ടാക്കികൊണ്ട് തുരങ്കത്തില്‍ നിന്ന് പിന്നെ ഒന്നും കേള്‍ക്കാതെയായി. ഉറവ മുളച്ച് ഇറ്റുന്ന ജലത്തുള്ളികള്‍ പോലും എന്തിലേക്കോ ചെവിയോര്‍ക്കും വിധം മിണ്ടാതെയിരുന്നു. പുറത്ത് കൂടിയ ആളുകള്‍ കൂട്ടമായി തുരങ്കത്തിലേക്ക് ഇതെന്ത് കഥയെന്നറിയാതെ തല നീട്ടി. ഒന്നും തന്നെ കേള്‍ക്കുന്നില്ല. എല്ലാവരും പാളത്തൊപ്പി അഴിച്ചും തോര്‍ത്ത് കുടഞ്ഞ് മുഖം തുടച്ചും ബീഡി കത്തിച്ചും മുറുക്കാന്‍ പൊതിയഴിച്ചും ഒരു കാത്തിരിപ്പിന് തയ്യാറെടുത്തു. ചിലര്‍ നിലത്ത് മാച്ചിപ്പട്ട വലിച്ചിട്ടിരുന്നു. ബെല്ലിച്ചന്റെ കണ്ണില്ലാത്ത തോട്ടത്തില്‍ വെറുതെ ഇരിക്കുവാന്‍ കൊതിയുള്ളവര്‍ ഇരുന്ന് നൊട്ട പറയാനും തുടങ്ങി. തുരങ്കം എല്ലാ അനക്കവും വിഴുങ്ങി ഉരുറക്കത്തിലേക്ക് പോവുകയായിരുന്നു. ഒരാള്‍ അകത്തേക്ക് കൂകി വിളിച്ചു. അത് അകത്ത് പിക്കാസ് കൊത്തിയ ചെങ്കല്ലില്‍ കൊണ്ട് അതു പോലെ തിരിച്ചു വന്നു. മറ്റൊന്നും കേള്‍ക്കുന്നില്ല. കണക്കുകൂട്ടിയ സമയം കഴിഞ്ഞപ്പോള്‍ കവുങ്ങു ചാരിയവരും ഇരുന്ന് കാലു നിവര്‍ത്തിയവരും ഇളകി എണീറ്റു. എല്ലാവരും തുരങ്കത്തിന്റെ വാതില്‍ക്കലേക്കു വന്ന് നിന്ന് വീണ്ടും അകത്തേക്ക് തല നീട്ടി. നീട്ടിയ തലകളില്‍ ആലോചനകളുടെ ഭൂതപ്പാനി ഇളകി.

'ഏ..ബെല്ലിച്ചാ. ഓട്ത്തു നിങ്ങൊ '

ആളുകള്‍ വിളിച്ചു ചോദിച്ചു. അത് അതുപോലെ കേട്ടതല്ലാതെ മറ്റൊന്നും കേട്ടില്ല. അവര്‍ ചൂട്ടുണ്ടാക്കി തീപ്പെട്ടിയുരച്ച് കത്തിച്ചു. രണ്ടു പേര്‍ ചൂട്ടുമായി ബെല്ലിച്ചനെ നോക്കി തുരങ്കത്തിലേക്ക് കയറുവാന്‍ തീരുമാനിച്ചു. ചൂട്ടിന്‍പുക തട്ടി നെഞ്ച് കുത്തി ചുമച്ചുകൊണ്ട് ഒരു പിന്‍തിരിഞ്ഞോട്ടത്തെ ചേര്‍ത്തു പിടിച്ചുകൊണ്ട് അവര്‍ തുരങ്കത്തിലേക്ക് നടന്നു. അവരെ ഇരുട്ടുവിഴുങ്ങി. ബെല്ലിച്ചന്‍ എങ്ങോട്ട് പോയി എന്നും ബെല്ലിച്ചനെ കാണാണ്ടായതിലേക്ക് തങ്ങളും ഒടുങ്ങിയാലോ എന്നും തുരങ്കം കയറിയവര്‍ കനത്ത കിതപ്പിനൊപ്പം ആവലാതിപ്പെട്ടു. അവര്‍ കേള്‍ക്കുന്ന അനക്കങ്ങളോരോന്നും തരം തിരിച്ച് ഓരോ ചുവടും മുന്നോട്ടുവച്ചു. ഒരു ഘട്ടമെത്തിയതും അവര്‍ രണ്ടും മണ്ണിലുറഞ്ഞ കണക്കനെ മുന്നോട്ടായാതെ നിന്നു. മുന്നില്‍ എന്തോ ഉണ്ട്.

പുറത്ത് കണ്ണുന്തി നെഞ്ചിടിച്ച് കാത്തു നില്‍ക്കുന്നവരും തുരങ്കം കയറിയവരും തുരങ്കത്തിനറ്റത്തു നിന്നും ബെല്ലിച്ചന്റെ ഭൂമി നടുക്കുന്ന അലര്‍ച്ചയും അമറലും കേട്ടു. വലിയൊരു ഭാരം തുരങ്കത്തിന്റെ നനവിലേക്ക് മലര്‍ന്നടിച്ച് വീഴുന്ന ഒച്ചയും പിന്നാലെ രണ്ട് പ്രാണനുകള്‍ പരസ്പരം പിടഞ്ഞ് കുതറുന്നതും പിടയുന്നതും എല്ലാവരും കേട്ടു. അകത്ത് ബെല്ലിച്ചനെ നോക്കിയിറങ്ങിയവര്‍ പുറത്തേക്ക് പ്രാണനും കൊണ്ട് ചാടിയിറങ്ങി. അകത്ത് രണ്ട് ജീവിവര്‍ഗങ്ങളുടെ മല്‍പിടിത്തമാണ്. എല്ലാവരും പേടിച്ചു മാറി ഓരോരോ കവുങ്ങിന്‍ തടികളെ മറയാക്കി നിന്നു. തുരങ്കം ഉള്‍ക്കൊള്ളന്‍ കെല്‍പ്പില്ലാത്ത വണ്ണത്തിലും നീളത്തിലുമുള്ള ബെല്ലിച്ചന്റെ അലര്‍ച്ച പുറത്തേക്ക് തെറിച്ചു കൊണ്ടിരുന്നു. ആളുകള്‍ ഒരടി പിന്നോട്ടു മാറുകയാണ് ചെയ്തത്. അവര്‍ കുന്നിന്‍ ചെരുവിലുള്ള ആളുകളെയെല്ലാം കൂവി വിളിച്ചു. വിളി കേട്ട് ചരുവിലെ വീടുകളില്‍ നിന്ന് ആണുങ്ങളും പെണ്ണുങ്ങളും ഇറങ്ങി വന്നു. ഒരുകൂട്ടം ആളുകള്‍ തോട്ടത്തില്‍ ഓടിയിറങ്ങി ഒത്തുകൂടി. കൈക്കുഞ്ഞുങ്ങള്‍ കരഞ്ഞു. സാവധാനം തുരങ്കത്തില്‍ നിന്ന് കേള്‍ക്കുന്നതൊക്കെയും അടങ്ങി.

ആളുകള്‍ കവുങ്ങിന്‍ തടിവിട്ട് തുരങ്കത്തിന്റെ വാതില്‍ക്കലേക്ക് ചുവട് വച്ചു. അകത്തുനിന്ന് ശത്രുവിനെ വീഴ്ത്തിയവന്റെ അടങ്ങിയ കിതപ്പു പോലൊന്നാണ് കേള്‍ക്കുന്നത്. കൂട്ടത്തില്‍ ഒരാള്‍ പിന്നെയും ബെല്ലിച്ചനെ വിളിച്ചു.

അനക്കമൊന്നും കേള്‍ക്കുന്നില്ല. രണ്ടു പേര്‍ രണ്ടും കല്‍പ്പിച്ച് തുരങ്കത്തിന് അകത്തേക്ക് കയറി. അല്‍പ്പം മുന്‍പ് നിലച്ച അലര്‍ച്ചയുടെ മണ്‍വിടവിലേക്ക് അവര്‍ ശ്രദ്ധയോടെ നടന്നു.

ഒരാപത്ത് കറുത്ത് തടിച്ച് ഇരുട്ട് മൂടി മുന്നില്‍ ഒളിച്ചിരുന്നിട്ടും ചൂട്ടു വെട്ടത്തിലൂടെ അവര്‍ ശ്വാസമടക്കിപിടിച്ച് തുരങ്കത്തിനറ്റം പിടിക്കുക തന്നെ ചെയ്തു. അവര്‍ കണ്ടത് രക്തത്തില്‍ കുളിര്‍ത്തിട്ട് ഉടുമ്പ് കൊണ്ടുപോയ പ്രാണന്‍ വെടിഞ്ഞ ബെല്ലിച്ചന്റെ ശ്വാസം മുട്ടി നിലച്ച ശരീരമാണ്. ബെല്ലിച്ചന്റ വലം കൈവിരലുകളില്‍ പാതി മാത്രം പ്രാണന്‍ ശേഷിച്ച ഉടുമ്പ് പിടയ്ക്കുന്നുണ്ടായിരുന്നു. ജീവനില്ലാത്ത ബെല്ലിച്ചന്റെ ശരീരം തുരങ്കത്തിലൂടെ പുറത്തേക്ക് വലിച്ചിറക്കിയപ്പോള്‍ കൈയില്‍ ബെല്ലിച്ചന്‍ മരണത്തിനൊപ്പം മുറുക്കിപ്പിടിച്ച പിടയ്ക്കുന്ന ഉടുമ്പിനെ ഉമ്പുക്കന്‍ കണ്ടു. ഉമ്പുക്കന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ ജഡത്തിലേക്കും ജീവനിലേക്കും മാറി മാറി നോക്കി.

Comments