നികനോർ പാർറ

When people are over one hundred years old, it’s highly probable that they’ll die at any moment, but as several friends have said, we were used to Nicanor’s presumed immortality.

Alejandro zambra

റൊബർട്ടോ ബൊലാനോ കൂട്ടുകാരനൊപ്പം നികനോർ പാർറയുടെ വീട്ടിൽ എത്തുമ്പോൾ ഞാൻ ജനിച്ചിട്ട് പോലുമില്ലായിരുന്നു. എന്നിട്ടും ഞാൻ അവരുടെ കൂടെ അവർ പോലുമറിയാതെ പാർറയെ കാണാൻ ചെന്നത് ഇന്നലെയാണ്. പാർറ മരിക്കും മുൻപേ ബൊലാനോ മരിച്ചു. പാർറയാവട്ടെ ഒരു വലിയ മരം ആകാശത്തിലേക്ക് വേരു നീട്ടും പോലെ തല തിരിഞ്ഞ് വളർന്ന്, പടർന്ന്, ഒട്ടും ക്ഷീണമില്ലാതെ ഒരു ദിവസം ഭൂമിയിലേക്ക് തിരിച്ച് പോയി. ബൊലാനോ അത്ഭുതത്തോടെ, അതിലേറെ അമ്പരപ്പോടെ കൂട്ടുകാരനൊപ്പം പാർറയുടെ വീട്ടിൽ ചെല്ലുമ്പോൾ അകത്തെ മുറിയിൽ നിന്നും വന്ന കാലൊച്ച ഞാനും കേട്ടു.

ബൊലാനോയ്ക്ക് പിന്നിൽ നിന്ന് ഞാനും കണ്ടു : കവികളിലെ ശംബൂകനെ!

ഞങ്ങളെ അഭിവാദ്യം ചെയ്തതിന് ശേഷം ആദ്യം സംസാരിച്ചത് ഇംഗ്ലീഷിലാണ്. അത് ഡെന്മാർക്കിലെ ചില കർഷകർ ഹാംലെറ്റിനെ സ്വീകരിച്ചത് പോലെയായിരുന്നു. അത് കഴിഞ്ഞ് നികനോർ സംസാരിച്ചു തുടങ്ങി, വാർദ്ധക്യത്തെക്കുറിച്ച്, ഷേക്‌സ്പിയറിന്റെ വിധിയെക്കുറിച്ച്, പൂച്ചകളെക്കുറിച്ച്, ലാ ക്രൂസിലെ കത്തി നശിച്ച അദ്ദേഹത്തിന്റെ ആദ്യ ഭവനത്തെക്കുറിച്ച്, ഏർനെസ്റ്റോ കാർഡിനലിനെക്കുറിച്ച്, ഒരു കവിയെന്നതിനേക്കാൾ, പ്രബന്ധകാരൻ എന്നദ്ദേഹം കരുതുന്ന പാസിനെക്കുറിച്ച്, സംഗീതജ്ഞനായിരുന്ന അച്ഛനെക്കുറിച്ച്, വെട്ടുകഷണങ്ങൾ കൊണ്ട് അദ്ദേഹത്തിനും സഹോദരങ്ങൾക്കും കുപ്പായം തയ്ച്ചു കൊടുത്തിരുന്ന തയ്യൽക്കാരിയായ അമ്മയെക്കുറിച്ച്, ബാൽക്കണിയിൽ നിന്ന് കടലിടുക്കിനപ്പുറം, കാടിനു മുകളിലായി പക്ഷിക്കാഷ്ടം പോലെ വെളുത്തു കാണുന്ന ശവകുടീരത്തിലെ ഹിഡോബ്രോയെക്കുറിച്ച്, അദ്ദേഹത്തിന്റെ സഹോദരി വ്യോലേറ്റയെയും അവരുടെ മകൾ കോലോംബിനയെയും കുറിച്ച്, ഏകാന്തതയെക്കുറിച്ച്, ന്യൂയോർക്കിലെ ഏതാനും സായാഹ്നങ്ങളെക്കുറിച്ച്, കാർ അപകടങ്ങളെക്കുറിച്ച്, ഇന്ത്യയെക്കുറിച്ച്, മരണപ്പെട്ട സുഹൃത്തുക്കളെക്കുറിച്ച്, തെക്കൻ നാട്ടിൽ ചിലവഴിച്ച കുട്ടിക്കാലത്തെപ്പറ്റി, കോറിറ്റ നല്ലവണ്ണം പാചകം ചെയ്യുന്ന കക്കയിറച്ചിയെക്കുറിച്ച്, ഉടച്ച ഉരുളക്കിഴങ്ങ് ചേർത്ത മീൻ വിഭവത്തെക്കുറിച്ച്.
ഈ ചെരിഞ്ഞുകിടക്കുന്നതെല്ലാം ബൊലാനോയുടേതാണ്. ആ ചെരിവിലൂടെ ഞാനൊന്ന് കയറി എന്നു മാത്രം.

സ്റ്റാലിൻ നീണാൾ വാഴട്ടെ എന്ന കവിത ഒന്നാന്തരം തെറിയോടെയാണ് തുടങ്ങുന്നത്, മദർ ഫക്കർ എന്ന്. സഖാക്കൾ കേൾക്കണ്ട. മരിച്ചാലും ക്യാപിറ്റൽ പണിഷ്‌മെന്റിന് അവർ മടിക്കില്ല. അത്ര ശുദ്ധാത്മാക്കളാണ്. കണ്ണടച്ച് ചുവന്ന പാൽ കുടിക്കുന്നവർ! ഞാൻ നിശ്ശബ്ദനായി അമ്പരപ്പോടെ അവർക്ക് പിന്നിൽ നിൽക്കുകയാണ്. ബൊലാനോയ്ക്ക് പാർറ തന്റെ പുസ്തകം കൊടുക്കുന്നു. ആ പുസ്തകത്തിന്റെ ഒന്നാം പ്രതി കൈയ്യിലുണ്ടായിട്ടും ആറാം പതിപ്പ് ഇരുകൈയ്യും നീട്ടി ബൊലാനോ വാങ്ങുന്നു.

പാർറയുടെ വീട്ടിൽ നിന്നിറങ്ങുമ്പോഴേക്ക് ബൊലാനോ മനസ്സിൽ എഴുതിയിരുന്നു:
ഗബ്രിയേലാ മിസ്ട്രൽ, നെരൂദ, ദെ രോഖ, വിഒലേറ്റ പാറാ എന്നിവരുടെ പ്രേതങ്ങൾ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ചുറ്റി നടന്നു പുറത്ത് കടക്കാൻ വൃഥാ ശ്രമിക്കുന്ന ഈ ഇടനാഴി ദ്വീപിലെ ഏറ്റവും ആഴക്കാഴ്ചയുള്ള താമസക്കാരനാണ് നികനോർ പാർറയെന്ന്.

പാർറയ്ക്ക് അറിയില്ല ഇന്നലെ വീണ്ടും ജനിച്ചത്. തന്റെ വീട്ടിൽ ബൊലാനോയേയും മാർഷൽ കോർട്ടസ് മോൺറോയ്യേയും സ്വീകരിച്ചത്. കൊറീറ്റോ വീടിനുള്ളിൽ റേഡിയോ കേട്ട് പൊട്ടിച്ചിരിച്ചത്. പ്രതി കവിത പോലൊരു പ്രതി ജീവിതം ജീവിക്കുന്നത്!


Summary: Nicanor Parra Malayalam short story by Unni R.


ഉണ്ണി ആർ.

കഥാകൃത്ത്​, തിരക്കഥാകൃത്ത്. ഒഴിവുദിവസത്തെ കളി, കാളിനാടകം, ഒരു ഭയങ്കര കാമുകൻ, വാങ്ക്​, കഥകൾ: ഉണ്ണി ആർ (കഥാ സമാഹാരങ്ങൾ), പ്രതി പൂവൻകോഴി (നോവൽ), ഗംഭീര വിക്രമ (മലമുകളിൽ രണ്ടുപേർ) എന്നിവ പ്രധാന പുസ്​തകങ്ങൾ. മുന്നറിയിപ്പ്​, ചാർലി, ലീല, നാരദൻ തുടങ്ങിയവ പ്രധാന തിരക്കഥകൾ.

Comments