ചിത്രീകരണം : ദേവപ്രകാശ്

ഗുരുപൂർണിമ

ഞ്ഞൂറ്റി എൺപത്തെട്ട് വർഷം പ്രായമുള്ള സിദ്ധയോഗിയുടെ കഥ പറഞ്ഞു തന്നത് എം. എൻ. വിജയൻ മാഷാണ്. അദ്ദേഹം വിദ്യാർഥിയായിരുന്ന കാലത്താണ് സിദ്ധയോഗി എവിടെ നിന്നോ കൊച്ചിയിലെത്തിയത്. ഒറു കുറിയ മനുഷ്യൻ. അഞ്ചടി പോലുമില്ല. മസിലുള്ള ശരീരം. കുടുമയും താടിയുമുണ്ട്. മുണ്ട് മാത്രമാണ് വസ്ത്രം.

എല്ലാവർക്കും സിദ്ധയോഗി അത്ഭുതമായി.
അതൊരു പത്രവാർത്തയായി. സൗമ്യനായി സാധാരണനായി നടക്കുന്ന യോഗിയിൽ ആളുകൾ അസാമാന്യമായ വൈചിത്ര്യം കണ്ടു. അന്ന് വിജയൻ മാഷിന് പ്രായം പത്തൊമ്പത്.
യോഗിക്ക് ഒരു സിദ്ധനു വേണ്ട രീതിവിശേഷങ്ങളൊന്നുമില്ലായിരുന്നു. കഴിഞ്ഞുപോയ ജന്മങ്ങളെക്കുറിച്ചാണ് യോഗി സംസാരിച്ചത്. മന്ത്രവും തന്ത്രവുമില്ലാതെ യോഗി ജന്മവാതിലുകൾ തുറന്നു. അന്തംവിട്ട് എല്ലാവരും മാറിനിന്ന് യോഗിയെ നോക്കി. ആരുടെയും ഒരു യുക്തിക്കും നിരക്കാത്ത രീതിയിൽ കൺമുന്നിൽ യോഗി തലയുയർത്തി നിന്നു.

കലൂർ റോഡിലെ ചായക്കടയിൽ രാവിലെ ചെന്ന് യാേഗി ആറ് കഷ്ണം പുട്ടും ആറ് ചായയും കഴിക്കും. ചിലപ്പോൾ പറമ്പിലെ പച്ചയിലകൾ പൊട്ടിച്ചുതിന്നും. പച്ചമീൻ വാലിൽ തുടങ്ങി തലവരെ കടിച്ചു തിന്നു.

യോഗിക്ക് ആരാധകരേറി. സന്ദർശനപ്രവാഹമായി. പക്ഷെ അവരുടെ വരുതിയിലൊന്നും യോഗി കുരുങ്ങിയില്ല. യോഗിയെ പരുവപ്പെടുത്താൻ ശ്രമിച്ചവരൊക്കെ പരാജയപ്പെട്ടു. പച്ചമലയാളത്തിലാണ് യോഗി സംസാരിച്ചത്. പെരുമാറിയത് പ്രാചീനനെപ്പോലെ. പലപ്പോഴും മൗനിയായിരുന്നു. ചിരിക്കുകയോ കരയുകയോ സങ്കടപ്പെടുകയോ ദ്വേഷിക്കുകയോ ചെയ്തില്ല. തികച്ചും നിർലേപൻ.

അന്ന് ഒരു പത്രമാപ്പീസിലായിരുന്നു വിജയൻമാഷുടെ താമസം.
പത്രറിപ്പോർട്ടറായ സുഹൃത്തിന്റെ കൂടെ. സിദ്ധയോഗിയും അവരുടെ കൂടെ പാർത്തു. യോഗി വരുന്നതും പോകുന്നതുമൊന്നും ആരുമറിയില്ല. അസ്ത്രവേഗതയിലാണ് പോക്ക്. ആരോടും മിണ്ടാറില്ല. വന്നപാടെ മുറിയടച്ച് ധ്യാനിച്ചിരിക്കും.

പണ്ടു പണ്ട്......
ഒരിക്കൽ യോഗി പറഞ്ഞു.
""ചൊവ്വരയുള്ള ഒരു മനയ്ക്കലെ നമ്പൂതിരിയായിരുന്നു ഞാൻ.'' വാസ്തവമറിയാൻ, ഒന്നു പരീക്ഷിക്കാൻ ചൊവ്വരക്കാനായ പത്രറിപ്പോർട്ടറും കൂട്ടരും യോഗിയെ ചൊവ്വര കൊണ്ടുപോയി. മനയ്ക്കലെ പറമ്പിൽ യോഗി ചുറ്റിനടന്നു. അതീവശാന്തമായിരുന്നു യോഗിയുടെ മുഖം. ഒരു വികാരഭേദവുമില്ല. അകലേക്ക് കണ്ണുകളയച്ച് യോഗി പറഞ്ഞു. ""മനയ്ക്കലെ അടുക്കള വടക്ക് പടിഞ്ഞാറാണ്. പിന്നിൽ ഒരു കാവുണ്ട്. കുളവും''.

അതിവേഗത്തിൽ യോഗി കാവിലേക്ക് നടന്നു.
വഴിയും ദിശയുമൊന്നും തെല്ലും പിഴച്ചില്ല.
കൂറ്റൻ അരയാലുകൾ നിറഞ്ഞ കാവാണ്. സൂര്യവെളിച്ചം ചോർന്നു വീഴുന്ന പടർവള്ളികളുടെ മേലാപ്പ്.

യോഗി പെട്ടെന്ന് മൂന്നുവട്ടം ചൂളം വിളിച്ചു. അപ്പോൾ പടർവള്ളികൾക്കിടയിലൂടെ ഒരു ചെമ്പരുന്ത് ചിറകനക്കാതെ ഒഴുകിയിറങ്ങി. അത് യോഗിയുടെ ചുമലിൽ വന്ന് ഇരുന്നു. ഒരു നിമിഷം യോഗി ധ്യാനിച്ചുനിന്നു.

പ്രാവ് അതേപോലെ പറന്നുയർന്ന് വള്ളികൾ വകഞ്ഞ് മറഞ്ഞു. പിന്നെ അവിടെ നിൽക്കാതെ യോഗി പെട്ടെന്ന് എങ്ങോട്ടോ പോയി. കുറേ ദിവസങ്ങൾക്കു ശേഷമാണ് യോഗി പിന്നെ വന്നത്. അതിനിടയിൽ യോഗിയിൽ നിന്ന് കുറേക്കൂടി കാര്യങ്ങൾ അറിയാൻ എല്ലാവരും കൂടി നിശ്ചയച്ചു. ഒരു പത്രസമ്മേളനം പോലെ. പക്ഷെ പത്രക്കാരില്ല. യോഗി സമ്മതിച്ചു.

യോഗിക്കു മുന്നിൽ യുവാക്കളിരുന്നു. പത്തൊമ്പതും ഇരുപതും പ്രായക്കാർ. മിക്കവരും കോളജ് വിദ്യാർഥികൾ. ഒരു കുലുക്കവുമില്ലാതെ ചോദ്യങ്ങൾക്ക് വ്യക്തമായി പച്ചമലയാളത്തിൽ യോഗി മറുപടി പറഞ്ഞു.

ചോദ്യങ്ങൾ തുരുതുരാ വന്നു. ​​​​​​​""ശരിക്കും പ്രായമെത്രയായി യോഗിക്ക്''""588''""അപ്പോൾ ഇത് എത്രാമത്തെ ജന്മാ?'' ""ഒൻപതോ പത്തോ കാണും.''""എഴുത്തച്ഛനെ പരിചയമുണ്ടായിരുന്നോ?''""ഉണ്ട്. ഒരു പാവം പിടിച്ച മുനുഷ്യൻ. കുട്ടികളെ എഴുത്തു പഠിപ്പിച്ചാ കഴിഞ്ഞു കൂടിയേ.. രാമായണം കിളിപ്പാട്ടൊക്കെ നീട്ടിപ്പാടുന്നത് നാട് മുഴുവൻ കേൾക്കായിരുന്നു.''""ചെറുശ്ശേരിയോ?''""മൂപ്പരെ അങ്ങനെ വെളിക്ക് കണ്ടിട്ടില്ല. രാജാവിന്റെ കൂടെത്തന്നെയായിരുന്നു''""കുഞ്ചൻ നമ്പ്യാർ?'' ""തനിതിരുമാലി. നമിക്കണം.''""കണ്ടവരിൽ കേമൻ കവി ആരാ?''""എല്ലാവരും കേമൻമാർ. പിന്നെ നമ്മുടെ കുമാരുവും.''""കണ്ടതിൽ ഏറ്റവും വലിയ മനുഷ്യനാരാ?''""ശ്രീനാരായണൻ''""കാരണം?''""ഒറ്റ മരത്തിൽ പലതരം ഇലകളെ പലതായറിഞ്ഞു. അവയ്ക്ക് ഒറ്റ രസമാണെന്നും.''

ചോദ്യങ്ങൾ തീർന്നു. അന്തംവിട്ടുനിന്ന യുവാക്കളെ പിന്നീട് ഗൗനിക്കാതെ യോഗി വേഗത്തിൽ നടന്നകന്നു.
​വിശ്വസിക്കണമോ, വേണ്ടയോ?
അതായിരുന്നു പിന്നത്തെ ചിന്താക്കുഴപ്പം എങ്ങനെ വിശ്വസിക്കും?
എങ്ങനെ അവിശ്വസിക്കും?
വീണ്ടും ചോദ്യം ചെയ്യണമെന്ന് ഒരു കൂട്ടർ. പക്ഷെ ആർക്കും ധൈര്യമില്ല.
ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ എല്ലാവരും യോഗിയുടെ വരവിനായി കാത്തുനിന്നു.
എപ്പോഴോ യോഗി വന്നു.
എപ്പോഴോ യോഗി പോയി.
കലൂർ റോഡിലെ ചായക്കടയിൽ ആറ് കഷ്ണം പുട്ടും ആറ് ചായയും യോഗിക്കു മുന്നിലേക്ക് എന്നും കൃത്യമായെത്തി. ചായക്കടക്കാർ ഒരിക്കലും പൈസ ചോദിച്ചില്ല.
പുട്ടിന്റെ ഒരു തരിപോലും പ്ലേറ്റിൽ അവശേഷിപ്പില്ല! ചായപ്പൊടിത്തരി ഗ്ലാസിലും!
എങ്ങനെയെങ്കിലും യോഗിയെ ഒന്നു വീഴ്ത്താനായി എല്ലാവരും കാത്തിരുന്നു.

അതിരാവിലെ എഴുന്നേറ്റ് യോഗി എങ്ങോട്ടോ പോകും. പോകും വഴിക്കാണ് ചായക്കടയിൽ കയറിയുള്ള ഭക്ഷണം. ശേഷം എവിടേക്കോ മറയും. യോഗി പോകുന്നയിടം അറിയാൻ ചെറുപ്പക്കാർ തീരുമാനിച്ചു. യോഗിയെ പിൻതുടരണം. അതിനു അതിരാവിലെ എഴുന്നേൽക്കണം. പ്രയാസപ്പെട്ട് എഴുന്നേറ്റ് അവർ യോഗിയെ പിൻതുടർന്നു.
ചായക്കടയിൽ നിന്നിറങ്ങി യോഗി യാത്രയായി.
ചെറുപ്പക്കാർ പിന്നാലെ.

യോഗി പാലം കടന്ന് തെക്കോട്ട് പോയി.
ചെറുപ്പക്കാർ തൊട്ട് പിന്നാലെ. യോഗി തിരിഞ്ഞു നോക്കിയതേയില്ല. പെട്ടെന്ന് യോഗി അകലെയായി. ചെറുപ്പക്കാർ ഇകലെയായി.
അവർക്കിടയിൽ അകലം കൂടിക്കൂടിവന്നു.
പിൻതുടരാൻ ചെറുപ്പക്കാർക്ക് കഴിയുന്നില്ല. നിമിഷങ്ങൾക്കകം യോഗി വളരെ അകലെയായി. ചെറുപ്പക്കാരുടെ കാഴ്ചയിൽ സൂക്ഷ്മ ബിന്ദുവായി ഭൂമിയുടെ അതിരുകൾക്കപ്പുറത്ത് യോഗി മാഞ്ഞുപോയപ്പോൾ ചെറുപ്പക്കാർ റോഡിൽ തളർന്നിരുന്ന് കിതച്ചു.

മോട്ടോർ സൈക്കിളിന്റെ വേഗതയിൽ സൈക്കിളോടിച്ചു കൊണ്ടാണ് അടുത്ത ദിവസം യോഗി വന്നത്. പതിവുപോലെ മുറിയിൽ കയറി വാതിലടച്ച് ധ്യാനിച്ചിരുന്നു. ആരോടും ഒന്നും മിണ്ടിയില്ല.
ചായക്കടയിലും പോയില്ല.
രണ്ടുനാൾ ധ്യാനത്തിൽ തന്നെ.
മൂന്നാം ദിവസം വാതിൽ തുറന്നു കിടക്കുന്നതു കണ്ടു.
ആളകത്തില്ലായിരുന്നു.
എവിടേക്കാണ് പോയതെന്ന് ഒരറിവുമില്ല. കുറേ ദിവസം കാത്തിരുന്നു.
സിദ്ധയോഗി വന്നില്ല. മുറി ശൂന്യമായി. ആ മുറിയിൽ കിടക്കാൻ പിന്നീട് ആർക്കും ധൈര്യമുണ്ടായില്ല. കുറേ കാലത്തിനുശേഷം ആ മുറി പത്രമാപ്പീസിന്റെ ലൈബ്രറിയുടെ ഭാഗമായി.

യോഗി കോട്ടയം വഴി ശബരിമലയിലേക്കാണ് പോയതെന്ന് ആരോ പറഞ്ഞു. ചിലർ കണ്ടതായും സാക്ഷ്യപ്പെടുത്തി. പത്രപ്രവർത്തകനും വിപ്ലവകാരിയുമായ ഒരു ചെറുപ്പക്കാരൻ പറഞ്ഞത് ശബരിമലക്കാട്ടിൽ യോഗി അപ്രത്യക്ഷനാകുന്നത് നേരിൽ കണ്ടെന്നാണ്. അയാൾ കാടുകയറി ശബരിമലക്ക് പോകുമ്പോൾ സിദ്ധയോഗി മുന്നിൽ. യാതൊരു പരിചയഭാവവും യോഗി കാണിച്ചില്ല. ചോദ്യങ്ങൾക്കൊന്നും ഉത്തരമുണ്ടായില്ല. കുറേ ദൂരം ഒന്നും മിണ്ടാതെ നടന്നു.

പെട്ടെന്ന് യോഗി കാടിന്റെ വലതുവശത്തെ താഴ്ച്ചയിലേക്ക് ചാടിയിറങ്ങി. വീതി കുറഞ്ഞ ഒരു നടപ്പാത കാടിനകത്തേക്ക് നീണ്ടു കിടന്നിരുന്നു. അതിലേ യോഗി വേഗത്തിൽ നടന്നു. ഇടതുവശത്തുള്ള ഒരു വാഴയിലേക്ക് ചാടിക്കയറി. വാഴയ്ക്ക് ഒരു ചെറിയ കവുങ്ങിന്റെ ഉയരമുണ്ടായിരുന്നു.
പിന്നീട് കണ്ട കാഴ്ച അവിശ്വസനീയം!
വാഴയിലൂടെ അഭ്യാസിയെപ്പോലെ നടന്ന് സിദ്ധയോഗി മഞ്ഞിൻപടലം നിറഞ്ഞ അന്തരീക്ഷത്തിൽ മറഞ്ഞു!
കാലം അതിന്റെ കഥകളെ കുറുക്കിയും പരത്തിയും അപരാന്ത സഞ്ചാരം തുടർന്നു.

കൊടുങ്ങല്ലൂരിലെ ലോകമലേശ്വരത്തെ വീട്ടുമണ്ണിൽ വിജയൻമാഷ് തിരോഭവിച്ച നിശാന്ധകാരത്തിലെ ചിതാവെളിച്ചത്തിൽ ഞാൻ എന്തുകൊണ്ടോ തൊട്ടടുത്ത വാഴത്തോപ്പ് ശ്രദ്ധിച്ചുപോയി. തേരോടിക്കാറ്റുണ്ടായിട്ടും അനക്കമില്ലാതെ അവ ഗാഢം ചരമമൗനമാചരിച്ചു.!

മലബാറിലെ ഞാൻ പഠിച്ച പ്രശസ്തമായ ഹൈസ്‌കൂളിന്റെ ശതാബ്ദി ആഘോഷം കഴിഞ്ഞവർഷം നടന്നു. പോയകാലങ്ങളിൽ വിരമിച്ച അധ്യാപകരെ ആദരിക്കുന്ന ഗുരുപൂർണിമ എന്ന ചടങ്ങിൽ പങ്കെടുക്കാൻ എന്നെയും ക്ഷണിച്ചിരുന്നു. ഞാൻ ചെന്നപ്പോൾ ദെെവമേ, എനിക്ക് എന്റെ കണ്ണുകളെ വിശ്വവസിക്കാൻ കഴിഞ്ഞില്ല!

ഒന്നാം ക്ലാസിൽ എന്നെ പഠിപ്പിച്ച ലീല ടീച്ചർ,
രണ്ടാം ക്ലാസിൽ പഠിപ്പിച്ച നാരായണൻ മാഷ്,
മൂന്നാം ക്ലാസിലെ യശോദ ടീച്ചർ,
നാലാം ക്ലാസിലെ പി.എൻ.കെ മാഷ്,
അഞ്ചാം ക്ലാസിലെ മമ്മദ് മാഷ്,
ആറാം ക്ലാസിലെ...

മൺമറഞ്ഞുപോയവരെല്ലാം വേദിയിൽ നിരനിരയായി ഇരിക്കുന്നു. പലകാലങ്ങളിൽ പല വിദ്യാലങ്ങളിൽ ഗുരുകടാക്ഷം തന്നവർ എങ്ങനെ ഇവിടെ ഒന്നിച്ചുവന്നു എന്ന് ഞാൻ പരിഭ്രാന്തിയോടെ നോക്കിനിൽക്കെ സ്‌കൂളിന്റെ ഗേറ്റ് കടന്ന് അതിവേഗത്തിൽ ഒരാൾ സൈക്കിളിൽ വന്നിറങ്ങി. എവിടെയോ പരിചയമുള്ള മുഖം. അർധനഗ്നനാണ്. ഒറ്റമുണ്ട് ഉടുത്തിരിക്കുന്നു. കുടുമയും താടിയുമുണ്ട്. കുറിയ മനുഷ്യൻ. അയാൾ എന്നെ നോക്കി. ഞാനൊന്നു ചിരിച്ചു. അയാൾ ചിരിച്ചില്ല. ഗൗരവത്തിൽ പതുക്കെ മന്ത്രിക്കുന്നതുപോലെ പറഞ്ഞു.

""വിജയൻ വന്നിട്ടുണ്ട്.'' ​​​​​​​ഞാൻ മിഴിച്ചു നിന്നു.
അപ്പോൾ സ്റ്റേജിലേക്ക് ശിരസ്സ് കുനിച്ച് കയറിപോകുന്ന ആളെ കണ്ടു. വിജയൻ മാഷാണ്!
എന്റെ ഊഴമായി
ഗുരുനാഥൻമാർക്കുള്ള ആദരഭാഷണമാണ്..
എനിക്ക് വാക്കുകൾ നഷ്ടമായി.
ഗുരവേ നമ: എന്നുമാത്രം ഒരു വിധം പറഞ്ഞൊപ്പിച്ച് ഞാൻ തളർന്നിരുന്നു.
അപ്പോൾ വിജയൻ മാഷുടെ ശബ്ദം കേട്ടു.
മാഷ് സംസാരിച്ചു തുടങ്ങുകയാണ്.
കേൾക്കണമെങ്കിൽ ഈ ഭാഷതന്നെ വേണം.
ഭാഷ ഒരു പ്രവർത്തനമാണ്.
ജീവിതം ഒരു പ്രവർത്തനമാണ്.
അതുപോലെ, മരണവും ഒരു പ്രവർത്തനമാണ്. വെറുതെ ജീവിച്ചു പോകുന്നവർക്ക് അത് മനസ്സിലാകുന്നില്ലെന്നു മാത്രം.
ആൾക്കൂട്ടത്തിനപ്പുറം സ്‌കൂൾ മതിലിനോട് ചാരിവെച്ച പെഡലില്ലാത്ത സൈക്കിൾ എനിക്ക് കാണാമായിരുന്നു. ▮


വി. ആർ. സുധീഷ്

കഥാകൃത്ത്​, അധ്യാപകൻ. വംശാനന്തര തലമുറ, വിമത ലൈംഗികം, തെരഞ്ഞെടുത്ത കഥകൾ, മലയാളത്തിന്റെ​​​​​​​ പ്രണയകഥകൾ (എഡിറ്റർ), മദ്യശാല (എഡിറ്റർ) തുടങ്ങിയവ പ്രധാന കൃതികൾ

Comments