പുഴ

സാധു ബീഡിയുടെ വെളിച്ചത്തിൽ അയാൾ കോട്ടവളവ് തടാകത്തിന്റെ കുളിരിലേക്കിറങ്ങി. പൊക്കന് അത്ര പൊക്കമൊന്നുമില്ല. കാലുകൾ ശരിക്കും തറയിൽ കൊള്ളിക്കാതെയാണ് പൊതുവെ നടത്തം. നാലുമണിപ്പുലരിയുടെ നനുത്ത പുല്ലുകൾക്കിടയിലൂടെയാകുമ്പോൾ ശരിക്കും അതൊരു തുള്ളിച്ചാട്ടം തന്നെയായി.

വയൽ കടന്നാൽ തടാകം. നനഞ്ഞ വയലിലെ അരിഞ്ഞ വൈക്കോൽത്തണ്ടുകൾ കാലുകൊണ്ടു പ്രവർത്തിപ്പിക്കുന്ന സംഗീതോപകരണമാക്കി, എന്നാൽ അതൊന്നും ആസ്വദിക്കാൻ നേരമില്ലെന്ന മട്ടിൽ കണ്ടൽക്കാടുകളുടെ കമ്പുകൾ വകഞ്ഞുമാറ്റി വേരുകൾ കടന്ന് തടാകക്കരയിലെ ചതുപ്പിൽ അയാൾ ഒരു അഭ്യാസിയെപ്പോലെ ചലിച്ചു. കൊക്കുകളും നീർക്കാക്കകളും ഉണർന്നു കലമ്പി ചിറകടിച്ചു... തലയിലെ നരച്ച തോർത്തുമുണ്ട് മഞ്ഞുകണങ്ങളെ ചപ്പിച്ചിറക്കി.പിഞ്ഞി,തുളവീണ വെളുത്ത ബനിയൻ കുളിർന്നു വിറച്ചു.

കമിഴ്ത്തിവച്ച വലിയ ചിരട്ട മാറ്റിവച്ച് കൈകൾ മുകളിലേക്കുയർത്തിയുരസി ചൂടാക്കി കുതിർന്ന മണ്ണിലേക്ക് അയാൾ കൈക്കോട്ട് ആഴ്ത്തി. മലർത്തിയെടുത്തിട്ട മൺതരികളിലൂടെ വളഞ്ഞുപുളയുന്ന മണ്ണിരകളെ തഴമ്പ് പറ്റിയ കൈവിരലുകൾകൊണ്ട് കോരിയെടുത്ത് ചിരട്ടയിലേക്കിട്ടു. പുതപ്പിനുള്ളിലേക്ക് ഒടിഞ്ഞുമടങ്ങുന്നതുപോലെ അവറ്റകൾ ചിരട്ടയിലെ കുഞ്ഞുമൺകൂനയിലേക്ക് നൂണിറങ്ങി അതിനുള്ളിൽ ഒരു നൂൽപന്തുപോലെയായി പുതിയ ലോകത്തെ കെട്ടിപ്പിണഞ്ഞു പുണർന്നു.

Graphics: Midjourny AI
Graphics: Midjourny AI

പളിപ്പറമ്പിലെ ശീമക്കൊന്നകൾ ചാഞ്ഞ അതിരിലൂടെ കയറുമ്പോൾ കാവിലെ പന്തലിച്ചു നിൽക്കുന്ന മരവീടുകളിലേക്ക് മടങ്ങുന്ന വവ്വാലുകളുടെ കൂട്ടച്ചിലപ്പുകൾ പൊക്കന്റെ തലയ്ക്കു മുകളിലാകും. കൈക്കോട്ട് ചുമലിൽ തൂക്കിയിട്ട് ചിരട്ട വിരലുകൾക്കിടയിലമർത്തി പൊയ്യക്കുന്നിറങ്ങി പറങ്കിമാങ്ങകൾ വീണു മണക്കുന്ന തൊട്ടുവെള്ളത്തിൽ അയാൾ കണ്ണും മീടും കഴുകി.

ശാന്ത കൊണ്ടുവച്ച കരിങ്കട്ടൻ ചായയുടെ ചൂട് മേലാസകലം ആവാഹിക്കാനെന്നവണ്ണം ഒറ്റവലിപ്പിനു അയാൾ കുടിച്ചുതീർത്തു. തൂക്കുപാത്രത്തിൽ പച്ചമുളക് ഞെരിച്ചമർത്തിയ കൂളുത്ത് അടച്ചുവച്ച് മൺചുവരിൽ ചാരി ശാന്ത പുരുവനെ നോക്കിയിരുന്നു.
“പിള്ളേർക്കെന്തെങ്കിലും വെച്ചുണ്ടാക്കെടീ...ഞാനിറങ്ങുകയാ...”
മണ്ണുംക്കൂട്ടയോടൊപ്പം വീണ് നട്ടെല്ലിനു വയ്യാണ്ടായ ഭാര്യയെ തണുപ്പിന് എണീപ്പിക്കുന്നതിന്റെ വിഷമം ഉള്ളിലിട്ടാണ് അയാളങ്ങനെ പറഞ്ഞത്.

യന്ത്രബോട്ടുകൾ കറക്കിവിടുന്ന ഓളങ്ങളിലൂടെ സാഹസികമായി നീങ്ങുന്ന കുഞ്ഞുവള്ളങ്ങൾ. അഴിമുഖത്തോട് ചേർന്നുള്ള വലിയ വിസ്തൃതിയിലുള്ള പുഴയിൽ ഉലഞ്ഞ് അങ്ങിങ്ങു അവ കാണാം. ആറു മണിയാകുമ്പോഴേക്കും മെഷീൻ ബോട്ടുകളൊക്കെ അഴിമുഖം കടന്നിരിക്കും. പിന്നത്തെ പ്രശാന്തതയിൽ പുഴ തോണികളുടെ രാജ്യമാകും.വൈകീട്ട് കുളങ്ങാട്ട് മലയുടെ ഉച്ചിയിൽ നിന്ന് ഒറ്റ പനമരത്തിന്റെ കീഴിലെ പാതാളപ്പാറയിലിരുന്നു പടിഞ്ഞാറോട്ട് നോക്കി, അതെന്റെ അച്ഛന്റെ തോണി... അതെന്റെ അച്ച​ന്റേത് എന്നു മക്കൾ തർക്കികുകയോ പൊരുത്തപ്പെടുകയോ ചെയ്യുന്നത് പതിവാണ്.

അയാൾ ചിരട്ടയിലെ മൺകൂന പൊളിച്ച് മണ്ണിരയെ ചൂണ്ടയിൽ കോർത്തു. പുഴയുടെ ഓരോ ഭാഗവും ഓരോ തരം മീനുകളുടെ വിഹാരമേഖലയാണ്. ഓരോ കൂട്ടർക്കും ഓരോ ഇരയാണ്. നോങ്ങോലുകൾക്ക് പ്രിയം മണ്ണിരയാണ്. പിടയ്ക്കുന്ന ചെമ്മീൻ കോർത്തെറിഞ്ഞാൽ ചെമ്പല്ലി കൊത്തും. മൈദ കുഴച്ച് ഉണ്ടയാക്കിയിട്ടാൽ തിരുത കിട്ടും. അഴിമുഖത്തിന്നരികിലെ കരിങ്കൽച്ചീളുകൾക്കിടയിൽ വലിയ ഒതല ഉണ്ടാകും. ചൂണ്ടയിൽ ഞണ്ടിനെ കുരുക്കിയെറിഞ്ഞാണ് അവയെ പിടിക്കുന്നത്. പക്ഷെ,ശ്രമകരമാണ്. വലിച്ചുകയറ്റുമ്പോൾ കണ്ണി കല്ലിലുരഞ്ഞു പൊട്ടിപ്പോകാനും മതി. അഴിമുഖത്തിന് തെക്ക് അപൂർവ്വമായി വലിയ വർഗം കൊളോൻ എത്താറുണ്ട്. വലിയ ചൂണ്ടയിൽ വലിയ മത്തി കോർക്കണം. എളുപ്പം തളർത്താനാവില്ല. അഴിമുഖത്തേക്കൊരു പോക്കുണ്ട്. കണ്ണി അയച്ചും മുറുക്കിയും വള്ളം തന്ത്രപരമായി നീക്കിയും വേണം മെരുക്കാൻ.

കൂട്ടത്തിൽ ഏറ്റവും ചെറിയ തോണി അയാളുടേതാണ്. എന്നാൽ നാട്ടുകാർക്ക് അത് വലിയതുതന്നെയാണ്. കടപ്പുറത്തെ ഒറ്റക്കോലദിവസം കടത്തുതോണി മുങ്ങിയപ്പോൾ ആറുപേരെയാണ് തിരികെ ജീവിതത്തിലേക്ക് വലിച്ചെടുത്തത്. തന്റെ തോണി കമിഴ്ത്തിയിട്ട് ആൾക്കാരെ അതിൽ കിടത്തി വലിച്ചു നീന്തുകയായിരുന്നു അയാൾ.

ഉച്ചവെയിലിന്റെ കനപ്പ് കൂടിയപ്പോൾ അയാൾ കണ്ണി ചുറ്റി. തൂക്കുപാത്രം നേരത്തെ കാലിയായി. ചുണ്ടിലെ ഉപ്പ് നാവുകൊണ്ടു തുടച്ചെടുത്തു.മെഷീൻബോട്ടുകൾ ഇറങ്ങുന്നതിനുമുമ്പ് കടവെത്തണം.

സ്കൂളില്ലാത്ത ദിവസം ജീവൻ കടവിലെത്തിയിരിക്കും. കുഞ്ഞിരാമേട്ടന്റെ ചായക്കട കടവിന് തൊട്ടാണ്. രാമേട്ടനവന് വെള്ളച്ചായയും ബന്നും കൊടുക്കും. അവിടെ ഇരുന്നാൽ വാറ് വിളി കേൾക്കാം. അബൂക്കായാണ് വിളിക്കാരൻ. ലേലമുറപ്പിച്ചാൽ അബൂക്കയ്ക്ക് വല്ലതും കൊടുക്കണം.

“അച്ഛാ ഇതിനേക്കാൾ വലുപ്പമുണ്ടല്ലോ ഞാനാക്കിയ കടലാസുതോണിക്ക്” മകൻ അച്ഛന്റെ തോന്നിയെ വീണ്ടും ചെറുതാക്കി.

“മോനേ, നീ തോണിയല്ല, കപ്പലാണുണ്ടാക്കേണ്ടത്’’, അപ്പറഞ്ഞതിന്റെ വലുപ്പം അറിഞ്ഞെന്നമട്ടിൽ അവൻ ചിരിച്ചു. അയാൾ തന്റെ പാളത്തൊപ്പി മകന്റെ തലയിൽ വച്ചുകൊടുത്തുപ്പോൾ അവനയാളെ കെട്ടിപ്പിടിച്ചു. രോമാവൃതമായ ആ മാറിലെ ഉപ്പ് അവന്റെ ചൂണ്ടുകളിൽ നിറഞ്ഞു. അച്ഛന്റെ മണം അവന് വല്ലാത്ത ആനന്ദമാണ്.

അയാൾ പാളപ്പാട്ടകൊണ്ട് തോണിയിലെ വെള്ളം പുഴയിലേക്കു തേവി. കറിക്ക് നീക്കിവച്ച നോങ്ങോലുകളെ പത്രത്തിലേക്ക് കോരിയെടുത്തു.

“അച്ഛാ,എനിക്ക് പാലക്കാട്ട് കളിക്കാൻ സെലക്ഷൻ കിട്ടി. അടുത്താഴ്ച പോണം’’, അഭിമാനത്തിന്റെ പുറങ്കടലിൽ കയറിയ അയാളെ ഒടുക്കം ഒരു സങ്കടത്തിര നനയ്ക്കാനെത്തി.

“അച്ഛാ,ചെലവൊക്കെ സ്കൂളുന്ന് ചെയ്യും’’, അവന്റെ വാക്കുകൾ നിശ്ശബ്ദതയെ കൊത്തിവലിച്ച് വിഴുങ്ങി. കണ്ണിയിൽ പിടിച്ചപോലെ അയാൾ ഉണർന്നു.
ഫിഷറീസ് സ്കൂളിലെ ബാസ്ക്കറ്റ്ബോൾ കോർട്ടിലെ മാന്ത്രികനാണ് ജീവൻ. ഉയരക്കുറവിനെ മറികടന്നുകൊണ്ടുള്ള അസാമാന്യ വേഗം, കൃത്യത, ആകർഷകമായ കേളീശൈലി. അവനെ ജില്ലാടീമിലെടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ.

“പായില് മൂത്രൊയ്ക്കുന്ന ചെക്കനാ വീടുവിട്ടു പോന്നത്’’, ജീന തന്റെ വേളൂരി പോലുള്ള പല്ല് കാട്ടി എട്ടനെ കളിയാക്കി.

“നീ കണ്ടോടീ, ഇവൻ വല്ല്യ ആളാകും’’, ജമന്തി അനുജന്റെ പേനില്ലാത്ത തലയിൽ വിരലുകൾകൊണ്ട് വെറുതെ പരതി. ചുട്ട ഞണ്ടിന്റെ തോടുപൊട്ടിച്ച് അതിൻറെ അടച്ചപ്പൂ ശാന്ത മകന്റെ വായിലിട്ടുകൊടുത്തു. പുറത്ത് സാധുബീഡി പുകഞ്ഞു.

ഓടത്തിൽനിന്ന് കയറ്റുമ്പോൾ വീഴുന്ന മത്തി തപ്പിയെടുക്കുന്ന കുട്ടികളോട് വാങ്ങിയ വലിയ മത്തിയുമായി അന്നുച്ചകഴിഞ്ഞാണ് അയാൾ പുഴയിലെത്തിയത്. നേരത്തേ പോണം. ഏഴിനുള്ള വണ്ടിക്കാണ് മോന് പോണ്ടത്. പപ്പൻ മാഷ് കൂടെയുള്ള ധൈര്യത്തിലാണ് ഒരു സമാധാനം. എങ്കിലും വണ്ടിയാപ്പീസുവരെ പോണം.

മെഷീൻബോട്ടുകളെല്ലാം കടലിൽനിന്ന് ഇറങ്ങിക്കഴിഞ്ഞിരുന്നു. അഴിമുഖം പ്രക്ഷുബ്ധമാണ്. അയാൾ ചൂണ്ട വലിച്ചെറിഞ്ഞു. ഓളങ്ങളിൽ ഊയലാടി മത്തി കണ്ണിച്ചരടിൽ ആഴങ്ങളിലേക്കിറങ്ങി.

തൊട്ടപ്പുറത്ത് ക​ണ്ണേട്ടനുണ്ട്. കണ്ണേട്ടൻ മാത്രമേയുള്ളൂ. പുഴയിലെ നാടോടിയാണയാൾ. ഇന്നിവിടെയെങ്കിൽ നാളെ പഴയങ്ങാടി. മറ്റന്നാൾ കാര്യങ്കോട്ട്. ബഡായിക്കാരൻ എന്ന പേര് ചോദിച്ചു വാങ്ങിയതാണെന്നു തോന്നാൻ അധികസമയം വേണ്ടിവരില്ല. ഏന്തിനെക്കുറിച്ചായാലും വാക്കുകൾ ചെമ്മീൻകൂടുകൾ തുറന്നുവിട്ടതുപോലെയാണ്.
“നിങ്ങ കേക്കണേ...പഴയങ്ങാടീന്ന് വരുന്ന വഴി...ഒരിയരയിലെത്തിയപ്പോ തോണിക്കാരുടെ കൂട്ടം. പട പടാന്ന് തിരുത പിടിച്ചുകയറ്റുന്നു. വമ്പൻ സാധനങ്ങൾ!എൻറടുത്താണെങ്കിൽ ഒരിരയുമില്ല. ഞാനെന്താക്കി.. ബനിയനങ്ങു ഊരി കണ്ടക്കണ്ടാക്കി. ഇരട്ട ഈയം പറ്റിച്ച ചൂണ്ടയിൽ ബാനിയങ്കണ്ടം കോത്തെറിഞ്ഞു. പിന്നത്തെ കഥ പറയാണോ. ഒരോ കണ്ടത്തിനും ഓരോന്ന്. ജീവിതത്തില് ഇത്രയും തിരുതയെ മറ്റൊരിക്കലും പിടിച്ചിറ്റാ...”
അങ്ങനെ ബനിയൻകഷ്ണം കൊണ്ട് മീൻപിടിച്ച ലോകത്തിലെ ഒരേഒരാളായി കണ്ണേട്ടൻ.

“പൊക്കാ, ഞാൻ പോന്ന്റാ… ഇന്നത്തെ കാര്യം പോക്കാ’’, പോക്കുവെയിൽ കണ്ണേട്ടന്റെ നരച്ച മുടിക്കു പിന്നാലെപോയി.

ആകാശത്ത് മനുഷ്യരില്ല. അതിനാൽ അതിരുകളുമില്ല. കടൽപ്പക്ഷികൾ പുഴയിലേക്ക് ഇറങ്ങിവരുന്നുണ്ടായിരുന്നു. കൂട്ടം തെറ്റിയ ഒന്ന് അയാൾക്കരികിലെത്തി. അതിന്റെ കണ്ണുകളും തൂവലുകളും വെയിൽ തട്ടി മിന്നി. ഏകാഗ്രതയുടെ മറ്റൊരു തോണിപോലെ അതോഴുകിയകന്നു.

ചൂണ്ടുവിരലിൽ കണ്ണിവച്ച് ഒറ്റയ്ക്കിരിക്കുമ്പോൾ പുഴ അയാളെ പലതും ഓർമ്മിപ്പിക്കും. അമ്പു തൊട്ടടുത്തുള്ളതുപോലെ. ഒന്നിച്ചു കൂക്കിയും പറഞ്ഞും ചൂണ്ടയെറിഞ്ഞതാണ്. തിരിഞ്ഞുനോക്കുമ്പോൾ പാത്തി കമിഴ്ന്നു കിടക്കുന്നതാണ് കാണുന്നത്. തോണിക്കാർ കൂടി. പലരും ആവുംവിധം മുങ്ങിത്തപ്പി. കരയിൽ ഒച്ചയും ബഹളവുമായി. പലഭാഗത്തും വലയിട്ടുനോക്കി. ഒടുവിൽ കാവേരി ബോട്ട് കടലിൽനിന്നും ഇറങ്ങുന്നതും കാത്തുനിന്നു. കാവേരി ബോട്ടിലെ ഡ്രൈവർ ശശി മുങ്ങൽവിദഗ്ദ്ധനാണ്. ഏതുചുഴിക്കുളിലേക്കും അഗാധതയിലേക്കും ഊളിയിടുന്ന അയാൾ അഴിമുഖത്തെ കരിങ്കൽ കൂട്ടങ്ങൾക്കിടയിൽനിന്നാണ് അമ്പുവിനെ എടുത്തുപൊക്കിയത്. കല്ലിൽ അള്ളിപ്പിടിച്ചിരുന്ന വിധം കൈകാലുകൾ! മീൻ കൊത്തിപ്പറിച്ച കണ്ണുകൾ.

ആകാശത്തിന്റെ നിറം മാറിത്തുടങ്ങി. ഇനിയുമിരുന്നാൽ മകനെ യാത്രയാക്കാൻ പറ്റില്ല. അയാൾ കണ്ണി ചുറ്റാനൊരുങ്ങുമ്പോഴാണ് ഒരു വമ്പൻ ആഞ്ഞൊന്നുവലിച്ചത്. അതിന്റെ ഊക്കിൽ തോണി വട്ടം കറങ്ങി. തുഴ തെറിച്ചുവീണു.രണ്ടാമതും ചുറ്റിത്തിരിഞ്ഞപ്പോൾ അയാൾ തുഴ എത്തിപ്പിടിച്ചു, ‘‘ഡാ, കളിക്കല്ലേ... ഈഡ വാഡാ...”, പക്ഷേ ആള് അടങ്ങുന്ന ലക്ഷണമില്ല. അത് ഏറെനേരം അയാളെ ചുറ്റിച്ചു. തലങ്ങും വിലങ്ങും അത് കുതിച്ചു.ഉയർന്നുപൊങ്ങി. തെറിപ്പിച്ച വെള്ളത്തിൽ ചെഞ്ചായം കലർന്നു… പൊക്കനും മീനും തമ്മിലുള്ള യുദ്ധം ഏറെ നീണ്ടുനിന്നു. ഒടുവിൽ അഴിമുഖത്തെ ചുഴിയിലേക്കാണ് തന്നെ വലിച്ചുകൊണ്ടുപോകുന്നതെന്നറിഞ്ഞ പൊക്കന് അപകടം മണത്തു. അയാൾ ധൃതിയിൽ കണ്ണി പല്ലുകൊണ്ടു മുറിച്ചുമാറ്റി. മീൻ വായുവിലേക്കുയർന്നു അയാളെ തിരിഞ്ഞുനോക്കി,പിന്നെ ചുഴിയിലേക്കൂഴിയിട്ടു.
ഓടിയെത്തിയിട്ടും കാര്യമുണ്ടായില്ല.

“ചെക്കൻ കരഞ്ഞാണ് പോയത്. ഞാനപ്പഴേ പറഞ്ഞല്ലേ ഇന്ന് പോഴേ പോണ്ടാന്നു”, കയറിയ ഉടനെ ശാന്ത പതിഞ്ഞ ഒച്ചയെ പുറത്തുവിട്ടു. അയാൾ സാധുബീഡി തപ്പി.

രണ്ടു ദിവസം കഴിഞ്ഞ് തോണി കടവിലെത്തിയപ്പോൾ രാമേട്ടനും പാപ്പൻമാഷും വന്നു. രണ്ടുപേരുടെയും മുഖങ്ങളിൽ കരിമീനുകൾ നിശ്ചലരായി നിൽക്കുന്നതുപോലെ.
“മാഷ് വന്നോ? കളി ഒരാഴ്ചയുണ്ടെന്നല്ലേ പറഞ്ഞത്?” മാഷ് കുഞ്ഞിരാമേട്ടനെ നോക്കുകമാത്രം ചെയ്തു.
“പൊക്കാ മോന് ഇതിനുമുമ്പ് വല്ല വല്ലായ്മയും ഉണ്ടായിരുന്നോ?”
തന്റെ കൂറ്റിനെ പുറത്തേക്കുവിടാനാവാതെ പൊക്കൻ മിഴിച്ചുനിന്നു.
“ഗ്രൗണ്ടിൽ തളർന്നുവീഴുകയായിരുന്നു’’, പപ്പൻമാഷുടെ വാക്കുകൾ പൂർണമാകുമ്പോഴേക്കും അയാൾ തോണിയിലേക്ക് വീണു.

തുഴ

ടൽ ചോന്നും നീലിച്ചും ഇരുണ്ടും വേഷം മാറിക്കൊണ്ടേയിരുന്നു. പൊക്കൻ അവശനായി. മനസിന്റെ വേദനയ്ക്ക് മീതെ മറ്റൊന്നു ശരീരത്തിലേക്ക് പടർന്നുകയറുന്നത് അറിയാൻ വൈകി.

രാത്രിയിൽ വേദന അസഹ്യമാകുമ്പോൾ അയാൾ എഴുന്നേറ്റ് പുഴക്കരയിലേക്ക് നടക്കും. കരയിൽ പൊട്ടിപ്പൊളിഞ്ഞ മുരുപിടിച്ച തന്റെ തോണിയെ പൊട്ടിവീഴുമെന്നായ ഹൃദയത്തോടെ നോക്കും. പിന്നെയതിനെ കെട്ടിപ്പിടിച്ചു കിടക്കും. നന്നായി പെയ്യുന്ന മഞ്ഞിൽ ഓർമകളെ മരുന്നാക്കികൊണ്ടു അയാൾ പുഴയിലേക്കുനോക്കിയിരിക്കും.

“അച്ഛാ ഈ മഞ്ഞില് വന്ന് കിടക്കുകയാ, വന്നാട്ടെ’’, ജമന്തി അയാളെ എഴുന്നേൽപ്പിച്ചു. തോണിയുടെ പലകകൾ പൊടിഞ്ഞമർന്നു.
“മോളേ, അവനിപ്പം ഈഡ വന്നിന്’’.
“അച്ഛനോരോന്നുമോർത്ത് മനസ്സ് വിഷമിപ്പിക്കാതെ’’, ജമന്തി അച്ഛന്റെ കൈപിടിച്ച് തെങ്ങുകൾക്കിടയിലൂടെ നടന്നു. അനുജൻ പോയതിൽപ്പിന്നെ അവൾ പഠിത്തം നിർത്തി മണ്ണുകടത്താൻ പോയിത്തുടങ്ങി. അമ്മ പൂർണമായും കിടപ്പിലായതോടെ അവൾക്ക് അതേ വഴിയുണ്ടായിരുന്നുള്ളൂ.

‘‘മോളേ... തീരെ വയ്യ, നൊന്തിറ്റു വയ്യാ...എന്റെ സമയമാകാറായി. നിങ്ങളെയൊക്കെ ഈഡ ഇങ്ങനെ ഇട്ടിറ്റു...”
“അച്ഛാ’’, ഒരു തേങ്ങലോടെ അവൾ അയാളുടെ വായ പൊത്തിപ്പിടിച്ചു. ഒരു കുഞ്ഞിനെപ്പോലെ അയാൾ മകളിലേക്ക് ചാഞ്ഞു.

പിറ്റേന്ന് രാത്രിയിലും അയാൾ പുഴക്കരയിലെത്തി. ഇല്ലാത്ത തോണി തുഴഞ്ഞു. കിട്ടാതെ പോയ ആ മീനിനു ചൂണ്ടയെറിഞ്ഞു. അതയാളെയും കൊണ്ട് ചുഴിയിലേക്ക് കുതിക്കുമ്പോൾ കണ്ണേട്ടന്റെ വിളി കേട്ടു, “പൊക്കാ, അയ്നാ വിട് ടാ...അത് വല്ലാത്ത ജാതിയാ”.

കണ്ണേട്ടന്റെ പോക്കും വല്ലാത്തൊരു പോക്കായിരുന്നു. എല്ലാവരെയും ചിരിപ്പിച്ചു കരയുകയായിരുന്നോ? കാര്യങ്കോട് പാലത്തിനടിയിൽ വക്കാനിരുന്നതാ. നെഞ്ചുപിടിച്ചു വീഴുന്നത് കണ്ട പൂഴിത്തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്. നാല് പെൺമക്കളുടെ കരച്ചിൽ കൊണ്ട് ആ ചെറ്റപ്പുര ഉലഞ്ഞുവീഴാനാഞ്ഞിരുന്നു.

ജമന്തിയും അച്ഛനൊന്നിച്ചു പുഴ നോക്കിയിരുന്നു. കടപ്പുറത്തെ കുടിലുകളിൽനിന്നുള്ള നുറുങ്ങുവെളിച്ചങ്ങൾ പുഴയിൽ കുളിക്കാനിറങ്ങിയതൊന്നും അവർ കാണുന്നുണ്ടായിരുന്നില്ല. എപ്പോഴോ ജമന്തി അച്ഛന്റെ കൈ പിടിച്ചു.
‘‘മോളേ,എനിക്കു പൊഴേ പോണം.. ഒന്നു തോഴേണം’’, അച്ഛൻ കൂടുതൽ അവശനായിക്കൊണ്ടിരിക്കുന്നത് ജമന്തി അറിഞ്ഞു. പക്ഷെ അവളിപ്പോള് കരയാറില്ല.
രാമേട്ടൻ സഹായിച്ചതുകൊണ്ട് തോണി അവൾ പുതുക്കിയെടുത്തു. ഉച്ചവരെ മണ്ണ് കടത്തും. പിന്നെ തോണിയുമായി അഴിമുഖത്തേക്ക്. ജീന ഒരു പ്രതീക്ഷയായിരുന്നതിനാൽ അവൾക്ക് കിതച്ചില്ല. നാട്ടിലെ ആദ്യത്തെ വാക്കക്കാരിയായി ജമന്തി.

ശശി ആത്മഹത്യ ചെയ്ത അന്ന് രാത്രിയിൽ പൊക്കൻ പറയുന്നതിനുമുമ്പേ ജമന്തി അയാളെയുംകൊണ്ട് പുറത്തിറങ്ങി. കടലിന്റെ ഏത് അഗാധതയിലും ഇറങ്ങി ഉയരുന്ന ശശിക്ക് ജീവിതത്തിന്റെ ചുഴിയിൽ ഉയർന്നുപൊങ്ങാനായില്ല. പുഴയിലേക്ക് ചാഞ്ഞ തെങ്ങിൽ കുടുക്കിട്ടു തൂങ്ങിയതായിരുന്നു. മുമ്പൊരിക്കൽ ജമന്തിയെ പെണ്ണ് ചോദിച്ച് ആളെ അയച്ചിരുന്നു അവൻ. മോളോട് ചോദിക്കാതെതന്നെ ആളെ മടക്കിയത് പൊക്കൻ ഓർത്തു.

അവൾ തോണി ഉന്തി പുഴയിലേക്കിറക്കി. അച്ഛനെ പിടിച്ചുകയറ്റി. അയാളുടെ മുഖത്തേക്ക് പുഴയിൽ വീണ ഒരു നക്ഷത്രം വെളിച്ചം തെറിപ്പിച്ചു. ജമന്തി അയാൾക്ക് തുഴ നൽകി. കുറച്ചു ദൂരം തുഴഞ്ഞപ്പോഴേക്കും അയാൾ കിതച്ചു.

അച്ഛനെ സന്തോഷിപ്പിക്കാൻ നേരത്തെ ബാക്കിവച്ച ചീഞ്ഞ ഒരു മത്തി അവൾ ചൂണ്ടയിൽ കോർത്തു. കണ്ണി അച്ഛന്റെ വിരലുകൾക്കിടയിൽ ചേർത്തുവച്ചു. മറ്റേയറ്റം ഇരിപ്പലകയിൽ ചുറ്റിക്കെണിച്ചു. പൊക്കൻ പുളഞ്ഞുതുള്ളുന്ന അഴിമുഖത്തേക്ക് കണ്ണുപായിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോൾ അയാൾ തളർന്നു മകളുടെ മടിയിലേക്ക് ചാഞ്ഞു, വിരലുകൾക്കിടയിലെ കണ്ണി വിടാതെ.
“മോളേ, എന്നെയൊന്ന് പൊഴേലേക്ക് തള്ളിയിഡോ...”

ജമന്തിയുടെ ഹൃദയം കൊത്തിവലിച്ചുകൊണ്ടു ആ വാക്കുകൾ അവിടെത്തന്നെ ചുറ്റിത്തിരിഞ്ഞു. അവൾ കണ്ണുകൾ അമർത്തിയടച്ചു. പെട്ടെന്ന് പൊക്കന്റെ കയ്യിൽനിന്ന് കണ്ണി വലിഞ്ഞു. ജമന്തിയത് എത്തിപ്പിടിച്ചു, തോണി വട്ടംകറങ്ങി.
“മോളേ, ഇതവൻതന്നെ, അന്നെന്നെ പറ്റിച്ചോൻ‌…’’
കൂറ്റൻ മീൻ വായുവിലേക്കുയർന്നു ചാടിയപ്പോൾ ജമന്തി അമ്പരന്നു. വെള്ളം വെളുത്ത പൂക്കൾപോലെ ഉതിർന്നുവീണു.
“കണ്ണി വിട്ടുകൊടുക്കെഡീ, വലീ...പാത്തി തൊഴീ...”, പൊക്കൻ ആവേശത്തോടെ ഒച്ചവച്ചുകൊണ്ടിരുന്നു.

ഏറെ നേരം അതവളെ കളിപ്പിച്ചു. അവൾ ചുറ്റുപാടും നോക്കി. ഒരൊറ്റ തോണിയും അടുത്തില്ല. അഴിമുഖത്തിനപ്പുറം ഒരു ഉരുവിന്റെ കുഞ്ഞുവെട്ടം ഒച്ചിഴയുന്നതുപോലെ കാണുന്നുണ്ട്. ദൂരെ നിന്ന് ഏട്ടയെ പിടിക്കാൻ തോണിയിൽ മരപ്പലകകൾകൊണ്ട് മുട്ടുന്ന ഒച്ച കേൾക്കാം. മീൻ കൂടെക്കൂടെ വായുവിലേക്ക് എടുത്തുമറിയുന്നു. ജമന്തി വിയർത്തു. കണ്ണി വലിഞ്ഞ് വിരൽ മുറിഞ്ഞ് ചോന്നു. കണ്ണി അയച്ചുകൊടുത്തപ്പോൾ അത് തോണിയെയും വലിച്ച് അഴിമുഖം ലക്ഷ്യമാക്കി കുതിച്ചു. അതിന്റെ ഊക്കിൽ പാത്തിയുടെ വക്കിൽ വച്ചിരുന്ന തുഴ വെള്ളത്തിലേക്ക് തെറിച്ചു. ഓളങ്ങളിൽ അത് ദൂരേക്ക് നീങ്ങി. ലോകത്തിന്റെ ഏതോ അറ്റത്തെത്തിയതുപോലെ ജമന്തിക്ക് തോന്നി. അഴിമുഖത്തെ ഇരമ്പൽ അവളുടെ ബോധത്തെ പിടിച്ചുകുലുക്കി. കണ്ണി മുറുകെ പിടിച്ചുവലിച്ചു അവൾ നെഞ്ചുയർത്തി നിന്നു. വിരലിൽനിന്ന് കണ്ണി വലതു കൈത്തണ്ടയിൽ ചുറ്റി.

പൊക്കന്റെ ആവേശം ക്രമേണ തണുത്തു. അയാൾ കിതച്ചുകൊണ്ടു ഇരിപ്പലകയിലേക്ക് വീണു. ജമന്തി ഒരു കയ്യാൽ അച്ഛനെ താങ്ങി പതിയെ കിടത്തി. മറ്റേ കൈകൊണ്ടു കണ്ണി വലിച്ചു പിടിച്ചു. അടുത്ത നിമിഷം അതവൾക്ക് വഴങ്ങി.

“അച്ഛാ, നോക്കൂ, അത് തോറ്റു” ജമന്തി അച്ഛനെ തട്ടിവിളിച്ചു. അച്ഛന് വല്ലാത്തൊരു കനംവച്ചത് അവളറിഞ്ഞു. അപ്പോഴേക്കും അവളതിനെ തോണിക്കരികിലേക്ക് എത്തിച്ചിരുന്നു.

‘അച്ഛാ, അച്ഛാ...’ എന്ന ജമന്തിയുടെ വിളിക്കൊടുവിൽ മീൻ ഒരു പിടച്ചലോടെ ആകാശത്തേക്ക് പൊങ്ങി. അതിന്റെ വായിൽനിന്ന് ചൂണ്ട അടർന്ന കണ്ണി അയഞ്ഞു. വാലിട്ടിളക്കിക്കൊണ്ടു മീൻ അഴിമുഖത്തേക്ക് സാവധാനത്തിൽ നീന്തി.

(വക്കൽ: ചൂണ്ടയിടൽ, കുളുത്ത്-പഴങ്കഞ്ഞി, പാത്തി -ചെറിയ തോണി)


Summary: Vakkal - A Malaylam short story written by Surendran Kadangod


സുരേന്ദ്രൻ കാടങ്കോട്

കവി. അധ്യാപകൻ. വയ​ലോർമ, ഐസുവണ്ടിക്കാരൻ, കടലിനും കവിക്കുമിടയിൽ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments