നിലത്തുറയ്ക്കാൻ പാടുപെടുന്ന കാലുകൾ മുന്നിലെ ചിതലരിച്ചു തുടങ്ങിയ കസേരയിലേക്ക് കയറ്റിവെച്ചുകൊണ്ട് അയാൾ മുകളിലോട്ടുനോക്കി. കയ്യിലുള്ള കുപ്പി കുത്തനെ വായിലേക്ക് തിരുകികയറ്റി കണ്ണുകളടച്ച് അയാളൊരു നെടുവീർപ്പിട്ടു.
‘ആഹാ... എന്തൊരു സുഖം, എന്തൊരനുഭൂതി. ഇത്രയും സമാധാനമായി ഈ അമൃതേത്ത് നടത്തിയിട്ട് നാളെത്രയാകുന്നു. ഇങ്ങനെയൊരിടം... ആരോരുമില്ലാത്ത ഒഴിഞ്ഞൊരു വീട്. വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും എന്താ ഒരു ശാന്തത. സ്വർഗ്ഗീയസമാധാനം എന്നൊക്കെ പറയില്ലേ, അതുതന്നെ. പറമ്പിന്റെ ഒത്ത നടുക്കായാണ് ഓടിട്ട ഈ ചെറിയ വീടിരിക്കുന്നത്. ഒത്ത നടുക്കെന്ന് പറഞ്ഞാൽ ഒത്ത നടുക്ക്. അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല. നാലു ദിശയിൽ നിന്നും കാറ്റൊത്തുകൂടുന്നത് ഈ ചെറിയ വീടിന്റെ ഉമ്മറത്താവണം. സന്ധ്യക്ക് കയറിവന്ന് 'റ' പോലുള്ള കോലായിൽ ചെന്നിരുന്നപ്പോൾ തന്നെ ശ്വാസകോശം നിറഞ്ഞുതുളുമ്പി.’
കുപ്പിയുടെ ഭംഗിയുള്ള ഉരുണ്ട ചുണ്ടിൽനിന്ന് പുറത്തോട്ടു വരാൻ താല്പര്യമില്ലാതെ അള്ളിപ്പിടിച്ചിരുന്ന അവസാന തുള്ളികളെ അയാൾ നാവുകൊണ്ടു ചുഴറ്റി അകത്തേക്ക് വലിച്ചിട്ടു. ശേഷം കുപ്പി അലക്ഷ്യമായി നിലത്തോട്ട് വലിച്ചെറിഞ്ഞ് അയാൾ ചുമരിലെ കാരണവരുടെ കൊമ്പൻ മീശയും നോക്കി തലയാട്ടിക്കൊണ്ടിരുന്നു. നിലത്ത് ചിതറിക്കിടക്കുന്ന മിക്സ്ച്ചറിനെയും കപ്പകൊള്ളികളെയും യഥേഷ്ടം തട്ടിമാറ്റിക്കൊണ്ട് കുപ്പി ഉരുണ്ടുരുണ്ട് അടച്ചിട്ട ഒരു മുറിയുടെ വാതിലിൽ തട്ടി നിന്നു. എവിടെ നിന്നെന്നില്ലാതെ ഒരിറ്റ് അതിൽ നിന്നും കാവിപൂശിയ നിലത്തോട്ടെടുത്തു ചാടി.
‘കാരണവര് പോയിട്ട് കൊല്ലം കുറെയായി. ഏകദേശം ഒരു മുപ്പത് മുപ്പത്തഞ്ചോളം പിന്നോട്ടു പോണം ആ അടിയന്തരം കൂടാൻ. വേണ്ട, കേവലം രണ്ടു മാസം പുറകിലോട്ടു പോയി കാരണോത്തിയുടെ അടിയന്തരം കൂടിയത് ഓർത്തെടുക്കാം.
വയസ്സ് എൺപത്തിയൊന്ന് കഴിഞ്ഞിരുന്നു. എല്ലാരെയും ഇട്ടൊന്ന് കറക്കി കുറേ നാള് കിടന്നു. അവസാനം എല്ലാരെയും പോലങ്ങ് പോയി.
ശ്രീമതി അമ്മ. മകന് അടുത്ത ജില്ലയിലാ ജോലി. എന്നാലും എല്ലാത്തിനും ഓടി വരല് ഓൻ തന്നാ ആദ്യം. ബാക്കി രണ്ട് പെണ്ണുങ്ങളിൽ ഒന്നങ്ങ് ഭോപ്പാലിലും ഒന്ന് തിരുവനന്തപുരത്തും. പൂട്ടിയിട്ട വീട് കിട്ടാൻ ഇപ്പൊ വലിയ പണിയൊന്നുമില്ല, എല്ലാരും അങ്ങ് വിദേശത്തല്ലയോ. പക്ഷേ നമുക്ക് പറ്റിയൊരു ഇത് വേണ്ടേ, അതിവിടെയുണ്ട്.
മുന്നിലൊരു നൂറ് മീറ്ററ് പറമ്പ് ചാടിയാ റെയിൽപാളം. പുറകിലൊരു അമ്പത് മീറ്ററ് പറമ്പ് ചാടിയാ നല്ല തെളിനീരൊഴുകുന്ന ചാല്. ഇരുവശത്തായി കുറച്ചകലെ മാത്രം വീടുകൾ. പറമ്പിലാണേൽ ചക്ക മാങ്ങാ തേങ്ങാ പൈനാപ്പിൾ സപ്പോട്ടാ കശുമാങ്ങാ മഞ്ചാടിക്കുരുവരെ. ചോദിച്ചപ്പോൾ അവനാദ്യം സമ്മതിച്ചില്ല. പിന്നെ നമ്മടെ ആളല്ലേ പറഞ്ഞങ്ങ് കുപ്പിയിലാക്കി. മുറ്റത്ത് നായ കുടുംബസമേതം കിടന്ന് പെറുന്നതിന് ഓന് പ്രശ്നല്ല, പിന്നാണ് ഞങ്ങള് രണ്ടും കുറച്ച് കുപ്പികളും. ഒരു തവണ കേറിക്കോന്നു പറഞ്ഞു. ഇതിപ്പൊ എത്രാമത്തെയാന്ന് ഒരു പിടുത്തവുമില്ല. വീട്ടിലും നാട്ടിലും ഇതൊക്കെ വെച്ചിരിക്കാൻ ഒരു സ്ഥലമില്ലെങ്കിൽ പിന്നെ എന്ത് ചെയ്യാനാ.’
"എടാ സന്തോഷേ നാറീ, നീ എവിടെടാ."
വീടിനു പുറകുവശത്തായി പുറത്തുള്ള ചെറിയ കുളിമുറിയിൽ കുന്തിച്ചിരുന്ന് ഇറച്ചി കഴുകുകയായിരുന്ന സന്തോഷ് അപ്പോൾ തിരിഞ്ഞൊന്ന് നോക്കി.
"കാട്ടുപന്നിയാ ഇരവിയേ. നന്നായി കഴുകീല്ലേൽ വയറുപണിയും."
കുളിമുറിയോട് ചേർന്നുള്ള കിണറ്റിൽ നിന്നും വെള്ളം കോരി വീണ്ടും ഇറച്ചിയിലേക്കൊഴിച്ച് സന്തോഷ് ആവുന്നത്ര ശക്തിയിൽ രണ്ട് കൈകൾ കൊണ്ടും അതിൽ തൂങ്ങിയാടുന്ന വെളുവെളുത്ത മേലാങ്കികൾ പറിച്ചെടുത്തു.
‘‘സാധാരണ കാട്ടുപന്നിക്കിത്ര നെയ്യുണ്ടാവാറില്ല, ഇതേതോ ചിമിട്ടനാ’’.
ഇറച്ചി വേറൊരു പാത്രത്തിലേക്ക് മാറ്റി ഇളംചുവപ്പിൽ വെള്ളപുതച്ച ആ ദ്രാവകത്തെ അയാൾ കുളിമുറിയുടെ പരുപരുത്ത നിലത്തേക്കൊഴുക്കി വിട്ടു. ഇത്രയും നേരം അക്ഷമനായി മുകളിലിരുന്ന എട്ടുകാലി ദേഷ്യം അടക്കാനാവാതെ കാലുകളെല്ലാം ഒന്ന് കൂട്ടിത്തിരുമ്മി ചുമരിൽ ആഞ്ഞടിച്ചു.
എട്ടു കാലിൽ തൂങ്ങിയ രണ്ട് കണ്ണുകൾ
‘പരമനാറികൾ. ശ്രീമതി അമ്മാള് എങ്ങനെ കൊണ്ടുനടന്ന കുളിമുറിയാണ്. നിലത്തൊരു എണ്ണമയം ഉണ്ടാവാൻ അവര് സമ്മതിച്ചിട്ടില്ല. ദിവസവും കുളികഴിഞ്ഞ് ചൂലെടുത്ത് അമ്മാള് അടിച്ചു വൃത്തിയാക്കും. എന്നിട്ടും തൃപ്തി വരാതെ വയ്യാത്ത കൈയ്യുംവെച്ച് കിണറ്റിൽ നിന്നും ഒരു ബക്കറ്റ് കൂടി കോരി നിലത്തോട്ടൊഴിക്കും. എന്നെ കാണും. ഒന്ന് നോക്കും. പക്ഷേ കൊല്ലില്ല. പണ്ടൊരിക്കൽ ഇവര്ടെ ഇളയ മകൾടെ മോൻ കുളിക്കാൻ കയറിയപ്പൊ എന്നെ കണ്ട് വാവിട്ട് കരഞ്ഞു. അവനേക്കാ കൂടുതൽ പേടിച്ചത് അന്ന് ഞാനാ. അന്നേരം ശ്രീമതി അമ്മാള് കേറി വന്ന് ചൂലെടുത്ത് ഒരൊറ്റ വീശലിൽ എന്റെ പരുത്തിക്കുരുവരെ പൊട്ടിച്ചു കളഞ്ഞു. അതെന്റെ പതിനൊന്നാമത്തെ തവണയോ എന്തോ ആണ്.
അതിനുശേഷം പിന്നെ വീട്ടിലാളുള്ളപ്പോൾ ഞാനങ്ങ് ഒതുങ്ങും. എവിടെയെങ്കിലും പോയി സമാധാനപരമായി ഒളിച്ചിരിക്കും.
അമ്മാള് വയ്യാണ്ടായേ പിന്നെ ഒരു കസേര വലിച്ചിട്ടിരുന്നാണ് കുളിക്കാറുള്ളത്. ആ കസേരയുടെ നടുക്കത്തായി മൂപ്പത്തി വലിയൊരു തുളയും ഇട്ടുവെച്ചു. അതെടുത്തോണ്ട് തൊട്ടപ്പുറത്തുള്ള ബാത്ത്റൂമിലേക്ക് കയറുമ്പോൾ ഞാനിടക്ക് പുറത്തൂടെ നടന്ന് എത്തിനോക്കും. പണ്ട് അകത്തേക്ക് കയറുമായിരുന്നു. പിന്നെ നിർത്തി. അമ്മാൾക്ക് വയ്യാണ്ടായേ പിന്നെ വെള്ളമൊഴിക്കാനൊക്കെ പലപ്പോഴും മറക്കും. എങ്ങനെയെങ്കിലും കാര്യം സാധിച്ച് എല്ലാ ചുമരുകളിലും പിടിച്ച് വേച്ച് വേച്ച് അമ്മാള് പുറത്തേക്കിറങ്ങുന്നതോടെ സാധനം അവിടെ കിടക്കും. ചത്ത് പൊങ്ങി മലന്നങ്ങനെ... എന്റെ എളേതിനെ ഒന്നിനെ പണ്ടിവിടുത്തെ അച്ഛൻ തല്ലിക്കൊന്ന് അതിലേക്കിട്ടതാ. കണ്ണുതുറുപ്പിച്ച് കാലൊക്കെ ഒടിഞ്ഞുതൂങ്ങി അവനങ്ങനെ കുറേനേരം അതിലങ്ങനെ കിടന്നു. വെള്ളമൊഴിച്ചൊന്ന് കളയാൻ പോലും ആരും മെനക്കെട്ടില്ല. അവസാനം മുഴുത്ത മലത്തിനൊപ്പം...
വേണ്ട. അതോർമ വരുന്നോണ്ട് ഞാനത് കാണാൻ നിക്കാതെ ഇങ്ങു പോരും.
‘‘ശ്രീമതി അമ്മാള് മരിച്ച ദിവസം അവസാനായിട്ട് ഒന്ന് കാണാൻ മുറിയിലേക്ക് പോണംന്നുണ്ടായി. ഇവിടുന്ന് എളുപ്പാ. ഒന്നിറങ്ങി, നിലത്തൂടെ ഒന്നോടി, ഒരു ജനാല കടന്നാൽ അമ്മാള് കിടന്ന മുറിയായി. പക്ഷേ അന്ന് വയറ്റിൽ മുട്ടയുണ്ടായിരുന്നു. അമ്മാള് പോയേന്റെ വലിയൊരു ദുഃഖമൊന്നും ആർക്കും ഇല്ലാത്തോണ്ട്, ഞാനതൊക്കെ വെച്ചങ്ങോട്ട് കയറിച്ചെന്നാൽ ചിലപ്പൊ ചൂലിനൊന്നും തപ്പേല, കാലോണ്ട് ചവിട്ടി കൊന്നാളയും. എന്റെ പിള്ളേരെ ഓർത്ത് ഞാൻ അന്നിവിടം വിട്ടിറങ്ങിയില്ല. എന്തായാലും പോവണ്ടവര് പോയി. ഇനി ഇതൊക്കെ കാണണ്ടിവരും. ഇറങ്ങി കിണറ്റും വക്കിലൂടെ ഓടിയാലോ’’.
കുളിമുറിയിൽ നിന്നിറങ്ങി ഇടത്തോട്ടു നാലടിവെച്ച് അയാൾ അടുക്കളയിലേക്ക് കയറി. അടുപ്പിൽ കിടന്നുരുകുന്ന പാത്രത്തിലേക്ക് ഇറച്ചി വാരിയിട്ടു. അടുപ്പിന്റെ മൂലക്കായ് ചാരിവെച്ചിരുന്ന കുഴലെടുത്ത് തുപ്പലും അളിഞ്ഞ വാറ്റും കലർത്തിയുണ്ടാക്കിയ മിശ്രിതം തീയിലേക്കൂതിക്കയറ്റി അയാൾ പൊടിവിഭാഗത്തിലേക്ക് തിരിഞ്ഞു.
‘‘രണ്ട് മാസായിട്ട് അടച്ചിട്ട വീടാണെന്ന് അടുക്കള കണ്ടാൽ തോന്നുകയേ ഇല്ല. പൊടിക്കുപ്പികളുടെ പുറത്തൊന്നും ഒരു പൊടിപോലുമില്ല. അടുപ്പാണേൽ ഗ്യാസ് സ്റ്റൗ തോൽക്കുന്ന വേഗതയിൽ കത്തിപ്പടർന്നുകൊണ്ടിരിക്കുന്നു’’.
തോന്നിയതെല്ലാംകൂടി കൂട്ടിക്കുഴച്ച് പാത്രത്തിലേക്കിട്ട് അയാൾ കൈ മുണ്ടിൽത്തുടച്ച് ഒരു സിഗരറ്റെടുത്ത് കൊളുത്തി. അടുപ്പിന്റെ വലതുവശത്തായി നിലത്തുനിന്നും മൂന്നടി ഉയരത്തിൽ നീളത്തിലോടുന്ന സ്ലാബിലേക്ക് കയറിയിരുന്ന് അയാൾ തൂക്കിയിട്ട കാലെടുത്ത് അതിന്റെ മുകളിലേക്കു വെച്ചു. നേർത്തെ താൻ തന്നെ ടച്ചിംഗ്സിനായി വാരിവലിച്ചിട്ട പ്ലേറ്റുകൾക്കിടയിൽ നിന്നും നടുക്ക് വിടർന്നു നിൽക്കുന്ന സൂര്യകാന്തിപ്പൂവിന്റെ രൂപമുള്ള സ്റ്റീൽ പ്ലേറ്റെടുത്ത് അതിലേക്ക് എരിഞ്ഞുടയുന്ന സിഗരറ്റ്പൊടി തട്ടിയിട്ടു. അവിടെയിവിടെയായി ചളുങ്ങിയിട്ടുണ്ടെങ്കിലും പ്ലേറ്റിന് നല്ല തിളക്കം. ചിലച്ചുകൊണ്ടിരുന്ന പല്ലിയെ പ്രാകിക്കൊണ്ട് അയാൾ സിഗരറ്റ് സൂര്യകാന്തിപ്പൂവിന്റെ നെഞ്ചിൽത്തന്നെ കുത്തിക്കെടുത്തി. അവിടെ നിന്നെഴുന്നേറ്റ് മച്ചിനുള്ളിലേക്ക് തുറിച്ചുനോക്കി.
വാലറ്റത്തെ രോദനം
‘‘ഞാനപ്പോൾ തിരിച്ചും തുറിച്ചു നോക്കി. ഞാനാരെ പേടിക്കാനാണ്. എത്ര കൊല്ലായ് ഇവിടെ. എന്റെ വീടാണ്. ശ്രീമതി അമ്മാൾടേം. എത്രാമത്തയാന്ന് ശരിക്കും ഓർമയില്ല. നാലോ അഞ്ചോ ആവണം. അന്നാണ് ശ്രീമതി അമ്മാളിവിടെക്കിടന്ന് വീട് കുലുങ്ങുമാറ് കാറി കരഞ്ഞത്. തൊട്ടപ്പുറത്തെ ഊണ് മേശയിരിക്കുന്ന മുറിയിലിരുന്ന് അമ്മാൾടെ മോന്റെ ഭാര്യയും അലറി കരഞ്ഞു. ഞാൻ വന്ന് നോക്കുമ്പോഴേക്ക് നിലത്ത് കുറേ പാത്രങ്ങളൊക്കെ ചിതറിക്കിടപ്പുണ്ട്. രണ്ടാളും അലമുറയിട്ട് കരച്ചിലോട് കരച്ചിൽ. എന്താ ഏതാ എന്നൊന്നും മനസ്സിലായില്ലേലും മോനും ഭാര്യേം കുട്ട്യോളും സന്ധ്യാവിളക്കിന് മുന്നേ ഇവിടിന്നിറങ്ങി. പെൺകുട്ട്യോളൊക്കെ നേരത്തെതന്നെ പലവഴിക്കായോണ്ട് ശ്രീമതി അമ്മാള് അതോടെ ഒറ്റക്കായി’’.
‘‘പിന്നെയെത്ര വർഷം. ആവതുള്ള കാലത്തോളം ഒറ്റക്ക് വെച്ച്, തിന്നും കുടിച്ചും അമ്മാള് ഇവടെ സുഖായിട്ട് കൂടി. എന്റെ മുപ്പതാമത്തേനാവണം അമ്മാള് ഒരിക്കൽ തീരെ അങ്ങ് വയ്യാണ്ടായി’’.
‘എടാ മഹാപാപീ ചെയ്യല്ലടാ അവടെ ഒഴിക്കല്ലടാ’.
അടുക്കളയുടെ മൂലക്കായി പണിതുവെച്ചിരുന്ന പാത്രത്തളത്തിലേക്ക് അയാൾ തന്റെ കടുംമഞ്ഞയിൽ പൊതിഞ്ഞ ചുടുമൂത്രം തള്ളിത്തുറന്നുവിട്ടു. ഒരേയൊരു ബാത്ത്റൂം വീടിന്റെ തൊട്ടു പുറത്തായ് മാത്രം പണിതുവെച്ച കാരണവരെ നാല് പുലഭ്യം പറഞ്ഞ് അടിവയറ്റിലെ നീറ്റൽ അയാൾ ആവുന്നത്ര കുടഞ്ഞൊഴുക്കി. തൊട്ടടുത്തായി വെച്ചിരുന്ന അമ്മിയുടെ കറുപ്പിലേക്ക് പതഞ്ഞുപൊങ്ങിയ മൂത്രത്തുള്ളികൾ തെറിച്ചു വീണത് അയാൾ കണ്ടതേ ഇല്ല. പാത്രത്തളത്തിന്റെ ഹൃദയം ലക്ഷ്യം വെച്ച് മൂത്രം ഒന്ന് ചുറ്റിക്കറങ്ങിയശേഷം നടുവിലൂടെ എങ്ങോട്ടെന്നില്ലാതെ ഓടിയൊളിച്ചു. ചെറുകുമിളകൾ മാത്രം ഇനിയെന്ത് ചെയ്യണമെന്ന് തിട്ടമില്ലാതെ അവിടെയിവിടെയായ് പരുങ്ങി നിന്നു.
വെള്ളം തുറന്നിട്ട് അയാൾ ഒരു സിഗരറ്റ് കൂടി കൊളുത്തി. ആനന്ദലബ്ധിയിൽ പതിയേ തലയാട്ടിക്കൊണ്ടിരുന്നു.
പല്ലിയുടെ കണ്ണ് കലങ്ങി ഒന്നും കാണാൻ വയ്യാതായി. താൻ പോലുമറിയാതെ താഴേക്കു മുറിഞ്ഞുവീണ വാൽ നോക്കി അനങ്ങാതെ നിൽക്കാനേ അപ്പോൾ അതിനു സാധിച്ചുള്ളൂ.
‘‘ശ്രീമതി അമ്മാൾക്ക് കഴിഞ്ഞ ഒരു മൂന്ന് കൊല്ലായി നെഞ്ചിൻകൂട് പൊളിയുന്ന ചുമയാണ്. ചുമച്ച് ചുമച്ച് ശ്വാസം കിട്ടാതെ കണ്ണുതള്ളി എത്രയോ തവണ അവരീ അടുക്കള പടിക്കൽ വന്നിരിന്നിട്ടുണ്ട്. ഒരിക്കൽപോലും ഇതിനകത്ത് ഒന്ന് തുപ്പുന്നത് പോലും താൻ കണ്ടിട്ടില്ല. തന്റെ ഈ മുപ്പത്തിമൂന്ന് തവണയിലും ഇതിനകത്ത് ആരും ഇവിടെ കുലുക്കീഞ്ഞിട്ടു കൂടി ഇല്ല. അവിടെയാണിവൻ...’’
വേദനകൊണ്ട് പുളയുന്ന സ്വന്തം വാലിലേക്ക് നോക്കി പല്ലി കണ്ണുകൾ ഇറുക്കിയടച്ചു.
‘‘നല്ല മുറ്റുള്ള ഇറച്ചിയാ, സമയമെടുക്കും. പോയി മുന്നിലിരിന്ന് അടുത്തത് പൊട്ടിക്കാം. അല്ലേലാ ഇരവി തന്തയില്ലാത്തോൻ ഒറ്റക്ക് കുടിച്ചു തീർക്കും. ഞാനവന്റെ കെട്ട്യോളാണല്ലോ അടിക്കുമ്പൊ പന്നിവെച്ച് വിളമ്പാൻ. വേണേല് വന്ന് വെന്തോന്ന് നോക്കട്ടെ ശവം’’.
പിറുപിറുത്തുകൊണ്ട് അയാൾ അടുക്കളയിൽ നിന്നും അകത്തോട്ടു കയറി. ഊണ് മേശയും ഒരു കുഞ്ഞലമാരയും മാത്രം വെച്ചിരുന്ന മുറികടന്ന് കൂട്ടത്തിലെ ഏറ്റവും വിശാലമായ മുറിയിലേക്ക് കയറിയപ്പോൾ സന്തോഷ് മൂക്ക് പതിയേ വിരൽ കൊണ്ടടച്ചു. നിലത്ത് കാലിയായ മൂന്ന് കുപ്പികൾ വാ തുറന്ന് അവിടെയിവിടെയായി ചിതറിക്കിടന്നു. മേശയുടെ മുകളിലായി വേറെ മൂന്ന് കുപ്പികൾ തുറക്കാതെ വെച്ചിട്ടുണ്ട്. ഇടതുവശത്തുള്ള രണ്ട് മുറികളിൽ ഏതോ ഒന്നിൽ നിന്നാണ് നാറ്റം ഉയരുന്നത്.
ആദ്യത്തെ മുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തു കയറിയപ്പോഴേ സന്തോഷിന്റെ ഓക്കാനം തൊണ്ട വരെ ഓടിയെത്തി തിരിച്ചിറങ്ങി. കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന ഇരവിയുടെ മുടിയിലും താടിയിലും ഛർദി തളം കെട്ടി നിന്നു. കാലിനടിയിലെ കടുംചാര നിറമുള്ള ചളി കിടക്കയിലിട്ടുരച്ച് ഇരവി വീണ്ടും തന്റെ ഛർദിയിലേക്ക് എന്തോ തിരഞ്ഞിറങ്ങി. വാതിൽ വലിച്ചടച്ച് ചില്ലിടാത്ത വലിയ ജനാലയുടെ അരികിലേക്ക് ഒരു കസേര വലിച്ചിട്ട് സന്തോഷ് അടുത്ത കുപ്പി തുറന്നു.
ഛർദ്ദിയിലെ ദ്രാവകരൂപങ്ങൾ അപ്പോഴേക്കും ഘനരൂപങ്ങളിൽ നിന്ന് പിടിവിട്ട് കിടക്കയുടെ അടിത്തട്ടിലേക്ക് നീന്താൻ തുടങ്ങി. ഇരുട്ടിൽ മച്ചിന്റെ മുകളിൽനിന്ന് മുഴുത്തൊരു പെരുച്ചാഴി ഇറങ്ങിവന്ന് കട്ടിലിന്റെ മുകളിലേക്ക് വലിഞ്ഞു കയറി ഇരവിയെ നോക്കി നിന്നു.
അവസാനത്തെ സാഹസം
‘‘താനെത്ര നാള് ശ്രീമതി അമ്മാളിനെ നോക്കി ഇങ്ങനെ നിന്നിട്ടുണ്ടാവണം. ഓർമവെച്ച നാൾ മുതൽ എല്ലാദിവസവും... അവരുറങ്ങുന്നത് കാണാൻ എന്ത് ചേലായിരുന്നു. തൂവെള്ള മുടി ചീകിയൊതുക്കി കാലിലും കയ്യിലും കുഴമ്പൊക്കെ തേച്ച്… കുഴമ്പുണങ്ങുന്നത് വരെ കാല് നിലത്തോട്ടു തൂക്കിയിട്ടങ്ങനെയിരിക്കും. പലതവണ തൊട്ടു നോക്കി ഉണങ്ങിയെന്നുറപ്പു വരുത്തിയേ കിടക്കയിലേക്ക് കാലെടുത്ത് വെക്കൂ.
തന്റെ പതിമൂന്നാമത്തേലാണ്, അന്നീ വീട് പണിതിട്ടേ ഉള്ളൂ. പുറകിലെ ചായ്പ്പിൽ പ്ലാസ്റ്റിക് കവറിനുള്ളിൽകെട്ടി ഭദ്രമായി പൊതിഞ്ഞു വെച്ചിരുന്ന ഈ കട്ടിലെടുത്ത് ഇവിടെ കൊണ്ടിട്ടു. വർഷങ്ങൾക്ക് മുമ്പ് അച്ഛൻ ആദ്യത്തെ ശമ്പളത്തിന് വാങ്ങിച്ചതാത്രേ. അച്ഛൻ പോണത് വരെ അവരീ മുറീല് കിടന്നിട്ടില്ലേലും അതിനുശേഷം ശ്രീമതി അമ്മാളിവിടെത്തന്നാര്ന്നു. ഉന്നത്തിന്റെ തണുപ്പിൽ മുഖമമർത്തി കിടന്നുറങ്ങുമ്പോഴുള്ള സുഖം, അതൊന്ന് വേറെ തന്നാണ്. താനും കിടന്നിട്ടുണ്ട്, അമ്മാളറിയാതെ അമ്മാളിനൊപ്പം… എത്രയോ തവണ.
തന്റെയിതവസാനത്തെയാണ്. ശ്രീമതി അമ്മാളിന്റെ ആയിരുന്നോന്നറിയില്ല. രണ്ടര മാസം മുമ്പാണ് മുഴുവനായും കിടപ്പിലായത്. അന്നാശുപത്രിയിൽന്ന് എല്ലാരൂടി പൊക്കി ഇവിടെ കൊണ്ട് കിടത്തിയപ്പോൾ ശ്രീമതി അമ്മാള് കണ്ണ് തുറന്നിരുന്നില്ല. നെഞ്ചുംകൂട് ഉയരുന്നുണ്ട് താഴുന്നുണ്ട്. പക്ഷേ കണ്ണ് തുറന്നതേ ഇല്ല, നാവനക്കിയതും ഇല്ല. മൂത്രം ഒരു പ്ലാസ്റ്റിക് ബാഗിൽ നിറഞ്ഞ് കട്ടിലിന് താഴേക്ക് തൂങ്ങിക്കിടന്നു. ഞാൻ പതിയെ പോയി അതൊന്ന് തൊട്ടുനോക്കി. അമ്മാളിന്റെയല്ലേ... എനിക്ക് സങ്കടം വന്നു.
രണ്ടീസം കഴിയുമ്പോഴേക്ക് അതും നിന്നു. മൂത്രമൊന്നും വരാതായി. പണ്ടൊക്കെ എപ്പോഴും ചോര നിറഞ്ഞ് തുടുത്തിരുന്ന അമ്മാളിന്റെ കവിളിൽ നേരിയ കറുപ്പ് പടർന്നു. ചുണ്ടുകൾ വരണ്ട് പൊട്ടി. പക്ഷേ നെഞ്ചിൻകൂട് പൊങ്ങിയും താഴ്ന്നുമിരുന്നു. അന്ന് രാത്രി ഒരു രണ്ടരയോടടുപ്പിച്ച് ഒന്ന് നടക്കാനിറങ്ങി തിരികെ മുറിക്കകത്ത് കയറിയപ്പോൾ ഞാനൊരേങ്ങല് കേട്ടു. ആരോ കരയുന്നതാണെന്ന് തോന്നി. പക്ഷേ അല്ല, ശ്വാസം കഷ്ടപ്പെട്ട് വലിച്ചകത്തേക്കു വിടുന്നതാണ്. എവിടൊക്കെയോ തട്ടിത്തടഞ്ഞ് ആർക്കോവേണ്ടി അത് പുറത്തേക്ക് ചാടിക്കൊണ്ടിരുന്നു. ചുണ്ടനങ്ങുന്നില്ലെങ്കിലും ശ്രീമതി അമ്മാള് എന്തൊക്കെയോ പിറു പിറുത്തു. ഇടക്ക് കരഞ്ഞപോലെ തോന്നി, ഇടക്ക് ചിരിച്ചപോലെ തോന്നി. അവസാനം പതിഞ്ഞ സ്വരത്തിൽ, വളരെ പതിഞ്ഞ സ്വരത്തിൽ ആരോടോ ഇതവരുടെ ഏഴാമത്തെയാന്ന് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. ഏഴാമത്തെ… ഏഴാമത്തെ… ഏഴാമത്തെ…
അതിനുശേഷം അമ്മാള് പിന്നെ മിണ്ടീട്ടില്ല. അടുത്ത ദിവസം അമ്മാള് പോയതായി വന്നു നോക്കിയവരെല്ലാം പറഞ്ഞു. പിന്നെ ഞാനവിടെ നിന്നില്ല. എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു.
ഇന്നും നടക്കാൻ പോവാണ്. ഇതൊക്കെ കണ്ടിനി വയ്യ, ശരിക്കും വയ്യ’’.
പെരുച്ഛാഴി പതിയെ പുറത്തേക്കിറങ്ങി. തൊട്ടുപുറത്ത് കസേരയിൽ ചാഞ്ഞിരിന്നുറങ്ങുന്ന അയാളുടെ കാലിനിടയിലൂടെ നടന്ന്, തുറന്നിട്ട ജനാലക്കുള്ളിലൂടെ ഊഴ്ന്നിറങ്ങി, വീടിനു ചുറ്റുമൊന്ന് കറങ്ങി ചായ്പ്പിലേക്ക് നീങ്ങി. അച്ഛൻ പോയപ്പോൾ വെച്ച തെങ്ങ് ഇന്നൊരു കൂറ്റനായി മാറിയിട്ടുണ്ട്. അതിനടുത്തായി അമ്മാളിന്റെ കുട്ടിതെങ്ങും. രണ്ടിന്റെയും ഓലകൾ രണ്ടു താളത്തിൽ ഇരുട്ടിൽ ആടിയുല്ലസിക്കുന്നു. . .
കിണറ്റിന്റെ വലതുവശത്തായുള്ള ചായ്പ്പിലേക്കിനി കുറച്ച് ദൂരമേ ഉള്ളു. ഉണക്കിയടുക്കിവെച്ച വിറകിനു കീഴെ മൂന്ന് മുട്ടകൾക്ക് ചുറ്റും ചുരുണ്ട് കിടക്കുന്ന പാമ്പിന്റെ അടുത്തേക്ക് ഒരു കൂസലുമില്ലാതെ പെരുച്ഛാഴി നടന്നു കയറി.
നല്ല ഉറക്കത്തിലായിരുന്ന പാമ്പ് മുട്ടകളെയൊന്ന് കൂട്ടിപ്പിടിച്ച് ഞെട്ടിയെഴുന്നേറ്റു. ഇരുട്ടത്ത് തന്റെ മുന്നിൽവന്ന് തലകുനിച്ചു നിൽക്കുന്ന പെരുച്ചാഴിയെ തെല്ലൊരത്ഭുതത്തോടെ നോക്കി പാമ്പ് ശങ്കിച്ചു നിന്നു. വേണോ.?
തലയുയർത്തി പാമ്പിനെ നോക്കി തന്റെ മുഴുത്ത് തൂങ്ങിയ ശരീരം കാണുവാൻ വണ്ണത്തിൽ ഒന്ന് ചുറ്റിത്തിരിഞ്ഞശേഷം പെരുച്ചാഴി പതിയെ പുറത്തേക്കിറങ്ങി നടന്നു. പാതിരാവിന്റെ വശ്യമായ പിടിവള്ളിയിൽ കുരുങ്ങി തൊണ്ടയൊന്ന് നനച്ച് പാമ്പ് അതിന്റെ മുട്ടകളെ വിട്ട് പുറത്തേക്കിറങ്ങി. തുറന്നിട്ട അടുക്കളവാതിലിലൂടെ അകത്തേക്ക് കയറിയ പെരുച്ചാഴിയുടെ പുറകെ യാതൊരു തിടുക്കവുമില്ലാതെ ഇഴയുന്നതിനിടയിൽ തൊലിയിലേക്കിരച്ചുകയറിയ വേവുന്ന പന്നിയിറച്ചിയുടേയും അതിൽ കലർന്ന മൂത്രത്തിന്റെയും ഛർദ്ദിയുടേയും മണം അതിനെ അത്ഭുതപ്പെടുത്തി.
വീടിന്റെ മുക്കും മൂലയും സുപരിചിതമായതിനാൽ പെരുച്ചാഴി പോയ വഴിയേ എളുപ്പത്തിൽ ഇഴഞ്ഞു നീങ്ങിയ പാമ്പ് മുറിക്കു മുന്നിലൊന്ന് നിന്നു. അവിടെയെത്തിയപ്പോഴേക്കും വേഗം കൂട്ടിയ പെരുച്ചാഴി പെട്ടെന്ന് എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷനായി.
ഉയിർ
കണ്ണിനുള്ളിൽ നിറഞ്ഞുനിന്ന നാഗചിഹ്നം ഒറ്റനോട്ടത്തിൽ ദഹിച്ചില്ലെങ്കിലും അതിന്റെ ഇരുണ്ട തൊലി ഇരുട്ടത്ത് വെട്ടിത്തിളങ്ങുകയും പുറത്തേക്ക് നീണ്ട നാവ് ചീറ്റുകയും ചെയ്തതോടെ വീടാസകലം കുലുങ്ങുമാറ് രണ്ട് നിലവിളികളുയർന്നു. വീടിനിടതുവശത്തുള്ള പറമ്പിലെ ഗുളികതറ ചാടി നിലവിളിച്ചോടുന്നതിനിടയിൽ കാലിൽ തറച്ചു കയറിയ വെള്ളാരംകല്ല് പറിച്ചു മാറ്റാൻ പോലും സന്തോഷിനും ഇരവിക്കും സമയം കിട്ടിയില്ല.
അപ്പോഴേക്കും ആരാരുമില്ലാതെ തണുപ്പിരച്ചകത്തേക്ക് കയറാൻ തുടങ്ങിയ ചായ്പ്പിലെ മുട്ടകളിലൊന്ന് ചെറുതായി അനങ്ങുകയും നേർത്ത പുറം തോടിൽ ചെറുവിള്ളലുകൾ വീഴുകയും ചെയ്തു. ശേഷം തല പുറത്തേക്കിട്ട് നാവിലെ പശപശപ്പ് നുണഞ്ഞകത്തേക്ക് കയറ്റി ആരോ അവരുടെ എട്ടാമത്തെ തവണയിലേക്കുള്ള യാത്ര ആരംഭിച്ചു.