അവരുടേത് ഒരു അസാധാരണ പ്രണയ കഥയായിരുന്നു.
എല്ലാ കഥകളും പ്രണയത്തിൽ തുടങ്ങുമ്പോൾ അവരുടേത് പ്രണയത്തിൽ അവസാനിച്ചു. ഓരോ അവസാനവും മറ്റൊരു തരത്തിൽ തുടക്കം തന്നെയാണല്ലോ. കാവിന്റരികത്ത് സദാനന്ദന്റെ ഭാര്യ ഷീലയും പാലത്തൊടി രാധാമണിയുടെ ഭർത്താവ് സത്യനും. സത്യന്റെ മരണശേഷമാണ് ഷീല അയാളെ പ്രേമിക്കാൻ തുടങ്ങിയത്. ആ പ്രേമം യാഥാർഥ്യമാകും മുമ്പായിരുന്നു സത്യന്റെ മരണം. അങ്ങനെ ഷീല അൻപത്താറാം വയസ്സിൽ പരേതാത്മാവിനെ പ്രേമിച്ചുതുടങ്ങി.
ഇതെന്ത് നോൺസെൻസാണ്. കോടതിയോടാണോ നിങ്ങളുടെ കുട്ടിക്കളി... അരിശം കയറിയ ന്യായാധിപന്റെ മൂക്കിൻതുമ്പിൽ ചുവപ്പിളകി.
മൈ ലോഡ്, പ്രതിചേർക്കപ്പെട്ട കേസിൽ സ്വയം വാദത്തിനിറങ്ങിയ വെറുമൊരു കഥാകൃത്താണ് ഞാൻ. കേസിനെ അട്ടിമറിക്കുന്ന തെളിവായി കോടതിക്ക് പരിഗണിക്കാവുന്ന എന്റെ കഥയുടെ ആമുഖഭാഗമാണ് ഞാനീ വായിച്ചത്. ആരോപിക്കപ്പെട്ട കുറ്റം കൊലപാതകശ്രമം ആണല്ലോ. സമാനമായ കേസുകളിൽ മുടിനീരും ശരീരസ്രവങ്ങളും ഉൾപ്പെടെ പലതും ഫോറൻസിക് തെളിവുകളായി എടുക്കുന്ന കോടതി ഇക്കേസിൽ കഥ തെളിവാക്കണമെന്നാണ് എന്റെ അപേക്ഷ. കോടതിയുടെ വിലപ്പെട്ട സമയം വെറുതെ കളയാൻ യാതൊരു ഉദ്ദേശവും ഇല്ല. വെറും നാലുമിനിറ്റ് മുപ്പതു സെക്കൻഡ്. ആ നേരത്തിൽ ഒതുങ്ങുംമട്ടിൽ കഥാവായന വേഗപ്പെടുത്താം.
ന്യായാധിപനുമേൽ ദൃഷ്ടിയുറപ്പിച്ച് ആരെയും കൂസാത്ത മുഖഭാവത്തോടെയും നിശ്ചയദാർഢ്യത്തോടെയുമായിരുന്നു കഥാകൃത്തിന്റെ വാദം. എണ്ണമില്ലാത്തത്രയും ക്രിമിനൽ കേസുകളിൽ വിധി പറഞ്ഞുമടുത്ത ന്യായാധിപന്റെ മനസ്സിൽ രസമൂറി. സാഹിത്യ സാംസ്‌കാരിക രംഗത്തെ അടിമുടി ഉലച്ച കേസിന്റെ സങ്കല്പനിർഭരമായ തുടർവഴികൾക്ക് നിസ്സംഗസാക്ഷിയാകാൻ ആത്മബോധത്തിന്റെ കെട്ടുവട്ടങ്ങൾ അഴിച്ചുമാറ്റി ന്യായാധിപൻ തയ്യാറായി. എതിർഭാഗം വക്കീലിന്റെ എതിർപ്പുവാദങ്ങളെ പാടേ നിരാകരിച്ചുകൊണ്ട് ന്യായാധിപൻ കഥാവായനയ്ക്ക് അനുമതി കൊടുത്തു. ചരിത്രത്തിലാദ്യമായി ഒരു കോടതി തികച്ചും ഭാവനയിൽ ഉരുത്തിരിഞ്ഞ കഥയ്ക്ക് കാതോർത്തു.
നേർത്ത നേരത്തെ നിശ്ശബ്ദതയ്ക്കുശേഷം ശബ്ദത്തിന്റെ കനം ബലപ്പെടുത്തി കഥാകൃത്ത് കൈയിൽ കരുതിയ കഥയുടെ പ്രിന്റ് നിവർത്തിപ്പിടിച്ച് വായനതുടങ്ങി.
കഥ- മരണഘടന
നാലുമ്മൂടുമുക്കിലെ ഓടുമേഞ്ഞ പഴയ കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു സത്യന്റെ ബാർബർ ഷോപ്പ്. റെഡ് ഓക്സൈഡിട്ട നിലം. പുറത്തേക്കൊരു വാതിൽ. മറുവശത്തെ ഭിത്തിയിൽ പിന്നിലെ കമുകിൻപാടത്തേക്ക് തുറക്കുന്ന ജനാല. മുറിക്കുള്ളിൽ കട്ടിയുള്ള നീല റക്‌സിൻ പതിപ്പിച്ച ചക്രക്കസേര. നല്ല പഴക്കമുണ്ട് അതിന്. തടികൊണ്ടു പണിത ഷെൽഫിൽ കുട്ടിക്കൂറ പൗഡറും സലോമി ആഫ്റ്റർഷേവ് ലോഷനും രണ്ടുമൂന്ന് കത്തിയും ചീപ്പും കത്രികയും. ഇതൊക്കെയായിരുന്നു സത്യന്റെ ക്ഷൗരക്കടയിലെ സ്വത്തുവകകൾ.
സത്യന് ക്ഷൗരം കുലത്തൊഴിലായിരുന്നില്ല. മദ്രാസിൽപലവകപ്പണിക്കാരനായിരുന്ന സത്യൻ തിരികെയെത്തി റാവുത്തറുടെ കടമുറി വാടകയ്‌ക്കെടുത്തപ്പോൾ തുണിക്കട തുടങ്ങാനായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, സങ്കല്പങ്ങളെല്ലാം തെറ്റിച്ചുകൊണ്ട് മഞ്ഞ പെയിന്റടിച്ച തടിപ്പലകമേൽ ചുവന്ന അക്ഷരത്തിൽ സത്യന്റെ കച്ചവടം വെളിപ്പെട്ടു- സ്‌റ്റൈൽ ജെന്റ്സ് സലൂൺ.
അങ്ങനെ പാലത്തൊടി സത്യൻ ബാർബർ സത്യനായി. പരിഷ്‌കാരികളല്ലാത്ത പൊതുജനങ്ങൾ സത്യന്റെ പതിവുകാരായി. സത്യൻ കട്ടിങ്ങിലും ഷേവിങ്ങിലും പുതുമകളൊന്നും പരീക്ഷിച്ചില്ല. കഷണ്ടിയില്ലാത്തവരായിരുന്നു അയാളുടെ ഇടപാടുകാരെല്ലാവരും. അവർ മുടിവെട്ടിൽ പാരസ്പര്യം നിലനിർത്തി. ശരാശരി പത്തോ പതിനഞ്ചോ പേരാണ് ഒരുദിവസം സത്യന്റെ കടയിൽഎത്താറുള്ളത്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് പൂട്ടിയാൽ പിന്നെ മൂന്നു മണിക്കേ തുറക്കൂ. രാത്രി എട്ടിന് കടയടയ്ക്കും. എന്നിട്ടും ഒരു വളവിനപ്പുറമുള്ള വീട്ടിൽനിന്ന് ഉച്ചയൂണും പൊതിഞ്ഞുകെട്ടിയാണ് സത്യൻ രാവിലെ കടയിലേക്ക് ഇറങ്ങാറുള്ളത്. വൈകിട്ട് വീടെത്തുമ്പോൾ മണി പത്ത് കഴിയും. ഉച്ചയ്ക്കും രാത്രിയിലുമുള്ള അധികനേരത്ത് അയാളാ അടച്ചിട്ട കടയ്ക്കുള്ളിൽ എന്തു ചെയ്യുകയായിരിക്കും. ആ ചോദ്യം ആരാലും ഉന്നയിക്കപ്പെട്ടില്ല.
രാധാമണിയെ കല്യാണം ചെയ്ത കാലത്ത് കരക്കണ്ടത്തിൽ കപ്പകൃഷിയായിരുന്നു സത്യന്. കാലം തെറ്റിയ മഴയും കടുത്ത വേനലും പലപ്പോഴും പ്രതീക്ഷകളെ തകിടംമറിച്ചു. വിളവ് മുടങ്ങിയപ്പോഴൊക്കെയും കുടുംബം പെടാപ്പാടിലായി. കപ്പമൂടും തടവിയിരുന്നാൽ വീട് മുടിയും... കുടുംബം പെറ്റുവളർന്നതോടെ രാധാമണി മുറുമുറുത്തു തുടങ്ങി. ഭാര്യയുടെ പ്രാക്ക് പരിധിവിട്ടു തുടങ്ങിയതോടെ കാശുണ്ടാക്കാൻ മറ്റുവഴികൾ തേടാതെ തരമില്ലെന്നായി സത്യന്.
അയാൾ മദ്രാസിലേക്ക് വണ്ടി കയറി.
നാട്ടുകാരനും വിവാഹപൂർവ ജീവിതത്തിന് നിറംപകർന്നവനുമായ ജയചന്ദ്രൻ അവിടെ ടാക്‌സി ഡ്രൈവറാണ്. ആ സ്‌നേഹം സത്യന് അവിടെ ഒരു ചെറിയ കോഫിഷോപ്പിൽ പണി തരപ്പെടുത്തിക്കൊടുത്തു. മേലനങ്ങി പണിയെടുത്താൽ പത്ത് പുത്തനൊപ്പിക്കാം... എന്നുമാത്രം പറഞ്ഞ് ജയചന്ദ്രൻ സത്യനെ കുശിനിയിലേക്ക് അനുഗ്രഹിച്ചയച്ചു. ചായയടിച്ചും കാപ്പി പതപ്പിച്ചും പൊറോട്ടമാവ് കുഴച്ചും കരി കൂരിരുട്ടിന്റെ നിറം ചാർത്തിയ കെട്ടിടത്തിനുള്ളിൽ സത്യൻ സാഹചര്യത്തിനൊത്ത ജീവിതം ജീവിച്ചു.
പക്ഷേ ദാമ്പത്യം, പിതൃത്വം, അധ്വാനം തുടങ്ങിയ ജീവിതച്ചേരുവകളോട് തോന്നിത്തുടങ്ങിയ അതേ മടുപ്പ് സത്യന് കാപ്പിക്കട ജീവിതത്തോടും ഉണ്ടായി. മടുത്താൽ എളുപ്പം ഉപേക്ഷിക്കാൻ പറ്റുന്നത് തൊഴിൽ മാത്രമാണെന്ന ജീവിതാനുകൂല്യത്തിന്റെ തെളിച്ചം സത്യനെ പൊതിഞ്ഞു. പുത്തനൊപ്പിക്കാൻ തക്കതൊന്നും ഇവിടില്ലെടോ... ജയചന്ദ്രന്റെ ടാക്‌സി കാറിൽ ചാരി അയാൾ രാജി പ്രഖ്യാപിച്ചു.
വിശാലവും വിരസമല്ലാത്തതുമായ മദ്രാസ് പട്ടണം തെരുവുവിളക്കുകൾ പ്രകാശിപ്പിച്ച് സത്യനോട് ഐക്യപ്പെട്ടു. ഇനിയെന്ത് എന്ന ചോദ്യത്തെ ഉച്ചരിക്കും മട്ടിൽ ഇരമ്പലോടെ ജയചന്ദ്രന്റെ ടാക്‌സി തെരുവുകടന്നു. എരുമപ്പാലിന്റെ കൊഴുപ്പൂറിയ കടുപ്പക്കൂടുതലുള്ള ചായ ഊറ്റിക്കുടിച്ച് ഗ്ലാസ് തിരികെ വെക്കുന്ന നേരത്തിനിടെ കുടുംബത്തിന്റെ വിശപ്പ് തന്റെ പേശീബലത്താൽ മാത്രം അടങ്ങുന്നതാണെന്ന തിരിച്ചറിവിലേക്ക് സത്യൻ മടങ്ങിയെത്തി. വരുമാനം ജീവിതത്തിന്റെ വഴിമുടക്കാതിരിക്കാൻ വേണ്ടതുചെയ്യണം. ഇടക്കാലാശ്വാസം എന്ന നിലയിൽ മദ്രാസിന്റെ കച്ചവടത്തെരുവുകളിൽ അയാൾ കുറച്ചുനാൾ ചുമടെടുത്തു. സവാളയും ഇഷ്ടികയും ഇരുമ്പു പാത്രങ്ങളും മാറിമാറിച്ചുമന്ന് സത്യന്റെ നട്ടെല്ല് കിരുകിരുത്തു. നീ അമിത അളവ് പാരം തൂക്കക്കൂടാത്... മുടന്തി മുടന്തി സന്ധ്യയിലേക്കെത്തിയ പകലിൽ ഡോ. വേൽവാസവൻ താക്കീതോടെ സത്യന് മരുന്നെഴുതി. നട്ടെല്ലുള്ളവനായ സത്യൻ അതനുസരിച്ചു.
രാധാമണിക്കുള്ള മണിഓഡറിന് മുടക്കം വരാതിരിക്കാൻ സത്യൻ നട്ടെല്ല് ഭാരമറിയാത്ത തരത്തിലുള്ള ബദൽ മാർഗങ്ങൾ പലതുതിരഞ്ഞു. അങ്ങനെ അയാൾ പാണ്ടിത്തെരുവിലെ അഞ്ചുനിലക്കെട്ടിടത്തിൽ ശുചീകരണത്തൊഴിലാളിയായി. മുപ്പത്തിമൂന്ന് മുറികളുള്ള കെട്ടിടത്തിന്റെ കുളിമുറികളും കക്കൂസുകളും കൈയുറകൾ ഇട്ടും ഇടാതെയും സത്യൻ വൃത്തിയാക്കി. എടുത്തുപൊക്കാൻ ഭാരങ്ങളൊന്നും കാത്തുകിടക്കാത്തതിന്റെ ആനന്ദം വിഴുപ്പൊഴിക്കലിൽ അയാളറിഞ്ഞു.
കെട്ടിടത്തിന്റെ താഴ്‌നിലയിലായിരുന്നു ആ ബാർബർഷോപ്പ്. രജനീകാന്തിന്റെ തലപ്പടം പതിപ്പിച്ച ബോർഡിൽ തലൈവരുടെ സിനിമാടൈറ്റിലുകളിലെ അക്ഷരശൈലി അതേപടി പകർത്തി ഇംഗ്ലീഷ് പേര്. സ്‌റ്റൈൽ സലൂൺ ഫോർ ജെന്റ്‌സ്. ഇടനേരങ്ങളിൽ സത്യൻ ആ ബോർഡിലേക്ക് നോക്കിനിൽക്കും. സിനിമാഭ്രാന്തനായ വയസ്സനായിരുന്നു ബാർബർ. പേര് ചിന്നസ്വാമി. എം.ജി. ആർ., കമൽഹാസൻ, രജനീകാന്ത്, മിഥുൻ ചക്രവർത്തി, അമിതാഭ് ബച്ചൻ... വിഖ്യാത താരങ്ങളുടെ ഏറ്റവും പുതിയ ഹെയർകട്ട് അയാൾ തന്റെ ഇടപാടുകാരിൽ പരീക്ഷിച്ചു. ചിന്നസ്വാമിയുടെ തൊഴിൽ പൊടിപൊടിച്ചു. ഓരോ മണിക്കൂറിലും ആ ചെറിയ കടയുടെ നിലം, മുടി കൊണ്ട് നിറയും. രാവിലെ ഒൻപതു മണിമുതൽ രാത്രി പത്തു വരെയുള്ള സമയത്തിനിടയിൽ അറുപത് മിനിറ്റിന്റെ ഇടവേളയിൽ ചിന്നസ്വാമിക്ക് സത്യന്റെ സഹായം ആവശ്യമായി വന്നു.
കൂന കൂടിയ മുടി കത്തിക്കാൻ അവിടെ അനുവാദമുണ്ടായിരുന്നില്ല. അങ്ങനെ മുടിച്ചാക്കുകളുടെ അധികബാധ്യതയും സത്യന്റെ ചുമലിലായി. അപ്പേരിൽ ചില്ലറ കൈമടക്ക് ചിന്നസ്വാമി പതിവായി സത്യന് നൽകാറുണ്ടായിരുന്നു. മുടികുത്തിത്തിരുകിയ ചാക്കുകെട്ടുകൾ അംബുജ സ്ട്രീറ്റിലെ സത്യന്റെ ഒറ്റമുറിയിടത്തിൽ അടുക്കിനിരത്തപ്പെട്ടു. ഇഷ്ടത്തോടെയോ അനിഷ്ടത്തോടെയോ തുടങ്ങിവച്ച പതിവായിരുന്നില്ല അത്. എന്തിനെന്നറിയാതെ ഏറ്റെടുക്കേണ്ടിവരുന്ന അനേകായിരം ഉത്തരവാദിത്തങ്ങളിൽ ഒന്നായി ആ ചാക്കുകെട്ടുകൾ സത്യന്റെ ജീവിതത്തിന്റെ ഭാഗമായി. അവ അയാൾക്ക് തലയിണയും മെത്തയുമായി.
മുടി സത്യന്റെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചത് പെട്ടെന്നാണ്. മഴ പെയ്യാൻ വൈകിയ മൺസൂൺകാലമായിരുന്നു അത്. ഉഷ്ണം ഉടലിനെ പൊതിഞ്ഞ രാത്രി. നിരത്തിയ ചാക്കുകെട്ടുകൾക്ക് മീതേ ഉറക്കം വരാതെ സത്യൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. അയാളുടെ ശരീരത്തിന്റെ വിയർപ്പിലൊട്ടി ചാക്കുകകളിലൊന്ന് പിഞ്ഞി. സഞ്ചിക്കുള്ളിലെ മുടിനാരുകൾ സത്യന്റെ ഉടലിലുരുമ്മി. അയാൾക്ക് ഇക്കിളിയായി. ഉഷ്ണത്തിലും അയാൾ കുളിരറിഞ്ഞു. സഞ്ചിയുടെ കീറലിൽ വിരലാഴ്ത്തി അയാൾ വിടവ് വലുതാക്കി. മുടിയിഴകൾ ഒഴുകിപ്പടർന്നു. സത്യൻ ആഴത്തിൽ ഇക്കിളിപ്പെട്ടു.
അതായിരുന്നു തുടക്കം.
ഒന്നുരണ്ടട്ടി മുടി വിതറി അതിനു മുകളിൽ പരിപൂർണ നഗ്‌നനായി കിടന്നുറങ്ങുന്നതായി പോകെപ്പോകെ സത്യന്റെ ശീലം. മുടിയിഴകൾ പറന്ന് മൂക്കിലും ഇതര ശരീരദ്വാരങ്ങളിലും ഇളക്കങ്ങൾ ഉണ്ടാക്കാതിരിക്കാൻ പുഴുങ്ങുന്ന ചൂടിലും സത്യൻ ഫാൻ ഓഫാക്കിയിട്ടു. കാറ്റിനെ കടത്തിവിടാതെ ജനാലകളെ ഓടാമ്പലിൽ തളച്ചു. മനുഷ്യശരീരത്തിലെ ജീവലക്ഷണമില്ലാത്ത ഒരേയൊരു അംശമായ മുടി സത്യന്റെ മനസ്സിനെ, ശരീരത്തിനെ മദിപ്പിച്ചുതുടങ്ങി. മുനിയാണ്ടിയുടെ, പളനിസ്വാമിയുടെ, ചിന്നമുരുകന്റെ, ദിനനാഥന്റെ,അസംഖ്യം തമിഴരുടെ വരണ്ടതും മിനുത്തതും ഇരുണ്ടതും നരച്ചതുമായ മുടിയിഴകൾ.
മുടികളുടെ ഗന്ധവും സ്പർശവും അയാളെ മത്തുപിടിപ്പിച്ചു. രതിയിലും ലഹരിയിലും സംഭവിക്കാത്ത മായാജാലങ്ങൾ. ശരീരത്തിൽ നിന്ന് വിടുതൽ നേടിയ മുടികൾ അയാളെ ശരീരത്തിലേക്ക് ബന്ധിച്ചു. മുടിമുറിക്കടയുടെ വാതിൽവിടവിലൂടെ മുടിയിഴകളുടെ ഉടമകളെ അയാൾ കണ്ണിമയ്ക്കാതെ നോക്കിനിന്നു. രാത്രികളിൽ സത്യന്റെ ഉടലിൻ അൻപരശനും ശരവണനും പ്രഭുകുമാറും വീരമുത്തുവും മുടികളായി സ്പർശമായും ഗന്ധമായും പടർന്നുകയറി.
അതിനിടെ അപ്രതീക്ഷിതമായി ചിന്നസ്വാമിയുടെ മരണം. സലൂണിലെ ആൾപ്പൊക്കമുള്ള കണ്ണാടിക്കു മുന്നിൽ നിന്ന് സ്വന്തം മുടി ക്ഷൗരം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് അയാൾ മരിച്ചു. ബാർബർഷോപ്പിന് പൂട്ടുവീണു. പുതുമുടിയുടെ ഗന്ധം അറിയാനാവാതെ സത്യൻ വരണ്ടു. അനന്തരാവകാശികൾ ഇല്ലാത്തതിനാൽ ചിന്നസ്വാമിയുടെ കടപൂട്ടി. കടയ്ക്കുള്ളിലെ കസേരകളും മറ്റുപകരണങ്ങളും അയാളുടെ ഭാര്യ അംബമ്മാൾ വില്പനയ്ക്കു വച്ചു. അതിലൊന്നായിരുന്ന നീല റക്‌സിൻ പുതച്ച ആ ചക്രക്കസേര. നാട്ടിൽ കട തുടങ്ങുന്നതിന്റെ തൊട്ടു തലേ ആഴ്ച ചെന്നൈ മെയിലിലും സുകേശന്റെ പെട്ടിയോട്ടോയിലും സഞ്ചരിച്ച് ആ കസേര സത്യനൊപ്പം വീട്ടിലെത്തി. പിന്നെയത് റാവുത്തറുടെ കടമുറിയിൽ, സ്‌റ്റൈൽ സലൂണിൽ സ്ഥാപിക്കപ്പെട്ടു.
നാലുമ്മൂട് മുക്കിന്റെ രണ്ടാം വളവിൽ കമുകിൻ പാടത്തേക്കു തുറക്കുന്ന ജനാലയുള്ള ഒറ്റമുറി ബാർബർഷോപ്പിൽ സത്യൻ മുടിവെട്ടു വിദഗ്ധനായി. എണ്ണമില്ലാത്തത്ര ശിരസ്സും കൃതാവും കക്ഷവും അയാൾ കൊതിയോടെ വെട്ടി, വടിച്ചു. പകലും രാവും മുടിമണത്തു. കടയിൽ ആളൊഴിയുന്ന നേരത്തൊക്കെയും സത്യന്റെ നഗ്‌നതയിൽ മുടി പുരണ്ടു. ആസക്തിക്കിണങ്ങുന്ന ജോലിയുടെ ആനുകൂല്യം വച്ചുനീട്ടി ജീവിതം സത്യനെ അനുഗ്രഹിച്ചു.
പുരുഷന്മാരുടെ മുടിയോടുമാത്രം ആസക്തി തോന്നിയിരുന്ന സത്യനിൽ ഒരു പരിവർത്തനം സംഭവിച്ചത് പെട്ടെന്നായിരുന്നു. ബാർബർഷോപ്പിനോടു ചേർന്ന തയ്യൽക്കടയിൽ ബ്ലൗസ് തയ്പ്പിക്കാൻ വന്ന സ്ത്രീയുടെ പിൻഭാഗക്കാഴ്ചയാണ് അതിന് നിമിത്തമായത്. റബ്ബറുവെട്ടുകാരൻ ചന്ദ്രന്റെ ഭാര്യ ഷീല. പുഴുക്കലരിയുടെ നിറമുള്ള ഒത്ത പ്രകൃതക്കാരി. അവരുടെ തെറിച്ചുതുടുത്ത പിൻവശത്തിന്റെ നടുവിലായി ഞാന്നുകിടന്ന മുടിപ്പിന്നലിലേക്ക് നോക്കവേ സത്യന് ഉടൽ വിറച്ചു. അയാൾക്ക് മുടിയോടെ അവരെ പ്രാപിക്കാൻ തിക്കുമുട്ടി. ആസക്തി സത്യന്റെ ക്ഷമ കെടുത്തി. കടമുറിയ്ക്കുള്ളിലെ മുടിക്കൂനകൾ സത്യനെ ചലിപ്പിക്കാതായി.
മൂന്നാംനാൾ രാത്രി കടയടച്ച് വൈകിയിറങ്ങിയ സത്യൻ നാലുമ്മൂടുമുക്കിലെ ബദാംമരത്തിന്റെ ചുവട്ടിൽ മാനം നോക്കിയിരുന്നു. രാത്രിമൂത്തുതുടങ്ങിയ നേരത്ത് കയ്യാലചാടി കാവിന്റരികത്ത് വീട്ടിൽ ഒളിച്ചുകയറി. ഹാളിന്റെ ഇടതുവശത്തെ മുറിയുടെ തുറന്നു കിടന്ന വാതിലിലൂടെ, തിരിഞ്ഞു കിടന്നുറങ്ങുന്ന ഷീലയുടെ താഴേക്ക് ഞാന്ന മുടി സത്യൻ കണ്ടു. ചിന്തിച്ചു നിൽക്കാതെ സത്യൻ കത്രികയെടുത്തു. തോളറ്റം വച്ചു മുറിച്ച മെടഞ്ഞ മുടിക്കെട്ടുമായി സത്യൻ പുറത്തു കടന്നു.
പാതിരാവിൽ സത്യൻ ബാർബർഷോപ്പിലേക്കു കയറി. ചക്രക്കസേരയിൽ ചാരിക്കിടന്ന് അയാൾ ഷീലയുടെ മുടി മൂക്കിനോടടുപ്പിച്ചു. മൂക്ക് വിറച്ചു. ചലശേഷിയുള്ള എല്ലാ അവയവങ്ങളും ചലിച്ചു. മലവെള്ളപ്പാച്ചിലുപോലെ ശരീരം ഹോർമോൺ ചുരത്തി. ഷീല തടുത്തുനിർത്താനാവാത്ത ഉരുൾപൊട്ടലെന്നോണം തന്നെ വന്നു മൂടുംപോലെ സത്യനു തോന്നി.
മാസം മകരമായിരുന്നു. എന്നിട്ടും അയാൾക്ക് വെന്തു.
നാലുമ്മൂടുമുക്കിലും പരിസരപ്രദേശങ്ങളിലും പിറ്റേന്നു രാവിലെ വാർത്ത കാട്ടുതീ പോലെ പടർന്നു. ബാർബർഷോപ്പിലെ ചക്രക്കസേരയിൽ മരിച്ചുകിടന്ന സത്യനായിരുന്നു അതിലൊന്നിലെ നായകൻ. തോളറ്റം മുറിക്കപ്പെട്ട മുടിയുമായി ഉറക്കമുണർന്ന കാവിന്റരികത്ത് ഷീല നായികയും. നാട്ടുകാരുടെ സങ്കല്പസാധ്യതകളെ കൂട്ടിയിണക്കിക്കൊണ്ട് ഷീലയുടെ മുറിച്ചു മാറ്റപ്പെട്ട മുടി മരിച്ചുപോയ സത്യന്റെ മുറിക്കിപ്പിടിച്ച മുഷ്ടിക്കുള്ളിൽ താഴേക്ക് തൂങ്ങിക്കിടന്നു. അയാളുടെ മറുമുഷ്ടി രസത്തിന്റെ ഊക്കിൽ ഉറപ്പിച്ച നിലയിലും.
മരണപ്പെട്ട ആളെയോർത്ത് രണ്ട് സ്ത്രീകൾ വാവിട്ട് കരഞ്ഞു. ഷീലയും രാധാമണിയും. ഭാര്യ എന്ന നിലയിൽ സത്യൻ തന്നോടു കാട്ടിയ വിശ്വാസവഞ്ചന രാധാമണിയുടെ നിലവിളിയുടെ ആക്കം കൂട്ടി. കപ്പക്കൃഷിക്കാലത്തെന്ന പോലെ മരണത്തിലും അവർ അയാളെ പ്രാകി.
അതേയമയം അന്നേവരെ അനുഭവിക്കാതെ പോയ പ്രണയത്തിന്റെ വികാരത്തിരകൾ ഷീലയിൽ നിന്ന് നിലവിളികളായി പുറത്തേക്കുയർന്നു. മരണനേരത്തും അയാളാ കൈവെള്ളയിൽ മുറുകെപിടിച്ചത് തന്റെ മുടിക്കെട്ടല്ല, തന്നെത്തന്നെയാണെന്ന് ഷീലയ്ക്ക് തോന്നി. രസം തൊട്ടുതീണ്ടാത്ത ദാമ്പത്യത്തോട്, മനസ് ചുരത്താത്ത മാതൃത്വത്തോട് അവർക്ക് അടക്കാനാവാത്ത വിരക്തി തോന്നി.
നാലഞ്ച് സാരികളും അത്യാവശ്യം അടിവസ്ത്രങ്ങളും പൊതിഞ്ഞെടുത്ത് അവർ വീടു വിട്ടിറങ്ങി. സത്യന്റെ ശവം നീക്കം ചെയ്ത ബാർബർ ഷോപ്പിലേക്ക് ഒരു നവവധുവിനെപ്പോലെ അവർ നടന്നുകയറി. അങ്ങാടിപ്പാടം വില്ലേജിലെ ആദ്യ വനിതാ ബാർബറായി ഷീല അവരോധിക്കപ്പെട്ടു. ആരും അവരെ എതിർത്തില്ല.
വാദം
ദീർഘശ്വാസത്തിന്റെ വിരാമചിഹ്നമിട്ട് കഥാകൃത്ത് കഥകഴിച്ചു. കട്ടിക്കസേരയിൽ മൂടിളക്കി ന്യായാധിപൻ താടി തടവി.
ഇക്കഥ കോടതിയെ കേൾപ്പിച്ചതിന്റെ ഉദ്ദേശ്യം? ... ന്യായാധിപന്റെ പേന അന്തരീക്ഷത്തിൽ ചോദ്യചിഹ്നം തീർത്തു.
തെളിവാണ് മൈ ലോഡ്.
ഡി.റ്റി.പി. ചെയ്ത കഥയുടെ പേജുകൾ നിർവികാരതയോടെ കുഴൽരൂപത്തിൽ ചുരുട്ടി കഥാകൃത്ത് വാദം തുടർന്നു.
പ്രസ്തുത പത്രാധിപർക്ക് അയക്കുന്ന ഒമ്പതാമത്തെ കഥയായിരുന്നു ഇത്. എന്നിൽ ആരോപിതമായ കുറ്റത്തിലേക്കുള്ള കവാടം. എട്ടെണ്ണത്തിലും പോരായ്മകൾ എണ്ണിപ്പറഞ്ഞ് പത്രാധിപരുടെ മറുപടിക്കത്തുകൾ കിട്ടി. ആദ്യകഥയിൽ ഭാഷ, രണ്ടാം കഥയിയിൽ ശൈലി, മൂന്നാം കഥയിൽ ഘടന, നാലാമത്തേതിൽ ഇതിവൃത്തം, അഞ്ചിൽ ആഖ്യാനം, ആറിൽ ശുഷ്‌ക പദാവലി, ഏഴിൽ ചില്ലറ വ്യാകരണപ്പിശകുകൾ, എട്ടിൽ സങ്കല്പശേഷിയുടെ പരിമിതി... ഓരോ കഥയിലും കൈക്കുറ്റപ്പാടുകളുടെ പരമ്പര ഓരോന്നും ക്രമത്തിൽ തിരുത്താൻ ഞാൻ ശ്രദ്ധിച്ചു.
കോടതി കേട്ട ഒമ്പതാം കഥ വായിച്ച് ഒരു രാത്രി പത്രാധിപർ എന്നെ ഫോണിൽ വിളിച്ചു. ആ ഫോൺകോൾ ആണ് എന്നെ കോടതി കയറ്റിയതും. വരാനിരിപ്പതിനെപ്പറ്റി ഒരു പിടിപാടും ഉണ്ടായിരുന്നില്ലെങ്കിലും നല്ല ബുദ്ധിക്ക് ഫോൺസംഭാഷണം ഞാൻ റെക്കോഡ് ചെയ്തിരുന്നു. കഥയെന്നപോലെ ആ സംഭാഷണവും കോടതിക്ക് തെളിവായി എടുക്കാം. വാദത്തിന് ബലമേകാൻ കഥാകൃത്ത് പൊട്ടൽ വീണ മൊബൈൽ വെറുതേ മുന്നിലേക്കൊന്നു നീട്ടി.
വാദം തുടർന്നു.
കഥയെഴുത്തിൽ ഞാൻ പുലർത്തുന്ന തളർച്ചയില്ലായ്മയെ പ്രകീർത്തിച്ചുകൊണ്ട് പ്രഭാഷണം പോലെയായിരുന്നു ആ ഫോൺ സംഭാഷണത്തിന്റെ തുടക്കം. എട്ടു കഥകളിലും കണ്ടെത്തപ്പെട്ട തെറ്റുകുറ്റങ്ങൾ തിരുത്തപ്പെട്ട കഥയാണ് മരണഘടന എന്ന് അദ്ദേഹം പറഞ്ഞു. പിന്നെ മാറുന്ന ഭാവുകത്വത്തെപ്പറ്റി ചെറിയൊരു ലക്ചർ. ഒടുവിലായി വീണ്ടും കഥയിലേക്ക് മടങ്ങി. അനുഭവത്തിന്റെ കുറവ് മരണഘടനയെ അലട്ടുന്നുണ്ടെന്നു പറഞ്ഞ് ചുമയോ ചിരിയോ എന്ന് മനസിലാക്കാനാവാത്ത ഒരു ശബ്ദം അദ്ദേഹം പുറപ്പെടുവിച്ചു. അനുഭവമണ്ഡലത്തിന്റെ തെളിച്ചമാണ് കഥയ്ക്ക് ജീവൻ നൽകുന്നതെന്നു പറഞ്ഞ് ഉദാഹരണമായി ലോകസാഹിത്യത്തിലെ ചില തലക്കെട്ടുകൾ നിരത്തി.
പിന്നെ ഒരു ചോദ്യമായിരുന്നു.
നിങ്ങൾ രതി അറിഞ്ഞിട്ടുണ്ടോ എന്ന ചോദ്യം.
ഉണ്ട് എന്ന എന്റെ മറുപടി കേട്ടതും നേരത്തെ പുറപ്പെടുവിച്ച വിചിത്രശബ്ദം അയാൾ ആവർത്തിച്ചു.
അറിഞ്ഞിട്ടുണ്ടാകും എന്നാൽ അനുഭവിച്ചിട്ടുണ്ടാകില്ല എന്നൊരു വാദം പിന്നാലേ വന്നു.
അറിഞ്ഞതൊന്നും അനുഭവമാകുന്നില്ല. അനുഭവിച്ചതു മാത്രമേ അറിവാകുന്നുള്ളൂ... എന്ന വേദാന്തത്തിനൊടുവിൽ രതിയിലേക്ക് അയാൾ മടങ്ങിവന്നു.
നിങ്ങൾ അറിഞ്ഞ രതിക്ക് അനുഭവത്തിന്റെ ആഴമില്ലാത്തതുകൊണ്ട് അങ്ങാടിത്തെരുവിലെ വനിതാ ബാർബറിന്റെ കഥാപാത്ര കല്പന ആഴംകെട്ടതാകുന്നു. കുടുംബം ഉപേക്ഷിച്ച് സത്യന്റെ പാതയിലേക്കുള്ള പുറപ്പാടിനുപിന്നിൽ അമർത്തിപ്പിടിച്ച, അറിഞ്ഞ എന്നാൽ അനുഭവിക്കാത്ത രതിയാണുള്ളത്. രതിയെ അനുഭവിച്ചറിഞ്ഞ കഥാകൃത്തിനു മാത്രമേ ഷീലയെന്ന കഥാപാത്രത്തെ തികവിന്റെ മൂശയിൽ പരുവപ്പെടുത്തിയെടുക്കാനാവൂ. ഷീലയെ പൂർണതയില്ലാത്ത കഥാപാത്രമാക്കുന്നത് നിങ്ങളുടെ അറിവല്ല, അനുഭവമാണ്. കഥാപാത്രത്തിന് പൂർണതയെത്തുമ്പോൾ മാത്രമേ കഥ പൂർത്തീകരിക്കപ്പെടുകയുള്ളൂ. അതിനാൽ അറിഞ്ഞതിനെയൊക്കെ അടർത്തിക്കളയൂ. അറിഞ്ഞതിനപ്പുറം അനുഭവിക്കൂ. അനുഭവത്തിന്റെ ബലവും കനവുമുള്ള കഥ അയക്കൂ... ഇത്രയും പറഞ്ഞ് അയാൾ ഒച്ചതാഴ്ത്തി മെല്ലെ എന്തോ പിറുപിറുത്തു...
റെക്കോഡ് ചെയ്യപ്പെട്ട ആ സംഭാഷണത്തിൽ നിന്ന് പിന്നീട് ഞാനത് കേട്ടെടുത്തു. അതിപ്രകാരമായിരുന്നു... ശൈലി, ഘടന, വ്യാകരണത്തികവ്, ഭാഷ തുടങ്ങിയ ചേരുവകളുടെ കെട്ടുറപ്പ് കഥാകൃത്തിന്റെ പക്കൽ തന്നെയാണ്. എന്നാൽ മേൽപ്പറഞ്ഞ അനുഭവത്തിന്റെ കാര്യത്തിൽ പത്രാപിധരായ എനിക്ക് നിങ്ങളെ സഹായിക്കാനായേക്കും. അപ്പറഞ്ഞതിനുള്ള എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ തിടുക്കപ്പെട്ട് അയാൾ ഫോൺവച്ചു.
കഥാകൃത്തിനൊപ്പം കോടതി മുറിയിലെ ഫാനുകളും നിശ്ശബ്ദമായി. ആ നിശ്ശബ്ദതയിൽ ന്യായാധിപൻ ഇടപെട്ടു. കാടുകയറിയതല്ലാതെ നിങ്ങൾ ഇതേവരെ കാര്യത്തിലേക്ക് കടന്നിട്ടില്ല. കോടതിയുടെ സമയം മെനക്കെടുത്താനാണോ ഭാവം... വായിച്ചുമനസ്സിലാക്കാനാവാത്ത കഥയെ എന്ന പോലെ ന്യായാധിപൻ കഥാകൃത്തിനെ നോക്കി.
കഥാകൃത്ത് കൈലേസുകൊണ്ട് മുഖം ഒപ്പി. പറന്ന മുടി ഒന്നൊതുക്കി തുടർന്നു... മൈ ലോഡ്... പത്രാധിപന്മാരെ അനുസരിക്കാൻ വിധിക്കപ്പെട്ടവരാണ് എഴുത്തുകാർ. അനുസരണ എനിക്കും ശീലമായി. തിരസ്‌കരിക്കപ്പെട്ട ഒമ്പതാം കഥ, അനുഭവങ്ങളുടെ ആലയിലേക്കാണ് എന്നെ തള്ളിയിട്ടത്. തീവ്രമായ നേരനുഭവത്തിന്റെ ചേരുവകളുള്ള കഥ എഴുതാതെ തരമില്ല. അതിന്റെ പിറവി എന്റെ ലക്ഷ്യമായി. പത്രാധിപരെ തൃപ്തിപ്പെടുത്തണം. അനുഭവത്തിന്റെ കാര്യത്തിൽ എന്നെ സഹായിക്കാനാകുമെന്ന പത്രാധിപരുടെ വാഗ്ദാനം ബലമായി. 'വധശ്രമം' എന്ന പേരിൽ കഥ എഴുതാൻ ഞാൻ ഉറപ്പിച്ചു. രതിയിലെ അനുഭവത്തിന്റെ ആഴക്കുറവിനെ കൊലയിലൂടെ മറികടന്നേ പറ്റൂ. കൊല ചെയ്‌തോ അതിനായി പരിശ്രമിച്ചോ ഉള്ള മുന്നനുഭവം എനിക്കില്ല. കഥയ്‌ക്കൊത്ത അനുഭവത്തിനായി പത്രാധിപരുടെ ഫ്ലാറ്റിന്റെ പൂട്ട് ഞാൻ പൊളിച്ചു. ആ സാഹസത്തിനൊരുമ്പെടും മുമ്പ് പത്രാധിപരുമായുള്ള ഫോൺസംഭാഷണത്തിന്റെ ശബ്ദരേഖ പലതവണ ഞാൻ കേട്ടു. അനുഭവത്തിനായി സഹായിക്കാമെന്ന അയാളുടെ വാക്കുകൾ സാഹസികതയ്ക്ക് ഇന്ധനമായി.
ഏതോ സാംസ്‌കാരിക പരിപാടി കഴിഞ്ഞ് രഹസ്യമായി മദ്യപിച്ച് പത്രാധിപർ ഫ്ലാറ്റിലെത്തുമ്പോൾ നേരം പുലർന്നിരുന്നു. വന്നുകയറിയതും കതകിന്റെ പിന്നിൽ നിന്ന് ഞാനയാളെ വട്ടപ്പൂട്ട് പൂട്ടി. കൈയിൽ കരുതിയ കയറുകൊണ്ട് വിദഗ്ധമായി കൈയും കാലും കെട്ടി നിലത്തിട്ടു. കുടിച്ച മദ്യത്തെ മരണഭയം പൂണ്ട അയാളുടെ ശരീരം ലജ്ജയില്ലാതെ പുറത്തേക്കൊഴുക്കി.
മൈ ലോഡ്, കൊല്ലുകയായിരുന്നില്ല കഥയെഴുതുകയായിരുന്നു എന്റെ ലക്ഷ്യം. ശ്രമാവസ്ഥയിൽ വധത്തെ ഉപേക്ഷിച്ച് അയാളെ അവിടെത്തന്നെയിട്ട് ഞാൻ അന്നുതന്നെ വധശ്രമം എഴുതി പൂർത്തിയാക്കി. പത്രാധിപരുടെ വിലാസത്തിലേക്ക് അയാളുടെ വാഗ്ദാനത്താൽ അനുഭവസ്പർശമേറ്റ ആ കഥ അയക്കും മുമ്പ് പോലീസ് വീട്ടിലെത്തി. കഥയുടെ അതേ പേരുള്ള കുറ്റം ആരോപിക്കപ്പെട്ട് പോലീസ് സ്റ്റേഷനിലും ഈ കോടതിമുറിയിലും എത്തപ്പെട്ടു. പ്രതി ചേർക്കപ്പെട്ട കേസിൽ സ്വയം വാദിയായത് പത്രാധിപരെ പ്രേരണാക്കുറ്റതിന് അകത്താക്കണം എന്ന ഒറ്റ ഉദ്ദേശ്യത്തോടെയാണ്. കുറഞ്ഞപക്ഷം അയാളീ കേസിൽ കൂട്ടുപ്രതിയാണെന്നുകൂടി കോടതി മനസിലാക്കണം. പത്രാധിപർ ആവശ്യപ്പെട്ടതെന്തോ അതു മാത്രമേ ഞാൻ ചെയ്തതുള്ളൂ. ഇത്രമാത്രം കോടതിയെ ബോധിപ്പിക്കുന്നു.
വിധി
സാഹിത്യ സാംസ്‌കാരിക രംഗങ്ങളെ അടപടലം ഇളക്കി മറിച്ച പത്രാധിപർ വധശ്രമക്കേസിന്റെ പരിണതി വിചിത്രവും കഥയ്ക്ക് നിരക്കുന്നതുമായിരുന്നു. കൊല്ലുകയല്ല, കഥയെഴുതുകയായിരുന്നു ലക്ഷ്യം എന്ന കഥാകൃത്തിന്റെ വാദത്തെ കോടതി വിലയ്‌ക്കെടുത്തു. പ്രേരണാകുറ്റത്തിന് പ്രതി ചേർക്കപ്പെട്ട പത്രാധിപരുടെ വിചാരണാവേളയിൽ കോടതിമുറി സാഹിത്യോത്സവനാളുകളിലെ കടൽത്തീരമൈതാനങ്ങളെ അനുസ്മരിപ്പിച്ചു.
പത്രാധിപർ കഥാകൃത്തുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പ്രസക്തമായ തെളിവായി. ആ തെളിവിന്റെ പിൻബലത്തിൽ കോടതി പത്രാധിപർക്ക് ആറുമാസം തടവുശിക്ഷ വിധിച്ചു. ക്രമസമാധാന പ്രശ്‌നം മുൻനിർത്തി സാഹിത്യവിമർശനത്തിൽ നിന്ന് അയാളെ ആജീവനാന്തം വിലക്കുകയും ചെയ്തു.