ഞങ്ങൾ ചെറുപ്പക്കാരുടെ സംഘം മനസ്സുമൊത്തമായും വാഹനങ്ങൾക്ക് വിട്ടുകൊടുത്തവരായിരുന്നു. പഴയ മരപ്പേട്ടയുടെ പിന്നിലെ മൈതാനത്തിലായിരുന്നു എന്നും ഞങ്ങൾ ഒത്തുകൂടുക. അതൊരു രസമുള്ള കൂട്ടിച്ചേരലായിരുന്നു.
നാടുമുഴുവൻ ഞങ്ങളുടെ നിയന്ത്രണത്തിലാണെന്ന് കരുതിയിരുന്നവർ. ഞങ്ങൾ വലിയ ശക്തിയായിരുന്നു. ഞങ്ങളുടെ സ്വപ്നങ്ങളിൽ എപ്പോഴും വാഹനങ്ങളായിരുന്നു. അതിന്റെ മുരൾച്ചകൾ, ഞങ്ങളുടെ ആനന്ദം. അതിന്റെ രൂപങ്ങൾ നയനാഹ്ലാദങ്ങൾ! മനുഷ്യരെ തിരിച്ചറിയും മുമ്പേ വാഹനങ്ങളെ തിരിച്ചറിഞ്ഞവരായിരുന്നു ഞങ്ങൾ. ഭൂമിയിൽ ആദ്യം ഉണ്ടായത് ജന്തുക്കളോ മനുഷ്യരോ അല്ല, വാഹനങ്ങളാണെന്ന് വരെ വിശ്വസിച്ചിരുന്നവർ.
ഞങ്ങളെല്ലാം 86 ബോൺ കിഡ്സ് ആയിരുന്നു. ചരിത്രം അറിയാത്തവർ എന്ന പരിഹാസം ഏറ്റുവാങ്ങുന്നവർ.
''മാറുമറയ്ക്കൽ സമരം, ഉപ്പു സത്യാഗ്രഹം, ക്വിറ്റിന്ത്യാ സമരം, ഗുരുവായൂർ സമരം, പുന്നപ്ര വയലാർ, അടിയന്തരാവസ്ഥ ....ഒന്നും വേണ്ട കൽപ്പാത്തിയിലെ കിട്ടയുടെ സമരം പോലും നിങ്ങള് കേട്ടിട്ടല്ലേ ഉള്ളൂ"- പഞ്ചായത്തിൽനിന്ന് റിട്ടയർ ചെയ്ത അരവിന്ദാക്ഷ മേനോൻ പുരികം ഉയർത്തിക്കൊണ്ട് ഞങ്ങളോട് ചോദിക്കുന്നു. പരുങ്ങുകയും പതുങ്ങുകയുമല്ലാതെ ഞങ്ങൾക്ക് മറ്റൊന്നും ചെയ്യാനില്ല.
സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം ഞങ്ങൾക്ക് അറിയില്ലായിരിക്കും, പക്ഷേ വാഹനങ്ങളുടെ പിറവിക്കരച്ചിൽ മുതൽ പറന്നുയരൽ വരെ ഞങ്ങളുടെ ഹൃദയമിടിപ്പുകളായിരുന്നു. ഇതുണ്ടോ അരവിന്ദാക്ഷ മേനോൻ അറിയുന്നു.
നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല, നാടിന്റെ ഗതിയെക്കുറിച്ച് ചുക്കും ചുണ്ണാമ്പുമറിയാത്ത വർഗ്ഗം, മുള്ളാൻ പോലും ബൈക്കിന് പുറത്ത് കയറി പോകുന്നവർ.... തല നരച്ചവരൊക്കെ ഞങ്ങളെക്കുറിച്ച് അതു മാത്രമേ പറഞ്ഞിട്ടുള്ളൂ.
രാജേഷേ,
വേഗമേട്ടിൽ ആദ്യമായി ബുള്ളറ്റ് വന്ന ദിവസം ഓർമ്മയില്ലേ? പടപട ശബ്ദവുമായി പുരുഷവാഹനം ശരീരപുഷ്ടി നിറഞ്ഞ മനുഷ്യനെപ്പോലെ എസ്.ടി.ഡി ബൂത്തിനരികിൽ വരുന്നത് നമ്മൾ കണ്ടു. വണ്ടിയിൽ സുമുഖനായ ചെൽവരാജനായിരുന്നു. ബുള്ളറ്റ് നിർത്തി സ്റ്റാൻഡിൽ ഇട്ടപ്പോൾ ബൂത്തിൽ നിന്ന് രാഘവനും പിന്നെ രണ്ടു പേരും ഇറങ്ങിവന്നു നോക്കി.
'പുതിയതാ?' അവർ ആശ്ചര്യപ്പെട്ടു.
അവൻ അതെ എന്ന അർഥത്തിൽ അവരെ നോക്കി.
ചെൽവരാജന് ആയിരം പറ കണ്ടമുണ്ട്. വലിയ നെൽപ്പാടം. വീട്ടിൽ വലിയ പത്തായം. ചെൽവന്റെ അപ്പൻ കുപ്പുണ്ണി കിടപ്പിലായ ശേഷം മകനായ ചെൽവരാജന്റെ ഭരണമാണ് വീട്ടിൽ. അവൻറെ ഏറ്റവും വലിയ ആഗ്രഹം ഒരു ബുള്ളറ്റ് ആയിരുന്നു.
'കണ്ടം വല്ലതും വിറ്റാടാ'?
രാഘവന് അതിശയം നിൽക്കുന്നില്ല.
'ഓ എന്തിന് ?'ചെൽവരാജൻ സമ്പന്നത പ്രകടിപ്പിച്ചു. പിന്നെ അവൻ കൂട്ടുമൊക്കിലൂടെ വെറുതെ ബുള്ളറ്റ് ഓടിച്ചു. അതിൽ നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. പുത്തൻ മണം വിട്ടിരുന്നില്ല. രാഘവന്റെയും ബൂത്തിൽ ഉണ്ടായിരുന്നവരുടെയും ചെവിയിൽ ദീർഘകാലം ആ ബുള്ളറ്റിന്റെ ശബ്ദമായിരുന്നു.
അമ്മദ്, ചെൽവരാജൻ ചേട്ടനെ ഓർക്കാൻ കാരണമുണ്ട്. ചെൽവന്റെ കാമുകി ശ്യാമളയുടെ വീട് അമ്മദിനറിയാം. ബുള്ളറ്റിന്റെ ശബ്ദം കേട്ടാൽ ശ്യാമള എന്ന അലങ്കാരിപ്പെണ്ണ് തിടുക്കത്തിൽ കണ്ണെഴുതി പപ്പടം ഉണക്കാനിട്ട സ്കൂൾ കോമ്പൗണ്ടിലേക്ക് വരും. പപ്പടം കാക്ക കൊത്തുകയോ നായ നക്കുകയോ ചെയ്യുന്നുണ്ടോ എന്ന് പിന്നെ ആരുനോക്കും? എന്നാൽ അവൾ വരുന്നത് ചെൽവനുമായി ശൃംഗരിക്കാനായിരുന്നു. ഒരു ദിവസം പിന്നാലെ വന്ന നീയല്ലേ അത് കണ്ടുപിടിച്ചത് അമ്മദേ....
ങാ! എന്റെ ഏറ്റവും ദുരിതം പിടിച്ച കണ്ടുപിടുത്തമായിരുന്നടാ അത് വേണ്ടിയിരുന്നില്ല. ബുള്ളറ്റിന്റെ ശബ്ദം കേൾക്കുമ്പോൾ ശ്യാമള വീട്ടിൽ നിന്നും ഇറങ്ങിയോടുന്നത് പലതവണ കണ്ടു. ഒരു ദിവസം പപ്പടം അയ്യപ്പന് കയ്യോടുകൂടി സംഗതി കാണിച്ചുകൊടുത്തു.

സ്കൂൾ കോമ്പൗണ്ടിൽ നിർത്തിയിട്ട ചെൽവൻ്റെ ബുള്ളറ്റ് ശ്യാമളയുടെ വല്യപ്പൻ നേരെ ചെന്ന് മൂത്രപ്പുരയിലേക്ക് തള്ളിയിട്ടു. കെട്ടിക്കിടക്കുന്ന ദുർഗന്ധത്തിൽ അവന്റെ സ്നേഹവാഹനം അപമാനിക്കപ്പെട്ടു. ശേഷം അയ്യപ്പൻ കൊടുത്ത ചെകിടത്തടിയിൽ അവളുടെ അണപ്പല്ല് ഇളകി. ചെൽവൻ തിരിച്ചടിക്കുമെന്ന് കരുതിയെങ്കിലും ഒന്നുമുണ്ടായില്ല. ശ്യാമളയെ പിന്നീട് കിട്ടാതായപ്പോൾ ചെൽവൻ പ്രണയം ഉപേക്ഷിച്ചു. അയാൾക്ക് മുമ്പിൽ വേറെ വഴി എന്ത്?
തമിഴ്നാട്ടിൽ നിന്നുള്ള തടിച്ച് കുറുകിയ ഒരു പപ്പടക്കാരൻ ശ്യാമളയെ മംഗലം ചെയ്തു. അപ്പോഴേക്കും 5 -6 ബുള്ളറ്റ് ഒക്കെ വേഗമേട്ടിൽ വന്നു. ഒന്ന് പഞ്ചായത്ത് പ്രസിഡൻറ് വേൽമുരുകന്റെയും പിന്നെ ഒന്ന്, അരിക്കട ഉടമ വേലുണ്ണിയുടെ മകൻ പ്രിയൻ പ്രമോദിന്റേത്, ഗൾഫിൽ നിന്നും വന്ന അബ്ദുൽ മജീദിന്റെത്. പീറ്റർ വാങ്ങിയത് സെക്കൻഡ് ഹാൻഡ് ആയിരുന്നു.അതിനാൽ പീറ്ററിന്റെ വണ്ടിയുടെ കുറവുകൾ പറയാനായിരുന്നു ആളുകൾക്ക് കമ്പം.
സ്കൂൾ വാർഷികം വന്നു. രാത്രിയിലെ നാടകമാണ് പ്രധാന ഐറ്റം. കുട്ടികളുടെ പരിപാടികൾക്ക് ശേഷമാണ് പൂർവ്വ വിദ്യാർത്ഥികളും മറ്റുമായി മുതിർന്നവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ. വാർഷികത്തിന് പണത്തിന് പിന്നാലെ പാഞ്ഞ് എല്ലാം നഷ്ടമായ ഒരു മനുഷ്യൻറെ കഥ നാടകമാക്കാൻ തീരുമാനിച്ചപ്പോൾ ചെൽവരാജിനാണ് നായകനാവാൻ നറുക്ക് വീണത്. ഒരു ചന്തത്തിന് സ്റ്റേജിന് നടുവിൽ ചെൽവന്റെ ബൈക്കും വച്ചിരുന്നു. വേനൽക്കാലരാത്രിയായിരുന്നു. തിരശ്ശീല ഉയർന്നപ്പോൾ ബുള്ളറ്റ് കണ്ടതോടെ ആളുകൾ കൂട്ടത്തോടെ കയ്യടിച്ചു. നാടകം നല്ല ജോറായിരുന്നു. പണത്തോടുള്ള ജനങ്ങളുടെ ആർത്തിയെ വിചാരണ ചെയ്യുന്ന നാടകമായിരുന്നു. പണത്തിന് വേണ്ടി മാത്രമാണ് നാടകത്തിലെ നായകൻ ജീവിച്ചത്. അയാൾക്ക് പണം മാത്രം മതിയായിരുന്നു ജീവിതബന്ധങ്ങൾക്ക് യാതൊരു വിലയും കൊടുക്കാത്ത ആളായിരുന്നു. പണത്തിന് പിറകെ അയാൾ നടന്നു കുറെ പണം സമ്പാദിച്ചു. ഒടുവിൽ നേടേണ്ടതെല്ലാം നേടി എന്ന് വിചാരിച്ച് തിരിച്ചെത്തിയപ്പോഴേക്കും അയാളുടെ ഉറ്റവരും ഉടയരുമൊന്നും ഉണ്ടായിരുന്നില്ല.
അവർ എല്ലാം ഉപേക്ഷിച്ച് വീടും നാടും വിട്ടു പോയിരുന്നു. ശൂന്യതയിൽ 'പണം... പണം' എന്ന് ഉരുവിട്ടുകൊണ്ട് സ്റ്റേജിൽ ഭ്രാന്തനെ പോലെ നടക്കുന്ന നായകനിലാണ് നാടകം അവസാനിച്ചത്. ക്ലൈമാക്സിന് മാറ്റുകൂട്ടാനായി അന്നേരം ആരോ ചെൽവന്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. കാണികൾ കാണാതിരിക്കാൻ സ്റ്റേജിന്റെ പുറകിൽ നിന്ന് വലിയ ഉരുക്കുപാളി മേലെ നിന്ന് ഉപയോഗിച്ചാണ് ബുള്ളറ്റ് സ്റ്റാർട്ട് ആക്കിയത്. അന്ന് കമ്പനി സെൽഫ് സ്റ്റാർട്ടർ ഇറക്കിയിട്ടില്ലായിരുന്നു. അത് നല്ല ശബ്ദാന്തരീക്ഷമുണ്ടാക്കി. നാട്ടുകാർ ഒരിക്കലും മറക്കാത്ത രംഗം.
ചെൽവന്റെ ബുള്ളറ്റ് ആണോ ഡ്രൈവർ കൃഷ്ണൻറെ അംബാസഡർ ആണോ വലുതെന്ന് യാതൊരു അർത്ഥവുമില്ലാതെ ഞങ്ങൾ തർക്കിച്ച കാലമുണ്ടായിരുന്നു. രണ്ടും തുലനപ്പെടുത്താവുന്നതല്ല എന്നറിയാമായിരുന്നു. എന്നിട്ടും വെറുതെ ബുള്ളറ്റിനെ അംബാസിഡറുമായി തൂക്കി നോക്കി. ഡ്രൈവർ കൃഷ്ണന്റെ ദയാവായ്പ്പായിരുന്നു അതിനു പിന്നിൽ.
ശാന്തതയായിരുന്നു കൃഷ്ണേട്ടന്റെ പ്രധാന ഭാവം. കഷണ്ടിയിൽ പാറിക്കളിക്കുന്ന മുടി നാരുകൾ. തടിച്ച ചുണ്ട്, ചെറിയ മീശ.
ഡ്രൈവർ കൃഷ്ണൻ എന്ന് വിളിക്കുമായിരുന്നെങ്കിലും വേഗമേട്ടിലെ ആദ്യ അംബാസിഡർകാർ കൃഷ്ണന്റേതായിരുന്നു. ഞങ്ങളുടെ കൃഷ്ണേട്ടൻ. പിന്നീട് സിൻസിയർ കൃഷ്ണേട്ടൻ എന്ന് ഞങ്ങൾ അയാളെ വിളിച്ചു. വെളുത്ത അംബാസിഡർ. ചുങ്കമന്ദത്താണ് കൃഷ്ണേട്ടൻ കാർ നിർത്തിയിരുന്നത്. അതിന്റെ ഒരു വശത്ത് ടാക്സി എന്ന് എഴുതിയിരുന്നു. ആദ്യമൊക്കെ അത് ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള പദമായിരുന്നു. അമ്മമാർ കുട്ടികളെ പറയാൻ പഠിപ്പിച്ചിരുന്ന ഒരു പ്രധാന വാക്ക് കൃഷ്ണേട്ടന്റെ ടാക്സി എന്നായിരുന്നു. അത് തെറ്റില്ലാതെ പറയാൻ പഠിച്ചാൽ ഭാഷ പഠിച്ചു എന്നായിരുന്നു വെപ്പ്. വേഗമേട്ടുകാർ കൃഷ്ണന്റെ ടാക്സി വിളിക്കുന്നത് ഗുരുവായൂർക്കോ പഴനിക്ക് തൊഴാൻ വേണ്ടിയൊ പോകാനായിരുന്നു.
പിന്നെ കല്യാണത്തിന്.
കല്യാണത്തിന് കെട്ടിക്കൊണ്ടു വരിക എന്നാണ് പറഞ്ഞിരുന്നത്. കെട്ടാനായി പോകുന്ന വരന്റെ വീട്ടുകാർ സ്വന്തം മഹിമ കാണിക്കാനായി അമ്പതോളം കാറുകളിലാണ് പോവുക. അവയിൽ കൂടുതലും അംബാസിഡർ കാറുകളായിരുന്നു. മിക്കവാറും വാടകക്കാറുകൾ ആയിരുന്നെങ്കിലും എണ്ണം നോക്കി വിവാഹബന്ധത്തിന്റെ സാമ്പത്തിക മൂല്യം നിർണയിച്ചെടുക്കാൻ ആർക്കും കഴിയുമായിരുന്നു.

കൃഷ്ണേട്ടന് കല്യാണത്തിന് പോകാൻ താല്പര്യമായിരുന്നു. പിന്നീട് കൃഷ്ണന്റെ മകൾക്ക് വിവാഹപ്രായമായിട്ടും ആരെയും കിട്ടാതിരുന്നപ്പോൾ അയാൾ കല്യാണ ഓട്ടങ്ങളിൽനിന്ന് പിന്മാറി. ഒരുതരം ഭക്തിമാർഗ്ഗം സ്വീകരിച്ചു. പൊടുന്നനെ ഒരുനാൾ കാറ് വിൽക്കുകയും വീട്ടിൽ സ്വസ്ഥമായിരിക്കാം എന്ന് തീരുമാനിക്കുകയും ചെയ്തു. ലാൻഡ് ഫോണുകൾ വന്നു തുടങ്ങിയ സമയമായിരുന്നു. പലപ്പോഴും കൃഷ്ണൻറെ വീട്ടിലെ ലാൻഡ് നമ്പറിലേക്ക് 'മറ്റന്നാൾ ഗുരുവായൂർ പോകാൻ കാർ ഒഴിവുണ്ടോ, അടുത്തമാസം മകളുടെ കല്യാണമാണ് വരുമോ' തുടങ്ങിയ വിളികൾ ചെന്നെത്തുമായിരുന്നു.
കൃഷ്ണേട്ടന്റെ മകളെ നമ്മുടെ വിനീതിന്റെ ഏട്ടന് ഒരു നോട്ടമുണ്ടായിരുന്നില്ലെ?
അതെയതെ... കുറച്ചുദിവസം അവൻ അവളുടെ പുറകെ നടന്നു. അവളന്ന് ആർട്സ് കോളേജിൽ പ്രീഡിഗ്രി പഠിക്കുകയായിരുന്നു. എന്തോ അത് ക്ലിക്ക് ആയില്ല.
അവൾ കൃഷ്ണേട്ടനെ നന്നായി നോക്കി. കൃഷ്ണേട്ടൻ മരിച്ചപ്പോൾ ചുങ്കമന്ദം ,കുഴൽമന്ദം, കുത്തനൂർ, തോലനൂർ, തേങ്കുറിശ്ശി, പെരുങ്ങോട്ടുകുറിശ്ശി, കോട്ടായി, അമ്പാട് ,കണ്ണന്നൂർ, കണ്ണാടി, തച്ചൻകാട്, തണ്ണീരങ്കാട്, പറളി, മങ്കര കിണാശ്ശേരി എന്നിവിടങ്ങളിൽ നിന്നൊക്കെ ആൾക്കാർ വന്നിരുന്നു. അവർ കേരള ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ ആൻഡ് ഓണേഴ്സ് അസോസിയേഷൻറെ റീത്തുകൾ വച്ചു.
റീത്തുകളൊക്കെ വാങ്ങിയത് വേഗമേട്ടിൽ പുതിയതായി തുടങ്ങിയ 'ഓകെ ഫ്ലവർ മാർട്ടി'ൽ നിന്നായിരുന്നു. ചെൽവരാജന്റെ ബുള്ളറ്റ് പഴകിയപ്പോൾ രണ്ടാം വിൽപ്പനയിൽ സ്വന്തമാക്കിയ വൈപ്പിൻ ശ്രീധറായിരുന്നു അത് നടത്തിയിരുന്നത്. ആറുമാസം വൈപ്പിനിൽ ഒരു തൊഴിൽ തേടി പോവുകയും ഒന്നും ശരിയാവാതെ തിരിച്ചു വരികയും ചെയ്ത ശ്രീധർ വണ്ടിക്കാരൻമണിയുടെ മകനായിരുന്നു. കാളവണ്ടിക്കാരൻ മണി വേഗമേട്ടിലെ പാടങ്ങളിൽ കന്നുപൂട്ടലിനും മണ്ണ് ഉഴുതാനും വിദഗ്ധനായിരുന്നു. രണ്ടുകാളകൾ പൂട്ടിയ വണ്ടി എവിടെ നിന്നാണ് അയാൾ വാങ്ങിയത് എന്ന് ആർക്കും അറിയില്ലായിരുന്നു. ആരോ പറഞ്ഞു, പൊള്ളാച്ചിയിൽ നിന്ന് തെരുവത്ത്പള്ളി നേർച്ചയ്ക്ക് വന്ന പാണ്ഡ്യക്കാരിൽ നിന്ന് ഒറ്റ അർദ്ധരാത്രി കൊണ്ട് കരസ്ഥമാക്കിഎന്നാണ്. പള്ളി നേർച്ചയ്ക്ക് തമിഴ്നാട്ടിൽനിന്ന് കാളകളെ കെട്ടിയ വണ്ടികളിൽ ധാരാളം തമിഴന്മാർ വരുമായിരുന്നു. പള്ളിയിലെ ജാറത്തെ നമസ്കരിച്ച്, കാളകൾക്ക് ആയുസ്സ് കൂട്ടി കിട്ടാനാണ് അവർ വരുന്നത്. രാത്രിയാവും അവർ പള്ളിയിൽ എത്തുമ്പോൾ. ജാറത്തെ തൊഴുത് മലമ്പുഴ കനാലിന്റെ വരമ്പിൽ കിടന്നുറങ്ങി പുലർകാലത്ത് തിരിച്ചുപോവുകയാണ് പതിവ്. അങ്ങനെ വന്ന ആരുടെയോ കാളയും കാളവണ്ടികളും അടിച്ചു മാറ്റുകയാണ് മണി ചെയ്തത് എന്ന് നാട്ടിൽ ഒരു സംസാരമുണ്ട്.
അതെന്തെങ്കിലുമാകട്ടെ, വണ്ടിക്കാരൻ മണിയുടെ മകൻ ശ്രീധർ പൂക്കൾ കച്ചവടത്തോടൊപ്പം ബൈക്ക് റേസിൽ പാടവം കാണിച്ചു. അവൻ ഇടയ്ക്ക് ടൗണിൽ പോവുകയും വേഗ വണ്ടിയോടിക്കുന്നവരുടെ ക്ലബ്ബിൽ ലക്ഷം രൂപ കൊടുത്ത് അംഗമാവുകയും ചെയ്തു. അവൻ ഒരു സാദാ ബൈക്ക് വാങ്ങിയത് വലിയ വാർത്തയായില്ല. പക്ഷേ സൈലൻസർ അഴിച്ചു വച്ചുള്ള അവൻറെ വലിയ ശബ്ദത്തോടെയുള്ള യാത്ര എല്ലാവരും ചർച്ച ചെയ്തു. അവൻ ഇടയ്ക്കിടെ ബൈക്കുകൾ മാറ്റി. ബൈക്ക് എന്ന് അതിനെ ആരും വിളിക്കില്ല. മോട്ടോർസൈക്കിൾ എന്നാണ് വിളിച്ചത്. അവൻറെ കയ്യിൽ കിട്ടിയാൽ ഏത് ബൈക്കിന്റെയും മുഖവും ശരീരവും മാറും, അവൻ മാറ്റും. കമ്പനി ഫിറ്റിങ്ങുകൾ അവൻ മാറ്റിപ്പണിയും. ഭാരം കുറച്ച് വേഗം കൂട്ടും. വീലുകൾ വേഗത്തിൽ കറങ്ങാൻ പാക ത്തിൽ ഫ്രീ ആക്കും. ഇന്ധനക്കുതിപ്പോടെ മുന്നേറാനും മോട്ടോർസൈക്കിളിനെ മരണവേഗത്തിൽ ചലിക്കാനും പ്രാപ്തമാക്കും. അവൻ തുടക്കത്തിൽ അരമണിക്കൂർ കൊണ്ടാണ് ടൗണിൽ എത്തിയത് എങ്കിൽ പിന്നീടത് കാൽമണിക്കൂറും പിന്നെ പന്ത്രണ്ട് മിനിറ്റുമായി. ഒരു മിന്നൽ പോലെ ഒരു രേഖ റോഡിലൂടെ പറന്നു പോകും. അതാണ് റൈഡർ ശ്രീധർ. വൈപ്പിൻ ശ്രീധറിൽ നിന്ന് റൈഡർ ശ്രീധറി ലേക്കുള്ള ദൂരത്തെക്കുറിച്ച് അവനൊന്നും പറയാനില്ല.ജോലി കിട്ടാതെ അലഞ്ഞ ഭൂതകാലത്തെ കുറിച്ച് ഓർക്കാൻ അവനിപ്പോൾ ഇഷ്ടപ്പെടുന്നില്ല. പകരം അവൻ ഇപ്പോൾ ബൈക്ക് റേസുകളെപ്പറ്റി ആലോചിച്ചു. ഊട്ടിയിൽ വച്ച് നടക്കാനിരിക്കുന്ന ബൈക്ക് റേസിൽ ചാമ്പ്യനാവുകയാണ് ആദ്യ ലക്ഷ്യം . പക്ഷേ അത് എളുപ്പമല്ല. കാളവണ്ടിക്കാരൻ മണിയന്റെ മകൻ ബൈക്ക് ഓടിച്ച് ഒന്നാമതെത്തി എന്ന് നാട്ടുകാർ പറയണമെന്ന് അവൻ ആഗ്രഹിച്ചു. ഊട്ടിയിൽ തോറ്റെങ്കിലും ഗോഹട്ടിയിൽ നടക്കാനിരിക്കുന്ന മത്സരത്തിലേക്ക് എൻട്രി കിട്ടി. അവിടെ ഒന്നാമനാവാനൊന്നും കഴിഞ്ഞില്ല. നാലാമതായി ഫിനിഷ് ചെയ്ത ഏക മലയാളി ശ്രീധറായിരുന്നു. ആസാമിന്റെ ഗതാഗത വകുപ്പ് മന്ത്രിയിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുമ്പോൾ അവൻ ഓർത്തത് വണ്ടിക്കാരൻ മണിയന്റെ കാളവണ്ടിവേഗത്തെക്കുറിച്ചായിരുന്നത്രേ. ഓമനിച്ചു വളർത്തിയിരുന്ന കേശുവിനും പൊട്ടുവിനും നോവരുതെന്ന് കരുതി ഏറ്റവും കുറഞ്ഞ വേഗതയിലായിരുന്നു മണി എന്നും കാളവണ്ടി ഓടിച്ചിരുന്നത്, അവസാനം വരെ. ഇക്കാര്യം സമ്മാനം വാങ്ങുമ്പോൾ പറയണമെന്ന് ശ്രീധർ വിചാരിച്ചിരുന്നു. ഇംഗ്ലീഷ് കഷ്ടിയായതിനാൽ നടന്നില്ല.

രമേശേ, അമ്മദേ, വിനൂ .... നിങ്ങളൊക്കെ നാടുവിട്ടു പോയതിനുശേഷം ശ്രീധർ ബൈക്ക് വിട്ട് കാർ റേസിംഗിലേക്ക് മാറി. ഫോർമുല വൺ എന്ന കാർ റേസിംഗിൽ പങ്കെടുക്കാനാണ് അവൻ മോഹിച്ചത്. അതിനായി അവനും നാടുവിട്ടു. ദില്ലിയിലെത്തി. വലിയ പണക്കാരോടൊപ്പം അവനെങ്ങനെ കൂട്ടുകൂടി എന്നറിയില്ല. ഇങ്ങനെയുള്ള ത്രില്ലുകൾ ഇല്ലെങ്കിൽ പിന്നെന്ത് മനുഷ്യൻ എന്ന് ദില്ലിയിൽ വെച്ച് കണ്ട പഴയ കൂട്ടുകാരനോട് അവൻ ചോദിച്ചത്രേ. ദില്ലിയിൽ കാർ റേസിങ്ങിന് വേണ്ടി മാത്രമായി പലയിടങ്ങളിൽ നിന്ന് വരുന്നവരുണ്ട്. പഴയ കാറുകളിൽ പരിശീലനം നടത്താനുള്ള സൗകര്യം അവിടെയുണ്ട്. ഓസ്ട്രിയയിൽ നിന്നുള്ള കോച്ചാണ് ശ്രീധരനെ പരിശീലിപ്പിച്ചത്. ആറുമാസം പരിശീലനം ലഭിച്ചിട്ടും റേസിങ്ങിന് സെലക്ഷൻ കിട്ടിയില്ല. അവന് മടുപ്പും നിരാശയും തോന്നി. കുതിച്ചുപായുന്ന വൺ സീറ്റർ കാർ ഒരു ലാപ്പ് പൂർത്തിയാക്കി ഫിനിഷിംഗ് പോയിന്റിൽ ഫ്ലാഗ് തകർത്ത് വിജയിക്കുന്ന നിമിഷം അവൻ എപ്പോഴും സ്വപ്നം കണ്ടു. പക്ഷേ അത് നടന്നില്ല. പരിശീലനത്തിൽ അവന് തലയ്ക്ക് പരിക്കുപറ്റി. ആശുപത്രിയിൽ വച്ച് അത് ഹെമറേജ് ആയി മാറി. ആകപ്പാടെ എല്ലാം കൈവിട്ട നാളുകളായിരുന്നു. ടൂർ പൂർത്തിയാക്കാൻ പറ്റാതെ പോയ റേസർമാരെ DN എന്ന് വിളിച്ചിരുന്നു. അവൻ റേസിംഗ് വെബ് സൈറ്റിൽ DN ആയി മാറി. ആശുപത്രിയിൽ നിന്ന് തിരികെ വരുമ്പോഴേക്കും അവന് അസാധാരണമായ മറവിരോഗം വന്നു. കാർ കണ്ട അവനത് കളിപ്പാട്ടമായി തോന്നുകയും റേസിങ്ങിനായി നിർമ്മിച്ച റോഡു കണ്ട് അവൻ കോമഡി സീൻ പോലെ പൊട്ടിച്ചിരിക്കുകയും ചെയ്തു.

എന്നാൽ ജീവിതം അവനായി ചിലത് കരുതിവെച്ചു. മസ്തിഷ്ക നാഡികൾ പതുക്കെ ഉണർവിലായി. ഇത്തരം മറവി രോഗികൾക്കായുള്ള കാർ റേസിംഗ് കോമ്പറ്റീഷനിൽ അവനെ സഹപ്രവർത്തകർ മത്സരിപ്പിച്ച് വിജയിപ്പിച്ചു. പ്രത്യേക ഭിന്നശേഷിക്കാർക്കായുള്ള മത്സരമായിരുന്നു അത്. അത്ഭുതകരമായ ഒന്ന് നടന്നു, അവൻ കാറിൽ എഴുന്നേറ്റു നിന്ന് കേശുവിനെയും പൊട്ടുവിനെയും പ്രോത്സാഹിപ്പിച്ച് കാളവണ്ടി ഓടിക്കുന്ന രീതിയിൽ എന്തൊക്കെയോ കാണിച്ചു.
അകാലമരണമായിരിക്കാം അവന്റെ വിധി. പക്ഷേ അവൻ ഇതുവരെ മരണത്തിന് കീഴടങ്ങിയിട്ടില്ല. കാർറേസർ ന്യൂറോ സർജറി വിഭാഗത്തിൽ അർദ്ധബോധാവസ്ഥയിൽ കിടപ്പുണ്ട്.
ജോലി തേടിയും പണം തേടിയും നമ്മളൊക്കെ നാടുവിട്ടു.
ഏറ്റവുമടുത്ത് വേഗമേട്ടിൽ പോയവർ ആരെങ്കിലുമുണ്ടോ?
ഞാൻ പോയിരുന്നു. യുകെ സിറ്റിസൺഷിപ്പ് കിട്ടിയതിനാൽ ഇനി വേഗമേട്ടിലേക്ക് ഒരു പോക്ക് ഉണ്ടാവില്ല. എന്നാൽ എനിക്കുണ്ടായ വിചിത്രമായ അനുഭവം ആരെങ്കിലും പോകുന്നുണ്ടെങ്കിൽ അനുഭവപ്പെട്ടാൽ ഒന്ന് വിളിച്ചറിയിക്കണേ. മരപ്പേട്ടയിലേക്ക് കൊണ്ടുവരുന്ന മരമല്ലല്ലോ ഈർന്നുകഴിയുമ്പോൾ ഉണ്ടാവുന്നത്?
നമ്മുടെ മരപ്പേട്ടയിലേക്കുള്ള തെരുവുണ്ടല്ലോ അതൊരു വലിയ ബുള്ളറ്റിന്റെ ടാങ്ക് പോലെ. മൈതാനത്തിനപ്പുറത്തെ പാണ്ടിയാലയിലേക്കുള്ള കവാടം മെഴ്സിഡസിന്റെ ബോണറ്റ് പൊക്കിയ വായ. ലോറിയുടെ ചതുരം പോലെ മുറിച്ചുമാറ്റിയ പ്ലോട്ടുകൾ. ഏറ്റവും ഉച്ചിയിലുള്ള പ്ലാശുമരത്തിൽ കയറി നോക്കുമ്പോൾ നമ്മുടെ വേഗമേട് ട്രാഫിക് ജാമിൽ കുടുങ്ങിയ വാഹനക്കൂട്ടത്തിൻ്റെ പെയിൻ്റിംഗ് സ്കെച്ച്.
മതിമറന്ന് സന്തോഷിക്കുകയാണ് വേണ്ടത്. കഴിയുന്നില്ലെഡോ എനിക്ക്. എടാ ചക്കര പിള്ളേരെ, ദിനേശാ, അമ്മദേ രാജേഷേ, രമേശേ, വിനൂ....
ആരും ഓൺലൈനിൽ ഇല്ലേ?
