ഉപരാജ ക്രിയ

‘രണ്ടായിരത്തി എട്ടിൽ തൊഴിലാളികൾ അനിശ്ചിതകാല സമരമെന്നുപറഞ്ഞ് അവിടെ പന്തല് കെട്ടി. രവി അവരുടെ മുന്നീക്കൂടെ തന്നെ ഓട്ടോ വിളിച്ച് ടൗണിൽ പോയി. തിരിച്ച് അതേ വണ്ടിയിൽ വന്നെറങ്ങി. അവന്റെ കയ്യിൽ ഇരുപത് ലിറ്ററിന്റെ ഒരു കന്നാസുണ്ടായിരുന്നു. അവിടം മുഴുവൻ ഡീസലൊഴിച്ച് തീപ്പെട്ടി ഉരച്ചതേയുള്ളൂ... സമരക്കാരൊക്കെ കൊടിയും കളഞ്ഞ് ഓടി രക്ഷപ്പെട്ടു. സമരം തീർന്നു. അല്ല രവി തീർത്തു’.

പരാജന്റെ പക്കൽ നല്ലൊരു പാർട്ടിയുണ്ടെന്ന് സാബുവിന് അറിയാം. അതാണ് സ്ഥലം കാണിക്കാമെന്ന് ഏറ്റത്.

ഒരു മല മുഴുവൻ സോളാർ പാനൽ വെക്കുന്ന പരിപാടിയാണ്. വലിയ പ്രോജക്ടാണ്.

ഈ പരിപാടി നടന്നാൽ ചെറുതല്ലാത്ത തുക തടയുമെന്ന് സാബുവിന് ഉറപ്പുണ്ട്. അതാണിപ്പോൾ പ്രതീക്ഷിക്കാതെ പാളിപ്പോയത്.

ഗേറ്റ് കടന്ന് കയറ്റം പിടിച്ചപ്പോൾ മുകളിലോട്ടുള്ള വഴി നിറയെ കരിങ്കല്ല് പാകി വൃത്തിയാക്കിയിട്ടുണ്ട്. ഇതാണ് എ പ്ലോട്ട്. ഇവിടെയാണ് എസ്റ്റേറ്റിന്റെ ബംഗ്ലാവുള്ളത്. കാണാൻ ബംഗ്ലാവൊന്നുമല്ല. കോൺക്രീറ്റും ഓടും ചേർന്ന പഴയൊരു വീട്.

വഴി നിറയെ ഞാവൽ പഴങ്ങൾ വീണ് ചതഞ്ഞിട്ടുണ്ട്. സജീവമായ ഒരു കോട്ടയിലേക്ക് കടക്കും പോലെ ഉപരാജനൊരു മരവിപ്പുണ്ടായി. മുറ്റത്ത് വണ്ടി നിർത്തി രണ്ടുപേരും പുറത്തേക്കിറങ്ങി. ഇരുമ്പ് കൂട്ടിൽ മൂന്ന് പട്ടികൾ മരണക്കിണറിലേതു പോലെ കുരച്ച് വട്ടം ചുറ്റുന്നുണ്ട്. ആളനക്കമൊന്നും കണ്ടില്ല. നീളത്തിൽ കെട്ടിയിട്ട കുറേ അയകളിൽ നിറയെ റബ്ബർ ഷീറ്റുകളുണ്ട്.

ബംഗ്ലാവിന് ചുറ്റും പരതി നോക്കിയ ശേഷം സാബു ആരെയോ ഫോണെടുത്ത് വിളിച്ച് വന്നിട്ടുണ്ടെന്ന് പറഞ്ഞു.

‘പാലാ എസ്റ്റേറ്റ്’, സാബു ചുവരിൽ തെളിഞ്ഞു നിന്ന പേര് ഉപരാജന് കാണിച്ചു കൊടുത്തു.
‘പാലാക്കാരാണോ?'
'ഹേയ് റോയിച്ചൻ ചാലക്കുടിയാ... പണ്ട് ഇവിടം മുഴുവൻ പാല മരങ്ങളായിരുന്നു. എസ്റ്റേറ്റാവുമ്പോ എന്തെങ്കിലുമൊക്കെ പേരിടണ്ടേ...'

സാബു കാഴ്ച്ചവട്ടത്തെവിടെയെങ്കിലും പാലമരമുണ്ടോ എന്ന് നോക്കി. കണ്ടില്ല.
‘ഇതൊക്കെ ചേർന്ന് ഇരുന്നൂറ് ഏക്കറോളം വരും. ഇത് എ പ്ലോട്ട്. ഇതിൽ പറ്റാവുന്നത്ര തെങ്ങും കവുങ്ങും പിന്നെ കുരുമുളകുമുണ്ട്. കുറച്ച് താഴോട്ട് ജാതിക്കയും കൊക്കോമരങ്ങളൊക്കെയുണ്ട്. അതിൻറേയൊന്നും വെളവെടുക്കാറില്ല’.

ഒരു ലോറി തന്നെ കയറ്റി വെക്കാവുന്ന ചായിപ്പിൽ കൂട്ടിയിട്ട തേങ്ങകൾ രണ്ടുപേരും ആദ്യമേ ശ്രദ്ധിച്ചിരുന്നു. മിക്കവാറും തേങ്ങകൾ മുളച്ചിട്ടുണ്ട്.

‘പിടിച്ചാ കിട്ടാത്ത പാർട്ടിയാണ്... കൊടക് തൊട്ട് മൂന്നാറ് വരെ എസ്റ്റേറ്റുണ്ട്...'
സാബു റോയി മുതലാളിയെ പറ്റി വീണ്ടും പറഞ്ഞു.

അതിനിടെ തോട്ടത്തിൽ നിന്ന് ഒരാളിറങ്ങി വന്നു. കനത്ത മീശ. ഉയരമില്ല. കാലിൽ ഗംബൂട്ടും കയ്യിൽ ടാപ്പിംഗ് കത്തിയുമുണ്ട്.
‘ഇതൊക്ക നോക്കി നടത്തുന്നത് ദാ... അയാളാണ്. ഡീസൽ രവി’,
സാബു ശബ്ദം താഴ്ത്തി.
രവി ബി പ്ലോട്ടിലേക്കുള്ള വഴി കാണിച്ചു കൊടുത്തു. ഒന്നും മിണ്ടിയില്ല.
സാബു ചിരിച്ചെങ്കിലും അയാൾ കാണാത്ത മട്ടിൽ ഒഴിഞ്ഞു മാറി. ഉപരാജനും സാബുവും മുകളിലേക്ക് നടക്കാൻ തുടങ്ങി.

'ആളൊരു ഒറ്റാംതടിയാണ്. പണ്ട് റബ്ബർ തൈ വാങ്ങാൻ പോയപ്പോൾ ചെറുപുഴേന്നാണ് റോയിച്ചന് രവിയെ കിട്ടുന്നത്. പിന്നെ ഇവിടെ സ്ഥിരമായി. റോയിച്ചന്റെ ബെൻസ് ചാലക്കുടീന്ന് ഇവിടം വരെ വരത്തില്ല. അങ്ങേര് വെളുപ്പിന് മലബാറിനോ മാവേലിക്കോ വരും. കണ്ണൂരെത്തുമ്പോ രവീന്ന് പറഞ്ഞ് വിളിക്കും. അവൻറെ കസ്റ്റഡിയിൽ ഒരുത്തനുണ്ട്. പേരോർമ്മയില്ല. അവൻറെ കാറെടുത്ത് കൂട്ടാൻ പോവും. നമ്മള് കാണാൻ പോവുന്ന പ്ലോട്ടിനടുത്തായി ഒരു വീടുണ്ട്. ഇവിടെ പണിയെടുത്ത് കിട്ടിയ കാശു കൊണ്ട് രവി സ്വന്തമായിട്ട് വാങ്ങിച്ചിട്ടതാ.. വാങ്ങിയതേയുള്ളൂ... താമസം ഇവിടെ തന്നെയാ....'

കയറ്റം കൂടൂന്തോറും സാബുവിന്റെ കിതപ്പും കൂടി. അയാൾ രവിയെ പറ്റി തന്നെ പറഞ്ഞു. ഉപരാജൻ മൂളി മൂളി കേട്ടു. രണ്ടുപേരും നടന്ന് ബി പ്ലോട്ടിലെത്തി.

‘ഇതില് നിറയെ റബ്ബറാണ്. സ്ലോട്ടറിനൊന്നുമായിട്ടില്ല’.
'റബ്ബറൊക്കെ പ്രതാപം നഷ്ടപ്പെട്ട എനമാണ്. ചെത്തിയറുത്തിട്ടൊന്നും കാര്യമില്ല’.
ഉപരാജൻ ചുറ്റിലും കണ്ണോടിച്ചു.
'സ്ഥലം തെക്ക് തിരിഞ്ഞിട്ടാ... ഫുൾടൈം വെയില് കിട്ടും. നമ്മടെ പാർട്ടിക്ക് ഓക്കെയാവില്ലേ?'

സാബു കാര്യത്തിലേക്ക് കടന്നു.

പിന്നെയും ഒരു അമ്പത് മീറ്റർ കൂടി മുകളിലേക്ക് നടന്നപ്പോൾ താഴെ ഭാഗത്ത് വലിയ കാറ്റാടി മരങ്ങൾ വരിയായി കണ്ടതും സാബു പറയാതെ തന്നെ ഉപരാജന് അതിർത്തി മനസ്സിലായി. മരങ്ങളുടെ അറ്റം കാവൽക്കാരുടെ കുന്തം പോലെ കൂർത്തു നിന്നു. കാറ്റു വീശുമ്പോൾ രാകി മൂർച്ച കൂട്ടുമ്പോലുള്ള ശബ്ദവും മുകളിൽ കേട്ടു.

രണ്ട്

അന്ന് സ്ഥലം നോക്കിയതിനുശേഷം സാബുവും ഉപരാജനും പിന്നെ നേരിൽ കണ്ടത് ഒരു മാസം കഴിഞ്ഞാണ്. അതും പയ്യന്നൂരുളള പേരു കേട്ട ഒരു ബാറിൽ വെച്ച്. വലിയൊരു നിരാശ കുടിച്ചു തീർക്കാനായിരുന്നു ഇരുവരുടേയും ഉദ്ദേശ്യം.

'അങ്ങേർക്ക് ആക്സിഡെന്റാവാൻ പറ്റിയ ഊമ്പിയ നേരം...'

പാലാ എസ്റ്റെറ്റിലെ ബി പ്ലോട്ടിന്റെ കാര്യത്തിൽ രണ്ടു പേർക്കും വൻ പ്രതീക്ഷയായിരുന്നു. റോയിച്ചൻ മുതലാളിയെ സാബു തന്നെ പലവട്ടം വിളിക്കുകയും ചെയ്തിട്ടുണ്ട്. പേപ്പർ വർക്കിനടുത്ത് എത്തിയതായിരുന്നു. അതിനിടയിലാണ് അപകടത്തിൽ പെട്ടത്. കുറച്ച് സീരിയസ് ഇൻജുറീസ് വന്നപ്പോൾ സ്ഥലത്തിന്റെ കാര്യം റോയിച്ചൻ വിട്ടു. ഫോൺ വിളിച്ചാൽ എടുക്കാതായി.

'എനിയിപ്പം അയാൾ ഓക്കെ ആയി വന്നാലെ വല്ലതും നടക്കൂ’.

കൗണ്ടറിൽ നിന്നും വരാനിരിക്കുന്ന ചെമ്പല്ലി പൊള്ളിച്ചുണ്ടാക്കിയ ഡിഷ് കാത്തിരിക്കുന്നതിനിടെ സാബു എം എച്ചിന്റെ കഴുത്തിൽ പിടിച്ച് ഗ്ലാസിലേക്ക് ചെരിച്ചു.

'അതുവരെയിപ്പം കാര്യങ്ങളറിയാൻ ആ രവിയെ കമ്പനിയാക്കിയാലോ?'
ഉപരാജൻ സാബുവിനെ നോക്കി. ടച്ചിങ്സിന് കാത്തു നിൽക്കാതെ സാബു പത്ത് മില്ലി അകത്താക്കി.
‘എസ്റ്റേറ്റിലേക്ക് ഒരു ചേര പാമ്പിനെ പോലും അവൻ കയറ്റത്തില്ല. തല്ലി കൊല്ലും’.

സാബു രവിയുമായുള്ള ഡീലിങ്ങിൽ താൽപ്പര്യം കാണിച്ചില്ല.
'അയാളെ മെരുക്കുന്ന കാര്യത്തിൽ എനിക്ക് നല്ല കോൺഫിഡൻസുണ്ട്. കച്ചവടത്തിൻറെ കാര്യത്തിൽ ഒരു തീരുമാനമാക്കാൻ പറ്റും’, ഉപരാജൻ ഉറപ്പു പറഞ്ഞു.
‘ഡീസലെന്ന പേര് അവന് വെറുതേ കിട്ടിയതല്ല.. ?'

കസേര കുറച്ചൂടി മുന്നോട്ട് വലിച്ചിട്ട് സാബു ചുറ്റിലും നോക്കി ആരും കേൾക്കുന്നില്ലെന്ന് ഉറപ്പുവരുത്തി.
‘രണ്ടായിരത്തി എട്ടിൽ തൊഴിലാളികൾ അനിശ്ചിത കാല സമരമെന്ന് പറഞ്ഞ് അവിടെ പന്തല് കെട്ടി. രവി അവരുടെ മുന്നീക്കൂടെ തന്നെ ഓട്ടോ വിളിച്ച് ടൗണിൽ പോയി. തിരിച്ച് അതേ വണ്ടിയിൽ വന്നെറങ്ങി. അവന്റെ കയ്യിൽ ഇരുപത് ലിറ്ററിന്റെ ഒരു കന്നാസുണ്ടായിരുന്നു. അവിടം മുഴുവൻ ഡീസലൊഴിച്ച് തീപ്പെട്ടി ഉരച്ചതേയുള്ളൂ... സമരക്കാരൊക്കെ കൊടിയും കളഞ്ഞ് ഓടി രക്ഷപ്പെട്ടു. സമരം തീർന്നു. അല്ല രവി തീർത്തു’.

സാബു വീണ്ടും കുടിച്ചു.
‘അവൻ റോട്ട്വീലർ പട്ടിയുടെ എനമാ... ഒരാളെ മാത്രേ അനുസരിക്കത്തുള്ളൂ...'
'ഉം...'
ഉപരാജൻ മസാല നീക്കിക്കളഞ്ഞ് ചെമ്പല്ലി അടർത്തിയെടുത്തു.
‘അവനുളള ഒരു കഴിവ് വാറ്റുന്നതിലാണെന്ന് കേട്ടിട്ടുണ്ട്. അതാണവൻറെ വീക്കിനസ്സും. ലിറ്ററ് കണക്കിന് വാറ്റും. പക്ഷെ അവനെയാരും തരിപ്പ് പിടിച്ച് കണ്ടിട്ടില്ല’.

സാബു അവസാനത്തെ പെഗ്ഗും കുടിച്ച് ചിറി തുവർത്തി.
‘കാട്ടുകോഴിയെ വളർത്തുന്നത് പോലാ... കേസ് കെട്ടാവും രാജാ..വിടുന്നതാ നല്ലത്’, ബാറിന്ന് ഇറങ്ങുമ്പോൾ സാബു തീർത്തു പറഞ്ഞു.

ഉപരാജൻ ചിരിച്ചതേയുള്ളൂ.

മൂന്ന്

ഉപരാജൻ പക്ഷെ രവിയെ മെരുക്കിയെടുത്തു. അതെങ്ങനെയെന്ന് പുറത്താർക്കുമറിയില്ല.

ഉപരാജൻ രവിയുമായുള്ള കളിയിൽ ഒന്നാമത്തെ ആളെയെടുത്ത് കളം മാറ്റിവച്ചു- നൂറ് വാഴക്കന്ന് വെച്ചു​പിടിപ്പിക്കാമെന്ന് പ്ലാനിട്ടത് അയാളായിരുന്നു. കാടു പിടിച്ച് കിടക്കുന്ന പറമ്പിനുള്ളിൽ വറ്റാത്ത കുളം കണ്ടിട്ട് മാത്രമായിരുന്നില്ല അത്. റോയിച്ചൻ മുതലാളിക്ക് പഴയ പോലാവാൻ പത്തു മാസം വേണ്ടി വരുമെന്ന് രവി തന്നെയാണ് പറഞ്ഞത്. ആ ഗർഭകാലം മുഴുവൻ ചിലപ്പോൾ പാലാ എസ്റ്റേറ്റിൽ കേറി വരേണ്ടി വരും. അതിനുള്ള താൽക്കാലിക കാരണമാണ് വാഴകൃഷി.

രവി സമ്മതിച്ചു. കൂട്ടു കൃഷിയായിരുന്നു ഉദ്ദേശ്യം. കിട്ടുന്നതിൽ പപ്പാതി. ഉപരാജൻ പാലാ എസ്റ്റേറ്റിൽ വല്ലപ്പോഴും താമസിക്കാൻ താൽപ്പര്യം കൂടി കാണിച്ചപ്പോൾ രവി എതിരൊന്നും പറഞ്ഞില്ല, മാത്രമല്ല നല്ല സന്തോഷവും കാണിച്ചു.

ജെ സി ബി വച്ച് പറമ്പ് വെളിപ്പിച്ചെടുത്തത് ഉപരാജനാണ്. അതിന് കുറച്ച് കാശ് ചെലവായി. കൃത്യമായി കണക്കെഴുതി വെക്കണമെന്ന് രവി പറഞ്ഞു. തമിഴ്നാട്ടിന്ന് വാഴക്കന്നുകൾ ഇറക്കിയിട്ടുണ്ടെന്നറിഞ്ഞപ്പോൾ ചെറുപുഴ ഫാമിലേക്ക് രണ്ടുപേരും കൂടിയാണ് പോയത്. കന്നുകൾ വാങ്ങി മടങ്ങുമ്പോൾ ബീവറേജിൽ കേറാൻ നിന്ന ഉപരാജനോട് രവി വേണ്ടെന്ന് പറഞ്ഞു. അന്ന് തൊട്ട് ഉപരാജനുള്ള രാത്രികളിൽ രവി ഇരുട്ടിലിറങ്ങി പോയി ഒന്നോ രണ്ടോ കുപ്പികളിൽ ചാരായം ബംഗ്ലാവിനുളളിൽ എത്തിച്ചു.

സാബു പറഞ്ഞത് നേരായിരുന്നു. തൊണ്ടക്കുഴല് തൊട്ട് നാഭി വരെ പുകഞ്ഞിറങ്ങിയപ്പോൾ തീ പാറുന്ന ചാരായമെന്ന് ഉപരാജൻ രവിയെ അഭിനന്ദിച്ചു. അയാളുണ്ടാക്കുന്ന ചാരായം ആവിയായി പോവുന്നതല്ലെന്നും രവി തന്നെ കുടിച്ചു തീർക്കുന്നതാണെന്നും ഉപരാജന് മനസ്സിലായി. കുടിക്കുന്നുണ്ടെങ്കിൽ ഉറങ്ങാൻ നേരത്ത് മാത്രമേ കുടിക്കൂ. അതിന് തന്നെ ചില രീതികളുമുണ്ട്. കിടക്കുന്നതിന് തൊട്ട് മുമ്പ് അടുക്കളയിൽ പോയി ഒരു സ്റ്റീൽ പാത്രം നിറയെ വെള്ളം കൊണ്ടു വന്ന് കയ്യെത്തുന്ന ദൂരം വെക്കും. ഉപരാജനുള്ളപ്പോഴും അത്തരം ശീലങ്ങളിൽ രവി മാറ്റമൊന്നും വരുത്തിയില്ല. മറയില്ലാത്ത മനുഷ്യനാണെന്ന് രവിയെന്ന് ഉപരാജന് തോന്നി.
'റോയിച്ചനെ വിളിച്ചിരുന്നോ രവീ…’
രാവിലെ കുളിച്ചിറങ്ങാൻ നേരം ഉപരാജൻ കളത്തിൽ കൈകളുയർത്തി ചാടാനിരുന്ന കുതിരയെ പായിച്ചു.
'വിളിച്ചിരുന്നു... അച്ചായൻ ഉറക്കത്തിലായിരുന്ന്’, ചായിപ്പിലെ തേങ്ങകൾ മുറ്റത്തേക്ക് പറക്കി കൂട്ടുന്നതിനിടയിൽ രവി താൽപ്പര്യമില്ലാതെ പറഞ്ഞു.

വേനൽ മൂത്തുവരാൻ തുടങ്ങിയാൽ വാഴയ്ക്ക് ദിവസവും വെള്ളമൊഴിക്കേണ്ടി വരും. അതിനിടയിൽ കോഴി കാട്ടവും ഫാക്ടംഫോസും ഇടതുറന്നിട്ടു. അതിൻറെ കാശും കണക്കിലെഴുതാൻ രവി പറഞ്ഞിരുന്നു. വെള്ളമൊഴിക്കാമെന്ന് രവി ഏറ്റപ്പോൾ ഉപരാജന് സമാധാനമായി. അയാൾ വീണ്ടും ബ്രോക്കറ് പണിയിൽ സജീവമായി തുടർന്നു. മാസത്തിലൊരിക്കൽ പാലാ എസ്റ്റേറ്റിൽ വരുമ്പോഴൊക്കെ ഉപരാജൻ പോർക്കോ ബീഫോ വാങ്ങി വരുന്നതും പതിവാക്കി.
‘റോയിച്ചന് പ്രായമെത്ര വരും വയസ്സാനാണോ?'
പോർക്കിറച്ചി തേങ്ങാ കൊത്തിട്ട് വരട്ടിയെടുക്കുന്നതിനിടെ ഉപരാജൻ അരികു പിടിച്ചു നിന്ന ഐരാവതം ഇറക്കിവെച്ചു.
'കഴിഞ്ഞ മാസം എഴുപത്തഞ്ച് കഴിഞ്ഞു’.

രവി തിളച്ചുകൊണ്ടിരിക്കുന്നതിനിടെ രണ്ടു കഷ്ണം കയിൽ കണ കൊണ്ട് കോരി ഉള്ളം കയ്യിലിട്ടു.

പിറ്റേന്ന് രവി വെള്ളമൊഴിക്കാനിറങ്ങുമ്പോൾ ഉപരാജനും കൂടെ പോയി. അന്ന് പക്ഷെ പതിവില്ലാതെ മണ്ണെണ്ണ മോട്ടോർ പണിമുടക്കി. അലുമിനീയം ബക്കറ്റിൽ വെളളമെടുക്കാൻ കുളത്തിലിറങ്ങാൻ നേരം രവി ഉപരാജനെ വിലക്കി, ‘അടിത്തട്ട് മുഴുവൻ ചെളിയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ താണുപോവും’.
ഒന്നു രണ്ട് ബക്കറ്റ് വെള്ളം നിറഞ്ഞപ്പോൾ മോട്ടോർ വെള്ളമെടുത്തു.

പൈപ്പ് വലിച്ചിടുന്ന കൂട്ടത്തിൽ അവസരം കിട്ടിയപ്പോൾ ഉപരാജൻ തേരിനെ കൂടി നീക്കി നോക്കി. അപകടരമാണെന്നറിയാമെങ്കിലും അയാൾ ചോദിക്കാൻ തന്നെ തീരുമാനിച്ചു, 'റോയിച്ചൻ എങ്ങനെയാ വാക്കിന് നെറിയുള്ളവനാണോ?'
അങ്ങനെയൊരു ചോദ്യത്തിന് കാരണമെന്തെന്നറിയാൻ രവി പുരികമുയർത്തി.
‘അല്ല നമ്മടെ ബി പ്ലോട്ടിൻറെ കാര്യത്തിൽ തീരുമാനവുമോന്നറിയാൻ..?'
രവിയൊന്നും പറഞ്ഞില്ല.
'രവിക്ക് ഇഞ്ചിയിട്ട് വാറ്റാനറിയുമോ?'
വാഴത്തോട്ടം വെള്ളത്തിൽ മുക്കിയെടുത്ത് മടങ്ങി വരുമ്പോൾ ഉപരാജൻ എളുപ്പം വെട്ടാൻ പറ്റുന്ന രണ്ട് ആളുകളെ രവിക്ക് മുന്നിലേക്കിട്ടു കൊടുത്തു.
‘മുമ്പ് വാറ്റിയിട്ടുണ്ട്’.

പറഞ്ഞു വന്ന വിഷയം വീക്കനസ്സായത് കൊണ്ട് അയാളുടെ മുഖം തെളിഞ്ഞു വന്നത് ഉപരാജൻ കണ്ടു.
'ഞാനതിനെ പറ്റി കേട്ടതേയുള്ളു..നമക്കതങ്ങ് വാറ്റിയാലോ?'
‘സാധനമൊക്കെ റെഡിയാക്കി തന്നാൽ ഒരു കൈ നോക്കാം’.
രവിയും താൽപര്യം കാണിച്ചു.

അന്ന് വൈകുന്നേരം തന്നെ ഉപരാജനും രവിയും കൂടി ചീമേനിയിൽ പോയി രണ്ടു മൂന്ന് പച്ചക്കറിക്കടയിൽ കേറി ഇഞ്ചിയും ബേക്കറിയിൽ കേറി മുന്തിയ ഇനം ഈത്തപ്പഴവും വാങ്ങി. രവിക്ക് പരിചയമുള്ള കടയിലേക്കാണെന്ന് പറഞ്ഞ് ഹോൾസെയിലായി പതിനഞ്ചു കിലോ പഞ്ചസാരയും വാങ്ങി.
‘വാഷിന് പഞ്ചസാര വേണോ?, ഉപരാജൻ സംശയം ചോദിച്ചു.
‘തട്ടിൻപുറത്ത് പഴയൊരു ഭരണിയുണ്ട്. പറമ്പിലെ ഞാവലൊക്കെ പറിച്ച് വീഞ്ഞാക്കി നോക്കാനാണ്’.
രവി ചിരിച്ചു.

മടങ്ങിവരാൻനേരം ചിക്കൻ കട കണ്ടപ്പോൾ രവി വണ്ടി നിർത്താൻ പറഞ്ഞു. നല്ല വണ്ണം തൂക്കമുള്ള ഒരു കോഴിയെ കറി പീസാക്കാനും കുറച്ച് കോഴിക്കാലുകളും വേസ്സ്റ്റും മറ്റൊരു കൂടിലാക്കി തരാനും പറഞ്ഞു.
'ടൗണില് വന്നാ.. വീട്ടിലെ പട്ടികൾക്കിങ്ങനെ വേസ്റ്റ് പുഴുങ്ങി കൊടുക്കാറുണ്ട്’.
‘നല്ലതാ... പക്ഷേ ഉപ്പിടാതെ മഞ്ഞളിട്ട് പുഴുങ്ങി കൊടുക്കണം’.
ഉപരാജൻ പറഞ്ഞപ്പോൾ രവി അങ്ങനെയാണ് കൊടുക്കാറെന്ന് പറഞ്ഞു.

നാല്

രാവിലെ എണീറ്റപ്പോൾ ഉപരാജൻ കണ്ടത് പട്ടികളിൽ ഒന്ന് കൂട്ടിൽ ചത്ത് കിടന്നതാണ്. തലേന്ന് കൊടുത്ത ചിക്കൻ വേസ്റ്റായിരിക്കും മരണ കാരണമെന്ന് ഉപരാജൻ സംശയം പറഞ്ഞു. അതിന് ചാൻസുണ്ടെന്ന് രവിയും പറഞ്ഞു. സ്വന്തം വളർത്ത് മൃഗമാണെങ്കിലും വലിയ കുലുക്കമൊന്നും രവിക്കുണ്ടായില്ല. മറ്റു രണ്ടു പട്ടികളെയും തള്ളി മാറ്റി അയാൾ കൂട്ടിൽ നിന്ന് അതിന്റെ വാലിന് പിടിച്ച് വലിച്ചു പുറത്തിട്ടു. ചത്തിതിന്റെ വായിൽ നിന്ന് നുരയും പതയും മണ്ണിലേക്ക് ഒലിച്ചിറങ്ങി. വെയിലൊഴിഞ്ഞിട്ട് കുഴിച്ചിടാമെന്ന് ഉപരാജൻ പറഞ്ഞപ്പോൾ കത്തിക്കുന്നതാണ് നല്ലതെന്ന് രവി പറഞ്ഞു. പന്നി ശല്യം കാരണം ചെറിയ കുഴിയൊന്നും മതിയാവില്ലെന്ന് രവി കാരണം പറഞ്ഞു.

ചത്ത പട്ടിയെ കുറച്ച് നേരം നോക്കി നിന്ന ശേഷം രവി കാർക്കിച്ചു തുപ്പി. പിന്നെ പറമ്പിലേക്കിറങ്ങി. അയാൾക്ക് പിറകെ ഉപരാജനും പോയി. ബി പ്ലോട്ടിനടുത്തെത്തിയപ്പോൾ ഉപരാജന് ചോദിക്കാതെ പറ്റില്ലെന്നായി.

‘രവീ’, ഉപരാജൻ കുറച്ചു കൂടി സീരിയസായി.
‘ഞാൻ സ്ട്രൈറ്റായിട്ട് ഒരു കാര്യം പറയാം’.
കയ്യിലുള്ള ഓല മടല് വലിച്ചു മണ്ണിലേക്കിട്ട് ഉപരാജനെ കേൾക്കാൻ രവി മുന്നിലേക്ക് നിന്നു.
‘അന്ന് പ്ലോട്ട് നോക്കാൻ വന്നത് ബഡാ പാർട്ടിയാണ്. കാര്യം നടന്നാൽ നല്ല രീതിക്ക് തടയും. രവിയും കൂടി ഒന്ന് പുഷ് ചെയ്താ നമ്മക്ക് വാഴകൃഷി പോലെ പാപ്പാതിയാക്കാം’.

പറഞ്ഞതിഷ്ടപ്പെട്ടില്ലെങ്കിൽ രവി പൊട്ടിത്തെറിക്കും. സമ്മതമാണെങ്കിൽ ചുരുങ്ങിയ ചില വാക്കുകളെങ്കിലും പറയും. പക്ഷെ രണ്ടുമുണ്ടായില്ല. രവി ചെറുതായൊന്ന് മന്ദഹസിച്ചു. അതിനർത്ഥം ഉപരാജനൊട്ട് മനസ്സിലായിട്ടുമില്ല.
ഉച്ചഭക്ഷണം കഴിഞ്ഞ് വാഴത്തോട്ടത്തിൽ ഇറങ്ങുന്നതിനിടെ ഉപരാജൻ മന്ത്രിയെ തന്നെ ഇറക്കി.
‘റോയിച്ചന് രവിയെ നല്ല കാര്യമാണല്ലോ.. അപ്പോ രവീടെ അഭിപ്രായമായിട്ട് ഒരു സൂചന കൊടുത്താ മതി’, അപ്പോഴും രവി മറുപടി പറഞ്ഞില്ല.

റോപ്പ് വലിച്ചെടുത്ത പമ്പ് റണ്ണിങിലേക്ക് മാറ്റിയിടുമ്പോഴേക്കും വെള്ളമെടുക്കാതായി.
ഉപരാജൻ ഇതെന്ത് മൈരെന്നും പറഞ്ഞ് നടുവിന് കൈ വെച്ചു.
മലമ്പാമ്പിനെ പോലെ കുളത്തിൽ കഴുത്ത് നീട്ടിയ രണ്ടിഞ്ച് പെപ്പിൽ കെട്ടിയ കയറു പിടിച്ച് അവസാന ശ്രമം പോലെ ഒന്നൂടി ശക്തിയിൽ കുടഞ്ഞു. വളയൻ പൈപ്പ് തലയിട്ടടിച്ച് വെള്ളത്തിൽ തന്നെ പൊങ്ങി കിടന്നു.

‘വാൾവ് ലീക്കാണ്. കുലുക്കീട്ടൊന്നും കാര്യൂല്ല രാജാ’.
വിയർത്തിറങ്ങിയ നെറ്റി തുടച്ച് രവി ചിരിച്ചു.
‘ബി പ്ലോട്ടിന്റെ കാര്യത്തിൽ വല്ല തീരുമാനവുമാവോ?', ഉപരാജന് ക്ഷമ കെട്ടു.
‘ഏത് കൃഷിക്കും കുറച്ച് ക്ഷമയൊക്കെ വേണം’.

രവി ഫൂട്ട് വാൾവ് പൊക്കാൻ കുളത്തിനടുത്തേക്ക് വന്നപ്പോൾ ഉപരാജൻ മാറിനിന്നു.
അയാളുടെ കാലൊന്ന് തെന്നി. കരയിടിഞ്ഞ് മണ്ണ് കുളത്തില് വീണപ്പോൾ രവി ഉപരാജൻറെ കയ്യിൽ പിടിച്ചുനിർത്തി.
'ഇപ്പോ പോയേനേ’.

ദൂരെ പൊട്ട് പോലൊരു പുള്ളിപ്പശുവിനെ കണ്ടതും വട്ടയുടെ ഇലയും പറിച്ചെടുത്ത് ഇപ്പം വരാമെന്ന് പറഞ്ഞ് രവി നടന്നു പോയി. അയാളുടെ വരയൻ ബനിയൻ വിയർത്ത് ഒട്ടിയിരുന്നത് ഉപരാജൻ നോക്കി നിന്നു. പിന്നെ കയ്യിൽ തടഞ്ഞൊരു കല്ല് വെള്ളത്തിൽ എറിഞ്ഞു. അലകൾ വല നെയ്യുന്നതും നോക്കി ഇനി രാജാവിനെ കൂടി ഇറക്കിയാലോ എന്ന് ആലോചിച്ചു.
തിരിച്ചു വന്ന രവി കയ്യിലുണ്ടായിരുന്ന ചാണകം ഫൂട്ടുവാൾവിൽ നിറച്ചു. ചാണക പൊടി തടഞ്ഞപ്പോൾ ലീക്ക് നിന്നു. വെള്ളമൊഴിച്ചു തീരുന്നത് വരെ രണ്ടു പേരും മിണ്ടാതിരുന്നു. തിരിച്ചുവരാൻ നേരം ഇഞ്ചിയും ഈത്തപ്പഴവും കലക്കിയ വാഷ് റെഡിയായിട്ടുണ്ടെന്ന് രവി അറിയിച്ചു.
നേരം അപ്പോഴേക്കും വൈകിയിരുന്നു. ചത്തു മലച്ച പട്ടിക്ക് ചുറ്റും ഈച്ച പൊതിയാൻ തുടങ്ങിയത് രവി ശ്രദ്ധിച്ചു.

'ബംഗ്ലാവിൽ വെച്ച് വാറ്റുന്നത് സേഫല്ല’.
രവി മച്ചിൻ പുറത്തുള്ള വലിയ ചെമ്പ് കലം ഉപരാജന് നീട്ടി.
പിന്നെ പട്ടിയുടെ ശരീരം ഒരു പ്ലാസ്റ്റിക്ക് ചാക്കിലിട്ട് രവി അയാളുടെ വീട്ടിലേക്ക് നടക്കാൻ പറഞ്ഞു.
കുളത്തിനടുത്തെത്തിയപ്പോൾ ചാക്ക് ഇറക്കി വെച്ചു. രവി വെള്ളത്തിലേക്കിറങ്ങി. കഴുത്തറ്റം വരെ മുക്കി വെച്ച ബാരൽ കരയിലേക്കെടുത്ത് വെച്ചു. കുറേ നേരം കുളത്തിനരികിലുണ്ടായിട്ടും ബാരൽ കാണാത്തതിൽ ഉപരാജൻ അതിശയിച്ചു.
പല വലിപ്പത്തിലുള്ള കലങ്ങൾ അടുപ്പിൽ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വെച്ചു. വാഷ് തിളച്ചപ്പോൾ ചൂടുള്ള ചാരായം പൈപ്പിലൂടെ ഇറങ്ങി വന്നു.
രവിയത് ശ്രദ്ധയോടെ തണുപ്പിച്ച് ചില്ലു കുപ്പിയിലേക്ക് പകർന്നു. വീര്യം നോക്കാൻ കുറച്ചെടുത്ത് അടുപ്പിലേക്കൊഴിച്ചു. തീ ആളിയത് കണ്ട് വലിയ യാഗം നടത്തുന്നത് പോലെ തോന്നി ഉപരാജന്. രവിയെ കണ്ടപ്പോൾ വലിയൊരു മന്ത്രവാദിയെ പോലെയും.

ഉപരാജൻ കനൽ കൊള്ളിയെടുത്ത് സിഗരറ്റിന് തീ പിടിപ്പിച്ചു.
പുക ഊതി വിടുന്നതിനിടെ വീണ്ടും ബി പ്ലോട്ടിൻറെ കാര്യം വലിച്ചിട്ടു.
കലങ്ങൾ അടുപ്പിൽ നിന്നിറക്കി വെക്കുന്നത് വരെ രവി മൗനീബാവ ചമഞ്ഞു.
രവി കൈ കഴുകി ഇറയത്ത് വന്നിരുന്നപ്പോൾ ഉപരാജനും ചെന്നിരുന്നു.

‘ബി പ്ലോട്ടിന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ റോയിച്ചൻ എന്നോട് പറഞ്ഞിട്ടുണ്ട്’, രവി പറഞ്ഞത് കേട്ടപ്പോൾ ഉപരാജന് എളുപ്പമുള്ള ഒരു ചതുരംഗ കളി ജയിച്ചതായി തോന്നി.
അയാൾ ചിരിച്ചുകൊണ്ട് വീണ്ടും സിഗരറ്റെടുത്ത് ചുണ്ടിൽ വെച്ചു.
രവി അകത്ത് ചെന്ന് രണ്ടു ഗ്ളാസിൽ ഇഞ്ചി വാറ്റൊഴിച്ച് ഇറയത്ത് വെച്ചു.
ഉപരാജൻ രവിക്ക് ചിയേഴ്സടിച്ചു. ഒറ്റ വലിക്ക് കുടിച്ചപ്പോൾ ഇഞ്ചിയുടെ ചുവ വാറ്റിലുമുണ്ടെന്ന് അഭിപ്രായം പറഞ്ഞു.

നേരം വൈകുമ്പോഴേക്കും തണുപ്പിരച്ചു​വരാൻ തുടങ്ങി. ഉപരാജൻ വീടിനകത്തേക്ക് കയറിക്കിടന്നു.
രവി ഉമ്മറത്ത് പിന്നെയും കുറേ നേരമിരുന്നു. വാറ്റിൻറെ പവറിൽ കണ്ണടയാൻ നേരം രവിയുടെ ഫോണിൽ പ്രതീക്ഷിച്ച വിളി വന്നു, 'രവിയേ...'
റോയിച്ചനായിരുന്നു.
'ഓ...', രവി മുറ്റത്തേക്ക് ഇറങ്ങി നിന്നു.
‘വാഴ കൃഷിയൊക്കെ എന്നാവുണ്ട്?'
‘നല്ല ഉഷാറിലായ ഒരു വാഴയ്ക്ക് പുഴു കുത്തി, ഞാനത് വെട്ടിക്കളഞ്ഞു.'

മറുതലക്കൽ പ്രായം കനത്ത ഒരു ചിരി പടർന്നു.

രവി മൂലയിൽ നിറച്ച വെച്ച പഞ്ചസാര കിഴികൾ വരാന്തയിലേക്ക് അടുക്കിവെച്ചു.

Comments