ചിത്രീകരണം: ദേവപ്രകാശ്

ആൽഫാ മെയിലും ആടുതല്ലികളും

​​​​​​​ആടുതല്ലി അശുതോഷ് കൃത്യം ആറുമണിക്ക് അലാം വച്ച് ഞെട്ടിയുണർന്ന് ആനന്ദവല്ലി .T. K. യുടെ വാട്‌സ്ആപ്പിലേക്ക് Good Morning അയച്ചു. ""ങും'' എന്ന് മറുകുറി കിട്ടി.

അനന്തരം അയാൾ നാല് പച്ച ഇലകളോടും രണ്ട് മൊട്ടുകളോടും കൂടിയ വെളുത്ത നന്ദ്യാർവട്ട പൂവ് വിട്ടു.""Gm '' എന്നായി മറുകുറി.

നമ്പ്യാർവട്ടം രണ്ട് മൊട്ടോടു കൂടിയത് അവൾക്കിഷ്ടമാണല്ലോ. പിന്നെന്താ Gm ൽ ഒതുക്കിക്കളഞ്ഞത്?! അയാൾ ഡയറി മറിച്ചു നോക്കി. ഭാഗ്യം ! തെറ്റുപറ്റിയിട്ടില്ല. ഇനി ഗോമാതാവിന്റെ പിന്നാമ്പുറം അയക്കാം. ""കാപ്പി താടാ'' ന്ന് മറുപടി വന്നു.

ആനന്ദവല്ലിക്ക് ച്ചിരി ആനന്ദം വന്നപോലെ തോന്നുന്നു. ഗോമാതാവിനെ കണികാണുന്നത് ഐശ്വര്യമാണല്ലോ! Coffee എന്നെഴുതിയ ഹൃദയചിഹ്നമിട്ട ചെമന്നപിടിയുള്ള വെളുത്ത കപ്പിൽ ആവി പറക്കുന്ന കാപ്പിയുടെ പടം തയ്യാറാക്കി നിർത്തിയിരുന്നത് അയച്ചു കൊടുത്തു. കുടിച്ചിട്ട് കക്കൂസിൽ പോകാനുള്ള സമയം ആയിക്കാണും. "ക്ലിം' ന്ന് അടുത്ത മെസേജ്;""ഫ്‌ളഷ്‌ ഇട്ടു താടാ''

ഫ്‌ളഷ്‌ ടാങ്കിന്റെ ചങ്ങലയിൽ പിടിച്ചു തൂങ്ങുന്ന പടം ഉടനേ അയച്ചു. കുറച്ചു വെള്ളം ബക്കറ്റിലും പിടിച്ചു . ചിലപ്പോ വേണ്ടി വരും.""ഒരു പുളുക്കേടത്രേ പോയുള്ളൂ.. പോ അവിടന്ന് ''

വേഗവിരൽ വാട്സ് അപ്പ്! ഇന്ന് കോൺതിരിഞ്ഞാണല്ലോ ഭഗവാനേ.. ലക്ഷണം കണ്ടിട്ട് ഊപ്പാടും പതപ്പാടും വരും.

""ബാക്കി നമുക്ക് മാമുണ്ടിട്ട് Push-Pull ആക്കാം... ഇപ്പം കുളിക്കാം?''

""ശരി.. കുളിക്കാം''
അതേറ്റെന്നു തോന്നുന്നു.. രക്ഷപ്പെട്ടു!""നമുക്കാദ്യം ഡ്രസ്സഴിക്കാം?'' ""ഉം.. സ്ലൈഡ് ?'' ""ഉടുപ്പഴിച്ചിട്ട് സ്ലൈഡ് മാറ്റി എണ്ണ തേച്ച് തരുമല്ലോ.. '' ""വേഗം തേച്ച് താ.. '' ""ശെരിയെടാ.. വാവ അനങ്ങാതെ ഇരിച്ചണേ... തങ്കൂട്ടൻ പോയി താളി ഒടിച്ചോണ്ട് വരാം.. '' ""കാലാട്ടിക്കോട്ടാ?'' "" കാലാട്ടല്ലേ വാവേ.. അച്ഛന് കടം വരും '' ""വരട്ട്.. വന്നോണ്ട് പോട്ട് '' ""എന്നാ ശെരി. ഇച്ചിരി അട്ടിക്കോ. '' ""താളീം കൊണ്ട് വേഗം വരണേ.'' ""ദേ പോയി ദാ വന്നു'' ""മിമിക്രി വേണ്ട!'' ""സോറി, ദാ വന്നു.'' ""ഉം'' ""ആദ്യം ജലകുംഭം'' ""ശരി '' ""പിന്നെ നെയ്യഭിഷേകം '' ""ഹായ്!''""ഇതാ വരുന്നു തേനഭിഷേകം '' ""കിട്ടിപ്പോയി'' ""ഇനി പഞ്ചാമൃതം'' ""വരട്ടേ.. വരട്ടേ..'' ""പാലഭിഷേകം ഇതാ'' ""ഹായ്... ഹായ്..!'' ""കുങ്കുമാഭിഷേകം '' ""പോ..'' ""ലാസ്റ്റ് ഭസ്മാഭിഷേകം '' ""ഇഷ്ടോണ്ട് '' "​​​​​​​"ഇനി മാമുണ്ണാം?'' ""ഉണ്ണാം.. ഉണ്ണാം'' ""ഇഡ്ഡലി സാമ്പാറിൽ മുക്കി.. ആ..'' ""സാമ്പാറ് വേണ്ട എരി'' ""ചട്നിയിൽ മുക്കി..'' ""ചട്നി ഇഷ്ടോല്ല'' ""എന്നാ പുട്ടും പയറും എടുത്താലോ?'' ""വേണ്ട ഞാൻ പിണങ്ങി'' ""പിണങ്ങല്ലേ പൊന്നേ.. അപ്പോം മൊട്ടക്കറീം?'' ""നിന്റെ അച്ഛന് കൊണ്ട് കൊട് അപ്പോം മൊട്ടേം!'' ""വാവയ്ക്ക് പിന്നെ എന്താ വേണ്ടത്?'' ""ഇഡ്ഡലി'' ""ഇഡ്ഡലീം ..?'' ""നീ പറ പുല്ലേ'' ""തുല്ല് ''

""എപ്പഴും ഞാൻ തന്നെ പറഞ്ഞു തരണം! പോ അവിടന്ന്. ഈ കളിക്ക് ഞാനില്ല '' ""ഒരിക്കലത്തേക്ക് പറ വാവേ.. '' ""ഇഡ്ഡലീം ഉഴുന്നു പൊടീം വെളിച്ചെണ്ണേം'' ""ശരി പൊന്നേ '' ""ഇനി മറക്കുവോ?'' ""ഇല്ല... മറക്കത്തില്ല'' ""നൂറ്റൊന്ന് ഏത്തമിടണം'' ""ഇടാം.. മാമുണ്ട് കഴിഞ്ഞാ ഉടൻ ഇടാം '' ""എന്നാ ആ... '' ""ചുക്കു ചുക്കു ചുക്കൂ .. ഇതാ പിടിച്ചേ ഒരു പീസ്'' ""ഹായ് നല്ല ടേയ്സ്റ്റ് '' ""ചുക്കൂ ചുക്കൂ ചുകൂ.. ഒന്നൂടെ.. '' ""അം..'' ""ഇനി വായ കൊപ്‌ളിക്കാം?'' ""ഗുളു ഗുളു ഗുളു.. പ്ർർ.. ''

വാട്ട്‌സ് അപ്പിലൂടെയുള്ള ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞയുടനെ ആനന്ദവല്ലി ആടുതല്ലി അശുതോഷിനെ നേരിട്ട് ഫോൺ വിളിച്ചു. വരമൊഴിയും ചിത്രമൊഴിയും ചിഹ്നമൊഴിയുമല്ല, സാക്ഷാൽ വാമൊഴി.

""നീയൊരു ദുഷ്ടനാ'' ""അയ്യോ എന്തു പറ്റി?'' ""ചന്തേടെ നടുക്ക് എന്നെ ഇട്ടിട്ട് ഓടിക്കളഞ്ഞില്ലേ? ഞാൻ നോക്കുമ്പം കുറേ എരുമകളും കശാപ്പുകാരും മാത്രം!'' ""എപ്പോ?'' ""സ്വപ്നം കണ്ടതാ'' ""ശ്ശോ! ഞാൻ പേടിച്ചു പോയി''

""വെളുപ്പാൻ കാലം കാണുന്ന സ്വപ്നം അച്ചട്ടാന്നാ പറയുന്നത്. പക്ഷേ, ആരോടെങ്കിലും പറഞ്ഞാൽ ഫലിക്കില്ല. അതാ വിളിച്ചത്'' "" ഇപ്പം സമാധാനമായി.. ഫലിക്കൂലല്ലോ!'' ""എന്നാലും എനിക്ക് ദേഷ്യമുണ്ട് '' ""എന്തിന്?'' ""എന്നെ ഇട്ടിട്ട് ഓടിക്കളഞ്ഞതിന്'' ""അത് സ്വപ്നത്തിലല്ലേ?'' ""എന്നാലും ഇട്ടിട്ട് ഓടീലേ ?.. ഇനി അങ്ങനെ ചെയ്യുവോ?'' ""ഇല്ല'' ""സത്യം?'' ""സത്യം'' ""501 പ്രാവശ്യം ഇംപോഷിൻ എഴുതുമോ?'' ""എഴുതാം'' ""എന്നാ A4 size പേപ്പറിൽ എഴുതി ഫോട്ടോ എടുത്ത് വാട്ട്‌സ് അപ്പിൽ ഇട്'' ""ഇപ്പം ഇടാം '' ""നീ ചെയ്തത് തെറ്റോ ശരിയോ?'' ""എന്തോന്ന്?'' ""ചന്തയിൽ ഇട്ടിട്ട് ഓടിക്കളഞ്ഞത്.'' ""തെറ്റ്'' ""തെറ്റ് സമ്മതിച്ചോണ്ട് ക്ഷമിച്ചിരിക്കുന്നു. എന്നാലും ഇംപോഷിഷൻ എഴുതണം.''

വല്ല വിധേനയും 8 മണി ആയി. എന്റെ ശബരിമല മുരുകാ ഇനീം കിടക്കുന്നു 14 മണിക്കൂർ. രാത്രി പത്തുമണിക്ക് ആനന്ദവല്യാസനം പാടി നട അടയ്ക്കുന്നതു വരെ ഒരേ ടെൻഷനായിരിക്കും. എപ്പഴാ കോൺതെറ്റുന്നതെന്ന് അറിയാൻ പറ്റത്തില്ല.

മൊതലാളി ആൽഫാ മെയിൽ പൽവാർദേവന് 300 കാമുകിമാരുണ്ട്.
ദിവസം നാലുവച്ച് 25 ദിവസം കൊണ്ട് 100 പേരെ അറ്റൻറ്​ ചെയ്യും. (മാസത്തിൽ 5 ദിവസം പട്ടമഹിഷിയുടെ കൂടെ ആയിരിക്കും). 3 മാസം കൊണ്ട് ഒരു ചക്രം പൂർത്തിയാക്കും. അതായത് മൂന്നു മാസത്തിലൊരിക്കൽ 2 മണിക്കൂർ ആനന്ദവല്ലിക്ക് വേണ്ടി ചെലവാക്കും. ആനന്ദവല്ലിമാർക്കെല്ലാം ആൽഫാ മെയിലിനെ മുടിഞ്ഞ പേടിയാണ്. കൊടിയ സ്‌നേഹവും! തുറക്കെടീന്ന് പറഞ്ഞാ അപ്പം തുറക്കും. ഊരെടീന്ന് പറഞ്ഞാ ഊരും. കിടയെടീന്ന് പറഞ്ഞാ കിടക്കും. കാറാതെടീന്ന് പറഞ്ഞാ പിന്നെ കാറത്തേ ഇല്ല. ഭയഭക്തിബഹുമാനത്തോടെയുള്ള അറ്റൻഡൻസ് വയ്പ്പ് കഴിഞ്ഞാലുടൻ വല്ലികൾ (ആടു)തല്ലികളുടെ നെഞ്ചിലേക്ക് പടരും. അഥവാ പൊങ്കാലയിട്ട് തുടങ്ങും!

കാമുകിമാരെ കൈകാര്യം ചെയ്യാൻ മാരക മെയിന്റനൻസ് കോസ്റ്റാണെന്ന് ആൽഥാ മെയിലിന് നന്നായറിയാം. സദാ പുറകേ നടന്ന് ഞൊണങ്ങ് പറിക്കുക എന്ന തൊഴുമ്പുപിടിച്ച വേല ചെയ്യാനുള്ള ക്ഷമയോ സാവകാശമോ ആൽഫാ മെയിലിനില്ല. ആടുതല്ലികളെ വച്ച് റൊമാൻസ് ഔട്ട് സോർസ് ചെയ്യാമെന്ന് പൽവാർദേവൻ കണ്ടുപിടിച്ചതോടെ കുറേപ്പേർക്ക് തൊഴിലായി. ഒരു കാമുകിയെ വച്ചുവാഴിക്കാൻ പെടാപ്പാട് പെടുന്ന അരയുയിരായ കാമുകന്മാർക്ക് ആൽഫാ മെയിലിനോട് എന്തസൂയയാണെന്നോ !

ഒരു കാമുകിക്ക് ഒരാളെന്ന നിരക്കിൽ 250 ആടുതല്ലികളെ ആൽഫാ മെയിൽ നിയമിച്ചു. മാസം ഒരു ലക്ഷം ക ശമ്പളം. എന്നും പണിയുണ്ട്. ലീവില്ല. വർഷത്തിൽ 5 ദിവസം ലവളുമാർ കെട്ടിയവന്മാരുടെ കൂടെ ടൂർ പോകും. അന്ന് ആടുതല്ലിക്ക് തിരുവോണമായിരിക്കും. ബാക്കിയെല്ലാ ദിവസവും ശിവരാത്രിയും! (മുന്നൂറ് കാമുകിമാരിൽ ബാക്കി 50 പേരെ ആൽഫാ മെയിൽ KKPP, കിട്ടിയാ കിട്ടി പോയാ പോയി, ലിസ്റ്റിലിട്ടു. അവർകൾ സ്വന്തം നിലയ്ക്ക് ആടുതല്ലികളെ ഫ്രീയായിട്ട് നിയമിച്ചു. പണിക്കൂലി ഇല്ല, പണിക്കുറവും ഇല്ല ! ആ കഴുതകളുടെ മുതുകിൽ കാരറ്റ് കെട്ടിത്തൂക്കിയ കമ്പി പിടിപ്പിച്ചു കൊടുത്തു. കാരറ്റ് ഇപ്പം കിട്ടും എന്ന് നിനച്ചാവും പാവങ്ങൾ പാപഭാരം ചുമക്കുന്നത്!)

പണ്ട് സായിപ്പന്മാർ തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്ത് നാട്ടുകാരായ ശിങ്കിടികളെ ഉദ്യോഗസ്ഥരായി നിയമിച്ചിരുന്നു. Orderly എന്നറിയപ്പെട്ടിരുന്ന ആ സർവന്റ്‌സിനെ സാധാരണക്കാർ ആടുതല്ലി എന്നാണ് വിളിച്ചിരുന്നത്. ആട്ടിടയനേയും തല്ലു‌കൊള്ളിയേയും അനുസ്മരിപ്പിക്കുന്ന ആ പേര് അശുതോഷിന് എന്തുകൊണ്ടും ചേരും.

ആലോചിക്കാൻ ഇത്തിരി ദുരൂഹതയൊന്നുമില്ലാതെ അവസാനിക്കുന്നതിനെ കഥയെന്ന് വിളിക്കാൻ പറ്റുമോ എന്ന് ശങ്കിക്കുന്നവർക്ക് ചിന്തിക്കാൻ ഒരു ചോദ്യം ഇട്ടു കൊടുത്താലോ? ആൽഫാ മെയിലിന് മൂന്നു മാസത്തിലൊരിക്കൽ രണ്ടു മണിക്കൂർ ക്വാളിറ്റി റ്റൈം ആസ്വദിക്കാൻ വേണ്ടി 360 ദിവസം ഒരു ക്വാളിറ്റിയുമില്ലാത്ത പായലു വലിക്കുന്ന അശുതോഷിന് എന്നെങ്കിലും ഒരിക്കൽ, ഒരു സിമ്പതിയുടെ പേരിലെങ്കിലും, അറ്റൻഡൻസ് ബുക്കിൽ ഒപ്പിടാൻ പറ്റുമോ?▮


വി. എസ്. അജിത്ത്

കവി, കഥാകൃത്ത്. "ദമനം' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments