ജിഷ്ണു സി.കെ

ഉയിർപ്പ്

വർഷത്തിലൊരിക്കൽ ഇടവകയിൽ അരങ്ങേറുന്ന കൂസലില്ലാ കലാപരിപാടികളായിരുന്നു അത്. പള്ളിപ്പെരുന്നാളിന്റെ അന്ന് നാടായ നാട്ടിൽ നിന്നെല്ലാം ക്രിസ്ത്യാനികൾ പള്ളിയിൽ ഒത്തുകൂടും. നോട്ടം കൊണ്ട് ഏതു മതത്തിന്റെ അടിമയാണെന്ന് തിരിച്ചറിയാനാകാത്തതിനാൽ വർഷത്തിലൊരിക്കലുണ്ടാകുന്ന മാംസവിരുന്നു കഴിക്കാൻ മറ്റു പലരും അവിടെ ചുറ്റിത്തിരിയുമായിരുന്നു.

ഉപ്പൂറ്റിക്ക് മുകളിൽ മുണ്ട് കയറ്റിയുടുത്ത, ഒരിക്കൽ സമൃദ്ധമായ മാറിടങ്ങളെ ഉൾക്കൊണ്ടിരുന്ന കാലിച്ചട്ട ധരിച്ച, തോട തൂങ്ങുന്ന കാതുകളാട്ടി പോർക്ക് ചപ്പുന്ന വല്യമ്മച്ചിമാരും സ്വർണ്ണ വളയങ്ങളുള്ള വാഷർ വള കയ്യിലണിഞ്ഞ കുരുന്നുകളും വരെ പള്ളിപ്പെരുന്നാളിന് മുന്നിൽ തന്നെയുണ്ടാകും.

ബാൻഡ്മേളവും ക്രിസ്തുദേവന്റെ രൂപം പിടിച്ചുള്ള എഴുന്നള്ളിപ്പും ഗാനമേളയും എല്ലാം കൂടെ ഒരു ആഘോഷത്തിന്റെ രാത്രിയായിരിക്കും അന്ന്. പറമ്പിന്റെ ഒരു ഭാഗത്ത് കള്ളു മോന്തിയും കിലുക്കാം കുത്തിൽ കാശിട്ട് കീശ കീറിയവരുമായ ആണുങ്ങളും മറുഭാഗത്ത് അന്യമതത്തിൽ പെട്ടവരെയും ഇടവകയിൽ സ്ഥിരമായി പിരിവ് തരാത്ത പാവങ്ങളെ ചോറു തൊടീക്കാതെ ഓടിക്കാനുമായി മറ്റൊരു സംഘവും ഉണ്ടാകും. പോരാത്തതിന് നസ്രാണി പെണ്ണുങ്ങൾ കള്ളുകുടിക്കാതെയും അറിയാതെ പോലും പറമ്പിലേക്ക് എത്തിനോക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുമായി പള്ളി വക മെത്രാന്മാര് വേറെയും.

പള്ളിപ്പെരുന്നാളിന്റെയന്ന് രാത്രി തിന്നും കുടിച്ചും മുറ്റിനിന്ന കുഞ്ഞാടുകളൊക്കെയും ഉച്ചചൂട് പോലുമറിയാതെ കൂർക്കം വലിച്ചുറങ്ങിയ ദിവസമായിരുന്നു അന്ന്. ലക്ക് കെട്ട മറ്റു ചില മുട്ടനാടുകൾ കള്ള് ചിന്തിയ പള്ളിപ്പറമ്പിൽ മേയാൻ പോലും മറന്ന് ചളിയിൽ മുഖം പൂഴ്ത്തി അനക്കമറ്റ് കിടന്നു. തൊണ്ടപൊട്ടി ഓക്കാനിച്ചിട്ട കള്ളും പാതി ദഹിച്ച പോർക്ക് കറിയും ചേർന്ന ഛർദിൽ പള്ളിപ്പറമ്പിൽ മൂക്ക് പുളിപ്പിക്കുന്ന തരം നാറ്റം പുറത്തുവിട്ടു. കാറ്റിൻറെ നേർത്ത സഞ്ചാരങ്ങളിൽ ഒഴുകിപ്പോകാൻ വിസമ്മതിച്ച് അത് പള്ളി പ്രദേശത്ത് കോടപോലെ തങ്ങി നിന്നു. ചിതറിക്കിടന്ന പ്ലാസ്റ്റിക് ക്ലാസുകളും കൊത്തളങ്ങീച്ചകൾ പാറി നടക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും കൈവിട്ടുപോയ ഏതോ ഒരു ആഘോഷത്തിന്റെ സർവ ഭാവങ്ങളും പ്രസരിപ്പിച്ചുകൊണ്ട് നടപ്പാതയിൽ മണ്ണുപറ്റിക്കിടന്നു.

“പള്ളിമുറ്റത്ത് നടക്കണ പരിപാടിയാണെന്ന് പറഞ്ഞിട്ടെന്നാ കാര്യം.”

“അപ്പാടെ ഛർദ്ദിച്ചു നാറ്റിച്ച് വെച്ചേക്കുവ മാരണങ്ങള്”

“കപ്യാരെ താനാ വഴിയൊക്കെയൊന്ന് അടിച്ചു തെളിച്ചു വച്ചേക്കണേ എന്നും പറഞ്ഞ് അച്ഛൻ എന്റെ നെഞ്ചത്തോട്ട് തട്ടും എന്ന് പറഞാൽ മതിയല്ലോ…”

തനിക്ക് കുറുകെ കിടന്നിരുന്ന മദ്യക്കുപ്പിക്ക് വീശി ഒരു തട്ട് വെച്ച് കൊടുത്ത് ഔസേപ്പ് കപ്യാര് ആത്മഗതം കൊണ്ടു.

“എന്നാലും ആ ഇട്ടിച്ചായന്റെ കാര്യം വല്ലാത്ത കഷ്ടവായിപ്പോയി എന്നാ ഒരു ക്രിസ്ത്യാനിയായിരുന്നു’’, താൻ ചവിട്ടിനിന്ന പടിയിൽ പതിപ്പിച്ച ഫലകം നോക്കി അയാൾ വ്യസനിച്ചുനിന്നു.

കർത്താവേ എന്റെ ആഗ്രഹങ്ങൾ അങ്ങേക്കറിയാമല്ലോ…
എന്റെ തേങ്ങൽ
അങ്ങേക്ക് അജ്ഞാതമല്ല.
(സങ്കീർത്തനങ്ങൾ 38:9)

വിശ്വാസികൾക്ക് ദൈവസന്നിധിയിലേക്ക് സുഗമമായി എത്തിച്ചേരുവാനായി ഈ നടപ്പാത കർത്താവിന്റെ നാമത്തിൽ സമർപ്പിക്കുന്നു.
(ഇട്ടിച്ചെറിയാൻ ആൻഡ് ഫാമിലി വക).

പോകുന്ന പോക്കിൽ മുണ്ടിൻതലപ്പുകൊണ്ട് മാർബിൾ ഫലകത്തിനുമുകളിൽ പറ്റിപ്പിടിച്ച പായാൽ നിറം തുടച്ചു വൃത്തിയാക്കാനും അയാൾ മറന്നില്ല.

പള്ളിപ്പെരുന്നാളിന്റെയന്ന് രാത്രി കൊയറിലേക്ക് പുതിയ വയലിനുകൾ സംഭാവന ചെയ്യാമെന്നേറ്റ ഇടിച്ചായൻ പിറ്റേന്ന് കണ്ണ് തുറന്നില്ല. മൂക്കുമുട്ടെ കള്ളും ഇറച്ചിയും കുത്തിനിറച്ചശേഷം ചർദ്ദിൽ പറ്റിയ സ്വർണ്ണ ജുബ്ബ ഒന്നൂരി വെക്കാൻ കൂടെ കൂട്ടാക്കാതെ കിടക്കയിലേക്ക് പതിക്കുന്നത് കണ്ടപ്പോഴേ അന്നമ്മച്ചേടത്തിക്ക് സംശയം തോന്നിയതാണ്. പിന്നെ എത്ര നാളെന്നുവച്ചാ പാവങ്ങളെ ഇങ്ങനെ പറ്റിക്കുന്നത് കണ്ടോണ്ട് നിൽക്കുക എന്ന് അവരും ചിന്തിച്ചുകാണണം. മനുഷ്യരുടെ പാപഫലങ്ങൾ അവർ ഭൂമിയിൽ വച്ചുതന്നെ അനുഭവിച്ചു തീർക്കും എന്നവർ ഉറച്ചു വിശ്വസിച്ചു. മരണവാർത്ത കപ്യാരെ ഫോൺ വിളിച്ചറിയിച്ചതും അവര് തന്നെയാണ്. അവരുടെ ശബ്ദത്തിന് മുമ്പത്തേക്കാളേറെ തെളിച്ചമുള്ളതുപോലെ അപ്പോൾ ഔസേപ്പ് കപ്യാർക്ക് തോന്നിയിരുന്നു. രണ്ടു മാസംമുമ്പേ മൂത്ത പെണ്ണിൻറെ ഏറ്റവും ഇളയ കൊച്ചിന് മാമോദിസ കഴിപ്പിക്കണമെന്ന് പറയാൻ വിളിച്ചപ്പോഴുണ്ടായത്തിനേക്കാൾ ഏറെ തെളിച്ചം. അന്നമ്മയുടെ ഉള്ള് പല്ല് മുപ്പത്തിരണ്ടും കാട്ടി ചിരിക്കുന്നതായും ചുണ്ടിന്റെ തലപ്പുകൾ കവിളുകളിലേക്ക് വലിയുന്നതായും. കണ്ണുകൾ ചുരുങ്ങിത്തിളങ്ങുന്നതായും അയാൾക്ക് തോന്നിയിരുന്നു.

ഇട്ടിച്ചന്റെ മരണമണി കൊട്ടാനെത്തിയ കപ്പ്യാരാണ് ഉച്ചവെയിലിൽ വെട്ടിത്തിളങ്ങിനിന്ന കൊടിമരത്തിന് കീഴിൽ ചുരുണ്ടുകൂടിക്കിടക്കുന്ന ആ രൂപത്തെ ആദ്യം കണ്ടത്. ഒറ്റ നോട്ടത്തിൽ ഒരു പട്ടിക്കുഞ്ഞ് കിടക്കുന്നതായേ തോന്നൂ. കൊടിമരത്തിനടുത്തേക്ക് പൊള്ളുന്ന ചരലിൽ കാല് തൊട്ടു തൊട്ടില്ല എന്ന് മട്ടിൽ നടന്നടുക്കുംതോറും രൂപത്തിൻമേൽ ഒരു കറുത്ത നിക്കർ തെളിഞ്ഞു വരുന്നതായി കപ്യാരുടെ കൂർപ്പിച്ച കണ്ണ് പിടിച്ചെടുത്തു.

“ഈ ചെക്കനെ ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ കർത്താവേ…”, കപ്യാര് തന്റെ ഓർമയിലുള്ള ഓരോ മുഖങ്ങളോടും പാതി മറഞ്ഞുകിടന്ന പയ്യന്റെ മുഖം മുട്ടിച്ചുനോക്കി. കപ്യാര് പിന്നെ മുന്തിയ ജാതി ആയതുകൊണ്ടും സർവോപരി പള്ളിക്കപ്യാരായതുകൊണ്ടും പയ്യൻറെ കിടത്തം അത്ര പിടിച്ചില്ല. മുണ്ടു മുറുക്കിക്കെട്ടിയ വള്ളിക്കയറു വലിച്ചൂരി വായുവിൽ രണ്ട് വട്ടം ചുഴറ്റിയ ശേഷം വീശി ഒരടി വച്ച് കൊടുത്തു. കരണം പുകഞ്ഞ് പയ്യൻ ചാടിയെഴുന്നേറ്റുപോയി ചളിപിടിച്ച ഉള്ളം കൈകൊണ്ട് കവിള് പൊത്തിപ്പിടിച്ച് പയ്യൻ കണ്ണുകളുയർത്തിമാത്രം കപ്യാരെ നോക്കി. തടയണകെട്ടിനിർത്തിയ പോലെ കണ്ണീരു തങ്ങിനിന്ന കണ്ണുകളിലേക്ക് നോക്കി കപ്യാര് ശബ്ദമുയർത്തി:

“ഏതാടാ നീ, നിന്നെ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോടാ”.

പയ്യൻ പൊത്തിപ്പിടിച്ച കവിളുതടവിക്കൊണ്ട് കപ്യാരെ നോക്കുക മാത്രം ചെയ്തു. ക്ഷമവിട്ട കപ്യാരുടെ കൈ കയറിൽ മുറുകുന്നത് കണ്ടപ്പോൾ പയ്യൻ തന്റെ കൈകൾകൊണ്ട് ശരീരമാകെ ആകുംവിധം പൊത്തിപ്പിടിച്ചു കാലുകളടക്കി മുഖം അതിനുള്ളിലേക്ക് പൂഴ്ത്തി.

“ദേണ്ടേ…ഇവിടെയിപ്പോ ഇപ്പൊ ഒരു പരിപാടി നടക്കാൻ പോകുവാ. നിനക്ക് ഇപ്പൊ കിട്ടിയത് മതിയെങ്കിൽ വേഗം വിട്ടോ…”

പയ്യന്റെ കൈപിടിച്ച് കൊടിമരത്തിന്റെ തിട്ടിൽനിന്ന് വലിച്ച് താഴെയിട്ട ശേഷം അവനെ മറികടന്ന് കപ്യാര് പള്ളിമണി ലക്ഷ്യമാക്കി നടന്നു. പിടുത്തംവീണ് മിനുസപ്പെട്ട കയറുപിടിച്ച് മണിയടിക്കുമ്പോൾ പകുതിചാരിയ വാതിലിന്റെ വിടവിലൂടെ പയ്യൻ സ്ഥലംകാലിയാക്കിയെന്ന് കപ്യാര് ഉറപ്പുവരുത്തി.

മണിമുഴക്കം കേട്ട് ഇടവകക്കാരൊക്കെയും ഒന്നൊന്നായി പള്ളിമുറ്റത്ത് തറച്ചുനിന്നു. എല്ലാവർക്കും അറിയാമായിരുന്നെങ്കിലും സഭ വിളിച്ചു കൂട്ടാൻ ഉണ്ടായ കാരണം ഔദ്യോഗികമായി പള്ളീലച്ഛൻ അവരെയെല്ലാം പറഞ്ഞറിയിച്ചു എന്നാൽ ശവം പള്ളിയിലേക്ക് ഇന്ന് തന്നെ എത്തിക്കും എന്ന് പറഞ്ഞത് പലരുടെയും നെറ്റി ചുളിപ്പിച്ചു.

“അതെന്നാ ഏർപ്പാടാ… അപ്പൊ ഒന്നാം പ്രാർത്ഥനയും രണ്ടാം പ്രാർത്ഥനയും ഒന്നും കഴിപ്പിക്കാതെ ആണോ പള്ളിയിലേക്ക് ശവം കൊണ്ടുവരുന്നത്?”.

“അതിനാ അന്നമ്മച്ചേടത്തി വല്ലോം അറിയിക്കണ്ടേ…ആ അവരെ പറഞ്ഞിട്ടും കാര്യമില്ല ആയുസ്സുള്ള കാലത്ത് സ്വൈര്യം കൊടുത്തിട്ടില്ലല്ലോ അങ്ങേര്”

“അപ്പൊ ഈ വീട്ടു ചടങ്ങുകളൊക്കെ എപ്പഴാ…?”

സഭ കൂട്ടിയ ഇടവകക്കാരുടെ അടക്കം പറച്ചിലുകൾ പള്ളിമേടയിലെ പ്രാവിൻകുറുകലുകളോടൊപ്പം അവർക്കിടയിൽ തന്നെ പ്രതിധ്വനിച്ചു. അതിലൊരാൾ കപ്യാരോട് സ്വകാര്യമായി ചോദിക്കുകയും ചെയ്തു.

“അല്ല കപ്യാരെ…അതിപ്പോ…എപ്പഴാ ഇത് നടന്നേ…അല്ല, സഭക്കർക്കിടയിൽ ഒരു അടക്കം പറച്ചിൽ ഉണ്ടേ… അങ്ങേരെ വീട്ടുചടങ്ങ് ഒന്നും ചെയ്യാതെയാ ഇങ്ങോട്ട് എടുക്കുന്നത് എന്നൊക്കെ…”

“ശരിയാന്നേ…ഇവരീ വിവരം പറയുമ്പോ തന്നെ നേരം എന്നാ ആയെന്നാ…വീട്ടു പ്രാർത്ഥനയൊക്കെ വകയിൽ ഒരു അഛൻ കഴിപ്പിച്ചതാ കപ്യാരെ അങ്ങേരെ പെട്ടന്നു പള്ളീലേക്കെടുത്തേരെ എന്ന് പറഞ്ഞ് അയമ്മ ഫോണും വച്ചു കളഞ്ഞു.”

അന്നമ്മയുടെ ശബ്ദത്തിലുണ്ടായിരുന്ന തെളിച്ചത്തേക്കൂടി വിചാരണ ചെയ്യാൻ നാക്കുവളച്ചപ്പോഴേക്കും ഇട്ടിയുടെ ഉടുത്തൊരുക്കിയ ശരീരവുംകൊണ്ട് കുടുംബവും സംഘവും പള്ളിയിൽ എത്തിയിരുന്നു. സ്പീക്കറിലൂടെ മരണത്തെയും മോക്ഷത്തെയും കർത്താവിന്റെ തിരുസന്നിധിയെയും ഓർമിപ്പിക്കുന്ന കീർത്തനങ്ങൾ മുഴങ്ങിക്കൊണ്ടിരിക്കെ അയാളെ കിടത്തിയ ശവപ്പെട്ടിയും തോളിലേറ്റി സംഘം പള്ളിയുടെ വിശാലമായ ഹാളിലേക്ക് പ്രവേശിച്ചു. അടക്കം പറച്ചിലുകൾ നേർത്ത് നേർത്ത് നേരിയ നിർമ്മിത തേങ്ങലുകളായി ഹാളിന്റെ പല മൂലകളിൽ നിന്നും മുഴങ്ങിക്കൊണ്ടിരുന്നു. ഇട്ടിയുടെ ശവപ്പെട്ടി തയ്യാറാക്കി വെച്ച പീഡത്തിന് മുകളിൽ കിടത്തിയപ്പോൾ തേങ്ങലുകൾ അതിന്റെ പൂർണ്ണരൂപം കൈവരിച്ച് അയാളെ നോക്കി കലപില കൂട്ടി. പള്ളീലച്ഛന്റെ പ്രാർത്ഥനാമന്ത്രങ്ങൾ തേങ്ങലിന്റെ അതിപ്രസരത്തിൽ നിശ്ശബ്ദമാക്കപ്പെട്ടു. അയാളുടെ അനക്കമറ്റ ശവശരീരം കാണാനും അന്ത്യചുംബനം നൽകാനും ആളുകൾ തിക്ക്കൂട്ടി. അയാളുടെ നെറ്റിയിൽ ഉമ്മ വച്ച് പോകുന്നവരൊക്കെയും ശബ്ദകോലാഹലങ്ങൾക്കും ഇടവകക്കാരുടെ തിരക്കിനിടയിലും അന്നമ്മയുടെ കണ്ണീരൊലിക്കാത്ത മുഖം നോക്കി പല്ലു കടിക്കാനും ഇനി ഇവള് തന്നെ അങ്ങേരെ കൊന്നതാണോ എന്ന് വിചാരണ നടത്താനും മറന്നില്ല.

മരണം കണ്ട് പിരിയുന്നവർക്ക് ഇട്ടി ആൻഡ് ഫാമിലി വക പാൽചായയും റോബസ്റ്റ് പഴവും വിതരണം ചെയ്തുകൊണ്ടിരിക്കെയാണ് തനിക്ക് മുന്നിലേക്ക് നീണ്ടു വന്ന ചെളിയൊട്ടിയ കുഞ്ഞൻ കൈകൾ കപ്യാരെ വീണ്ടും ചൊടിപ്പിച്ചത്. ചായ ഗ്ലാസ്സ് നീട്ടിയ കൈ പിന്നോട്ട് വലിച്ച് ഒറ്റ വീശിന് പയ്യൻറെ ചെകിടം നോക്കി ഒന്ന് പൊട്ടിച്ചു.

“പ്ഫാ… എരണം കെട്ടവനെ…”
ശബ്ദം കേട്ട ഭാഗത്തേക്ക് ഇടവകക്കാരൊക്കെയും ഒരുപോലെ തല വെട്ടിച്ചു നോക്കി.

“നിന്നെ ഇവിടെ കണ്ടുപോകരുതെന്ന് ഞാൻ പറഞ്ഞതല്ലേടാ…”, കപ്യാരുടെ കൈ പയ്യന്റെ മുടിയിൽ മുറുക്കി.

“എല്ലായിടത്തും ഉണ്ടാകും ഇങ്ങനെ കുറെ എണ്ണങ്ങള്.”

“എന്നതാ കപ്യാരെ എന്നതാ പ്രശ്നം”.

ഇട്ടിയുടെ ശവപ്പെട്ടി തനിച്ചാക്കി ഇടവകക്കാരൊക്കെയും കപ്യാരുടെയും കപ്യാര് മുടിക്ക് കുത്തിപ്പിടിച്ച പയ്യന്റെയും ചുറ്റും കൂടി.

“അറിയാമ്മേലെന്നേ…രാവിലെ മുതൽ കാണുന്നതാ ഈ തെണ്ടിച്ചെക്കൻ ഇവിടെ കറങ്ങിത്തിരിയുന്നത്. വല്ലോം കട്ടിട്ട് വന്നതാകും എരണം കെട്ടവൻ”.

പല്ലുകടിച്ചുകൊണ്ട് മുടിക്കുത്തിന് പിടിച്ച കൈകൊണ്ടുതന്നെ പയ്യനെ ചുറ്റും കൂടിനിന്ന മനുഷ്യർക്കിടയിലേക്ക് കപ്യാര് വലിച്ചെറിഞ്ഞു.

പയ്യനു ചുറ്റും ഇടവകക്കാരുടെ ഇടതൂർന്ന കൂട്ടം രൂപപെട്ടു. കപ്യാരുടെ ബലപ്രയോഗത്തിൽ മുഖമടച്ച് നിലത്തുവീണ പയ്യൻ രക്ഷപ്പെടാനുള്ള പഴുത് കണ്ടുപിടിക്കുന്നതിന് മുമ്പേ തന്നെ അവർ അവന് ചുറ്റും വൃത്താകൃതിയിൽ തടിച്ചുകൂടിയിരുന്നു. ഓരോ നിമിഷം കഴിയുംതോറും അതിന്റെ വലുപ്പം കുറഞ്ഞു കുറഞ്ഞു വരുന്നതായും താൻ അതിനുള്ളിൽ ഞെരിഞ്ഞമരുന്നതായും പയ്യന് തോന്നി. അവർ മൺമറഞ്ഞുപോയ പ്രാകൃതർക്ക് മാത്രം സ്വയക്തമായ ശാരീരിക ചേഷ്ടയിലും അവ്യക്തമായ മറ്റേതോ ഭാഷയിലും പയ്യനെ നോക്കി ആക്രോശിച്ചു. കണ്ണുകളുരുട്ടി പല്ലുഞെരിച്ച് പേടിപ്പിച്ചു. അഴുക്കുപിടിച്ച തന്റെ വസ്ത്രങ്ങളേക്കാളും, വെള്ളം തൊടാത്ത ഈരും പേനും കയറിയ ചെമ്പൻ തലയെക്കാളും, നീണ്ടുവളർന്ന് ചളി കയറിയ നഖങ്ങളെക്കാളും പ്രാകൃതരാണ് തന്നെ ചുറ്റിലും വളഞ്ഞിരിക്കുന്നതെന്ന് പയ്യന് തോന്നി. ഹൃദയം തന്റെ നെഞ്ചിൻകൂട് പൊളിച്ച് പുറത്തു കടന്നേക്കുമെന്നവൻ ഭയന്നു. തനിക്ക് മനസ്സിലാക്കാൻ സാധിക്കാത്ത ഏതോ മണ്മറഞ്ഞ ഭാഷയിൽ ചുറ്റും നിന്ന് കയർക്കുന്ന പ്രാകൃതർക്കിടയിൽ എപ്പോഴോ തെളിഞ്ഞു വന്ന ചെറിയ വിടവിലൂടെ ഊർന്നിറങ്ങി വാതിലുകൾ തള്ളിത്തുറന്നു അവൻ പുറത്തേക്കോടി.

കുളിപ്പിച്ചൊരുക്കി വച്ച ഇട്ടിയുടെ ശവശരീരത്തെ മറികടന്ന് ചിതറിക്കിടക്കുന്ന റോബസ്റ്റ് പഴങ്ങളെ ചവിട്ടിഞ്ഞരിച്ചുകൊണ്ട് ഇടവകക്കാർ ഒരു ജാഥപോലെ യാന്ത്രികതയിൽ ഒരുത്തിരിഞ്ഞ ചലനവൈഭവത്തിൽ പയ്യനു പിന്നാലെ പാഞ്ഞു. ഒരൊറ്റ നിമിഷം കൊണ്ട് തേങ്ങലുകൾ നിലച്ച ഹാളിൽ ഇട്ടിയും അന്നമ്മയും തനിച്ചായി. മരണംവരെ സന്തോഷത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും പരസ്പരം സ്നേഹത്തോടെയും വിശ്വാസത്തോടെയും ഏക മനസ്സോടെ ജീവിച്ചു കൊള്ളാമെന്ന് വാക്കു കൊടുത്ത ഇടിയുടെ മുഖത്തേക്ക് അവസാനമായി ഒന്ന് നോക്കുക പോലും ചെയ്യാതെ അനാഥത്വം മുറ്റിനിൽക്കുന്ന ഹാളിനു വെളിയിലേക്ക് അന്നമ്മ തന്റെ സാരി തലപ്പും പിടിച്ച് നടന്നകന്നു. പള്ളി വിട്ടു പുറത്തിറങ്ങിയ അന്നമ്മയെ പിന്നീട് ഇടവകയിൽ എങ്ങും ആരും കണ്ടില്ല. കനത്ത നിശബ്ദതയിൽ ഒഴിഞ്ഞുകിടക്കുന്ന അനേകം പ്രാർത്ഥനാ ബെഞ്ചുകൾക്ക് മുൻപിൽ ഇട്ടിയുടെ ശവശരീരം തീർത്തും അനാഥപ്പെട്ടു കിടന്നു. പള്ളിക്കക്കൂസിൽ കയറി വാതിലടച്ച് പയ്യനെ ശരിപ്പെടുത്താനായി മരണവും വെഞ്ചരിപ്പും കുന്തളിപ്പും എല്ലാം മറന്ന് കൂട്ടരു മുഴുവൻ കക്കൂസിന് മുൻപിൽ തമ്പടിച്ചു. താനൊരുക്കുന്ന കെണിയിൽ ഏതുനിമിഷവും വീഴാവുന്ന ഇരയെയും കാത്ത് കിടക്കുന്ന വേട്ട മനുഷ്യനെ പോലെ പള്ളിയിലെ ആണും പെണ്ണും അടങ്ങിയ സർവ്വ മനുഷ്യരും കക്കൂസിനു മുൻപിൽ പ്രതീക്ഷയോടെ കാത്തിരുന്നു. നേരം ഇരുട്ടിയിട്ടും, പയ്യൻറെ അനക്കമൊന്നും കാണാഞ്ഞിട്ടും പരിണാമഗുപ്തിക്ക് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകരെ പോലെ ഇടവകക്കാർ തങ്ങളുടെ കാത്തിരിപ്പ് വീണ്ടും തുടർന്നു. ഇരുട്ടു കയറിയ ഹാളിനുള്ളിൽ ഇട്ടിയുടെ ശവശരീരം പെട്ടിയിൽ കിടന്ന് നിറം മാറാൻ തുടങ്ങിയിരുന്നു. പൗഡർ ഇട്ട് വെളുപ്പിച്ചിരുന്നെങ്കിലും ഉള്ള് ചീയുന്ന കറുത്ത നിറം അയാളുടെ കണ്ണുകൾക്കടിയിലും തടിച്ചുരുണ്ട ചുണ്ടുകളിലും പ്രകടമായി തന്നെ പ്രത്യക്ഷപ്പെട്ടു. പയ്യനെയും കാത്ത് കെണി ഒരുക്കിനിന്ന ഇടവകക്കാർ കക്കൂസിന് മുന്നിൽ അതേ നിൽപ്പ് തുടർന്നു. ഇട്ടിയെപ്പറ്റിയും കുടുംബസെമിത്തേരിയിൽ അയാൾക്ക് വേണ്ടി പണിതുയർത്തിയ ഗ്രാനൈറ്റ് കല്ലറയെ പറ്റിയും അവർ പാടെ മറന്നു പോയിരുന്നു. വാതിലടച്ച് മൂന്നാം ദിവസമായപ്പോഴേക്കും കക്കൂസിനകത്തു നിന്നുവന്ന അപരിചിതമായ വെളിച്ചം പുറത്ത് നിന്നവരുടെ കണ്ണുപുളിപ്പിച്ചു. മേൽക്കൂര പോലുമില്ലാത്ത കക്കൂസിൽ എന്തായാലും ബൾബ് കത്തിയതല്ലെന്ന് ചുറ്റും കൂടിയവർക്കൊക്കെയും വെളിപാടുണ്ടായിരുന്നു.

ചെക്കന്റെ കരണം പുകച്ച കൈകളിൽ കുരിശുമുറുക്കിക്കൊണ്ടും വിറക്കുന്ന ചുണ്ടുകൾ കൊണ്ട് തെളിച്ചമില്ലാത്ത ഭാഷയിൽ ബൈബിൾ വചനങ്ങൾ ഉരുവിട്ടുകൊണ്ടും കപ്യാര് കക്കൂസിന്റെ വാതിൽ കുത്തിത്തുറന്നു. മഞ്ഞളിച്ചു ചിമ്മിപോയ കണ്ണിന്റെ നേർത്തവിടവിലൂടെ അയാൾ പയ്യനുവേണ്ടി കക്കൂസിൽ പരതി. പയ്യൻ പോയിട്ട് അവൻറെ വാട പോലും അതിനകത്തുണ്ടായിരുന്നില്ല.

മേൽക്കൂര പോലുമില്ലാത്ത കക്കൂസിനകത്ത് എന്തായാലും ബൾബ് കത്തിയതല്ല. അഴുകാൻ തുടങ്ങിയിരുന്ന ഇട്ടിയുടെ ശവശരീരത്തെ മറന്ന് ഇടവകക്കാർ കക്കൂസ് വെഞ്ചരിക്കാനും അതിനു മുൻപിൽ മെഴുകുതിരി കത്തിച്ച് മുട്ടിപ്പ് നിൽക്കുവാനും വെളുത്തുതുടുത്ത, വലിയ വിടർന്ന കണ്ണുകളും അഴുക്ക് പറ്റാത്ത നഖങ്ങളും ചുവന്ന ചുണ്ടുകളുമുള്ള ഉണ്ണിയേശുവിന്റെ രൂപക്കൂട് പണിയുവാനും തുടങ്ങി. കാലക്രമേണ കക്കൂസിന്റെ സ്ഥാനത്ത് ഒരു പുത്തൻ പള്ളി രൂപപ്പെട്ടു. അതിന്റെ കൊടിമരത്തിന് കീഴിൽ ഒരു ഫലകവും:

‘പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു’.
(യോഹന്നാൻ 4:11)

ചെറിയാച്ചൻ വക സമർപ്പിച്ചത്.

Comments