ചിത്രീകരണം : ഹൃദയ്

ഉപ്പുകാറ്റ്

60 ഒറ്റവരി പ്രണയകഥകൾ

അവൾ

അറിയിക്കാത്ത പ്രണയത്തിന്റെ വെടിയുതിർത്തു എന്റെ നെഞ്ചിലവൾ.

തീയും വിറകും

നീ തീയായിരുന്നു, ഞാനായിരുന്നു വിറക്.

വിഫലം

നിന്നെയോർക്കാൻ കട്ടെടുത്ത പുസ്തകത്തിൽ നീ കാണാതെ പണ്ട് ഞാൻ വെച്ചിരുന്ന മയിൽപീലി.

നിന്നോട് കൂടെ

നിനക്ക് സന്തോഷമാകുമെങ്കിൽ ഞാൻ കൂടെയുണ്ട്, സന്തോഷമാകില്ലെങ്കിലും.

കണ്ടുമുട്ടൽ

ആദ്യമായി നാം കണ്ടുമുട്ടിയതുപോലെ ഒരിക്കൽകൂടി കണ്ടുമുട്ടാനാവുമോ?

ആഗ്രഹം

നിന്റെ ചിന്തകളുടെ പട്ടം പറത്തുന്ന ആകാശത്ത്, ഞാൻ കാറ്റായി വരട്ടെ?

വീഴ്ച

എന്റെ കൈകൾ നിന്നെ താങ്ങിയിട്ടുണ്ടെങ്കിലും ഞാൻ ചവിട്ടിയ നിലം വീണുപോയി.

വിശേഷണം

തുറന്ന ഹൃദയത്തെയാണോ തകർന്ന ഹൃദയമെന്ന് വിശേഷിപ്പിക്കുന്നത്.

കാട്ടുപൂക്കൾ

ഞാനും നീയും ആദ്യമായി കണ്ടുമുട്ടിയ സ്ഥലത്ത് ഇപ്പോൾ നിറയെ കാട്ടുപൂക്കൾ.

സുരക്ഷ

കടലിലേക്ക് നടക്കുമ്പോൾ നീ എന്റെ കൈ മുറുകെപ്പിടിക്കണം.

ശേഷിപ്പ്

അർത്ഥം നീയെടുത്ത്, വാക്ക് അവിടെ വച്ചേക്കുവിൻ.

അന്വേഷണം

നിന്നെ അന്വേഷിച്ചു, എന്നെ കണ്ടെത്തി.

പ്രണയലേഖനം

ലൈബ്രറിയിൽ നിന്നെടുത്ത പുരാതനമായ പുസ്തകത്തിനിടയിൽ, നിരവധിപേർ വായിച്ചുമടക്കിവെച്ച പ്രണയലേഖനം.

അറിവ്

ഞാൻ എവിടെയാണെന്ന് എനിക്കറിയില്ലെങ്കിലും, നീ എവിടെയാണെന്ന് എനിക്കറിയാം.

ബാക്കി

നിന്നെയെനിക്ക് പലതവണ നഷ്ടമായതുകൊണ്ടാണ്, നീ എന്നിൽ ഇനിയുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നത്.

അടുപ്പം, അകൽച്ച

നിന്നെ അടുത്തറിയാൻ ഞാൻ അകന്നുനിൽക്കാം.

കഥ

നീ ഒരു കഥാപാത്രമാണെന്ന് തോന്നുന്നതുവരെ എന്റെ കഥ ഇരുട്ടായ് നിന്നെ പൊതിയട്ടെ.

വാക്ക്

നിന്നോട് ഇതുവരെ പറയാനാവാത്ത ആ വാക്ക് എന്നെ കൊത്തിവലിക്കുന്നു.

പ്രതിഫലനം

നീ എന്നിൽ മനുഷ്യത്വം കാണുന്നുവെങ്കിൽ അത് നിന്റെ പ്രതിഫലനം മാത്രമാണ്.

അറിവ്

ഞാൻ നിന്നെ അറിഞ്ഞിടത്തോളം നീ നിന്നെ അറിഞ്ഞിട്ടില്ല.

വാതിൽ

എന്റെ വാതിൽ അടച്ച് താഴിട്ട ശേഷമാണ്, നിന്റെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് നീ, വാചാലയായത്.

കുറ്റപ്പെടുത്തൽ

ഒരു വരിയെങ്കിലും വായിക്കാതെയാണ് കുത്തഴിഞ്ഞ പുസ്തകമെന്ന് നീയെന്നെ കുറ്റപ്പെടുത്തുന്നത്.

തോന്നലും വിശ്വാസവും

നിന്റടുത്ത് ഞാനില്ലെന്നത് നിന്റെ തോന്നൽ, എന്റടുത്ത് നീയുണ്ടെന്നത് എന്റെ വിശ്വാസം.

ഓർമ

നിന്റെതായതുകൊണ്ടാണ് എന്നെ നീ ഓർക്കാത്തത്, എന്റെതല്ലാത്തതുകൊണ്ടാണ് നിന്നെ ഞാൻ ഓർക്കുന്നത്.

സാധ്യം

കാലത്തെ പിടിച്ചുകെട്ടാനാവുമായിരുന്നു, നീ എന്നോടൊപ്പമുണ്ടായിരുന്നെങ്കിൽ!

ഉറക്കം

അടുത്തകാലത്തായി തീരെ ഉറക്കം കിട്ടുന്നില്ലെന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു; ഉറക്കമോ,എന്താണത്?

വ്യർത്ഥം

നിന്നെ ഉപേക്ഷിച്ച സ്ഥലത്ത് അവനെ തെരയുന്നത് വ്യർത്ഥം.

വാക്ക്

ഞാൻ നിന്നോട് പറയാതിരുന്ന ആ വാക്ക് മാത്രം ഇതുവരെ തുരുമ്പിച്ചില്ല.

എരിഞ്ഞുതീരൽ

നിങ്ങൾ: എരിഞ്ഞുതീരലാണ് പ്രണയമെന്ന് വൈകിയേ അറിയൂ.
ഞാൻ: ആർക്ക് ധൃതി?

വിൽപ്പന

അവൾ അവന്റെ ഹൃദയം മോഷ്ടിച്ചെടുത്ത്, അവനുതന്നെ വിറ്റു.

ഇടം

നീയെന്നെ തേടരുത്, ഒളിക്കാനെനിക്കിടമില്ല.

വാക്കുകൾ

ആയിരക്കണക്കിന് വാക്കുകൾക്കു മുന്നേ നീ എന്റേതായിരുന്നിട്ടും, ഞാൻ നിന്റെതാകൻ ഇനിയും എത്ര വാക്കുകൾ കാത്തിരിക്കണം?

ചിരി

അവൾ ബ്ലോക്ക് ചെയ്തതിനു ശേഷമാണ് അവന്റെ പ്രൊഫൈൽ പിക്ചർ ചിരിക്കാൻ തുടങ്ങിയത്.

അൽഭുതം

ഇപ്പോഴും സ്‌നേഹത്തിൽ വിശ്വസിക്കുന്ന ഒരാളെ ഞാനിന്ന് കണ്ടുമുട്ടി!

വിനിമയം

ഞാൻ വാ തുറക്കുന്നു, നീ വാക്കു നിർമ്മിക്കുന്നു, മറ്റുള്ളവർ അർത്ഥം കണ്ടെത്തുന്നു.

കറക്കം

മിനുട്ട് സൂചിയായെയെങ്കിലും നീയും, മണിക്കൂർ സൂചിയായെങ്കിലും നമ്മുടെ പ്രണയവും മാറുമെന്ന വിശ്വാസത്തിലാണ് സെക്കന്റ് സൂചിയായി ഞാൻ കറങ്ങുന്നത്.

സംസാരം

നിന്നോട് സംസാരിക്കുന്നത് ഹൃദയമായതിനാൽ ഞാനെന്റെ നാവിനെ കെട്ടിയിട്ടു.

കവിത

‘എത്ര ഊഷ്മളമാണ് നിന്റെ കരതലം', എന്ന കവിതയാണ് ഞാൻ വായിച്ചുകൊണ്ടിരുന്നത്.

രൂപാന്തരം

ഞാൻ എന്നെ ഉരുക്കിവാർത്ത് നിന്നെ ഉണ്ടാക്കുകയാണ്.

കപടത

തുറന്നപുസ്തകമാണ് നീയെന്ന് വീണ്ടുംവീണ്ടും പറയുന്നത്, ഞാൻ നിരക്ഷരനാണെന്ന് അറിഞ്ഞതുകൊണ്ടല്ലേ?

പല്ല്

എന്റെ കഴുത്ത് നിന്റെ ചുണ്ടിനെ ക്ഷണിച്ചപ്പോൾ ഇറങ്ങിവന്നത് നിന്റെ പല്ല്.

ചോദ്യോത്തരം

നീയാണ് ഉത്തരമെന്നറിയാമെങ്കിലും ഞാനിപ്പോഴും കുഴഞ്ഞുമറിഞ്ഞ ചോദ്യം തന്നെ.

പ്രതീക്ഷ

എന്റെ മനസ്സിനെ പ്രദർശിപ്പിക്കുന്ന മ്യൂസിയം കാണാൻ ഒരു നാൾ നീ വരും.

ആസ്വാദനം

ഊമ പെൺകുട്ടി എവിടെയോ ഇരുന്നു പാടുന്നത് ബധിരനായ ഞാൻ കേട്ടു.

ഉടമ്പടി

എനിക്ക് നീയും, നിനക്ക് നീയും.

മൗനം

നിന്റെ ശബ്ദം പൂവാണെങ്കിൽ മൗനം പൂച്ചെടിയാണ്.

ഇടം

ഞാൻ നിന്നിൽനിന്നും നീ എന്നിൽനിന്നും ഒളിക്കാൻ തിരഞ്ഞെടുത്തത് ഒരേ ഇടം.

അഗാധത

ഹൃദയം സമുദ്രമാണെന്ന് നീ പറയുമ്പോഴും ഞാനതിൽ മുങ്ങി മരിക്കുകയാണെന്ന് നീ അറിയുന്നില്ല.

നിർവ്യാജം

വെള്ളത്തിൽ വരച്ച വരയെങ്കിലും,
താപമേറ്റ്, ആവിയായി, മേഘമായി, മഴയായി നിന്റെ മുറ്റത്ത് പെയ്യും, എന്റെ പ്രണയം.

ഒഴിഞ്ഞ പാത്രം

‘നീ തന്ന പാത്രം ഒഴിഞ്ഞതാണ്, മറ്റൊന്ന് തരുമോ' എന്നവൾ ആവശ്യപ്പെട്ടപ്പോൾ ഞാൻ ചോദിച്ചു, ‘ഒഴിഞ്ഞ രണ്ടു പാത്രങ്ങൾ നിനക്കെന്തിനാണ്?'

ശക്തി

നീ ഇതുവരെ തിരിച്ചറിയാത്ത നുണകളാണ്, എന്റെ ശക്തി.

കടവ്

ഞാൻ നിന്നിലേക്ക് വരുന്നതിനിടയിൽ കടത്തുകാരനില്ലാത്ത കടവുണ്ട്.

സംശയം

അവർ കടലോരത്തിരുന്ന് പ്രണയിക്കുകയാണോ, കാറ്റ് കൊള്ളുകയാണോ?

തിരിച്ചറിയൽ

ഏറെക്കാലമായി നാം ഒരുമിച്ചായതുകൊണ്ട് നിന്നെ ഞാൻ തിരിച്ചറിയുന്നതെങ്ങിനെ?

വാഴ്​ത്ത്​

വാക്കുകൾ മഴയാണെന്ന് വാഴ്ത്തുമ്പോൾ ഹൃദയം ഇടിമിന്നലാണെന്ന് നീ അറിഞ്ഞില്ല.

സ്വാഭാവികം

ഏതോ കടലോരത്തിരുന്ന് ‘കാറ്റിന് ഉപ്പ്' എന്ന് നീ അൽഭുതപ്പെട്ടപ്പോൾ മറ്റേതോ കടലോരത്തിരുന്ന് ‘ഹൃദയത്തിൽ നീ', എന്ന് ഞാൻ അൽഭുതപ്പെട്ടില്ല.

ഡിജിറ്റൽ

നിന്നെക്കാൾ നിന്റെ ഡിജിറ്റൽ വേർഷനാണ് എനിക്കിഷ്ടം.

ക്ഷണം

മഴ നനയുന്ന പൂവ് പൂമ്പാറ്റയെ ക്ഷണിക്കുമെന്ന് നീ കരുതുന്നുണ്ടോ?

ഔദാര്യം

അവൾക്കു വേണ്ടി, അവൻ മനുഷ്യന്റെ തോലണിഞ്ഞു.

ആഗ്രഹം

അവളൊരു കൊടുങ്കാറ്റാകാൻ അവനാഗ്രഹിച്ചു, അവനൊരു പേമാരിയാകാൻ അവളും. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ടി.പി. വേണുഗോപാലൻ

കഥാകൃത്ത്​. പാപ്പിനിശ്ശേരി ഇ.എം.എസ്​ സ്​മാരക ഗവ. ഹയർ സെക്കൻഡറി സ്​കൂൾ മുൻ പ്രിൻസിപ്പൽ. സുഗന്ധമഴ, കുന്നുംപുറം കാർണിവൽ, മണ്ണുവായനക്കാരൻ, ദൈവം തിരിച്ചയച്ച പ്രാർഥനകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments